സൂര്യനെ പ്രണയിച്ചവൾ 13
Sooryane Pranayichaval Part 13 | Author : Smitha | Previous Parts
ടൂറിംഗ് ബസ്സ് തിരികെ കാമ്പസ്സില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഒന്‍പത്.
“ശ്യോ!”
ഗായത്രി നിരാശയോടെ ജോയലിനെ നോക്കി.
“എന്താ?”
അവന്‍ തിരക്കി.
“പെട്ടെന്ന് തീര്‍ന്നു…”
അവള്‍ പറഞ്ഞു.
“ഇനി ജോയലിന് പോകേണ്ടേ? എനിക്കും പോകേണ്ടേ?”
അവന്‍ പുഞ്ചിരിച്ചു.
“നമുക്ക് പോകണ്ട ജോ… നമുക്ക് …”
അവളുടെ മിഴികള്‍ നനയുന്നത് അവന്‍ കണ്ടു.
അവള്‍ക്ക് ചുറ്റും പ്രണയത്തിന്‍റെ എണ്ണമറ്റ കടും നിറങ്ങള്‍ കൂടിപ്പിണഞ്ഞ് രാക്കാറ്റിന്‍റെ താളമായി പരിണമിക്കുന്നു….
ചുറ്റും അത്യാഹ്ലാദത്തിന്‍റെ നിറ സമുദ്രമാണ്.
കുട്ടികളുടെ രൂപത്തില്‍.
അവിസ്മരണീയമായ ഒരു യാത്ര പൂര്‍ത്തിയാക്കിയതിന്റെ.
പക്ഷെ ഗായത്രിയ്ക്ക് എല്ലാം പൊടുന്നനെ നിശബ്ദമായത് പോലെ തോന്നി.
ഒരിടത്തും ശബ്ദത്തിന്‍റെ തന്മാത്രകള്‍ പോലും എനിക്ക് കണ്ടെത്താന്‍ പറ്റുന്നില്ല ജോയല്‍….
എന്‍റെ സ്നേഹരാഗം നീയല്ലേ ജോയല്‍…
എന്‍റെ കരളിനെ തൊടുന്ന സംഗീതമായിരുന്ന നീയിനി എന്‍റെ സമീപത്ത് നിന്നും പോവുകയല്ലേ?
എന്‍റെ സ്വപ്നങ്ങളിലിളകുന്ന കുളിര്‍നിറങ്ങള്‍ നീയല്ലേ?
ഒരു രജത പ്രവാഹം പോലെ നീയെന്നെപ്പൊതിയുമ്പോള്‍, എന്‍റെ ജോ, മറ്റെന്തെങ്കിലുമറിയുകയെന്നത് പാപമാണ് എനിക്ക്!
പ്രയാഗ് നികുന്‍ജിന്‍റെ താഴ്വാരത്തെ ഈ ക്യാമ്പസ്സില്‍ എല്ലാവരും ഇപ്പോള്‍ തീവ്രാഹ്ളാദത്തിന്‍റെ കുതിപ്പിലാണ്…
എനിക്ക് കഴിയില്ല…
നീ പോകുന്നു എന്ന യാഥാര്‍ത്ഥ്യം എന്‍റെ മുമ്പില്‍ ഇതാ ഇങ്ങനെ സംഭവിക്കുമ്പോള്‍….
കഴിയില്ല എനിക്ക്, ഒരു നിമിഷം പോലും നിന്നെപ്പിരിഞ്ഞ്….
“ജോ…”
പെട്ടെന്ന് അവനെ ഞെട്ടിച്ചുകൊണ്ട് അവള്‍ മറ്റുള്ളവര്‍ കാണ്‍കെ അവനെ അമര്‍ത്തി പുണര്‍ന്നു.
“എനിക്ക് ജോയെ വിടാന്‍ തോന്നുന്നില്ല…”
ജോയല്‍ ചുറ്റും നോക്കി.
ചിലര്‍ കാണുന്നുണ്ട്.
അധ്യാപകരടക്കം.
പക്ഷെ അവളെ തന്‍റെ ദേഹത്ത് നിന്നും വേര്‍പെടുത്താന്‍ കഴിയുന്നുമില്ല.
അവരുടെ മുഖങ്ങളില്‍ പക്ഷെ അസാധാരണത്വമൊന്നുമില്ല.
ജാള്യതയോടെ അവനവരെ നോക്കിയെങ്കിലും.
“എനിക്ക് എന്തോ പേടിയാകുന്നു ജോ….”
അവന്‍റെ നെഞ്ചില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അവള്‍ മന്ത്രിച്ചു.
നെഞ്ചില്‍നിന്നു പ്രണയപ്പിറാവുകടെ കുറുകല്‍ ഉച്ചത്തിലാവുന്നു…
മഞ്ഞിന്‍ പടലത്തിന്റെ മേലെ തെളിനിലാവ് പ്രണയിനിയുടെ സ്വപ്നം പോലെ കുതിര്‍ന്നു വീഴുന്നുണ്ട്, അവളുടെ ചൂടുള്ള ചുണ്ടുകള്‍ തന്‍റെ നെഞ്ചോരത്തേ തൊടുമ്പോള്‍…
“ജോ എന്‍റെ വീട്ടിലേക്ക് വാ…”
അവള്‍ വീണ്ടും മന്ത്രിച്ചു.
“അല്ലെങ്കില്‍ ഞാന്‍ ജോ ടെ വീട്ടിലേക്ക് വരാം…”
“ഗായത്രി …അത് ….”
അവന്‍ പറയാന്‍ ശ്രമിച്ചു.
അവളുടെ ആലിംഗനം ഒന്നുകൂടി ദൃഡമായി.
“അറിയില്ല എനിക്ക് … ഇപ്പൊ ജോ പോയാല്‍ ഇനി ജോയെ എനിക്ക് കാണാന്‍ പറ്റി ….പറ്റില്ല ..എന്നൊക്കെ തോന്നുവാ….”
“നീയെന്താ ഗായത്രി ഇപ്പറയുന്നെ?”
അവന്‍റെ കണ്ണുകള്‍ വീണ്ടും തങ്ങളെ വീക്ഷിക്കുന്നവരില്‍ പതിഞ്ഞു.
“നാളെ നമ്മള്‍ എല്ലാവരും ഇങ്ങോട്ട് വരികയല്ലേ? ഞാനും നീയും എല്ലാരും…”
“അറിയാം…”
അവന്‍റെ നെഞ്ചില്‍ അവളുടെ മുഖം വീണ്ടും അമര്‍ന്നു.
“നാളെ ജോ വരും..നാളെ ഞാന്‍ വരും ..നാളെ നമ്മള്‍ കാണും …നമ്മള്‍ …ഇവിടെ …പക്ഷെ എനിക്ക് എന്തോ ഈ നിമിഷം ജോയെ വിട്ടുപോകാന്‍ …”
അവളുടെ ചുണ്ടുകള്‍ വീണ്ടും അവന്‍റെ നെഞ്ചില്‍ അമര്‍ന്നു.
“ഐ ഡോണ്ട് നോ … ഐ ഡോണ്ട് നോ വൈ അയാം ബീയിംഗ് ചേസ്ഡ് ബൈ എ നൈറ്റ്മേര്‍….”
ജോയലിന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.
പ്രണയ പാരവശ്യം അവനുമുണ്ടായിരുന്നു.
പക്ഷെ പബ്ലിക് പ്ലേസാണ്.
ആളുകള്‍ നോക്കുന്നു.
എങ്ങനെ അവളെ വേര്‍പെടുത്തും.
“ഗായത്രി എല്ലാവരും നോക്കുന്നു ….”
അവന്‍ അവസാനം പറഞ്ഞു.
“പ്രൊഫസ്സേഴ്സ് ഒക്കെ….”
ഗായത്രി പെട്ടെന്ന് അവനില്‍ നിന്നും വേര്‍പെട്ടു.
അതിയായ ലജ്ജയോടെ അവള്‍ ചുറ്റും നോക്കി.
ജോയലിന്റെയും ഗായത്രിയുടെയും കൂട്ടുകാര്‍ കരഘോഷം മുഴക്കി.
“ഇതിനാണ് നീ ജോയലിന്റെ സീറ്റ് ചോദിച്ച് വാങ്ങിയത് അല്ലെ?”
ജയശ്രീ മാഡം അടുത്തേക്ക് വന്ന് പുഞ്ചിരിയോടെ ചോദിച്ചു.
“മാഡം ..അത് …”
അവള്‍ വാക്കുകള്‍ക്ക് വേണ്ടി വിക്കി.
ജോ ലജ്ജയോടെ അവരെ നോക്കുന്നു.
“കുഴപ്പമില്ല…”
മാഡം പുഞ്ചിരിച്ചു.
“നന്നായി പഠിക്കണം…മിടുക്കരാകണം രണ്ടുപേരും… ഈശ്വരന്‍ കൂടെയുണ്ടാവട്ടെ എപ്പോഴും…!”
അവര്‍ വീണ്ടും പറഞ്ഞു.
ഗായത്രി അപ്പോള്‍ അവര്‍ക്ക് നേരെ കൈകൂപ്പി കാണിച്ചു.
ജോയല്‍ തിങ്ങി നിറഞ്ഞ കൃതജ്ഞതയോടെ അവരെ നോക്കി.
“പോകട്ടെ ഞാന്‍?”
ജയശ്രീ മാഡം അവരില്‍ നിന്നും പോയപ്പോള്‍ ജോയല്‍ ചോദിച്ചു.
അവളുടെ മുഖത്തേക്ക് വീണ്ടും വിഷാദം കടന്നു വന്നു.
അവള്‍ തലകുലുക്കി.
“വീട്ടില്‍ ചെന്ന് എന്നെ വിളിക്കണം…അല്ലെങ്കില്‍ ഞാന്‍ വിളിക്കാം…നാളെ ..നേരത്തെ വരണം..ഞാന്‍ വരും നേരത്തെ ..എനിക്ക് വയ്യ ജോ …ജോയെ കാണാതെ…”
“നേരത്തെ വരാം…”
അവന്‍ പറഞ്ഞു.
“ഞാന്‍ രബീന്ദ്ര വിഹാറില്‍ കാണും… “
അവള്‍ പറഞ്ഞു.
“ജോ ആദ്യം ലെക്ചര്‍ ഹാളിലേക്ക് പോയിട്ട് നേരെ അങ്ങോട്ട് വരണം…”
“ശരി…”
അവന്‍ തലകുലുക്കി.
അപ്പോഴേക്കും അവളെ കൂട്ടിക്കൊണ്ട് പോകാന്‍ കാറെത്തി.
ജോ ഷെഡ്ഢില്‍ നിന്നും ബൈക്കെടുത്തു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും ഗായത്രിയുടെ കാര്‍ നീങ്ങാന്‍ തുടങ്ങിയിരുന്നു.
ജോയല്‍ അങ്ങോട്ട് നോക്കി.
കാറിനകത്ത്, തന്നെ നോക്കി അവള്‍ കണ്ണുകള്‍ തുടയ്ക്കുന്നത് അവന്‍ കണ്ടു.
പെട്ടെന്ന് വീട്ടിലെത്തണം.
ഉച്ചയായപ്പോള്‍ മൊബൈല്‍ ബാറ്ററി ഡെഡ് ആയത്കൊണ്ട് പപ്പായെയോ മമ്മിയെയോ ഒന്ന് വിളിക്കാന്‍ കഴിഞ്ഞില്ല.
വീട്ടിലെത്തിക്കഴിഞ്ഞ്, ഗേറ്റ് തുറന്ന്, ബൈക്ക് ഗ്യാരേജില്‍ വെച്ച് ആശ്വാസത്തോടെ അവന്‍ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
പ്രതികരണമില്ല.
ചുറ്റുവട്ടം മുഴുവന്‍ നിശബ്ദമാണ്!
സമീപത്തുള്ള വീടുകളുടെ പരിസരങ്ങളിലും ശബ്ദങ്ങള്‍ മരവിച്ച് കിടക്കുന്നു!
ഇന്നെന്താ ഇങ്ങനെ?
“മമ്മാ…!”
അവന്‍ ഉറക്കെ വിളിച്ചു.
പെട്ടെന്ന് കതകിനു പിമ്പില്‍ ചലനങ്ങള്‍ അവനറിഞ്ഞു.
കതക് സാവധാനം തുറക്കപ്പെട്ടു.
കതക് പാളികള്‍ക്ക് പിമ്പില്‍ ഭയപ്പാടു നിറഞ്ഞ മമ്മയുടെ മുഖം.
“എന്താ മമ്മ?”
അകത്തേക്ക് കയറവേ അവന്‍ ചോദിച്ചു.
“ഒരു ഒച്ചേം അനക്കോം ഇല്ലാതെ?”
ജെയിന്‍ ഒന്നും പറഞ്ഞില്ല.
അവന്‍ അവരെ നോക്കി.
“എത്ര പ്രാവശ്യം ഞാന്‍ നിന്നെ വിളിച്ചു ജോയല്‍? നീയെന്താ ഫോണ്‍ എടുക്കഞ്ഞേ?”
അവനോടൊപ്പം ദിവാന്‍ കോട്ടില്‍ ഇരുന്നുകൊണ്ട് അവര്‍ തിരക്കി.
“മമ്മി, അത് …. ഉച്ചയായപ്പോള്‍ അതിന്‍റെ ബാറ്ററി ഓഫ് ആയി..അതാ…”
അവന്‍ ബാഗ് മേശപ്പുറത്തേക്ക് വെച്ചു.
“പപ്പാ വന്നില്ലേ?”
അവന്‍ തിരക്കി.
“ഇന്ന് നൈറ്റ് അവിടെയാണോ?”
ജോയലിന്റെ ആ ചോദ്യം ജെയിനെ വിഷമിപ്പിച്ചത് എന്തിനെന്ന് അവന് മനസ്സിലായില്ല.
“എന്താ മമ്മി?”
ജെയിന്‍റെ മുഖത്തെ മാറ്റം കണ്ടിട്ട് ജോയല്‍ ചോദിച്ചു.
“മോനെ…”
അവര്‍ അവന്‍റെ സമീപമിരുന്നു.
“ഇവിടെ ഒരു പോലീസ് ഓഫീസര്‍ വന്നിരുന്നു…ഒരു പോത്തന്‍ ജോസഫ്…”
അവര്‍ പറഞ്ഞു.
ജോയല്‍ അതത്ര കാര്യമാക്കിയില്ല.
ബെന്നറ്റിനെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരോക്കെ കാണാന്‍ വരുന്നത് അവനറിയാം.
“പോയിട്ട് ഇപ്പോള്‍ കുറെ നേരമായി…”
ജെയിന്‍ തുടര്‍ന്നു.
“വിളിച്ചിട്ട് ഫോണ്‍ ഓഫാണ്…എനിക്കെന്തോ വല്ലായ്ക തോന്നുന്നു…”
“എന്ത് വല്ലായ്ക?”
പുഞ്ചിരിയോടെ ജോയല്‍ ചോദിച്ചു.
“അറിയില്ല ..ഫോണ്‍ എടുക്കുന്നില്ല..എന്‍റെ മനസ്സില്‍ എന്തോ …മോന്‍ ഒന്ന് പോകാമോ? ടൈം ഇപ്പോള്‍ ഒരുപടാകുന്നു…മോന് ടൂറൊക്കെ മടുപ്പായിരുന്നോ? അല്ലെങ്കില്‍ ഒന്ന് പോയി നോക്കിയിട്ട് വാ മോനെ..മമ്മയ്ക്ക് എന്തോ …”
ജെയിന്‍റെ കണ്ണുകള്‍ നിറഞ്ഞു.
“ശ്യെ! എന്താ മമ്മി ഇത്?”
അവനെഴുന്നേറ്റു .
ജെയിനെ ചേര്‍ത്ത് പിടിച്ചു.
“പപ്പായെ പോലീസ് വിളിപ്പിക്കുന്നത് ഇത് ആദ്യമായാണോ? അവര്‍ക്ക് എന്തോ ഹെല്‍പ്പ് ആവശ്യമുണ്ട് പപ്പായെക്കൊണ്ട് ..മുമ്പൊക്കെ അങ്ങനെ അല്ലാരുന്നോ?”
“അന്നൊന്നും മമ്മയ്ക്ക് ഇതുപോലെ ഒരു പേടി ഒന്നും തോന്നില്ലാരുന്നു മോനെ!”
അവന്‍റെ ചുമലില്‍ മുഖമമര്‍ത്തി അവര്‍ പറഞ്ഞു.
“മമ്മി വെഷമിക്കാതെ! ഞാന്‍ പോയി വരാം! പോത്തന്‍ ജോസഫ് സാറല്ലേ വന്നെ? ഞാനിപ്പം തന്നെ ഓഫീസില്‍ പോയി സാറിനെ കാണാം. പപ്പേം കൂട്ടി വരാം,”
ജോ എഴുന്നേറ്റു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഗേറ്റ് കടന്നു പോയി.
ഗേറ്റ് തിരികെ അടയ്ക്കുമ്പോള്‍ അവന്‍ വീടിന് നേരെ നോക്കി.
വെളിയില്‍ ജെയിന്‍ അവനെ നോക്കി നില്‍ക്കുന്നു.
അവന് മമ്മിയെ ഒന്നുകൂടി കാണണം എന്ന് തോന്നി.
അവരുടെ നേരെ ചെല്ലാന്‍ അവന്‍റെ ഉള്ളമൊന്നു പിടഞ്ഞു.
എന്ത് പറ്റി?
ഇതുപോലെയൊക്കെ തോന്നാന്‍?
ജെയിനെ ഒന്നുകൂടി നോക്കിയതിന് ശേഷം അവന്‍ ബൈക്ക് മുമ്പോട്ടോടിച്ചു.
നഗര ബഹളങ്ങളിലൂടെ ബൈക്ക് ബൈക്കുള ഏരിയയിലെ മൂന്നാം നമ്പര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
മുറ്റത്ത് ബൈക്ക് പാര്‍ക്ക് ചെയ്തതിനു ശേഷം അവന്‍ സ്റ്റേഷന്‍റെ വരാന്തയിലേക്ക് കയറി.
“നമസ്ക്കാര്‍ സാര്‍,”
വരാന്തയില്‍ വെച്ച് അവന്‍ ഒരു സബ്ബ് ഇന്‍സ്പെക്റ്ററെ കണ്ടു.
അയാള്‍ അവനെ നോക്കി.
“എന്താ?”
“സാര്‍ ഞാന്‍ ജോയല്‍…”
അവന്‍ പറഞ്ഞു.
“ജോയല്‍ ബെന്നറ്റ്..എന്‍റെ അച്ഛന്‍ ബെന്നറ്റ് ഫ്രാങ്ക് ….ഇന്ത്യന്‍ എക്സ്പ്രസ്സിലെ…”
“ഓക്കേ…”
ഇന്‍സ്പെക്റ്ററുടെ മുഖത്ത് താല്‍പ്പര്യവും ബഹുമാനവും കടന്നുവന്നു.
“എന്ത് പറ്റി, പറയൂ…”
“പപ്പായെ ഓഫീസര്‍ പോത്തന്‍ ജോസഫ് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നിരുന്നു…പപ്പാ അകത്തുണ്ടോ ഇപ്പോള്‍?”
ഇന്‍സ്പെക്റ്റര്‍ അന്ധാളിപ്പോടെ ജോയലിനെ നോക്കി.
“പപ്പാ ഇവിടെയില്ലല്ലോ ജോയല്‍…”
അയാള്‍ പറഞ്ഞു.
പെട്ടെന്ന് അയാള്‍ സമീപത്ത് കൂടി കടന്നുപോയ ഹവല്‍ദാറെ അടുത്തേക്ക് വിളിപ്പിച്ചു.
“ഗോവിന്ദ് സിംഗ്, എവിടെ പോത്തന്‍ സാര്‍?”
“പോത്തന്‍ സാര്‍ നമ്മുടെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്‍റെ എഡിറ്ററുടെ വീട്ടില്‍ പോയതാ..കൂടെ ഹവല്‍ദാര്‍ അശോകും രവിയുമുണ്ട്… അവരവിടെയുണ്ട്…”
“ഇല്ലന്നെ!”
സബ് ഇന്‍സ്പെക്റ്റര്‍ പറഞ്ഞു.
“ഇതാ ബെന്നറ്റ് സാറിനെ മകന്‍ അച്ചനെ അന്വേഷിച്ചു വന്നിരിക്കുന്നു!”
“ആണോ?”
അയാള്‍ ബഹുമാനത്തോടെ ജോയലിനെ നോക്കി.
“അവരെന്തേലും കേസിന്‍റെ ആവശ്യത്തിന്‍റെ എവിടെയെങ്കിലും ആയിരിക്കും മോനെ!”
അയാള്‍ ജോയലിന്റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“എന്തിനാ ടെന്‍ഷന്‍! ഒന്നും പേടിക്കാനില്ല…”
“എനിക്ക് കുഴപ്പമില്ല അങ്കിള്‍,”
ജോയല്‍ പുഞ്ചിരിയോടെ പറഞ്ഞു.
“പക്ഷെ വീട്ടില്‍ മമ്മിയ്ക്ക് എന്തോ …മമ്മി ചെറുതായി എന്തോ പേടിച്ചാണ് ..അതാണ് ..ടൈം ഇത്രയുമായല്ലോ…”
“അവരിപ്പോ വരും…വിഷമിക്കാതെ!”
ഹവല്‍ദാര്‍ ഗോവിന്ദ് സിംഗ് പറഞ്ഞു.
പെട്ടെന്ന് സ്റ്റേഷനിലെ ടി വിയിലേക്ക് നോക്കിയാ ജോയല്‍ അദ്ഭുതപ്പെട്ടു.
പപ്പായുടെ ചിത്രം!
എന്താണ് ന്യൂസ്?
“ഈ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത…”
ആജ് തക് ചാനലില്‍ ഗൌതം ബാജ്പെയി തിളങ്ങുന്ന കണ്ണുകളോടെ, അതിലേറെ ആവേശത്തോടെ കൈകള്‍ പൊക്കി ഉയര്‍ത്തി, ഒരു ഫുട്ട് ബോള്‍ മാച്ചിന്റെ കമന്ററി പറയുന്ന ഉത്തസാഹത്തോടെ വാര്‍ത്ത വായിക്കുന്നു.
“ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡല്‍ഹി റസിഡന്‍റ്റ് എഡിറ്റര്‍ ബെന്നറ്റ് ഫ്രാങ്ക് ഡല്‍ഹി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു….”
“നോ!!!”
ജോയല്‍ പരിസരം മറന്ന് അത്യുച്ചത്തില്‍ അലറി.
തന്‍റെ ഉള്ളു വിറച്ചു തരിക്കുന്നത് അവന്‍ വ്യക്തമായും അറിഞ്ഞു.
ദേഹം കുഴഞ്ഞ് അവന്‍ സമീപം കണ്ട ബഞ്ചിലേക്ക് ഇരുന്നു…
അപ്പോള്‍ ചുറ്റുമുള്ള പോലീസുകാര്‍ അവനെ പിടിച്ചു.
ഈശോയെ, എന്താണ് ഇപ്പോള്‍ കേട്ടത്?
അവരുടെ കണ്ണുകളും ടി വി സ്ക്രീനിലേക്ക് നീണ്ടു.
“പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ബെന്നറ്റ് ഫ്രാങ്ക് നിരോധിത ഭീകര സംഘടനയായ സി പി ഐ എം എല്‍ മാവോയിസ്റ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണെന്നു തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചിരിക്കുന്നു….”
തന്‍റെ നെഞ്ചിലേക്ക് തീഗോളങ്ങള്‍ പോലെയാണ് ഓരോ വാക്കും വന്ന് പതിക്കുന്നത് എന്ന് അവന് തോന്നി.
“അതിലേറെ ഗൌരവപൂര്‍ണ്ണമായ ഒരു വെളിപ്പെടുത്തല്‍ കൂടി സംഭവിച്ചിരിക്കുന്നു…”
ഗൌതം ബാജ്പേയിയുടെ ആവേശം അനുനിമിഷം വര്‍ദ്ധിക്കുകയാണ്.
“കുപ്രസിദ്ധ ചൈനീസ് ആയുധ മാഫിയയുടെ തലവന്‍ ഷുണ്യാനുമായി ബെന്നറ്റ് ഫ്രാങ്ക് അടുത്ത് ഇടപഴകിയിരുന്നു എന്ന് സംശയകരമായി തെളിയിക്കുന്ന രേഖകളും പോലീസിന് കിട്ടിയിരിക്കുന്നു….”
ജോയലിന്റെ കണ്ണുകളില്‍ ഇരുട്ട് കയറി.
“ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കവേ ബെന്നറ്റ് ഫ്രാങ്ക് പോലീസ് സംഘത്തിനു നേരെ ചൈനീസ് നിര്‍മ്മിത തോക്ക് കൊണ്ട് വെടിയുതിര്‍ത്തു. പോലീസ് ആത്മരക്ഷാര്‍ത്ഥം തിരികെ വെടിവെച്ചു. സംഘട്ടനത്തില്‍ പോലീസ് സംഘത്തിലെ ഹവല്‍ദാര്‍ രവി സക്സേനയ്ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു….”
ഹൃദയം പൊടിഞ്ഞു തകരുന്നതും താന്‍ മരിക്കാന്‍ പോകുന്നത് പോലെയും ജോയലിന് തോന്നി.
പെട്ടെന്ന് അവന് ജെയിനെ കാണണമെന്ന് തോന്നി.
മമ്മാ…
അവന്‍ നിശബ്ദമായി കരഞ്ഞു.
ടിവിയില്‍ വാര്‍ത്തയുടെ വിശദാംശങ്ങള്‍ വര്‍ണ്ണനിറങ്ങളില്‍ നിറയുകയാണ്!
അപ്പോള്‍ പോലീസ് സ്റ്റേഷന്‍ കൊമ്പൌണ്ടിലേക്ക് ഒരു വാഹനം വന്ന് നിന്നു.
സ്റ്റേഷനകത്ത് നിന്ന ഉദ്യോഗസ്ഥര്‍ പുറത്തേക്ക് നോക്കി.
പോത്തന്‍ ജോസഫ് ആ വാഹനത്തില്‍ നിന്നും ചാടിയിറങ്ങുന്നത് ജോയല്‍ കണ്ടു.
പിന്നാലെ രണ്ടു ഹവല്‍ദാര്‍മ്മാരും.
അതില്‍ ഒരാളുടെ തോളില്‍ മുറിവ് കെട്ടിവെച്ചിരിക്കുന്നു.
അയാളുടെ തോളില്‍ രക്തം വാര്‍ന്നൊഴുകുന്നുണ്ട്.
ജോയല്‍ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു.
അല്‍പ്പം മുമ്പ് ക്ഷയിച്ച ശക്തി മുഴുവനും ഇരട്ടിയായി തിരിച്ചെത്തിയത് പോലെ അവന് തോന്നി.
അവന്‍ കൊമ്പൌണ്ടിലെക്ക്, വന്ന് നിര്‍ത്തിയ ജീപ്പിനടുത്തേക്ക് കുതിച്ചു.
“എടാ!!”
മുറിവേറ്റ സിംഹത്തിന്റെ ക്രൌര്യത്തോടെ, പോലീസുദ്യോഗസ്ഥരുടെ വലയം ഭേദിച്ച് ജോയല്‍ പോത്തന്‍ ജോസഫിന്‍റെ നേരെ ചാടി വീണു.
“എന്തിനാടാ നീ എന്‍റെ പപ്പായെ….”
ജോയലിന്റെ കൈകള്‍ ദീര്‍ഘകായനായ പോത്തന്‍ ജോസഫിന്‍റെ കോളറില്‍ അമര്‍ന്നു.
“ആ നീയോ…?”
അയാള്‍ ജോയലിന്റെ കൈകള്‍ വിടുവിച്ചു.
അടുത്തേക്ക് ഓടിക്കൂടിയ പോലീസുദ്യോഗസ്ഥര്‍ അമ്പരന്നു.
“എടാ, സംഭവിക്കാന്‍ പാടില്ലാത്തതാ സംഭവിച്ചേ…വിഷമം ഉണ്ട്…ഞങ്ങള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു….അല്ലെങ്കില്‍ നിന്‍റെ അച്ഛന്‍ ഞങ്ങളെ…”
“ഛീ! പോടാ പട്ടീ!!”
ജോയല്‍ അലറി.
അവന്‍റെ ശബ്ദത്തിന്‍റെ മുഴക്കവും അതിലെ ക്രൌര്യവും ചുറ്റുമുള്ളവരെയും സ്തഭ്ധരാക്കി.
അവന്‍റെ മുഖത്തെ സംഹാരഭാവം കണ്ട് പോത്തന്‍ ജോസഫ് ചെറുതായി ഒന്ന് ഞെട്ടി.
“പിടിക്കെടാ ഇവനെ!”
അയാള്‍ കലിപൂണ്ടലറി.
ഹവല്‍ദാര്‍മ്മാര്‍ ജോയലിന്റെ നേരെ അടുത്തു.
ജോയലിന്റെ കണ്ണുകള്‍ അതിദ്രുതം ചുറ്റുംവീക്ഷിച്ചു.
സമീപത്ത് നിന്ന സബ്ബ് ഇന്‍സ്പെക്റ്ററുടെ അരയോട് ചേര്‍ന്ന് ഹോള്‍സ്റ്ററില്‍ കിടന്ന തോക്ക് അവന്‍ കൈക്കലാക്കി.
അപ്പോള്‍ പലയിടത്ത് നിന്നും മാധ്യമപ്രവര്‍ത്തകരുടെ ഒരു വലിയ സംഘം പോലീസ് സ്റ്റേഷനെ സാമീപിച്ചു.
ക്യാമറക്കണ്ണുകള്‍ വെളിച്ചം വിതറി.
ഫ്ലാഷ് ലൈറ്റുകള്‍ മിന്നിച്ചിതറി.
ഹാന്‍ഡ് മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍ അവരെ സമീപിച്ചു.
“ജോയല്‍ തോക്ക് താഴെയിടടാ!”
“ഫ!”
ജോയല്‍ ഉച്ചത്തില്‍ വീണ്ടും അലറി.
“എന്‍റെ പപ്പായെ കൊന്ന പട്ടീ! നിന്നെ ഞാന്‍!”
അടുത്ത നിമിഷം തോക്കില്‍ നിന്നും വെടിയുതിര്‍ന്നു.
മുറിവ് പറ്റിയ ഹവല്‍ദാറുടെ നെഞ്ച് തുളച്ച് വെടിയുണ്ട പാഞ്ഞു.
സ്റ്റേഷന്‍ മുറ്റത്ത് നിലവിളിയും ബഹളവുമുയര്‍ന്നു.
മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഭയന്ന് പിമ്പിലേക്ക് മാറി.
ജോയലിന്റെ ഓരോ ചലനവും അവര്‍ ക്യാമറയില്‍ പകര്‍ത്തി.
ചുറ്റുപാടും പരിസരവും.
ആ നിമിഷം പോത്തന്‍ ജോസഫ് ഹോള്‍സ്റ്ററില്‍ നിന്നും തന്‍റെ തോക്കെടുത്തു.
എന്നാല്‍ അതിന് മുമ്പ് ജോയലിന്റെ തോക്കില്‍ നിന്നും രണ്ടാമത്തെ വെടി പോത്തന്‍ ജോസഫിനോടപ്പം വന്നിറങ്ങിയ പോലീസുകാരന്റെ നെറ്റി തുളച്ചു.
ബഹളവും തിക്കും തിരക്കും നിലവിളിയും മൂലം പോത്തന്‍ ജോസഫിന് വെടിവെയ്ക്കാനായില്ല.
ആ നിമിഷം സ്റ്റേഷന്‍ വളപ്പില്‍ കിടന്ന ഒരു ജീപ്പിലേക്ക് ജോയല്‍ ചാടിക്കയറി.
ആ നിമിഷം അവന്‍റെ തോള്‍ തുളച്ചുകൊണ്ട് വെടിയുണ്ട തറഞ്ഞു കയറി.
“ഒഹ്ഹ്ഹ!!!”
അവന്‍ അസഹ്യമായ വേദനയില്‍ അലറിക്കരഞ്ഞു.
എന്നാല്‍ വരുന്ന നിമിഷങ്ങളെയോര്‍ത്ത് അവന്‍ പെട്ടെന്ന് ജീപ്പ് കൊമ്പൌണ്ടിനു വെളിയിലെക്കെടുത്തു.
ചിതറിയോടുന്ന മാധ്യമപ്രവര്‍ത്തകരുടേയും പോതുജനങ്ങളുടെയും പോലീസുകാരുടെയും മധ്യത്തിലൂടെ അവന്‍ ജീപ്പ് ഗേറ്റിനു വെളിയിലെക്കെടുത്തു.
അപ്പോള്‍ രണ്ടാമത്തെ വെടിയുണ്ട അവന്‍റെ വയറിന്‍റെ സൈഡില്‍ തറഞ്ഞു.
കൊഴുത്ത രക്തം അവന്‍റെ വസ്ത്രങ്ങളെ നനച്ചുകൊണ്ട് ജീപ്പിന്‍റെ ഫ്ലോറിലേക്ക് വീണു.
എങ്കിലും പിടിക്കപ്പെട്ടു കഴിഞ്ഞാലുള്ള അവസ്ഥയോര്‍ത്ത്, അവശേഷിച്ച ജീവനും ഊര്‍ജ്ജവും സംഭരിച്ച് അവന്‍ അതിവേഗം മുമ്പോട്ട് ഡ്രൈവ് ചെയ്തു.
[തുടരും]
Responses (0 )