സൂര്യനെ പ്രണയിച്ചവൾ 14
Sooryane Pranayichaval Part 14 | Author : Smitha | Previous Parts
പ്രണയം പുതുമഴപോലെ ഓരോ ജീവകോശത്തേയും നനച്ചു കുതിര്‍ക്കുകയായിരുന്നു ഗായത്രിയെ. ഓരോ നിമിഷവും നിറവും സുഗന്ധവും പെരുകി വര്‍ഷിക്കുന്ന ഉദ്യാനമാവുകയാണ് മനസ്സ്…
കാതില്‍ എപ്പോഴും ജോയല്‍ മന്ത്രിയ്ക്കുന്നു… കണ്ണുകളില്‍ എപ്പോഴും അവന്‍ നിലാവെളിച്ചം പോലെ കടന്നുവരുന്നു… ചുണ്ടുകളില്‍ എപ്പോഴുമവന്‍ ഇളം ചൂടായി നൃത്തം ചെയ്യുന്നു… മാറില്‍ എപ്പോഴും അവന്‍റെ നെഞ്ചോരത്തിന്‍റെ ദൃഡസ്പര്‍ശമമരുന്നു… ഏഴ് സ്വരങ്ങളുടെ താളലയങ്ങള്‍ മുഴുവന്‍, ജോയല്‍ നീയായി പരിണമിക്കുന്നു…. എനിക്കിപ്പോള്‍ നിദ്രകളില്ല. സ്വപ്നങ്ങളും. പകരം നിന്‍റെ നിശ്വാസവും ഗന്ധവുമാണ്…
അവള്‍ കിടക്കയില്‍ നിന്നുമെഴുന്നേറ്റു. ടെറസ്സിലേക്ക് പോയി. പുറത്ത് നിലാവുണ്ട്. താരാഗണങ്ങളാണ് ആകാശം നിറയെ. ഉദ്യാനത്തിലെ ക്രിസാന്തിമങ്ങളും ഹയാസിന്തുകളും ഡെയ്സിപ്പൂക്കളും ഡഫോഡില്‍സ് പൂക്കളും ഇളം കാറ്റിന്‍റെ പ്രണയോന്‍മത്തതയില്‍ ഉലഞ്ഞുയരുന്നു… അത് കണ്ട് തന്‍റെ മാറിടം ഇത്രമേല്‍ തുടിയ്ക്കുന്നത് എന്തിനാണ്? മട്ടുപ്പാവില്‍ നിന്നും പൂക്കളെ നോക്കവേ അവള്‍ ചിന്തിച്ചു. അവള്‍ പടികള്‍ വേഗത്തിലിറങ്ങി ഉദ്യാനത്തിലേക്ക് ചെന്നു. ഉള്‍ത്തുടിപ്പുകള്‍ക്ക് നിറം നല്‍കുന്ന രാത്രി… കാമുകന്‍റെ മദഗന്ധം കൊണ്ടുവരുന്ന കാറ്റ്… പുരുഷന്‍റെ കരുത്തില്‍ ഞെരിഞ്ഞുപൊടിയാന്‍ ക്ഷണിക്കുന്ന സുതാര്യ നിലാവ്… ഓ… എവിടെയും പ്രണയഹിന്ദോള സംഗീതം…
“എന്താ രാത്രിയില്‍ പതിവില്ലാതെ പൂന്തോട്ടത്തില്‍, ചോട്ടി സാഹിബാ?”
വീര്‍ ബഹാദൂര്‍ സിംഗ്, നേപ്പാളി, സ്വപ്നം മയങ്ങുന്ന വെള്ളാരം കണ്ണുകളുള്ളവന്‍, സുന്ദരന്‍, അവളോട് ചോദിച്ചു. തലാങ്ങ് പര്‍വ്വതച്ചരിവില്‍, തന്നെ മാത്രം ധ്യാനിച്ചിരിക്കുന്ന സുന്ദരിയായ കാമുകിയെക്കുറിച്ച് അവന്‍ തന്നോട് പറഞ്ഞിട്ടുണ്ട്…
“ഒന്നുമില്ല, ഭയ്യാ…”
അവള്‍ ചിരിച്ചു. എന്നിട്ടും അവളുടെ വശ്യമായ നാണം ആ ചിരിയില്‍ മറഞ്ഞില്ല.
“ഇന്നെന്തോ മുകളില്‍ നിന്നും നോക്കിയപ്പോള്‍ പൂന്തോട്ടത്തിന് ഒരു പ്രത്യേക ഭംഗി…അപ്പോള്‍ അടുത്ത് നിന്നു നോക്കണം എന്ന് തോന്നി…”
“അത് വെറുതെ…”
അവന്‍ ചിരിച്ചു. അവന്‍റെ നോട്ടം തന്‍റെ കണ്ണുകളില്‍ തറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഒന്നും ഒളിക്കാന്‍ തനിക്ക് കഴിയില്ല.
“ചോട്ടി സാഹിബാ…”
അവന്‍ പറഞ്ഞു.
“പൂന്തോട്ടം ഇന്ന് കൂടുതല്‍ സുന്ദരമായി തോന്നുന്നു എങ്കില്‍, അത്അടുത്ത നിന്നു കാണണം എന്ന് തോന്നുന്നു എങ്കില്‍, അതിന് ഒരു കാരണമേയുള്ളൂ…”
അത് പറഞ്ഞ് അവന്‍ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി. ഗായത്രിയുടെ കണ്ണുകളില്‍, ചുണ്ടുകളില്‍, ദേഹം മുഴുവന്‍, പ്രണയം നല്‍കിയ ഉന്മത്തതയുടെ സ്വര്‍ണ്ണ വെളിച്ചം നിറഞ്ഞു. അവള്‍ നാണിച്ച് അവനെ നോക്കി. പ്രണയലാവണ്യത്തിന്‍റെ കടും നിറങ്ങള്‍ അവളുടെ നാണത്തില്‍ അലിഞ്ഞുനിറഞ്ഞു.
“മുജേ ലഗ്താ ഹേ കി ആപ് കിസി കെ പ്യാര്‍ മേ ഹേ…”
ആകാശത്തിലെ നക്ഷത്രങ്ങളുടെ മുഴുവന്‍ ശോഭയും അവളുടെ കണ്ണുകളില്‍ നിറഞ്ഞു അപ്പോള്‍.
പനിനീര്‍പ്പൂക്കളിലെ മുഴുവന്‍ സുഗന്ധാമൃതവും അവളുടെ അധരത്തിലേക്ക് കുതിച്ചെത്തി അപ്പോള്‍…
ഐ തിങ്ക് യൂ ആര്‍ ഇന്‍ ലവ് വിത്ത് സം വണ്‍…. ചോട്ടി സഹിബാ, എനിക്കുറപ്പാണ് നീ ആരുമായോ പ്രണയത്തിലാണ്….
വെള്ളാരം കണ്ണുകളുള്ള, തലാങ്ങ് മലഞ്ചെരിവിലേ ഇടയകന്യകയുടെ പ്രണയരക്തത്തില്‍ തീയായി പടര്‍ന്നിറങ്ങിയ സുന്ദരന്‍ എത്രപെട്ടെന്നാണ് തന്‍റെ മനസ്സ് വായിച്ചത്!
“ആരാണ് അയാള്‍ ചോട്ടി സഹിബാ?”
അവന്‍റെ പെട്ടെന്നുള്ള ചോദ്യം അവളുടെ കണ്ണുകളിലെ ഇന്ദ്രനീലവര്‍ണ്ണത്തെയിളക്കി.
“ജോയല്‍…”
അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. അതി വിശുദ്ധമായ ഒരു വാക്ക് ഉച്ചരിക്കുന്നത് പോലെ.
“ജോയല്‍ ബെന്നറ്റ്…”
വീര്‍ ബഹാദൂര്‍ സിങ്ങിന്റെ കണ്ണുകളും വിടര്‍ന്നു. അവനവളെ സാകൂതം നോക്കി.
“ഹേ! ഭഗവാന്‍!”
പ്രാര്‍ഥനയുടെ ഒരു മന്ത്രണം അവനില്‍നിന്നും അവള്‍ കേട്ടു. അവന്‍ കണ്ണുകള്‍ പതിയെ അടച്ചു. തലാങ്ങിലെ ബുദ്ധിസ്റ്റ് മൊണാസ്ട്രിയില്‍ പുരോഹിതന്‍റെ ത്രിപിടക വാഹകനായി നിന്നിട്ടുണ്ട് അവന്‍. അതുകൊണ്ട് തന്നെ രഹസ്യാത്മകമായ മന്ത്ര സിദ്ധികളൊക്കെ ഇവന് വശമുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.
“എന്താ ഭയ്യാ?”
വീര്‍ ബഹാദൂര്‍ സിംഗ് കണ്ണുകള്‍ തുറന്നപ്പോള്‍ അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“ചോട്ടി സാഹിബാ…!”
അവന്‍റെ സ്വരത്തില്‍ പതര്‍ച്ചയുണ്ടോ? അവള്‍ സംശയിച്ചു.
“എന്താ? എന്താ പ്രാര്‍ഥിച്ചപ്പോള്‍ തോന്നിയത് ഭയ്യാ?”
“അത്…”
അവന്‍ ഒന്ന് പരുങ്ങി.
“എന്താണെങ്കിലും പറയൂ”
അവള്‍ വീണ്ടും ആവശ്യപ്പെട്ടു. തന്നെ കളിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവനെന്നു അവള്‍ക്ക് തോന്നി. അങ്ങനെ ആകണേ ഈശ്വരാ! അവളുടേയും ഉള്ളുരുകി.
“കുറച്ച് കുഴപ്പങ്ങള്‍ സംഭവിക്കും എന്ന് തോന്നുന്നു ചോട്ടി സാഹിബാ…”
നെഞ്ചിലേക്ക് ഒരു തീഗോളം വന്ന് പതിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.
“ഗായത്രി…”
മുകളില്‍ നിന്നും ആകാംക്ഷ നിറഞ്ഞ ശബ്ദത്തില്‍ സാവിത്രി മകളെ വിളിച്ചു.
“എന്താ മമ്മി?”
അവള്‍ മുകളിലേക്ക് നോക്കി.
“പെട്ടെന്ന് ഒന്ന് വന്നെ മോളെ! വേഗം!!”
അവള്‍ മുകളിലേക്ക് വേഗത്തില്‍ കയറിച്ചെന്നു.
സാവിത്രി ടെലിവിഷന്റെ മുമ്പിലാണ്.
ആജ് തക് ഹിന്ദി ന്യൂസ് ചാനലാണ്.
“എന്താ മമ്മി?”
അവള്‍ ടെലിവിഷന്‍ സ്ക്രീനിലേക്ക് നോക്കാതെ സാവിത്രിയോട് ചോദിച്ചു.
“മോളെ, ഇത്…”
സാവിത്രി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി.
“ഈ കുട്ടി മോള്‍ടെ കോളേജിലെ അല്ലെ? ….നോക്കിക്കേ …അല്ലെ ….? കോളേജിന്റെ പേരൊക്കെ പറയുന്നു….”
ഗായത്രി പെട്ടെന്ന് ടെലിവിഷന്‍ സ്ക്രീനിലേക്ക് മുഖം തിരിച്ചു. ഹൃദയം നുറുങ്ങിപ്പൊടിയുന്ന ശബ്ദമവള്‍ കേട്ടു.
“പുതിയ ഒരു ടെററിസ്റ്റുകൂടി ഉദയം കൊണ്ടിരിക്കുന്നു….”
ആജ് തക്കിലെ ന്യൂസ് അനലിസ്റ്റ്, അഗ്രസീവ് ജേണലിസ്റ്റ് എന്ന് പേരെടുത്ത അജിത് സഹസ്രബുദ്ധെയുടെ ഉറച്ച, കനത്ത സ്വരം.
“ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ജോയല്‍ ബെന്നറ്റ് മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍, പൊതുജനങ്ങളുടെ മുമ്പില്‍ രണ്ടു പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തുന്ന ഭീദിതമായ രംഗങ്ങളാണ് ഈ ഫൂട്ടേജില്‍ പ്രേക്ഷകര്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്….”
തുടര്‍ന്നു പല ആംഗിളുകളില്‍ നിന്നും പോലീസുകാരെ വെടിവെച്ചു വീഴ്ത്തുന്ന ജോയല്‍ ബെന്നറ്റിന്‍റെ ദൃശ്യങ്ങളും….
“പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജോയല്‍ ബെന്നറ്റിന്റെ അച്ഛന്‍ ബെന്നറ്റ് ഫ്രാങ്ക് മാവോയിസ്റ്റ് ബന്ധമുള്ള കൊടുംഭീകരന്‍ ആണെന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്…”
അജിത് സഹസ്രബുദ്ധെ തുടര്‍ന്നു.
“മാത്രമല്ല കുപ്രസിദ്ധ ചൈനീസ് ആയുധമാഫിയ തലവന്‍ ഷുണ്യാന്‍ പെങ്ങുമായും ബെന്നറ്റ് ഫ്രാങ്ക് അടുത്ത് ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും ലഭ്യമായിട്ടുണ്ട്.
ഗായത്രി ബോധരഹിതയായി നിലം പതിച്ചു. സാവിത്രിയ്ക്ക് ഒന്നും മനസ്സിലായില്ല. അവരുടനെ പരിചാരകരെ വിളിച്ചു. മുഖത്ത് വെള്ളം തളിച്ചുവെങ്കിലും ഗായത്രി ബോധത്തിലേക്ക് വന്നില്ല. അവളെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. **************************************************************************
കഥ പറഞ്ഞ് കഴിഞ്ഞ് റിയ നോക്കുമ്പോള്‍ ഷബ്നത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്…. അടക്കാനാവാത്ത വികാരത്തള്ളലില്‍ അവള്‍ റിയയെ കെട്ടിപ്പിടിച്ചു. റിയ അവളുടെ പുറത്തും തലമുടിയിലും സ്നേഹത്തോടെ വാത്സല്യത്തോടെ തലോടി.
“ഞാനറിഞ്ഞില്ല എന്‍റെ റിയേ…”
വിതുമ്പലിനിടയില്‍ അവള്‍ പറഞ്ഞു.
“ഇതുപോലെ ഒരു കഥയും പേറി നടക്കുന്നയാളാണ് ജോയല്‍ എന്ന്! ജോയലിന്റെ കഥയ്ക്ക് മുമ്പില്‍ നമ്മുടെ കഥകളൊക്കെ എത്ര നിസ്സാരം!!”
റിയക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
“ഞാനിപ്പോള്‍ വരാം!”
ആലിംഗനത്തില്‍ നിന്നുമകന്നുകൊണ്ട് ഷബ്നം പറഞ്ഞു. അത് പറഞ്ഞ് അവള്‍ പുറത്ത് കടന്നു. ഹാളില്‍ അവള്‍ ആരെയും കണ്ടില്ല. അവള്‍ മുറ്റത്തേക്ക് ഇറങ്ങി. അവിടെ വീരപ്പന്‍ സന്തോഷിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു ജോയല്‍.
“എന്താ ഷബ്നം?”
സന്തോഷ് അവളോട് ചോദിച്ചു.
“എനിക്ക് ജോയലിനോട് ഒരു കാര്യം…”
“രഹസ്യമോ? അങ്ങനെ ഒരു രഹസ്യം നമുക്കിടയില്‍ പതിവില്ലല്ലോ…”
ജോയല്‍ നെറ്റി ചുളിച്ചുകൊണ്ട് ഷബ്നത്തേ നോക്കിപ്പറഞ്ഞു.
“പ്ലീസ്! ഒരു മിനിറ്റ്!”
അവള്‍ അപേക്ഷയുടെ സ്വരത്തില്‍ പറഞ്ഞു.
“ചെല്ല്!”
സന്തോഷ് ജോയലിന്റെ നേരെ കണ്ണുകള്‍ കാണിച്ചു. അവള്‍ മുറ്റത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.
“പറയൂ, ഷബ്നം…”
ജോയല്‍ പറഞ്ഞു.
അവള്‍ കൈകള്‍ കൂപ്പുന്നത് കണ്ടപ്പോള്‍ അവനൊന്ന് അന്ധാളിച്ചു.
“എന്തായിത്? എന്താ നിനക്ക് പറ്റിയെ?”
“ഞാന്‍…”
അവളുടെ കണ്ണുകള്‍ നിറയുന്നത് അവന്‍ കണ്ടു.
“ശ്യെ! എന്താ കുട്ടീ ഇത്?”
അവന്‍ ചുറ്റും നോക്കി.
“റിയേ, എടീ, ഇങ്ങോട്ടൊന്ന് വന്നെ!”
“വേണ്ട!!”
ഷബ്നം വിലക്കി.
“റിയയെ വിളിക്കണ്ട…എനിക്ക് …”
അവള്‍ കണ്ണുകള്‍ തുടച്ചു.
“എനിക്ക് ഏട്ടനോട് … ഒരു കാര്യം കണ്‍ഫസ്സ് ചെയ്യാനുണ്ട്… അത് പറഞ്ഞില്ലേല്‍ എനിക്ക് സമാധാനമുണ്ടാവില്ല….”
“അവള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ജോയലിന് മനസ്സിലായില്ല.
“റിയയ്ക്ക് അറിയാം … എനിക്ക് ഏട്ടനെ ഇഷ്ടമാണ് ..അല്ല ആയിരുന്നു….എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു …ഇഷ്ടമാണ് …പക്ഷെ …അല്‍പ്പം മുമ്പ് …”
അവളുടെ വാക്കുകള്‍ വിക്കുകയും ശ്വാസം ഉയരുകയും ചെയ്തു. സുന്ദരിയായ ആ പെണ്‍കുട്ടിയില്‍ നിന്നും പുറത്തേക്ക് വന്ന വാക്കുകള്‍ കേട്ട് അവനൊന്നന്ധാളിച്ചു.
“മോളെ, നീ…”
അവന്‍ കയ്യുയര്‍ത്തി. വിലക്കാനെന്ന പോലെ.
“ഇല്ല ഏട്ടാ…”
മിഴിനീരിനിടയില്‍ അവള്‍ പുഞ്ചിരിച്ചു.
“എനിക്ക് ജീവനേക്കാള്‍ ഇഷ്ടമായിരുന്നു…ഇപ്പഴും ആണ് …പക്ഷെ ഇപ്പഴത്തെ ഇഷ്ടം ആദ്യത്തെ പോലെയല്ല…”
അവളൊന്നു നിര്‍ത്തി അവനെ നോക്കി.
“ഇപ്പോള്‍ എനിക്ക് എന്‍റെ സ്വന്തം ഏട്ടനെപ്പോലെ, എന്‍റെ മൂത്ത സഹോദരനെപ്പോലെ…അതെ ..അതുപോലെയാണ് …കാരണം അല്‍പ്പം മുമ്പ് റിയ എന്നോടെല്ലാം പറഞ്ഞു… അത് വരെ എനിക്ക് ഏട്ടനെ എന്‍റെ സ്വന്തമായി കിട്ടണം എന്നൊക്കെ ..എന്നൊക്കെ …എന്താ പറയുക? ഒരു തനി നാടന്‍ പെണ്ണിനെപ്പോലെ ഞാന്‍ ചിന്തിച്ചു, സ്വപ്നം കണ്ടു, പക്ഷെ….”
ജോയല്‍ അദ്ഭുതത്തോടെ അവളുടെ ഓരോ വാക്കും സശ്രദ്ധം കേട്ടു.
“പക്ഷെ റിയ എന്നോട് ഗായത്രിയെക്കുറിച്ച് പറഞ്ഞു ഇപ്പോള്‍….”
ഷബ്നം തുടര്‍ന്നു.
ഗായത്രിയുടെ പേര് ഉച്ചരിച്ചപ്പോള്‍ അവന്‍റെ മുഖഭാവം എന്താണ് എന്ന് ഷബ്നം ശ്രദ്ധിച്ചു. പ്രത്യേകിച്ച് ഒരു ഭാവമാറ്റം അവന്‍റെ മുഖത്ത് കാണാതെ വന്നപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു.
“ആ കഥ കേട്ടുകഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ഏട്ടന്‍ എനിക്ക് കാമുകന്‍ അല്ല, എനിക്ക് സ്വന്തം ഏട്ടനാണ് എന്ന് ഞാന്‍ ഉറപ്പിച്ചു, മനസ്സിനെ പഠിപ്പിച്ചു….”
അപ്പോഴേക്കും റിയ അങ്ങോട്ട് വന്നു.
“എന്താ ജോയല്‍?”
റിയ ചോദിച്ചു.
“എന്താന്നോ? എന്നുവെച്ചാല്‍?”
ഒന്നും മനസ്സിലാകാതെ ജോയല്‍ ചോദിച്ചു.
“എന്നുവെച്ചാല്‍ റിയേ റിയേ എന്ന് എന്തിനാണ് എന്നെ വിളിച്ച് ഇങ്ങോട്ട് വരുത്തിയത് എന്ന്!”
റിയ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
“ആ! അതോ!”
പെട്ടെന്ന് ഓര്‍മ്മിച്ച് ജോയല്‍ പറഞ്ഞു.
“ഈ കുട്ടി എന്‍റെ മുമ്പീന്നു കരയാനോക്കെ തുടങ്ങീപ്പം…അന്നേരം വിളിച്ചതല്ലേ? എന്നിട്ട് കരച്ചില്‍ ഒക്കെ നിര്‍ത്തി ഹാപ്പിയായി കൂളായി വന്നപ്പഴാണോ നീ വരുന്നേ?”
“അത് ശരി!”
അവള്‍ മുഖം ചുളിച്ച് അവനെ നോക്കി.
“മിസ്റ്റര്‍ ജോയല്‍!”
അവള്‍ ഗൌരവത്തില്‍ പറഞ്ഞു.
“താങ്കള്‍ റിയേ എന്ന് വിളിച്ചതിനും എന്‍റെ വരവിനുമിടയില്‍ ഏകദേശം മൂന്ന്‍ മിനിറ്റ് വ്യത്യാസമേ സംഭവിച്ചിട്ടുള്ളൂ…”
പെട്ടെന്ന് അവള്‍ ഷബ്നത്തേ നോക്കി.
“അല്ല നീയെന്തിനാ കരഞ്ഞേ?”
“അത്…”
ഷബ്നം ജോയലിനെ നോക്കി.
“അല്ല..അതിപ്പം വീണ്ടും ഇവിടെ പറയണ്ട!”
അവന്‍ ഷബ്നത്തിന് നേരെ തിരിഞ്ഞ് അല്‍പ്പം ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
“ആഹാ!”
റിയ രണ്ടുപേരെയും മാറി മാറി നോക്കി.
“വീണ്ടും പറയണ്ട എന്നുവെച്ചാല്‍? എന്താടി അത്?”
“അത് റിയേ…”
ഷബ്നം ആദ്യമൊന്ന് ലജ്ജിച്ചു.
പിന്നെ ജോയലിന്റെ നേരെ അല്‍പ്പം ദൈന്യതയോടെ നോക്കി.
“അത് ഞാന്‍ എന്‍റെ മനസ്സിലെ ആ കാര്യം ജോ ..അല്ല ഏട്ടനോട് പറഞ്ഞ് ഒന്ന് ക്ലീനാക്കുവാരുന്നു….”
“ഏട്ടനോ?”
റിയ ഷബ്നത്തേ അദ്ഭുതപ്പെട്ടു നോക്കി.
“അതെ, ഏട്ടന്‍…ആങ്ങള, സഹോദരന്‍…കൂടെപ്പിറപ്പ്…”
അവള്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു.
“നെനക്കറിയാല്ലോ…”
ഷബ്നം തുടര്‍ന്നു.
“എനിക്ക് ഏട്ടനോട് ആദ്യം തോന്നിയ ഇഷ്ടം..നീ ഗായത്രിയുടെ കഥ പറയുന്നത് വരെ എനിക്ക് ഏട്ടനോട് ഉണ്ടായിരുന്ന ഇഷ്ടം എന്താണ് എന്ന് നിനക്കറിയില്ലേ? പക്ഷെ ഗായത്രിയുടെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ..ഇനിയും ഞാന്‍ ഏട്ടനെ ആ രീതിയില്‍ കാണരുത് എന്ന് ..അതൊന്നു പറഞ്ഞു തിരുത്തി മനസ്സൊന്നു ക്ലീനാക്കാന്‍ വന്നതാ ഞാന്‍ ..അന്നേരം ഞാന്‍ ഒന്ന് കരഞ്ഞു ..അത്കൊണ്ടാ ഏട്ടന്‍ നിന്നെ വിളിച്ചെ…”
“ഒരു പുന്നാര ഏട്ടനും അതിലും പുന്നാര അനീത്തീം!”
റിയ ചിരിച്ചു.
“എന്‍റെ പൊന്നെ, ഞാന്‍ ആദ്യം ഈ സാധനത്തിനെ പ്രൊപ്പോസ് ചെയ്തതാ…കാണാന്‍ അത്ര വലിയ കുഴപ്പമില്ല അതുകൊണ്ട് ഐ ലവ് യൂ പറഞ്ഞാല്‍ എന്നെ കയ്യും നീട്ടി സ്വീകരിക്കും പിന്നത്തെ സീന്‍ സ്വിറ്റ്സര്‍ലന്‍ഡ് അല്ലേല്‍ ന്യൂസിലാന്‍ഡിലെ ഏതേലും തടാകക്കരയില്‍ ചാം ച്ച ചോം ചച്ച ചുമര് ച ച്ച ചാ എന്നൊക്കെ ഡ്യൂവറ്റ് പാടി കുറച്ചൊക്കെ മരം ചുറ്റി പ്രേമം ഒക്കെ ആസ്വദിക്കാം എന്നൊക്കെ ഞാന്‍ വിചാരിച്ചു എന്‍റെ പെണ്ണേ…പക്ഷെ…”
റിയയുടെയും ശബ്ദം അപ്പോള്‍ ഇടറി.
“അല്ലെങ്കിലും ഇതുപോലെ ആണൊരുത്തന്‍ നമ്മുടെ കണ്ണുകള്‍ക്ക് മുമ്പില്‍ ഉള്ളപ്പോള്‍ എങ്ങനെയാടി ഞാനും നീയുമൊക്കെ കണ്ട്രോള്‍ ചെയ്ത് നിക്കുന്നെ!”
ശബ്ദം ഇടറിയെങ്കിലും റിയ തുടര്‍ന്നു.
“പക്ഷെ…”
നിറകണ്ണുകളോടെ അവള്‍ തുടര്‍ന്നു.
“…പക്ഷെ എന്‍റെ മനസ്സിലിരിപ്പ് മനസ്സിലാക്കി സന്തോഷ് ചേട്ടന്‍ ജോയലിന്റെ കഥ മൊത്തം എന്നോട് പറഞ്ഞു…അത് കേട്ട് എന്‍റെ ചങ്ക് മരച്ചു പോയെടീ… നിന്നെപ്പോലെ ഞാനും കരഞ്ഞെടീ ഒരുപാട്…ഞാനും പഠിപ്പിച്ചു എന്‍റെ മനസ്സിനെ…അതെ ജോയല്‍ എന്‍റെ ഫ്രണ്ട് ആണ് ..നല്ല ഫ്രണ്ട് …ഗായത്രിയാണ് ..അവള്‍ മാത്രമാണ് ജോയലിന്റെ പെണ്ണ് … ഒരുമിച്ചാലും ഇല്ലെങ്കിലും … സിനിമാ എഴുത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമിക്കാനുള്ള ഒരു വിദൂര സാധ്യതപോലും ഇല്ലെങ്കിലും മനസ്സില്‍ എന്നും ഗായത്രി മതി ജോയലിന് ….”
റിയ കണ്ണുകള്‍ തുടച്ചു.
“നിങ്ങക്ക് വേറെ പണിയൊന്നുമില്ലേ പെണ്ണുങ്ങളെ?”
ജോയല്‍ ശബ്ദമുയര്‍ത്തി.
“ടീമിലുള്ള ആര്‍ക്കും പാടില്ലാത്തത് ആണ് ഈ കരച്ചിലും പിഴിച്ചിലും സങ്കടം പറച്ചിലും…എന്നിട്ട്…”
ബാക്കി പറയാന്‍ ജോയലിനായില്ല. അവനും ഒരു നിമിഷം വിതുമ്പി. അത് കണ്ടുനില്‍ക്കാന്‍ ശക്തിയില്ലാതെയെന്നോണം രണ്ടു പെണ്‍കുട്ടികളും അവന്‍റെ നേരെ അടുത്തു. അവനെ ഇരുവരും കെട്ടിപ്പുണര്‍ന്നു.
“എന്‍റെ ജോയല്‍…എനിക്ക് …”
അവന്‍റെ കവിളില്‍ ചുണ്ടുകള്‍ അമര്‍ത്തി റിയ പറഞ്ഞു.
“ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല..എങ്കിലും പ്രാര്‍ഥിയ്ക്കാറുണ്ട് ഞാന്‍ നിനക്കും ഗായത്രിയ്ക്കും വേണ്ടി…”
ജോയലിന്റെ കൈ അവളുടെ ചുമലില്‍ അമര്‍ന്നു.
“വേണ്ടെടീ…”
അവന്‍ പറഞ്ഞു.
“പ്രാര്‍ത്ഥനയുടെ വിഷയം ഒന്ന് മാറ്റിപ്പിടിച്ചേരെ! പ്രാര്‍ത്ഥന വേണ്ടെന്നു വെയ്ക്കേണ്ട…അത് തുടര്‍ന്നോ…നമുക്ക് വേണ്ടി …നമ്മുടെ ഗ്രൂപ്പിന് വേണ്ടി… നെഞ്ചും ശിരസ്സും തുളയ്ക്കാനെത്തുന്ന വെടിയുണ്ടകള്‍ക്ക് കാലതാമസം വരാന്‍….അതിന് വേണ്ടി പ്രാര്‍ഥിച്ചോ… പ്രതികാരചിന്തയുടെ അടിമത്തം നമ്മള്‍ ആസ്വദിയ്ക്കുന്നത് അവസാനിക്കാതിരിക്കാനും …”
“പറ്റില്ല ഏട്ടാ…”
അവന്‍റെ ദൃഡമായ കരവലയതിന്റെ സുരക്ഷിതത്വം ആസ്വദിച്ച് ഷബ്നം പറഞ്ഞു.
“ഞാന്‍ പ്രാര്‍ഥിയ്ക്കും ഇന്ന് മുതല്‍ …അല്ലാഹ് ..ആ കുട്ടി എവിടെയായാലും സന്തോഷത്തോടെയിരിക്കണേ…എന്‍റെ എട്ടന്റെ പെണ്ണായി വീണ്ടും വരാന്‍ ആ കുട്ടിയുടെ ഉള്ളില്‍ തോന്നല്‍ കൊടുക്കണേ….എന്ന്.”
അവളുടെ മിഴിനീരു വീണ് ജോയലിന്റെ ചുമല്‍ നനഞ്ഞു. അവരിരുവരും അവന്‍റെ കരീവലയത്തില്‍ നിന്നും അകന്നു.
“ആ കുട്ടി എവിടെ ആയിരുന്നാലും എന്ന് ഇനി പറയേണ്ട ഷബ്നം,”
റിയ പറഞ്ഞു.
“എന്നുവെച്ചാല്‍?”
“എന്നുവെച്ചാല്‍…”
റിയ പുഞ്ചിരിച്ചു.
“ഇവിടെ ഉണ്ട് അവള്‍..ഇവിടെ ..പാലക്കാട്…”
ഷബ്നം അവിശ്വസനീയതയോടെ ഇരുവരേയും മാറി മാറി നോക്കി. ജോയല്‍ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും വരുത്താതെ വിദൂരതയിലേക്ക് നോക്കി. [തുടരും]
Responses (0 )