സൂര്യനെ പ്രണയിച്ചവൾ 16
Sooryane Pranayichaval Part 16 | Author : Smitha | Previous Parts
രാകേഷ് തന്‍റെ ലെഫ്റ്റനന്‍റ്റ്സിനോടൊപ്പം പുറപ്പെട്ടതിനു ശേഷം പരിസരം പൊടുന്നനെ നിശബ്ദമായി.
എന്ത് ചെയ്യണമെന്നറിയാതെ ആളുകള്‍ പരസ്പ്പരം നോക്കി.
ചിലര്‍ പദ്മനാഭന്‍ തമ്പിയുടെയും സാവിത്രിയുടേയുമരികിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
ഊര്‍മ്മിളയും രാകേഷിന്റെ അച്ഛനും കാര്യങ്ങള്‍ എല്ലാവരെയും ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
പദ്മനാഭന്‍ തമ്പി എന്തോ ആലോചിക്കുന്നത് എല്ലാവരും കണ്ടു.
പെട്ടെന്നയാള്‍ മണ്ഡപത്തിനരികില്‍ മേശമേല്‍ വെച്ചിരുന്ന മൈക്ക് കയ്യിലെടുത്തു.
“രാകേഷ് മഹേശ്വര്‍ ഒരു പ്രത്യേക മിഷന് വേണ്ടി നിയോഗിക്കപ്പെട്ട് ഇവിടെ എത്തിയ ആളാണ് എന്ന് ഇവിടെ കൂടിയിരിക്കുന്ന, ക്ഷണം സ്വീകരിച്ചെത്തിയ എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും അറിവുള്ളതാണല്ലോ….”
അയാള്‍ തന്‍റെ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചു.
“ആ മിഷന്‍റെ ഭാഗമായി അദ്ധേഹത്തിന് ഇവിടെനിന്നും ഇപ്പോള്‍ പുറപ്പെടെണ്ടി വന്നിരിക്കുന്നതിനാല്‍ വിവാഹനിശ്ചയ ചടങ്ങ് മറ്റൊരു മുഹൂര്‍ത്തത്തിലേക്ക് മാറ്റിവെച്ച വിവരം വ്യസനസമേതം എല്ലാവരെയും അറിയിക്കുന്നു…”
കൂടി നിന്നിരുന്നവരില്‍ ചെറിയ ഒരാരവമുണര്‍ന്നു.
“പക്ഷെ…”
പദ്മനാഭന്‍ തമ്പി തുടര്‍ന്നു.
“…പക്ഷെ … ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ എന്‍റെ ഒരു അഭ്യര്‍ത്ഥന മാനിക്കണമെന്ന് അപേക്ഷിക്കുന്നു…അത്…”
അയാള്‍ എല്ലാവരെയും ഒന്ന് നോക്കി.
“ഭക്ഷണം തയ്യാറാണ്…”
അയാള്‍ തുടര്‍ന്നു.
“ചടങ്ങ് നടന്നിട്ടില്ല എങ്കിലും അതൊരു പ്രശ്നമായി കരുതാതെ എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം മാത്രമേ പോകാന്‍ പാടുള്ളൂ എന്നാണു എന്‍റെ അപേക്ഷ…”
ആളുകള്‍ക്കിടയിലെ ആരവമടങ്ങി.
എങ്കിലും അവരുടെ മുഖങ്ങളില്‍ ആകാംക്ഷയും നേരിയ ഭയവും പദ്മനാഭന്‍ തമ്പി കണ്ടു.
പരിചാരകര്‍ വിരുന്ന് വിളമ്പാന്‍ തയ്യാറെടുത്തു.
***************************************************
“എന്താ പ്ലാന്‍ ഓഫ് ആക്ഷന്‍?”
റിയ ചോദിച്ചു.
സന്തോഷ്, ലാലപ്പന്‍, ജോയല്‍ റിയ ഷബ്നം എന്നിവരാണ് സംഘം.
എല്ലാവരും മിലിട്ടറി വേഷത്തില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
“എന്തായാലും ഞാന്‍ കൂടെ വരും ഇന്നത്തെ ആക്ഷന്!”
ഷബ്നം അപേക്ഷ തുളുമ്പുന്ന ഭാവത്തില്‍ ജോയലിനെയും സന്തോഷിനേയും നോക്കി. അവളുടെ ചോദ്യം കേട്ട് ജോയല്‍ നെറ്റി ചുളിച്ചു.
തന്നെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശമില്ല എന്ന് മനസ്സിലായപ്പോള്‍ അവളുടെ മുഖത്ത് വിഷാദം കടന്നുവന്നു.
“ഷബ്നത്തിന്‍റെ റൈഫിള്‍സ് പ്രാക്ടീസ് ഓക്കെയാണോ റിയാ?”
ജോയല്‍ ചോദിച്ചു.
“ഇരുനൂറു മീറ്റര്‍ ദൂരെ നിന്നു സെക്കന്ഡ് സര്‍ക്കിളില്‍ ഷൂട്ട് ചെയ്തു ഇന്നലെ,”
റിയ അറിയിച്ചു.
സംഘാംഗങ്ങള്‍ ഷബ്നത്തേ അനുമോദിച്ച് നോക്കി.
“ഫിസിക്കല്‍ ആക്ഷനോ?”
ചോദ്യം സന്തോഷില്‍ നിന്നുമായിരുന്നു.
“രണ്ടു റൈവല്‍സ് വരെ ഓക്കേ…”
റിയ പറഞ്ഞു.
“ഇന്നലെ മൂന്ന്‍ പേരെ വെച്ച് നോക്കി…ബട്ട് ഷബ്നത്തിന് അവരെ ടേക് ഓണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല…”
ഷബ്നത്തിന്‍റെ മുഖം വാടി.
“സന്തോഷ് ചേട്ടാ, അതിനെന്നാ!”
അവള്‍ ദയനീയമായ സ്വരത്തില്‍ അയാളെ നോക്കി.
“പ്രാക്ടീസിലല്ലേ ഞാന്‍ ഡെഫീറ്റഡ് ആയത്…ഗ്രൌണ്ട് ആക്ഷനില്‍ ഞാന്‍ ഓക്കേ ആകും..പ്ലീസ് ഒന്ന് സമ്മതിക്ക് സന്തോഷ് ചേട്ടാ!”
സന്തോഷും ജോയലും പരസ്പ്പരം നോക്കി.
ജോയല്‍ തന്‍റെ കിറ്റ് തുറന്നു.
അതില്‍ നിന്നും ടി വി റിമോട്ടിന്റെ ആകൃതിയിലുള്ള ഒരു ട്രാന്‍സിസ്റ്റര്‍ പുറത്തെടുത്തു.
“എന്താ ഇത്?”
അവന്‍ ഷബ്നത്തോട് ചോദിച്ചു.
“ഡിറ്റെണക്റ്റര്‍!”
അവള്‍ പെട്ടെന്ന് ഉത്തരം പറഞ്ഞു.
“ഏതാണ് ഇതിലെ എക്സ്പ്ലോഷന്‍ ബട്ടന്‍?”
“റെഡ്!”
“ഈ യെല്ലോ ബട്ടന്‍ എന്തിനുള്ളതാണ്?”
“എക്സ്പ്ലോഷന്‍ പ്രോസ്സസ് പോസ് ചെയ്യാന്‍,”
“എത്ര സമയം?”
“ടെന്‍ റ്റു തെര്‍ട്ടി മിനിറ്റ്സ്,”
“അത് കഴിഞ്ഞ് എക്സ്പ്ലോഷന്‍ അബോര്‍ട്ട് ചെയ്യണമെങ്കില്‍?”
“എങ്കില്‍ അതിന്‍റെ പോയിന്‍റ് സിക്സ് മോഡ്യൂള്‍ തുറക്കണം. നെഗറ്റീവ് ഫ്രീസിംഗ് ഡൈനാമിറ്റ് ഡിസ്ജോയിന്‍റ് ചെയ്യണം. ബീറ്റിംഗ് നോര്‍മ്മല്‍ ആകുമ്പോള്‍ ജോയിന്‍റ് ചെയ്യണം…”
ജോയലും സന്തോഷും ലാലപ്പനും പരസ്പ്പരം നോക്കി.
അവരെന്ത് പറയുന്നു എന്നറിയാന്‍ ഷബ്നം കാതോര്‍ത്തു.
സന്തോഷ് ഗൌരവത്തില്‍ ഷബ്നത്തേ നോക്കി.
അവള്‍ മിടിയ്ക്കുന്ന ഹൃദയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.
“യൂ ആര്‍ ഇന്‍!”
അയാള്‍ പെട്ടെന്ന് പറഞ്ഞു.
ഷബ്നം ദീര്‍ഘമായി നിശ്വസിച്ചു.
“താങ്ക്യൂ!!”
ആവള്‍ ആഹ്ലാദിരേകത്തോടെ മന്ത്രിച്ചു.
പെട്ടെന്ന് സന്തോഷിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും വാട്സ് ആപ്പ് ടോണ്‍ മുഴങ്ങി.
അയാള്‍ അതെടുത്ത് നോക്കി.
“ടെന്‍ …ഫൈവ് ..ബി …. റെഡ് ..ഗ്രീന്‍…”
അയാള്‍ മന്ത്രിച്ചു.
“പാറമട മുതലാളി ഐസക്കിനെ ഉണ്ണിയും സംഘവും വളഞ്ഞു….”
സന്തോഷിന്‍റെ കണ്ണുകള്‍ തിളങ്ങി.
“നമ്മുടെ ഊഹം ശരിയാണ് എങ്കില്‍ ഇപ്പോള്‍ അസ്ലത്തിന്‍റെ മെസേജ് വരും റിസോര്‍ട്ടില്‍ നിന്ന്…”
“റിസോര്‍ട്ടില്‍?”
ഷബ്നം ചോദിച്ചു.
“റിസോര്‍ട്ടില്‍ എന്താ?”
“ഒഹ്!”
റിയ പെട്ടെന്ന് പറഞ്ഞു.
“നീ ആക്ഷനില്‍ ഉണ്ടാവില്ല എന്ന് കരുതി ഞാന്‍ പറയാതിരുന്നതാണ്, ആസ് പേര്‍ റൂള്‍…നിശ്ചയം നടക്കുന്നത് നമുക്ക് ആദ്യം കിട്ടിയ വിവരമനുസരിച്ച് കുടുംബക്ഷേത്രത്തില്‍ ആണെന്നല്ലേ? അത് നമ്മളെ മിസ്ഗൈഡ് ചെയ്യനാരുന്നു…അസ്ലം ഉണ്ട് കല്യാണപ്പാര്‍ട്ടിക്കാരുടെ കൂടെ…”
അത് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ സന്തോഷിന്‍റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു.
എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി.
“യെസ് , യെസ്!!”
സന്തോഷ് ആകാംക്ഷയോടെ പറഞ്ഞു.
“അസ്ലം ആണ്…നമ്മള്‍ ക്വാറി മുതലാളി ഐസക്കിന്റെ വീട്ടിലേക്കാണ് എന്ന് കരുതി സ്പെഷ്യല്‍ ടീം ലീഡര്‍ രാകേഷും സംഘവും അങ്ങോട്ട് വെച്ചു പിടിച്ചിട്ടുണ്ട് എന്ന്!”
“ദെന്‍ ഗെറ്റ് ഇന്‍ ദ വാന്‍!”
ജോയല്‍ ഗര്‍ജ്ജിച്ചു.
ചടുലമായ ചലനങ്ങളോടെ റിയയും ഷബ്നവും ലാലപ്പനും സന്തോഷും ജോയലുമടങ്ങിയ അഞ്ചംഗ സംഘം വാനിലേക്ക് കയറി.
ഡ്രൈവിംഗ് സീറ്റില്‍ സന്തോഷ് ആയിരുന്നു.
“റിയ മോണിട്ടറില്‍ നിന്നു കണ്ണുകള്‍ മാറ്റരുത്!”
വാനില്‍ സൈഡില്‍ ക്രമീകരിച്ച കോച്ചില്‍ ഇരുന്ന് ലാപ്പ് ടോപ്പിലെ മോണിട്ടറില്‍ സസൂക്ഷമം വീക്ഷിക്കുന്ന റിയയോട് ജോയല്‍ പറഞ്ഞു.
“രണ്ട് ലൊക്കേഷനിലേയും ഒരു വിഷ്വലും മിസ്സാകരുത്!”
റിയ ജോയലിനെ നോക്കി തംസ് അപ്പ് മുദ്ര കാണിച്ചു.
“ങ്ങ്‌ഹാ!”
റിയ പെട്ടെന്ന് ഉത്സാഹത്തോടെ പറഞ്ഞു.
“ഇപ്പോള്‍, ദാ, രാകേഷും ടീമും വണ്ടിയില്‍ കേറുന്നു…അങ്ങോട്ട് പോകുവാ…”
“ഉണ്ണിയുടെ ലൊക്കേഷനില്‍…?”
സന്തോഷ് വിളിച്ചു ചോദിച്ചു.
“അവിടെ ഐസക്കിനെ കെട്ടിയിട്ടിരിക്കുന്നു….”
റിയ അറിയിച്ചു.
“ദ സെയിം വിഷ്വല്‍… പുറത്ത് അയാള്‍ടെ ഭാര്യ, മകള്‍ , മകന്‍ ..അവര്‍ അറിഞ്ഞിട്ടില്ല ഐസക്കിന്‍റെ കണ്ടീഷന്‍..ദാണ്ടേ നമ്മുടെ രവി അയാള്‍ടെ മകനെ പുറത്ത് കയറ്റി ആന കളിക്കുന്നു…! ഇവനെയൊക്കെയാരാ ഈ ടെററിസ്റ്റാക്കിയെ?”
റിയയുടെ പരാമര്‍ശം മറ്റുള്ളവരില്‍ ചിരി പടര്‍ത്തി.
“ജോയലെ, ഉണ്ണിയ്ക്ക് മെസേജ് കൊടുത്തോ?”
ഡ്രൈവ് ചെയ്യുന്നതിനിടെ സന്തോഷ് വിളിച്ചു ചോദിച്ചു.
“കൊടുത്തു..”
ജോയല്‍ പറഞ്ഞു.
“രാകേഷും ടീമും റിസോര്‍ട്ടില്‍ നിന്നു മൂവ് ചെയ്ത ആ സെക്കന്‍ഡില്‍ ഉണ്ണിയ്ക്ക് മെസേജ് നല്‍കി..റിയേ, നോക്ക് ഉണ്ണിയും സംഘവും അവിടെ നിന്നും മൂവ് ചെയ്യുവല്ലേ?”
“ചെയ്യുന്നു…”
മോണിട്ടറില്‍ മിഴികള്‍ നട്ട് റിയ പറഞ്ഞു.
“പ്ലാന്‍ ചെയ്ത പോലെ അവര്‍ ഐസക്കിന്‍റെ വായ് സെല്ലോ ടേപ്പ് കൊണ്ട് കവര്‍ ചെയ്തു… എന്നിട്ട് കൊല്ലങ്കോട് റൂട്ടിലേക്കുള്ള വഴിയെ തിരിഞ്ഞു…”
“രാകേഷിന്റെ വണ്ടി നമ്മുടെ ഫീല്‍ഡില്‍ കയറാന്‍ സമയമായോ?”
സന്തോഷ് വിളിച്ചു ചോദിച്ചു.
“ഇല്ല…”
റിയ പറഞ്ഞു.
“കാല്‍ക്കുലേഷന്‍ ശരിയാണേല്‍ ഇനിയും അഞ്ചു മിനിറ്റ് കഴിഞ്ഞേ നമ്മുടെ വിഷ്വല്‍ ഫീല്‍ഡില്‍ രാകേഷിന്റെ വണ്ടി പ്രവേശിക്കൂ…”
“ശരി!”
ജോയല്‍ എഴുന്നേറ്റു.
“ഇനി അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയമില്ല….”
അവന്‍ പുറത്തേക്ക് നോക്കി.
“ലാലപ്പാ, പ്ലാന്‍ എ…നീ റിയേടെ കൂടെ വാനില്‍ത്തന്നെ…ഞാനും ഷബ്നവും സന്തോഷ് ചേട്ടനും ഗ്രൗണ്ടില്‍…ഷബ്നം ഓര്‍മ്മയുണ്ടല്ലോ ഫസ്റ്റ് ഓപ്പറേഷന്‍ ആണ്…ചിലപ്പോള്‍ പോലീസ് കാണും…”
“റിസോര്‍ട്ടില്‍ യൂണിഫോമിട്ട പോലീസ് ആരുമില്ല…”
റിയ മോണിട്ടര്‍ സസൂക്ഷമം വീക്ഷിച്ചുകൊണ്ട് പറഞ്ഞു.
“സിവില്‍ ഡ്രെസ്സില്‍ നമ്മള്‍ കണ്ടിട്ടുള്ള ആരും തന്നെ പോലീസ് ആയിട്ടില്ല…”
“പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ?”
ജോയല്‍ ഷബ്നത്തെ നോക്കി.
“ഗണ്‍ എപ്പോഴും റെഡിയായി കൈയ്യില്‍ കാണണം… കിറ്റ് തോളില്‍ എപ്പോഴും കൈകടത്താന്‍ പാകത്തില്‍…പിന്നെ …”
അവന്‍ അവളെ ഗൌരവത്തോടെ നോക്കി.
“അറിയാം ഏട്ടാ…പിന്നെ …പിന്നെ ഓസ്മിയം ടെട്രോക്സൈഡ്….”
ആ മാരക വിഷത്തിന്റെ പേര് ഷബ്നം ഉച്ചരിച്ചപ്പോള്‍ റിയ അവളെ നോക്കി.
ഷബ്നം പുഞ്ചിരിയോടെ റിയയെ നോക്കി.
ജോയല്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച തോക്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി.
ലാലപ്പന്‍ വാനിന്റെ സീറ്റിനടിയില്‍ നിന്നു കലാഷ്നിക്കോവ് പുറത്തെടുത്തു.
പോക്കറ്റില്‍ റിവോള്‍വര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി.
*******************************************************
“മോന്‍ പോയ സ്ഥലം ദൂരെയാണോ മേനോന്‍?”
മഹേശ്വര വര്‍മ്മ, രാകേഷിന്റെ അച്ഛന്‍, പദ്മനാഭന്‍ തമ്പിയോട് ചോദിച്ചു.
മൈക്കിലൂടെ ഭക്ഷണം കഴിക്കാനുള്ള അറിയിപ്പ് നല്‍കിക്കഴിഞ്ഞതേയുള്ളൂ അയാളപ്പോള്‍.
“ഇവിടെ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട്,”
പദ്മനാഭന്‍ തമ്പി പറഞ്ഞു.
“വര്‍മ്മ സാര്‍ പേടിക്കേണ്ട! രാകേഷ് വിജയിച്ചു വരും!”
“ചുമ്മാ അവിടെ വരെ ഒന്ന് പോയാലോ എന്നാലോചിക്കുന്നു!”
അദ്ദേഹം പറഞ്ഞു.
“അങ്ങനെയെങ്കില്‍ ഞാനും വരാം!”
പദ്മനാഭന്‍ തമ്പി ഉത്സാഹത്തോടെ പറഞ്ഞു.
“നമുക്ക് ഒരുമിച്ച് പോകാം!”
മഹേശ്വര വര്‍മ്മയുടെ മുഖം പ്രസന്നമായി.
“ആരും അറിയണ്ട! പ്രത്യേകിച്ചും പെണ്ണുങ്ങള്‍!
പദ്മനാഭന്‍ തമ്പി തന്‍റെ മുറിയിലേക്ക് പോയി.
അഞ്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരികെ വന്നു.
“എങ്ങോട്ട് പോയതാ?”
പുറത്തേക്ക്, കാറിനടുത്തേക്ക് നടക്കവേ മഹേശ്വര വര്‍മ്മ തിരക്കി.
“പോകുന്ന സ്ഥലത്തിന്‍റെ പ്രത്യേകത അനുസരിച്ച് അല്‍പ്പം പ്രിപ്പറേഷന്‍ ഒക്കെ വേണ്ടേ സാര്‍!”
പദ്മനാഭന്‍ തമ്പി ചിരിച്ചു.
“എന്നുവെച്ചാല്‍?”
മനസ്സിലാകാതെ മഹേശ്വര വര്‍മ്മ ചോദിച്ചു.
“പോക്കറ്റില്‍ ഉഗ്രനൊരു സാധനമുണ്ട്…”
പദ്മനാഭന്‍ തമ്പി വീണ്ടും ചിരിച്ചു.
“എപ്പഴാ ചാന്‍സ് വരുന്നത് എന്നറിയില്ലല്ലോ, തലമണ്ട നോക്കി ഒന്ന് പൊട്ടിക്കാന്‍! ഹഹഹ!!”
മഹേശ്വര വര്‍മ്മയ്ക്ക് കാര്യം മനസ്സിലായി.
*****************************************************************
ആളുകള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയായിരുന്നു.
പെട്ടെന്ന് ഗേറ്റില്‍ നിന്നിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ നിലം പതിയ്ക്കുന്നത് പന്തലിനുള്ളില്‍ കൂടിയിരുന്നവര്‍ കണ്ടു.
അവര്‍ ഭയചകിതരായി എഴുന്നേറ്റു.
പെട്ടെന്ന് കാതടപ്പിക്കുന്ന വെടിയൊച്ച മുഴങ്ങി.
തുടര്‍ന്ന് കണ്ണുകളൊഴികെ ശരീരഭാഗങ്ങള്‍ മുഴുവന്‍ മറച്ച ഒരു യുവതി കയ്യില്‍ നീട്ടിപ്പിടിച്ച കലാഷ്നിക്കോവുമായി പന്തലിനുള്ളിലേക്ക് ഇരച്ച്, കുതിച്ച് കയറി.
പന്തലിനെ തുളച്ചുകൊണ്ട് അവളുടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്നു.
“അനങ്ങരുത്, ആരും!!”
അവള്‍ ആക്രോശിച്ചു.
ഭയചകിതരായ ആളുകളെ നിശ്ചലരാക്കിക്കൊണ്ട് അവളുടെ ശബ്ദം മുഴങ്ങി.
“ഡോണ്ട് ടച്ച് യുവര്‍ മോബൈല്സ്…. ഡോണ്ട് ട്രൈ റ്റു മേക് എനി കമ്മ്യൂണിക്കെഷന്‍ ഫ്രം ഹിയര്‍…”
അത് പറഞ്ഞ് അവള്‍ വീണ്ടും മുകളിലേക്ക് വെടിയുതിര്‍ത്തു.
ആളുകള്‍ ഭയചകിതരായി വിറച്ച്, വിറങ്ങലിച്ച് നില്‍കുകയാണ്.
റിസോര്‍ട്ടിലേ, ഫസ്റ്റ് ഫ്ലോറില്‍, തന്‍റെ മുറിയിലായിരുന്ന ഗായത്രി ശബ്ദവും കോലാഹലവും കേട്ട് പുറത്തേക്ക് വന്നു.
അവള്‍ക്ക് പിന്നാലെ സാവിത്രിയും ഊര്‍മ്മിളയും.
ഗായത്രി പുറത്തേക്ക് വന്ന നിമിഷം തോക്കേന്തിയ യുവതി അവളെ സാകൂതം നോക്കി.
“യാ, അല്ലാഹ്!!”
ഗായത്രിയെ നോക്കി അവള്‍ മന്ത്രിച്ചു.
പിന്നെ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി അവള്‍ ഗേറ്റിലേക്ക് നോക്കി.
അപ്പോള്‍ അവിടെനിന്ന് ജോയല്‍ പ്രവേശിച്ചു.
അവന് പിന്നലെ സന്തോഷും.
സന്തോഷ് ഉയര്‍ത്തിപ്പിടിച്ച കലാഷ്നിക്കൊവുമായി ഗേറ്റില്‍ നിന്നു.
“ജോയല്‍ ബെന്നറ്റ്!!”
ചിലര്‍ വിറങ്ങലിച്ച ശബ്ദത്തില്‍ മന്ത്രിച്ചു.
“എവിടെ?”
ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് വന്ന് ജോയല്‍ ഗര്‍ജ്ജിച്ചു.
“പദ്മനാഭന്‍ തമ്പി എവിടെ?”
ആളുകള്‍ ഒന്നും പറയാതെ തന്നെ ഭയന്ന് നോക്കിനില്‍ക്കുക മാത്രം ചെയ്തപ്പോള്‍ ജോയല്‍ അടുത്തു നിന്ന ഒരു മധ്യവയസ്ക്കന്റെ കോളറില്‍ കയറിപ്പിടിച്ച് അയാളെ ഉലച്ചു.
“ചെവി കേട്ടുകൂടെ തനിക്ക്?”
ജോയല്‍ അയാളോട് ചോദിച്ചു.
“തമ്പി…തമ്പി …”
അയാള്‍ നിന്നു വിക്കി.
“തമ്പി?”
ജോയല്‍ അയാളോട് രൂക്ഷത കുറയാത്ത സ്വരത്തില്‍ ചോദിച്ചു.
“ഇപ്പം ..ഇപ്പം പുറത്തേക്ക് പോയി ….കാറില്‍…”
“ശ്യെ!!”
നിരാശയോടെ ജോയല്‍ പറഞ്ഞു.
“എങ്ങോട്ട്?”
“അത …അതറി …അതറിയി…അതറിയില്ല…”
അയാള്‍ വീണ്ടും വിക്കി വിക്കി പറഞ്ഞു.
“ഏട്ടാ….”
ഷബ്നം അവനെ അടക്കിയ ശബ്ദത്തില്‍ വിളിച്ചു.
ജോയല്‍ അവളെ നോക്കി.
“മുകളില്‍ …”
ജോയല്‍ ചുറ്റും നോക്കി.
“അവിടെയല്ല … മുകളില്‍ ..ശിയ്…ഇവിടെ ..ദേ ..ഇവിടെ..ഗായത്രി…”
അവള്‍ നോക്കിയ ദിക്കിലേക്ക് ജോയല്‍ കണ്ണുകള്‍ പായിച്ചു.
ഒരു നിമിഷം അവന്‍റെയുള്ളില്‍ ഒരു വിറയല്‍ പാഞ്ഞു.
തന്‍റെ കണ്ണുകളിലേക്ക് നോക്കി ഗായത്രി!
തീക്ഷണമായി!
വികാരതീവ്രതയോടെ!
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാത്രി വിട്ട് പോന്നതാണ് അവളെ!
രംഗത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി സന്തോഷ് ഗേറ്റില്‍ നിന്നും ഉള്ളിലേക്ക് വന്നു.
“ആരും ഭയപ്പെടേണ്ട!”
തന്‍റെ സ്വതസിദ്ധമായ മുഴക്കമുള്ള സ്വരത്തില്‍ അയാള്‍ ഉറക്കെ പറഞ്ഞു.
“നിങ്ങളെ ആരെയും ഞങ്ങള്‍ ഉപദ്രവിക്കില്ല… നിങ്ങള്‍ ഇരിക്കുന്നയിടത്ത് നിന്നും അനങ്ങാതെ, ഫോണ്‍ ചെയ്യാന്‍ ശ്രമിക്കാതെ, അല്‍പ്പ സമയം ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നാല്‍…”
ആളുകള്‍ ഭയന്ന് അയാള്‍ക്ക് നേരെ തലകുലുക്കി.
“പുറത്ത് കിടക്കുന്ന ആ വാന്‍ കണ്ടോ!”
അയാള്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി.
ആളുകളും അങ്ങോട്ട് നോക്കി.
“…അവിടെ ഞങ്ങളുടെ ആളുകള്‍ നിങ്ങളുടെ, ഈ പന്തലില്‍ ഇരിക്കുന്ന ഓരോരുത്തരുടെയും മൂവ്മെന്‍റ് മോണിട്ടര്‍ ചെയ്യുന്നുണ്ട്…പുറത്തുള്ള ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ അത് ഞങ്ങള്‍ അറിയും…അറിഞ്ഞാല്‍ ആ വിവരം മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ കൈമാറും..അവര്‍ നിങ്ങളെ കൊല്ലും!”
അവസാനത്തെ വാക്കുകള്‍ വളരെ പൈശാചികത നിറഞ്ഞ ശബ്ദത്തിലാണ് സന്തോഷ് ഉരുവിട്ടത്.
അത് കേള്‍വിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
ജോയല്‍ പടികള്‍ കയറി റിസോര്‍ട്ടിന്‍റെ ഫസ്റ്റ് ഫ്ലോറിലേക്ക് പോയി.
അവളുടെ മുഖത്തേക്ക്, കണ്ണുകളിലേക്ക് നോക്കിയാണ് അവന്‍ ഓരോ ചുവടും മുമ്പോട്ട് വെച്ചത്.
അന്ന് മണാലിയില്‍, വാര്‍ബിള്‍ പക്ഷികളുടെ സംഗീതം കേട്ട് തന്‍റെ മടിയില്‍ കിടന്നിരുന്ന ഗായത്രിയെ അവനോര്‍ത്തു.
“ജോ…”
അവള്‍ വിളിച്ചു.
താന്‍ ഉത്തരമായി മൂളി.
“ജോ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കുമോ?”
“പിന്നെ കണ്ണുകളില്‍ നോക്കാതെ? അല്ലാതെ അവിടെയും ഇവിടെയും നോക്കി സംസാരിക്കുന്നവര്‍ ഡിസ്ഹോനെസ്റ്റ് ആണ്…കള്ളത്തരമുള്ളവര്‍…”
“പക്ഷെ ജോ നോക്കണ്ട!”
“എന്താ?”
തനിക്കൊന്നും മനസ്സിലായില്ല.
“ബോയ്സിനോട് സംസാരിക്കുമ്പോള്‍ കുഴപ്പമില്ല…”
കയ്യെത്തിച്ച് തന്‍റെ അധരം ചൂണ്ടുവിരളിനും പെരുവിരലിനുമിടയില്‍ പിടിച്ച് ഞെരിച്ചുകൊണ്ട് അവള്‍ അന്ന് പറഞ്ഞു.
“പക്ഷെ പെണ്ണുങ്ങളോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കരുത്!”
“അത്ശരി!!”
താന്‍ അവളെ ദേഷ്യം പിടിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“എന്നുവെച്ചാല്‍ പെണ്ണുങ്ങളൊക്കെ വിചാരിച്ചോട്ടെ ഞാന്‍ ഒരു പോങ്ങന്‍ ആണ് എന്നല്ലേ?”
“പോങ്ങന്‍ എന്ന് വെച്ചാല്‍? ഇതെന്തോക്കെ വേഡ് ആണ് ജോ ഈ പറയുന്നേ?”
“പോങ്ങന്‍ എന്ന് വെച്ചാല്‍?”
താന്‍ ആലോചിച്ചു.
“ഡെഫിനീഷന്‍ വേണോ എക്സാമ്പിള്‍ വേണോ?”
“എക്സാമ്പിള്‍ മതി. അപ്പൊ മനസ്സിലാക്കാന്‍ എളുപ്പമല്ലേ?”
“ശരി!”
ജോയല്‍ ചിരിച്ചു.
“എക്സാമ്പിള്‍ പറയാം! പോങ്ങന്‍ എന്ന പദത്തിന് ബെസ്റ്റ് എക്സാമ്പിള്‍ ആണ് ഗായത്രി മേനോന്‍…”
“ഛീ!!”
അവള്‍ തന്‍റെ ചുമലില്‍ അടിച്ചു.
“എന്നെ കളിയാക്കിയതാ അല്ലെ! ഞാന്‍ കൂട്ടില്ല!”
അത് പറഞ്ഞ് അവള്‍ എഴുന്നേറ്റു.
താനും എഴുന്നേറ്റു.
അവള്‍ തന്നെ നോക്കിക്കൊണ്ട് പിറകോട്ടു നടക്കാന്‍ തുടങ്ങി.
താന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മുമ്പോട്ടും.
“നോക്കല്ലേ എന്നെ ഇങ്ങനെ…”
മഞ്ഞിലൂടെ പിമ്പോട്ട് നടക്കവേ, തന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ഗായത്രി പറഞ്ഞു.
“എന്നെ മേല് മൊത്തം പൊള്ളിപ്പോകുന്നു ജോ ഇങ്ങനെ എന്നെ നോക്കുമ്പോള്‍ …. എനിക്ക് വയ്യ എന്‍റെ ജോ ….”
പെട്ടെന്ന് മണാലിയിലെ ആ മധ്യാഹ്നനേരം അവന്‍റെ കണ്ണുകളില്‍ നിന്നും മറഞ്ഞു.
ഇപ്പോള്‍ തന്നെ അതിരൂക്ഷമായ നോട്ടം കൊണ്ട് ദഹിപ്പിക്കുകയാണ് അവള്‍.
അവളുടെ മുഖത്ത് ഇപ്പോള്‍ പരിഹാസമാണ്!
ഓരോ പടിയും ജോയല്‍ മുകളിലേക്ക് കയറിയത് ഗായത്രിയുടെ കണ്ണുകളില്‍ നോക്കിക്കൊണ്ടാണ്.
പടികള്‍ പിന്നിട്ട് അവന്‍ അവളുടെ മുമ്പിലെത്തി.
“പദ്മനാഭന്‍ തമ്പി എവിടെ?”
അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ജോയല്‍ ചോദിച്ചു.
“ഹ്മം…!”
പരിഹാസം ധ്വനിക്കുന്ന സ്വരത്തില്‍ ഗായത്രി അമര്‍ത്തി മൂളി.
“ഇങ്ങനെ എന്‍റെ അടുത്ത് എത്താന്‍ ഒരു വൃത്തികെട്ട ഗെയിം നിങ്ങള്‍ കളിച്ചില്ലേ? വേറെ എവിടെയോ ആണ് നിങ്ങള്‍ എന്ന് പോലീസിനെ തെറ്റിധരിപ്പിച്ച്? അവിടേക്ക് പോയിരിക്കുകയാ എന്‍റെ അച്ഛന്‍. നിങ്ങള്‍ അവിടെ ഉണ്ട് എന്നറിഞ്ഞ്! എന്‍റെ അച്ഛന്‍ നിങ്ങളെപ്പോലെയല്ല…നിങ്ങളെപ്പോലെയുള്ള കൊടും ഭീകരന്മാരുടെ സ്ഥലത്തേക്ക് നിങ്ങളെ തിരക്കിപ്പോയിരിക്കുന്നു…”
സമീപത്ത് നിന്ന സാവിത്രി അത് കേട്ട് ഭയന്ന് മകളെ നോക്കി.
പദ്മനാഭന്‍ തമ്പി രാകേഷിന്റെ പിന്നാലെ പോയ വിവരം അവര്‍ അറിഞ്ഞിരുന്നില്ല.
ജോയല്‍ ചിരിച്ചു.
പരിഹാസവും വേദനയും പുച്ചവും നിറഞ്ഞ ചിരി.
“നിന്‍റെ അച്ഛന്‍!”
അവന്‍ പുച്ഛത്തോടെ പറഞ്ഞു.
“അതെ!”
അതേ ആവേശത്തില്‍ ഗായത്രി.
“അതെ എന്‍റെ അച്ഛന്‍! രാജ്യസ്നേഹിയായ എന്‍റെ അച്ഛന്‍! സ്വന്തം രാജ്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ സഹായിച്ച്, നിയമത്തിന്‍റെ കയ്യില്‍ ഒടുങ്ങിയ നിങ്ങളുടെ അച്ഛനെപ്പോലെയല്ല…അറി…”
“നിര്‍ത്തെടീ!!”
ഗായത്രി പറഞ്ഞു തീരുന്നതിനു മുമ്പ് ജോയല്‍ അലറി.
അവള്‍ കിടുങ്ങി വിറച്ചു.
രംഗത്തിന്‍റെ അപ്രതീക്ഷിതമായ പോക്കില്‍ ആകാംക്ഷ ഒളിപ്പിക്കാനാവാതെ ഷബ്നം മുകളിലേക്ക് വന്നു.
“നിനക്ക് എന്തറിയാം എന്‍റെ പപ്പായെപ്പറ്റി? നിനക്ക് എന്തറിയാം നിന്‍റെ അച്ഛനെപ്പറ്റി? അറിഞ്ഞാല്‍ പുന്നാര മോളെ, മനുഷ്യത്തമുണ്ടെങ്കില്‍ നീ തന്നെ കയറ്റും അയാടെ തലയോട്ടിക്കകത്ത് വെടിയുണ്ട! അറിയുമോ നിനക്ക്?”
“അറിയാം!”
ആവേശമൊട്ടും ചോരാതെ ഗായത്രി തിരിച്ചടിച്ചു.
“പറഞ്ഞുള്ള അറിവല്ല…നേരിട്ട് കണ്ട അറിവ്! ഇപ്പം കയ്യിലിരിക്കുന്ന ആ ആയുധമില്ലേ? അതുകൊണ്ട്, ആ ആയുധം കൊണ്ട്, പിശാച് പോലും അറയ്ക്കുന്ന മുഖത്തോടെ നിങ്ങള്‍ കൊന്ന് തള്ളുന്നത്! ലൈവ് വിഷ്വല്‍! കുലത്തൊഴിലായി കൊന്ന് തള്ളുന്നവരുടെ കുടുംബത്തിലാണ് പിറവിയെന്ന് കണ്ണുമടച്ച് പറയാം! നല്ല സീസണ്‍ഡ് കില്ലേഴ്സിനെപ്പോലെ എത്ര കൃത്യമായാണ് അന്ന് തോക്ക് പിടിച്ച് കൊന്ന് തള്ളുന്ന രംഗം ഞാന്‍ ടി വിയില്‍ കണ്ടത്!”
കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങളോടെ ഗായത്രി അവനെ നോക്കി.
“..പിന്നെ എന്തറിയണം?”
കിതച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“നിങ്ങള്‍ എത്ര മനുഷ്യരെ പച്ചയ്ക്ക് തിന്നിട്ടുണ്ടെന്നോ? എല്ലാ കണക്കും എന്‍റെ കയ്യിലുണ്ട്…കാണാപ്പാഠം! നാഗാലാന്‍ഡില്‍ വെച്ച് നാല്‍പ്പത് പേരെ! ചന്ദ്രഗിരിയില്‍ പതിനെട്ട് പേരെ, റാന്‍ ഓഫ് കച്ചില്‍ ഇരുപത് പേരെ! ചത്തീസ്ഗഡില്‍ അന്‍പതിനു മേല്‍! കര്‍ണ്ണാടകത്തില്‍ പതിനാറ് പേരെ!….”
അവളുടെ സ്വരം വിറച്ചു.
കണ്ണുകള്‍ നിറഞ്ഞു.
“ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രാര്‍ഥിച്ചത് ഈശ്വരന്‍റെ മുമ്പിലാണ്… പക്ഷെ എനിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതോ പിശാചും! നിങ്ങള്‍…ഭീകരന്‍! ടെററിസ്റ്റ്! പിശാച്!”
നിയത്രിക്കാനാവാത്ത ദേഷ്യത്തോടെ ജോയല്‍ സമീപം നിന്ന ഷബ്നത്തേ നോക്കി.
“വാടീ!”
അവന്‍ ഷബ്നത്തോട് ഗര്‍ജ്ജിച്ചു.
പിന്നെ കൊടുങ്കാറ്റിന്റെ വേഗത്തില്‍ പടികള്‍ ഇറങ്ങി.
പരിസരം സസൂക്ഷമം വീക്ഷിച്ചുകൊണ്ട് ഷബ്നവും അവന്‍റെ പിന്നാലെ ചെന്നു.
കലിയടങ്ങാതെ ജോയല്‍ ചുറ്റും നോക്കി.
മണ്ഡപത്തിന് സമീപം അലങ്കരിച്ച മേശപ്പുറത്ത് വെച്ചിരുന്ന വിലയേറിയ മദ്യക്കുപ്പികളിലൊന്നവനെടുത്തു.
മണ്ഡപത്തിന് നേരെ എറിഞ്ഞു.
“ഉന്നം തെറ്റാതെ ഷൂട്ട് ചെയ്യെടീ!”
മുമ്പോട്ട് എറിയപ്പെട്ട മദ്യബോട്ടില്‍ നോക്കി അവന്‍ കലിയോടെ പറഞ്ഞു.
ഷബ്നത്തിന്‍റെ തോക്ക് ഗര്‍ജ്ജിച്ചു.
മണ്ഡപത്തിന്‍റെ നിലം തൊടുന്നതിന് മുമ്പ് വെടിയുണ്ട ബോട്ടിലിനെ ചിതറിച്ചു.
തീനാവുകള്‍ ആവാഹിച്ച മദ്യത്തുള്ളികള്‍ മണ്ഡപത്തെ അലങ്കരിച്ച പന്തലിലേക്ക് ചിതറി വീണു.
നിമിഷങ്ങള്‍ക്കുള്ളില്‍ മണ്ഡപം അഗ്നിക്കിരയായി.
“ഇതുപോലെ കത്തുന്ന ഒരു ദിവസം വരും!”
മുകളിലേക്ക് നോക്കി, ഗായത്രിയുടെ കണ്ണുകളിലേക്ക് നോക്കി, ജോയല്‍ ആക്രോശിച്ചു.
“നിന്‍റെ തന്തയെ! അത്രയ്ക്കും തീയുണ്ട് ഇവിടെ”
അവന്‍ നെഞ്ചില്‍ ആഞ്ഞിടിച്ചു.
“ഇവിടെ!”
വീണ്ടും ഇടിച്ചു.
“ഇവിടെ….!”
“ഏട്ടാ!!”
ചുരുട്ടിയ മുഷ്ടി നെഞ്ചിലേക്ക് വീണ്ടും വീഴുന്നതിനു മുമ്പ് ഷബ്നം അവന്‍റെ കൈയ്ക്ക് പിടിച്ചു.
“മതി!!”
അവള്‍ യാചിച്ചു.
“ഇനി വേണ്ട!!”
“അന്ന് നിന്‍റെ കണ്ണീന്ന് എന്തോരം പൂങ്കണ്ണീരു വീണാലും കെടില്ലെടീ ആ തീയ്…അയാളെ വെണ്ണീറാക്കാതെ!!”
കിതച്ചുകൊണ്ട് അവന്‍ അവളെ നോക്കി.
“കരുതിയിരുന്നോളാന്‍ പറ അയാളോട്….എന്നിട്ട് നിന്‍റെ കാണാപ്പാഠപ്പുസ്തകത്തില്‍ നീ റൌണ്ട് ഫിഗര്‍ ചെയ്ത് വെച്ചിട്ടില്ലേ ഞാന്‍ കൊന്ന് തിന്നവരുടെ സംഖ്യ? അതിന്‍റെ കൂടെ ഒന്ന് കൂടി കൂട്ടാം നിനക്ക്!”
രണ്ട് നിമിഷമെങ്കിലും ഗായത്രിക്ക് നേരെ ഉയര്‍ത്തിയ ചൂണ്ടുവിരല്‍ ജോയല്‍ മടക്കിയില്ല.
“വാടീ!”
അവന്‍ ഷബ്നത്തോട് പറഞ്ഞു.
പിന്നെ സന്തോഷിനോടൊപ്പം പുറത്തേക്ക് നടന്നു.
[തുടരും]
Responses (0 )