പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4
Pranayam Kadhaparanja Manjukaala Decemberil Part 4
Authro : Sakshi Anand | Previous Part
പ്രിയരേ….ഇതാ വീണ്ടും !….മറ്റൊരു ഡിസംബർ കൂടി, തൊട്ടരികെ എത്തി. വളരെ കാലവ്യത്യാസത്തിന് ശേഷമാണ്, വീണ്ടും ഒരു പുതിയ ഭാഗവുമായി എത്തിച്ചേരുന്നത്. പതിവ്പോലെ, പ്രതിബന്ധങ്ങളുടെ ഒരു നീണ്ടനിര തലങ്ങും വിലങ്ങും വേട്ടയാടി, കൂടെ ഉണ്ടായിരുന്നു. തന്നാൽ കഴിയുന്നത് നിർവ്വഹിച്ചു, പ്രതിസന്ധികൾക്ക് ആക്കംകൂട്ടി…ഒടുവിൽ ”കോവിഡ് ബാധ” കൂടി ആയപ്പോൾ…ഒരിക്കലും ഇത്രത്തോളം എങ്കിലും കൊണ്ടെത്തിക്കാൻ ആവുമെന്ന് കരുതിയതേയല്ല .
മുമ്പേ കൈപിടിച്ച് നടത്തിയവരും…സുഹൃത്തുക്കളായി കരുതിയവരും…കൂടെനിന്നവരും ആരും…ഇന്നിവിടെയില്ല. എങ്കിലും ”കഥ” മുമ്പേ വായിച്ചിരുന്ന ആരെങ്കിലുമൊക്കെ അവിടവിടെയായി കാണും. അവർക്കായി കഥ മുഴുവൻ എഴുതും. അവരോടും…ഇത് വായിച്ചു മുന്നോട്ടുവരുന്ന ആദ്യവായനക്കാരോടും…എല്ലാവരോടും പറയാനുള്ളത് ഒന്നേയുള്ളൂ. ദയവായി ”കഥ” തുടക്കം മുതൽ വായിച്ചിട്ടു, ഈ ഭാഗത്തിലേക്ക് വരൂ. വൈകിയതിന് ഒരിക്കൽക്കൂടി ക്ഷമ ചോദിച്ചുകൊണ്ട് ”കഥ”യിലേക്ക്….
സാക്ഷി
അഭിജിത്തിനെയും വഹിച്ചു കൃത്യസമയത്തു തിരുവനന്തപുരം എയറോഡ്റാമിൽ നിന്ന് പുറപ്പെട്ട എ26 എയർ ഇൻഡ്യാ വിമാനം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ടുതന്നെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖമായി എത്തിച്ചേർന്നു. എത്തിയ അത്രയും വേഗത്തിൽത്തന്നെ , അഭി ഹാൻഡ് ലഗ്ഗേജുമെടുത്തു പെട്ടെന്ന് പുറത്തിറങ്ങി ടെർമിനിലേക്കു നടന്നു. ആദ്യ യാത്രയും വലിയ ബാഗേജുകളുടെ അഭാവവും അയാളെ ദ്രുതഗതിയിൽ ചെക്ക്-ഇൻ ചെയ്യിച്ചു പുറത്തിറങ്ങാൻ സഹായിച്ചു. വിമാനത്താവളത്തിന് വെളിയിൽ…ലോഞ്ചിൽ അവനെ കണ്ടെത്തി, സ്വാഗതമരുളാൻ ദുബായ്ക്കാർ ആരുടേയും വമ്പൻ പടയൊന്നും കാത്തു നിന്നിരുന്നില്ല. അഭിയുമായി യാതൊരു മുന്പരിചയവും ഇല്ലാത്ത, അവൻറെ ‘ബോംബെ ബേസ്‌ഡ് കമ്പനി’യുടെ ദുബായ് സോൺ ലെയ്‌സൺ ഓഫിസർ, ഒരു പാലക്കാട്ടുകാരൻ മലയാളിയും മറ്റൊരു മറാഠി ഡ്രൈവറും മാത്രമേ അവനെ കൂട്ടാനായി അവിടെ എത്തിയിരുന്നുള്ളൂ. അഭിയെ ശീഘ്ര൦ കണ്ടുപിടിച്ചു, വലിയ കാലതാമസം കൂടാതെ അവനുമായി അവർ ദുബായ് ‘ദേര’യിലുള്ള അവരുടെ പ്രധാന ഓഫിസിലേക്ക് മടങ്ങി. കമ്പനിക്ക് തൊട്ടടുത്ത് തന്നെയായിരുന്നു അവർ അഭിക്കായി ഒരുക്കിക്കൊടുത്ത ‘കമ്പനി അക്കോമഡേഷൻ’. ഓഫിസിൽ കയറി, മലയാളി അവനെ എല്ലാവര്ക്കും ഒന്ന് പരിചയപ്പെടുത്തി കൊടുത്ത ശേഷം…അവർ അവനെ റൂമിൽ കൊണ്ടുചെന്നാക്കി കമ്പനിയിലേക്ക് മടങ്ങി.
അങ്ങനെ……കാലങ്ങൾ നീണ്ടുനിന്ന ബോംബെവാസ ജീവിതത്തിനു ശേഷം അതുപോലെ മറ്റൊരു പുതിയ പ്രവാസ ജീവിതത്തിലേക്ക് കൂടി അഭിജിത് കാലെടുത്തുവച്ചു. ഫ്‌ളാറ്റിൽ ചെന്ന് കയറിയിട്ടും പെട്ടെന്ന് പോയികിടന്നു ഉറങ്ങാൻ തക്ക ശരീര ക്ഷീണമോ ഉറക്കച്ചടവോ അവനെ തീരെ അലട്ടിയിരുന്നി ല്ല. ദണ്ണം കൊള്ളിച്ചതാകട്ടെ…ആകെ, അല്പം ആ മനസ്സിനെ മാത്രം !. സ്വന്തം ബന്ധുമിത്രാദികളോ, നാട്ടുകാരോ?… ആരുമോ പോലും ഒരാശ്രയമില്ലാത്ത മരുഭൂമി പോലെ ഒരന്യനാട്ടിൽ…തനിയെ കഴിച്ചു കൂട്ടേണ്ടി വരുന്നതിൻറെ ഉത്കണ്ഠകൾ…അത് ആ മനസ്സിൽ ചെലുത്തിയ ‘ഒറ്റപ്പെടുത്തൽ’ ചെറുതൊന്നുമല്ല. എങ്കിൽപ്പോലും…എവിടെയും എപ്പോഴും എന്തും നേരിടാനും…
സധൈര്യം ഏത് പ്രതിസന്ധിയെയും അതിജീവിച്ചു മുന്നേറാനും ജന്മനാ കൈമുതലായി കിട്ടിയ ശക്തി അവന് വലിയ മുതൽക്കൂട്ട് ആയിരുന്നു. ഒപ്പം, പിൽക്കാലത്ത് അറിയാതവനിൽ കയറിക്കൂടിയ പ്രതികാരബുദ്ധിയിലുറച്ച സ്വത്വബോധവും അതിൽ നിന്നെല്ലാം അവനെ അമ്പേ പിന്തിരിപ്പിച്ചു കരുത്തോടെ മുൻപോട്ട് നടക്കാൻ നല്ല പ്രാപ്‌തിയും നൽകിയിരുന്നു.
അതിനായി അഭി ആദ്യമായി കൈകൊണ്ട ‘ഗൃഹപാഠം ‘…ഗൾഫിനെയും ബോംബെയേയും രണ്ട് വ്യത്യസ്ത ഡ്രുവങ്ങളായി കണക്കാക്കി, തരംതിരിച്ചു നന്നായി മനസ്സിലാക്കുവാനും…അവ തമ്മിലുള്ള വ്യത്യാസവും പ്രത്യേകതകളും മനസ്സിരുത്തി പഠിച്ചു വിലയിരുത്തുക എന്നതും ആയിരുന്നു. അവിടുത്തയെ, ”മണലാരണ്യം” എന്നൊക്കെ പണ്ടുമുതലേ പൊതുവെ പറഞ്ഞു കേട്ടു കുറെ പഴയിച്ചതായിരുന്നെങ്കിലും…ഒരു മരുഭൂമി വാസത്തിൻറെയോ?….എണ്ണപ്പന തോട്ടത്തിന്റേയോ ? ”ധാരാളിമ”…ചുറ്റിക്കണ്ട ഒരനുഭവങ്ങളിലും അവന് തീരെ അറിയുവാൻ കഴിഞ്ഞില്ല. ബോംബെ പോലെ ഒരു വൻ മെട്രൊ നഗരവും അതിൻറെ ചുറ്റുവട്ടങ്ങളും!. അവിടുത്തെകണക്കെ പക്ഷെ, വമ്പൻ വ്യവസായശാലകളും തിരക്കാർന്ന പണിയിടങ്ങളും കുറച്ചു കുറവാണെങ്കിലും…കച്ചവട-വാണിജ്യ മേഖലകൾ ദുബായിലും സമ്പുഷ്‌ടം ആയിരുന്നു എന്നത് അവൻ ശ്രദ്ധിച്ചു.
അതിനപ്പുറം….ബോംബേക്ക് സമമോ അതിൽ കൂടുതലോ ആയി, വിവിധ ദേശ- മത-ഭാഷാ സംസ്‌കാരങ്ങളും മൂല്യവും മനുഷ്യരും ഇടകലർന്ന്, ഇണങ്ങി സമ്മേളിച്ചു ജീവിക്കുന്നൊരു വലിയ സവിശേഷത ദുബായുടെ അത്യുന്നതിയിലും പ്രകടമായിരുന്നു. പക്ഷേ, എല്ലാ തലങ്ങളിലും കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചു പരിപാലിച്ചു പോന്ന…നിയതമായ,നീതി ബോധത്തിൽ അടിയുറച്ച അടുക്കും ചിട്ടയും നിയമവാഴ്ചകളും…. വൃത്തിയും വെടിപ്പും നിറഞ്ഞ ഭരണകൂട കൃത്യതകൾ … ആ നാടിനെ, ബോംബെ പോലെ ഒരുമിച്ചു പരക്കംപാഞ്ഞോടുന്ന വടക്കേ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഏറെ മാറ്റി നിർത്തി.
എങ്കിലും…. ബോംബെ പോലൊരു മഹാനഗരത്തിൽ നല്ലൊരു കാലം ചിലവിട്ട അനുഭവസമ്പത്തു, ദുബായ് കണക്കൊരു അറബി നാട്ടിൽ അഭിക്ക്…വലിയൊരു അപരിചിതത്വത്തിൻറെ അന്യതാബോധം ഉണർത്തിക്കാതെ ജീവിച്ചു പോകാൻ നല്ല കൈമുതൽ നൽകി. കൂടാതെ ബോംബെ ജീവിത പ്രായോഗികതയിൽ നിന്ന് അഭി കൈക്കലാക്കിയ എഴുത്തും സംസാരവും വഴിയുള്ള പ്രധാനഭാഷകളിലെ അസാമാന്യ ഭാഷാ നൈപുണ്യം . അതവനെ സംബന്ധിച്ച്, ഒരു തുടക്കക്കാരൻറെ യാതൊരു കയ്യറപ്പും ഇടർച്ചയും ഇല്ലാതെ ജോലിയുടെ നാനാ മേഖലകളിലും…നാനാ വിഭാഗം ജനങ്ങളോടും ഒരുപോലെ നന്നായി പെരുമാറി പോകാൻ വിജയങ്ങൾ സമ്മാനിച്ചു. ആ നയചാതുര്യം…അഭീടെ കർമ്മമണ്ഡലം എന്ന കൂട്ട്, വ്യക്തിജീവിതത്തിലും….” ബോംബെപോലെ വെറും മറ്റൊരു ഇടം ”…എന്ന നിലക്കല്ലാതെ, ഒരു പുതിയ ലോകം, ജനത എന്നൊന്നും ഒരു വേർതിരിവ് ഉണ്ടാക്കാൻ അശേഷം വേര് നൽകിയില്ല. ചുരുക്കത്തിൽ…അത്, അവനോട് യാതൊരുവിധ ബന്ധവും അടുപ്പവും ഇല്ലാത്ത അന്യമായ വല്യ ലോകത്തും അധൈര്യപ്പെടാതെ മുന്നോട്ട് നീങ്ങാൻ എല്ലാ ചിറകുകളും പ്രധാനം ചെയ്‌തു .
ജീവിതം !…അവിടെ ഒരു രണ്ടാ൦ ഘട്ട ബോംബെവാസം കണക്കേ…സുഖകരമായ ജോലി, താമസ, വിശ്രമം, നല്ല ഭക്ഷണക്രമം…അല്ലലില്ലാതെ രസകരമായ ദിനചക്രങ്ങളോടെ നന്നായി പോയി. ബോംബെയിൽ നിന്നും വ്യത്യസ്തമായി വേല കഴിഞ്ഞു കിട്ടുന്ന സ്വതന്ത്ര സമയം ദുബായിൽ വളരെ ഏറെ ആയിരുന്നു. അതിനെ ബുദ്ധിപൂർവ്വം, ക്രമാനുഗതം ഉപയോഗിച്ചു…കൃത്യമായ ചിട്ടകളും ശീലങ്ങളും നടപ്പിൽ വരുത്തുവാൻ കൂടി അവിടെ ആദ്യം മുതൽ അഭി ശ്രദ്ധിച്ചു. പരന്ന വായന, സ്വന്തമായ എഴുത്തു തുടങ്ങിയവക്കൊപ്പം…സ്‌ഥിര വ്യായാമമുറകൾ, പാചകം, കത്തെഴുത്തു അങ്ങനെ അനേകം വിനോദോപാധി നടപടി ക്രമങ്ങൾ കൂടി അതിൽ ഉൾപ്പെട്ടിരുന്നു.
ഇതിനിടയിൽ…അഭിക്കുട്ടന് കിട്ടിയൊരു വലിയ ആശ്വാസ വ്യതിയാനം ആയിരുന്നു നാട്ടിൽ നിന്നും ശ്രീമോൾ എന്ന ശ്രീക്കുട്ടിയെ കുറിച്ച് വന്ന വാർത്ത. മറ്റൊന്നുമല്ല, അവളുടെ കല്യാണ ആലോചനകൾ ഏകദേശം മുറുകുന്നൂ…എന്ന തരത്തിൽ വന്ന ശുഭോദാർക്കമായ നല്ല വൃത്താന്തം. നാട്ടിൽ നിന്നും വന്നശേഷം കേൾക്കാൻ വളരെ ആഗ്രഹിച്ചു കാത്തിരുന്നതും…കേട്ടപ്പോൾ അതീവ
സന്തോഷം തോന്നിയതുമായ വാർത്ത. കേട്ടിട്ട്, അത് വിശ്വസിക്കാൻ കഴിയാതെ, അഭി വീണ്ടും വീണ്ടും നാട്ടിൽ വിളിച്ചു തൽസ്‌ഥിതി ആരാഞ്ഞുകൊണ്ടേയിരുന്നു. അവൻറെ ആകാംക്ഷകൾ കേട്ടറിഞ്ഞു അച്ഛനും അമ്മാവനും പിന്നെ തുടർച്ചയായി അവനെ വിളിച്ചു ആലോചനാ വിശദാ൦ശങ്ങൾ കൈമാറിക്കൊണ്ടും ഇരുന്നു.അതിനുള്ള പ്രതികരണം എന്നോണം അഭി, എത്രയും വേഗം ആലോചന ഉറപ്പിച്ചു നിശ്ചയം നടത്തുവാൻ…തൻറെ ഭാഗത്തു നിന്ന് ”കൊടുത്ത വാക്കു”കൾ പാലിക്കുന്ന എല്ലാ പിന്തുണകളും ആവർത്തിച്ചു വാഗ്‌ദാനം ചെയ്‌തുകൊണ്ടിരുന്നു. അഭിയുടെ ഈ വഴി ഉള്ളതും…അച്ഛൻറെയും അമ്മാവൻറെയും നേരിട്ടുള്ളതുമായ ഊർജ്വസ്വലങ്ങളായ ” സ്‌ഥിരോത്സാഹങ്ങൾ ”, വന്നെത്തിയ ആലോചനകളിൽ നല്ലൊരെണ്ണം പെട്ടെന്ന് ഉറയ് ക്കാൻ കാരണമായി. വളരെ വേഗത്തിൽ അത് സാധിച്ചെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ട് മാത്രമല്ല, ഏവർക്കും ഇഷ്‌ടം തോന്നിയ നല്ലൊരു ബന്ധം എന്ന നിലയിൽ…അഭിജിത്തിനും അവരെ പോലെയോ അതിലേറെയോ സന്തോഷം അനുഭവപ്പെട്ട നാളുകൾ ആയിരുന്നത് . പയ്യന് ”എയർഫോഴ്‌സിൽ ഉദ്യോഗം, കാണാൻ സുമുഖൻ !, നല്ല സ്വഭാവവും കുടുംബവും …എല്ലാംകൊണ്ടും നല്ല ചേർച്ചയുള്ള മികച്ച ബന്ധം. അത്കൊണ്ട് തന്നെ കൈവിട്ടു പോകാതെ അത് നിറവേറ്റികിട്ടാൻ എല്ലാരും അതിയായി ആഗ്രഹിച്ചു. ചെക്കൻകൂട്ടർക്കും ബാന്ധവത്തിൽ പൂർണ്ണസമ്മതം !. പക്ഷേ, അവർക്ക് ഒരേയൊരു നിർബന്ധം. നിശ്ചയമൊന്നും നടത്തിയില്ലെങ്കിലും വേണ്ടീല്ല. കെട്ട്…അടുത്ത മാസം ചെറുക്കൻ ലീവ് കഴിഞ്ഞു പോകുന്നതിന് മുൻപേ പെട്ടെന്നു നടത്തണം. അച്ഛനും അമ്മാവനും മറ്റും ആ കാര്യത്തിൽ ലേശം വിഷമത്തിലായി. സാമ്പത്തികത്തിനേക്കാൾ അഭിയുടെ അവധി ഓർത്തായിരുന്നു അവർക്ക് വ്യാധി മുഴുവനും . സാമ്പത്തികം എത്രയും എങ്ങനെങ്കിലും ഏർപ്പാടാക്കാം. പക്ഷേ ലീവും ടിക്കറ്റും തരപ്പെടുത്തി, പൊടുന്നനെ അഭിയെ നാട്ടിലെത്തിക്കുക എന്നത് അസാധ്യ സംഗതി ആണെന്ന് എല്ലാവര്ക്കും തീർച്ചയായിരുന്നു. ബന്ധം എത്ര തന്നെ കേമമാണെന്ന് പറഞ്ഞാലും…അവൻറെ സാന്നിദ്ധ്യം കൂടാതെ ആ പറഞ്ഞ സമയത്തിനുള്ളിൽ കൊണ്ടുപിടിച്ചു കല്യാണം നടത്തുവാൻ അവിടാർക്കും അത്ര താത്പര്യമൊന്നും ഇല്ലായിരുന്നു താനും.
ആകപ്പാടെ തകിടം മറിയുന്നൊരു അലംകോലാവസ്‌ഥയിൽ ”തുറുപ്പു വീണത്” പക്ഷെ അഭിജിത്തിനായിരുന്നു. ”നാട്ടിലെ ജനങ്ങളെ ഇനിയും ഒന്നൂടി നേരിടുക”… അഭിക്ക് അശേഷം താത്പര്യമില്ലാത്ത വിഷയമായിരുന്നു. അതിനാൽ അവധി കിട്ടിയാൽ പോലും നാട്ടിൽപോക്ക് അവനു തീരെ ആലോചിക്കാനേ കഴിയുന്ന കാര്യമായിരുന്നില്ല. എങ്ങനെ അതിൽ നിന്നെല്ലാം ഒന്ന് രക്ഷനേടും എന്ന് അവൻ കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു, ആ നല്ല ആലോചന തിടുക്കപ്പെട്ട് നടത്തേണ്ടി വരുന്നെന്ന ധർമ്മസങ്കടങ്ങൾ വീട്ടുകാർ അവനെ അറിയിക്കുന്നത്. വീണത് വിദ്യയാക്കി അഭി, ഫോണിൽ ഒരു നെടുനീളൻ പ്രസംഗം അങ്ങു കാച്ചി. കൂടെ ന്യായീകരണങ്ങൾ നിരത്തി…നീട്ടിപിടിച്ചൊരു കത്തും അങ്ങോട്ട് വിട്ടു. താൻ നാട്ടിൽനിന്ന് ഇങ്ങോട്ടു വന്നിട്ട് വളരെകുറച്ചു നാളുകളെ ആയിട്ടുള്ളൂ. കുറഞ്ഞത് ഒരു വർഷമെങ്കിലും ആവാതെ, ഇവിടുന്ന് അവധിയെ കുറിച്ച് ആലോചിക്കാനേ ആവില്ല.അതുകൊണ്ട് ഇപ്പോൾ ഒരു ലീവോ, കല്യാണം നീട്ടിവെക്കലോ സാധ്യമാകുന്ന വിഷയങ്ങളെ അല്ല. ഇത്രയും നല്ലൊരു ആലോചന ഇങ്ങനെ വന്നു ചേർന്ന സ്‌ഥിതിക്ക്, മറ്റൊന്നും ചിന്തിച്ചു സമയം നീട്ടികൊണ്ട് പോകാതെ അത് ഉറപ്പിച്ചു പേരിന് നിശ്ചയം നടത്തി…. എത്രയും പെട്ടെന്ന് കല്യാണം നടത്താൻ തയ്യാറാവുക. സാമ്പത്തികവശം ഒന്നും ആരും ആലോചിച്ചു തല പുകക്കേണ്ട, വേണ്ടുന്ന തുക അറിയിച്ചാൽ മാത്രം മതി.പണം ആവശ്യപ്പെടുന്ന നേരത്തു ആവശ്യമാകുന്ന രീതിയിൽ അവിടെ എത്തിയിരിക്കും.മറിച്ചുള്ള കാര്യങ്ങൾ എല്ലാവരും എത്രയും വേഗനെ പൂർത്തിയാക്കാൻ നോക്കുക, ഇത്രയേ പറയാനുള്ളൂ. ഇങ്ങനെ പോയി നാട്ടിൽ പോക്കിനെക്കുറിച്ചു ബന്ധുക്കൾ അന്വേഷിച്ചപ്പോൾ അഭിയുടെ പക്ഷത്തു നിന്നുളള ന്യായവാദങ്ങൾ. അവൻറെ നയം അവൻതന്നെ വ്യക്തമാക്കിയപ്പോൾ പിന്നതിനെ എതിർക്കാൻ ആർക്കും കഴിഞ്ഞില്ല, ആരും ഒട്ടു തുനിഞ്ഞതുമില്ല….’’കല്ലേൽ പിളർക്കുന്ന’’ പോലുള്ള ആ കല്പനകൾ അനുസരിക്കാൻ വീട്ടുകാരും ബന്ധുക്കളും ബാധ്യസ്‌ഥരുമായി.
പിന്നെല്ലാം …വളരെ ധൃതിയിൽ ആയിരുന്നു. അഭിക്കും വളരെ തിരക്കുപിടിച്ച ദിനങ്ങളായിരുന്നു പിന്നീട് വന്നുചേരുന്നത്. ആദ്യം അവനു ചെയ്യാനുണ്ടായിരുന്നത്, ശ്രീമോളുടെ ചെറുക്കൻ വീട്ടുകാരെ നേരിട്ട് വിളിച്ചു കല്യാണക്കാര്യം സംബന്ധിച്ച് എല്ലാം തുറന്ന് സംസാരിച്ചു, ഉറപ്പുകൊടുത്തു, സകലതും തീർപ്പാക്കുക എന്നതായിരുന്നു. അതുകഴിഞ്ഞു, ശ്രീയുടെയും തൻറെയും വീട്ടുകാരെ വിളിച്ചു ”ഉറപ്പിപ്പ് ”നും കല്യാണത്തീയതി ദിവസവും തീരുമാനിക്കാൻ ധൃതഗതിയിൽ നേരം കുറിക്കുവാൻ ആവശ്യപ്പെട്ടു. തൊട്ട്പിറകേ നാട്ടിലെ ചില ഉറ്റചങ്ങായിമാരെ വിളിച്ചു വിവാഹസംബന്ധിയായ ഹാൾ, സദ്യ, ഫോട്ടോ, പന്തൽ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും വീട്ടുകാരുമായി ചേർന്ന് ആലോചിച്ചു ക്രമീകരിക്കാൻ…കൂടി നിർദ്ദേശം കൊടുത്തു. ഒപ്പം…കമ്പനിയിൽ നിന്ന് നല്ലൊരു സംഖ്യ ലോണായി സംഘടിപ്പിക്കാൻ അപേക്ഷയും നൽകി. എല്ലാം വിചാരിച്ചപോലെ…വളരെപെട്ടെന്ന് അടുക്കും ചിട്ടയായും നടന്നു, കാര്യങ്ങൾ കല്യാണത്തിനടുത്തേക്ക് നീങ്ങി. അഭിയുടെ നിർദ്ദേശാനുസരണം ആയിരുന്നു എന്നതിനാൽ സംഗതികൾക്ക് ഒന്നിനും ഒരു കുറവും സംഭവിച്ചില്ല. എല്ലാമെല്ലാം മുറപോലെ….ആദ്യം ലളിതമെങ്കിലും ആഘോഷമായി..” കല്യാണനിശ്ചയവും”, രണ്ടാഴ്ചക്കുള്ളിൽ കല്യാണവും വളരെ കെങ്കേമമായി തന്നെ നടന്നു. അങ്ങനെ…നിറയെ കാത്തിരിപ്പിനും, ആശങ്കകൾക്കും വിരാമമിട്ട്… അധിക കാലതാമസം വരുത്താതെ, വളരെ മംഗളമായി ” ശ്രീക്കുട്ടീപരിണയം ” എന്ന ഏവരുടെയും മോഹം സഫലീകൃതമായി . അതിലൂടെ അവളുടെ മാത്രമല്ല, അഭിയുടെ കൂടി വലിയൊരു ആഗ്രഹം പൂവണിഞ്ഞു …അവൻറെ ചിരകാല സ്വപ്നത്തിനു കൂടിയായിരുന്നു അതു ചിലങ്കകൾ ചാർത്തിയത്. മനപ്പൂർവ്വം അല്ലെങ്കിലും താൻ മൂലം സംഭവിച്ച ..പിഴവുകൾ താൻ തിരുത്തി…തനിക്കെല്ലാം നിറവേറ്റി കൊടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യം വല്ലാതെ ആഹ്‌ളാദവാനാക്കി അഭിയെ ഉയരങ്ങളിലേക്ക് ഉയർത്തി.
അഭി വാക്കുകൊടുത്തിട്ട് അത് പാലിക്കാതെ ഒഴിഞ്ഞുമാറി, ചതിച്ചു എന്നുപറഞ്ഞു എല്ലാവരും കുറ്റം ചാർത്തി, വേട്ടയാടിയ അവൻറെ സ്വന്തം മുറപ്പെണ്ണ് ശ്രീമോളുടെ വിവാഹം ശരത് എന്ന ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ താലി ചാർത്തി ഭാര്യയായി സ്വീകരിച്ചുകൊണ്ട് പൂർത്തിയാക്കി.അപ്പോൾ നവദമ്പതികൾക്കും ബന്ധുജനങ്ങൾക്കും അനുഭവപ്പെട്ടതിനേക്കാൾ എത്രയോ അധികം ഇരട്ടി സന്തോഷവും സമാധാനവും അത്രയും തന്നെ വിദൂരതയിൽ അതിനെല്ലാം നേതൃത്വം കൊടുത്ത് മുൻപിൽനിന്ന അഭിക്ക് തൊട്ടറിയുവാൻ സാധിച്ചിരിക്കണം.
അതും കൂടാതെ…നാട്ടിൽനിന്നും ഗൾഫിലേക്ക് യാത്ര തിരിക്കുന്ന നേരത്തു അഭി, ശ്രീമോൾക്കും വീട്ടുകാർക്കും കൊടുത്ത മറ്റൊരു വാക്ക് കൂടി പരിപൂർണ്ണമായി പാലിച്ചു. വിവാഹം കഴിയുന്ന പുതു മണവാള- മണവാട്ടി മാർക്ക് , മധുവിധുവായി അവിടെ വന്നു താങ്ങി, അവിടം മുഴുവൻ സന്ദർശിച്ചു മടങ്ങാനുള്ള വിസ,ടിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാം എന്നുള്ള ഉറപ്പും അടുത്ത ഒരു മാസത്തിനകം അഭി നടപ്പിലാക്കി, അവൻ വാക്ക് നിറവേറ്റി. അവൻ അയച്ചുകൊടുത്ത സന്ദർശനവിസയിലും ടിക്കറ്റിലും നവദമ്പതിമാർക്ക് അവിടെവന്ന് ഫ്‌ളൈറ്റ് ഇറങ്ങേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. വന്നശേഷമുള്ള താമസം, ഭക്ഷണം,വാഹനസൗകര്യം അടക്കമുള്ള ഒരു മാസത്തെ ടൂർ പാക്കേജ് മുഴുവൻ അവനവിടെ ക്രമീകരിച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ സഹായങ്ങൾ സ്വീകരിച്ചു, ആ മഹാനഗരത്തിൽ തികച്ചൊരു മാസത്തെ ഗംഭീര ഹണിമൂൺ….യുവമിഥുനങ്ങൾ മതിമറന്ന് ആഘോഷിച്ചു
രസിച്ചു….അടിച്ചുപൊളിച്ചു ആറുമാദിച്ചു സുഖിച്ചു. അവരുടെ നിരന്തര അഭ്യർഥന മാനിച്ചു, ഇടക്ക് കിട്ടുന്ന സമയങ്ങളിൽ അഭിയും അവർക്കൊപ്പം ഒന്നിച്ചുകൂടി, അവരുടെ സന്തോഷാതിരേകങ്ങളിൽ നിറഞ്ഞ മനസ്സോടെ പങ്കാളിയായി.
അങ്ങനെ….ആ ഒരു മാസക്കാലം ശ്രീക്കുട്ടിയുടെ കൊച്ചു ജീവിതത്തിൽ എന്നപോലെ ആഹ്ളാദകരങ്ങളായ അനുഭവങ്ങൾ കൊണ്ടു നിറമാല നിറച്ച, വേറിട്ട പുതിയൊരു ജീവിതാദ്ധ്യായമായി അവന് ആ നാളുകൾ മാറി. ഒടുവിൽ…ആനന്ദകരമായ മധുവിധു ആഘോഷ സന്ദർശനം അവസാനിപ്പിച്ചു…കേരളത്തിലേക്ക് തിരികെ വിമാനം പിടിക്കുമ്പോൾ അഭിയേട്ടനെ പിരിയുന്നതോർത്തു ശ്രീമോളും…നല്ലൊരു ചങ്ങാതിയെ കൈവിടുന്നതാലോചിച്ചു ശരത്തും വളരെ ഖിന്ന മനസ്‌കിതരായി മാറിയിരുന്നു. അഭിക്ക് എന്നാൽ…. താൻ മുൻകൈ എടുത്ത് അവളെ നല്ലൊരു ചെറുപ്പക്കാരന് കൈപിടിച്ചു കൊടുക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, അവർ ഇരുവരെയും…’വാക്കുപാലിച്ചു’,പറഞ്ഞ സമയത്തു അവിടെത്തിച്ചു ദുബായ്‌നാട് മുഴുവൻ ചുറ്റികറക്കി കാണിക്കുവാൻ കൂടി സാധിച്ചെന്നുള്ള അഭിമാനത്തിൽ…. തൻറെ ‘കുഞ്ഞു മധുരപ്രതികാരം’ കൂടി സഫലീകരിക്കുകയായിരുന്നു ചെയ്‌തത്. ശ്രീക്കുട്ടിയുടെ മനസ്സിലും അതൊക്കെ…ഒരിക്കലും മറക്കാൻ കഴിയാത്ത നിറവാർന്ന…മധുരോദാത്ത വിവാഹസമ്മാനമായി പരിണമിച്ചു……അനുഭൂതികൾ പെയ്തു നിറച്ചു. എങ്കിലും നാട്ടിൽവന്ന് കൂടുതൽ ദുബായ് കുളിരോർമ്മകളിൽ മുഴുകി ജീവിക്കാനാവാതെ…അധികം താമസിയാതെ അവൾക്ക് ഭർത്താവിനൊപ്പം അയാളുടെ ജോലിസ്‌ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഒപ്പം കുടുംബിനിയുടെ പുതിയ വേഷം ഏറ്റെടുത്തു ഒരു പുതിയ കുടുംബജീവിതത്തിലേക്ക് കടക്കേണ്ടിയും.
അഭിക്ക്, എല്ലാം…ഒരു സ്വപ്നം പോലെ തോന്നി. തീരെ പ്രതീക്ഷിക്കാതെ, വളരെ അവിചാരിതമായുള്ള ശ്രീമോളുടെ കടന്നുവരവ് . വിരസമായിരുന്ന തൻറെ ദൈനംദിന നിമിഷങ്ങളെ ചിരിയും ചിന്തയും കവിതയും സംഗീതവും കളിതമാശകളും കൊണ്ട് നിറച്ചു ധന്യമാക്കി കടന്നുപോയ ആനന്ദകരങ്ങളായ ദിനരാത്രങ്ങൾ. അതിനെ…അവയുടെ നഷ്‌ടബോധങ്ങളെ കുറിച്ചോർത്തു അഭി വ്യാകുലനായി. പിന്നെ, പതിയെ…”മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ” ആയപോലെ വീണ്ടും അതേ ചിന്തകളും ദിനചര്യയും വിനോദങ്ങളും എല്ലാമായി പഴയപടി തിരികെയെത്തി. അങ്ങനാ ജീവിതാനദി അതേ ഒഴുക്കിലും വേഗതയിലും ഒരല്ലലും കൂടാതെ, നിർബാധം ഒഴുകി നീങ്ങി.
ഒരു വെറും സാധാരണ….ഇടത്തരക്കാരൻറെ ഔദ്യോഗികജീവിതവും ചുറ്റുപാടുമായി മുന്നോട്ടുപോയ ജീവിതക്രമത്തിൽ…കേവലം അഞ്ചുവർഷം നീണ്ടുനിന്ന ബോംബെ വാസവുമായി വലിയ അന്തരങ്ങൾ ഒന്നും അവിടില്ലായിരുന്നു. എങ്കിലും ഗൾഫ് ആഡംബരത്തിന്റേതായ എല്ലാ സാമ്പ്രദായിക മാറ്റങ്ങളും അഭിയുടെ ജീവിതവൃത്തികളിലും വലിയ വ്യത്യാസങ്ങൾ പാകി. ഉദ്യോഗതലങ്ങളിൽ അയാളെന്നും സ്വയമേ പുലർത്തിവന്ന നേരിലും നന്മയിലും വിട്ടുവീഴ്ചയില്ലാത്ത…കൃത്യനിഷ്‌ഠകളിൽ അധിഷ്‌ഠിതമായ സ്വഭാവക്രമങ്ങൾ മറ്റുള്ളവരിലും നിന്നും എന്നും മാറ്റി നിർത്തി. ബോംബെയെക്കാൾ അയത്നലളിതമായി യു.എ.ഇ ലെ തൊഴിൽ രംഗത്തു അത് അസാമാന്യ ജനസമ്മതിയും അതുവഴി സ്വജീവിതത്തിൽ വമ്പിച്ച നേട്ടവും വളരെ വേഗം ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞു. ഈ പറഞ്ഞ ഗുണകണങ്ങളെല്ലാം ദുബായിലെ സാമൂഹ്യ മണ്ഡലങ്ങളിൽ അതിബൃഹത്തായൊരു സുഹൃത്‌വലയം സ്‌ഥാപിച്ചെടുക്കാൻ അയാൾക്ക് വലിയ സംഭാവനകൾ നൽകി. ബോംബെക്കാല ജീവിതം എന്ന മുന്തിയ ജീവിത പരീക്ഷണ നിലം അഭിക്കേകിയത് വളക്കൂറേറിയ വലിയൊരു പാഴ്‌വയൽ ഭൂമി ആയിരുന്നു. അവിടാവശ്യത്തിന് വിത്തും വളവും കൊടുത്തു പരിശ്രമം ചെയ്‌തു മുളപ്പിച്ചു വലുതാക്കിയെടുത്ത നല്ലൊരളവ് ജീവനഫല സമ്പത്തു . അത് പറിച്ചുനടപ്പെട്ട ദുബായുടെ മരുഭൂവനിക അതേവേഗതയിൽ അതിനെ വളർത്തി വിളയിച്ചു നന്മയുടെ നല്ലൊരു വസന്തകാലം വിരിയിച്ചു.
ബോംബെജീവിതത്തിൽ നിന്ന് വ്യത്യസ്‌തമായി അഭിക്കവിടെ സ്വാതന്ത്ര്യാനന്ദത്തിൻറെ നല്ലളവ് ശുദ്ധവായു ശ്വസിച്ചു സസുഖം ജീവിക്കാനായി.
അത് കേവലം ജോലിഭാരത്തിൻറെ തിക്കുംതിരക്കും വീർപ്പുമുട്ടൽ ഏതുമില്ലാതെ, തഞ്ചവും ഒതുക്കവുമായി നല്ല അച്ചടക്കത്തോടെ….വേല നിയന്ത്രിച്ചു ചെയ്‌തു മുന്നോട്ട്പോകാൻ കഴിഞ്ഞത് ഒന്നുകൊണ്ട് മാത്രം ആയിരുന്നു. ജീവിതചര്യകളെ ആകെ, കൃത്യമായി നിർണ്ണയിച്ചു മുന്നേറുവാനും…പഴയ കാലത്തിൽ നിന്നും വിഭിന്നമായി ഇഷ്‌ടകൃതികൾ ചികഞ്ഞെടുത്തു വായിക്കുന്നതിനും…ഒപ്പം പുഴുക്കുത്തേറ്റ തൻറെ കഴിഞ്ഞ വഴിത്താരകളെ മൊത്തം പരത്തി പടർത്തി കുത്തിക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നതിനും അത് അഭിക്ക് ഒരുപാട് അവസരങ്ങൾ സൃഷ്‌ടിച്ചു. വിരസത തോന്നാത്ത നിത്യ കൃതാന്തര കർമ്മങ്ങളിൽ മുഴുകി, അതിൻറെ ആസ്വാദ്യതകൾ അറിഞ്ഞുജീവിച്ച അവൻ പലപ്പോഴും അറിഞ്ഞില്ല. തൻറെ ആ ഓട്ടം…കാലവേഗത, പഴമകളിൽ നിന്ന് തുലോം വൈവിധ്യപൂർണ്ണം ആയിരുന്നുവെന്ന് !. പുതിയകാല ലോകത്തിൻറെ വൈചിത്ര്യങ്ങളിൽ ഒന്നായത് അനുഭവപ്പെട്ടപ്പോൾ…ഒട്ടും ഉത്കണ്ഠാകുലൻ ആവാതെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് ആ കുതിപ്പിനൊപ്പം അവനും അണിചേർന്നു.
തിരുവനന്തപുരത്തു നിന്ന് നേരെ ദുബായിലേക്കെത്തുമ്പോൾ…പതിവുപോലെ തുടക്കത്തിൽ നാടും വീടും നാട്ടാരും ഒക്കെയായി നല്ല അഭേദ്യബന്ധമായിരുന്നു അഭിക്ക്. വീട്ടുകാരോട്, വിശിഷ്യാ അച്ഛൻ,അമ്മ,അമ്മാവൻ,അമ്മായി തുടങ്ങിയരോടെല്ലാം വളരെ നല്ല അടുപ്പം. പിന്നെ,പുറത്തു വിരലിൽ എണ്ണാവുന്ന കുറച്ചു അടുത്ത ചങ്ങായിമാരും . കത്തെഴുത്തൊന്നും എപ്പോഴും ഭയങ്കര തകൃതിയായി ഇല്ലെങ്കിലും…എല്ലാവരേയും ഫോണിൽ വിളിക്കുക, ക്ഷേമം അന്വേഷിക്കുക തുടങ്ങിയവക്ക് അവൻ പ്രത്യേക നിഷ്‌കർഷ പുലർത്തിയിരുന്നു. ശ്രീക്കുട്ടിയുടെ വിവാഹാലോചന ത്വരിതപ്പെടുത്തുന്നതിന് സ്‌ഥിരമായ് എല്ലാവരുമായും നല്ലരീതിയിൽ ബന്ധപ്പെട്ടുകൊണ്ടിരുന്ന അഭി അത് ഉറപ്പിച്ചു മംഗളപൂർവ്വം നടന്നുകഴിഞ്ഞിട്ടും… ആ ബന്ധങ്ങളെല്ലാം മാറ്റമില്ലാതെ, അതുപോലെ തുടർന്നുപോകാൻ നന്നായി ശ്രദ്ധിച്ചിരുന്നു. ദമ്പതിമാർ ഗൾഫീന്നവിടെ മടങ്ങിയെത്തി ചേർന്നിട്ടും…ബന്ധുത്വം അങ്ങനെ തുടർന്നിരുന്നു എന്നു മാത്രമല്ല, അത് കുറേക്കൂടി സുദൃഢമായി മാറിയിരുന്നു താനും. പിന്നെ, എങ്ങനെയൊക്കെയോ എവിടെവച്ചോ ആ തീഷ്‌ണബന്ധങ്ങളിലൊക്കെ പതുങ്ങനെ ചെറു വിള്ളലുകൾ വീഴുവാൻ തുടങ്ങി.
കാര്യകാരണങ്ങൾ പറഞ്ഞു വരുമ്പോൾ…ശ്രീമോളുടെ ”വിവാഹം എന്ന വലിയ കടമ്പ”, ഒരു വലിയ പ്രായശ്ചിത്തം എന്ന കണക്കെ, അഭി മുൻകൈയെടുത്തു എല്ലാവര്ക്കും ഇഷ്‌ടമാവും വിധം കേമമായി നടത്തികൊടുത്തു. ഇനി മുന്നിൽ ഒരു വൻ ചോദ്യചിഹ്നമായി തെളിഞ്ഞുയർന്നു നിൽക്കുന്നത് അഭിയുടെ ഭാവിജീവിതം മാത്രമാണ്. ബന്ധുക്കൾ സകലരും അതിലെ തങ്ങളുടെ കടുത്ത ആശങ്ക ശക്തമായി ഉന്നയിച്ചു. എന്നുമാത്രമല്ല, അവൻ ചെയ്‌ത നല്ല ഉദ്യമത്തെ പ്രകീർത്തിച്ചു, അഭിമോന് കൂടി ഒരു നല്ല കുടുംബജീവിതം ഒരുക്കിക്കൊടുത്തു ജീവിതം സുരക്ഷിതമാക്കി കൊടുക്കേണ്ടത് തങ്ങൾ എല്ലാവരുടെയും വലിയ ബാധ്യത ആണെന്ന് എല്ലാവരും എല്ലാവരെയും വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. അതിനായി അഭീടമ്മാവനും അമ്മായീം തുടക്കം കുറിച്ചപ്പോൾ…ശ്രീക്കുട്ടീം ശരത്തും അവരെ പ്രോത്സാഹിപ്പിച്ചു കൂടെ വന്നു. അവരെകൂടാതെ ചേച്ചി അഭിരാമിയും അളിയനും കൂടി അഭീടെ അച്ഛൻറെയും അമ്മയുടെയും മേൽ ഇതിനായി സമ്മർദ്ദം ചെലുത്തിയപ്പോൾ…അവർക്കും പിന്നെ അടങ്ങിയിരിക്കാൻ ആയില്ല. അതിൻറെ ഫലമായി…എല്ലാവരും താൻ താങ്കളുടെ നിലക്ക്, ഒരോരുത്തർ ഓരോരുത്തരായി അഭിക്ക് മുന്നിൽ വിവാഹ അപേക്ഷകളും നിരത്തി എത്തി. ആദ്യമൊക്കെ യാചനാ രൂപത്തിൽ ആയിരുന്നെങ്കിൽ..
പിന്നത് മാറി…അഭ്യർഥന,ഉപദേശങ്ങൾ…അങ്ങനെ, ശക്തമായ ആവലാതികൾ നിറഞ്ഞ ‘അടവുനയങ്ങൾ ‘മുഴുവൻ ഓരോന്നായി പുറത്തെടുത്തു മാറിമാറി അവനിൽ ”തത്തിക്ക് തത്തിക്കു” അവർ പ്രയോഗിച്ചു നോക്കി. ഒരു കണക്കിന് പറഞ്ഞാൽ…പണ്ട് ബോംബെ ജീവിത കാലത്തു നടമാടി, കയ്യൊഴിഞ്ഞ വന്യകാണ്ഡങ്ങളുടെ പുനരാവിഷ്‌ക്കാരം എന്ന് പറയാവുന്ന പഴയ ”ചർവ്വിതചർവ്വണ” പല്ലവികൾ. വീഞ്ഞ് പോലെ വീര്യവും പഴക്കവും ഏറിയതാണെങ്കിലും എല്ലാം ഒന്നോടെ, ഒരുകാലത്തു പിന്തള്ളി ഒഴിവാക്കിയത് ആയിരുന്നതിനാൽ …ആരുടെ ഒരു ഉപാധിക്കും അനുനയപ്പെടാൻ തയ്യാറായി അഭി നിന്നു കൊടുത്തില്ല. സർവ്വരോടും ആരംഭത്തിലേ തൻറെ വിയോജന അഭിപ്രായം തുറന്നറിയിച്ചു. ആരെയും അധികം അങ്ങോട്ടുകേറി ബന്ധപ്പെടുകയോ ?…ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് വന്ന വിളികളെ പ്രോത്സാഹിപ്പിച്ചു മറുപടി കൊടുക്കാൻ തയ്യാറായതുമില്ല. അതോടെ നാട്ടിൽ നാനാ ചേരിയിൽ നിന്നുള്ള കല്പനകളുടെ കുന്തമുന ഉടഞ്ഞു, ആക്രമണശക്തികൾ നിഷ്‌ഫലമായി. പയ്യനെ അപേക്ഷാ നിവേദനങ്ങളും ആവശ്യകതാ മുന്നറിയിപ്പു൦ കുറഞ്ഞു മുരളലും മുറുമുറുക്കലും മാത്രമായി നാടും നാട്ടാരും ഒതുങ്ങി. അവൻറെ നിസ്സഹകരണ മനോഭാവത്തിന് പകരം അച്ഛനും അമ്മാവനും മറ്റു ബന്ധുക്കളും പതിയെ അടങ്ങി, പത്തിമടക്കി കുരിശുയുദ്ധം പ്രഖ്യാപിച്ചു തൽക്കാലത്തേക്ക് പിൻവാങ്ങി. മരുഭൂമിയിലേക്ക് സ്വയം പതുങ്ങി അഭിയും നിശ്ശബ്ദനായി.
കാലം….ഇതൊന്നുമറിയാതെ, അതിൻറെ കർമ്മപഥങ്ങളിൽ അതേവിധത്തിൽ വേരോടി പോയി. യുഗചക്രങ്ങളിൽ അനസ്യൂതചലനം തുടർന്നുകൊണ്ടേയിരുന്നു. ഋതുക്കൾ മാറി മാറി വന്നു,വർഷങ്ങൾ നീണ്ടു. അനിവാര്യ ജീവിതപരിണാമങ്ങൾ എവിടെയും എന്നപോലെ അഭിജിത്തിലും വന്നു മടങ്ങി. നാട്ടിൽ നിന്ന് അപ്പോഴേക്കും പരിഭവ പരിദേവനങ്ങളുടെ കുത്തൊഴുക്കുകൾ നിലച്ചു, എല്ലാവരും നിർവികാരതയോടെ മൂടുപടം വെറുതെ എടുത്തണിഞ്ഞിരുന്നു. ആവലാതികൾ കളം നിറക്കുന്ന വീട്ടുകാരുടെ വല്ലപ്പോഴും കൂടിയുള്ള ഫോൺ വിളികൾ കൊണ്ടുമാത്രം…. ആ രക്തബന്ധവും സ്വയം പരിമിതപ്പെട്ടു. നാടും വീടും സ്വന്ത ബന്ധങ്ങളെല്ലാം മറന്ന് മണലാരണ്യ വാസത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടിവരുന്നൊരു ശരാശരി പേർഷ്യൻ മലയാളിയുടെ അടയാള സമവാക്യത്തിലേക്ക്…മനസ്സ്‌കൊണ്ട് ആഗ്രഹിക്കാതെ, അറിയാതെ ആണെങ്കിൽകൂടി അഭി എന്ന തലസ്‌ഥാന നഗരക്കാരൻ യുവാവും വന്ന് ഒതുങ്ങി കൂടുകയായിരുന്നു….പെട്ട് പോകുകയായിരുന്നു.
കൊല്ലവർഷം 2000 ,( ”രണ്ടായിരം” )കാലഘട്ടം !. പുതിയ നൂറ്റാണ്ട് ….
പുതിയ വർഷത്തിൽ പുതിയ നൂറ്റാണ്ടിൽ….പുതിയ മാറ്റങ്ങൾക്കും വെളിച്ചങ്ങൾക്കും വിധേയമായി കാലവും പുത്തൻ വിളവെടുപ്പുകൾക്ക് പാത്രമായി നിന്നു. ലോകത്തു മാറ്റം വരുത്തിയ നേട്ടങ്ങൾ…എല്ലാ മണ്ഡലങ്ങളെയുംകാൾ ഒരുപക്ഷെ കൂടുതലായി വിളങ്ങി നിന്നത് സാങ്കേതിക രംഗങ്ങളിൽ ആയിരിക്കണം. കമ്പിയില്ലാ കമ്പി, കത്തെഴുത്തു,മണിയോർഡർ തുടങ്ങിയ പഴഞ്ചൻ ഏർപ്പാടുകളിൽ നിന്നെല്ലാം മുക്തമായി വലിയൊരു പരിണാമം സംഭവിച്ചു ആധുനിക, ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിപാലിച്ചു ലോകംതന്നെ വലിയ പരിഷ്‌കൃതികളിലേക്ക് കുതിച്ചുചാട്ടം നടത്തിയ കാലയളവുകൾ.
രണ്ടായിരത്തിന് ശേഷം ,തുടർന്നുവന്ന ഓരോ കൊല്ലവും നിറയെ പുതിയ മാറ്റ൦ കൊണ്ടുവന്നു…ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൻ പുരോഗതികൾക്ക് സാക്ഷ്യം വഹിച്ചു. അവയിലെ ആ മികവ് ഇലക്ട്രൊണിക്സ് -ടെലികമ്മ്യുണിക്കേഷൻ രംഗം എന്നപോലെ ”ഇന്റർനെറ്റ്” എന്ന അതിനൂതന സാങ്കേതിക സംവിധാനത്തിലേക്കുള്ള പുതിയ ചുവടുവെയ്‌പുമായി. കാലത്തിനൊപ്പം യാത്രചെയ്‌ത എല്ലാ ലോകവും ഹർഷാരവങ്ങളോടെ അതിനെ വരവേറ്റപ്പോൾ…യു.എ.ഇ പോലുള്ള അറബിനാടുകൾക്ക് അതിനോട് മുഖം തിരിഞ്ഞു നിൽക്കാൻ ആയില്ല. സമ്പന്നതയുടെ അടയാളമായത് അലയൊലി തീർത്ത് കടന്നുവന്ന് വൻ വിജയങ്ങൾ കൊയ്തെടുത്തു. ജനജീവിതത്തിലും അത് വിപ്ളവകരമായ മാറ്റങ്ങൾ വരുത്തി. കത്ത്,മണിയോഡർ തുടങ്ങിയ തപാൽ ഉത്പന്നങ്ങൾ, ഇലക്ട്രൊണിക്സ് -ടെലികമ്മ്യുണിക്കേഷൻ മാധ്യമങ്ങൾ സകലതും ”ഇന്റർനെറ്റ്” ലേക്ക് കുടിയേറിയ നാളുകൾ. ഫോൺവിളികൾ പോലും പുതിയ മാനം കൈവന്ന്, കമ്പ്യൂട്ടർ ശ്രു൦ഖലയിലേക്ക് കണ്ണിചേർന്ന് പുതുവഴികൾ തീർത്തു.
അഭിക്ക്, എന്നാൽ…സ്വന്തം രചനാകർമ്മങ്ങൾക്കിടയിലും നാട്ടിലേക്ക് വല്ലപ്പോഴും എന്തെങ്കിലും ഒക്കെ കുത്തിക്കുറിച്ചയക്കുന്ന പതിവ് ഉണ്ടായിരുന്നു. എല്ലാ ഉദ്യോഗത്തിറക്കുകൾക്കും തിരക്കുപിടിച്ച ദിനചര്യകൾക്കും ഒപ്പം അതിനായി അൽപസമയം മാറ്റിവെക്കുക, അതിൽവന് പ്രത്യേകം ഒരു ഉൾപുളകം തന്നെ അനുഭവിച്ചിരുന്നു. തൻറെ വിവാഹാലോചനാ വിഷയങ്ങളിൽ കാരണവന്മാർ എല്ലാരോടും അസ്വാരസ്യങ്ങൾ കലശലായപ്പോൾ അവർക്കുള്ള എഴുത്തു യഥാക്രമം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. അവശേഷിച്ചത് ശ്രീമോളും അമ്മയും മാത്രം !. ശ്രീമോൾ പക്ഷേ പുതിയ ദാമ്പത്യജീവിത തിരക്കുകൾ വർദ്ധിച്ചപ്പോൾ താനേ ആ ശീലവും കൈവിട്ടു. പിന്നെയുള്ള ഏക ആൾ അമ്മ ആയിരുന്നു. ഒന്നിനും ഏതിനും ഒരിക്കലും ഒരു പരാതിയും പറയാതെ, എവിടെയും എതിരു നിൽക്കാതെ, എപ്പോഴും പുഞ്ചിരി കൊണ്ടുമാത്രം അവനെ നേരിട്ട്…വിധി പ്രസ്താവിച്ചുകൊണ്ടിരുന്ന ഏക ”കുടുംബകോടതി”. അവിടെ, മുടങ്ങാതെ ഇതിനിടയിലും എന്തെങ്കിലും രണ്ട് വരി എഴുതിവിടാൻ അഭി വിസ്‌മരിച്ചിരുന്നില്ല. അവനെയും നാടിനെയും തമ്മിൽ ചേർത്ത് ബന്ധിപ്പിക്കുന്ന ഒരേയൊരു ബന്ധം !…അമ്മയും മകനും തമ്മിലുള്ള ആ ഒരു പഴയ ”പൊക്കിൾക്കൊടി ബന്ധം” മാത്രമായിരുന്നു അവന്.
രണ്ടായിരം ആണ്ടിൽ കടന്നുവന്ന വലിയ മാറ്റം…തുടർവർഷങ്ങളിലും കടുത്ത, മാറ്റങ്ങളായി തന്നെ പരിഷ്‌കരിച്ചു മനുഷ്യഗണങ്ങളിൽ വൻ അഭിവൃദ്ധി വരുത്തി….സ്വർഗ്ഗീയസമ്പന്നമായി തുടർന്നുപോയി. മാറ്റങ്ങൾക്ക് മാത്രമാണല്ലോ ?ഒരിക്കലും മാറ്റമുണ്ടാകാത്തത് . അതും മാറിമറിഞ്ഞു വന്നു പൊയ്കൊണ്ടേയിരുന്നു . സ്വാഭാവികമായും അഭിക്കും അതിൽ നിന്നൊന്നും മുഖം തിരിക്കാനായില്ല. സ്വകാര്യം ആയിട്ടല്ലെങ്കിലും ഔദ്യോഗിക പഥങ്ങളിൽ അവനും അതിൽ ഭാഗഭാക്കാകേണ്ടി വന്നു. രണ്ടായിരം കഴിഞ്ഞു രണ്ടായിരത്തി പത്തിൽ എത്തിയശേഷവും ലോകം ശാസ്ത്ര സാങ്കേതികങ്ങളിലെ അമിത വേഗത്തിനൊപ്പം ഓടി. പുതിയ സുഖ സമ്പ്രദായങ്ങളിൽ മുങ്ങിക്കുളിച്ചു അഭിരമിച്ച സമൂഹം….അതിനൊപ്പം നിറഞ്ഞാടി. രണ്ടായിരത്തിപത്തു കാലഘട്ടത്തെ തുടർന്നുവന്ന വളർച്ചകൾ നാടും നാഗരീയതയും പോലെ മർത്യകുലത്തിൻറെ പ്രവർത്തന തലത്തിലെല്ലാം തന്നെ വമ്പൻ പരിഷ്‌കാര നവോത്ഥാനം പ്രതിഫലിപ്പിച്ചു. പുതുതലമുറ അത്തരം പുതുയുഗത്തിൻറെ പതാകാവാഹകരായി….അതിൻറെ എല്ലാ നേട്ടവും ശീലിച്ചു പഴയിച്ചു അവരുടെ മികവുകൾക്കായവർ എല്ലാം കൊയ്തു മെതിച്ചെടുത്തു. പഴമളെയെല്ലാം അപ്പാടെ തകർത്തെറിയാൻ തയാറായ ജനത നവ ശാസ്ത്ര സിദ്ധാന്തങ്ങളുടെ മുന്നേറ്റത്തിൽ പങ്കാളികളായി അതിനെ ഊട്ടിവളർത്താൻ ഊന്നൽനൽകി …പുത്തൻ ഉണർവുകളിലേക്ക് പരക്കംപാഞ്ഞു. അഭി പക്ഷെ പുതിയ കാലത്തിൻറെ അത്യുന്നതിയേയും പുതിയമുഖ വക്താക്കളെയും ഒന്നും അവൻറെ കുഞ്ഞു മനസ്സിലേറ്റാൻ തെല്ലും ഇടം കൊടുത്തില്ല. ആരോടും കലഹിക്കാതെ. ഒരു ഉന്നതിയോടും സമരസപ്പെടാൻ കാത്തുനിൽക്കാതെ ഉള്ളതിനെ മാത്രം ഉള്ളിൽ ഉൾകൊണ്ട് നിരന്ന വായനയും…കുഞ്ഞു കുത്തിക്കുറിക്കലും കറകളഞ്ഞ സൗഹൃദവും…ഇത്തിരി സംഗീതവുമായി അവൻ സ്വജീവിതം മാറ്റിമറിച്ചു.
കാലം മാത്രം !….ആർക്കും വിധേയമാവാതെ…ആരെയും കാത്തുകെട്ടി
നിൽക്കാതെ… ഭ്രമണചക്രങ്ങളിൽ അതിൻറെ ശുഭയാത്ര നിർവിഘ്‌നം തുടർന്നു. ഋതുക്കൾ കാലഗതികളിൽ യാതൊരു മുടക്കവും വരുത്താതെ… ഓരോന്ന് ഓരോന്നായി ക്രമം പാലിച്ചു മുളവച്ചു , വിടർന്നു തളർന്നു കൊഴിഞ്ഞു ജീർണ്ണിച്ചു വന്നുപോയ്കൊണ്ടിരുന്നു. മാസങ്ങൾ, വർഷങ്ങൾ അതിനനുസൃണം നിരനിരയായി പൊഴിഞ്ഞു വീണും ഇരുന്നു. വര്ഷത്തിനും കാലത്തിനും ഒപ്പം ചുറ്റുമുള്ള സംഭവബഹുലമാർന്ന വർണ്ണ ലോകവും മാറി മറിഞ്ഞുകൊണ്ടിരുന്നു. ”രണ്ടായിരത്തി പത്തിൽ” നിന്ന് ”പതിനഞ്ച്” കാലയളവിലേക്ക് കടന്നപ്പോൾ…വാർത്താവിതരണവും മറ്റുംപോലെ ആധുനികത കൈവരിച്ച വ്യക്തിപരം ആശയവിതരണ സംവിധാനങ്ങൾ ഇന്റർനെറ്റ് എന്ന സാർവലൗകിക ദൃശ്യ-ശ്രവ്യ സങ്കേതത്തിൻറെ കീഴിൽ വൻ ”വലകണ്ണികൾ” കോർത്ത് കഴിഞ്ഞിരുന്നു. അത് ലോകത്തിൻറെ വിഭിന്ന കോണുകളിൽ വിവിധവിഭാഗം ജനങ്ങളേയും ഒരേ സമയം ഒരേ നൂലിൽ ചേർത്ത്, പരസ്‌പരം കോർത്തിണക്കി…നീണ്ട ചങ്ങലകണ്ണികളാക്കി മാറ്റി. മൂലവാക്യ-ദൃശ്യ-ശ്രവ്യ തത്സമയ-വാർത്ത- ചിത്ര സന്ദേശങ്ങളിലൂടെ അതിൻറെ മേച്ചിൽപ്പുറം ഏവരുടെയും ആശയ വിനോദോപാധ സൗഹൃദ ബന്ധങ്ങൾ ഒക്കെയും ദൃഢതരങ്ങളാക്കി . ഒരു കാലത്തെ വലിയ സുഹൃത്ബന്ധങ്ങളും അനശ്വര സംസർഗ്ഗങ്ങളും കെടാത്ത കൈത്തിരികളായി ഉള്ളിൽ കാത്തു സൂക്ഷിച്ചചിലർ . അനിവാര്യ വേർപിരിയലുകളിൽപ്പെട്ടു ചിതറിയകന്ന ക്യാമ്പസിലും തൊഴിലിടങ്ങളിലുംപെട്ട അനേകായിരങ്ങളെ അതിലൂടെ അങ്ങനെ ഓരോരോ ചങ്ങലകളിൽ കണ്ണികളായി ബന്ധിപ്പിച്ചു.
”ഓർക്കുട്ട്” കഴിഞ്ഞെത്തിയ ”മുഖപുസ്തക” കൂട്ടായ്മയിൽ നിന്ന് തുടങ്ങിയ സമ്പർക്കങ്ങൾ…പിറകെ കടന്നുവന്ന അനേക ”സല്ലാപജാലകങ്ങൾ” പിന്തുടർന്ന്…”ഉൾവല”യിലെ ധാരാളം ” സൊറപറയൽ ””ആപ്പ്”കളിൽ ചെന്നെത്തി. അവിടുന്ന് പതുക്കെ ”വാട്ട്സ്ആപ്പ്” എന്ന ഭീമൻ ബഹുമുഖ സോഫ്റ്റ്‌വെയർ ആപ്പിലേക്ക് ചേക്കേറിയപ്പോൾ പലർക്കും അതിനൊപ്പം ഓടിനീങ്ങാൻ സ്വജീവിതം തന്നെ പുനഃക്രമീകരിക്കേണ്ടി വന്നു. അത് പുതിയ നൂറ്റാണ്ടിലെ വലിയ മാറ്റത്തിലേക്കുള്ള ശംഖൊലി ആയിരുന്നു. ഔദ്യോഗികവും വ്യക്തിപരവും ….കാലികവും പുരാതനവും ആയ നിരവധി വൃത്താന്തങ്ങളുടെയും വിവര സാങ്കേതകത്വങ്ങളുടെയും നിറ കമ്പോളമായി മാറുകയായിരുന്നു അവിടം. അതിൽക്കൂടി വിപണന മൂല്യമുള്ള ഒട്ടനേകം വിനിമയ സങ്കേതങ്ങൾ പല രൂപഭാവങ്ങളിൽ നേരിട്ടുള്ള കൊടുക്കൽ വാങ്ങലുകളുടെ ബൃഹത് പ്രപഞ്ചം തന്നെ ഒരുക്കി. ലോകം അതിലേക്ക് ചുരുങ്ങി നീങ്ങി വന്നപ്പോൾ…വേർപ്പെട്ടു നിന്നവർ, അഭിയുടെയും കലാലയ കൂട്ടുകാർ വരെ …കൂട്ടായ്മകളിൽ നിന്ന് കൂട്ടായ്‌മ പിന്നിട്ട്…അതിലേക്ക് ഒഴുകി വന്നടിഞ്ഞു. സ്വാഭാവികമായി ‘ വിത്തും വേരും അന്തരാളങ്ങളും ചികഞ്ഞു, കുഴിച്ചു കണ്ടെത്തി…അവർ അഭിയിലേക്കും എത്തി നൂഴ്ന്നിറങ്ങി.കണ്ണിയായ് അണിചേരാൻ ആവശ്യപ്പെട്ടു. പുതിയ കാലത്തിൽ പതിയിരിക്കുന്ന പുതിയ കെണികളെയും ചതിക്കുഴികളെയും കുറിച്ച് തെല്ലും അവബോധം ഉള്ളിൽ ഇല്ലാതിരുന്ന അവൻ…ശരിക്കും മടിച്ചു പുതിയലോക കൂട്ടുകെട്ടുകളിൽ ചെന്ന് അകപ്പെടാൻ. ഓരോ ഘട്ടത്തിലും ഓരോ ആൾക്കാരോടും ഓരോരോ ഒഴിവ്കഴിവുകൾ നിരത്തി അഭി ഒഴിഞ്ഞുമാറി നടന്നുകൊണ്ടേയിരുന്നു.
ദൂര ലോകജാലകങ്ങൾക്കൊത്തുചേർന്ന്….ദുബായിലും പുരോഗതി കൈവരിച്ച ജനസമൂഹം നവീകരിച്ച സമകാലികതയിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കി. നാളുകൾ പിന്നീടവേ…പഴയ സൗഹൃദങ്ങളുടെ ഇടമുറിയാതുള്ള സാമിപ്യസ്വാധീനം അഭിയിലും ചെറുചലനങ്ങൾ ഉണ്ടാക്കി. അത് ചിരപുരാതന ചങ്ങാതിമാരുടെ അതിതീവ്ര സൗഹൃദങ്ങൾ പുതുക്കാനും…പുതു വിശേഷങ്ങൾ അന്യോന്യം കൈമാറാനുമുള്ള കുഞ്ഞു ത്വര അവൻറെ ഉള്ളിലും ഉണർത്തി. തന്നിൽ അർപ്പിതമായിരുന്ന കർത്തവ്യനിർവ്വഹണം അതീവ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോകുമ്പോഴും…മുഴുവൻസമയ സജീവം അല്ലെങ്കിലും കൂട്ടായ്മയിൽ കുറേശ്ശെ അനുഭാവം പുലർത്തി ഒത്തുപോകാൻ അഭി ശ്രമിച്ചു. അതിൽക്കൂടി പഴയ സതീഥ്യർ എല്ലാവരുടെയും നല്ല ജോലി,മികച്ച സംബന്ധം,മിടുക്കരായ മക്കൾ തുടങ്ങിയ കെട്ടുറപ്പുള്ള സംതൃപ്ത കുടുംബജീവിതങ്ങളെ മുഴുവൻ ഒന്നൊന്നായി അവന് അടുത്തറിയാൻ കഴിഞ്ഞു.
അപ്പോഴും ബന്ധമറ്റുനിന്ന സ്വന്തം വീട്ടുകാരെയും കുടുംബക്കാരെയും വിളിച്ചു ഒരു വിളക്കി ചേർക്കൽ. അതല്ലെങ്കിൽ മറ്റൊരു പെൺകുട്ടിക്ക് പുടമുറി കൊടുത്തു സ്വീകരിച്ചു ചങ്ങാതിമാരെപ്പോലെ പുതിയൊരു സന്തുഷ്‌ടജീവിതം. അനുരഞ്ജനത്തിൻറെ യാതൊരു മാറ്റകച്ചവടവും അങ്ങനൊരു ദശാസന്ധിയിലും അഭിയെ ലവലേശം സ്പർശിച്ചതേയില്ല. അത്തരം സ്വകാര്യ ദുഃഖസങ്കീർത്തനങ്ങൾ ഒരാളുമായും പങ്കുവെക്കാനും മനസ്സു കാണിച്ചുമില്ല. വളരെ നേരം നീണ്ടു നിൽക്കുന്ന പാരസ്പര്യ സമ്പർക്കങ്ങൾക്കിടയിൽ ഒരിക്കൽപോലും അവൻറെ പരിത:സ്‌ഥിതി മനസ്സിലാക്കി, അത്തരം ചിന്തകളിലേക്ക് അഭീടെ ഉള്ളം വഴുതിയിറക്കാൻ….കെട്ടടങ്ങിയ ചാരക്കൂനയിലേക്ക് എന്തെങ്കിലും കനല് തിരയാൻ…..ഏവരാലും പരിശ്രമിച്ചതുമില്ല. സൗഹൃദങ്ങൾക്കിടയിലെ ആ വിധം മൂല്യവത്താർന്ന ഇടപെടീലുകൾ അഭിക്ക് അവരോടുള്ള കൂറും വിശ്വാസവും വർധിപ്പിച്ചു സന്മനസ്സോടെ സഹകരിച്ചു ഒത്തുപോകാൻ ഒരുപാട് വളമായി.
അടുത്ത ആണ്ട് , കൊല്ലവർഷം രണ്ടായിരത്തി പതിനാറിലും (2016 )….ദുബായിലെയും ലോകത്തിൽ എവിടെയും പോലുള്ള രൂപാന്തരങ്ങൾ കൊച്ചു കേരളത്തിലും സംഭവിച്ചു ധാരാളം . ഇന്ത്യൻ പ്രതിരോധസേനയിലെ ഉദ്യോഗസ്‌ഥനായ ഭർത്താവിനൊപ്പം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു, ഒരു ആൺകുഞ്ഞിന് ജന്മം നൽകി…കുടുംബവീട്ടിൽ വിശ്രമജീവിതം തുടരുന്ന ശ്രീക്കുട്ടി ഒടുവിൽ…സുഖവാസത്തിന് ശേഷം കുഞ്ഞും കാന്തനുമായി അതിർത്തി സംസ്‌ഥാനത്തിലേക്ക് യാത്രയായി.അഭിരാമിയുടെ നവനീതിന് ശേഷം ജനിച്ച മകൾ നവമി, ഹൈസ്‌കൂൾ പിന്നിട്ട് പ്ലസ് വണ്ണിൽ ആയി. ഇതൊക്കെയായിരുന്നു സംഭവവികാസങ്ങളിൽ ചിലവ. ഇതൊന്നും പക്ഷെ തീരെ അഭിയെ ബാധിക്കുന്ന പ്രശ്നങ്ങളെ ആയിരുന്നില്ല. എങ്കിലും നാട്ടിലെ ഇത്തരം കുറെ കേട്ടറിവുകൾ അവൻറെ കാതുകളെ തലോടി കടന്നുപോയ്കൊണ്ടിരുന്നു. ഇതിലൊക്കെ ഏറെ അഭിയെ അതിശയിപ്പിച്ചത്…ഇത്രയും നീണ്ട തുടർച്ചയായ ഗൾഫ് വാസത്തിൽ ഒരിക്കൽപോലും അലീന എന്ന തൻറെ മുന്കാമുകിയുമായി ബന്ധപ്പെടുന്ന എന്തെങ്കിലും ഒരു വാർത്ത, അഭിയുടെ കൺ,കാതുകളെ തേടി എത്തിയിരുന്നില്ല എന്നതായിരുന്നു. നോവ് പൊള്ളലേൽപ്പിച്ച അവൻറെ ഹൃദയത്തിനെ അറയിൽ നെരിപ്പോട് പോലെ ഞെരിഞ്ഞു നീറിപുകഞ്ഞു കൊണ്ടിരുന്ന ഭസ്‌മം മൂടിയ ചെന്തീകനലുകൾ അബോധമണ്ഡലത്തിൽ എന്നും അണയാത്ത ചിരാനാളമായിരുന്നു. എപ്പോഴും ഓർത്തിരിക്കാൻ കഴിയില്ലേലും ഒരു വിസ്‌മൃതിക്കും അവളെ കൈവിട്ടുകൊടുത്തു ഓടിയൊളിക്കാൻ സാധിക്കില്ലായിരുന്നവന് .
അഭിക്ക് ലീന എങ്ങനെയാണോ ?…അതിനേക്കാൾ പതിൻമടങ്ങ് തീവ്രം ആയിരുന്നു, തന്നെ തീരെ ഓർമിക്കുകയേ ഉണ്ടാവില്ല എന്ന് അഭി ഉറച്ചു വിശ്വസിച്ച അലീനക്ക് അഭി. അവനെ മറക്കുന്നത് പോയിട്ട്, അവൻറെ നഷ്‌ടസ്‌മരണകൾ നിറഞ്ഞു തുളുമ്പാത്തൊരു രാവും പകലും ഉണ്ടായിരുന്നില്ല അവൾക്ക്… അവനെ കൈവിട്ട നാളുകൾക്ക് ശേഷം ഒരിക്കലും. അഭിയുമായി പങ്കിട്ട നല്ല നിമിഷങ്ങളുടെ തേന്മധുരത്തേക്കാൾ അധികം…ഒരുപക്ഷെ അവൾ ഓർത്തു പരിതപിച്ചു സമയം ചെലവിട്ടത് മുഴുവൻ , അവനോട് അവൾ കാണിച്ച കടുംകൈകൾ ആലോചിച്ചാവാം. അറിയാതെ ആണെങ്കിലും…ആ വേട്ടയാടലുകൾ എപ്പോഴും അവളുടെ ഉള്ളം മഥിച്ചു, കണ്ണീർ പൊഴിയിച്ചുകൊണ്ടിരുന്നു .ആവശ്യത്തിലധികം പണവും…സുഖസൗകര്യങ്ങളും ഓമനയായൊരു മകളും കൂടെ ഉണ്ടായിരുന്നെങ്കിലും….ലീനയുടെ ജീവിതം ഒട്ടും സുഖകരം അല്ലായിരുന്നു, എന്നതായിരുന്നു മറ്റൊരു മുഖ്യവസ്തുത. എങ്കിലും, എല്ലാമെല്ലാം കുഴിവെട്ടി മൂടാൻ ശ്രമിച്ചു, തൻറെ പ്രിയപ്പെട്ട ‘മിലിമോൾ’ ളിൽ അവൾ സകല സ്വർഗ്ഗവും കണ്ടെത്തി….എല്ലാവര്ക്കും മുൻപിൽ സ്വസ്‌ഥത അഭിനയിച്ചു, ആർക്കോ?…എന്തിനോ ?…വേണ്ടി അവൾ ജീവിതം തുടർന്നു. മിലിമോൾ ആകട്ടെ….തന്നിൽ അമ്മ അർപ്പിച്ച എല്ലാ വിശ്വാസങ്ങൾക്കും തുണ ഏകി, വിശ്വസ്തതയോടെ നല്ല പഠന മികവ് പുലർത്തി…എല്ലാറ്റിലും ഒന്നാമയായി അവൾ പഠിച്ചു മിടുക്കിയായി മുന്നോട്ടുപോയി.
രണ്ടായിരത്തി പതിനേഴ് (2017 ) പുതുവർഷാരംഭം….
രണ്ടായിരത്തി പതിനഞ്ഞ്ചു (2015 ) ന് ശേഷം സാമൂഹ്യ മാധ്യമങ്ങളും അതിലൂടെ ഉടലെടുത്ത വാട്ട്സ്ആപ്പ് കണക്കുള്ള ”ആപ്പ്ളിക്കേഷൻ കൂട്ടായ്‌മ”കളും തങ്ങളുടെ ശ്രദ്ധേയമായ പങ്ക് നിർവഹിച്ചു വിജയം വരിച്ചു മുന്നോട്ടുപോകുന്ന കാലയളവ്. ലോകത്തിൻറെ നാനാഭാഗങ്ങളിലെ നാനാ തുറകളിൽപ്പെട്ട സ്ത്രീ-പുരുഷ ബന്ധങ്ങളെ ഒന്നായി നിലനിർത്തി, അതിലൂടെ ശക്തമായി കൂട്ടിയിണക്കുന്ന അതിതീവ്ര കർമ്മോൽസുകതയിൽ മുഴുകിയ സമയം. സൗഹൃദയ ഐക്യങ്ങൾ ഏകസ്വരതയിൽ ഒന്നിച്ചുനിന്നപ്പോൾ ആവേശം മൂത്തു പിന്നവ യന്ത്രസങ്കേതങ്ങളിൽ നിന്ന് പുറത്തേക്ക് ചാടി. സദസ്സുകൾ സംഘടിപ്പിച്ചു, അന്യോന്യ നേർ കൂടിക്കാഴ്ച്ചകൾ ഒരുക്കി ഒരുമിച്ച് ഒത്തുചേരലായി തുടർന്ന് എല്ലാവരിലും കണ്ട നേരംപോക്കുകൾ .
അതിന് കേരളം ആകമാനം ഓളങ്ങൾ തീർത്തു നിറഞ്ഞു നീരാടാൻ കളമൊരുക്കിയത്…അക്കാലത്തു ”ക്യാംപസ് പുനഃസമാഗമം” പ്രമേയമാക്കി ..ഇറങ്ങി.വൻ വിജയം സൃഷ്‌ടിച്ചു വമ്പൻ ഹിറ്റായി മാറിയ ”ക്ലാസ്സ്മേറ്റ്സ്” എന്ന മലയാള സിനിമയുടെ പ്രചുരപ്രചാരം ഒന്നുകൊണ്ടു കൂടി ആയിരുന്നു. അതിൽ നിന്നെല്ലാം ഉൾകൊണ്ട് യൗവ്വനം ഒത്തുചേർന്ന വാട്ട്സ്ആപ്പ്” കൂട്ടായ്മകൾ കേരളത്തിൽ വലിയ പ്രകമ്പനം തന്നെ സൃഷ്‌ടിച്ചു. തുടർ വർഷങ്ങളിലും അതിൻറെ അനുരണനങ്ങൾ ‘ട്രെൻഡ്”കളായി കലാലയങ്ങളിൽ അലയടിച്ചു . സ്വാഭാവികമായും അഭിയുടെ കലാലയകൂട്ടായ്മയിലും ഇതൊരുപോലെ ഇടിമുഴക്കം കൊണ്ടു !. ആദ്യം മിതമായ നിലയിൽ ”’സല്ലാപങ്ങള്’മായി ആരംഭിച്ചു…പിന്നെ കൂട്ടായ്‌മ തീർത്തത് ഭാരതത്തിന് അകത്തും പുറത്തും ചെറു കൂടിച്ചേരലുകൾ പ്രത്യേകം പ്രത്യേകമായി നടത്തി. ജന്മനാട്ടിൽ പഴയ സുഹൃത്ത് സമൂഹം മുഴുവനുമായി ഒത്തൊരുമിച്ചൊരു വിശാല സൗഹദസംഗമം, പുതിയ വാട്ട്സ്ആപ്പ് ചങ്ങാതിമാർ എല്ലാവരുടെയും സമാനതയിലുറച്ച വലിയ ശബ്‍ദം ആയിരുന്നെങ്കിലും…. പലരിലുമുള്ള പല പ്രത്യേക സാഹചര്യങ്ങളാൽ അത് നീണ്ട് നീണ്ട് പോയി. കൂട്ടത്തിൽ ചിലർ അത് കൈവെടിയാതെ കൊണ്ട് ..പോകയും. പ്രകൃത്യാ ഒരു അഭിയിലും എത്തിച്ചേരുകയുണ്ടായി. അത്തരം ഒരു ഒരുമക്ക് അപ്പോഴേക്കും അവൻ മനസ്സുകൊണ്ട് വിളഞ്ഞു പാകമായി നിന്നിരുന്നു എങ്കിലും എന്തോ ഒരു അജ്ഞാത വൈമനസ്യം ഒഴിഞ്ഞുമാറാൻ അഭിയെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
രണ്ടായിരത്തി പതിനേഴ് (2017 )വർഷ മധ്യാന്തം……
സമയം ഏതാണ്ട് അങ്ങനെ പുരോഗമിച്ചു കടന്ന് പോകവേ…. മാസങ്ങൾക്ക് ശേഷം, അഭിയുടെ സംഘടനയിലെ മടിച്ചുമാറി പിന്നോട്ട് നിന്നവരിൽ .പലരും…ഇതിൻറെ പ്രാധാന്യം കണ്ടറിഞ്ഞു തയ്യാറായി…ഓരോരുത്തർ ഓരോരുത്തരായി ഇതിലേക്ക് മെല്ലെ കടന്നുവരാൻ തുടങ്ങി. സകലരും സടകുടഞ്ഞെണീറ്റ് വന്നപ്പോൾ… ഒഴിഞ്ഞുമാറി നിന്ന അഭി മാത്രം ഒറ്റപ്പെട്ടു. നാട്ടിലേക്ക് ഒരു ”മടക്കയാത്ര”, തനിക്ക് ചിന്തിക്കാൻപോലും കഴിയുന്ന കാര്യമല്ലെന്ന് താണുകേണു പറഞ്ഞിട്ടും…അവർ പിന്നെയും പിന്നെയും അവനിൽ നിർബന്ധം ചെലുത്തിക്കൊണ്ടേ ഇരുന്നു. അഭിയെ ഇനി കുരുക്കി മെരുക്കാൻ ആർക്കുമാവില്ല,എന്ന് വിധിയെഴുതി എല്ലാവരും പരിപൂർണ്ണ ബോധ്യത്തിൽ എത്തി നിൽക്കുമ്പോൾ ആണ് അവനെ ഞെട്ടിക്കുന്നൊരു ”ഭീകരാനുഭവം” അവനുമേൽ വന്നു ഭവിക്കുന്നത് അവനറിയാൻ ഇടയാവുന്നത്. കഥയിൽ ഒരിക്കലും അവൻ പ്രതീക്ഷിക്കാത്ത, അതിഭയങ്കരമായൊരു ”റ്റ്‌വിസ്റ്റ്” !.തന്ത്രങ്ങളിൽ പുതിയൊരു ഭാവമാറ്റം വരുത്തി, അഭിജിത്തിനെ ഇണക്കിതളച്ചു ഒതുക്കിയെടുക്കാനായി ‘വാട്ട്സാപ്പി’ൽ …അലീനയുടെ രൂപത്തിൽ ഒരു മൂന്നാം പാപ്പാൻറെ രംഗപ്രവേശം !. അലീന !…ഇവളും ആ കശ്മലന്മാരുടെ കൂട്ടത്തിൽ പതിയിരുന്നിരുന്നോ ?….എന്തായിരിക്കും അവൾക്കു പിന്നിലെ, രഹസ്യം ?.അഭിയുടെ വിസ്മയത്തിനൊപ്പം നിറഞ്ഞുനിന്ന ആകുലതയിൽ നെല്ലും പതിരും തിരിയാനറിയാതെ… ആകെ പകച്ചുപോയ യൗവ്വനം !……………
” അഭിക്ക്”….എന്ന് പരാമർശിച്ചു, അതേ മാധ്യമത്തിൽ അവന് ആദ്യം എത്തുന്നത്…അലീന എന്ന് സ്വയം വെളിപ്പെടുത്തി കൊണ്ടുതന്നെയുള്ള ഒരു ലോല ലിഖിതരൂപ സന്ദേശമായിരുന്നു. അതിൽ,- നാട്ടിൽവച്ചു നമ്മൾ പഴയ സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ ഒരു സുഹൃത് സംഗമം സംഘടിപ്പിക്കുന്നു. ഇനിയും നീ അതിൽനിന്ന് ഒഴിഞ്ഞുമാറി ഒളിച്ചു നിൽക്കാതെ വന്ന് പങ്കെടുത്തു നിൻറെ മഹനീയ സാന്നിധ്യംകൊണ്ട് സദസ്സ് മംഗളമാക്കി തരണം- എന്ന കൂട്ടുകാർ പലപ്പോഴായി തന്നോട് ആവശ്യപ്പെട്ട് മടുത്ത സംഗതികൾ ആവർത്തിച്ചു ഓർമ്മിപ്പിച്ചുകൊണ്ടുള്ളൊരു വെറും ദൂത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന് അഭിക്കുട്ടാൻറെ യാതൊരു പ്രതികരണവും കാണാഞ്ഞിട്ടാവും…അടുത്തതായി വന്നത്, കാതിൽ തേന്മഴ പൊഴിക്കുന്ന….ലീനയുടെ സ്വന്തം സ്വരമാധുരിയിലൂടുള്ള അഭിയെ തൊട്ടുണർത്തിയ കിളിമൊഴികളായ വാക്കുകളുടെ കുളിർപ്രവാഹം !.
”അഭീ…ഇത് ആരാണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ ?.അതോ എന്നെ നീ പൂർണ്ണമായി മറന്നുകഴിഞ്ഞോ ?.രണ്ടായാലും…നിന്നോട് ചിലത് അടിയന്തിരമായി സൂചിപ്പിക്കുവാനാണ് അനവസരത്തിലുള്ള എൻറെയീ കടന്നുകയറ്റം !. അതിന് കഴിഞ്ഞ തവണത്തെപോലെ മൗനമായ് ഒഴിഞ്ഞുമാറാതെ, തൃപ്തികരമോ?… അല്ലാതെയോ ?…ഉള്ള എന്തെങ്കിലും ഒരു ഉത്തരം നീ നൽകും എന്ന ആത്മവിശ്വാസത്തോടെ ഞാൻ തുടങ്ങട്ടെ. എന്റെ ഈ ” ആകസ്മിയ വരവ്”, ഒരിയ്ക്കലും നീ പ്രതീക്ഷിച്ചത് എന്നല്ല, ആഗ്രഹിച്ചതും ആവില്ല എന്നെനിക്കറിയാം. അതാണല്ലോ എൻറെയും നിൻറെയും ജീവിതങ്ങളിലൂടെ ആകെ കടന്നു പോയതും. കുറ്റപ്പെടുത്തുക അല്ല !…എങ്കിലും പറയട്ടെ,വെറും നിസ്സാര സൗഹൃദത്തിൽ തുടങ്ങി…എന്തൊക്കെയോ ആയി വളർന്നു…പിന്നെ അതിലും എന്തൊക്കെയോ ആയി ”പടർന്നു പന്തലിച്ചു”, വേർപിരിയാൻ കഴിയാത്തോണം ഒരു വലിയ ബന്ധമായി നാം നിന്നു. പിന്നെ, തീർത്തും അവിചാരിതമായൊരു വിള്ളൽ…ഒരു പതനം…നമ്മുടെ ജീവിതങ്ങളിൽ ഉണ്ടായി. അവിടെയാണ് മറ്റൊരു അതിജീവനമില്ലാതെ….തിരിച്ചൊരു കര കയറൽ സാധ്യമാവാതെ, നമ്മൾ ആകെ തളർന്നു തകർന്നുപോയത്. എങ്കിലും…ലോകത്തിലെ ഏതോ രണ്ട് കോണുകളിൽ രണ്ട് വെറും ”മനുഷ്യർ” ആയി നാം രണ്ടും ജീവിക്കുന്നു. നമ്മുടെ മറ്റെല്ലാ സുഹൃത്തുക്കളും പഴയ ബന്ധങ്ങൾ മാറ്റുരച്ചു പുതുക്കി… ഇന്നും സൗഹൃദങ്ങൾ ഉള്ളിൽ കാത്തുസൂക്ഷിച്ചു ജീവിതം തുടർന്ന് പോകുന്നു.നമ്മൾ മാത്രം എന്തേ…?. ഇത്രയൊക്കെയായെങ്കിലും…കാലം ഇത്രയധികം പിന്നിട്ടെങ്കിലും….നമ്മുടെ പഴയ ആ ബന്ധത്തെ നമ്മുടെ ശിഷ്‌ടമനസ്സുകളിൽ നിന്നങ്ങനെ വേരോടെ പിഴുതെറിയാൻ നമുക്ക് കഴിയുമോ ?. ഇത്രയും വര്ഷം പിന്നിട്ട്…കൗമാരവും യൗവ്വനവും ചുമ്മാ കൈവിട്ട് നമ്മൾ വാർദ്ധക്യത്തിലേക്ക് നടന്നടുക്കുന്നു. അതുകഴിഞ്ഞു വെറും ഓർമ്മയായ് മാത്രം നാം മണ്ണിൽ അലിഞ്ഞു ചേരും മുമ്പെങ്കിലും….പഴയ ആ വെറും സൗഹൃദ ബന്ധത്തിൻറെ അളവുകോൽ വച്ചെങ്കിലും ഒന്ന് അന്യോന്യം കണ്ടുമുട്ടണ്ടെ ?ശേഷം,…പരസ്പരം പറയാനുള്ളതും .കേൾക്കാനുള്ളതും…..പറഞ്ഞും കേട്ടും… ”ഒന്ന് കണ്ട്”, മാപ്പുകൾ ഏറ്റുപറഞ്ഞു,എന്നെന്നേക്കുമായി വിടചൊല്ലി പിരിയാമല്ലോ ?.അതിന്, ഒരവസരം…ഒരേയൊരു അവസരം തമ്മിൽ ലഭിക്കുന്നെങ്കിൽ…അതൊരു നല്ല കാര്യമല്ലേ ?. ഒന്ന് നേരിൽ കാണുന്നത് പോയിട്ട്, ഇന്നത്തെ ആ മുഖം ”ഫോട്ടോ”യിലൂടെ എങ്കിലും ആരും കാണണ്ടാ എന്നൊരു പിടിവാശി നിനക്കുള്ളിൽ ഉള്ളത് കൊണ്ടാവാം…സകലിടത്തും, സമൂഹ മാധ്യമങ്ങളിൽ പോലും നീയത് മറച്ചു പിടിക്കുന്നതെന്ന് എനിക്കറിയാം.ഞാൻ .ചെയ്തതും..അത്രക്ക് മാപ്പർഹിക്കാത്ത കുറ്റം ആണെന്നുള്ള തിരിച്ചറിവും എനിക്ക് നന്നായുണ്ട്. . പക്ഷെ, ഒന്ന് കാണണമെന്നും…അത്യാവശ്യം ചിലത് സംസാരിക്കണമെന്നുമുള്ള ഒരു ഗൗരവമായ അപേക്ഷ എനിക്കുണ്ട്. അത് ഞാൻ നിനക്ക് മുന്നിൽ വക്കുന്നു.ഒരു മാപ്പപേക്ഷയായി കരുതി എങ്കിലും നീയത് പരിഗണിക്കുമെന്ന് വിശ്വസിക്കട്ടെ. ഞാൻ ഇവരുടെ കൂട്ടായ്മയിൽ പെട്ട ആളോ അതിൻറെ ഒത്തുകൂടലിനായി ചുക്കാൻ പിടിക്കുന്ന അമരക്കാരിയോ അല്ല. നിന്നെ ഇത്രിടം വരെ ഒന്ന് എത്തിക്കണമെന്ന് വിചാരിച്ചു, ഇടയിൽ കടന്നുകൂടിയ വെറുമൊരു വഴിയാത്രക്കാരി മാത്രം ..അത്രതന്നെ !. എനിക്കുവേണ്ടീട്ട് അല്ലെങ്കിലും അടുത്ത് വരുന്ന…”സുഹൃത്‌സംഗമ”കൂടിക്കാഴ്ച കാംഷിച്ചു നീ നാട്ടിൽ വരാൻ തയ്യാറാവുക. കാരണം, അങ്ങനെങ്കിൽ -ഞാൻ വിളിച്ചു നീ വന്നു- എന്നുള്ള ദുഷ്‌പേരിൽ നിന്ന് നിനക്ക് രക്ഷപെടുകയും .ആവാം..എല്ലാവരെയും കണ്ട് സൗഹൃദം പുതുക്കി പോകുന്നു എന്ന് നിനക്ക് പറയുകയും ചെയ്യാം. ചുരുക്കത്തിൽ നമ്മൾ മൂന്ന് കൂട്ടരുടെയും എല്ലാ സംഗതികളും ഒതുക്കത്തിൽ നടത്തി മടങ്ങുക ആവാം.
ഒരു സുപ്രധാന കാര്യം കൂടി . കൂട്ടുകാർ മിക്കവരും നാട്ടിലേക്ക് വരാൻ തയ്യാറാവുന്നത്…ഈ വരുന്ന ഓണാവധിയോടെ ആയിരിക്കും. അതാവും ഇവിടെയും പുറത്തുനിന്നും വരുന്നവർക്കും…എല്ലാവിഭാഗർക്കും വളരെ സൗകര്യം. വരുന്നെങ്കിൽ നീയും അതിന് ശ്രമിക്കുക. ഇനിയും ഉണ്ടല്ലോ?…ധാരാളം സമയം. അതിന് വിഘാതമായി കമ്പനിഅവധി, ടിക്കറ്റ്, സാന്പത്തികം തുടങ്ങി എന്ത് പ്രശ്‌നം ഉണ്ടെങ്കിലും തുറന്നറിയിക്കുക. എന്തിനും നമുക്ക് പോംവഴി കണ്ടെത്താം. ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ ഉള്ളത്, പറയാനുള്ള കാര്യങ്ങൾ സ്വകാര്യം ആണെങ്കിലും നൂറു ശതമാനം സത്യസന്ധ്യ൦. ഇപ്പോൾ പറയാൻ എനിക്കും കേൾക്കാൻ, നിനക്കും ആയില്ലെങ്കിൽ…പിന്നൊരിക്കലും അതിന് ഒരു പ്രസക്തിയും ഉണ്ടാവില്ല. മറക്കാതിരിക്കുക !. നമ്മുടെ ജീവിതങ്ങൾക്ക് പിന്നത് ഒരു തീരാ നഷ്‌ടവും ആയേക്കാം. നിൻറെ മറുപടി പ്രതീക്ഷിച്ചു,മറ്റെല്ലാം നേരിൽ കണ്ട് പറയാം എന്ന വിശ്വാസത്തോടെ…സ്വന്തം,അലീന അമൽദേവ്.
ലീനയുടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ശബ്ദസന്ദേശത്തിന്, കേരളത്തിൽ പോകുന്നതിനെ കുറിച്ചാലോചിച്ചു ഒരെത്തും പിടിയിലും എത്താതെ… എന്ത് ഉത്തരം കൊടുക്കണം എന്നറിയാൻ കഴിയാതെ,അഭി കുഴങ്ങി.അവളുടെ വാക്കുകൾ പലവുരു ആവർത്തിച്ചാവർത്തിച്ചു അവൻ . അതിൻറെ ആഴവും അർത്ഥവും അന്തരാർഥങ്ങളും അളന്ന്…കൂട്ടിക്കിഴിച്ചു മണിക്കൂറുകളോളം ഗഹനമായ ചിന്തക്ക് വച്ചു. എന്നിട്ടും…നാട്ടിൽ പോക്കിനെക്കുറിച്ചു മാത്രം ചിന്തിച്ചു എങ്ങുമെത്താതെ നിന്നു. പിന്നെ, ഒന്നുകൂടി സമയമെടുത്തു ഇരുന്നാലോചിച്ചു നാനാ വശങ്ങളെയും വിശദമായി പഠിച്ചു വിലയിരുത്തി…ഒരു തീരുമാനത്തിലെത്തി. മൂന്നാം ദിവസത്തിൽ ശബ്ദരൂപേണ തന്നെ അതിന് സവിസ്തര ഉത്തരം തയ്യാറാക്കി അയച്ചു കൊടുത്തു.
“പ്രിയ;ലീന…..രംഗബോധമില്ലാത്ത കോമാളിയെ മാത്രം പ്രതീക്ഷിച്ചു, അവനെ മാത്രം വരവേൽക്കാൻ നോമ്പുനോറ്റ് കഴിയുന്ന ഈ ”ക്ഷണിക”ജീവിതത്തിൽ…സത്യം പറഞ്ഞാൽ….ഇടക്ക് അസമയത്തുള്ള നിൻറെ ഉദയം…നീ ചോദിച്ചപ്പോൾ തികച്ചും അവിചാരിതം തന്നെയായിരുന്നു. എങ്കിലും എനിക്കെന്നും നീ എന്തൊക്ക എന്തൊക്കെയോ ആയിരുന്നു. ഏത് ശക്തിക്കും മേലെ എനിക്ക് വ്യക്തമാക്കാൻ കഴിയാത്തൊരു അതീന്ദ്രയ ഇന്ദ്രജാലം. അതിനാൽത്തന്നെ ഒരു ഉപാധിയുംവച്ചു ഒരു വ്യവസ്‌ഥയിലും ഞാൻ നിനക്ക് മുന്നിൽ നിൽക്കില്ല. ഏത് സമയത്തും നിനക്ക് എന്ത് കാര്യവും തുറന്നു പറയാം…ചർച്ച ചെയ്യാം…എന്നോട് ആവശ്യപ്പെടുകയും ചെയ്യാം. നീ പറയുന്നത് അനുസരിക്കാനും പറയുന്നിടത്തു, എവിടെയും എപ്പോഴും എത്തിച്ചേരാൻ തയ്യാറുമാണ് ഞാൻ. അത്രക്ക് എനിക്കെന്നും പ്രിയപ്പെട്ടവൾ തന്നെ നീ. അതിൽ നിന്നു മാറാൻ തക്കവണ്ണം എൻറെ മനസ്സിൽ നിന്ന് നീ ഒരിക്കലും മറന്നകന്ന് കൂടുവിട്ട് പോയിട്ടില്ല. നിൻറെയും മോളുടെയും സമാധാന ജീവിതത്തിനായി ഞാൻ കാണാമറയത്തു ഒളിച്ചതല്ല, ഒന്ന് ഒഴിഞ്ഞുമാറി നിന്നുവെന്നേയുള്ളൂ.അത് എന്നും നിനക്ക് അനുഗ്രഹമേ ആവുള്ളു താനും. ആഗ്രഹങ്ങൾ ഇല്ലാഞ്ഞിട്ടൊന്നുമല്ല ഇങ്ങനെ ഞാൻ…നിനക്കറിയാമല്ലോ ?…മറ്റുള്ളവരുടെ നന്മക്ക് വേണ്ടി ചിലർക്ക് ചിലപ്പോൾ ഇത്തരം ചില കടുത്ത തീരുമാനങ്ങളിലേക്ക് പോവേണ്ടി വന്നേക്കും. അത്രേയുള്ളൂ, സംശയിക്കേണ്ട !. ഈ ഓണക്കാലം എങ്കിൽ ഓണക്കാലം…അപ്പോൾത്തന്നെ ഒന്നും മറക്കാതെയും നഷ്‌ടപ്പെടുത്താതെയും നിൻറെ ഏത് വചനവും കൈക്കൊള്ളാൻ നിനക്കൊപ്പം ഞാൻ ഉണ്ടാവും. അവധിയും സാമ്പത്തികവും നിൻറെ വിഷയങ്ങളല്ല, മറ്റൊരു
കൂട്ടായ്‌മ ചാടാഗുകളും നിന്നോളം പ്രസക്തവുമല്ല. നിനക്ക് വേണ്ടി മാത്രം…എത്രയും വേഗനെ…നീ പറഞ്ഞ കൂട്ട്, കൂടുതൽ പറഞ്ഞതിൻറെ രസം ഇപ്പഴേ കൊല്ലുന്നില്ല. നിര്ത്തുന്നു തൽക്കാലം…ബാക്കി നേരിൽ കണ്ടശേഷം…സ്നേഹപൂർവ്വം..സ്വന്തം അഭി….”
അതിന്…ലീന വക സമാധാനം വെറും നാല് വാചകങ്ങളിൽ തൊട്ട് പിന്നാലെ വന്നെത്തി…..
” അഭീ വളരെ വളരെ സന്തോഷമായെടാ…ഇക്കുറി, മൗനത്തിനു പകരം നിൻറെ അത്യാവശ്യം നീണ്ട, സമാധാനം തന്ന വരികൾ. ..ധന്യയായി . നന്ദി അഭീ…എനിക്ക് നിൻറെ ഇപ്പോഴും ഒടുങ്ങാത്ത, ആ പഴയ സ്നേഹം നിലക്കാത്ത ആവേശം നിറഞ്ഞ ഹൃദയഹാരിയായ ആ വാക്കുകൾ തന്ന മധുരം നുണഞ്ഞു ഇപ്പോഴും കൊതി തീർന്നിട്ടില്ല. അത്രക്ക് വല്ലാതെ വികാരാധീനയായിപ്പോയി എന്ന് പറഞ്ഞാൽ അതൊരു പരമാർത്ഥ൦ തന്നെ !. ഒരു കടലാസ്സിൽ ആയിരുന്നു ഞാൻ ഇത് പകർത്തിയിരുന്നു എങ്കിൽ ഈർപ്പം കൊണ്ടത് വായിക്കാനാവുമോ നിനക്ക്?…എന്ന് സംശയമാണ്.നിന്നെ കണ്ടോളാൻ…എനിക്ക് അത്രക്ക് തിരക്ക് മുട്ടി എന്നാണ് പറഞ്ഞു വന്നതിൻറെയൊക്കെ ആകെ അർത്ഥ൦. പറഞ്ഞിരുന്നപോലെ ഓണാവധി കഴിഞ്ഞുവരുന്ന ആദ്യദിവസം ഒന്നിലാണ് ചടങ്ങ്.ഞാനോ നമ്മുടെ കൂട്ടുകാരോ ആരെങ്കിലും നിന്നെ കൂട്ടാൻ നിശ്ചയമായും എയർപോർട്ടിൽ ഉണ്ടാവും. വരുന്ന ദിവസവും വിമാനസമയവുമെല്ലാം മുൻകൂട്ടി നിശ്ചയിച്ചു യഥാവിധി അറിയിക്കുമല്ലോ ?. മറ്റെല്ലാം….നേരിൽ തമ്മിൽ കണ്ടശേഷം…സ്നേഹാദരപൂർവ്വം സ്വന്തം അലീന……”
സെപ്റ്റംബർ (7 )ഏഴിനായിരുന്നു…..അലീന-അഭി വാട്ട്സ്ആപ്പ് കൂട്ടായ്മക്കാരുടെ ആദ്യ പുനഃസമാഗമ ചടങ്ങിന് ദിവസം ശിശ്‌ചയിച്ചിരുന്നത്. സന്ദേശാനുസൃതം….ലീന നിർദ്ദേശിച്ചപ്രകാര൦….സെപ്റ്റംബർ ആറിന് ഓണാവധി സമയം തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേരും വിധം അഭി ടിക്കറ്റ് തയ്യാറാക്കി. ആറിന് നാട്ടിലെത്തുന്ന ഏഴാം തീയതിയിൽ സജ്ജീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളൊന്നും ഇല്ലെന്ന് ലീന അവനെ വിളിച്ചപ്പോൾ അറിയിച്ചിരുന്നു. അങ്ങനെ നീണ്ട പതിനഞ്ചു കൊല്ലശേഷം കൂട്ടുകാരുമായി ഹൃദയം പങ്കുവെക്കാൻ…കേരളത്തിലേക്ക് തിരിച്ചു. അവൻറെ വരവിനായി കണ്ണുംനട്ട് സൗഹൃദ ലോകവും. (2017 )രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ആറു ബുധനാഴ്ച്ച വൈകുന്നേരം നാല് മണി………….
ഏകദേശം വൈകിട്ട് നാല് മണി ആയപ്പോഴേക്കും…ദുബായ്-തിരുവനന്തപുരം ”എമിറേറ്റ്സ് വിമാനം”തിരുവനന്തപുരം, അന്താരാഷ്ട്ര വിമാനത്താവള റൺവേയിൽ പറന്നിറങ്ങി. നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം, സ്വന്തം മണ്ണിൽ കാലുകുത്തുമ്പോൾ…വല്ലാത്ത അപരിചിതത്വം അഭിക്ക് അനുഭവപ്പെട്ടു. എല്ലായിടത്തും അതിഭയങ്കര വ്യത്യാസങ്ങൾ !. എയർപോർട്ടിന് അകത്തും പുറത്തും…കണ്ട അവിശ്വസനീയ മാറ്റങ്ങളിൽ അവൻ ആകെ അത്ഭുതപരതന്ത്രനായി. നാട്ടിലേക്ക് അന്ന് എത്തുന്ന വിവരം ലീനയെയും തൻറെ വീട്ടുകാരെയും മാത്രമേ അവൻ അറിയിച്ചിരുന്നുള്ളു.വീട്ടിൽ ആട്ടെ, എത്തുന്ന ദിവസം പറഞ്ഞിരുന്നെങ്കിലും…വിമാനത്തിൻറെ കൃത്യസമയവും വിശദാ൦ശങ്ങളും പറഞ്ഞിട്ടില്ലാത്തതിനാൽ എയറോഡ്‌റോമിന് വെളിയിൽ..അവനെ പ്രതീക്ഷിച്ചു ബന്ധുക്കളുടെ നീണ്ടനിര ഒന്നും ഉണ്ടായിരുന്നില്ല. ലഗേജുകൾ അധികം ഇല്ലാതിരുന്നതിനാൽ…വലിയ കാലതാമസം കൂടാതെ ”ഗ്രീൻ ചാനലി”ലൂടെ തന്നെ വളരെവേഗം അഭിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു.
അവൻ വരുന്ന ഫ്‌ളൈറ്റ്ന്റെ നമ്പറും കൃത്യ സമയവും അടക്കം വിശദവിവരങ്ങൾ മുഴുവൻ വ്യക്തമായി ലീനക്ക് കൈമാറിയിരുന്നതിനാൽ…അഭിയെ കൂട്ടാൻ എത്തിച്ചേർന്നവർക്ക് എല്ലാം വളരെ അനായാസമായി. പോരെങ്കിൽ…ഇത്രയും വർഷത്തെ അന്തരം, കാലം… അവനിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. ലീന ഒരുപക്ഷെ
എത്തിച്ചേർന്നേക്കാം എന്ന് അറിയിച്ചിരുന്നെങ്കിലും…അവൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല, അവൾ സൂചിപ്പിച്ചപോലെ പകരം വന്നത് അവൾ നിയോഗിച്ച…അവർ ഇരുവരുടെയും പഴയ കലാലയ സുഹൃത്തുക്കൾ. അവർ അവനെ കൂട്ടാൻ എയർപോർട്ടിന് പുറത്തു കാറ് പാർക്ക് ചെയ്തു വന്നു കാത്തു നിൽപ്പുണ്ടായിരുന്നു. അവർ എന്നാൽ പരസ്പരം കണ്ടിട്ട് ഇരുപത് വർഷത്തോളം നീണ്ട വലിയ കഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാൽ…”തൊണ്ണൂറ്റി അഞ്ച് സെപ്റ്റംബർ ഒമ്പതിന്” . അന്നായിരുന്നു അലീനയുടെ ”മിന്നുകെട്ട്” നടന്നദിവസം. അന്ന് ബാറിൽ വച്ച് കണ്ട് കുടിച്ചു, ബോധമറ്റ്, പരസ്പര സന്തോഷത്തോടെ…കൈകൊടുത്തു യാത്ര പറഞ്ഞു പിരിഞ്ഞതായിരുന്നവർ. ഇപ്പോൾ മറ്റൊരു സെപ്റ്റംബർ ഒമ്പത് അരികിൽ നിൽക്കെ, അതേ ജില്ലയിലെ വേറൊരു തിരക്കാർന്ന കോണിൽ…വളരെ അപൂർവ്വത നിറഞ്ഞൊരു അവിചാരിത സുഹൃത് സംഗമം !. അതെ, അത് അവരൊക്കെ തന്നെ ആയിരുന്നു, എടു എന്ന എഡ്‌വേഡ്,ഹരി എന്ന ഹരി ഗോവിന്ദൻ,പിന്നെ ഷമീർ. കാലങ്ങൾ ഇരുകൂട്ടരിലും പ്രകടമായ വ്യത്യാസങ്ങൾ കോരി ചൊരിഞ്ഞിരുന്നു എങ്കിലും അധികം ബുദ്ധിമുട്ടുകൾ കൂടാതെ പെട്ടെന്ന് തമ്മിൽ തിരിച്ചറിഞ്ഞു മനസ്സിലാക്കിയെടുക്കാൻ സാധിച്ചു.
മൂവരെയും ഒരുമിച്ചു കണ്ട മാത്രയിൽ തീർത്തും വികാരഭരിതനായി അഭി, ഓടി അടുത്തുവന്ന് ഹസ്‌തദാനം നൽകി അഭിവാദ്യം അർപ്പിച്ചു. പുഞ്ചിരിയോടെ അവനെ എതിരേറ്റ മൂന്നുപേരും..തിരികെ ഹസ്തദാനം കൊടുത്തു മാറി മാറി ആലിംഗനം ചെയ്‌തു ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. ഏറെനേരം നീണ്ടുനിന്ന വികാരഭരിത മുഹൂര്തങ്ങൾക്കും….കുശലാന്വേഷണങ്ങൾക്കും ശേഷം എല്ലാത്തിനും വിരാമമിട്ട്, പൊട്ടിച്ചിരികളോടെ നാലുപേരും ”ടൊയോട്ട ഇന്നൊവ്വ”യിലേക്ക് ഇരച്ചു കയറി. കണ്ടുമുട്ടിയ നിമിഷം മുതലേ സംസാരത്തിനൊരു പഞ്ഞവും കാട്ടാതിരുന്ന അവർ…കാറിൽ പ്രവേശിച്ചപ്പോഴേ പഴയ ഓർമ്മകളും സംഭവങ്ങളും ഓർത്തെടുത്തു തമാശകളിൽ മുഴുകി. ഒരർഥത്തിൽ ലീനയുടെ സാന്നിധ്യം അവിടെ ഒരൽപം പ്രതീക്ഷിച്ച അഭി അവളെ കാണാതെ വന്നപ്പോൾ…വെറും ഒരു അന്വേഷണം പോലെ ആദ്യം അന്വേഷിച്ചതും അവളെത്തന്നെ. അതിനുള്ള മറുപടി ‘എടു’ നൽകിയതും തമാശയിലൂടെ തന്നെ.
” ആശാനേ, പഴയ ക്ലാസ്സ്മേറ്റ്സ്…ഒക്കെ ശരിതന്നെ. എങ്കിലും ഇപ്പോൾ തമ്മിൽ അത്ര കമ്പനി ഒന്നുമല്ലാത്ത സ്‌ഥിതിക്ക് മൂന്ന് ആണുങ്ങളോടൊപ്പം ഒരു പെണ്ണ് തനിച്ചു…അത് കാരണം, ഞങ്ങള് അവളെ അത്ര നിർബന്ധിക്കാൻ ഒന്നും പോയില്ല. പോയി കൂട്ടികൊണ്ട് വരാമോ?…എന്ന് ചോദിച്ചപ്പോൾ…വരാം എന്ന് പറഞ്ഞു മറ്റൊന്നും ചോദിക്കാതെ ഞങ്ങളിങ് ഇറങ്ങി ”….”പക്ഷെ, നമ്മൾ ഇപ്പോൾ നേരെ പോകുന്നത് അവൾക്കടുത്തേക്ക് തന്നെയാ. പിന്നെയേ മറ്റെങ്ങോട്ടും ഉള്ളൂ. ”
സംസാരത്തിനിടയിലും…പിന്നിട്ടു പോകുന്ന വഴികളിൽ ആയിരുന്നു അഭീടെ കാര്യമായ ശ്രദ്ധ മുഴുവനും. നാടിനും നിരത്തിനും ഒക്കെ സംഭവിച്ച വലിയ മാറ്റങ്ങളിൽ അവൻ ഉത്കണ്ഠവാനായി. അത്യാകാംഷയോടെ നഗരത്തെയും…വഴിയോരങ്ങളെയും എല്ലാം അവൻ വല്ലാതെ പകച്ചു നോക്കി,പുറത്തേക്ക് കണ്ണുനട്ട് ഇരുന്നു. അപരിചിതങ്ങളായ ഏതൊക്കെയോ പാതകളിലൂടെ…ചുറ്റി, ഇഴഞ്ഞു വണ്ടി മുന്നേറിയപ്പോൾ….ക്ഷമ നശിച്ചു ഔൽസുക്യത്തോടെ അഭി അന്വേഷിച്ചു…..
” ഇത് എവിടെയാ ?….നമ്മൾ എങ്ങുടൊക്കെയാ ഈ പായുന്നത് ?…..”
” എല്ലാ നല്ല കാര്യവും എന്നപോലെ നമ്മുടെ ഈ പുനഃസമാഗമവും ഒരു ചായകുടിയിൽ തുടങ്ങാം. അതിനുശേഷം ആവാം നമ്മുടെ പിന്നിട്ട ഇരുപത് വർഷങ്ങളുടെകണക്കെടുപ്പ് പോരേ?”.മുൻസീറ്റിൽ ഡ്രൈവർക്കെതിരെ ഇരുന്ന ഹരി അറിയിച്ചു.
പിന്നിൽ അഭിക്കൊപ്പം ഇരുന്ന എടു അതിനെ പിൻതാങ്ങി….” അത് തന്നെ”…..
കാർ പിന്നെ തിരക്ക് പിടിക്കാതെ, ഏതോ നഗരവഴിയിലൂടെ ഇഴഞ്ഞു നീങ്ങുമ്പോൾ…സംശയം ഇരട്ടിച്ചു അഭി ” നമ്മൾ പോകുന്ന വഴി അരികുകളിൽ ആകെ കടകളുടെ തിരക്കാണല്ലോ…?, അവിടെ എവിടെ നിന്നെങ്കിലും കുടിച്ചാൽ പോരേ ?.”
വണ്ടി ഓടിച്ചുകൊണ്ടിരുന്ന ഷമീറിൻറെ വക ആയിരുന്നു അതിനുള്ള മറുപടി. ” മതിയോ ?…ഒരുപാട് ഒരുപാട്, കാലശേഷമുള്ള നമ്മുടെയൊക്കെ ഒരവിചാരിത കണ്ടുമുട്ടലല്ലേ?…അപ്പോൾ ചായകുടിയിലും ഇരിക്കട്ടെ അതിൻറെ ഒരു ‘വെറൈറ്റി” . കുറച്ചു ദൂരത്തു നിന്നാണെങ്കിലും ഒരു സ്‌പെഷ്യൽ ഇടത്തേ സ്‌പെഷ്യൽ ആളോടൊപ്പമുള്ള ഒരല്പം മധുരം കൂടിയ മുന്തിയ ഇനം വെറൈറ്റി ചായ, ഇന്നത്തെ നമ്മുടെ പ്രത്യേകദിനം കൊഴുപ്പിക്കും!. ”
” ഉം..”…എടു മൂളി, പിന്നെ കൂട്ടിച്ചേർത്തു….” സ്‌പെഷ്യൽ ദിവസം സ്‌പെഷ്യൽ ആളോടൊപ്പമുള്ള ”സ്‌പെഷ്യൽ ടീ”…എന്താ അഭീ എതിർപ്പുണ്ടോ അതിൽ…?. ഉണ്ടേൽ, വഴിവക്കിലെ സാധാ ചായയിൽ തന്നെ ഒതുക്കാം നമുക്ക് ഇന്നത്തെ ദിവസം. മതിയോ ?…”
നോട്ടം പിൻവലിക്കാതെ, നിഷ്‌കളങ്കമായ ചിരി ചുണ്ടിൽ തൂകി അഭി…” ആ…എല്ലാം കളഞ്ഞു എന്തായാലും ഇവിടംവരെ വന്നെത്തിയില്ലേ ?…ഇനി എല്ലാം നിങ്ങടെ ഇഷ്‌ടത്തിന് വിടുന്നു. അങ്ങനെതന്നെ ആയിക്കോട്ടെ…ചായ എങ്കിൽ ചായ, വെറൈറ്റി എങ്കിൽ വെറൈറ്റി !….നടക്കട്ടെ. ”
പകരമൊരു ചെറു ചിരി ചുണ്ടിൽ തിരുകി, ഹരി…” പേടിക്കേണ്ട അഭീ, ചായ എന്ന് പറഞ്ഞാൽ വെറൈറ്റി അത്രേയുള്ളൂ ഉദ്ദേശം. അല്ലാതെ ഒരു ബാറിലേക്കും നിന്നെ ഞങ്ങൾ കൂട്ടില്ല. പോരേ…? ”.
വീണ്ടും അതേ പുഞ്ചിരിയോടെ അഭി,…” അത് മനസ്സിലായി. പക്ഷെ ഈ സ്‌പെഷ്യൽ കക്ഷി ?…”
വീണ്ടും പിറകിലേക്ക് കണ്ണയച്ചു ഹരി…” നീ കാണാനിരിക്കുന്ന, ഒരുപക്ഷേ അതിനേക്കാൾ ഏറെ നിന്നെക്കാണാൻ കണ്ണുനട്ട് കാത്തിരിക്കുന്ന…നമ്മുടെ കൂടിക്കാഴ്ചൾക്കെല്ലാം പ്രേരകശക്തിയായി നിലകൊള്ളുന്ന ഏക ആൾ. ആളിനടുത്തു നമ്മൾ ഏകദേശം എത്തി. ഇനി വെറും നിസ്സാര സമയം മാത്ര൦” .
അഭി, ആശ്വാസത്തോടെ…” ഓ…ലീനയുടെ വീട്ടിലേക്കോ ?…അവളാണോ ചായയുമായി കാത്തിരിക്കുന്ന ആതിഥേയ ?. അവൾക്ക് അവിടെയും വീടുണ്ടോ ?. ”
അവനോട് ഒന്നുകൂടി ചേർന്നിരുന്ന്…എഡ്വേഡ്…” .അവളുടെ വക ഏതോ ”ക്ലാസ്സ് റസ്റ്റോറന്റ്” ആണ്. അവിടുത്തെ ഡീറ്റയിൽസ് തന്നാണ് ഞങ്ങളെ അങ്ങോട്ടയച്ചത്. നിന്നെ അവിടേക്ക് കൂട്ടാൻ. ഏതോ പുതിയ സംഭവമാണ്. ഞങ്ങളും ആദ്യമായിട്ടാ അവിടെ. ”
അതെ പുഞ്ചിരി അപ്പോഴും പിന്തുടർന്ന്…അഭി ” അവളുടെ കല്യാണത്തോടെ എനിക്കൊപ്പം ചേർന്ന നിങ്ങൾ എതിർചേരിയിൽ ആയിരുന്നല്ലോ ?…ശത്രുത ഒക്കെ കൈവെടിഞ്ഞു എന്ന് പിന്നെ വീണ്ടും ഒന്നിച്ചു ?…”
അതേ മറുചിരിയിൽ ഹരി…..”അത് എല്ലാ കാലവും അതുപോലെ തന്നെ ഇരിക്കണമെന്ന് നമ്മൾ ഒരിക്കലും ശാട്യം പിടിക്കരുത് !. നിൻറെ കാര്യത്തിൽ, നിനക്ക് വേണ്ടി മാത്രമാണ് അന്ന് ഞങ്ങൾ നിൻറെ പക്ഷം പിടിച്ചത്.
കുറെയധികം വർഷങ്ങൾ…കാര്യങ്ങൾ എല്ലാം അങ്ങനെതന്നെ പോയി. ആരുമാരും ആരുമായും വലിയ അടുപ്പമൊന്നുമില്ലാത്ത, ആർക്കും തിരക്കാണ് നേരം തികയാത്ത…എല്ലാവര്ക്കും തിരക്കുപിടിച്ച കുറെ കാലയളവുകൾ !. ഒടുവിൽ…സോഷ്യൽ മീഡിയ വന്ന്, തഴച്ചു വളർന്ന്…വേര് പിടിക്കാൻ തുടങ്ങിയപ്പോൾ…”ഓർക്കൂട്ട്”, ”ഫേസ്‌ബുക്ക്”, തുടങ്ങി ഓരോ വഴിയും ജനാലകളും തുറന്നിട്ട്…എല്ലാവരും എല്ലാവരെയും കുറേശ്ശെ അറിയുവാൻ തുടങ്ങി. അങ്ങനെ കൂട്ടത്തിൽ നമ്മളിൽത്തന്നെ;പലരും പലരെയും അറിഞ്ഞും തിരിച്ചറിഞ്ഞതും പഴയ ബന്ധങ്ങൾ തിരഞ്ഞുപിടിച്ചു പുനഃസ്‌ഥാപിച്ചു പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമം ആരംഭിച്ചു. അക്കൂട്ടത്തിൽ നമ്മളിൽ കുറേപേർ അറിയാവുന്ന കുറേപേർ ഒക്കെ വിളിച്ചു ചേർത്ത്. ഒരുപാട് പേര് ഒപ്പം വരാൻ കൂട്ടാക്കിയെങ്കിലും…ക്ഷണിച്ച കൂട്ടത്തിൽ, അലീനയെ പോലെ ചിലർ മാത്രം ഒരലിവും കാണിക്കാതെ മാറിനിന്നു. അത് ഗൗരവത്തിലെടുക്കാതെ, കൂട്ടായ്മ വളർന്നു…വലിയ കൂട്ടുക്കെട്ടും വാട്ട്സ്ആപ്പ് ഗ്രൂപ്പും ഒക്കെ ആയശേഷം, നമ്മളിൽ പലരാലും…നേരിട്ട് സ്ത്രീ സുഹൃത്തുക്കളെ കൊണ്ടും അവളെ വീണ്ടും വിളിപ്പിച്ചു. അവിടെയും പിടി തരാതെ, നിസ്സാരമാക്കി അവൾ വഴുതി മാറി കളിച്ചപ്പോൾ…പിന്നെ, അങ്ങനെയുള്ളവരോട് ഉള്ള ശ്രമങ്ങളേ ഞങ്ങൾ ഉപേക്ഷിച്ചു. നീയും ഞങ്ങൾക്ക് പിടിതരാതെ, അവളെപോലെ കുറേനാൾ ഞങ്ങളിൽ നിന്ന് ഒളിച്ചു കളിച്ചല്ലോ ?. ഒടുവിൽ…നീയും വന്നു ചേർന്നെങ്കിലും തീർത്തും നിശ്ശബ്ദനായി തുടരുകയായിരുന്നല്ലോ?…കുറേനാൾ. അതുമെല്ലാം കഴിഞ്ഞു, വളരെ നാളുകൾക്ക് ശേഷമാണ് പിന്നെ ലീനയുടെ ഒരുവല്ലാത്ത ”പ്രസൻസ് ”.ഞങ്ങളെയെല്ലാം തികച്ചും ഞെട്ടിത്തരിപ്പിച്ചുകൊണ്ട്…വളരെ അപ്രതീക്ഷിതമായി ആണ് അവളുടെ ആകസ്മിക കടന്നുവരവ് ഞങ്ങൾ കാണുന്നത്. ”
എഡ്വേർഡ് ഇടക്കുകയറി….” ആ വരവ് എങ്ങനെയാണെന്ന് ആരും ശരിക്ക് ഓർക്കുന്നുണ്ടാവില്ല. അവളെ ക്ഷണിച്ചതും….അവളെത്തന്നെയും മറന്ന്, കൂട്ടായ്മ, നല്ല വിഷയാസ്പദ ചർച്ചകളും തമാശകളും കൊണ്ട് സജീവമായി പോകുന്നതിനിടയിൽ…എങ്ങനെയോ?…ആരുമായോ?…ബന്ധപ്പെട്ടു കടന്നുകേറി, സർവ്വരെയും ഞെട്ടിച്ചുകൊണ്ട് പൊടുന്നനെയുള്ള ഒരു പ്രത്യക്ഷപ്പെടൽ ആയിരുന്നു അവളുടേത്. ”
എഡ്വേഡ് നിർത്തിയപ്പോൾ ഷമീർ തുടങ്ങി….”അതും വലിയ കാലവ്യത്യാസമൊന്നുമില്ല. വന്നത് ഈ അടുത്ത സമയത്തുതന്നെ. കൂടിയാൽ ഒരു നാല് മാസം…പക്ഷെ, വന്നപ്പോളേ അവൾ ശരിക്കും സജീവമായി, ഒറ്റ ദിവസംകൊണ്ട് എല്ലാവരെയും നല്ലരീതിയിൽ കയ്യിലെടുക്കുകയും ചെയ്‌തു”.
ഹരി ഗോവിന്ദ് വീണ്ടും…”അതെ, വളരെഅടുത്തു. അതിലൂടൊക്കെ, ഞങ്ങൾക്ക് അന്നേ ഒരു കാര്യം വളരെ വ്യക്തമായിരുന്നു”.
ആകാംക്ഷ മുറ്റി, അഭി ഇടക്ക് കയറി….” അതെന്തുവാ ?….”
പിറകിലേക്ക് നോക്കി ഹരി തുടർന്നു….” നിന്നെ കണ്ടുമുട്ടാനുള്ളൊരു കുറുക്കുവഴി തേടി ഉള്ള ഒരു വരവ് മാത്രമാണ് പൊടുന്നനെയുള്ള അവളുടെ പൊട്ടി മുളക്കലിന് പിന്നിൽ… എന്ന്”.
അഭി വീണ്ടും ഇടയിൽ കയറി…” അതെന്താടാ അങ്ങനെ തോന്നാൻ?…പ്രത്യേകിച്ച് കാരണം…..”
ചോദ്യം സ്വയം ഏറ്റെടുത്തു എഡ്വേഡ്…”ലീന ജോയിൻ ചെയ്‌തു ഗ്രൂപ്പിൽ ആക്റ്റിവായി വന്നശേഷം…അവൾക്ക് അറിയേണ്ടുന്നതും….അന്വേഷിക്കുന്നതും ഒക്കെയും നിന്നെ, നിന്നെക്കുറിച്ചു മാത്രമായിരുന്നു. നിന്നെ അറിയാനും…കണ്ടെത്തുവാനുമായി അവൾ വല്ലാതെ തത്രപ്പെടുന്നത്, നിരാശയാകാതെ, എല്ലാവരിലുമായി തുടരെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്നതും പലപ്പോഴും കാണാമായിരുന്നു. ഇതൊക്കെ കണ്ടാൽ തലയിൽ ആള് താമസം ഉള്ളവർക്ക് അറിയാൻ കഴിയില്ലേ, അവളുടെ
പെട്ടെന്നുള്ള കടന്നുവരവിന് പിന്നിലെ ലക്ഷ്യം ?. ഒടുക്കം…ഒക്കെ കണ്ടുംകേട്ടും ക്ഷമയറ്റു ഞങ്ങൾക്കുതന്നെ അങ്ങോട്ടുകയറി അവളോട് ചോദിക്കേണ്ടി വന്നു…അവളുടെ പൊടുന്നനെ ഉള്ള മനം മാറ്റത്തിൻറെ കാരണങ്ങളെ കുറിച്ചെല്ലാം. ”
ഷമീർ വളയം തിരിച്ചുകൊണ്ട് തന്നെ, എടു നിർത്തിയടുത്തു നിന്ന് പൂരിപ്പിച്ചു തുടങ്ങി…” അവളിലെ ആ പുതിയ പരിവർത്തന സ്വഭാവം അത്രക്ക് ഞങ്ങടെ ഒക്കെ മനസ്സുകളെ അമ്പരപ്പിച്ചിരുന്നു. പണ്ടേക്ക് പണ്ടേ, നിന്നനിൽപ്പിൽ നിന്നെ ഉപേക്ഷിച്ചു എങ്ങോട്ടോ കടന്നുകളഞ്ഞവൾ…ഒരു സംവത്സരം ആർക്കും പിടിതരാതെ, ഒഴിഞ്ഞുമാറി ഏതോ വനവാസത്തിൽ കഴിഞ്ഞിട്ട്…യാതൊരു അറിവും തരാതെ പിടീന്നൊരു നാൾ നിൻറെ ഊരും പേരും അന്വേഷിച്ചു ഞങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക !. ഞങ്ങളെ ഒന്നാകെ വല്ലാതെ കുഴച്ചൊരു ”പ്രതിഭാസം”. ക്ഷമയോടെ എല്ലാം ഓരോന്നായി ചോദിച്ചറിഞ്ഞു വന്നപ്പോഴാണ് ഞങ്ങൾക്ക് ബോധ്യമാകുന്നത്, നമ്മൾ അറിഞ്ഞു മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടി വച്ചിരുന്നത് മുഴുവൻ…അവളെക്കുറിച്ചുള്ള തെറ്റിദ്ധാരണാ വിവരങ്ങൾ മാത്രമായിരുന്നു എന്ന്. ”
ഒരു കഥപോലെ അവൻ തുടർന്നു….” ഉദ്ദേശം പതിനഞ്ച് വർഷങ്ങൾക്ക് മുൻപ്, അവളുടെ ഹസ്സിൻറെ അകാല നിര്യാണത്തിൻറെ മൂന്ന് വര്ഷം തികയുന്നൊരു ”ഓർമ്മദിവസം”, അതിൻ അനുശോചനം അറിയിച്ചുകൊണ്ടുള്ള നിൻറെ പെട്ടെന്നുള്ള പ്രത്യക്ഷമാകൽ…കൂടെ, മരണത്തിന് യഥാസമയം എത്തിച്ചേരാൻ കഴിയാഞ്ഞതിൽ അനുതാപം പ്രകടിപ്പിച്ചുള്ള നിൻറെ ആശ്വാസ വാക്കുകൾ. ഒടുവിൽ…എല്ലാംകഴിഞ്ഞു, അവളെ ആകെ ഞെട്ടിപ്പിച്ചു, അവളെയും കുഞ്ഞിനേയും സ്വന്തം ജീവിതത്തിലേക്ക് കൂടുകൂട്ടാൻ ക്ഷണിച്ചുകൊണ്ട് നിൻറെ സ്നേഹവും ആത്മാർത്ഥതയും നിറഞ്ഞ ആവർത്തിച്ചുള്ള ദയാവായ്പുകൾ !. എല്ലാം എത്ര വികാരാധീനയായി….എത്രയും സത്യസന്ധമായി…ഉള്ളിൽ വേദന നിറഞ്ഞു തുളുമ്പി, വിതുമ്പികൊണ്ടാണ് ഞങ്ങളോട് അവൾ പറഞ്ഞത്, എന്ന് നിനക്കറിയാമോ ?. അന്നത്തെ അവളുടെ പ്രത്യേക സാഹചര്യങ്ങൾ മൂലം…നിൻറെ വിലപ്പെട്ട ക്ഷണം സ്വീകരിക്കാൻ കഴിയാതെ,നിന്നെ നിരാശനാക്കി പുറംതള്ളി വിട്ടത് ഉൾപ്പടെ…ഏറ്റുപറഞ്ഞു, എത്ര വേദന ഉള്ളിൽ കടിച്ചമർത്തിയതാണെന്നോ അവൾ…. കേട്ട എല്ലാവർക്കും അവിടെ തെളിഞ്ഞു കാണാൻ കഴിഞ്ഞത് അവളിലെ വല്ലാത്ത ആത്മാർത്ഥതയും ഇപ്പോഴും അടങ്ങാത്ത ആ സ്നേഹവും ആണ്. ”
ശേഷം ഹരി തുടർന്നു…” ഇത്രയും ഒക്കെ കേട്ട്, എനിക്കങ്ങനെ അടങ്ങിയിരിക്കാൻ തോന്നിയില്ല. ഈ കുറ്റസമ്മതങ്ങളിൽ അവൾ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് എന്ത് ?…എനിക്കത് ഉറപ്പിക്കണം ആയിരുന്നു. ഞാൻ ഒളിച്ചു പിടിക്കാതെ തന്നെ നേരിട്ട് ചോദിച്ചു…” ഇത്രയും കാലങ്ങൾക്ക് ശേഷം ഈ വെളിപ്പെടുത്തലും കുറ്റബോധവും ഒക്കെകൊണ്ട് നീ ശരിക്കും അർത്ഥമാക്കുന്നത് എന്ത് ?. ഏതെങ്കിലും ഒരു ലക്‌ഷ്യം കൈവരിക്കാൻ ആകുമോ നിനക്കിനി ?. ഉത്തമമായ ഒരു ഉത്തരത്തിന് പകരം…അവൾ അവളുടെ ഭാഗം തുടരുകയാണ് ചെയ്‌തതപ്പോൾ .അതിൽ എല്ലാം ഉണ്ടായിരുന്നു. നീ പണ്ട് ഞങ്ങളോട് വ്യാഖ്യാനിച്ചിരുന്ന, നിങ്ങളുടെ നിസ്വാർത്ഥ പ്രണയം മുതൽ….കൂട്ട ആത്മഹത്യ എന്ന ഭീഷണിയുടെ മുൾമുനയിൽ നിർത്തി വീട്ടുകാർ അവളെ അവൾക്കിഷ്‌ടപ്പെടാത്ത മറ്റൊരു വിവാഹം നിർബന്ധിച്ചു നടത്തിയത് തുടങ്ങി…അവളുടെ ജീവൻറെ ജീവനായ മകൾക്ക് വേണ്ടി പിന്നെയും ഒരിക്കൽ കൂടിയും നിന്നെ പരിത്യജിക്കേണ്ടി വന്നത് വരെയുള്ള സംഭവങ്ങൾ മുഴുവൻ. എല്ലാമെല്ലാം നിനക്കറിയാവുന്നത് ആയതുകൊണ്ട്, ഒന്നും ഞങ്ങളിവിടെ ആവർത്തിക്കുന്നില്ല. എങ്കിലും ഞങ്ങൾക്ക് പറയാനുള്ളത്….ഇവിടെ, നിൻറെ വിധിയും…ദൗർഭാഗ്യങ്ങളും മാത്രമാണ് യഥാർത്ഥ പ്രതി. ലീനയെ നമുക്ക് ഒരു വിധത്തിലും കുറ്റം പറയാൻ ഒക്കുകില്ല. അവൾ ഒരു പെണ്ണല്ലേ ?…അവളുടെ സാഹചര്യങ്ങൾ കൂടി നമ്മൾ മാനിക്കണ്ടെ ?…എത്രയെന്ന് വിചാരിച്ച
അവൾ?….നമ്മളെ പോലൊന്നും ഒരു പെണ്ണിന് ചിലപ്പോൾ ആയെന്ന് വരില്ല. ഇനിയും നീ പഴയതൊന്നും ഓർത്തു ഓടിയൊളിക്കാൻ നിൽക്കാതെ, അവളുടെ വികാരങ്ങൾക്കൊത്തു നിൽക്കാനും…എല്ലാം മനസ്സിൽ ഉൾകൊണ്ട് അവളോട് പൊറുക്കാനും…ഇനിയെങ്കിലും തയ്യാറാവണം. ‘’
ഷമീർ തുടർന്നു……” മാത്രവുമല്ല. അന്ന് അവസാനം ലീനയെ നേരിട്ടശേഷം നീ, യാത്രപറഞ്ഞു നേരെ പോയത് ഗൾഫിലേക്ക് .അവിടെ നാട്ടിലേക്ക് ഒരു പ്രാവശ്യം പോലും അവധിക്ക് വരാതെ, നീണ്ട പതിനഞ്ച് വർഷത്തോളം സ്‌ഥിരമായി നീ…ആര് എന്തൊക്കെ ന്യായീകരണം നിറത്തിയാലും…ആ അജ്ഞാതവാസത്തിൻറെ പഴിയും കൂടി ആ പാർവതിൻറെ ചുമലിൽ ആവും വഡവഴുക്ക. എല്ലാറ്റിനും പരിഹാരം കാണുമ്പോൾ അതുകൂടി നീ പരിഗണിക്കണം, അത്രേയുള്ളൂ.”
പിന്നെ, ചുണ്ടിൽ ഒളിച്ചുവച്ച ചെറു പുഞ്ചിരിയോടെ…അഭി പതിയെ പറഞ്ഞു,,,” ഓ…അതൊക്കെ എല്ലാം കഴിഞ്ഞിട്ട് കാലം എത്രയോ ആയി. എല്ലാമെല്ലാം ഞാൻ എന്നേ മറന്നു. ഓർക്കുവാൻ ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യങ്ങളുടെ കൂടെക്കൂട്ടി പിന്നെയും എത്രയോ പ്രവാസ ജീവിത കാലം !.” നെടുവീർപ്പിനുശേഷം, അവൻ വീണ്ടു തുടർന്നു…” പിന്നെ വിവാഹം….അത് സ്വർഗ്ഗത്തിൽ ആയാലും…ഭൂമിയിൽ ആയാലും…ജീവിത കാലത്തിങ്കൽ ഒരിക്കൽ മാത്രമേ ഉണ്ടാവൂ. ലീനയുമായി അത് നിശ്ചയിച്ചു ഉറപ്പിച്ചു കാത്തിരുന്നിട്ടും…വഴിമാറി അകന്ന് പോയപ്പോഴേ തീരുമാനിച്ചതാ , ഇനി ഈ ജന്മത്തിലേക്ക് മറ്റൊരാളെ വരവേൽക്കുകയെ വേണ്ടാ എന്ന്. കഴിഞ്ഞതെല്ലാം മാച്ചുകളഞ്ഞു, മറ്റൊരു പുതിയ പങ്കാളിയെ തിരഞ്ഞെടുത്തു ഉൾക്കൊള്ളാൻ…ഈ മനസ്സുകൊണ്ട് ഒരിക്കലും ആവില്ല, അതാ. ”
എഡ്വേർഡ്….” ശരി, നിൻറെ ചിന്തയും തീരുമാനങ്ങളും ഒക്കെ ഞങ്ങളും അംഗീകരിച്ചു തരുന്നു അഭി. ഒരു പരിധിവരെ അതാണതിൻറെ സാരിയും ന്യായവും സമ്മതിക്കുന്നു. പക്ഷേ, ഈ നീണ്ട കാലഘട്ടത്തിനിടയിൽ ഇടക്ക്… വല്ലപ്പോഴും എങ്കിലും നിൻറെ മനസ്സമാധാനത്തിനോ?…അല്ലെങ്കിൽ നാട്ടുകാരെ ബോധിപ്പിക്കാൻ എങ്കിലും….നാട്ടിൽ ഒന്ന് വന്നു പ്രായമായവരെ ഒക്കെ ഒന്ന് കണ്ട് മടങ്ങാമായിരുന്നു…നിനക്ക്. ആ ഉപേക്ഷ നിൻറെ അക്ഷന്തവ്യമായ തെറ്റായിട്ട് മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിയൂ. പോട്ടെ,,,”
എഡ്വേർഡ് നിർത്തിയടുത്തു ഹരി കൂട്ടിച്ചേർത്തു….” അതെ, അതിനും…ഒന്നുമറിയാത്ത, പ്രായമായ രക്ഷിതാക്കളോട് എന്തിനായിരുന്നു ഇത്രയധികം പിടിവാശി ?. ആ ദുഷ്‌പേര് കൂടി പാവം ആ ലീനയുടെ തലയിൽ വീണത് മാത്രം മിച്ചം !. എന്നിട്ടും…നിൻറെ തിരിച്ചുവരവിന് കളമൊരുങ്ങാൻ…അവളുടെ ഇടപെടീലുകൾ തന്നെ വേണ്ടിവന്നു എന്നതാണ് അതിലുമൊക്കെ ഏറെ വിരോധാഭാസം !. ആ എന്തായാലും…നീ പുതിയ ഒരാളെ വരവേൽക്കാൻ മാത്രമേ ഇഷ്‌ടക്കേട് ഉണ്ടെന്ന് പറഞ്ഞൂള്ളല്ലോ ?… .അവളെ എതിരേൽക്കാൻ വിഷമം ഉണ്ടെന്ന് പറഞ്ഞില്ലല്ലോ ?…അത് സമാധാനമായി” .
അതിനിടക്ക് കേറി അഭി….” എനിക്കൊരിക്കലും ഒരു പിടിവാശിയും…ആരോടും ഒരു പ്രതികാരവും ഒന്നും…ഈ കാര്യത്തിൽ തോന്നിയിട്ടേ ഇല്ല. അതാണ് എനിക്ക് ഇപ്പോഴും, ഇങ്ങനെയൊക്കെ ആവാനും കഴിയുന്നത്. ജീവിതത്തിൽ, എനിക്കിനി ഒരിക്കലും മറ്റൊരു വിവാഹമേ വേണ്ടാ എന്നൊരു സുനിശ്ചിത തീരുമാനം എടുത്തതും….ആവർത്തിച്ചു ആവർത്തിച്ചുള്ള വീട്ടുകാരുടെ നിർബ്ബന്ധങ്ങൾക്ക് , ആവില്ല എന്ന് തീർത്തു പറഞ്ഞു ഒഴിഞ്ഞതും…ഒരു തെറ്റാണോ ?.എന്നെക്കുറിച്ചു ”എല്ലാം”അറിയുന്ന അവർക്ക്, കുറച്ചെങ്കിലും എന്നെ മനസ്സിലാക്കാൻ ശ്രമിച്ചു
കൂടായിരുന്നോ ?. ബോംബെയിൽ ആയിരുന്ന കാലഘട്ടം മുതൽക്കേ, മറ്റൊരു കല്യാണം ആവശ്യപ്പെട്ട് അവർ സ്‌ഥിരമായി നിർബ്ബന്ധമോട് നിർബ്ബന്ധമാ. നാട്ടിൽ മടങ്ങി വന്നശേഷവും അതിൻറെ പേരും പറഞ്ഞു…വഴക്കും വക്കാണവും…ഒടുക്കം ”തല്ല്”വരെ കൂടി, എല്ലാവരിൽ നിന്നും തെറ്റിപ്പിരിഞ്ഞു തന്നാ ഞാൻ പിന്നെ, ഗൾഫിലേക്ക് വണ്ടികേറാൻ ഇടയായത്. അതിനിടക്ക്, എല്ലാരും കൂടി ചേർന്ന്…ഞാൻ അനിയത്തിക്കുട്ടിയെ പോലെ കണ്ടിരുന്ന…. മുറപ്പെണ്ണ് ശ്രീമോളെ കൂടി ഇതിനിടക്ക് വലിച്ചിഴച്ചിട്ട്, എന്നെകൊണ്ട് അവളെ കെട്ടിക്കാൻ…ഒരു കുടിലശ്രമം കൂടി നടത്തി നോക്കി. അതുകൊണ്ടാ, ഇനി ബോംബെ വേണ്ടാ…ആർക്കും പെട്ടെന്ന് എത്തിപ്പിടിക്കാൻ സാധിക്കാത്ത… കുറേക്കൂടി ദൂരം തന്നെ ഇരിക്കട്ടെ എന്ന് കരുതി ദുബായിലേക്ക് തന്നെ ഞാൻ കുടിയേറാൻ ഇടയായതും. ശ്രീക്കുട്ടി, പാവത്തിനെ ഞാൻ പിന്നെ, ഞാനായിട്ട് ഇടപെട്ട്, മറ്റൊരു ബന്ധം കണ്ടെത്തി…കല്യാണം നടത്തിച്ചു കൊടുത്തു ആ കുരുക്കിൽ നിന്ന് രക്ഷപെടുത്തി. എന്നിട്ടും, ആ നിർബന്ധങ്ങളും വാശിയും നിർത്താൻ തയ്യാറായോ അവർ ?. അതൊന്നും അവസാനിപ്പിക്കാതെ വെറുതെ ഞാൻ നാട്ടിലോട്ട് വന്നു പ്രശ്നങ്ങൾ കൂടുതൽ ”സങ്കീർണം” ആക്കാതിരിക്കാൻ വേന്ടി മാത്രമാ…എല്ലാവര്ക്കും അഞ്ജാതവാസം എന്ന് തോന്നിയാലും… അവിടെ തന്നെ താങ്ങാൻ ഞാൻ നിർബന്ധിതനായി പോയത്. ”
ഇടക്ക് ഇടപെട്ട് ഷമീർ…” എയർപോർട്ടിൽ ഒന്നും ആരെയും കണ്ടില്ലല്ലോ ?…വീട്ടുകാരോട് ആരോടും നീ ഇന്ന് എത്തിച്ചേരും എന്ന കാര്യം അറിയിച്ചില്ലായിരുന്നോ ?.
അഭി,” ഉവ്വ്…വരുന്ന ഫ്‌ളൈറ്റ് സമയമൊന്നും വ്യക്തമായി അറിയിച്ചിട്ടില്ല വരവ് ഇന്ന് ഉണ്ടാവുമെന്ന് മാത്രം വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ, അങ്ങോട്ട് ചെന്ന് കേറുന്ന കാര്യം ആലോചിക്കുമ്പോൾ…അവരെ എങ്ങനെ അഭിമുഖീകരിക്കു൦ ?…എന്ന് ചിന്തിക്കുമ്പോഴാ ആകെ ഭ്രാന്ത് പിടിക്കുന്നെ.അതാണ് ഇപ്പോഴത്തെ ഏറ്റവും കുഴക്കുന്ന വലിയൊരു പ്രശ്‌നവും . വയ്യ !…ഇനിയും…ഒരു തർക്കവും വഴക്കിനും ഒന്നും…..”
എഡ്വേർഡ്…” ഓ.. അതിൽ വലിയ ടെൻഷനടിക്കേണ്ട ആവശ്യം ഒന്നുമില്ലെടാ. കാര്യങ്ങളൊക്കെ ഇത്രയും നല്ല നിലയിൽ വന്നു ചേർന്നില്ലേ?. കുറിച്ച് വൈകി എങ്കിലും…നീ ഇവിടെ സുഖമായി മടങ്ങി വന്നില്ലോ?. ഇത് കൂടുതൽ നന്മകളിക്ക് തന്നെ ചെന്ന് അവസാനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ”
ഹരിഗോവിന്ദു കൂടി അവനെ പിന്താങ്ങി….” അഭീ, നീ നാട്ടിലേക്ക് വരാതിരുന്നത് കൊണ്ടല്ല, അതിനപ്പുറം…നിൻറെ വിവാഹം നടന്ന്…കുടുംബജീവിതം നേർവഴിയിലേക്ക് പോകാത്തത് കൊണ്ടുള്ള വിഷമം കൊണ്ടാ…വീട്ടുകാർ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇനി, അൽപ്പം വൈകിയാൽ എന്താ….നിൻറെ മോഹങ്ങൾ ഒക്കെയും പൂവണിഞ്ഞു…ലീനയുമൊത്തു നീ ആഗ്രഹിച്ചപോലുള്ള ഒരു പുതിയ ദാമ്പത്യജീവിതം ആരംഭിക്കുവാൻ പോകുവല്ലേ ?…പിന്നെന്താ പ്രശ്നം ?. ആരെ ഓർത്താ നീ ഇനി ഭയപ്പെട്ട് നിൽക്കുന്നത്. സധൈര്യം മുന്നോട്ട് പോ അളിയാ…”
ഷമീറും കൂടെ കൂടി…..” അതെ, ആ ലീനക്ക് കൂടി ഒരു
ജീവിതംകൊടുത്തു…അവിടെയോ?..ഇവിടെയോ ?…എവിടെങ്കിലും ,നിങ്ങൾ അടിച്ചു പൊളിച്ചു ഒന്ന് സുഖിച്ചു ജീവിക്കളിയാ . കൂട്ടത്തിൽ എന്ത് സഹായത്തിനു൦ , ഞങ്ങളുണ്ട് നിൻറെ കൂടെ. പോരേ ?…”.
ഉത്കണ്ഠയും ആകാംക്ഷയും ഇടകലർത്തി, സംശയമുനയോടെ അഭി….” അതിന് അവൾ, സമ്മതമറിയിച്ചു പ്രത്യേകിച്ച് എന്തെങ്കിലും നിങ്ങളോട് പറഞ്ഞുവോ?…”
എഡ്വേർഡ് അവൻറെ ഉധ്യെഗത്തെ തടയാതെ…” ഇല്ല അളിയാ. അവൾക്കും നിന്നെപ്പോലെ ഇക്കാര്യത്തിൽ എന്തെങ്കിലും തുറന്ന് പറയുന്നതിൽ ചമ്മൽ കാണും. ഒന്നും പറഞ്ഞില്ലേലും…ഞങ്ങൾക്കവളുടെ മനസ്സ് നന്നായി വായിക്കാം മച്ചാനെ. പണ്ടേ അറിയുന്നതല്ലേ നമ്മൾക്ക് അവളെ. ”
ഹരി ഇടക്ക്….” നിന്നെക്കുറിച്ചു മറ്റെല്ലാവരും സംസാരിക്കുമ്പോൾ…കേൾക്കാൻ അവളിൽ നിറയുന്നൊരു ഉത്കണ്ഠ !….നിന്നെക്കുറിച്ചു ഓരോ വക്കും പറയുമ്പോൾ..അവൾ കാണിക്കുന്ന സന്തോഷം…ആവേശം…സ്നേഹം മുറ്റിയ മറ്റു വികാരങ്ങൾ. എല്ലാം കാണുകേയും കേൾക്കുകയും ചെയ്യുമ്പോൾ…അവൾ പറയാതെ തന്നെ അറിയാം…അവൾക്ക് നിന്നോടൊന്ന് ചേരാൻ, അടക്കി നിർത്തിയിരിക്കുന്ന പഴയ പ്രണയങ്ങളുടെ ബാക്കിപത്രങ്ങൾ മുഴുവൻ !”.
ഷമീർ റിയർവ്യൂ മിററിലേക്ക് നോക്കി കൂട്ടിച്ചേർത്തു…” അത് അവളുമായി പങ്കിട്ട ഓരോ നിമിഷവും ഞങ്ങൾക്ക് പരമ ബോദ്ധ്യമായിരുന്നു. അങ്ങേയറ്റം നിന്നെ കൂട്ടികൊണ്ട് വരാൻ പറഞ്ഞേൽപ്പിച്ചു ഞങ്ങളെ ഇങ്ങോട്ട് വിടുമ്പോൾ അടക്കം. ആ മുഖത്തു അലയടിച്ച ഉത്സാഹം കണ്ടാൽത്തന്നെ അറിയാം…നിന്നെ വെറുതെ ഒന്ന് കണ്ട് കടക്കാനോ ?….ഒരു ചെറു ”ഗെറ്റ്-റ്റുഗെതെർ”,” ഗാതറിംഗ്” നു വേണ്ടിയോ ?…ഒന്നുമല്ല, ഇതെല്ലാം എല്ലാം എന്ന്. അവളുടെ മകളുടെ മിന്നുകെട്ടും ഇതിനൊപ്പം ഉണ്ടാവുമെന്ന് തോന്നുന്നു. അതുകഴിഞ്ഞു നിന്നോടൊപ്പം ജീവിക്കാൻ തയ്യാറായി തന്നെയാവും…അവളുടെ ഓരോ ചുവടുവയ്പ്പും. എല്ലാം നന്നായി വരട്ടെ…ഞങ്ങളുടെ എല്ലാ ആശംസകളും പ്രാർഥനകളും ഇപ്പോഴേ നേരുന്നു…”.
ഷമീറും കൂടെ മറ്റു ഇരുവരും അഭിയേയും ലീനയെയും പ്രകീർത്തിച്ചും, ആശംസകൾ ചൊരിഞ്ഞും ഉള്ള സംഭാഷണങ്ങൾ അങ്ങനെ തുടർന്ന് പോയ്കൊണ്ടേയിരുന്നു. അതിനൊന്നിനും പക്ഷെ തൃപ്‌തികരമായ മറുപടികൾ കൊടുത്തു കൂടെകൂടാൻ അഭിക്കായില്ല. അല്ലെങ്കിൽ…ലീനയുമായ് ഒത്തുള്ള പഴയ ക്യാംപസ് കാലങ്ങളിലേക്ക്…അതിൻറെ ഓരോരോ വർണ്ണപൊലിമകളിലേക്ക്…ഊളിയിട്ട് ഊർന്നിറങ്ങുകയായിരുന്നിരിക്കണം അവൻറെ പഴമനസ്സ്. അത് അങ്ങനെ പ്രേരണകളുടെ മരുപ്പച്ച താണ്ടി…ചിന്തകളുടെ കാട് കയ്യേറി…താഴ്വാരം ഇറങ്ങികൊണ്ടേ ഇരുന്നു. പല കാലങ്ങളിൽ കൈമോശം വന്ന മോഹങ്ങൾ വീണ്ടും സ്വപ്നങ്ങളുടെ കളിക്കൂട് ഏറാൻ വിരുന്നേറ്റി. അഭിയുടെ ആവേശം ചോർത്തിയ ആലോചനകൾ…പല മാനം കൈവരിച്ച ഓർമ്മകൾ…മറ്റുള്ളവരെയും മെല്ലെ നിഷ്ക്രിയതയിലേക്ക് ആഴ്ത്തി. മൗനം അവർക്കുള്ളിലേക്ക് പാത്തുപതുങ്ങി വലിഞ്ഞു നീങ്ങിയെത്തി. യുദ്ധം കഴിഞ്ഞുള്ള സമാധാനം പോലെ, അത് എല്ലാവരിലും ഒരുപോലെ സ്വകാര്യതകൾ ഒരുക്കി, ധ്യാന സമാനരാക്കി.
അഭി അപ്പോഴും…മുഴുവനായി തുറന്നിട്ട ഇടത് വശ ഗ്ളാസിന് മുകളിലൂടെ അങ്ങകലേക്ക് മിഴികൾ പായിച്ചു വെറുതെ നോക്കി ഇരിക്കുകയായിരുന്നു. അനിശ്ചിതത്വത്തിൻറെ കരിനീലമേഘങ്ങൾ ഒന്നൊഴിയാതെ മേലെ പാളികളായി അടർന്ന് നീങ്ങി മാറുന്നു. അതിനൊപ്പം മുന്നോട്ട് കുതിക്കുന്ന വാഹനത്തിന് സമാന്തരമായി…അവൻറെ മനസ്സും…ഓളങ്ങൾ തീർത്തു അറിയാതെ, എങ്ങോട്ടൊക്കെയോ ഒഴുകി.
പടിഞ്ഞാറ്, കുങ്കുമഛായ പടർത്തി…നേരം പതിയെ സന്ധ്യയിലേക്ക് അടുക്കുന്നു. വണ്ടി ശഖുമുഖം കടൽതീരത്തിൻറെ വർണ്ണമനോഹാരിതക്ക് മുന്നിലൂടെ ഇഴഞ്ഞു നീങ്ങി. കടപ്പുറം എപ്പൊഴൊ പെയ്തുതീർന്ന മഴയുടെ നനവിൽ…ആർദ്രതപൂണ്ട് മയങ്ങികിടക്കുന്നു. അസ്തമയസൂര്യൻ, അന്നത്തെ അദ്ധ്വാനം അവസാനിപ്പിച്ചു ചക്രവാള സീമയിലേക്ക് മെല്ലെ മെല്ലെ പടി താഴ്ത്തുന്നു. വെയിൽ മങ്ങി നരച്ച, നീലാകാശ നിരത്തുകളിൽ കിളിക്കൂട്ടങ്ങൾ…ചിലച്ചു ചിറകടിച്ചു കൂടുതേടി, അതിദൂരത്തേക്ക് പറന്നകലുന്ന അതിസുന്ദര കാഴ്ച്ച !. ഓരോന്നായി അഭി നോക്കി, കണ്ട് മതിമറന്നിരുന്നു. വീണ്ടും !….ഒരിക്കൽക്കൂടി, താൻ ഇവിടെ. ഏകാന്തത ധ്യാനമൊരുക്കുന്ന തൻറെ പഴയ ശംഖുമുഖ ലാവണത്തിൻറെ ഈറൻ മടിത്തട്ടിൽ !. ഓർമകൾക്ക് ചാമരം വീശാൻ എന്നവണ്ണം…അനുസരണയില്ലാത്ത തണുത്ത കിഴക്കൻകാറ്റ് അഭിയുടെ മുടിയിഴകളെ ആകെ തഴുകി ഉലച്ചു പുളകം വിതറി കടന്നുപോയി. തീരത്തെത്തിയപ്പോൾ…വണ്ടി ഒന്നുകൂടി ഒന്നുലഞ്ഞു, ഒന്നുകൂടി വേഗം വളരെ കുറച്ചു ഇഴഞ്ഞുനീങ്ങി.. ചെറുതിരകൾ ആർത്തണച്ചു താളമടിച്ചു, ഓരോന്ന് ഓരോന്നായി…തീരങ്ങളെതീരരങ്ങളെ പുൽകി മടങ്ങുന്നു. വേലിയിറക്കത്തിൽ ഇറങ്ങി കിടക്കുന്ന നീലസമുദ്രത്തിൽ സന്ഡ്യാകിരണങ്ങൾ ചെഞ്ചായ0 നിറച്ചു വർണ്ണാഭ ഒഴുക്കുന്നു. ഭൂമിയും ആകാശവും തിരയും തീരവും കടലും പറവകളും അംബരാന്തവും ഒന്നിക്കുന്ന അപൂർവ്വ സായാഹ്‌ന വർണ്ണസൗന്ദര്യം. കൂടെ കാറ്റും കിളിയു൦ കടലും ഒരുക്കുന്ന ഹൃദയാർദ്രസംഗീത വിരുന്നും. വിജനത നിറഞ്ഞ അവയുടെ കളിത്തട്ടിൽ…അഭി മിഴിയും മനവും തുറന്നിട്ടു. അഴകും ഈണവും അവനുള്ളവും….തിരയും തീരവും പോലെ, അവനുള്ളിൽ ഓർമ്മകളുടെ ഓണവിസ്മയം വിതച്ചു….കയറിയിറങ്ങി പോയി.
കാർ അവിടവും വിട്ട് ഒരു നൂറുവാര അപ്പുറം…വടക്കോട്ട് തിരിഞ്ഞു വളഞ്ഞു, അകത്തേക്ക് പ്രവേശിച്ചു. അതിനെതിരെ ഉള്ളിലേക്ക് കാറ്റാടിമരങ്ങൾ മതിലുകൾ പാകിയ വഴിയിലൂടെ നീങ്ങിയ വണ്ടി, പയ്യനെ കുറച്ചകത്തായി കൂറ്റൻ ബോർഡ് സ്‌ഥാപിച്ച വലിയ കെട്ടിടത്തിന് അരികിലായി ചെന്നുനിന്നു. ഒരുവശം വലിയ കെട്ടിടവും…മറുവശം നീണ്ട മുളകുടിലുകളും ചേർന്ന ഒരു വലിയ റസ്റ്റാറൻറ് സമുച്ചയത്തിന് മുന്നിലുള്ള അതിവിശാലമായ കാർ പാർക്കിങ് ഏരിയയിൽ വണ്ടിയിട്ട്, കൂട്ടുകാർക്കൊപ്പം അഭി അതിൽ നിന്നും ഇറങ്ങി. തൊട്ട് മുൻപിൽ കണ്ട ” സോണാസ് ഫുഡ്‌ഡി ഫോണിക്സ്”, എന്ന ബോർഡിന് താഴെകൂടി റസ്റ്റാറന്റിലേക്ക് പ്രവേശിക്കാൻ തുടങ്ങിയ അവരെ വരവേറ്റത്, അവരെ സ്വീകരിക്കാൻ പുറത്തേക്ക് എത്തിച്ചേർന്ന ആരൊക്കെയോ ആയ ഒരു കൂട്ടത്തെ ആണ്. പ്രവേശന വാടത്തിൽ മെർക്കുറി ലാമ്പിൻറെ കനത്ത പ്രകാശ വലയത്തിൽ കൂട്ടത്തിലെ പ്രധാനിയെ മനസ്സിലാക്കി എടുക്കുവാൻ ഒരു പ്രയാസവും ഉണ്ടായില്ല. ”….ഓ മൈ ഗോഡ് !…അലീന !…” അഭിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
സുദീർഘമായ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ലീന എന്ന അലീനയുടെ മെർക്കുറിയെ വെല്ലുന്ന കാന്തിക പ്രഭാകാന്തിയിൽ…ജ്വലിച്ചു തിളങ്ങി നിൽക്കുന്ന ഐശ്വര്യമാർന്ന പുഞ്ചിരിച്ച മുഖം !. പട്ടുസാരി ധരിച്ചു…മന്ദസ്മിതത്തിൽ കുളിച്ചു…കൈകൾകൂപ്പി…തേജസ്വിനിയായി നിൽക്കുന്ന ആ ദിവ്യരൂപം കൺമറയാതെ അഭി വീണ്ടും വീണ്ടും നോക്കി. ഒറ്റനോട്ടത്തിൽ…അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല, ഒരിക്കൽ തൻറെ എല്ലാം എല്ലാമായിരുന്ന ആ അലീന തന്നെയാണോ ?…ഇത്. തൻറെ കണ്ണുകൾക്കാണോ ?…അതോ ബുദ്ധിക്കോ…കുഴപ്പം ?. അവളുടെ പഹയാ സൗന്ദര്യമിഴിവിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. അഴകുകൾ കുറേക്കൂടി വർദ്ധിച്ചെങ്കിലേ ഉള്ളൂ. പതിനഞ്ചു കൊല്ലത്തെ കാലവ്യത്യാസത്തിനിടയിൽ, ഒടുവിൽ….അവളെ കാണുമ്പോൾ…വട്ടകണ്ണടയും ധരിച്ചു വളരെ ക്ഷീണിതയായി ഒരു ടീച്ചറമ്മയെ പോലെ….ആ രൂപം ഇപ്പോഴും മായാതെ മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നുണ്ട്. ഇപ്പോൾ…കണ്ണട ഒഴിവാക്കി, ഷാമ്പൂ തേച്ചു പരത്തിയിട്ട അളകങ്ങളും… മിതമായെങ്കിലും ആകർഷകമായ മുഖചമയങ്ങളും…ഒക്കെയായി പഴയ ആരാധന വീണ്ടും ഉള്ളിലുണർത്തി പോവുന്ന, മറ്റൊരു പുതിയ ലാവണ്യരൂപം !. മുഖത്താണെങ്കിലും പ്രസാദാത്മകത നിറഞ്ഞുതൂവി നിൽക്കുന്നു. കേട്ടത് ശരിയാണെങ്കിൽ…കാലങ്ങൾ നീങ്ങി, ദുഖങ്ങളൊക്കെ കുറഞ്ഞു…മകൾ
കല്യാണപ്രായമായി, അവളുടെ കല്യാണവും ഏകദേശം ശരിയായി. സ്വാഭാവികമായും അപ്പോൾ, സ്വസ്‌ഥതയും സമാധാനവും അതിന് അനുസൃതം കൂടും…. വയസ്സും കാലവും കൈവിട്ട്, സന്തോഷം അകതാരിൽ നിർവൃതീ നൃത്തം നിറയ്ക്കും. പ്രായ൦ അവളെ നന്നായി ചെത്തി മിനുക്കി, മനോന്മയിയാക്കി…നല്ലൊരു അംഗലാവണ്യവതിയിൽ എത്തിച്ചിട്ടുണ്ട്. സൗന്ദര്യത്തിൽ ഇപ്പോഴും യാതൊരു ഉണ്ടാവും ഇല്ലെന്ന് മാത്രമല്ല, കുറേക്കൂടി പ്രൗഢയാക്കി മാറ്റിയെങ്കിലേ ഉള്ളൂ. അഭി ലീനയെ അംഗപ്രത്യംഗം, നിരീക്ഷിച്ചു അളന്ന് തിട്ടപ്പെടുത്തുന്നതിന് ഇടയിൽ….
” അഭീ എന്തൊക്കെയുണ്ട് ?….യാത്രയൊക്കെ സുഖമായിരുന്നു ?….” ലീനയുടെ വക വളരെ സ്വാഭികതയോടെ കൗതുകം നിറഞ്ഞൊരു ചോദ്യം വന്നു.
ലീനയുടെ കർണ്ണപീയൂഷമാർന്ന ചോദ്യത്തിന്, ഞെട്ടിയുണർന്ന അഭി, പെട്ടെന്ന് ഒറ്റവാക്കിൽ ഉത്തരം കൊടുത്തു.” അതേ സുഖം ലീനെ …”.
തികച്ചും യാന്ത്രികതയോടെ ലീനയെ നോക്കി, കൈകൾകൂപ്പി…പുഞ്ചിരിച്ചു പ്രത്യഭിവാദനം ചെയ്‌തു അവൾക്കരികിലേക്ക് ഒന്നൂടി അടിവച്ചു നീങ്ങുമ്പോൾ….അവൻറെ മനസ്സും അലകടൽ പോലെ പ്രക്ഷുബ്‌ധമായിരുന്നു. ഡിക്കി തുറന്ന്, അഭിയുടെ കൂട്ടുകാർ അവൻറെ പെട്ടിയും സാധനങ്ങളും മറ്റൊരു കാറിലേക്ക് മാറ്റിവയ്ക്കുമ്പോൾ ലീന അഭിയെ കൂടെനിന്നവർക്ക് പരിചയപെടുത്തുവാൻ തുടങ്ങിയിരുന്നു. മൂവരും തിരികെ മടങ്ങി എത്തിയപ്പോൾ പിന്നെ അവരെയും പരിചയപെടുത്തുന്നതിൻറെ ഊഴമായി.
” അഭീ, ഫ്രെണ്ട്സ്….ഇതാണ് എൻറെ ”എമിലിമോൾ”. ഞാൻ ”മിലിമോൾ” എന്ന് വിളിക്കും”. കൂട്ടത്തിൽ…ഇരുപത് വയസ്സോളം വരുന്നൊരു പെൺകുട്ടിയെ മുന്നിലേക്ക് നീക്കിനിർത്തി, ലീന മൊഴിഞ്ഞു.
”ഹായ്…അങ്കിൾമാരെ , എന്തുണ്ട് വിശേഷം ?…ഹവ് ടു യു ടു….എല്ലാരും സുഖമായിരിക്കുന്നു ?…ഐ ആം എമിലി ഡാനിയൽ …” അവർക്ക് നേരെ കരം നീട്ടി മകൾ ചോദിച്ചു.
” വീ ഫൈൻ, ഗ്രെറ്റ്….മോൾക്കെങ്ങനെ?…സുഖം തന്നെയല്ലേ ?….വീ തിങ്ക് മോൾ ആൾസോ ഗുഡ്…” ആദ്യം അഭി, പിന്നെ ഓരോരുത്തരായി എല്ലാവരും….ക്ഷേമം അന്വേഷിച്ചു ഉപചാരത്തോടെ…കരംഗ്രഹിച്ചു ഹസ്തദാനം നൽകി. ”വരൂ……” ലീന അപ്പോൾ മുന്നിലേക്ക് കൈചൂണ്ടി അവരെല്ലാവരെയും മുന്നോട്ടേക്ക് ക്ഷണിച്ചു…
മുന്നോട്ട് നടന്ന അവരെ, കുറച്ചു മുന്നിൽ കണ്ട മുളം കുടിൽ ചൂണ്ടിക്കാട്ടി, ലീന അറിയിച്ചു, ” എന്നാൽ ശരി, നമുക്ക് അങ്ങോട്ട് അകത്തേക്കിരുന്നാവാം…കൂടുതൽ പരിചയപ്പെടലുകൾ ”…എല്ലാരും വരൂ…” എന്ന് പറഞ്ഞു അവൾ എല്ലാവരെയും ഒരുമിച്ചു ഹട്ട് ഒന്നിലേക്ക് വഴികാട്ടി. ഉള്ളിലെ കൊച്ചു കൊച്ചു പൂന്തോട്ടങ്ങളും..വെളിച്ചം വിതാനിച്ച കാമ്പൗണ്ടിനുള്ളിലെ നിശാ വിസ്മയങ്ങളും ശ്രദ്ധിച്ചു ടൈൽസിട്ട വഴിയിലൂടെ അവർ അവളെ മന്ദം അനുഗമിച്ചു.
” എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ…വലിയ താമസമൊന്നും നേരിട്ടില്ലല്ലോ ?…തമ്മിൽ കണ്ടുമുട്ടാൻ ഇരുകൂട്ടർക്കും അങ്ങനെ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അല്ലേ ?…” നടത്തക്കിടയിൽ അവൾ അങ്ങനെ ഓരോരോ കുശലാ അന്വേഷണങ്ങളും…ഉപചാര വാക്കുകളും ഉന്നയിച്ചു പരിചയം പുതുക്കുവാൻ തിടുക്കം കൂട്ടികൊണ്ടിരുന്നു. അഭിയും…അതിനിടയിൽ…” ഉം ”എന്നും ” അതെ” എന്നും ഒക്കെ മൂളിയും പറഞ്ഞു൦ ലഖു മറുപടികൾ കൊടുത്തു മുഷിപ്പിക്കാതെ അവളെ സന്തോഷിപ്പിച്ചു പിന്തുടർന്നു.
അൽപം മുന്നിൽ നീളത്തിൽ, നിരനിരയായി ഈറയും കവുങ്ങും കൊണ്ടുതീർത്ത വിസ്താരമാർന്ന വലിയ കുടിലുകൾ. അതിൽ വെടിപ്പും ഭംഗിയും
തോന്നിയ ഒഴിഞ്ഞഭാഗത്തെ നല്ലൊരു പുൽകുടിലിലേക്ക് ലീന കയറി. അവളെ അനുഗമിച്ചു മറ്റുള്ളവരും ഉള്ളിൽ പ്രവേശിച്ചു. ” ഡോർകർട്ടൻ” ഉം ” ബാംബൂ ബ്ലൈൻസ് ”ഉം വലിച്ചിട്ട്, വാതിലും ജനാലകളും മറ്റുള്ളവരിൽ നിന്നും മറച്ചുവച്ചു, ” സ്പ്ലിറ്റ് എ.സി ” ഓൺ ചെയ്‌തു ലീന മകൾക്കൊപ്പം കൂട്ടുകാർക്കെതിരെ ഉപവിഷ്‌ടയായി. മറ്റ് പരിവാരഗണങ്ങൾ അപ്പോഴേക്കും യാത്രചൊല്ലി അവിടെനിന്നും വിടവാങ്ങിയിരുന്നു. ശേഷിച്ചവർ..മന്ദസ്മിതം ചാലിച്ച മുഖപത്മങ്ങളോടെ പരസ്പരം നോക്കി അങ്ങനെ… ആര് സംസാരത്തിന് തുടക്കമിടും എന്ന ഭാവത്തോടെ കണ്ണിൽ കണ്ണ് നോക്കിയിരുന്നതല്ലാതെ, ആരും ഒന്നും സംസാരിക്കാൻ തയ്യാറായില്ല. ഒടുക്കം…ആരും തുടക്കമിടാഞ്ഞപ്പോൾ…ആതിഥേയയയുടെ കുപ്പായം സ്വയം എടുത്തണിഞ്ഞു അലീന തന്നെ അതിന് തുടക്കമിട്ടു.
” അഭീ എന്താണ് ഒന്നും മിണ്ടാത്തത് ?….സുഖമല്ലേ …?”. ആ ചോദ്യത്തിൽ തന്നെ ഒരുപാട് അർത്ഥങ്ങൾ ഒളിഞ്ഞിരുന്നിരുന്നു. അത് മനസ്സിലാക്കിയോ അല്ലാതെയോ, അഭി അതെ അർത്ഥത്തിൽ പുഞ്ചിരി നിലനിർത്തി വെറുതെ തലകുലുക്കി.
അതിൽ നിരാശ അനുഭവപ്പെട്ടിട്ടോ എന്തോ?….അതിന് അങ്ങനെ ഒരു മറുചോദ്യം ചോദിക്കുവാനാണ് ലീനയെ പ്രേരിപ്പിച്ചത്…..” ഇവിടെയെത്തി, ഞങ്ങളെയൊക്കെ കണ്ടുകഴിഞ്ഞപ്പോഴേക്ക് നിനക്ക് തോന്നുന്നുണ്ടോ ?…ഇങ്ങോട്ട് വരണ്ടെ ഇല്ലായിരുന്നു എന്ന് !. ഏ…?” .
അവൻറെ മറുപടി, പുഞ്ചിരിയോളം വലുതല്ലായിരുന്നു. കുഞ്ഞുവാക്കിൽ ഒതുക്കി നിർത്തിയവൻ മൊഴിഞ്ഞു….” ഏയ്, അങ്ങനൊന്നും ഇല്ല ലീന…ശ്ശേ….വരാൻ ഉറപ്പിച്ചു, വന്നു…അത്രതന്നെ !. ”
അവൾ ഉണ്ടക്കണ്ണു കൊണ്ട് എല്ലാവരെയും ഒന്ന് പാളിനോക്കി…എന്നിട്ടു പറഞ്ഞു, ” എല്ലാവരെയും എന്നുപറഞ്ഞാൽ… എന്നെ ആണ് ഉദ്ദേശിച്ചത്…നമ്മൾ എല്ലാരേയും അല്ല. ” പിന്നെ തുടർന്നു…” അഭിയുടെ ആച്ചിരി മായാതെ, ഇപ്പോഴും അതുപോലെ ബാക്കിയുണ്ട്. ഞാൻ വിചാരിച്ചു, നീ അറബിനാട്ടിൽ ഒക്കെ ചെന്ന്…അറബികളുമായി ചേർന്ന് വലിയ പരിഷ്ക്കാരിയായി മാറി കാണുമെന്ന്…ആരെയും തിരിച്ചറിയാനാവാതെ . നമുക്കൊക്കെ ഇതുപോലെ പിടിതരുമെന്ന് ഒരിക്കലും കരുതീല്ല. താടി വളർത്തി ഇങ്ങനൊരു രൂപവും ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. ഇങ്ങനെ താടി വളർത്തുന്നത് കൊണ്ട് അവിടെ പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ലേ ? ”.
ഒരുകയ്യാൽ തൻറെ താടി മൊത്തത്തിൽ ഉഴിഞ്ഞു, തലോടിക്കൊണ്ടേ…അവളുടെ വലിയ ചോദ്യങ്ങൾക്ക് ചെറുവാക്കിൽ മറുപടി അറിയിച്ചു വീണ്ടും തൃപ്തിയടഞ്ഞു അഭി….” ഏയ്, കുഴപ്പമൊന്നുമില്ല…അതൊക്കെ അങ്ങനെ പോകും…ഞാൻ ഞാനല്ലേ ?…”.
എന്തോ ?…അവൻറെ ആ ലാളിത്യം ലീനയിൽ കഠിനമായ വേദനകൾ പാകി. ഉള്ളം തേങ്ങി. തുളുമ്പി തുടങ്ങിയ കണ്ണീർകണങ്ങൾ…ആരുമറിയാതെ കയ്യ് വെള്ളയിൽ അമർന്നിരുന്ന തൂവാലയാൽ അവൾ പതിയെ തുടച്ചുമാറ്റി, വീണ്ടും ചോദിച്ചു….” അഭീ നീ എന്താ ഇങ്ങനെ ?…നിനക്കൊന്നും ചോദിക്കാനില്ലേ എന്നോട്. വന്നു പെട്ടുപോയതിൻറെ കുറ്റബോധത്തിൽ ഇരിക്കുകയാവും അല്ലേ ?. വരുന്ന വഴി, നിങ്ങളോടും ഇങ്ങനെ ആയിരുന്നോ ?…അതോ എന്നോട് മാത്രമാണോ ഇങ്ങനൊക്കെ ?. നമ്മുടെ കൂട്ടത്തിൽ നന്നായി സംസാരിക്കുന്ന ഒരാൾ ആയിരുന്നല്ലോ അഭി, എന്നിട്ട് ഇപ്പോൾ എന്താ ഇങ്ങനെ ആയത് ?”.
പിറകെ മറുപടിയുമായി എത്തിയത് എഡ്വേർഡ് എന്ന എടു….” അത് ഇപ്പോളല്ല
, നിങ്ങളുടെ കല്യാണം അലസ്യ നാളുമുതലെ അവൻ അങ്ങനാ. അന്ന് നിൻറെ കെട്ടിന്റന്ന് ഞങ്ങളവനെ കണ്ടുമുട്ടിയപ്പോഴും… ഇങ്ങനെ ഒന്നും മിണ്ടാതെ, എല്ലാം കേട്ടുകൊണ്ട് മാത്രം ഇരിക്കുന്ന പതിവ് ആയിരുന്നു. ഇപ്പോഴും അറിയില്ല, ആ വിഷമങ്ങളൊക്കെ തീർത്തു മാറിയോ ?…ഇല്ലയോ എന്ന്. വരുന്ന വഴിയിലും ഇങ്ങനൊക്കെ വെറും കാഴ്ച്ചയും കണ്ടുകൊണ്ട് ഇരിക്കയായിരുന്നു കക്ഷി, സംസാരിച്ചത് മുഴുവൻ ഞങ്ങളാ. ”.
” അതെയോ ?…” കണ്ണീർ അടരാതിരിക്കാൻ പരമാവധി ശ്രമിച്ചു, ഇടറിയ കണ്ഠത്തോടെ അവൾ അറിയിച്ചു….” എന്നാൽ നിങ്ങളെങ്കിലും എന്തെങ്കിലും സംസാരിക്കു….ഞാൻ മാത്രം ഇങ്ങനെ ചിലച്ചുകൊണ്ടേ ഇരുന്നാൽ പോരല്ലോ ?. എന്തൊക്കെയുണ്ട് നിങ്ങടെ വാർത്തകളും വിശേഷങ്ങളും…?. വാട്ട് എബൗട്ട് യു ഗയ്‌സ്…കൊച്ചി, ചെന്നൈ,ബാന്ഗ്ലൂർ….അതൊക്കെ പറയൂ….?. ”
അത് കേട്ടിട്ട് എന്നവണ്ണം ഹരിഗോവിന്ദ്…”ലീനെ , നിനക്കറിയാമല്ലോ ഞങ്ങളെ ?. ”കത്തിവീരന്മാർ ” എന്ന് പണ്ടേക്ക് പണ്ടേ കോളജിൽ പേരെടുത്തവരായിരുന്നു ഈ ഞങ്ങൾ മൂവരും. പ്രത്യേകിച്ച് നമ്മുടെ പഴയ ”ക്ലാസ്സ്മേറ്റ്” നോടൊപ്പം ആണെങ്കിൽ പറയുകയും വേണ്ടല്ലോ ?. ഞങ്ങൾ പരസ്പരം വല്ലപ്പോഴും നേരിട്ട് കാണലും…സ്‌ഥിരം ചാറ്റിങ്ങും ഉള്ളതുകൊണ്ട് അതൊന്നും പുറത്തെടുക്കണ്ടാ എന്ന് വിചാരിച്ചു മനഃപൂർവ്വം മിണ്ടാതിരിക്കുന്നതാ. പിന്നെ ഞങ്ങളെക്കൊണ്ട് തുടക്കമിടീച്ചിട്ട് ഇടക്കുവച്ചു നിർത്താനൊന്നും പറഞ്ഞുപോവല്ല്. അങ്ങനാണേൽ…ഞങ്ങള് കത്തിയൂരാം ”.
അവനൊപ്പം ചേർന്ന് ഷമീർ….”അത് സത്യമാ,എന്നാലും.. അതൊന്നും ഇപ്പോൾ വേണ്ടെടാ. നിങ്ങൾ രണ്ട് പേരും മാത്രമാണല്ലോ ?….ആരുമായും പരസ്‌പര ബന്ധമൊന്നും ഇല്ലാത്തത് ?. മാത്രമല്ല, നിങ്ങൾ പഴയ പ്രണയജോഡികളുടെ പുതിയ വിവരങ്ങൾ നിങ്ങളെകൊണ്ട് പരസ്‌പരം പറയിപ്പിക്കാനും…എല്ലാ അറിയാനും വേണ്ടിയാണ് നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ എന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം കൂടിയത് പോലും. ഇനി, അത് തമ്മിൽ തുറന്ന് സംസാരിക്കാൻ…ഇടക്ക് ഞങ്ങളിരിക്കുന്നത് നിങ്ങൾക്ക് വല്ല തടസ്സവും ആണെങ്കിൽ…നിങ്ങൾക്കായി ഇവിടുന്ന് ഒഴിഞ്ഞുമാറി തരാനും ഞങ്ങൾ തയ്യാറാണ്. നമ്മൾ ഒത്തൊരുമിച്ചൊരു കൂടൽ, വേണേൽ മറ്റൊരു അവസരത്തിലേക്ക് മാറ്റാം…വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ നടക്കട്ടെ ആദ്യം….”.
ഷമീറിൻറെ വികാരാവേശം നിറഞ്ഞ വാക്കുകൾ കേട്ട്, വല്ലാതെ കുറച്ചിൽ തോന്നി…അതിന് തടയിട്ട് അവരെ മൊത്തത്തിൽ തണുപ്പിക്കാൻ എന്നോണം തമാശ കലർത്തി, ലീന തുടർന്നു….” ഏയ് ഷമീർ, നോ…അതിൻറെ ഒന്നും ഒരു ആവശ്യവുമില്ല. അങ്ങനൊന്നും പറയാതെ….ആരും എങ്ങും പോവണ്ടാ. നമുക്ക് ഒരുമിച്ചിരുന്നു തന്നെ സംസാരിക്കാം. നിങ്ങൾകൂടി ഉണ്ടായിട്ട് ഇങ്ങനെ !…അപ്പോൾ നിങ്ങൾ ഞങ്ങളെ ഒറ്റക്കാക്കിയിട്ട് ഇവിടുന്ന് പോയാൽ…ഈ അഭി എന്നെ ഇവിടെ ഇട്ടിട്ട് ഇവിടുന്ന് ചിലപ്പോൾ ഇറങ്ങി ഓടിയെന്നിരിക്കും…ജസ്റ്റ് ജോക്ക്സ്, റ്റെക്ക് ഇറ്റ് ഈസി മെൻ ”
എല്ലാം മൊത്തത്തിൽ ഒന്നുകൂടി ലഘൂകരിച്ചു, ” സിറ്റിവേഷൻ റ്റെമ്പോ ” കുറയ്ക്കാനായി എഡ്വേഡിൻറെ പിന്നത്തെ ശ്രമം…..” ഏയ്, അങ്ങനാരും ധൈര്യം കുറച്ചു കാണണ്ടാ ഞങ്ങടെ അഭിക്കുട്ടനെ. ഇത് അവൻ നീണ്ട വർഷക്കാലം കഴിച്ചുകൂട്ടിയ നാട് വിട്ടുവന്നതിൻറെ . ഇത്രദൂരം യാത്രചെയ്ത് ക്ഷീണിച്ചതിൻറെ ഒക്കെ ”പേഴ്‌സണൽ സ്റ്റ്രെസ് ” കൊണ്ട് വന്നതാണ്. നമ്മൾ അതൊന്നും അത്ര കാര്യം ആക്കേണ്ടതില്ല, എല്ലാം ശരിയാവും. അഭി ഇപ്പോഴും നമ്മുടെ ആ പഴയ അഭിതന്നെ, സംശയിക്കേണ്ട !”.
തുടർന്ന് സംസാരിച്ച ഹരിയും അവനൊപ്പം കൂടി……” അതുതന്നെ, അലിനെ നിർത്തണ്ടാ…തൽക്കാലം തുടർന്നോളൂ. നിൻറെ ഭാവി പദ്ധതികളെയും
പ്ലാനിങ്ങുകളെയും ഒക്കെ കുറിച്ച്, ഞങ്ങൾക്ക് കൂടി കേൾക്കാമെങ്കിൽ…തുറന്ന് പറയൂ. അത് കേട്ടുകഴിഞ്ഞു അഭിയും അവനു പറയാനുള്ളതൊക്കെ പറയും…ജസ്റ്റ് ഗോ ഓൺ…”.
താൻ സ്വയം ഒരുക്കിയ അസ്വസ്‌ഥതയുടെ ഇരുണ്ട തടവറയിൽനിന്നും മോചിതയാവാൻ എന്നോണം…മുഖത്തു ഇടക്ക് പൊലിഞ്ഞുപോയ ചിരി വീണ്ടും ചാലിച്ച് നിറച്ചു ലീന…” തികച്ചും ശരിയാണ്. ഒപ്പം നിന്ന് വിജയിപ്പിക്കാൻ….സകലതും ത്വജിച്ചു, കൈമെയ് മറന്ന് ഒരുങ്ങിയിറങ്ങി കൂടെവരാൻ തയ്യാറായ നിങ്ങൾ സുഹൃത്തുക്കളോട് എങ്ങനെ നന്ദി പറഞ്ഞവസാനിപ്പിക്കണം എന്നെനിക്ക് അറിയാൻ പാടില്ല. എങ്കിലും നിങ്ങൾ കൂട്ടുകാരെപോലെ, ഈ ഒത്തുകൂടൽ, നാളത്തെ അതിവിശാല സൗഹൃദസംഗമം എല്ലാത്തിനും മുന്നിട്ടിറങ്ങിയ ആദ്യ വ്യക്തി എന്ന നിലയിൽ…അതിൻറെ എല്ലാ ആഹ്ളാദവും ഉന്മാദവും നിങ്ങളെക്കാൾ ഒട്ടും കുറയാതെ എനിക്കുമുണ്ട്. ആ വേളയിൽ ഏതെങ്കിലും വേദനയിലും വിഷമങ്ങളിലേക്കും കുത്തിനോവിച്ചു പോവാതെ….നാളത്തെ സംരംഭത്തെ കുറിച്ച് നമുക്ക് ആദ്യം ഒന്ന് അത്യാവശ്യ ചർച്ച ചെയ്യാം. അതുകഴിഞ്ഞാവാം മറ്റു വിഷയങ്ങളിലേക്ക് കടക്കൽ ഒക്കെ..?’’
അപ്പോഴേക്കും…കൂട്ടുകാർ നാല് പേർക്കും ആവിപറക്കുന്ന ചായയും സ്നാക്ക്‌സുമായി പരിചാരിക വന്നെത്തി. നാലുപേർക്കും തങ്ങൾക്കും ചായയും മറ്റും പകർന്നു വച്ചശേഷം ലീന….” നിങ്ങൾക്ക് ഡിന്നറിനു എന്താണെന്ന് വച്ചാൽ…മുന്നിലിരിക്കുന്ന ‘മെനുകാർഡ് ‘നോക്കി ഓർഡർ കൊടുക്കുക. കുറച്ചു സമയം എടുക്കും എങ്കിലും, നമ്മൾ സംസാരിച്ചു തീരുമ്പോഴേക്ക് അതെത്തും. ഫുഡ് കഴിച്ചു നമുക്ക് പിരിഞ്ഞു നാളെ വീണ്ടും കണ്ടുമുട്ടാം. ”
എത്ര നിർബന്ധിച്ചിട്ടും…അവരാരുംതന്നെ ഓർഡറൊന്നും അറിയിക്കാൻ തയ്യാറായില്ല. ഒടുവിൽ, അവൾ തന്നെ സ്വയം ഓർഡർ എഴുതി, ” എന്നാൽ ഞാൻ കൊടുക്കുകയാ…കൊണ്ടുവരുന്നത് മുഴുവൻ കഴിച്ചു തീർക്കാതെ ഞാൻ ആരെയും പുറത്തുവിട്ടില്ല…” എന്ന് പറഞ്ഞു മകൾ മിലി വശം ഓർഡർ കിച്ചണിലേക്ക് കൊടുത്തുവിട്ടു. എല്ലാവരോടും തൽക്കാലത്തേക്ക് മിലി യാത്ര പറഞ്ഞു പിരിഞ്ഞു പോയശേഷം ലീന… പിറ്റേദിവസം തങ്ങളുടെ കോളേജ് അങ്കണത്തിൽ വച്ച് നടക്കുന്ന പ്രധാന സൗഹൃദസംഗമ പരിപാടിയെക്കുറിച്ചു വളരെ വിശദമായൊരു വിവരണം തന്നെ നടത്തി. കാര്യങ്ങൾ എല്ലാവരെയും നന്നായി ധരിപ്പിച്ചു കഴിഞ്ഞു, പിന്നെയും ഒരു ഓർമ്മപ്പെടുത്തൽ പോലെ അവൾ അറിയിച്ചു…” ഇതെല്ലാം… അഭി ഒഴിച്ച് മറ്റെല്ലാവരെയും പലവുരു ക്ഷണിച്ചു, പറഞ്ഞു…എല്ലാവർക്കും നല്ല അറിവുള്ളതാണ്. എങ്കിലും ആവർത്തിച്ചത്…എല്ലാം ഒന്നുകൂടി ഓർമ്മപ്പെടുത്താനും…ക്ഷണിക്കാനും വേണ്ടിയാണ്. എല്ലാവരും എത്രയും രാവിലെ ഭാര്യയും കുട്ടികളുമായി എത്തുക. എല്ലാ പരിപാടികളിലും മത്സരയിനങ്ങളിലും പങ്കെടുത്തു വിജയിപ്പിച്ചു, ഉച്ചക്ക് ഭക്ഷണവും കഴിച്ചു…വൈകുന്നേരം സന്തോഷത്തോടെ മടങ്ങുക. പിന്നെ പറയാനുള്ളത്…ഇതെല്ലാം കഴിഞ്ഞു, ക്ഷീണിച്ചു സുഖമായി അങ്ങനങ്ങു ആരും കിടന്ന് ഉറങ്ങിപ്പോകരുത്. നാളെ കഴിഞ്ഞു ഒരു ദിവസം എല്ലാർക്കും റെസ്റ്റ്. അതിനടുത്ത ദിവസം…അതിൻറെ രണ്ടാ൦ നാൾ, നാം വീണ്ടും ഒന്നുചേരുന്നു. അന്നാണ് എൻറെ മോൾ മിലിയുടെ ” ബെത്രോതൽ ” ചടങ്ങ്. എൻറെ മിന്നുകെട്ട് നടന്ന അതെ തിരുമല പള്ളിയിൽ വച്ച് തന്നെയാണ് പരിപാടി. അതിനും എല്ലാവരും കുടുംബസമേതം…. നേരത്തെകൂട്ടി എത്തി…ചടങ്ങ് മംഗളമാക്കി തരണം. എല്ലാവര്ക്കും എല്ലാ ”ഇൻവിറ്റേഷൻസ് ”ഉം അയച്ചിട്ടുണ്ട്. അഭി ഉൾപ്പടെ എല്ലാവരെയും ഇപ്പോൾ നേരിട്ട് ക്ഷണിക്കുന്നു. മോളെ കണ്ടല്ലോ എല്ലാവരും…അവളിപ്പോൾ ”പി.ജി ജസ്റ്റ് പാസ്സ് ഔട്ട്” ആയി റിസൾട്ട് കാത്തു നിൽക്കുന്നു. ഇതൊക്കെയാണ് എനിക്ക് നിങ്ങളോട് പറയാനുള്ള വിശേഷങ്ങൾ. ഇനി, നിങ്ങൾക്ക് വല്ലതും ചോദിക്കാനും പറയാനും ഉണ്ടെങ്കിൽ…അറിയുന്നതാണേൽ അതിനും മറുപടി
പറയാം…ചോദിക്ക്….ഇല്ലെങ്കിൽ, നിങ്ങൾ നിങ്ങടെ വിശേഷങ്ങൾ ഷെയർ ചെയ്യ് ! ” .
എഡ്വേഡ് അല്പം ഗൗരവത്തോടെ…” ലീന ചോദിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചത് കൊണ്ട്മാത്രം ചോദിക്കട്ടെ…ലീനക്ക് പറയാനുള്ളതെല്ലാം…നീ പറഞ്ഞു കഴിഞ്ഞോ ?…”
” എസ്…എൻറെ ഓർമ്മയിൽ കഴിഞ്ഞു. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ചോദിക്ക്…എനിക്ക് അറിയാവുന്നത് ആണേൽ ഞാൻ പറയാം…”
ഒന്ന് നിർത്തിയശേഷം എഡ്വേഡ് തുടർന്നു…” നിനക്ക് വിരോധം തോന്നിയില്ലെങ്കിലും…ഞാൻ ചോദിക്കാം. അഭിക്ക് ചിലപ്പോൾ തുറന്ന് ചോദിക്കാൻ മടി ഉണ്ടാവും. ഞങ്ങടെ വളരെ വളരെ നാളത്തെ ശ്രമമായിരുന്നു അഭിയെ ഒന്ന് നാട്ടിലേക്ക് എത്തിക്കുക, എന്നത്. അതിന് അവൻ ഒരു സമ്മതവും അറിയിച്ചില്ല എന്ന് മാത്രമല്ല, ഒരിക്കലും അതിനെക്കുറിച്ച് വ്യക്തമായി ഒരഭിപ്രായം പോലും തുറന്നു പറയാൻ അവൻ തയ്യാറായില്ല. എന്നാൽ…ഞങ്ങളിൽ നിന്ന് ”ഡീറ്റയിൽസ്” വാങ്ങി ലീന അതിന് ”ട്രൈ” ചെയ്യുകയും കുറച്ചു പരിശ്രമങ്ങൾക്കൊടുവിൽ…ഭാഗ്യവശാൽ അവൻ വഴങ്ങിത്തരികയും, അധികം താമസിക്കാതെ ഇങ്ങോട്ട് എത്തുകയും ചെയ്‌തു. ” നെവർ മൈൻഡ്”, അതൊക്കെ പോട്ടെ…ഞങ്ങൾക്കറിയേണ്ടത് , ഒരിക്കലും ഇവിടോട്ട് വരാൻ…അശേഷം താത്പര്യമില്ലാതിരുന്ന ഇവനെ, ഇത്ര ആഹ്രഹിച്ചു ബുദ്ധിമുട്ടി ഇങ്ങോട്ടേക്ക് വരുത്തിയത് ഒന്ന് കാണാൻ…ഇത്രയും പറയാൻ…ഈ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ വേണ്ടി മാത്രമാണോ ലീനെ ?. അതോ വിവരദോഷികൾ ഞങ്ങൾ കൂടെ കൂടിപോയതുകൊണ്ട്, എല്ലാമെല്ലാം മനഃപൂർവ്വം മറച്ചുവെക്കപ്പെടുകയാണോ ?.”
ലീന അതിന് എന്ത് മറുപടി പറയണം എന്ന് ഒരുനിമിഷം ഒന്നാലോചിച്ചു. ഉത്തരം വൈകിയാൽ അവരുടെ സംശയങ്ങൾ ഇരട്ടിച്ചാലോ ?…എന്നൊരു ആശങ്കയിൽ….മുഖത്തെ ചമ്മൽ ഒട്ടൊന്ന് മായ്ക്കാൻ ശ്രമിച്ചുകൊണ്ട് മറുപടി കൊടുത്തു….” തുറന്നു പറഞ്ഞാൽ…അത് എൻറെ മനസ്സമ്മതം പോയിട്ട്, മിന്നുകെട്ടിനു പോലും എൻറെ ഫ്രെണ്ട്സ് ആരെയും വേണ്ടുംവണ്ണം ക്ഷണിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനാൽ എന്റെ മോളുടെ എങ്കിലും ”ബെത്രോതൽ സെറിമണി”ക്ക്, നിങ്ങളെല്ലാം…പ്രത്യേകിച്ച് അഭി ഉറപ്പായും പങ്കെടുക്കണം എന്ന് എനിക്ക് ഭയങ്കര നിർബന്ധമായിരുന്നു. ചടങ്ങിന് വരാനായി ക്ഷണിച്ചാൽ…അവനതിന് വന്നില്ലെങ്കിലോ ?…എന്ന് വിചാരിച്ചാണ് അവൻ നാട്ടിലേക്ക് വരുവാൻ വേണ്ടി ഞാൻ മുൻകൈ എടുത്ത് ഈ ഒത്തുകൂടൽ ചടങ്ങു പോലും സംഘടിപ്പിച്ചത്. അതൊക്കെ എൻറെ ബുദ്ധിയും, ആശയും, ആശയവും ആയിരുന്നു. അത് വിജയം കണ്ടതിൽ എനിക്കതിയായ സന്തോഷവും ഉണ്ട്. എന്നിരുന്നാലും അതിന് എനിക്കൊപ്പം കൂടെനിന്ന നിങ്ങളോടും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു, തീർത്താൽ തീരാത്തത്ര നന്ദിയുണ്ട് നിങ്ങളോടെനിക്ക്. എൻറെ സ്വാർത്ഥതകൾക്ക് വേണ്ടീയാണെങ്കിലും അതിലെ ഉദ്ദേശശുദ്ധി മാനിച്ചു നിങ്ങളതിനൊക്കെ എനിക്ക് മാപ്പ് തരണമെന്നും ഞാൻ ആവശ്യപ്പെടുന്നു. ”
ഗൗരവം തെല്ലും ചോരാതെ ഹരി….” ഇതിൻറെ ടോട്ടൽ ഇനിഷ്യേറ്റിവ്, ഹോസ്റ്റിങ്, ഫിനാൻഷ്യൽ ബാക്ക്-അപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം..നീ ഒറ്റക്ക് ഏറ്റെടുത്തു ചെയ്യാൻ തുടങ്ങുന്ന കണ്ടപ്പോഴേ ഞങ്ങൾ ഇതൊക്കെ അനുമാനിച്ചതാ. അതിന് മാപ്പൊന്നും പറയേണ്ടാ. എല്ലാം ഞങ്ങൾക്ക് മനസ്സിലാവും…പക്ഷേ, ഞങ്ങൾക്കറിയേണ്ടത് മുമ്പേ ചോദിച്ചത് തന്നെയാ. ” വീ ഫ്രാൻക്‌ലി ആസ്ക്കിങ്…മോർ ഓവർ ഓൾ, യൂ ഹാവ് എനി അദർ ഹിഡൻ അജണ്ടാ…ഓർ ഇന്റൻഷൻസ്…?? ”.
അമ്പരപ്പ് കലർന്ന മിഴി,മുഖത്തോടെ…അലീന….” വാട്ട് യൂ മീൻ ഹര്, വാട്ട്
ഹാപ്പെൻഡ് യൂ…ഇന്റെൻഷൻ , അജണ്ടാ…ബുൾഷീറ്റ്…നത്തിങ് ഐ ഹാവിന്റ് യെറ്റ് …” പിന്നൽപ്പം ക്രോധം കലർന്ന മുഖഭാവത്തോടെ….എല്ലാം നിങ്ങൾക്ക് ചുമ്മാ തോന്നുന്നതാ…സിംപ്ലീ ഐ ഡോണ്ട്…”
ഹരി അവളെ ഒട്ടു, ഗൗനിക്കാതെ….” ലീന ചൂടാവണ്ടാ, ഞാൻ വെറുതെ ചോദിച്ചതാ….ഞങ്ങളെ അറിയിക്കുകയും വേണ്ടാ. അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അഭിയെ മാത്രം ഒന്ന് അറിയിച്ചേക്കണം. ആ പാവം ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴും നിറയെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലുമാ ജീവിക്കുന്നത്, വെറുതെ നിരാശപ്പെടുത്തരുത് അവനെ. ”
ക്രോധം കുറഞ്ഞു ലേശം അന്ധാളിപ്പോടെ അലീന…” നിങ്ങൾ കാറിൽവച്ചു അങ്ങനെ പല കാര്യങ്ങളും കൈമാറിയിട്ടുണ്ടാവാം…അതൊന്നും എനിക്കറിയില്ല. ചോദ്യം എൻറെ ഫ്യുച്ചറിനെ സംബന്ധിച്ച് ആണെങ്കിൽ ” ഐ ആം വെരി ലീസ്റ്റിലി ബോഡേർഡ് എബൌട്ട് ദാറ്റ്”….ഇപ്പോഴത്തെ ഈ സാധാരണ ജീവിത0 വിട്ട്, പുതിയൊരു ചിന്തയോ തീരുമാനമോ ഞാൻ ഇതുവരെ എടുത്തിട്ടില്ല. അഥവാ എന്തെങ്കിലും ഒരു വ്യതിയാനം എൻറെ ജീവിതത്തിൽ വന്നു ഭവിക്കുകയാണെങ്കിൽ….അതെൻറെ മിലിമോളുടെ മിന്നുകെട്ടിന് ശേഷം മാത്രമായിരിക്കും, ഉറപ്പ്. അതിനുശേഷം നിങ്ങൾക്ക് എന്നോട് എന്ത് വേണേൽ ആവാം. അതുവരെ ജസ്റ്റ് ലീവ് മീ എലോൺ . എൻറെ ജീവിതം എനിക്ക് മാത്ര0 വിട്ട്, എന്നെ പാടേ എനിക്ക് വിട്ടുതരൂ പ്ലീസ്…” ലീന കൈകൂപ്പി കേണു ‘’.
ലീനയുടെ യാചനാ ഭാവത്തിൽ അല്പം പരിഭ്രാന്തി കലർന്ന് ഹരി…” നോ,നോ…ലീനയെ ഒട്ടുംതന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. കാറിൽവച്ചു ചർച്ചചെയ്ത് എടുത്ത വിഷയവുമല്ല.ബിഹൈൻഡ് ഓൾ അദർ തിങ്ക്സ്…നിങ്ങൾ രണ്ടുപേരുടെയും നന്മ മാത്രമേ ഞങ്ങൾ ആഗ്രഹിച്ചുള്ളു. വേദനിപ്പിച്ചെങ്കിൽ, പ്ലീസ് പാർടൺ അസ് ആൻഡ് ജസ്റ്റ് ലീവ് ഇറ്റ് .അഭിയുടെ അവസ്‌ഥകണ്ട് ലീന ബ്രോഡായി, എല്ലാം ചോദിച്ചുകൊള്ളൂ…എന്ന് ആവശ്യപ്പെട്ടപ്പോൾ…അങ്ങനെ ചോദിച്ചെന്ന് മാത്രം. ഫോർഗെറ്റ് ഇറ്റ് ”.
പറഞ്ഞവസാനിപ്പിച്ചു, ഹരി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ലീനയുടെ മുഖം ദർശിച്ചു അവൾ കൂടുതൽ വിഷണ്ണയായി കാണപ്പെടുന്നത് അവർ മനസ്സിലാക്കി. ലീനയും…” ഒന്നും വേണ്ടായിരുന്നു ” എന്നു ചിന്തിച്ചു പരിതാവസ്‌ഥയിൽ എല്ലാവരെയും ആശ്വസിപ്പിക്കാൻ എന്നപോലെ പറഞ്ഞു…ഇരിക്ക്, ഇരിക്ക്…അതിന് എന്തിനാ എണീറ്റ് നിൽക്കുന്നെ…എല്ലാവരും ഇരുന്ന് സംസാരിക്കൂ. എനിക്ക് പ്രശ്നമൊന്നുമില്ല.”.
പിന്നെ, ഷമീറിൻറെ ഊഴമായി. ഒന്നനങ്ങി,എണീൽക്കാൻ ശ്രമിച്ചു, പതിയെ തുടങ്ങി…” ലീനയുടെ വിശദീകരണങ്ങളൊക്കെ വിശദമായി കേട്ട്, ഞങ്ങൾക്ക് ഏകദേശ൦ എല്ലാം വ്യക്തമായി മനസ്സിലായി. ഞങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങളും…അതിനുള്ള മറുപടികളും… ചോദിച്ചും കേട്ടും അതും തൃപ്തിയായി. ഇനി, പുതിയതായി എന്തെങ്കിലും ചോദിക്കാനോ ?…പറയാനോ ?…അതുവഴി, ലീനയെ തെല്ലെങ്കിലും വിഷമിപ്പിക്കണമെന്ന് ലവലേശം മനസ്സിൽ ബാക്കിയില്ല. അഭിക്ക് ഇനി എന്തെങ്കിലും ലീനയോട് കൈമാറാനോ, ലീനക്ക് അവനോട് എന്തെങ്കിലും സ്വകാര്യങ്ങൾ സംസാരിക്കാനോ ഒക്കെ കാണും. ഞങ്ങൾ അപ്പോഴേക്ക് പുറത്തേക്കിറങ്ങി, ഒരു സിഗററ്റൊക്കെ വലിച്ചു കാത്തുനിൽക്കാം. എല്ലാം തീരുമ്പോൾ തിരികെവരാൻ….അതിനാണ് എണീറ്റത്, തൽക്കാലം നടക്കട്ടെ. ”
പെട്ടെന്ന്, അതുവരെ ഒന്നും സംസാരിക്കാതെ, മൗനത്തിൻറെ വാല്മീകത്തിൽ ഒളിഞ്ഞിരുന്ന അഭിജിത് മൗനം ഭജിച്ചു നനുത്ത സ്വരത്തിൽ…” എന്നെച്ചൊല്ലി, നിങ്ങളാരും പരസ്പരം തർക്കിക്കുകയോ വഴക്കിടുകയോ വേണ്ടാ. ആവശ്യം വരുമ്പോൾ സംസാരിക്കാം…എന്ന് കരുതി മിണ്ടാതെ ഇരുന്നെന്നേയുള്ളൂ…ഒന്നും പറയാനില്ല എന്നൊന്നും അതിനൊരു അർത്ഥവുമില്ല. നിങ്ങൾ എല്ലാവരുടെയും സ്നേഹപൂർണ്ണമായ ക്ഷണം, ലീനയുടെ കൃത്യസമയത്തുള്ള
ഇടപെടീലുകൾ…വളരെ സുഖമായി എന്നെ ഇവിടെ എത്തിച്ചു. അതിന് നിങ്ങൾ എല്ലാവരോടും എൻറെ വിലപ്പെട്ട നന്ദിയു൦ സ്നേഹവും ഞാൻ അറിയിച്ചുകൊള്ളുന്നു. ഇവളുടെ ആവശ്യങ്ങൾ ഉണർത്തിച്ചുകൊണ്ടുള്ള നിർബന്ധങ്ങൾക്കെല്ലാം വഴങ്ങി, ഞാൻ ഇവിടെ എത്തിച്ചേർന്ന സ്‌ഥിതിക്ക്…ഇനി- ഈ ചടങ്ങുകളിൽ എല്ലാം പങ്കെടുക്കുക- എന്നൊരു ബാധ്യത കൂടി എന്നിൽ അവശേഷിക്കുന്നുണ്ട്. അതിൽ ഭംഗിയായി പങ്കെടുത്തു….നമ്മൾ സുഹൃത്തുക്കൾ എല്ലാവരുടെയും സ്‌നേഹാദരവുകൾ പരസ്പരം കൈയേറി…ആർക്കുമൊരു ഭാരമാവാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ, വന്നപോലെ ഞാൻ മടങ്ങി പൊയ്ക്കൊള്ളാം. അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന്… എല്ലാവരും എന്നോട് സൗമനസ്യം കാണിക്കുക, ഇത്രയേ എനിക്ക് ഇപ്പോൾ പറയാനുള്ളൂ. നിങ്ങൾക്കെല്ലാം പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ…ഇന്നത്തേക്ക് നമുക്ക് പിരിയാം. ഇവിടിനി തങ്ങുന്ന ഓരോ നിമിഷവും, ലീനക്ക് വിഷമതകൾ മാത്രമാവും നമുക്ക് സമ്മാനിക്കാനാകുക. സോ വീ മേ ജസ്റ്റ് ലീവ് ഹിയർ ആൻഡ് മേക്ക് ഫ്രീ ഹേർ ” .
ലീന ഇടക്കുകയറി, കൺഠശുദ്ധി വരുത്തി, ഒന്ന് ശബ്ദം കടുപ്പിക്കാൻ ശ്രമിച്ചു…” അഭി എന്താ പറഞ്ഞേ…ഇല്ലഭി, ഇടക്ക് എൻറെ മനസ്സ് ഒന്ന് അല്പം ഇടറി. ഞാൻ എന്തോ പറഞ്ഞുപോയതിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ ഇരിക്ക് !. എൻറെ സഹപാഠികൾ, സുഹൃത്തുക്കൾ…ഒരിക്കലും എനിക്കൊരു ബുദ്ധിമുട്ടും ബാധ്യതയും അല്ല. എത്ര സമയം വേണമെങ്കിലും നിങ്ങൾക്കൊപ്പമിരുന്ന് സംസാരിക്കുന്നതിലും എനിക്ക് സന്തോധം മാത്രമേ ഉള്ളു. കഴിഞ്ഞത് വിട്ടേക്കുക !…പ്ലീസ്.”.
ഉടനെ എഡ്വേർഡ്…” ഒക്കെ ലീന, ഞങ്ങളെല്ലാം മനസ്സിലാക്കുന്നു. ആരും തമ്മിൽ നിലവിൽ ഒരു വാശിയോ പിണക്കം ഇപ്പോൾ ഇല്ല. തുടർന്നും നമ്മൾ ഇങ്ങനെ തന്നെ പോകും. അല്ലെങ്കിലും…കൂട്ടുകാർ പരസ്പരം വഴക്കടിക്കുന്നതും…തർക്കിക്കുന്നതും സ്വാഭാവികമല്ലേ ?. അങ്ങനെ കരുതിയാൽ മതി. എല്ലാം കഴിഞ്ഞു, പറയാനുണ്ടായിരുന്നത് തമ്മിൽ പങ്കുവയ്ക്കലും അവസാനിച്ചു. അഭി പറഞ്ഞോണം പിന്നെ ഇന്നത്തേക്ക് പിരിയുന്നതല്ലേ ഉത്തമം ?.നാളെയും കാണലുണ്ടല്ലോ ?…ബാക്കിയൊക്കെ അപ്പോഴാവാം. ”
” എല്ലാത്തിനും നന്ദി അലീനാ, ”….പറഞ്ഞു ഷമീറും മറ്റുള്ളവരും എണീൽക്കാൻ ആഞ്ഞു.
” എങ്കിൽ ശരി, നിങ്ങടെ ഇഷ്‌ടം പോലെ ആകട്ടെ, എല്ലാ൦ . വിളിച്ചപ്പോൾ കൂടെ കൂടിയതിനും….എയർപോർട്ടിൽ പോകാൻ സമയത്തു എത്തിയതിനു൦…ഒക്കെ വലിയ നന്ദി !. പക്ഷേ, ഫുഡ് ഇപ്പോൾ ഇങ്ങെത്തും, എല്ലാവരും അതുകഴിച്ചു പതിയെ മടങ്ങാവൂ. …”
പിന്നെ, അധികം വൈകാതെ, തൊട്ടു പിന്നാലെ…വിഭവസമൃദ്ധമായ ഡിന്നർ എത്തി. ലീനയും അതിഥികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗമനസ്യം കാട്ടി. എല്ലാവരും തമാശയൊക്കെ പറഞ്ഞിരുന്ന്…കഴിയുന്നിടത്തോളം തൃപ്തിയോടെ, നന്നായി അത്താഴം കഴിച്ചു, ആഹാരത്തിന് നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്തി, ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു. പിന്നെയും കുശലാന്വേഷണവും നർമ്മങ്ങളും കൈമാറി…കൈകഴുകി, യാത്രചൊല്ലി ഇരുകൂട്ടരും അന്നന്നത്തേക്ക് രണ്ടായി പിരിഞ്ഞു. ഷമീർ അവൻറെ വാഹനത്തിൽ അവരെ പിന്തുടർന്നപ്പോൾ…പറഞ്ഞുറപ്പിച്ചിരുന്ന പോലെ, എഡ്വേർഡ് അഭിയേയും ഹരിയേയും കൂട്ടി അവർ ഇരുവരുടെയും വീടുകളിലേക്ക് തിരിച്ചു.
രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഏഴ് (2017 – 9 -7 )……..
സെപ്റ്റംബർ മാസത്തിലെ മനോഹരമായ ഒരു തെളിഞ്ഞ പ്രഭാതം….
തലസ്‌ഥാന നഗരിയിലെ വളരെ പ്രശസ്‌തമായൊരു കലാലയ അങ്കണം……
കലാലയത്തിന് ഉള്ളിലെ അതിലും മനോഹരമാർന്നൊരു മിനി
അവിടെ, അന്നേദിവസം….തൊണ്ണൂറ്- തൊണ്ണൂറ്റി രണ്ട് ( 90 – 92 ) കാലയളവിൽ സാമ്പത്തികശാസ്ത്രം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു… ബിരുദപഠനം പൂർത്തിയാക്കി ഇറങ്ങിയ വിദ്യാർഥി-വിദ്യാർഥിനികളുടെ ഒരു വലിയ കൂട്ടായ്മയുടെ ഉത്സവം അരങ്ങേറുകയാണ്. ” കിലുക്കം” എന്ന് നാമകരണം ചെയ്യപ്പെട്ട്, സാമൂഹ്യ മാധ്യമങ്ങളിലാകെ ഒരു ”മുഴക്കം” ആയി മാറ്റൊലികൊണ്ട് നിറഞ്ഞുനിന്ന പഴയ വിദ്യാർഥികളുടെ പുതിയ സംഘടനയുടെ ഇദംപ്രഥമമായ ഒരു കൂടിക്കാഴ്ച !. അങ്ങനൊരു കൂട്ടായ്മ ആയതുകൊണ്ടാവാം…ആ പുനഃസമാഗമ സഖ്യത്തിന് ഏതാണ്ട് ഒരുമിച്ചു പഠിച്ച വിദ്യാർഥി-വിദ്യാർത്ഥിനികളുടെ നല്ലൊരു പങ്കാളിത്തം കൊണ്ട് ”കമനീയം ആയിരുന്നു ചടങ്ങ്. ആകെ ഉണ്ടായിരുന്ന ആൺകുട്ടികളിൽ മുക്കാൽ ഭാഗവും….പെൺകുട്ടികളിൽ നല്ല ശതമാനവും അവിടെ സന്നിഹിതരായിരുന്നു. അതിൽത്തന്നെ മിക്കവാറും, തങ്ങളുടെ ജീവിതപങ്കാളികൾ, മക്കൾ എന്നിവർ സഹിതം…കുടുംബസമേതമായിട്ട് തന്നെയായിരുന്നു ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നത്. അവരുടെ പുനഃസമാഗമ സന്തോഷങ്ങൾക്ക് ചാരുത പാകാൻ…അപ്പോൾ ജീവനോടെ ഉണ്ടായിരുന്ന അവരുടെ പ്രിയകരായ കുറച്ചു അധ്യാപകരുടെ സജീവസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു വേദി .അനാരോഗ്യർ എങ്കിലും ക്ഷണം സ്വീകരിച്ചു കൃത്യസമയത്തിന് അവിടെ എത്തിച്ചേരാൻ അവരിൽ പലരും നല്ലരീതിയിൽ സന്മനസ്സ് കാട്ടി.എല്ലാവരും എത്തിച്ചേർന്നു, കൃത്യം പത്തുമണിക്ക് തന്നെ ചടങ്ങ് ഔദ്യാഗികമായി സമാരംഭിച്ചു. ഈശ്വരപ്രാർഥനയിൽ തുടങ്ങി, വാക്കുകളിലൂടെ ഗുരുവന്ദ്യരെ വണങ്ങിയും സ്തുതിച്ചും മുന്നേറിയ ചടങ്ങ്…പിന്നെ, ചെണ്ടും, മെമെന്റോയും, ഉപഹാരങ്ങളും നൽകി അവരോട് ആദരവ് പുലർത്തി സംസാരം അവസാനിപ്പിച്ചപ്പോഴേക്കും അതിൻറെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞിരുന്നു. എല്ലാത്തിനും നേതൃത്വം കൊടുത്തു, ചടങ്ങിന്റെ എല്ലാം എല്ലാമായി മുന്നിൽ തന്നെ നിന്നിരുന്നത് മറ്റാരുമല്ല, അലീന എന്ന ലീന തന്നെയായിരുന്നു. അവളിലെ വലിയ മാറ്റത്തിലും…കഴിവിലും അതിശയം പൂണ്ട്, സ്നേഹ ആദരവുകൾ അർപ്പിച്ചു അഭിയും അവിടവിടെയായി നിലകൊണ്ടു. എഡ്വേർഡ്, ഹരി തുടങ്ങിയ അവരുടെ മറ്റു കൂട്ടുകാരും…തമാശകൾ പൊട്ടിച്ചും…പരിചയങ്ങൾ പുതുക്കിയും അവർക്കൊക്കെ ഒപ്പം അവിടവിടെയായി മാറിയും തിരിഞ്ഞും…ഒറ്റതിരഞ്ഞും കറങ്ങി നിന്നു.പിന്നെ, പഴയ വിദ്യാർഥി സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും പരസ്‌പരം പരിചയപ്പെടുത്തുന്നതിന്റെ സമയമായി. അവർ, ഓരോരുത്തരായി കടന്നുവന്ന്…ആദ്യം അവരവരെ, പിന്നെ അവരുടെ കുടുംബ അംഗങ്ങൾ എന്നിങ്ങനെ…ഓരോന്ന് ഓരോന്നായി പരിചയപ്പെടുത്തിയ ശേഷം, അവർ ഇന്ന്…ആര് ?…ഏത് നിലയിൽ വിരാജിക്കുന്നു ?…എന്നതിനപ്പുറം പഠനംകഴിഞ്ഞു അവർ ഇന്ന് എത്തിനിൽക്കുന്ന ഇതുവരെയുള്ള കാലങ്ങളിലേക്ക് മുഴുവൻ…വെളിച്ചം വീശുന്ന, ഇതഃപര്യന്ത സംഭവങ്ങളെ ആകെ കോർത്തിണക്കി…ഒരു കഥപോലെ മറ്റുള്ളവർക്ക് മുന്നിൽ എല്ലാം അവതരിപ്പിച്ചു. തമാശയും ഒപ്പം ഗൗരവവും ഇടകലർന്ന..ഹ്രസ്വം എന്നാൽ ശ്രദ്ധേയമായ ജീവിതഗാഥാ പാരായണം പലരും വ്യത്യസ്തമാക്കി തുടർന്നപ്പോൾ…കാഴ്ച്ചക്കാർ മിക്കവർക്കും അനുകമ്പയോടൊപ്പം വലിയ നർമ്മവും അനുഭവപ്പെട്ടു, അവർ നന്നായി ആസ്വദിച്ചു ചിരിക്കുന്നതും കേൾക്കാമായിരുന്നു. അക്കൂട്ടത്തിൽ എല്ലാവര്ക്കും അത്യന്തം പുതുമയും, അത്ഭുതാവഹവുമായി തോന്നിയ അനുഭവം സമ്മാനിച്ചത്…അഭിയുടെ ഊഴം വന്നപ്പോൾ ആയിരുന്നു.
എഴുത്തുകാരനും, നല്ലൊരു കവിതാലാപകനും…വാഗ്മിയുമായി പണ്ട്…കാമ്പസ് കാലം മുതലേ പേരെടുത്തിരുന്ന അഭിയുടെ സംസാരം മുഴുവൻ ലളിതവും സരസവും എങ്കിലും….നിറയെ ചിന്തോദ്ദീപകങ്ങളായിരുന്നു. കുറഞ്ഞ വാക്കുകളിൽ തൻറെ വ്യക്തിജീവിതത്തെയും…സൗഹൃദങ്ങളെയും അതിൻറെ ആഴങ്ങളെയും എല്ലാമെല്ലാം അതിമനോഹരമായി കോറിയിട്ടുകൊണ്ടായിരുന്നു അതിൻറെ ആരംഭം. എന്നാൽ തുടർന്ന് സംസാരിച്ചു കാടുകേറിയപ്പോൾ അവൻ ആനുകാലിക സംഭവങ്ങൾ ഉൾപ്പടെ സ്പർശിച്ചു വിമർശിച്ചു കൈയ്യേറി പോകാത്ത ഒരു വിഷയങ്ങളും അവശേഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. ആ വശ്യമധുരാ ഭാഷണത്തിൽ ലയിച്ചു കേൾവിക്കാർ എല്ലാവരും അതിൽ വശംവദരായി പോയെങ്കിലും…അവൻറെ ”ദാരുണ ജീവിതസ്വകാര്യതകൾ”ഓർത്തു എല്ലാവരും ഉള്ളിൽ ഒരുപാട് വേദനകൾ അനുഭവിച്ചു. ഒരു അനശ്വര പ്രണയത്തിൻറെ നിത്യരക്തസാക്ഷിയായി തൻറെ ജീവിതം പോലും ഹോമിച്ചു, അകലെ പ്രവാസ മരുഭൂമിയിൽ ഏകാന്തജീവിതം തുടരുന്ന അവനെ, അലിവും ആരാധനയും നിറഞ്ഞുതുളുമ്പന്ന സഹാനുഭ്രൂതിയോടെ നോക്കിക്കണ്ടു. ഒരുകണക്കിന് ചടങ്ങിലെ താരവും…ഒരു പരിധിവരെ അഭി തന്നെയായിരുന്നു. അഭിക്ക് പക്ഷേ, ഒരു അതിർത്തിക്കപ്പുറം…തൻറെ മേലുള്ള കനിവും ശ്രദ്ധയും ആദരവുമൊക്കെ…ഭയങ്കര ഭാരമായി മാത്രം അനുഭവപ്പെട്ടു. അവിടെ ആകമാനം…ലീനക്ക്‌വേണ്ടി എല്ലാവരുമായി സ്നേഹവും വിനയവും ഇടകർത്തി,വളരെ ഹൃദയാലുവായി പെരുമാറാൻ ശ്രമിച്ചു നിലകൊണ്ടിരുന്നു. എങ്കിലും, തൻറെ ഭാഗദേയം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു, എങ്ങനെങ്കിലും അവിടുന്നൊന്ന് ”തലയൂരി പോകാൻ”, അവൻ വല്ലഅതാഗ്രഹിച്ചു. ലീനയാട്ടെ, അവന്റെ സംസാരങ്ങളിൽ ആകമാനം… സന്തോഷവും അഭിമാനവും…ദുഖവും നിരാശയും എല്ലാം കലർന്ന സമ്മിശ്രവികാര വിക്ഷോഭങ്ങളാൽ വല്ലാതെ വീർപ്പുമുട്ടി,തളർന്ന് നിന്നുപോയിരുന്നു.തൻറെ കണ്ണിണകളിൽ നിന്ന് ചോർന്നിറങ്ങിയ മിഴിനീർ കണങ്ങൾ ആരും കാണാതെ, ഒന്ന് ഒപ്പി മാറ്റുവാൻ അവൾ ഒരുപാട് ബദ്ധപ്പെട്ടു.
പരിപാടി….പരിചയപ്പെടുത്തൽ, പ്രസംഗ ഔപചാരികതകൾ വിട്ട്, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാമത്സര ഇനങ്ങളിലേക്ക് കടന്നു. ഇടക്ക്, അടുത്ത ദിവസം മനസ്സമ്മതം നടത്താൻ പോകുന്ന ലീനയുടെ എമിലിയും, അവളുടെ ”വുഡ്ബി” റോഷനും സഹോദരിയും അവിടേക്ക് കടന്നുവന്നു. ലീന അവരെ എല്ലാവര്ക്കും സ്നേഹപൂർവ്വം പരിചയപ്പെടുത്തി. പിന്നെ അമ്മയും മകളും ചേർന്ന്, അടുത്ത ദിവസം കഴിഞ്ഞു നടക്കാനിരിക്കുന്ന മകളുടെ ” ബത്രോതൽ സെറിമണി” യിലേക്ക് എല്ലാവരെയും ക്ഷണക്കത്തു നൽകി, ഔദ്യോഗികമായി ക്ഷണിച്ച ശേഷം, അവർ അൽപനേരം ഇരുന്ന് കലാമത്സരങ്ങളും കണ്ട് മടങ്ങി. മത്സരയിനങ്ങൾ ഏതാണ്ട് പൂർത്തിയായപ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയം അടുത്തിരുന്നു. തുടർന്ന്… മുഴുവൻപേർക്കും സസ്യ-സസ്യേതര വിഭവങ്ങൾ ചേർത്തൊരുക്കിയ വൈവിധ്യമാർന്ന സമ്പൂർണ്ണ സമൂഹസദ്യ.
അവതാരകസ്‌ഥാനം മറ്റൊരു പെൺകുട്ടിക്ക് കൈമാറി, ലീന സദ്യനടക്കുന്ന ആൾക്കൂട്ടത്തിലേക്ക് പതുങ്ങനെ ഇറങ്ങി വന്നു. അവിടെ, സദ്യയിൽ ആകമാനം…എല്ലാവരോടും ഇടകലർന്ന് വിളമ്പുവാനും ഭക്ഷണം കൈമാറാനും ഒപ്പം അവരോടൊക്കെ കുശലങ്ങൾ അന്വേഷിച്ചു തമാശ പറഞ്ഞു ചിരിക്കാനും കളിക്കാനും അവൾ നന്നായി സമയം കണ്ടെത്തി.പഴയ കൂട്ടുകാരോടൊപ്പം…യാതൊരു ഔപചാരികതയും നിയന്ത്രണങ്ങളും ഇല്ലാതെ, യഥേഷ്‌ടം പഴയ ഓർമ്മകളും പുതുക്കി, ഓടിനടന്ന് കളിപറഞ്ഞു രസിക്കാനും…കളിയാക്കാനും എല്ലാവര്ക്കും എല്ലാത്തിനുമുള്ള ഒരു നീണ്ട ഇടവേള സമയമായിരുന്നു അത്.ആതിഥേയ എന്ന നിലയിൽ ലീന അതിൽ ഒരുപരിധി വരെ വിജയിക്കുകയും ചെയ്‌തു. കൂട്ടത്തിൽ, കുറച്ചൊക്കെ
ഊണും വിശ്രമവും വെടിപറച്ചിലും താണ്ടി…സദസ്സ്, എല്ലാവരും ഒത്തുചേർന്നുള്ള ” ഗെയി൦ ”ഇനങ്ങളിലേക്ക് കടക്കുന്ന നേരം…ലീന, പതിവ്പോലെ സാവധാനം അഭിക്കരികിലേക്ക് വന്നെത്തി.ഒന്നും ശബ്ദിക്കാതെയുള്ള അവളുടെ നോട്ടം !…അവൻറെ മിഴികളിലേക്ക് ഇട്ടതും ആർദ്രതയോടും ജിജ്ഞാസയോടും അവൾ ഉറ്റുനോക്കി. തിരയടങ്ങാത്ത കടലിൻറെ വികാരവിക്ഷോഭങ്ങൾ അവൾക്കതിനുള്ളിൽ കാണാൻ കഴിഞ്ഞു. അതേസമയം അഭി, ആ ആലോല നീലവിലോചനങ്ങളിൽ ആരാരും അറിയാതൊരു മന്മഥ മഹാസമുദ്ര പെരുംചുഴി ദർശിച്ചു. നുണക്കുഴി വിരിഞ്ഞ ചുവന്ന വർണ്ണകപോലങ്ങളിൽ…പല്ലവാധരങ്ങളിൽ, ശംഖു തോൽക്കും കഴുത്തടത്തിൽ ഒക്കെ അതിൻറെ അനുരണനങ്ങൾ ചുവടിറങ്ങി. അവനാ കൺകോണുകളിൽ ശ്രുംഗാര തോണിയേറി. അടുത്ത നിമിഷങ്ങളിൽ, പരസ്പര കാക്കനോട്ടങ്ങളിലൂടെ…ഇരുവരും എന്തൊക്കെയോ പറയാൻ തുടങ്ങി.തീഷ്ണത കടംകേറിയപ്പോൾ സ്വയം നിയന്ത്രിച്ചു ലീന താനേ മിഴിമുനകൾ പിൻവലിച്ചു. പിന്നെ ശിരസ്സ് കുമ്പിട്ട്…ഒളിച്ചുപിടിച്ച കള്ളപുഞ്ചിരിയോടെ…പതുക്കെ ഒരരയന്ന പിട പോലെ പുറത്തേക്ക് അടിവച്ചു.അതവന് അറിയാതെ നൽകിയൊരു ക്ഷണപത്രിക പോലെ അവന് അനുഭവപ്പെട്ടു. അപ്പോഴേക്കും ആ കാന്തികവലയത്തിൽ കുടുങ്ങി, ഇരുമ്പിൻറെ തുണ്ട് കണക്കെ… അഭിയും വെളിയിൽ അവൾക്ക് പിന്നിൽ നിലയുറപ്പിച്ചിരുന്നു. അങ്ങനെ…വെളിയിൽ, ഭിത്തിയിൽ ചാരി…അഭിയോട് ചേർന്നുനിന്ന് അവളുടെ ചെറു സരസഭാഷണങ്ങൾ….സുഖാന്വേഷണങ്ങൾ…കുഞ്ഞു ശ്രുംഗാര പുഞ്ചിരികൾ….എല്ലാം തുടർന്നുപോയി.ഓഡിറ്റോറിയത്തിന് വെളിയിലെ നീണ്ട വരാന്ത…ഉച്ചകഴിഞ്ഞ നേരത്തെ കനത്ത വെയിൽ, തുടുത്തു മാറി…പാളികളായി നീങ്ങി മറയുന്നു. അകത്തു ഹാളിനുള്ളിലെ ചിരിയും കോലാഹലങ്ങളും വകവയ്ക്കാതെ, ഏതോ സംസാരങ്ങളിൽ മുഴുകി, ലീനയും അഭിയും….മെല്ലെ പുറത്തേക്ക് നടന്നുനീങ്ങി. പഴയ ഇടനാഴികൾ ഓരോന്ന് പിന്നിട്ട്, അന്യോന്യ പുഞ്ചിരിമധുരങ്ങൾ പങ്കുവച്ചു ,നുണഞ്ഞു, ഓർമ്മകളിൽ ഊയലാടി …താളത്തിൽ അടിവച്ചവർ…സാവകാശം മുന്നോട്ടുപോയി. കുറച്ചകലെ….ഒച്ചപ്പാടുകളിൽ നിന്നെല്ലാം അകന്ന്. ഉച്ചവെയിലിൽ നിന്നെല്ലാം ഒഴിഞ്ഞു, സ്വസ്‌ഥമായ് ഒരിടം കണ്ടെത്തിയപ്പോൾ…കുട്ടികൾ ഇരിക്കാറുള്ള തൂൺതിട്ടയിൽ, ഇളംകാറ്റേറ്റ്…കുഞ്ഞുങ്ങടെ മനസ്സുമായി അവർ ഇരുന്നു. പിന്നെ കുറുനിമിഷം ഒന്നും ഉരിയാടാതെ, കൗതപൂർവ്വം അഭിയെ നോക്കി അലസമനോഹാരിയായി അവൾ ഇരുന്നു. അവൾക്ക് എന്തൊക്കെയോ അത്യധികം പറയാനുണ്ടെന്നും വാക്കുകൾ തിരയുന്ന പാരാവാരശാന്തതയാണ് അതെന്നും അവളെ നോക്കി, അവൾക്കഭിമുഖം ഇരുന്ന അവനു ഉറപ്പായി.വളരെ നല്ലൊരു സാരി ആയിരുന്നു ലീന ധരിച്ചിരുന്നത്. അവന് ഇഷ്‌ടപ്പെടുന്ന എല്ലാ നിറങ്ങളും, ഒരുമിച്ചു ചാലിച്ചൊഴിച്ചു ഉണ്ടാക്കിയ വർണ്ണലാവണ്യമാർന്ന സാരിയും അതിന് ചേർന്ന ബ്ലൗസ്സും. ഒപ്പം അതിന് ഇണങ്ങുന്ന നിറങ്ങളിലുള്ള മഴതുള്ളി കമ്മലും,കല്ലുമാലയും പാദുകങ്ങളും…എല്ലാം കൂടി ആയപ്പോൾ ആ സൗന്ദര്യത്തെ തോൽപ്പിക്കുവാൻ ഇന്നും ആർക്കും കഴിയുകയില്ല, എന്നവന് ബോധ്യമായി. സാരി പോലെ ലീനക്ക് ചേരുന്ന മറ്റൊരു വസ്ത്രവും ഭൂമിയിൽ ഇല്ലെന്ന് അഭിക്ക് മനസ്സിലായി. ഇത്രയും സുന്ദരിയായി അവളെ മറ്റൊരു
അവസരത്തിൽ കണ്ട ഓർമ്മയില്ലെന്നുപോലും അവനോർത്തു. അതോ ഇനി, താനവളെ അത്രക്ക് കണ്ടിട്ടില്ലാത്തത് കൊണ്ടാണോ ?…ഈ തോന്നൽ. അഭി സംശയിച്ചു, മനസ്സുപോലെ തന്നെ അവളുടെ ഇളം മാംസവും ആവോളം നുകർന്ന് അനുഭവിച്ചറിയാനുള്ള സൗഭാഗ്യവും തനിക്ക് ലഭിച്ചിരുന്നു. എങ്കിലും…തൊട്ട് നോക്കുവാൻ പോലും യോഗം നേടിയിട്ടില്ലാത്ത ഒരാളെ കണക്കെ, ആ മുഗ്ദ്ധ ലാവണ്യ ശരീരസൗഭഗം ഇപ്പോഴും തന്നിൽ വല്ലാതെ കൊതിയുടെ വേലിയേറ്റങ്ങൾ ഉണർത്തി വിടുന്നുണ്ട്…എന്താണ് അങ്ങനെ ?. ഒരുപക്ഷെ, യൗവ്വനം പിന്നിട്ട്…മധ്യവയസ്സിലേക്ക് ‘തിരനോട്ടം ‘നടത്തുമ്പോഴും…ആ മാസ്മരിക സൗന്ദര്യം ഇപ്പോൾ പോലും തന്നെ വിറളിപിടിപ്പിക്കുന്നത്, അവളുടെ പൈതൃകത്തിൻറെ പ്രത്യേകതയോ ?…അതോ അതെല്ലാം കാത്തു സൂക്ഷിക്കുന്നൊരു വൈദഗ്ധ്യത്തിൻറെ മികവോ ?. മുഖത്തു റോസ്‌പൗഡറും…പുരികത്തു ഐലൈനറും…ചുണ്ടിൽ ലിപ്സ്റ്റിക്കും ഒന്നും കൂടുതൽ വിളയാട്ടം നടത്തിയിട്ടില്ല, എങ്കിലും…മോശമാവാതെ അവശ്യം നല്ല മിനുക്കുപണികൾ നടത്തീട്ടും ഉണ്ട്. ഇതുവരെ സ്വൽപ്പം പോലും നരക്കുകയോ ?…ചെമ്പിക്കുകയോ ?…ചെയ്യാത്ത കാർകൂന്തൽ, ദേഹകാന്തിക്ക് അനുയോജ്യമാവും വിധം…ഷാമ്പൂതേച്ചു മൃദുപ്പെടുത്തി, പാറിപറത്തി ഇട്ടിട്ടുണ്ട്. കാതിലും കഴുത്തിലും സ്വർണ്ണം ഒഴുവാക്കിയ അവൾ ആകെ അണിഞ്ഞിരിക്കുന്ന ആടയാഭരണം കൈത്തണ്ടയിലെ ഈരണ്ട് പിരിവളകൾ മാത്രമാണ്. മുടി കഴിഞ്ഞാൽ… അവളിൽ ,മറ്റ്ഒരു പ്രകട വ്യത്യാസവും… മുഖത്തണിഞ്ഞിരിക്കുന്ന വലിയ വട്ടക്കണ്ണടയിൽ മാത്രം !. പഴയ ടീച്ചർകണ്ണട വിട്ട്, ഏറ്റവും ആധുനികത വിളിച്ചോതുന്ന പുതിയ കണ്ണാടി… അത് ആ മുഖശോഭക്ക് ഒന്നായി നല്ലവണ്ണം മാറ്റ് കൂട്ടുന്നു എന്നതല്ലാതെ, പ്രായവും കാലവുമൊന്നും അവളിൽ ഋതുഭേദം വരുത്തുവാൻ തക്കവണ്ണം ഇതുവരെ ഉപയുക്തം ആയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു അവളിൽ നിറഞ്ഞു നിന്ന പ്രൗഢി മുഴുവൻ.
അഭിയുടെ ആശ്ചര്യം ജനിപ്പിക്കുന്ന മുഴുവൻ അളവുനോട്ടങ്ങളും അപ്പാടെ ശ്രദ്ധിച്ചു നോക്കി, മനസ്സിലാക്കിയ പ്രൗഢ൦ഗന…അവനെ നോക്കി, ഒട്ടൊന്ന് പുഞ്ചിരിച്ചു അടുത്ത മാത്ര തീർത്തും ഗൗരവതരയായി….” അഭീ എനിക്ക് നിന്നോട് ഒരല്പം സ്വകാര്യം സംസാരിക്കാനുണ്ട്, കേൾക്കാൻ നീ തയ്യാറാണോ ?…”
അവൻറെ ചിന്തകളെ ആകെ കീറിമുറിച്ചുകൊണ്ട് ലീനയിൽ നിന്നും ചീറിവന്ന വാക്കുകൾക്ക് അഭി ഇങ്ങനെ ഉത്തരം നൽകി…..” അത്, നിന്നെ കണ്ടപ്പോൾ മുതലേ നിൻറെ മുഖം നീ അറിയാതെന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്തിനാണ് എന്നോട് എന്തെങ്കിലും ചോദിക്കാൻ നിനക്കൊരു മുഖവുരയുടെ ആവശ്യം ?…പറയൂ…”
” പറയാൻ വന്നത്…” അതേപടി തുടർന്ന് ലീന…” എന്നെയും എൻറെ സ്വഭാവത്തെയും നന്നായി പഠിച്ച, മറ്റാരെയും കാൾ നന്നായി അറിയാവുന്ന, ഒരേയൊരാൾ ഈ ഭൂമിയിൽ നീ മാത്രമേയുള്ളൂ.അപ്പോൾ നിനക്കെല്ലാം നല്ലവണ്ണം അനുമാനിക്കാം. മുഖവുര ഇല്ലാതെ, എല്ലാം തുറന്ന്തന്നെ പറയാം. അതിനുമുമ്പ്… ഇന്നലത്തെ കാര്യങ്ങൾ നീ അത്ര കാര്യമായി എടുക്കണ്ട. മറ്റുള്ളവരുടെ മുന്നിൽവച്ചു കളവോ ?…അർദ്ധസത്യങ്ങളോ പറയേണ്ടി വരുന്നതിലെ, പൊരുത്തക്കേടിൻറെ സാഹചര്യങ്ങൾ ഞാൻ പറയാതെ നിനക്ക് മനസ്സിലാവും. നിന്നോട് മാത്രം പറയേണ്ടുന്ന വിവരങ്ങൾ, മറ്റുള്ളവരുടെ മുമ്പിൽ കൂടി വച്ച് വിളമ്പേണ്ടെന്ന് എന്നെപ്പോലെ നിനക്കും നന്നായറിയാം. ”
ഇടക്കുകയറി അഭി, ” അതേ, അതിനി വിട്ടേക്കൂ. പകരം, ഇന്ന് പറയാനുള്ളത് ഇപ്പോൾ പറ…”
സംസാരം തുടർന്ന് ലീന…” ഇന്നലെ പറഞ്ഞതിൻറെ ആകെ സത്ത, അല്ലെങ്കിൽ അതിൽ ഏറ്റവും സത്യസന്ധമായ കാര്യം. നീ ഇവിടെ എത്തിച്ചേരാനും…നിന്നെ ഇവിടെ എത്തിക്കാനും ഞാൻ അനുഭവിച്ച കഷ്‌ടപ്പാടുകൾ. എന്തായാലും നീ ഇവിടെ എത്തി, കാര്യങ്ങളെല്ലാം മംഗളമായി. എല്ലാത്തിലും അതിയായ സന്തോഷവും ഉണ്ടെനിക്ക്. അതിനു വേണ്ടി മാത്രമായി സംഘടിപ്പിച്ചതായിരുന്നു ഈ ചടങ്ങും.അതും വിജയം കണ്ടതിൽ, അതിലുമേറെ സന്തോഷം !. പക്ഷേ, പറയാൻ വരുന്നത് ഇത് ഒന്നുമല്ല…..”
വീണ്ടും അഭി ഇടപെട്ട് ആശ്ചര്യത്തോടെ …” അതെന്താ ലീനെ, അങ്ങനെ പറയുന്നത്?…ഇങ്ങനെ ഒരു പ്രോഗ്രാം ഓർഗനൈസ് ചെയ്യാതെ, നിൻറെ മോളുടെ ”ബെർത്രോതൽ ഫങ്ഷൻ” എന്ന് പറഞ്ഞു ക്ഷണിച്ചാൽ…ഞാൻ ഇവിടെ എത്താതിരിക്കുമോ ?…ഞാനത് അപ്പാടെ നിരസിക്കുമെന്ന് നീ ഉറപ്പിച്ചിരുന്നോ ? ”..
മറുപടിയായി ഉടനെ ലീന….” അതിനൊക്കെ ഉത്തരം തരും മുൻപ്, ഞാൻ നിനക്ക് പഴയ ഒരു കുഞ്ഞോർമ്മ പുതുക്കലിനുള്ള അവസരം തരാം. ആ ഓർമ്മ സമ്മാനിക്കുമ്പോൾ…അതിനുള്ള ഉത്തരവും നിനക്ക് താനേ ലഭിക്കും. ”.
അഭി. അല്പം സംശയമുനയോടെ…” ഒന്നും മനസ്സിലാവുന്നില്ല !. നീ അതിന് ലേശംകൂടി വ്യക്തത വരുത്തിയാൽ….നന്നായിരുന്നു….”
ലീന തുടർന്ന്…” അതേ അഭീ, ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്. സ്വൽപ്പം പഴയ, കുറച്ചു കാലപ്പഴക്കം ചെന്ന സംഭവത്തിലേക്ക്… നിന്നെ കൂട്ടികൊണ്ട് പോകുകയാണ്. നിനക്ക് അതിൽ വലിയ ഓർമ്മയുണ്ടാവാൻ സാധ്യതയില്ല. അന്ന്, അവസാനം…”വീണ്ടും കാണാം” എന്ന് തമ്മിൽ പറഞ്ഞു വളരെ ശുഭപ്രതീക്ഷയോടെ, നമ്മൾ തൽക്കാലത്തേക്ക് യാത്ര പറഞ്ഞു വേർപിരിയുന്ന വേള ഓർമ്മയില്ലേ? . വേളയിൽ നീ അത്യന്തം വിലപിടിപ്പാർന്നൊരു വസ്തു എന്നെ വിശ്വസിച്ചേൽപ്പിച്ചു മടങ്ങി. വിധിവൈപര്യങ്ങളാൽ…നമുക്ക് പിന്നെ ഒന്നിക്കാനോ ?..ഒരുനോക്ക് കാണുവാൻ പോലുമോ ?…നമ്മുടെ ദൗർഭാഗ്യംകൊണ്ട് നടന്നില്ല. പിന്നെ കാലങ്ങൾക്ക് ശേഷം ഇടക്ക് ഒന്ന് തമ്മിൽ കണ്ടു എന്നത് ശരിതന്നെ. അപ്പോൾ പക്ഷേ, മറന്നതല്ല….മനസ്സ് തുറന്ന് എന്തെങ്കിലും ഒന്ന് നിന്നോട് സംസാരിക്കാനുള്ള മനസ്സാന്നിധ്യം എനിക്ക് കിട്ടിയില്ല. പിന്നീട് ഇപ്പോഴാണ്, തമ്മിലൊരു കൂടിക്കാഴ്ച സാധ്യമാവുന്നത്. ഋതുക്കൾ ഒരുപാട് മാറിമറിഞ്ഞു, കാലം പിന്നെയും ധാരാളം പിന്നിട്ടു. ഇനിയുമെങ്കിലും…എന്നെ നീ ഭദ്രമായി ഏൽപ്പിച്ചുപോയ സാധനം ഒരു പോറലും ഏൽപ്പിക്കാതെ, എനിക്ക് നിന്നെ തിരിച്ചേൽപ്പിക്കണം. അത് എൻറെ ‘തപസ്സ്”ആണ്. അതിന് വേണ്ടി മാത്രമാണ്,നിന്നെ തേടിഅലഞ്ഞു… പലതും പറഞ്ഞു ഇവിടെ എത്തിച്ചു മുന്നിൽ കൊണ്ടുവന്ന് നിർത്തിയത്’’.
അഭി തീർത്തും അമ്പരപ്പോടെ അത് കേട്ടുനിൽക്കുമ്പോൾ…തുടർന്ന് ലീന…..” നിനക്ക് ഇതൊന്നും ഓർമ്മ കാണില്ല. നിന്നെ അതിന് ഞാൻ കുറ്റപ്പെടുത്തുന്നുമില്ല. എനിക്കത് പക്ഷെ ഒരിക്കലും കൈവിടാൻ ആവുന്നൊരു കാര്യമല്ലല്ലോ ?.” അഭിയുടെ അപ്പോഴും മാറ്റമില്ലാതെ തുടരുന്ന, ആശ്ചര്യം തുളുമ്പുന്ന പകച്ചുനോട്ടം ശ്രദ്ധിച്ചു വീണ്ടും ലീന…..” നിനക്ക് ഇനിയും മനസ്സിലായിട്ടില്ല എങ്കിൽ, ഞാൻ ഒന്നുകൂടി വ്യക്തമാക്കാം. ഇരുപത് വര്ഷം മുൻപ്, അലീന എന്ന ചെറുപ്പക്കാരി…അഭിജിത് എന്ന പുരുഷനിൽ നിന്നും വളരെ അമൂല്യമായൊരു സ്വത്ത് അവനറിയാതെ അപഹരിച്ചെടുത്തു സൂക്ഷിച്ചിരുന്നു. ഇന്ന്, അവളുടെ കരുതലിൽ നിന്നും അത് വളർന്ന്….ഒരിക്കലും മൂല്യം നിർണ്ണയിക്കാൻ ആവാത്ത ഒരു നിധിയായി മാറി, അതിൻറെ യഥാർത്ഥ ഉടമയെ തിരഞ്ഞു നിൽക്കുകയാണ്. അവൾ ആകട്ടെ, ഇനി ആ അവകാശിയെ തന്നെ അത് മടക്കി ഏൽപ്പിച്ചു, മുന്നോട്ട് പോകാനുള്ള ആജ്‌ഞാനിർദ്ദേശങ്ങൾ പ്രതീക്ഷിച്ചു ആ ചെറുപ്പക്കാരൻറെ കാൽച്ചോട്ടിൽ കാത്തുനിൽക്കയാണ്. അയാൾ തന്നെ കൽപ്പിക്കണം…ഇനിയുള്ള തീരുമാനവും വ്യവസ്‌ഥകളും ”.
തികച്ചും നാടകീയത കലർത്തി, ഗൗരവച്ചുവയോടെ പറഞ്ഞു തീർത്തു…ലീന കൗതുകത്തോടെ അഭിയെ നോക്കി. അവൻ തിരിച്ചു അതേ ഭാവത്തിൽ ചോദിച്ചു…..” ആദ്യം നീ പറഞ്ഞു, ഞാൻ നിനക്ക് സമ്മാനിച്ചെന്ന്…പിന്നെ, നീ സ്വയം മോഷ്‌ടിച്ചെടുത്തതായും പറയുന്നു. ചോദിക്കട്ടെ….ഇതിൽ ഏതാണ് സത്യം ?….എന്താണ് ഇതിൻറെ ഒക്കെ അർത്ഥം ?. മനസ്സിലാവുന്ന ഭാഷയിൽ ഒന്ന് തുറന്ന് പറ എൻറെ ലീനേ ?.അതോ ഇനി അവിടെ അരങ്ങേറാനുള്ള നാടകം വല്ലതും…അരങ്ങു മാറി, എനിക്ക് മുമ്പിൽ ആയതാണോ ?.”.
വളരെ നിസ്സംഗനായുള്ള അഭിയിലെ ഭാവപ്പകർച്ച കണ്ട്, ഉള്ളിൽ ചിരി പൊട്ടി എങ്കിലും അത് പുറത്തു കാണിക്കാതെ ലീന….” നീ ഒരു സമ്മാനമായി കണ്ട് എനിക്ക് കൈമാറി തന്നുവെന്നോ ?… ഞാൻ നീ അറിയാതെ, നിന്നിൽ നിന്നുമത് മോഷ്‌ടിച്ചെടുത്തെന്നോ ?…എങ്ങനെ ഏത് അർത്ഥത്തിൽ വേണമെങ്കിലും നിനക്കത് നിരൂപിച്ചെടുക്കാം. ഞാൻ പക്ഷേ നമ്മുടെ വിശുദ്ധപ്രണയത്തിൻറെ ആകെ സാക്ഷ്യപത്രമായി…നിന്നിൽ നിന്നും എനിക്ക് ലഭിച്ച മൂല്യവത്തായ ഒരു പാരിതോഷികമായി തന്നെ അത് എന്നെന്നും കണക്കാക്കി, പരിരക്ഷിക്കും. കാരണം…ഈ നീയാണ്, അങ്ങനെന്നെ സൂക്ഷിക്കാനായി…അന്ന് നീ ഏൽപ്പിച്ച ആ അമൂല്യനിധി ആണ്…ഈ വലിയ ഭൂമിയിൽ ഇത്രയും കാലവും ഒരു പുഴുവോ ?…പുൽക്കൊടിയോ ?…ആയെങ്കിലും…എന്നെ ജീവിപ്പിച്ചത് !…നിലനിർത്തിയത് !. ഇല്ലെങ്കിൽ, ഇപ്പോൾ നിങ്ങളാർക്കും കാണുവാൻ…ഒരുതരി അവശേഷിപ്പിക്കാതെ…ഈയുള്ളവൾ, ഈമണ്ണിൽ…എന്നേ എരിഞ്ഞടങ്ങി ഒടുങ്ങിയേനെ….”
നാടകീയതയും വൈകാരികതയും കലർന്ന രംഗം ഒന്നവസാനിപ്പിച്ചു, പതിയെ താഴേക്കിറങ്ങി വന്നലീന……” ഇനിയെങ്കിലും അഭിക്കുട്ടൻ എല്ലാം ഗ്രഹിച്ചു കാണുമെന്നു വിശ്വസിക്കുന്നു. ഇല്ല, എൻറെ നാവിൽ നിന്നുതന്നെ നിനക്കത് തുറന്ന് കേൾക്കണം എന്നാണ് ആഗ്രഹമെങ്കിൽ…ഞാൻ പറഞ്ഞുതരാം. ഈകാലംവരെ എൻറെ മനസ്സാക്ഷി അല്ലാതെ, രണ്ടാമതൊരാൾ ഈ ലോകത്തു അറിയാതിരുന്ന രഹസ്യം !…നിനക്കായ്, നിനക്കായ് മാത്രം…നിൻറെ കർണ്ണങ്ങൾക്ക് കേട്ട് നിറയാൻ മാത്രം…ഒരു കോടി പ്രാവശ്യം ആവർത്തിച്ചു ചൊല്ലി കേൾപ്പിച്ചു തരാൻ ഈയുള്ളവൾ സന്നദ്ധയാണ്. നീ തയ്യാറെങ്കിൽ, കേട്ടുകൊള്ളൂ…വളരെ വിശ്വസ്തതയോടെ, അന്ന് നീ എന്നെ ഏൽപ്പിച്ചു പോയ സമ്മാനം…ഇന്നത് വളർന്ന്…വലുതായി…നാളേക്ക് അടുത്തദിനം പുതിയൊരു പുരുഷന് മനസമ്മതം കൈമാറി, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാൻ നിൻറെ സമ്മതാനുഗ്രഹങ്ങൾ പ്രതീക്ഷിച്ചു കാത്തു നിൽക്കുകയാണ്. അതാണ് നിൻറെ സ്വന്തം മോൾ !…നമ്മുടെ പ്രിയപ്പെട്ട എമിലിമോൾ !…നിനക്ക് നിൻറെ സ്വന്തം രക്തത്തിൽ എന്നിൽ പിറന്ന, എനിക്കായ് പിറന്ന എൻറെയും നിൻറെയും പൊന്നുമോൾ, മിലി. എൻറെ ആ പഞ്ചാരപൊന്നു മോളെ അവളുടെ അവകാശിക്ക്, അവളുടെ സ്വന്തം അച്ഛന് ഞാൻ അങ്ങോട്ട് തിരിച്ചേൽപ്പിക്കുകയാണ്…അവളുടെ സ്വന്തം പപ്പ, എൻറെ പ്രിയപ്പെട്ട അഭിക്കുട്ടൻ സന്തോഷത്തോടെ അവളെ ഏറ്റെടുത്താലും !. ഇത്രനാളും ഒന്നിനും ഒരു കുറവും ദോഷവും വരുത്താതെ, കാക്കക്കും പരുന്തിനും കൊടുക്കാതെ, സ്നേഹവും വാത്സല്യവും കൊടുത്തു…നല്ല വഴി നടത്തി…നന്നായി വളർത്തിയെടുത്തു എന്ന ആത്മാഭിമാനവും…നിറയെ ചാരിതാർഥ്യവും ഉണ്ടെനിക്ക്. അത് മാത്രം മതി !…സന്തോഷം !. ബാക്കി എല്ലാം അങ്ങോട്ട് ഏൽപ്പിക്കുന്നു. ഒരു അച്ഛൻറെ വെറും ”സ്‌ഥാനത്തു” നിന്നല്ല, ”സ്വന്തം പിതാവ്” ആയി നിന്നു വേണം..അവളുടെ മനസ്സമ്മതവും, മിന്നുകെട്ടും നടത്തി…അവളെ അനുഗ്രഹിച്ചു ആശീർവദിച്ചു, അഭി ഈ നാട്ടിൽ നിന്നും ഇനി മടങ്ങാൻ. അതിനുള്ള കനിവ് കൂടി നീ എന്നോട് കാണിക്കുമെന്ന് കരുതുന്നു. എൻറെ വെറും ആഗ്രഹവും അപേക്ഷയും മാത്രമല്ലിത്, എന്നും തുടർന്ന പ്രാർഥന ആയിരുന്നിത് ”.
ഏറെയും കുറഞ്ഞും നിന്ന അത്യന്ത നാടകീയതയിൽ നിന്ന് ,അതിതീവ്ര വൈകാരികതയിലേക്ക് ചുവടുമാറി, തീർത്തും ഗൗരവക്കാരിയായി തന്നെ ലീന തുടർന്നു. എന്നാൽ, അവൾ ആ രഹസ്യം തന്നോട് പറഞ്ഞു തീരുംവരെ, എന്തോ ഒരു വല്യ സംഭവം….എന്ന് മാത്രമേ അഭിക്ക് ചിന്ത വന്നുള്ളൂ. പക്ഷേ, ഇതാണവൾ…ഇത്രയും വലിയൊരു കൊടും രഹസ്യത്തിൻറെ കലവറയാണവൾ തുറന്നിടാൻ പോകുന്നതെന്നു….അവൾ പറഞ്ഞു കേൾക്കും വരെ ,അവൻ ഒരിക്കലു൦ കരുതിയിരുന്നില്ല. ലീനയുടെ നാവിൻതുമ്പത്തു നിന്നും ആ രഹസ്യം പൊട്ടിപ്പുറപ്പെട്ടു, അത് ചുരുളഴിഞ്ഞു കേട്ടമാത്രയിൽ
തന്നെ…അക്ഷരാർത്ഥത്തിൽ അവൻ നടുങ്ങി. ആകെ സ്തബ്‌ധനായി പോയ അവനു കുറച്ചു സമയത്തേക്ക്…തനിക്ക് എന്ത് സംഭവിക്കുന്നു എന്നുപോലും നിർണ്ണയിക്കാൻ കഴിഞ്ഞില്ല. ഒറ്റനിമിഷത്തിൽ ,എന്തൊക്കെയോ ചിന്തകൾ, വികാരങ്ങൾ, ഓർമ്മകൾ…വിസ്ഫോടനങ്ങൾ…. അവൻറെ മനസ്സിനെ ഞെട്ടിത്തരിപ്പിച്ചു കടന്നുപോയി. പൊടുന്നനെ ഉണ്ടായ അമ്പരപ്പ്, അവനിൽ ഒരേസമയം ഞെട്ടലും, അത്ഭുതവും ആഹ്ളാദവും ജനിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൽ ആദ്യമായി പേരറിയാത്ത വികാരങ്ങൾ എല്ലാംകൂടി ഒരുമിച്ചു ചേർന്ന് തന്നെ പൊതിഞ്ഞെടുത്തു സ്തംഭിപ്പിക്കുന്നൊരു ഉന്മാദാവസ്‌ഥ നൊടിയിടയിൽ അഭിക്കുള്ളിൽ പിറവികൊണ്ടു. വാക്കുകൾകൊണ്ട് അമ്മാനമാടി….എപ്പോഴും മറുവശത്തുള്ളയാളെ നിലംപരിശാക്കാറുള്ള അഭി, സത്യത്തിൽ… അവൾക്കെന്ത് മറുപടി കൊടുക്കണം എന്നറിയാതെ, വല്ലാതെ പതറി ….വീർപ്പുമുട്ടി. എല്ലാം പറഞ്ഞു പൂർത്തിയാക്കി, അഭിയെ ശ്രദ്ധിച്ച ലീനയുടെ കണ്ണിണകളിൽ നിന്നും ആനന്ദാശ്രുക്കൾ അടർന്ന്, ചിതറി വീഴുന്നുണ്ടായിരുന്നു. അഭിയുടെ നയങ്ങളും മെല്ലെ ആർദ്രങ്ങളായി. ഇടറിയ ശബ്ദത്തിൽ അതിനെ അവഗണിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ സംസാരിച്ചുതുടങ്ങി ….
” ലീനാ…..എന്താണിത് ?…എന്താ നീ പറഞ്ഞത് ?…നീ പറയുന്നതെല്ലാം സത്യം തന്നെയാണോ ?.വിശ്വസിക്കാമോ ?…എനിക്കിതെല്ലാം. ഞാൻ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല, നീ തുറക്കാൻ പോകുന്ന രഹസ്യത്തിൻറെ വലിയ കോട്ടവാതിൽ ഇതായിരിക്കും എന്ന്. അവൾ….മിലിമോൾ എൻറെ…എന്റെ സ്വന്തം ആണോ ?….എന്നിട്ട്, നീ ഈ കാലയളവ് വരേയും…എനിക്കൊരു സൂചന പോലും തന്നില്ലല്ലോ മോളേ…?. സത്യം തന്നെയോ എൻറെ രക്തത്തിൽ എനിക്ക് പിറന്ന നമ്മുടെ സ്വന്തം കുഞ്ഞോ ?. പ്രായത്തിലും…അവളെയൊന്ന് ഓമനിക്കുകയോ ?….ലാളിക്കുകയോ ?…എന്തെങ്കിലും ഒരു മിടായി പോലും വാങ്ങി കൊടുക്കുന്നത് പോയിട്ട്, ശരിക്കൊന്ന് കാണുവാൻ കൂടി, ഈ അച്ഛന് കഴിഞ്ഞിട്ടില്ല. എല്ലാം…എന്നിൽ നിന്നും നീ മറച്ചുവച്ചു, ഒളിച്ചുപിടിച്ചു. ഇപ്പോളവരെ, അവളെ ശരിക്കൊന്ന് കൺനിറയെ കണ്ടോരു രൂപം എനിക്കില്ല. ഞാൻ, ഇപ്പോഴും…ആർക്കും പിടിതരാതെ, ഒഴിഞ്ഞു….അകന്ന് ഒളിച്ചു, ആ മരുഭൂമിയിൽ തന്നെ കഴിയുകയായിരുന്നു എങ്കിലോ ?…ഒരിക്കലും ഈ വിവരം അറിയാതെ മരിച്ചു, മണ്ണടിഞ്ഞു മോക്ഷം കിട്ടാതെ, ഗതികെട്ട ആത്മാവായി…അലയേണ്ടി വന്നേനെ !. ദൈവം വലിയവനാ….ലീനെ, നീ മഹത്വമുള്ളവളാ….ഇത് കേൾക്കാൻ, ഇപ്പോൾ എങ്കിലും…നിങ്ങൾ എന്നെ ഇവിടെ കൊണ്ടെത്തിച്ചല്ലോ ?. ഇതിലും വലിയ മനുഷ്യത്വം ഈ ഭൂമിയിൽ…മറ്റാർക്കാണ് കാണിക്കാൻ കഴിയുക ? ”.
പിച്ചുംപേയും പറഞ്ഞു, അഭി ഒരു ഭ്രാന്തനെപ്പോലെ പരിസരം മറന്നു വിതുമ്പി. വളരെവളരെ വർഷങ്ങൾക്ക് ശേഷം…തീരെ അനിശ്ചിതമായൊരു അവസ്‌ഥയിൽ…അണമുറിഞ്ഞെത്തിയ അടങ്ങാത്ത ആഹ്ളാദാനുഭൂതികൾ പേമാരിയായ് പെയ്‌തു അഭിയുടെ നേത്രങ്ങൾ ഒന്നാകെ ഈറനണിയിച്ചു.ആകെ മതിമറന്ന്, എന്തൊക്കെയാണ്, ഏതൊക്കെയാണ് ?… അപ്പോളവിടെ പറയേണ്ടതും…പ്രവർത്തിക്കേണ്ടതും എന്നറിയാതെ കുഴഞ്ഞു. അപ്പോൾ, അറിയാതടർന്നു വീണ കണ്ണീർകണങ്ങളെ…സ്വന്തം തൂവാലയാൽ ഒപ്പിയെടുത്തു വികാരാധീനനായ അഭിപ് സാന്ത്വനിപ്പിച്ചു ലീന തുടർന്നു….” അതെ, അഭി….നിനക്ക് തീർച്ചയായിട്ടും വിശ്വസിക്കാം. നിൻറെ ചോരയിൽ പിറന്നുവീണ നിൻറെ സ്വന്തം കുഞ്ഞു , നിൻറെ ഓമന മോൾ തന്നെയാണ് മിലിമോൾ. ഈ ഭൂമിയിൽ ആര് എന്തൊക്കെ കളവുകൾ, ആർക്കുവേണ്ടി പറഞ്ഞാലും….പിതൃത്വത്തിൻറെ കാര്യത്തിൽ മാത്രം, ഒരിടത്തും…ഒരുപെണ്ണിനും…കള്ളം പറയാൻ കഴിയില്ല എന്ന് നിനക്ക് അറിയാമല്ലോ ?. കഴിഞ്ഞുപോയത് ഓർത്തു സങ്കടപ്പെടാതിരിക്ക് നീ. അവൾ വളർന്ന്…വളർച്ചക്കൊപ്പം ഒന്നും നിനക്കുണ്ടാവാൻ കഴിഞ്ഞില്ലെങ്കിലും…..ഒരു അച്ഛൻറെ കർത്തവ്യങ്ങളൊന്നും അവിടംകൊണ്ട് അവസാനിക്കുന്നില്ല.നഷ്‌ടപ്പെട്ടുപോയ നിൻറെ ദൗർഭാഗ്യങ്ങളെ മറന്നു നീ, ഇനി നിനക്ക് വന്നുചേരുന്ന, ചെയ്യേണ്ടുന്ന കടമകളും ചുമതലകളും സ്വയം ഏറ്റെടുക്കുക. അത് നേരാംവണ്ണം പൂർത്തിയാക്കി, സന്തോഷത്തോടെ…അവളെ മിന്നുചാർത്തിച്ചു, മംഗല്യവതിയായി മംഗളമായി പറഞ്ഞയച്ചു, നിൻറെ
ഇനിയുള്ള സൗഭാഗ്യങ്ങളിൽ നീ ബോധവാനാകാൻ ശ്രമിക്കുക…അത്രയേ ഇനി നമുക്ക് പറഞ്ഞിട്ടുള്ളു അഭി. അല്ലാതെ, അതിൻറെ പേരിൽ ഇനി വേദനകൾ…കണ്ണീരുകൾ…ഒന്നും ആലോചിച്ചു കൂട്ടണ്ട ”.
ആദ്യമുണ്ടായ ആശ്ചര്യങ്ങളിൽ നിന്നെല്ലാം യാഥാർഥ്യത്തിലേക്ക് തിരികെ ഇറങ്ങിവന്ന് അഭി…” ഞാൻ പെട്ടെന്ന് ഒരു നിമിഷം!…എല്ലാം കേട്ട് കഴിഞ്ഞപ്പോൾ…എല്ലാം…എന്നെത്തന്നെ മറന്നു. എന്ത് പറയണം എന്നുതന്നെ എനിക്കറിയാൻ പാടില്ലാതായി. തെറ്റായി എന്തെങ്കിലും നിന്നോട് ഞാൻ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ സദയം നീ ക്ഷമിക്കുക ”.
തൻറെ വിശദീകരണങ്ങൾ അവസാനിച്ചിട്ടില്ല എന്ന മട്ടിൽ ലീന തുടർന്നു….” ജീവിതത്തിൽ മുഴുവൻ കാര്യങ്ങളും നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കണം എന്ന് ചിന്തിച്ചു, വാശി പിടിക്കാൻ…നമുക്ക് ” എല്ലാവരും അറിഞ്ഞു ജനിച്ച ” കുട്ടി ഒന്നുമല്ലല്ലോ ?…അവൾ. അന്നും ഇന്നും ഉള്ള എൻറെ എല്ലാ സാഹചര്യങ്ങൾ, പരിമിതികൾ, പ്രശ്നങ്ങൾ എല്ലാം അഭീ നീ ഒന്നോർത്തുനോക്കി വിലയിരുത്തു . ഇപ്പോൾ എങ്കിലും, നിന്നോട് മാത്രമാ ഞാനീ രഹസ്യങ്ങൾ പങ്കുവെക്കാൻ തയ്യാറായത്. നിന്നെയും അറിയിക്കാതെ, എല്ലാവരോടും…എല്ലാം എന്നും മറച്ചുവച്ചു, തികച്ചും സാധാരണപോലെ എനിക്കീ ജീവിതം അങ്ങനങ്ങു കൊണ്ടുപോകാമായിരുന്നു. പക്ഷേ, നിൻറെ പക്ഷത്തുനിന്ന്…എനിക്കൊരിക്കലും വിസ്മരിക്കാൻ കഴിയാത്ത, നിനക്ക് എന്നോടുള്ള ഭ്രാന്തമായ…ഇഷ്‌ടം, സ്നേഹം, പ്രണയം, ത്യാഗം, ആത്മാർത്ഥത,അഭിനിവേശ൦ എല്ലാമെല്ലാം ഓർക്കുമ്പോൾ…ഈ ജീവിതത്തിൽ എനിക്കൊരിക്കലും ഒന്നും നിന്നോട് ഒളിച്ചുവച്ചു നിന്നെ വഞ്ചിക്കാൻ ആവില്ല അഭീ. അത്രക്ക് എൻറെ മനസ്സിൽ നീ ദൈവതുല്യനാണ്. നിന്നോട് ഇതൊക്കെ ഏറ്റ് പറഞ്ഞു, ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് ഒക്കെയും നിൻറെ കാലുകളിൽ വീണ് മാപ്പിരക്കുവാൻ വേണ്ടി തന്നെയാണ് ഇത്രയും സഹിച്ചു നിന്നെ ഞാനിവിടെ എത്തിച്ചത്. അത്, ഇനിയെങ്കിലും…നീ മാത്രമെങ്കിലും…. മനസ്സിലാക്കില്ലേ ? ”.
ലീന പുറപ്പെടുവിച്ച അതേ വികാരാവേശം പിന്തുടർന്ന് അഭി…” അതേ, മനസ്സിലാക്കും !. ശരിയാണ് ലീനെ, അത് മാത്രമല്ല, നീ പറഞ്ഞതൊക്കെയും. നീ പറഞ്ഞത് ഒക്കെത്തന്നെയാണ് അതിൻറെ യഥാർത്ഥ ശരികൾ. നിന്നെ ഒരിക്കലും ഞാനൊരു തെറ്റുകാരി ആക്കില്ല. എല്ലാം വിധിയുടെ ക്രൂരവിനോദങ്ങൾ മാത്രമാണ്. നമ്മൾ അറിയാതെ അതിൽ ചെന്നുപെട്ട വെറും ഇരകളും. നമ്മൾ ഇരുവരിലും കനത്ത ആഘാതങ്ങൾ വരുത്തി…അതിപ്പോഴും അതിൻറെ നരനായാട്ട് തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാലും…നിന്നിൽ എനിക്കൊരു കുട്ടി, എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല !…എങ്കിലും കരുതുന്നു, നിൻറെ മനസ്സിൻറെ നന്മകളിൽ വിളഞ്ഞു, ദൈവാനുഗ്രഹത്തിൻറെ ഒരോഹരിയായി എനിക്ക്കൂടി പകുത്തു കിട്ടിയതാണ് ഈ ജന്മപുണ്യത്തിൻറെ ഉദയം എനിക്ക് സ്വന്തമായത് എന്ന്. അതിൽ കൂടുതൽ ഈ പാപിക്ക് ഇനി എന്തുവേണം ഒരു ജന്മസാഫല്യം ?.വന്നതും…കഴിഞ്ഞതും…എല്ലാം നമുക്ക് മറക്കാം…മാപ്പുകൾ പോലും വെറും അർഥശൂന്യമാണിവിടെ ”.
അതിനുള്ള മറുപടി ലീന…” ദൈവാനുഗ്രഹം !….അത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ നിൻറെ കുഞ്ഞുങ്ങളുമായി…നിനക്കൊപ്പം സസുഖം ജീവിക്കുമായിരുന്നു. പിന്നെ ലഭിച്ച ദൈവകടാക്ഷം !…നീ എന്ന ദൈവപുത്രനിലൂടെ മാത്രം കിട്ടിയ തപസ്സിൻറെ പുണ്യം !…അത് മാത്രമാണ് ഇതുവരെ എൻറെ ജീവൻ നിലനിർത്തിയത്. അതിൽ,സത്യം പറഞ്ഞാൽ…നിന്നെയോർത്തു നിൻറെ ഓർമ്മകളിൽ മുഴുകി ഞാൻ ജീവിച്ചു. ”ഇതുകൂടി” ഇല്ലായിരുന്നെങ്കിൽ…നിന്നെയോർത്തു, നിന്നോട് ചെയ്തുപോയ ചതികൾ ഓർത്തു ഞാൻ എന്നേ ഇല്ലാതായി തീർന്നേനെ ”.
സംഭ്രമത്തോടെ വീണ്ടും അഭി…” എന്തൊക്കെയാണ് ലീന നീ പറഞ്ഞു പോകുന്നത് ?. എൻറെ വിശ്വാസങ്ങളെയും ധാരണകളെയും എല്ലാം നീയാകെ തകർത്തെറിയുകയാണല്ലോ ?. ”
ലീന, ഗദ്ഗദം അവസാനിപ്പിക്കാതെ….” ഇല്ലഭി, എനിക്കെല്ലാം നിന്നോട് തുറന്ന് പറയണം. മാപ്പ് തന്നാലും ഇല്ലെങ്കിലും നിന്നോടത് അപേക്ഷിക്കേണ്ടത് എൻറെ ബാധ്യതയാണ്. ഇനിയെങ്കിലും എല്ലാം ആരോടെങ്കിലും തുറന്ന് സംസാരിച്ചില്ലെങ്കിൽ…ഞാനിവിരുന്ന് ശ്വാസംമുട്ടി മരിച്ചു പോകില്ലേ ?. എല്ലാ സത്യവും ഒരു മറയുമില്ലാതെ നീ തുറന്നറിയണം. അതിന്, ഈയൊരു നിമിഷത്തിന്, ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ ഇതുവരെ ജീവിച്ചതുപോലും !. ”
ഇടക്ക് ഇടപെട്ട് അഭി….” ലീനെ മതി, നിർത്തൂ !. നീ പറഞ്ഞതെല്ലാം ഞാൻ ഉൾക്കൊണ്ടു, എനിക്കെല്ലാം മനസ്സിലായി എന്ന് പറഞ്ഞല്ലോ ?. ഇനി, അതിൽ അധികം സംസാരിച്ചു…പഴയതുകളിലേക്ക് നാം അധികം പിൻതിരയണ്ടാ. വരാനിരിക്കുന്ന പുതിയ കാര്യങ്ങളെക്കുറിച്ചു മാത്രം ആലോചിക്കാം. ”.
അതേ ഗൗരവത്തിൽ തുടർന്ന് ലീന…”അഭീ നമ്മൾ വേർപിരിഞ്ഞ ശേഷമുള്ള, എൻറെ സ്വകാര്യ ”ജീവതാദ്ധ്യായങ്ങൾ ”…എന്നെങ്കിലും,നീ കൂടി അറിയേണ്ടുന്ന ”ഹൃദയ”സത്യങ്ങളാണ് അതെല്ലാം.ഇനി, അഥവാ…നമ്മൾ ഒരു കൂടിക്കാഴ്ച്ചക്ക് കൂടി വിധേയർ ആയില്ലെങ്കിലോ ?…..നമുക്ക് ഇതുവരെ ഉണ്ടായതിലും വലിയൊരു കനത്ത നഷ്‌ടമായിരിക്കും…നമ്മളത് പങ്കുവക്കാതെ മുന്നോട്ട് പോകുന്നത്. അതിനാൽ, ഇപ്പോൾ ഞാൻ നിന്നോട് വളരെ സൗമനസ്യത്തോടെ അപേക്ഷിക്കുന്നത്…എനിക്കായ് നീക്കിവക്കാൻ അൽപ സമയം മാത്രമാണ് ”. പിന്നെ, അഭിയെ ഒന്നുകൂടി നോക്കി…ഒരു നെടുവീർപ്പോടെ തുടർന്നു….
”അന്ന്…പ്രണയബദ്ധരായ നമ്മൾ പിരിഞ്ഞകലുമ്പോൾ, നിനക്ക് ഞാൻ തന്ന വാക്ക്….എത്രയും പെട്ടെന്ന് നമ്മുടെ വിവരം വീട്ടുകാരെ അറിയിച്ചു, എത്രയും വേഗം നമ്മുടെ വിവാഹം നടത്താനുള്ള തീരുമാനവുമായി മടങ്ങിയെത്താ൦ എന്നായിരുന്നു. അവിടെയാണ് പക്ഷേ എൻറെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു പോയത്. എന്നെ അതിരറ്റു സ്നേഹിക്കുന്നു എന്ന് ഞാൻ വിശ്വസിച്ച എൻറെ വീട്ടുകാർ…ഒരിക്കലും നമ്മുടെ ബന്ധത്തിന് എതിര് നിൽക്കുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നതല്ല. അങ്ങനെ എന്തെങ്കിലും ഒരു സംശയം എനിക്ക് ഉണ്ടായിരുന്നെങ്കിൽ, എത്രയും മുന്നേ, ആരോരും അറിയാതെ…എല്ലാം ഉപേക്ഷിച്ചു ഞാൻ നിനക്കൊപ്പം ഇറങ്ങി വന്നേനെ. പക്ഷേ, എന്ത് കാരണങ്ങൾ കൊണ്ടാണെങ്കിലും…ആ ബന്ധത്തെ വീട്ടുകാർ നഖശിഖാന്തം എതിർത്തു. ആ ബന്ധം അറിഞ്ഞശേഷം, ബന്ധുക്കളെ കൂടി വിളിച്ചാണ്, എന്തൊക്കെയോ ?…തീരുമാനമെടുത്തു…എല്ലാ അർത്ഥത്തിലും, സൂത്രത്തിൽ അവരെന്നെ പൂട്ടി. ഒന്ന് ഫോൺ ചെയ്യാനോ ?…കത്തെഴുതാനോ ?…ഇടംവലം തിരിയാൻ പോലും പഴുത് തരാതെ, മാനസികമായി മുഴുവൻ തകർത്തെന്നെ വീട്ടു തടങ്കലിലാക്കി കാവലിരുന്നു.
കുടുംബാഭിമാനത്തിൻറെ പേരുപറഞ്ഞു എല്ലാവരുംകൂടി ചന്ദ്രഹാസമിളക്കി, എൻറെ യാതൊരു അനുവാദവും കൂടാതെ, മറ്റൊരു വിവാഹം ഉറപ്പിച്ചു. അതിന് സമ്മതം ചോദിച്ചു അതിൻറെ പേരിൽ പിന്നെ, അപേക്ഷയാണ്…ഭീഷണിയായി…അവസാനം തല്ലുവരെ എത്തി. സാമം, ദാനം, ദണ്ഡ൦…ഒക്കെ പ്രയോഗിച്ചു കഴിഞ്ഞിട്ടും…ഞാൻ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ…എല്ലാരുംകൂടി ഒടുക്കം, ”കൂട്ടആത്മാഹൂതി” എന്ന അവസാന അടവ് കൂടി പുറത്തെടുത്തു. എൻറെ തുടർച്ചയായ കേണപേക്ഷകൾക്കും കണ്ണീരിനും ഒരു വിലയും കൽപ്പിക്കാതെ, എല്ലാം തള്ളിക്കളഞ്ഞു…കൂടുതൽ തടങ്കൽ പീഡനവും…കൊടും ക്രൂരതകളും മാത്രമായി അവർ നിർദ്ദയം മുന്നോട്ട് പോയപ്പോൾ…എല്ലാം കണ്ടുംകേട്ടും മടുത്തു, ഒന്നുകിൽ അവർ ഉറപ്പിച്ച കല്യാണം നടത്തിക്കുക…അല്ലെങ്കിൽ എന്നെന്നേക്കുമായി ജീവിതം തന്നെ അവസാനിപ്പിക്കുക…എന്ന കടുപ്പിച്ചൊരു തീരുമാനത്തിലേക്ക് എനിക്കും തിരിയേണ്ടി വന്നു. അതിൻ, നാനാ വശങ്ങൾ ആലോചിച്ചു പോയപ്പോൾ…മരണം തന്നെയാണ് ഏറ്റവും അഭികാമ്യം എന്നും
തീർച്ചപ്പെടുത്തി.അങ്ങനൊടുവിൽ…നിനക്കായ് ഒരു കുറിപ്പും തയ്യാറാക്കി വച്ച്, സുഖമരണം ഒരുക്കി…ഞാൻ അതിലേക്ക് വന്നെത്തുന്നു.
പക്ഷേ,അവിടെ എന്നെ ഞെട്ടിച്ചു…എന്നെ ആകെ തിരുത്തികൊണ്ട്, നിൻറെ നിറസാന്നിധ്യം !. എന്നെ തെല്ലെങ്കിലും അതിലേക്ക് വിടുന്നുണ്ടോ നീ ?. അപ്പോഴേക്കും…ജീവൻറെ തുടിപ്പായി എനിക്കുള്ളിൽ പിറവിയെടുത്തു കഴിഞ്ഞിരുന്നു, ചലിക്കുന്ന നിൻറെ ”പ്രതിരൂപം”. എൻറെ വയറ്റിൽ കിടന്നു, നിൻറെ പിൻഗാമി….എൻറെ നീച തീരുമാനത്തിനെതിരെ നിരന്തര പ്രതിഷേധം അറിയിച്ചു, അതിൻറെ അസ്തിത്വത്തിനായി പൊരുതുകയായിരുന്നിരിക്കണം. വളരെ പെട്ടെന്ന്, ഗർഭാവസ്‌ഥയുടെ കനത്ത ലക്ഷണങ്ങൾ ഒരുമിച്ചെന്നിൽ പൊട്ടിമുളച്ചു. അപ്പോൾ മാത്രമാണ് ഞാൻ ശരിക്കും അതിൻറെ സാധ്യതകൾ ഓർത്തു പോകുന്നത് . പിന്നെ, മരണത്തിന് അവധികൊടുത്തു കുഞ്ഞിനെ രക്ഷപെടുത്തുന്നതായി എൻറെ ചിന്ത മുഴുവനും. എന്നെ രക്ഷിക്കാതെ…അതിനെ സംരക്ഷിക്കാനാവില്ല എന്നെനിക്ക് ഉറപ്പായി. – വീട്ടുകാരോട് ഇത് തുറന്നറിയിച്ചു, അഭിയുമായുള്ള വിവാഹം നടത്തിത്തന്നെ മതിവാവൂ- എന്ന് പറഞ്ഞു ശാട്യം പിടിച്ചാലോ ??. ഇങ്ങനെ തുടങ്ങി….”മണ്ടൻബുദ്ധികൾ” ഉൾപ്പടെ, കുറെയേറെ കൂലങ്കഷമായി ആലോചിച്ചുകൂട്ടി. ഇതുവരെയുള്ള വീട്ടുകാരെ, നന്നായി മനസ്സിലാക്കിയെടുത്ത ഒരാൾ എന്ന നിലയിൽ…തൽക്കാലം ഏതെങ്കിലും ഒരു വിഡ്ഢിക്ക് മുന്നിൽ കഴുത്തു നീട്ടി കൊടുക്കുക തന്നെ എന്ന് ഞാൻ ഉറപ്പിച്ചു. ഇതല്ലാതെ, എൻറെ കുഞ്ഞിനെ രക്ഷപെടുത്താൻ മറ്റൊരു മാർഗ്ഗവുമില്ല. ആരെന്നോ ?…ഏതെന്നോ ?…നോക്കാൻ ഒന്നുമില്ല, മറ്റ് ആരെങ്കിലും ഈ രഹസ്യം അറിയുന്നതിന് മുൻപേ, അവർ ചൂണ്ടി കാണിക്കുന്ന ആരുടെയെങ്കിലും മുന്നിൽ കഴുത്തു കുനിച്ചു നിന്ന് …ഭർത്താവായി സ്വീകരിച്ചു, സ്വന്തം കുട്ടി എന്ന് വിശ്വസിപ്പിച്ചു അതിനെ വളർത്തിയെടുക്കുക. ഇത് മാത്രമേ കരുണീയമായ ഒരു ഉപായമായി ഇപ്പോൾ മുന്നിലുള്ളൂ. ഇനി കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും വളരെ വിലപ്പെട്ടതും, പ്രശ്‌നാധിഷ്‌ഠിതങ്ങളുമാണ്. അങ്ങനെ ചിന്തിച്ചു….ജീവിതത്തിൽ ആദ്യമായി സ്വന്തം നിലനിൽപ്പിനായി…സ്വാർത്ഥമതിയും കുശാഗ്ര ബുദ്ധിശാലിയുമായി മാറിയ അലീന, സ്വന്തം വീട്ടുകാരോട് വിട്ടുവീഴ്ചാ മനോഭാവം തുറന്നറിയിക്കുന്നു. ” ഈ പീഢനവും വീട്ടുതടങ്കലും എനിക്ക് മടുത്തു. ഒന്നുകിൽ, എന്നെ തുറന്ന് വിട്ടു സ്വസ്‌ഥമായി ജീവിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ…മരണത്തിന് തുല്യമായി, ആരായാലും വേണ്ടില്ല, ഏതെങ്കിലും ഒരുവന്റെ കൂടെ വിവാഹം ചെയ്‌തു വിടാൻ തീരുമാനിക്കുക…”. ഇതായിരുന്നു എൻറെ ”ഡിമാൻറ്”.
”സമ്മതം” അറിയിച്ചപ്പോൾ പിന്നെ, വേഗത കൂട്ടാനോ ?..ഒന്നും എടുത്തു പറയേണ്ടുന്നയോ ?… ആവശ്യം വേണ്ടി വന്നില്ല. ഒരു സംശയവും കൂടാതെ, എല്ലാം ഹർഷാവേശത്തോടെ…ശരവേഗത്തിൽ തയ്യാറായി. സഭയും പള്ളിയും പള്ളിമുറ്റവും..,പള്ളീലച്ചനും വരെ സജീവമായി. ഉടനെ പേരിന് വിളിച്ചുചേർത്ത മനസ്സമ്മത ചടങ്ങിലും…അതുകഴിഞ്ഞു വലിയ ആഘോഷത്തോടെ കൊണ്ടാടിയ ”വിവാഹോത്സവ” പരിപാടിയിലും ഞാൻ ആകട്ടെ ആകെ ഭയന്നും പ്രാർത്ഥിച്ചുമിരുന്നു. .മുഴുവനും…നിൻറെ ” വേന്ദ്രൻ” വയറ്റിനുള്ളിൽ കിടന്നോ…അല്ലാതെയോ എന്നെ വേവലാതിപ്പെടുത്തരുതേ…എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷേ, നിൻറെയോ ?…നമ്മുടെ മോടെ പുണ്യമോ ?…എന്നെ ഉടനീളം കാത്തുരക്ഷിച്ചത് ?…എന്ന് എനിക്കിപ്പോഴും അറിയില്ല. ആ സമയങ്ങളിൽ മാത്രമല്ല, പിന്നീട്ങ്ങോട്ട്….ആദ്യരാത്രയിലും…അതുകഴിഞ്ഞു വന്ന എല്ലാ രാത്രികളിലും പകലുകളിലും എൻറെ മോൾ ആരെയും ഒന്നും അറിയിക്കാതെ തികച്ചും സമാധാനവാദിയായി ഈ വയറ്റിനുള്ളിൽ സുരക്ഷിതയായി കഴിഞ്ഞുകൂടി. പിന്നെ, എനിക്കൊപ്പം ഭർത്താവായി ജീവിച്ച മനുഷ്യനെ മണ്ടനാക്കിത്തന്നെ, വഞ്ചന എന്ന് തോന്നിക്കും
വിധം…അവളെക്കൊണ്ട് ‘’ അച്ഛാ ‘’ എന്ന് വിളിപ്പിച്ചു, അവളെ പോറ്റി വളർത്തി…ജീവിതം തുടരുമ്പോഴും…ആദ്യം തോന്നിയ ആത്മനിന്ദ, വലിയൊരു പ്രതികാരത്തിൻറെ രൂപത്തിൽ ഒരു ആത്മസായൂജ്യവും കൂടിയായി മാറുകയാണ് ചെയ്‌തത്. കാരണം…വീട്ടുകാരോടുള്ള വൈരനിര്യാതനവും…എനിക്കവർ താലത്തിൽ നീട്ടിവച്ചു തന്ന ദാമ്പത്വവും അത്രമേൽ ദുഷ്കരമായിരുന്നു …”
ലീനയുടെ ‘’ആത്മപ്രകാശ’’ങ്ങൾ തുടരവേ…അസഹനീയതയാൽ ,അതിൽ ഇടക്ക് ഇടപെട്ട്, അഭി……” വേണ്ട, ലീനാ…ഇത്രയും നേരം വിഷാദാത്മകം എങ്കിലും…നിൻറെ വാക്കുകൾക്കും ജീവിതത്തിനും പിറകിൽ…വിസ്മരിക്കാനാവാത്ത വലിയ സത്യങ്ങളും, ഒരു ധീരയുവതിയുടെ പോരാട്ട വീര്യവും എല്ലാം അതിലുണ്ടായിരുന്നു നമ്മുടെ മോളുടെ ”പ്രസന്നതകൾ” പകുക്കുന്ന ഈ വേളയിൽ…നിൻറെ പഴയ വിഷമങ്ങളും…നഷ്‌ടബോധം തുളുമ്പുന്ന കറുത്ത ഏടുകളും തൽക്കാലം നമുക്ക് നിർത്തിവെക്കാം. എമിലിയുടെ ചെറുപ്പം, പഠനം, ഇഷ്‌ടാനിഷ്‌ടങ്ങൾ, ഹോബി തുടങ്ങി…നമുക്കിരുവരിലും ഒരുപോലെ ആത്മഹർഷം നിറക്കുന്ന, എനിക്ക് കാണാനും കേൾക്കാനും കഴിയാഞ്ഞ എനിക്കാലിൽ അന്യമായിരുന്ന…ശൈശവ, ബാല്യകൗമാരങ്ങൾ….അതിലെ പ്രത്യേകതകൾ ഇതിലൂടെ ഒക്കെയാവാം….ഇനി നമ്മുടെ സഞ്ചാരം ”.
മന്ദഹാസത്തോടെ അലീന…” അവളെക്കുറിച്ചു എല്ലാം നിനക്ക് പറഞ്ഞു കേൾപ്പിച്ചു തരുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു. എല്ലാം നീ അറിയേണ്ടുന്നത് തന്നെയാണ് താനും. പക്ഷെ, ആദ്യം എടുത്തു പറയേണ്ടിവരുന്നത്…അവളുടെ ഇഷ്‌ടാനിഷ്‌ടങ്ങളെയും, ഹോബികളെയും സ്വഭാവ രീതികളെയും കുറിച്ച് ആയിരിക്കും. കാരണം, അതെല്ലാം…നീ തന്നെയോ ?…നിന്നെപ്പോലെയോ ?…തന്നാണ് സർവ്വതും. പലതും കേട്ടാൽ നീ വളരെ അത്ഭുതം കുറും. പ്രതേകിച്ചു, നിന്നെ വരച്ചുവച്ചത് പോലുള്ള അഭിരുചികൾ !. ചിലത്, നിന്നെയും ഒരു പടികൂടി കടന്ന്…കുറേക്കൂടി ഉണ്ടെങ്കിലേയുള്ളൂ ”.
ഔൽസുക്യത്തോടെ അഭി…” എന്താണത് ?”….
മനസ്സ് നിറഞ്ഞു സന്തോഷത്തിൽ തുടർന്ന് ലീന…”അത്യാവശ്യം നന്നായി ചിത്രം വരക്കും. പിന്നെ പാട്ട് പാടും…കവിത ചൊല്ലും. നിന്നുള്ളിലും പുറത്തു വരാത്ത നല്ലൊരു ഗായകൻ ഉണ്ടെന്ന് എനിക്കറിയാം. മറ്റ് എഴുതുന്ന, വായിക്കുന്ന, പ്രസംഗിക്കുന്ന നിൻറെ സ്വഭാവസവിശേഷതകളും ഹോബികളും എല്ലാം അതുപോലെ അവളിലും ഉണ്ട്. പിന്നെ, പ്രത്യേകിച്ച് എടുത്തു പറയേണ്ടല്ലോ ?…ഇതൊക്കെ അതുപോലെ ഉള്ളപ്പോൾ, നിൻറെ ദുർവാശികളും, പെട്ടെന്ന് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന തൊട്ടാവാടി സ്വഭാവവും…ആരെയും കൂസാത്ത ഭാവവും അതുപോലെ അവൾക്കും പകർന്നു കിട്ടിയിട്ടുണ്ട്. ഈ സ്വഭാവങ്ങളെല്ലാം…നിന്നെ പറിച്ചു നട്ടതുപോലെ തോന്നി, എപ്പോഴും എന്നുള്ളിൽ വലിയ സന്തോഷമായിരുന്നുനൽകിയിരുന്നത്. എങ്കിലും, അവളുടെ ആരെയും കൂസാത്ത തന്റേടവും ദുശ്ശാട്യങ്ങളും ആണ്, നീ രണ്ടാമത് എൻറെ ജീവിതത്തിലേക്ക് ഒരു ക്ഷണവുമായി കടന്ന് വന്നപ്പോൾ…എനിക്കത് നിരസിക്കേണ്ടിപ്പോലും വന്നത് !. അവിടെ, മകൾക്ക് പകരം ഒരു മകനോ ?…ഒരു രണ്ടാനച്ഛനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ ഇഷ്‌ടപ്പെടുന്ന പ്രകൃതക്കാരിയായ ഒരു മകളോ ?…ആയിരുന്നെങ്കിൽ..നമുക്കുവേണ്ടി, നിനക്കൊപ്പം ധൈര്യമായി ഞാൻ ഇറങ്ങി വന്നേനെ. അന്ന്, ആരുമായും പെട്ടെന്ന് ഇണങ്ങാത്തൊരു ശാഠ്യക്കാരി…പിന്നീടുവരുന്ന കുടുംബജീവിതത്തിൽ എവിടെങ്കിലും ഒരു ” കരിനിഴൽ” വീഴ്ത്തിയാൽ…നിന്നെയും അവളെയും…രണ്ടുകൂട്ടരേയും ആവും ഒരുമിച്ചെനിക്ക് നഷ്‌ടമായേക്കുക!. അതോർത്താണ് അന്ന് അങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് എനിക്ക് പോവേണ്ടിവന്നത് . എങ്കിലും, പുനരാലോചന കൊടാതെ…അന്നെടുത്ത ആ തീരുമാനത്തെ കുറിച്ചോർത്തു ഏറെ പരിതപിച്ചിട്ടും….നിൻറെ ആശ്രയത്തെയാകെ തള്ളിയകറ്റിയതിൽ ഓർത്തു നിരാശപ്പെട്ട്, ഒരുപാട് വേദന അനുഭവിച്ചിട്ടും ഉണ്ട് ”.
കഴിഞ്ഞ കാലത്തെ എടുത്തുപറഞ്ഞു അലീന വ്യസനത്തിൻറെ ശവപ്പറമ്പിലേക്ക് വീണ്ടും കാലെടുത്തുവെക്കുന്നത് കണ്ട് അഭി…..” വേണ്ട…അങ്ങനൊരു മടക്കം ഇനിയും വേണ്ട !…പിന്നെയും നീ വിഷാദത്തിൻറെ കരകാണാ കടലിലേക്ക് തന്നെയാണല്ലോ ?…മുങ്ങി പോകുന്നത്. അങ്ങനെ, നിനക്ക് മാത്രമായി ഒരു തെറ്റോ ?..വീഴ്ചയോ?…വിധിവിഹിതമോ?…ശാപവർഷമോ ?…ഒന്നും ഒരിക്കലും വന്നുചേർന്നിട്ടില്ല. എല്ലാം നമ്മൾ ഒരുമിച്ചു തുടക്കം കുറിച്ച മാനസിക ഐക്യത്തിലൂന്നിയ സ്നേഹബന്ധത്തിലൂടെ…. പരിണമിച്ചുവന്ന ജീവിത ഏടുകളിലെ, കയ്പ്പും മധുരവും ഏറിയ കൊടുംയാഥാർഥ്യങ്ങളുടെ വെറും പ്രതിഫലനങ്ങൾ മാത്രമാണ്. അതിൽ, മറക്കേണ്ടവയെ പൂർണ്ണമായി മറന്നു, ചീഞ്ഞവയെ എന്നെന്നേക്കുമായി പുറംതള്ളി…നല്ലതുമാത്രം തിരഞ്ഞെടുത്തു നന്മയിലേക്ക് നമുക്ക് ഒരുമിച്ചു മുന്നേറാം ”.
നിറഞ്ഞ പുഞ്ചിരിയോടെ ലീന….” അത് ശരി, ഞാനും സമ്മതിക്കുന്നു. പക്ഷേ, അതിനപ്പുറം…ഈ പറഞ്ഞതിൻറെ ഒക്കെ അർത്ഥം…എനിക്കും മകൾക്കും ഒപ്പം ഇനി എന്നും സാറും കൂടെ ഉണ്ടാവും എന്നുതന്നെ അല്ലേ?”.
തിരികെ അതേ നാണയത്തിൽ പുഞ്ചിരി മടക്കികൊടുത്തുകൊണ്ട് അഭി….” നിന്നെ ഞാൻ കണ്ട നാളുകളിലെ ….മനസ്സുകൊണ്ട് നിന്നെ ഞാനെൻ ജീവിതത്തിൽ കൂടെ കൂട്ടിയതാ. എന്നെ ഇഷ്‌ടമാണ് എന്നറിയിച്ചു, എനിക്ക് നീ നിൻറെ മനസ്സും ശരീരവും കൂടി പകുത്തു തരിക കൂടി ചെയ്തപ്പോൾ…പിന്നെ ഞാൻ എല്ലാം ഒന്നുകൂടി ഊട്ടിഉറപ്പിച്ചു. പിന്നെ, എന്നെന്നും നീ എൻറെ മനസ്സിന്റെയും ജീവിതത്തിൻറെയും ഭാഗമായി അറിയാതെ മാറുകയായിരുന്നു. രണ്ട് പ്രാവശ്യവും എൻറെ കൈവെള്ളയിൽ നിന്നും അടർന്നു മാറി പോയെങ്കിലും…എനിക്കതിൽ ഒരു മാറ്റവും ഇല്ലായിരുന്നു. എൻറെ ഹൃദയത്തിൽ എപ്പോഴും, ഉടയാത്തൊരു വിഗ്രഹം പോലെ എന്നും നീ മുഴുകാപ്പണിഞ്ഞു നിന്നിരുന്നു. നിന്നെ വീണ്ടും കണ്ടുമുട്ടിയിരുന്നില്ലെങ്കിലും…ക്ഷണം വന്നു ചേർന്നിരുന്നില്ലെങ്കിലും….അതിനൊന്നും ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല. പിന്നെ, ഇത്രയേറെ വൈകിയെങ്കിലും…വീണ്ടും ഒന്നിക്കാനാണ് നമ്മുടെ വിധി എങ്കിൽ, നമ്മളായിട്ട് എന്തിന് അതിന് മുഖം തിരിഞ്ഞു നിൽക്കണം ?. കാര്യങ്ങൾ…അതിൻറെ മുറക്ക് നടന്നോട്ടേ. ഇതുവരെ ജീവിച്ചപ്പോലെ, മറ്റുള്ളവരെ ഭയന്നും…അവർക്ക് മുന്നിൽ ഉൾവലിഞ്ഞു നിന്നും ശരിക്കുള്ള ജീവിത്തിൽ നിന്ന് ഒളിച്ചോടി ജീവിച്ചു. മകൾ കൂടി, വിവാഹം കഴിച്ചു പോയികഴിയുമ്പോൾ…ജീവിതത്തിൽ നിന്നും പിന്നെയും ഒറ്റപ്പെടും. അത്തരം വിധിയുടെ വിളയാട്ടങ്ങൾക്ക് ഇനിയും നിന്ന് കൊടുക്കണമോ ?…എന്ന് നീതന്നെ ചിന്തിക്കുക. എൻറെ ഒരു തുണ, ഇനിയുള്ള ജീവിതത്തിന് നിനക്ക് മുതൽകൂട്ടാവുമെങ്കിൽ…ഒരു ആലംബം നിനക്ക് തരുന്നതിൽ, സന്തോഷം മാത്രമേയുള്ളു. സമ്പത്തും ആർഭാടങ്ങളും ആ ജീവിതത്തെ ഉയർത്തികൊണ്ട് പോകുവാൻ ഉണ്ടാവില്ല. പക്ഷേ…മനസ്സമാധാനവും ആനന്ദവും എന്നും നമുക്ക് പങ്കുവച്ചു ജീവിക്കാം. ”
ലീന സമാധാനം എന്നപോലെ…” അത്രയും മതി !. അതിനുള്ള ധൈര്യം നിനക്കുണ്ടെങ്കിൽ…. നിനക്കൊപ്പം ഏത് ലോകത്തു എങ്ങനെ വേണമെങ്കിലും വന്നു ജീവിക്കാൻ എനിക്ക് പൂർണ്ണ സമ്മതമാണ്. ബന്ധക്കാരുടെയും…ചുറ്റുമുള്ള സദാചാര വാദികളുടെയും എതിർപ്പുകളൊക്കെ ആദ്യം കുറച്ചു നേരിടേണ്ടിവരും…അത് ശീലമായി, മുന്നോട്ട് പോയിക്കഴിഞ്ഞാൽ…പിന്നെല്ലാം ശരിയാവും. അതിനാണ്, മോളുടെ വിവാഹം… നിന്നെ മുന്നിൽ
നിർത്തി….നിൻറെ അനുഗ്രഹാശിസ്സുകളോടെ എല്ലാവരെയും സാക്ഷിയാക്കി നടത്തുന്നത് തന്നെ. ഞാൻ ആരുടെയും പ്രതിബന്ധങ്ങളെ ഒന്നും വകവെക്കാൻ നിൽക്കില്ല. ആര് വേണേലും…മുറുമുറുക്കയോ ?….പ്രതികൂലമായി നിലപാട് കൈകൊള്ളുകയോ ?… എന്തുവേണേൽ ആയിക്കൊള്ളട്ടെ !. അതെല്ലാം അവഗണിച്ചു, അവളുടെ പപ്പയായി നിന്നുതന്നെ വേണം എനിക്കുവേണ്ടി, എല്ലാം നീ ചെയ്തുതരാൻ.
അഭി, പെട്ടെന്നനുഭവപെട്ട ഗൗരവത്തിൽ….” ഡോണ്ട് ബീ സില്ലി, ലീനാ…നീ എത്ര നിസ്സാരമായാണ് അതൊക്കെ പറയുന്നത്. എല്ലാം കുറച്ചൊന്ന് ആലോചിച്ചു സംസാരിക്കു. അവിഹിതം എന്നും അവിഹിതം തന്നെ !. കണ്ടിട്ടില്ലേ ?…എത്ര സുന്ദരവർണ്ണങ്ങൾ കൊണ്ടതിനെ ചായം പൂശിയാലും….മഹത്വത്തിൻറെ എത്ര കൊടിക്കൂറ തുന്നിച്ചേർത്തു, മുത്തുക്കുട കൊണ്ടതിനെ എഴുന്നള്ളിച്ചു നടത്തിയാലും….അതിൻറെ കളങ്കം ഒരിക്കലും മാറില്ല. മാനാഭിമാനത്തിനായ് നിന്നെ കുരുതികൊടുത്ത നിൻറെ വീട്ടുകാർ തന്നെ ഇത് വല്ലോം അറിഞ്ഞാൽ…നിന്നെ ഇനിയും വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?.നമ്മളെ കൂട്ടത്തോടെ ദഹിപ്പിക്കുമവര് ”…..
വേദന തോന്നിയ മട്ടിൽ ലീന….” നിനക്ക് ഇപ്പോഴും അവരെയൊക്കെ ഭയമുണ്ട്, അല്ലേ അഭീ ?. നിന്നെ അതിന് കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, ആരെയെങ്കിലുമൊക്കെ പേടിച്ചു നിന്നാൽ….നമ്മുടെ മുന്നോട്ടുള്ള യാത്ര ഒരിക്കലും സുഗമമാവില്ല…അത്രേയുള്ളു…”
അഭി ഒട്ടും ഗൗരവം കൈവിടാതെ…” ഭയത്തിൻറെ ഒന്നുമല്ല ലീന….നിൻറെ കുടുംബത്തിൻറെയും നാട്ടാരുടേയും…നിൻറെവരെയും ഉള്ള എല്ലാ അഭിമാനക്ഷതങ്ങളും നീ വിട്, പോട്ടേ. നിൻറെ മോളെ കുറിച്ച് മാത്രം നീ ചിന്തിക്ക്. പരസ്യമായിട്ട് പോയിട്ട്…രഹസ്യമായി എങ്കിലും അവളത് ഒരിക്കലെങ്കിലും അംഗീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ?. പിന്നല്ലേ…മറ്റുള്ള എല്ലാവരുടെയും കാര്യങ്ങൾ !. അവളുടെ മമ്മിയെക്കുറിച്ചു മോശമായ കാര്യങ്ങൾ…മോശമായ രീതിയിൽ സമൂഹം സംസാരിച്ചു നടക്കുന്നത്, ഏത് മകൾക്കാണ് കേട്ട് സഹിച്ചു മുന്നോട്ട്പോകാൻ കഴിയുക ?. ” ഓൺ ഓൾ സെൻസ്, ഐ ആം ഒൺലി ഹെർ ബയോളജിക്കൽ ഫാദർ, നോട്ട് അറ്റ് ആൾ ഡി റിയൽ വൺ ”. ഈ വസ്തുത മാത്രം നീ മനസ്സിലാക്കുക. അല്ലാതെ, ഈ ലോകത്തു അവളുടെ യഥാർത്ഥ ജനയിതാവ് ആരെന്ന് നമ്മൾ രണ്ടുപേരും അവളും അല്ലാതെ മറ്റാരും അറിയും മനസ്സിലാക്കുകയും വേണ്ട !. അതും അവൾ, അതറിയാൻ പൂർണ്ണമായും പ്രാപ്തയായി എന്ന് നമുക്ക് ഉറപ്പാകുന്ന സമയം അവൾ പോലും അതറിഞ്ഞാൽ മതിയാകും. അതുവരെ ഒന്നുമൊന്നും ആരും അറിയാതെ….എല്ലാം ഇങ്ങനെ പഴയപടി തന്നെ തുടർന്നു പോകട്ടെ. എൻറെ സ്വന്തം കുഞ്ഞു, എന്ന് നീ എന്നോട് തുറന്ന് പറയുന്ന വരെയും….എൻറെ എല്ലാ പ്രാർത്ഥനകളിലും നിറയെ അവളുണ്ട്. ഇനിയും എന്നെന്നും… ഒരു കുറവും വരുത്താതെ, അതുപോലെ അതുണ്ടാവും. വിവാഹജീവിതത്തിനായി ആണേലും അവളുടെ ജീവിതവിജയത്തിന്, അവൾക്ക് എല്ലാ മംഗളാശംസകളും അനുഗ്രഹാശിസ്സുകളും ഞാനെന്നെ നൽകികഴിഞ്ഞു . ഇനിയും എന്നും ഞാനവൾക്ക് എല്ലാം നേർന്ന്ഒപ്പം ഉണ്ടാവും…ഉറപ്പ് !. ”
അഭിയുടെ മനസ്സിൽനിന്ന് പുറപ്പെട്ട ഓരോരോ വാക്കുകളും ലീനയുടെ കര്ണപുടങ്ങളിൽ വലിയ ആശ്വാസ കുളിർമഴയാണ് പെയ്യിച്ചത്. അതുകേട്ട് അവളിൽ ഉടലെടുത്തത്, അതിരില്ലാത്ത പുതിയ ഇഷ്‌ടങ്ങളാണോ ?…പ്രണയാവർത്തനങ്ങളുടെ പുത്തൻ വേലിയേറ്റമാണോ ?….എന്നൊന്നും അവൾക്ക് നിരൂപിച്ചെടുക്കാൻ ആയില്ല. സാന്ത്വനം പെയ്‌തു നിറച്ച അനുഭ്രൂതികളിൽ ലയിച്ചു….അഭിയുടെ ആശ്രയത്തിൻറെ മടിത്തട്ടിലേക്ക് അമർന്ന് ചായാനാണ് അവൾക്ക് പെട്ടെന്ന് തോന്നിയത്. ആനന്ദാശ്രുക്കൾ ഇടറിവീണ തുടുവദനമോടെ …ആത്മനിവേദിതയായി….ലീന അഭിയുടെ മാറിടത്തിൽ മുഖമണച്ചു. സമാശ്വാസത്തിൽ ഏങ്ങി…കുഞ്ഞു സ്വരത്തിൽ ആത്മഗതം പോലെ മൊഴിയാൻ തുടങ്ങി…..
” മതി !…ഞാൻ ധന്യയായെടാ…ഈ നിമിഷവും ഈ മുഹൂർത്തവും ആയിരുന്നു ഞാൻ എന്നെന്നും എൻറെ മനസ്സിൽ കുറിച്ചിട്ടിരുന്ന മഹത് സന്ദർഭം !….സന്തോഷമായി. ഒരമ്മയുടെ സ്‌ഥാനത്തുനിന്ന് ഞാൻ എൻറെ കടമയും കർത്തവ്യവും നിന്നെ ഓർമ്മിപ്പിചെന്ന് മാത്രമേയുള്ളു. ഒരഛൻറെ സ്‌ഥാനം ഏറ്റെടുത്തു, അതലങ്കരിച്ചു, ഏകാധിപതിയായി നിൽക്കുന്നതൊക്കെ നിന്റെ ഇഷ്‌ടം. അത് നിനക്ക് വിടുന്നു, എല്ലാം നിൻറെ താല്പര്യങ്ങൾ…ഒന്നിനും ഞാൻ ഒരിക്കലും നിർബന്ധിക്കില്ല. ഇത്രയും ദയ എന്നോട് കാട്ടുന്നതുതന്നെ വലിയ സമാധാനം !. ”
ലീനയുടെ കണ്ണീരിൽ മുങ്ങിയ ആനന്ദാതിരേകം മെല്ലെ നേർത്തുവന്നു. ക്രമേണ ഇരുവരും സംസാരത്തിന് അവധികൊടുത്തു, കുറെ നേരത്തേക്ക് മൗനങ്ങളിൽ മുങ്ങിനിവർന്നു. അടുത്ത കുറച്ചു നിമിഷങ്ങൾ….”പത്തു-ഇരുപത്” വര്ഷങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം…തളിരിട്ട, ഇളം താളവും…ഇഷ്‌ടവും…പ്രണയവും ഒക്കെയായി…ആ പഴയ മനസ്സുകൾ മൂകം ഊയലാടി. അവളുടെ ഇടതൂർന്ന അളകങ്ങൾ കാറ്റിൽ പാറികളിച്ചു. കൈവിരലാൽ…അഭി അതിൽ അരുമയോടെ കോതി…തന്നോട് ചേർത്തണച്ചു തഴുകിഓമനിച്ചു . കണ്ണീർ ഒഴിഞ്ഞു, തരളഹൃദയയായ ലീന, അവൻറെ മാറിൽ അമർന്നുകിടന്നു അവനെനോക്കി പാൽപുഞ്ചിരി പൊഴിച്ചു. അവൻ അവളെ ഒരു നിമിഷം വാത്സല്യത്തോടെ ചേർത്തണച്ചു പുൽകി തലോടിയെങ്കിലും….കലാലയത്തിൻറെ ഏറ്റവും തുറന്നുകിടന്ന വിശാലതയിൽ പുതിയൊരു പ്രണയചാപല്യ കേളിയിൽ മുഴുകാൻ…അവനിലെ പഴഞ്ചൻ മനസ്സ് അവനെ തെല്ലും അനുവദിച്ചില്ല. അവൻ പതിയെ എണീറ്റു, ലീനയെ ഒപ്പം എണീപ്പിച്ചു ചേർത്ത് നിർത്തി….മുന്നോട്ട് നടത്തിച്ചുകൊണ്ട് പറഞ്ഞു….നമുക്ക് ചുമ്മാ നടക്കാം…കുറേനേരം വെറുതെ ഇരുന്നതല്ലേ ?…ഈ ക്യാംപസ്സിനും….പഴയ ഇടനാഴികൾക്കും കവാടങ്ങൾക്കമൊക്കെ എന്തെങ്കിലുമൊക്കെ പറയാനുണ്ടോ ?…എന്ന് നടന്നു നോക്കാം….വരൂ, ലീനെ….”.
അവർ മെല്ലെ നടന്നു. പഴമയുടെ കെട്ടിടം എങ്കിലും പുതുമയുടെ ഗന്ധം ചോരുന്ന, പല വഴികളിലൂടെ…ഇടനാഴികളിലൂടെ, ഗതകാലപ്രണയം സ്ഫുരിക്കുന്ന ഭാവഹാദികളോടെ കളിച്ചും ചിരിച്ചും….കളികൾ ഏറെ കൊഞ്ചിപ്പറഞ്ഞു പൊട്ടിച്ചിരിച്ചും…പുതിയ കാലത്തിൻറെ വക്താക്കളെപോലെ, ഒന്നായ് അവർ നടന്നു. ക്ലാസ്സൊഴിഞ്ഞ ക്യാംപസിലെ നീണ്ട ഓണാവധി ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അതിൻറെ പ്രതിഫലനം ആവാം…നിശബ്ദത കനത്ത കരിമ്പടം മൂടി, അവിടെയാകെ ചൂഴ്ന്ന് നിന്നിരുന്നു. ഇരുവരുടെയും പാദപതനശബ്ദങ്ങൾ പലയിടത്തും പ്രകമ്പനം കൊണ്ട് മുഴങ്ങി. അവിടവിടെയായി പ്രാവുകൾ മനുഷ്യ സാന്നിധ്യമറിഞ്ഞു, ചിറകടിച്ചു പറന്നകന്നു പൊയ്കൊണ്ടിരുന്നു. മരപ്പലകയിൽ തീർത്ത പഴയ ഗോവണി ചവുട്ടിക്കയറി, രണ്ടാളും മുകൾ നിലയിലെത്തി. കൊളുത്തകന്ന് കിടന്ന ജനൽപ്പാളികൾ രണ്ടായി തള്ളിയകറ്റി…മുഴുവനായി തുറന്നു. മലയിറങ്ങിവന്ന കിഴക്കൻ കാറ്റിൻറെ നീണ്ട ചൂളൻവിളികൾ അവർക്ക് നിറ സ്വാഗതമോതി. കൂടെ, ചെമ്പകപ്പൂവിൻറെ ഉന്മാദം ഉണർത്തുന്ന നനുത്ത ഈറൻ തളിർമണം…ഉള്ളിലേക്ക് കൂട്ടി വന്നു. അകലെയായി…പന്തുകളിയിൽ മുഴുകി മത്സരിച്ചു തകർക്കുന്ന കുട്ടികളുടെ വല്യ ആരവങ്ങൾ എല്ലാം പതിയെ അവരെ, ഇരുപത് വർഷത്തിന് അപ്പുറത്തേക്ക് അറിയാതെ മടക്കിക്കൊണ്ടു പോയി. ഹൃദയഹാരിയായ പഴയ ക്യാപസ്സ് അനുഭവങ്ങൾ, മനം കുളിർപ്പിക്കുന്ന നിറ ഓർമ്മകൾ…മായാതെ, മനസ്സിലിങ്ങനെ പച്ചപിടിച്ചു കിടക്കുകയാണ്. ആ കുറവുകൾ നികത്താൻ എന്നോണം…ഓരോന്നായി ഓർത്തെടുത്തു, ചിക്കിചികഞ്ഞു ചിരിച്ചും…പറഞ്ഞും പരസ്പരം കളിയാക്കി, മെയ്യോട് മെയ്യ് ചേർന്നവർ…മുന്നോട്ട് നടന്നു. അന്നും,
ഇതുപോലെ തൊട്ടുരുമ്മിയും കൈകോർത്തുപിടിച്ചും ഒരുമിച്ചുചേർന്നു നടന്ന വേളകൾ…അവർക്കുള്ളിലെ നിസ്വാർത്ഥ സ്നേഹവും സൗഹൃദവും ഒരുപോലെ പകർന്നു…പങ്കിട്ടു അനുഭവിച്ചു പോന്നിരുന്നു എങ്കിലും…അനുരാഗത്തിൻറെ ഇളംവീഞ്ഞു പതഞ്ഞൊഴുകി അനുഭ്രൂതി നിറച്ച പ്രണയശലഭങ്ങളായ് , കലാലയവാടി നിറയെ പാറിപ്പറന്നു നടക്കാൻ…വിധി അവരെ അനുവദിച്ചിരുന്നില്ല.
ആ കാലത്തെ, പേരെടുത്ത കമിതാക്കളുടെ പേരുകൾ പലതും കൊത്തിയും കോറിയും ആലേഖനം ചെയ്തിട്ടിട്ടുപോയ മച്ചുകളും മരത്തൂണുകളും അതിൻറെ സാക്ഷ്യപത്രവും പേറി….വർണ്ണലിപികളിൽ തീർത്ത തിരുശേഷിപ്പുകളായി ഇന്നും പുതികാല നവാഗതർക്ക് സ്വാതമരുളി മുന്നിൽനിൽക്കുന്നു. ആ ഗതകാലപ്രതാപത്തിൻറെ സ്മരണകൾ അയവിറക്കി, വിജനത കളിയാടിയ കലാലയത്തിൻറെ ഒഴിഞ്ഞ ഇടങ്ങളിലും…ഇടനാഴികളിലും ഒക്കെയായി…പഴയ കൂട്ടുകാരായവർ….കൊക്കുരുമ്മി പാറിനടന്നു. എത്ര നടന്നുകളിച്ച, മൂളിപ്പാട് മൂളി പറന്നുനടന്ന വഴിയിടങ്ങൾ, ഇടനാഴി, ഇറമ്പുകൾ . കുസൃതികാട്ടി ചിരിച്ചുമറിഞ്ഞു, കളിച്ചിടപഴുകിയ എത്ര ക്യാപസ്സ് പടവുകൾ, വരാന്തകൾ, പുൽമൈതാനങ്ങൾ. എത്ര മുഴച്ച ശബ്ദങ്ങളിൽ മാറ്റൊലികൊണ്ട….അദ്ധ്യാപനത്തിൻറെ, പ്രസംഗങ്ങളുടെ, കലാപ്രകടനങ്ങളുടെ അടയാളം തീർത്ത, കലാലയ അരങ്ങുകൾ…ക്ലാസ്സ്മുറികൾ. കുപ്പിവളച്ചിരിയും…കൊലുസ്സിൻ കിലുങ്ങലും ആൾ-പെൺ കളമൊഴി, കുറുമൊഴി ഈണങ്ങളും….തപ്പുതാളങ്ങളും കാതിൽ ഇപ്പോഴും ഇമ്പമായി നിറയുന്ന…സുഗന്ധവാഹിയായ മുല്ലപ്പൂ-തെന്നല്ലുമ്മകൾ സമ്മാനിച്ച എത്ര ദിനരാവുകൾ !. എല്ലാം…ഒരു തിരശീലയിൽ എന്നപോലെ മുന്നിൽ മന്ത്രവീണമീട്ടി, വർണ്ണാഭമായി വന്നു വിടരുന്നു.
” കഴിഞ്ഞ കാലത്തിൽ കല്ലറയിൽ….
കരളിനഗാധമാം ഉള്ളറയിൽ ….
ഉറങ്ങിക്കിടക്കുന്ന പൊൻകിനാവേ നീ ,
ഉണരാതെ ഉണരാതെ, ഉറങ്ങിക്കൊള്ളൂ……”
കഴിഞ്ഞ കാലഘട്ടത്തിലെ ഒരിക്കലും മരിക്കാത്ത നല്ലോർമ്മകളിൽ അഭിരമിച്ചു രസിക്കാൻ…ഹൃദയത്തിനിടം കൊടുക്കുന്ന, ഏതോ പഴയ ‘കവിമനസ്സ് ‘ അവർക്കുള്ളിലിരുന്നു അറിയാതെ പാടി.
പുറത്തു, നിറഞ്ഞ വൃക്ഷസമ്പത്തുകളിൽ നിന്നും ലോഭമില്ലാതെ അടിച്ചുകയറി വരുന്ന മന്ദമാരുതൻ അതിനവർക്ക് പൂർണ്ണ പിന്തുണ ഏകി. മനസ്സുകളിൽ പഴമ ഉണർത്തിച്ചു, വല്ലാതെ തണുപ്പിച്ചു….ദേഹമാകെ ഐസ്‌കട്ടകൾ വാരിയിട്ട പോലെ, അകവും പുറവും വീണ്ടും വീണ്ടും അടങ്ങാത്ത കുളിരണിയിച്ചു. കലാലയ മുകൾനിലയിൽ, മുക്കിലുംമൂലയിലും ആകമാനം…തോളോട് തോൾചേർന്ന്…രോമഹർഷങ്ങളോടെ, ചിരിച്ചും കഥപറഞ്ഞും…പുതിയകാല പ്രണയ ഇണകളായി…അഭിജിത്തും അലീനയും ചുറ്റിത്തിരിഞ്ഞു. പിന്നെ, സാവധാനം…കേറിയപ്പോൾ പടികളിറങ്ങി, താഴെ വരാന്തയിൽ വന്നെത്തി നിന്നു. കെട്ടിടത്തിണ്ണയിലൂടെ വെറുതെ നടന്നുനീങ്ങവെ….ലീന അഭിയോടരുളി…..” എടാ കുറെയധികം നടന്നെടാ, ഇനി നമുക്ക് ഒഴിഞ്ഞ വല്ലിടത്തും അൽപനേരം മാറിയിരുന്നു സംസാരിക്കാം ”.
വെളിയിൽ…മുന്നിൽ, വെയിലിന് നല്ല വാട്ടം വന്നു, തിളക്കംകുറഞ്ഞു മങ്ങിവന്നുകൊണ്ടിരുന്നു. വാടി വിളറിയ, സായാഹ്നസൂര്യൻറെ പൊന്കതിരുകൾ…നിറംമങ്ങി വിളറിയ നിഴലുകൾ വീഴ്ത്തുമ്പോൾ…സമയവും അതുപോലെ ഏറെ പിന്നിട്ടിരുന്നു. അഭിയും ലീനയും ക്യാംപസ് കെട്ടിടത്തിലെ ഒരൊഴിഞ്ഞ കോണിലേക്ക് ഒതുങ്ങിമാറി ഇരുന്നു. ഒഴിഞ്ഞ ഇടം മാത്രമല്ല, ” ഗേൾസ് കോർണർ” എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന, ആ കലാലയത്തിലെ വിദ്യാർത്ഥിനികളുടെ ഒരു ” ഒളിയിടം” കൂടിയായിരുന്നു അവിടം. അവർക്ക് മാത്രമായി സംവരണം ചെയ്‌തു ആൺ സുഹൃത്തുക്കൾക്ക്
പ്രവേശനം ” നിഷിദ്ധമായിരുന്ന” ഒരു ഒഴിഞ്ഞ കെട്ടിടഭാഗം !. ഏകാന്തത തണൽ വിരിച്ചപ്പോൾ….ഇരുവരും അവിടേക്കൊതുങ്ങി ഇരുപ്പുറപ്പിച്ചു. നർമ്മത്തിൽ പൊതിഞ്ഞു ഓരോന്ന് പറഞ്ഞു തുടങ്ങുമ്പോൾ…പൊടുന്നനെ, അവൻറെ കുസൃതികണ്ണുകളിൽ നോക്കി അവളൊരു ചോദ്യം….അതുകേട്ട്, അഭി ” അയ്യെടാ” എന്ന് ആയിപ്പോയി.
” പെൺകോണിൽ എത്തിയപ്പോൾ….എന്തെടാ കള്ളാ ഒരു വല്ലാത്ത ”കാക്കനോട്ടം”….?. ഉം എന്താ എല്ലാം ഒന്നായിട്ട് അനുഭവിച്ചു സുഖമറിഞ്ഞ ആളല്ലേ ?…എന്നിട്ട്, ഇപ്പോഴും കൊതിതീരെ മാറിയില്ലേ ?. എന്താ ഒന്നുകൂടി വേണമെന്ന് വല്ല ആഗ്രഹവും ഉള്ളിൽ ഒളിഞ്ഞിരുപ്പുണ്ടോ ?.”
ലീനയുടെ ആ പുതിയ മാറ്റത്തിൽ…വല്ലാതൊരാശ്ചര്യം അഭിക്ക് തോന്നി…അവൻ പറഞ്ഞു….” പണ്ട് നിന്നെ ” അറിയാതിരുന്നപ്പോൾ”….നീ, എത്രതന്നെ പ്രകോപനം സൃഷ്‌ടിച്ചാലും…എനിക്ക് എൻറെ മനോനില ഇത്തിരിപ്പോലും കൈവിട്ടു പോകില്ലായിരുന്നു. ഇപ്പോൾ പക്ഷേ, നിന്നെ ”മുഴുവനായി അറിഞ്ഞിട്ടും”…നിൻറെ ഓരോരോ ചലനങ്ങൾ, ഭാവങ്ങൾ, നോട്ടങ്ങൾ പോലും…എൻറെ നിയന്ത്രണങ്ങളെ ആകെ, നന്നായി വരിഞ്ഞു മുറുക്കുന്നു. സത്യംപറയട്ടെ…ഇനിയും നീ ഇങ്ങനെ മുന്നോട്ട്പോയാൽ…തുടർന്ന് പിടിച്ചു നിൽക്കാനാവാതെ, ഞാൻ വല്ല അക്രമവും കേറി ചെയ്‌തുപോകും. ”
നിറഞ്ഞ പുഞ്ചിരിയോടെ ലീന…” അങ്ങനെ ഒരു അനാവശ്യ ചിന്തയും വേണ്ടമോനെ…നിന്നെ ഇങ്ങോട്ടേക്ക് കൂട്ടി എന്നതുകൊണ്ട് അങ്ങനത്തെ ദുരുദ്ദേശമൊന്നും തൽക്കാലം വേണ്ട. എല്ലാം പണ്ട് മുതലേ, നിനക്കുവേണ്ടി മാത്രം ഒരുക്കിവച്ചു കാത്തിരുന്നതാ. ഒന്ന് വന്ന് ”ഉപ്പുനോക്കി” മടങ്ങിയതല്ലാതെ….വേണ്ടപ്പോൾ വേണ്ടവണ്ണമൊന്നും നീ തിരികെ വന്നുചേർന്നു ചെയ്തില്ല. ങാ, സമയമാകട്ടെ…ഇനിയും വേണമെങ്കിൽ…സമയവും കാലവും ഒത്തുചേരുമ്പോൾ നമുക്ക് നോക്കാം. ”
അഭി, ഊറിച്ചിരിയോടെ…” തിടുക്കമൊന്നുമില്ല. എല്ലാം നിൻറെ സൗകര്യപോലെ…സാവകാശം മതി. അതിനുപകരം പക്ഷേ, ഈ പ്രലോഭനം ലേശമൊന്ന് കുറച്ചാൽ മതി. ”
വീണ്ടും നിറ പുഞ്ചിരിയോടെ…ലീന ” അതുതന്നെ എനിക്കും നിന്നോട് ആവശ്യപ്പെടാനുള്ളത്. എന്റുവാടാ ഈ നാല്പതാം വയസ്സിലും….ഈ ആരോഗ്യത്തിൻറെ പരമരഹസ്യം ?. അവിടിരുന്നു എല്ലാ പെണ്ണുങ്ങളും നിന്നെ തന്നെയായിരുന്നു നോട്ടമിട്ടിരുന്നത് എന്ന് തോന്നുന്നു. അതെനിക്ക് സഹിക്കാനായില്ല. അതാ ഞാൻ നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. എന്താ ‘യോഗ ‘ആണോ ?..അതോ ‘എക്സര്സൈസ്സൊ ?…അതോ രണ്ടും ഉണ്ടോ ?. ”
” ഓ..അങ്ങനൊന്നുമില്ല, കുടുംബവും കുട്ടികളും കുത്തിത്തിരുപ്പുകളും ഒന്നുമില്ലാതെ, ഒറ്റക്കുള്ള ജീവിതമല്ലേ ?. തോന്നുമ്പോൾ…തോന്നുംപോലെ തോന്നുന്നതെല്ലാം ചെയ്യും. അത്രതന്നെ. ” അഭി ചിരിയോടെ പറഞ്ഞു.
” എന്തായാലും അന്ന് അവസാനം കണ്ടതിലും ചെറുപ്പമായിരിക്കുന്നു നീ, സുന്ദരനും ”. അവനോട് ചേർന്ന്, കവിളിൽ നുള്ളി, ദീക്ഷയിൽ തഴുകി ലീന പറഞ്ഞു. ” ഈ താടിയും അതുപോലെ…”
” എന്താ താടി കൊള്ളില്ലേ ?” അഭി ചോദിച്ചു. ” കൊള്ളാം…നന്നായിരിക്കു0…കുറേക്കൂടി പക്ഷേ, ഒന്നുകൂടൊന്ന് ട്രിം ചെയ്‌താൽ ”.
അഭി…” ചെയ്യാം, അതിനുമുമ്പ് ഒരു കാര്യംകൂടി ചോദിച്ചാൽ…അനിഷ്‌ടമാകുമോ നിനക്ക് ?.”
ലീന ഒന്നുകൂടി അവനോട് ചേർന്ന്, അമർന്നിരുന്ന്…” ചോദിക്ക്, നിനക്ക് നിൻറെ മനസ്സിൽ തോന്നുന്നതെല്ലാം അതുപോലെ എന്നോട് ചോദിക്ക്, ഒരു കുഴപ്പവുമില്ല. ചോദിക്കാതിരുന്നാലാ എനിക്ക് ചിലപ്പോൾ അനിഷ്‌ടം തോന്നിയേക്കാവുന്നത്. ”
അഭി, കൗതുകവും പുഞ്ചിരിയും ഇടകലർത്തി…” എന്നെ ഇപ്പോഴും
കൊതിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞ ഈ ശരീരം…അന്ന് ഞാൻ വിട്ടു തന്നിട്ട് പോയപ്പോൾ ഉള്ളപോലെ ഇപ്പോഴും ഇരിക്കുന്നു. അതാ എനിക്ക് കൊതി ഏറുന്നു എന്ന് ഞാനറിയാതെ പറഞ്ഞു പോയത്. ഇതിന് ഇപ്പോഴും കാര്യമായ ഉണ്ടാവോ ചതവോ ഒന്നും സംഭവിച്ചിട്ടില്ല. പോരാതെ, നീണ്ട മൂന്ന് വർഷം…ഒരു കുട്ടി ഉണ്ടാവാനൊക്കെ പറ്റിയ അത്യാവശ്യ സമയവും ആയിരുന്നു. മോൾ ഉണ്ടായി, എങ്കിൽകൂടി…അയാളിൽ നിന്ന് മറ്റൊരു കുട്ടി കൂടി വേണമെന്ന് നീ ആശിച്ചിരുന്നില്ലേ ?. അതോ നമ്മുടെ കുഞ്ഞു ആയതുകൊണ്ട്, മറ്റൊന്ന് ഇനി വേണ്ടെന്ന് നീ തീർച്ചപ്പെടുത്തിയോ ?.അതിൽ നീ പൂർണ്ണതൃപ്തി കണ്ടെത്തിയിരുന്നോ?”.
ഒന്നിരുത്തി ആലോചിച്ചശേഷം….സാവകാശം ലീന…” അഭീ, നിൻറെ ചോദ്യത്തിൽ തന്നെ ഏതാണ്ട് അതിൻറെ ഉത്തരം മുഴുവനുണ്ട്. ഞാൻ സംസാരിച്ചു വന്ന വിശദീകരണത്തിൽ ഈ വിഷയമെല്ലാം അടങ്ങിയിരുന്നതും ആണ്. നിർഭാഗ്യവശാൽ…നീയത് തുടരാൻ അനുവദിച്ചതുമില്ല. എടാ സാമൂഹ്യ സാമ്പത്തിക ചുറ്റുപാടും നല്ല ആരോഗ്യാവസ്‌ഥയും അനുകൂല ഘടകമായുണ്ടെങ്കിൽ…ആരും ആഗ്രഹിക്കും ഒന്നിൽകൂടുതൽ കുട്ടികളെ. എനിക്കും അത്തരം ആഗ്രഹങ്ങൾ ഇല്ലായിരുന്നു എന്ന് പറയാൻ ആവില്ല. മുഴുവൻ തൃപ്തികര സാഹചര്യങ്ങൾ മാത്രം ആയിരുന്നതിനാൽ…സ്വാഭാവികമായി, എനിക്കും അങ്ങനുള്ള ആശകൾ നിറയെ ഉണ്ടായിരുന്നു. പക്ഷേ…അതിന്, ആഗ്രഹവും സ്വപ്നവും…മനസ്സും ശരീരവും മാത്രം ഒരുങ്ങി ഇരുന്നാൽ മതിയാകുമോ ?. അത് കണ്ടറിഞ്ഞു…പങ്കിട്ടനുഭവിച്ചു….പൂർണ്ണതയിൽ എത്തിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സുള്ള, നിന്നെപോലൊരു കൂട്ടാളിയെ കൂടി എനിക്ക് ലഭിക്കണ്ടെ ?.ഇത് എന്തൊക്കെയോ നീച, സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി, എന്നെപ്പോലെ ഒരുത്തിയെ മറ്റുള്ളവർക്കുമുന്പിൽ വീമ്പു പറഞ്ഞു, എല്ലാവരെയും ബോധ്യപ്പെടുത്താൻ മാത്രം വിവാഹം ചെയ്യുന്ന ഒരാൾക്ക് കഴിയുമോ ?. അങ്ങനുള്ള ആൾക്ക്, ഒരു കുഞ്ഞു പോയിട്ട്, മനസ്സിനോ ശരീരത്തിനോ ?…നല്ലൊരു ഉലച്ചിൽപോലും ഉണ്ടാക്കാൻ ആവില്ല. നീ പറഞ്ഞപോലെ…നീ വിട്ടിട്ടുപോയ അതേ അവസ്‌ഥയിൽ തന്നെയാണ് ഇപ്പോഴും എൻറെ ശരീരം…മാത്രമല്ല, മനസ്സും ! ”.
അഭി, കുറ്റബോധം അനുഭവപ്പെട്ടെന്നപോലെ….” ലീനെ, നിന്നെ വേദനിപ്പിക്കാനോ ?…കിടപ്പറയിലെ അവൻറെ പരാധീനതകളെക്കുറിച്ചു ചികഞ്ഞറിയുവാനോ ?…വേണ്ടീട്ടല്ല, ” ഒരു കുട്ടി മാത്രം”, എന്ന സങ്കല്പത്തിലൂടെ…എൻറെ കുട്ടിയോടുള്ള, എന്നോടുള്ള സ്നേഹത്തിൻറെ ആഴം മാത്രമാണോ കാരണം ?…എന്ന കടുത്ത ജിജ്ഞാസകൊണ്ട് ചോദിച്ചെന്നെ ഉള്ളൂ. കഴിഞ്ഞതൊക്കെ കഴിഞ്ഞു, എല്ലാം അവസാനിച്ചു…ഇനി നമുക്കുള്ളിൽ, അത്തരം ചോദിച്ചറിയലുകൾ, പരസ്പരാന്വേഷണങ്ങൾ….ചിക്കിചികയൽ ഒന്നിൻറെ ഒരാവശ്യവും അവശേഷിക്കുന്നില്ല. നമ്മൾതന്നെ എല്ലാം സ്വയം തിരിച്ചറിഞ്ഞ സ്‌ഥിതിക്ക്, ഇനി അങ്ങോട്ടുള്ള ജീവിതം…എന്ത് ?…എങ്ങനെ ?…അതുമാത്രം ചിന്തിക്കൂ. പോരേ?…അതാണ് എൻറെ അവസാന ചോദ്യം, ഉത്തരവും. ”
ലീന നിസ്സഹായതയോടെ….” അയാളും ഞാനും തമ്മിൽ, നമ്മൾ തമ്മിലുള്ള സ്നേഹത്തിൻറെ അന്തരങ്ങൾ സൂചിപ്പിക്കുവാൻ വേണ്ടി, ആ ബന്ധത്തിൻറെ ആഴം വ്യക്തമാക്കുവാൻ പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറം…നിനക്ക് കേൾക്കാൻ ഇഷ്‌ടമില്ലാത്ത, പുതിയൊരു അദ്ധ്യായവും ഞാനിനി തുറക്കുന്നില്ല. മതിയായോ ?.”.
അപ്പോഴേക്കും വെയിൽ നന്നേ മങ്ങി, നേരം സായന്തനത്തിലേക്ക് കടന്നിരുന്നു. പടിഞ്ഞാറ്, സാന്ധ്യശോഭയിൽ മുങ്ങിനിൽക്കുന്ന..വിരഹസൂര്യനെ നോക്കി…അതിക്രമിച്ച സമയക്രമത്തിൽ ബോധവതിയായി
എന്നപോലെ…ഭീതിയോടെ….ലീന…” നേരം ഇരുളാവുന്നു അഭീ, എനിക്ക് പോകണം. അവിടെല്ലാവരും എന്നെ നോക്കി ഇരിക്കുകയാവും. ഇവിടിന്ന്, ”ഗെറ്റ് -റ്റുഗെതെർ” ൻറെ ചെറിയ ഒരു ഇളവ് കിട്ടിയതാ. തൽക്കാലം അത് ദുരുപയോഗം ചെയ്യുന്നില്ല, പ്രത്യേകിച്ച് നമുക്ക് ഇടക്ക് ഇതുപോലൊക്കെ ഒന്ന് കണ്ട് മുട്ടണമെങ്കിൽ…..അത് നല്ലതാ…”
അഭി ഇടപെട്ട്…” എന്നാ; നീ ഇനി അധികം വൈകണ്ട, ചെല്ല്…ഞാൻ കൊണ്ട് വിടണമോ ?…അതോ നിന്നെ കൂട്ടാൻ ആരേലും ഉണ്ടാവുമോ ?”.
ലീന…” അവിടെ, ചടങ്ങു പിരിഞ്ഞു ആളുകൾ പോയികാണുമെങ്കിലും….ഞാൻ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിരുന്ന കൂട്ടുകാരികൾ ചിലർ ഉണ്ടാവും. എല്ലാം സെറ്റിൽ ചെയ്‌തു ഞാൻ അവർക്കൊപ്പം പൊയ്ക്കൊള്ളാം. നീ നാളെ വീട്ടിലേക്ക് വരുമോ ?….എല്ലാവരെയും ഒന്ന്കണ്ട് പരിചയപ്പെടുകയും കൂടി ആവാമല്ലോ ?…കൂട്ടത്തിൽ. ”
” അതിന്, നാളെ കഴിഞ്ഞു മറ്റന്നാൾ മനസമ്മതമല്ലെ ?…ഒരു ദിവസം കാത്താൽ മതിയല്ലോ ?…അതുകഴിഞ്ഞു പള്ളിയിൽവച്ചു കാണാമല്ലോ എല്ലാവരെയും.” പറഞ്ഞു അഭി എണീറ്റു.
ഇതിനകം എണീറ്റു സാരി കുടഞ്ഞുനിന്ന ലീന, അഭിക്കൊപ്പം മെല്ലെ മുന്നോട്ടു നടന്നു. ഹാളിലേക്കുള്ള നടത്തക്കിടയിൽ ലീന അവനെ വീണ്ടും ഓർമ്മിപ്പിച്ചു…” മനസ്സമ്മതം കഴിഞ്ഞു, മിന്നുകെട്ട് ഒരുക്കത്തിനുള്ള ചെറിയ ഇടവേള മാത്രമേ എടുക്കൂ. അതുകഴിഞ്ഞു, എത്രയുംവേഗം….ഒരു മാസത്തിനകം വിവാഹം ഉണ്ടാവും. നിനക്കും മടങ്ങി പോകേണ്ടതല്ലേ ?. ”
ചെറു പുഞ്ചിരിയോടെ അഭി…” എൻറെ തിരിച്ചുപോക്കിൻറെ സംഗതി ഓർത്തു നീ മിന്നുകെട്ട് ധിറുതിപ്പെട്ടു നടത്തണ്ട. നിനക്കായിട്ട് മറ്റുവല്ല തിരക്കും ഉണ്ടെങ്കിൽ അത് പറ. ”
എനിക്ക് കുറച്ചു തിരക്കുണ്ടെന്ന് കൂട്ടിക്കോ….അത് തികച്ചും എൻറെ സ്വകാര്യവും ആണ്. ആരോടും അത് ”ഡിസ്‌ക്‌ളോസ്” ചെയ്യാൻ ഉദ്ദേശിക്കുന്നില്ല….” ഗൂഢമായ ഒരു കള്ളച്ചിരിയോടെ…ലീന തിരിച്ചടിച്ചു.
അപ്പോഴേക്കും അവർ നടന്ന്…ചടങ്ങ് അരങ്ങേറുന്ന സ്‌ഥലത്തു എത്തിയിരുന്നു. പരിപാടികൾ പൂർത്തിയായി….എല്ലാവരും പിരിഞ്ഞു, ബന്ധപ്പെട്ട സുഹൃത്തുക്കൾ മാത്രം ഒത്തുചേർന്ന് എല്ലാം പറക്കി, ഒതുക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കയായിരുന്നു. പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ…അഭി ലീനയെ ഒന്നുകൂടി ഓർമ്മിപ്പിച്ചു….” ലീനാ ഞാൻ ഇറങ്ങുന്നു….നിന്നെ കൂട്ടണ്ടല്ലോ ?…”.
ലീന….” ശരിയെടാ…എനിക്ക് കൂട്ട് ഇവരെല്ലാവരും ഉണ്ടെടാ…നീ വിട്ടോ….എടാ പോയാലും…സമയം കിട്ടുമ്പോൾ വിളിക്കാൻ മറക്കല്ലേ ?…നമ്പർ കയ്യിലുണ്ടല്ലോ ?….വിളിച്ചാൽ മാത്രം പോരാ, മനസമ്മതം കഴിഞ്ഞാലും ഇടക്ക് കാണണം. അപ്പോൾ മറ്റന്നാൾ കാലത്തു പള്ളിയിൽ…ശരി, ഞാൻ ഇതൊക്കെ ഒന്ന് ഒതുക്കിവെക്കട്ടെ….കാണാം…ബൈ…..” പറഞ്ഞവസാനിപ്പിച്ചു, ലീന അഭിയിൽ നിന്നും കൂട്ടുകാർക്കിടയിലേക്ക് ചേർന്നടുത്തു . അഭിയും അവർ എല്ലാവരോടും യാത്ര പറഞ്ഞു പുറത്തിറങ്ങി….വീട്ടിലേക്ക് തിരിച്ചു.
വർഷം….. രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒമ്പത്, ഞായറാഴ്ച ( 2017 -9 -9 )……
സ്‌ഥലം….. സെൻറ് ജോർജ്ജ് വലിയ പള്ളി, തിരുമല ……
സമയം…….പകൽ ഒമ്പത് മണി ( 9 മണി )………..
അലീന അമൽദേവ് എന്ന ലീനയുടെ മിന്നുകെട്ട് നടന്ന, അതെ പള്ളി. അമ്മയുടെ മിന്നുകെട്ട് കഴിഞ്ഞു, കൃത്യം ഇരുപത്തിരണ്ട് വർഷം പൂർത്തിക്കുമ്പോൾ…..അതേ പള്ളിയിൽ, അതേ മാസം, അതേ ദിവസം.അതേ സമയയത്ത്…മകൾ എമിലിയുടെയും ” മനസ്സമ്മതകർമ്മം” അരങ്ങേറുകയായി.
പത്തു മണി കഴിഞ്ഞായിരുന്നു സമയം എങ്കിലും…അഭിയും ചങ്ങായിമാരും ഒമ്പത് മാണി ആയപ്പോൾ തന്നെ പള്ളി എത്തിച്ചേർന്നിരുന്നു. എല്ലാവരുംകൂടി കാലത്തു തന്നെ തമ്പാനൂർ ടൗണിലെത്തി, അവിടുന്നൊരുമിച്ചു പള്ളിയിലേക്ക് എത്തുകയായിരുന്നു. അക്കൂട്ടത്തിൽ…ഹരിഗോവിന്ദ്, എഡ്വേർഡ്,ഷമീർ, സുധീർഷാ തുടങ്ങിയാവരുടെ സംഘാംഗങ്ങൾ എല്ലാവരും ഉണ്ടായിരുന്നു അഭിക്കൊപ്പം. പത്തുമണി ആയപ്പോഴേക്കും പള്ളിയങ്കണം ആകെ ആളുകളെകൊണ്ട് നിറയാൻ തുടങ്ങിയിരുന്നു. ലീനയുടെ മിന്നുകെട്ട് നടന്ന പള്ളിയും പരിസരവും എങ്കിലും…നീണ്ട ഇരുപത് വർഷങ്ങൾ…അവിടുത്തെ ക്രമീകരണങ്ങൾ…..മറ്റ് സജ്ജീകരണ ചിട്ടവട്ടങ്ങളിൽ ഒക്കെ …. പ്രകടമായ വ്യത്യാസങ്ങൾ വരുത്തിയിരുന്നു. അമ്മയുടെ വിവാഹന നടന്ന അതേ പള്ളിയിൽ വച്ചു, മകളുടെ കൂടി വിവാഹനിശ്ചയ പരിപാടിയിലും ഭാഗഭാക്കാകാൻ കഴിയുക !…ലീനയുടെ കൂട്ടുകാർക്ക് മുഴുവൻ, തങ്ങൾക്ക് ലഭിച്ചൊരു അപൂർവ്വ സൗഭാഗ്യമായി അനുഭവപ്പെട്ടു. എഡ്വേർഡും ഹരിയും ഷമീറും കഴിഞ്ഞാൽ രണ്ട് മൂന്ന് പെൺകുട്ടികൾക്കും കൂടിയേ ആ ഗാനത്തിൽ…ഭാഗ്യം സിദ്ധിച്ചവർ. എല്ലാ കാര്യത്തിലും മേല്നോട്ടക്കാരിയായി ലീന മാത്രമേ ഉണ്ടായിരുന്നുള്ളൂ.എങ്കിലും, ആ ചടങ്ങ്…കഴിയുന്നിടത്തോളം ആഘോഷമായി തന്നെ നടത്താനുറപ്പിച്ചു, എല്ലാത്തിലും ഒരുമിച്ചു മേൽനോട്ടം വഹിച്ചവൾ സന്തോഷവതിയായി…അങ്ങോളം ഇങ്ങോളം ഓടിച്ചാടി നടക്കുന്നുണ്ടായിരുന്നു. നല്ലൊരു വിഭാഗം ആളുകളെ പങ്കെടുപ്പിച്ചു സാമാന്യം ആർഭാടമായിതന്നെ ആ കർമ്മ0 നടപ്പിലാക്കിയതിൽ നിന്ന് …അവളുടെ വിദഗ്‌ദമായ ആസൂത്രണ മികവും…കഴിവും…മറ്റെല്ലാവരെയും പോലെ ലഭിക്കും ബോധ്യമായി. ചുരുക്കത്തിൽ…അഭൂതപൂർവ്വമായ ജനപങ്കാളിത്തത്താലും…വർണ്ണാഭ നിറഞ്ഞുനിന്ന ആഘോഷച്ചടങ്ങിനാലും….എല്ലാം ഒരു കൊച്ചു കെട്ടുകല്യാണത്തിന് സമാനമായി, സമ്പന്നമായിരുന്നു…ആ മനസ്സമ്മത കർമ്മം !. അഭിയേറെ വിമുഖത പുലർത്തിയിരുന്നു എങ്കിലും, വിളിച്ചുചൊല്ലൽ ചടങ്ങിന് മുന്നേ അവനെ മുമ്പിൽ കൊണ്ടുനിർത്താൻ ലീന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുഹൃത്തുക്കളിൽ മറ്റുപലരും…കർമ്മം കഴിഞ്ഞ ഉടൻ സ്‌ഥലം വിട്ടെങ്കിലും…ലീനയുടെ ശക്തമായ നിർബന്ധം മൂലം,എഡ്വേർഡിനും ഹരിക്കുമൊപ്പം അഭി, ചടങ്ങെല്ലാം പൂർത്തിയായി എല്ലാവരും പിരിയുംവരെ അവിടവിടെയായി തന്നെ ഉണ്ടായിരുന്നു. ഒടുവിൽ, എല്ലാവർക്കുമൊപ്പമിരുന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ചു, പുതുമണവാള-മണവാട്ടിമാരെ കണ്ട് പരിചയപ്പെട്ട്, അൽപനേരം സംസാരിച്ചു സമയ൦ ചിലവിട്ടു, അവർക്കൊപ്പം കുറച്ചു ഫോട്ടോസെക്ഷനിലും പങ്കെടുത്തു…മുഖം കാണിച്ചു ലീനയെ പരമാവധി അവൻ സന്തോഷിപ്പിക്കാൻ ശ്രമിച്ചു.പിന്നെ അതുംകഴിഞ്ഞു, പയ്യൻ കൂട്ടരേ യാത്രയുമാക്കി, എല്ലാവരോടും യാത്രയും ചോദിച്ചു തൃപ്തനായ്…അലീനയുടെ മനസ്സും നിറച്ചാണ് അഭി കൂട്ടുകാർക്കൊപ്പം അവിടം വിട്ടത്.
പിന്നീടങ്ങോട്ട്….ലീനക്ക് സന്തോഷത്തിൻറെ നാളുകളായിരുന്നു. ഉത്സവസമാനമായ ദിനരാത്രങ്ങൾ !. എല്ലാംകൊണ്ടും അതിരറ്റ ഉത്സാഹവതിയായിരുന്നെങ്കിലും…ഒന്നും മറ്റാരും അറിയാതിരിക്കാൻ…എല്ലാം ഉള്ളിൽ അടക്കിപിടിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവൾ. അധികം വൈകാതെ, അകന്നുനിന്ന അടുത്ത ബന്ധുജനങ്ങൾ ഉൾപ്പടെ, സ്വന്തക്കാർ എല്ലാവരുടെയും സഹകരണത്തോടെ, മിലിമോളുടെ മിന്നുകെട്ട് കർമ്മത്തിൻറെ ചർച്ചകൾ തുടങ്ങിവച്ച. ഉള്ളിൽ കുട്ടിയുടെ അച്ഛൻറെയും…പുറമെ ഒരു സുഹൃത്തിൻറെയും സ്‌ഥാനമാനം നൽകി, അവൾ അഭിയേയും അതിൻറെയൊക്കെ ഭാഗഭാക്കാക്കി മാറ്റി. നല്ല നിർദ്ദേശങ്ങൾ തേടി…അവൾ അവനെ പലപ്പോഴായി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു എങ്കിലും പല ഒഴിവുകഴിവുകൾ നിരത്തി…അഭിയും സ്‌ഥിരമായി അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറികൊണ്ടുമിരുന്നു. എന്നിരുന്നാലും…അവൾ ആവശ്യപ്പെട്ടപ്പോൾ എല്ലാം പുറമെനിന്ന് അവൾക്ക് വേണ്ടുന്ന എല്ലാ ”ബാക്ക് സപ്പോർട്ട്”ഉം സഹായസഹകരണങ്ങളും നൽകാൻ അഭി മറന്നില്ല.
അപ്രതീക്ഷമായ നാട്ടിൽവരവ് !….ആ പരിസങ്ങളിൽനിന്ന് നല്ല സൗഹൃദങ്ങൾ ഫലപ്രദമായി കവർന്നെടുക്കാൻ കഴിയാത്തൊരു ദൗർബല്യം….ഒട്ടൊന്നുമല്ല അഭിയെ ഉലച്ചത്. അതിൻ്റെ അപര്യാപ്തത, അടുത്ത ദിവസങ്ങളിൽ അവനെ നന്നായി വിരസത അണിയിക്കുവാനും തുടങ്ങി. അത് മനസ്സിലാക്കി,പ്രതിവിധിയയായി അലീന മനസ്സമ്മതത്തിൻറെ പിറ്റേ നാൾ മുതലേ… അവനെ നിരന്തരമായി ഫോണിൽ വിളിച്ചു സംസാരിച്ചു, മുഷിവകറ്റി, സന്തോഷം പങ്കിട്ടുകൊണ്ടിരുന്നു. അതിനൊപ്പം മിലിമോളുടെ കല്യാണസംഗതികളുടെ വിശദാ൦ശങ്ങൾ വിശദമായി ചർച്ച ചെയ്ത്…അവനെ” കാര്യങ്ങൾക്കൊപ്പം ” നടത്തിക്കാനും അവൾ നല്ല പരിശ്രമം തുടർന്നു. അതേസമയം…നഗരത്തിൽ എവിടെങ്കിലുമൊക്കെ വച്ചു, എപ്പോഴെങ്കിലുമൊക്കെ , അവനെ നേരിട്ട് കണ്ടുമുട്ടുന്നതിന് അവസരങ്ങൾ സൃഷ്‌ടിക്കാനും അവൾ മടിച്ചില്ല. അതിലെല്ലാം കടുത്ത വൈമനസ്യ0 അഭി പുലർത്തിയിരുന്നെങ്കിലും….കല്യാണഷോപ്പിംഗുകളുടെയും മറ്റും പേര് പറഞ്ഞു, ടൗണിൽ വന്ന്…” ടീ ഷെയറിങ്ങ് ”നും അവനോടൊത്തു സമയം ചിലവഴിക്കാനുമാണ് അവൾ അധികവും ശ്രമിച്ചത്. എന്നാൽ, അവളുടെ അവസ്‌ഥകൾ ശരിക്കും പഠിച്ചിരുന്ന അഭി, അതിൽനിന്നൊക്കെ അവളെ നിരുത്സാഹിപ്പിച്ചു…പിന്തിരിപ്പിച്ചു സ്നേഹബന്ധം ഫോൺവിളികൾ മാത്രമായി നിലനിർത്താൻ ശ്രമിച്ചു. അങ്ങനെ അപൂർവ്വം ഒന്ന് രണ്ട് തവണ മാത്രം അലീന-അഭിജിത് ജോഡികൾ നഗരത്തിൽ വച്ച് കണ്ടുമുട്ടിയിരുന്നെങ്കിലും…നീണ്ടസമയ ഫോൺ സംസാരങ്ങൾ തന്നെയായിരുന്നു രണ്ടാൾക്കും, ശബ്ദസാമീപ്യംകൊണ്ട് സ്വച്ഛന്ദസ്വർഗ്ഗം തീർത്ത വിസ്‌തൃത സ്വപ്‌നസാമ്രാജ്യം !.
ഇത്തരം സുദീർഘസമയ ഫോൺ ബാന്ധവങ്ങളിലൊന്നും അഭിയെ ശ്രദ്ധിക്കാൻ ആരും കാര്യമായി മിനക്കെട്ടിരുന്നില്ല. എങ്കിലും, ലീനയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അഭി, നാട്ടിൽ വന്നുചേർന്ന നിമിഷം തുടങ്ങി, മമ്മിയിൽ പ്രകടമാവുന്ന വലിയ മാറ്റങ്ങൾ…നേരിട്ടും അല്ലാതെയും ഇടതടവില്ലാതെ, ശ്രദ്ധാപൂർവ്വം കണ്ട്, നിരീക്ഷിച്ചു പോകുകയായിരുന്നു അവരുടെ സ്വന്തം മകൾ എമിലി. അതിനുശേഷം മമ്മി എത്രമാത്രം ആഹ്ളാദവതിയാണ്…എന്ത് മാത്രം ആവേശനിറവിലാണ്. അന്നുമുതലുള്ള അവരുടെ ഓരോരോ മുഹൂർത്തങ്ങൾ !..അതവരിൽ തുടർച്ചയായി വരുത്തുന്ന പരിവർത്തനങ്ങൾ…. അവളിൽ വല്ലാതെ കൗതുകം ഉണർത്തിയ സംഭവങ്ങൾ…. എല്ലാം മിലി സാകൂതം ഓർത്തു. ഗ്രാൻമയും താനും ഉൾപ്പടെ, അകന്നും അടുത്തും നിന്നിരുന്ന ബന്ധുജനങ്ങളോടെല്ലാം മമ്മി ഇപ്പോൾ..എത്ര ശാന്തതയിലും സന്തോഷത്തിലുമാണ് പെരുമാറുന്നത് ?. ഒരാളുടെ രംഗപ്രവേശം…. മറ്റൊരു വ്യക്തിയിൽ ഇത്രത്തോളം വ്യത്യാസങ്ങൾ വരുത്തുവാൻ സാധിക്കുമോ ?. വരുത്തുമെങ്കിൽ തീർച്ചയായും അത്, വെറുമൊരു സൗഹൃദബന്ധം കൊണ്ട് മാത്രമാവാൻ ഒരിക്കലും തരമില്ല. അപ്പോൾ അതിന് അതിനപ്പുറം….വേറെയും ഏതോ അജ്ഞാതമാനം കൂടി ഉണ്ടെന്നല്ലേ ?…അതിനർത്ഥ0 !. മമ്മിയിൽ കണ്ടുതുടങ്ങിയ പുതിയ,പ്രകടമായ മാറ്റങ്ങളെ….സംശയത്തിൻറെ പുകമറയിൽ, വെറുതെ ഇരുന്നൊന്ന് അവലോകനം ചെയ്‌തു നോക്കിയ മകൾ മിലിയുടെ ചിന്തകൾ ” കാടുകയറി”. കഴിഞ്ഞുപോയ നാളുകളിലേക്ക് വീണ്ടുംവീണ്ടും അവൾ പിന്തിരിഞ്ഞു നോക്കി. അഭിജിത് അങ്കിൾ , മമ്മീടെ പഴയ ”ഇന്റിമേറ്റ് ഫ്രണ്ട്” എന്ന് പറഞ്ഞാണ് കഴിഞ്ഞൊരു ദിവസം, തങ്ങടെ ഹോട്ടലിൽ വച്ച് തനിക്ക് പരിചയപ്പെടുത്തി തരുന്നത്. പിന്നെ, അവരുടെ സംസാരങ്ങൾ…ഇടപെടീലുകൾ…കളിയുംതമാശയും ചേർന്നുള്ള അടുപ്പം…അന്നും, അതുകഴിഞ്ഞും പലപ്പോഴായി കണ്ടും കേട്ടും മനസ്സിലായി കഴിഞ്ഞപ്പോൾ….തനിക്ക് പൂർണ്ണ ബോധ്യമായി കഴിഞ്ഞിരിക്കുന്നു, വെറും സൗഹൃദത്തിന് അപ്പുറം….അവർ തമ്മിൽ അഗാഢമായ ഏതോ ”ഹൃദയബന്ധം” ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് !. അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ..പോലും.മമ്മീടെ കണ്ണുകളിൽ കാണുന്ന തിളക്കം, മുഖത്ത് വിരിയുന്ന പ്രസന്നത, ഭാവഹാദികളിൽ ആകെ ഉണരുന്ന ചടുലത !….ആ
അതിശയങ്ങളാകെ,കൂട്ടിവായിക്കുമ്പോൾ…സംശയം കൂടാൻ…ഇനിയും വേറെ ഉദാഹരണങ്ങൾ വേണ്ടാ. കോളേജിൽ പഠിക്കുന്ന സമയത്തു, മമ്മിക്കേതോ ദിവ്യമായ പ്രണയബന്ധം ഉണ്ടായിരുന്നു എന്നും…അത് നടത്തികൊടുക്കാതെ, മമ്മീടെ പേരൻസ് മമ്മിയെ നിർബന്ധിച്ചു…പപ്പയുമായുള്ള കല്യാണം നടത്തുകയായിരുന്നു എന്ന്, പറഞ്ഞു കേട്ടിട്ടുണ്ട്. ആ കാമുകൻ അതോടെ, നാടും സ്‌ഥലവും സ്വന്തം വീടുപോലും ഉപേക്ഷിച്ചു എവിടേക്കോ?…പുറപ്പെട്ടു പോയെന്നും മറ്റുമുള്ള, കുറെയധികം ”ശ്രുതി”കൾ…മുമ്പ് കേൾക്കാൻ ഇടവന്നിരുന്നു. പഠിക്കുന്നതിൻറെ തിരക്കിലും…മമ്മിയെ അത്രക്ക് വിശ്വാസവും ഉള്ളതിനാലും…അന്ന് അതൊന്നും അത്ര കാര്യമാക്കാൻ നിന്നിരുന്നില്ല. പക്ഷെ !…ഇപ്പോഴോ ?.ഇപ്പോൾ പറഞ്ഞു കേൾക്കുന്നതൊക്കെ, നഗ്നസത്യങ്ങൾ മാത്രമാണെന്ന് തിരിച്ചറിയേണ്ടുന്ന അവസ്‌ഥകളിലേക്ക് സംഗതികൾ നീങ്ങുന്നു. നോക്കട്ടേ, എല്ലാം എവിടംവരെ ചെന്ന് അവസാനിക്കും ?…എന്ന് നോക്കുകതന്നെ !. എമിലി കാര്യമായി എല്ലാം അപഗ്രഥനം ചെയ്‌തു അളന്നു കണക്കുകൂട്ടി, തിട്ടപ്പെടുത്തി വച്ചു. പിന്നീടുള്ള അവളുടെ ശ്രദ്ധകൾ മുഴുവൻ…മമ്മിയെ ആകെ ചുറ്റിപറ്റി, അവരുടെ നിത്യവൃത്തികൾ നിറയെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ളതായിരുന്നു. എന്നാൽ…ദിവസങ്ങൾ പിന്നിടുകയെ…അവൾ ആലോചിച്ചപ്പോൾ…അവരുടെ പ്രവർത്തികൾ മൊത്തത്തിൽ തന്നെ കൂടുതൽ വിസ്മയങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്നതായി അവൾക്ക് തോന്നി. നിത്യേന നിത്യേന, ഓരോന്ന് കാണുകയും അറിയുകയും ചെയ്യുമ്പോൾ…സന്ദേഹങ്ങൾ, ബലപ്പെട്ടു, ഉത്കണ്ഠകൾ ക്രമാതീതമായി വർദ്ധിക്കുന്നു. ആശങ്കകൾ ഒന്നൊഴിയാതെ ഏറിവരുന്നു, എന്തുചെയ്യാൻ ?. താൻ ഇടക്കൊക്കെ വീട്ടിൽ ”മൊബൈൽഫോൺ” വെറുതെ ഉപയോഗിക്കുമ്പോൾ, അതിന് തന്നെ കണക്കറ്റ് ശാസ്സിക്കുകയും…തനിക്ക് അത് കൈകൊണ്ട് തൊടുന്നത് പോലും ”കലി” എന്ന് പറഞ്ഞു വാശി പിടിക്കുകയും ചെയ്‌തു കൊണ്ടിരുന്ന മാതാവ് ഇപ്പോൾ അത് നിലത്തു വാക്കുന്നതേ കാണുന്നില്ല. മാത്രവുമല്ല, ഒരു പരിസരബോധവും ഇല്ലാതെ, എപ്പോഴും അതിൽ നോക്കിയിരുന്നു കളിയും ചിരിയും അട്ടഹാസങ്ങളും മാത്രം !. സർവ്വസമയവും അതിൽ കേന്ദ്രീകരിച്ചു, മണിക്കൂറുകളോളം സംസാരത്തിൽ മുഴുകിയിരിക്കുന്ന മമ്മി…ഇപ്പോൾ മറ്റെല്ലാം തന്നെ മറന്നു ജീവിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം താരതമ്യം ചെയ്‌തു നോക്കുമ്പോൾ…ഉറപ്പായും ബോധ്യമായി പോകുന്നു…അന്ന് അവരെ കെട്ടാൻ കഴിയാതെ, പുറപ്പെട്ടു പോയിരുന്ന ആ സുന്ദരകാമുകൻ തന്നെയല്ലേ ?…കാലങ്ങൾക്ക്ശേഷം…മമ്മിയെ തിരഞ്ഞു എത്തിയിരിക്കുന്ന ” ഈ” അങ്കിൾ ?. മിലിമോളുടെ തല പുകഞ്ഞു….ചിന്തൽ ആകെ, ആശയക്കുഴപ്പത്തിലായി. ”സംഗതികൾ” ഇത്രയൊക്കെ ആയിട്ടും…സർവ്വതും മനസ്സിലാക്കാൻ പ്രാപ്‌തിയിലെത്തിയ മകളായ തനിക്കുകൂടി സകലതും ഗ്രഹണീയമാവും എന്നു തിരിച്ചറിവുള്ള അമ്മ എന്തേ…ഇതേക്കുറിച്ചു ”കമാ”ന്നൊരു വാക്കു, തന്നോട് മിണ്ടാത്തത് ?…മിലി തുടരെ ആലോചിച്ചു. അങ്ങനെയുള്ള അവരോട്, ഇനി താനായിട്ട് അങ്ങോട്ട് പോയി തൽക്കാലം ” എന്തെങ്കിലും” ചോദിക്കാനില്ല…അവർക്ക് പറയണം എന്നുതോന്നി എപ്പോഴെങ്കിലും വരുന്നെങ്കിൽ വരട്ടേ. അതുവരെ അവരെ നിശബ്ദമായി വീക്ഷിക്കുക തന്നെ. മിലിമോളുടെ മിഴിയും മനവും ചിന്തകളും അങ്ങനെ…ലീനമമ്മിയുടെ ഓരോരോ ദിനാന്ത ചലനങ്ങളിലും ചെയ്‌തികളിലുമായി…”ദൃഷ്‌ടികടാക്ഷങ്ങൾ” വാരിവിതറി, സ്വൈരവിഹാരങ്ങൾ തുടർന്നുകൊണ്ടിരുന്നു. പരമാർത്ഥം പറഞ്ഞാൽ…ലീനയാകട്ടെ, അഭി വന്നെത്തിയ ശേഷം…മിലി ഉദ്ദേശിച്ചിരുന്ന പോലെയൊക്കെത്തന്നെ പുതിയൊരു ലോകവും ജീവിതവും ചുറ്റിപറ്റി ആയിരുന്നു തൻറെ ദിനരാവുകൾ തള്ളി നീക്കിയിരുന്നത് മുഴുവനും. അപ്പോൾ നിലനിന്ന മനസ്സും കർമ്മങ്ങളും ആകട്ടെ, അവളുടെ മാത്രം നിയന്ത്രണത്തിൻ കീഴിൽ…അഭിയും മകളുടെ മിന്നുകെട്ടും,സുരഭിലഭാവിയും ഒക്കെയായി…കുറെ പകൽ കിനാവുകളും ഓർമ്മകളും മോഹങ്ങളും തഴുകി താലോലിച്ചു, മഹത്വസുന്ദരമാക്കി, ഒന്നുമറിയാതെ ഒരു പൊങ്ങുതടിപോലെ അങ്ങനെ ഒഴുകി, മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
എന്നാൽ മമ്മീടെ പ്രിയപ്പെട്ട മോൾ മിലിക്കാവട്ടെ…നാൾക്ക് നാൾ…തന്നോടൊന്നും തുറന്ന് സംസാരിക്കാതെ . മമ്മി തുടർന്ന് പോകുന്ന അതിരില്ലാത്ത പുതിയ ബന്ധത്തിൻറെ ആഴങ്ങളെക്കുറിച്ചോർത്തു വല്ലാതെ ആകുലചിത്തയായി. ” തങ്ങളുടെ” ഭാവിജീവിതത്തെ കുറിച്ചുള്ള തീരുമാനങ്ങളുടെ
അപര്യാപ്തതയിൽ….ഉത്കണ്ഠകൂടി, അവൾ തീർത്തും അസ്വസ്‌ഥമനസ്‌കയായി മാറികഴിഞ്ഞിരുന്നു. അതിന് അവൾക്കടിസ്‌ഥാനം കൊടുക്കന്ന ഭയാശങ്കകൾ നിറയുന്ന കാഴ്ചകളുടെ ഉത്സവദിവസങ്ങളായിരുന്നു പിന്നീട് കടന്നുപോയതും. താനുമായി ഒരുമിച്ചുള്ള ..നേരങ്ങളിൽപോലും….യാതൊരു വീണ്ടുവിചാരവും കൂടാതെ, അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു മറിയാനാണ് മമ്മി മുഴുവൻ സമയവും ചിലവിടുന്നത്. താൻ എന്ത് കരുതും ?… എന്നുള്ള ‘ചളിപ്പ്’ കൊണ്ട് ഒന്നുമല്ല….താൻ അങ്ങോട്ട് കേറി എന്തെങ്കിലും ചോദിക്കാൻ ‘ഇട’ വന്നെങ്കിലോ ?…അതിന്, ഏത് കള്ളത്തരം മെനയും ?….എന്നുള്ള ആശങ്കയാൽ ആയിരിക്കും…ഇപ്പോൾ തന്നോട് പഴയ അടുപ്പം കാണിക്കാതെ, വല്ലാതെ അകലാൻ ശ്രമിക്കുന്നത്. ഈ നാളു വരെയും രണ്ടുപേരുടെയും മനസ്സിലിരുപ്പ് ഒട്ടുംതന്നെ പുറത്തു വരുന്നില്ല. ഇതിൽ കൂടുതൽ കാര്യങ്ങൾ വെളിവാകാൻ ?…ഇനി,എന്തെങ്കിലും അർത്ഥതലങ്ങൾ അന്വേഷിച്ചു അലയേണ്ട ആവശ്യമോ ?…ഏതെങ്കിലും ജോൽസ്യൻറെ അടുത്തു പോകേണ്ട ആവശ്യമോ?… ഇല്ല. എല്ലാം പകൽ പോലെ വ്യക്തമാണ്. അവരുടെ ഉദ്ദേശം….ഇനി എന്ത് ?…എപ്പോൾ ?..ഡങ്ങ്നെ ?…ഇത്രയും അറിഞ്ഞാൽ മതി !. ഒന്നുണ്ട്, താൻ വിവാഹം കഴിച്ചു പോയാലും….മമ്മി തിരികെ, തൻറെ ”ഗ്രാൻഡ് പേരന്റസ് ”നടുത്തു പോകുകയോ… അവർക്കൊപ്പം ജീവിക്കാൻ തയ്യാറാവുകയോ ചെയ്യാൻ തരമില്ല. പിന്നെ ഉയർന്നുവരുന്ന ഒരു ചോദ്യമേ ശേഷിക്കുന്നുള്ളു. താൻ പോകുമ്പോൾ…റോഷൻറെ വീട്ടിലേക്ക് മമ്മിയെ കൂടി കൂട്ടാൻ ആവുമോ?…’അവൻ ‘അത് സമ്മതിച്ചാലും…മമ്മി അതിന് തയ്യാറായേക്കുമോ ?. അതുമല്ലെങ്കിൽ…തൻറെ വീട്ടിൽ, തനിക്കും മമ്മിക്കും ഒപ്പം വന്നുതാമസിക്കുവാൻ….അവനു മനസ്സുണ്ടാകുമോ ?. ചോദ്യങ്ങൾ ധാരാളം തനിക്ക് മുന്നിലുണ്ട്. മമ്മിയെ തനിച്ചു വീട്ടിലാക്കി പോകുന്നത്ഒഴിച്ചാൽ…മറ്റെല്ലാം സമ്മതം. ഇത്യാദി കാര്യങ്ങളെക്കുറിച്ചു ഇതുവരെ വാതുറന്ന് ഒരു വാക്ക് മമ്മി ഉരിയാടിയിട്ടില്ല. അതോ ?….ഇതിനെല്ലാം അപ്പുറം, പഴയ കാമുകനും ഒരുമിച്ചുള്ള ഒരു പുതിയ ജീവിതമാണോ ?….അവർ ഇരുവരും ഇതിലൂടെല്ലാം ആഗ്രഹിച്ചു കൂട്ടുന്നത്. തൻറെ…മമ്മീടെ, എല്ലാം ഭാവി…സകലതും…അവരുടെ തീരുമാനങ്ങളിലൂടെ ആണ് ഇനി വെളിപ്പെടാൻ ഇരിക്കുന്നത്. അത് അറിയാൻ…മമ്മിയായിട്ട് ”ഇട ”നൽകുന്നില്ലെങ്കിൽ…മറ്റു വഴികൾ ആലോചിക്കുക തന്നെ !. മിലിയുടെ മനസ്സ്….അതിർത്തികൾ കടന്ന്….പാറി പറന്നു.
മിലിമോളുടെ ഇത്തരം നീണ്ട, കലുഷിത ചിന്തകൾ…മനോവ്യാപാരങ്ങൾ…തീരുമാനങ്ങൾ…ഒന്നും അഭി-ലീന കമിതാക്കൾ ലവലേശം അറിയുന്നുണ്ടായിരുന്നില്ല. ലീനക്ക് അത് ആലോചിക്കാനുള്ള സാവകാശമോ….സ്വസ്‌ഥതയോ ?…വീട്ടിലെ പുതിയ ജീവിതത്തിൽ ഒട്ടും ഇല്ലായിരുന്നു എന്നതായിരുന്നു ഒരു വലിയ സത്യം. ഒരു ഭാഗത്തു അഭിയുമായുള്ള പുതിയ ബന്ധത്തിൻറെ ഇഴയടുപ്പങ്ങൾ….മറുവശത്തു മിലിമോളുടെ വിവാഹസംബന്ധമായ പ്രശ്നങ്ങളുടെ തിക്കിത്തിരക്കും സമ്മർദ്ദവും !…ലീനക്കാകെ മനഃസംഘർഷത്തിൻറെ ദിവസങ്ങളായിരുന്നു അത്. എങ്കിലും, അഭിയുമായും…തൻറെ സ്വന്തക്കാരുമായും…നിരന്തര ചർച്ചകളും …അഭിപ്രായ രൂപീകരണങ്ങളും നടത്തി…മോളുടെ മിന്നുകെട്ട്, എത്രയും സത്വരം തന്നെ നടത്തുവാനുള്ള തീരുമാന ഐക്യത്തിൽ ലീന വന്നെത്തി. തീയതിയും സമയവും മറ്റും….പള്ളിയിൽനിന്നും കുറിച്ച് വാങ്ങിച്ചു, കല്യാണകുറിമാനം കത്തുരൂപത്തിലാക്കി…ധൃതഗതിയിൽ വിവാഹക്ഷണം തുടങ്ങാനുറപ്പിച്ചു…അവൾ അത് അച്ചടിക്കായി…പ്രസ്സിൽ ഏൽപ്പിച്ചു.
തൊട്ടടുത്ത ദിവസം, പ്രഭാതത്തിൽ….വിവാഹ’കാര്യത്തിൻറെ ”ആദ്യപടി” എന്ന നിലയിൽ…അച്ചടിമഷി പുരണ്ട, മിലിമോളുടെ കല്യാണ
സ്വപ്നലോകത്തേക്ക് ഉയർത്തി ഉയർത്തി കൊണ്ടുപോകുന്നു.അതിർത്തികൾ ഇല്ലാത്ത സ്വർഗ്ഗീയാനന്ദങ്ങൾ സമ്മാനിക്കുന്ന ആ അനുഭവസാക്ഷ്യത്തിൻറെ ” അക്ഷരനക്ഷത്രങ്ങൾ”…. ഏതാണ്ട് ഇതുപോലെ ആയിരുന്നു…..” എമിലി വെഡ്‌സ് റോഷൻ….ഓൺ ( 9 -9 -2017) ഒമ്പത് – ഒമ്പത് – രണ്ടായിരത്തി പതിനേഴ്….അറ്റ് മാർത്തോമാ ചർച് തിരുമല, തിരുവനതപുരം” .( അവസാനിക്കുന്നില്ല ) സാക്ഷി………
Responses (0 )