ശംഭുവിന്റെ ഒളിയമ്പുകൾ 52
Shambuvinte Oliyambukal Part 52 | Author : Alby | Previous Parts
വീണയുടെ മടിയിൽ തലവച്ചു കിടക്കുകയാണ് ശംഭു.അവന്റെ തലയിൽ തലോടിക്കൊണ്ട് അവൾ ഭിത്തിയിൽ ചാരിയിരിക്കുന്നു.
“അവളാരാണെന്നറിയണം, അതല്ലേ എന്റെ ശംഭുസിന്റെ പ്രശ്നം.ഇങ്ങനെ സെന്റിയാവല്ലെ,
വഴിയുണ്ടാക്കാന്നെ.”വീണയവന്റെ ശിരസ്സിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ഒരു പിടിയും കിട്ടുന്നില്ല പെണ്ണെ. ആരോട് തിരക്കും,എവിടെച്ചെന്ന് അന്വേഷിക്കും?”
“രുദ്ര ബാംഗ്ലൂർ ബേസ് ആണെന്ന് അല്ലെ പറഞ്ഞത്.ഞാൻ എന്റെ ബാംഗ്ലൂർ കണക്ഷൻ വച്ചൊന്ന് ശ്രമിക്കാം.ശംഭൂസ് ഒരു കാര്യം ചെയ്യണം,നാട്ടിൽ അച്ഛനും അമ്മയും താമസിച്ചിരുന്ന പ്രാദേശത്ത് ഒക്കെ ഒന്ന് തിരക്കണം.എവിടുന്നേലും ഒരു ക്ലൂ കിട്ടാതിരിക്കില്ല.”വീണ പറഞ്ഞു.
“ചേച്ചി അത് പറഞ്ഞപ്പോൾ എന്തോ പോലെ.അല്ലെങ്കിൽ കാത്തിരുന്ന് കിട്ടിയ അനിയന്റെ ഒപ്പം അവൾ നിൽക്കാത്തതെന്തെ? എന്ന് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം ഇല്ലായിരുന്നു പെണ്ണെ”
“കണ്ടെത്തണം ശംഭുസെ.നമ്മുടെ കുഞ്ഞ് വരുന്നതിന് മുന്നേ എല്ലാ പ്രശ്നങ്ങളും തീരണം.അതിനി ആരെ കൊന്നിട്ടായാലും ശരി.”
അവളുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയുള്ളതായി ശംഭുവിന് തോന്നി.
“അതിന് മറഞ്ഞിരിക്കുന്ന സത്യം പുറത്തുവരണം.കണ്മുന്നിൽ ഉള്ള ആരുമല്ല,ശത്രു കൂടെത്തന്നെയാ, ആ ശത്രുവിനെ പുകച്ച് പുറത്തു
ചാടിക്കണം.”ശംഭു പറഞ്ഞു.
ഈ സംഭാഷണങ്ങൾക്കിടയിലും ശംഭുവിന്റെ ചുണ്ടുകൾ അവളുടെ നിറവയറിൽ മുത്തം നൽകുന്നു. അവൾ ചിരിയോടെ അതൊക്കെ ആസ്വദിക്കുന്നുമുണ്ട്.
ചെട്ടിയാരുടെ ഫോൺ കാൾ ആണ് അവരുടെ സ്വകാര്യതയെ മുറിച്ചത്.”അത്യാവശ്യമായി ഒന്ന് കാണണം, ഗോഡൗണിൽ ഉണ്ട്.”
അത് മാത്രം പറഞ്ഞയാൾ ഫോൺ വച്ചു.
“കാര്യമായിട്ട് എന്തോ ഉണ്ടല്ലോ.”
വീണയത് പറഞ്ഞപ്പോൾ അവൻ
ഒന്ന് മൂളുക മാത്രം ചെയ്തു.
വേഗം തന്നെ അവൻ തയ്യാറായി പുറത്തെക്കിറങ്ങി.
ശംഭു പുറപ്പെട്ടപ്പോൾ വീണ ഉമ്മറത്തുവരെ വന്ന് അവനെ യാത്രയാക്കി. അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവിടെ നിന്നു. “എല്ലാം എന്റെ കുഞ്ഞാപ്പിക്ക് വേണ്ടിയാട്ടോ.”
അവൾ വയറിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
********
ചെട്ടിയാരുടെ ഗോഡൗൺ….
കാണണം എന്ന് പറഞ്ഞത് കൊണ്ട് ശംഭു വേഗം തന്നെ അവിടെയെത്തി.എന്തെങ്കിലും ഒരു കാര്യമില്ലാതെ ചെട്ടിയാർ കാണണം എന്ന് പറയില്ല, അതും ഉടനെ തന്നെ.
ശംഭുവും ചെട്ടിയാരും അയാളുടെ പ്രൈവറ്റ് റൂമിലാണ്.കാര്യം തിരക്കി എങ്കിലും ചെട്ടിയാർ കുറച്ചധികം സമയം മൗനം തുടർന്നു.ശേഷം കുറച്ചു ഫോട്ടോസ് അവന് മുന്നിലേക്ക് നിരത്തിയിട്ടു.
അത് കണ്ട ശംഭു പകച്ചുപോയി. ഇത്രനാൾ കരുതിയതെല്ലാം തെറ്റി എന്ന് തോന്നി,ആരെ വിശ്വസിക്കും എന്ന് അവന് പോലും അറിയാത്ത അവസ്ഥ. ദിവ്യയുടെ വാക്കുകൾ അവന്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നു.
ആ ഫോട്ടോസിലെ മിന്നും താരം രുദ്രയാണ്,അവൾ എന്തായിരുന്നു എന്നതിൽ തുടങ്ങി ഇന്നിപ്പോൾ ആരാണ് എന്ന് വരെയുള്ള കഥ ആ ചിത്രങ്ങൾ അവന് പറഞ്ഞു കൊടുത്തു.അതിൽ എതിരിൽ കണ്ടവരും,അവർക്കൊപ്പമുണ്ട് എന്ന് കരുതിയവരും ഒക്കെയുണ്ട് എന്നാൽ തനിക്ക് ഏറ്റവും പ്രിയപെട്ട ആ മുഖം,അവൻ ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തിക്കൊപ്പം ഉള്ള ചിത്രം അവനെ ആഴത്തിൽ മുറിവേല്പിച്ചു.
“എല്ലാം ഒരുക്കിയിട്ടുണ്ട്. തത്കാലം നീ മാറുന്നതാ ബുദ്ധി. ശരിക്കുമുള്ള രുദ്ര എവിടെയെന്ന് നേരിയ ഒരു സൂചനയെ ഉള്ളൂ. അത് കണ്ടെത്തണം,എങ്കിലേ ഇത് അവസാനിക്കൂ.”
“ഞാൻ എന്താ വേണ്ടത് ചെട്ടിയാരെ?” അവൻ ചോദിച്ചു.
“തത്കാലം നീ മാറിനിൽക്കുന്നു. നിന്റെ ജീവൻ ആപത്തിലാണ്, നീ തീരുന്നിടത്തു നിന്ന് അവർ നിന്റെ കുഞ്ഞിനെയും.നിന്നെ തൊടാതെ അവർ നിന്റെ കുഞ്ഞിനെ തൊടില്ല, അതുറപ്പാ.പക്ഷെ ഒന്ന് പാളിയാൽ……..
നീ മാറി നിന്നെ പറ്റൂ,ഒപ്പം ഏത്രയും വേഗം രുദ്രയെ കണ്ടെത്തുക.ലക്ഷ്യം നേടും വരെ ജീവനോടെയിരിക്കുക.”ചെട്ടിയാർ പറഞ്ഞുനിർത്തി.
മുറിവേറ്റ മനസ്സുമായി ഒരു യാത്ര മനസ്സിലുറപ്പിച്ചുകൊണ്ട്,തന്റെ പെണ്ണിനോടും വീട്ടുകാരോടും എന്ത് പറഞ്ഞിറങ്ങും എന്നും മനസ്സിൽ കൂട്ടിക്കിഴിച്ച് ശംഭു വീട് ലക്ഷ്യമാക്കി വണ്ടി പായിച്ചു.
*********
തിരികെ തറവാട്ടിലെത്തിയ ശംഭു ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങി.വല്ലാത്ത ചിന്താഭാരം പേറി അവൻ മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് കണ്ടാണ് വിനോദ് കാറിൽ നിന്നും ഇറങ്ങിയത്,കൂടെ അച്ഛനും.അവന്റെ മുഖത്തെ വെപ്രാളം അവർ തിരിച്ചറിഞ്ഞു. ഒരുപക്ഷെ അവൻ തങ്ങളുടെ വരവ് കാത്തുനീക്കുകയാണ് എന്നവർക്ക് തോന്നി.
“ചെക്കപ്പ് കഴിഞ്ഞോ?, ഡോക്ടർ എന്ത് പറഞ്ഞു?”കണ്ടപാടെ ശംഭു ചോദിച്ചു.
“അതൊക്കെ നിക്കട്ടെ,എന്താ കുട്ടി മുഖത്ത് ഒരു പരിഭ്രമം?”
“അത് പിന്നെ അച്ഛാ……..”അവൻ വാക്കുകൾക്ക് വേണ്ടി പരതി.
ഗൗരവമുള്ള എന്തോ ഉണ്ട് എന്ന് അവർക്ക് തോന്നി.അച്ഛൻ അവനെയും കൂട്ടി തന്റെ മുറിയിലെത്തി,കൂടെ വിനോദും.
ആ മുറിവാതിൽ അടക്കപ്പെട്ടു.
അവർ മൂന്നു പേര് മാത്രമായ നിമിഷങ്ങൾ.വളരെ നേരത്തിന് ശേഷം വാതിൽ തുറന്നിറങ്ങുമ്പോൾ ശംഭുവിന്റെ മനസ്സിൽ ഒരു തീരുമാനം ഉറച്ചിരുന്നു,മാറില്ല എന്നുറപ്പിച്ച തീരുമാനം.
നേരെ തന്റെ മുറിയിലെത്തിയ ശംഭു,വളരെ വേഗത്തിൽ തന്നെ ഒരു ബാഗിൽ തന്റെ വസ്ത്രങ്ങൾ എടുത്തുനിറച്ച് ധൃതിയിൽ പുറത്തെക്ക് വന്നു.അത്രനേരം കാഴ്ചക്കാരായി നിന്നിരുന്ന സ്ത്രീ ജനങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയതല്ലാതെ അവർക്ക് ഒന്നും മനസ്സിലായില്ല.
കണ്ണുകൊണ്ട് യാത്ര പറഞ്ഞിറങ്ങിയ ശംഭുവിനെ വീണ തടഞ്ഞുനിർത്തി
“ഒരു യാത്ര വേണം,തടയരുത്,
എന്ന് വരുമെന്നറിയില്ല,ഏട്ടൻ സാവധാനം എല്ലാം പറയും,
അനുസരിക്കണം,എനിക്ക് വേണ്ടി കാത്തിരിക്കണം.
ഇരുമ്പുണ്ടാകും സഹായത്തിന്. സന്തോഷമായിരിക്കണം,ഞാൻ തിരിച്ചുവരും പെണ്ണെ……. ”
മറുപടിക്ക് കാക്കാതെ അവൻ അവിടെനിന്നുമിറങ്ങി.രുദ്രയെ
കണ്ടെത്താതെ അവന് പറ്റില്ല എന്നറിയുന്ന വീണക്ക് അവനെ തടയാനും സാധിച്ചില്ല.അവന്റെ പോക്ക് നോക്കി അവൾ നിന്നു,
പ്രാർത്ഥനയോടെ.
*************
ശംഭുവിനെയും കാത്ത് നിക്കുകയാണ് ഇരുമ്പൻ സുര.
കൂടെ കമാലും ഉണ്ട്.ചെട്ടിയാർ വഴി സുരയും കാര്യങ്ങൾ അറിഞ്ഞിരുന്നു.
ഏറാടിപ്പാലത്തിന് മുകളിൽ സുര
ശംഭുവിനായി കാത്ത് നിന്നു.ഒന്ന് കൂടി പോകും മുന്നേ ചെട്ടിയാരെ
കണ്ട് ശംഭു എത്തിയപ്പോൾ സ്വല്പം വൈകി.എന്നാലും കൃത്യമായി കാര്യങ്ങളെല്ലാം ഇരുമ്പിനെ പറഞ്ഞേൽപ്പിച്ചു,വീണയുടെ കാവൽ ഉൾപ്പെടെ എല്ലാം……
” വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്,എന്നാലും ശ്രദ്ധിക്കണം”അവന്റെ തോളിൽ കൈവച്ചുകൊണ്ട് കമാൽ അത്ര മാത്രം പറഞ്ഞു.
************
താറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറുമ്പോൾ തിരിഞ്ഞു സുരയെ ഒന്ന് നോക്കിയിട്ട് അവൻ പറഞ്ഞു.
“സത്യം തേടി,എന്റെ രുദ്രയെ തേടി ഇറങ്ങുകയാണ് ഞാൻ.ഇതിന് ഒരവസാനം കണ്ടേ പറ്റൂ.അവൾ തിരക്കിയാൽ കുഞ്ഞിനെ ഏറ്റു വാങ്ങാൻ ഞാൻ ഉണ്ടാകുമെന്ന് മാത്രം പറയുക,സംരക്ഷിക്കുക.”
അവർ നോക്കിനിൽക്കെ താർ മുന്നോട്ട് കുതിച്ചുകഴിഞ്ഞിരുന്നു.
***********
എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ശംഭു.ശംഭുവിനെ ഇഷ്ട്ടപ്പെടുന്ന
വീണയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.
ഈ കഥ ഞാൻ മനസ്സിൽ കണ്ട രീതിയിൽ എഴുതിത്തീർക്കാനാണ്
ആത്മാർത്ഥമായ ശ്രമം.അത് അങ്ങനെതന്നെ പര്യവസാനിക്കും
ശംഭുവിലുള്ള എന്റെ ടച്ച് വിട്ടുനിക്കുകയാണിപ്പോൾ.കഥ ആദ്യം മുതൽ വായിച്ചുവേണം എനിക്കിത് പൂർത്തിയാക്കുവാൻ. സൊ ഇത് ഇവിടെ നിർത്തി ബാക്കിയുള്ളവ സീസൺ 2 എന്ന രീതിയിൽ ഇതുവരെയുള്ള കുറവുകൾ നികത്തി എഴുതി തീർക്കണം എന്നാണ് ആഗ്രഹം.
ഡിസംബർ ആദ്യവാരം മുതൽ ശംഭു വീണ്ടും നിങ്ങളിലേക്ക് എത്തും.
*****************
സ്നേഹപൂർവ്വം
ആൽബി.
Responses (0 )