-50% Intro price for the next 72 hours only!. Buy now →

Kambi stories

❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

വാരണം ആയിരം Vaaranam Aayiram | Author : Kuttettan   ‘ചന്തൂ, ഇച്ഛമ്മായിയാ’രാവിലെ വന്ന കോളാണ് ചന്തുവെന്ന ചന്ദ്രശേഖർ മേനോനെ ഉണർത്തിയത്. പതിവു ജോഗിങ് കഴിഞ്ഞ്, ജഗജിത് സിങ്ങിന്റെ ഗസലിലേക്കൂളിയിട്ട് അൽപനേരം ധ്യാനനിമഗ്‌നനായി ഇരിക്കുമ്പോഴായിരുന്നു തറവാട്ടിൽ നിന്നുള്ള ആ കോൾ. ഫോൺ ചന്തുവിന്റെ കൈയിലിരുന്നു വിറപൂണ്ടു.ഒരു നിമിഷം മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഓടിയെത്തി.ഇച്ഛമ്മായി….ഏറമംഗലം തറവാട്..10 വര്ഷങ്ങൾ. ‘മോനേ എന്താടാ മിണ്ടാത്തേ ? ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കാണോ ? എന്തേലും പറയെടാ’ അപ്പുറത്തു നിന്ന് അമ്മായിയുടെ ദുർബലമായ […]

0
1

വാരണം ആയിരം

Vaaranam Aayiram | Author : Kuttettan

 

‘ചന്തൂ, ഇച്ഛമ്മായിയാ’രാവിലെ വന്ന കോളാണ് ചന്തുവെന്ന ചന്ദ്രശേഖർ മേനോനെ ഉണർത്തിയത്. പതിവു ജോഗിങ് കഴിഞ്ഞ്, ജഗജിത് സിങ്ങിന്റെ ഗസലിലേക്കൂളിയിട്ട് അൽപനേരം ധ്യാനനിമഗ്‌നനായി ഇരിക്കുമ്പോഴായിരുന്നു തറവാട്ടിൽ നിന്നുള്ള ആ കോൾ.
ഫോൺ ചന്തുവിന്റെ കൈയിലിരുന്നു വിറപൂണ്ടു.ഒരു നിമിഷം മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഓടിയെത്തി.ഇച്ഛമ്മായി….ഏറമംഗലം തറവാട്..10 വര്ഷങ്ങൾ.

‘മോനേ എന്താടാ മിണ്ടാത്തേ ? ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കാണോ ? എന്തേലും പറയെടാ’ അപ്പുറത്തു നിന്ന് അമ്മായിയുടെ ദുർബലമായ സ്വരം ഒഴുകിയെത്തി.

‘എനിക്കാരോടും പിണക്കല്യ അമ്മായീ, പറഞ്ഞോളൂ.’ ചന്തു അവരോടു പറഞ്ഞു.

‘മോനേ മായേടെ കല്യാണാ..എടുപിടീന്നങ്ങട് നടത്ത്വാ, നീയ് എത്തണം.ഭാര്യേം മോനേം ഒക്കെ കൂട്ടി വാടാ എത്ര കാലമായി നിന്നെയൊന്ന് കണ്ടിട്ട്. ഞങ്ങളെയൊക്കെ മറന്നോ നീയ്.’

ഫോൺ പൊടുന്നനെ കട്ടായി.

ഓർമകളുടെ ന്യൂറോണുകൾ ഇരച്ചു കയറിയതുകൊണ്ടാകണം, ചന്തുവിനു കൈകാലുകൾ തളരുന്നതു പോലെ തോന്നി. കസേരയിലേക്ക് ഇരുന്നു.ആ ഇരിപ്പും കണ്ടുകൊണ്ടാണ് മാനസി അരികിലേക്കെത്തിയത്.അവളുടെ കൈയിൽ ആവി പറക്കുന്ന ഒരു ചായക്കപ്പുണ്ടായിരുന്നു.

‘എന്തേ ഇങ്ങനെയിരിക്കണേ ഇന്നാ ചായ കുടിക്ക്.’ അവനു നേരെ ചായ നീട്ടി മാനസി പറഞ്ഞു.

‘അയ്യോ എന്തു പറ്റി ചന്തൂ,’ അവൾ അരികിലേക്ക് ഇരുന്നു. ചന്തു വിയർക്കുന്നുണ്ടായിരുന്നു. തന്റെ വിലകൂടിയ സാരിത്തുമ്പ് കൊണ്ട് അവൾ അവന്റെ വിയർപ്പു തുടച്ചുകൊടുത്തു.

‘തറവാട്ടിൽ നിന്നു ഫോൺകോൾ. മായയുടെ കല്യാണായീന്ന്. നമ്മളോടു ചെല്ലാൻ പറഞ്ഞിരിക്കണു അമ്മായി.’ അവൻ അവളുടെ നേരെ നോക്കി പറഞ്ഞു.

‘ഏത്, ആ ചൊവ്വാദോഷ് മൂലം കല്യാണം മുട്ങ്ങിയ കുട്ടീണോ’ മാനസി അവനോടു ചോദിച്ചു.

മാനസിയുടെ മുറിമലയാളം കേട്ട് ചന്തുവിനു ചിരിപൊട്ടി. അവൾ ഗുജറാത്തിയാണ്. തന്നെ പോലൊരു അനാഥ.പക്ഷേ എങ്കിലും ഭർത്താവിനോടു ഭർത്താവിന്റെ ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.അങ്ങനെ മലയാളം പഠിച്ചു.ചിലവാക്കുകളൊക്കെ പകുതി വിഴുങ്ങുമെങ്കിലും അത്യാവശ്യം നന്നായി തന്നെ സംസാരിക്കും.
പാലു നല്ല കുറുകുറെ കുറുക്കി തേയില കടുപ്പത്തിലിട്ടു പഞസാര പാകത്തിലധികമിട്ടു മധുരം കൂട്ടിയ ചായമൊത്തിക്കുടിക്കുന്നതിനിടെ ചന്തു ഓർക്കുകയായിരുന്നു തറവാട്ടിലെ ജീവിതം. അച്ഛനും അമ്മയുമില്ലാത്ത തന്നെ വളർത്തിയത് കേശവനമ്മാവനും അമ്മിണിയമ്മായിയുമായിരുന്നു. അമ്മായിയെ താൻ ഇച്ഛമ്മായി എന്നു വിളിച്ചു.
അമ്മാവനും അമ്മായിക്കും രണ്ടു മക്കളായിരുന്നു രാഗിണിയും മായയും.
രാഗിണി. ഒരുകാലത്തു തന്റെ എല്ലാമായിരുന്നു അവൾ.തന്റെ സ്വന്തമെന്നു താൻ കരുതിയ മുറപ്പെണ്ണ്.

ആൺമക്കളില്ലാത്ത അമ്മാവന് താനൊരു ആശ്വാസമായിരുന്നു. നീണ്ട കൃഷിയിടങ്ങളും കാലിഫാമുകളുമൊക്കെ നോക്കിനടത്താൻ താൻ മിടുക്കനുമായിരുന്നു.അതോണ്ടാകണം, പ്ലസ്ടു കഴിഞ്ഞിട്ട് തന്നോടു പഠിക്കേണ്ടെന്നും കാര്യങ്ങൾ നോക്കി നടത്തണംന്നു പറഞ്ഞത്.
പക്ഷേ അതു സ്‌നേഹല്യാത്തതുകൊണ്ടൊന്നും ആയിരുന്നില്ല. അമ്മാവനും അമ്മായിക്കും നിറഞ്ഞ സ്‌നേഹമായിരുന്നു തന്നോട്.
തന്നെ രാഗിണിയെക്കൊണ്ട് കെട്ടിക്കുമെന്ന് അവരെപ്പോഴും പറഞ്ഞിരുന്നു.ആ വാക്കു താൻ വിശ്വസിച്ചിരുന്നു.രാഗിണി ഒരു കുസൃതിക്കാരിയായിരുന്നു. അടുക്കളപ്പുറത്തു തെക്കേമുറ്റത്തുള്ള കർപ്പൂരമാവിലെ മാങ്ങ തിന്നാൻ അവൾക്കേറെ ഇഷ്ടമായിരുന്നു.എപ്പോഴും പറേം..’ചന്ത്വേട്ടാ, ആ പൊക്കത്തെ കൊമ്പിലു നിക്കണ മാമ്പഴം കണ്ടോ, അതു നല്ല ചൊക ചൊകാന്നു നിക്കണു.’
അത്രേം കേട്ടാൽ മതി, താൻ ഓടിക്കയറുകയായി, മാവിന്റെ വലുപ്പോം, അതിൽ കൂടുകൂട്ടിയ കടിയൻ വിശറുമൊന്നും തനിക്കൊരു തടസ്സമല്ലായിരുന്നു. മേത്തു മുഴുവൻ വിശറിന്റെ കടിയുംകൊണ്ട് അവൾ പറഞ്ഞ മാമ്പഴോം രണ്ടെണ്ണം എക്‌സ്ട്രായും പറിച്ച് താഴേക്ക് ഊർന്നെത്തും. കർപ്പൂരമാവിന്റെ കരകരാന്നുള്ള തോലിലുരഞ്ഞ് തൊലിയൊക്കെ നന്നായി പോയിട്ടുണ്ടാകും. അപ്പോ രാഗി ഓടി വരും. ഇരുകൈകളും നീട്ടും.
മാങ്ങകൾ ആ കൈകളിലേക്ക് വച്ചുകൊടുക്കുമ്പോൾ അവളുടെ പൂ പോലെയുള്ള മുഖം തെളിഞ്ഞൊരു കത്തലുണ്ട്. കിഴക്കേത്തിണ്ണയിൽ അമ്മായി ഏഴുതിരിയിട്ടു കത്തിച്ചു വയ്ക്കണ നിലവിളക്കാണ് ഓർമ വരിക.അവൾ അന്നു നന്നായി കണ്ണെഴുതിയിരുന്നു. വാലിട്ടെഴുതിയ കണ്ണുകളും കോയമ്പത്തൂർന്നു കൊണ്ടുവരണ പട്ടുപാവാടേം കാലിൽ എപ്പോഴും കിലുകിലെ കിലുങ്ങണ സ്വർണക്കൊലുസ്സും.
മാങ്ങ കിട്ടിക്കഴിഞ്ഞാൽ കൈയുയർത്തി കവിളിലൊന്നു പിച്ചും..’നല്ല ചന്ത്വേട്ടൻ’ ,വെള്ളരിപ്പല്ലുകാട്ടി ഇങ്ങനെ ഒന്നു പറഞ്ഞിട്ട് ഒറ്റയോട്ടമാണ്.ഒറ്റ മാങ്ങ പോലും തനിക്കു തരില്ല.വേണ്ടായിരുന്നു,ആ നുള്ളു മാത്രം മതിയായിരുന്നു അന്നു തനിക്ക്.എന്തു മധുരമായിരുന്നു ആ നഖങ്ങൾ കൊണ്ടുള്ള നുള്ളുകൾക്ക്.
സുന്ദരിയായിരുന്നു അവൾ ..മോഹിച്ചിരുന്നു താൻ അവളെ.അവൾക്കും ഇഷ്ടാരുന്നു.ഒരേ വീട്ടിൽ താമസിച്ചിട്ടും, ആരും തടയിടാൻ ഇല്ലാതിരുന്നിട്ടും ഒരിക്കലും ആ ബന്ധം അതിരുവിട്ടില്ല.അമ്മാവനോടും അമ്മായിയോടും ഉള്ള കടപ്പാട് അത്രയധികമായിരുന്നു. അവർ അവരുടെ മോളേ കൈപിടിച്ചുതരുമ്പോഴല്ലാതെ ആ ബന്ധം മറ്റൊരുതരത്തിലാകില്ലെന്നു ചന്തുവിന് ഉറപ്പുണ്ടായിരുന്നു. അതുവരെ അവൾ തനിക്കൊരു പനിനീർപ്പൂവായിരിക്കും. എല്ലാ ഇതളുകളും ഭംഗിയോടെ വിടർന്നു നിൽക്കുന്ന പരിശുദ്ധമായ പനിനീർപുഷ്പം.
രാഗി പ്ലസ്ടു പാസായത് ഉയർന്ന മാർക്കിലാണ്.ഒപ്പം തന്നെ ബാംഗ്ലൂരിലെ മൗണ്ട് കാർമൽ കോളജിൽ അഡ്മിഷനും കിട്ടി.
അമ്മാവനും അമ്മായിക്കും അവളെ ബാംഗ്ലൂരിലൊന്നും വിടാൻ താൽപര്യമില്ലായിരുന്നു.പക്ഷേ അവളങ്ങോട്ട് ബഹളം വച്ചു തുടങ്ങി. ഒടുവിൽ കണ്ണീരും പിടിവാശിയും ഫലം കണ്ടു,അമ്മാവനും അമ്മായിയും അയഞ്ഞു. അവൾ ബാംഗ്ലൂരിനു പോയി.
ആറുമാസം പിടിക്കുമത്രേ അവളുടെ ആദ്യ സെമസ്റ്റർ തീരാൻ..കാത്തിരിക്കുകയായിരുന്നു താൻ. അവൾ പോയപ്പോൾ മുതൽ തുടങ്ങിയ വെഷമമാണ്. ഊണില്ല, ഉറങ്ങാൻ കിടന്നാൽ ഉറക്കോമില്ല, എല്ലായിടത്തും അവൾ…അവൾ മാത്രം.നാട്ടിലെ കൂട്ടുകാരൊക്കെ കളിയാക്കി.
‘ഓഹ് , ഇങ്ങനെ വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കാതെ ഒന്നടങ്ങിയിരി എന്റെ ചന്ത്വോ,അവളെയിപ്പോ ബാംഗ്ലൂരിലെ ഏതെങ്കിലും ചെക്കൻ വളച്ചെടുത്തു കാണും.’

തെക്കെപ്പുരയ്ക്കലെ കിഷോറെന്ന ചന്തുവിന്റെ വായാടിക്കൂട്ടുകാരനാണ് അത് പറഞ്ഞത്. പറഞ്ഞു തീർന്നതും ഇടിപൊട്ടി. ബണ്ടുതുറന്നുവിട്ടതു മൂലം പാടത്തു കെട്ടിക്കിടന്ന ചെളിയിൽ പുതച്ചിട്ട് ഇടിയോടിടി. കിഷോറിന്റെ വായിലും വയറ്റിലും വരെ ചെളിയായി.ഒടുവിൽ കൂട്ടുകാർ പിടിച്ചുമാറ്റിയതുകൊണ്ട് കിഷോർ രക്ഷപ്പെട്ടു.
സഹിക്കൂലായിരുന്നു തനിക്ക്, വേറെന്തു തമാശയും പറഞ്ഞോട്ടെ….രാഗിയെ വച്ചുവേണ്ട.
ഓർമകൾ കലശലാകുമ്പോൾ ഇറങ്ങി വെളിയിൽ ഇരിക്കും. നിലാവും നോക്കി.ഇപ്പോ മൊബൈൽ ഫോണൊക്കെ സർവസാധാരണമായി. ആളുകൾക്കതു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വിളിക്കാം.ഒരു മൊബൈലുണ്ടായിരുന്നെങ്കിൽ….ചന്തു ആത്മാർഥമായി ആഗ്രഹിച്ചു.

പക്ഷേ അവനതിനു പാങ്ങില്ലായിരുന്നു. അമ്മാവനോടു ചോദിക്കാനും മടി.
ഒടുവിൽ വികാരം അണപൊട്ടിയൊഴുകിയ ഒരു ദിവസം ചന്തു ഒരു പാതകം ചെയ്തു. ഷേവ് ചെയ്യാനുള്ള ബ്ലെയിഡെഡുത്ത് കൈയിൽ ആർ എന്ന അക്ഷരം അങ്ങെഴുതി. രാഗിണിയുടെ ആദ്യ അക്ഷരം.ബ്ലേഡ് വരഞ്ഞ് ചോര ചീറ്റിയൊഴുകി ആർ ചുമന്നു കിടന്നു. ചോരയുടെ ചുമപ്പ് പോലെ ഉറപ്പുള്ളതാണ് താനും രാഗിണിയും തമ്മിലുള്ള സ്‌നേഹം. അവൻ മനസ്സിൽ പറഞ്ഞു.അന്നു കൈമുറിച്ച വേദനയിലും ചന്തു സുഖമായുറങ്ങി.മുറപ്പെണ്ണിനു വേണ്ടി ഏതോ യുദ്ധം ജയിച്ചതു പോലെ.

സെമസ്റ്റർ കഴിഞ്ഞ് അവൾ വെക്കേഷനു വരുന്നെന്ന വിവരം അറിഞ്ഞത് പിന്നീടാണ്.ഷൊർണൂർ പോയി വിളിക്കണം അവളെ,അന്നു തറവാട്ടിൽ കാറൊന്നും ഇല്ല. അമ്മാവനു വണ്ടികൾ വാങ്ങിച്ചിടാനൊന്നും താൽപര്യവുമില്ല. തനിക്കാണെങ്കിൽ അന്ന് ഒരു വണ്ടിയും ഓടിക്കാൻ അറിയില്ല.സ്വതവേ നല്ല പിശുക്കനായ അമ്മാവൻ അങ്ങോട്ടുമിങ്ങോട്ടും ബസിനു പോയി വരാനുള്ള പൈസയാണ് കൈയിൽ തന്നത്. ഇത്രേം നാളും ബാംഗ്ലൂരിൽ നിന്നിട്ടു വന്ന ഒരു പെണ്ണിനെ ഈ ഒണക്കബസ്സിൽ കൊണ്ടുവരുന്നതെങ്ങനെ.അങ്ങനെ കുടുക്കപൊട്ടിച്ചു.
അടുത്ത മാസം ടൗണിൽ പോകുമ്പോൾ പുതിയൊരു ഷർട് വാങ്ങാൻ സ്വരുക്കൂട്ടി വച്ച പൈസയാണ്.ഇപ്പോ ഉള്ള ഷർട്ടുകൾ മൂന്നും പിഞ്ചിയിരിക്കുന്നു.ഒരെണ്ണത്തിൽ കീറലുമുണ്ട്. എന്നാലും സാരമില്ല, ഷർട്ടില്ലേലും സാരമില്ല, തന്‌റെ രാഗിക്കുട്ടി നന്നായി കാറിലിരുന്നു വരണം.
കിട്ടിയ ചില്ലറയെല്ലാം കൂട്ടിനോക്കി, നാട്ടിലുള്ള ഒരു ടാക്‌സിക്കാരനെ ചട്ടം കെട്ടി.ഒടുവിൽ ഷോർണൂർ റെയിൽവേസ്‌റ്റേഷനിൽ രാവിലെ തന്നെ എത്തി. രാഗിയുടെ ട്രെയിൻ ഉച്ചയാകുമത്രേ.
രാവിലെ ഒന്നും കഴിക്കാതെയാണു ചന്തു പുറപ്പെട്ടത്.കൈയിൽ ടാക്‌സിക്കൂലി കഴിഞ്ഞാൽ 100 രൂപ കാണും. അതുവച്ചു കടയിൽ നിന്നു പ്രാതൽ കഴിക്കാം, വേണ്ടെന്നു വച്ചു.എന്തെങ്കിലും ആവശ്യം വന്നാലോ. അതു നന്നായെന്നു പിന്നീടു മനസ്സിലായി.
‘ചന്ത്വേട്ടാ എനിക്കൊരു ബിരിയാണി കഴിക്കണം.’ രാഗി വന്നിറങ്ങിയപ്പോളേ ആവശ്യപ്പെട്ടത് ഇതാണ്.
അടുത്തുള്ള ഹോട്ടലിലേക്കു കയറി, ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. ഒരെണ്ണമാണ് പറഞ്ഞത്.അതിനുള്ള പൈസയേ ഉള്ളൂ, അവൾ അതു കഴിക്കുന്നതും നോക്കി ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചു ചന്തു അങ്ങനെയിരുന്നു.എന്താണു കഴിക്കാത്തതെന്ന് അവൾ ചോദിച്ചപ്പോൾ അരിഷ്ടം സേവിക്കുന്നതിനാൽ പുറത്തു നിന്നു കഴിപ്പില്ലെന്നു കള്ളം പറഞ്ഞു.
ചന്തു അവളെയൊന്നു നോക്കി,പഴയ പട്ടുപാവടയും ധാവണിയുമൊന്നുമല്ല, മുന്തിയ കൂർത്തയും ജീൻസുമാണ് വേഷം.എണ്ണപുരട്ടി തുളസിക്കതിർ ചൂടിയിരുന്ന നീണ്ട വാർമുടി ഇപ്പോളില്ല. അതു ഭംഗിയായി മുറിച്ചു അൽപം ചെമ്പൻ നിറമൊക്കെ പുരട്ടി ഷാംപൂവിട്ടു പറത്തിയിട്ടിരിക്കുന്നു. കണ്ണ് പഴയപോലെ വാലിട്ടെഴുതിയിട്ടില്ല.അവൾ ബാംഗ്ലൂർ നഗരത്തിന്‌റെ പെൺകൊടിയായിരിക്കുന്നു.
തിരിച്ചുള്ള കാർ യാത്രയ്ക്കിടയിൽ അവളെന്തോ പുറത്തെടുത്തു. അതൊരു മൊബൈലായിരുന്നു,അവൾ ബാംഗ്ലൂരിൽ പോയി മൊബൈലൊക്കെ വാങ്ങിയിരിക്കുന്നു.

അവൾ ആരോടോ മൊബൈലിൽ സംസാരിക്കുന്നു. നാട്ടിലെത്തിയെന്നൊക്കെ പറയുന്നു. സുഹൃത്തുക്കളോടാകും.
പക്ഷേ രാഗിണി ആകെ മാറിയിരുന്നു. പഴയപോലെ ചന്തുവുമായി ചങ്ങാത്തം കൂടാനൊന്നും അവൾ വന്നില്ല. മിണ്ടാട്ടം പോലുമുണ്ടായില്ല. എപ്പോഴും മൊബൈലിൽ സംസാരം. ചന്തുവിന്‌റെ ഹൃദയം പൊടിഞ്ഞ നാളുകളായിരുന്നു.എന്നിട്ടും അവനൊരക്ഷരം മിണ്ടിയില്ല.
ഒടുവിൽ വെക്കേഷൻ കഴിഞ്ഞ് അവൾ മടങ്ങി. അടുത്ത സെമസ്റ്റർ തീരുന്നതും കാത്തു ചന്തു കാത്തിരുന്നു. അപ്പോളാണ് അവൾ വീട്ടിൽ അറിയിച്ചത്. ഒത്തിരി പഠിക്കാനും പ്രോജക്ട് ചെയ്യാനുമൊക്കെ ഉള്ളതിനാൽ അവളിത്തവണ വെക്കേഷനു നാട്ടിലേക്കില്ല. ഹോസ്റ്റൽ അടയ്ക്കുന്നതിനാൽ അവളും കുറച്ചു കൂട്ടുകാരികളും ചേർന്ന് ബാംഗ്ലൂരിൽ ഒരു വീടെടുത്തു താമസിക്കുകയാണത്രേ.
അമ്മാവൻ അന്നൊരുനാൾ ചന്തുവിനെ അരികിലേക്കു വിളിപ്പിച്ചു. ബാംഗ്ലൂർ വരെ ചെന്ന് അവളുടെ സുഖവിവരന്വേഷിച്ചു വരാൻ അവനോട് അദ്ദേഹം ആവശ്യപ്പെട്ടു. കാർമേഘം മൂടിയ മനസ്സിൽ തെളിമ പടർന്നതു പോലെ അവൻ അന്നു പുഞ്ചിരിച്ചു.
ഉള്ള ഷർട്ടിൽ കീറാത്ത ഒരെണ്ണമിട്ട് ഒറ്റമുണ്ടും ധരിച്ച് കൈയിലെ സഞ്ചിയിൽ അവൾക്കിഷ്ടമുള്ള കർപ്പൂരമാവിലെ മാങ്ങയും നിറച്ച്, അമ്മായി ഉണ്ടാക്കിയ ഉപ്പേരിയും കൊണ്ടാട്ടവും അച്ചാറുമൊക്കെ മറ്റൊരു സഞ്ചിയിലിട്ട് പിറ്റേന്നു തന്നെ ബാംഗ്ലൂർക്ക് യാത്രയായി.ബാംഗ്ലൂർ..
കേരളത്തിനു പുറത്തേക്ക് ആദ്യമായി യാത്ര ചെയ്യാരുന്നു ചന്തു.ബാംഗ്ലൂർ നഗരം അവനെ അദ്ഭുതപ്പെടുത്തി.എങ്ങും അംബരചുംബികളായ കെട്ടിടങ്ങൾ. നിരത്തുകളിൽ ചീറിപ്പായുന്ന പുതുപുത്തൻ വാഹനങ്ങൾ. ഏറ്റവും പുതിയ ഫാഷനനുസരിച്ച് നിരത്തുകളിൽ നടക്കുന്ന ചെറുപ്പക്കാർ.മങ്ങിയ ഷർട്ടും ഒറ്റമുണ്ടും ധരിച്ച താൻ അവിടെ വെറുമൊരു അപരിഷ്‌കൃതനാണെന്ന് ചന്തുവിനു തോന്നി. എങ്കിലും അവന്‌റെ മനസ്സിൽ വല്ലാത്ത തെളിമയായിരുന്നു. താൻ രാഗിയെ കാണാൻ പോകുവാണ്.താൻ വരുന്നത് അവൾക്കറിയില്ല.തന്നെ പൊടുന്നനെ കാണുമ്പോൾ എന്തായിരിക്കും അവളുടെ പ്രതികരണം.
സന്തോഷം കൊണ്ടു തുള്ളിച്ചാടുമായിരിക്കും,താൻ കെട്ടാൻ പോകുന്ന മുറച്ചെറുക്കനാണെന്നു പറഞ്ഞു കൂട്ടുകാർക്കെല്ലാം തന്നെ പരിചയപ്പെടുത്തുമായിരിക്കും.ചന്തുവിന്‌റെ മനസ്സിൽ ആയിരം പക്ഷികൾ പറന്നു പൊങ്ങി. ബാംഗ്ലൂരിൽ അവൾ താമസിക്കുന്ന സ്ഥലം അമ്മാവൻ അവന് എഴുതിക്കൊടുത്തിരുന്നു. അതേതോ ടാക്‌സിക്കാരനു കൊടുത്തപ്പോൾ അയാളവിടെ എത്തിക്കാമെന്നു പറഞ്ഞു.അങ്ങനെ അങ്ങോട്ട് യാത്രയായി.
വസന്ത് നഗറിലെ മനോഹരമായ ഒരു വില്ലയിലായിരുന്നു രാഗിണി താമസിച്ചത്.അവൻ അവിടെയെത്തി. ആകാംഷയും ത്രില്ലും നിറഞ്ഞ മനസ്സ്. അവൻ വിറയാർന്ന കൈകളാൽ കോളിങ് ബെൽ അടിച്ചു.
ഒരു ചെറിയ ഷോർട്‌സും ബനിയനും ധരിച്ച പെൺകുട്ടിയാണ് വാതിൽ തുറന്നത്. രാഗിയുടെ കൂട്ടുകാരിയായിരിക്കും.
‘വാട്ട’് ചന്തുവിനു നേർക്കു നോക്കി അത്ര താൽപര്യമില്ലാത്ത മട്ടിൽ അവൾ ചോദിച്ചു.
‘രാഗിണി..’ഇംഗ്ലിഷ് അറിയാത്ത ചന്തു രാഗിണിയുടെ പേരു പറഞ്ഞു.
‘ഹേയ് റാഗ്‌സ് , സംവൺ ഈസ് ഹിയർ ടു സീ യൂ,’ അവൾ അകത്തേക്കു നോക്കി വിളിച്ചുപറഞ്ഞ ശേഷം പോയി.

രാഗിണി വാതിലിനടുത്തേക്കു വന്നു. ഷോർട്‌സായിരുന്നു അവളുടെയും വേഷം.വെളുത്ത അവളുടെ കാലുകൾ മുക്കാലും നഗ്നമായിരുന്നു.
‘ചന്ത്വേട്ടൻ’ അവൾ അവനെ കണ്ടപ്പോൾ പിറുപിറുത്തു,തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം പൊടുന്നനെ ഇരുണ്ടു.
‘ചന്ത്വേട്ടൻ എന്താ ഇവിടെ ഇപ്പോ’ അവൾ അവനരികിലേക്കു വന്നു ചോദിച്ചു.
‘അമ്മാവൻ പറഞ്ഞുവിട്ടതാ, നിന്‌റെ സുഖവിവരമൊക്കെ അന്വേഷിച്ചുവരാൻ,’ അവളെ കണ്ടതിന്‌റെ സന്തോഷം മുഖത്തു പ്രകടമാക്കിക്കൊണ്ട് ചന്തു പറഞ്ഞു.
‘ഈ അച്ഛൻ,മനസ്സമാധാനമായി ഇവിടെ നിന്ന് പഠിക്കാൻ സമ്മതിക്കില്ല,

ഓരോരുത്തരെ പറഞ്ഞുവിട്ടോളും.’ രാഗി ഈർഷ്യയോടെ പറഞ്ഞു.
ചന്തുവിന്‌റെ മുഖത്തെ എല്ലാ സന്തോഷങ്ങളും വറ്റി. താൻ വന്നത് രാഗിക്കിഷ്ടപ്പെട്ടില്ലേ.ഹേയ് അല്ലായിരിക്കും താൻ പൊടുന്നനെ അവളുടെ അറിവില്ലാതെ വന്നതാകും ചൊടിപ്പിനു കാരണം.ഓരോരുത്തർക്കും ഓരോ രീതിയില്ലേ.
‘ദേ നിനക്കിഷ്ടമുള്ള കർപ്പൂരമാങ്ങയും പാവയ്ക്കാ കൊണ്ടാട്ടവും വാഴയ്ക്കയുപ്പേരിയുമൊക്കെയുണ്ട്.’
കൈയിലെ അഴുക്കുപുരണ്ട കായസഞ്ചി നീട്ടിക്കാട്ടി ചന്തു പറഞ്ഞു.
അവളതിലേക്ക് അവജ്ഞയോടെ നോക്കി.’വാഴയ്ക്ക,’ അവൾ ഇഷ്ടമില്ലാത്തതു പോലെ പിറുപിറുത്തു.’എന്‌റെ ചന്ത്വേട്ടാ, ബാംഗ്ലൂർ മലയാളികൾ ഒരുപാടുള്ള സ്ഥലമാ. ഈ സാധനങ്ങളൊക്കെ ഇവിടത്തെ എല്ലാ മുക്കിലും മൂലയിലും കിട്ടും. ഇതൊക്കെ കെട്ടിപ്പൊതിഞ്ഞ് ഇനിയും ഇങ്ങോട്ടു വരരുത് കേട്ടോ.’ ആ സ്വരത്തിൽ ഒരു താക്കീതിന്‌റെ ഭാവമുണ്ടായിരുന്നു.
ചന്തുവിന്‌റെ മുഖത്ത് വൈക്ലബ്യം നിറഞ്ഞു.
‘ഏതായാലും കേറിവാ, ഇതൊക്കെ ആ കിച്ചനിലേക്കു വച്ചേക്ക്’ അവൾ പറഞ്ഞു.
എസിയുടെ കുളിർമയുള്ള ഡ്രോയിങ് റൂമിലേക്കു ചന്തു കയറി. അകത്തു മറ്റൊരു ഹാൾമുറി. അവിടെ ഒരു കൂട്ടം ചെറുപ്പക്കാർ കൂടിയിരിക്കുന്നു. നാലഞ്ചു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. വളരെ വിലയേറിയ വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.
അതിൽ മുടിയും താടിയും നീട്ടി വളർത്തിയ ഇരുനിറമുള്ള ചെറുപ്പക്കാരന്‌റെ കൈയിലൊരു ഗിറ്റാർ, അവനതു മീട്ടുന്നതിനൊപ്പം ഏതോ ഇംഗ്ലീഷ് പാട്ടുകൾ പാടുന്നു.
‘സുനിൽ കമോൺ കമോൺ.’ കൂടി നിൽക്കുന്നവർ അവനെ പ്രോൽസാഹിപ്പിക്കുന്നു. ചെറുപ്പക്കാരന്‌റെ പേര് സുനിലെന്നാണെന്നു ചന്തുവിനു മനസ്സിലായി.
ചന്തുവിനെ കണ്ടപ്പോൾ ആ ചെറുപ്പക്കാർ ഒരു നിമിഷം പാളി നോക്കി.ചെറിയ ഒരു നിശബ്ധത.അപ്പോളേക്കും രാഗിണി അങ്ങോട്ടേക്കു വന്നു. ‘കിച്ചൻ അവിടെയാണ്.’ ആജ്ഞാ സ്വരത്തിൽ അവൾ അവനോടു പറഞ്ഞു.
ചന്തു കിച്ചനിലേക്കു നടന്നു.
‘ആരാ അത് റാഗ്‌സ് ‘ഏതോ ഒരുത്തി രാഗിണിയോടു ചോദിക്കുന്നതു കേട്ടു.’ഓഹ് വീട്ടിലെ ജോലിക്കാരനാ, എന്‌റെ സുഖവിവരം അന്വേഷിക്കാൻ അച്ഛൻ പറഞ്ഞു വിട്ടതാ, എന്തു പറയാനാ’ രാഗിണി മറുപടി പറഞ്ഞു.ആ മറുപടി ചന്തുവിന്‌റെ കാതിൽ വന്നുവീണു.ഭൂമി പിളർന്നു താൻ അപ്രത്യക്ഷനായെങ്കിൽ എന്നു ചന്തു ആഗ്രഹിച്ചു. ജോലിക്കാരനാണത്രേ..ഒരുതരത്തിൽ പറഞ്ഞാൽ അവൾ പറഞ്ഞതും സത്യമല്ലേ, അവളുടെ വീട്ടിലെ ഒരു ജോലിക്കാരൻ തന്നെയല്ലേ താൻ അവൻ ചിന്തിച്ചു.

‘ഓഹ് തോന്നി തോന്നി, ഒരു പിച്ചക്കാരനെ പോലുണ്ട് കാണാൻ’ കൂട്ടുകാരി കമന്‌റടിച്ചു.നെഞ്ചിൽ കത്തി കുത്തിയിറക്കും പോലെയാണ് ചന്തുവിനു തോന്നിയത്.
അപ്പോളേക്കും രാഗിണി കിച്ചനിലേക്കു വന്നു.
‘എന്നാലും രാഗി, നീയെന്നെ വാല്യക്കാരനാണെന്നു പറഞ്ഞല്ലോ,’ അവളെ കണ്ടപ്പോളേക്കും ചന്തുവിന്‌റെ ഗദ്ഗദം പൊട്ടിയൊഴുകി.അവന്‌റെ കണ്ണുകൾ നീരണിഞ്ഞു.

‘പിന്നല്ലാതെ, എന്തു വേഷമാണിത് ചന്ത്വേട്ടന്‌റെ,വൃത്തികെട്ട ഒരു ഷർട്ടും അഴുക്കുപിടിച്ച മുണ്ടും.ഞാനെന്തു പറഞ്ഞു പരിചയപ്പെടുത്തും എന്‌റെ കൂട്ടുകാർക്ക്. അവരൊക്കെ വലിയ നിലയിലുള്ളവരാ. ചന്ത്വേട്ടൻ പെട്ടെന്നു മടങ്ങാൻ നോക്ക്,എനിക്കു നാണക്കേടാ. ‘അവൾ പറഞ്ഞു.

രാഗി അങ്ങനെ തന്നെയായിരുന്നു എന്നും.ഇഷ്ടമില്ലാത്തതു കണ്ടാൽ വെട്ടിത്തുറന്ന് പറയും പണ്ടേ.

ഏതായാലും ചന്തു പെട്ടെന്നു തന്നെ മടങ്ങി. പൈസ എന്തെങ്കിലും വേണോയെന്നുള്ള രാഗിയുടെ ചോദ്യത്തിനു വേണ്ടെന്ന് അവൻ ഉത്തരം പറഞ്ഞു.
മടക്കയാത്രയിൽ ചന്തു സ്വയം സമാധാനിക്കുകയായിരുന്നു. തന്‌റെ ഭാഗത്താണു തെറ്റ്. ബാംഗ്ലൂരിലേക്കൊക്കെ പുറപ്പെടുന്നതിനു മുൻപ് കുറച്ചു വൃത്തിയുള്ള വേഷം ധരിക്കാമായിരുന്നു. കണാരേട്ടന്‌റെ തയ്യൽകടയിൽ നിന്ന് ഒരു ഷർട്ടും പാന്‌റസും വാടകയ്‌ക്കെടുക്കാമായിരുന്നു.ഒന്നും ചെയ്തില്ല.
തന്‌റെ ഭാഗത്താണു തെറ്റ്.കാലങ്ങൾ പറന്നു പോയി. അവളുടെ സെമസ്റ്ററുകളും.ബാംഗ്ലൂരിൽ ഉള്ള ആരോ വഴി അമ്മാവന്‌റെ കാതിൽ ആ വാർത്തയെത്തി.
രാഗിണി ബാംഗ്ലൂരിൽ പല സ്ഥലത്തും ഒരു ചെറുപ്പക്കാരനുമായി കറങ്ങി നടക്കുന്നുണ്ടെന്ന്. ലാൽബാഗിലും കബൺ പാർക്കിലും അൾസൂരിലുമൊക്കെ അവർ സ്ഥിരം സന്ദർശകരാണെന്ന്. വാർത്ത അറിഞ്ഞപ്പോൾ അമ്മാവനെക്കാൾ ഉലഞ്ഞത് ചന്തുവാണ്. എന്നിട്ടും അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.ബാംഗ്ലൂരും തേങ്കുറിശ്ശിയും തമ്മിൽ കാതങ്ങൾ വ്യത്യാസമുണ്ട്.ചിലപ്പോൾ അത് അവളുടെ ഏതെങ്കിലും സുഹൃത്താകും.
ഏതായാലും അടങ്ങിയിരിക്കാൻ അമ്മാവൻ തയാറായിരുന്നില്ല. രാഗിയെ വിളിച്ചുവരുത്തി ക്വസ്റ്റിയൻ ചെയ്തു. എന്താണ് ബാംഗ്ലൂരിൽ നടക്കുന്നത്.
രാഗിക്കു ഭാവവ്യത്യാസമൊന്നുമില്ലായിരുന്നു.

‘അച്ഛാ, ഞാൻ ബാംഗ്ലൂരിൽ എന്‌റെ സഹപാഠിയുമായി പ്രണയത്തിലാണ്. അയാളുടെ പേര് സുനിൽ ജോർജ്, മലയാളിയാണ്.വിവാഹം കഴിക്കുന്നെങ്കിൽ ഞാനയാളെ മാേ്രത കെട്ടൂ.’അവൾ ഉത്തരം പറഞ്ഞു.

ഇതെല്ലാം കേട്ട് ചന്തു അപ്പുറത്തുണ്ടായിരുന്നു.സുനിൽ ജോർജിനെ അവനു മനസ്സിലായി. അന്നു താൻ ബാംഗ്ലൂരിൽ അവളുടെ വീട്ടിൽ പോയപ്പോൾ ഗിറ്റാർ വായിച്ചിരുന്ന ആൾ.

‘ഫ, കുടുംബത്തിൽ പിറക്കാത്തവളേ, അഹമ്മതി കാട്ടീട്ട് അതു എന്‌റെ മുന്നിൽ വന്നു നിന്നു പറയാൻ നിനക്കെങ്ങനെ ധൈര്യം വച്ചു, ഒരു ക്രിസ്ത്യാനിയെ നീ കെട്ടുവോ കെട്ടുവോടീ.’ വികാരത്താൽ മുറുകിയ നെഞ്ചിൻകൂടു തടവി ചുമച്ചുകൊണ്ട് അമ്മാവൻ ഗർജിച്ചു.
പക്ഷേ രാഗി പേടിച്ചില്ല. അവൾ കൈയും കെട്ടി ദൂരേക്കു നോക്കി നിന്നു.

‘നിന്‌റെം ചന്തൂന്‌റെയും വിവാഹം ഞങ്ങൾ പണ്ടേ തീരുമാനിച്ചതാ, നിന്‌റെ പഠിത്തമൊക്കെ നിർത്തിക്കോ, ഉടനെ അതു നടത്താനാ എന്‌റെ തീരുമാനം.’ അമ്മാവൻ അവളോടു തീക്ഷ്ണസ്വരത്തിൽ പറഞ്ഞു.
‘ആഹാ നല്ല തമാശ.’അവൾ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു.’പത്താംക്ലാസ് വരെ മാത്രം പഠിച്ച ചന്ത്വേട്ടനെ മൗണ്ട് കാർമൽ കോളജിൽ നിന്നു വിദ്യാഭ്യാസം നേടിയ ഞാൻ കെട്ടണമല്ലേ.’
‘എന്‌റെ മുറച്ചെറുക്കൻ എന്നതിനപ്പുറം എന്ത് അഡ്രസുണ്ട് അയാൾക്ക്? പകലന്തിയോളം പണിയെടുക്കുന്ന ഈ തറവാട്ടിലെ ഒരു മൂരിക്കാള…അതല്ലേ ചന്ത്വേട്ടൻ, ഇനി ഞാനും അതിനൊപ്പം കൂടി ഇവിടത്തെ തൊഴുത്തിൽ നിന്ന് ചാണകം വാരണം അല്ലേ, നടക്കില്ല അച്ഛാ, എനിക്ക് എന്‌റേതായ സ്വപ്‌നങ്ങളുണ്ട്.’
‘ജോലി, നഗരത്തിലെ ജീവിതം, എന്നെ മനസ്സിലാക്കുന്ന, എനിക്കു പൊരുത്തപ്പെടാനാകുന്ന ഒരു പുരുഷൻ അങ്ങനെ പലതും.
പഴയകാലമൊക്കെ പോയി അച്ഛാ, എന്‌റെ കല്യാണം എന്‌റെ ഇഷ്ടമില്ലാതെ നിങ്ങൾക്ക് നടത്താനാകില്ല.’ അവൾ അറുത്തുമുറിച്ചു പറഞ്ഞശേഷം അവിടെ നിന്നു പോയി.

ഇതെല്ലാം കേട്ടു നിൽക്കുകയായിരുന്നു ചന്തു, താനുരുകി തീർന്നെന്ന് അവനു തോന്നി. മൂരിക്കാള.ഇത്രയുമേ താൻ ഉണ്ടായിരുന്നുള്ളോ രാഗിയുടെ മനസ്സിൽ. അവന്‌റെ മനസ്സിൽ അതൊരു വലിയ മുറിവു തീർത്തു.
രാഗി വസ്ത്രങ്ങൾ പായ്ക്കു ചെയ്യുകയായിരുന്നു, തിരികെ പോകാൻ.
അവൻ അവളുടെ അടുത്തേക്കു ചെന്നു.
‘രാഗി നീ’ അവൻ അത്രയുമേ പറഞ്ഞുള്ളൂ, അതിനു മുൻപേ എല്ലാദേഷ്യവും അവനു മേലേക്ക് അവൾ ചീറി.
‘മിണ്ടരുത് നിങ്ങൾ , എന്നെ കെട്ടാൻ വന്നേക്കുന്നു. ഇതിനെല്ലാം കാരണം നിങ്ങളാണെന്ന് എനിക്ക് അറിയാം. ബാംഗ്ലൂരിൽ നിന്നു വന്നിട്ട് എന്നെപ്പറ്റി അച്ഛനോട് ഏഷണി പറഞ്ഞ് വിവാഹം നടത്താമെന്ന് കരുതിയല്ലേ…വൃത്തികെട്ടവൻ.’
ചന്തു തകർന്നു പോയി. മനസ്സാവാചാ അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇവൾ പറയുന്നത്.
‘ചന്ത്വേട്ടാ,ഒന്നറിഞ്ഞോ… സുനിലിനെ പ്രേമിക്കുക മാത്രമല്ല ഞാൻ ചെയ്തത്, അവന് എല്ലാ രീതിയിലും ഞാൻ എന്നെ സമർപ്പിച്ചു കഴിഞ്ഞു. ഇനിയും നിങ്ങളെന്തിനാണ് ഞങ്ങളുടെ ജീവിതത്തിൽ….ശ്ശേ.’ തീക്ഷ്ണമെങ്കിലും പതർച്ചയില്ലാതെ അവൾ പറഞ്ഞ ആ സംഭാഷണത്തിൽ എല്ലാമുണ്ടായിരുന്നു.
തറവാട്ടിൽ അസ്വാരസ്യങ്ങൾ നീണ്ടു വന്നു.രാഗി പിടിവാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ അമ്മാവൻ വഴങ്ങി.അദ്ദേഹം ചന്തുവിനെ അടുക്കലേക്കു വിളിപ്പിച്ചു.
‘മോനേ ചന്തൂ…’ ദുർബലമായി അദ്ദേഹം വിളിച്ചു.ഓർമവച്ചശേഷം ആദ്യമായാകണം അദ്ദേഹം തന്നെ മോനേയെന്നു വിളിച്ചത്.
‘ നീയും രാഗിണിയുമായുള്ള കല്യാണം നടക്കില്ല മോനേ. നിനക്കറിയാമല്ലോ എല്ലാം,നിങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്.ഏതെങ്കിലും നാട്ടിൻപുറത്തുകാരി കുട്ടിയാ മോനു യോജിച്ചത്.നീ ഒരുപാടു കൊതിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വിധിയില്ല, മോൻ അതു മറന്നുകള.’ അമ്മാവൻ അവന്‌റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു.

ഒന്നും മിണ്ടിയില്ല ചന്തു, അവൻ തിരികെ നടന്നു.
പിന്നീട് സുനിലും വീട്ടുകാരും ഏറമംഗലത്തു വന്നു.വിവാഹം ഉറപ്പിച്ചു. ഏറമംഗലത്തെ കേശുമേനോന്‌റെ മോൾ നസ്രാണിയെകെട്ടി എന്നൊക്കെ നാട്ടുകാർ ആദ്യം അടക്കം പറഞ്ഞു. പക്ഷേ വിവാഹം നടന്നു.എല്ലാ ഒരുക്കങ്ങൾക്കും ചന്തു ഓടി നടന്നു.
ഉള്ളു വലിഞ്ഞു പൊട്ടുന്നുണ്ടായിരുന്നു. ദുഖത്തിന്‌റെ കാർമേഖങ്ങൾ മനസ്സിൽ മുഴുവൻ കൂടുകൂട്ടിയിട്ടുണ്ടായിരുന്നു. പക്ഷേ അവനതൊന്നും ആരെയും അറിയിച്ചില്ല. അമ്മാവനും ഇച്ഛമ്മയായിയും ഒഴികെ ആരും അതറിഞ്ഞില്ല. കൂട്ടുകാർക്ക് അവനെ കളിയാക്കാൻ പുതിയോരു കാരണം കിട്ടി എന്നുമാത്രം.
കല്യാണസന്ധ്യ കഴിഞ്ഞ് തേങ്കുറിശ്ശിയിലെ പാടത്തേക്ക് ഒരു ലക്ഷ്യവുമില്ലാതെ ചന്തു നടന്നു. പാടത്ത് തളം കെട്ടിക്കിടക്കുന്ന ചെളിയിലേക്ക് അവൻ അമർന്നുപുതഞ്ഞു കിടന്നു.മനസ്സിൽ കൂടുകൂട്ടിയ ദുഖങ്ങളുടെ അണക്കെട്ട് പൊട്ടിയൊലിച്ചു. ചെളിയിൽ കൈകളിട്ടടിച്ച് അവൻ അലമുറയിട്ടു കരഞ്ഞു. അവന്‌റെ കരച്ചിൽ പാലക്കാടൻ മലയിടുക്കുകളിൽ തൊട്ടു പ്രതിഫലിച്ചു.
മുകളിൽ ഉദിച്ചു നിന്ന പൂർണചന്ദ്രനും ആ മലകളുമൊളികെ ആരുമറിഞ്ഞില്ല, ആരും സാന്ത്വനിപ്പിച്ചില്ല.
വിവാഹം കഴിഞ്ഞു രാഗിയും ഭർത്താവും ബാംഗ്ലൂരിലേക്കു തിരിച്ചു. ചന്തുവിനു തന്‌റെ ആത്മാവ് നഷ്ടമായെന്നു തോന്നി.അവൻ ഒരു മൂരിക്കാളയെപ്പോലെ പണിയെടുത്തു. ദിവസത്തിന്‌റെ മുക്കാലും പണിയെടുത്തു രാത്രി ഏറുമാടത്തിലുറങ്ങി. ഒന്നിനെപ്പറ്റിയും ചിന്തയില്ലാതെ ഒരു മൃഗജീവിതം.
കുറേനാൾ അങ്ങനെ പോയി.രാഗിയുടെ ഓർമകൾ പതിയെ മനസ്സിനെ വേട്ടയാടി.എല്ലാവരുടെ ജീവിതത്തിലും ലക്ഷ്യങ്ങളുണ്ടാകും, അവന്‌റെ ജീവിതത്തിലെ ഒരേയൊരു സ്വപ്‌നവും ലക്ഷ്യവുമായിരുന്നു രാഗി. അതു നഷ്ടമായിരിക്കുന്നു.ഇനിയെന്ത്?
അവന്‌റെ പ്രിയപ്പെട്ട തേങ്കുറിശ്ശിയെ അവൻ വെറുത്തു.അവിടെ നിന്ന് എങ്ങനെയും പുറത്തുകടക്കാൻ അവനാഗ്രഹിച്ചു.
ആയിടയ്ക്കാണ് അതിന് അവസരം വന്നത്. ചന്തു മുംബൈയ്ക്ക് വണ്ടി കയറി.

………………………………………..

ചന്തുവിനു മുംബൈയിൽ തമ്പി എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു.അവന്‌റെ പ്രശ്‌നങ്ങൾ അറിയാവുന്ന ഒരാൾ.രാഗിയുടെ കല്യാണം കഴിഞ്ഞു കുറച്ചുനാളുകൾക്കു ശേഷം തമ്പി ചന്തുവിനെ വിളിച്ചു.തേങ്കുറിശ്ശിയിൽ കിടന്നു നരകിക്കാതെ മുംബൈയ്ക്കു വരാൻ ആവശ്യപ്പെട്ടു.അങ്ങനെയാണു ചന്തു പുറപ്പെട്ടത്. കൈയിൽ ഉണ്ടായിരുന്നു ആകെ സമ്പാദ്യമായ കാൽപവൻ മോതിരം വിറ്റു. ടിക്കറ്റിനും അത്യാവശ്യം രണ്ടു ജോഡി പാന്‌റ്‌സിനും ഷർട്ടിനുമുള്ള തുക അങ്ങനെ കിട്ടി. ആദ്യമായാണ് അവൻ പാന്‌റ്‌സ് ധരിച്ചത്.ആ വേഷം അവനിഷ്ടപ്പെട്ടു.
തമ്പിക്ക് മുംബൈയിൽ പഴക്കച്ചവടമായിരുന്നു. മൊത്തക്കച്ചവടക്കാരിൽ നിന്നു പഴങ്ങൾ വാങ്ങും. എന്നിട്ട് ഉന്തുവണ്ടിയിൽ പഴങ്ങൾ നിറച്ചു വീടുകളിലും തെരുവുകളിലും കൊണ്ടുനടന്നു വിൽക്കും.അധികം പൈസയൊന്നും ലാഭമില്ല, എന്നാൽ ജീവിക്കാനുള്ളത് കിട്ടും.
തമ്പിയുടെ കൂടെ ചന്തുവും കൂടി. ഒരു വണ്ടി അവനും കിട്ടി. അതിൽ പഴങ്ങളുമായി മുംബൈയിലെ ചൗപ്പാട്ടിയിൽ വിൽപന.
മുംബൈയിലെ കുപ്രസിദ്ധമായ തെരുവാണു ചൗപ്പാട്ടി, കള്ളൻമാരും കൊള്ളക്കാരും വേശ്യാഗൃഹങ്ങളുമൊക്കെ നിറഞ്ഞ തെരുവ്.അവിടത്തെ കച്ചവടം നന്നായി നടന്നു.എന്നാൽ ലാഭം കിട്ടുന്നതിൽ പകുതിയേ അവനു കിട്ടിയുള്ളൂ. പകുതി മുനിസാഹിബിനായിരുന്നു.ചൗപ്പാട്ടിയെ ഭരിക്കുന്ന ഗുണ്ട.ഹഫ്ത കൊടുക്കാതെ അവിടെ നിലനിൽക്കാൻ പറ്റില്ല.
രാഗിണിയുടെ സംഭവത്തിനു ശേഷം സ്ത്രീകളോടു പൊതുവേ വെറുപ്പായിരുന്നു ചന്തുവിന്,അവന്‌റെ മനസ്സിൽ ഇപ്പോൾ അത്തരം സ്വപ്‌നങ്ങളില്ലായിരുന്നു,ചൗപ്പാട്ടിയിലെ സുന്ദരികളായ പെൺകൊടികളിലൊന്നും അവന്‌റെ നോട്ടം പോയില്ല.മനസ്സു മരവിച്ചവന് എന്തു സൗന്ദര്യം.

്പക്ഷേ ഒരിക്കൽ… ഒരു സന്ധ്യയിൽ ഒരു സംഭവമുണ്ടായി.
കച്ചവടം കഴിഞ്ഞു തന്‌റെ വണ്ടിയുമുന്തി വരികയായിരുന്നു ചന്തു. അവിടെയടുത്തുള്ള ഒരു പൊതുക്കിണറിൽ നിന്നു കുടങ്ങളിൽ വെള്ളവുമായി വരുന്ന ഒരു നീളമുള്ള പെൺകുട്ടി.ഒരു നരച്ച സാൽവറായിരുന്നു അവളുടെ വേഷം.മറാത്തിയല്ലെന്നു കണ്ടാൽ അറിയാം.ഗുജറാത്തിയോ രാജസ്ഥാനിയോ ആണ്. വെളുത്തു തുടുത്ത മുഖത്ത് ശ്രീത്വം തെളിഞ്ഞു നിൽക്കുന്നു. അവൾ നെറ്റിയിൽ കുങ്കുമമിട്ടിട്ടില്ല. എണ്ണ പുരളാത്ത അവളുടെ ചെമ്പൻ മുടി പറന്നു കിടന്നു.
ഗുണ്ടകളേപ്പോലെ തോന്നുന്ന കുറേ ചെറുപ്പക്കാർ അവിടെ ഒരു ഒഴിഞ്ഞ കടത്തിണ്ണയിൽ മദ്യപിച്ചു നിൽപ്പുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടതും അവർ അവളുടെ അരികിലേക്കു ചെന്നു.അവരിലൊരുത്തൻ അവളുടെ കൈയിൽ പിടിച്ചു.ബാക്കിയുള്ളവർ ചേർന്ന് അവളെ പിടിച്ചുവലിച്ചു കൊണ്ടുപോകാൻ നോക്കുന്നു.അവൾ ദിഗന്തം പൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല.
ഏതോ ഒരു ഉൾവിളി. നിസ്സഹായയായ ഒരു പെൺകുട്ടിയെ ഒരു പറ്റം മൃഗങ്ങൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്‌റെ ദാരുണമായ ദൃശ്യം. ഒട്ടു നിമിഷത്തേക്കു ചന്തു സ്ത്രീവിദ്വേഷം മറന്നു. അവൻ അങ്ങോട്ടേക്കു കുതിച്ചു.

‘ഉസ്‌കോ ചോഡോ’ അവൻ ഗുണ്ടകളിൽ ഒരുവനോടു പറഞ്ഞു.
കൈയുയർത്തി ഒരിടിയായിരുന്നു മറുപടി.ചന്തു പിന്നോട്ടു മലച്ചു.
അവന്‌റെയുള്ളിൽ ദേഷ്യം നിറഞ്ഞു.ഉള്ളിൽ പാലക്കാടൻ വികാരം കുതിച്ചുപൊന്തി. മുഖത്തിനിട്ടാണ് ഇടി കിട്ടിയത്. കവിൾ തിരുമ്മി എഴുന്നേറ്റ ഉടൻ അവൻ തന്നെയടിച്ചവനെ ഒറ്റച്ചവിട്ടായിരുന്നു.അവൻ തെറിച്ചുവീണു.
അവന്‌റെ കൂട്ടാളികൾ ചന്തുവിനെ ഇടിക്കാനായി പാഞ്ഞുവന്നു. കുറേനേരം ചെറുത്തു നിന്നെങ്കിലും നിരന്തരം ചന്തുവിന് ഇടി കിട്ടി.
അപ്പോളേക്കും അടുത്തുള്ള വേശ്യാഗൃഹത്തിലെ മാമിസാൻ അങ്ങോട്ടേക്ക് ഓടി വന്നു.വേശ്യാഗൃഹം നടത്തുന്ന മുതിർന്ന സ്ത്രീയെയാണ് മാമിസാൻ എന്നു വിളിക്കുന്നത്.

‘യേ മുനിസാബ് കി മാൽ ഹേ ബന്തർ ലോഗ്,തും കോ മർനാ ചാഹ്താ ഹേ(ഇതു മുനിസാഹിബിന്‌റെ പെൺകുട്ടിയാണ്, ഇവളെ തൊട്ടാൽ നിങ്ങളെ അവൻ കൊല്ലും)…’ അവർ ഗുണ്ടകൾക്കു നേരെ വിളിച്ചുപറഞ്ഞു.
അതു കേട്ടതും കുരിശ്ശുകണ്ട പ്രേതത്തെ പോലെ ഗുണ്ടകളുടെ മുഖം വിളറി. അവളെ വിട്ടിട്ട് അവർ ഓടിപ്പോയി.
എഴുന്നേറ്റു നിന്നു കൈയ് തിരുമ്മുകയായിരുന്നു ചന്തു.
മാമിസാൻ അവളുടെ ഇരു കരണത്തും ആഞ്ഞടിക്കുന്നതാണ് കണ്ടത്.
‘നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ രാത്രി ഇറങ്ങി നടക്കരുതെന്ന് തെറിച്ചവളേ, മുനിസാഹിബ് എങ്ങാനും ഇതറിഞ്ഞാൽ എന്നെ വച്ചേക്കില്ല.’ അവർ അവളോടു പറഞ്ഞു.
‘അടുക്കളയിൽ വെള്ളം തീർന്നു,ശ്യാമ പറഞ്ഞിട്ടാണ് ഞാൻ വെള്ളമെടുക്കാൻ ഇറങ്ങിയത്.’ അവൾ ഒരു കുറ്റവാളിയെപ്പോലെ അവരോട് പറഞ്ഞു.
‘ശ്യാമ, ആ കഴുവേർട മോളെ ഇന്നു ഞാൻ ശരിയാക്കും. ഇങ്ങോട്ടു വാ.’ അവളെ പിടിച്ചുവലിച്ചുകൊണ്ട് മാമിസെൻ പോയി.പോയപോക്കിൽ അവൾ ചന്തുവിനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.നിറനിലാവു പോലെയുള്ള മുഖം.അവളൊരു വേശ്യയാണെന്ന തിരിച്ചറിവ് ചന്തുവിനെ അമ്പരപ്പിച്ചു കളഞ്ഞു. അവൻ തിരികെ നടന്നു.പിറ്റേന്ന് വേശ്യാഗൃഹത്തിനു സമീപം പഴങ്ങൾ വിറ്റുകൊണ്ടിരുന്നപ്പോൾ അവൾ അവനരികിലേക്കു വന്നു നോക്കി നിന്നു.ചന്തു മുഖം കൊടുത്തില്ല.വേശ്യകളോട് അവനു വെറുപ്പായിരുന്നു. വയറിന്‌റെ വിളി ശമിപ്പിക്കാൻ കണ്ടവർക്കു ശരീരം കൊടുക്കുന്ന കുലടകൾ.
‘അരേ, തൂ മല്യാളി ഹേ ‘ മലയാളിയാണോയെന്ന് അവളവനോടു ചോദിച്ചു.
‘ഹാ, തോക്യാ, ക്യാ ചാഹിയേ തുംകോ ‘ അവൾക്ക് എന്തു വേണമെന്ന് അവൻ ഹിന്ദിയിൽ ചോദിച്ചു.

പതിയെ പതിയെ അവർ തമ്മിൽ പരിചയം വളർന്നു. എന്നും വേശ്യാഗൃഹത്തിനു സമീപം അവൻ കച്ചവടത്തിനു വരും. ആപ്പിൾ വാങ്ങാനെന്ന വ്യാജേന അവളിറങ്ങിവരും.കുറച്ചുനേരം സംസാരിക്കും.
അങ്ങനെയാണ് അവളുടെ ജീവിതകഥ അവനറിഞ്ഞത്. താൻ വിചാരിച്ചുവച്ചിരുന്നത് പോലെ ഒരു വേശ്യയല്ല അവൾ. കന്യകയായ ഒരു പത്തൊൻപതുകാരി.പൊന്നും വിലയുള്ള ഒരു വിൽപനച്ചരക്ക്.
മാനസി ബാരോട്ട് എന്നാണ് അവളുടെ പേര്.ഗുജറാത്തിലെ മധാപൂരിലുള്ള ഒരു സമ്പന്ന വൈശ്യകുടുംബത്തിലാണ് അവൾ ജനിച്ചത്.ജനിച്ചതിനു പിന്നാലെ അച്ഛനുമമ്മയും മരിച്ചു.അവിടങ്ങളിൽ കുട്ടികൾ ജനിച്ചുകഴിഞ്ഞാൽ മാതാപിതാക്കൾ മരിച്ചാൽ ആ കുട്ടി അപശകുനമായാണ് കണക്കാക്കുന്നത്. ചിറ്റപ്പന്‌റെ ഭാര്യയുടെ ആട്ടും തുപ്പുമേറ്റാണു പതിനെട്ടു വയസ്സു വരെ മാനസി ജീവിച്ചത്.
പിന്നീട് മാനസിയെ ഒരു ലക്ഷം രൂപയ്ക്ക് ചിറ്റമ്മ മുനിസാഹിബിനു വിറ്റു.
കന്യകളായ സുന്ദരിപ്പെൺകിടാങ്ങൾക്ക് വിപണിയിൽ വലിയ വിലയാണ്.അറബികളും സായിപ്പൻമാർക്കുമൊക്കെ ഇത്തരം പെൺകുട്ടികളെ വലിയ ഡിമാൻഡാണ്.പതിനഞ്ചു ലക്ഷം രൂപയ്ക്കാണ് മുനിസാഹിബ് മാനസിക്കു കച്ചവടമുറപ്പിച്ചിരിക്കുന്നത്.ഏതോ ഒരു സായിപ്പുമായിട്ട്.
പെൺകടത്തലിനെതിരെ വലിയ ജാഗ്രതയുള്ളതിനാൽ വിമാനം വഴി പറ്റില്ല. കണ്ടെയ്‌നറിൽ അടച്ചുവേണം മാനസിയെ പോർച്ചുഗലിലുള്ള സായിപ്പിന്‌റെടുക്കൽ എത്തിക്കാൻ.അതിനുള്ള കപ്പൽ അടുത്തമാസമാണ് മുംബൈ തുറമുഖത്തെത്തുക.അതുവരെ അവളുടെ കന്യകാത്വത്തിന് ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാൻ മുനിസാഹിബ് ബാധ്യസ്ഥനാണ്.അതിനായാണ് തന്‌റെ വിശ്വസ്തയായ മാമിസെന്നിന്‌റെ വേശ്യാഗൃഹത്തിൽ അവളെ പാർപ്പിച്ചിരിക്കുന്നത്.
അടുത്തമാസം കപ്പൽ വരും. അതു മാനസിയെ പോർച്ചുഗലിലെത്തിക്കും. അവിടെയുള്ള അവളുടെ ഉടമസ്ഥൻ സായ്പ് അവളെ അനുഭവിച്ച ശേഷം ഏതെങ്കിലും വേശ്യാലയത്തിൽ വിൽക്കും.ഒരു സ്ത്രീജീവിതം അങ്ങനെയൊടുങ്ങും.

മാനസിയുടെ ജീവിതകഥ ചന്തുവിനെ കണ്ണുനീരണിയിച്ചു.തിരിച്ച് തന്‌റെ കുടിലിലെ ഒറ്റമുറിയിൽ പോയി ഉറങ്ങുമ്പോഴും അവന്‌റെ ചിന്ത അവളെക്കുറിച്ചു മാത്രമായിരുന്നു.അവളെ എങ്ങനെയെങ്കിലും തനിക്കു സഹായിക്കാൻ കഴിയുമോ?
ഇത്രയും ഗുണ്ടകളൊക്കെ കാവൽ നിൽക്കുന്ന മുംബൈയിൽ അത് അസാധ്യമായിരുന്നു.
പക്ഷേ ചന്തുവിന് അങ്ങനെ ചിന്തിച്ചു മാറിനിൽക്കാൻ കഴിയുമായിരുന്നില്ല. അവൻ വീണ്ടും വീണ്ടും ചൗപ്പാട്ടിയിലെത്തി അവളെ കണ്ടു.പ്രണയം തന്‌റെ മനസ്സിലേക്ക് പടരുന്നത് അവൻ അറിഞ്ഞു.രാഗിണിയോടുള്ളതുപോലെ ഭ്രമാത്മകമായ ഒന്നല്ലായിരുന്നു മാനസിയോടു തോന്നിയത്. കൂടുതൽ സത്യമുള്ള യാഥാർഥ്യമായ പ്രണയം.
അങ്ങനെ ഒരിക്കൽ അവൻ തീരുമാനിച്ചു. മാനസിയെ തന്‌റെ ജീവൻകൊടുത്തും രക്ഷിക്കും.പക്ഷേ തന്‌റെ ലക്ഷ്യം അവൻ മാനസിയോടു പറഞ്ഞില്ല. ആകെ മുരടിച്ച ആ പെൺമനസ്സിന് ആശ കൊടുക്കേണ്ട. ഒരു പക്ഷേ തനിക്കതു സാധിക്കാതെ വന്നാൽ……ആശ നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയെന്ന് ചന്തുവിന് നന്നായി അറിയാമായിരുന്നു.
അങ്ങനെയാണ് ഒരു ദിവസം അവനതു നിശ്ചയിച്ചത്.മുനിസാഹിബിനെ നേരിട്ടു കണ്ടു പറയുക.ചിലപ്പോൾ അവൻ തന്നെ കൊല്ലുമായിരിക്കും.എന്നാലും ചോദിക്കുക തന്നെ.
ചൗപ്പാട്ടിക്കടുത്തു തന്നെ ഒരു വലിയ വർക്ഷോപ്പായിരുന്നു മുനിസാഹിബിന്‌റെ ഗുണ്ടാസങ്കേതം.അവിടെ കാവൽ നിന്ന ഗുണ്ടകളോട് മുനിസാഹിബിനെ കാണണമെന്നു പറഞ്ഞു.ആയുധമെന്തെങ്കിലുമുണ്ടോയെന്നു പരിശോധന നടത്തിയ ശേഷം ഗുണ്ടകൾ അവനെ മുനിസാഹിബിനു മുന്നിലെത്തിച്ചു.
മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു വെളുത്ത ആളായിരുന്നു മുനിസാഹിബ്.ഒരു ഗുണ്ടയാണെന്നൊന്നും പറയില്ല.കൈയിലേക്ക് ഏതോ ലഹരിവസ്തു സിറിഞ്ച് വഴി നിറയ്ക്കുകയായിരുന്നു അവൻ.ചന്തു അവനരികിലെത്തി.
അവനെ നോക്കാതെ മുനിസാഹിബ് കൈയുയർത്തി എന്താണു വന്നതെന്നു ചോദിച്ചു.
‘മാനസിയെ എനിക്കിഷ്ടമാണ്, അവളെ നിങ്ങൾ വിൽക്കരുത്.’ ഒറ്റവീർപ്പിനു തന്നെ പതറാത്ത സ്വരത്തിൽ അവൻ മുനിസാഹിബിനോടു പറഞ്ഞു. അയാൾ ഇപ്പോൾ എഴുന്നേറ്റ് തന്നെ വെട്ടിപ്പൂളുമെന്നായിരുന്നു ചന്തു കരുതിയത്.എന്നാൽ അതുണ്ടായില്ല.
‘ബഹുത് പ്യാർ ഹേ? ‘ നേരിയ ഒരു ചിരിയോടെ മുനിസാഹിബ് ചോദിച്ചു.
‘ഹാ’ ചന്തു ഉത്തരം പറഞ്ഞു.’നോക്ക് മോനേ, പ്രേമിക്കുന്നവരെ വിഷമിപ്പിക്കാൻ ഒന്നും എനിക്കു താൽപര്യമില്ല.എനിക്കു പ്രധാനം കാശാണ്. പെണ്ണുങ്ങൾ എനിക്ക് ഉരുപ്പടികൾ മാത്രമാണ്.ഈയടുത്ത് എനിക്കു കിട്ടിയ ഏറ്റവും നല്ല ഉരുപ്പടിയാണ് മാനസി.15 ലക്ഷത്തിനാണു സായിപ്പുമായി അവൾക്ക് കച്ചവടമുറപ്പിച്ചത്.’ മുനിസാഹിബ് വീണ്ടും ചിരിയോടെ പറഞ്ഞു.
‘ആ പൈസ ഞാൻ തരും’ ചന്തു പറഞ്ഞു.

‘നീയോ….ഹ ഹ ഹ…’ മുനിസാഹിബ് പൊട്ടിച്ചിരിച്ചു.എന്നിട്ടു നിർത്തി.’ഇനി നിനക്ക് തരാൻ പറ്റുമെന്നു തന്നെയിരിക്കട്ടെ.15 ലക്ഷം പോരാതെ വരും. കച്ചവടമുറപ്പിച്ചു പിൻമാറിയാൽ സായ്പും ഞാനുമായി തെറ്റും.ഭാവിയിൽ എനിക്ക് ഒരു കസ്റ്റമറെ ആണ് നഷ്ടപ്പെടുന്നത്.അതിന്‌റെ നഷ്ടം കൂടി നീ നികത്തണം.’ മുനിസാഹിബ് തണുത്ത സ്വരത്തിൽ പറഞ്ഞു.
‘ഞാൻ നിങ്ങൾക്ക് എത്ര പണം നൽകണം.’ ചന്തുവിന്‌റെ സ്വരത്തിൽ എന്തോ ഉറപ്പുണ്ടായിരുന്നു.
‘ഇരട്ടി. മുപ്പതു ലക്ഷം രൂപ റൊക്കം.കപ്പൽ വരാൻ ഇനി 21 ദിവസമുണ്ട്. അതിനുള്ളിൽ അതു തരാൻ പറ്റിയാൽ മാനസി നിനക്ക് സ്വന്തം.പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ മറന്നുകള.’ അടുത്ത സിറിഞ്ച് കൈയിലെടുത്തു കൊണ്ട് മുനിസാഹിബ് പറഞ്ഞു.

‘ശരി പണവുമായി ഞാൻ നിങ്ങളെ വന്നു കാണാം,’ അവൻ പറഞ്ഞു.
അവൻ നടന്നു പോകുന്നത് മുനിസാഹിബ് സാകൂതം നോക്കി നിന്നു.ചുണ്ടിൽ ഒരു ചിരിയുമായി.’നിനക്കെന്താടാ വട്ടാണോ, അവന്‌റെ ഒരു പ്രേമം, ഒരു പ്രേമം പൊട്ടി ഇങ്ങോട്ടു വന്നിട്ട് അടുത്തതും കൊണ്ടിറങ്ങിയിരിക്കുന്നു.’ ജുഹു കടപ്പുറത്ത് തമ്പിയുടെ അടുക്കൽ ഈ കാര്യം പറഞ്ഞപ്പോൾ അവൻ പൊട്ടിത്തെറിച്ചു.മുംബൈയിൽ സുലഭമായി കിട്ടുന്ന ഒരിനം വിലകുറഞ്ഞ വാറ്റുചാരായവും കുടിച്ച് കടലയും കൊറിച്ചിരിക്കുകയായിരുന്നു അവൻ.
‘അങ്ങനെയല്ലടാ, നിനക്ക് അതു പറഞ്ഞാൽ മനസ്സിലാകില്ല. എനിക്ക് അവളെ പ്രേമിക്കണമെന്നും കല്യാണം കഴിക്കണം എന്നും നിർബന്ധമൊന്നുമില്ല. പക്ഷേ ആ പെൺകൊച്ചിനെ രക്ഷിക്കണമെടാ. നീ പറയുന്ന പോലെ പെൺപിള്ളേരെ വളച്ചു നടക്കുന്ന ഒരാളൊന്നുമല്ല ഞാൻ.എന്‌റെ ജീവിതത്തെക്കുറിച്ച് നിനക്കറിയില്ല തമ്പീ,’ ചന്തു അവനോടു പറഞ്ഞു.
‘എത്ര പൈസ കൊടുത്താൽ അവൻ അവളെ വിട്ടുതരും.’ തമ്പി ചോദിച്ചു.
’30 ലക്ഷം’ ചന്തു മറുപടി പറഞ്ഞു.
തമ്പി പൊട്ടിപ്പൊട്ടി ചിരിച്ചു.’കൊള്ളാം. മുപ്പതു ലക്ഷത്തിൽ എത്ര പൂജ്യമുണ്ടെന്നു നിനക്കറിയാമോ? ഈ ജിവിതകാലം മുഴുവൻ വണ്ടീം തള്ളി നടന്നാൽ അതിന്‌റെ മൂന്നിലൊന്ന് നിനക്കുണ്ടാക്കാൻ പറ്റുമോ? വിട്ടുകള ചന്തൂ, അവളുടെ വിധി അങ്ങനെയാകും. മുംബൈയിൽ ഇങ്ങനെ എത്രയോ പെൺപിള്ളേർ കാണും. അവരെയൊക്കെ രക്ഷിക്കാൻ പറ്റുമോ?’

‘അതൊന്നും എനിക്കറിയില്ലെടാ, പക്ഷേ ഇവളെ രക്ഷിക്കണം രക്ഷിച്ചേ പറ്റൂ.പൈസയില്ലെങ്കിൽ പോകട്ടെ .പൊലീസ് സ്റ്റേഷനിൽ അവളുമായി പോയി ഒരു പരാതി കൊടുത്താൽ എന്തെങ്കിലും നടക്കുമോ? ‘ചന്തു ആകാംഷയോടെ ചോദിച്ചു.

‘നടക്കും. നിന്‌റെ ശവം ഇവിടെ ഒഴുകി നടക്കും. മുനിസാഹിബ് ഒരു വലിയ ക്രിമിനൽ ശൃംഖലയിലെ ഏറ്റവും താഴത്തെ ഒരു കണ്ണിയാണ്. ഒരു പരാതി ചെന്നാൽ പൊലീസുകാർ തന്നെ അവനെ വിളിച്ച് നിന്‌റെ അഡ്രസഡക്കം പറഞ്ഞു കൊടുക്കും.ഇതു മുംബൈയാണു ചന്തൂ, പൊലീസും ഗുണ്ടകളുമൊക്കെ ഒരു നാണയത്തിന്‌റെ രണ്ടു വശങ്ങളാണ് ഇവിടെ.’ തമ്പി അവനെ നിരുത്സാഹപ്പെടുത്തി.
ചന്തു തലകുമ്പിട്ടു മിണ്ടാതെയിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾ തമ്പിക്കു വിഷമമായി. ഒരു പ്രതീക്ഷയുമില്ലാതെയിരുന്ന ചന്തുവിന്‌റെ തോളിൽ അവൻ കൈവച്ചു.
‘ഡാ ഒരു വഴിയുണ്ട്.30 ലക്ഷം കി്ട്ടും. പക്ഷേ പാളിപ്പോയാൽ നിന്‌റെ ജീവിതം അതോടെ തീരും. ധൈര്യമുണ്ടോ ഏറ്റെടുക്കാൻ.’
തമ്പി ചോദിച്ചു.
തന്‌റെ ജീവിതത്തിന്‌റെ ഇപ്പോളത്തെ ഒരേയൊരു ലക്ഷ്യം മാനസിയുടെ രക്ഷയാണെന്നു ചന്തുവിനു നല്ല ബോധ്യമുണ്ടായിരുന്നു.അതിനു വേണ്ടി ചാകാനും തയാർ.
‘നീ വഴി പറ’ ചന്തു താൽപര്യപൂർവം ചോദിച്ചു.
‘ഇവിടെ ഒരു മലയാളിക്കച്ചവടക്കാരനുണ്ട്. മീസാൻ സേഠ്, കച്ചവടം എന്നു പറഞ്ഞാൽ സംഗതി ഡ്രഗ്‌സാ.’തമ്പി പറഞ്ഞു നിർത്തി.
ചന്തുവിന്‌റെ ഉള്ളൊന്നു കാളി. ‘അതിന് ‘ അവൻ ചോദിച്ചു.
‘വെനസ്വേലയിൽ നിന്നു കൊക്കെയ്‌നും എൽഎസ്ഡീമായിട്ടു വന്ന ഒരു കപ്പൽ പുറംകടലിൽ നങ്കൂരമിട്ടു കിടപ്പുണ്ട്. ഇരുപതു കോടീടെ മാലാണു അവർ കൊണ്ടു വന്നിരിക്കുന്നത്. പുറംകടലിൽ പോയി കപ്പലിൽ നിന്ന് ആ ചരക്കു മുംബൈയിൽ ബോട്ടുവഴി എത്തിക്കണം.പ്രതിഫലമായി നീ ചോദിച്ച സംഖ്യ ലഭിക്കാൻ സാധ്യതയുണ്ട്.’ തമ്പി പറഞ്ഞു.
ചന്തുവിന് അതു സമ്മതമായിരുന്നു ‘ഞാൻ തയാർ’ അവൻ പറഞ്ഞു.
‘എന്തു തയാർ, നിനക്കു ബോട്ടോടിക്കാൻ അറിയുമോ’ തമ്പി ചോദിച്ചു.
‘അറിയാം, ഞാൻ മലമ്പുഴയിൽ പണ്ടു ബോട്ടോടിക്കാൻ പഠിച്ചിട്ടുണ്ട്, ലൈസൻസുമുണ്ട്’ ചന്തു പറഞ്ഞു.

‘ഡാ മലമ്പുഴേൽ പുഴവെള്ളത്തിൽ ബോ്‌ട്ടോടിക്കുന്നതു പോലെയല്ല പുറംകടലിലേക്ക് ഓടിക്കുന്നത്. ഭയങ്കര റിസ്‌കാണ്. അതു മാത്രമല്ല, മുംബൈയിലെ കടൽസുരക്ഷ വളരെ ശക്തമാണ്. കോസ്റ്റ് ഗാർഡ്,നേവി, കസ്റ്റംസ്, പിന്നെ മുംബൈപ്പോലീസിന്‌റെ ബോട്ട് വിങ്, ഇതെല്ലാം കടന്നു വേണം ഇവിടെ ചരക്കെത്തിക്കാൻ.പിടിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്.പിടിക്കപ്പെട്ടാൽ പിന്നെ ആജീവനാന്തം ജയിലിലാണ്.നീ ഒറ്റയ്ക്കായിരിക്കും പോകേണ്ടത്, ആരും സഹായിക്കാൻ ഉണ്ടാകില്ല.’ തമ്പി മുന്നറിയിപ്പു നൽകി.
നിസ്സംഗമായ ഒരു ചിരിയായിരുന്നു ചന്തുവിന്‌റെ മറുപടി. ‘അതൊന്നും സാരമില്ല. നീ ഈ ക്വട്ടേഷൻ എനിക്കൊപ്പിച്ചു താ.’ അവൻ തമ്പിയോടു പറഞ്ഞു.
‘ശരി, അങ്ങനെയെങ്കിൽ നമുക്കു സേഠിനെ കാണാൻ പോകാം.’ തമ്പി പറഞ്ഞു.
‘തമ്പീ നാളെത്തന്നെ പോകാം.എത്രയും വേഗം എനിക്കു അവളെ രക്ഷിക്കണമെടാ,’ ചന്തു അക്ഷമനായി പറഞ്ഞു.
തുറമുഖത്തിനു സമീപം ഒരു ഇടുങ്ങിയ കെട്ടിടത്തിലായിരുന്നു മീസാൻ സേഠിന്‌റെ ഓഫിസ്. ഒരു ചെറിയ സ്ഥലം. അരണ്ട വെളിച്ചം അവിടെ തങ്ങി നിന്നു.
വെളുത്ത ഷർട്ടും സ്വർണക്കണ്ണടയും തൊപ്പിയും ധരിച്ച ഒരു കുറുകിയ മനുഷ്യനായിരുന്നു അയാൾ. കവിളിൽ നരച്ച താടിരോമങ്ങൾ ഭംഗിയായി ട്രിം ചെയ്തു നിർത്തിയിരിക്കുന്നു.കുറച്ചുനേരം സേഠ് ചന്തുവിനെ സൂക്ഷിച്ചുനോക്കി.
‘കാര്യങ്ങളൊക്കെ തമ്പി പറഞ്ഞല്ലോ അല്ലേ’ സേഠ് ചന്തുവിനോടു ചോദിച്ചു.
‘ഉവ്വ്’ ചന്തു മറുപടി കൊടുത്തു.
‘ഊം ,വല്യ അപകടം പുടിച്ച കളിയാണ്. കോസ്റ്റുഗാർഡിന്‌റെ കൈയിലൊക്കെ കിട്ടിയാൽ പിന്നെ നിന്‌റെ ദുനിയാവു ജയിലിനകത്താകും.എന്തു സംഭവിച്ചാലും ഞങ്ങളുടെ പേരു പറയരുത്. സത്യമുള്ളവനാണെന്നു പറഞ്ഞോണ്ടാണു ഇതേൽപിക്കുന്നത്.എങ്ങാനും ഞങ്ങടെ പേരു നീ പറഞ്ഞാൽ നിന്‌റെ ചങ്ങായിയൊണ്ടല്ലോ, ഈയിരിക്കണ തമ്പി, അവനെ ഞങ്ങൾ തീർക്കും’ സേഠ് പറഞ്ഞു.തമ്പിയുടെ മുഖത്തെ രക്തച്ഛവി മാറി.

‘വരിൻ റൂട്ടു പറഞ്ഞുതരാം.’ മീസാൻ സേഠ് എഴുന്നേറ്റു. ചന്തു കൂടെച്ചെന്നു. പുറംകടലിൽ കപ്പൽ കിടക്കുന്ന സ്ഥാനം കൃത്യമായി സേഠ് അടയാളപ്പെടുത്തിക്കൊടുത്തു.
‘നീ തന്നെ ബോട്ട് ഒപ്പിക്കണം.ഞങ്ങൾ തരൂല്ല, കേട്ടല്ലോ’ സേഠ് പറഞ്ഞു.
ചന്തു തലയാട്ടി.
സേഠ് മേശവലിപ്പു തുറന്ന് ഒരു സാധനം കൈയിലെടുത്തു. അതു ചന്തുവിന്‌റെ കൈയിലേക്കു കൊടുത്തു.സാധനത്തിലേക്കു നോക്കിയതും ചന്തു ഞെട്ടിത്തരിച്ചു.
അതൊരു റിവോൾവറായിരുന്നു.
‘നിറതോക്കാ, ആറു ബുള്ളേറ്റ്,’ സേഠ് പറഞ്ഞു.
ചന്തു വീണ്ടും തലയാട്ടി.
‘ഹമുക്കേ തലയാട്ടൽ നിർത്തിക്കോ.ഇതെന്തിനാ തന്നേന്നു നെനക്കു വല്ല പുടീമൊണ്ടോ’ അയാൾ ചോദിച്ചു.
‘ഇല്ല’ ചന്തു സത്യമങ്ങു പറഞ്ഞു.
‘പൊലീസുകാരു പൊക്കുമെന്നു തോ്ന്നിയാൽ, ഉറപ്പായാൽ ആരെയെങ്കിലും തട്ടീട്ടു മാലുമായിട്ടു രക്ഷപ്പെടാൻ നോക്കണം.എന്തായാലും പിടിവീഴുമെന്ന് ഉറപ്പായാൽ സ്വയം വെടിവച്ചു അങ്ങു ശത്തോ.അവരുടെ പുടീലാകുന്നതും നല്ലത് അതാ.’ ഒരു ഭാവഭേദവുമില്ലാതെ സേഠു പറഞ്ഞു.അപായം തന്‌റെ മേലേക്കു വരുന്നുണ്ടെന്നു ചന്തുവിനു തോന്നി,പക്ഷേ അവന്‌റെ ഉള്ളിൽ മാനസിയുടെ നിഷ്‌കളങ്കമായ ചിരിക്കുന്ന മുഖമായിരുന്നു.ആ ചിരി മായാതിരിക്കാൻ എ്ന്തും ചെയ്യും.ചന്തു റിവോൾവർ തന്‌റെ പാന്‌റ്‌സിന്‌റെ പോക്കറ്റിൽ ഒളിപ്പിച്ചു.

സേഠിന്‌റെ കെട്ടിടത്തിൽ നിന്നു പുറത്തു കടന്ന ഉടനെ തമ്പി അവനെ വട്ടം പിടിച്ചു.
‘നീയെന്നെ കൊലയ്ക്കു കൊടുക്കോടാ’ ചന്തൂ തമ്പി ചോദിച്ചു.
‘ഇല്ലടാ, എന്നെ വിശ്വസിക്കാം.ഞാൻ കാരണം നിനക്കൊന്നും വരില്ല.’

തമ്പിക്ക് ആശ്വാസമായി. കൂടെനിക്കുന്നവർക്കു വേണ്ടി ചങ്കു പറിച്ചുകൊടുക്കുന്ന ചന്തുവിന്‌റെ സ്വഭാവം തമ്പിക്കു നന്നായി അറിയാം.ആ സ്വഭാവമുള്ളതുകൊണ്ടാണല്ലോ ഇപ്പോ എവിടെയോ കിടക്കുന്ന ഒരു പെണ്ണിനു വേണ്ടി ഈ സാഹസത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്.
‘ബോ്‌ട്ടെങ്ങനെ ഒ്പ്പിക്കും’ ചന്തു തമ്പിയോടു ചോദിച്ചു.
‘അതൊക്കെ കിട്ടും. ദിവസം ഇരുപതിനായിരം രൂപ വാടക.ഇത്തിരി കൂടുതലാ’ തമ്പി പറഞ്ഞു.
ഇരുപതിനായിരം രൂപ..അതെങ്ങനെ ഒപ്പിക്കുമെന്നുള്ളതാണ് ഇനിയത്തെ പ്രധാനപ്രശ്‌നം.ചന്തു ചിന്തയിലാണ്ടു.തപ്പിപ്പെറുക്കിയാൽ ഒരു രണ്ടായിരം രൂപ കൈയിൽ കാണും.വിൽക്കാനായി ആകെ കൈയിലുള്ളത് തേഞ്ഞുതീർന്ന ഒരു ജോടി ചെരുപ്പുകൾ മാത്രമാണ്.അതാണെങ്കിൽ ആർക്കും വേണ്ടതാനും.
…………………………………………………..’ക്യാ ഹുവാ, എന്താ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത്.’ മാനസിയുടെ തേനൂറുന്ന ശബ്ദമാണു ചന്തുവിനെ ഉണർത്തിയത്. അന്നും പതിവുപോലെ വേശ്യാഗൃഹത്തിനു സമീപം കച്ചവടം നടത്തുന്നതിനിടെ പൈസയെക്കുറിച്ചു ചിന്തിച്ചു നിൽക്കുകയായിരുന്നു ചന്തു. മാനസി വന്നത് അവനറിഞ്ഞിരുന്നി്ല്ല.
‘ഞാൻ കുറച്ചു പൈസയെക്കുറിച്ചു ചിന്തിച്ചിരിക്കുകയാണ് .ഒരു കടയിടാൻ പ്ലാനുണ്ട്.ഭയങ്കര ഞെരുക്കം.’ ചന്തു അവളോടു പറഞ്ഞു.അവളെ രക്ഷിക്കാനായി താൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പറയാൻ പോയില്ല.
‘എത്ര വേണ്ടിവരും’ അവൾ ചോദിച്ചു.
‘ഇരുപതിനായിരം’ അവൻ ഉത്തരം പറഞ്ഞു.
പെട്ടെന്ന് അവൾ മുടി മുകളിലേക്കു പൊക്കി തന്‌റെ കാതിൽ തപ്പി. അതിൽ കിടന്നിരുന്ന കമ്മലുകൾ അവൾ അഴിച്ചെടുത്തു. അതു ചന്തുവിനു നേർക്കു നീട്ടി.
‘എന്‌റെ കൈയിൽ ആകെയുള്ള വിലപിടിപ്പുള്ളത് ഇതാണ്. ഇതു വിറ്റു ചന്തു കടതുടങ്ങിക്കോ,’ അവളാ കമ്മലുകൾ അവനു നീട്ടിക്കൊണ്ടു പറഞ്ഞു.
‘അയ്യോ അതൊന്നും വേണ്ട, ഞാൻ വേറെന്തെങ്കിലും വഴി നോ്ക്കിക്കോളാം.’ ചന്തു അവളോടു പറഞ്ഞു.
‘പറയുന്നതു കേൾക്കൂ ചന്തൂ, ഞാനിനി ഒരുമാസം കൂടിയേ ഇവിടെയുണ്ടാകൂ.ചിലപ്പോ ഈ ഭൂമിയിൽ തന്നെ.മാനം നഷ്ടപ്പെട്ടു ഞാൻ ജീവിച്ചിരിക്കില്ല.അതിനു മുൻപേ ഞാൻ എന്നെത്തന്നെ കൊല്ലും.എന്‌റെ ചന്തു ഇവിടെ നന്നായി ജീവിക്കണം.ഒരു രാജായെപ്പോലെ.അതെനിക്കു മാനത്തിരുന്നു കാണണം.’ അവൾ നിർബന്ധിച്ചു കമ്മലുകൾ അവനു നൽകി ഒരു വേദന നിറഞ്ഞ ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു.
യഥാർഥ പെണ്ണെന്നാൽ എന്താണെന്നു മനസ്സിലാക്കുകയായിരുന്നു ചന്തു.അവൾ ചാകാൻ തീരുമാനിച്ചിരിക്കുന്നു.എന്നിട്ടും അവളുടെ കൈയിലെ അവസാനത്തെ വിലപിടിപ്പുള്ള വസ്തുവും തനിക്കു തരുന്നു. ഇവളെ രക്ഷിക്കാതിരിക്കുന്നതെങ്ങനെ….ചന്തുവിന്‌റെ കണ്ണു നിറഞ്ഞു.

ചത്തിട്ടായാലും രക്ഷിച്ചിരിക്കും……..

മാനസിയുടെ കമ്മൽ വിറ്റതും കൈയിലുണ്ടായിരുന്ന പൈസയും കൂടിയായപ്പോൾ ബോട്ടു വാടകയ്‌ക്കെടുക്കാനുള്ള തുകയായി.ഹാർബറിൽ നിന്ന് ഒരു ഫിഷിങ് ബോട്ട് വാടകയ്‌ക്കെടുത്തു.തമ്പിയും ഹാർബറിൽ വന്നിരുന്നു.
ബോട്ടിൽ കയറുന്നതിനു മുൻപ് അവൻ ചന്തുവിനെ കെട്ടിപ്പിടിച്ചു. ‘എടാ ചന്തുക്കുട്ടാ. നാട്ടിൽ രണ്ടു പെങ്ങൻമാരും വയ്യാത്ത അമ്മയുമുണ്ട്. അല്ലെങ്കിൽ ഞാനും നിന്‌റൊപ്പം വന്നേനെ. എല്ലാം ശരിയാക്കി തിരിച്ചുവരണേടാ.’ അവൻ കരയുന്നുണ്ടായിരുന്നു.
ചന്തു അവന്‌റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.
കാറും കോളും നിറഞ്ഞതായിരുന്നു കടൽ. തിരയടിച്ച തീരക്കടലിൽ നിന്ന് ആഴക്കടലിലേക്കു ചന്തു ബോട്ടു പായിച്ചു. പുഴവെള്ളത്തിൽ ബോട്ടോടിക്കുന്നതു പോലെയല്ല കടലിലെന്ന് അവൻ മനസ്സിലാക്കി.തീരക്കടലിൽ ചെറുവള്ളങ്ങളും ബോട്ടുകളുമൊക്കെ ധാരാളമുണ്ടാകും.എന്നാൽ ആഴക്കടലിൽ എത്തുമ്പോൾ നിശബ്ധതയാണ്.ഏകാന്തതയും.എങ്ങും നോക്കിയാൽ കടൽ മാത്രം.നിശബ്ധയായി വിഴുങ്ങാനെന്ന പോലെ കിടക്കുന്ന ആഴി.
മീസാൻ സേഠു തന്ന മാപ്പും കോംപസും ഉപയോഗിച്ച് അവൻ മുന്നോട്ടു

പോയി.കപ്പൽ എവിടെയും കാണാനില്ല.ഇനി തനിക്കു വഴി തെറ്റിയിരിക്കുമോ? അങ്ങനെയെങ്കിൽ തന്‌റെ അന്ത്യം ഈ കടലിൽതന്നെ.ഏതായാലും വരുന്നവഴിക്കു നേവിയുടെയും കോസ്റ്റുഗാർഡിന്‌റെയുമൊന്നും കപ്പലുകളും ബോട്ടുകളും വന്നില്ലെന്നുള്ളത് അവന് ആ്ശ്വാസം നൽകി.
ഒടുവിൽ….ഒരു പൊട്ടുപോലെ കപ്പൽ തെളിഞ്ഞു.സൈമൺ ബോളിവർ…..തനിക്കു ചരക്കെടുക്കേണ്ട കപ്പൽ.പതിയെ പതിയെ അത് അടുത്തു വരുന്നതായി തോന്നി. എന്നാൽ അതു വെറും തോന്നലായിരുന്നു.
കപ്പൽ ദൂരെയായിരുന്നു.വീണ്ടും മുക്കാൽ മണിക്കൂറെടുത്തു അതിനരികിലെത്താൻ.
കപ്പലിന്‌റെ ഡെക്കിൽ ബൈനോക്കുലറുമായി ഒരു നാവികൻ നിന്നിരുന്നു.അയഞ്ഞ ബീച്ച് ടീഷർട്ടും ബെർമുഡയുമായിരുന്നു അയാളുടെ വേഷം.
‘വെനസ്വേലൻ ഡിലൈറ്റ് ‘ അയാൾ അവനെ നോക്കി വിളിച്ചുപറഞ്ഞു.കോഡ് വാചകമാണ്. അതിരഹസ്യമായ കോഡ് വാചകം. മീസാൻ സേഠ് അതവനോടു പറഞ്ഞിരുന്നു.തിരിച്ചുപറയാനുള്ളതും.
‘മുംബൈ കീ മഹാരാജ് ‘ അവൻ തിരിച്ചുള്ള കോഡ് വിളിച്ചുപറഞ്ഞു.നാവികന്‌റെ മുഖത്തു ഒരു ചിരി വിരിഞ്ഞു.
‘പത്താക്ക’ അയാൾ വിളിച്ചു പറഞ്ഞു.
മീസാൻ സേഠിന്‌റെ പേരും വിരലടയാളവും ആലേഖനം ചെയ്ത ഒരു ലോഹഫലകം ചന്തു പോക്കറ്റിൽ നിന്നെടുത്ത് നാവികനെ കാണിച്ചു.
‘ത്രോ ഇറ്റ് ‘ അയാൾ അവിടെ നിന്നു വിളിച്ചു പറഞ്ഞു.
അവൻ ഉന്നം പിടിച്ചു കപ്പലിലേക്ക് അതു വലിച്ചെറിഞ്ഞു. നാവികന്‌റെ കൈകളിൽ തന്നെ അതു വന്നു വീണു.അയാളതു പരിശോധിച്ചു.
ആഴക്കടലിലെ കള്ളക്കടത്തു മുഴുവൻ നടക്കുന്നത് കോഡ് വാചകത്തിന്‌റെയും പത്താക്കയുടെയും ബലത്തിലാണ്. കോടിക്കണക്കിനു രൂപയുടെ കച്ചവടങ്ങൾ.ഓരോ കള്ളക്കടത്തുകാർക്കും സ്വന്തമായി നമ്പർ പതിപ്പിച്ച പത്താക്കകളുണ്ട്. ഒരു കച്ചവടം നടക്കുമ്പോൾ വാങ്ങുന്നയാൾ വിൽക്കുന്നയാളിന് അതു കൊടുക്കും. ഉറപ്പിനു വേണ്ടി,ചന്തു ചെയ്തതും അതാണ്.
‘കം കം ക്ലോസ്’ നാവികൻ വീണ്ടും ചന്തുവിനോട് ആംഗ്യം കാട്ടി. അവൻ ബോട്ട് കപ്പലിനടുത്തേക്ക് അടുപ്പിച്ചു. ഡെക്കിൽ നിന്നും കയറിൽ കെട്ടിയ വലിയൊരു കറുത്ത ബാഗ് അവന്‌റെ ബോട്ടിലേക്കു വന്നുകൊണ്ടിരുന്നു.അടുത്തെത്തിയപ്പോൾ അവനതു പിടിച്ചു ബോട്ടിലേക്കിട്ടു.’എന്തൊരു ഭാരം’ അവൻ പിറുപിറുത്തു. ആ ബാഗിനുള്ളിൽ അമൂല്യമായ വെനസ്വേലൻ മാലാണ്.കോടികൾ വിലയുള്ള, സിനിമാക്കാരുടെയും പ്രമുഖരുടെയും ഇഷ്ടലഹരിപദാർഥം.
മാൽ ബോട്ടിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ച ശേഷം ചന്തു ബോട്ടു മുന്നോട്ടെടുത്തു. നാവികൻ പിന്നിൽ നിന്ന് അവനെ കൈവീശിക്കാണിച്ചു. ‘ടേക്ക് കെയർ’ അയാൾ വിളിച്ചു പറഞ്ഞു. ചന്തു അയാളെയും കൈവീശിക്കാട്ടി.
ആദ്യഘട്ടം പിന്നിട്ടു. ഇനിയാണു സാഹസികമായ രണ്ടാംഘട്ടം.
ബോട്ട് കരയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.മണിക്കൂറുകളെടുക്കും കരയെത്താൻ.എന്നാൽ ചന്തുവിന് ഒരു ക്ഷീണവും തോന്നിയില്ല.എങ്ങനെയെങ്കിലും തീരമണഞ്ഞാൽ മതിയെന്നായിരുന്നു അവന്‌റെ ചിന്ത.കാറും കോളും ക്രമാതീതമായി വർധിക്കുന്നു വലിയ കാറ്റുമടിക്കുന്നുണ്ട്.
ഒടുവിൽ ദൂരെ തീരം തെളിഞ്ഞുവന്നു.
ഈശ്വരാ, ചന്തു മനസ്സിൽ പ്രാർഥിച്ചു.ഇതുവരെയെല്ലാം ശരിയായി. പ്രശ്‌നങ്ങളൊന്നും വരരുതേ. ഒരു പാവം പെൺകുട്ടിക്കു വേണ്ടിയാണ്.
തീരമടുത്തടുത്തു വരുന്നു,മാനത്തു കാർമേഘങ്ങൾ ഉരുണ്ടുരുണ്ടു കൂടുന്നു.
പൊടുന്നനെ…ശക്തമായ ബീംലൈറ്റുകൾ ഘടിപ്പിച്ച ഒരു കൂട്ടം ബോട്ടുകൾ പാഞ്ഞടുക്കുന്നതു ചന്തു കണ്ടു.
കോസ്റ്റ് ഗാർഡ്….അവൻ അലറിവിളിച്ചു പോയി.
കോസ്റ്റുഗാർഡിന്‌റെ ബോട്ടുകൾ അവന്‌റെ ബോട്ടിനു ചുറ്റും വട്ടം കറങ്ങി. ഒരു ബോട്ടിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ വലിയ കോളാമ്പിയിലൂടെ ബോട്ടു നിർത്താൻ ചന്തുവിനു നിർദേശം നൽകി.തന്‌റെ മരണമണി മുഴങ്ങിയെന്നു ചന്തുവിനു

തോന്നി. കോസ്റ്റുഗാർഡിന്‌റെ കൈയിൽ അകപ്പെട്ടാൽ അവർ എന്തായാലും മാൽ പിടിച്ചെടുക്കും. തന്നെ അറസ്റ്റു ചെയ്യുകയും ചെയ്യും.നാർകോട്ടിക്‌സ് കേസാണ്. ആജീവനാന്തം അകത്തു കിടക്കും. ഇതിനിടെ ചോദ്യം ചെയ്യലിൽ മീസാൻ സേഠിന്‌റെ പേരു പറയാൻ താൻ നിർബന്ധിതനാകും. അതോടെ അവർ പാവം തമ്പിയെ കൊല്ലും.
പാടില്ല.
അഞ്ചുബോട്ടുകളിലായി ഒത്തിരി സൈനികർ എത്തിയിട്ടുണ്ട്. അവർ്ക്കു നേരെ വെടിവച്ചിട്ടു കാര്യമില്ല. എന്തു ചെയ്യും.
ചിന്തിക്കാൻ അധികം സമയമില്ലായിരുന്നു.ഇനി ഒരു അറ്റകൈ പ്രയോഗം മാത്രമാണു ര്ക്ഷ.ജീവന്മരണ പോരാട്ടം.
ബോട്ടിൽ ടാങ്കിൽ നിറച്ചുവച്ച ഇന്ധനത്തിലേക്ക് അവന്‌റെ ശ്രദ്ധ വീണു. ഞൊടിയിടയിൽ അവൻ ടാങ്കു തുറന്നുവിട്ടു. ഇന്ധനം ബോട്ടിന്‌റെ ഡെക്കിൽ ഒഴുകി നിറഞ്ഞു.ഒരു തീപ്പെട്ടിയുരച്ചു ഡെക്കിലേക്കിട്ടപ്പോൾ ബോട്ട് ഞൊടിയിടയിൽ ഒരഗ്നിഗോളമായി മാറി.
ഇതിനിടയിൽ മാൽ നി്‌റച്ച ബാഗ് കടലിലേക്കെടുത്തിട്ടിട്ട് അതിനൊപ്പം അവനും ചാടി.ബോട്ടു നിന്നു കത്തുന്നതു കണ്ടു കോസ്റ്റ് ഗാർഡ് പകച്ചു നിന്നു. എന്താണു സംഭവിച്ചതെന്ന് അവർക്കു മനസ്സിലായില്ല.തീ ആളിപ്പടർന്നു പുകയും കൂടിയതിനാൽ ചന്തു കടലിലേക്കു ചാടുന്നത് ആരും കണ്ടില്ല.
കോസ്റ്റ്ഗാർഡ് ബോട്ടിലെ തീയണയ്ക്കാൻ ശ്രമിക്കുമ്പോൾ മാലുമായി അവരുടെ ശ്രദ്ധയിൽ പെടാതെ തീരത്തേക്കു നീന്തുകയായിരുന്നു ചന്തു. വാട്ടർപ്രൂഫ് ബാഗിൽ മാൽ തന്നതിനു കപ്പിത്താനോട് മനസ്സുകൊണ്ട് ചന്തു നന്ദിപറഞ്ഞു.തെങ്കുറിശ്ശിപ്പുഴയിൽ പണ്ടവൻ മുങ്ങാംകുഴിയിട്ടു നീന്തിയിരുന്നു, ശ്വാസമെടുക്കാതെ നിമിഷങ്ങൾ വെള്ളത്തിനടിയിൽ നിൽക്കാനും മേലേക്ക് ഊളിയിട്ടു മൂക്കു ജലത്തിനു വെളിയിൽ കാട്ടി ശ്വാസം വലിച്ചെടുക്കാനുമൊക്കെ അവൻ അന്നു നീന്തലിനിടെ പഠിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി.പരൽമീനുകളുള്ള തെങ്കുറിശ്ശിപ്പുഴയല്ല ഇത്, സ്രാവുകളും മറ്റു ക്ഷുദ്രജീവികളുമുള്ള അറബിക്കടലാണ്.ബാഗിനു നല്ല ഭാരവുമുണ്ടായിരുന്നു.അതു തന്നെ കടലിന്‌റെ അടിത്തട്ടിലേക്കു വലിച്ചുകൊണ്ടുപോകുമെന്ന് അവൻ ഭയന്നു.പക്ഷേ അങ്ങനെ പോകാൻ അവൻ തയാറല്ലായിരുന്നു.എന്തു സംഭവിച്ചാലും രണ്ടു വഴികളാണ് മുന്നിലുള്ളത്. ഒന്നുകിൽ തീരത്തെത്തുക, അല്ലെങ്കിൽ മരണം.
ഒടുവിൽ ഏറെനേരത്തെ നീന്തലിനുള്ളിൽ അവൻ തീരമണഞ്ഞു.സമയം സന്ധ്യമായിരുന്നു.മാൽനിറച്ച ബാഗ് തീരത്തേക്കു വലിച്ചിട്ട ശേഷം അവൻ അവിടെയുണ്ടായിരുന്ന ഒരു കോരുവല കൊണ്ടു മൂടി. അഞ്ചുനിമിഷം മണലിൽ കുത്തിയിരുന്നു ആഞ്ഞുശ്വാസം എടുത്തു.
ശരീരം മുഴുവൻ തളരുകയാണ്, നെഞ്ചിൽ ശ്വാസം കിട്ടുന്നില്ല.പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകുന്നു.എന്നാലും വിശ്രമിക്കാൻ വയ്യ.മാലുമായി അധികനേരം ഇരിക്കുന്നതു റിസ്‌കാണ്.
അവിടെ നിന്നു കിട്ടിയ ഒരു പെട്ടിയോട്ടോയിൽ കോരുവല പൊതിഞ്ഞ മാൽകയറ്റി പിന്നിൽ ചന്തുവും കയറി. കടലിലെ പോലെ പ്രശ്‌നമില്ല കരയിൽ. തന്‌റെ ശ്രമത്തിൽ താൻ മുക്കാൽ ഭാഗം വിജയിച്ചെന്ന തിരിച്ചറിവ് ചന്തുവിനെ സന്തോഷിപ്പിച്ചു.
മീസാൻ സേഠ് അതീവ സന്തുഷ്ടനായിരുന്നു. സംഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ അയാൾ അൽപനേരം അദ്ഭുതം കൂറി നിന്നു.എന്നിട്ട് അവന്‌റെ തോളിൽ തട്ടി അഭിനന്ദിച്ചു. ‘ ബലാലേ, നീയളൊരു മുടുക്കൻ തന്നെ, ഇങ്ങനെ ഒരു ആമ്പിറന്നോനെ കുറെ നാൾക്കു ശേഷമാണു കാണുന്നത്’
മാന്യനായിരുന്നു സേഠ്. ചോദിച്ച മുപ്പതുലക്ഷം രൂപയും ഒപ്പം വേറെ രണ്ടുലക്ഷം രൂപ സ്‌നേഹസമ്മാനമായും അയാൾ ചന്തുവിനു നൽകി.അവന്‌റെ മനസ്സു തുടുത്തു.തന്‌റെ മാനസി മോചിതയാകാൻ പോകുന്നു.അതിനുള്ള പണം തനിക്കു കിട്ടിക്കഴിഞ്ഞു.
പിറ്റേന്നു രാവിലെ തന്നെ ചന്തു ഒരു ബാഗിൽ 30 ലക്ഷം രൂപയുമായി മുനിസാഹിബിനെ കാണാൻ പോയി. ബാക്കിയുള്ള രണ്ടുലക്ഷം രൂപ അവൻ തമ്പിക്കു കൊടുത്തിരുന്നു. ആഴക്കടലിൽ താൻ കത്തിച്ചുകളഞ്ഞ ബോട്ടിന്‌റെ ഉടമസ്ഥർക്കു നഷ്ടപരിഹാരം കൊടുക്കാൻ.
30 ലക്ഷം രൂപയടങ്ങിയ ബാഗ് അവൻ മുനിസാഹിബിന്‌റെ മേശപ്പുറത്തേക്കിട്ടു.

ചെവിയിൽ വിരൽ കൊണ്ടു ചൊറിഞ്ഞുകൊണ്ട് മുനിസാഹിബ് അവനെ നോക്കി പുഞ്ചിരിച്ചു.
‘നിങ്ങൾ ആവശ്യപ്പെട്ട പണം മുഴുവനുണ്ട് , എണ്ണിനോക്കാം.’ ചന്തു പറഞ്ഞു
‘ബടിയാ സാലാ, എനിക്കറിയാമായിരുന്നു നിനക്കതു പറ്റുമെന്ന്’ മുനിസാഹിബ് ചന്തുവിനോടു പറഞ്ഞു.
മുനിയുടെ കൂട്ടാളികൾ വന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. കള്ളനോട്ടാണോ എന്നുവരെ നോക്കി. എല്ലാം പെർഫക്ട് .30 ലക്ഷം തികച്ചുണ്ട്. അവർ മുനിസാഹിബിനെ നോക്കി തലകുലുക്കി.
‘ശരി ചന്തൂ, നീയ് മാനസിയെ വിളിച്ചോണ്ടു പൊയ്‌ക്കോളൂ, മാമിസാനിനോടു ഞാൻ വിളിച്ചു പറഞ്ഞേക്കാം.’ മുനിസാഹിബ് അവനോടു പറഞ്ഞു. ചന്തു കേൾക്കാൻ കൊതിച്ച വാക്കുകൾ. കഠിനപ്രയത്‌നം സഫലമായതിന്‌റെ ചാരിതാർഥ്യം.
അവൻ ചൗപ്പാട്ടിയിലേക്ക് ഓടുകയായിരുന്നു,വേശ്യാഗൃഹത്തിലേക്ക്.തന്‌റെ സ്‌നേഹഭാജനത്തെ സ്വതന്ത്രയാക്കാൻ,അവളുടെ പരിശു്ദ്ധിക്ക് ഒന്നും ന്ഷ്ടമാകില്ലെന്നു പറയാൻ.പക്ഷേ അതവിടെ എപ്പോളേ അറിഞ്ഞിരുന്നു.
ചന്തു അവിടെയെത്തിയപ്പോളേക്കും വേശ്യാഗൃഹത്തിലെ പെൺകുട്ടികൾ മാനസിയെ ഒരുക്കിനിർത്തിയിട്ടുണ്ടായിരുന്നു,അവൾ എണ്ണതേച്ചു കുളിച്ചിരുന്നു.മാമിസെൻ വാങ്ങിയ പുതിയ വെളുത്ത ചുരിദാർ അവർ ധരിച്ചിരുന്നു.പതിൻമടങ്ങു സുന്ദരിയായിരുന്നു ചന്തുവിന്‌റെ മാനസിയപ്പോൾ.
ചന്തു അകത്തോട്ടു കയറിയപ്പോൾ മാമിസെൻ അവനെ സ്വീകരിച്ചു.
ഒരു താലത്തിൽ ആരതിയുമായി വന്ന് അവർ മാനസിയെ ഉഴിഞ്ഞു.താലത്തിൽ നിന്നു ചുവന്ന കുങ്കുമം അവളുടെ നെറ്റിയിൽ തൊട്ടു.’ഇതു പോലെ കുങ്കുമം നിന്‌റെ സീമന്തരേഖയിലും തൊടാൻ നിനക്കു ഭാഗ്യമുണ്ടാകട്ടെ കുട്ടീ, മംഗല്യഭാഗ്യമാണ് ഒരു പെണ്ണിന്‌റെ ഏറ്റവും വലിയ ഭാഗ്യം. ഒരു പുരുഷന്‌റെ ഭാര്യയായി,കുട്ടികളുടെ അമ്മയായി, നൂറ്റാണ്ടു കാലം പരിശുദ്ധിയോടെ ജീവിക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകളേ.’ അവർ കണ്ണുനീരോടെ പറഞ്ഞു.
മറ്റു പെൺകുട്ടികൾ, വേശ്യാലയത്തിലെ നിർഭാഗ്യവതികൾ…..സന്തോഷത്തോടെയും തെല്ലൊരസൂയയോടെയും ആ രംഗം നോക്കി നിന്നു.
മാനസി പൂത്തുവിടർന്നു നിൽക്കുകയായിരുന്നു.തകർന്നു പോയെന്നു കരുതിയ ജീവിതം നഷ്ടപ്പെട്ടിട്ടില്ലെന്നറിഞ്ഞ ഒരു പെണ്ണിന്‌റെ സന്തോഷം അവളുടെ മുഖത്ത് അലയടിച്ചു.അതിരറ്റ പ്രേമഭാവത്തോടെ അവൾ ചന്തുവിനെ കടാക്ഷിച്ചു നിന്നു.
മാനസി അവന്‌റെ സമീപം വന്നു.അവന്‌റെ കാലുകളിലേക്കു വീണു നമസ്‌കരിച്ചു.’ഹേയ് എന്തായിത്’ അവൻ അവളെ പിടിച്ചുപൊക്കി.
‘എന്തിനാ എന്നെ രക്ഷിച്ചത്, എങ്ങനെയാ എന്നെ രക്ഷിച്ചത്,എവിടുന്നു കിട്ടി ഇത്രയും പണം, പറയ് ‘ അവൾ തേങ്ങലടക്കാനാകാതെ അവൾ ചന്തുവിനോടു ചോദിച്ചു.
‘ഞാൻ ഒരു കട തുടങ്ങുന്നൂന്നു പറഞ്ഞില്ലേ, ആദ്യദിനത്തിൽ തന്നെ 30 ലക്ഷം കിട്ടി.’ അവൻ പറഞ്ഞു.
‘ങേ ശരിക്കും, അതേതു കട’ അവൾ അവിശ്വസനീയതയോടെ ചോദിച്ചു.
‘അതൊക്കെ പിന്നെ പറയാം’ അവളുടെ തോളിൽ കൈവച്ചുകൊണ്ട് അവൻ പറഞ്ഞു.
‘നീയിപ്പോൾ സ്വതന്ത്രയായിരിക്കുന്നു മാനസീ, ഇനി നിന്‌റെ വഴി നിനക്കു നിശ്ചയിക്കാം. ആർക്കും നിന്‌റെ മേൽ ഒരുടമസ്ഥാവകാശവുമില്ല.’ പറഞ്ഞിട്ടു ചന്തു തിരിഞ്ഞുനടന്നു.
അവന്‌റെ കൈകളിൽ അപ്പോഴേക്കും അവളുടെ കൈ പിടിമുറുക്കിയിരുന്നു.
‘എനിക്കു സ്വതന്ത്രയാകണ്ട ചന്തൂ,എനിക്ക് ഈ കൈകളുടെ ഉടമസ്ഥാവകാശത്തിൽ ജീവിക്കണം.ഭാര്യയാക്കാൻ എന്നെ കൊള്ളില്ലെങ്കിൽ ഒരു വെപ്പാട്ടിയായെങ്കിലും മതി.’ അവൾ അതു പറഞ്ഞു നിർത്തിയപ്പോളേക്കും പളുങ്കുപോലുള്ള കണ്ണിൽ നിന്നു നീർ ഒഴുകി.
ചന്തു അവളുടെ കൈയിൽ തിരിച്ചുപിടിച്ചു.അവളെ തോളിലേക്കു ചായ്ചു.
‘വേഗം ഇവിടെ നിന്നു പൊക്കോളൂ മക്കളേ, ഞങ്ങളൊക്കെ ശപിക്കപ്പെട്ട ജന്മങ്ങളാ, ഇവിടെ നിന്നു നിങ്ങളും ശാപ്ം തലയിലേൽക്കേണ്ട’ മാമിസാൻ അവരുടെ അടുക്കലെത്തി പറഞ്ഞു.

ആദ്യം ചന്തുവും അവന്‌റെ കൈപിടിച്ചു മാനസിയും വേശ്യാഗൃഹത്തിനു പുറത്തേക്കിറങ്ങി. എന്നാൽ അപ്രതീക്ഷിതമായി കുറച്ച് അതിഥികൾ അവിടെയുണ്ടായിരുന്നു.
വേശ്യാഗൃഹത്തിന്‌റെ മുറ്റത്ത് മൂന്നു ജീപ്പുകൾ അതിലൊന്നിന്‌റെ ബോണറ്റിൽ ഇരിക്കുന്നു മുനിസാഹിബ്.
‘ഞാൻ വാങ്ങിച്ച പെണ്ണിനേയും കൊണ്ട് എവിടെപ്പോകുന്നെടാ ചന്തൂ.’ ഒരു പുച്ഛച്ചിരിയോടെ മുനിസാഹിബ് അവനോടു ചോദിച്ചു.
ചന്തു ഒന്നന്ധാളിച്ചു നിന്നു. ‘മുനിസാഹിബ് ഞാൻ പണം തന്നതല്ലേ, നിങ്ങളല്ലേ പറഞ്ഞത് ഇവളെയും കൊണ്ടു പോകാൻ’ അവൻ വിളിച്ചു ചോദിച്ചു.
‘ഉവ്വ് നീ പണം തന്നു.അതിനെന്താ,പലരും എനിക്കു പണം തരാറുണ്ട്. പക്ഷേ പെണ്ണിനെ തരൂല്ല, അവളെ അവിടെ വിട്ടിട്ടു വെക്കം പോകാൻ നോക്ക്.’ മുനിസാഹിബ് പറഞ്ഞു.
‘മുനിസാഹിബ് ഇതെന്താണു നിങ്ങൾ വാക്കു പറഞ്ഞതല്ലേ.’ ചന്തു വിളിച്ചു ചോദിച്ചു. പേടിച്ചരണ്ട മാനസി അവന്‌റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു.മൃതിയടഞ്ഞ ഒരു ജീവിതത്തിൽ പ്രതീക്ഷകൾ വന്നു നിറഞ്ഞതാണ്.എന്നിട്ടിപ്പോ വീണ്ടും.
‘ഡാ മുനിസാഹിബ് വാക്കുതരും പക്ഷേ പാലിക്കാറില്ല.പല തന്തയ്ക്കു പിറന്നവൻ എന്നാണു പണ്ട് എന്നെ എല്ലാവരും വിളിച്ചിരുന്നത്,അതിന്‌റെ കുഴപ്പമാകും.പെട്ടെന്നു പോകാൻ നോക്കൂ, ഇല്ലെങ്കിൽ എനിക്കു നിന്നെ കൊല്ലേണ്ടി വരും.’ മുനിസാഹിബ് കൈയിലെ വടിവാൾ കുലുക്കിക്കൊണ്ടു പറഞ്ഞു.
‘ചന്തൂ എന്നെ ഇവിടെ വിട്ടിട്ടു പൊക്കോളൂ, ഇല്ലെങ്കിൽ അവർ നിന്നെ കൊല്ലും’ മാനസി അവന്‌റെ കൈ വിടുവിക്കാൻ ശ്രമിച്ചു. എന്നാൽ അവൻ കൂടുതൽ കരുത്തോടെ ആ കൈകളിൽ മുറുകെ പിടിച്ചു.
ചന്തുവിന്‌റെ നിൽപ്പും ഭാവവും കണ്ട് മുനിക്ക് അരിശം കയറി. ‘പക്കടോ ലഡ്കീ കോ, മാരോ ഉസ് സാലേ കോ.’
മുനിസാഹിബിന്‌റെ കൂടെയുള്ള ഗുണ്ടകൾ ഓടിയെത്തി. അവരിലൊരുത്തന്‌റെ ചവിട്ടേറ്റു ചന്തു ദൂരേക്കു തെറിച്ചുവീണു.അവർ മാനസിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു.അവൾ അലമുറയിട്ടു കരഞ്ഞു.മാമിസാനും പെൺകുട്ടികളും പരിഭ്രാന്തരായി വീടിനകത്തു കയറി കതകടച്ചു.
ചന്തു വീണിടത്തു നിന്നെഴുന്നേറ്റു.’മുനീ വാക്കു പാലിക്കു, പെൺകുട്ടിയെ വിടൂ’ അവൻ പരുഷമായ സ്വരത്തിൽ മുനിസാഹിബിനോടു പറഞ്ഞു.’കഴിയുമെങ്കിൽ വന്നു രക്ഷിക്കൂ ശക്തിമാൻ..നിന്‌റെ പെണ്ണിനെ ഇന്നു ഞാനങ്ങു കൊണ്ടുപോകും.ഇനിയിവളെ സായിപ്പിനു കൊടുക്കുന്നില്ല. ഞാനും എന്‌റെ പയ്യൻമാരും ഇന്നവളെയങ്ങ് അനുഭവിക്കും.നാളെ വല്ലതും ബാക്കിയുണ്ടെങ്കിൽ നീ വന്നു കൊണ്ടുപോയ്‌ക്കോ…’ മുനിസാഹിബ് വഷളച്ചിരിയോടെ പറഞ്ഞു.

ക്ഷമയുടെ നെല്ലിപ്പലക കണ്ടിരുന്നു ചന്തു.അവന്‌റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.ഇതു മുംബൈ പട്ടണമാണെന്നും താൻ എതിരിടുന്നതു കൊടിയ ഗുണ്ടകളോടാണെന്നും അവൻ മറന്നു. മീസാൻ സേഠ് നൽകിയ റിവോൾവർ ഇപ്പോഴുമുണ്ടായിരുന്നു കൈയിൽ.അതവൻ തിരിച്ചു കൊടുത്തിരുന്നില്ല.
പോക്കറ്റിൽ നിന്ന് അവൻ തോക്കു വലിച്ചെടുത്തു.മുനിസാഹിബിനു നേർക്കു നീട്ടി.’ഹേ’ മുനിസാഹിബ് കൈയുയർത്തിയപ്പോഴേക്കും വെടിപൊട്ടി.ആ തന്തയില്ലാത്തവന്‌റെ ഹൃദയത്തിൽ തന്നെ അതു തുളതീർത്തു. ഒരാർത്തനാദത്തോടെ മുനി മറിഞ്ഞുവീണു മരിച്ചു.

മുംബൈയിലെ അധോലോകത്തിനു ഒരു പ്രശ്‌നമുണ്ട്. ഒരു തലവന്‌റെ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് അവർ. തലവൻ നഷ്ടപ്പെട്ടാൽ എത്ര കരുത്തുറ്റ സംഘവും നിലംപൊത്തിവീഴും.അവർക്കു പിന്നെ നിലനിൽപില്ല.
മുനിസാഹിബ് വെടിയേറ്റു വീണതോടെ ഗുണ്ടകൾ നാലുപാടും ചിതറിയോടി അപ്രത്യക്ഷരായി.അവർ നന്നായി പേടിച്ചിരുന്നു.ചന്തുവിന്‌റെ കൈയിൽ തോക്കു കാണുമെന്നു സ്വപ്‌നത്തിൽ പോലും മുനിസാഹിബും വിചാരിച്ചു കാണില്ല.ഏതായാലും ആ ഗുണ്ടാത്തലവൻ മരിച്ചു വിറങ്ങലിച്ചു തെരുവിൽ കിടന്നു.

ചന്തു താഴേക്കു കുത്തിയിരുന്നു.താനൊരു കൊലപാതകിയായെന്ന സത്യം അവനെ വീർപ്പുമുട്ടിച്ചു. ഈശ്വരാ, ഇനിയെന്തെല്ലാം നേരിടേണ്ടി വരും. പൊലീസ് അറസ്റ്റുചെയ്യും, പിന്നെ ജയിൽ അല്ലെങ്കിൽ തൂക്കുകയർ.ജീവിതത്തിനു വീണ്ടും ഒന്നു നിറം പിടിച്ചുവരികയായിരുന്നു.എല്ലാം തകർന്നല്ലോ
അവൻ അവിടിരുന്നു പൊട്ടിക്കരഞ്ഞു.
തോളിൽ ഒരു കരതലം അമർന്നപ്പോളാണ് അവൻ തിരിഞ്ഞു നോ്ക്കിയത്. മാനസിയായിരുന്നു.ആശ്വസിപ്പിക്കുന്ന ഒരു മുഖഭാവം അവൻ അവളിൽ കണ്ടു.
‘നമുക്കിവിടെ നിന്നു പോകാം ചന്തൂ, വേഗം പോകാം..’ പതർച്ചയ്ക്കിടയിലും അവൾ പറഞ്ഞു.
എങ്ങോട്ടു പോകുമെന്ന ചോദ്യം ഉ്ണ്ടായിരുന്നു. ചന്തുവും മാനസിയും പോയതു തമ്പിയുടെ അടുക്കലേക്കാണ്. കാര്യങ്ങളറിഞ്ഞ തമ്പി ഞെട്ടിത്തരിച്ചു,കുറച്ചുനേരം ആലോചിച്ച ശേഷം അവൻ ചന്തുവിനോടു പറഞ്ഞു
‘നീയെന്തായാലും ഇപ്പോൾ പൊലീസിനു പിടികൊടുക്കരുത്, എവിടെയെങ്കിലും ഒളിച്ചുതാമസിക്കണം.’
‘എവിടെ’ ചന്തു ചോദിച്ചു.
‘മുംബൈ പൊലീസിന് ഏറ്റവും പേടിയുള്ളിടത്ത്, ധാരാവിയിൽ’ അവൻ പറഞ്ഞു.
തമ്പി പറഞ്ഞതു ശരിയായിരുന്നു. ധാരാവി എന്നു കേട്ടാൽ മുംബൈ പൊലീസ് കയറാൻ രണ്ടു തവണ ആലോചിക്കും.തന്നെക്കാൾ വലിയ കുറ്റകൃത്യങ്ങൾ ചെയ്തവർ അവിടെ കാലങ്ങളോളം താമസിക്കുന്നുണ്ട്.
അങ്ങനെ തമ്പിയുടെ ഉപദേശപ്രകാരം ധാരാവിയിലെ ഒരു കുടിലിൽ ചന്തുവും മാനസിയും ഒളിച്ചുതാമസിച്ചു.ഓരോ നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ചാണു ച്ന്തു കഴിഞ്ഞത്. അതിനാൽ മാനസിയോട് ഒന്നു മിണ്ടാനുളള മാനസികാവസ്ഥ പോലും അവനുണ്ടായിരുന്നില്ല.ഇടയ്ക്കിടെ പൊലീസ് തന്നെ അറസ്റ്റു ചെയ്യുന്നതു സ്വപ്‌നം കണ്ട് അവൻ ഉറക്കത്തിൽ നി്ന്നു ഞെട്ടി ഉണർന്നു.അവൻ ഉറങ്ങാതായി.
എന്നാൽ സ്ഥിതി മറ്റൊന്നായിരുന്നു.
മുനിസാഹിബ് ചൗപ്പാട്ടിയിലെ ഗുണ്ടാനേതാവും പൊലീസിന്‌റെ വലംകൈയുമൊക്കെയായിരുന്നു എന്നതു ശരി തന്നെ. എന്നാൽ ഇടയ്ക്ക് അവൻ പൊലീസിനും മേലേ കയറിക്കളിക്കാൻ തുടങ്ങിയിരുന്നു. പൊലീസ് പറയുന്നത് കുറേക്കാലമായി അവൻ അനുസരിക്കാറില്ല. ബീച്ചിനടുത്ത് ഒരു പട്രോൾ സംഘത്തെ മുനിസാഹിബും കൂട്ടുകാരും ഇതിനിടയ്ക്ക് അടിച്ചു മൃതപ്രായരാക്കിയത് പൊലീസുകാർക്കിടയിൽ വലിയ ഇഷ്യു ആയിരുന്നു.ഇതിനിടെ ചൗപ്പാട്ടിയിലെ പൊലീസ് ഇൻസ്‌പെക്ടറുടെ ഭാര്യയോട് അപമര്യാദയായി പെരുമാറാനുള്ള ധൈര്യവും അവനുണ്ടായി. മുനിസാഹിബിനെ ഏതെങ്കിലും വ്യാജ എൻകൗണ്ടറിൽ തീർക്കാനായി തക്കം പാർത്തിരിക്കുകയായിരുന്നു പൊലീസ്.
അതിനിടയിലാണു ചന്തു അവനെ വെടിവച്ചുകൊന്നത്. ഇതു പൊലീസിന്‌റെ ജോലി കുറച്ചു. കൂടുതൽ അന്വേഷിക്കാൻ ഒന്നും അവർ മിനക്കെട്ടില്ല. അപകടമരണമെന്ന നിലയിൽ കേസ് ക്ലോസ് ചെയ്തു.ഗുണ്ടകൾ മരിച്ചുകഴിഞ്ഞാൽ അവർക്കു വേണ്ടി നിയമപ്പോരാട്ടം നടത്താൻ ആരുമുണ്ടാകില്ല. അങ്ങനെ മുനിസാഹിബിനെ എന്നന്നേക്കുമായി മുംബൈ പൊലീസ് എഴുതിത്തള്ളി.ചന്തുവിനെ തേടി പിന്നെയൊരു പൊലീസും എത്തിയില്ല.
എന്നാൽ മറ്റു ചിലർ അവനെ തേടിയെത്തി. മീസാൻ സേട്ടിനു ചരക്കെത്തിച്ചതും മുനിസാഹിബിനെ കൊന്നതും അധോലോകവൃത്തങ്ങൾക്കിടയിൽ അവനെ പ്രശസ്തനാക്കിയിരുന്നു.കൂടുതൽ അസൈൻമെന്‌റുകൾ അവനു ലഭിച്ചു,സ്മഗ്ലിങ്ങായിരുന്നു കൂടുതലും.
ചന്തുവിന് അതേറ്റെടുക്കാതെ നിവൃത്തിയില്ലായിരുന്നു.അധോലോകത്തിൽ ഒരിക്കൽ പെട്ടാൽ പിന്നെ അതിൽ നിന്നു രക്ഷപ്പെടുന്നത് മിനക്കേടാണ്.അധോലോക പശ്ചാത്തലമുള്ളയൊരാൾക്ക് മറ്റു ജോലികൾ ലഭിക്കാനും പ്രയാസമാണ്. തനിക്കു കിട്ടിയ അസൈൻമെന്‌റുകൾ ചന്തു ഏറ്റെടുത്തു.ഇത്തവണ തമ്പിയും അവനൊപ്പം കൂടി.കരവഴിയും കടൽവഴിയും അവൻ ചരക്കുകൾ കൃത്യസ്ഥാനത്തെത്തിച്ചു. മാനസിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അവൻ

കണക്കിലെടുത്തില്ല.അവൾക്കു ചെറിയ മോഹങ്ങളെ ഉണ്ടായിരുന്നുള്ളൂ,മുംബൈ വിട്ട് എങ്ങോട്ടെങ്കിലും പോയി ചന്തുവിനൊപ്പം ജീവിക്കണം. പട്ടിണിയാണെങ്കിലും പ്രശ്‌നമില്ല.
മാനസി ഇപ്പോഴും അവന്‌റെ ഭാര്യയായിരുന്നില്ല.അവർ തമ്മിൽ മറ്റു ബന്ധങ്ങളുമുണ്ടായിരുന്നില്ല.ഒരേ കുടിലിൽ താമസിക്കുന്ന രണ്ടു പേർ.
ഏറ്റെടുത്ത ദൗത്യങ്ങളൊക്കെ വിജയമായതോടെ ചന്തുവിനു നിൽക്കാൻ സമയമില്ലാതായി. അവന്‌റെ കൈയിൽ പണവും നിറഞ്ഞു.ലോഖണ്ട്വാലയിൽ ഒരു രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റെടുത്ത് ചന്തുവും മാനസിയും അങ്ങോട്ടേക്കു മാറി.
ഇതിനിടയിൽ ഒരു ശുഭമുഹൂർത്തത്തിൽ ഒരു ക്ഷേത്രനടയിൽ വച്ച് ചന്തു മാനസിയെ മിന്നുകെട്ടി. മീസാൻ സേട്ടും തമ്പിയും മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്.അവർ തന്നെ സാക്ഷികളുമായി.മാനസി അവർക്കെല്ലാം പായസവും കാരറ്റ് ഹൽവയും നൽകി സത്കരിച്ചു. അവളുടെ ഏറ്റവും വലിയ ആഗ്രഹം.ഈ ജീവിതത്തിൽ നടപ്പാകില്ലെന്നു കരുതിയ ആഗ്രഹമാണു സാക്ഷാത്കരിച്ചത്. ഒരു പാവം പെണ്ണിന്‌റെ വിവാഹമെന്ന സ്വപ്നം.
ലോഖണ്ഡ്വാലയിലെ കിടപ്പുമുറിയിൽ നിറഞ്ഞ മനസ്സോടെ മാനസി ചന്തുവിന് ആദ്യചുംബനം നൽകി.അവളുടെ ചുണ്ടുകൾ അവന്‌റെ മുഖത്തു പരതി നടന്നു.കൈകൾ അവനെ വരിഞ്ഞുമുറുക്കി.
പിടിവിടാൻ മനസ്സില്ലായിരുന്നു മാനസിക്ക്, പിടിയിൽ നിന്നു മോചിതനാകാൻ അവനും. ഗുജറാത്തിപ്പെണ്ണിന്‌റെ അലൗകികമായ ഉടലഴക് അവന്‌റെ ശരീരത്തേക്ക് ഒരു മഴ പോലെ പെയ്തിറങ്ങി.ഒരുപാടു നേരം നീണ്ടു നിന്ന വേദനയുടെയും ചാരിതാർഥ്യത്തിന്‌റെയും പ്രണയത്തിന്‌റെയും നിമിഷങ്ങൾ.ലക്ഷങ്ങൾ പലരും വിലപറഞ്ഞ കന്യകാത്വം തന്‌റെ ജീവിതത്തിലെ ഇഷ്ടപുരുഷനു തന്നെ സമ്മാനിച്ച ചാരിതാർഥ്യത്തോടെ മാനസി കട്ടിലിൽ നിന്നെഴുന്നേറ്റു.അവരുടെ ബെഡ്ഷീറ്റിൽ ചുവന്ന ചോരത്തുള്ളികൾ അങ്ങിങ്ങു വീണു കിടപ്പുണ്ടായിരുന്നു. അതിലേക്ക് അവൾ വല്ലാത്തൊരിഷ്ടത്തോടു നോക്കി.
ആദ്യസമാഗമത്തിന്‌റെ ക്ഷീണത്തിൽ ചന്തു ഉറക്കമായിരുന്നു. അവൾ അവനരികിൽ ചെന്ന് അവന്‌റെ മുടിയിൽ തലോടി.അവനു ദൃഷ്ടിദോഷം ഉണ്ടാകാതെയിരിക്കാൻ ഇരു മുഷ്ടികളും മടക്കി അവന്‌റെ തലയ്ക്കിരുവശവും വച്ചു. എന്നിട്ടു നിലക്കണ്ണാടിയിൽ പോയി തന്‌റെ നഗ്നമേനി നോക്കി നിന്നു.ഒരു ചെപ്പിൽ നിന്ന് അൽപം സിന്തൂരമെടുത്ത് അവൾ തന്‌റെ സീമന്തരേഖയിൽ ചാർത്തി.
താനിനി കന്യകയല്ല, തനിക്കൊരു അവകാശിയുണ്ടായിരിക്കുന്നു.
വളരുകയായിരുന്നു ചന്തു. അനുദിനം. അവന്‌റെ സംഘത്തിലേക്ക് ഒട്ടേറെപ്പേർ ചേർന്നു. തമിഴ്‌നാട്ടുകാരനായ പാണ്ഡ്യൻ, ഹരിയാനക്കാരനായ ഗോവിന്ദ ഖുശ്വാഹ, മറാത്തിയായ ലാൽ ജാംലി പിന്നെ ഒട്ടേറെപ്പേർ.തമ്പിയായിരുന്നു ചന്തുവിന്‌റെ വലംകൈ അഥവാ ഛോട്ടാസാബ്. ചന്തുവിനെ അധോലോകം വേറൊരു പേരിൽ വിളിച്ചുതുടങ്ങി..ചന്തുസാഹിബ്.
ചങ്കുറപ്പുള്ളവനെ ചക്രവർത്തിയാക്കുന്ന നഗരമാണ് മുംബൈ. അവന്‌റെ വിദ്യാഭ്യാസവും കുലവും ഒന്നും ഒരു പ്ര്ശ്‌നമില്ല.എന്തു ചരക്കും മുംബൈയിൽ എ്ത്തിക്കാൻ ചന്തുസാഹിബിനെ ഏൽപിച്ചാൽ മതിയെന്ന് ഒരു മന്ത്രമായി കള്ളക്കടത്തുകാർ ഉരുവിട്ടു.
മറ്റുള്ള അധോലോക സംഘങ്ങളെപ്പോലെയല്ലായിരുന്നു ചന്തുവിന്‌റെ ഗ്രൂപ്പ്. കള്ളക്കടത്തും ഹവാലയും മാത്രമായിരുന്നു അവരുടെ പ്രവർത്തന മേഖല.പൊതുജനങ്ങളിലേക്കിറങ്ങി ഹഫ്ത പിരിക്കുന്നതിൽ നിന്നും അക്രമങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും തന്‌റെ സംഘാംഗങ്ങളെ ചന്തു കർശനമായി വിലക്കി. അതു മൂലം മറ്റുള്ള ഗ്യാങ്ങുകൾ അവനെ വലിയ സ്‌നേഹത്തോടെ കരുതി. മുംബൈയിലെ എല്ലാ അധോലോക നേതാക്കളുമായും ദൃഢസൗഹൃദത്തിലായിരുന്നു ചന്തു.
കൃത്യമായ വരിപ്പണം അവൻ പൊലീസിന്‌റെയും കസ്റ്റംസിന്‌റെയും ഉദ്യോഗസ്ഥർക്കെത്തിച്ചു കൊടുത്തതിനാൽ അവരും ചന്തുവിന് ഒരു

പ്രതിബന്ധമായില്ല. മഹാരാഷ്ട്രയിലെ ഡൂക്കിലി പാർട്ടികൾ മുതൽ വമ്പൻമാർ വരെ എല്ലാവർക്കും കൈയയച്ചു പിരിവു കൊടുക്കാനും ചന്തു മടിച്ചില്ല. അതിനാൽ തന്നെ ഒരു രീതിയിലും അവന് ഒരു ശല്യമോ എതിരാളിയോ ഉണ്ടായില്ല.
ഇതിനിടയിലാണു തനു ജനിക്കുന്നത്. ചന്തുവിന്‌റെയും മാനസിയുടെയും ഓമനപുത്രൻ. അവൻ ജനിച്ചതോടെ ചന്തു ആളാകെ മാറി. സാഹസികനായ അധോലോക നേതാവിന്‌റെയുള്ളിൽ പിതൃസ്‌നേഹമെന്ന കരിക്കിൻവെള്ളം നിറഞ്ഞു.തിരക്കുകൾ ഒഴിവാക്കി കൂടുതൽ നേരം വീട്ടിൽ ചെലവഴിച്ചു തുടങ്ങി.
ഇത്രനാളും സാഹസികനായിരുന്നു അവൻ. എല്ലാം വെട്ടിപ്പിടിക്കണമെന്ന വാശി മാത്രം.എന്നാൽ ഇപ്പോൾ അവൻ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങി. തനു വലുതാകുന്നത്.അവൻ വിദ്യാഭ്യാസം നേടുന്നത്.അവന്‌റെ കല്യാണത്തിന് അവന്‌റെ മൂർധാവിൽ കൈ വച്ചനുഗ്രഹിക്കുന്നത്, അവന്‌റെ കുട്ടികളുടെ പേരിടീൽ കർമം അപ്പൂപ്പനെന്ന നിലയിൽ നടത്തുന്നത്.ഒരു ശരാശരി പിതാവിന്‌റെ സ്വപ്‌നങ്ങൾ. തന്‌റെ ഭാവിയെ ഇതാദ്യമായി ചന്തു പേടിക്കാൻ തുടങ്ങി. നിലയില്ലാ കയമാണ് അധോലോകം. നീന്തലൊന്നു പിഴച്ചാൽ പടുമരണമായിരിക്കും ഫലം.പക്ഷേ തനിക്കു മരിക്കാൻ പറ്റില്ല. തനിക്കു ജീവിക്കണം.തനുവിന്‌റെ വളർച്ചയുടെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട്.
അങ്ങനെയൊരു ദിവസം ചന്തു അധോലോകത്തോടു ഗുഡ്‌ബൈ പറഞ്ഞു.തമ്പിയോട് തലവനാകാൻ ആവശ്യപ്പെട്ടപ്പോൾ മറുപടി ഇതായിരുന്നു.
‘ചന്തൂ നീ രാമനാണ്.ഞാൻ ഹനുമാനും. രാമൻ എവിടുണ്ടോ അവിടെത്തന്നെയുണ്ടാകും ഹനുമാൻ. നീ വിട്ടാൽ ഞാനും വിടുന്നു.’ലാൽ ജാംലി പുതിയ തലവനായി.
ചന്തു ഇതിനിടയിൽ നന്നായി സമ്പാദിച്ചിരുന്നു.പോരാത്തതിന് വളർത്തിയെടുത്ത ധാരാളം ഉന്നതതല ബന്ധങ്ങളും. അതു വച്ച് ബിസിനസ് തുടങ്ങാൻ അവൻ തീരുമാനിച്ചു. അങ്ങനെ അവൻ കമ്പനി രൂപീകരിച്ചു.
മാനസി ഗ്രൂപ്പ്.
റിയൽ എസ്റ്റേറ്റു മുതൽ ചില്ലറ വിതരണം വരെ.സിനിമാതീയറ്ററുകൾ, ഫിലിം പ്രൊഡക്ഷൻ, എക്‌സ്‌പോർട്ടിങ്…..വിവിധമേഖലകളിൽ മാനസി ഗ്രൂപ്പ് പടർന്നു പന്തലിച്ചു.ചന്തുവിന്‌റെ അക്കൗണ്ടിൽ പണം നിറഞ്ഞു കവിഞ്ഞു. 30 വയസ്സ് പിന്നിട്ടപ്പോളേക്കും ശതകോടീശ്വരൻ എന്ന നിലയിലായിരുന്നു അവൻ.തമ്പിയായിരുന്നു ഇവിടെയും വലംകൈ.ചന്തുവിനോടുള്ള അവന്‌റെ സ്‌നേഹം ആത്മാർഥതയായി പടർന്നു പന്തലിച്ചു.
ബാന്ധ്രയിലും ഹിരാനന്താനിയിലും അന്ധേരിയിലുമൊക്കെ ആഢംബര വില്ലകൾ, പൻവേലിൽ ഏക്കറുകൾ വരുന്ന എസ്റ്റേറ്റും ബംഗ്ലാവുകളും, മലബാർ ഹിൽസിൽ ഗോൾഫ് കോഴ്‌സും റിസോർട്ടും.പോർച്ചുകളിൽ ഡസൻ കണക്കിനു വിദേശനിർമിത കാറുകൾ. ചന്തു വീണ്ടും മാറുകയായിരുന്നു. മുംബൈ അവനെ പുതിയൊരു പേരിൽ വിളിച്ചുതുടങ്ങി.

ചന്ദ്രശേഖർ മേനോൻ. ദി ബിസിനസ് ടൈക്കൂൺ ഫ്രം കേരള.
തേങ്കുറിശ്ശിയലും കുറേസ്ഥലം വാങ്ങി അവിടെയൊരു ബംഗ്ലാവ് അവൻ പണികഴിപ്പിച്ചു.കേരളത്തിലെ സുഹൃത്തുക്കളാണ് അതു നടത്തിക്കൊടുത്തത്. ചന്തു പിന്നീട് നാട്ടിലേ പോയിട്ടില്ലായിരുന്നു.
മാനസിക്കു പിന്നീടൊരിക്കലും ദുഖിക്കേണ്ടി വന്നിട്ടില്ല.ഭർത്താവിനു പിന്നിൽ ഒരു പാറ പോലെ അവൾ ഉറച്ചുനിന്നു.മിക്കപ്പോളും അവൾ അവനെ ചന്തുവെന്നു വിളിച്ചു. ഭയങ്കരസ്‌നേഹം വരുമ്പോൾ ച്‌ന്ത്വേട്ടൻ, സ്‌നേഹവും ബഹുമാനവും കൂടി വരുമ്പോൾ പതിദേവ് എ്ന്നും വിളിച്ചു. അവൾക്കവൻ ദൈവമായിരുന്നു.അപമാനത്തിന്‌റെ കുഴിയിൽ നിന്നു ജീവൻ പണയം വച്ചു തന്നെ രക്ഷിച്ച തന്‌റെ പതിദേവൻ.
മാനസിയുടെ കാര്യത്തിൽ ചന്തുവിന് ഒരു കോംപ്രമൈസും ഇല്ലായിരുന്നു. വിലകൂടിയ തുണിത്തരങ്ങൾ കൊണ്ടും ആഭരണങ്ങൾ കൊണ്ടും അവൻ അവളുടെ പൂവുടൽ മൂടി.അവൾ വീട്ടിലുടുക്കുന്ന വസ്ത്രത്തിനു പോലും ലക്ഷങ്ങൾ വിലമതിച്ചു.ആഢംബരത്തിൽ വലിയ താൽപര്യമില്ലായിരുന്നു മാനസിക്ക്. എന്നാലും ഭർത്താവിന്‌റെ താൽപര്യം മനസ്സിലാക്കി സന്തോഷത്തോടെ അവൾ അതെല്ലാം ധരിച്ചു.

ഓർമകളുടെ കുത്തൊഴുക്ക്,ചായ കുടിച്ചു കപ്പ് മേശപ്പുറത്തു വച്ച് ചന്തു ചിന്താമഗ്നനനായി ഇരുന്നു.
‘നമുക്ക് പോകേണ്ടേ കല്യാണത്തിന്’ മാനസി ചോദിച്ചു.
‘പോണോ, എന്താ നിന്‌റെ അഭിപ്രായം.’ ചന്തു തിരിച്ചു ചോദിച്ചു.
‘പോണം.അവർ ഇത്രകാലം കഴിഞ്ഞു വിളിച്ചതല്ലേ.മാത്രമല്ല, ചന്തുവിന്‌റെ നാട് ഞാനിതുവരെ കണ്ടിട്ടില്ലാല്ലോ, അവിടത്തെ നമ്മുടെ വീടും കണ്ടിട്ടില്ല,നമുക്ക് പോകാം, തനുവിനേം കൊണ്ടുപോണം.അച്ഛന്‌റെ ബന്ധുക്കളെ അവനും കാണണ്ടേ.’
‘പോകാം നമുക്ക് പോകാം…’ തല കുലുക്കിക്കൊണ്ടു ചന്തു പറഞ്ഞു.

………………………………………………….
മായയുടെ കല്യാണത്തിനു രണ്ടു ദിവസം മുൻപാണു ചന്തു നാട്ടിലെത്തയത്. തന്‌റെ ആഡംബരക്കാറായ റോൾസ് റോയ്‌സ് ഗോസ്റ്റിൽ.തെങ്കുറിളശ്ശിയിൽ ആദ്യമായാകും അങ്ങനെയൊരു കാർ എത്തിയിരിക്കുക.നാട്ടുകാരെല്ലാം തടിച്ചുകൂടി.ചന്തുവും മാനസിയും മകൻ തനുവും പിന്നെ മുംബൈയിൽ നിന്നു ചന്തുവിന്‌റെ വിശ്വസ്ത ഡ്രൈവറായ അച്ചായനെന്ന ജേക്കബുമായിരുന്നു കാറിൽ.
തെങ്കുറിശ്ശിയിലേക്കെത്തിയതും ചന്തു കാർ ഒന്നു നിർത്താൻ പറഞ്ഞു,അവൻ വെളിയിലിറങ്ങി ആ മണ്ണിന്‌റെ ഗന്ധമുള്ള വായു അൽപനേരം ശ്വസിച്ചു,നിറഞ്ഞ പച്ചപ്പും തെളിനീരും പുൽപ്പാടങ്ങളമുള്ള തന്‌റെ തേങ്കുറിശ്ശി.
അവന്‌റെ ഉള്ളിൽ ഗൃഹാതുരത്വത്തിന്‌റെ ഓർമകൾ അലയടിച്ചുവന്നു. 10 വർഷങ്ങൾക്കു മുൻപ് ആരായിരുന്നു താൻ. ഈ തേങ്കുറിശ്ശിയും പാലക്കാടുമാണ് ലോകമെന്നു ധരിച്ചുനടന്ന ഒരു പാവം ഇരുപത്തിനാലുകാരൻ. ഇന്നു 35ാം വയസ്സിലേക്കു കടക്കുമ്പോൾ താനാരാണ്. യുദ്ധങ്ങൾ ഒരുപാടു ജയിച്ച, സാമ്രാജ്യങ്ങൾ പിടിച്ചടക്കി തന്‌റേതാക്കിയ ഒരു വ്യവസായചക്രവർത്തി.
ഏറമംഗലം തറവാട്ടിലേക്കു പോകുന്നതിനു മുൻപ് താൻ തേങ്കുറിശ്ശിയിൽ പണികഴിപ്പിച്ച വീട്ടിലൊന്നു പോണമെന്നു ചന്തുവിനു തോന്നി.മാനസിയുടെയും അഭിപ്രായം അതായിരുന്നു.ഇതുവരെ അവരാരും ആ വീടു നേരിൽ കണ്ടിട്ടില്ല. പണിതീർന്ന ശേഷം നാണു വാര്യർ എന്നൊരാളെ കാര്യസ്ഥനാക്കി നോക്കാനേൽപിച്ചിരിക്കുകയായിരുന്നു.
പുഴയോരത്തോടു ചേർന്നായിരുന്നു ചന്തുവിന്‌റെ മനോഹരമായ ആ വീട്.മാനസി പാലസെന്നായിരുന്നു അതിന്‌റെ പേര്.പേരു പോലെ തന്നെ ഒരു കൊട്ടാരമായിരുന്നു അത്. വിസ്തൃതമായ ലോണുകളും നിറയെ ചെടികളും മരങ്ങളുമൊക്കെയുള്ള മുറ്റം കടന്നു കാർ മാനസി പാലസിന്‌റെ പോർച്ചിൽ വന്നു നിന്നു.
‘അച്ചാ എന്തൊരു പംഗി…’ കൊച്ചു തനു ഇറങ്ങിയതും പൂന്തോട്ടത്തിലേക്കോടി. എട്ടുവയസ്സുകാരനായ തനുവിന് കേരളം നന്നായി ഇഷ്ടപ്പെട്ടിരുന്നു.
മാനസിമഹൽ വൃത്തിയായി സൂക്ഷിച്ചിരുന്നു നാണു വാര്യർ. മുതലാളിയും കുടുംബവും വരുന്നതറിഞ്ഞ് അയാൾ കിടപ്പുമുറിയുൾപ്പെടെ എല്ലാ്ം ഭംഗിയായി ഒരുക്കിയിട്ടിരുന്നു.
യാത്രാക്ഷീണം തീർക്കാൻ ഒരു കുളി കഴിഞ്ഞിറങ്ങിയ ചന്തുവിനെ മാനസി ഒരു ചായയുമായി എതിരേറ്റു. ‘നല്ല അടുക്കള’ അവൾ അവനോടു പറഞ്ഞു. ചന്തു ചിരിയോടെ ചായവാങ്ങി കുടിച്ചു.
കുറച്ചു സമയത്തിനു ശേഷം ഏറമംഗലത്തേക്കു പോകാൻ അവർ തയാറായി.ഗൂച്ചിയുടെ വിലകൂടിയ വെളുത്ത ഷർട്ടും കറുത്ത പാന്‌റസും ധരിച്ച് അർമാനിയുടെ ഷൂസ് കാലിലും ലക്ഷക്കണക്കിനു രൂപ വില വരുന്ന കാൾട്ടിയറിന്‌റെ വാച്ച് കൈയിലും.പെർഫ്യൂം പൂശുന്നതിനിടെ ചന്തു നിലക്കണ്ണാടിയിലേക്കു നോക്കി. തനിക്കു വന്ന മാറ്റം.വർഷങ്ങൾക്കു മുൻപ് കീറിപ്പറിഞ്ഞ ഷർട്ടും വെയിലേറ്റു കരുവാളിച്ച മുഖവുമായി കണാരേട്ടന്‌റെ തയ്യൽക്കടയിലെ 200 രൂപയുടെ തിരുപ്പൂർ ഷർട് സ്വപ്‌നം കണ്ടു നടന്ന താൻ ഇന്നിടുന്നത് ഡിസൈനർ ഷർട്ടുകൾ.നന്നായി വെളുത്തു ചുവന്നിട്ടുമുണ്ട് താൻ.മുംബൈയിലെ ആഢംബരജീവിതത്തിനു നന്ദി.

‘ഒരു ടൈ കൂടി കെട്ടാമായിരുന്നു, ഇതെന്താ ബിസിനസ് മീ്റ്റിനു പോകുവാണോ ചന്ത്വേട്ടൻ മലയാളിപ്പയ്യൻമാർ ഇടുന്നതു പോലെ ജൂബ്ബയോ വേഷ്ടിയോ ഒക്കെ ധരിച്ചു പൊയ്ക്കൂടെ.ഇതൊരു കല്യാണവീട്ടിൽ പോകുവല്ലേ. ‘
മാനസിയുടെ ആ ചോദ്യം കേട്ടു ചിരിച്ചതേയുള്ളൂ ചന്തു. അവളും നന്നായി ഒരുങ്ങിയിരുന്നു. വിലകൂടിയ നീല ഡിസൈനർ സാരി.കഴുത്തിലും കൈയിലും വജ്രത്തിൽ തീർത്ത ആഭരണങ്ങൾ. ആ വേഷത്തിൽ അവളുടെ ഉത്തരേന്ത്യൻ സൗന്ദര്യം പതിൻമടങ്ങു വർധിച്ചു.അവളെ കാണാൻ ഒരു കരീന കപൂറിന്‌റെ കട്ടാണെന്ന് ചന്തുവിനു പലപ്പോഴും തോന്നിയിട്ടുണ്ട്.
‘വാ പോകാം.’ അവളുടെ തോളിൽ തട്ടി അവൻ പറഞ്ഞു.
ഏറമംഗലം തറവാടിന്‌റെ പടിവാതിൽക്കലെത്തിയപ്പോഴേക്കും തന്‌റെ കാൽ തളരുന്നെന്നു ചന്തുവിനു തോന്നി.അവിടത്തെ കാലിത്തൊഴുത്തുകളിലും വൈക്കോൽകൂനകളിലും പണിയെടുത്ത ദിവസങ്ങൾ. അമ്മാവന്‌റെ കാർക്കശ്യം, ഇ്ച്ഛമ്മായിയുടെ സ്‌നേഹം.രാഗിണിയോടുള്ള പ്രണയം.10 വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്നതിന്‌റെ സങ്കോചം അവനെ പൊതിഞ്ഞു.
ചന്തുവിന്‌റെ കാർ ഗേറ്റു കടന്നെത്തി.ബന്ധുക്കളും മറ്റും അവനെ കാണാനായി അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.പത്തു വർഷമായി ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും മുംബൈയിൽ നിന്നു വരുന്നവർ വഴി എല്ലാവരും അവന്‌റെ വളർച്ച അറിയുന്നുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ബന്ധുക്കൾ അവനെ പൊതിഞ്ഞു.അവരെല്ലാ്ം അവനോടു വിശേഷങ്ങൾ ചോദിച്ചു.സ്ത്രീകൾ മാനസിയുടെ കൈയിൽ പിടിച്ചു കവിളത്തു തഴുകി. തനുവിനെ ആരൊക്കെയോ എടുത്തുയർത്തി.
‘ചന്തു വന്നോ,’ എന്നൊരു ശബ്ദത്തോടെ ഒരാൾ വരുന്നതു കണ്ടു.
അമ്മാവനായിരുന്നു, കാർക്കശ്യം നിറഞ്ഞ അമ്മാവൻ ഒരുപാടു വൃദ്ധനായതു പോലെ.വന്നപാടെ അദ്ദേഹം ചന്തുവിനെ നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു.കൈയിൽ പിടിച്ചു നോക്കി നിന്നു.
‘അമ്മാവനു സുഖാണോ’ ചന്തു ചോദിച്ചു.
‘സുഖമാടാ, എനിക്കു സന്തോഷമായി, മരിക്കും മുൻപേ നിന്നെ ഒന്നു കാണാൻ പറ്റിയല്ലോ’ ആ വൃദ്ധൻ പറഞ്ഞു.
‘എന്‌റെ ചന്തുവേ,’ പൊട്ടിക്കരച്ചിലോടെ ആരോ അടുത്തു വരുന്നത് അവനറിഞ്ഞു. ഇച്ഛമ്മായിയായിരുന്നു.വന്നപാടെ അവർ ചന്തുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.ചന്തു അവരുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.
മാനസിയെ ഇച്ഛമ്മായി കൈപിടിച്ച് അകത്തേക്കു കൊണ്ടുപോയി.
‘ചന്തോന്‌റെ പെണ്ണിനെ കണ്ടോ, സിനിമാനടീനെ പോലുണ്ട്,’ അകായിൽ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോളാണ്.ബന്ധുക്കൾ ചന്തുവിനെ വിട്ടു പോയിരുന്നു.തനു അവനോടൊട്ടി നിൽക്കുകയായിരുന്നു.
ചന്ത്വേട്ടൻ എപ്പോൾ വന്നു എന്നൊരു ചോദ്യം.
പരിചിതമായ സ്വരം,ഒരിക്കൽ എന്നും കേൾക്കാൻ കൊതിച്ച സ്വരം.ചന്തു തിരിഞ്ഞു നോക്കി.
രാഗിണി…..
അവളെ കണ്ടപ്പോൾ അവനു വിശ്വസിക്കാനായില്ല, ആകെ കോലം കെട്ടു പോയിരുന്നു രാഗിണി.ഒരു സാധാരണ സാരിയും ബ്ലൗസുമായിരുന്നു വേഷം.നന്നേ സുന്ദരിയായിരുന്ന അവൾ മെലിഞ്ഞുണങ്ങിയിരുന്നു.കൺതടങ്ങളിൽ കറുപ്പ്.
‘കുറച്ചുനേരായി..’ നീണ്ട കാലത്തിനു ശേഷം സംഭവിച്ച ആ സമാഗമത്തിന്‌റെ ഭാവമൊന്നും പുറത്തു പ്രകടിപ്പിക്കാതെ അവൻ ഉത്തരം നൽകി.
രാഗിണി തനുവിനെ നോക്കി കൈയാട്ടി വിളിച്ചു. അവൻ പോകാതെ ചന്തുവോട് ഒ്ട്ടി നിന്നു.
‘ചെല്ല് ‘ ചന്തു അവനോടു പറഞ്ഞു.
‘നിന്‌റെ അമ്മായിയാ കുട്ടാ, വാ അമ്മായീടെ അടുക്കൽ വാ.’അവൾ അങ്ങനെ പറഞ്ഞു വിളിച്ചപ്പോൾ തനു അവൾക്കരികിലേക്കു ചെന്നു.അവനെ വാരിയെടുത്ത് തലമുടിയിൽ തലോടി അവൾ ഉമ്മ വച്ചു.

‘ചന്ത്വേട്ടനെ പോലെ തന്നേണ്ട് ഇവനെ കാണാൻ’ അവനെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് രാഗിണി പറഞ്ഞു.
‘ഊം, നിനക്കു സുഖമാണോ, ഭർത്താവും മക്കളുമൊക്കെ ഇവിടുണ്ടോ’ ഔപചാരികമായ സ്വരത്തിൽ ചന്തു ചോദിച്ചു.
‘സുഖം’ അവൾ പറഞ്ഞു.ഭർത്താവിനെപ്പറ്റി അവളൊന്നും പറഞ്ഞില്ല. എന്തൊക്കെയോ പറയാനുണ്ടായിട്ടും മിണ്ടാതെ അവൾ നിന്നു.
രാഗീ…അകായിൽ നിന്ന് ആരോ വിളിച്ചു.
‘എന്നെ വിളിക്കുന്നു, ഞാൻ പോട്ടെ ചന്ത്വേട്ടാ, പിന്നെക്കാണാം.അവൾ പറഞ്ഞു.’ ചന്തു തലകുലുക്കി.
അവളകത്തേക്കു പോയി,തനുവിനെയും അവൾ ഒപ്പം കൊണ്ടുപോയി.
അവളെപ്പറ്റി അധികം ചിന്തിക്കാൻ പിന്നീട് ചന്തുവിനു സമയം കിട്ടിയില്ല,ബന്ധുക്കളും നാട്ടുകാരും പഴയ സുഹൃത്തുക്കളുമൊക്കെ പരിചയം പുതുക്കാനായി അവന്‌റെ അരികിൽ വന്നു.സമ്പന്നൻ കാന്തത്തെപ്പോലെയാണ്. ആളുകളെ ആകർഷിക്കാൻ അവർക്കു പറ്റും.
മാനസി പെട്ടെന്നു തന്നെ തറവാട്ടിലെ ആളുകളുമായി ഇണങ്ങി. മുംബൈയിലെ ശതകോടീശ്വരന്‌റെ ഭാര്യ എന്ന നാ്ട്യമൊന്നുമില്ലാതെ തന്നെ ഭക്ഷണം തയാറാക്കാനും അതിഥികൾക്കു ചായകൊടുക്കാനുമൊക്കെ അവൾ മുന്നിട്ടിറങ്ങി. വന്ന ആദ്യദിനം തന്നെ ഏറമംഗലത്തെ വീട്ടുകാരിയായി അവൾ മാറി.എല്ലാർക്കും അവളെ നിറയെ ഇഷ്ടമായി.
വൈകുന്നേരം ചന്തുവിന്‌റെ ബന്ധുക്കളിലെ അവന്‌റെ സമപ്രായക്കാരും ചില അടുത്ത സുഹൃത്തുക്കളുമൊക്കെ ഒരു വെള്ളമടി പാർട്ടി പ്ലാൻ ചെയ്തു.താനും തനുവും ഇന്നു മാനസി മഹലിലേക്കു വരുന്നില്ലെന്ന് മാനസി ചന്തുവിനെ നേരത്തെ അറിയിച്ചിരുന്നു. അവർ തറവാട്ടിൽ കിടക്കാണത്രേ.
അതിനാൽ മദ്യപാനം മാനസി മഹലിൽ വച്ചാകാമെന്നു ചന്തു അവരോടു പറഞ്ഞു.അവർ സമ്മതിച്ചു.
ആ വലിയ വീടിന്‌റെ ലോണിൽ അവർ മദ്യപാനത്തിനു വട്ടം കൂട്ടി.ചന്തു മുംബൈയിൽ നിന്നു കുറേ കോണിയാക്കിന്‌റെ കുപ്പികൾ കൊണ്ടുവന്നിരുന്നു. തെങ്കുറിശ്ശിയിൽ ഒത്തു കൂടിയ അവന്‌റെ ബന്ധുക്കളും കൂട്ടുകാരുമൊന്നും ഇത്ര വിലകൂടിയ മദ്യം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല.വിദേശനിർമിത മദ്യത്തിന്‌റെ രുചി അവർ നന്നായി ആസ്വദിച്ചു.
‘എന്നാലും ആ രാഗിണീടെ കാര്യം ആലോചിക്കുമ്പോളാ കഷ്ടം.’ രണ്ടു പെഗ് അകത്തു ചെന്നപ്പോൾ ചന്തുവിന്‌റെ അമ്മാവന്‌റെ മകനായ രാജേട്ടൻ പറഞ്ഞു.
ചന്തുവിനു ജിജ്ഞാസയേറി, ‘രാഗിണിക്ക് എന്തു പറ്റി.’ അവൻ രാജേട്ടനോടു ചോദിച്ചു.
‘അപ്പോ നീയൊന്നുമറിഞ്ഞില്ലേ,’ രാജേട്ടൻ തിരികെ ചോദിച്ചു.
‘ഇല്യാ, ഞാനറിഞ്ഞില്യ,’ അവൻ പറഞ്ഞു.
തുടർന്നാണു രാജേട്ടൻ രാഗിണിയുടെ പിൽക്കാല ജീവിതത്തെക്കുറിച്ചു പറഞ്ഞത്.സുനിൽ ജോർജുമായുള്ള വിവാഹശേഷം കുറച്ചു നാളുകൾ രാഗിണി സന്തോഷവതിയായി മുന്നോട്ടു പോയി.
സുനിൽ ഒരു മ്യുസീഷ്യനായിരുന്നു.അവന്‌റെ പാട്ടിൽ ആകൃഷ്ടയായാണല്ലോ അവരുടെ പ്രേമം പോലും തുടങ്ങിയത്. എന്നാൽ വിവാഹജീവിതം എന്നാൽ പാട്ടും ഗിറ്റാർ വായനയുമല്ലെന്നു രാഗിണി തിരിച്ചറിഞ്ഞില്ല.
പ്രണയനാളുകളിൽ തന്നെ സുനിൽ ലഹരി ഉപയോഗിച്ചിരുന്നു.രാഗിണിക്ക് ഇതറിയാമായിരുന്നു.എന്നാൽ ബാംഗ്ലൂരിൽ ഇതൊന്നും വലിയ സംഭവമല്ലല്ലോ. അവൾ കാര്യമാക്കിയില്ല. എന്നാൽ വിവാഹശേഷമാണ് അതിന്‌റെ ഭീകരത മനസ്സിലായത്. കഞ്ചാവു മാത്രമല്ല, മയക്കുമരുന്നും അവൻ ഉപയോഗിച്ചിരുന്നു.
തറവാട്ടിൽ നിന്നു കിട്ടിയ രാഗിണിയുടെ ഭാഗം മ്യൂസിക് ട്രൂപ്പു തുടങ്ങാനെന്നു പറഞ്ഞ് അവൻ വിറ്റുതുലച്ചു.ട്രൂപ്പ് തുടങ്ങിയെങ്കിലും രണ്ടാം മാസം തന്നെ പൂട്ടി.ഭാഗം വിറ്റുകിട്ടിയ പണം അവൻ മയക്കുമരുന്നു വാങ്ങാനായാണ് ഉപയോഗിച്ചത്.അവന്‌റെ വീട്ടുകാരും അവനെ എഴുതിത്തള്ളി.എന്നിട്ടും എല്ലാം സഹിച്ചു രാഗിണി കൂടെ നിന്നു. ഇതിനിടയിൽ അവൾക്കൊരു പെൺകുട്ടി ജനിച്ചു.രാഗിണി ഉപരിപഠനം ഉപേക്ഷിച്ച് ഏതോ ഒരു കമ്പനിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിക്കു പോയി തുടങ്ങി.
എല്ലാം സഹിക്കാമായിരുന്നു പക്ഷേ…

സുനിൽ ഒരു സ്ത്രീ ലമ്പടനായിരുന്നു.അവന്‌റെ ജീവിതത്തിലെ അനേകം പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു രാഗിണി.വിവാഹത്തിനു മുൻപും വിവാഹത്തിനു ശേഷവും.സ്വന്തം ചേട്ടന്‌റെ ഭാര്യയോടു പോലും സുനിൽ അവിഹിതബന്ധം പുലർത്തിയിരുന്നു.ഇതറിഞ്ഞതോടെ അവൾ പൊട്ടിത്തെറിച്ചു.എന്നാൽ സുനിലിന് അതൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. അതുവരെ രഹസ്യമായി തുടർന്ന ബന്ധങ്ങൾ പരസ്യമായി. സ്വന്തം വീട്ടിൽ വരെ അയാൾ കാമുകിമാരുമായി എത്താൻ തുടങ്ങി.
രാഗിണി രൂക്ഷമായി പ്രതികരിച്ചതോടെ അയാൾ മർ്ദനം തുടങ്ങി.ഒരിക്കൽ അയാൾ രാഗിണിയെ മൃഗീയമായി മർദ്ദിച്ച് അവൾ ആശുപത്രിയിലായി.ഇതറിഞ്ഞ അമ്മാവൻ അവളെ ഇങ്ങു കൂട്ടിക്കൊണ്ടു പോരുന്നു.തുടർന്നു ഡിവോഴ്‌സ്.
‘ഇപ്പോ രാഗിണിയും മോളും തറവാട്ടിലാണു താമസിക്കുന്നത്.സുനിൽ കാരണം ഏറമംഗലം തറവാടു കടം കയറി മുടിഞ്ഞു.ചൊവ്വാദോഷം കാരണമല്ല, കെട്ടിക്കാൻ പണമില്ലാത്തതുകൊണ്ടാണ് മായയുടെ കല്യാണം ഇത്രനാൾ മുടങ്ങിയത്. കല്യാണശേഷം തറവാടു മൊത്തത്തിൽ വിറ്റു കടം വീട്ടാനാ അമ്മാവന്‌റെ പദ്ധതി.എന്നിട്ട് ഏതെങ്കിലും വാടകവീട്ടിൽ താമസിക്കുമത്രേ.’
ഇതെല്ലാമറിഞ്ഞു ചന്തു തരിച്ചിരുന്നു.അവന് ഇതെല്ലാം പുതിയ അറിവുകളായിരുന്നു.
‘ഒന്നോർത്താൽ അവളു നിന്നോടു ചെയ്തതിന്‌റെ ഫലമായിരിക്കും ഇപ്പോൾ അനുഭവിക്കുന്നത്.’ ഒരിറക്കു കോണിയാക്കു കൂടി കുടിച്ചുകൊണ്ടു രാജേട്ടൻ പറഞ്ഞു.
‘നമുക്കു വേറെ വല്ലതും സംസാരിക്കാം രാജേട്ടാ,’ തുടരാൻ താൽപര്യമില്ലാതെ ചന്തു പറഞ്ഞു.പക്ഷേ അവന്‌റെ മനസ്സിൽ ഇപ്പോളും രാജേട്ടൻ പറഞ്ഞ കാര്യങ്ങളായിരുന്നു.എവിടെയൊക്കെയോ കുത്തുന്നതു പോലെ അവനു തോന്നി.
ഇതിനിടയിൽ വേറൊരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു. മാനസിയും രാഗിണിയും നല്ല കൂട്ടായി.കുറച്ചു സമയത്തിനുള്ളിൽ തന്നെ ആത്മാർഥമായ ഒരു സൗഹൃദം അവർ തമ്മിൽ ഉടലെടുത്തു. ചന്തുവിന്‌റെ മുൻകാലകഥകളൊക്കെ മാനസിക്ക് അറിയാമായിരുന്നു.രാഗിണിയെക്കുറിച്ചും അവൾക്കറിയാമായിരുന്നു.എന്നാൽ അവൾക്കു രാഗിണിയോട് ഈർഷ്യയൊന്നും തോന്നിയില്ല. ഒന്നോർത്താൽ നന്ദിയായിരുന്നു. രാഗിണി അന്നു ഒഴിഞ്ഞുപോയതു കൊണ്ടാണല്ലോ അവൾക്കവളുടെ ചന്ത്വേട്ടൻ സ്വന്തമായത്.
രാഗിണിയും മാനസിയും അന്നൊരുമിച്ചാണു കിടന്നത്.തനു ഏതോ കുട്ടികളുമായി കമ്പനിയായി അവർക്കൊപ്പം വേറെ മുറിയിൽ കിടന്നുറങ്ങിയിരുന്നു.രാത്രി മുഴുവൻ മാനസിയോടു തന്‌റെ ജീവിതകഥ പറയുകയായിരുന്നു രാഗിണി.ചന്തുവിന്‌റെ പ്രണയം തട്ടിമാറ്റിയതും സുനിലുമായുള്ള വിവാഹവും പിന്നീടു സംഭവിച്ചതും. നിറകണ്ണുകളോടെ മാനസി അതു കേട്ടിരുന്നു.അവൾക്കു രാഗിണിയോടു സഹതാപം തോന്നി.
കഥ പറഞ്ഞു തീർന്നപ്പോഴേക്കും രാഗിണി പൊട്ടിക്കരഞ്ഞിരുന്നു. മാനസി അവളെ ചേർത്തുപിടിച്ചു. അവളുടെ തലയിൽ മെല്ലെ തലോടി.
‘ഞാൻ മണ്ടിയാണു മാനസി, ചന്തുവേട്ടന് എന്നോടുള്ള സ്‌നേഹം കാണാൻ എനിക്കു സാധിച്ചില്ല.നമ്മൾ സ്‌നേഹിക്കുന്നവരെയല്ല മറിച്ചു നമ്മളെ സ്‌നേഹിക്കുന്നവരെയാണു സ്വീകരിക്കേണ്ടതെന്ന് ഞാൻ മനസ്സിലാക്കിയില്ല.’ രാഗിണി കരച്ചിലിനിടയിൽ പറഞ്ഞു.
‘സാരമില്ല രാഗീ, വിധി അങ്ങനെയായിരിക്കും പോട്ടെ.’മാനസി അവളെ സമാശ്വസിപ്പിച്ചു.’ഈ ജന്മം എനിക്കു ചന്തുവേട്ടനെ നഷ്ടപ്പെട്ടു മാനസീ, പക്ഷേ. ഞാനപേക്ഷിക്കയാ.അടുത്തൊരു ജന്മമുണ്ടെങ്കിൽ ചന്ത്വേട്ടനെ എനിക്കു തരണം.ഞാൻ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി ആ മനുഷ്യനെ ഒരുപാടു സ്‌നേഹിക്കാൻ.’ രാഗിണി പറഞ്ഞു.
മാനസി സ്തബ്ധയായി പോയി.
ഉറങ്ങാൻ കിടന്നെങ്കിലും മാനസിക്ക് ഉറക്കം വന്നില്ല, ഇല്ല രാഗിണി, എന്തുവേണമെങ്കിലും ചോദിച്ചോ ഞാൻ തരാം, എന്‌റെ ജീവനോ സ്വത്തുക്കളോ എന്തും.പക്ഷേ ചന്ത്വേട്ടനെ മാത്രം ചോദിക്കരുത്.വിട്ടുതരില്ല.ഇനിയും ഒരായിരം ജന്മങ്ങളുണ്ടെങ്കിലും ചന്ത്വേട്ടനെ എനിക്കു വേണം.

മനസ്സിൽ അവൾ ആയിരം തവണ ആ ഉത്തരം ഉരുവിട്ടു.
കല്യാണദിവസം പലവിധ ജോലികളിലേർപ്പെടുമ്പോളും മാനസിയുടെ മനസ്സിൽ രാഗിണിയുമായി നടത്തിയ സംഭാഷണമായിരുന്നു.ചന്ത്വേട്ടൻ രാഗിണിയെ തീവ്രമായി പ്രണയിച്ചിരുന്നെന്നാണ് എല്ലാവരും പറയുന്നത്. ആദ്യപ്രണയം ഒരിക്കലും മരിക്കില്ലെന്ന് കേട്ടിട്ടുണ്ട്. ചന്ത്വേട്ടന് ഇപ്പോഴും രാഗിണിയോടു സ്‌നേഹമായിരിക്കുമോ, തന്നേക്കാൾ..ആ ചോദ്യം മനസ്സിൽ ഉയർന്നപ്പോൾ തന്നെ ഉള്ളിൽ ഒരാന്തൽ ഉയർന്നു അവൾക്ക്.
കല്യാണത്തിരക്കുകൾ കഴിഞ്ഞപ്പോൾ കുറച്ചുസമയം ഒറ്റയ്ക്കിരിക്കാൻ ചന്തുവിന് അവസരം കിട്ടി.അപ്പോഴാണ് രാഗിണി അവനു സമീപം എത്തിയത്.
കസേരയിൽ ഇരുന്ന അവന്‌റെ മുൻപിൽ രാഗിണി കുറച്ചുനേരം നിന്നു.
‘ചന്ത്വേട്ടാ,’ അവൾ വിളിച്ചു.
‘ഊം’ അവൻ മെല്ലെ തലപൊക്കി നോക്കിയപ്പോളാണ് അവനെ കണ്ടത്.
‘എന്താ രാഗിണീ’ അവൻ അവളോടു ചോദിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
‘ചന്ത്വേട്ടാ, കഴിഞ്ഞ കുറെക്കാലമായി ഞാൻ ചന്ത്വേട്ടനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു.ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പു പറയാൻ’ അവൾ കലങ്ങിയ കണ്ണുകളോടെ അവനോടു പറഞ്ഞു.
‘ഓഹ് അതൊന്നും സാരമില്ല രാഗിണി,ജീവിതത്തിൽ ഇതെല്ലാം സഹജം’ അവൻ അവളോടു പറഞ്ഞു.
‘അങ്ങനെയല്ല, ചന്ത്വേട്ടന്‌റെ സ്‌നേഹം ഞാൻ വൈകിയാണു മനസ്സിലാക്കിയത്.ഇതെല്ലാം അറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങനെയൊന്നും…’ അവളതു പറഞ്ഞു മുഴുവിപ്പിക്കാൻ ചന്തു സമ്മതിച്ചില്ല. കൈയുയർത്തി അവൻ അവളെ വിലക്കി.
‘വേണ്ട രാഗിണി, ഇതൊന്നും ഇനി പറയേണ്ട.’ കസേരയിൽ നിന്നെണീറ്റു കൊണ്ട് അവൻ പറഞ്ഞു.
‘ഞാൻ തറവാട്ടിൽ മൂരിയെപ്പോലെ പണിയെടുത്തുകൊണ്ടിരുന്ന എട്ടും പൊട്ടും തിരിയാത്ത ചന്തുവല്ല രാഗിണീ ഇപ്പോൾ.ഞാനിപ്പോളൊരു ബിസിനസുകാരനാണ്. നമ്മൾ തമ്മിലുള്ള പഴയ ബന്ധം ഇപ്പോൾ എന്നെ സംബന്ധിച്ച് ഒരു അടച്ച പുസ്തകമാണ്.ബിസിനസുകാർ അടച്ച പുസ്തകങ്ങൾ വീണ്ടും തുറക്കാറില്ല രാഗിണീ.’ അവൻ ഭാവഭേദമില്ലാതെ പറഞ്ഞു.
രാഗിണി മിണ്ടാതെ നിന്നു.ചന്തു തന്‌റെ പോക്കറ്റിൽ നിന്നൊരു കാർഡ് എടുത്തു രാഗിണിക്കു നീട്ടി.’നിന്‌റെ പ്രശ്‌നങ്ങളൊക്കെ ഞാനറിഞ്ഞു രാഗിണി.ഇതെന്‌റെ കേരളാ ഓപ്പറേഷൻസിലെ സെക്രട്ടറി വേണുജിയുടെ കാർഡാണ്. നിനക്ക് കേരളത്തിലെവിടെയും ഇഷ്ടപ്പെട്ട ഒരു ജോലി ശരിയാക്കിത്തരാൻ ഇദ്ദേഹത്തിനു കഴിയും.വേറെ എന്താവശ്യമുണ്ടെങ്കിലും ഇയാളെ വിളിക്കാം.ജോലിയൊക്കെ ചെയ്തു മകളെ ഒക്കെ നല്ലരീതിയിൽ വളർത്തൂ, സാധിക്കുമെങ്കിൽ വേറെ ഒരു വിവാഹവും കഴിക്ക്, നീയിപ്പോഴും ചെറുപ്പമാണ്, ആരെയെങ്കിലുമൊക്കെ ഓർത്ത് ജീവിതം നശിപ്പിക്കാതെ.മകൾ വളർന്നു കല്യാണമൊക്കെയാകുമ്പോൾ എന്നെയും മാനസിയെയും വിളിക്കാൻ മറക്കരുത്.ഞങ്ങൾ തീർച്ചയായും വരും.തനുവിനു കല്യാണമാകുമ്പോൾ നിന്നെയും ഞാൻ വിളിക്കും.അപ്പോൾ വന്നിരിക്കണം.’ അവൻ പറഞ്ഞു നിർത്തി.
രാഗിണി ആ കാർഡ് വാങ്ങുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

ഈ രംഗങ്ങൾ ദൂരെ നിന്നു മാനസി വീക്ഷിച്ചത് ആരുമറിഞ്ഞില്ല.അവളുടെ മനസ്സിൽ ഏതോ ഒരു മഞ്ഞുതുള്ളി വീണു.
ചന്തു അതു കഴിഞ്ഞു നേരെ പോയത് അമ്മാവന്‌റെ അരികിലേക്കാണ്.കല്യാണം കഴിഞ്ഞിട്ടും എന്തോ ചിന്തയിൽ ആകുലനായിരുന്നു ആ പാവം വൃദ്ധൻ. ഇനി വയസ്സാംകാലത്ത് അടച്ചുതീർക്കേണ്ട ബാധ്യതകളെക്കുറിച്ചാകും.
ചന്തു ഒരു ചെക്ക് അമ്മാവനു നേർക്കു നീട്ടി,എന്താണ് അവന്‌റെ ഉദ്ദേശ്യമെന്നു മനസ്സിലായില്ലെങ്കിലും അയാളതു കൈയിൽ വാങ്ങി. അതിലെഴുതിയിരിക്കുന്ന തുക കണ്ട് അദ്ദേഹം ഞെട്ടി സ്തബ്ധനായി നിന്നു.
‘ഇത്’ അമ്മാവൻ ചോദിച്ചു.
‘അമ്മാവനു വൻ കടബാധ്യത ഉണ്ടെന്ന് എനിക്കറിയാം.അതെത്രയായാലും ഈ തുക കൊണ്ടു വീട്ടാനൊക്കും.കുറേയധികം കാശ് അധികവും വരും. ആ പണം ബാങ്കിലിട്ട് അമ്മാവനും അമ്മായിയും ഈ തറവാട്ടിൽ തന്നെ സുഖമായി ജീവിക്കണമെന്നാണ് എന്‌റെ ആഗ്രഹം.’ അവൻ ഒറ്റ വാചകത്തിൽ പറഞ്ഞു.

‘മോനേ…ചന്തൂ…’ കാർക്കശ്യത്തിന്‌റെ സ്വരൂപമായ അമ്മാവൻ തേങ്ങിക്കരഞ്ഞുപോയി. അയാൾ ചന്തുവിനെ കെട്ടിപ്പിടിച്ചു.കവിളിൽ തെരുതെരെ ഉമ്മവച്ചു.
ചന്തുവിന്‌റെ ഉള്ളിൽ ചാരിതാർഥ്യം നിറഞ്ഞു.
താൻ, കടങ്ങൾ വീട്ടിയിരിക്കുന്നു.ഇതായിരുന്നു ജീവിതത്തിൽ അവശേഷിച്ച ഏക കടം.കുറേനേരം കൂടി കഴിഞ്ഞതോടെ എല്ലാവരോടും യാത്ര പറഞ്ഞു ചന്തുവും കുടുംബവും ഏറമംഗലത്തു നിന്നിറങ്ങി.ഇന്നു രാത്രി മാനസി മഹലിൽ താമസിക്കും. നാളെ രാവിലെ മടങ്ങും.കുറച്ചുനാളുകൾ കൂടി നിൽക്കണമെന്നു ചന്തുവിന് ആഗ്രഹം തോന്നിയിരുന്നെങ്കിലും അതു നടക്കില്ലെന്ന് അവനു തന്നെയറിയാമായിരുന്നു. തമ്പി മാത്രമാണു മുംബൈയിലുള്ളത്. ഏറെനാൾ താനില്ലാതെ ഒറ്റയ്ക്കു കാര്യങ്ങൾ നടത്താൻ അവനെക്കൊണ്ടാകില്ല.
സന്ധ്യനേരത്തു മാനസി മഹലിൽ മാനസി വിളക്കു വച്ചു.മുകളിലെ മുറിയിലേക്കു നടക്കുമ്പോളും അവളുടെ ചിന്ത രാഗിണിയെക്കുറിച്ചാണ്. ഇന്നു ചന്ത്വേട്ടൻ അവളോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശരിക്കും അവളോടു സ്‌നേഹം കാണില്ലേ.പണ്ട് ഒഴിവാക്കി വിട്ടതിന്‌റെ ദേഷ്യം തീർത്തതാകില്ലേ ഇന്ന്. പഴയ സ്‌നേഹമൊക്കെ അങ്ങനെയങ്ങു പോകുമോ. അവളുടെ മനസ്സിൽ ആയിരം ചിന്തകളായിരുന്നു.
അവൾ മുറിയിലെത്തി. ചന്തു ബാൽക്കണിയിലുണ്ടായിരുന്നില്ല. മുറിക്കു പുറത്തെ ചാരുകസാലയിൽ ചാഞ്ഞു കിടക്കുകയായിരുന്നു അവൻ.ഒരു കൂർത്തയും മുണ്ടുമായിരുന്നു വേഷം.അടുത്തു വച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റത്തിൽ നിന്നും ഒരു പാട്ടൊഴുകുന്നുണ്ടായിരുന്നു.

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു
സ്വർഗം വിളിച്ചാലും
ഒഴുകി നിൻ ആത്മാവിൻ ആഴങ്ങളിൽ
വീണു പോലിയുമ്പോഴാണെൻറെ സ്വർഗം
നിന്നിൽ അലിയുന്നതേ നിത്യസത്യം

‘ചന്ത്വേട്ടാ,’ കുറച്ചുനേരം അവിടെ നിന്ന ശേഷം അവൾ അവനെ വിളിച്ചു.
‘ങൂം,’ അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു.
‘എന്താ’ അവൻ അവളോടു ചോദിച്ചു.
‘ഇന്നലെ ഞാനും രാഗിണിയും ഒരുമിച്ചാണു കിടന്നത്’ അവൾ പറഞ്ഞു.
‘അതിനിപ്പോൾ എന്താണ്’ ചന്തു അവളോടു ചോദിച്ചു.
‘അവളുടെ ജീവിതത്തിലെ കാര്യങ്ങളെല്ലാം അവളെന്നോടു പറഞ്ഞു.അവൾക്കു തെറ്റു മനസ്സിലായി, ചന്തുവേട്ടന്‌റെ സ്‌നേഹം ഇപ്പോളവൾ തിരിച്ചറിഞ്ഞിട്ടുണ്ട്’ മാനസി പറഞ്ഞു.
‘ആയിക്കോട്ടേ, അതിനിപ്പോ എന്താണ്’ നേരീയ മുഷിപ്പോടെ ചന്തു ചോദിച്ചു.
‘ചന്ത്വേട്ടന് അവളോട് ഒരു ഫീലിങ്‌സും തോന്നണില്ലേ’ ചങ്കിടിപ്പോടെ അവൾ ചോദിച്ചു.
‘എന്തു ഫീലിങ്‌സ് എനിക്കൊന്നും തോന്നണില്ല,’ ചന്തു തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
‘ചന്തുവേട്ടന്‌റെ ആദ്യ സ്‌നേഹമല്ലേ അവൾ, പെഹ് ലി പ്യാർ, അവൾ ഇങ്ങനെ മാറിയതിൽ ഒട്ടും സന്തോഷമില്ലാന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ലാട്ടോ’ അവൾ വീണ്ടും പറഞ്ഞു.
‘മാനസീ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടു പറയണം, ഇങ്ങനെ വളച്ചുകെട്ടിയാൽ എനിക്കു മനസ്സിലാകില്ല കേട്ടോ’ അവൻ ഈർഷ്യയോടെ പറഞ്ഞു.
മാനസി ഒരു നിമിഷം മിണ്ടാതെ നിന്നു.
‘ചന്തുവേട്ടന് എന്നെക്കാളും സ്‌നേഹമായിരുന്നോ രാഗിണിയോട്.എല്ലാവരും പറയുന്നു ചന്തുവേട്ടൻ അവളെ ഒരുപാടു മോഹിച്ചിരുന്നെന്ന്.ഇപ്പോഴും അങ്ങനെയൊക്കെ മനസ്സിലുണ്ടോ.’ അവൾ താഴേക്കു നോക്കി ചോദിച്ചു.
‘ഷട്ടപ്പ’് ചന്തു ബാൽക്കണിയുടെ കൈവരിയിൽ കൈ വലിച്ചടിച്ചു,അവന്‌റെ മുഖം ചുവന്നിരുന്നു.അവന്‌റെ ഭാവപ്പകർച്ച കണ്ട് അവൾ ഞെട്ടിപ്പോയി.സൗമ്യനായ ചന്തുവിനെ മാത്രമേ അവൾക്കു

പരിചയമുണ്ടായിരുന്നുള്ളൂ.
ഒന്നു രണ്ടു നിമിഷം അവൻ നിന്നു ശ്വാസമെടുത്തു.
എന്നിട്ട് മാനസിക്കരികിലെത്തി അവളുടെ തോളുകളിൽ കൈവച്ചു.’വാരണം ആയിരം എന്നു കേട്ടിട്ടുണ്ടോ നീയ്…’ അവൻ അവളോടു ചോദിച്ചു.
‘അതാ തമിഴ് സിനിമയല്ലേ, സൂര്യ അഭിനയിച്ചത്, നമ്മൾ ഒരുമിച്ചല്ലേ അതു ടിവിയിൽ കണ്ടത്.’ അവൾ ചോദിച്ചു. കുട്ടിത്തം നിറഞ്ഞ അവളുടെ മറുപടിയിൽ അവൻ പൊട്ടിച്ചിരിച്ചു.
‘അതേ, അതൊരു സിനിമയാണ്. പക്ഷേ വാരണം ആയിരംന്നു പറഞ്ഞാൽ തമിഴിലെ ഒരു ശ്ലോകമാണ്.’ അവളവനോടു പറഞ്ഞു.
‘എന്നു വച്ചാൽ’ അവൾ മനസ്സിലാകാതെ ചോദിച്ചു.

‘വാരണം ആയിരം എന്നു പറഞ്ഞാൽ ആയിരം ആനകൾ എന്നാണ് അർഥം.ആയിരം ആനകളുടെ കരുത്ത്.’
‘ രാഗിണി എന്‌റെ ആദ്യ സ്‌നേഹമായിരുന്നു.അവൾ പോയപ്പോൾ ഞാൻ ഒരുപാടു വേദനിച്ചു.ലോകത്തിലെ ഏറ്റവും വലിയ വേദന അതാണെന്ന് അന്നു ഞാൻ കരുതി.’ അവനൊന്നു നിർത്തി.
‘പക്ഷേ അതു തെറ്റായിരുന്നു.ഒരു കടിയനുറുമ്പു കടിക്കുന്ന വേദന മാേ്രത ഉണ്ടായിരുന്നുള്ളൂ എന്നു പിന്നീടു ഞാൻ തിരിച്ചറിഞ്ഞു.’

‘പക്ഷേ നീയുണ്ടല്ലോ മാനസി, വാരണം ആയിരമാണ്. ആയിരം ആനകളുടെ കരുത്തോടെയാണ് നീ എന്‌റെ മനസ്സിലുള്ളത്.’ വികാരത്താൽ അവന്‌റെ വാക്കുകൾ മുറിഞ്ഞു.

‘എന്നെ സംശയിക്കരുത്……’

‘ആയിരം രാഗിണിമാർ വരുമോ പോകുകയോ ചെയ്യും.പക്ഷേ മാനസീ, നിന്നെപ്പോലൊരുത്തി ഒരിക്കലേ വരൂ, നീയില്ലെങ്കിൽ ഞാൻ തീർന്നു മാനസി.
നിൻ ആത്മാവിൻ ആഴങ്ങളിൽവീണു പോലിയുമ്പോഴാണെൻറെ സ്വർഗം,നിന്നിൽ അലിയുന്നതേ നിത്യസത്യം ..’അവസാനം കേട്ട സിനിമാപ്പാട്ടിന്‌റെ വരികൾ അവൻ അവൾക്കുവേണ്ടി പാടി.
വസന്തകാലത്തു പൂകൊണ്ടു നിറയുന്ന ഗുൽമോഹർ മരം പോലെ മാനസി പൂത്തുലഞ്ഞു.അവളവനെ തെരുതെരെ ഉമ്മവച്ചു.

‘എന്‌റെ പൊന്നാണ്, ഖൽബാണ്,ജീവനാണ്…മേരി പ്യാരി പതിദേവ്.’

അവനെ കെട്ടിപ്പുണർന്നുകൊണ്ട് അവൾ പറഞ്ഞു.

തേങ്കുറിശ്ശിപ്പാടങ്ങൾക്കപ്പുറം അസ്തമനസൂര്യൻ ഈ രംഗം കണ്ടു നാണിച്ചു ചെതലിമലയുടെ മടിത്തട്ടിലേക്ക് പോയൊളിച്ചു.ഏതോ കോവിലിൽ കത്തിച്ച ചന്ദനത്തിരികളുടെ ഗന്ധം വഹിച്ചുകൊണ്ടു കാറ്റ് മാനസിമഹലിലേക്കു വിരുന്നുമെത്തി.

(പൂർണം)

a
WRITTEN BY

admin

Responses (0 )



















Related posts