Tomboy Love Part 7
Author : Fang leng | Previous Part
ഇത് കേട്ട അർജുൻ കയ്യിലിരുന്ന ബൈക്കിന്റ താക്കോൽ അമലിന്റെ കയ്യിലേക്ക് കൊടുത്തു അച്ഛൻ വാങ്ങി തന്നതല്ലേ മോനല്ലാത്ത സ്ഥിതിക്ക് എനിക്ക് ഇതും വേണ്ട
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് അവിടെ നിന്നിറങ്ങി
റോഡിലേക്കെത്തിയ അർജുൻ എന്തോ ആലോചിച്ചുകൊണ്ട് അല്പനേരം അവിടെ തന്നെ നിന്നു അപ്പോഴേക്കും അർജുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
അമ്മു : അജു…
അർജുൻ : എന്താ അമ്മു
അർജുൻ വേഗം കണ്ണ് തുടച്ചു
അമ്മു : നീ കരയുവാണോ
അർജുൻ : ഹേയ് ഞാൻ വെറുതെ… വാ നമുക്ക് പോകാം
അമ്മു : എല്ലാം ഞാൻ കാരണമല്ലെ അജു… അവർ പറയുന്നതും ശെരിയല്ലേ… ഞാൻ ഒരു സ്വാർത്ഥയാ എല്ലാം അറിഞ്ഞിട്ടും അർജുനെ വിടാതെ….
അർജുൻ : എന്ത് ശെരിയാണെന്ന് നീയും അവരെ പോലെ തുടങ്ങല്ലേ അമ്മു ശെരിക്കും പറഞ്ഞാൽ കുറച്ച് മുൻപേ തന്നെ നമ്മൾ മാറേണ്ടതായിരുന്നു പിന്നെ ഓരോന്ന് ഓർത്തപ്പോൾ അതിന് പറ്റിയില്ല നീ വാ പോകാം
ഇത്രയും പറഞ്ഞു അർജുൻ മുന്നോട്ട് നടന്നു ഒപ്പം അമ്മുവും
അർജുൻ : ആ ബാഗ് കൂടി ഇങ്ങ് തന്നേക്ക് ഞാൻ പിടിക്കാം
അമ്മു : വേണ്ട അജു കുഴപ്പമില്ല
അവർ മുന്നോട്ട് നടന്നു പെട്ടെന്നാണ് ഒരു ഓട്ടോ അങ്ങോട്ടേക്ക് വന്നത് അർജുൻ പതിയെ അതിന് കൈകാട്ടി
“ചേട്ടാ ആ ടവറിന്റെ അടുത്ത് വരെ പോകുമോ ”
“ഉം കയറിക്കോ ”
“വാ അമ്മു ”
അർജുൻ അമ്മുവിനെയും വിളിച്ചുകൊണ്ട് ഓട്ടോയിൽ കയറി
ഓട്ടോ പതിയെ മുന്നോട്ടേക്ക് പോയി
അമ്മു : അജു നമ്മളിത് എങ്ങോട്ടാ
അർജുൻ : ഇന്ന് രാത്രി ഏതെങ്കിലും റൂം എടുക്കാം ബാക്കിയൊക്കെ നാളെ തീരുമാനിക്കാം
ഇത് കേട്ട അമ്മു പിന്നെ അവനോട് ഒന്നും ചോദിച്ചില്ല
അല്പനേരത്തിനുള്ളിൽ തന്നെ സിറ്റിയിലുള്ള ഒരു റെന്റ് എ റൂമിന് മുന്നിൽ അവർ ഇറങ്ങി ശേഷം അതിനുള്ളിലേക്ക് കയറി
“ചേട്ടാ ഒരു റൂം വേണമായിരുന്നു ”
ഇത് കേട്ട റിസപ്ഷനിസ്റ്റ് അർജുനെയും അമ്മുവിനെയും ഒന്ന് നോക്കി
അർജുൻ : എന്താ ചേട്ടാ റൂം ഇല്ലേ
“ഉം ഉണ്ട് എത്ര സമയത്തേക്ക് വേണം ”
അർജുൻ : നാളെ കാലത്ത് വെക്കേറ്റ് ചെയ്തോളാം
“ശെരി ഇവിടെ പേരൊക്കെ എഴുതി ഒപ്പിട് ”
അർജുൻ രെജിസ്റ്ററിൽ ഒപ്പു വച്ചു
“റൂം നമ്പർ 27 ആണ് അങ്ങോട്ടേക്ക് പൊക്കൊ റൂം ബോയ് കീ കൊണ്ടു വരും ”
അർജുൻ : ഇവിടെ കഴിക്കാൻ കാണുമല്ലോ അല്ലേ
“റൂം ബോയോട് പറഞ്ഞാൽ മതി കൊണ്ടുവന്നു തരും ”
അല്പനേരത്തിന് ശേഷം അർജുനും അമ്മുവും റൂമിനുള്ളിൽ
അർജുൻ : അയാളുടെ നോട്ടം കണ്ടില്ലേ നമ്മൾ ഭാര്യയും ഭർത്തവും ആണെന്ന് അയാൾക്ക് പിടികിട്ടിയിട്ടില്ല
എന്നാൽ അമ്മു മറുപടി ഒന്നും പറഞ്ഞില്ല
അർജുൻ : എന്താടി ഇങ്ങനെ എന്തെങ്കിലും പറ ഇല്ലെങ്കിൽ നൂറ് നാവാണല്ലോ
അമ്മു : ഒന്നും പറയാൻ തോന്നുന്നില്ല അജു ആകെ ഒരു മരവിപ്പാ ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല
അർജുൻ : ഇനി എന്താവും എന്ന് ആലോചിച്ചുള്ള പേടിയാണോ
അമ്മു : അതല്ല അജു ഒരു ദിവസം കൊണ്ട് എന്തൊക്കെയാ ഉണ്ടായത് എനിക്ക് ഒന്നും അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല
അർജുൻ : ഇപ്പോൾ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട ദാ ഇതെടുത്ത് കഴിച്ചേ ഇതുവരെ ഒന്നും കഴിച്ചു കാണില്ലല്ലോ
അമ്മു : വേണ്ട അജു ഇപ്പോൾ ഒന്നും ഇറങ്ങില്ല
അർജുൻ : ഇറങ്ങിയില്ലെങ്കിൽ കുത്തി ഇറക്കാൻ ഞാൻ ആരെയെങ്കിലും വിളിക്കാം നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ കഴിച്ചേ എനിക്കും നന്നായി വിശക്കുന്നുണ്ട്
ഇത് കേട്ട അമ്മു ഭക്ഷണം കഴിക്കാൻ തുടങ്ങി ഒപ്പം അർജുനും
അർജുൻ : വേറെ വല്ലതും പറയണോ അമ്മു
അമ്മു : വേണ്ട ഇത് തന്നെ കൂടുതലാ
അല്പനേരത്തിനുള്ളിൽ ഭക്ഷണം കഴിച്ച അവർ കിടന്നു
അർജുൻ : എന്താ അമ്മു കൈ നോവുന്നുണ്ടോ
അമ്മു : ഉം.. ഇപ്പോൾ ചെറുതായിട്ട് വേദന കൂടുന്നുണ്ട്
അർജുൻ : കണക്കായിപോയി… നീ എന്താ അമ്മു വല്ല ബ്ലാക്ക് ബെൽറ്റുമാണോ മതില് കണ്ണാടി എവിയൊക്കെയാ ഇടിക്കുന്നെ
അമ്മു : ബ്ലാക്ക് ബെൽറ്റ് ഒന്നുമല്ല പക്ഷെ കുറച്ച് കാലം ബോക്സിങ് പഠിച്ചിട്ടുണ്ട്
അർജുൻ : ഓഹ് അപ്പോൾ പിന്നെ എവിടെ വേണമെങ്കിലും ഇരിക്കാലോ അല്ലേ
അമ്മു : അജൂന് എന്നോട് ദേഷ്യമാണോ
അർജുൻ : അതെ അതുകൊണ്ടാണല്ലോ ഈ രാത്രി എല്ലാം വിട്ട് നിന്നെയും കൊണ്ടിറങ്ങിയത്
ഇത് കേട്ട അമ്മു അർജുനടുത്തേക്ക് കൂടുതൽ നീങ്ങി കിടന്ന ശേഷം അവനെ കെട്ടിപിടിച്ചു
അർജുൻ : ഇനി ഇങ്ങനെ എന്തെങ്കിലും കാണിച്ചാൽ ഉണ്ടല്ലോ അമ്മു ഇത് ഞാൻ എപ്പോഴും പറയുന്നത് പോലെയല്ല
ഇത്രയും പറഞ്ഞ ശേഷം അർജുൻ അമ്മുവിന്റെ കയ്യിൽ പതിയെ മുത്തി
അർജുൻ : വേദന കുറവില്ലെങ്കിൽ നാളെ ഹോസ്പിറ്റലിൽ പോകാം
അമ്മു : ഉം..
അർജുൻ : അതിരിക്കട്ടെ നീ ബോക്സിങ് പഠിച്ചിട്ടുണ്ടോ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ
അമ്മു : പറയാൻ മാത്രം ഒന്നുമില്ല കുറച്ച് നാൾ പോയി അത്ര തന്നെ മ്യൂസിക് ക്ലാസ്സ് എന്നാ വീട്ടിൽ പറഞ്ഞിരുന്നെ ഒടുവിൽ അച്ഛൻ പൊക്കി
അർജുൻ : എന്റെ അമ്മു നീ ഒരു സംഭവം തന്നെ… ഉം മതി ഉറങ്ങിക്കോ നാളെ നേരത്തേ എഴുനേൽക്കേണ്ടതാ
ഇത്രയും പറഞ്ഞു അർജുൻ കണ്ണടച്ചു
രാത്രി ഒരു ഏങ്ങൽ കേട്ടായിരുന്നു അർജുൻ കണ്ണ് തുറന്നത് അപ്പോൾ അർജുൻ കാണുന്നത് ഉണർന്നു കിടന്ന് കരയുന്ന അമ്മുവിനെയാണ്
അർജുൻ : അമ്മു എന്താടി ഇത്
“സോറി അജു… അജു ഉറങ്ങിക്കോ ”
അമ്മു വേഗം കണ്ണ് തുടച്ചു
അർജുൻ : ഞാൻ നിന്നോട് പറഞ്ഞതല്ലേ ഒന്നും ഓർക്കണ്ടെന്ന്
അമ്മു : പറ്റുന്നില്ലടാ.. വീണ്ടും വീണ്ടും അത് തന്നെ മനസ്സിൽ വരുവാ എനിക്ക് മാത്രം എന്താ ഇങ്ങനെ 😭
അമ്മു പതിയെ അവളുടെ വയറ്റിൽ കൈ വച്ചു
അർജുൻ വേഗം അമ്മുവിനെ കെട്ടിപിടിച്ചു കൂടുതൽ അടുപ്പിച്ചു
അമ്മു : അജു നമുക്ക് കുട്ടികൾ ഉണ്ടാകില്ലേ
അർജുൻ : എന്തിനാ അമ്മു ഇങ്ങനെയൊക്കെ പറയുന്നെ അങ്കിളും ആന്റിയും പറഞ്ഞത് കേട്ടില്ലേ ഡോക്ടർമാർ ഒന്നും ഉറപ്പിച്ചു പറഞ്ഞിട്ടില്ല നമുക്ക് എല്ലാം ഒന്ന് സെറ്റായ ശേഷം ഹോസ്പിറ്റലിലോട്ട് പോകാം ചികിൽസയും തുടങ്ങാം
അമ്മു : അച്ഛനും അമ്മയും കള്ളം പറഞ്ഞതാണെങ്കിലോ ഇനി എനിക്ക് കുട്ടികൾ ഉണ്ടാകില്ലേങ്കിലോ 😭 നമുക്ക് ആരും വേണ്ടേ അജു നമ്മൾ ഒറ്റക്കാകില്ലേ കുറേ കഴിയുമ്പോൾ അജു എന്നെ വെറുക്കും എനിക്കറിയാം
അർജുൻ : ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞത് തന്നെയാ എനിക്ക് നിന്നോടും പറയാനുള്ളത് കുട്ടികൾ ഉണ്ടായില്ലെങ്കിൽ അത് എന്റെ വിധിയാണ് അതിൽ നിന്റെ ഒരു കുറ്റവും ഇല്ല പിന്നെ നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ അതുകൊണ്ട് ദൈവം നമ്മളെ കൈവിടില്ല എനിക്ക് ഉറപ്പുണ്ട്
ഇത് കേട്ട അമ്മു അർജുന്റെ നെഞ്ചിൽ തല വച്ച ശേഷം കണ്ണുകൾ അടച്ചു
“അജു എഴുനേൽക്ക് അജു…”
അമ്മുവിന്റെ ശബ്ദം കേട്ടായിരുന്നു അർജുൻ രാവിലെ കണ്ണ് തുറന്നത്
“ഇത്ര പെട്ടെന്നു നേരം വെളുത്തോ ” അർജുൻ കണ്ണ് തിരുമികൊണ്ട് ചോദിച്ചു
അമ്മു : പിന്നില്ലേ 8 മണിയായി വേഗം എഴുനേൽക്ക് 10 മണിക്ക് വെക്കേറ്റ് ചെയ്യണം എന്നാ അവർ പറഞ്ഞത്
ഇത് കേട്ട അർജുൻ ബെഡിൽ നിന്നും എഴുനേറ്റു
അമ്മു : ഞാൻ ചായ പറഞ്ഞിട്ടുണ്ട് ഇപ്പോൾ കൊണ്ടുവരും അജു ഫ്രഷായിക്കോ
ഇത് കേട്ട അർജുൻ പതിയെ ബാത്‌റൂമിലേക്ക് പോയി
അല്പനേരത്തിനുള്ളിൽ റെഡിയായി ഭക്ഷണവും മറ്റും കഴിച്ച അർജുനും അമ്മുവും റൂം വെക്കേറ്റ് ചെയ്തു ശേഷം അടുത്തുള്ള ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നു
അർജുൻ : അവിടെ ഇരുന്നോ അമ്മു ഞാൻ റിയാസിനെ ഒന്ന് വിളിക്കട്ടെ
ഇത്രയും പറഞ്ഞു അർജുൻ ഫോണെടുത്ത് ഡയൽ ചെയ്തു
“ഹലോ എന്താടാ ഈ രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ”
ഫോൺ എടുത്ത റിയാസ് അർജുനോടായി ചോദിച്ചു
അർജുൻ : നീ ഇതുവരെ എഴുനേറ്റില്ലേ..
റിയാസ് : ഇല്ലടാ ഇന്നലെ കിടന്നപ്പോൾ വൈകി നീ കാര്യം പറ കേട്ടിട്ട് കിടന്നുറങ്ങണം
അർജുൻ : ടാ ഒരു പ്രശ്നമുണ്ട്
റിയാസ് : അത് നീ വിളിച്ചപ്പോൾ തന്നെ മനസ്സിലായി കാര്യം പറ
അർജുൻ : ടാ ഇന്നലെ വീട്ടില് നല്ല വഴക്കായി അച്ഛനും ചേട്ടനുമായിട്ടൊക്കെ ഉടക്കി
റിയാസ് : കുറച്ച് ദിവസമായിട്ട് നിന്റെ വീട്ടിൽ വഴക്കാണല്ലോ അല്ല അങ്കിള് ഇതിലൊന്നും ഇടപെടാത്ത ആളാണല്ലോ ഇന്നലെ എന്ത് പറ്റി
അർജുൻ : പറ്റാനുള്ളതൊക്കെ പറ്റി ഞാൻ ഇന്നലെ അമ്മുവിനെയും കൊണ്ട് അവിടുന്ന് ഇറങ്ങി
റിയാസ് : എന്തൊക്കെയാടാ ഈ പറയുന്നേ
അർജുൻ : സത്യമാടാ രാത്രി ഒരു ലോഡ്ജിലായിരുന്നു ഇപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല നിന്റെ അറിവിൽ റെന്റിനു വീട് വല്ലതുമുണ്ടോ?
റിയാസ് : നിന്നെ… നിന്നെയുണ്ടല്ലോ അർജുനെ.. നീ ഇപ്പോൾ എവിടെയാടാ കോപ്പെ
അർജുൻ : ഇവിടെ ടവറിനടുത്തുള്ള ബസ് സ്റ്റാൻഡിൽ ഉണ്ട്
റിയാസ് : അവിടെ തന്നെ നിൽക്ക് ഞാൻ ദാ വരുന്നു
ഇത്രയും പറഞ്ഞു റിയാസ് ഫോൺ വച്ചു അപ്പോഴേക്കും അമ്മു അർജുന്റെ അടുത്തേക്ക് എത്തിയിരുന്നു
അമ്മു : എന്തായി
അർജുൻ : അവനിപ്പോൾ വരും
അമ്മു : വന്നിട്ട്
അർജുൻ : വന്നിട്ടെന്താ നമുക്ക് പറ്റിയ ഒരു വീട് നോക്കാം
അമ്മു :അതിനൊക്കെ ഒരുപാട് കാശാകില്ലേ
അർജുൻ : വാങ്ങാൻ അല്ലല്ലോ റെന്റിനല്ലേ അക്കൗണ്ടിൽ ഒരു രണ്ട് ലക്ഷം കാണും അതുകൊണ്ട് അഡ്വാസ് കൊടുക്കാം പക്ഷെ പിന്നെയും ഒരുപാട് ചിലവുണ്ട് ഉം എന്തെങ്കിലും വഴി ഉണ്ടാക്കാം
അമ്മു : എന്റെ അക്കൗണ്ടിൽ ഒരു 1 ലക്ഷം അടുപ്പിച്ചു കാണും
അർജുൻ : അത് അവിടെ തന്നെ കിടന്നോട്ടെ ആവശ്യം വരുമ്പോൾ ഞാൻ ചോദിക്കാം
അമ്മു : അജു ചോദിക്കില്ല എനിക്കറിയാം
അർജുൻ : ചോദിക്കാം ഉറപ്പ്
അല്പസമയത്തിനുള്ളിൽ തന്നെ റിയാസ് തന്റെ കാറുമായി അവിടേക്ക് എത്തി
റിയാസ് : എന്ത് പണിയാടാ നീ ഈ കാണിച്ചത് തോന്ന്യാസം കാണിക്കുന്നതിന് ഒരു അതിരുണ്ട് അർജുനെ
അർജുൻ : എന്ത് തോന്ന്യാസം
റിയാസ് : നീ വന്നേ വീട്ടിൽ പോകാം അങ്കിളിനോട് ഞാൻ സംസാരിച്ചോളാം
അർജുൻ : വീട്ടിൽ പോകുന്ന കാര്യം നടക്കില്ല റിയാസേ ഇനി ഞാൻ അങ്ങോട്ടേക്കില്ല
റിയാസ് : എന്തിനാടാ ഈ വാശി നീ വന്നെ ഈ കൊച്ചിനെ കൂടി ഇട്ട് കഷ്ടപ്പെടുത്താൻ
അർജുൻ : ഇവൾക്ക് വേണ്ടി തന്നെയാ ഞാൻ ഈ തീരുമാനം എടുത്തത് എന്നെ അങ്ങോട്ട് കയറ്റണമെങ്കിൽ ഇവളെ ഉപേക്ഷിക്കണമെന്ന് നടക്കില്ല റിയാസേ…. പറ്റാവുന്ന അത്രയും ശ്രമിച്ചുനോക്കി ഇനി ഒരു നിമിഷം അവിടെ നിൽക്കാൻ പറ്റില്ല എന്ന് മനസ്സിലായപ്പോഴാ ഇറങ്ങിയത് എനിക്ക് വേറെ കൂട്ടുകാരൊന്നുമില്ല അതുകൊണ്ടാ നിന്നോട് സഹായം ചോദിക്കുന്നെ ഇവളെയും കൊണ്ടിങ്ങനെ റോഡിൽ നിൽക്കാൻ പറ്റില്ല നിന്റെ അറിവിൽ വീട് വല്ലതും ഉണ്ടോ
റിയാസ് : അളിയാ ഞാൻ….
അർജുൻ : നിന്റെ കസിന്റെ ഒരു വീടിനെ പറ്റി നീ മുൻപ് പറഞ്ഞിരുന്നല്ലോ അത് കൊടുത്തോ
റിയാസ് : ഏത് അഫ്സലിന്റെ വീടോ
അർജുൻ : അതെ അത് തന്നെ
റിയാസ് : എടാ അത് സൗകര്യമൊക്കെ കുറഞ്ഞ ഒരു വീടാ നിങ്ങൾക്ക് ശെരിയാകില്ല
അർജുൻ : നമുക്കൊന്ന് പോയി നോക്കാമെടാ കീ നിന്റെ കയ്യിലുണ്ടോ
റിയാസ് : ഉണ്ട് പക്ഷെ ഒന്നുകൂടെ ആലോചിച്ചിട്ട് പോരെ
അർജുൻ : ആദ്യം വീട് കാണാം നീ വാ
റിയാസ് : ശെരി വാ
ഇത്രയും പറഞ്ഞു റിയാസ് കാറിലേക്ക് കയറി പിന്നാലെ അമ്മുവിനെയും കൊണ്ട് അർജുനും
റിയാസ് കാർ പതിയെ മുന്നോട്ട് എടുത്തു
റിയാസ് : നിനക്ക് അമ്മുവിന്റെ വീട്ടിൽ കുറച്ച് നാൾ നിന്നു കൂടെ ഈ പ്രശ്നമൊക്കെ ഒന്ന് കഴിയുന്നത് വരെ
അമ്മു : വേണ്ട അങ്ങോട്ടേക്ക് പോകണ്ട
റിയാസ് : ഉം ബെസ്റ്റ് അർജുനെ നിനക്ക് പറ്റിയ ആള് തന്നെയാ ഇത് കേട്ടോ
അർജുൻ : ടാ അവരുമായും ചെറിയ വഴക്കായി
റിയാസ് : ഉം കൊള്ളാം…
അവർ വീണ്ടും മുന്നോട്ട് പോയി അല്പനേരത്തിനുള്ളിൽ അവർ ഒരു ചെറിയ ഓടിട്ട വീടിനു മുന്നിൽ എത്തി റോഡിൽ കാർ പാർക്ക് ചെയ്ത റിയാസ് കാറിൽ നിന്നിറങ്ങി
“വാ ഇതാണ് വീട് ”
ഇത്രയും പറഞ്ഞു റിയാസ് വീടിന്റെ മുറ്റത്തേക്ക് നടന്നു പിന്നാലെ അർജുനും അമ്മുവും അങ്ങോട്ടേക്ക് കയറി
റിയാസ് : എന്റെ വകയിലെ ഒരു കസിന്റെ പഴയ വീടാ അവൻ ഇപ്പോൾ ഫാമിലിയായി us ലാണ്
അപ്പോഴാണ് വീട് മുറ്റത്ത് നിൽക്കുന്ന മാവ് മരത്തിൽ അമ്മുവിന്റെ കണ്ണ് പോയത്
റിയാസ് : നോക്കണ്ട… ഇപ്പോൾ കയ്ക്കാറില്ല അവനും ഫാമിലിയും പോയിട്ട് വർഷങ്ങളായി അവർ ആദ്യമായി വാങ്ങിയ വീടാ അതുകൊണ്ട് പൊളിക്കാനോ വിൽക്കാനോ ഒന്നും അവർക്ക് തോന്നിയില്ല ഇടക്കിടക്ക് ഞാൻ ആളെകൊണ്ടുവന്നു വൃത്തിയാക്കിക്കും സൗകര്യമൊക്കെ നല്ല കുറവാ
ഇത്രയും പറഞ്ഞു റിയാസ് വീടിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി
റിയാസ് : ഇതിങ്ങനെ കിടന്ന് നശിക്കുന്നത് കണ്ടാ ഞാൻ അവനോട് വാടകയ്ക്ക് കൊടുക്കാം എന്ന് പറഞ്ഞത് ആദ്യം സമ്മതിച്ചില്ല പിന്നെ ഒക്കെ പറഞ്ഞു ഞാൻ കുറേ പേരെയൊക്കെ നോക്കിയതാ പക്ഷെ ആർക്കും വീട് പിടിച്ചില്ല കുറേ നാൾ അടഞ്ഞു കിടന്നതല്ലേ അതിന്റെ ഒരു ഭയം പലർക്കുമുണ്ട് പിന്നെ മറ്റുചിലർക്ക് സൗകര്യം പോരെന്ന് ആകെ ഒരു റൂമേ ഉള്ളു ഒരു കിച്ചൻ ഒരു ബാത്‌റൂം ഇതാണ് ഈ വീട് നിങ്ങൾക്ക് ഇഷ്ടപ്പെടാൻ വലിയ സാധ്യതയൊന്നുമില്ല
അർജുനും അമ്മുവും പതിയെ വീട് മുഴുവൻ ഒന്ന് നോക്കി പെയിന്റ് എല്ലാം ഇളകി പൂർണ്ണമായും ഒഴിഞ്ഞു കിടക്കുന്ന ഒരു വീടായിരുന്നു അത്
റിയാസ് : കണ്ടോ നിങ്ങൾക്ക് പറ്റില്ല ഞാൻ അവനോട് വിൽക്കാം എന്ന് പറഞ്ഞതാ അവൻ കേൾക്കണ്ടേ ഒരു സെന്റിമെൻസ് ഇനി ഇത് ഇടിഞ്ഞു വീഴുന്നത് വരെ ഇങ്ങനെ തന്നെ കിടക്കും… നിങ്ങള് വാ നമുക്ക് വേറെ വീട് നോക്കാം സിറ്റിയിൽ എന്റെ അറിവിൽ ഒരു വീടുണ്ട്
അർജുൻ : റിയാസേ നീ ഇങ്ങ് വന്നേ
ഇത്രയും പറഞ്ഞു അർജുൻ റിയാസിനെയും വിളിച്ചുകൊണ്ട് വീടിനു പുറത്തേക്ക് പോയി
റിയാസ് : എന്താടാ
അർജുൻ : ടാ സിറ്റിയിൽ വീടെടുക്കാനുള്ള പൈസയൊന്നും ഇപ്പോൾ എന്റെ കയ്യിലില്ല പിന്നെ അവിടെയൊക്കെ റെന്റും കൂടുതലാകില്ലേ ഇനി എന്തായാലും കമ്പനിയിൽ പോകാൻ പറ്റില്ല പുതിയൊരു ജോബ് കണ്ടുപിടിക്കണം ആദ്യം സാലറിയൊക്കെ എന്തായാലും കുറവായിരിക്കും പുതിയൊരു ജീവിതം തുടങ്ങുബോൾ വേറെയും ഒരുപാട് ചിലവുകൾ ഇല്ലേ
റിയാസ് : ഇതൊക്കെ നീ വീട് വിടുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു ഇപ്പോൾ എന്താ നീ ഈ വീട് എടുക്കാൻ പോകുകയാണോ അമ്മു വലിയ വീട്ടിലൊക്കെ ജീവിച്ച കുട്ടിയല്ലേടാ അവളെ ഇവിടെ താമസ്സിപ്പിക്കുക എന്ന് പറയുമ്പോൾ മോശമല്ലേടാ
അർജുൻ : നീ പറഞ്ഞതും ശെരിയാ…. ടാ കുറച്ച് കാശ് കടം കിട്ടാൻ വല്ല വഴിയുമുണ്ടോ ഞാൻ പെട്ടെന്ന് തിരിച്ചുകൊടുകാം
റിയാസ് : കുറച്ചൊക്കെ ഒപ്പിക്കാം പക്ഷെ അത് പോരല്ലോ ഈടൊന്നും കൊടുക്കാതെ ആരും ഒന്നും തരില്ല അമ്മുവിന്റെ ഗോൾഡ് ഒക്കെ എവിടെ
അർജുൻ : എല്ലാം തിരിച്ചുകൊടുത്തു
റിയാസ് : നിന്നെയുണ്ടല്ലോ അർജുനെ…. ശെരി വാ ഇറങ്ങ് എന്തെങ്കിലും വഴി ഉണ്ടാക്കാം
ഇത്രയും പറഞ്ഞു അർജുനും റിയാസും തിരികെ വീട്ടിലേക്ക് കയറി
അർജുൻ : അമ്മു വാ പോകാം
അമ്മു : അജു നമുക്ക് ഈ വീട് മതി എനിക്കിഷ്ടപ്പെട്ടു
അർജുൻ : എന്താ അമ്മു പറയുന്നെ നമുക്ക് വേറെ…
അമ്മു : കൊള്ളാം അജു കുറച്ച് വൃത്തിയാക്കി എടുത്താൽ മതി നമ്മൾ രണ്ട് പേരല്ലേ ഉള്ളു ഇത് തന്നെ കൂടുതലാ
അർജുൻ : അപ്പോൾ നീ ഒക്കെയാണോ… സിറ്റിയിൽ വേറെ വീടുണ്ട് നമുക്ക് അത് കൂടി നോക്കാം
അമ്മു : വേണ്ട എനിക്കിത് മതി
അർജുൻ : റിയാസേ ഇത് മതി അമ്മുവിന് ഇഷ്ടമായി നീ നിന്റെ കസിനെ വിളിച്ചൊന്ന് സംസാരിക്കുമോ
റിയാസ് : സംസാരിക്കാൻ ഒന്നുമില്ല എന്റെ ഇഷ്ടത്തിന് എന്താന്ന് വച്ചാൽ ചെയ്യാനാ അവൻ പറഞ്ഞത് പക്ഷെ നിങ്ങള് ശെരിക്കും ഒക്കെയാണോ
അമ്മു : ആണ് ചേട്ടാ സാധനങ്ങളൊക്കെ വരുമ്പോൾ വീട് നന്നായിരിക്കും
അർജുൻ : ശെരിയാ ആളും അനക്കവുമൊക്കെ വരുമ്പോൾ ഈ അന്തരീക്ഷം മാറും റിയാസേ കുറച്ച് സാധനങ്ങളൊക്കെ വാങ്ങണം
റിയാസ് : കുറച്ചോ ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാം വാങ്ങണം ഒരു വീട് കൊണ്ടു പോകാനെ അല്പം കഷ്ടമാ
അർജുൻ : പേടിപ്പിക്കാതെടാ
റിയാസ് : എന്നാൽ പിന്നെ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇടാം അതാകുമ്പോൾ വാങ്ങാൻ എളുപ്പമാ കട്ടിലും കുറച്ച് പാത്രങ്ങളുടെമൊക്കെ എന്റെ വീട്ടിൽ കാണും അത് വാങ്ങണ്ട കുറേ വെറുതെ കിടപ്പുണ്ട് എല്ലാം ഇങ്ങോട്ടേക്ക് എടുക്കാം
അർജുൻ : പിന്നെ ലൈറ്റും ഫാനും വേണം കുറച്ച് നേരം നിന്നപ്പോൾ തന്നെ ഉരുക്കുകയാ
റിയാസ് : എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ പോയി കാര്യം ഓരോന്നായി വാങ്ങാം
അർജുൻ : അമ്മു വാ നമുക്ക് വേണ്ട സാധങ്ങളൊക്കെ വാങ്ങാം
അമ്മു : നിങ്ങള് പോയിട്ട് വാ അപ്പോഴേക്കും ഞാൻ ഇവിടെയൊക്കെ ഒന്ന് വൃത്തിയാക്കാം
അർജുൻ : വേണ്ട അമ്മു ഒറ്റക്ക് നിൽക്കണ്ട ഞാൻ കൂടി വന്നിട്ട് ഒന്നിച്ചു ചെയ്യാം
അമ്മു : സാരമില്ല അജു ഞാൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ നിങ്ങള് പോയിട്ട് വാ
ഇത് കേട്ട അർജുനും റിയാസും അവിടെ നിന്നുമിറങ്ങി
കുറച്ച് സമയത്തിന് ശേഷം അർജുനും റിയാസും കാറിൽ
അർജുൻ : ടാ അഡ്വാൻസിനെയും റെന്റിനെയും കുറിച്ച് വല്ലതും അവൻ പറഞ്ഞോ
റിയാസ് : അഡ്വാൻസ് ഒന്നും വേണ്ട അല്ലാതെ തന്നെ അവിടെ ഒരുപാട് പണിയില്ലേ പിന്നെ റെന്റ് അത് നിന്റെ കയ്യിൽ ഉള്ളത് കൊടുത്താൽ മതി അതിനെ പറ്റി ഓർത്ത് ടെൻഷൻ ആകണ്ട
അന്നേ ദിവസം രാത്രി
റിയാസ് :ലൈറ്റൊക്കെ ഇട്ടപ്പോൾ വീട്ന് മൊത്തത്തിൽ ഒരു വെട്ടമൊക്കെ വന്നിട്ടുണ്ട് ബാക്കി സാധനങ്ങൾ കൂടി വരുമ്പോൾ ഇത് ശെരിക്കുമൊരു വീടാകും
അർജുൻ : അമ്മോ വയ്യടാ എന്തൊരു പണിയായിരുന്നു മനുഷ്യന്റെ നടുവൊടിഞ്ഞു
റിയാസ് : പിന്നെ വീടുമാറ്റമൊക്കെ എളുപ്പമുള്ള പണിയാണെന്നാണോ നീ കരുതിയത്.. അപ്പോൾ ശെരി ഞാൻ ഇറങ്ങുവാ നിങ്ങള് കിടക്കാൻ നോക്ക് നേരം ഒരുപാടായില്ലേ വല്ലതും ഉണ്ടെങ്കിൽ വിളിച്ചാൽ മതി
ഇത്രയും പറഞ്ഞു റിയാസ് അവിടെ നിന്നുമിറങ്ങി
അർജുൻ : താങ്ക്സ് ടാ നീ ഇല്ലായിരന്നെങ്കിൽ ഞാൻ ഇന്ന് തെണ്ടിപോയേനെ
റിയാസ് : പോടാ ഒന്ന് അവന്റെ താങ്ക്സ്…
*************************
അർജുൻ : വാ അമ്മു കിടക്കാം പണിയെടുത്ത് മനുഷ്യന്റെ നടു ഒടിഞ്ഞിരിക്കുവാ ഒന്ന് കിടന്നാൽ മതി
ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക് പോയി ഒപ്പം അമ്മുവും
അർജുൻ : ആകെ കുറച്ച് സാധങ്ങളെ വാങ്ങിയുള്ളു അതിനുള്ളിൽ ബാങ്ക് ബാലൻസ് 0 ആയി പിന്നെ റിയാസിന്റെ കയ്യിൽ നിന്നും കുറച്ച് പൈസ കടം വാങ്ങി…. നീ നേരത്തേ പറഞ്ഞിരുന്നില്ലേ ഒരു 1 ലക്ഷം അത് ചിലപ്പോൾ വേണ്ടി വരും കേട്ടോ
അമ്മു : ഒരു ലക്ഷം ഇല്ല 89200 രൂപ ഞാൻ ഇന്ന് ബാലൻസ് നോക്കി അത് അജൂന്റെ അക്കൗണ്ടിലേക്ക് അയക്കട്ടെ
അർജുൻ : ഇപ്പോൾ വേണ്ട ഞാൻ പറയാം
ഇത്രയും പറഞ്ഞു അർജുൻ ബെഡിലേക്ക് കിടന്നു ഒപ്പം അമ്മുവും
അർജുൻ : ബെഡ് എങ്ങനെയുണ്ട് അമ്മു കത്തി വിലയായിരുന്നു
അമ്മു : ഉം കൊള്ളാം
അർജുൻ : നിനക്ക് ചൂട് എടുക്കുന്നുണ്ടോ ac യിൽ കിടന്നല്ലേ ശീലം നിനക്ക് ഫാൻ ഒക്കെയാണോ
അമ്മു : ഓക്കെയാ അജു എനിക്ക് നിന്റെ കാര്യം ഓർത്തിട്ടാ… എത്ര സൗകര്യത്തിൽ കഴിഞ്ഞതാ അജു നീ എന്നിട്ടിപ്പോൾ എനിക്ക് വേണ്ടി…
അർജുൻ : അപ്പോൾ പിന്നെ നീ സൗകര്യമില്ലാത്തയിടത്താണോ ജീവിച്ചത്… കുറച്ച് നാൾ കഴിഞ്ഞോട്ടെ അമ്മു നമുക്ക് കുറച്ച് കൂടി നല്ല വീട്ടിലേക്ക് മാറാം എല്ലാം എന്റെ തെറ്റാ പൈസ ഒന്നും സേവ് ചെയ്തില്ല ഒരാവശ്യം വന്നപ്പോൾ കണ്ടില്ലേ
അമ്മു : ഇനി അതൊന്നും ആലോചിക്കേണ്ട അജു ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ആരെങ്കിലും അറിഞ്ഞോ പിന്നെ ഇത് അത്ര മോശം വീടൊന്നും അല്ല കുറച്ച് പെയിന്റ് ഒക്കെ അടിച്ചെടുത്താൽ നന്നായിരിക്കും ഇത് പോലുമില്ലാത്ത എത്രയോ പേരുണ്ട് റോഡിൽ കിടന്നുറങ്ങുന്നവരെയും ഫ്ളക്സ്സും മറ്റും കൊണ്ട് മറച്ച വീട്ടിൽ താമസ്സിക്കുന്നവരുമൊക്കെ അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മൾ ഭാഗ്യം ചെയ്തവരാ അജു
അർജുൻ : ശെരിയാ ഇനി നമുക്ക് വേറെ ഒന്നും ചിന്തിക്കണ്ട വാ ഉറങ്ങാം നാളെ നേരത്തെ എഴുനേറ്റ് ബാക്കിയുള്ള പണികൾ കൂടി ചെയ്യാനുള്ളതാ
അമ്മു : ഉം… പിന്നെയുണ്ടല്ലോ അജു ഈ വീട് കുറേ നാൾ അടഞ്ഞുകിടന്നതല്ലേ ഇവിടെ വല്ല ഗോസ്റ്റും ഉണ്ടാകുമോ
അർജുൻ : ഒന്ന് മിണ്ടാതിരിക്ക് അമ്മു മനുഷ്യനെ വെറുതെ പേടിപ്പിക്കാനായിട്ട്
അമ്മു : അജു എന്തിനാ പേടിക്കുന്നെ കൂടെ ഞാൻ ഇല്ലേ ഏത് ഗോസ്റ്റ് വന്നാലും ഞാൻ ഇടിച്ചോടിച്ചോളാം പോരെ 😁
ഇത്രയും പറഞ്ഞു അമ്മു ചിരിച്ചു
അർജുൻ : വളിച്ച കോമഡി സ്വയം പറഞ്ഞിട്ടായാലും നീ ഒന്ന് ചിരിച്ചല്ലോ അത് മതി
അമ്മു : ദേ അജു നോക്കിക്കോ…
അർജുൻ : എപ്പോഴും ദാ ഇത് പോലെ ചിരിച്ച മുഖത്തോടെ ഇരിക്കണം മനസ്സിലായോ എനിക്ക് അതാ ഇഷ്ടം അപ്പോൾ പ്രശ്നങ്ങളൊക്കെ തനിയേ മാറിക്കോളും
ഇത്രയും പറഞ്ഞ ശേഷം അർജുൻ തന്റെ ഫോണിൽ എന്തോ നോക്കാൻ തുടങ്ങി
അമ്മു : അജു എന്താ നോക്കുന്നെ
അർജുൻ : ഹേയ് ഒന്നുമില്ല നീ ഉറങ്ങിക്കോ
ഇത്രയും പറഞ്ഞു ഫോൺ മാറ്റിവച്ച ശേഷം അർജുൻ കണ്ണടച്ചു
*********************
പിറ്റേന്ന് രാവിലെ
അമ്മു : ഇതാ ചൂട് ചായ കുടിച്ചേ…. പാലില്ല അതുകൊണ്ട് കട്ടനാ
ഇത് കേട്ട അർജുൻ ചായ വാങ്ങി കുടിക്കാൻ തുടങ്ങി
അമ്മു : കൊള്ളാമോ
അർജുൻ : നീ എനിക്ക് എന്നും ചായ തരുന്നതല്ലേ ഇന്ന് മാത്രമെന്താ പ്രത്തേകിച്ച് കൊള്ളാമോ എന്നൊരു ചോദ്യം
അമ്മു : പുതിയ വീട്ടിൽ വന്നിട്ട് ആദ്യമായി ഇട്ടതല്ലേ അതുകൊണ്ട് ചോദിച്ചതാ
അർജുൻ : ഓഹ് അങ്ങനെ… കൊള്ളാമോ എന്ന് ചോദിച്ചാൽ അതി ഗംഭീരം എന്നൊന്നും പറയാൻ പറ്റില്ല പക്ഷെ മോശമല്ല എനിക്ക് ഇഷ്ടമാ പോരെ
അമ്മു : ഉം അത് മതി, പിന്നെ ഇന്ന് അജൂന്റെ ഫ്രണ്ട് വരുമോ
അർജുൻ : റിയാസൊ… അവന് ജോലിക്ക് പോകാനുണ്ട് വല്ല ആവശ്യവും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട് എപ്പോഴും അവനെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ലല്ലോ
അമ്മു : ശെരിയാ
പെട്ടെന്നാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത് അമ്മു ഫോണിലേക്ക് ഒന്ന് നോക്കിയ ശേഷം കാൾ കട്ട് ചെയ്തു
അർജുൻ : ആരാ അമ്മു വിളിച്ചെ
അമ്മു : അമ്മയാ ഇന്നലെയും വിളിച്ചിരുന്നു ഞാൻ എടുത്തില്ല
അർജുൻ : എന്താ അമ്മു ഇത് കാൾ എടുത്തെ അവരെ വെറുതെ ടെൻഷൻ ആക്കല്ലേ
അമ്മു : വെറുതെ വിളിക്കുന്നതാ ഇനി എന്നെ വേണ്ടാത്തതെല്ലാം പറയും
അർജുൻ : അങ്ങനെ ഒന്നുമില്ല നീ കാൾ എടുത്തെ നമ്മൾ വീട്ടിൽ നിന്നുമിറങ്ങിയിട്ട് എന്റെ വീട്ടുകാർ എന്നെ ഇതുവരെ വിളിച്ചിട്ടില്ല എന്തിന് ഒരു മെസ്സേജ് പോലുമില്ല ചിലപ്പോൾ ഞാൻ മകനല്ലെന്ന് അവർ കാര്യമായി പറഞ്ഞതായിരിക്കും
അമ്മു : അജു വിഷമിക്കല്ലേ
അർജുൻ : എനിക്കെന്ത് വിഷമം
അപ്പോഴേക്കും അമ്മുവിന്റെ ഫോൺ വീണ്ടും റിങ് ചെയ്തു
അർജുൻ : അമ്മു ഫോൺ എടുക്ക് എന്നിട്ട് സംസാരിക്ക്
ഇത് കേട്ട അമ്മു ഫോൺ അറ്റണ്ട് ചെയ്തു
അമ്മു : ഹലോ… എന്താ അമ്മേ അമ്മ എന്തിനാ കരയുന്നെ അമ്മേ…
……..
…….
……..
………
…….
അമ്മു : ശെരിയമ്മേ ഞാൻ വിളിക്കാം
അമ്മു ഫോൺ കട്ട് ചെയ്തു
അർജുൻ : ആന്റി എന്താ പറഞ്ഞേ വല്ല പ്രശ്നവുമുണ്ടോ
അമ്മു : അമ്മ കരയുവായിരുന്നു ഞങ്ങളെ ഉപേക്ഷിച്ചോ എന്നൊക്കെ ചോദിച്ചു… ഇന്നലെ ഫോൺ എടുത്താൽ മതിയായിരുന്നു… പിന്നെ നമ്മൾ മാറിയ കാര്യം ഞാൻ പറഞ്ഞു അമ്മ ഇങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഇപ്പോൾ വരണ്ടെന്ന് നമുക്ക് എല്ലാം ഒന്ന് സെറ്റ് ആക്കണ്ടേ കുറച്ച് കഴിയട്ടെ എന്നിട്ട വരെ വിളിക്കാം അവരെ മാത്രമല്ല അജൂന്റെ അച്ഛനെയും അമ്മയേയും വിളിക്കാം സാന്ദ്രയേയും വിളിക്കാം എല്ലാ പ്രശ്നവും നമുക്ക് തീർക്കാം
അർജുൻ : എന്റെ വീട്ടുകാർ വരുമെന്ന് നിനക്ക് തോന്നുണ്ടോ
അമ്മു : അതൊക്കെ വരും
അർജുൻ : അങ്കിള് വല്ലതും പറഞ്ഞോ
അമ്മു : ഇല്ല അടുത്ത് നിൽപ്പുണ്ടെന്നാ അമ്മ പറഞ്ഞേ എന്നോടുള്ള പിണക്കം മാറിയിട്ടില്ല
അർജുൻ : അതൊക്കെ മാറിക്കോളും നീ വിഷമിക്കണ്ട… പിന്നെ ഇന്ന് കാലത്ത് കഴിക്കാൻ എന്താ
അമ്മു : അതാ ഞാനും ആലോചിക്കുന്നെ അജൂന് എന്താ ഇഷ്ടം
അർജുൻ : ചപ്പാത്തി ആയിക്കോട്ടേ
അമ്മു : 🙁… ദോശ പോരെ
അർജുൻ : എന്റെ അമ്മു എന്തായാലും മതി നീ വാ ഞാനും കൂടി സഹായിക്കാം
ഇരുവരും കിച്ചണിലേക്ക് പോയി
അന്നേ ദിവസം ഉച്ചക്ക്
അമ്മു : ചോറും കറിയും ഒന്നും കൊള്ളില്ല അല്ലേ
അർജുൻ : ആര് പറഞ്ഞു
അമ്മു : ആരും പറയണ്ട ഞാനും കഴിക്കുകയല്ലേ എനിക്ക് മനസ്സിലാകും
അർജുൻ : എനിക്കും നന്നായി കുക്കിങ് അറിയില്ല തനിക്കും അറിയില്ല എന്നിട്ടും നമ്മൾ തട്ടി കൂട്ടി ഇത്രയൊക്കെയാക്കിയില്ലേ പോകെ പോകെ ശെരിയായികൊള്ളും
അമ്മു : അജൂന് ചപ്പാത്തി ഇഷ്ടമല്ലേ നമുക്ക് രാത്രി വെക്കാം
അർജുൻ : ചപ്പാത്തിയൊക്കെ വെക്കാൻ അല്പം പാടാ അമ്മു
അമ്മു : പുറത്ത് റെഡിമേട് കിട്ടും ചുട്ടെടുത്താൽ മാത്രം മതിയാകും അതാകുമ്പോൾ രുചിയും കാണും
അർജുൻ : എടി മടിച്ചി
അമ്മു : മടിയൊന്നുമല്ല അജൂന് ഇഷ്ടമായോണ്ടാ
അർജുൻ : ഓഹ് വിശ്വസിച്ചു
****************
രണ്ട് ദിവസത്തിന് ശേഷം ഒരു പകൽ
അർജുൻ :അന്ന് പോയ പോക്കാ ഇപ്പോഴാണോടാ തെണ്ടി വരുന്നെ
രാവിലെ തന്നെ വീട്ടിലേക്കെത്തിയ റിയാസിനോടായി അർജുൻ ചോദിച്ചു
റിയാസ് : ഞാൻ കാൾ ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ല എന്നല്ലേ നീ പറഞ്ഞേ
അർജുൻ : കുഴപ്പമൊന്നുമില്ല പക്ഷെ നിനക്ക് വന്നു നോക്കാല്ലോ
റിയാസ് : എടാ കോപ്പെ ലീവ് വേണ്ടേ അന്ന് തന്നെ പറയാതെ ലീവ് എടുത്തതിന് അങ്ങേരുടെ വായിലിരിക്കുന്നത് മുഴുവൻ ഞാൻ കേട്ടു
അർജുൻ : ഞാൻ ചുമ്മാ പറഞ്ഞതാടാ അല്ല ഇന്ന് ലീവാണോ
റിയാസ് : ഹേയ് ഇല്ല പോകണം ഒന്ന് വെറുതെ കയറിയിട്ട് പോകാം എന്ന് കരുതി അല്ല അമ്മു എവിടെ
അർജുൻ : കിച്ചണിലാ എന്തോ മാരകമായി ഉണ്ടാക്കുന്നുണ്ട് രണ്ട് ദിവസം കൊണ്ട് യൂട്യൂബിലെ ഒരുവിധം എല്ലാ പാചക ചാനലുകളും അവൾ സബ്സ്ക്രൈബ് ചെയ്തു കാണും ഇന്നിനി എന്താണാവോ
റിയാസ് : അപ്പോൾ നിങ്ങളിവിടെ സെറ്റായി അല്ലേ
അർജുൻ : അങ്ങനെ പറയാൻ പറ്റില്ല ദിവസം 3 ആയിട്ടും ഒതുക്കലും മറ്റും കഴിഞ്ഞിട്ടില്ല
റിയാസ് : ഉം അതൊക്കെ നടക്കും അല്ല വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചോ
അർജുൻ : എവിടുന്ന് അവളുടെ വീട്ടുകാർ വിളിച്ചു എന്റെ വീട്ടുകാരുടെ ഒരു വിവരവുമില്ല
റിയാസ് : അവര് വിളിച്ചോളും അതൊക്കെ പോട്ടെ നീ ജോബ് വല്ലതും കണ്ടെത്തിയൊ
അർജുൻ : ഇന്ന് രണ്ട് മൂന്നു ഇന്റർവ്യൂ ഉണ്ട് ഭക്ഷണം കഴിച്ചിട്ട് വേണം ഇറങ്ങാൻ
റിയാസ് : എന്നാൽ പിന്നെ നിന്റെ കാര്യങ്ങൾ നടക്കട്ടെ ഞാൻ ഇറങ്ങുവാ
അർജുൻ : നിക്ക് ചായ കുടിച്ചിട്ട് പോകാം
റിയാസ് : അതൊക്കെ ഞാൻ കുടിച്ചതാ പിന്നെ വരാം അമ്മുവിനോട് ഞാൻ വന്നിരുന്നെന്ന് പറഞ്ഞേക്ക്
ഇത്രയും പറഞ്ഞു റിയാസ് അവിടെ നിന്നും പോയി അപ്പോഴേക്കും അമ്മു ഫുഡുമായി അവിടേക്ക് എത്തിയിരുന്നു
അമ്മു : ഉപ്പ് മാവ് റെഡി, ഉപ്പ് മാവ് റെഡി
അർജുൻ : ഉപ്പ് മാവ് എന്ന് നീ പറയുന്നതല്ലേ കഴിച്ചാൽ അല്ലേ എന്താണെന്നു അറിയാൻ പറ്റു 😁
അമ്മു : ദേ അജു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ഞാൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്ന് അറിയാമോ
അർജുൻ : ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അമ്മു അല്ലെങ്കിലും നീ ഉണ്ടാകുന്നതെല്ലാം സൂപ്പർ അല്ലേ…
അമ്മു : ഉം അങ്ങനെ വഴിക്ക് വാ
അർജുൻ : പിന്നെ റിയാസ് വന്നിരുന്നു
അമ്മു : എന്നിട്ട് എവിടെ
അർജുൻ : പോയി നിന്നോട് വന്നെന്ന് പറയാൻ പറഞ്ഞു
അമ്മു : അജു എന്താ വിളിക്കാത്തെ ചേട്ടൻ എനിക്ക് ജാഡയാണെന്ന് കരുതികാണില്ലേ
അർജുൻ : അങ്ങനെയൊന്നും കരുതില്ല അമ്മു അവന് അല്പം ദൃതിയുണ്ടായിരുന്നു അതാ വേഗം പോയത് നീ വേഗം ഫുഡ് എടുക്ക് കഴിച്ചിട്ട് പോകേണ്ടതാ ഇന്റർവ്യൂന് സമയത്തെത്തണം
അല്പസമയത്തിനുള്ളിൽ ഭക്ഷണം കഴിച്ചെഴുന്നേറ്റ അർജുൻ അവിടെ നിന്നുമിറങ്ങി
*************
വൈകുന്നേരം അർജുൻ തിരികെ വീട്ടിൽ
അമ്മു : അജു വന്നോ എന്താ വൈകിയേ ഞാൻ ഇവിടെയിരുന്നു ബോറടിച്ചു ചത്തു
അർജുൻ : രണ്ട് മൂന്നു ഇന്റെവ്യൂ ഉണ്ടായിരുന്നില്ലേ അമ്മു അതാ വൈകിയത്
അമ്മു : ഉച്ചക്ക് എന്തെങ്കിലും കഴിച്ചായിരുന്നോ
അർജുൻ : ഉം ഞാൻ പുറത്ത് നിന്നും കഴിച്ചു നീയോ
അമ്മു : ഉപ്പുമാവ് ബാക്കിയുണ്ടായിരുന്നു ഞാൻ അത് വച്ച് അഡ്ജസ്റ്റ് ചെയ്തു പിന്നെ പോയിട്ട് എന്തായി ജോലി ശെരിയായൊ
അർജുൻ : ഇന്ന് മൊത്തം 5 സ്ഥലത്ത് ജോലിക്കായി പോയി 1 ഇടത്ത് റിജക്റ്റ് ചെയ്തു 3 ഇടത്ത് അവർക്ക് ഒക്കെയായിരുന്നു പക്ഷെ ചില ദിവസങ്ങളിൽ രാത്രിവരെ ഇരിക്കേണ്ടിവരും മുൻപ് ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ഇപ്പോൾ അത് പറ്റില്ലല്ലോ എത്ര നേരമെന്ന് വച്ചാ നിന്നെ ഒറ്റക്കിരുത്തുക
അമ്മു : അപ്പോൾ ജോലി ഒന്നും ശെരിയായില്ലല്ലേ സാരമില്ല നമുക്ക് വേറെ നോകാം
അർജുൻ : പിന്നെ ഒരു ജാം കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ഒഴിവുണ്ട് രാവിലെ പോയാൽ ഒരു നാലു മണിയൊക്കെയാകുമ്പോൾ തിരിച്ചു വരാൻ പറ്റും
അമ്മു : എക്സിക്യൂട്ടീവ് എന്ന് പറയുബോൾ
അർജുൻ : ഓരോ ഷോപ്പിൽ ചെല്ലണം നമ്മുടെ പ്രോഡക്റ്റ് പരിചയപ്പെടുത്തണം പിന്നെ ഓഡർ എടുക്കണം അത് കമ്പനിയിൽ എത്തിക്കണം ഞാൻ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലിയാ പക്ഷെ കാര്യങ്ങളൊക്കെ ഒന്ന് കലങ്ങി തെളിയുന്നത് വരെ ഇതാ നല്ലത് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇങ്ങോട്ടേക്കു ഓടി വരാല്ലോ പക്ഷെ ഒരു പ്രശ്നമുണ്ട് ബൈക്കൊ സ്കൂട്ടറോ ഇല്ലാതെ ജോലി ചെയ്യാൻ പറ്റില്ല ഒരുപാടിടാത്തൊക്കെ പോകാൻ ഉള്ളതല്ലേ ഞാൻ ഒരാളോട് കുറച്ച് പൈസ ചോദിച്ചിട്ടുണ്ട് തല്ക്കാലം ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് വാങ്ങാം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം പറയാനാ അവർ പറഞ്ഞത് ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു കാര്യങ്ങളൊക്കെ നടക്കണ്ടേ
ഇത് കേട്ട അമ്മു പതിയെ കയ്യിൽ കിടന്ന രണ്ട് മോതിരങ്ങൾ ഊരി മേശപ്പുറത്ത് വച്ചു ശേഷം അർജുൻ വാങ്ങി നൽകിയ കമ്മലും ഊരാനായി തുടങ്ങി
അർജുൻ : നീ എന്താ അമ്മു ഈ കാണിക്കുന്നേ
അമ്മു : ഇനി ആരുടെയും കയ്യിൽ നിന്നും കടം വാങ്ങണ്ട ഇത് വിറ്റ് പുതിയൊരു ബൈക്ക് വാങ്ങാം
അർജുൻ : നീ മിണ്ടാതിരുന്നേ അമ്മു പൈസയൊക്കെ ഞാൻ വേറെ ഒപ്പിച്ചുകൊള്ളാം അത് നിന്റെ കാതിൽ കിടന്നോട്ടെ ഞാൻ ആശിച്ചു വാങ്ങിയതാ
അമ്മു : സാരമില്ല അജു അല്ലെങ്കിലും എനിക്ക് ഗോൾഡ് ഇഷ്ടമില്ലാ എന്ന് അറിയില്ലേ പുതിയ ബൈക്ക് വാങ്ങിക്കോ എന്നാലല്ലേ നമുക്ക് കറങ്ങാനൊക്കെ പോകാൻ പറ്റു
ഇത്രയും പറഞ്ഞു അമ്മു കമ്മല് കൂടി ഊരി വച്ചു
അമ്മു : പണയമൊന്നും വെക്കേണ്ട വിറ്റാൽ മതി എങ്കിലേ കാശ് തികയു
ഇത് കേട്ട അർജുൻ ഒന്നും മിണ്ടിയില്ല
അമ്മു : എന്തിനാ അജു വിഷമിക്കുന്നെ ഇത് ആകാശം ഇടിഞ്ഞു വീഴുന്ന കാര്യമൊന്നുമല്ലല്ലോ എന്റെ മുന്നിൽ എന്തിനാ നാണക്കേടൊക്കെ
അർജുൻ ഒന്നുകൂടി അമ്മുവിനെ നോക്കിയ ശേഷം ആ സ്വർണ്ണം കയ്യിലെടുത്തു
ഒരു മാസത്തിന് ശേഷം
റിയാസ് : അപ്പോൾ ഇതുവരെ നിന്റെ വീട്ടുകാർ നിന്നെ വിളിക്കുകയൊ വന്നു കാണുകയോ ഒന്നും ചെയ്തില്ല അല്ലേ
അർജുൻ : ഇല്ലടാ നീ ഇപ്പോൾ എന്തിനാ ഇതൊക്കെ ചോദിക്കുന്നെ ഞാൻ ഇപ്പോൾ അവരെയൊന്നും പറ്റി ഓർക്കാറില്ല
റിയാസ് : അവര് പറയരുന്നതിലും കാര്യമില്ലേടാ കുറച്ച് നാൾ കഴിയുമ്പോൾ നിങ്ങള് ഒറ്റപ്പെട്ടു പോകില്ലേ ഒരു കുഞ്ഞെന്നത് എല്ലാവരുടെയും സ്വപ്നമല്ലേ
അർജുൻ : റിയാസേ നീയും എന്റെ വീട്ടുകാരെ പോലെ തുടങ്ങല്ലേ
റിയാസ് : ശെരി ഞാൻ ഒന്നും പറയുന്നില്ല പോരെ.. എന്തായാലും നീ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ വരെ ഒന്ന് പോ ഡോക്ടർമ്മാർ എന്താ പറയുന്നതെന്ന് അറിയാല്ലോ
അർജുൻ : ടാ അവര് പറ്റില്ലെന്ന് വല്ലതും പറഞ്ഞാൽ അമ്മു അത് സഹിക്കില്ല ഇപ്പോൾ കളിച്ചു ചിരിച്ചു നടക്കന്നതോന്നും നോക്കണ്ട എല്ലാം അഭിനയമാ അവൾക്ക് നല്ല സങ്കടമുണ്ട് ചില ദിവസമൊക്കെ രാത്രി ഞാൻ അറിയാതെ ഉണരുബോൾ അവള് കരഞ്ഞുകൊണ്ട് കിടക്കുന്നതാ കാണുന്നത് ഞാൻ പിന്നെ ഒന്നും ചോദിക്കില്ല
റിയാസ് : അതാ പറഞ്ഞേ ഹോസ്പിറ്റലിൽ പോകാൻ എന്താണെന്നു അറിയണ്ടേ
അർജുൻ : ഉം പോണം നാളെ ഞാൻ ലീവാ സിറ്റി ഹോസ്പിറ്റലിൽ തന്നെ പോകാം
റിയാസ് : നിനക്ക് പൈസക്ക് വല്ല ആവശ്യവുമുണ്ടോ
അർജുൻ : ഇല്ലടാ ഇപ്പോൾ ഒക്കെയാ ഇന്ന് സാലറി കിട്ടി അവളെ ഒന്ന് പുറത്ത് കൊണ്ടുപോണം ഞാൻ പോകുവാ അവള് കാത്തിരിക്കുന്നുണ്ടാകും
ഇത്രയും പറഞ്ഞു അർജുൻ തന്റെ ബൈക്കിൽ കയറി ബൈക്ക് മുന്നോട്ടെക്കെടുത്തു
അല്പനേരത്തിനുള്ളിൽ തന്നെ അവൻ വീടിനു മുന്നിൽ എത്തി അപ്പോൾ അവൻ കണ്ടത് റോഡിൽ കിടക്കുന്ന രാജീവിന്റ കാറിനെയാണ്
അർജുൻ : രാജീവ് അങ്കിളിന്റെ കാറാണല്ലോ അങ്കിള് വന്നോ
അർജുൻ വേഗം വണ്ടി മുറ്റത്തേക്ക് കയറ്റിയ ശേഷം വീടിനുള്ളിലേക്ക് കയറി അവിടെ ചെയറിൽ രാജീവും റാണിയും ഇരിപ്പുണ്ടായിരുന്നു
അമ്മു : അച്ഛാ അജു വന്നു… അജു വാ
അർജുൻ പതിയെ രാജീവിന്റെയും റാണിയുടെയും മുഖത്തേക്ക് നോക്കി
അർജുൻ : നിങ്ങൾ എപ്പോൾ എത്തി… അമ്മു ഇവർക്ക് ചായ കൊടുത്തോ നിക്ക് ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ടുവരാം
രാജീവ് : ഒന്നും വേണ്ട അർജുൻ ഇരിക്ക് എനിക്കല്പം സംസാരിക്കണം
ഇത് കേട്ട അർജുൻ അവർക്കരികിലേക്കായി ഇരുന്നു
രാജീവ് : അർജുൻ പുതിയ കമ്പനിയിൽ ജോലിക്ക് കയറി അല്ലേ
അർജുൻ : അതെ ഇപ്പോൾ ഒരു മാസമായി… അല്ല അങ്കിളിന് എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നു
രാജീവ് : ഉം അതെ എന്താന്ന് വച്ചാൽ നിങ്ങൾ രണ്ട് പേരും കൂടി അങ്ങോട്ടേക്ക് വന്നേക്ക് ഇനി അവിടെ താമസിക്കാം അർജുന് എന്റെ കമ്പനിയിൽ വർക്കും ചെയ്യാലോ
അമ്മു : അച്ഛാ… ഞാൻ പറഞ്ഞതല്ലേ ഇതൊന്നും അർജുനോട് പറയരുതെന്ന് ഞങ്ങളിപ്പോൾ അങ്ങോട്ടേക്കില്ല
റാണി : എന്താ അമ്മു ഇത് എന്നായാലും അർജുൻ തന്നെയല്ലേ കമ്പനിയൊക്കെ നോക്കി നടത്തേണ്ടത്
രാജീവ് : അർജുൻ എന്താ ഒന്നും മിണ്ടാത്തത്
അർജുൻ : അമ്മു പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത് ഞങ്ങളിപ്പോൾ അങ്ങോട്ടേക്കില്ല ഞങ്ങൾ ഇവിടെ ഒക്കെയാണ്
റാണി : എന്ത് ഒക്കെ ഈ വീട് കണ്ടപ്പോൾ എന്റെ നെഞ്ച് പൊട്ടിപോയി ഇവിടെയാണോ എന്റെ കുഞ്ഞ് താമസ്സിക്കേണ്ടത്
അമ്മു : അമ്മേ മതി ഇവിടെ എനിക്ക് ഒരു കുറവുമില്ല
രാജീവ് : അർജുന് ഇപ്പോഴും ഞങ്ങളോടുള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ
അർജുൻ : ദേഷ്യമൊ എന്തിന് എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല പിണക്കമൊക്കെ നിങ്ങൾക്കായിരുന്നില്ലേ
രാജീവ് : അർജുൻ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ആ ജാം കമ്പനിയിലെ ചെറിയ വരുമാനം കൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കാനാ എന്റെ കമ്പനിയിൽ വരാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ വേറെ പറഞ്ഞു ജോലി ശെരിയാക്കി തരാം
അർജുൻ : അങ്കിൾ എല്ലാം അനേഷിച്ചറിഞ്ഞുള്ള വരവാണല്ലേ എന്തായാലും ചോദിച്ചതിന് നന്ദി ഞാൻ എന്തായാലും ഈ ജോലിയിൽ തന്നെ തുടരാനാ തീരുമാനിച്ചിരിക്കുന്നെ ഇപ്പോൾ കിട്ടുന്നത് കൊണ്ട് ഞങ്ങൾ ഹാപ്പിയാണ് കാര്യങ്ങളൊക്കെ ഒരുവിധം നന്നായി നടന്നു പോകുന്നുണ്ട്
രാജീവ് : ശെരി അർജുന്റെ വാശി നടക്കട്ടെ
അർജുൻ : വാശി ഒന്നുമല്ല അങ്കിളെ
രാജീവ് : അർജുൻ ചോദിക്കില്ല എന്നറിയാം എങ്കിലും ചോദിക്കുവാ നിങ്ങൾക്ക് പൈസക്ക് വല്ല ആവശ്യമുണ്ടോ ഉണ്ടെങ്കിൽ എന്നോട് പറയണം ഞാൻ വേണമെങ്കിൽ അമ്മുവിന്റെ അക്കൗണ്ടി….
അർജുൻ : സാരമില്ല അങ്കിളെ ആവശ്യമുണ്ടെങ്കിൽ ഞാൻ പറയാം ചോദിച്ചല്ലോ അത് മതി.. പിന്നെ വീട്ടിൽ സ്ഥിരമായി താമസിക്കാൻ ഇല്ലെന്ന് മാത്രമേ ഞങ്ങൾ പറഞ്ഞുള്ളു ഇടക്കിടക്ക് ഞങ്ങൾ അങ്ങോട്ടേക്ക് വന്നോളാം ഇന്നലെ കൂടി അവിടേക്ക് വരുന്ന കാര്യം ഞാനും അമ്മുവും കൂടി സംസാരിച്ചിരുന്നു ദാ ഇവൾക്ക് നിങ്ങളെ കാണാതെ അധിക നാളൊന്നും ഇരിക്കാൻ പറ്റില്ല
റാണി : അവൾക്ക് മാത്രമല്ല ഞങ്ങൾക്കും അങ്ങനെ തന്നെയാ
അർജുൻ : പിന്നെ അങ്കിളേ അമ്മുവിനെ ചികിസിച്ചതിന്റെ റിപ്പോർട്ടുകളൊക്കെ കയ്യിൽ കാണില്ലേ അതൊക്കെ ഒന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു നാളെ ഹോസ്പിറ്റലിൽ വരെ ഒന്ന് പോയാൽ കൊള്ളാമെന്നുണ്ട്
രാജീവ് : അതുകൂടി പറയാൻ തന്നെയാ ഞങ്ങൾ വന്നത് നിങ്ങൾ ഹെൽത്ത് പോയിന്റ് ഹോസ്പിറ്റൽ വരെ ഒന്ന് പോയാൽ മതി അവിടെയാ ഇവളെ ചികിത്സിച്ചത് ഒരു ഡോക്ടർ ശ്രീ വിദ്യയുണ്ട് അവർക്ക് കാര്യങ്ങളൊക്കെ അറിയാം നിങ്ങൾ അങ്ങോട്ടേക്ക് പോയാൽ മാത്രം മതി ഡീറ്റെയിൽസ് ഒക്കെ അവിടെ തന്നെയുണ്ട്
അർജുൻ : ശെരി അങ്കിളെ… പിന്നെ നിങ്ങൾ എന്തെങ്കിലും കഴിച്ചിരുന്നോ അമ്മു ഇവർക്ക് എന്തെങ്കിലും കൊടുക്ക്
രാജീവ് : ഒന്നും വേണ്ട ഞങ്ങൾ കഴിച്ചതാ പോയിട്ട് തിരക്കുണ്ട്
അർജുൻ : ഇത്ര പെട്ടെന്ന് ഇറങ്ങുവാണോ
രാജീവ് : ഉം പോയിട്ട് ധൃതിയുണ്ട് നിങ്ങൾ അങ്ങോട്ടേക്ക് ഇറങ്ങ്
റാണി : അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ പിന്നെ അങ്ങോട്ടേക്ക് താമസം മാറുന്ന കാര്യം നിങ്ങൾ ഒന്നുകൂടി ആലോചിക്ക്
രാജീവ് : നിർബന്ധിക്കണ്ട റാണി കുട്ടികൾ കുറച്ച് നാൾ ഒറ്റക്ക് ജീവിക്കട്ടെ ഇവർക്ക് ജീവിതവും പഠിക്കാൻ പറ്റും കുറച്ച് കൂടി പക്വതയും കൈവരും ഇപ്പോൾ തന്നെ നോക്കിയെ ഇവളിപ്പോൾ നമ്മുടെ പഴയ മടിച്ചി കുട്ടിയാണോ നല്ല മാറ്റമില്ലേ
അമ്മു : ഒന്ന് പോയേ അച്ഛാ
രാജീവ് : എന്നാൽ ശെരി ഞങ്ങൾ ഇറങ്ങുവാ
അർജുൻ : ശെരി അങ്കിളെ എന്നോട് വിഷമമൊന്നും തോന്നരുത്
രാജീവ് : ഒരു വിഷമവുമില്ല അഭിമാനം മാത്രമേ ഉള്ളു
ഇത്രയും പറഞ്ഞു അവർ അവിടെ നിന്നും പോയി
അർജുൻ : അച്ഛനെയും അമ്മയേയും കണ്ടില്ല എന്ന നിന്റെ പരാതി തീർന്നല്ലോ അല്ലേ
അമ്മു : അജു അവരോട് മിണ്ടില്ല എന്നാ ഞാൻ കരുതിയത്
അർജുൻ : നീ ഒന്ന് പോയേ അമ്മു ഞാൻ എല്ലാം അപ്പോഴേ മറന്നു പിന്നെ ഒന്നാലോചിച്ചാൽ അവർ എല്ലാം മറച്ചു വച്ചത് കൊണ്ടല്ലേ നമ്മുടെ വിവാഹം നടന്നത് ഇല്ലായിരുന്നെങ്കിൽ എന്റെ അമ്മു പെണ്ണിനെ എനിക്ക് കിട്ടുമായിരുന്നോ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ നെറ്റിയിൽ മുത്തി
അമ്മു : അപ്പോൾ സത്യം അറിഞ്ഞിരുന്നെങ്കിൽ എന്നെ കെട്ടില്ലായിരുന്നു അല്ലേ
അർജുൻ : ഉള്ളത് പറഞ്ഞാൽ അതെ നിന്നോട് എനിക്ക് ഒന്നും ഒളിക്കാൻ ഇല്ല ഈ കാര്യം വിവാഹത്തിന് മുൻപ് അറിഞ്ഞെങ്കിൽ ഇത് പറഞ്ഞു ഞാൻ ഒഴിഞ്ഞേനെ പക്ഷെ കണ്ടോ വിധി പോലെ നമ്മൾ ഒന്നിച്ചില്ലേ നീയല്ലാതെ വേറൊരാളെ ഇപ്പോൾ എനിക്കെന്റെ ഭാര്യയായി സങ്കല്പപിക്കാൻ പോലും പറ്റില്ല പിന്നെ അങ്കിളും ആന്റിയും വേറെ എന്തെങ്കിലും ചോദിച്ചോ
അമ്മു : അജൂന്റെ വീട്ടുകാരെ പറ്റി ചോദിച്ചു
അർജുൻ : ഉം… പിന്നെയുണ്ടല്ലോ അമ്മു എനിക്കിന്ന് ആദ്യത്തെ സാലറി കിട്ടി ഞാൻ പറഞ്ഞിരുന്നത് പോലെ നമുക്കിന്നു പുറത്തൊക്കെ പോയി ഒന്ന് കറങ്ങിയിട്ട് വരാം
അമ്മു : അതൊന്നും വേണ്ട വെറുതെ പൈസകളയാൻ
അർജുൻ : അങ്കിള് പറഞ്ഞത് പോലെ പക്വതയൊക്കെ വച്ചല്ലോ…എന്നാൽ പിന്നെ പോകണ്ട
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ഒന്ന് നോക്കി
അർജുൻ : നിന്ന് അഭിനയിക്കാതെ ഇറങ്ങാൻ നോക്കെടി നിന്റെ മുഖം കണ്ടാൽ അറിയാം വരാൻ മുട്ടി നിക്കുവാണെന്ന്
അല്പനേരത്തിനുള്ളിൽ അവർ അവിടെ നിന്നുമിറങ്ങി
തുടരും….
ആദ്യം തന്നെ വൈകിയതിന് സോറി കഥ ഏറെ കുറേ കഴിയാറായി ഇനി ഒരു രണ്ട് പാർട്ടോ മറ്റോ കാണും ഒന്നുകിൽ രണ്ട് പാർട്ട് ആയി ഇടും ഇല്ലെങ്കിൽവലിയൊരു പാർട്ട് ആക്കി ക്ലൈമാക്സ് പാർട്ട് ഇടും 💙💙💙
Responses (0 )