വശീകരണ മന്ത്രം 15
Vasheekarana Manthram Part 15 | Author : Chankyan | Previous Part
(കഥ ഇതുവരെ)
ഈ സമയം തേവക്കാട്ട് മനയുടെ പടിപ്പുരയോട് ചേർന്നുള്ള റോഡിൽ ഒരു രൂപം ഇരുട്ടിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു.
അത് ആരെയോ പ്രതീക്ഷിച്ചിയ്ക്കുകയായിരുന്നു.
അൽപം കഴിഞ്ഞതും ആ ബുള്ളറ്റ് എവിടുന്നോ പാഞ്ഞു വന്നു ആ രൂപത്തിന് മുന്നിൽ സുഡൻ ബ്രേക്കിട്ട് നിന്നു.
വണ്ടിയുടെ ഹെഡ് ലാമ്പിൽ നിന്നുള്ള വെളിച്ചത്തിൽ ആ രൂപം കുറെ കൂടെ വ്യക്തമായി വന്നു.
അത് അനന്തുവായിരുന്നു.
അവന്റെ നീല കണ്ണുകൾ ആ ഇരുട്ടിലും വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
ബുള്ളറ്റ് വന്നു നിന്നതും അനന്തു പതിയെ അതിലേക്ക് കയറി.
അവൻ ഇരുന്നതും ആ ബുള്ളറ്റിന്റെ ഹെഡ് ലാമ്പ് കൂടുതൽ ശോഭയോടെ പ്രകാശിച്ചു.
തൻറെ യജമാനനെ സ്വീകരിച്ച പടക്കുതിരയെ പോലെ അത് തയാറായി നിന്നു.
ബുള്ളറ്റിന്റെ ആക്‌സിലേറ്ററിൽ പിടിച്ചു ഞെരിച്ചുകൊണ്ട് അനന്തു ആർത്തു ചിരിച്ചു.
കൊലവെറി നിറഞ്ഞ അട്ടഹാസം.
പകയെരിയുന്ന കണ്ണുകൾ.
അത് അനന്തു ആയിരുന്നോ…
അല്ല..
പിന്നെയോ…
ദേവൻ.
തേവക്കാട്ടിൽ ശങ്കരൻ മകൻ ദേവൻ
ഇനി പകയുടെ പ്രതികാരത്തിന്റെ നാളുകൾ…!!!!!!
(തുടരുന്നു)
സമയം വെളുപ്പിന് 1.31 AM
തേൻ നദിയുടെ കരയോട് ചേർന്നുള്ള ഭാഗത്തു ഒരു കള്ള് ഷാപ്പ് ഉണ്ട്.
അവിടെ കള്ള് ഷാപ്പിന് വെളിച്ചമെന്നോണം ഒരു ഫിലമെന്റ് ബൾബ് ആര്ക്കോ വേണ്ടി കത്തുന്നുണ്ടായിരുന്നു.
ഈ സമയം കള്ള് ഷാപ്പിന്റെ ഉള്ളിൽ നിന്നും ഒരുത്തൻ പുറത്തേക്കിറങ്ങി വന്നു.
കറുത്ത് തടിച്ച മധ്യവയസ്കനായ ഒരാൾ.
അയാൾ കള്ളി മുണ്ടും ബനിയനുമായിരുന്നു ധരിച്ചിരുന്നത്.
മുണ്ട് മടക്കി കുത്തി ഒരു കള്ള് കുപ്പി കയ്യിലും കക്ഷത്തിൽ പ്ലാസ്റ്റിക് കവറും തിരുകി വച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു.
ചുണ്ടിൽ എരിയുന്ന ദിനേശ് ബീഡി മാത്രമാണ് അയാൾക്ക് എന്നും പ്രിയം.
എങ്കിലും ഇന്ന് 2 കുപ്പി നേരത്തെ അകത്താക്കിയിരുന്നു.
ഇന്നത്തെ പണിയും കഴിഞ്ഞ് നല്ല കീറും കീറിയിട്ട് ഇപ്പൊ വീട്ടിലേക്കുള്ള പോക്കാണ് അയാൾ.
നിലാവുള്ള നേരത്ത് റോഡിന്റെ ഓരത്തൂടെ അയാള് നടന്നു.
കള്ളും ബീഡിയും അയാളെ നന്നായി ഹരം പിടിപ്പിക്കുന്നുണ്ടായിരുന്നു.
വീട്ടിൽ കാത്തിരിക്കുന്ന ഭാര്യ രമണിയുമായി കെട്ടി മറിയാനുള്ള ആർത്തിയോടെ അയാൾ തന്റെ ലിംഗത്തിൽ തിരുമ്മിക്കൊണ്ട് നടന്നു.
വീട്ടിലെത്താൻ അയാൾക്ക് നന്നേ ധൃതിയായി.
ഒരു വളവ് തിരിഞ്ഞു പോരവേ പൊടുന്നനെ അയാളുടെ മുഖത്തേക്ക് ഏതോ വാഹനത്തിന്റെ ലൈറ്റ് ശക്തിയിൽ പതിച്ചു.
ഛെഹ്…… ഏതു മൈരനാടാ അത്
മുഖത്തേക്ക് അടിക്കുന്ന തീവ്ര പ്രകാശത്തെ വിഫലമാക്കാനുള്ള ഒരു പാഴ് ശ്രമമെന്നോണം അയാൾ മുഖത്തിന് നേരെ കൈപ്പത്തിക്കൊണ്ട് മറച്ചു.
പൊടുന്നനെ ഒരു ബൈക്കിന്റെ ഇരമ്പൽ കേട്ട അയാൾ മുഖത്തു നിന്നും കൈയ്യെടുത്തിട്ട് മുന്നോട്ട് സൂക്ഷിച്ചു നോക്കി.
അത്ഭുതമെന്നോണം ആ സമയം ബൈക്കിന്റെ ഹെഡ് ലാമ്പ് പതിയെ പുറകിലേക്ക് വളഞ്ഞു.
ലാമ്പിലെ വെളിച്ചം ബൈക്കിൽ ഇരിക്കുന്ന ആളുടെ മുഖത്തു പതിച്ചു.
അപ്പോഴാണ് ആ മുഖം അയാൾ കണ്ടത്.
ബൈക്കിൽ ഇരിക്കുന്ന ആളുടെ നീലക്കണ്ണുകളാണ് അയാൾ ആദ്യം കണ്ടത്.
ഒന്നും മനസിലാവാതെ അയാൾ ആ മുഖം തന്നെ ഒന്നൂടേ സൂക്ഷിച്ചു നോക്കി.
പൊടുന്നനെ അയാളുടെ മുഖം വലിഞ്ഞു മുറുകി
നെഞ്ചിലൂടെ ഒരു വെള്ളിടി വെട്ടി.
വിറയ്ക്കുന്ന ചുണ്ടുകളാൽ അയാൾ പിറുപിറുത്തു.
ദ്…… ദേ….. ദെവ്……. ദേവേട്ടൻ
ഹ…… ഹ…….. ഹ……. അപ്പൊ നീയെന്നെ മറന്നില്ല…… അല്ലെ രാഘവാ….. ഇത്രേം വർഷങ്ങൾക്ക് ശേഷവും
ദേവൻ കൊല ചിരിയോടെ ബുള്ളറ്റിന്റെ ആക്സിലേറ്റർ പിടിച്ചു തിരിച്ചു.
ബുള്ളറ്റിന്റെ പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കൂടി കേട്ടത്തോടെ രാഘവന്റെ ബോധം ഇപ്പൊ പോകുമെന്നായി.
ദേവേട്ടാ…… എന്നെ ഒന്നും ചെയ്യല്ലേ…….അന്നെനിക്കൊരു തെറ്റ് പറ്റിപ്പോയി.
രാഘവൻ തൊഴു കൈയ്യോടെ ദേവനെ നോക്കി നിലവിളിച്ചു.
ഞാനും അന്ന് നിന്റെയൊക്കെ കാൽ പിടിച്ചു പറഞ്ഞതല്ലേ രാഘവാ…എന്നിട്ടും നീയൊക്കെ കൂടി എന്റെ പെണ്ണിനെ…… അവളെ എങ്കിലും ജീവനോടെ ബാക്കി വയ്ക്കായിരുന്നില്ലേ നായേ
ദേവൻ അലറിക്കൊണ്ട് രാഘവനെ തുറിച്ചു നോക്കി.
പറ്റിപ്പോയി ദേവേട്ടാ……. മാപ്പാക്കണം
രാഘവൻ തൊഴുകൈയോടെ കരുണക്കായി ദേവനെ നോക്കി.
ഇല്ല രാഘവാ….. നിനക്ക് മാപ്പില്ല……കൂടെ നിന്റെ പങ്കാളികൾക്കും.
അതും പറഞ്ഞുകൊണ്ട് ദേവൻ സർവ ക്രോധത്തോടെ ബുള്ളറ്റ് ഇരപ്പിച്ചു.
അത് കേട്ടതും രാഘവൻ കയ്യിലെ കുപ്പിയും കക്ഷത്തിലെ കവറും വലിച്ചു ചാടി പിന്നിലേക്ക് ഓടി.
സർവ ശക്തിയുമെടുത്തുകൊണ്ടു.
അത് കണ്ടതും ദേവൻ ആർത്തട്ടഹസിച്ചുകൊണ്ടു ബുള്ളറ്റ് മുന്നോട്ട് ചാടിച്ചു.
മുന്നിൽ കാണുന്ന റോഡിലൂടെ രാഘവൻ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു.
പിന്നാലെ ദേവനും.
കാട്ടിൽ ഇരയെ വേട്ടയാടുന്ന പോലെയാണ് ദേവൻ രഘുവനെ വേട്ടയാടിക്കൊണ്ടിരുന്നത്.
പ്രാണരക്ഷാർത്ഥം ഓടുന്ന രാഘവനെ കാണും തോറും ദേവന്റെ രസം കൂടി കൂടി വന്നു.
രാഘവനെ ഇപ്പൊ ഇടിക്കും ഇടിക്കില്ല എന്ന മട്ടിൽ ദേവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.
ഊരിപോകുന്ന മുണ്ടിന്റെ അറ്റം വലിച്ചു മുറുക്കികൊണ്ട് രാഘവൻ മുന്നിലേക്ക് ഓടിക്കൊണ്ടിരുന്നു.
നിലാ വെളിച്ചം അയാൾക്ക് മുന്നിലേക്കുള്ള പ്രയാണത്തിനായി സാധുത നൽകി.
എല്ലാം മറന്നുകൊണ്ട് രാഘവൻ ഓടിക്കൊണ്ടിരിക്കെ ദേവൻ ബുള്ളറ്റും കൊണ്ട് ചീറി പാഞ്ഞു വന്നു രാഘവനെ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു.
ഇടി കിട്ടിയ രാഘവൻ ദൂരേക്ക് മൂക്കും കുത്തി വീണു.
വീഴ്ചയിൽ തന്നെ രാഘവന്റെ ബോധം നശിച്ചിരുന്നു.
—————————————————-
വായിൽ രക്തത്തിന്റെ ചവർപ്പ് അനുഭവപ്പെട്ടപ്പോഴാണ് രാഘവൻ പതിയെ കണ്ണ് തുറക്കുന്നത്.
തലക്ക് വല്ലാത്ത കനം തോന്നിയതിനാൽ രാഘവന് കൺ പോളകൾ തുറക്കാൻ വല്ലാതെ ബുദ്ധിമുട്ടി.
എങ്കിലും അയാൾ കഷ്ടപ്പെട്ട് അവ വലിച്ചു തുറന്നു.
തുഫ്ഫ്
വായിലേക്ക് ഊറി വരുന്ന രക്തം അയാൾ പുറത്തേക് തുപ്പി കളഞ്ഞു.
മുക്കിൽ നിന്നും രക്തധാര നല്ലോണം ഉണ്ട്.
രാഘവൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.
പക്ഷെ സാധിച്ചില്ല.
ശരീരം മുഴുവൻ നുറുങ്ങുന്ന പോലത്തെ വേദന
അപ്പോഴാണ് തന്റെ കൈ കാലുകൾ ബന്ധനാവസ്ഥയിൽ ആണെന്ന് രാഘവൻ തിരിച്ചറിഞ്ഞത്.
രാഘവൻ ജെട്ടി ഇട്ടുകൊണ്ട് മാത്രമാണ് കിടന്നിരുന്നത്.
രാഘവന്റെ മുണ്ടും ബനിയനും വച്ചു തന്നെ കൈകാലുകൾ ബന്ധിച്ചിരിക്കുന്നു.
രാഘവൻ ഞെരുങ്ങിക്കൊണ്ട് ഇടത് ഭാഗത്തേക്ക് നോക്കി.
പൊടുന്നനെ അവിടെ ദൂരെയായി ഒരു വാഹനത്തിന്റെ എഞ്ചിൻ ഓൺ ആവുകയും ലൈറ്റ് തെളിയുകയും ചെയ്തു.
അപ്പോഴാണ് താൻ നടു റോഡിൽ കിടക്കുകയാണെന്ന് രാഘവൻ മനസിലാക്കിയത്.
ആ വാഹനം ഫസ്റ്റ് ഗിയർ ഇട്ടുകൊണ്ട് മുന്നോട്ട് വരുവാൻ തുടങ്ങി.
അതൊരു ലോറിയാണെന്ന് ഇതിനകം രാഘവൻ മനസിലാക്കിയിരുന്നു.
ലോറി തന്റെ 100 മീറ്റർ അടുത്തെത്തിയപ്പോഴാണ് അത് ഓടിക്കുന്ന ആളെ രാഘവൻ കണ്ടത്.
അത് ദേവനായിരുന്നു.
ലോറിയുടെ മുകളിൽ തേവക്കാട്ടിൽ എന്ന് എഴുതിയിരിക്കുന്നു.
ലോറി 50 മീറ്റർ കൂടി പിന്നീട്ടതും രാഘവൻ കണ്ടു……. കൊലവെറി നിറഞ്ഞവന്റെ ചിരി….. പകയുടെ പ്രതികാരത്തിന്റെ സംഹാരത്തിന്റെ ചിരി
ലോറിയുടെ വളയം ദേവന്റെ കയ്യിൽ കിടന്ന് ഞെരിഞ്ഞു.
ആ ലോറി ഒരു മുതലയെ പോലെ തന്നെ കാർന്നു തിന്നുവാൻ ഓടിയടുക്കുവാണെന്ന് രാഘവൻ തിരിച്ചറിഞ്ഞു.
അവസാന ദയ യ്ക്കെന്ന പോലെ രാഘവൻ ദേവന്റെ കണ്ണുകളിലേക്ക് നോക്കി.
അവിടെ കരുണയുമില്ല ദയയുമില്ല
പകയും പ്രതികാരവും മാത്രം
ആ സമയം ദേവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കണ്ടതും രാഘവൻ പൊടുന്നനെ എന്തോ ഓർത്തുപോയി.
അയാളുടെ മറവിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട ചില ഓർമ്മകൾ . . . . . . -23 വർഷം മുന്നേ – . . . -അർദ്ധരാത്രി –
ജീപ്പിൽ നിന്നും ഇറങ്ങിയ രാഘവൻ പുറകിലേക്ക് പോയി എന്തോ ഒന്ന് താങ്ങിയെടുത്തു പുറത്തേക്ക് കൊണ്ടു വച്ചു.
അത് ദേവനായിരുന്നു.
നിശ്ചലമായ ദേവന്റെ ശരീരം.
മുഖത്തും ദേഹത്തും ഒക്കെയായി അടിയേറ്റതിന്റെയും ചതവിന്റെയും പാടുകൾ കാണാം.
മുഴുവൻ രക്തമയം മാത്രം.
പൊടുന്നനെ അവിടേക്ക് ഒരാൾ ബുള്ളറ്റും ഓടിച്ചുകൊണ്ട് വന്നു.
ജീപ്പിന് മറു വശം നിർത്തി വച്ച ശേഷം അയാൾ ബുള്ളറ്റ് സെൻട്രൽ സ്റ്റാൻഡിലേക്ക് ഇട്ടു.
അയാൾ ഒരു മുറി ചെവിയൻ ആയിരുന്നു
അയാൾ പിറകിലേക്ക് വന്നു ദേവന്റെ മൃത ശരീരത്തിലേക്ക് പുച്ഛത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
വാ….. എടുത്തു പൊന്തിക്ക്
അയാളുടെ ആജ്ഞ കേട്ടതും രാഘവൻ ദേവനെ പൊക്കിയെടുത്തു.
ഒപ്പം സഹായത്തിനായി അയാളും.
സെൻട്രൽ സ്റ്റാൻഡിൽ വച്ചിരിക്കുന്ന ബുള്ളറ്റിന്റെ സീറ്റിലേക് ദേവനെ കിടത്തിയ ശേഷം മുറി ചെവിയൻ രാഘവനെ നോക്കി സിഗ്നൽ നൽകി.
അത് കണ്ടതും രാഘവൻ മുണ്ടും മടക്കി കുത്തിക്കൊണ്ട് മുന്നോട്ട് ഓടി.
അത് കണ്ടതും വെടല ചിരിയോടെ മുറി ചെവിയൻ ജീപ്പിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് പിറകിലുള്ള പോക്കറ്റ് റോഡിലേക്ക് പതിയെ കയറ്റി വച്ചു.
ശേഷം ഗ്ലാസ്സിലൂടെ മുന്നോട്ട് നോക്കികൊണ്ടിരുന്നു.
അവിടെ ബുള്ളറ്റും ദേവനെയും കാണാം.
അൽപം കഴിഞ്ഞതും ഒരു ലോറി പാഞ്ഞു വരുന്നതിന്റെ ശബ്ദം കേട്ടതും അയാൾ കണ്ണുകളടച്ചുകൊണ്ടു ചെവികൾ കൂർപ്പിച്ചു.
ഓടി വന്ന ലോറി ശക്തിയിൽ എന്തിലോ ചെന്നു ഇടിക്കുന്നതും ഇടികൊണ്ട ആ വസ്തു ദൂരേക്ക് തെറിച്ചു പോയി വീഴുന്നതും തകരുന്നതും ആ മുറി ചെവിയൻ തുറന്നു വച്ച ചെവികളിലൂടെ കേട്ടുകൊണ്ട് ആസ്വദിച്ചു.
മുന്നിൽ ബുള്ളറ്റിൽ കിടക്കുന്ന ദേവനെ കണ്ടതും രാഘവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
വിജയത്തിന്റെ പുഞ്ചിരി.
ഗിയർ മാറ്റി ആക്‌സിലേറ്ററിൽ അയാൾ ഞെരിച്ചതും ലോറി പാഞ്ഞു വന്നു ബുള്ളറ്റിനെ ഇടിച്ചു തെറിപ്പിച്ചു.
ബുള്ളറ്റ് ഒരു വശത്തേക്കും ദേവൻ മറു വശത്തേകും തെറിച്ചു വീണു.
സംഭവം ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം രാഘവൻ ലോറിയുമായി കടന്നു കളഞ്ഞു. . . . . . ലോറിയുമായി ദേവൻ തൊട്ടു മുന്നിലെത്തിയതും രാഘവന്റെ മനസിൽ ഞൊടിയിടയിൽ പാഞ്ഞ ഓർമ്മകൾ ആയിരുന്നു അത്.
അപ്പോഴേക്കും കണ്ണൊന്നു ചിമ്മി തുറക്കുന്ന വേഗതയിൽ രാഘവന്റെ ദേഹത്തൂടെ ലോറി പാഞ്ഞു കയറിയിരുന്നു.
ആാാാാാാഹ്ഹ്ഹ്ഹ്ഹ്
ലോറി മറി കടന്നതും രാഘവന്റെ ചതഞരഞ്ഞ ഉടൽ അവിടെ കിടപ്പുണ്ട്.
രക്തം ചീന്തിയിട്ടുണ്ട്.
അസ്തിയും മാംസവും ഒക്കെ ചിതറി തെറിച്ചിരിക്കുന്നു.
ചെറിയൊരു പിടപ്പോടെ രാഘവൻ എന്നന്നേക്കുമായി ഇല്ലാതായി.
കാലം കാത്തുവച്ച കാവ്യ നീതി.
—————————————————-
രാവിലെ ശിവ വന്നു വിളിക്കുമ്പോഴാണ് അനന്തു കണ്ണുകൾ തുറന്നത്.
ഡാ ചേട്ടാ വേഗം എണീക്ക് അവിടെ മുത്തശ്ശൻ കയറു പൊട്ടിക്കുന്നുണ്ട് നിന്നെ കാണാഞ്ഞിട്ട്
എന്തിന്
അനന്തു ഒന്നും മനസിലാവാതെ കണ്ണുകൾ തിരുമ്മിക്കൊണ്ട് കോട്ടുവാ വിട്ടു.
അത് നമ്മുടെ ഫാക്റട്ടറിയിൽ വർക്ക് ചെയ്യുന്ന ഏതോ തൊഴിലാളി മരിച്ചെന്നു…. അപ്പൊ മുത്തശ്ശൻ നിന്നെയും കൂട്ടി പോകണമെന്ന പറഞ്ഞെ….. വേഗം റെഡി ആയിട്ട് വാ
അനന്തുവിന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ശിവ ഇറങ്ങിയോടി.
അനന്തു ചിരിയോടെ വേഗം ടോയ്‌ലെറ്റിലേക്ക് പോയി.
ഒന്ന് ഫ്രഷ് ആയിട്ട് ഫുഡ് ഒക്കെ കഴിച്ച് അവൻ കാർ എടുത്തു.
കൂടെ ശങ്കരൻ മുത്തശ്ശനുമുണ്ട്.
കാർ പടിപ്പുര കടന്ന് മുന്നോട്ട് നീങ്ങി.
പതിവിന് വിപരീതമായി മുത്തശ്ശൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടു അനന്തു തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.
എന്തുപറ്റി മുത്തശ്ശാ….. മുഖം ഒക്കെ വല്ലാത്ത പോലെ
അനന്തു ഗിയർ മാറ്റിക്കൊണ്ട് ചോദ്യമെറിഞ്ഞു.
നമ്മടെ ഫാക്റട്ടറിയിലെ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മരിച്ചു മോനെ.
ആണോ മുത്തശ്ശാ…. എന്ത് പറ്റിയതാ
അനന്തു അല്പം വിഷമത്തോടെ ചോദിച്ചു.
അറിയില്ല മോനെ…. രാത്രി ലോറി ഇടിച്ചതാ…. നമ്മുടെ തന്നെ ഫാടറിയിലെ ലോറിയാ…. ആരേലും കരുതി കൂട്ടി ചെയ്തതാണോ എന്നറിയില്ല….. ഏതായാലും നമുക്ക് ഒന്ന് പോയി നോക്കാം
ശരി മുത്തശ്ശാ….. അയ്യോ ചോദിക്കാൻ വിട്ടുപോയി…. മരിച്ചയാളുടെ പേരെന്താ മുത്തശ്ശാ
രാഘവൻ
ശങ്കരൻ മറുപടി നൽകി
രാഘവൻ
അനന്തു ആ നാമം പതിയെ മന്ത്രിച്ചു കൊണ്ടു കാർ ഓടിച്ചുകൊണ്ടിരുന്നു.
—————————————————-
പൂന്തോട്ടത്തിലെ ഊഞ്ഞാലിൽ ഇരുന്നു ആടുകയായിരുന്നു രാധിക.
അനന്തുവിന്റെ ജീവ ഗണിതത്തിന്റെ കുരുക്ക് അഴിക്കാനായി മണിക്കൂറുകളായി അറയിൽ കേറിയതാണ് കുലശേഖരൻ.
അതിന്റെ ഒരു മടുപ്പിൽ ഇരിക്കുകയിരുന്നു രാധിക.
അനന്തുവിനെ കുറിച്ച് അച്ഛൻ കണ്ടു പിടിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു അവൾ.
പൊടുന്നനെ അറയുടെ വാതിൽ തള്ളി തുറന്ന് പുറത്തേക്കിറങ്ങിയ കുലശേഖരൻ വെപ്രാളപ്പെട്ടുകൊണ്ട് വീടിന്റെ മുറ്റത്തേക്ക് ഓടിയെത്തി.
സുശീലാ………… സുശീലാ
കുലശേഖരന്റെ ശബ്ദം അവിടെ പ്രതിധ്വനിച്ചതും മധ്യവയസ്കനായ ഒരാൾ അവിടേക്ക് ഓടി പാഞ്ഞെത്തി.
സ്വാമി……… പറഞ്ഞാലും
ഹ്മ്മ്…….. സുശീലാ വേഗം കുന്താള പുറത്തേക്ക് വണ്ടി വിടുക
അതും പറഞ്ഞുകൊണ്ട് കുലശേഖരൻ കാറിലേക് ചാടിക്കയറി.
അത് കണ്ടതും സുശീലനും ഡ്രൈവിംഗ് സീറ്റിലേക്ക് ഓടിക്കയറി.
ഡോർ അടച്ചിട്ടു സുശീലൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.
കുന്താള പുരത്ത് എവിടെക്കാ പോകണ്ടേ സാമി.
തിരുവമ്പാടി മന
ഡ്രൈവറുടെ ചോദ്യം കേട്ടതും കുലശേഖരൻ മറുപടി പറഞ്ഞു.
അത് കേട്ടതും സുശീലൻ കാറിനെ മുന്നോട്ട് കുതിപ്പിച്ചു.
രാധിക ഓടി വന്നപ്പോഴേക്കും കാർ പടിപ്പുര താണ്ടിരുന്നു.
അവൾ നിരാശയോടെ കോലായിലെ ചാരു കസേരയിലേക്ക് ഇരുന്നു.
—————————————————-
തിരുവമ്പാടി മനയുടെ മുന്നിൽ കാറിൽ നിന്നുമിറങ്ങിയ കുലശേഖരൻ ആദ്യം കാണുന്നത് കോലായിലെ ചാരു കസേരയിൽ തന്നെയും കാത്തിരിക്കുന്ന രുദ്രൻ തിരുമേനിയെ ആയിരുന്നു.
വായിലെ മുറുക്കാൻ വെള്ളം മുറ്റത്തേക്ക് നീട്ടി തുപ്പിക്കൊണ്ട് കുലശേഖരൻ കോലായിയുടെ പടികൾ കയറി വന്നു.
കുലശേഖരനെ കണ്ടതും രുദ്രൻ തിരുമേനി ചാരു കസേരയിൽ നിന്നും എഴുന്നേറ്റിരുന്നു.
ചാത്തന്മാർ വഴി അറിഞ്ഞുവല്ലേ നമ്മുടെ ആഗമനം
ഉവ്വ്
വടിയിൽ ബലമായി കുത്തിക്കൊണ്ട് രുദ്രൻ തിരുമേനി മൊഴിഞ്ഞു.
തന്റെ പ്രിയ സ്നേഹിതനെ വർഷങ്ങൾക്ക് ശേഷം കാണാനായതിന്റെ അതീവ സന്തോഷം ആ മുഖത്തു പ്രകടമായിരുന്നു.
കുലശേഖരൻ സന്തോഷത്തോടെ രുദ്രൻ തിരുമേനിയെ പുണർന്നു.
തിരികെ തിരുമേനിയും.
അവർ ഒരുമിച്ച് അകത്തളത്തിലേക്ക് നടന്നെത്തി.
ജയശങ്കറിന്റെ ഭാര്യ ഒരു ട്രേയിൽ ചായയും പലഹാരങ്ങളുമായി അവിടേക്ക് കടന്നെത്തി.
പിന്നാലെ ലീല അന്തർജ്ജനവും.
അവരെ കണ്ടതും കുലശേഖരൻ തൊഴുതുകൊണ്ട് വന്ദിച്ചു.
അന്തർജ്ജനം തിരികെയും.
ഇരുവരും ചുടല ഭദ്രകാലിയുടെ ആരാധകരാണ്.
ആ ഒരു സ്നേഹവും ബഹുമാനവും ഇരുവർക്കുമുണ്ട്.
എല്ലാവരുമായുള്ള സംസാരത്തിനിടെ കുലശേഖരൻ ചായ കുടിക്കുവാൻ തുടങ്ങി.
അപ്പോഴാണ് ദക്ഷിണയുടെ ലിങ്കൻ സെഫിയർ അങ്ങോട്ടേക്ക് പാഞ്ഞു വന്നത്.
കാറിൽ നിന്നുമിറങ്ങിയ ദക്ഷിണ താക്കോൽ വിരലിലിട്ട് കറക്കിക്കൊണ്ടാണ് അവിടേക്ക് എത്തിയത്.
ചുണ്ടിൽ മൂളി പാട്ടോടെ അകത്തളത്തേക്ക് എത്തിയ ദക്ഷിണ ആഗതരെ കണ്ടു പൊടുന്നനെ സ്റ്റക്ക് ആയി.
ആഹ് വന്നല്ലോ ഞങ്ങടെ കുറുമ്പി……. കുലശേഖരാ ഇതാണ് ഞങ്ങടെ ദച്ചു കുട്ടി…….എന്റെ സഹോദരൻ രഘുവരന്റെ പൗത്രിയാ
ദക്ഷിണയെ പാളി നോക്കിക്കൊണ്ട് രുദ്രൻ തിരുമേനി പറഞ്ഞു.
അപ്പോഴാണ് കുലശേഖരൻ ദക്ഷിണയെ ശ്രദ്ധിക്കുന്നത്.
പൂച്ചകണ്ണുകളുള്ള ചുണ്ടിൽ വശ്യതയും ആകാരഭംഗിയുമുള്ള ദക്ഷിണയെ കണ്ടപ്പോൾ തന്നെ കുലശേഖരന്റെ ഉള്ളിലെ മൃഗം ഉണർന്നു.
ഒരു തവണ എങ്കിൽ ഒരു തവണ ഈ സൗന്ദര്യം ധാമത്തെ പ്രാപിക്കണമെന്ന് മനസാൽ ആഗ്രഹിച്ചു.
പൊടുന്നനെ അവിടെ വ്യാപിച്ച സൗരഭ്യം നാസികയിലൂടെ തുളഞ്ഞു കയറിയതും കുലശേഖരൻ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു.
ഏഹ്……. ഇത് കാമ പൂവിന്റെ ഗന്ധം അല്ലെ
കുലശേഖരൻ ഞെട്ടലോടെ ചുറ്റും നോക്കി.
അപ്പോഴാണ് ഒരു സത്യം കുലശേഖരൻ തിരിച്ചറിഞ്ഞത്.
കാമ പ്പൂവിന്റെ ഗന്ധം ദക്ഷിണയിൽ നിന്നുമാണ് വമിക്കുന്നത്.
ആ അസുലഭമായ സുഗന്ധം കുലശേഖരനെ അത്രയധികം മദോന്മത്തനാക്കി.
വശീകരണ പ്രയോഗങ്ങളെക്കാൾ തീവ്രതയേറിയ ഈ കാമ പ്പൂവിന്റെ പിന്നിലുള്ള നിഗൂഢ രഹസ്യം അറിയാൻ അയാളുടെ മനം തുടിച്ചു.
വശ്യ മന്ത്രം പ്രയോഗം കൈവശമുള്ള തന്നെ പോലും വശീകരിക്കാൻ തക്ക ശക്തിയുള്ള വശീകരണം കാമപ്പൂവിന്റെ സുഗന്ധത്തിനുണ്ട്.
അസംഭവ്യം.
കുലശേഖരൻ കുടില ചിരിയോടെ രുദ്രൻ തിരുമേനിയെ പാളി നോക്കി.
കാമപ്പൂവിനെ കുറിച്ച് കുലശേഖരന് സൂചന കിട്ടിയെന്ന് ഇതിനോടകം തന്നെ രുദ്രൻ തിരുമേനി മനസിലാക്കിയിരുന്നു.
കുലശേഖരൻ ദക്ഷിണയെ തന്നെ നോക്കി ഊറ്റി കുടിച്ചു കൊണ്ടിരുന്നു.
അയാളുടെ നോട്ടം അസ്സഹനീയമായി തോന്നിയ ദക്ഷിണ മുഖം ചുളിച്ചു കൊണ്ടു നേരെ സ്വന്തം മുറിയിലേക്ക് പോയി.
ചായ സൽക്കാരം കഴിഞ്ഞതും ഇരുവരും നേരെ രുദ്രൻ തിരുമേനിയുടെ അറയിലേക്ക് പോയി.
രുദ്രൻ തിരുമേനിയുടെ മുറിയിൽ എത്തിയതും കുലശേഖരൻ ആകെ ആസ്വസ്ഥനായിരുന്നു.
എന്ത് പറ്റി കുലശേഖരാ?
രുദ്രൻ തിരുമേനി സുഹൃത്തിന്റെ ഉള്ളറിയാനായി ചോദ്യമെറിഞ്ഞു.
ഒരു യുവാവ് ഇപ്പൊ വലിയൊരു ചോദ്യ ചിഹ്നമായി മുന്നിൽ നിൽക്കുകയാണ് രുദ്രാ…… എന്റെ ഊണും ഉറക്കവും നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി
ഏതാണാ പയ്യൻ? മഹാനായ ദുർ മന്ത്രവാദിയായ കുലശേഖരന് പോലും പിടി കൊടുക്കാത്ത ആൾ?
രുദ്രൻ അല്പം തമാശയോടെ പറഞ്ഞു.
തേവക്കാട്ട് ശങ്കരന്റെ കൊച്ചു മകൻ
കുലശേഖരൻ പറയുന്നത് കേട്ട് രുദ്രന്റെ മുഖം മങ്ങി.
ചിരി മാഞ്ഞു.
നിനക്ക് മനസ്സിലായോ അവൻ ആരാണെന്ന്? അവന്റെ അസ്തിത്വം എന്താണെന്ന്?
ഹ്മ്മ്
കുലശേഖരന്റെ ചോദ്യം കേട്ടതും രുദ്രൻ തലയാട്ടി.
എങ്കിൽ പറ ആരാണെന്ന്?
ദേവൻ…… തേവക്കാട്ടിൽ ശങ്കരൻ മകൻ ദേവൻ
രുദ്രൻ തിരുമേനി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
നിനക്ക് തെറ്റ് സംഭവിച്ചു രുദ്രാ….. ആ യുവാവിൽ അടങ്ങിയിരിക്കുന്നത് ദേവൻ മാത്രമല്ല….
പിന്നെ?
രുദ്രൻ തിരുമേനി ഒന്നും മനസിലാവാതെ കുലശേഖരനെ തുറിച്ചു നോക്കി.
അഥർവ്വൻ
കുലശേഖരൻ പറയുന്നത് കേട്ട് രുദ്രൻ തിരുമേനി ഞെട്ടിയെഴുന്നേറ്റു.
കാതിൽ ഒരു മൂളക്കം മാത്രമാണ് പിന്നീട് അദ്ദേഹം കിട്ടിയത്.
ആ അറയിൽ വച്ചു അവർ തമ്മിൽ എല്ലാ കാര്യങ്ങളും പരസ്പരം പങ്കു വച്ചു.
അവർ കണ്ടെത്തിയ സത്യങ്ങൾ.
എല്ലാം തിരിച്ചറിഞ്ഞതും ഇരുവരും ഞെട്ടലോടെയിരിക്കുകയായിരുന്നു.
അല്പം നേരത്തേക്ക് അവർക്ക് ഒന്നു ഉരിയാടുവാൻ പോലും സാധിച്ചില്ല.
അപ്പൊ അഥർവ്വന്റെ കഥ സത്യമാണല്ലേ?
അതേ കുലശേഖരാ……. എന്റെ ചാത്തന്മാർ എനിക്ക് ഓതി തന്നതാ
അപ്പൊ അഥർവ്വനൊപ്പം മഹാ ദുര്മന്ത്രവാദിനി അമാലികയും പുനർജനിച്ചിട്ടുണ്ടാവില്ലേ?
ഉണ്ടാവണം
രുദ്രൻ തിരുമേനി മറുപടി പറഞ്ഞു.
അഥർവ്വനെ കുറിച്ച് അടങ്ങിയ വൈരജാതൻ എന്ന താളിയോല ഗ്രന്ഥം കുലശേഖരൻ രുദ്രൻ തിരുമേനിയുടെ പക്കൽ നിന്നും ഭദ്രമായി വാങ്ങി.
ഭൂമി പൂജയുടെ ഒരുക്കങ്ങൾ എങ്ങനെ പോകുന്നു
നന്നായി പോകുന്നു….. ജയശങ്കറിന്റെ ഒരുക്കങ്ങൾ ഗംഭീരമായി മുന്നോട്ട് പോകുന്നു.
ഹ്മ്മ്…… ആ പയ്യൻ തന്നെയാണോ ഗോദയിൽ ഇറങ്ങുന്നത്
അല്ല കുലശേഖരാ…… തേവക്കാട്ടിൽ ബാലരാമന്റെ മകൻ ശ്രീജിത്ത്
അത് കേട്ടതും കുലശേഖരന് ശങ്ക തോന്നി.
അതെങ്ങനെ ശരിയാവും രുദ്രാ…… മുറ പ്രകാരം ഭരണി നക്ഷത്ര ജാതർക്കല്ലേ ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ പറ്റു
അതേ കുലശേഖരാ
തേവക്കാട്ട് കുടുംബത്തിൽ അനന്തു അല്ലാതെ മറ്റൊരു ഭരണി നക്ഷത്രക്കാരനുമില്ല…… മുറ പ്രകാരം ആ പയ്യനാണ് ഭൂമി പൂജയ്ക്ക് പങ്കെടുക്കേണ്ടത്
അതെങ്ങനെ ശരിയാവും?
രുദ്രൻ തിരുമേനി ഞെട്ടലോടെ നോക്കി.
അതങ്ങനല്ലേ ശരിയാവേണ്ടത്?
കുലശേഖരൻ അർത്ഥം വച്ച പോലെ പറഞ്ഞ ശേഷം താലിയോലയുമായി അവിടെ നിന്നുമിറങ്ങി.
കാറിൽ കയറി വീട്ടിലേക്കുള്ള തിരിച്ചു വരവിലും രുദ്രൻ തിരുമേനി പറഞ്ഞ രണ്ടു തലമുറകളുടെ കഥ ഓർക്കുകയായിരുന്നു കുലശേഖരൻ
അഥർവ്വന്റെയും ദേവന്റെയും.
—————————————————-
രാഘവന്റെ വീട്ടിൽ ചെന്നെത്തിയപ്പോഴേക്കും അവിടെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.
കാർ റോഡരികിൽ ഒതുക്കി വച്ചിട്ട് അനന്തു മുത്തശ്ശനൊപ്പം മരണ വീട്ടിലേക്ക് നടന്നു.
അദ്ദേഹത്തെ കാണുന്നവർ ബഹുമാനത്തോടെ വഴി മാറി കൊടുക്കുന്നുണ്ട്.
ഒരു ഓല പുരയുടെ മുറ്റത്തേക്കാണ് അവർ നടന്നെത്തിയത്.
അനന്തുവിന്റെ കയ്യിലുള്ള റീത്ത് വാങ്ങി ശങ്കരൻ രാഘവന്റെ മൃത ദേഹത്തിന് കാൽക്കൽ കൊണ്ടു വച്ചു.
അവിടെ നിന്നും തൊഴുത ശേഷം രാഘവന്റെ ഭാര്യയോട് അദ്ദേഹം സംസാരിച്ചു.
എല്ലാ വിധ സഹായ വാഗ്ദാനങ്ങളും നൽകി.
എല്ലാവരുടെയും കണ്ണുകൾ വല്ല്യങ്ങുന്നിന്റെയും കൊച്ചു മകന്റെയും നേരെയായിരുന്നു.
അതിനു ശേഷം അവർ വീട്ടിലേക്ക് മടങ്ങി.
വീട്ടിലേക്ക് ഉള്ള മടക്കത്തിലാണ് ശങ്കരന് ബലരാമന്റെ കാൾ വന്നത്.
ഫോൺ കാൾ സംസാരിച്ചു കഴിഞ്ഞതും ശങ്കരന്റെ മുഖം വിവർണമായി.
എന്തുപറ്റി മുത്തശ്ശാ
അനന്തു പതിയെ ചോദിച്ചു
മോനെ ദേവാ……. നീ നേരെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി വിട്
അതെന്തിനാ മുത്തശ്ശാ
ഏയ് ഒരു ചെറിയ എൻക്വയറിങ്….. ബാലരാമനാ വിളിച്ചേ
ഹ്മ്മ് ശരി മുത്തശ്ശാ
അനന്തു കാർ തിരിച്ചെടുത്തു പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
പത്തു മിനുട്ട് കഴിഞ്ഞതും അവർ പോലീസ് സ്റ്റേഷനിൽ എത്തി.
കാറിൽ നിന്നും ഇറങ്ങി വരുന്ന ശങ്കരനെ കണ്ടു പോലീസുകാർ എല്ലാം ബഹുമാനത്തോടെ നോക്കി നിന്നു.
അച്ഛാ….. എന്താ വൈകിയേ?
ബലരാമൻ പരാതിപ്പെട്ടു.
ഞാനാ രാഘവന്റെ വീട് വരെ ഒന്നു പോയെടാ…… വരുന്ന വഴിയാ
ആണോ…. എന്നാൽ വായോ….. S I ഇപ്പൊ തന്നെ വരും…….. അനന്തു വാടാ
ഹാ ശരി അമ്മാവാ
അനന്തു മുന്നിൽ നടന്നു
പിന്നാലെ ശങ്കരനും
പോലീസ് സ്റ്റേഷന്റെ ഉള്ളിലുള്ള വെയ്റ്റിംഗ് റൂമിൽ ഇരിക്കുകയാണ് മൂവരും.
പൊടുന്നനെ അവിടേക്ക് ഒരു പോലീസ് ജീപ്പ് ഇരമ്പലോടെ കടന്നു വന്നു.
അതിൽ നിന്നും മധ്യവയസ്കനായ പോലീസുകാരൻ ചാടിയിറങ്ങി.
അതായിരുന്നു SI പ്രദീപൻ
ആട്ടിൻ തോലിട്ട ചെന്നായ എന്ന് വേണമെങ്കിൽ പറയാം.
പോലീസ് ഡിപ്പാർട്മെന്റ് ലെ ഏറ്റവും വൃത്തികെട്ട പോലീസ് ഉദ്യോഗസ്ഥൻ.
ആരെയും കൂസാത്ത പ്രകൃതം.
SI പ്രദീപൻ പടികൾ ചാടി കയറി സ്റ്റേഷന്റെ ഹാളിലേക്ക് എത്തി.
എന്നിട്ട് നേരെ സ്വന്തം റൂമിലേക്ക് പോയി.
അയാളുടെ ജാഡ കണ്ടപ്പോഴേ ബാലരാമന് അടിമുടി വിറച്ചു കയറിയിരുന്നു.
എങ്കിലും സംയമനം പാലിച്ചു എന്ന് വേണം പറയാൻ.
അൽപം കഴിഞ്ഞതും ഒരു കോൺസ്റ്റബിൾ ഓടി വന്നു ശങ്കരനോട് പറഞ്ഞു.
വല്യങ്ങുന്നിനോടും എല്ലാരോടും അകത്തേക്ക് കേറാൻ സാർ പറഞ്ഞിട്ടുണ്ട്.
കോൺസ്റ്റബിൾ പറയുന്നത് കേട്ട് ശങ്കരനും ബലരാമനും അനന്തുവും നേരെ SI യുടെ ഓഫീസ് റൂമിലേക്ക് കയറി.
അവിടെ അവരെയും പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കുകയാണ് SI പ്രദീപൻ
ശങ്കരനെയും ബാലരാമനെയും കണ്ടതോടെ അയാളുടെ ചുണ്ടിൽ പുച്ഛചിരി വിടർന്നു.
അപ്പോഴാണ് അവർക്ക് പിന്നാലെ കയറുന്ന അനന്തുവിനെ അയാൾ കാണുന്നത്.
അനന്തുവിനെ ദർശിച്ച മാത്രയിൽ ആ നീലകണ്ണുകൾ വീക്ഷിച്ച മാത്രയിൽ പ്രേതത്തെ കണ്ട പോലെ പ്രദീപന്റെ മുഖം വിളറി വെളുത്തു.
പ്രജീപൻ തന്റെ ഓർമയിൽ നിന്നും ആ മുഖത്തിന്റെ പേര് ഓർത്തെടുത്തു.
ദേവൻ.
അവിശ്വസനീയതയോടെ അയാൾ പിറുപിറുത്തു.
മൂവരും അകത്തു കയറിയതും SI പ്രദീപൻ കസേരകളിലേക്ക് വിരൽ ചൂണ്ടി.
അവർ അവിടെ പതിയിരുന്നു.
അവർക്ക് എതിരെയുള്ള ചെയ്യറിൽ പ്രദീപനും പയ്യെ ഇരുന്നു.
SI പ്രദീപന്റെ കണ്ണുകൾ അപ്പോഴും അനന്തുവിനെ തന്നെ ചുഴിയുകയായിരുന്നു.
ഇത്?
പ്രദീപൻ ഒന്നും മനസിലാവാതെ ബലരാമനെ നോക്കി
സംശയ ഭാവത്തോടെ
എന്റെ പെങ്ങളുടെ മകനാ……. അനന്തു
ബാലരാമൻ പറയുന്നത് കേട്ടാണ് അൽപം ആശ്വാസം SI പ്രദീപന്റെ ഉള്ളിൽ വിരിഞ്ഞത്.
എങ്കിലും വിശ്വാസം വരാതെ അയാൾ ശങ്കരനെ നോക്കി.
ബലരാമൻ പറഞ്ഞത് ശരിയാ…… എന്റെ കൊച്ചു മകനാണ്
അപ്പോഴാണ് തലയിൽ നിന്നും ഒരാധി SI പ്രദീപനിൽ നിന്നും ഒഴിഞ്ഞത്.
മേശപ്പുറത്തിരിക്കുന്ന ബെല്ലിലേക്ക് പ്രദീപന്റെ വിരൽ അമർന്നു.
ട്രണീം ട്രണീം
ബെൽ കേട്ടതും ഒരു കോൺസ്റ്റബിൾ ഉള്ളിലേക്ക് കയറി വന്നു.
പ്രദീപനെ നോക്കി അയാൾ സല്യൂട്ട് ചെയ്തു
അയാളുടെ ചെവിയിൽ സ്വകാര്യമായി എന്തോ പറഞ്ഞ ശേഷം പുറത്തേക്ക് പറഞ്ഞയച്ചു.
എന്താണ് സർ ഞങ്ങളെ വിളിപ്പിച്ചത്?
ബലരാമൻ അക്ഷമയോടെ ചോദിച്ചു.
ഹ്മ്മ് പറയാം….. നിങ്ങളുടെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന രാഘവൻ മരിച്ചത് നിങ്ങൾ അറിഞ്ഞിരുന്നോ?
ഹ്മ്മ് അറിഞ്ഞിരുന്നു.
ശങ്കരൻ മറുപടി പറഞ്ഞു.
എന്നാൽ രാഘവൻ മരണപ്പെട്ടത് അർദ്ധരാത്രിയോട് കൂടി ഒരു ലോറി ഇടിച്ചിട്ടാണ്…… അതൊരു കൊലപാതകമായിരുന്നു……a Planned murder…… മറ്റൊരു സത്യാവസ്ഥ എന്തെന്നാൽ നിങ്ങളുടെ തന്നെ കമ്പനിയിലെ ലോറി ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്
സർ അതിനു ഞങ്ങളെ എന്തിനാണ് വിളിച്ചു വരുത്തിയത്.
പറയാം മിസ്റ്റർ ബലരാമൻ…… നിങ്ങളുടെ തന്നെ ഫാക്റട്ടറിയിൽ ജോലി ചെയ്യുന്ന ആരോ ആണ് കൃത്യത്തിനു പിന്നിൽ…… ഞങ്ങളുടെ ബലമായ സംശയമാണ് അത്….. അതുകൊണ്ട് നിങ്ങളുടെ ഫാക്ടറി സേർച്ച് ചെയ്യാനുള്ള അനുവാദം തരണം.
SI പ്രദീപൻ പറഞ്ഞത് കേട്ട് ബലരാമനും ശങ്കരനും അല്പം നേരം ചിന്തിതരായി.
ശരി…… നിങ്ങടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ
ശങ്കരൻ ടേബിളിൽ വിരലുകൾ കൊണ്ട് കൊട്ടി.
താങ്ക്സ്.
എങ്കിൽ ഞങ്ങള് പോക്കോട്ടെ
യെസ് ഷുവർ
SI പ്രദീപൻ ബഹുമാനത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്കുള്ള വഴി കാണിച്ചു.
ബലരാമന്റെ കൂടെ ശങ്കരൻ ഇറങ്ങി.
പിന്നാലെ അനന്തുവും
അനന്തു ഇറങ്ങി പോകവേ SI പ്രദീപനെ നോക്കി പുഞ്ചിരിച്ചു.
തിരിച്ചു ഒരു പുഞ്ചിരി പ്രദീപനും സമ്മാനിക്കാൻ മറന്നില്ല.
മൂവരും ഓഫീസ് റൂമിൽ നിന്നുമിറങ്ങിയതും പ്രദീപന്റെ ചുണ്ടിലെ പുഞ്ചിരി മങ്ങി.
അയാൾ വേഗം തന്നെ പുറത്തേക്കിറങ്ങി.
അവിടെ അനന്തുവും ബാലരമനും ശങ്കരനും കാറിലേക്ക് കയറുന്നതേ ഉണ്ടായിരുന്നുള്ളു.
അവർ പോയി കഴിഞ്ഞതും പ്രദീപൻ സ്വന്തം റൂമിലേക്ക് മടങ്ങി.
ആ സമയം മുന്നേ വന്ന കോൺസ്റ്റബിൾ വീണ്ടും അങ്ങോട്ട് കയറി വന്നു
സർ
കോൺസ്റ്റബിൾ വന്നപാടെ പ്രദീപന് സല്യൂട്ട് അടിച്ചു.
എന്താടോ കിട്ടിയോ?
കിട്ടി സർ
കയ്യിലിരുന്ന മൊബൈൽ അയാൾ പ്രദീപന് നേരെ നീട്ടി.
അതിൽ അനന്തുവിന്റെ ചിത്രം ആയിരുന്നു ഉണ്ടായിരുന്നത്.
അത് കണ്ടതും പ്രദീപന്റെ ചുണ്ടിൽ ഒരായിരം പുഞ്ചിരി വിടർന്നു.
വേഗം ഇമെയിൽ അയക്ക്
കുടില ചിരിയോടെ പ്രദീപൻ എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി.
—————————————————-
പർണശാലയിലെ പുതുതായി പെറ്റു വീണ ക്ടാവിനെ തൊട്ടും തലോടിയും സമയം കളയുകയാണ് സ്വാമിനി മായാമോഹിനി.
ആ ക്ടാവിന്റെ കൂടെ സമയം കൊല്ലവേ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ആയിരുന്നു അവരെ വലം വച്ചു കൊണ്ടിരുന്നത്.
ബാല്യകാലത്തിൽ തന്റെ അമ്മയുടെ കൂടെ പുല്ല് ചെത്താൻ പോകുന്നതും ക്ടാവിന്റെയും പശുവിന്റെയും കൂടെ കളിച്ചതുമൊക്കെ.
ക്ടാവിനെ തൊട്ടുരുമ്മിയും ഉമ്മ വച്ചും കൊതി തീർത്ത മായാമോഹിനി നേരെ നദീ തീരത്തേക്ക് പോയി.
അവിടെ കരയോട് തല തല്ലി പോകുന്ന ഓളങ്ങളെ നോക്കി നിൽക്കുകയായിരുന്നു മായാമോഹിനി.
അന്തരീക്ഷത്തിലെ നല്ല തണുപ്പ് അവരെ പൊതിയുന്നുണ്ടായിരുന്നു
ശരീരത്തേക്ക് സൂചി കുത്തി കയറുന്ന പോലത്തെ അത്രയും തണുപ്പ്
ആ തണുപ്പിൽ എല്ലാം മറന്ന് ധ്യാനത്തിൽ മുങ്ങിയിരിക്കുയായിരുന്നു അവർ.
സ്വാമിനി
ഹ്മ്മ് പറഞ്ഞോളു ശിഷ്യാ
ധ്യാനത്തിൽ നിന്നുമുണർന്ന മായാമോഹിനി പതിയെ പറഞ്ഞു.
എങ്ങനെയാണ് സ്വാമിനി ആ യുവാവിന്റെ ദേഹത്തു രണ്ടു ആത്മാക്കൾ കുടി കൊണ്ടത്? രണ്ടു നിയോഗങ്ങൾ പരമ ലക്ഷ്യമായി ആവീർഭവിച്ചത്
ശിഷ്യന്റെ ചോദ്യം കേട്ടതും ആദ്യമൊന്ന് പുഞ്ചിരിക്കുവാനാണ് മായാമോഹിനിക്ക് തോന്നിയത്.
ഞാൻ ആദ്യമേ പറഞ്ഞത് ഓർമ്മയുണ്ടോ നമ്മുടെ ശിഷ്യന്…. ഇത് കേവലം അനന്തുവിനെയോ ദേവനെയോ ചുറ്റി പിണഞ്ഞ് കിടക്കുന്ന കഥയല്ല….. ഇത് അവന്റെ കഥയാണ്……. വീരനായ വൈരജാതൻ അഥർവന്റെ കഥ…….. നമ്മളൊക്കെ അതിന്റെ ഒരു ഭാഗമാണ്…… പ്രകൃതിയുടെ ഓരോ ലീലകൾ
മായാമോഹിനി മനോഹരമായ പുഞ്ചിരി പൊഴിച്ചു കൊണ്ട് പറഞ്ഞു.
അപ്പൊ ദേവന്റെ ജന്മ നിയോഗമെന്ത്? അഥർവ്വന്റെയോ?
ശിഷ്യൻ കൗതുകത്തോടെ ചോദിച്ചു.
ദേവന്റെ ജന്മ നിയോഗം എന്തായിരിക്കും? ശിഷ്യന്റെ നിഗമനം എന്താണ്? പറയൂ നാം കേക്കട്ടെ
കൈകൾ പിണച്ചു വച്ചു കൊണ്ടാണ് സ്വാമിനി ചോദിച്ചത്
അതിൽ എന്താണിത്ര സംശയം……. ഭൂമി പൂജ തന്നെ……. ഭൂമി പൂജ പങ്കെടുക്കാൻ തയാറെടുക്കവേയല്ലേ അവിചാരിതമായി ദേവൻ കൊല്ലപ്പെട്ടത്……. അപ്പൊ ദേവൻ പുനർജ്ജനിച്ചത് ഭൂമി പൂജയ്ക്ക് വേണ്ടി തന്നെയാവും…….. ശരിയല്ലേ
ശിഷ്യൻ ഗൗരവത്തോടെ പറഞ്ഞു.
ഹ…….. ഹ……… ഹ അങ്ങനെ എങ്കിൽ ഞാനൊരു ചോദ്യം ചോദിക്കട്ടെ
ഹ്മ്മ് ചോദിച്ചോളൂ.
ഭൂമി പൂജയ്ക്ക് വേണ്ടിയാണ് ദേവൻ പുനർജനിച്ചതെങ്കിൽ എന്തുകൊണ്ട് ദേവനൊരു ദുരാത്മാവ് ആയി മാറി?
അത്……. പ്…… പിന്നെ
ശിഷ്യന് പൊടുന്നനെ ഉത്തരം മുട്ടി.
നമ്മുടെ പ്രിയ ശിഷ്യാ ശ്രവിച്ചാലും……. ദേവൻ ഒരു ദുരാത്മാവ് ആയി പുനർജനിച്ചത് കേവലം ഭൂമി പൂജയ്ക്ക് വേണ്ടിയായിരുന്നില്ല…….അവന്റെ പ്രതികാരം നടപ്പിലാക്കാൻ മാത്രമാണ്…… പ്രതികാരവും സംഹാരവും ആണ് ആ ദുരാത്മാവിന്റെ ലക്ഷ്യം…… അതിനാലാണ് ആ ദുരാത്മാവിന്റെ ഗുണഗണങ്ങൾ അനന്തുവിന് കിട്ടാതിരിക്കാൻ ആ സത് ആത്മാവ് ശ്രമിച്ചുകൊണ്ടേയിരുന്നത് ഇക്കാലമത്രയും…. എന്നാൽ കുലശേഖരന്റെ അടിമയായ ദുർ ഭൂതത്തിന്റെ പ്രഹരം കിട്ടിയതോടെ ആ കെട്ടുപാടുകൾ തകർക്കപ്പെട്ടു…… ഇനി ദേവനെ തളക്കുക അസാധ്യം.
മായാമോഹിനി പതിയെ പറഞ്ഞു നിർത്തി.
അപ്പൊ ദേവന്റെ പ്രതികാരം നടക്കുമെന്ന് ഉറപ്പായി….. അപ്പൊ അഥർവ്വന്റെ ആത്മാവോ? അഥർവ്വന്റെ ജന്മ നിയോഗം എന്താണ്? സത് ആത്മാവ് ആയോണ്ട് ദേവനെ പോലെ പ്രതികാരം ആയിരിക്കില്ലല്ലേ?
ശിഷ്യൻ ചിരിയോടെ ചോദിച്ചു.
ഹ……. ഹ……… ഹ ദേവൻ പ്രതികാര ദാഹിയായ ദുരത്മാവ് ആണേൽ അഥർവ്വൻ ദുരാത്മക്കളുടെ മൂർത്തിയായിട്ട് വരും ഹ…… ഹ…….. ഹ
മായാമോഹിനി പറഞ്ഞത് മനസിലാവാതെ ശുഷ്യൻ മുഖം ചുളിച്ചു.
അതെന്താ സ്വാമിനി അങ്ങനെ?
അതങ്ങനെയാണ് ശുഷ്യാ……. അനന്തുവിന്റെ ശരീരത്തിൽ കുടി കൊള്ളുന്നത് അഥർവ്വന്റെ അർദ്ധ കായ ആത്മാവ് ആണ്…….. ആത്മാവിന്റെ സാത്വികമായ നേർ പകുതിയാണ് അനന്തുവിൽ ഉള്ളത്
അപ്പൊ മറു പകുതി?
ശിഷ്യൻ സംശയത്തോടെ ചോദിച്ചു.
മറു പകുതി ഏതോ ഒരു ലോകത്തുണ്ട്…… നമ്മുടെ കയ്യെത്താത്ത അത്രയും ദൂരെ……. ദുരാത്മാവിന്റെ ഗുണഗണങ്ങളോടെ…… ആ ആർദ്ധ കായ ആത്മാവിനു കൂടി ഉണ്ടായിരുന്ന സാത്വിക ഗുണത്തിന് അപക്ഷയം സംഭവിച്ചിരിക്കുന്നു…….. അത് ഇപ്പൊ ദുരാഗ്രഹിയായ ഒരു ആത്മാവ് ആയി മാറിയിരിക്കുന്നു
എന്തൊക്കെയാണോ ഞാൻ ഈ കേൾക്കുന്നത്….. ഇതൊക്കെ സംഭവ്യമാണോ സ്വാമിനി? വിശ്വസിക്കാനെ കഴിയുന്നില്ല
വിശ്വസിക്കണം ശിഷ്യാ
ഹ്മ്മ്….. എനിക്ക് മറ്റൊരു സംശയം കൂടിയുണ്ട്.
ഉണർത്തിച്ചാലും
അനന്തു അഥർവ്വനാണെങ്കിൽ എന്തുകൊണ് ദേവന്റെ മുഖസാദൃശ്യം കിട്ടി? അഥർവ്വന്റെ മുഖം എന്തുകൊണ്ട് കിട്ടിയില്ല.
ശിഷ്യന്റെ ബുദ്ധി കൂര്മതയിൽ സ്വാമിനിക്ക് അഭിമാനം തോന്നി
അതിനൊരു കാരണമുണ്ട് ശിഷ്യാ
എന്താണത്?
അഥർവ്വന്റെ ആത്മാവിനെ മാത്രം ഉൾക്കൊണ്ടാണ് അനന്തു പുനർജനിച്ചിരുന്നതെങ്കിൽ അനന്തുവിന്റെയുള്ളിലെ അഥർവ്വനെ ദുർ മന്ത്രവാദിനി അമാലിക നിഷ്പ്രയാസം കണ്ടെത്തിയേനെ…… അഥർവ്വന്റെ പുനർജന്മത്തിൽ അമാലികയുടെ കണ്ണിൽ പൊടിയാടാനാണ് അഥർവ്വൻ അനന്തുവിനെ മാതാവ് വയറിൽ ചുമക്കുന്ന നേരം തൊട്ടേ തയാറായിരുന്നത്……. പ്രസവത്തോടെ അനന്തുവിന്റെ പോക്കിൽ കൊടി മുറിച്ചു മാറ്റപ്പെട്ട നിമിഷം അമ്മയുമായുള്ള ബന്ധം നഷ്ട്ടപ്പെട്ട അനന്തുവിലേക്ക് അഥർവ്വൻ കുടി കൊണ്ടത്….. ഒപ്പം ദേവന്റെ ആത്മാവിനെയും
എന്നിട്ട്?
ശിഷ്യൻ ആവേശത്തോടെ ബാക്കിയറിയുവാനായി ചോദിച്ചു.
ദേവന്റെ ആത്മാവിനെ കൂടി സന്നിവേശിപ്പിച്ച ശേഷം അഥർവ്വൻ ആരോരുമറിയാതെ അനന്തുവിൽ കുടി കൊണ്ടു……. എല്ലാവരിൽ നിന്നുമുള്ള ഒരു മറ മാത്രമായിരുന്നു അഥർവ്വന് ദേവന്റെ ആത്മാവ്
അതുകൊണ്ട് ദേവന് എന്തു ഗുണം ഉണ്ടായി?
സ്വാഭാവികമായും ഉണ്ടായ സംശയം ശിഷ്യൻ അറിയാതെ ചോദിച്ചു പോയി.
ഗുണം ഉണ്ട്……. അനന്തുവിന്റെ ജനനത്തോടൊപ്പം ദേവന്റെ മുഖം ആണ് അഥർവ്വൻ നൽകിയത്…… മാത്രമല്ല അനന്തുവിന്റെ ഉടലിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ അഥർവ്വൻ ചില അനുഗ്രഹങ്ങൾ ദേവന് നൽകിയിരുന്നു
എന്തൊക്കെയാണത്?
പ്രതികാരം തീർക്കുവാനും നഷ്ട്ടപ്പെട്ടു പോയ പ്രണയിനിയുമായി വീണ്ടും കൂടി ചേരാനും
അഥർവ്വന്റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണോ കല്യാണി പുനർജനിച്ചത് സ്വാമിനി?
അതേ ശിഷ്യ?
അപ്പൊ മുത്തുമണി എന്ന പെൺകുട്ടി എങ്ങനെ പുനർജനിച്ചു.
അതിനു ഒരു കാരണമുണ്ട് ശിഷ്യാ……. അരുണിമയുടെയും ദക്ഷിണയുടെയും പൂർവ ജന്മമായ കല്യാണിയും മുത്തുമണിയും ആ ജന്മത്തിൽ പിറവികൊണ്ട ഇരട്ട സഹോദരങ്ങളാണ്
ഇരട്ട സഹോദരങ്ങളോ?
ശിഷ്യൻ അത്ഭുതത്തോടെ ചോദിച്ചു.
അതേ ശിഷ്യാ….. പക്ഷെ ജന്മം കൊണ്ടു മാത്രമേ അവർ ഒന്നായിരുന്നുള്ളു….. വളർന്നതും പ്രായപൂർത്തിയായതുമൊക്കെ പരസ്പരം കാണാതെ അറിയാതെ മറ്റു കുടുംബങ്ങളിൽ ആയിരുന്നു
അതെന്താ കാരണം സ്വാമിനി
കല്യാണിയുടെ അമ്മയിൽ നിന്നും തിരുവമ്പാടിക്കാർ അപഹാരിച്ചതാണു മുത്തുമണിയെ…… അങ്ങനാണ് അവൾ തിരുവമ്പാടി മനയുടെ സന്തതിയായത്
എന്തൊക്കെയാണോ ഇവിടെ നടക്കുന്നത്….. കേട്ടിട്ട് തല പെരുക്കുന്നു
അപ്പൊ ജന്മം കൊണ്ടു കല്യാണിയും മുത്തുമണിയും ഒന്നായിരുന്നതിനാൽ അഥർവ്വനിൽ നിന്നും കല്യാണിക്ക് ലഭിച്ച വരപ്രസാദം അവർ ഇരുവർക്കും ഒരുപോലെ വന്നു ഭവിച്ചു.
അതൊക്കെ പോട്ടെ എന്റെ ശിഷ്യന്റെ സംശയങ്ങൾ മാറിയോ?
ഇല്ല….. ഒരു സംശയം കൂടി ബാക്കിയുണ്ട്
എന്താണത്?
നിറ പുഞ്ചിരിയോടെ മായാമോഹിനി ചോദിച്ചു.
അങ്ങനെയെങ്കിൽ അഥർവ്വൻ പുനർജനിച്ചുവെന്ന് അമാലിക തിരിച്ചറിഞ്ഞത് എങ്ങനെയാണ് ?
ശിഷ്യന്റെ സംശയം കേട്ടതും പിണച്ചു വച്ച കൈകൾ അഴിച്ചു മാറ്റി അവർ നദീ തീരത്തേക്ക് വീണ്ടും കണ്ണു നട്ടു.
അനന്തുവിന് വശീകരണ മന്ത്രം കിട്ടിയപ്പോൾ
വശീകരണം ലഭിച്ചെന്ന് അമാലിക മനസിലാക്കിയത എങ്ങനെ ?
ശിഷ്യന് വീണ്ടും സംശയം
ശിഷ്യാ…… അനന്തുവിന് കിട്ടിയ വശീകരണ മന്ത്രം അടങ്ങിയ ട്രങ്ക് പെട്ടി മാറ്റാരുടെയുമല്ല…… അത് അഥർവ്വന്റെ തന്നെയാണ്….. ആ പെട്ടിയിൽ കോറിയിട്ട പക്ഷിയുടെ ചിറകിലേറി വരുന്ന നഗ്നനായ യോദ്ധാവ് മാറ്റാരുമല്ല അത് അഥർവ്വനാണ്…… അഥർവ്വന്റെ അതായത് അനന്തുവിന്റെ രക്തം വീണപ്പോൾ ആ രക്തം സഞ്ചരിച്ചത് ഒരു പുഷ്പത്തിന്റെ ആകൃതിയിൽ ആയിരുന്നു……. ആ പുഷ്പം മറ്റൊന്നുമല്ല അത് തന്നെയാണ് കുലശേഖരൻ അന്വേഷിക്കുന്ന കാമപൂവ്
സ്വാമിനി ചിരിയോടെ പറഞ്ഞു.
ആ പെട്ടി ഒന്ന് കാണാൻ സാധിക്കുമോ സ്വാമിനി?
എന്താണ് ശിഷ്യന് വശ്യ മന്ത്ര പ്രയോഗം നടത്താൻ താല്പര്യമുണ്ടോ?
മായാമോഹിനി കള്ള ചിരിയോടെ ചോദിച്ചു.
അയ്യോ ഒരിക്കലുമില്ല സ്വാമിനി….. എങ്കിലും അഥർവ്വനെ കാണാൻ ഒരാഗ്രഹം
അത്രേയുള്ളോ? ശിഷ്യൻ വിഷമിക്കാതെ ആ ട്രങ്ക് പെട്ടി നിസാരമായ ഒന്നല്ല….. അതിൽ ഒരുപാട് നിഗൂഢതകളും രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്…… അതിനു വേണ്ടി അനന്തു ഒരിക്കൽ എന്നെ തേടി വരും….. ഈ മായാ മോഹിനിയുടെ സന്നിധിയിൽ
മായാ മോഹിനിയുടെ പൊട്ടിച്ചിരി അത്രയ്ക്കും തീവ്രതയേറിയതായിരുന്നു
ശിഷ്യൻ ഇതുവരെ കാണാത്ത സ്വാമിനി മായാമോഹിനിയുടെ മറ്റൊരു മുഖം
—————————————————-
തിരിച്ചു തേവക്കാട്ടിലേക്ക് എത്തിയ ശങ്കരൻ കാറിൽ നിന്നും വേഗം തന്നെ ഇറങ്ങി.
കാർ അവിടെയുള്ള മരച്ചുവട്ടിലേക്ക് നിർത്തി വച്ച അനന്തു പയ്യെ പിറകിലേക്ക് നോക്കി.
അവിടെ ഗോദയുടെ പണികൾ പൂർത്തിയായിരിക്കുന്നു.
ഒരു ഭാഗത്തു യതീന്ദ്രനും മറു ഭാഗത്തു ഗുരുക്കളും ഉണ്ട്.
ഗോദയുടെ മധ്യത്തിലുള്ള പൂഴിയിൽ ശിവജിത്ത് ഷർട്ട് ഒക്കെ അഴിച്ചു ബോഡി ഷോ കാണിക്കുന്നുണ്ട്
അനന്തുവിനെ കണ്ടതും പുച്ഛത്തോടെ ശിവജിത്ത് ഗുരുക്കളോട് ചേർന്നു നിന്നു.
വന്ദനം ചൊല്ലിയ ശേഷം ശിവജിത്തിനെക്കൊണ്ട് ഗുരുക്കൾ ചെറിയ വ്യായാമങ്ങൾ ചെയ്യിച്ചു.
അതിനു ശേഷം ഗുരുക്കൾ യതീന്ദ്രനോടായി പറഞ്ഞു
ശിവജിത്തിന് അസ്സിസ്റ്റ് ചെയ്യാനായി ഒരാൾ വേണം.
അത് കേട്ടതും ആരെ കിട്ടുമെന്ന മട്ടിൽ യതീന്ദ്രൻ ചുറ്റും നോക്കി.
അപ്പോഴാണ് അനന്തുവിൽ കണ്ണുകൾ പതിഞ്ഞത്.
ആനന്തൂ…… വാ ശിവജിത്തിനെ ഒന്ന് സഹായിക്ക്.
യ്യോ ഞാനോ
അനന്തു ഞെട്ടലോടെ ചോദിച്ചു
അതേ നീ തന്നെ വേഗം വാ
യതി അവനെ ഗോദയിലേക്ക് ക്ഷണിച്ചു.
അനന്തു മടിയോടെ ഗോദക്ക് സമീപം നടന്നെത്തി.
വന്ദനം ചൊല്ലിയ ശേഷം അനന്തു പയ്യെ ഗോദയിലേക്ക് കാൽ വച്ചു കയറി.
അനന്തുവിന്റെ കാൽ പതിഞ്ഞതും അവിടമാകെ ശക്തമായ കാറ്റ് വീശി.
സൂര്യൻ മേഘപാളികൾക്കുള്ളിൽ പോയി ഒളിച്ചു.
പ്രകൃതി എന്തൊക്കെയോ ദുസൂചനകൾ നൽകുന്ന പോലെ.
അനന്തു ഉള്ളിലേക്ക് കയറിയതും ശിവ ജിത്ത് പൊടുന്നനെ കാലു മടക്കി അനന്തുവിന്റെ മുഖത്തു പ്രഹരിച്ചു.
പ്രഹരമേറ്റതും അനന്തു ഗോദയിലെ മണ്ണിൽ മൂക്കും കുത്തി വീണു.
അവിടെ നിന്നും അനന്തു കഷ്ടപ്പെട്ട് എണീറ്റതും അനന്തുവിന്റെ പിറകിലൂടെ നെഞ്ചിനു കുറുകെയായി കൈകൾ പിണച്ച് വച്ചു ശക്തിയിൽ ലോക്ക് ചെയ്തു.
ശിവജിത്തിന്റെ കരുത്തുള്ള കൈകളിൽ കിടന്ന് അവൻ പിടഞ്ഞു.
ആരോടോ ഉള്ള വാശിക്കെന്ന പോലെ ശിവജിത്ത് കൈകൾ ഉള്ളിലേക്ക് കൂടുതലായി അമർത്തി പിടിച്ചു.
അതോടെ പ്രണാൻ പോകുന്ന പോലെ അനന്തുവിന് തോന്നി.
ശ്വാസം വിടാൻ പോലും പറ്റുന്നിലായിരുന്നു.
അത്രയ്ക്ക് ദൃഢമായിരുന്നു ശിവജിത്തിന്റെ പിടുത്തം.
ഈ പിടുത്തം ഇങ്ങനെ പോയാൽ താൻ മല മൂത്ര വിസർജനം നടത്തുന്നതിന് പുറമെ കാലപുരി പുല്കുമെന്ന് അനന്തുവിന് തോന്നി.
അനന്തു ശിവജിത്തിന്റെ കൈകൾ വിടുവിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.. പാറ പോലെ ഉറച്ചു നിന്ന ശിവജിത്തിന് മുന്നിൽ അനന്തു തോറ്റു പോയി.
ഗുരുക്കൾ പറഞ്ഞിട്ടും ശിവജിത്ത് നിർത്തിയില്ല.
പൊടുന്നനെ അനന്തുവിന്റെ തലയാകെ പെരുത്തു.
തലച്ചോറിൽ ഒരു സ്ഫോടനം പോലെ നടന്നതും അനന്തുവിന്റെ മറിഞ്ഞു പോയ കണ്ണുകൾ പൂർവ സ്ഥിതിയിലേക്ക് മാറി.
നിമിഷ നേരത്തേക്ക് അവൻ ദേവനായി മാറി.
ദേവനായി മാറിയ നിമിഷം അനന്തു ശിവജിത്തിന്റെ ഇടത് കയ്യിലേക്ക് വലതു കൈ കൊണ്ടു പിടിച്ച ശേഷം ശരീരം ചുളിച്ചു പിടിച്ചു.
ശരീരം ചുളിച്ചപ്പോൾ അരക്കെട്ടിന്റെ ഭാഗത്തു വന്ന ഗ്യാപ്പിൽ കൂടി അനന്തു ഇടത് കൈ കയറ്റി സ്വന്തം വലത് കയ്യിൽ പിടിച്ചു.
ശേഷം ഇടത് കാൽ പിന്നിലേക്ക് വച്ചു പിന്നിലേക്ക് ഞൊടിയിടയിൽ തിരിഞ്ഞ് ശിവജിത്തിന്റെ കൈ പിടിച്ചു വളച്ചു.
അനന്തു കൈ പിടിച്ചു വളച്ചതും ശിവ ജിത്തിന്റെ ഉടൽ വളഞ്ഞു മുഖം ഭൂമി ദേവിക്ക് സമാന്തരമായി.
അതോടൊപ്പം ശിവജിത്തിന്റെ കൈകുഴ പിടിച്ചു തിരിച്ചു.
വേദനയാൽ അലറിയ ശിവ ജിത്തിനെ പുച്ഛത്തോടെ നോക്കിയ ശേഷം അനന്തു ശിവ ജിത്തിനെ ഗോദക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഗോദക്ക് പുറത്തേക്ക് തെറിച്ചു വീണ ശിവജിത്ത് സഹിക്കാനാവാത്ത വേദനയോടെ എഴുന്നേൽക്കാൻ ശ്രമിച്ചു.
എന്നാൽ അതിനു സാധിക്കാതെ വീണ്ടും മണ്ണിലേക്ക് വീണു.
അതുകണ്ടു സങ്കടം തോന്നിയ ബലരാമൻ ശിവജിത്തിനെ പയ്യെ എണീപ്പിച്ച ശേഷം മനയുടെ ഉള്ളിലേക്ക് കൊണ്ടു പോയി.
പോകുമ്പോ പോലും ശിവജിത്തിന്റെ പക എരിയുന്ന കണ്ണുകൾ അനന്തുവിന് നേരെയായി
അപമാനിക്കപ്പെട്ടവന്റെ നിരാശ ആ കണ്ണുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു.
മനോഹരം
ഗുരുക്കൾ അനന്തുവിനെ അഭിനന്ദിച്ചു.
അനന്തു ഒന്നും മിണ്ടാതെ നേരെ മനയുടെ ഉള്ളിലേക്ക് നടന്നു.
അവിടെ ഇവരുടെ പ്രകടങ്ങൾ കണ്ടു കൊണ്ടു അനന്തുവിന്റെ അനിയത്തി ശിവപ്രിയ നിൽപ്പുണ്ടായിരുന്നു.
എന്റെ പൊന്നു എട്ടാ….. എന്തൊരു പെർഫോമൻസ് ആയിരുന്നു? ഇതൊക്കെ എപ്പോ പഠിച്ചു?
എന്ത്?
അനന്തു ഒന്നും മനൻസിലാവാതെ അവളെ നോക്കി.
അല്ല ആ ജാഡ തെണ്ടിയെ മലർത്തിയടിച്ചില്ലേ അതിനു?
ഞാനോ? എപ്പോ?
അനന്തു ഒന്നും ഓർമയില്ലാതെ ശിവപ്രിയയെ നോക്കി.
ദേ എട്ടാ പൊട്ടൻ കളിക്കല്ലേ….. നിങ്ങളല്ലേ ഇപ്പൊ ആ ജിത്തുവേട്ടനെ എടുത്തു പെരുമാറിയത്? ഞാൻ എന്റെ കണ്ണുകൾ കൊണ്ടു കണ്ടതല്ലേ?
ശിവപ്രിയ കലിപ്പോടെ പറഞ്ഞു.
എന്റെ പൊന്നു ശിവ ഞാനിപ്പോ മുത്തശ്ശൻറെ കൂടെ സ്റ്റേഷനിൽ നിന്നും വരുന്ന വഴിയാ….. ഞാനെങ്ങനാടി ജിത്തൂവേട്ടന്റെ കൂടെ fight ചെയ്‌തെന്ന് നീ പറയുന്നത്… നിനക്കെന്ന വട്ടായോ പെണ്ണെ
അനന്തു ശിവയുടെ തലയിൽ കൊട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി.
ശിവപ്രിയ അനന്തുവിന്റെ പോക്ക് മൂക്കത്ത് വിരൽ വച്ചു കാണുകയായിരുന്നു.
അപ്പോഴും അനന്തുവിന്റെ ചിന്ത ഇതായിരുന്നു.
ഞാൻ ജിത്തുവേട്ടനോട് fight കൂടി പോലും….. പെണ്ണിന് പ്രാന്തായ മട്ടുണ്ട്
അനന്തു മിണ്ടാതെ നേരെ മുറിയിലേക്ക് പോയി.
അല്പം മുന്നേ സംഭവിച്ചത് ഒന്നും തന്നെ അനന്തുവിന് ഓർമയുണ്ടായിരുന്നില്ല.
—————————————————-
മുഖത്തേക്ക് ശക്തിയിൽ വെള്ളം പതിച്ചപ്പോഴാണ് ബഷീറിക്ക ഉറക്കം വിട്ടുണരുന്നത്.
കിടന്ന കിടപ്പിലെ ബഷീറിക്ക മുകളിലേക്ക് നോക്കി.
ഭാര്യ ആമിന കയ്യിലൊരു മോന്തയുമായി ബഷീറിക്കയുടെ തലക്കൽ നിൽക്കുന്നു.
നിങ്ങക്കെന്താ ഇക്ക പ്രാന്തായോ? ഈ വെറും മണ്ണിൽ കിടന്നാണോ നിങ്ങളുറങ്ങിയെ
ആമിന പരാതിപ്പെട്ടു.
പടച്ചോനെ
ബഷീറിക്ക പയ്യെ നിലത്തു കൈകൾ കുത്തി എഴുന്നേറ്റിരിക്കുവാൻ ശ്രമിച്ചു.
ഇരുന്നു കാൽ നീട്ടി മുന്നിലേക്ക് നോക്കിയ ബഷീറിക്ക കണ്മുന്നിൽ കണ്ടത് സെൻട്രൽ സ്റ്റാൻഡിൽ ഇരിക്കുന്ന ബുള്ളറ്റിനെയാണ്.
അത് തന്നെ നോക്കി പല്ലിളിക്കുന്ന പോലെ ബഷീറിക്കക്ക് തോന്നി.
ഹെന്റുമ്മാ……. ജിന്ന്
ബഷീറിക്ക ബുള്ളറ്റ് കണ്ട മാത്രയിൽ അലർച്ചയോടെ നിലം പതിച്ചിരുന്നു.
ഒപ്പം ആമിനായുടെ നിലവിളി അവിടെ മുഴങ്ങി.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ……….!!!!!
Nb : കഥ ഓടിച്ചു വിടുവാണ്…… പെട്ടെന്ന് തീർക്കണമെന്ന് ഒരാഗ്രഹം….
ഈ കഥ ഒന്നു തീർന്നിട്ട് വേണം എനിക്ക് ഒന്നു ഫ്രീ ആകാനും എഴുത്തിൽ നിന്നും ബ്രേക്ക് എടുക്കാനും
എപ്പോ തീരുമെന്ന് കണ്ടു തന്നെ അറിയണം 😁
Responses (0 )