-50% Intro price for the next 72 hours only!. Buy now →

Kambi stories

തിരോധാനം 2 [കബനീനാഥ്]

തിരോധാനം 2 The Mystery Part 2 | Author : Kabaninath [ Previous Part ] [ www.kkstories.com]   ഷാഹുൽ ബസ്സ് സ്റ്റോപ്പിലിറങ്ങി , ബസ്സിനകത്തുണ്ടായിരുന്ന ടോണിയെ കൈ വീശിക്കാണിച്ചു… ടോണിയും ബസ്സിനകത്തെ തിരക്കിനിടയിൽ തിരിച്ചും കൈ വീശി… കറുകച്ചാലിലാണ് ഷാഹുലിന്റെ വീട്.. അവർ രണ്ടു വർഷം മുൻപ് സ്ഥലം മാറി വന്നതാണ്.. ടോണിയുടെ വീട് നെടുംങ്കുന്നത്തും…. വീട്ടിലേക്കുള്ള വഴിയേ നടക്കുമ്പോൾ ജിതേഷേട്ടന്റെ വീട് ഷാഹുൽ കണ്ടു… അന്ന് ജയന്തിചേച്ചിയെ പുറത്തവൻ കണ്ടില്ല… […]

0
1

തിരോധാനം 2

The Mystery Part 2 | Author : Kabaninath

[ Previous Part ] [ www.kkstories.com]


 

ഷാഹുൽ ബസ്സ് സ്റ്റോപ്പിലിറങ്ങി , ബസ്സിനകത്തുണ്ടായിരുന്ന ടോണിയെ കൈ വീശിക്കാണിച്ചു…

ടോണിയും ബസ്സിനകത്തെ തിരക്കിനിടയിൽ തിരിച്ചും കൈ വീശി…

കറുകച്ചാലിലാണ് ഷാഹുലിന്റെ വീട്.. അവർ രണ്ടു വർഷം മുൻപ് സ്ഥലം മാറി വന്നതാണ്..

ടോണിയുടെ വീട് നെടുംങ്കുന്നത്തും….

വീട്ടിലേക്കുള്ള വഴിയേ നടക്കുമ്പോൾ ജിതേഷേട്ടന്റെ വീട് ഷാഹുൽ കണ്ടു…

അന്ന് ജയന്തിചേച്ചിയെ പുറത്തവൻ കണ്ടില്ല…

ഒരു നിശ്വാസത്തോടെ അവൻ ധൃതിയിൽ വീട്ടിലേക്കു നടന്നു……

അല്ലെങ്കിൽ ജയന്തി ചേച്ചി കോളേജിലെ വിശേഷങ്ങൾ ചോദിക്കും…

മറ്റൊന്നുമല്ല, ജിതേഷേട്ടൻ പഠിച്ച കോളേജിലാണ് താനും ടോണിയും പഠിക്കുന്നത്..

നാലഞ്ചു വർഷങ്ങൾക്കു മുൻപ് കാണാതായ മകൻ ഇന്നുവരും , ഇന്നുവരും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഒരമ്മയുടെ വേവലാതിയാണ് തന്നോടുള്ള ചോദ്യങ്ങൾ എന്നറിയാഞ്ഞിട്ടല്ല..

പക്ഷേ, ഇനിയവർക്കു കൊടുക്കാൻ മറുപടിയില്ല…

മാത്രമല്ല, ചോദിച്ചതു തന്നെ ആവർത്തിച്ച് ചോദിക്കുകയാണ് അവരിപ്പോൾ..

അല്പം മാനസികാസ്വാസ്ഥ്യം അവർക്കിപ്പോഴുണ്ടോ എന്ന് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്……

പാവം സ്ത്രീ… !

ഏതോ വലിയ തറവാട്ടിലെ ആണെന്ന് തോന്നിയിട്ടുണ്ട്…

അവരുടെ മുഖത്ത് ഇപ്പോഴും ആഢ്യത്വം ഒളിഞ്ഞിരിപ്പുണ്ട്…

അതു കൊണ്ടു തന്നെ അവർ ചെറുപ്പകാലത്ത് എന്തു മാത്രം സുന്ദരിയായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു…

“” ഉമ്മാ………..”

ഷാഹുൽ ചെരിപ്പഴിച്ചു വെച്ച് വീടിനകത്തേക്ക് കയറി…

“” ഇവിടുണ്ടെടാ… …. “

അടുക്കളയിൽ നിന്ന് ഉമ്മയുടെ സ്വരം അവൻ കേട്ടു…

ബാഗ് ഡൈനിംഗ് ടേബിളിൽ വെച്ച ശേഷം അവൻ അടുക്കളയിലേക്കു ചെന്നു..

“” നീ എന്താ വൈകിയേ………. ? “”

മൈമുന മകനെ നോക്കി…

മൈമുന……….

അമ്പതുകാരി…

ഷാഹുലിന് മൂത്ത രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ച കടം വീട്ടാൻ ആദ്യമുണ്ടായിരുന്ന വലിയ വീടും സ്ഥലവും റസാഖിന് വിൽക്കേണ്ടി വന്നു..

ബാക്കി വന്ന പണവും കുറച്ചു കടവും വാങ്ങിയാണ് മരക്കച്ചവടക്കാരനായ റസാഖ് ഇപ്പോൾ അഞ്ചു സെന്റിലുള്ള ഈ ചെറിയ വീട് വാങ്ങിയത്…

ഉമ്മ ഗ്ലാസ്സിലേക്ക് പകർത്തിയ കാപ്പി ഒന്നു മൊത്തിക്കൊണ്ട് ഷാഹുൽ സ്ലാബിലേക്ക് പുറം ചാരി…

“” ഞാനും ടോണിയും ഇന്നൊരാളെ കാണാൻ പോയുമ്മാ… “

തുടർന്ന് അവൻ നാഗമ്പടത്ത് ഹോംസിനെ കാണാൻ പോയ കാര്യം ഉമ്മയെ അറിയിച്ചു.

അയാൾ വട്ടനാണെന്നുള്ള കാര്യം അവൻ ഉമ്മയോട് പറഞ്ഞില്ല..

“” നിങ്ങൾക്കൊക്കെ ഭ്രാന്താണോടാ… ?””

എല്ലാം കേട്ട ശേഷം മൈമുന ചോദിച്ചു……

“ അവന്റെ അവസ്ഥ വലിയ കഷ്ടമാണുമ്മ… അതു പോലെ തന്നെ ജയന്തിചേച്ചിയെ ഉമ്മ എന്നും കാണാറുള്ളതല്ലേ… ?””

മൈമുന അതിന് മറുപടി പറഞ്ഞില്ല……….

കാരണം അവർ ജയന്തിയെ ഒട്ടുമിക്ക ദിവസങ്ങളിലും കാണാറുള്ളതാണ്…

മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ മനസ്സ് അവർക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു…

“” അയാളെന്തു പറഞ്ഞു…… ?”

“” ഒന്നും പറഞ്ഞിട്ടൊന്നുമില്ല… ഒന്നുകൂടി അയാളെ കാണണം… “

ഷാഹുൽ കാപ്പിക്കപ്പ് സ്ലാബിലേക്കു വെച്ചു…

“” പോകുന്നതൊക്കെ കൊള്ളാം… ഞങ്ങൾക്കും നീ മാത്രമേ ഉള്ളൂ എന്നൊരു ഓർമ്മ വേണം… “

മൈമുന മകനെ ഓർമ്മപ്പെടുത്തി……

“” താത്തമാരെ ഒന്നിനെ കാണാതിരുന്നാൽ എന്റെ അവസ്ഥ എന്താകും… ? അതു തന്നെയാ ടോണിയുടെയും അവസ്ഥ…. “

ഷാഹുൽ പറഞ്ഞിട്ട് കുളിക്കുവാനായി ഷർട്ടഴിച്ചു തുടങ്ങി…

“” ആ ടോണിയേയും കൂട്ടി ഒരു ദിവസം നീ വാ… എനിക്കും അവനെ ഒന്നു കാണണം…””

മകന്റെ മറുപടി കേൾക്കാത്ത മട്ടിൽ മൈമുന പറഞ്ഞു…

 

🎗️        🎗️         🎗️         🎗️       🎗️       🎗️

 

ചാമംപതാൽ

 

കുളി കഴിഞ്ഞ് ഡേവിസ് വീതിയുള്ള കറുത്ത കരയുള്ള ഖദർ  മുണ്ട് അരയിൽ ചുറ്റി…

കയ്യില്ലാത്ത ബനിയൻ തല വഴി ഇട്ടപ്പോഴേക്കും സോഫിയ വാതിൽക്കടന്ന് അകത്തേക്കു വന്നു…

സോഫിയ……………..!

തൻപ്രമാണിത്തത്വത്തിന്റെ സ്ത്രീ രൂപം…

നാല്പതു കഴിഞ്ഞ ഒന്നാം തരം കോട്ടയം അച്ചായത്തി…

“ എങ്ങോട്ടാണാവോ എഴുന്നള്ളത്ത്… ?”

ബനിയൻ നെഞ്ചിലേക്ക് വലിച്ചിട്ടു കൊണ്ട് ഡേവിസ് ഭാര്യയെ തുറിച്ചു നോക്കി…

“” നിന്റമ്മേടെ പതിനാറിന്………. “

“” അതിനു നീ വെച്ച വെള്ളം അങ്ങു വാങ്ങി വെച്ചേരെ ഡേവിസേ… എന്റെ കൊച്ചിനെ കൊലയ്ക്കു കൊടുത്തതും നിന്റെ അവിഹിതത്തിന്റെ  സകല കഥകളും സഭയിലും നാട്ടുകാരിലും അറിയിച്ചിട്ടേ എന്റെ അമ്മ കണ്ണടയ്ക്കൂ… “”

ഡേവിസ് മറുപടി പറയാതെ വാച്ചെടുത്ത് കയ്യിൽ ചുറ്റി…

“ സെമിത്തേരിയിലേക്കെടുക്കുമ്പോൾ എന്റെ തലയ്ക്കു പിടിക്കാനുണ്ടായ ആണൊരുത്തനേയാ നീ നിന്റെ മുടിഞ്ഞ രാഷ്ട്രീയം കാരണം ഇല്ലാതാക്കിയത്…””

ഹാംഗറിൽ നിന്ന് എടുത്ത ഖദർ ഷർട്ട് ഭാര്യയുടെ മുഖത്തടിക്കുന്നതു പോലെ ഡേവിസ് ഒന്നു വീശിക്കുടഞ്ഞു…

ഹാംഗർ കിടക്കയിലേക്ക് എറിഞ്ഞിട്ടിട്ട് അയാൾ ഷർട്ട് പുറത്തു കൂടെ വീശിയെടുത്തു…

“ നിന്നെ പള്ളിയിലേക്കെടുക്കുമ്പോൾ തലയ്ക്കു പിടിക്കാനും ചങ്കത്തടിച്ചു നിലവിളിക്കാനും മക്കളും ഭാര്യമാരും വേറെ ഉണ്ടല്ലോ……….””

ഹാളിലേക്കു വന്ന അയാളുടെ പിന്നാലെ സോഫിയ ചെന്നു…

വാതിൽക്കലെത്തിയ ശേഷം ഡേവിസ് ഒന്നു തിരിഞ്ഞു നിന്നു..

കർത്താവിന്റെ ക്രൂശിത രൂപത്തിലേക്ക് ഒന്നു നോക്കിയതും അയാളുടെ മിഴികളിൽ കണ്ണീർപാട വന്നു മൂടി…

സോഫിയ അത് കാണാതിരിക്കാൻ അയാൾ പെട്ടെന്ന് മുഖം തിരിച്ചു…

“” എല്ലാം കുമ്പസാരിപ്പിച്ചിട്ടേ നിന്നെ കർത്താവ് വിളിക്കത്തുള്ളു……….. “

സോഫിയ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു…

സിറ്റൗട്ടിലേക്ക് ഇറങ്ങിയ ഡേവിസ് അപ്പൻ ചൂരൽക്കസേരയിലിരിക്കുന്നതു കണ്ടു…

തറപ്പേൽ ഇമ്മാനുവേൽ വർഗ്ഗീസ്…

നാട്ടുകാരുടെ വർക്കിച്ചായൻ…

വർക്കിച്ചായൻ ദൈന്യമായി മകനെ ഒന്നു നോക്കുക മാത്രം ചെയ്തു…

അപ്പനെ നോക്കി പല്ലുകടിച്ചു കൊണ്ട് ഡേവിസ് സ്റ്റെപ്പുകളിറങ്ങി…

എല്ലാത്തിനും കാരണക്കാരൻ… ….!

പോർച്ചിൽ കിടന്ന ലാൻഡ് ക്രൂയിസർ ദേഷ്യത്തോടെ ഇരപ്പിച്ചു കൊണ്ട് ഡേവിസ് മുന്നോട്ടെടുത്തു…

പോർച്ചിലിരുന്ന ഒരു ഓർക്കിഡ് ചെടിച്ചട്ടി തട്ടിയകറ്റിക്കൊണ്ട് ക്രൂയിസറിന്റെ ഇടതു വശത്തെ മുൻടയർ ആറ്റുമണൽ വിരിച്ച മുറ്റത്തേക്കിറങ്ങി…

മുറ്റത്തു നിന്നും റോഡിലേക്കിറങ്ങിയ ക്രൂയിസർ വേഗമെടുത്തു…

നിറഞ്ഞ കണ്ണുകൾ ഒന്നു തുടച്ചിട്ട് ഡേവിസ് ആക്സിലേറ്റർ ഞെരിച്ചു…

ഒന്ന് ഒഴിയുമ്പോൾ മറ്റൊന്ന്……..!

മലവെള്ളപ്പാച്ചിലിൽ മീനച്ചിലാറ് നീന്തിക്കടന്ന തന്റെ തിളപ്പും ശൗര്യവുമൊക്കെ ഒലിച്ചു തുടങ്ങിയതു പോലെ ഡേവിസിന് തോന്നിത്തുടങ്ങി…

ശാപം……………..!

ഏയ്……….

കർമ്മഫലം… !

പൊതുവേ സത്യക്രിസ്ത്യാനികൾ ഇതൊന്നും വിശ്വസിക്കാറില്ല…

പക്ഷേ, വിശ്വസിച്ചേ പറ്റൂ…

സോഫിയ സ്നേഹമുള്ളവളായിരുന്നു…

ക്രിസ്റ്റി ഇല്ലാതായശേഷമാണ് അവൾ ഇങ്ങനെ ആയത്……

അല്ല…

അതിനു മുൻപേ…

ഭർത്താവിന് അന്യസമുദായത്തിൽ പെട്ട ഭാര്യയും മകനും ഉണ്ടെന്നറിഞ്ഞാൽ ആരാണ് സഹിക്കുക..?

സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ തന്റെ അപ്പൻ കാണിച്ചു തന്ന പെണ്ണിന് മന്ത്രകോടി കൊടുക്കാൻ പാടില്ലായിരുന്നു…

മുഖത്തു നോക്കി അപ്പനോട് പറയാനുള്ള ചങ്കൂറ്റം അന്നില്ലാതെ പോയി…

പറയണമായിരുന്നു…

എങ്കിൽ അന്ന് ഒരു ചെറിയ ഭൂകമ്പത്തിൽ തീർന്നേനേ…

ഇന്നിപ്പോൾ ഒന്നിനു മുന്നിലും മുഖം കുനിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു…

ക്രൂയിസർ വാഴൂരുള്ള ഗസ്റ്റ് ഹൗസിലേക്കാണ് ചെന്നു നിന്നത്..

കാറിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ  ഒരു ഷവർലെ ടവേര മുറ്റത്തു കിടക്കുന്നത് ഡേവിസ് കണ്ടു…

അയാളുടെ മുഖമൊന്നു മുറുകി…

അകത്തു നിന്നും അന്തോണിചേട്ടൻ വാഹനത്തിന്റെ ശബ്ദം കേട്ടതും ധൃതിയിൽ പുറത്തേക്കു വരുന്നതു കണ്ടു……

സ്ഥിരം കള്ളിമുണ്ടും ബനിയനുമാണ് വേഷം..

അറുപതു കഴിഞ്ഞാലും ആരോഗ്യമുള്ളയാളാണ് അന്തോണിച്ചേട്ടൻ…

മുറുകിയ മുഖത്ത് അൽപ്പം പ്രയാസപ്പെട്ട് ഒരു ചിരി വരുത്തിക്കൊണ്ട് ഡേവിസ് സ്റ്റെപ്പുകൾ കയറി…

“” അവനെവിടെ… ….?’’

‘“ അകത്തുണ്ട്…… “

ഭവ്യതയോടെ അന്തോണിച്ചേട്ടൻ മൊഴിഞ്ഞു..

അകത്തേക്കു കയറിയതും പിന്നിലേക്ക് തലമുടി നീട്ടി വളർത്തിയ ഒരാൾ കസേരയിലിരിക്കുന്നത് ഡേവിസ് കണ്ടു…

മുന്നിലെ  ഉയരവും വീതിയും   കുറഞ്ഞ ഗ്ലാസ്സ് ടേബിളിൽ ചെസ്സ് ബോർഡ് നിവർത്തി വെച്ചിരിക്കുന്നു…

കരുക്കൾ എല്ലാം കൃത്യമായി നിരത്തിയിട്ടുണ്ടായിരുന്നു…

അയാളെ മറികടന്ന് ഡേവിസ് ഹാളിനറ്റത്തുള്ള ഭിത്തിയിലെ ഷെൽഫ് വലിച്ചു തുറന്നു..

ബ്ലാക്ക് ഡോഗിന്റെ കുപ്പിയും ഷെൽഫിൽ നിന്ന് ഗ്ലാസ്സുമെടുത്ത് കുറച്ചു മദ്യം ഒറ്റ വലിക്ക് അകത്താക്കി…

തലയൊന്നു കുടഞ്ഞ ശേഷം, ചിറി തുടച്ചു കൊണ്ട് ഡേവിസ് അവനെതിരെയുള്ള കസേരയിൽ വന്നിരുന്നു…

“” അങ്കിളിന്ന് നല്ല ടെൻഷനിലാണെന്ന് തോന്നുന്നല്ലോ… ….?””

സേവ്യറിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിരഞ്ജൻ ചോദിച്ചു…

“” എനിക്കെന്നാടാ ടെൻഷൻ ഇല്ലാത്തത്……….?””

മദ്യം ലഘൂകരിച്ച മനസ്സുമായി സേവ്യർ മറുപടി കൊടുത്തു…

“” ഒരു ഗെയിം നോക്കാം… മനസ്സൊന്നു ശാന്തമാകട്ടെ… ….”

നിരഞ്ജൻ ഒന്നു നിവർന്നിരുന്നു കൊണ്ട് തന്റെ താടിയിലൊന്നു തടവി……….

ഡേവിസ് ഒന്നമർത്തി മൂളി…

വെള്ളക്കരുക്കൾ ഡേവിസിന്റേതായിരുന്നു…

അയാളൊരു കാലാളിനെ രണ്ടു കളം ചാടിച്ചു…

“” നിന്നേപ്പോലൊരു ചാംപ്യനോട് ഏറ്റുമുട്ടുമ്പോൾ ബുദ്ധിയൊക്കെ ഒന്നുണരും… അല്ലാതെ എനിക്കിതിനോട് വലിയ താല്പര്യമുണ്ടായിട്ടല്ല… “”

ഡേവിസ് പറഞ്ഞു…

“ ചുമ്മാ കെളത്തല്ലേ അങ്കിളേ… ഞാൻ ജയിച്ചിട്ടുണ്ടെങ്കിലും അങ്കിളിനു മുന്നിൽ നന്നായി വിയർത്തിട്ടു തന്നെയാ… ….””

നിരഞ്ജൻ തന്റെ സ്വതസിദ്ധമായ ചിരിയോടെ , കരുനീക്കിക്കൊണ്ട് പറഞ്ഞു…

നിരഞ്ജൻ… ….

നിരഞ്ജൻ കാർത്തികേയൻ…

ക്രിസ്റ്റിയുടെ സഹപാഠിയായിരുന്നു…

ക്രിസ്റ്റിയുടെ അപകട സമയത്തും അല്ലാത്തപ്പോഴും എന്തിനും ഏതിനും മുന്നിലും കൂടെയും അവൻ ഉണ്ടായിരുന്നു…

ജില്ലാ ചെസ് ചാംപ്യനുമായിരുന്നു നിരഞ്ജൻ…

ക്രിസ്റ്റിയുള്ളപ്പോൾ അത്ര അടുപ്പമല്ലാതിരുന്ന ബന്ധം ഇപ്പോൾ വളരെ അടുപ്പത്തിലാണ്…

അതിനു കാരണങ്ങൾ പലതുണ്ട്…

മുണ്ടക്കയത്തുള്ള എസ്റ്റേറ്റും മറ്റു സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും നോട്ടക്കാരനും നടത്തിപ്പുകാരനുമാണ് ഇപ്പോൾ നിരഞ്ജൻ…

ക്രിസ്റ്റി ഇല്ലാതായ ശേഷം നിരഞ്ജൻ തന്റെ അവകാശമെന്ന പോലെയോ കടമയെന്ന പോലെയോ അതിൽ ഭാഗഭാഗാക്കുകയായിരുന്നു…

ആ സമയം ആകെ തകർന്നിരുന്ന ഡേവിസിന് നിരഞ്ജന്റെ സാമീപ്യവും അവസരോചിതമായ ഇടപെടലുകളും വല്ലാത്ത ഒരാശ്വാസമായിരുന്നു…

“” സോഫിയാന്റി എന്തു പറയുന്നു… ?””

ബിഷപ്പ് , തന്റെ അടുത്ത നീക്കത്തിന് ചെക്ക് പറയാൻ കണക്കാക്കി നീക്കുന്നതിനിടയിൽ നിരഞ്ജൻ ചോദിച്ചു…

“” കൂടുന്നതല്ലാതെ കുറവൊന്നുമില്ല… അല്ല , അവളെ പറഞ്ഞിട്ടും കാര്യമില്ല………..””

ഡേവിസും തന്റെ നീക്കം നടത്തി..

“” ചെക്ക്…………….’’

നിരഞ്ജൻ ഒഴിഞ്ഞ കളത്തിലേക്ക് ബിഷപ്പിനെ കോണോടു പായിച്ചു കൊണ്ട് പറഞ്ഞു…

ഡേവിസ് ഒരു നിമിഷം ആലോചനയോടെ ചെസ്സ് ബോഡിലേക്ക് നോക്കിയിരുന്നു…

“” എല്ലാമൊന്നു ഒതുങ്ങിയെന്ന് കരുതിയതാ… പക്ഷേ സ്വന്തം വീട്ടിൽ സമാധാനമില്ലാതായാൽ പിന്നെ എന്തൊക്കെ നേടിയിട്ടെന്താ കാര്യം…?””

കാലാളിനെ ഒരു കളം തള്ളി ചെക്ക് അടച്ചു കൊണ്ട് ഡേവിസ് പറഞ്ഞു…

“” എല്ലാം  ശരിയാകും അങ്കിളേ… കുറച്ചു കാലം കൂടി കഴിഞ്ഞാൽ എല്ലാവരും എല്ലാം മറക്കും… “”

നിരഞ്ജൻ ഇടതു വശത്തെ റൂക്സ് മുന്നോട്ടു നീക്കി…

അന്തോണിച്ചേട്ടൻ പിൻവശത്തെ വാതിലുകളും ജനാലകളുമടച്ച ശേഷം അവർക്കരികിലേക്കു വന്നു..

അയാൾ ബനിയൻ മാറി ഒരു ഷർട്ട് ധരിചിരുന്നു…

“”ഞാനൊന്നു കവല വരെ പോകുവാ…””

അയാൾ ഡേവിസിനെ നോക്കിപ്പറഞ്ഞു…

“” പോയിപ്പോരേ… ഞാനിവിടെ ഉണ്ടാകും… “

ഡേവിസ് ബോഡിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു…

അന്തോണിച്ചേട്ടൻ അവരെ കടന്ന് പുറത്തേക്കു പോയി…

“” ചെക്ക്………..”

നിരഞ്ജന്റെ അടുത്ത നീക്കം  തേരിലൂടെ, കാലാളെ വെട്ടി  വന്നു…

ഡേവിസ് അത് പ്രതീക്ഷിച്ചിരുന്നതല്ലായിരുന്നു…

അയാൾക്ക് ഒഴിഞ്ഞു മാറാൻ കളമില്ലായിരുന്നു…

തോൽവി സമ്മതിച്ച് അയാൾ എഴുന്നേറ്റു…

ഷെൽഫിനടുത്തേക്ക് ചെന്ന് ഒന്നുകൂടി ഗ്ലാസ്സിലൊഴിച്ച് അയാൾ നിരഞ്ജനടുത്തേക്ക് വന്നു..

“” നീ എന്താ കാണണമെന്ന് പറഞ്ഞത്… ?””

അയാൾ മദ്യ ഗ്ലാസ്സ് കൈവെള്ളയിലൂടെ ഒന്നുരുട്ടിക്കൊണ്ട് ചോദിച്ചു…

“” അന്ന് നമ്മളാ സർക്കിളിന്റെ കാര്യം പറഞ്ഞില്ലേ… ?””

പിന്നിലേക്ക് നീണ്ട മുടിയിഴകൾ ഇടതു കൈയ്യാൽ തട്ടിയുഴിഞ്ഞു കൊണ്ട് നിരഞ്ജൻ കസേരയിൽ നിന്ന് എഴുന്നേറ്റു…

“” ഉം………. “

ഡേവിസ് ഒന്നമർത്തി മൂളി…

“” പുല്ലന് കുറച്ച് ക്യാഷ് വേണമെന്ന് പറഞ്ഞിരുന്നു… അങ്കിളിനോട് ചോദിച്ചിട്ട് അറിയിക്കാമെന്നാ ഞാൻ പറഞ്ഞത്… “

നിരഞ്ജൻ തന്റെ താടിയിലൊന്നു തടവി…

“” എത്രയാ………….?””

ഡേവിസിന്റെ സ്വരത്തിന് ഘനം വന്നു…

“” അതൊന്നും പറഞ്ഞിട്ടില്ല… വീടിന്റെ വർക്ക് നടക്കുന്നുണ്ട്… നിന്റെ മുതലാളിയോട് ഒന്ന് കാര്യമായിട്ട് കാണാൻ പറഞ്ഞേക്ക് , എന്നാണ് പറഞ്ഞത്…”

നിരഞ്ജൻ അറിയിച്ചു……

“” വല്ല മരമോ ഉരുപ്പടിയോ ആണെങ്കിൽ മില്ലിൽ നിന്ന് എടുത്തോളാൻ പറ… ക്യാഷ് ആണെങ്കിൽ നീ സംഖ്യ അറിയിച്ചാൽ മതി…”

ഡേവിസ് മദ്യം ഒരിറക്കു കുടിച്ചു…

നിരഞ്ജൻ തലയാട്ടി…

“” പിന്നൊരു കാര്യം കൂടി… പകുതിയൊഴിഞ്ഞ മദ്യ ഗ്ലാസ്സ് ഒന്നുകൂടി കൈവെള്ളയിലിട്ടുരുട്ടിക്കൊണ്ട് ഡേവിസ് തിരിഞ്ഞു…

“” പത്തും പതിനഞ്ചുമൊക്കെയായി പലതായി എന്നവനോട് പറഞ്ഞേക്കണം… ഇത് ഒടുക്കത്തെയാണെന്നും…. മക്കളെ സംബന്ധിച്ച കാര്യമായിപ്പോയി…””

ഡേവിസിന്റെ വാക്കുകൾക്കു മൂർച്ച കൈ വന്നു…

“” ഞാനത് സൂചിപ്പിച്ചിരുന്നു………..”

നിരഞ്ജൻ വീണ്ടും താടിയൊന്നുഴിഞ്ഞു…

“ തറവാട്ടിലെ മൊതലൊന്നും തൊട്ടല്ലായിരുന്നു ഇതുവരെയുള്ള കളിയും കണക്കുമൊക്കെ… പക്ഷേ, ഇവിടുന്നങ്ങോട്ട് ചിലപ്പോൾ അങ്ങനെയായാൽ………. “”

ബാക്കി ഡേവിസ് പറഞ്ഞില്ല…

ഗ്ലാസ്സിൽ അവശേഷിച്ചിരുന്ന മദ്യം ഒരു വലി വലിച്ചിട്ട് അയാൾ ഷെൽഫിനടുത്തേക്ക് നടന്നു……

“” ഒന്നും വേണ്ടായിരുന്നൂന്ന് തോന്നുന്നുണ്ടോ അങ്കിളേ……….?””

ചോദ്യവുമായി നിരഞ്ജൻ അയാൾക്കരികിലേക്കു വന്നു…

“” ഇനി പറഞ്ഞിട്ട് കാര്യമുണ്ടോടാ… എല്ലാം ഉണ്ടെങ്കിലും ഉരുകിയിങ്ങനെ ജീവിക്കുക എന്നു വെച്ചാൽ………… “

ഡേവിസ് അവന്റെ ചുമലിൽ ഒരടി കൊടുത്തു…

“” എല്ലാം ശരിയാകും അങ്കിൾ………..””

ഡേവിസിന്റെ കൈ പിടിച്ചെടുത്ത് നിരഞ്ജൻ നെഞ്ചോടു ചേർത്തു………..

 

🎗️       🎗️         🎗️         🎗️       🎗️       🎗️

 

“” നൻമ നിറഞ്ഞ മറിയമേ…………….. “

മമ്മി അകത്തു കുരിശു വരയ്ക്കാൻ തുടങ്ങിയതും ടോണി മുറ്റത്തേക്കിറങ്ങി…

സകല ദൈവങ്ങളോടും വെറുപ്പായിരിക്കുന്നു…

മൂന്നു വർഷം മുൻപു വരെ എത്ര സമാധാനവും സന്തോഷവും നിറഞ്ഞ വീടായിരുന്നു ഇത്…

ചേച്ചി……….!

ടെസ്സ ചേച്ചി… !

അവളായിരുന്നു ഈ വീടിന്റെ ഐശ്വര്യം…

അവളായിരുന്നു ഈ വീടിന്റെ പ്രതീക്ഷ…

അവൾക്കൊരു നല്ല ജോലി ലഭിക്കുന്നതും അതു വഴി ഈ കുടുംബം രക്ഷപ്പെടുന്നതും മാത്രം സ്വപ്നം കണ്ട നാളുകൾ…

അതേ…

അതെല്ലാം സ്വപ്നമായി തന്നെ അവശേഷിച്ചു…

ആറേഴു വയസ്സ് വ്യത്യാസമുണ്ട് താനും ചേച്ചിയും തമ്മിൽ…

ലോണും കടങ്ങളും പപ്പയുടെ അദ്ധ്വാനവുമെല്ലാം വൃഥാവിലാക്കിയാണ് ഒരു ദിവസം അവൾ മറഞ്ഞുപോയത്…

എവിടേക്ക്…….?

എന്തിന്………..?

അവളുടെ പ്രണയം തന്നോടു പറഞ്ഞിരുന്നു…

പണക്കാരൻ പയ്യൻ……….!

ക്രിസ്റ്റഫർ ഡേവിസ്…

കോളേജിലെ ഓരോ പ്രശ്‌നങ്ങളും അതൊരു സംഘട്ടനത്തിൽ കലാശിച്ചതും അങ്ങനെ എല്ലാം തന്നെ പറഞ്ഞിരുന്നു…

ക്രിസ്റ്റി മരണപ്പെട്ട ശേഷം  അവളാകെ മൗനത്തിലായിരുന്നു…

പുറത്തേക്കൊന്നും പോകാറുമില്ലായിരുന്നു…

കുറച്ചു നാളുകൾ വേണ്ടി വന്നു അവൾക്ക് അതിൽ നിന്നും വിടുതൽ നേടുവാൻ…

എന്നിരുന്നാലും നാടുവിട്ടു പോകാനോ മറ്റെന്തെങ്കിലും കടുംകൈ കാണിക്കുവാനോ മാത്രം ബുദ്ധിശൂന്യയല്ല അവൾ…

പണക്കാരനായ കാമുകനെ ഓർത്ത് കണ്ണീരൊഴുക്കി ജീവിതം കളയുവാൻ വിഡ്ഢിയുമല്ല…

പിന്നീടെന്തു സംഭവിച്ചു…?

ഒരു ജോലിക്കാര്യം ശരിയായിട്ടുണ്ടെന്നും അതിന്റെ ഇന്റർവ്യൂ ഉണ്ടെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയവൾ…………!

കോട്ടയത്തു തന്നെയുള്ള ഒരു ഫാൻസി ഷോപ്പിന്റെ സി.സി.ടി.വി ക്യാമറയിലാണ് അവളെ  അവസാനമായി കണ്ടിരിക്കുന്നത്…

വർഷം മൂന്നാകുന്നു…

അതിനും ഒന്നോ ഒന്നരയോ വർഷം മുൻപാണ് ക്രിസ്റ്റി കൊല്ലപ്പെട്ടിരിക്കുന്നതും…

സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണിതൊക്കെ…

കാമുകൻ മരണപ്പെടുന്നു… !

കാമുകി ഹതാശയാകുന്നു…

പക്ഷേ, ആ ഒന്നര വർഷത്തിനു ശേഷം കാമുകിയുടെ തിരോധാനമാണ് മനസ്സിലാകാത്തത്…

പൊലീസിനു സാദ്ധ്യമായില്ല…

ക്രൈം ബ്രാഞ്ചും അതു തന്നെ ആവർത്തിച്ചു…

പിന്നെ ചേച്ചി എവിടെപ്പോയി… ?

ടോണി ചിന്തകളിലിരിക്കവേ മമ്മിയുടെ വിളി കേട്ടു…

അത്താഴം കഴിക്കുവാനാണെന്ന് അവന് മനസ്സിലായി…

അവൻ മുറ്റത്തു നിന്ന് അകത്തേക്ക് കയറിയതും പപ്പയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം മുറിയിൽ നിന്ന് ഒഴിഞ്ഞ പാത്രങ്ങളുമായി വരുന്ന മമ്മിയെ കണ്ടു…

ത്രേസ്യ അവനെ കടന്ന് അടുക്കളയിലേക്ക് പോയി..

പപ്പയുടെ മുറിയിലേക്ക്  ടോണി ഒന്നു കണ്ണോടിച്ചു…

മച്ചിലേക്ക് മിഴികൾ തുറന്നു കിടക്കുന്നു…

പാവം…………!

അവന്റെ മനസ്സു കരഞ്ഞു…

ചേച്ചിയുടെ പോക്ക് ഒരിക്കലും പപ്പ പ്രതീക്ഷിച്ചിരുന്നതല്ല…

ചേച്ചിയെ മാലാഖയെ പോലെയാണ് പപ്പ സംരക്ഷിച്ചിരുന്നതെന്ന് ടോണി ഓർത്തു…

ബന്ധുക്കളുടെ കുത്തുവാക്കുകൾ… !

എല്ലാം താങ്ങുവാനുള്ള ബലം ശരീരത്തിനും മനസ്സിനും ഇല്ലാതായിപ്പോയി…

ചികിത്സിച്ചാൽ എഴുന്നേറ്റു നടന്നേക്കാം…

പക്ഷേ എവിടെ നിന്ന്… ?

ഇപ്പോഴുള്ള നിത്യവൃത്തിയും തന്റെ പഠനവും എല്ലാം തന്നെ സഭയുടെയും ചില പ്രമാണികളുടെയും കാരുണ്യം ഒന്നു കൊണ്ടു മാത്രമാണ്…

അതിനിടയിൽ………. ?

ടോണി ഒന്നു തല കുടഞ്ഞു…

എല്ലാത്തിനുമുപരി ചേച്ചിക്കെന്ത് സംഭവിച്ചു എന്നറിയാനുള്ള ത്വരയാണ് തന്നെ വേട്ടയാടുന്നതെന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു…

 

🎗️         🎗️          🎗️           🎗️           🎗️

 

ചുരുട്ട് “ഹോംസി” ന്റെ കയ്യിലിരുന്ന് എരിഞ്ഞു കൊണ്ടിരുന്നു…

കറുത്ത വട്ടത്തൊപ്പി ചുറ്റിയ തല, അയാൾ കസേരയിലേക്ക് ചാരി , ആലോചനാനിമഗ്നനായിരുന്നു..

“ ചേച്ചിയ്ക്ക് അധികം സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല.. പ്ലസ്-ടു വിന് പഠിച്ച ഒന്നുരണ്ടു പേർ നഴ്സായി  ബാംഗ്ലൂരൊക്കെ ജോലി ചെയ്യുന്നുണ്ട്… അവിടെയും പൊലീസ് അന്വേഷിച്ചിരുന്നു… “

ടോണി പറഞ്ഞു……

“ ഇവനന്ന് വലിയ പ്രായമൊന്നും ഇല്ലല്ലോ സാറേ… “

ഷാഹുൽ കൂട്ടിച്ചേർത്തു…

മേശപ്പുറത്ത് പഴയ പത്രക്കടലാസിന്റെ കട്ടിംഗുകളും പരാതികളും പരാതികളുടെ പകർപ്പും നിരന്നു കിടപ്പുണ്ടായിരുന്നു…

“” ഹോംസ് “ അതിനും മറുപടി പറഞ്ഞില്ല..

“” ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ സാറിനോട് പറഞ്ഞു കഴിഞ്ഞു… ഇനി മറന്നു പോയത് വല്ലതും ഉണ്ടെങ്കിൽ വിളിച്ചറിയിക്കാം…””

കുറേ നേരമായി അയാളുടെ അനക്കമൊന്നും ഇല്ലാതിരുന്നപ്പോൾ ടോണി പറഞ്ഞു..

“ ഹോംസ്”” പതിയെ കസേരയിൽ നിന്നും നിവർന്നു…

“” ചേച്ചി ആളെങ്ങനെ……….?””

അയാളുടെ ചോദ്യം ഇരുവർക്കും പെട്ടെന്ന് മനസ്സിലായില്ല…

“” ഐ മീൻ സ്നേഹമുള്ളവളാണോ എന്ന്……….?””

അയാൾ വിശദീകരിച്ചു…

“ അതേ സർ… …. അവളെല്ലാവരോടും സ്നേഹമുള്ളവളായിരുന്നു………..””

ടോണി പെട്ടെന്ന് പറഞ്ഞു…

“ ശത്രുക്കൾ……….?””

“” ഹോംസ് “ കസേരയിൽ നിന്ന് എഴുന്നേറ്റു…

“ ആരാണ് സർ ഞങ്ങൾക്കു ശത്രുക്കൾ…? ഇതവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനേ വഴിയുള്ളൂ… “

ടോണി പറഞ്ഞു…

“” ശത്രുക്കളല്ലാതെ പിന്നെ സ്നേഹിതൻമാരാണോടോ കിഡ്നാപ്പ് ചെയ്യുന്നത്… ? “.

“” ഹോംസ്”” ഒന്നു ചിരിച്ചു…

“” നിങ്ങൾക്കും പൊലീസിനും ഒന്നും അറിയാത്ത ശത്രുക്കൾ ആരെങ്കിലും ഉണ്ടെങ്കിലോ..?””

“” ഹോംസി “ന്റെ ചോദ്യം കേട്ട് ഇരുവരും മുഖത്തോടു മുഖം ഒന്നു നോക്കി…

അതാര് , എന്നൊരു സംശയം മറ്റേയാളുടെ മുഖത്ത് ഇരുവരും കണ്ടു…

“” കുടുംബത്തോട് സ്നേഹമുള്ള ചേച്ചി എന്തായാലും മറ്റൊരു വഴിക്ക് ഇറങ്ങിപ്പോകില്ല എന്ന് കരുതാം..പ്രത്യേകിച്ചും കാമുകൻ മരണപ്പെട്ട അവസ്ഥയിൽ………. “

“ ഹോംസി “ന്റെ വാക്കുകൾ ശരിയാണെന്ന് ഇരുവർക്കും തോന്നി…

പക്ഷേ അതാര്……….?

അങ്ങനെ ഒരാളുടെ മുഖം ടോണിയുടെ മനസ്സിൽ തെളിഞ്ഞില്ല…

ക്രിസ്റ്റിയുടെ മരണശേഷം വീട്ടിൽ ചേച്ചിയെ ആശ്വസിപ്പിക്കുവാനായി വന്ന സുഹൃത്തുക്കളുടെ ബാഹുല്യം കണ്ട് അന്തം വിട്ടവനാണ് താനും…

പിന്നെയാര്……….?

“ പൊലീസ് ഞങ്ങളോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല സർ… അവർ പലപ്പോഴും മോശം വാക്കുകളാണ് പറഞ്ഞത്… “”

ടോണി പറഞ്ഞു…

“” ലുക്ക് ബോയ്സ്…… “

“” ഹോംസ്”” തന്റെ വട്ടത്തൊപ്പി തലയിലൊന്നു ചുഴറ്റിക്കൊണ്ട് അവരുടെയടുത്തേക്ക് വന്നു…

“” പൊലീസങ്ങനെ പലതും പറയും.. പറയാതിരിക്കും. അതവരുടെ അന്വേഷണത്തിന്റെ രീതി.. അവരെക്കൊണ്ട് സാധിക്കാത്തതു കൊണ്ടാണല്ലോ നിങ്ങൾ ഇവിടെ വന്നത്………. “”

ഇരുവരും തലയാട്ടി……….

“ അവരെഴുതിയ ഒരു റിപ്പോർട്ടും എനിക്ക് ആവശ്യമില്ല… കാരണം അവർ ഒന്നുകിൽ ആരെയോ സഹായിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഒരു മിസ്സിംഗ് കേസ് തെളിയിക്കാൻ പറ്റാത്ത സുകുമാരക്കുറുപ്പിന്റെ കാലത്തെ പൊലീസല്ലല്ലോ ഇപ്പോഴുള്ളത്…”

ഇരുവരും മിണ്ടിയില്ല…

“” ലോക്കൽ പൊലീസ് കൃത്യമായി തെളിവുകൾ ഇല്ലാതാക്കിയിട്ടുണ്ടാവും… അതായത് പിന്നീട് ഒരു ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കും ഒന്നും ചെയ്യാൻ പറ്റാത്ത തരത്തിൽ…”

പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ തനിക്കും പപ്പയ്ക്കും നേരിടേണ്ടി വന്ന അപമാനകരമായ ചോദ്യങ്ങൾ ആ നിമിഷം ടോണി ഓർത്തു…

അന്വേഷിക്കാം………..

അന്വേഷിക്കുന്നുണ്ട്…

രണ്ടു ദിവസം കഴിയുമ്പോൾ ഒന്നുടഞ്ഞ് വന്നോളും കാർന്നോരെ… ….

അന്നതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല…

ശരിയായിരുന്നു…

പൊലീസ് ആദ്യം തന്നെ വലിയ ഉത്സാഹമൊന്നും കാണിച്ചിരുന്നില്ല എന്നവന് ഓർമ്മ വന്നു…

പക്ഷേ………. ?

ആർക്കുവേണ്ടി… ?

ആരെ സഹായിക്കാൻ… ?

എന്തിന്……….?

“” ഹോംസ്”” പതിയെ വാതിൽക്കലേക്ക് നടന്നു……

ഇരുവരും കസേരയിൽ നിന്ന് എഴുന്നേറ്റ് അയാളെ അനുഗമിച്ചു…

വാതിൽ കടന്ന് അയാൾ വീതി കുറഞ്ഞ വരാന്തയുടെ മരത്തിന്റെ കൈവിരിയിൽ ഇരു കൈകളും കുത്തി പുറത്തേക്ക് നോക്കി നിന്നു…

“” ആ കുട്ടിക്ക് പിന്നെ എന്തു സംഭവിച്ചു… ?””

“” ഹോംസ്”” തന്നോടു തന്നെ ചോദ്യം ആവർത്തിച്ചുകൊണ്ട് കൈവിരിയിൽ നിന്ന് നിവർന്നു…

“ ഞാൻ കുറച്ചു ദിവസം ഇവിടെ ഉണ്ടാവില്ല… ഞാൻ വിളിച്ചിട്ട് നിങ്ങൾ വന്നാൽ മതി…””

“” ഹോംസ്””

അവരെ നോക്കി പറഞ്ഞു…

“” സർ………. “”

അയാൾ കൈവിടുകയാണോ എന്നൊരു സന്ദേഹത്തോടെ ടോണി അയാളെ നോക്കി…

“ പേടിക്കണ്ട… ഒന്നോ രണ്ടോ ദിവസം.. കുറച്ചു കാര്യങ്ങളുണ്ട്… നിങ്ങൾ ധൈര്യമായിട്ടിരിക്ക്… “

അയാൾ അവന്റെ ചുമലിൽ രണ്ടടി അടിച്ചു കൊണ്ട് പറഞ്ഞു…

ടോണിയുടെ മുഖം എന്നിട്ടും തെളിഞ്ഞില്ല… അവൻ മറ്റെന്തോ പറയാനെന്ന പോലെ അയാളെ വീണ്ടും വിളിച്ചു…

“” സർ……….. “

അയാൾ പറയൂ എന്ന ഭാവത്തിൽ അവനെ നോക്കി…

“” എവിടെയും പ്രതീക്ഷ ഇല്ലാതിരുന്നിട്ടാണ് ഞങ്ങളിവിടെ വന്നത്………. അതുകൊണ്ട്…””

“” അറിയാമെടോ… അല്ലെങ്കിൽ ഓടയ്ക്കു നടുവിൽ കിടക്കുന്ന ഒരു ഭ്രാന്തന്റെ പൊളിഞ്ഞ കെട്ടിടം തേടി ആരെങ്കിലും വരുമോ… ?””

അയാളൊന്നു ചിരിച്ചു…

“ ടോണി പറഞ്ഞു വരുന്നത് ഫീസിന്റെ കാര്യമല്ലേ… ഈ കേസ് തെളിഞ്ഞാലും തെളിഞ്ഞില്ലെങ്കിലും ഈ ഡ്യൂപ്ലിക്കറ്റ് ഹോംസിന് ഫീസ് വേണ്ട… ….””

അയാൾ ചിരി തുടർന്നു…

തന്റെ മനസ്സ് അയാൾ കൃത്യമായി വായിച്ചതറിഞ്ഞ് ടോണി ഒന്നമ്പരന്നു…

“” ഇത് ചിലർക്കിട്ടുള്ള ചുമ്മാ ഒരു നേരം പോക്ക്… അതിന് എനിക്ക് ഫീസേ വേണ്ട………..””

ഒരു ഭ്രാന്തനായി തന്നെ അയാൾ ചിരി തുടർന്നുകൊണ്ടേയിരുന്നു…….

 

🎗️        🎗️        🎗️         🎗️        🎗️        🎗️

ഫോൺ ബല്ലടിക്കുന്നതു കേട്ടാണ് പൂജ ഉണർന്നത്……

പുതിയ ഒരു പരമ്പരയുടെ അത്യാവശ്യ വിവരങ്ങൾക്കായി പോയി വന്നത് രാത്രി വളരെ വൈകിയായിരുന്നു…

കോട്ടുവായിട്ടുകൊണ്ട് പുതപ്പു മാറ്റി, അവൾ കൈ നീട്ടി ടേബിളിലിരുന്ന ഫോണെടുത്തു..

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ ഉറക്കം പമ്പ കടന്നു…

അച്ഛൻ……….!!!

കുറേ ആയി വിളിക്കാറില്ല…

താനങ്ങോട്ടും വിളിക്കാറില്ല…

അവൾ ധൃതിയിൽ റിസീവിംഗ് മാർക്ക് സ്ലൈഡ് ചെയ്ത് ഫോൺ ചെവിയോടു ചേർത്തു…

“” എന്താ അച്ഛാ… …. ?””

“” ഒന്നുമില്ല മോളെ……. “”

അപ്പുറത്തു നിന്ന് ഹേമചന്ദ്രന്റെ സ്വരം വന്നു…

കുറച്ചു നിമിഷങ്ങൾ ഇരുവരും ഒന്നും മിണ്ടിയില്ല…

“” എനിക്ക് മോളെ ഒന്ന് കാണണം… ഇന്നുതന്നെ… “

നിശബ്ദതയ്ക്കൊടുവിൽ ഹേമചന്ദ്രൻ പറഞ്ഞു.

“” ഉം…………” പൂജ മൂളി…

“” മോളെഴുന്നേറ്റില്ലേ……….?”.

“ ഇല്ല……… ”

“ എങ്കിൽ ഫ്രഷായിട്ട് വിളിക്ക്… ഞാൻ മോളുടെ ഓഫീസിനടുത്തേക്ക് വന്നേക്കാം………”…”

അച്ഛൻ ഫോൺ കട്ട് ചെയ്തതും പൂജ കിടക്കയിൽ നിന്ന് എഴുന്നേറ്റു..

വർഷങ്ങൾ കൂടിയുള്ള ഫോൺകോൾ… !

എന്തായിരിക്കും അച്ഛന് പറയാനുള്ളത്… ?

ജോലി ലഭിച്ച കാര്യം പറയുവാനാണ് അച്ഛനെ അവസാനമായി വിളിച്ചത് എന്നവൾ ഓർത്തു…

അച്ഛനെക്കുറിച്ചുള്ള ആലോചനയോടെയാണ് അവൾ ഓഫീസിലേക്ക് പോകുവാൻ തയ്യാറായത്……

അവൾ ഒരുങ്ങിയിറങ്ങിയതും സന്തോഷിന്റെ കോൾ വന്നു…

ജീൻസും ഷർട്ടുമായിരുന്നു അവളുടെ വേഷം…

ഓഫീസിലെ വീഡിയോഗ്രാഫറും ക്യാമറാമാനുമൊക്കെയാണ് സന്തോഷ്..

ഒരു ടെംപററി പോസ്റ്റിംഗ്…

ഒരു സീനിയറിന്റെ ബന്ധുവാണ്.. ഇപ്പോൾ കുറച്ചു മാസങ്ങളായി തന്റെ കൂടെയാണ്..

“” പറ സന്തോഷേ……….””

അവൾ സ്കൂട്ടിയുടെ ചാവി തിരയുന്നതിനിടയിൽ ഫോൺ കഴുത്തിനും ചെവിയ്ക്കും ഇടയിൽ ചേർത്തു വെച്ചു…

ഇയർ പോഡിൽ ചാർജ്ജില്ല…

“” എം.ഡി ചേച്ചിയെ ഒന്ന് അന്വേഷിച്ചിട്ടുണ്ട്…… ആളത്ര സുഖത്തിലല്ല ചോദിച്ചത്… “

“ ങ്ങാ………. ഞാൻ ഇറങ്ങി… വന്നിട്ടു കാണാം………. “

അവൾ കോൾ കട്ടാക്കി…

തന്റെ ഇൻവെസ്റ്റിഗേഷൻ സീരീസ് എം.ഡിയുടെ മുന്നിലെത്തി എന്നവൾക് മനസ്സിലായി…

പൂജ ഇയർ പോഡും ചാവിയും കയ്യിലെടുത്ത് പുറത്തേക്കിറങ്ങി..

മുറ്റത്ത് ജയലക്ഷ്മി നിൽപ്പുണ്ടായിരുന്നു…

“” നീ എപ്പോഴാ ഇന്നലെ വന്നത്… ? “”

ജയലക്ഷ്മി ചെടികൾക്ക് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിക്കുന്നതിനിടയിൽ തിരിഞ്ഞു…

“” ലേറ്റായി… ഞാനമ്മയെ കുറേ വിളിച്ചിരുന്നു… അവസാനം അമ്മമ്മയാ വാതിൽ തുറന്നത്…””

പൂജ പോർച്ചിൽ കിടന്ന സ്കൂട്ടി നിരക്കിയിറക്കി…

“ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്…””

ജയലക്ഷ്മി ഹോസ് ലോണിനു മുകളിലേക്കിട്ട് അവളുടെയടുത്തേക്കു വന്നു….

“ പറയാൻ വരുന്ന കാര്യം എനിക്കറിയാം… തല്ക്കാലം അത് നടപ്പില്ല… “

പൂജ വണ്ടി മുന്നോട്ടെടുത്തു…

“ നിർത്ത്……………”

ജയലക്ഷ്മി, സ്കൂട്ടിയുടെ ഹാൻഡിലിൽ പിടിച്ചു…

“” എന്റമ്മേ… ജോബ് ഒന്ന് പെർമനന്റായിട്ടു നമുക്ക് നോക്കാം എന്ന് ഞാൻ പറഞ്ഞതല്ലേ… “”

പൂജ നിലത്തു കാൽ കുത്തി സ്ക്കൂട്ടി ബാലൻസ് ചെയ്തു…

“ അത് ഞാനും സമ്മതിച്ചതാണല്ലോ… ഒന്ന് വന്ന് അവരു കണ്ടു പൊയ്ക്കോട്ടെ… “”

ജയലക്ഷ്മി മകളുടെ മുടിയിൽ തലോടി…

“ ഇന്നെന്തായാലും ഞാനൊരു ഉറപ്പു തരാം…”

പൂജ ചിരിയോടെ പറഞ്ഞു……

ജയലക്ഷ്മി മനസ്സിലാകാതെ അവളെ നോക്കി…

“” ഒന്നുകിൽ ഇന്ന് അവരവിടെ നിന്ന് എന്നെ പറഞ്ഞു വിടാൻ ചാൻസുണ്ട്…… അങ്ങനെ സംഭവിച്ചാൽ, ദാ… നാളെ  മാരേജ്…….”

പൂജ ജയലക്ഷ്മിയുടെ കവിളിൽ ഒരു നുള്ളു കൊടുത്തിട്ട് ഹെൽമറ്റ് എടുത്ത് ശിരസ്സിൽ വെച്ചു…

കോട്ടയത്തു തന്നെയുള്ള ഒരു പ്രമുഖ പത്ര സ്ഥാപനത്തിലാണ് പൂജ , ഒരു വർഷമായി ജോലി ചെയ്യുന്നത്…

ജേർണലിസം കഴിഞ്ഞ് അവൾ കുറച്ചു കാലം ഫ്രീലാൻസറായിരുന്നു…

ഒടുവിൽ ഒരു ജോലി, വേണം എന്ന ജയലക്ഷ്മിയുടെ നിർബന്ധം സഹിക്കവയ്യാതെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങി…

കാരണം ജോലി കിട്ടിയാൽ വിവാഹത്തിനു സമ്മതം എന്നായിരുന്നു മകൾ ജയലക്ഷ്മിക്കു കൊടുത്ത വാക്ക്…

വൈകിയാണ് പൂജ  എം.ഡിയുടെ ക്യാബിനിലേക്ക് കയറിച്ചെന്നത്…

സന്തോഷ്,  സ്റ്റാഫ് സർക്കിളിലെ ചെയറിലിരിക്കുന്നത് അവൾ കണ്ടിരുന്നു…

“” ഗുഡ് മോണിംഗ് സർ………. “”

മോണിട്ടറിനു മുന്നിലിരുന്ന എം.ഡി വർഗ്ഗീസ് മാത്യു പതിയെ മുഖമുയർത്തി…

“” വെരി ഗുഡ് മോണിംഗ് പൂജ…… “

അയാൾ ഇരിക്കാൻ പറഞ്ഞതും അവളുടെ കയ്യിലിരുന്ന ഫോൺ ബല്ലടിച്ചു…

അച്ഛൻ…… !

ഫോണിൽ നോക്കിക്കൊണ്ട് , സൈലന്റ് മോഡിലാക്കി അവൾ ചെയറിലിരുന്നു…

“” പൂജയുടെ പുതിയ സ്റ്റോറി ഞാൻ കണ്ടു… റോഡും കുഴിയും മണ്ണുമാന്തലും വെള്ളപ്പൊക്കവുമൊക്കെ പത്രം ഉണ്ടായ കാലത്ത് തുടങ്ങിയ പ്രശ്നങ്ങളും റിപ്പോർട്ടുമൊക്കെയാണ്… അന്നു തൊട്ട് ഇന്നുവരെ നമ്മളിങ്ങനെ പത്രത്തിൽ പത്തു കോളം വാർത്ത കൊടുത്തിട്ട് , ഏതെങ്കിലും റോഡ് നാല് കിലോമീറ്റർ തികച്ച് കുഴിയില്ലാതെ കണ്ടിട്ടുണ്ടോ… ?””

വർഗ്ഗീസ് മാത്യു, അവളെ നോക്കിക്കൊണ്ടു തന്നെ റിവോൾവിംഗ് ചെയറിലേക്ക് ചാഞ്ഞു…

“” ചിലതൊക്കെ അങ്ങനെയാണ്… ഒന്നും എത്രയായാലും ശരിയാവില്ല…”

അയാൾ ഒന്നു ചിരിച്ചുകൊണ്ടു തുടർന്നു…

“” പൂജയ്ക്കറിയാമല്ലോ… നമുക്ക് ഇത് മാത്രമല്ല ബിസിനസ്സ്… ചില ലാൻഡ് സ്ലൈഡും ഫ്ളഡും അന്വേഷിച്ചിറങ്ങിയാൽ നമുക്കോ നമുക്ക് വേണ്ടപ്പെട്ടവർക്കോ നോവും…””

അയാൾ പുഞ്ചിരി കൈവിട്ടില്ല…

പൂജയ്ക്ക് അയാൾ പറഞ്ഞു വരുന്നത് മനസ്സിലാകുന്നുണ്ടായിരുന്നു…

“ അപ്പനപ്പൂപ്പന്റെ കാലം മുതൽക്കുള്ള സ്ഥാപനമാ… അതിങ്ങനെ ഇന്നും നിലനിൽക്കാൻ തന്നെ കാരണം എന്താണെന്ന് പൂജയ്ക്കറിയുമോ… ?”.

പൂജ അയാളെ നോക്കിയതല്ലാതെ ശബ്ദിച്ചില്ല…

അയാൾ തന്നെ ഉത്തരവും പറഞ്ഞു തുടങ്ങി…

“” നമ്മളാരെയും പിണക്കിയിട്ടില്ല…… അതു തന്നെ കാരണം………. “

ഒന്നു നിർത്തി, അയാൾ അവളിലേക്ക് മുഖമടുപ്പിച്ചു…

“ അതുകൊണ്ട് , പൂജയുടെ ആ ഇൻവെസ്റ്റിഗേഷൻ സീരീസ് ഞാൻ വേണ്ടെന്നു വെച്ചു… “

പൂജയിൽ ഞെട്ടലൊന്നും ഉണ്ടായില്ല…

അതവൾ പ്രതീക്ഷിച്ചതായിരുന്നു…

“” നമുക്ക് മറ്റൊന്നു നോക്കാം പൂജ…, പൂജയ്ക്ക് ഇഷ്ടമുള്ള മാറ്റർ…… ക്രേസ് ഉള്ള സബ്ജക്റ്റ്… അത് ഞാൻ പൂജയ്ക്ക് വിടുന്നു…… “”

അയാൾ വീണ്ടും ചിരിച്ചു……

പൂജയും അയാളെ നോക്കി ചിരിച്ചെന്ന് വരുത്തി…

“ ഒരു കാര്യം ഓർമ്മയുണ്ടാകണം… ഞാൻ പറഞ്ഞല്ലോ… നമ്മളാരെയും വേദനിപ്പിക്കാതെ, എല്ലാവരെയും സന്തോഷിപ്പിച്ചു നിർത്തിയിട്ടാണ് ഈ പാരമ്പര്യമിങ്ങനെ തുടരുന്നതെന്ന്… “

“” ഓ കെ സർ…………….’’

പൂജ ചെയറിൽ നിന്നും എഴുന്നേറ്റു…

ഗ്ലാസ്സ് ഡോർ തുറന്നു പൂജ പുറത്തേക്കിറങ്ങിയതും സന്തോഷ് അവളുടെയടുത്തേക്കു വന്നു..

“” എന്ത് പറഞ്ഞു ചേച്ചീ……….””

“ നമ്മൾ പ്രതീക്ഷിച്ചതു തന്നെ………..”

അവൾ കയ്യിലിരുന്ന ഫോൺ എടുത്തു കൊണ്ട് മെയിൻഡോറിനു നേർക്ക് നടന്നു……

സന്തോഷ് അവളെ അനുഗമിച്ചു…

അവൾ ഹേമചന്ദ്രനെ തിരിച്ചു വിളിച്ചു..

അയാൾ കെ.കെ റോഡിൽ തന്നെ ഉണ്ടായിരുന്നു…

“ ഞാനിന്ന് ലീവാണ്… ഉണ്ടായിരുന്ന മൂഡ് പോയി………”…”

കോൾ കട്ടാക്കി അവൾ സന്തോഷിനോട് പറഞ്ഞു…

“ എനിക്കിവിടെ ഇരിക്കാതെ പറ്റില്ലല്ലോ…”

സന്തോഷ് മ്ലാനമായ മുഖത്തോടെ തിരിച്ചു നടന്നു…

സ്കൂട്ടിയുമായി അവൾ പതിയെ ഹേമചന്ദ്രൻ പറഞ്ഞ സ്ഥലത്തേക്ക് വണ്ടി ഓടിച്ചു…

ബുള്ളറ്റിൽ ചാരി നിൽക്കുന്ന ആളെ ദൂരെ നിന്നു തന്നെ അവൾ കണ്ടു…

ബുള്ളറ്റിനടുത്തു തന്നെ അവൾ സ്കൂട്ടി നിർത്തി……

മിലിട്ടറി പാന്റാണ് ധരിച്ചിരിക്കുന്നത്…

കയ്യുള്ള കറുത്ത ബനിയനും വട്ടത്തൊപ്പിയും കണ്ടതേ അവൾക്ക് ദേഷ്യം വന്നു…

ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാൻ… !

അവൾ മനസ്സിൽ പറഞ്ഞു:’ …

“” നമുക്കൊരു ചായ കുടിച്ചാലോ മോളെ… ?””

വേണമെന്നോ വേണ്ടായെന്നോ പറയാതെ പൂജ  അച്ഛനു പിന്നാലെ അടുത്തുണ്ടായിരുന്ന റസ്റ്റോറന്റിലേക്ക് കയറി…

പ്രൈവറ്റ് ക്യാബിനിലേക്കാണ് ഹേമചന്ദ്രൻ കയറിയത്……

ടേബിളിനു മുന്നിൽ അയാൾക്കെതിരെ പൂജ ഇരുന്നു…

“” ഇനിയും ഈ വേഷവും കോലവും മാറ്റിക്കൂടെ അച്ഛാ… മനുഷ്യന് തൊലിയുരിയുന്നു… “

ചുറ്റുപാടും മിഴികൾ പായിച്ച് പതിഞ്ഞ സ്വരത്തിൽ പൂജ അച്ഛനോടു ചോദിച്ചു…

“” ഈ വേഷവും കോലവും ഞാൻ കെട്ടാനുള്ള കാരണവും മോൾക്കറിയാമല്ലോ…. എല്ലാവർക്കും മുൻപിൽ കോമാളിയാണെങ്കിലും മനസ്സിനു സ്വസ്ഥതയുണ്ട്………. “

ഹേമചന്ദ്രൻ പറഞ്ഞു…

പൂജ പിന്നെ തർക്കിക്കാൻ നിന്നില്ല…

പട്ടാളച്ചിട്ടയാണ്…

പോരാത്തതിന് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനുമായിരുന്നു…

പഠിപ്പിച്ചേ ശീലമുള്ളൂ…

അനുസരിച്ചുള്ള ശീലമില്ല…

“” അച്ഛൻ കാണണമെന്നു പറഞ്ഞത്….? “

പൂജ  ഒരു നിമിഷം കഴിഞ്ഞ് അയാളെ നോക്കി…

“ പറയാം…………….””

വെയ്റ്റർ വന്നപ്പോൾ , അവൾക്കു വേണ്ടതു കൂടി ചോദിച്ച ശേഷം അയാൾ ഓർഡർ ചെയ്തു…

“” അമ്മയ്ക്ക് എങ്ങനെ……….?”

അച്ഛന് എങ്ങനെയായാലും അമ്മയെ മറക്കുവാൻ കഴിയില്ലെന്ന് അവൾക്കാ ചോദ്യത്തിൽ നിന്നും മനസ്സിലായി…

“” കുഴപ്പമൊന്നുമില്ല… …. “

“” മോൾക്കോ……..?””

“” അച്ഛനിങ്ങനെ നടക്കുന്നതു മാത്രമേ എനിക്കു പ്രശ്നമുള്ളൂ………. “

ചായ വന്നതും ഓരോ കവിൾ മൊത്തി ഇരുവരും വാക്കുകൾ മറന്നിരുന്നു…

“ മോൾക്കിന്ന് പോകണ്ടേ… …. ? “

കസേരയിലേക്ക് ചാഞ്ഞു കൊണ്ട് ഹേമചന്ദ്രൻ ചോദിച്ചു…

“” അതങ്ങനെ ശരിയാകുമെന്ന് തോന്നുന്നില്ല..””

അവൾ താടിയ്ക്കു കൈ കൊടുത്ത് ആലോചനയോടെ പറഞ്ഞു…

“” എന്തു പറ്റി……….?””

പൂജ ചുരുങ്ങിയ വാക്കുകളിൽ കാര്യം വിശദീകരിച്ചു..

ഹേമചന്ദ്രന്റെ മുഖത്തൊരു തെളിച്ചമുണ്ടായി…

അമ്മയോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു…

അല്ലെങ്കിലും തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കാനാണ് അമ്മയ്ക്ക് ധൃതി……

ഇതുകൂടി അറിഞ്ഞാൽ സന്തോഷിക്കുകയേ ഉള്ളൂ…

“” എനിക്ക് മോളുടെ ഒരു സഹായം വേണം… ….””

അല്പ നേരത്തെ ആലോചനയ്ക്കു ശേഷം ഹേമചന്ദ്രൻ പറഞ്ഞു…

പൂജ  അച്ഛനെ നോക്കി…

പണമാണെന്ന കാര്യത്തിൽ അവൾക്ക് സംശയമേതുമില്ലായിരുന്നു…

പക്ഷേ, പിന്നീട് ഹേമചന്ദ്രൻ പറഞ്ഞതു കേട്ട് അവൾ ആകാംക്ഷയോടെ അയാളെ നോക്കിയിരുന്നു…

തിരോധാനം…………….!

അവളിലെ കുറ്റാന്വേഷക ഉണർന്നിരുന്നു…

താനും അത് വായിച്ചു മറവിയിൽ തള്ളിയ വാർത്തയാണ്……

അതിലിങ്ങനെയൊരു സാദ്ധ്യത……….?

ഈ തിരോധാനത്തിന്റെ പിന്നാമ്പുറക്കഥകൾ എഴുതി കോർത്തിണക്കി, എം.ഡിയുടെ മേശപ്പുറത്തിട്ടു കൊടുക്കുന്ന കാര്യം ഓർത്തതും പൂജ  ഉള്ളാലെ ചിരിച്ചു…

അവളുടെ രോമകൂപങ്ങൾ എഴുന്നു നിന്ന് തുടങ്ങിയിരുന്നു…

“ ഈ കേസ്………..?””

ഒടുവിൽ പൂജ  അച്ഛനെ നോക്കി…

“” ഇറ്റ്സ് നോട്ട് എ കേസ്………. മിസ്റ്ററി… ദ അൺബിലീബബ്ൾ മിസ്റ്ററി……….”

ഹേമചന്ദ്രൻ തലയിലിരുന്ന വട്ടത്തൊപ്പി ഒന്നു കറക്കി…

പൂജ  അയാളെ തന്നെ നോക്കിയിരുന്നു…

ഒഴിഞ്ഞ ചായ ഗ്ലാസ്സ് മേശയിലിട്ട് അയാളൊന്നു വിരലാൽ കറക്കി…

“” ഇതിൽ ഇൻവെസ്റ്റിഗേഷൻ തുടങ്ങാൻ നമുക്ക് ഒരു സാദ്ധ്യതയുമില്ല:… അതായത് ഒരു ലിങ്കുമില്ല… പൊലീസ് കൊടുക്കുന്ന വാർത്തകളേ നിങ്ങൾ പത്രക്കാരും നിരത്തൂ………. “

പൂജയുടെ മുഖമൊന്നു മങ്ങി…

“” എന്റെ അനുമാനം ശരിയാണെങ്കിൽ ഈ മിസ്റ്ററി സ്റ്റാർട്ട് ചെയ്ത സ്ഥലം അതു തന്നെയാണ്….എനിക്ക് കയറിച്ചെല്ലാൻ പറ്റാത്ത ഒരിടം… അവിടെ മാത്രം മതി എനിക്ക് മോളുടെ ഹെൽപ്പ്… “

അയാൾ ടേബിളിലിരുന്ന ഗ്ലാസ്സ് ഒന്നുകൂടി വിരലാൽ കറക്കി വിട്ടു…

“” മറ്റൊന്നും കൊണ്ടല്ല… എനിക്ക് മോൾ നഷ്ടപ്പെടാതിരിക്കാൻ… “

ഒരു നടുക്കം പൂജയിലുണ്ടായി……

“” കേസന്വേഷണം പൊലീസ് നടത്താത്തതു കൊണ്ടാണ് ഇതിനു പിന്നിലുള്ളവർ മറഞ്ഞിരിക്കുന്നതും ഒതുങ്ങിയിരിക്കുന്നതും… ഒരു സൂചന അവർക്ക് കിട്ടിയാൽ അവർ ജാഗരൂകരാകും… അത് പാടില്ല… …. “

പൂജ അച്ഛനെ തന്നെ തുറിച്ചു നോക്കി , സശ്രദ്ധം കേട്ടിരുന്നു…

“” ഞാൻ പറയുന്ന കാര്യം മാത്രം മോള് ചെയ്താൽ മതി… “

ഒരു മിലിട്ടറി ഓഫീസറുടെ ആജ്ഞാസ്വരത്തിലാണ് ഹേമചന്ദ്രൻ ആ വാക്കുകൾ പറഞ്ഞത്..

തന്റെ ആജ്ഞയെ മറികടക്കരുത് എന്നൊരു ധ്വനി അതിൽ നിന്നും പൂജ വായിച്ചെടുത്തു…

“” പിന്നെ, അമ്മ ഇതൊരിക്കലും അറിയരുത്………. “

ഹേമചന്ദ്രൻ ഗ്ലാസ്സ് ഒന്നുകൂടി ടേബിളിനു മീതെ കറക്കി വിട്ടു…

പൂജ  തല കുലുക്കി…

“” പോകാം………. “

തലയിൽ വട്ടത്തൊപ്പി ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് അയാൾ , കറങ്ങിത്തീരാറായ ഗ്ലാസ്സിനു മീതെ കൈ വെള്ളയടിച്ചമർത്തി എഴുന്നേറ്റു………..

 

🎗️           🎗️            🎗️            🎗️          🎗️

 

ഡേവിസ് ബാങ്കിൽ നിന്ന് പണമെടുത്ത് തന്റെ ക്രൂയിസറിലേക്ക് കയറി…

അയാളെ ഉഷ്ണിക്കുന്നുണ്ടായിരുന്നു…

പത്തു ലക്ഷം രൂപ……….!!!

ഇതൊന്നും തിരികെ ലഭിക്കുന്ന പണമല്ല…

ഇതിലും നിൽക്കുമെന്നും തോന്നുന്നില്ല…

പക്ഷേ, തന്നെക്കൊണ്ട് മറ്റൊന്നിനും സാധിക്കുകയില്ലെന്നും അയാൾ നിസ്സഹായതയോടെ ഓർത്തു…

എല്ലാം സംഭവിച്ചുപോയി… ….!

സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം സംഭവിച്ചു…

അതായിരുന്നു എല്ലാത്തിന്റെയും തുടക്കവും…

ലാൻഡ് ക്രൂയിസർ പറന്നത് മുണ്ടക്കയത്തേക്കായിരുന്നു…

നിരഞ്ജൻ അവിടെയാണ്…

പോരാത്തതിന്  തിരികെ പോരുമ്പോൾ ഹിന്ദിക്കാരനെയും കൂട്ടണം……

എസ്റ്റേറ്റ് ഗേറ്റ് കടന്ന് ബംഗ്ലാവിന്റെ മുന്നിലേക്ക് കയറിയപ്പോൾ അയാൾ നിരഞ്ജന്റെ ടവേര അവിടെ കണ്ടില്ല…

ഹിന്ദിക്കാരൻ സിറ്റൗട്ടിലെ കസേരയിലിരുന്ന് ആരെയോ വീഡിയോ കോൾ ചെയ്യുന്നു…

ബാഗുമായി ഡേവിസ് സിറ്റൗട്ടിലേക്ക് കയറി…

മുതലാളിയെ കണ്ടിട്ടും ഹിന്ദിക്കാരന് അനക്കമൊന്നും ഉണ്ടായില്ല…

അവൻ ചിരിച്ചു കൊണ്ട് , ഫോൺ ഡേവിസിനു നേരെ നീട്ടി…

“” ദേഖോ… നയാ ഗർ………. “

ഒരു ഇരുനില വീട് ഫോണിൽ ഡേവിസ് കണ്ടു…

തന്റെ പണം… !

അയാളൊന്നു നെടുവീർപ്പിട്ടു…

“ നിരഞ്ജനെവിടെ… ?””

“” സർ പുറത്തുപോയി… ഇപ്പം വരും……”

ഹിന്ദിക്കാരൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു..

വിളിച്ചു കൊണ്ടിരുന്ന കോൾ കട്ടാക്കി അവനും ഡേവിസിനൊപ്പം അകത്തേക്ക് കയറി…

ഒഡിഷക്കാരനാണ് അവൻ……

സഞ്ജയ് ഡിഗാൾ……….

ഒൻപതു വർഷമായി ഡേവിസിന്റെ വീട്ടിൽ വന്നു ചേർന്നിട്ട്…

ഡേവിസിന്റെ വീട്ടിലെ ഒരംഗത്തേപ്പോലെയാണ് ഇപ്പോൾ സഞ്ജയ്…

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മുണ്ടക്കയത്തെ എസ്റ്റേറ്റ് ബംഗ്ലാവ് വൃത്തിയാക്കാൻ ഡേവിസ് അവനെ കൊണ്ടുവന്നു വിടും…

അതു കഴിഞ്ഞ് തിരികെ ചാമംപതാലുള്ള വീട്ടിലേക്ക്…

പത്തു മിനിറ്റ് കഴിഞ്ഞതും നിരഞ്ജൻ വന്നു…

“ ആ സർക്കിളിനോട് ഇത് ഒടുക്കത്തെയാണെന്ന് പറഞ്ഞേരെ…””

പണമടങ്ങിയ ബാഗ് നിരഞ്ജനെ ഏൽപ്പിച്ചു കൊണ്ട് ഡേവിസ് പറഞ്ഞു…

“” അല്ലെങ്കിലും അതങ്ങനെയേ ഉള്ളൂ അങ്കിൾ…… അല്ലെങ്കിൽ അയാളെല്ലാം വിളിച്ചു പറയട്ടെ… അയാളും കുടുങ്ങുമല്ലോ…”

ഡേവിസ് മനസ്സിലാകാത്ത മട്ടിൽ നിരഞ്ജനെ നോക്കി…

നിരഞ്ജൻ തന്റെ താടിയൊന്നു ചൊറിഞ്ഞു…

സഞ്ജയ് അവരുടെ സംസാരം കേട്ടുകൊണ്ട് അടുത്തു നിൽപ്പുണ്ടായിരുന്നു…

എസ്റ്റേറ്റിലെ കണക്കും കാര്യങ്ങളും ഡേവിസിനെ പറഞ്ഞു വ്യക്തമാക്കിയ ശേഷം നിരഞ്ജനും അവരോടൊപ്പം യാത്രക്കിറങ്ങി…

“ ആദ്യം അഞ്ചു കൊടുത്തു നോക്കും… വാശി പിടിച്ചാൽ………. “

നിരഞ്ജൻ ഡേവിസിനെ നോക്കി…

നിന്റെ ഇഷ്ടം പോലെ ചെയ്യ് എന്ന ഭാവത്തിൽ നോക്കിക്കൊണ്ട് ഡേവിസ് ക്രൂയിസറിലേക്ക് കയറി..

മറുവശത്തു കൂടെ സഞ്ജയ് യും കയറി..

ക്രൂയിസർ ആദ്യം ഗേറ്റ് കടന്നു…

പിന്നാലെ ടവേരയും……….

 

(തുടരും….)

a
WRITTEN BY

admin

Responses (0 )