-50% Intro price for the next 72 hours only!. Buy now →

Kambi stories

The Shadows 6 [വിനു വിനീഷ്]

The Shadows 6 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 6 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 |   “സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്. അതു ഞാൻ […]

0
1

The Shadows 6 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)

The Shadows Part 6 Investigation Thriller Author : Vinu Vineesh

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 |

 

“സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്.
അതു ഞാൻ ഡോക്യുമെന്റായി വാട്സാപ്പ്
ചെയ്തിട്ടുണ്ട്.”

“താങ്ക് യൂ, ഉണ്ണി.”
അനസ് നന്ദി രേഖപ്പെടുത്തി. ശേഷം ഫോൺ കട്ട് ചെയ്ത് വാട്സാപ്പിൽ വന്ന ശബ്ദരേഖ ഡൗൺലോഡ് ചെയ്ത് അയാൾ കേൾക്കാൻ തുടങ്ങി.
അതിൽ കേസിന് ആസ്പദമായ ഒരുഭാഗം അയാൾ വീണ്ടും വീണ്ടും കേട്ടു.

“ജിനു, ഇന്ന് മൂന്നുപോലീസുകാർ വന്നിരുന്നു. നീനയുടെ മരണവുമായി എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ചു.
ആത്മഹത്യക്ക് സാധ്യതകുറവാണ് എന്നാ അവർ പറയുന്നേ. സുധി. ഇനി അവൻ ആണോ? മറ്റേ കാര്യം ഞാൻ പറഞ്ഞില്ല. അഥവാ പറഞ്ഞാൽ ഉറപ്പായും വീട്ടിൽ അറിയും, അപ്പൊ ആകെ പ്രശ്നമാവും. ജിനു, നിന്റെ അടുത്ത് വൈകാതെ അവരെത്തും നീയും ആ കാര്യം പറയരുത്. “

തങ്ങളിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ടെന്ന് മനസിലാക്കിയ അനസ് ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങിയ രഞ്ജന്റെ അടുത്ത് കാര്യങ്ങൾപറഞ്ഞു.

“കാര്യങ്ങളൊക്കെ വളരെ നല്ല രീതിയിൽതന്നെ അവസാനിക്കുന്നുണ്ടല്ലോ അനസേ.”
രഞ്ജൻ പറഞ്ഞു. ശേഷം
അടുത്തുള്ള ഹോട്ടലിൽനിന്നും പ്രഭാതഭക്ഷണം കഴിച്ചിട്ട് അവർ വീണ്ടും യാത്രതുടർന്നു.

××××××××××

ഇടപ്പള്ളിയിൽ നിന്ന് കാക്കനാട്ടേക്ക് പോകുന്ന വഴിക്കാണ് തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് അർജ്ജുവിനു മനസിലായത്. ബൈക്കിന്റെ വേഗത കുറച്ചുകൊണ്ട് പിന്നിൽ തന്നെ പിന്തുടരുന്ന ടയോട്ട ഇന്നോവക്ക് കടന്നുപോകാൻ വഴിയൊരുക്കി. പക്ഷെ ഇന്നോവ അതിനനുസരിച്ച് വേഗത കുറച്ചുവന്നു.

വൈകാതെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോൾ ഇന്നോവ അർജ്ജുവിന് കുറുകെ കയറ്റിനിറുത്തി. അതിൽനിന്നും രണ്ടുപേർ ഇറങ്ങിവന്ന് അർജ്ജുവിന്റെ ബൈക്കിന്റെ താക്കോൽ ഊരിഎടുത്തു.

“മോൻ ഈ വണ്ടിയിലോട്ടൊന്നു കേറിക്കെ.”

“നിങ്ങളാരാ, എന്തുവേണം.”
അർജ്ജുൻ ബൈക്ക് സ്റ്റാന്റിൽവച്ചിട്ട് ചോദിച്ചു.

“അതൊക്കെ വഴിയേ മനസിലായിക്കോളും. തൽക്കാലം മോൻ കേറ്.”
അതിലൊരാൾ അർജ്ജുവിന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“കൈയെടുക്കട പന്ന..”
അർജ്ജുൻ തോളിൽവച്ച അയാളുടെ കൈയെടുത്ത് മാറ്റിയതും ശരംവേഗത്തിൽ അടുത്തയാളുടെ വലതുകൈ അർജ്ജുവിന്റെ ഇടത് കവിളിൽ പതിച്ചു.

“ഫ്ബ… കഴിവേറിയുടെ മോനെ, കേറാടാ വണ്ടിയിലേക്ക്.”
അയാൾ അവനെ തൂക്കിയെടുത്ത് കാറിലേക്ക് കയറ്റി.

“നിങ്ങൾ ആരാ? എന്താ വേണ്ടത്.?”
അടികിട്ടിയ കവിൾത്തടം ഇടതുകൈകൊണ്ട് പൊത്തിപ്പിടിച്ച് അർജ്ജുൻ ചോദിച്ചു.

“അതൊക്കെ വഴിയേ പറഞ്ഞുതരാം.”

ഇന്നോവ ഫോർട്ട്കൊച്ചി ലക്ഷ്യമാക്കി കുതിച്ചു. വൈകാതെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഗോഡൗണിൽ ഇന്നോവ സഡൻബ്രേക്കിട്ട് നിന്നു. ഡോർ തുറന്ന് അവർ അർജ്ജുവിനെ പുറത്തേക്ക് ഇറക്കി.
കുറച്ചപ്പുറത്ത്‌ നീല നിറത്തിലുള്ള ബിഎംഡബ്ല്യു എക്‌സ്ഫൈവ് കാർ ഹെഡ്ലൈറ്റ് കത്തിച്ച് നിൽക്കുന്നത് അവൻ ശ്രദ്ധിച്ചു.
സൂക്ഷിച്ചുനോക്കിയ അർജ്ജുൻ കാറിന്റെ ബോണറ്റിനുമുകളിൽ ഒരാൾ ഇരിക്കുന്നതുപോലെ തോന്നി. കാറിൽനിന്നിറങ്ങിയ മറ്റ് രണ്ടുപേരിൽ ഒരാൾ അർജ്ജുവിന്റെ കഴുത്തിന് പിടിച്ചു മുന്നോട്ട് ആഞ്ഞുതള്ളി. നിലത്തുവീണ അർജ്ജുൻ എഴുന്നേറ്റു നോക്കിയപ്പോഴാണ് അത് തന്റെ തോന്നലല്ലായെന്ന് മനസിലായത്. കറുത്ത പാന്റും, കറുത്ത കോട്ടുമിട്ട്, ഒറ്റനോട്ടത്തിൽ മുപ്പത്തിയഞ്ച്, നാല്പത് വയസുതോന്നിക്കുന്ന അയാൾ അർജ്ജുവിനെ സഹതാപത്തോടെ നോക്കി.

“ഡോ, ജോസേ.. തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഉപദ്രവിക്കാതെ കൊണ്ടുവരാൻ.”
കാറിന്റെ ബോണറ്റിനു മുകളിൽനിന്നും ഇറങ്ങി അയാൾ ചോദിച്ചു.

“നിങ്ങളൊക്കെ ആരാ? എന്തിനാ എന്നെ പിടിച്ചുകൊണ്ടുവന്നത്.?”

“അയ്യോ സാറേ, സാറിനെ ആരും പിടിച്ചുകൊണ്ട് വന്നതല്ല സാറിന്റെ കൈയ്യിലിരിപ്പുകൊണ്ടു മാത്രം ഇവിടെയെത്തിയതാണ്.”

എന്താണ് സംഭവിച്ചത് എന്നറിയാതെ അർജ്ജുൻ അയാളുടെ മുഖത്തേക്കുനോക്കി.

“മനസിലായില്ലേ, ഞാൻ ലൂക്ക, മോൻ ഒരു വ്യാജ ഐഡി കാർഡുമായി രണ്ടുദിവസം മുൻപേ ഹോമെക്‌സ് ബിൽഡേഴ്സിൽ വന്നില്ലേ? അത് എന്തിനാണെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.”

അപ്പോഴാണ് അർജ്ജുവിന് കാര്യങ്ങൾ മനസിലായിതുടങ്ങിയത്.

“നീ സ്വയം പറയുന്നോ, അതോ എന്റെപിള്ളേർ പറയിപ്പിക്കണോ?
ലൂക്ക ചോദിച്ചപ്പോഴും അർജ്ജുൻ മൗനമായിതന്നെ നിന്നു.

“ശടാ,ജോസേ ഇവനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ?.”
അടുത്തനിമിഷം ലൂക്ക തന്റെ മുഷ്ഠി ചുരുട്ടി അർജ്ജുവിന്റെ അടിവയറ്റിലേക്ക് ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തിൽ അവൻ രണ്ടടി പിന്നിലേക്ക് തെന്നിമാറി.

“ഞാൻ പറയാം, ഞാൻ പറയാം.”
അടിവയറിനെ പൊത്തിപ്പിടിച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.

“വിമൻസ് ഹോസ്റ്റലിൽ മരണപ്പെട്ട നീന മരിക്കുന്നതിന് രണ്ടുദിവസം മുൻപ് നിങ്ങളുടെ സ്ഥാപനത്തിൽ വന്നിരുന്നു. കൂടെയുള്ളത് ആരാണെന്ന് അറിയാൻ വേണ്ടിയാണ്. ഞാനവിടെ വന്നത്.”

“നിനക്ക് എങ്ങനെ ആ വിവരം കിട്ടി.”
ലൂക്കയുടെ ചോദ്യത്തിന് അല്പം ഗാംഭീര്യം ഉണ്ടായിരുന്നു.

“അത്.. അത്..”
ലൂക്കയുടെ ചോദ്യത്തിനുള്ള അർജ്ജുവിന്റെ പ്രതികരണം കണ്ട അയാളുടെ സഹായി അവനെ പിന്നിൽനിന്നും പുറത്ത് ആഞ്ഞുചവിട്ടി.
നിലത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽകൂനയിലേക്ക് അർജ്ജുൻ മൂക്കുംകുത്തി വീണു. നിലത്തുവീണ അർജ്ജുവിന്റെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് ജോസ് ലൂക്കയുടെ മുൻപിലേക്ക് കൊണ്ടുവന്നു.

“എടാ ചള്ള് ചെറുക്കാ,നിനക്ക് ഇതിന്റെ വല്ല ആവശ്യമുണ്ടോ? കാര്യങ്ങൾ മണിമണിയായി പറഞ്ഞാൽ നിനക്ക് പോകാം. ഇല്ലങ്കിൽ വായയിൽനിന്നു വരുന്നത് പണ്ട് കുടിച്ച മുലപ്പാലാണോ ചോരയാണോ എന്നറിയാൻ നീ നന്നെകഷ്ടപ്പെടും.”

“പറയാം, എന്റെ ഫ്രണ്ട് വൈഗ നിങ്ങളുടെ ഓഫീസിലാണ് ജോലിചെയ്യുന്നത്. അവളാണ് പറഞ്ഞത്. മരിച്ച നീന അവിടെ വന്നിരുന്നുയെന്ന്.”

“ഓഹ് അങ്ങനെ, ജോസേ ഇവനെ എവിടന്ന് പൊക്കിയോ അവിടെത്തന്നെ കൊണ്ടുപോയി ഇട്ടേക്ക്.”

അർജ്ജുവിന്റെ പിന്നിൽനിൽക്കുന്നയാളോട് ലൂക്ക പറഞ്ഞു.

“പിന്നെ, ഇതിനെതിരെ എന്തെങ്കിലും പരാതിയുമായി വല്ല സ്റ്റേഷനിലോ കയറിയിറങ്ങിയെന്നറിഞ്ഞാൽ ലൂക്കയങ്ങുവരും. പിന്നെ നിനക്കും നിന്റെ തള്ളക്കും അന്തിയുറങ്ങാൻ നല്ല നാടൻ തേക്കിന്റെ ശവപ്പെട്ടിയായിരിക്കും ഓർത്തോ.”

അപ്പോഴേക്കും ജോസ് ഇന്നോവ സ്റ്റാർട്ട് ചെയ്ത് വളരെവേഗത്തിൽ റിവേഴ്‌സ് വന്നു.
പൊടിപടലങ്ങൾ തൂളിച്ചുകൊണ്ട് ഇന്നോവ സഡൻ ബ്രേക്കിട്ട് അർജ്ജുവിന് സമാനമായി നിന്നു.

വൈകാതെ അർജ്ജുവിനെയും കൂട്ടി ആ ചുവന്ന ഇന്നോവ ഗോഡൗണിൽനിന്നും പുറത്തേക്ക് കടന്നയുടനെ ലൂക്ക തന്റെ ഫോണെടുത്ത് ആരെയോ വിളിച്ചു.

” താൻ ശ്രദ്ധിക്കണം, നമ്മളറിയാതെ ഒരു ഷാഡോ നമുക്ക് പിന്നിലുണ്ട്.”
അത്രെയും പറഞ്ഞ് ലൂക്ക ഫോൺ കട്ട് ചെയ്തു.

ജോസ് അർജ്ജുവിനെ എവിടെനിന്നാണോ കാറിലേക്ക് കയറ്റിയത് അവിടെത്തന്നെ കൊണ്ടുപോയി വിട്ടു. മേലാസകാലം വേദനതോന്നിയ അർജ്ജുൻ മുൻപേ നിശ്ചയിച്ചയാത്ര ഒഴിവാക്കി വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ വന്നുകയറിയ അവൻ അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിൽക്കാതെ മുറിയിലേക്കുകയറി.

×××××××××××

അനസ് ഗിയർ മാറ്റിക്കൊണ്ട് കാറിന്റെ വേഗതകൂട്ടി. പുഴക്കൽ എത്തിയപ്പോഴേക്കും രഞ്ജൻ മുൻസീറ്റിലിരുന്ന് ഒന്നുമയങ്ങി.
കുന്നംകുളം കഴിഞ്ഞ്‌ അക്കിക്കാവിലെത്താറായപ്പോൾ അനസ് രഞ്ജനെ വിളിച്ചെഴുന്നേല്പിച്ചു.
അക്കിക്കാവ് സിഗ്നലിൽ കാർ നിറുത്തി. വലതുഭാഗത്തേക്ക് ഇൻഡിക്കേറ്ററിട്ട് സിഗ്നലിൽ പച്ചതെളിയുന്നതും കാത്തുനിന്നു.

അല്പസമയം കഴിഞ്ഞപ്പോൾ സിഗ്നൽബോർഡിൽ പച്ചലൈറ്റ് തെളിഞ്ഞു. അനസ് ഫസ്റ്റിലേക്ക് ഗിയർമാറ്റി കാർ പതിയെ മുന്നോട്ടുചലിപ്പിച്ചു.
അക്കിക്കാവ് ഭഗവതിക്ഷേത്രത്തെ മറികടന്ന് വലത്തോട്ടുള്ള റോഡിലൂടെ അനസ് കാർ ഓടിച്ചു. ശ്രീകോവിൽ മുൻപിൽകണ്ട രഞ്ജൻ കാറിനുള്ളിൽനിന്ന് തൊഴുതു.
വിശാലമായ പാടത്തിന്റെ നടുവിലൂടെയുള്ള റോഡിൽകൂടെ കാർ അക്സയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു.

പന്നിത്തടം ടൗണിൽ എത്തിയ അവർ മേൽവിലാസം ചോദിച്ചറിഞ്ഞ് അക്സയുടെ വീടിന്റെ മുൻപിലെത്തി.

സാമാന്യം തരക്കേടില്ലാത്ത ഇരുനിലവീട്.
കാർപോർച്ചിൽ മഹീന്ദ്രയുടെ എക്‌സ്യുവി 500 മോഡൽകാർ ഒരു രാജാവിനെപോലെ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. അനസും, ശ്രീജിത്തും കാറിൽനിന്നിറങ്ങി ഗേറ്റ് തുറന്ന് മുൻപേ നടന്നു. രഞ്ജൻ വീടിനുചുറ്റും കണ്ണോടിച്ചു. കോളിംഗ് ബെൽ അടിച്ചപ്പോൾ അല്പം പ്രായംചെന്നയാൾ വാതിൽതുറന്ന് ഉമ്മറത്തേക്ക് വന്നു.
ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അകത്തേക്കുകയറിയിരിക്കാൻ പറഞ്ഞപ്രകാരം മൂവരും ഷൂ അഴിച്ച് അകത്തേക്ക് കയറി.

അല്പനിമിഷം കഴിഞ്ഞപ്പോൾ ഇരുനിറത്തിൽ അല്പം തടിച്ച പ്രകൃതവുമായി ചുരിദാറിട്ട് ഒരു പെണ്കുട്ടി അവരുടെ മുൻപിലേക്കുവന്നു.
അക്സയാണെന്ന് സ്വയം പരിചയപ്പെടുത്തി.

“സീ അക്സ, നീനയുടെ മരണം ഒരു കൊലപാതകമാണെന്ന നിഗമനത്തിലാണ് ഞങ്ങൾ. ഇനി അറിയാനുള്ള കുറച്ചുകാര്യങ്ങൾ അതിൽ അക്സക്ക് എന്തെങ്കിലും കൂടുതലായി അറിയുമോ എന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്.”
ഇടതുകാലിന്റെ മുകളിലേക്ക് വലതുകാൽ കയറ്റിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.

“ചോദിച്ചോളൂ സർ”

നീനയുടെ മുറിയിൽനിന്നും കിട്ടിയ ചെരുപ്പും അതിൽ ഒളിപ്പിച്ചുവച്ച രണ്ടുതാക്കോലും അക്സക്ക് കാണിച്ചുകൊടുത്തു.
പക്ഷെ ഒന്നൊഴിച്ചു അതുല്യ പറഞ്ഞ അതേ ഉത്തരങ്ങളായിരുന്നു അക്സയും പറഞ്ഞത്.

“സർ, അവൾക്ക് കാശിന് നല്ല ചിലവുണ്ടായിരുന്നു. അന്നേരം ഞങ്ങൾ പറയാറുണ്ട്. വലിയ ഡയമണ്ട് വ്യാപാരിയായ അച്ഛനോട് പണത്തിന് ആവശ്യംവരുമ്പോൾ നിനക്ക് ചോദിച്ചാൽ പോരെയെന്ന്. ഡയമണ്ടിനെ കുറിച്ചുള്ള അത്യാവശ്യം വിവരങ്ങൾ അവൾക്ക് അറിയാം സർ, അതേക്കുറിച്ച് ഫോണിൽ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്.”

അക്സയുടെ മറുപടികേട്ട രഞ്ജനും ശ്രീജിത്തും മുഖത്തോട് മുഖം നോക്കി.
ഉടനെ ശ്രീജിത്ത് നീനയുടെ ചെരുപ്പിന്റെ രഹസ്യഅറയിൽനിന്നും കിട്ടിയ താക്കോൽ അക്സയെ കാണിച്ചു.

“ഇത് നീനയുടെയാണ്. ഈ കീ എന്തിന്റെയാണ്?”

“സർ, അവളുടെ കൈയ്യിൽ ചെറിയ ഒരു ബോക്സ് ഉണ്ടായിരുന്നു. ഞാൻ കണ്ടിട്ടുണ്ട് അവൾ അത് തുറന്ന് നോക്കുന്നത്.”

“നിങ്ങൾ ചോദിച്ചില്ലേ എന്താണ് അതെന്ന്?”
രഞ്ജൻ സംശയത്തോടെ ചോദിച്ചു.

“ഉവ്വ് സർ, അന്നേരം അവളെന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറി.”

“ഈ സുധീഷ് കൃഷണ എന്നുപറയുന്നയാളെ നിങ്ങൾ കണ്ടിട്ടുണ്ടോ?”

“ഇല്ല സർ, ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒരു ദിവസം നീന കുളിക്കാൻപോയ സമയത്തായിരുന്നു സുധി വിളിക്കുന്നത്. അന്ന് ഞാൻ ഫോൺ എടുത്തു.
“ആകെ പ്രശ്നമായി, ഇനി എന്തും സംഭവിക്കും” എന്ന് ഇങ്ങോട്ടുപറഞ്ഞു. ഞാൻ നീനയല്ല അക്സയാണെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.”
അക്സ പറഞ്ഞുനിർത്തി.

“ഈ സംഭവം നടന്നിട്ട് എത്ര ദിവസമായി ?”
രഞ്ജൻ ചോദിച്ചു.

“സർ, അത്..”
അക്സ അല്പസമയം ആലോചിച്ചു നിന്നു.

“ആ, സർ മൂന്നുമാസം. അന്ന് ശനിയാഴ്ച്ചയായിരുന്നു.”
പെട്ടന്ന് അക്സ മറുപടി പറഞ്ഞപ്പോൾ അനസിന് സംശയം ഉടലെടുത്തു.

“ഇത്ര കൃത്യമായി അക്സ ഓർക്കാൻ കാരണം?”

“സർ, ജിനുവിന് ഒരു സുഹൃത്തുണ്ട് വിനു. ആളുടെ കുഞ്ഞേച്ചിയുടെ പിറന്നാളിന് സാരിവാങ്ങാൻ ഞാനും ജിനുവുമാണ് പോയത്. അന്ന് ഹാഫ്‌ ഡേ ലീവ് എടുത്തിട്ട് റൂമിൽ വന്നപ്പോഴാണ് നീനയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. അപ്പോഴാണ് ഞാനാ ഫോണെടുത്തത്.”

“ശരി അക്സ, എന്തെങ്കിലും ആവശ്യം വരുമ്പോൾ വിളിപ്പിക്കും. അവയ്ലബിൾ ആയിരിക്കണം.”

“സർ.”

“ഓക്കെ, അനസ് ലെറ്റ്സ് ഗോ.”
അപ്പോഴേക്കും അക്സയുടെ ‘അമ്മ കുടിക്കാൻ ചായയുമായി വന്നു.
ഓരോ കവിൾ കുടിച്ചിട്ട് അവർ യാത്രപറഞ്ഞ് ഇറങ്ങി.

ഗേറ്റിനടുത്തേക്ക് നടന്നുനീങ്ങുമ്പോൾ രഞ്ജൻ പിന്നിലേക്കൊന്ന് തിരിഞ്ഞുനോക്കി.
മുകളിൽ അക്സ അവരെനോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് സീറ്റ്ബെൽറ്റിട്ട് രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്തു.

“സോ, നീനയുടെ കൈയിൽ ഒരു ചെറിയ ബോക്സ് ഉണ്ടായിരുന്നു. അതിന്റെയായിരിക്കണം ഇതിലെ ഒരു കീ.”

“മ്, ശരിയായിരിക്കാം.”
രഞ്ജൻ കാർ മുന്നോട്ടെടുത്തു.

അടുത്ത ലക്ഷ്യം വയനാടയിരുന്നു. പന്നിത്തടത്തിൽനിന്നും തിരിച്ചു വരുന്ന
വഴി നാഷണൽഹൈവേ പതിനേഴിലേക്ക് കയറി പെരുമ്പിലാവിലെത്തി. അവിടെനിന്ന് ഒരു സ്വാകാര്യ പെട്രോൾപമ്പിൽ കാർകയറ്റി ഫുൾടാങ്ക് പെട്രോളടിച്ച് വയനാട് ലക്ഷ്യമാക്കി കുതിച്ചു.

×××××××××××

മണിക്കൂറുകൾക്ക് ശേഷം വീടിന്റെ കോളിങ്ബെൽ മുഴങ്ങുന്നത് കേട്ട് അർജ്ജുവിന്റെ ‘അമ്മ വാതിൽ തുറന്നു.
പുറത്ത് രണ്ടുമൂന്നു ബാഗുമായി വൈഗ വന്നുനിൽക്കുന്നുണ്ടായിരുന്നു.
വാതിൽ തുറന്നതും അവൾ അകത്തേയ്ക്കുകയറി.

അകത്തുനിന്ന് മൂന്നാമതൊരാളുടെ സംസാരം കേട്ട അർജ്ജുൻ മുറിയിൽനിന്നും വന്നുനോക്കിയപ്പോൾ കണ്ട കാഴ്ച്ച അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

“നീയെന്താ ഇവിടെ?”
അവളെ തീക്ഷ്ണമായി നോക്കിക്കൊണ്ട് പറഞ്ഞു.

“ഏട്ടൻ കാരണം ജോലിയിൽനിന്നും, ഹോസ്റ്റലിൽ നിന്നും പിടിച്ചുവിട്ട ഞാൻപിന്നെ എവിടെ പോകാനാ?”

അല്പനിമിഷത്തെ സംസാരത്തിനൊടുവിൽ അമ്മയ്ക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പുവശം മനസിലായി.
ശേഷം ഒരു നിലവിളക്കുമായിവന്ന് വൈഗയെ അകത്തേക്ക് ക്ഷണിച്ചു.

“ദൈവമേ ഇനിയതിന്റെ പിന്നാലെ എന്ത് മാരണമാണാവോ കേറിവരുന്നത്.”
മുറിയിലേക്ക് കയറി അർജ്ജുൻ ബെഡിൽ തളർന്നിരുന്നു.

അല്പനിമിഷം കഴിഞ്ഞപ്പോൾ വൈഗ തന്റെ ലാപ്ടോപ്പുമായി ബെഡ്റൂമിലിരിക്കുന്ന അർജ്ജുവിന്റെ അരികിലേക്ക് വന്നു.

“പോരുന്നതിന് മുൻപേ ഓഫീസിൽ നിന്ന് ഞാനെടുത്ത ചില അക്കൗണ്ട്സ് ഡീറ്റൈൽസാണിത്. ഏട്ടൻ ഇതൊന്നു നോക്ക്.”

വൈഗ തന്റെ ലാപ്ടോപ്പ് അർജ്ജുവിന് നേരെനീട്ടി. ക്രിസ്റ്റീഫർ എന്നയാളുടെ അക്കൗണ്ടിൽനിന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളിലായി നീനയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയിരുന്നതെന്ന് കാണാൻ കഴിഞ്ഞു.

“വൈഗ, ഏകദേശം അൻപത് ലക്ഷം രൂപയോളം മൂന്ന് മാസങ്ങളിൽ ഈ അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ട്. ഈ പണമൊക്കെ നീന എന്തുചെയ്യുന്നു ?”
സംശയത്തോടെ അവൻ ചോദിച്ചു.

“നീന ആത്മഹത്യ ചെയ്തതാവില്ല. കരുതിക്കൂട്ടി ആരോ…”
വൈഗ ഊഹിച്ചെടുത്തു.

“ക്രിസ്റ്റീഫർ ആരാ? “

“ഞാനും കണ്ടിട്ടില്ല. എന്നാ ഓഫീസിലെ മിക്ക പണമിടപാട് നടത്തുന്നത് ഇയാളാണ്.”

“ഒന്നന്വേഷിച്ചാലോ ?”
തന്റെ താടിയിലൂടെ വിരലോടിച്ചുകൊണ്ട് അർജ്ജുൻ ചോദിച്ചു.

“ഒരു സിസിടിവി പരിശോധിച്ചപ്പോൾ കിട്ടിയ സമ്മാനം ഇങ്ങനെയാണെകിൽ ക്രിസ്റ്റീഫറുടെ പിന്നാലെ പോയാൽ ജീവൻതന്നെ ചിലപ്പോൾ നഷ്ടപ്പെടും. അതുവേണോ ഏട്ടാ.?”
വൈഗ ചോദിച്ചു.

“ഒരു റിപ്പോർട്ടറുടെ ലൈഫ് ഇങ്ങനെയൊക്കെത്തന്നെയാണ്. നിനക്ക് പറ്റുമെങ്കിൽ നിന്നോ?”

“പറ്റില്ലെങ്കിൽ? ”
നെറ്റിചുളിച്ചുകൊണ്ട് വൈഗ ചോദിച്ചു.

“പറ്റില്ലെങ്കിൽ..”

പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളുടെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി.
കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു.
അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു കട്ടിലിൽ കിടന്ന അവന്റെ മൊബൈൽഫോൺ ശബ്ദിക്കാൻ തുടങ്ങിയത്.

തുടരും…

a
WRITTEN BY

admin

Responses (0 )