Tomboy Love Part 6
Author : Fang leng | Previous Part
അടുത്ത നിമിഷം ചീറികോണ്ട് മുന്നോട്ടേക്ക് പാഞ്ഞ അമ്മു ടേബിളിൽ ഇരുന്ന ചായ കയ്യിലേക്ക് എടുത്ത് വിവേകിന്റെ മുഖത്തേക്ക് ഒഴിച്ചു
“ആ…”
വിവേക് അലറിക്കൊണ്ട് മുഖം പൊത്തി
ഇത് കണ്ട് അവിടെ ഉണ്ടായിരുന്നവർ മുഴുവനും നടുങ്ങി
“അമ്മു….”
അർജുൻ വേഗം തന്നെ അവളുടെ അടുത്തേ ഓടി
“നിനക്ക് എന്നെ ഓർമ്മയുണ്ടോടാ കോപ്പെ ”
വർദ്ധിച്ച ദേഷ്യത്തോടെ അമ്മു വിവേകിനെ അടിക്കാൻ കൈ ഓങ്ങി
എന്നാൽ ഓടിയെത്തിയ അർജുൻ അമ്മുവിനെ പിന്നിൽ നിന്നും വട്ടം പിടിച്ചു
“വിട്…. എന്നെ വിടാൻ ”
“എന്താ അമ്മു ഈ കാണിക്കുന്നെ ”
“വിട് അജു ഇവനെ ഞാൻ….”
ഇത് കണ്ട വിവേകും അവന്റെ ഫാമിലിയും വേഗം തന്നെ സോഫയിൽ നിന്നും എഴുനേറ്റു
സുമ വേഗം കയ്യിലിരുന്ന ടവൽ കൊണ്ട് വിവേകിന്റെ മുഖം തുടക്കാൻ തുടങ്ങി
വിവേക് : ആ അമ്മേ…
എന്നാൽ അമ്മു അപ്പോഴും അർജുന്റെ കയ്യിൽ നിന്നും കുതറി മാറുവാൻ ശ്രമിക്കുകയായിരുന്നു
ഗിരിജ : ഇവൾക്കെന്താ പ്രാന്താണോ എന്റെ കൊച്ചിന്റെ മുഖം
അമ്മു : അവന്റെ ഒരു മുഖം…
എന്നാൽ അർജുൻ വേഗം അമ്മുവിനെ അങ്ങനെ തന്നെ പിടിച്ചുകൊണ്ട് അടുത്ത റൂമിലേക്ക് കയറി കതക് കുറ്റിയിട്ടു
ഇതേ സമയം ദേവിയും സാന്ദ്രയുമെല്ലാം എന്ത് പറയണം എന്നറിയാതെ നടുങ്ങി നിക്കുകയായിരുന്നു
സുമ : മോനെ എങ്ങനെയുണ്ട് വിവേകെ….
വിവേക് : വാ നമുക്ക് പോകാം 😡
സുമ : എന്താ നിങ്ങൾ ഒന്നും മിണ്ടാത്തത് എന്റെ കൊച്ചിന്റെ അവസ്ഥ കണ്ടില്ലേ
ശ്രുതി : എന്തോ തെറ്റിദ്ധാരണയാണെന്ന് തോന്നുന്നു നമുക്ക്….
ഗിരിജ : ഒന്നും പറയണ്ട ഞങ്ങളെ വിളിച്ചു വരുത്തി അപമാനിച്ചതും പോരാ… നീ വരുന്നുണ്ടോ സുമേ ഇവരുമായി ഒരു ബന്ധവും നമുക്കിനി വേണ്ട
ദേവി : അങ്ങനെ പറയരുത് അവൾക്ക് ചെറിയ കുഴപ്പമുണ്ട്
സുരേഷ് : ഭ്രാന്താണെങ്കിൽ പിടിച്ചു ചങ്ങലക്കിടണം അല്ലാതെ അഴിച്ചു വിടുകയല്ല വേണ്ടത് ദാ ഇപ്പോൾ പറയുകയാ നിങ്ങളുമായി ഞങ്ങൾക്കിനി ഒരു ബന്ധവുമില്ല
ഇത് കേട്ട സാന്ദ്ര കരയാൻ തുടങ്ങി
സാന്ദ്ര : ആന്റി പ്ലീസ്…. വിവേക് പോകരുത്…
ശേഖരൻ : ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല വിവേകിന് അമ്മുവിനെ നേരത്തെ പരിചയമുണ്ടോ അവൾ ഇതിന് മുൻപ് ഇങ്ങനെ പെരുമാറിയിട്ടില്ല
അശ്വിൻ : ശെരിയാ അമ്മുവിന്റെ പെരുമാറ്റം കണ്ടിട്ട് വിവേകിനെ നേരെത്തെ പരിചയമുള്ളത് പോലെ തോന്നുന്നു
സുമ : പറ വിവേകെ നിനക്ക് അവളെ പരിചയമുണ്ടോ
വിവേക് : ഉണ്ട്….അവളാണ് അർജുന്റെ ഭാര്യ എന്നറിഞ്ഞിരുന്നെങ്കിൽ ഈ ബന്ധവുമായി ഞാൻ മുന്നോട്ട് പോകില്ലായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തിരുന്നെങ്കിൽ ഇന്നിവിടേക്കുള്ള വരവ് തന്നെ ഒഴിവാക്കാമായിരുന്നു
സാന്ദ്ര : എന്താ വിവേക് ഈ പറയുന്നെ എന്നെ നിനക്ക് വേണ്ടേ
വിവേക് : സാന്ദ്രേ അത്… ഇനി എന്തായാലും ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല നിന്റെ ചേട്ടത്തി ഉണ്ടല്ലോ അവൾ ശെരിയല്ല
****************
ഇതേ സമയം റൂമിനുള്ളിൽ
“വിട് അജു… എനിക്ക് പോകണം… ”
“അടങ്ങ് അമ്മു നീ എന്തൊക്കെയാ ഈ കാട്ടികൂട്ടുന്നെ 😡 ”
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ദേഷ്യത്തോടെ മതിലോട് ചേർത്ത് നിർത്തി
അർജുൻ : കൂളാക് അമ്മു എന്നിട്ട് എന്താണ് കാര്യം എന്ന് പറ അവനെ നിനക്ക് അറിയാമോ
അമ്മു : അറിയുമോന്നോ ആ ചെറ്റയെ എവിടെ കണ്ടാലും ഞാൻ തിരിച്ചറിയും നമ്മുടെ സാന്ദ്രക്ക് അവൻ വേണ്ട 😡….വിട് അജു എനിക്ക് അവനിട്ടു രണ്ട് കൊടുക്കണം
അർജുൻ : നിന്നോട് നിർത്താനല്ലേ അമ്മു പറഞ്ഞേ എന്നിട്ട് എന്താണെന്നു വച്ചാൽ എന്നോട് പറയ് എന്നിട്ട് മതി നിന്റെ….
ഇത് കേട്ട അമ്മു അല്പനേരം അർജുനെ നോക്കി നിന്നു
*****************
ശേഖരൻ : ദേ അനാവശ്യം പറയരുത്…
ശേഖരൻ വിവേകിനോട് കയർത്തു
വിവേക് : ഞാൻ പറയുന്നതിലാണോ ഇപ്പോൾ പ്രശ്നം
സാന്ദ്ര : എന്താ വിവേക് കാര്യം പറയ്
വിവേക് : എനിക്ക് നിന്റെ ചേട്ടത്തിയെ നേരിട്ട് പരിചയമൊന്നുമില്ല പക്ഷെ ഒരു തവണ കണ്ടിട്ടുണ്ട് അതും മോശപ്പെട്ട ഒരു സാഹചര്യത്തിൽ
ദേവി : എന്താന്ന് വച്ചാൽ തെളിച്ച് പറയ്
വിവേക് : ഞാനും എന്റെ ഫ്രണ്ട്‌സും കുറച്ച് നാൾ മുൻപ് ഇവിടെ അടുത്ത് കോവളം ബീച്ചിൽ വെറുതെ ഒന്ന് കറങ്ങാൻ പോയി അന്നാ ഞാൻ അവളെ കാണുന്നത് അതും ഒരു പയ്യന്റെ കൂടെ അവർ ഞങ്ങളുടെ മുന്നിലിരുന്നു മോശപ്പെട്ട പലതും ചെയ്യാൻ തുടങ്ങി ഒടുവിൽ ഞാൻ പ്രതികരിച്ചു ഇത് പബ്ലിക് പ്ലേസ് ആണ് വേറെ എങ്ങോട്ടേക്കെങ്കിലും പോകാനും പറഞ്ഞു എന്നാൽ ആ സമയം അവൾ എന്നോട് തട്ടി കയറി ഒടുവിൽ ഞങ്ങൾ അവിടെ നിന്നും മാറി കളഞ്ഞു അതിൽ പിന്നെ ഇന്നാ അവളെ ഞാൻ കാണുന്നത് അതും ഇവിടെ വച്ച് എന്നെ കണ്ടപ്പോൾ കള്ളി പുറത്താകും എന്ന് തോന്നികാണും അതാകും ഇങ്ങനെ പ്രതികരിച്ചത് സത്യമായും അർജുൻ വിവാഹം ചെയ്യുന്നത് ഇവളെ ആണെന്ന് ഞാൻ അറിഞ്ഞില്ല വിവാഹ ഫോട്ടോ കണ്ടിരുന്നു അതിൽ മുടിയൊക്കെ ഉള്ള ഒരു കുട്ടിയായിരുന്നില്ലേ
ഗിരിജ : മതി തൃപ്ത്തിയായി നിങ്ങൾ വരുന്നുണ്ടോ ഈ കുടുംബത്തിൽ നിന്നും നമുക്കിനി ബന്ധം വേണ്ട
**********************
അർജുൻ : എന്താ അമ്മു എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലുമാണോ?
അമ്മു :അല്ല അജു… അത് ഒരു രണ്ട് വർഷമാകും ഞാൻ ഒരു മ്യൂസിക് ഫെസ്റ്റ് കാണാൻ പോകുകയായിരുന്നു അച്ഛൻ വണ്ടി തൊടാൻ സമ്മതിക്കാത്തത്കൊണ്ട് ബസിൽ ആയിരുന്നു യാത്ര കാലത്ത് ആയത്കൊണ്ട് ബസിൽ നല്ല തീരക്കായിരുന്നു ബസ് കുറച്ച് ദൂരം ചെന്നപ്പോൾ ഒരു പെൺകുട്ടി വല്ലാതെ അസ്വസ്ഥതപെടുന്നത് ഞാൻ കണ്ടു 10 ലോ 11 ലോ എന്തോ ആകുകയെ ഉള്ളു ചെറിയൊരു കൊച്ചാ ഞാൻ എന്താ സംഭവം എന്ന് കുറച്ച് കൂടി നീങ്ങി നിന്ന് നോക്കി അപ്പോഴാ ഒരുത്തൻ ആ കുട്ടിയുടെ പിന്നിൽ മോശമായി പിടിക്കുന്നതാ ഞാൻ കണ്ടത് ആ കൊച്ച് കൈ തട്ടി മാറ്റുന്നുണ്ട് പക്ഷെ അവൻ വീണ്ടും വീണ്ടും അത് ചെയ്യുന്നു കണ്ടിട്ട് എനിക്ക് സഹിച്ചില്ല ആളുകൾക്കിടയിലൂടെ ഞാൻ അങ്ങോട്ടേക്ക് ചെന്നു ശേഷം അവന്റ് കാലിനിട്ട് നല്ലൊരു ചവിട്ട് വച്ചു കൊടുത്തു അതോടെ നിലവിളിച്ചുകൊണ്ട് അവൻ നീങ്ങി അപ്പോഴാ ഞാൻ അവന്റെ മുഖം കണ്ടത് അത് ഈ വിവേക് ചെറ്റയാ
അർജുൻ : മതി വാ ഇനി ഈ വിവാഹം നടത്തണ്ട
അമ്മു : കഴിഞ്ഞിട്ടില്ല അജു…. അതിന് ശേഷം ആ കുട്ടിയെ സംരക്ഷിച്ചുകൊണ്ട് ഞാൻ അവളുടെ പുറകിൽ തന്നെ നിന്നു ശേഷം ബസ് ഇറങ്ങിയപ്പോൾ ആ നാറി പുറകിലൂടെ വന്ന് എന്റെ പിന്നിൽ….. എനിക്കാ നാറിയെ കൊല്ലണം ഞാൻ പുറകെ കുറേ ഓടിയതാ അന്നവനെ കിട്ടിയില്ല ആളുകളുടെ ഇടയിൽ എവിടെയോ കയറി മറഞ്ഞുകളഞ്ഞു അതിന്റെ ഫ്രസ്ട്രേഷൻ മാറാൻ എനിക്ക് എത്ര ദിവസം വേണ്ടി വന്നു എന്ന് അറിയാമോ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു അത്…. ആ അവനെ ഞാൻ വെറുതെ വിടണോ
അർജുൻ : നീ വാ നമുക്ക് നമുക്ക് ചോദിക്കാം പിന്നെ നീ എടുത്ത് ചാടി ഒന്നും ചെയ്യരുത് അവനുള്ളത് ഞാൻ തന്നെ കൊടുത്തോളാം
ഇത്രയും പറഞ്ഞു അർജുൻ റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ഒപ്പം അമ്മുവും എന്നാൽ ഹാളിൽ വിവേകും കുടുംബവും ഉണ്ടായിരുന്നില്ല
അർജുൻ : അവരെവിടെ?
ദേവി : എവിടെയെന്നോ അവര് അവരുടെ പാട്ടിന് പോയി അത്രക്ക് ഉണ്ടല്ലോ ഇവളുടെ പ്രവർത്തി
ദേവി അമ്മുവിനെ നോക്കി പറഞ്ഞു
അർജുൻ : അമ്മ വിചാരിക്കുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ
പെട്ടെന്നാണ് സാന്ദ്ര അവരുടെ മുന്നിലേക്ക് വന്നത്
സാന്ദ്ര : വിവേക് ഞങ്ങളോട് എല്ലാം പറഞ്ഞു നിങ്ങൾ ഇത്തരക്കാരിയാണെന്ന് ഞാൻ കരുതിയില്ല
അമ്മു : സാന്ദ്രേ നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ അവൻ ഒരു ചെറ്റയാ
സാന്ദ്ര : മിണ്ടിപോകരുത് നിങ്ങൾ…കണ്ടവമ്മാരുടെ കൂടെ അഴിഞ്ഞാടി നടന്നിട്ട്
അർജുൻ : വാ അടക്ക് സാന്ദ്രേ എന്തൊക്കെയാ നീ ഈ വിളിച്ചു കൂവുന്നെ 😡
ദേവി : അവള് പറഞ്ഞതിൽ എന്താടാ തെറ്റ് നിനക്ക് ആരെയെങ്കിലും നിലക്ക് നിർത്തണം എങ്കിൽ ആദ്യം ഇവളെ നിർത്ത് ഇതിപ്പോൾ കുറേ ആയി നീ എന്താ ഇവളുടെ അടിമയാണോ ഞാൻ അന്നേ നിങ്ങളോട് പറഞ്ഞതാ ഈ ബന്ധം വേണ്ടെന്ന് ഇപ്പോൾ എന്റെ കുട്ടി ആരുടെയോ വിഴിപ്പ് ചുമക്കേണ്ട ഗതിയായി
അർജുൻ : ആരുടെ വിഴിപ്പ് ങ്ങേ… നിങ്ങൾക്കൊക്കെ ഇത് എന്തിന്റെ കേടാ
അമ്മു : അജു അവൻ ഇവരോടൊക്കെ എന്തോ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്
സാന്ദ്ര : നിങ്ങൾ ഈ അഭിനയം ഒന്ന് നിർത്ത് ഇവിടെ എല്ലാവരും എല്ലാം അറിഞ്ഞു അധികം ശീലാവതി ചമയണ്ട
അർജുൻ : സാന്ദ്രേ… 😡
സാന്ദ്ര : എന്താ എന്നെ തല്ലണോ അതോ കൊല്ലണോ എന്താന്ന് വച്ചാൽ ചെയ്തോ… എന്റെ ജീവിതമാ ഇവര് നശിപ്പിത് ആരും കെട്ടാനില്ലാതെ നിന്നപ്പോൾ ഞാൻ പറഞ്ഞിട്ടാ ചേട്ടൻ നിങ്ങളെ കെട്ടിയത് അതിനുള്ളത് എനിക്ക് വയറ് നിറച്ച് കിട്ടി അവരുടെ ഒരു മാല
ഇത്രയും പറഞ്ഞു സാന്ദ്ര കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് അമ്മുവിന്റെ മുഖത്തേക്ക് എറിഞ്ഞു അപ്പോഴേക്കും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു
അർജുൻ : നിങ്ങൾക്കൊക്കെ എന്താ ഭ്രാന്താണോ ഇവളെക്കാൾ നിങ്ങൾക്ക് വിശ്വാസം അവനെയാണോ
ദേവി : ഭ്രാന്ത് നിനക്കാ അതല്ലേ ഇത്രയുമായിട്ടും വീണ്ടും ഇവളെ സപ്പോർട്ട് ചെയ്യുന്നത് ശേഖരേട്ടാ റാണിയേയും രാജീവിനേയും വിളിക്ക് നമ്മളെ ചതിച്ച് മോളെ ഇങ്ങോട്ടേക്ക് കെട്ടി തള്ളിവിട്ടത് എന്തിനാണെന്ന് എനിക്ക് ചോദിക്കണം
അമ്മു : സൂക്ഷിച്ച് സംസാരിക്കണം അമ്മേ ഇതുവരെ ഞാൻ ക്ഷമിച്ചു എന്നെ എന്ത് വേണേ പറഞ്ഞോ എന്റെ അച്ഛനെയും അമ്മയേയും ഒന്നും പറയരുത്
ദേവി : കണ്ടോ അവളുടെ ചീറ്റല് കണ്ടോ
അർജുൻ : മതിയാക്ക് അമ്മേ കുറേ ആയി ക്ഷമിക്കുവാ… ഇവിടെ ആരും ആരെയും വിളിക്കുന്നില്ല പിന്നെ ഇവളെ ഇവിടെ ആരും കെട്ടി തള്ളി വിട്ടതല്ല ഇവൾ എന്റെ ഭാര്യയായി ഇങ്ങോട്ടേക്കു വന്നതാ
ശേഖരൻ : മതി എല്ലാവരും നിർത്ത് അർജുനെ നീ ഇവളെയും കൊണ്ട് റൂമിലോട്ട് പൊക്കൊ
ദേവി : ശേഖരേട്ടാ നിങ്ങള്…
ശേഖരൻ : അവൻ പറഞ്ഞതല്ലാതെ ഇവളെകുറിച്ച് കേട്ടത് ശെരിയാണെന്ന് ഉറപ്പിക്കാൻ നിന്റെ കയ്യിൽ തെളിവ് വല്ലതും ഉണ്ടോ
സാന്ദ്ര : അച്ഛാ
ശേഖരൻ : മതി അമ്മുവിന് എന്താ പറയാനുള്ളത് എന്ന് കേൾക്കട്ടെ
അർജുൻ : അവൾ ഒന്നും പറയുന്നില്ല ഇത്രയും നേരം വിചാരണചെയ്ത് തോലുരിച്ചല്ലോ അത് തന്നെ ധാരാളം വാ അമ്മു
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് തന്റെ റൂമിലേക്ക് നടന്നു
******************
അമ്മു : അജു….
അർജുൻ : എന്താ ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ?
അമ്മു : ഞാൻ… ഞാൻ വേണോന്ന് വച്ചല്ല
അർജുൻ : അമ്മു നിനക്ക് അല്പമെങ്കിലും കോമൻസെൻസ് ഉപയോഗിച്ചു കൂടായിരുന്നോ നീ കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകാതെ ഞാൻ എല്ലാം പരിഹച്ചേനെ പക്ഷെ നീ എന്താ ചെയ്തത്
അമ്മു : നിയന്ദ്രിക്കാൻ പറ്റിയില്ല അജു….
അർജുൻ : കുറച്ചൊക്കെ പക്വത കാണിക്ക് അമ്മു ഇപ്പോൾ എല്ലാവരുടെയും മുന്നിൽ നീ കുറ്റകാരിയായില്ലേ
അമ്മു : നീ കൂടി എന്നെ ഇങ്ങനെ കുറ്റപെടുത്തല്ലെ അവനെ ഇവിടെ കണ്ടപ്പോൾ….
അർജുൻ : നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… ഇതിപ്പോൾ കാര്യങ്ങളൊക്കെ ആകെ കുഴഞ്ഞു അവൻ കാര്യമായി എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് അതാ അവരെല്ലാം അങ്ങനെ പെരുമാറിയത്
അമ്മു : എന്നാലും അവൻ പറഞ്ഞതൊക്കെ അവർ വിശ്വസിച്ചല്ലോ അജു… സാന്ദ്രയെ ഞാൻ എന്റെ സ്വന്തം അനിയത്തിയായാ കണ്ടത് എന്നിട്ട് അവൾ പറഞ്ഞത് കേട്ടില്ലേ അഴിഞ്ഞാടി നടക്കുവാണെന്ന് അജു നിനക്കെന്നെ വിശ്വാസമല്ലെ
അർജുൻ : എന്താ അമ്മു ഇത് ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ വിശ്വാസമാ നീ കള്ളം പറയില്ലെന്ന് എനിക്കറിയാം
ഇത് കേട്ട അമ്മു പതിയെ അർജുനെ നെഞ്ചിൽ തല ചായ്ച്ചു
അർജുൻ : അമ്മു നമുക്ക് ഇവിടുന്ന് മാറി താമസ്സിച്ചാലോ
അമ്മു : എന്താ അജു ഈ പറയുന്നെ
അർജുൻ : ഒരു വാടക വീട് നോക്കാം അതാ നല്ലത്
അമ്മു : ഞാൻ വന്നതിനു ശേഷം അർജുന്റെ സമാധാനമൊക്കെ പോയി അല്ലെ
അർജുൻ : നിനക്കെന്താ അമ്മു….
അമ്മു : നമ്മൾ ഒരിടത്തേക്കും പോകുന്നില്ല വീടാകുമ്പോൾ പ്രശ്നങ്ങളൊക്കെ ഉണ്ടാകും അതൊക്കെ തീരുകയും ചെയ്യും ഞാൻ എല്ലാവരെയും സത്യം പറഞ്ഞു മനസ്സിലാക്കാം ശേഷം നമുക്ക് സാന്ദ്രക്ക് വേണ്ടി നല്ലൊരു പയ്യനെ കണ്ടുപിടിക്കാം
അർജുൻ : നിനക്ക് അവരോടോന്നും ദേഷ്യമില്ലേ അമ്മു
അമ്മു : എന്റെ പഴയ സ്വഭാവം വച്ചാണെങ്കിൽ ഞാൻ ഇപ്പോൾ ഈ വീട് തന്നെ കത്തിച്ചേനെ…
അർജുൻ : എന്നിട്ടെന്താ കത്തിക്കാത്തെ
അമ്മു : ഞാൻ എന്ത് ചെയ്താലും അത് അജൂനെ കൂടി ബാധികില്ലേ ഇന്ന് തന്നെ കണ്ടില്ലേ അല്പനേരത്തെ എന്റെ ദേഷ്യം കാരണം അർജുന് എല്ലാവരുമായും വഴക്കിടേണ്ടി വന്നില്ലേ
അർജുൻ : അതൊക്കെ ഇടക്കിടെ ഉള്ളതാ ഇന്ന് പിണങ്ങും നാളെ മിണ്ടും അത്ര തന്നെ
അമ്മു : എന്നിട്ടാണോ മാറി താമസ്സിക്കാം എന്ന് പറഞ്ഞത് എനിക്ക് അറിയാം അജു അജൂന് അച്ഛനെയും അമ്മയേയും വിട്ട് മാറാൻ പറ്റില്ലെന്ന് എന്നിട്ടും എനിക്ക് വേണ്ടിയല്ലെ മാറാം എന്ന് പറഞ്ഞത് സത്യത്തിൽ ഞാനാ മാറേണ്ടത് എന്റെ ഈ നശിച്ച സ്വഭാവമാ മാറേണ്ടത്…. ഞാൻ എന്താ അജു ഇങ്ങനെയായി പോയത്
അമ്മുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു
അർജുൻ : എങ്ങനെയായി പോയെന്ന് നിനക്ക് ഒരു കുഴപ്പവുമില്ല നീ മറ്റുള്ളവരെപോലെ ഉള്ളിലുള്ളത് മറച്ചുവെക്കുന്നില്ലല്ലോ തോന്നിയത് അപ്പോൾ തന്നെ പറയുന്നു അപ്പോൾ തന്നെ പ്രവർത്തിക്കുന്നു അതത്ര മോശം ശീലമൊന്നുമല്ല പക്ഷെ കുറച്ച് ശ്രദ്ധിവേണം ഇങ്ങനെ ചെയ്താൽ ഇങ്ങനെയുണ്ടാകും എന്ന് മനസ്സിലാക്കാൻ പറ്റണം
അമ്മു : ഇനി ഞാൻ ശ്രദ്ധിച്ചോളാം അജു… ഞാൻ എല്ലാവരോടും സോറി പറയാം അമ്മയോടും സാന്ദ്രയോടും എല്ലാവരരോടും എന്നിട്ട് നമുക്കവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം
അർജുൻ : കാര്യമൊക്കെ പറഞ്ഞു മനസ്സിലാക്കാം പക്ഷെ സോറി വേണ്ട അതിനുള്ള തെറ്റൊന്നും നീ ചെയ്തിട്ടില്ല
*****************
ഇതേ സമയം അമലും ശ്രുതിയും അവരുടെ റൂമിൽ
ശ്രുതി : ഇത്രയും പ്രശ്നം നടന്നിട്ടും ചേട്ടൻ എന്താ ഒന്നും മിണ്ടാതെ നിന്നെ
അമൽ : ഞാൻ എന്ത് പറയാനാ എന്തെങ്കിലും പറഞ്ഞാൽ ഒന്നുകിൽ അർജുനെ പിണക്കേണ്ടിവരും അല്ലെങ്കിൽ അമ്മയെ പിണക്കേണ്ടി വരും എന്തിനാ വെറുതെ
ശ്രുതി : അമലേട്ടാ ആ വിവേക് അമ്മുവിനെ കുറിച്ച് പറഞ്ഞതൊക്കെ കള്ളമാണെന്നാ എനിക്ക് തോന്നുന്നത്
അമൽ : അതെന്താ നീ അങ്ങനെ പറയുന്നെ
ശ്രുതി : അമ്മു അങ്ങനെ ഒരുത്തിയാണെന്ന് എനിക്ക് തോന്നിയിട്ടല്ല പിന്നെ ആ വിവേകിന്റെ മുഖത്ത് നല്ല കള്ള ലക്ഷണവും ഉണ്ടായിരുന്നു… എനിക്ക് ആദ്യം മുതലേ അവരുടെ കുടുംബം പിടിച്ചിട്ടില്ല
അമൽ : അവൾക്ക് അവനെ മാത്രം മതി എന്ന് പറഞ്ഞുകോണ്ട് നിന്നാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും
ശ്രുതി : അല്ലെങ്കിലും നിങ്ങളുടെ പെങ്ങൾക്ക് അല്പം അഹങ്കാരം കൂടുതലാ എന്തായാലും ഇനി ഈ കല്യാണം നടക്കില്ലല്ലോ അത്രയും നല്ലത് നമുക്ക് വേറെ നല്ല ബന്ധം നോക്കാം
അമൽ : നിന്റെ ഓഞ്ഞ കുടുംബത്തിൽ നിന്ന് വല്ലതുമാണേൽ വേണ്ട
ശ്രുതി : ദേ എന്റെ കുടുംബത്തെ പറഞ്ഞാൽ ഉണ്ടല്ലോ…
അമൽ : പിന്നെ ശ്രുതി നീ ഇപ്പോൾ പറഞ്ഞത് പോലെ അമ്മയുടെയും സാന്ദ്രയുടെയും മുന്നിൽ പോയി പറയണ്ട ആരുടെയും പക്ഷം പിടിക്കാതിരിക്കുന്നതാ നമുക്ക് നല്ലത്
*************
3 ദിവസത്തിന് ശേഷം
അമ്മു : അജു ഓഫീസിൽ പോകുന്നില്ലേ
അർജുൻ : ഇല്ല ഇന്ന് കൂടി ലീവ് എടുക്കാം എന്ന് വച്ചു നിനക്ക് നല്ല സുഖമില്ലല്ലോ ഹോസ്പിറ്റലിൽ വിളിച്ചാൽ നീ വരത്തുമില്ല
അമ്മു : എനിക്ക് കുഴപ്പമൊന്നുമില്ല ചെറിയൊരു തല വേദന അത് ടാബ്‌ലറ്റ് കഴിച്ചാൽ മാറും അജു ഓഫിസിൽ പൊക്കൊ ഇപ്പോൾ 3 ദിവസമായില്ലെ
അർജുൻ : എനിക്ക് നല്ല മൂഡില്ലടോ
അമ്മു : ഒരുപാട് പെന്റിങ് വർക്ക് ഉണ്ടെന്ന് അർജുൻ തന്നെയല്ലെ പറഞ്ഞത് എനിക്കറിയാം എന്നെ ഒറ്റക്കാക്കാൻ മടിയായത് കൊണ്ടല്ലേ സാരമില്ല അജു ഇവിടെ എല്ലാവരും ഇല്ലേ പതിയെ ആണെങ്കിലും അവരെന്നോട് മിണ്ടികോളും ശ്രുതിയേച്ചി എന്നോട് സംസാരിക്കുന്നുണ്ട് പക്ഷെ അമ്മയും സാന്ദ്രയും ഇപ്പോഴും ഒഴിഞ്ഞു മാറുകയാ സാരമില്ല എല്ലാം ശെരിയാകും അജു റെഡിയാകാൻ നോക്ക് വെറുതെ ജോലി മുടക്കണ്ട
അർജുൻ : ശെരി നിന്റെ ഇഷ്ടം… പിന്നെ നിനക്ക് എന്തെങ്കിലും പഠിക്കാനോ മറ്റോ താല്പര്യമുണ്ടോ വീട്ടിൽ വെറുതെ ഇരിക്കേണ്ടല്ലോ
അമ്മു : പഠിത്തത്തിലൊന്നും പണ്ടേ താല്പര്യമില്ല പിന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് കിട്ടുന്നില്ല
അർജുൻ : എന്നാൽ എന്താ ചെയ്യാൻ ആഗ്രഹം എന്ന് കണ്ടെത്തി വെക്ക് നമുക്ക് നോക്കാം
*************
കുറച്ച് സമയത്തിനുള്ളിൽ അർജുൻ റെഡിയായി ഹാളിലേക്ക് എത്തി ശേഷം അവിടെ നിന്നും കിച്ചണിലേക്കും
സാന്ദ്ര: അമ്മേ യേട്ടൻ വരുന്നുണ്ട്
ദേവി : എന്താടാ അവളുടെ അടുത്തിരുന്ന് മടുത്തോ
അർജുൻ : എന്താ അമ്മേ ഇത് രാവിലെ തന്നെ… എനിക്ക് ഓഫീസിൽ പോകണം എന്തെങ്കിലും കഴിക്കാൻ ഉണ്ടോ
ദേവി : എന്തിനാടാ ഓഫീസിലൊക്കെ പോകുന്നെ അവളെയും സംരക്ഷിച്ചുകൊണ്ട് അതിനകത്തു തന്നെ ഇരുന്നുകൂടായിരുന്നോ ഞങ്ങളൊക്കെ അവളെ കൊന്ന് തിന്നാൻ നിക്കുവല്ലേ നീ ഇല്ലെങ്കിൽ ഞങ്ങൾ എന്തെങ്കിലും ചെയ്താലോ
അർജുൻ : ഇതാ ഞാൻ റൂമിൽ തന്നെ ഇരുന്നെ പുറത്ത് വന്നാൽ ഇതാണല്ലോ സ്ഥിതി
ദേവി : എന്റെ കൊച്ചിന്റെ കല്യാണം മുടങ്ങി ഇങ്ങനെയല്ലാതെ ഞാൻ പിന്നെ എങ്ങനെയാടാ പ്രതികരിക്കേണ്ടത്
അർജുൻ : അവന്റെ സ്വഭാവത്തെ പറ്റി ഞാൻ നിങ്ങളോടൊക്കെ പറഞ്ഞതല്ലേ അവൻ പോയത് നന്നായി എന്ന് വെക്കുന്നതിന് പകരം…. ഇവളുടെ വിവാഹം അവനെക്കാൾ നല്ലൊരു ചെറുക്കനുമായി ഞാൻ നടത്തും
സാന്ദ്ര : എനിക്ക് വേണ്ടി ഇവിടെ ആരുമിനി കല്യാണം നോക്കണ്ട വിവേകിനെ അല്ലാതെ വേറെ ആരെയും ഞാൻ കെട്ടാനും പോകുന്നില്ല
അർജുൻ : ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കെന്താ സാന്ദ്രേ ഒന്നും തലയിൽ കയറാത്തത്
സാന്ദ്ര : ചേട്ടനെ പോലെ അവര് പറയുന്നത് മുഴുവൻ തൊണ്ടതൊടാതെ വിഴുങ്ങാൻ ഇവിടെയുള്ളവരൊന്നും മന്ദബുദ്ധികളല്ല
അർജുൻ : ശെരി ആരും വിശ്വസിക്കണ്ട അവളെ എനിക്ക് വിശ്വാസമാ അത് മതി പിന്നെ അമ്മേ അവൾക്ക് നല്ല സുഖമില്ല ഒന്ന് നോക്കികൊള്ളണം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ വന്നോളാം
ഇത്രയും പറഞ്ഞു അർജുൻ പോകാനായി ഒരുങ്ങി
ശ്രുതി : ടാ കഴിച്ചിട്ട് പോ
അർജുൻ : വേണ്ട ഏട്ടത്തി ഇപ്പോൾ തന്നെ വയറ് നന്നായി നിറഞ്ഞു
ഇത്രയും പറഞ്ഞു അർജുൻ പുറത്തേക്ക് പോയി
*********************
അന്നേ ദിവസം രാത്രി ഓഫിൽ നിന്നും ഇറങ്ങിയ അർജുൻ..
“ഇവളെന്താ ഫോൺ എടുക്കാത്തത്… മനുഷ്യനെ വെറുതെ പേടിപ്പിക്കാനായിട്ട്… ഏട്ടത്തിയെ വിളിച്ചു നോക്കിയാലോ “
അർജുൻ വേഗം ശ്രുതിയെ വിളിച്ചു
“ഫോൺ എടുക്കുന്നില്ലോ… ഇവർക്കൊന്നും ചെവിയും കേൾക്കില്ലേ ”
പെട്ടെന്നാണ് അർജുന്റെ ഫോണിലേക്ക് ശ്രുതി തിരികെ വിളിച്ചത് അർജുൻ വേഗം ഫോൺ അറ്റണ്ട് ചെയ്തു
“ഹലോ ഏട്ടത്തി അമ്മു അവിടെ ഉണ്ടോ ഞാൻ കുറേയായി വിളിക്കുന്നു അവൾ ഫോൺ എടുക്കുന്നില്ല ”
ശ്രുതി : അർജുനെ നീ വേഗം ഇങ്ങോട്ടേക്കു വരാൻ നോക്ക്
അർജുൻ : എന്താ ഏട്ടത്തി എന്തെങ്കിലും പ്രശ്നം ഉണ്ടോ
ശ്രുതി : അത് നീ വേഗം വാ വന്നിട്ട് പറയാം
ഇത്രയും പറഞ്ഞു ശ്രുതി ഫോൺ കട്ട് ചെയ്തു
“ദൈവമേ അവൾക്ക് അസുഖം എങ്ങാനും കൂടിയോ ”
അർജുൻ വേഗം ബൈക്ക് മുന്നോട്ടെടുത്തു
അല്പസമയത്തിനുള്ളിൽ അർജുൻ വീട്ടിലേക്ക് എത്തി ചേർന്നു ശേഷം അവൻ വേഗം വീട്ടിലേക്ക് കയറി
ഹാളിൽ അമ്മു ഒഴിച്ച് ബാക്കിയെല്ലാവരും നിൽപ്പുണ്ടായിരുന്നു അവരുടെയൊക്കെ മുഖം കണ്ട അർജുന് എന്തോ വശപിശക് തോന്നി
അർജുൻ : ഏട്ടത്തി എന്താ പ്രശ്നം അമ്മു എവിടെ…
എന്നാൽ ശ്രുതി ഒന്നും മിണ്ടിയില്ല അർജുൻ വേഗം തന്നെ തന്റെ റൂമിലേക്ക് ഓടി എന്നാൽ റൂമിനുള്ളിൽ അമ്മു ഉണ്ടായിരുന്നില്ല
അർജുൻ വേഗം തന്നെ തഴേക്ക് തിരിച്ചെത്തി
“ആരുമെന്താ ഒന്നും മിണ്ടാത്തെ അമ്മു എവിടെ… അമ്മേ അമ്മു എവിടെ ”
ദേവി : അവള് പോയി
അർജുൻ : പോയോ എങ്ങോട്ട്
ദേവി : അവളുടെ വീട്ടിലേക്ക് കുറച്ച് മുൻപ് രാജീവിനെ വിളിച്ചു വരുത്തി അവളെ പറഞ്ഞു വിട്ടു
അർജുൻ : ആരോട് ചോദിച്ചിട്ട് ങ്ങേ 😡…. എന്നോട് പറയാതെ അവളെ പറഞ്ഞുവിടാൻ നിങ്ങൾകൊക്കെ ആരാ അധികാരം തന്നത് അച്ഛാ അച്ഛൻ ഇവിടെ ഉണ്ടായിരുന്നില്ലേ
ശേഖരൻ : ഞാൻ തന്നെയാ അവളെ പറഞ്ഞു വിട്ടത്
അർജുൻ : അച്ഛനും ഇവരുടെയൊക്കെ വാക്ക് കേട്ട് തുള്ളുകയാണോ
ശ്രുതി : അർജുനെ….
അർജുൻ : ആരും ഒന്നും പറയണോന്നില്ല ഞാൻ കൂടി ഇവിടുന്ന് പോയിതരാം എന്താ
ദേവി : നിർത്ത് അർജുനെ എന്ത് അറിഞ്ഞിട്ടാ നീ ഈ കിടന്ന് തുള്ളുന്നത് അവളും കുടുംബവും നമ്മളെ മുഴുവൻ ചതിക്കുകയായിരുന്നു…
അർജുൻ : എന്ത് ചതി…. എങ്ങനെ ചതിച്ചെന്നാ അമ്മ ഈ പറയുന്നെ
ദേവി : അവളെപോലൊരു മച്ചിയെ ( പ്രസവിക്കാത്തവൾ )നിന്റെ തലയിൽ കെട്ടിവച്ചില്ലേ അതിനെക്കാൾ വലിയ എന്ത് ചതിയാടാ ഉള്ളത്
അർജുൻ : അമ്മേ….വെറുതെ ഓരോന്ന് പറയരുത്…
ശേഖരൻ : വെറുതെ അല്ല നീ ഇപ്പോൾ കേട്ടതൊക്കെ സത്യമാ രാജീവും കുടുംബവും നമ്മളെ വഞ്ചിക്കുകയായിരുന്നു അമ്മു ഒരിക്കലും ഒരു അമ്മയാകില്ല
അർജുൻ : എന്തൊക്കെയാ അച്ഛാ ഈ പറയുന്നേ
ശ്രുതി വേഗം തന്നെ അർജുന്റെ അടുത്തേക്ക് എത്തി അർജുനെ നീ വാ ഞാൻ പറയാം
അർജുൻ : എന്ത് പറയാൻ ഞാൻ ഇതൊന്നും വിശ്വസിക്കില്ല വെറുതെ അങ്ങ് ഓരോന്ന് പറയുവാ
അർജുൻ വല്ലാതെ അസ്വസ്തനായി
ശേഖരൻ : കള്ളം പറഞ്ഞിട്ട് ഞങ്ങൾക്ക് എന്ത് കിട്ടാനാടാ ഇന്ന് നിന്റെ അമ്മയുടെ മുട്ട് വേദന കാണിക്കാൻ ഒന്ന് സിറ്റി ഹോസ്പിറ്റൽ വരെ പോയി അവിടെ വച്ച് എന്റെ ഒരു പഴയ കൂട്ടുകാരനെ കണ്ടു dr ശിവരാജൻ കണ്ടിട്ട് ഒരുപാട് നാളായില്ലേ അതുകൊണ്ട് ഞങ്ങൾ അല്പനേരം ഒന്നിരുന്നു സംസാരിച്ചു അതിനിടയിൽ നിന്റെ കല്യാണകാര്യത്തെ പറ്റിയൊക്കെ പറഞ്ഞു അങ്ങനെ പറഞ്ഞു വന്നപ്പോൾ ശിവരാജന് അമ്മുവിനെയും കുടുംബത്തെയും അറിയാം ഒരു രണ്ട് വർഷം മുൻപ് അമ്മുവിനെ ഒരു ആക്സിഡന്റുമായി ബന്ധപ്പെട്ട് അവനായിരുന്നു ചികിത്സിച്ചത് ആ ആക്സിഡന്റിൽ അവളുടെ വയറിൽ നല്ല ക്ഷതം ഏറ്റിരുന്നു അവൾക്ക് ഇനി ഒരിക്കലും കുട്ടികൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാ അവൻ പറഞ്ഞത് എന്റെ കാര്യമായത് കൊണ്ടു മാത്രമാ അവൻ ഇതൊക്കെ തുറന്നു പറഞ്ഞത്
ദേവി : ഇത് കേട്ടപ്പോൾ ഞങ്ങളുടെ അവസ്ഥ എന്തായിരുന്നു എന്ന് നിനക്കറിയാമോ
എല്ലാം കേട്ട അർജുൻ ഒന്നും പറയാനാകാതെ തളർന്ന് അടുത്ത് കണ്ട സോഫയിൽ ഇരുന്നു
സാന്ദ്ര : ഇപ്പോൾ ചേട്ടന് അവരുടെ തനി സ്വഭാവം പിടികിട്ടിയില്ലേ കള്ളിയാ ചേട്ടാ പേരും കള്ളി
ശേഖരൻ : ഞാനാ നിന്നെ ഈ ബന്ധത്തിലേക്ക് തള്ളിവിട്ടത് നീ എന്നോട് ക്ഷമിക്ക് അവരുടെ കയ്യിൽ നിന്നും വാങ്ങിയ മുഴുവൻ പൈസയും ഞാൻ തിരിച്ചയച്ച് കൊടുത്തിട്ടുണ്ട് കുറച്ച് കടം വാങ്ങേണ്ടി വന്നു സാരമില്ല അത് ഞാൻ വീട്ടികൊള്ളാം
ദേവി : എത്ര ചോദിച്ചിട്ടും അവളാ താലി ഊരി തന്നില്ല എത്രയും പെട്ടെന്ന് തന്നെ ഈ ബന്ധം അവസാനിപ്പിച്ച് അത് തിരിച്ചു വാങ്ങണം
ഇത് കേട്ട അർജുൻ വേഗം തന്റെ റൂമിലേക്ക് നടന്നു
ദേവി : അർജുനെ ടാ…
എന്നാൽ അർജുൻ അതൊന്നും ശ്രദ്ധിക്കാതെ റൂമിലേക്ക് കയറി ശേഷം അല്പസമയത്തിനുള്ളിൽ തന്നെ ഒരു ബാഗുമായി പുറത്തേക്ക് വന്നു
ശേഖരൻ : നീ ഇത് എങ്ങോട്ടാ ഇതെന്താ കയ്യിൽ
അർജുൻ : എനിക്ക് അവളെ കാണണം എന്നെ ചതിച്ചോന്ന് ചോദിക്കണം
ദേവി : എന്ത് ചോദിക്കാൻ ഈ രാത്രി ഇനി നീ ഒരിടത്തേക്കും പോകണ്ട
അർജുൻ : എനിക്ക് പോയേ പറ്റു ഇത് അവര് തന്ന സ്വർണ്ണവും മറ്റുമാ അവളോട് ചോദിക്കേണ്ടതൊക്കെ ചോദിച്ച ശേഷം ഇതും എനിക്ക് തിരിച്ചുകൊടുക്കണം
ദേവി : അപ്പോൾ അവളിതോന്നും എടുക്കാതെയാണോ പോയത് നാശം പിടിക്കാൻ നീ നിൽക്ക് അമല് വന്നിട്ട് അവന്റെ കൂടെ പോകാം
അർജുൻ : വേണ്ട ഞാൻ ഒറ്റക്ക് മതി
ഇത്രയും പറഞ്ഞു അർജുൻ പുറത്തേക്ക് നടന്നു
ഇതേ സമയം രാജീവിന്റെ വീട്ടിൽ
“അമ്മു മോളെ ഞാൻ പറയുന്നത് കേൾക്ക് ”
അമ്മു : വേണ്ട ഒന്നും പറയണ്ട
അമ്മു വീട്ടിലെ സാധങ്ങളൊക്കെ എറിഞ്ഞു പൊട്ടിക്കാൻ തുടങ്ങി
റാണി : മതി മോളെ ദയവ് ചെയ്ത് നിർത്ത്
അമ്മു : എന്ത് നിർത്താൻ…. എല്ലാവരുടെയും മുന്നിൽ എന്നെ കള്ളിയാക്കിയില്ലേ… ഇങ്ങനെ കള്ളം പറഞ്ഞു എന്തിനാ എന്റെ വിവാഹം നടത്തിയത് എന്നോടെങ്കിലും സത്യം പറഞ്ഞുകൂടായിരുന്നോ ഞാൻ നിങ്ങൾക്ക് അത്രയും വലിയ ഭാരമായിരുന്നോ
രാജീവ് : മോളെ നിന്റെ നല്ല ഭാവിക്ക് വേണ്ടി…
അമ്മു : നല്ല ഭാവിയോ എന്നിട്ടിപ്പോൾ എന്തായി… എന്നെ എന്തിനാ അജൂന്റെ തലയിൽ കെട്ടിവച്ചേ വിവാഹം നടന്നില്ലെങ്കിൽ എനിക്ക് ഇത്രയും വിഷമം ഉണ്ടാകില്ലായിരുന്നു ഇപ്പോൾ എനിക്ക് അജൂനെ മറക്കാൻ പറ്റാത്ത അവസ്ഥയാ എല്ലാത്തിനും കാരണം നിങ്ങൾ രണ്ടു പേരുമാ അമ്മ എന്താ അന്ന് പറഞ്ഞത് പെട്ടെന്ന് ഒരു പേര കുട്ടിയെ വേണമെന്ന് അല്ലെ… എല്ലാം അറിഞ്ഞു വച്ചിട്ട് എന്നെ വീണ്ടും വീണ്ടും പറ്റിക്കുകയായിരുന്നു അല്ലേ
റാണി : അല്ല മോളെ…
അമ്മു : ഒന്നും പറയണ്ട എന്നെ അങ്ങ് കൊന്ന് കളഞ്ഞുകൂടായിരുന്നോ എങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു എല്ലാവർക്കും ഭാരമായി എനിക്കിങ്ങനെ ജീവിക്കണ്ട
രാജീവ് : മതി അമ്മു നിർത്ത് എല്ലാത്തിനും കാരണം ഞങ്ങളാണോ ങ്ങേ… ബൈക്ക് എടുക്കരുത് എന്ന് പറഞ്ഞിട്ടും എടുത്തത് ആരാ ആക്സിഡന്റ് ഉണ്ടാക്കിയത് ആരാ ശെരിയാ ഞങ്ങൾ കള്ളം പറഞ്ഞു അത് നിനക്ക് വേണ്ടിയാ 10 % സാധ്യത ഇപ്പോഴും ഉണ്ടെന്നാ ഡോക്ടർ പറഞ്ഞത് ഞങ്ങൾക്ക് അതിൽ വിശ്വാസിക്കാനായിരുന്നു ഇഷ്ടം കല്യാണത്തിനു മുൻപ് അർജുനോട് മാത്രം പറയണം എന്ന് കരുതിയതാ പക്ഷെ നിന്റെ സന്തോഷം കണ്ടപ്പോൾ വേണ്ടെന്ന് വച്ചു ഇത് കാരണം വിവാഹം മുടങ്ങിയാൽ നീ സഹിക്കില്ലെന്ന് കരുതി
അമ്മു : മതി ഒരു ന്യായവും പറയണ്ട അന്ന് മരിച്ചാൽ മതിയായിരുന്നു ഞാൻ കാരണം അർജുന്റെ ജീവിതവും ഇല്ലാതായി ഞാൻ ഇനി അർജുനോട് എന്ത് പറയും അല്ല അവൻ ഇനി എന്നെ കാണാൻ വരുവോ നിങ്ങളോട് ഞാൻ ഒരിക്കലും ക്ഷമിക്കാൻ പോകുന്നില്ല
ഇത്രയും പറഞ്ഞു അമ്മു തന്റെ റൂമിൽ കയറി കതകടച്ചു
ഇത് കണ്ട രാജീവും റാണിയും എന്ത് ചെയ്യണം എന്നറിയാതെ അവിടെയുണ്ടായിരുന്ന സോഫയിൽ ഇരുന്നു അല്പനേരത്തിനുള്ളിൽ തന്നെ അർജുൻ തന്റെ ബൈക്കിൽ അവിടേക്ക് എത്തി ശേഷം അവൻ പതിയെ വീടിനുള്ളിലേക്ക് കയറി അപ്പോൾ അവൻ കണ്ടത് പലയിടത്തായി ചിന്നിചിതറി കിടക്കുന്ന പല തരം വസ്തുക്കളാണ്
അർജുനെ കണ്ടയുടനെ രാജീവും റാണിയും സോഫയിൽ നിന്നും എഴുനേറ്റു
അർജുൻ : ഞാൻ കുറച്ച് കാര്യങ്ങൾ കേട്ടു അതൊക്കെ ശെരിയാണോ
റാണി : മോനെ… അത്
അർജുൻ : ശെരിയാണോ അല്ലെ അത് മാത്രം പറഞ്ഞാൽ മതി
രാജീവ് : അതെ ശെരിയാ അവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാ അത് മറച്ചുവച്ചാ ഞങ്ങൾ വിവാഹം നടത്തിയത്
അർജുൻ : ശെരി ഇതാ അങ്കിള് അമ്മുവിന് കൊടുത്ത സ്വർണ്ണവും മറ്റുമാ
ഇത്രയും പറഞ്ഞു അർജുൻ കയ്യിൽ കൊണ്ടുവന്ന ബാഗ് ടേബിളിലേക്ക് വച്ചു
അർജുൻ : ഇതൊക്കെ അമ്മു ചെയ്താതാണോ അവളെവിടെ റൂമിലുണ്ടോ
താഴെ പൊട്ടികിടക്കുന്ന വസ്തുക്കൾ നോക്കിയ ശേഷം അർജുൻ അവരോട് ചോദിച്ചു
രാജീവ് : അർജുൻ പൊക്കൊ ആവളെ കാണണ്ട തെറ്റെല്ലാം ചെയ്തത് ഞങ്ങളാ ഇനി അർജുൻ കൂടി എന്തെങ്കിലും പറഞ്ഞാൽ അവൾ സഹിക്കില്ല
അർജുൻ : അങ്ങനെ അവളെ കാണതെ പോകാൻ പറ്റില്ല എനിക്ക് കണ്ടേ പറ്റു ഇത്രയും പറഞ്ഞു അർജുൻ റൂമിനടുത്തേക്ക് നടന്നു ശേഷം പതിയെ വാതിലിൽ മുട്ടി
“എനിക്കൊന്നും കേൾക്കണ്ട എന്നല്ലേ പറഞ്ഞത്… ”
മുറിക്കുള്ളിൽ നിന്നും അമ്മു വിളിച്ചു പറഞ്ഞു
“അമ്മു വാതിൽ തുറക്ക് ഞാനാ ”
അർജുന്റെ ശബ്ദം കേട്ടതും അമ്മു അല്പനേരം നിശബ്‍ദയായി ശേഷം അല്പനേരത്തിനുള്ളിൽ തന്നെ അർജുന് മുൻപിൽ ആ റൂമിന്റെ വാതിൽ തുറക്കപ്പെട്ടു അർജുൻ പതിയെ റൂമിലേക്ക് കയറി ഹാളിൽ നിന്നും വിപരീതമായിരുന്നില്ല റൂമിലെ അവസ്ഥ റൂമിലെ വസ്തുക്കളും അവിടവിടെയായി ചിതറി കിടക്കുകയായിരുന്നു അർജുൻ റൂമിൽ മുഴുവൻ കണ്ണോടിച്ച ശേഷം അമ്മുവിന്റെ മുഖത്തേക്ക് നോക്കി
അമ്മു : അജു ഞാൻ ഒന്നും ചെയ്തിട്ടില്ല… ആക്സിഡന്റിനെ പറ്റിയൊക്കെ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ പക്ഷെ ഇക്കാര്യം എനിക്ക് അറിയില്ലായിരുന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു…ഞാൻ നിന്നെ ചതിച്ചിട്ടില്ല അജു പ്ലീസ് എന്നെ വിശ്വസിക്ക്
അർജുൻ : നീ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്
അമ്മു : എടുത്തിട്ട് ഞാൻ നിന്നോട് എന്ത് പറയും… നിനക്ക് തരാനുള്ള ഉത്തരമൊന്നും എന്റെ കയ്യിൽ ഇല്ല അജു നീ എന്നെ കാണാൻ വരുമെന്ന് പോലും ഞാൻ കരുതിയില്ല
അമ്മു പതിയെ കണ്ണ് തുടച്ചു
അമ്മു : ഞാൻ ഇനി ഒരിക്കലും ഒരു ശല്യമാകില്ല എല്ലാത്തിനും സോറി…എന്നെ വെറുക്കാതിരുന്നാൽ മാത്രം മതി നീ പൊക്കൊ
അർജുൻ : കഴിഞ്ഞോ
അമ്മു : അജു…
അർജുൻ : എല്ലാം പറഞ്ഞു കഴിഞ്ഞോന്ന് അപ്പോൾ ഞാൻ പൊക്കൊട്ടെ നിന്റെ സ്വർണ്ണമൊക്കെ തിരിച്ചുകൊണ്ട് കൊടുത്തിട്ടുണ്ട്
ഇത്രയും പറഞ്ഞു അർജുൻ തിരിഞ്ഞു ശേഷം എന്തോ ആലോചിച്ച ശേഷം വീണ്ടും അമ്മുവിനെ നോക്കി
അർജുൻ : എന്തെങ്കിലും പറയാനുണ്ടോ ഉണ്ടെങ്കിൽ പറയ്
പെട്ടെന്ന് തന്നെ അമ്മു ഓടി വന്ന് അർജുനെ കെട്ടിപിടിച്ചു
അമ്മു : അജു….എന്നെകൂടി കൊണ്ടു പോകുവോ… എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല
ഇത്രയും പറഞ്ഞ ശേഷം അമ്മു അർജുനെ നിസ്സഹായയായി നോക്കി
അർജുൻ : അമ്മു നീ എന്നെ പറ്റി എന്താ കരുതിയിരിക്കുന്നെ ഇനി ഭാരമാകില്ല പൊക്കൊ… എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കൈവിട്ട് കളയുന്നവനാണ് ഞാൻ എന്നാണോ നീ കരുതിയിരിക്കുന്നെ നീ അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്തത് എന്ന് മാത്രമേ എനിക്ക് അറിയണമെന്നുണ്ടായിരുന്നുള്ളു അത് അറിഞ്ഞു… നീ പറഞ്ഞില്ലേ ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് അപ്പോൾ എനിക്ക് പറ്റുമെന്ന് തോന്നുണ്ടോ.. നീ വാ നമുക്ക് പോകാം
ഇത് കേട്ട അമ്മു അർജുനെ കൂടുതൽ അമർത്തി കെട്ടിപുണർന്നു അപ്പോഴാണ് അമ്മുവിന്റെ കയ്യിൽ നിന്നും ചോര ഒഴുകുന്നത് അർജുൻ ശ്രദ്ധിച്ചത് അവൻ വേഗം തന്നെ അവളുടെ കൈ പിടിച്ചു നോക്കി ആവളുടെ കയ്യുടെ പുറം ഭാഗത്ത് കുപ്പിച്ചില്ലിന്റെ ചെറിയ ഭാഗങ്ങൾ കയറിഇരിപ്പുണ്ടായിരുന്നു
അർജുൻ : ഇത്… ഇതെങ്ങനെയാ അപ്പോഴാണ് റൂമിലെ അലമാരയുടെ കണ്ണാടി പൊട്ടിയിരിക്കുന്നത് അവൻ കണ്ടത് അതിൽ കൈകൊണ്ട് ഇടിച്ച പോലെ ഒരു പാടും ആ പാടിൽ രക്തതുള്ളികളും അവന് കാണാൻ കഴിഞ്ഞു
അർജുൻ : നിന്നെ എന്താ അമ്മു ചെയ്യേണ്ടെ എന്തിനാ ഇങ്ങനെ ഓരോന്ന് കാണിക്കുന്നെ
അമ്മു : അർജുനെ ഇനി ഒരിക്കലും എനിക്ക് കിട്ടില്ലെന്ന് തോന്നി
ഇത് കേട്ട അർജുൻ അമ്മുവിന്റെ മുഖം പതിയെ കൈകുള്ളിലാക്കി
“നിനക്കറിയോ അമ്മു ഇനി നീ കൂടി അറിഞ്ഞാണ് എന്നെ പറ്റിച്ചതെങ്കിലും ഞാൻ നിന്നെയും കൊണ്ടേ പോകുള്ളായിരുന്നു ചിലപ്പോൾ കുറച്ച് വഴക്കുണ്ടാക്കിയേനെ നല്ല ബഹളവും വച്ചേനെ പക്ഷെ പോകുമ്പോൾ നിന്നെയും കൊണ്ടേ പോകുള്ളായിരുന്നു ”
ഇത്രയും പറഞ്ഞു അർജുൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു നോക്കി
************
കുറച്ച് നേരത്തിനുള്ളിൽ തന്നെ അർജുൻ അമ്മുവുമായി റൂമിന് പുറത്തേക്ക് ഇറങ്ങി ഹാളിലേക്ക് എത്തി ശേഷം രാജീവിനേയും റാണിയേയും നോക്കി
അർജുൻ : അമ്മുവിനെ ഞാൻ കൊണ്ടുപോകുവാ നിങ്ങള് ചെയ്ത തെറ്റിന് ഇവളെ ശിക്ഷിക്കാൻ പറ്റില്ലല്ലോ
രാജീവ് : വേണ്ട എന്റെ മോള് ഇവിടെ തന്നെ നിന്നോട്ടെ അവള് ഞങ്ങൾക്ക് ഒരു ഭാരവുമല്ല ഇനി ഈ ബന്ധം ശെരിയാകില്ല എല്ലാം എന്റെ തെറ്റാ ക്ഷമിച്ചേക്ക്
അർജുൻ : അമ്മു വാ പോകാം
രാജീവ് : ഞാൻ പറഞ്ഞില്ലേ അർജുൻ അവളെ വിടില്ല ഞങ്ങൾക്ക് മതിയായി
അർജുൻ : ഞാൻ ആരോടും അനുവാദമൊന്നും ചോദിച്ചില്ല എന്റെ ഭാര്യയെ ഞാൻ കൊണ്ടുപോകും
റാണി : എന്തിനാ എന്റെ കുഞ്ഞ് കേൾക്കേണ്ടതൊക്കെ കേട്ടുകഴിഞ്ഞു ഇനിയും അങ്ങോട്ട് കൊണ്ടുപോയി ദ്രോഹിക്കാൻ ഞങ്ങൾ അനുവദിക്കില്ല ഞങ്ങൾ മരിക്കുന്നത് വരെ അവൾ ഇവിടെ നിന്നോട്ടെ
അർജുൻ : അവിടെ എന്താ നടന്നത് എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ എല്ലാം വരുത്തിവച്ചത് നിങ്ങളാ എന്നോടെങ്കിലും എല്ലാം പറയാമായിരുന്നു പക്ഷെ ആരെങ്കിലും അത് ചെയ്തോ
റാണി : ശെരിയാ തെറ്റൊക്കെ ഞങ്ങളുടെതാ പക്ഷെ ആരോടായാലും അല്പം ദയയൊക്കെ കാണിക്കാമല്ലോ എന്റെ കുഞ്ഞിനെ എന്തൊക്കെയാ പറഞ്ഞത് ഇപ്പോഴും നെഞ്ച് പൊട്ടുവാ എന്റെ കുഞ്ഞ് പ്രസവിക്കില്ലെന്ന് ഒരു ഡോക്ടറും തീർത്തു പറഞ്ഞിട്ടില്ല സാധ്യത കുറവാ പക്ഷെ ഞങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു വിവാഹത്തിനു ശേഷം മാത്രമേ തുടർ ചികിത്സ ചെയ്യാൻ കഴിയു എന്ന് പറഞ്ഞത് കൊണ്ട് മാത്രമാ ഞങ്ങൾക്ക് ഇതൊക്കെ ചെയ്യേണ്ടി വന്നത് ഇനി ഒന്നും വേണ്ട ഒറ്റക്ക് ജീവിക്കാനാണ് ഇവളുടെ വിധിയെങ്കിൽ അങ്ങനെയാകട്ടെ
അർജുൻ : അങ്ങനെ ഒറ്റക്ക് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല
രാജീവ് : അർജുൻ പോകാൻ നോക്ക് ശേഖരൻ പറഞ്ഞത് പോലെ പണവും ആഭരണവും എല്ലാം തിരിച്ചു തന്നില്ലേ അതോടെ ഈ ബന്ധവും അവസാനിച്ചു
അമ്മു : മതി പോകണോ വേണ്ടേ എന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത് ഞാൻ അർജുന്റെ കൂടെ പോകും അർജുൻ എവിയാണോ അവിടെ ഞാനും ഉണ്ടാകും
റാണി : നിനക്ക് ഇനിയും മതിയായില്ലേ അമ്മു
അമ്മു : എല്ലാ തെറ്റും ചെയ്തത് നമ്മളല്ലേ എന്നിട്ടിപ്പോൾ എല്ലാം ക്ഷമിക്കാൻ തയ്യാറായ അജൂനെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു എന്തിനാ അമ്മേ ഇങ്ങനെ സ്വാർത്ഥമായി പെരുമാറുന്നത്
അർജുൻ : അങ്കിളിപ്പോൾ പറഞ്ഞില്ലേ എല്ലാ ബന്ധവും അവസാനിച്ചു എന്ന് അതെങ്ങനെ ശെരിയാകും ഞങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ ബന്ധത്തിന്റെ തെളിവ് ഇപ്പോഴും അവളുടെ കഴുത്തിൽ കിടപ്പുണ്ട് അത് ഉള്ളിടത്തോളം കാലം അമ്മുവിന്റെ മേൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ അവകാശം എനിക്ക് തന്നെയാ പിന്നെ ഈ സ്വർണ്ണം തിരിച്ചു തന്നത് അതെനിക്ക് ആവശ്യമില്ലാത്തത് കൊണ്ടാ എനിക്ക് ഇവളെ മാത്രം മതി
ഇത്രയും പറഞ്ഞു അമ്മുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് അർജുൻ മുന്നോട്ട് നടന്നു
അല്പസമയത്തിന് ശേഷം അർജുനും അമ്മുവും ബൈക്കിൽ
അർജുൻ : വിഷമിക്കണ്ട നിന്നോടുള്ള സ്നേഹം കൊണ്ടാ അങ്കിളും ആന്റിയും എന്നോട് അങ്ങനെ പെരുമാറിയത് എനിക്കവരോട് പിണക്കമൊന്നുമില്ല കുറച്ച് നാൾ കഴിയുമ്പോൾ എല്ലാം ശെരിയായികോളും
അമ്മു : അജു വീട്ടിൽ ചെല്ലുമ്പോൾ അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്നെ തിരികെ കൊണ്ടുവരാൻ പോകുകയാണെന്ന് നീ അവരോട് പറഞ്ഞിരുന്നോ
അർജുൻ : നീ പേടിക്കണ്ട ഞാൻ ഉള്ളപ്പോൾ ആരും നിന്നെ ഒന്നും പറയില്ല
അമ്മു : പേടിയല്ല അജു എനിക്ക് അവരുടെയൊക്കെ മുഖത്ത് നോക്കുവാനുള്ള ധൈര്യം ഇല്ല അത്രക്ക് വലിയ തെറ്റല്ലേ….
അർജുൻ : ഒരു തെറ്റുമില്ല… അസുഖമൊക്കെ എല്ലാവർക്കും വരുന്നതാ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നീ വിട്ടിട്ട് പോകുമോ ഇല്ലല്ലോ അതുകൊണ്ട് വേറെ ഒന്നും ചിന്തിക്കണ്ട
അമ്മു : എന്നെ എന്തിനാ അജു ഇത്രയും സ്നേഹിക്കുന്നെ വേറെ ആരായിരുന്നെങ്കിലും… 😭 ഞാൻ നിന്റെ മനസ്സിലുള്ള പെണ്ണ് പോലുമായിരുന്നില്ല…
അർജുൻ : ഇത് പറയരുതെന്ന് 100 വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് മനസ്സിലുള്ള തേങ്ങാ കുല… അമ്മു ഇന്ന് നിനക്ക് നല്ല വഴക്ക് കിട്ടിയോ എല്ലാവരും കൂടി കൊത്തി പറിച്ചുകാണും അല്ലേ
അമ്മു : ഉം.. കുറേ പറഞ്ഞു… ആദ്യമൊന്നും എനിക്ക് ഒന്നും മനസ്സിലായില്ല പിന്നെ ഇവർ എന്തൊക്കെയാ ഈ പറയുന്നത് എന്നായി തോന്നൽ കുറച്ച് കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും എത്തി അതോടെ എനിക്ക് കാര്യങ്ങൾ ബോധ്യമായി…അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് എന്നെ ഒരുപാട് പറഞ്ഞു ഒടുവിൽ എന്റെ താലി പൊട്ടിക്കാൻ നോക്കി അപ്പോഴാ ഞാൻ പ്രതികരിച്ചത് അജു വന്നിട്ട് പോയാൽ മതി എന്നുണ്ടായിരുന്നു പക്ഷെ നിന്റെ മുന്നിൽ നിൽക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല
അർജുൻ : സോറി അമ്മു..അമ്മ ഇങ്ങനെയൊന്നും ആയിരുന്നില്ല എന്താ നിന്നോട് മാത്രം ഇങ്ങനെയെന്ന് മനസ്സിലാകുന്നില്ല
അമ്മു : മനസ്സിലാക്കാൻ ഒന്നുമില്ല അജു അമ്മയുടെ മനസ്സിലുള്ള പോലെയൊരു പെണ്ണായിരിക്കില്ല ഞാൻ…
അല്പസമയത്തിനുള്ളിൽ തന്നെ അർജുനും അമ്മുവും അർജുന്റെ വീടിനു മുന്നിൽ എത്തി ചേർന്നു
അർജുൻ : വാ പേടിക്കണ്ട
അമ്മു : എനിക്ക് പേടിയൊന്നുമില്ല അർജുൻ കൂടെയുണ്ടല്ലോ
അവർ ഇരുവരും പതിയെ മുന്നോട്ട് നടന്നു അപ്പോഴേക്കും അർജുന്റെ ബൈക്കിന്റെ ശബ്ദം കേട്ട് വീട്ടിലുള്ളവരും പുറത്തേക്ക് വന്നിരുന്നു അർജുനോടൊപ്പം അമ്മുവിനെ കണ്ട അവരെല്ലാം ഒന്ന് നെട്ടി
ദേവി : ഇവളെന്താ നിന്റെ കൂടെ എന്താ അർജുനെ നിന്റെ ഉദ്ദേശം
അർജുൻ : എന്റെ ഭാര്യ എന്റെ കൂടെയല്ലാതെ പിന്നെ ആരുടെ കൂടെയാ അമ്മേ ഉണ്ടാകേണ്ടത്
ദേവി : നിനക്കെന്താ അർജുനെ ഞങ്ങൾ പറഞ്ഞതൊന്നും മനസ്സിലായില്ലേ ശേഖരേട്ടാ നിങ്ങൾ എന്താ ഒന്നും പറയാത്തത്
ശേഖരൻ : അർജുനെ ഇവളും ഇവളുടെ വീട്ടുകാരുമായുള്ള എല്ലാ ബന്ധവും നമ്മൾ ഉപേക്ഷിച്ചതാ നീ ഇവളെ കൊണ്ട് പോയി വീട്ടിൽ വിട്
അർജുൻ : ആര് ഉപേക്ഷിച്ചു… ഞാൻ എന്തായാലും ഉപേക്ഷിച്ചിട്ടില്ല അല്ല അങ്ങനെ ഉപേക്ഷിക്കാൻ പറ്റുന്നതാണോ ഞങ്ങൾ തമ്മിലുള്ള ബന്ധം…
സാന്ദ്ര : ഏട്ടനെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ ഇവർ നമ്മളെ ചതിക്കുകയായിരുന്നു
അർജുൻ : എന്ത് ചതി ആക്സിടന്റിനെ പറ്റിയൊക്കെ അമ്മു എന്നോട് പറഞ്ഞിരുന്നു പിന്നെ ബാക്കിയൊന്നും അമ്മുവിനും അറിയില്ലായിരുന്നു ഇവളുടെ വീട്ടുകാർ മറച്ചു വച്ചതിന് ഇവൾ എന്ത് ചെയ്യാനാണ്
ദേവി : നീ ഇവൾ പറയുന്നതൊക്കെ വിശ്വാസിക്കുകയാണോ എന്ത് മന്ത്രമാടി നീ എന്നെ കുഞ്ഞിന്റെ മേൽ ചെയ്തത് എന്ത് പറഞ്ഞിട്ടും ഇവന്റെ തലയിൽ കയറുന്നില്ലല്ലോ
ശേഖരൻ : അർജുനെ ഇതെന്റെ തീരുമാനമാ ഇവളുമായി നിനക്കിനി ഒരു ബന്ധവും വേണ്ട
അർജുൻ : അത് തീരുമാനിക്കാൻ അച്ഛൻ അല്ലല്ലോ ഇവളെ കെട്ടിയത്…കുറേയായി….
അമൽ : നിർത്ത് അർജുനെ ആരോടാടാ നിന്റെ…. അച്ഛനെതിരെ എന്തെങ്കിലും പറഞ്ഞാൽ അടിച്ച് നിന്റെ…
അർജുൻ : പിന്നെ ഞാൻ എന്താ പറയേണ്ടത് അന്നും അച്ഛൻ അല്ലേ തീരുമാനം എടുത്തത് കെട്ടാൻ പറഞ്ഞു ഞാൻ കെട്ടി എല്ലാവർക്കും നല്ല സന്തോഷമായിരുന്നല്ലോ… കമ്പനി നേരെയായി അളിയന് കൊടുക്കാനുള്ളതൊക്കെ ഏട്ടൻ കൊടുത്തു അന്ന് എല്ലാവർക്കും ഇവളുടെ കാശ് വേണമായിരുന്നു അല്ലേ
ശേഖരൻ : നിർത്ത് അർജുനെ
അർജുൻ : ഇല്ല ഞാൻ പറയും കുറേയായി മനസ്സിൽ കൊണ്ട് നടക്കുന്നു ഞാൻ ആരുടെയും കളി പാവയൊന്നുമല്ല.. ഇപ്പോൾ എല്ലാവരും എല്ലാം നേടിയപ്പോൾ ഇവളെ എല്ലാവർക്കും ഒഴിവാക്കണം അത് നടക്കാൻ പോകുന്നില്ല ഇവളെ ഞാൻ വിട്ട് കളയണമെങ്കിൽ ഞാൻ മരിക്കണം…നീ വാ അമ്മു
ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി മുന്നോട്ട് പോകാൻ ഒരുങ്ങി
ശേഖരൻ : എങ്ങോട്ടാ ഇതെന്റെ വീടാ ഇവളെയും കൊണ്ട് ഇതിനുള്ളിൽ കയറാൻ പറ്റില്ല
അർജുൻ : ഇല്ലെങ്കിലും കയറി താമസ്സിക്കാൻ ഒന്നുമല്ല വന്നത് ഞങ്ങളുടെ കുറച്ച് സാധങ്ങൾ റൂമിലുണ്ട് അതെടുത്തിട്ട് പോയേക്കാം
ദേവി : എവിടെ പോകുമെന്ന് ങ്ങേ…
അർജുൻ : എങ്ങോട്ടെങ്കിലും ഇവളോട് ഇത്രയൊക്കെ ചെയ്ത ശേഷവും ഞങ്ങൾ ഇവിടെ നിൽക്കണോ
ദേവി : ആര് എന്ത് ചെയ്തെന്നാ ഈ നശിച്ചവള് നിന്റെ ജീവിതം തുലക്കാനായി…നിനക്ക് കുഞ്ഞും കുടുംബവും വേണ്ടേ അർജുനെ
അർജുൻ : എനിക്ക് അതിന് വിധിയില്ലെങ്കിൽ വേണ്ട കുഞ്ഞില്ലാതെ എത്രയോ പേർ ജീവിക്കുന്നു
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് റൂമിലേക്ക് എത്തി
അമ്മു : ശെരിക്കും നമ്മൾ പോകുവാണോ
അർജുൻ : അല്ലാതെ പിന്നെ ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാ ഞാൻ വന്നത് വേഗം എടുക്കാനുള്ളതൊക്കെ എടുത്തൊ
അമ്മു : നമ്മൾ എങ്ങോട്ട് പോകും
അർജുൻ : അറിയില്ല… നോക്കാം എന്തായാലും വഴിയിൽ കിടത്തില്ല പോരെ
ഇത് കേട്ട അമ്മു അർജുനെ ഒന്ന് നോക്കിയ ശേഷം സാധനങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി അപ്പോഴേക്കും ശ്രുതി ആ റൂമിലേക്ക് എത്തിയിരുന്നു
ശ്രുതി : എന്താടാ കാണിക്കുന്നെ നീ ശെരിക്കും പോകുവാണോ
അർജുൻ : അല്ലാതെ പിന്നെ ഏട്ടത്തി അച്ഛൻ പറഞ്ഞത് കേട്ടില്ലേ ഇവിടെ നിൽക്കാൻ പറ്റില്ലെന്ന്
ശ്രുതി : അതൊക്കെ അപ്പോഴത്തെ ദേഷ്യം കൊണ്ട് പറയുന്നതാ ഞാൻ സംസാരിക്കാം
അർജുൻ : വേണ്ട… ഇന്നിവിടെ ഇവൾക്ക് വേണ്ടി ആരും സംസാരിച്ചില്ലല്ലോ
ശ്രുതി : ഞാൻ എന്ത് പറയുമെടാ
അർജുൻ : എന്നെ വിളിച്ചു പറയാമായിരുന്നില്ലേ ഏട്ടൻ പറഞ്ഞത് കേട്ടില്ലേ അച്ഛനെ എതിർക്കരുതെന്ന് കല്യാണം കഴിഞ്ഞു നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകാൻ ഇത്രയും നാൾ വേണ്ടി വന്നില്ലേ ഏട്ടനോട് ഏട്ടത്തിയെ ഉപേക്ഷിക്കാൻ ആരെങ്കിലും പറഞ്ഞോ അല്ല പറഞ്ഞാൽ ഏട്ടൻ കേൾക്കുമോ അത് പോലെ തന്നെയാ എനിക്കും….അമ്മു കഴിഞ്ഞോ
അമ്മു : ഉം..
അർജുൻ : ശെരി ഏട്ടത്തി ഇറങ്ങുവാ
അമ്മു : ചേച്ചി എനിക്ക് ആരോടും ദേഷ്യമൊന്നും ഇല്ലെന്നു പറഞ്ഞേക്ക്
ഇത്രയും പറഞ്ഞു അവർ ഇരുവരും തഴേക്ക് എത്തി
ദേവി : അജു നീ എന്താ ഈ കാണിക്കുന്നെ
സാന്ദ്ര : അമ്മക്ക് മനസ്സിലായില്ലേ അച്ചിവീട്ടിൽ താമസ്സിക്കാനുള്ള പ്ലാനാ
ദേവി : അജു പോകല്ലേ എന്നെക്കാൾ വലുതാണോ നിനക്ക് ഈ ഇന്നലെ കയറി വന്നവൾ
അർജുൻ : നിങ്ങളൊക്കെ തന്നെയായിരുന്നു എനിക്ക് ഏറ്റവും വലുത് അതുകൊണ്ട് എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല ഇനിയെങ്കിലും ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ചോട്ടെ
ശേഖരൻ : മതി ദേവി നീ എന്തിനാ ഇവനോട് നിൽക്കാൻ പറയുന്നത് എവിടെയാന്ന് വച്ചാൽ പൊക്കൊട്ടെ പിന്നെ നീ ഇവിടുന്ന് ഇറങ്ങിയാൽ പിന്നെ തിരിച്ചു വന്നേക്കരുത് ഇന്ന് മുതൽ ഈ ശേഖരന് രണ്ട് മക്കളെ ഉള്ളു
അർജുൻ : എന്താ ഇത് ഇതുവരെ പറയാത്തത് എന്ന് നോക്കുവായിരുന്നു ഇനി അമ്മയുടെ വക എന്തെങ്കിലും ഉണ്ടോ നശിച്ചു പോകുമെന്നോ മറ്റോ
ദേവി : ഇതിൽ കൂടുതൽ എന്ത് നശിക്കാനാടാ ഉള്ളേ
ഇത് കേട്ട അർജുൻ കയ്യിലിരുന്ന ബൈക്കിന്റ താക്കോൽ അമലിന്റെ കയ്യിലേക്ക് കൊടുത്തു അച്ഛൻ വാങ്ങി തന്നതല്ലേ മോനല്ലാത്ത സ്ഥിതിക്ക് എനിക്ക് ഇതും വേണ്ട
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് അവിടെ നിന്നിറങ്ങി
തുടരും…
ഇത്തവണ വൈകി എന്നറിയാം സോറി 💙💙
Responses (0 )