-50% Intro price for the next 72 hours only!. Buy now →

Kambi stories

തിരോധാനം [കബനീനാഥ്]

തിരോധാനം The Mystery | Author : Kabaninath “ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്… അഥവാ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ യാദൃശ്ചികതയാണെന്ന് അവകാശപ്പെടുന്നില്ല… ….”   🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️   അക്ഷരനഗരി………..   റെയിൽ പാളത്തിന്റെ അപ്പുറം തകർന്നു കിടക്കുന്ന ഓടച്ചാൽ… കറുത്ത നിറത്തിൽ മലിനജലം കെട്ടിക്കിടക്കുന്നു… ഏതോ തട്ടുകടക്കാർ ഒഴിവാക്കിപ്പോയ, പൊട്ടിയ കവറിൽ നിന്നും പുറത്തുചാടിയ, ചീഞ്ഞ ബ്രഡ്ഡിന്റെ അവശിഷ്ടങ്ങൾ കണ്ടതും ടോണിയ്ക്ക് ഓക്കാനം വന്നു.. നല്ല ദുർഗന്ധം ഉയരുന്നുണ്ടായിരുന്നു.. കഴിഞ്ഞു പോയ […]

0
1

തിരോധാനം

The Mystery | Author : Kabaninath


“ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്… അഥവാ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ യാദൃശ്ചികതയാണെന്ന് അവകാശപ്പെടുന്നില്ല… ….”

 

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

 

അക്ഷരനഗരി………..

 

റെയിൽ പാളത്തിന്റെ അപ്പുറം തകർന്നു കിടക്കുന്ന ഓടച്ചാൽ…

കറുത്ത നിറത്തിൽ മലിനജലം കെട്ടിക്കിടക്കുന്നു…

ഏതോ തട്ടുകടക്കാർ ഒഴിവാക്കിപ്പോയ, പൊട്ടിയ കവറിൽ നിന്നും പുറത്തുചാടിയ, ചീഞ്ഞ ബ്രഡ്ഡിന്റെ അവശിഷ്ടങ്ങൾ കണ്ടതും ടോണിയ്ക്ക് ഓക്കാനം വന്നു..

നല്ല ദുർഗന്ധം ഉയരുന്നുണ്ടായിരുന്നു..

കഴിഞ്ഞു പോയ മഴയിൽ അടിഞ്ഞു കൂടിയ മാലിന്യക്കൂമ്പാരത്തിലേക്ക് നോക്കി , മൂക്കുപൊത്തി  ടോണി പിറുപിറുത്തു..

“ നീ എന്നെ ഇല്ലാത്ത അസുഖം വരുത്തി വെയ്ക്കാൻ വിളിച്ചു കൊണ്ടു വന്നതാണോ… ?”

“” നിനക്ക് അയാളെ കാണണോ… ?”

മൂക്കുപൊത്തിക്കൊണ്ട് തന്നെയാണ് ഷാഹുലും ചോദിച്ചത്…

ടോണി മറുപടി പറഞ്ഞില്ല..

ആവശ്യക്കാരൻ താനാണ്…

അവനിതിൽ ഇടപെടേണ്ട ഒരു കാര്യവും ഇല്ല…

അല്ലെങ്കിലും പ്രതീക്ഷ വെച്ചു പോവുകയല്ല..

ഇതല്ലാതെ ഇനി ഒരു മാർഗ്ഗവും അവശേഷിക്കുന്നില്ല…

ചുമലിൽ കോണിച്ച് കോർത്തിട്ടിരുന്ന ബാഗ് നിലത്തുവീഴാതെ അവൻ നെഞ്ചോടു ചേർത്തുപിടിച്ചു…

മാലിന്യത്തിൽ ചവുട്ടാതെ ഇരുവരും ഒറ്റ തിരിഞ്ഞു നിൽക്കുന്ന ആ പഴയ കെട്ടിടത്തിനടുത്തെത്തി……

ഓടുമേഞ്ഞ രണ്ടു നില കെട്ടിടം…

താഴെയുള്ള രണ്ടു മുറികളുടെ നീല പെയിന്റടിച്ച മരത്തിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്നു…

ഇടതു വശത്തുകൂടി മരത്തിന്റെ ഗോവണി തന്നെയാണ് മുകളിലേക്ക് കയറാനുപയോഗിക്കുന്നത്…

അതിന്റെ ആദ്യത്തെ പടി അടർന്നു കിടപ്പുണ്ട്……

ഗോവണിയുടെ ചുവട്ടിലെത്തി ഇരുവരും നിന്നു..

ഗോവണിയുടെ പിന്നിലായി, ഒരു നീല ടാർപായ വലിച്ചുകെട്ടിയതിനു കീഴെ ഒരു ആർമി മോഡൽ ബുള്ളറ്റ് സ്റ്റാൻഡിലിട്ടിരിക്കുന്നു…

“” ഇതൊരുമാതിരി ഭാർഗ്ഗവീ നിലയം ടൈപ്പാണല്ലോടെ……….””

ടോണി ചോദിച്ചു…

“” ആളൊരു അരവട്ടനാ… പിന്നെ സ്വന്തം കെട്ടിടമല്ലേ… അത്രയ്ക്കുള്ള ശുഷ്കാന്തിയേ കാണൂ… “

ഷാഹുൽ പറഞ്ഞു……

“” നിനക്കെങ്ങനെയാ ഇയാളെ പരിചയം… ? “”

“” ആർക്ക് പരിചയം……….? നമ്മളിങ്ങോട്ട് വരുന്ന വഴി ഒരു ചെറിയ ബോർഡ് കണ്ടില്ലേ… ? അതു തന്നെ എനിക്കുമുള്ള പരിചയം…….’’

ഷാഹുൽ പറഞ്ഞു……

“” ആ… ബെസ്റ്റ്………. “

ടോണി തിരിഞ്ഞു നിന്നു…

“” എടാ… ഇത് ക്രൈം ബ്രാഞ്ച് വരെ ഒഴിവാക്കിയ കേസാ……. പറഞ്ഞു പറഞ്ഞ് പ്രതീക്ഷ തന്നിട്ട് നീയും…”

വാക്കുകളുടെ അവസാനമായപ്പോഴേക്കും ടോണിയുടെ ശബ്ദമിടറി…

“” നീ പറയണ്ട… കാര്യങ്ങളൊക്കെ എനിക്കറിയാം… ഇത് അവസാന പ്രതീക്ഷയാ… “”

ഷാഹുൽ അവന്റെ പുറത്തു തട്ടി…

“” മകൻ തിരിച്ചു വരുന്നതും കാത്ത് പ്രതീക്ഷയോടെയിരിക്കുന്ന ഒരമ്മയേയും ഞാൻ എന്നും കാണാറുണ്ട്… “”

ടോണി പിന്നീടൊന്നും പറയാതെ രണ്ടാമത്തെ പടിയിലേക്ക് തന്റെ വലതു കാൽ എടുത്തു വെച്ചു..

ഗോവണി ഒന്നു കരഞ്ഞു…

ഇരുവരും മുകളിലേക്കുള്ള പടികൾ കയറി..

ഗോവണി കിരുകിരുത്തതല്ലാതെ അതിനു ബലക്ഷയമൊന്നും ഉണ്ടായിരുന്നില്ല…

രണ്ടാമത്തെ നിലയിലെ വീതി കുറഞ്ഞ വരാന്തയിലേക്കാണ് പടികൾ കയറിച്ചെല്ലുന്നത്..

മഴച്ചാറ്റലടിച്ച് വരാന്ത നനഞ്ഞിട്ടുണ്ട്..

ആദ്യത്തെ മുറി പൂട്ടിയിട്ടിരിക്കുന്നു..

രണ്ടാമത്തെ മുറിയുടെ രണ്ടു പാളികളുള്ള വാതിലിൽ ഒന്ന് തുറന്നു കിടക്കുന്നു…

കുമ്മായമടിച്ച ചുവരുകളിൽ കരിക്കട്ട കൊണ്ടോ, നിറമുള്ള ചോക്കു കൊണ്ടോ വ്യക്തമല്ലാത്ത ചിത്രങ്ങളും തെളിമയില്ലാത്ത കണക്കുകളും കുത്തിവരച്ചു വെച്ചിട്ടുണ്ട്…

ടോണി തുറന്നു കിടക്കുന്ന വാതിലിനു മുൻപിലേക്ക് നോക്കി..

 

Room No: 221

 

ഷാഹുലും ടോണിയും മുഖത്തോടു മുഖം നോക്കി…

ആകെ നാലു മുറിയുള്ള ഇടിഞ്ഞു പൊളിയാറായ ഈ കെട്ടിടത്തിന്റെ ഒരു മുറിയുടെ നമ്പറാണ്……

ഇയാൾക്ക് അരവട്ടല്ലാ, മുഴുവട്ടു തന്നെയാകാമെന്ന് ടോണി മനസ്സിലോർത്തു…

പുകയില കത്തുന്ന ഗന്ധം പുറത്തേക്കു വരുന്നുണ്ടായിരുന്നു…

അകത്തേക്ക് കയറണോ വേണ്ടയോ എന്ന ഭാവത്തിൽ ടോണി ഷാഹുലിനെ ഒന്നു നോക്കി..

എന്തു വേണമെങ്കിലും ചെയ്യാം എന്നൊരു മുഖഭാവമായിരുന്നു ഷാഹുലിന്…

ആ സമയം അകത്തു നിന്ന് പാത്രം താഴെ വീഴുന്ന ശബ്ദം കേട്ടു…

പിന്നാലെ അകത്തു നിന്നയാളുടെ ഘനമുള്ള ശബ്ദവും…

“” കയറിപ്പോര്……….”

സംശയത്തോടെയാണ് ഇരുവരും അകത്തേക്ക് കയറിയത്……

അകത്ത് പുകയിലയുടെ ഗന്ധം രൂക്ഷമായിരുന്നു…

അത്യാവശ്യം വലിപ്പമുള്ള മുറി…

ഉയരമുള്ള ഒരു വലിയ മേശ വലതു വശത്ത്..

മുറിയുടെ നടുക്ക് ഒരു കർട്ടൻ കൊണ്ട് പാർട്ടീഷ്യൻ ചെയ്തിരിക്കുന്നു…

ഭിത്തിയിൽ, സ്വിച്ച് ബോർഡിനടുത്ത് മൊബൈൽ സോക്കറ്റിൽ ഒരു ഫോൺ ചാർജ്ജിലിട്ടിരിക്കുന്നു…….

മേശയിൽ നിരന്നു കിടക്കുന്ന ദിനപ്പത്രങ്ങളും പുസ്തകങ്ങളും…

അതിലൊന്നിന്റെ പുറം ചട്ട ടോണി വായിച്ചു.

 

The return of sherlock holmes……

 

എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചുരുട്ട് ആഷ്ട്രേയിൽ ഉണ്ടായിരുന്നു…

അതിനടുത്ത് താക്കോൽക്കൂട്ടം..

മേശയ്ക്കപ്പുറത്ത് ഒന്നും കാണുക സാദ്ധ്യമല്ലായിരുന്നു…

ഇപ്പുറം രണ്ട് ഇരുമ്പുകസേരകൾ……

ടോണി ഷാഹുലിനെ ദീനമായി ഒന്നു നോക്കി..

ഷാഹുൽ ചുവരിലേക്ക് നോട്ടം മാറ്റി…

ചുവരിൽ ത്രിവർണ്ണ പതാക.. അതിനോടു ചേർന്ന് ഭാരതാംബയുടെ ചിത്രം…

അതിനു കീഴെ നെഹ്റു മുതൽ ഇങ്ങോട്ടുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങൾ…

അതിനു താഴെയും വേറെ കുറേ ചിത്രങ്ങൾ…

കുറച്ചു മാറി, ആണിയിൽ തൂക്കി കുറേ ബാഡ്ജുകളും പതക്കങ്ങളും …….

വാതിലിനു ലംബമായും തിരശ്ചീനമായും അത്യാവശ്യം വലിപ്പമുള്ള രണ്ടു കണ്ണാടികൾ ചുവരിൽ ഫിറ്റ് ചെയ്തിട്ടുണ്ട്…

അടുത്ത നിമിഷം കർട്ടന്റെ കൊളുത്തിളകി.

ഭിത്തിയോടു ചേർന്നുള്ള വശത്തുകൂടി ആറടിയിലധികം ഉയരമുള്ള ഒരു ആജാനബാഹു മുറിയിലേക്ക് വന്നു…

അമ്പതു വയസ്സിനടുത്തോളം പ്രായം അയാൾക്കു തോന്നിക്കുമായിരുന്നു…

മിലിട്ടറി ക്ലോത്ത് ബർമുഡയും കയ്യില്ലാത്ത കറുത്ത ബനിയനുമാണ് അയാൾ ധരിച്ചിരുന്നത്…

തലയിൽ കറുത്ത വട്ടത്തൊപ്പി…

അയാളുടെ നെഞ്ചിലെയും കൈകളിലേയും മാംസ പേശികൾ ഉരുണ്ടു കൂടി ദൃഡമായിരിക്കുന്നത് ഇരുവരും കണ്ടു..

ഷാഹുലും ടോണിയും അറിയാതെ തന്നെ അറ്റൻഷനിലായി…

“” ഇരിക്കാം……………’’

അയാൾ വലത്തേ കൈ നീട്ടി അവരോടു പറഞ്ഞു……

ഭിത്തിക്കരികിലൂടെ അയാൾ മേശയ്ക്കപ്പുറം കടന്നു …

“” ഇരിക്കുന്നില്ലേ………….. ? “

അയാൾ ചോദിച്ചതും ഷാഹുലും ടോണിയും ഒരേ സമയം കസേരയിൽ ഇരുന്നു…

അയാൾ അപ്പുറത്ത് ഇരുന്നത് ഉയരമുള്ള കസേരയിലായിരുന്നു…

എരിഞ്ഞു കൊണ്ടിരുന്ന ചുരുട്ട് അയാൾ ആഷ്ട്രേയിൽ കുത്തിക്കെടുത്തി.

ഒരു വല്ലാത്ത ഗന്ധം മുറിയിലുണ്ടായി…

ചിതറിക്കിടന്ന പുസ്തകങ്ങൾ മേശയുടെ ഒരുവശത്തേക്ക് അയാൾ നിരക്കി വെച്ചു…

“” പുറകുവശത്തെ പൈപ്പാണ് പൊട്ടിയത്…… സ്ലാബ് ഇല്ലാത്തതിനാൽ വലിയ ലാഡർ വേണ്ടി വരും… “

അയാൾ പറഞ്ഞു……

ടോണിക്കും ഷാഹുലിനും കാര്യം മനസ്സിലായില്ല…

“” സർ… ഞങ്ങൾ………””

ഷാഹുൽ ഒന്നു വിക്കി…

“” നിങ്ങൾ കൊണ്ടുവന്നിട്ടില്ലേ… ? “

“” ഞങ്ങൾ പ്ലംബർമാരല്ല സർ……….”

ഷാഹുൽ പറഞ്ഞു..

“” പിന്നെ……….?””

അയാൾ വട്ടത്തൊപ്പി ഒന്നു ചെരിച്ച് പുരികമുയർത്തി…

“” ഞങ്ങൾ വന്നത് മറ്റൊരാവശ്യത്തിനാണ്… ….””

അയാൾ ആലോചനയോടെ ഒന്നു മുന്നോട്ടാഞ്ഞു , പുസ്തകങ്ങൾ ഒന്നു കൂടി നിരക്കി മാറ്റി…

“” മാസങ്ങളായി ഇങ്ങോട്ടങ്ങനെ ആരും വരാറില്ല…. ഞാനൊരു പ്ലംബറെ ആവശ്യപ്പെട്ടിരുന്നു… “

അയാൾ പറഞ്ഞു…

തന്റെ അലസതയെ അയാൾ സാധൂകരിച്ചു…

വട്ടത്തൊപ്പി തലയിൽ ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് അയാൾ കസേരയിലേക്ക് ചാഞ്ഞു..

“” നിങ്ങൾ വന്ന കാര്യം പറയൂ……….””

അയാളുടെ ചോദ്യത്തിന് ഷാഹുലും ടോണിയും മുഖത്തോടു മുഖം നോക്കി…

മേശയുടെ ഡ്രോയിലിരുന്ന ഒരു റൈറ്റിംഗ് പാഡും മരപ്പിടിയുള്ള പേനയും അയാൾ മേശപ്പുറത്തേക്ക് വെച്ചു…

“” പേര്………..?””

“ ടോണി……….””

അയാൾ പേരു പാഡിൽ കുറിച്ചു കൊണ്ടു തന്നെ അവനെ നോക്കി…

“” മാറ്റർ……….?”

ഒരു നിമിഷം ഇരുവരും മിണ്ടിയില്ല…

“” ഇവന്റെ സിസ്റ്റർ മിസ്സിംഗാണു സർ……… “”

ഷാഹുലാണ് മറുപടി പറഞ്ഞത്…

അയാൾ പേന റൈറ്റിംഗ് പാഡിലേക്ക് വെച്ച ശേഷം കസേരയിലേക്ക് ചാരി…

അയാളുടെ മുഖത്ത് ഒരു ചിരി ടോണി കണ്ടു..

“” നിങ്ങൾ പോയി പൊലീസിൽ കംപ്ലയിന്റ് കൊടുക്കൂ… “

അയാൾ വട്ടത്തൊപ്പി തലയിൽ നിന്ന് ഒന്ന് എടുത്ത ശേഷം തിരികെ തന്നെ വെച്ചു…

“” നിങ്ങൾക്ക് പൈപ്പ് ശരിയാക്കാനറിയാമെങ്കിൽ അതൊന്ന് ചെയ്തു താ… അതിന്റെ കൂലി തന്നേക്കാം… “

അയാൾ എഴുന്നേൽക്കാൻ ഭാവിച്ചു..

“” പ്ലീസ് സർ……….”

ടോണി കസേരയിൽ നിന്ന് എഴുന്നേറ്റു…

അയാൾ തിരിഞ്ഞ് അവരെ ചുഴിഞ്ഞു നോക്കി…

“ ലുക്ക് ബോയ്സ്…… ഞാനിവിടെ ആർക്കും ഒരു ഉപദ്രവും ചെയ്യാതെ താമസിക്കുകയാണ്.. സൊ എന്നെ ഹരാസ് ചെയ്യരുത്…….”

“” അപ്പോൾ സർ അപ്പുറത്തെ റോഡിൽ ഒരു ബോർഡ് വെച്ചിരിക്കുന്നതോ… ?””

ഷാഹുൽ പെട്ടെന്ന് ചോദിച്ചു…

അയാൾ അവർക്കു നേരെ തിരിഞ്ഞ് പരിഹാസത്തോടെ ഒന്നു ചിരിച്ചു…

“” അതിപ്പോഴും അവിടെയുണ്ടോ… ? എങ്കിൽ നിങ്ങൾ പോകുമ്പോൾ അതെടുത്ത് ഇരുമ്പു കടയിൽ തൂക്കി വിറ്റേക്ക്… “

ഇരുവർക്കും ഒരു നിമിഷം മറുപടി കിട്ടിയില്ല…

“” ഞാൻ കരുതി എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു നടക്കുന്നവർ അത് തല്ലിപ്പൊളിച്ചു കാണുമെന്ന്… “

അയാൾ പിറുപിറുത്തു കൊണ്ട് അവർക്കു പിൻ തിരിഞ്ഞു..

“” സർ പ്ളീസ്………. “”

ടോണി ഒരു ചുവട് അയാളിലേക്കടുത്തു…

“” സർ മിലിട്ടറി ഇന്റലിജൻസിലായിരുന്നുവെന്ന് ഞങ്ങൾക്കറിയാം.. ഒരു ആക്സിഡന്റിൽ പെട്ടതു കൊണ്ടാണ് സാർ ഇവിടെ സെറ്റിലായതെന്നും ഞങ്ങൾക്കറിയാം…”

“ ബാക്കി പറ……….?””

അയാൾ തിരിഞ്ഞ്   തീക്ഷ്ണതയോടെ അവനെ നോക്കി…

ടോണി മുഖം കുനിച്ചു…

“” പറയെടോ…””

അയാൾ ശബ്ദമുയർത്തി…

“” എനിക്ക് വട്ടാണെന്നും അതിന്റെ സർട്ടിഫിക്കറ്റുണ്ടെന്നും അതുകൊണ്ടാണ് എന്റെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതെന്നും പറയെടോ…””

ഇരുവരും മിണ്ടിയില്ല…….

“ എന്റെ മുഖത്തു നോക്കി അങ്ങനെ പറയാൻ നിങ്ങൾക്കു പറ്റുമെങ്കിൽ നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാം… നിങ്ങൾ ആൺകുട്ടികളാണെന്ന് അംഗീകരിക്കാം….അല്ലാതെ മറ്റുള്ളവരെപ്പോലെ മറ്റുള്ളവരോട് എന്റെ കാര്യം പറഞ്ഞു നടക്കരുത്…………’’

അയാൾ ടോണിയുടെ അടുത്തേക്ക് വന്നു…

ഷാഹുൽ ഒരു ചുവട് പിന്നിലേക്ക് മാറി…

ടോണിയുടെ താടിയിൽ പിടിച്ച് അയാൾ അവന്റെ മുഖം ഉയർത്തി…

“”ടെൽ… മി………. “

അയാളൊന്നു മുരണ്ടു…

“” പറയാൻ……..!!!””

അതൊരു ആജ്ഞയായിരുന്നു…

ടോണി കൺമുന്നിൽ വിറയ്ക്കുന്നത് വിറച്ചു കൊണ്ടു തന്നെ ഷാഹുലും കണ്ടു…

ഭ്രാന്തനാണ്……….

അതയാൾ തന്നെ സമ്മതിച്ചതുമാണ്……

അടി കിട്ടിയാൽ കൊണ്ടേ പറ്റൂ…

“ സാ…റിന് നല്ല… മുഴുത്ത വട്ടാണ് സാർ………. “

ടോണിയുടെ പതറിയ സ്വരം ഷാഹുൽ കേട്ടു…

ഷാഹുൽ കണ്ണുകളടച്ച്  ചെവി വട്ടം പിടിച്ചു…

ഇപ്പോൾ പൊട്ടും അടി………!

പക്ഷേ, അടുത്ത നിമിഷം അയാളുടെ ഉച്ചത്തിലുള്ള ചിരിയാണ് കേട്ടത്……

നേരിയ ഭയത്തോടെ ഷാഹുൽ കണ്ണുകൾ തുറന്നു…

അതേ ചിരിയോടെ അയാൾ വലിയ മേശ മറികടന്ന് തന്റെ കസേരയിൽ പോയിരുന്നു…

ചിരി നിർത്താതെ തന്നെ അയാൾ കൈ കൊണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു…

ഷാഹുൽ മടിച്ചാണ് ഇരുന്നത് ……. ടോണി അയാളുടെ മുഖത്തു നോക്കിക്കൊണ്ടു തന്നെ കസേരയിലിരുന്നു…

“” ഇനി കാര്യം പറ………. “

അയാൾ ചിരിയടക്കി കസേരയിലേക്ക് ചാഞ്ഞു…

“ സിസ്റ്റർ മിസ്സിംഗാണ്……….’….”

ടോണി പറഞ്ഞു…

“” അതിനു മറുപടിയും ഞാൻ പറഞ്ഞു… അതൊക്കെ അന്വേഷിക്കാൻ പൊലീസുണ്ടിവിടെ…….”

“” സർ വിചാരിക്കുന്നതു പോലെ ഒരു കേസ് അല്ല ഇത്………. “

പൊടുന്നനെ ഒരു ധൈര്യം കിട്ടിയതു പോലെ ടോണി പറഞ്ഞു…

അയാളുടെ മുഖത്ത് ഒരാംകാക്ഷ ടോണി കണ്ടു…

കയ്യിലിരുന്ന ഷോൾഡർ ബാഗിൽ നിന്ന് ഒരു ഫയൽ എടുത്ത് അവൻ മേശപ്പുറത്തേക്കു വെച്ചു…

അയാളത് ശ്രദ്ധിക്കാതെ അവനെ തന്നെ ഉറ്റുനോക്കിയിരുന്നു…

“” ഇത് സാറിന് അറിയാവുന്ന കേസ് തന്നെയാണ്……….”

ടോണി പറഞ്ഞു……

ഒരു തീവണ്ടി പുറപ്പെടാനുള്ള സിഗ്നൽ പുറത്തു മുഴങ്ങിയത് ഷാഹുൽ കേട്ടു…

“ നിങ്ങൾക്കെത്ര വയസ്സായി… ?””

അയാളുടെ ചോദ്യത്തിന്റെ അർത്ഥം ഇരുവർക്കും പിടികിട്ടിയില്ല..

“ പത്തൊൻപതോ ഇരുപതോ… അല്ലേ… ?”

അയാൾ തുടർന്നു.

ഇരുവരും ശിരസ്സിളക്കി…

“” ഒന്നുകിൽ നിങ്ങളുടെ പ്രായത്തിന്റെ… അല്ലെങ്കിൽ നിങ്ങളെയാരോ പറ്റിച്ചിട്ടുണ്ട്… “

ഇരുവരും അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു..

“” അല്ലാതെ ആരും ഇങ്ങോട്ടു വരാറില്ല… “”

“ സർ , ഒരു പ്രൈവറ്റ് ഡിക്റ്റടീവ് അല്ലേ… ?””

ഷാഹുൽ അമ്പരന്ന് അയാളെ നോക്കി…

അയാളൊന്നു ചിരിച്ചു…

“” അങ്ങനെയൊക്കെ വിചാരിച്ചാ ഞാൻ ഇതു തുടങ്ങിയത്…… ലൈഫൊക്കെ ട്രാജഡിയായപ്പോൾ ഒരു നേരം പോക്ക്… പക്ഷേ, ഇന്നുവരെ കേസിന്റെ കാര്യം പറഞ്ഞ് ഒരാളും വന്നിട്ടില്ല… “

ടോണി നിരാശയോടെ ഷാഹുലിനെ നോക്കി.

“” നിങ്ങൾക്ക് എന്റെ മക്കളുടെ പ്രായമേ ഉള്ളു… സൊ, ഞാൻ പറയുന്നത് കേൾക്കുക…”

ഇത്തവണ അയാളുടെ സ്വരം മയപ്പെട്ടിരുന്നു…

“” ഒരാളുടെ ജീവനാണ് വലുത്… അതുകൊണ്ട് എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക.. “

“” ഇത് പൊലീസ് കുറേ അന്വേഷിച്ചതാണ് സർ… …. “

ടോണിയുടെ ശബ്ദം പതറിയിരുന്നു…

അയാളുടെ മുഖത്തൊരു മിന്നലുണ്ടായി…

“” സൊ, നൊ റിസൾട്ട്… “”

ടോണിയുടെ മുഖത്തു നോക്കിക്കൊണ്ടു തന്നെ അയാൾ, അവൻ നീക്കി വെച്ച ഫയൽ കയ്യിലെടുത്തു…

അയാളതിന്റെ സിബ്ബ് വലിച്ചു നീക്കി..

കുറേ പത്രക്കട്ടിംഗുകളും പരാതികളും പകർപ്പുകളുമായിരുന്നു അതിൽ…

ആദ്യം കണ്ട പത്രവാർത്തയിൽ അയാളുടെ കണ്ണുകളുടക്കി…

 

ടെസ്സ തിരോധാനം……….

അന്വേഷണം ക്രൈം ബ്രാഞ്ചിന്..

 

അയാൾ നേരിയ നടുക്കത്തോടെ ടോണിയേയും ഷാഹുലിനെയും മാറി മാറി നോക്കി…

“” വാട്ട് ഡു യു മീൻ……….?””

അയാൾ വട്ടത്തൊപ്പി തലയിൽ നിന്ന് എടുത്ത് ഇടതു കയ്യാൽ ശിരസ്സൊന്നുഴിഞ്ഞു…

“” ഇത് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് ഒഴിവാക്കിയ കേസല്ലേടോ……….?””

“” അതേ സർ………..”

“” എന്നിട്ടാണോ എന്നെ………..””

അയാൾ പൂർത്തിയാക്കാൻ വന്നത് വിഴുങ്ങി…

“” സർ ഒരു ഡിക്റ്റടീവല്ലേ… സാറിന് കഴിവില്ലാഞ്ഞിട്ടല്ലല്ലോ.. ആരും വരാഞ്ഞിട്ടല്ലേ കേസ് കിട്ടാതിരുന്നത്…?””

ഷാഹുലാണത് പറഞ്ഞത് …

അയാൾ മയപ്പെട്ടു തുടങ്ങിയെന്ന് ഇരുവർക്കും മനസ്സിലായി…

“” അതു പിന്നെ എനിക്കു വട്ടാണെന്നു പറഞ്ഞു പരത്തിയാൽ ആരെങ്കിലും ഇങ്ങോട്ടു വരുമോ… ?”

“” സാറിന് അങ്ങനെയൊരു പ്രശ്നമുള്ളതായി ഞങ്ങൾക്കു തോന്നിയിട്ടില്ല… ആണെങ്കിൽ ഞങ്ങളിങ്ങോട്ടു വരുമോ… ?””

അയാൾ ഒന്നും മിണ്ടിയില്ല…

“” പൊലീസിനൊക്കെ അന്വേഷിക്കുന്നതിന് ഒരു പരിധിയില്ലേ സാറേ… സാറൊരു മിലിട്ടറിക്കാരനല്ലേ… “

ഷാഹുൽ അയാളെ എറിഞ്ഞിടാൻ ശ്രമം തുടർന്നുകൊണ്ടിരുന്നു…

“” അതൊക്കെ ശരി തന്നെ…”

അയാൾ വീണ്ടും വട്ടത്തൊപ്പി ശിരസ്സിൽ വെച്ചു..

“” പഴയ പോലെ ഒന്നും എന്നെക്കൊണ്ട് ഒരു കാര്യവും സാധിക്കില്ല… അതുകൊണ്ട്… …. “

അയാൾ പൂർത്തിയാക്കാൻ ടോണി സമ്മതിച്ചില്ല…

“ സർ… നോ എന്ന് മാത്രം പറയരുത്… “”

അവന്റെ സ്വരം ചിലമ്പിച്ചിരുന്നു…

അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു..

മേശ വലം വെച്ച് അയാൾ അവരുടെ അടുത്തേക്ക് വന്നു..

“” എനിക്കും ഉള്ളത് ഒരു പെൺകുട്ടിയാ.. എന്നെ കാണാനൊന്നും അവൾ വരാറൊന്നുമില്ല… വിളിക്കാറുമില്ല… “

അത്രയും വലിയ ശരീരത്തിൽ നിന്ന് തീരെ പതിഞ്ഞ ശബ്ദം ഷാഹുലിന് അത്ഭുതമായിരുന്നു…

“” സത്യത്തിൽ എനിക്ക് മെന്റലായിരുന്നു… കുറേക്കാലം ഹോസ്പിറ്റലിൽ കിടന്നു… പിന്നെ പണ്ടെങ്ങാണ്ട് വായിച്ച ഡിക്റ്റടീവ് കഥ ഓർമ്മയിൽ വന്നപ്പോഴാ ഈ കോലവും കെട്ടി ഇറങ്ങിയത്… ചുമ്മാ ഒരു നേരം പോക്ക്… “

അയാൾ ഒന്നു നിർത്തി വട്ടത്തൊപ്പി തലയിൽ ഒന്നു കൂടി ഉറപ്പിച്ചു…

“”  കാർഗിൽ വാറിൽ ഞാൻ ഉണ്ടായിരുന്നു.. അതു പോലെ പല ടെററിക് അറ്റാക്കുകളും ബ്ലാസ്റ്റ് ചെയ്ത്  രാജ്യം സംരക്ഷിച്ചവനാ ഞാൻ… പക്ഷേ, കുടുംബം ഇല്ലാതായിപ്പോയി… രാജ്യം സംരക്ഷിച്ചവനെ നാട്ടുകാർക്കും വേണ്ടാതായിപ്പോയി…””

അയാളുടെ കണ്ണുകളിലെ നീർത്തിളക്കം ടോണി കണ്ടു…

“”ടോണി… …. “”

അയാൾ അവനെ പേരെടുത്തു വിളിച്ചു…

ടോണി പതിയെ മുഖമുയർത്തി..

“ ഇവിടെ ഒരു ലോ ആന്റ് ഓർഡർ ഉണ്ട്.. അതു പോലെ തന്നെ മിലിട്ടറിക്കും… വട്ടാണെന്നു കരുതി മിലിട്ടറി എന്നെ ഉപേക്ഷിച്ചിട്ടൊന്നുമില്ല… പെൻഷനുണ്ട് , ക്വാട്ടയുണ്ട്.. വലിയൊരു ബാറ്റിലുണ്ടായാൽ നമ്മളും ഇറങ്ങിയേ പറ്റു…””

ടോണി അയാളെ ശ്രവിച്ചു നിന്നു…

“” രണ്ട് ലോ ആന്റ് ഓർഡറും മറികടന്ന് ഒരു വലിയ ഇൻവെസ്റ്റിഗേഷനൊന്നും എന്നെക്കൊണ്ടു നടക്കുന്ന കാര്യമല്ല… പക്ഷേ, നിങ്ങളെ ഉപേക്ഷിക്കാനും തോന്നുന്നില്ല…””

ടോണി പ്രതീക്ഷയോടെ അയാളെ നോക്കി…

“ ആദ്യമേ പറയാം… എന്റെ കാര്യമായതു കൊണ്ട് വലിയ പ്രതീക്ഷ ഒന്നും വേണ്ട.. ഒരു പട്ടാളക്കാരന്റെ മനോധൈര്യമൊന്നും ഇപ്പോൾ എന്നിൽ അവശേഷിച്ചിട്ടില്ല… പിന്നെ ഉള്ളത് ഒന്നു മാത്രമാ………. “

അയാൾ ഒന്നു നിർത്തി വട്ടത്തൊപ്പി ഒന്നുകൂടി ശിരസ്സിൽ ഉറപ്പിച്ചു…

“ ഞാൻ എന്തായിരുന്നു എന്ന് ചിലരെയൊക്കെ മനസ്സിലാക്കി കൊടുക്കുക എന്നൊരു ലക്ഷ്യം മാത്രം… അതിന് നിന്നെയോ നിന്റെ സഹോദരിയേയോ കരുവാക്കുകയൊന്നുമല്ല…””

ടോണിയും ഷാഹുലും അയാളെ ശ്രദ്ധിച്ചു തുടങ്ങി…

അയാൾക്ക് ആരോടൊക്കെയോ വാശിയുണ്ട്…

അതൊന്ന് ഊതിക്കത്തിച്ചാൽ ചിലപ്പോൾ……….

പക്ഷേ ഇപ്പോഴും അയാൾ ഒന്നും പറഞ്ഞിട്ടില്ല…

“” സർ കൈ ഒഴിയരുത്………. “

നനഞ്ഞ മിഴികളോടെ ടോണി കൈ കൂപ്പി…

“” ഛെ………..! എന്തായിത്……….?””

അയാൾ അവന്റെ കൈ തട്ടി മാറ്റി…

“ ആണായിപ്പിറന്ന ഒരുത്തൻ യാചിക്കുന്നോടാ………..””

അയാൾ അവന്റെ നെഞ്ചിൽ ചെറുതായി രണ്ടു തട്ടുതട്ടി…

“” പോയത് നിന്റെ സഹോദരിയാ… തിരഞ്ഞു പിടിക്കേണ്ടത് നിന്റെ കടമയാ.. അല്ലാതെ ഇവിടെ വന്നു കിടന്ന് മോങ്ങുകയല്ല വേണ്ടത്………. “

ടോണിയുടെ മുഖം കരയുന്ന ഭാവത്തിലായി…

അവൻ നിറഞ്ഞ മിഴികളോടെ ഷാഹുലിനെ നോക്കി…

കൂട്ടുകാരന്റെ സങ്കടം കണ്ടതും ഷാഹുൽ ഒരടി മുന്നിലേക്ക് വെച്ചു..

“” അറിയാം സാറേ… പെങ്ങളൊരാളെ കാണാതായാൽ ഏതറ്റം വരെയും പോകാനും കണ്ടെടുക്കാനും തയ്യാറായവനും തണ്ടെല്ലുറപ്പുള്ളവനുമാണ് അവൻ… പക്ഷേ സാറിനറിയാത്തൊരു യാഥാർത്ഥ്യമുണ്ട്…. ആ പെങ്ങളെ പഠിപ്പിച്ചു കൂട്ടിയ കണക്കിൽ ലോൺ വാങ്ങിയും പലിശയ്ക്കു പണമെടുത്തും തിരിച്ചടയ്ക്കാൻ വഴിയില്ലാതെ വഴിയാധാരമാകാൻ പോകുന്ന ഒരച്ഛനും അമ്മയും കൂടി ആ വീട്ടിലുണ്ട്…”

ഷാഹുൽ പറഞ്ഞിട്ട് ഒന്നു കിതച്ചു…

അയാൾ പകച്ച മിഴികളോടെ ഷാഹുലിനെ നോക്കി…

“” പൊലീസിലും നീതിയിലും ഒന്നും വിശ്വാസമില്ലാഞ്ഞിട്ടാ ഇവിടേക്ക് വന്നത്… ഇവന്റെ സഹോദരിയെ തിരികെ കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിട്ടല്ല… പക്ഷേ, സ്വന്തം കൂടപ്പിറപ്പിന് എന്ത് സംഭവിച്ചു എന്ന് അറിയുവാനൊരു അവകാശമില്ലേ… ആഗ്രഹമില്ലേ…….”

ഷാഹുലിന്റെ സംസാരം മുഖവിലയ്ക്ക് എടുക്കുന്നതു പോലെ അയാൾ വട്ടത്തൊപ്പി ഉയർത്തി ശിരസ്സിൽ ഇടതു കയ്യാൽ ഉഴിഞ്ഞു..

“”കളക്ട്റേറ്റിൽ ആറുമാസം നിരാഹരമിരുന്നിട്ടാ ക്രൈം ബ്രാഞ്ച് അന്വേഷണം തന്നെ പ്രഖ്യാപിച്ചത്… അവർക്കും ലോക്കൽ പൊലീസ് പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ല… “

അയാൾ ഷാഹുലിനെ കയ്യെടുത്ത് മതിയെന്ന് വിലക്കി…

“” വാർത്ത ഞാനും കണ്ടിരുന്നു… ഒരു ടൗണിൽ വെച്ച് സി.സി. ടി.വിയിൽ പെട്ടതാണ് അവസാന ദൃശ്യം… അല്ലേ… ? “

അയാൾ ടോണിയെ നോക്കി…

ടോണി തല കുലുക്കി..

“” വർഷം മൂന്നായി അല്ലേ… ?””

അതിനും ടോണി തല കുലുക്കി…

“” നമ്മൾ എവിടെ തുടങ്ങും… ? ഒന്നാമത് പൊലീസ് അന്വേഷിച്ചു അവസാനിപ്പിച്ച കേസ്……”

അയാൾ നേരിയ നിരാശയോടെ മേശയിലേക്ക് പുറം ചാരി..

“” ഞങ്ങളുടെ ഒരു സംശയം മാത്രമാണ് സർ… “”

പറഞ്ഞിട്ട് ഷാഹുൽ അയാളിലേക്കടുത്തു…

അയാൾ കണ്ണുകൾ വിടർത്തി , ഷാഹുലിനെ നോക്കി…

ഷാഹുൽ ടോണിയെ ഒന്നു നോക്കി…

ടോണി അവന് മൗനാനുവാദം നൽകി..

“” കോളേജിൽ വന്ന ശേഷമാണ് ഞങ്ങൾ പരിചയപ്പെട്ടത്… ഇവന്റെ സിസ്റ്ററിന്റെ ഇൻസിഡന്റ് അറിഞ്ഞതും പരിചയപ്പെട്ടതും കോളേജിൽ വെച്ചു തന്നെയാണ്.. “”

ഷാഹുൽ ഒന്നു നിർത്തി വീണ്ടും അയാളിലേക്കടുത്തു…

“” ഇവന്റെ സിസ്റ്റർ പഠിച്ചിരുന്ന കാലത്തെ ഒരു സീനിയർ സ്റ്റുഡന്റും ഇതു പോലെ തന്നെ മിസ്സിംഗാണ്… “”

ഒരു ചെറിയ ഇളക്കം അയാളുടെ ശരീരത്തിലുണ്ടായത് ടോണി കണ്ടു..

“” അയാൾ എന്റെ നെയ്ബറാണ്… ഒരു ജിതേഷ്…””

ഷാഹുൽ വീണ്ടും നിർത്തി ശ്വാസമെടുത്തു…

“” ബട്ട്.., ജിതേഷും ടെസ്സ ചേച്ചിയും തമ്മിൽ അഫയറൊന്നും ഉള്ളതായി അറിവില്ല…ടെസ്സ ചേച്ചിയ്ക്ക് മറ്റൊരു അഫയർ ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്… “

അയാൾ ഷാഹുൽ പറയുന്നത് ശ്രദ്ധിച്ചു നിന്നു..

ടോണി ശ്വാസം ധൃതിയിൽ വലിച്ചു വിട്ടു കൊണ്ടിരുന്നു…

“”ടെസ്സ ചേച്ചിയുടെ ആൾ, കൊല്ലപ്പെടുകയായിരുന്നു… ഒരു ആക്സിഡന്റിൽ………..””

ഒരു തിരയിളക്കത്തിൽ ടോണിയുടെ ശരീരം വിറച്ചു…

അത് അയാളിലേക്കും പടർന്നത് ഷാഹുൽ കണ്ടു…

ഒന്നല്ല… ….

രണ്ട് തിരോധാനങ്ങൾ…….!

ഒരു ആക്സിഡന്റ്………..!

ഒരു പ്രത്യേക ശൗര്യത്തോടെ അയാൾ മേശയിൽ നിന്ന് നിവർന്നു…

പൊലീസ് അന്വേഷിച്ചത് ഒരു കേസ് ആകാം…

അല്ലെങ്കിൽ രണ്ടും ചേർത്ത്…

ട്രഞ്ചിനപ്പുറം ശത്രുവിന്റെ ചൂരടിച്ചതു പോലെ അയാളൊന്നു കുളിരെടുത്തു വിറച്ചു……

“ ജിതേഷേട്ടന്റെ കേസുമായി ഇതിനു എന്തോ ബന്ധമുണ്ട് സർ… “

ഷാഹുൽ പറഞ്ഞു നിർത്തി…

“ നമുക്ക് നോക്കാം……….”

അയാൾ വട്ടത്തൊപ്പി തലയിലിട്ടു ചുഴറ്റിക്കൊണ്ട് തിരിഞ്ഞു…

“” നിങ്ങളുടെ നമ്പർ വേണം… ”

അയാൾ റൈറ്റിംഗ് പാഡും പേനയും കയ്യിലെടുത്തു…

ഷാഹുൽ കീശയിൽ നിന്ന് ഫോണെടുത്ത് രണ്ടു പേരുടെയും നമ്പർ പറഞ്ഞു കൊടുത്തു…

അയാൾ അത് എഴുതിയെടുത്തു…

“” സാറിന്റെ പേര്……………..? “

ഷാഹുൽ ഫോണിൽ ഡയൽപാഡ് ടച്ച് ചെയ്യാനൊരുങ്ങവേ ചോദിച്ചു…

അയാളൊന്നു ചിരിച്ചു…

പിന്നെ തുടർന്നു…

“” ഹേമചന്ദ്രൻ എന്നാ എന്റെ പേര്… പക്ഷേ, നിങ്ങൾ എന്നെ ഹോംസ് എന്ന് വിളിച്ചാൽ മതി………. “

 

(തുടരും……….)

a
WRITTEN BY

admin

Responses (0 )