സൂര്യനെ പ്രണയിച്ചവൾ 19
Sooryane Pranayichaval Part 19 | Author : Smitha | Previous Parts
“ജോയല്‍ ബെന്നറ്റ്!”
ഉച്ചഭാഷിണിയിലൂടെ ഘനഗാംഭീര്യമുള്ള ശബ്ദത്തിന്‍റെ ആവര്‍ത്തനം.
“ഈ വീട് പോലീസ് വളഞ്ഞിരിക്കുന്നു. പുറത്തേക്ക് വരിക!”
ആ നിമിഷം തന്നെ ജോയല്‍ കതക് തുറന്നു.
കോമ്പൌണ്ടിലെ നിലാവിന്‍റെ സ്വര്‍ണ്ണവെളിച്ചത്തില്‍ പച്ച യൂണിഫോമില്‍ സായുധരായ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സിനെ അവന്‍ കണ്ടു.
അവര്‍ക്ക് മുമ്പില്‍ തോക്കേന്തി നില്‍ക്കുന്ന ചെറുപ്പക്കാരനേയും.
രാകേഷിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തോക്ക് ചൂണ്ടി ജോയല്‍ അവന്‍റെ നേരെ സമീപിച്ചു.
“പുട്ട് ദാറ്റ് ഗണ്‍ ഡൌണ്‍!”
ഉച്ചഭാഷിണിയിലൂടെ രാകേഷ് ആക്രോശിച്ചു.
അതിന് പിന്നാലെ സായുധരായ ഉദ്യോഗസ്ഥര്‍ ജോയലിന് നേരെ ഒരു ചുവട് മുമ്പോട്ട് വെച്ചു.
രാകേഷ് ജോയലിനെ നോക്കി.
ചിത്രത്തില്‍ കാണുന്നത് പോലെയല്ല.
മുഖത്ത് അലസമായ കുറ്റിരോമങ്ങള്‍.
കണ്ണുകളില്‍ എരിയുന്ന തീക്ഷ്‌ണത!
ഉയരമുള്ള, ശരീരം.
വളര്‍ന്നു നീണ്ട മുടി.
ഷര്‍ട്ടിനു മേല്‍ ധരിച്ചിരിക്കുന്ന കറുത്ത ജാക്കറ്റ്.
നീല ജീന്‍സ്!
മിലിട്ടറി ബൂട്ടുകള്‍.
ജോയല്‍ തന്‍റെ കയ്യിലെ തോക്ക് നിലത്തേക്കിട്ടു.
രാകേഷ് പുഞ്ചിരിച്ചു.
“അവസാനം കീഴടങ്ങേണ്ടി വന്നു, അല്ലെ?”
അവന്‍ പരിഹാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“എന്ന് ആര് പറഞ്ഞു?”
ജോയലും പുഞ്ചിരിച്ചു.
അയാളുടെ ശാന്തമായ ചോദ്യവും അതിലും ശാന്തമായ പുഞ്ചിരിയും രാകേഷ് പ്രതീക്ഷിച്ചില്ല.
“ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു!”
രാകേഷ് ജോയലിന്റെയടുത്ത് നിന്ന് കണ്ണുകളിലേക്ക് നോക്കി വീണ്ടും പറഞ്ഞു.
“പിടിക്കപ്പെട്ടു കഴിഞ്ഞു, ഇനി രക്ഷയില്ല എന്ന് ഉറപ്പായിട്ടും ഇതുപോലെ കൂളായി നില്‍ക്കാന്‍! ഒരു പേടിയുമില്ലാതെ! ഇത്രയും പേരുടെ മുമ്പിലേക്ക്, ആയുധമില്ലാതെ…”
“എന്നാര് പറഞ്ഞു?”
വീണ്ടും ശാന്തമായ, പുഞ്ചിരിച്ചുകൊണ്ടുള്ള ഉത്തരം.
“ആര് പറഞ്ഞു എനിക്ക് പേടിയില്ലന്ന്? പേടിയുണ്ട്… നിന്‍റെ സിസ്റ്റത്തിനകത്ത് ഞങ്ങളൊക്കെ ജീവിച്ച കാലത്ത് ഞങ്ങള്‍ക്ക് നീതി നിഷേധിച്ച കുറെപ്പേരുണ്ട്. ഞങ്ങടെ ചോരേം പച്ചയിറച്ചിയും കൊണ്ട് മാത്രം വിശപ്പും ദാഹോം അടക്കിയവര്‍….!”
ജോയലിന്റെ നോട്ടം തീവ്രമാകുന്നത് രാകേഷ് കണ്ടു.
“അവരിലെ അവസാനത്തെ ആളെയും കൊന്നു തള്ളുന്നതിനു മുമ്പ് നിന്‍റെയൊക്കെ ബുള്ളെറ്റില്‍ ഞങ്ങടെ ജീവനങ്ങ് ഒടുങ്ങുമോ എന്ന പേടി എനിക്കുണ്ട്…”
അവന്‍റെ വാക്കുകളിലെ ചൂട് തന്നെ തൊടുന്നത് പോലെ രാകേഷിനു തോന്നി.
“അവന്‍റെയൊക്കെ തലകൊത്തിയരിഞ്ഞു തീയില്‍ വിതറുന്നതിനു മുമ്പ് പട്ടിണീം രോഗോം വന്ന് എന്‍റെ ജീവനങ്ങോട്ട് ഒടുങ്ങിത്തീരുമോ എന്ന് ഞാന്‍ ഓരോ നിമിഷവും പേടിക്കുന്നുണ്ട്!”
അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ വീടിന്‍റെ മുകളിലേക്ക് നീണ്ടു.
അവനൊന്നമ്പരന്നു.
പിന്നെ ചുറ്റും നോക്കി.
അമ്പരപ്പ് ഭയമായി.
വീടിന്‍റെ മുകളില്‍, ചുറ്റുമുള്ള മരങ്ങള്‍ക്ക് മേല്‍, ഷെഡുകള്‍ക്ക് മേല്‍ തങ്ങളെ ഉന്നം വെച്ച്, തങ്ങള്‍ക്ക് ചുറ്റും സായുധരായ ആളുകള്‍.
തങ്ങളെ വളഞ്ഞ്!
“യൂ!!”
നിയത്രിക്കാനാവാത്ത ദേഷ്യത്തോടെ രാകേഷ് അലറി.
അവന്‍ തോക്ക് ജോയലിന്റെ നെറ്റിയ്ക്ക് നേരെ ഉയര്‍ത്തി.
അതേ നിമിഷം ജോയലിന്റെ വലത് കൈ ജാക്കറ്റിനുള്ളിലേക്ക് കയറി.
നിമിഷാര്‍ദ്ധം കൊണ്ട് പുറത്തേക്ക് വന്ന കയ്യില്‍ തീ തുപ്പാന്‍ തയ്യാറെടുത്ത് കൊണ്ട് റെമിങ്ങ്ടണ്‍ പിസ്റ്റള്‍ രാകേഷിന്റെ നെറ്റി നോക്കി ഉയര്‍ന്ന് നീണ്ടു.
“കീഴടങ്ങാന്‍ വന്നതല്ല!”
തോക്ക് രാകേഷിന്റെ നെറ്റിയിലേക്ക് അടുപ്പിച്ച് ജോയല്‍ പറഞ്ഞു.
“കീഴടക്കാന്‍!”
രാകേഷിന്റെ തോക്ക് ജോയലിന്റെ നെറ്റിയെ മുട്ടി മുട്ടിയില്ല എന്ന നിലയിലെത്തി.
“ചങ്കൂറ്റമുണ്ട്!”
ജോയല്‍ തുടര്‍ന്നു.
“ഇവരൊക്കെ ഇങ്ങനെ കൂടെപ്പിറപ്പിന്‍റ്റെ ചോരക്കൊഴുപ്പ് കാട്ടി ജോയലെ ഞങ്ങള് കൂടെയുണ്ടെടാ എന്ന് നിവര്‍ന്നു നിന്ന് പറയുമ്പം സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടറേ ചങ്കൂറ്റം ചെറുതല്ല! ഈ കാടും മലയുമില്ലേ? അതിന്‍റെ വലിപ്പമൊന്നും ആ ചങ്കൂറ്റത്തിന്‍റെ മുമ്പില്‍ ഒന്നുമല്ല!”
രാകേഷിന്റെ മുഖത്ത് കോപം നിറഞ്ഞു.
“ചങ്കൂറ്റമുണ്ട്….”
ജോയല്‍ തുടര്‍ന്നു.
“നിന്‍റെയൊക്കെ സിസ്റ്റം കൊന്നു തള്ളിയ ഞങ്ങളുടെ അച്ഛന്‍, അമ്മ, കൂടെപ്പിറപ്പുകള്‍ ഇവരുടെയൊക്കെ എത്രയും വേഗമങ്ങ് എത്താന്‍ ഓരോ നിമിഷവും കൊതിച്ചങ്ങു ജീവിക്കുമ്പം…ആ കൊതിയങ്ങനെ കൂടുമ്പം ഡയറക്ടര്‍ സാറേ, ചങ്കൂറ്റം, അതൊണ്ടല്ലോ ഒരൊന്നര ചങ്കൂറ്റമാ…”
അവന്‍റെ കണ്ണുകള്‍ സ്പെഷ്യല്‍ ടീമിനെ വളഞ്ഞിരിക്കുന്ന തന്‍റെ കൂട്ടാളികളില്‍ പതിഞ്ഞു.
“നിന്നെ പിടിക്കൂന്ന്‍ പ്രതിജ്ഞയെടുത്തവനാ ഞാന്‍!”
“എന്‍റെ ശവം തിന്നിട്ടേ നീ പെണ്ണ്‍കെട്ടാന്‍ കല്യാണമണ്ഡപത്തില്‍ കയറൂ എന്നല്ലേ? ഞാന്‍ കേട്ടിരുന്നു ആ പ്രതിജ്ഞ!”
“അത് ശരി! അതൊക്കെ നീ അറിഞ്ഞല്ലേ? നന്നായി!”
“അറിഞ്ഞു. അറിയാന്‍ പോകുന്ന മറ്റൊരു കാര്യം കൂടിപ്പറയാം….”
ജോയല്‍ രാകേഷിന്റെ കണ്ണുകളിലേക്ക് നോക്കി.
“പെണ്ണുകെട്ടാതെ ചാകാനാ നിന്‍റെ വിധീന്ന്!”
“അത് കൊന്ന് മാത്രം ശീലമുള്ള നിന്‍റെ കണക്ക് കൂട്ടല്‍…”
രാകേഷ് തിരിച്ചടിച്ചു.
“ഗായത്രിയോടുള്ള എന്‍റെ സ്നേഹം…അതിന്‍റെ ശക്തി നിനക്കറിയാഞ്ഞിട്ടാണ്…”
“ഗായത്രിയുടെ സ്നേഹത്തിന്‍റെ ശക്തിയോ?”
ജോയല്‍ പരിഹാസത്തോടെ ചോദിച്ചു.
“അത് എന്നെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കറിയാം?”
“ഗായത്രി ഒരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല!”
“അത് ഗായത്രിയെക്കാള്‍ കൂടുതല്‍ മറ്റാര്‍ക്കറിയാം?”
“ഒന്നോ രണ്ടോ കൊല്ലം ഒരുമിച്ച് പഠിച്ചിട്ടുണ്ടാവും..അല്ലെങ്കില്‍ പ്രേമിച്ചിട്ടുണ്ടാവും! ഒന്നോ രണ്ടോ കൊല്ലമോന്നും പ്രേമത്തിന്‍റെ ശക്തിയളക്കാനുള്ള ടൈം അല്ല ടെററിസ്റ്റേ!”
“ഒന്നോ രണ്ടോ കൊല്ലമോ?”
പരിഹാസം നിഴലിക്കുന്ന സ്വരത്തില്‍ ജോയല്‍ വീണ്ടും ചോദിച്ചു.
“ആര് പറഞ്ഞു ഒന്നോ രണ്ടോ കൊല്ലം എന്നൊക്കെ? സ്വന്തം റിസേര്‍ച്ച് ആണോ?”
“പിന്നല്ലാതെ? അല്ലാതെ നീ കണ്ട പൈങ്കിളി ഹിന്ദി സിനിമേലെ പോലെ മുഖത്ത് മീശയില്ലാത്ത നായകന്‍ പറയുന്നത് പോലെ ഏഴ് ജന്മങ്ങളായി നീ ഗായത്രിയെ പ്രേമിക്കുകയായിരുന്നോ?”
“ഹിന്ദി സിനിമ എനിക്കത്ര പഥ്യമല്ല!”
ജോയല്‍ പറഞ്ഞു.
“വളര്‍ന്നതും പഠിച്ചതും ഒക്കെ ഹിന്ദി നാട്ടില്‍ ആരുന്നെങ്കിലും..നമ്മടെ മിനിമം സിനിമാ സെന്‍സ് ലാലേട്ടന്റെ സ്ഫടികോം മമ്മൂക്കാടെ വടക്കന്‍ വീരഗാഥയുമാ…അതിലൊന്നും പൈങ്കിളി ഡയലോഗ് ഒന്നുമില്ല താനും…”
രാകേഷ് ജോയലിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.
“അത്കൊണ്ട് റിയലിസ്റ്റിക് ഡയലോഗാ….”
ജോയല്‍ തുടന്നു.
“ഏഴ് ജന്മമല്ല സുഹൃത്തേ…”
“പിന്നെ?”
പരിഹാസം കത്തുന്ന ചോദ്യം.
“എഴുപത് ജന്മമാണോ?”
“അല്ല…ഒരു ദിവസം! കൃത്യമായിപ്പറഞ്ഞാല്‍ പതിനെട്ട് മണിക്കൂര്‍! ഞാന്‍ ഗായത്രിയെ പ്രണയിച്ച സമയം… ഞാന്‍ ഒരു ദിവസം തികച്ച് പോലും ഗായത്രിയെ പ്രണയിച്ചിട്ടില്ല….”
ജോയലിന്റെ വാക്കുകള്‍ രാകേഷിനെ അദ്ഭുതപ്പെടുത്തി.
” ….സൂര്യന് ഭൂമിയെ പ്രണയിക്കാന്‍ നിമിഷങ്ങള്‍ മതി…”
തീവ്രമായ വികാരാവേശത്തോ ടെ ജോയല്‍ തുടര്‍ന്നു.
” ഭൂമിയ്ക്ക് ചൂട് നല്‍കാന്‍ നിമിഷങ്ങള്‍ മതി സൂര്യന്! …സൂര്യനെ പ്രണയിച്ചവളാണ് ഗായത്രി…സൂര്യനെ പ്രണയിച്ചവള്‍! സൂര്യഗായത്രി!”
രാകേഷിനു മറുപടി പറയാനായില്ല.
ഗായത്രിയ്ക്ക് രാകേഷിനോടുള്ളത് ഒരു ദിവസത്തെ പ്രണയം മാത്രമാണെന്നോ?
എന്നിട്ടും ഗായത്രിയ്ക്ക് ഇവനെ മറക്കാന്‍ പറ്റുന്നില്ലേ?
“സൌരയൂഥം നിലനില്‍ക്കുവോളം ആ പ്രണയം നിലനില്‍ക്കും ടെററിസ്റ്റിനെ പിടിക്കാന്‍ വന്ന സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടര്‍! ഈ നെഞ്ചില്‍ പ്രണയസൂര്യന്‍റെ താപമുള്ള കാലത്തോളം!”
രാകേഷിന്റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ഉയര്‍ത്തിയ തോക്ക് താഴ്ത്താതെ ജോയല്‍ തുടര്‍ന്നു.
ജോയലിന്റെ വാക്കുകള്‍ തന്‍റെയുള്ളിലേക്ക് തറഞ്ഞു കയറുന്നത് പോലെ രാകേഷിനു തോന്നി.
അവന്‍റെ കണ്ണുകളില്‍ ഉയരുന്നത് അഗ്നിയാണ്.
“എന്‍റെ ചങ്കൂറ്റത്തിന്‍റെ ബേസ് ആ കാണുന്നവരാ!”
ചുറ്റും തോക്ക് ചൂണ്ടി ചുറ്റും നില്‍ക്കുന്നവരെ നോക്കി ജോയല്‍ പറഞ്ഞു.
“അതുകൊണ്ട് ഞാന്‍ പറയുന്നു…”
ജോയല്‍ ഒരു ചുവടു കൂടി രാകേഷിന്റെ നേരെ അടുത്തു.
“ഡയറക്ടര്‍ ഫോഴ്സിനെയും കൊണ്ട് തിരികെപ്പോ!”
“നിന്നെയും കൊണ്ടേ പോകൂ ഞാന്‍!”
“തലച്ചോറിലെ ന്യൂറോണുകള്‍ക്ക് വേറെ ഒരു പണിയും ഇല്ലെങ്കില്‍ അങ്ങനെയൊക്കെ ചിന്തിക്കാം…”
ജോയല്‍ ചിരിച്ചു.
“പക്ഷെ ആ ഓഡിറ്ററി സിഗ്മെന്റ്സ് സര്‍ക്കാര്‍ മുദ്രയുള്ള തോക്കിലെത്തിക്കാന്‍ ശ്രമിച്ചാല്‍….”
ജോയല്‍ അല്‍പ്പം കൂടി രാകെഷിനോട് അടുത്തു.
“…എങ്കില്‍ ഞാനാദ്യം പറഞ്ഞത് പോലെ, ഡയറക്ടര്‍, പെണ്ണ്കെട്ടാതെ ചാകും! തലക്ക് മേലെ കാണുന്ന ആ തോക്കുകളില്ലേ, അതിലോരോന്നിലും ഉണ്ട് പേരറിയാതെ ഒടുങ്ങിയവരുടെ ഹിസ്റ്ററി! എന്താ, പേര് വരുത്തണോ അതില്‍?”
രാകേഷ് ചുറ്റുമുള്ളവര്‍ക്ക് കണ്ണുകള്‍ കാണിച്ചു.
അവര്‍ ആയുധങ്ങള്‍ താഴ്ത്തി.
പിന്തിരിയാന്‍ തുടങ്ങി.
“സാധാരണ ഇതല്ല ഞങ്ങളുടെ പതിവ്”
ജോയല്‍ പിമ്പില്‍ നിന്നും പറഞ്ഞു.
“നിന്‍റെ ഭാവി വധു അല്‍പ്പം മുമ്പ് എന്നോട് പറഞ്ഞപോലെ വണ്‍ ടൂ ത്രീ പറഞ്ഞ് അങ്ങ് അരിയലാ! അതാ പതിവ്! അതാണ് ശീലവും! കണ്മുമ്പിലേക്ക് നിധി പോലെ കിട്ടിയ ഒരു ശത്രു ജീവിതവും കുഴിച്ചെടുത്ത് സ്വന്തമാക്കാതിരുന്നിട്ടില്ല ഇതുവരെ! ഇത് പക്ഷെ….”
ജോയല്‍ നോട്ടം തീവ്രമാക്കി.
“ഗായത്രിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആളോടുള്ള ഒരു സൌജന്യം! ഔദാര്യം! ടെററിസ്റ്റിന്‍റെ ചങ്കിലെ പ്രേമത്തിന്‍റെ ആ ഡെപ്ത്ത് അളക്കാന്‍ ഈ ടെസ്റ്റ് പോരെ ഡയറക്ടര്‍ക്ക്?”
“ഔദാര്യം വേണ്ട!”
രാകേഷ് തിരിഞ്ഞു നിന്നു.
“നിന്‍റെ സൌജന്യോം! പ്രതിജ്ഞ അങ്ങനെ മാറ്റുന്നുമില്ല. വേറെ ഒരു സമയത്ത്, വേറെ ഒരിടത്ത്! അതിന് മാറ്റമില്ല…”
“ശരി! മുന്നറിയിപ്പിന് നന്ദി!”
ജോയല്‍ കയ്യുയര്‍ത്തി.
“പിന്നെ ഗായത്രി…”
രാകേഷ് തുടര്‍ന്നു.
“…. അവള്‍ നിനക്കുള്ളത് ആണെന്ന് കരുതിയാണോ നിന്‍റെ ഈ ഔദാര്യം ….? എങ്കില്‍ ഈ ഔദാര്യം വേണ്ട! നിന്‍റെ ആളുകളോട് പറ! ഐം റെഡി റ്റു ബി എ മാര്‍ട്ടിയര്‍!”
“ഇത് ഹിന്ദി പൈങ്കിളി സിനിമേലെ മീശയില്ലാത്ത നായകന്മാരുടെ ഹീറോയിക്ക് ഡയലോഗ്!”
ജോയല്‍ ചിരിച്ചു.
“ഗായത്രി എനിക്കുള്ളതല്ല!”
ജോയല്‍ ഉയര്‍ത്തിയ കൈ താഴ്ത്താതെ പറഞ്ഞു.
“അവള്‍ നിനക്കുള്ളത് തന്നെ! ഞാന്‍ പറഞ്ഞത് ഗായത്രിയുടെ പ്രണയത്തേക്കുറിച്ചാണ്…അവളുടെ പ്രണയം മതി എനിക്ക്! പ്രണയം അങ്ങനെ ഡയറക്ടറുടെ വെടിയുണ്ടയില്‍ തീരുന്നതല്ല…ഈ ദേഹമില്ലേ, ഇതങ്ങനെ അഗ്നിയോ പുഴുവോ തിന്നുതീര്‍ത്താലും അങ്ങനെ തീരില്ല, രാകേഷ് പ്രണയം …അവളെ ശരിക്കും ഒന്ന് പ്രണയിക്ക്! അപ്പോള്‍ മനസ്സിലാകും നിനക്ക്! അപ്പോഴേ മനസിലാകൂ…അതുവരെ ഇങ്ങനെ വായ് കൊണ്ടുള്ള വെടി നീ പൊട്ടിച്ചുകൊണ്ടിരിക്കും!”
ക്രോധം കത്തിയ മുഖത്തോടെ രാകേഷ് ജോയലിനെ നോക്കി.
പിന്നെ സാഹചരന്മാരോടൊപ്പം പിന്തിരിച്ചു.
***********************************************
പുഴയുടെ തീരത്ത്, മറുകരയിലെ ശിവ ക്ഷേത്രത്തിലേക്ക് നോക്കി ഊര്‍മ്മിളയുടെ മടിയില്‍ രാകേഷ് കിടന്നു.
ഊര്‍മ്മിളയുടെ വിരലുകള്‍ അവന്‍റെ ഭംഗിയുള്ള മുടിയിഴകളില്‍ തഴുകി.
“മമ്മി…”
അല്‍പ്പം കഴിഞ്ഞ് അവന്‍ അവരെ വിളിച്ചു.
ഊര്‍മ്മിള മുഖം താഴ്ത്തി മകനെ നോക്കി.
“ഈ കല്യാണം നടന്നില്ലെങ്കില്‍ മമ്മിയ്ക്ക് വിഷമമുണ്ടാകുമോ?”
ക്ഷേത്രത്തില്‍ നിന്ന് ഒരു മണിമുഴക്കം കേള്‍ക്കാന്‍ ഊര്‍മ്മിള അപ്പോള്‍ കൊതിച്ചു.
ഊര്‍മ്മിളയുടെ കണ്ണുകളില്‍ നനവ് പടരുന്നത് അവന്‍ കണ്ടു.
രാകേഷ് അവരുടെ മടിയില്‍ നിന്നും എഴുന്നേറ്റു.
വിഷമത്തോടെ അവന്‍ അവരുടെ കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചു കളഞ്ഞു.
“മോനെ, ഒരു റിലേഷന്‍ ഉണ്ടായി എന്ന് വെച്ച് അതിത്ര വലിയ ഇഷ്യൂവാക്കണോ?”
അല്‍പ്പം കഴിഞ്ഞ് അവര്‍ ചോദിച്ചു.
“ആ കുട്ടി ജസ്റ്റ് ഒരു സ്റ്റുഡന്‍റ്റ് ആരുന്നപ്പം ..അന്നേരം തോന്നിയ ഒരു ഇന്‍ഫാച്ചുവേഷന്‍… മോനെ, നിന്നെ അതൊക്കെ ഹര്‍ട്ട് ചെയ്യുന്നുണ്ടോ?”
ഊര്‍മ്മിളയുടെ സ്വരത്തില്‍ വേദനയുണ്ടായിരുന്നു.
“അതുകൊണ്ടാണോ? അതുകൊണ്ടാണോ മോനീ ബന്ധം വേണ്ടാന്ന് വെക്കുന്നെ?
“മമ്മീ..”
പുഴയിലേക്കും ക്ഷേത്രത്തിലേക്കും നോക്കി രാകേഷ് പറഞ്ഞു.
“ഐം ആനാര്‍മ്മി ഓഫീസര്‍! ഐം നോട്ട് കണ്‍സര്‍വേറ്റീവ്…ഐ ഡോണ്ട് ബിലീവ് ദ ഗേള്‍ ഐ മാരീ മസ്റ്റ് ബി എ വെര്‍ജിന്‍….”
അവന്‍ ഊര്‍മ്മിളയെ നോക്കി.
“ഗായത്രീടെ പാസ്റ്റ് റിലേഷന്‍ അല്ല എന്നെ വറി ചെയ്യുന്നേ മമ്മി… മമ്മിയ്ക്കറിയാം എന്‍റെ മനസ്സില്‍ എന്താണ് എന്ന്…ദെന്‍ വൈ ഡൂ യൂ….?”
ഊര്‍മ്മിള അത് അറിഞ്ഞിരുന്ന, രാകേഷ് എന്തുകൊണ്ട് ഗായത്രിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ആഗ്രഹിക്കുന്നു എന്ന്.
“മോനറിയോ?”
ഊര്‍മ്മിള പറഞ്ഞു.
“ഇവിടെ, ഈ കൊല്ലങ്കോട് വന്നപ്പം ഈ പുഴകണ്ടപ്പം ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു…നദികള്‍ ആരാധനാലയങ്ങളല്ലേ നമ്മുടെ കുടുംബത്തിന്‍റെ പാരമ്പര്യ വിശ്വാസത്തില്‍…? ഞാനും മോന്‍റെ പപ്പേം നര്‍മ്മദയുടെ തീരത്ത് പോയപ്പോള്‍ പ്രാര്‍ത്ഥിച്ചിരുന്നു…തേജസ്വിയായ ഒരു മകന്‍ ഉണ്ടാവാന്‍….അത് നടന്നു….അങ്ങനെ പ്രാര്‍ഥിച്ചു കിട്ടിയതാ ഞങ്ങള്‍ക്ക് മോനെ ….പിന്നെ…”
ഊര്‍മ്മിള വീണ്ടും പുഴയിലേക്ക് നോക്കി.
“പിന്നെ , കല്യാണ നിശ്ചയത്തിന് ബംഗ്ലൂരില്‍ നിന്ന് ഓടിവന്നപ്പം, ഈ നദി ആദ്യമായി കണ്ടപ്പോള്‍ പ്രാര്‍ഥിച്ചു, ദേവീ, എന്‍റെ മോന്‍ ഹൃദയം നല്‍കി ഇഷ്ട്ടപ്പെട്ട പെണ്ണ്, ഗായത്രി, എന്‍റെ മരുമകളല്ല മകളാണ് അവള്‍ക്ക് പെണ്ണിന് ആയുസ്സും ആരോഗ്യവും നല്‍കണേ എന്ന് …പക്ഷെ…”
രാകേഷ് ചിരിച്ചു.
അത് കണ്ട് ഊര്‍മ്മിള സംശയത്തോടെ അവനെ നോക്കി.
“മമ്മിയ്ക്ക് ഈ പുഴേടെ പേര് എന്താണ് എന്നറിയാമോ?”
“എനിക്കറിയാം,”
വെയിലില്‍ കുളിച്ച പുഴയുടെ മേല്‍ വിതാനത്തിലേക്ക് നോക്കി ഊര്‍മ്മിള പറഞ്ഞു.
“കുന്തിപ്പുഴ. അല്ലേ?”
“അല്ല…”
“പിന്നെ?”
“ഗായത്രി…”
അവന്‍ പറഞ്ഞു.
രാകേഷില്‍ നിന്നും പുഴയുടെ പേര് കേട്ട് ഊര്‍മ്മിള അമ്പരന്നു.
“ഗായത്രിപ്പുഴയോ? അങ്ങനെ, ആ പേരില്‍ ഒരു പുഴയുണ്ടോ?”
“ഉണ്ട്!”
രാകേഷ് പറഞ്ഞു.
“ഗായത്രിപ്പുഴ….പാലക്കാടിന്‍റെ മാപ്പെടുത്ത് നോക്കിയാല്‍ കാണാം…ഭാരതപ്പുഴയുടെ ട്രിബ്യൂട്ടറി…. ഗായത്രി….ഗായത്രി ദേവിയോട് തന്നെ ഗായത്രിയെ തന്‍റെ മകന് ഭാര്യയായി തരണമേ എന്ന് പ്രാര്‍ഥിച്ചാല്‍ നടക്കുമോ അമ്മെ? സൂര്യഗിരി മലയില്‍ നിന്ന് പുറപ്പെടുന്നതാണ് ഈ പുഴ…സൂര്യന്‍ ആണ് ഇവളുടെ ഉടമസ്ഥന്‍! സൂര്യഭഗവാനോട് ചോദിച്ചാല്‍ ദയാലുവായ ഈശ്വരന്‍ ചിലപ്പോള്‍ തരുമായിരിക്കും..അല്ല! തരും! ദയാലുവല്ലേ ഈശ്വരന്‍? പക്ഷെ ഗായത്രിപ്പുഴയ്ക്ക് സൂര്യദേവനെ പിരിഞ്ഞു പോകാന്‍ ഇഷ്ടമില്ലെങ്കില്‍? എങ്കില്‍ എന്ത് ചെയ്യും?”
രാകേഷ് സംസാരിച്ച വാക്കുകള്‍ ഊര്‍മ്മിളയ്ക്ക് മനസ്സിലായില്ല.
അവ ഒരു കടം കഥ പോലെ തോന്നി അവര്‍ക്ക്.
അതേ!
കടം കഥയില്‍ കുറഞ്ഞത് ഒന്നുമല്ല.
അവന്റെ മുഖത്തെ ചിരി അതാണ് അര്‍ത്ഥമാക്കുന്നത്!
[തുടരും]
Responses (0 )