-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2 Pranayam Kadhaparanja Manjukaala Decemberil Part 2 Authro :  Sakshi Anand | Previous Part സാക്ഷി ആനന്ദ് പ്രിയരേ ….കാലം, ഡിസംബർ കഴിഞ്ഞു വീണ്ടും ഒരു ജനുവരിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു .എല്ലാവർക്കും ആദ്യം സ്നേഹം നിറഞ്ഞ ഒരു പുതുവർഷം ആശംസിച്ചുകൊണ്ട് ” രണ്ടുവാക്ക് ”. കഴിഞ്ഞ ജനുവരിയിൽ ആദ്യഭാഗം എഴുതി മടങ്ങിയതാണ് . അടുത്ത ജനുവരി വേണ്ടിവന്നു ”തുടർഭാഗം ” എഴുതി അയക്കാൻ !. ഒരു നീണ്ട […]

0
1

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Pranayam Kadhaparanja Manjukaala Decemberil Part 2

Authro :  Sakshi Anand | Previous Part

സാക്ഷി ആനന്ദ്

പ്രിയരേ ….കാലം, ഡിസംബർ കഴിഞ്ഞു വീണ്ടും ഒരു ജനുവരിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു .എല്ലാവർക്കും ആദ്യം സ്നേഹം നിറഞ്ഞ ഒരു പുതുവർഷം ആശംസിച്ചുകൊണ്ട് ” രണ്ടുവാക്ക് ”. കഴിഞ്ഞ ജനുവരിയിൽ ആദ്യഭാഗം എഴുതി മടങ്ങിയതാണ് . അടുത്ത ജനുവരി വേണ്ടിവന്നു ”തുടർഭാഗം ” എഴുതി അയക്കാൻ !. ഒരു നീണ്ട വർഷത്തെ നീണ്ട ഇടവേള !. ” മനഃപൂർവ്വമല്ല ”….ഒരു വ്യക്തിയുടെ ”സ്വകാര്യജീവിത”വുമായി ബന്ധപ്പെട്ട ”നൂറ് ”കാരണങ്ങൾ !….തടസ്സമായി മുന്നിൽ… എന്നുമാത്രം ചുരുക്കി പറഞ്ഞുകൊള്ളട്ടെ. ” മാപ്പ് ”അർഹിക്കാത്ത അക്ഷന്ത്യമായ ഈ അപരാധത്തിന് എങ്കിലും…. ”പ്രചോദന ശക്തി സ്ത്രോതിണി ”യായ .” സിമോണ” എന്ന വലിയ എഴുത്തുകാരി മുതൽ നല്ലവരായ എല്ലാ വായനക്കാരോടും ഹൃദയം തുറന്ന് ഞാൻ ക്ഷമ യാചിക്കുന്നു .പൊറുക്കാവുന്നവർ പൊറുക്കുക !.ഒരു കാര്യത്തിനും കൂടി ഒപ്പം ക്ഷമ നൽകണം .”പീസ് ”കളുടെ ”ഈ ”ലോകത്തു…. ”ഒരു ”നൂൽ കമ്പി” എഴുതി തിരുകാൻ പോലും പഴുതു കിട്ടിയില്ല . അടുത്ത ഭാഗത്തോ കഥയിലോ ”പരിഗണിക്കാം ” എന്നൊരു ഉറപ്പ് മാത്രം തൽക്കാലം .ഒന്നൂടി , ഈ ഭാഗത്തു ”ഈ മാരണം ” നിർത്താൻ കഴിഞ്ഞില്ല .അത് ”കഥാപൂർണ്ണത ”കൈവരുന്നത് വരെ തുടർന്നേക്കും.ആര് വായിക്കും ,ലൈക്ക് അടിക്കും ,കമൻറ് ഇടും …ഒന്നും എനിക്ക് വിഷയമല്ല !. ഇഷ്‌ടമുള്ളവർക്ക് ഇഷ്‌ടമുള്ളപോലെ….ചെയ്‌താൽ സന്തോഷം !…ഇല്ലേലും ഒന്നുമില്ല. കഥ വൈകിയതിനും….”പീസ് ഇല്ലായ്മ”ക്കും ഒന്നു കൂടി ക്ഷമ ചോദിച്ചു, ഏല്ലാവർക്കും നന്മയും നല്ല വർഷവും നേർന്ന് , കഥയിലേക്ക് …..
സാക്ഷി

” ആരാമത്തി”ന്റെ പടിക്കെട്ടുകൾ ചവുട്ടിക്കയറി…പൂട്ടാതെ ചാരക്കിടന്ന വാതിൽപ്പാളികൾ മെല്ലെ തള്ളിയകറ്റി ,വീടിനുള്ളിൽ പ്രവേശിച്ച ശ്രീക്കുട്ടി പൊടുന്നനെ ഒരുനിമിഷം നിന്നു !.പൂട്ടാത്ത നിലയിൽ കണ്ട വാതിലും ,തെല്ലും ആളനക്കമില്ലാത്ത അകവും….അവളെ ശരിക്കൊന്ന് അമ്പരപ്പിച്ചു .നന്നായി തിരിഞ്ഞും മറിഞ്ഞും ….വീടാകെ ഒന്നു ശ്രദ്ധിച്ചു, ഒട്ടൊരു പരിഭ്രമത്തോടെ ആരെയോ അന്വേഷിച്ചെന്നവണ്ണം ഹാളിൽ നിന്നും അടുക്കളയിലേക്ക് കാലെടുത്തുവച്ചു “ശ്രീ ”അല്‌പം ഉറക്കെത്തന്നെ ചോദിച്ചു ….

”അമ്മായി…..ഇതെന്താ ഇവിടാരുമില്ലേ ?….പൂമുഖത്തെ കതക് എല്ലാം തുറന്ന് മലർത്തിയിട്ട് , ഇതെല്ലാവരും എവിടെപ്പോയി?. പെട്ടെന്ന് , അരിയടുപ്പിൽ നിന്ന് തലയുയർത്തി….മുഖത്തെ കരി നേര്യതുമുണ്ടിൻറെ കോന്തലകൊണ്ട് തുടച്ചു ,ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ അമ്മിണിയമ്മ കാണുന്നത് കാലത്തെ നല്ല തിളങ്ങുന്ന ശുഭ്രവേഷത്തിൽ തൻറെ സമീപത്തേക്ക് നടന്നുവരുന്ന ‘ശ്രീ ‘മോളെയാണ് . ” എത്ര സുന്ദരിയായിരിക്കുന്നു !….നല്ല കസവ് സെറ്റുമുണ്ടിൽ…കാതിൽ തോടയും, കഴുത്തിൽ പവിഴ മുത്തുമാലയും, കൈത്തണ്ടയിൽ ഇരു സ്വർണ്ണവളകളും അണിഞ്ഞു…നെറ്റിയിൽ ചന്ദനവും ,സിന്ദൂരവും കരിപ്പൊട്ടും ഒക്കെ ചാർത്തി ,എന്നും കണികാണാൻ ആഗ്രഹിക്കുന്നൊരു ദിവ്യരൂപം !. ക്ഷേത്രത്തിൽ പോയി തൊഴുത് പ്രാർഥിച്ചു നേരിട്ടുള്ള വരവാണ് !…അവിടുത്തെ ദേവി, പ്രതിഷ്‌ഠ ഇറങ്ങി വന്ന കൂട്ടുണ്ട്…”.!.

അവരുടെ ചിന്തകളെ മടക്കികൊണ്ട്…’ശ്രീ ”യുടെ ശബ്ദമുയർന്നു ” ങാഹാ….അമ്മായി ഇവിടെ ഉണ്ടായിരുന്നോ ?.പുറത്തു ആരെയും കാണാഞ്ഞു ഞാനങ്ങു പേടിച്ചുപോയി!. കാലത്തു ഒരു ഒച്ചയും അനക്കവും ഒന്നുമില്ലാതെ !.സാധാരണ അമ്മാവനെങ്കിലും കാണുന്നതാ ഇവിടൊക്കെ . ഈ രാവിലെ ഈ അമ്മാവൻ ഇതെവിടെപ്പോയി ?”.

” ങാ , ആരിതു ശ്രീമോൾ ആയിരുന്നോ ?….കാലത്തെ അമ്പലത്തിൽ പോയുള്ള വരവാ ? സുന്ദരിക്കുട്ടി ” . ചോദ്യത്തോടൊപ്പം അമ്പേ ക്ഷീണിച്ച മുഖഭാവം !….അന്തർലീനമാർന്ന കൊടിയ ദുഃഖത്തിൽ നിന്ന് പ്രസന്നതയിലേക്ക് വഴുതിമാറാൻ ശ്രമിക്കുന്ന അമ്മായീടെ വൃഥാശ്രമം !. ഒക്കെക്കണ്ട് , വല്ലാതെ വിഷാദം വഴിമുട്ടി…. എന്തുപറയണം എന്നറിയാൻ കഴിയാതെ ,” ശ്രീ ” ഉഴറുമ്പോൾ…” ഓ ഒച്ചയും ബഹളവും !…..എല്ലാം കഴിഞ്ഞില്ലേ മോളെ , ഒരു മരണവീട് പോലെ ആയില്ലേ ഇപ്പോൾ ഇവിടം !. ഇവിടിരുന്നു ഒക്കെ കേൾക്കെയും കാണുകേം ചെയ്യാനാവാതെ , ഗത്യന്തരം കെട്ടു അമ്മാവൻ പുറത്തേക്കെങ്ങാനും ഇറങ്ങിയതാവും . റോഡിലോ കവലയിലോ മറ്റോ ഉണ്ടാവും’’ .

ആ അറുപതുകാരിയിൽ ഇടമുറിഞ്ഞ വ്യസനം നെടുവീർപ്പുകളായി പുറത്തുവന്നു . ” ശ്രീ ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ശ്രീക്കുട്ടി ,” അഭി ” എന്ന അഭിജിത്തിൻറെ നേർ മുറപ്പെണ്ണ് !…കോളേജിൽ ഡിഗ്രിക്ക് ഇപ്പോൾ ചേർന്നിട്ടേയുള്ളു . സ്വന്തം അമ്മാവൻ പ്രഭാകരൻനായരെയും ഭാര്യ അമ്മിണിയമ്മയെയും ജീവനാണ് !….തിരിച്ചു അവർക്കും . എന്നാൽ അതിലും ഇഷ്‌ടമാണ്‌ അവളുടെ കളിക്കൂട്ടുകാരൻ മുറച്ചെറുക്കൻ അഭിച്ചേട്ടനെ അവൾക്ക് . ജീവൻറെ ജീവൻ എന്നപോൽ പ്രിയം , സ്നേഹം , അഭിനിവേശം….പിന്നെ ഉള്ളിൻറെ ഉളിൽ അതിരഹസ്യമായ പ്രേമം !. എന്നാൽ ….ഒരു കുഞ്ഞുപെങ്ങൾ ഇല്ലാത്ത അഭിക്ക് മുറപ്പെണ്ണിനും ബാല്യകാല സ്നേഹിതക്കും അപ്പുറം ” ശ്രീ ” താനെപ്പോഴും കൊഞ്ചിക്കുകയും ലാളിക്കുകയും എടുത്തുനടക്കയും തല്ലുകൂടുകയും ഒക്കെ ചെയ്യുന്ന കൊച്ചു അനുജത്തി ആയിരുന്നു. ശ്രീക്കുട്ടിയിൽ നിന്നും തിരിച്ചു ഒരു ” പ്രണയിനിയുടെ പാരവശ്യം” പലപ്പോഴും അവന് ദർശിക്കാൻ സാധിച്ചിരുന്നു. എങ്കിലും അനിയത്തി വിട്ട് , മറ്റൊരു സ്‌ഥാനത്തു അഭിക്കവളെ പ്രതിഷ്‌ഠിക്കുന്ന കാര്യം ഓർക്കാനേ കഴിയുമായിരുന്നില്ല . ശ്രീക്കുട്ടി ആവട്ടെ , എന്നെങ്കിലും ഒരുനാൾ ഏട്ടൻ തന്റെ ” മനസ്സും പ്രണയവും ” തിരിച്ചറിയും എന്നുള്ള ശുഭപ്രതീക്ഷയിൽ അയാൾക്ക് വേണ്ടിയുള്ള പ്രാർഥനകളുമായി ജീവിക്കുക ആയിരുന്നു . എന്നാൽ ഒരുനാൾ അലീനച്ചേച്ചിയും ഏട്ടനും ആയുള്ള ‘ ഗാഢപ്രണയം ‘ മനസ്സിലാക്കിയ ശ്രീ പിന്നീട് അവരുടെ നന്മയ്ക്കും ഒരുമിക്കലിനു0 ആത്മാർഥമായി ആഗ്രഹിച്ചു …പൂജകളും വഴിപാടുമായി മനസ്സുനൊന്തു പ്രാർഥിച്ചു ഒപ്പം നിന്നു .

ദുഃഖം ചിറകെട്ടിയ അമ്മായീടെ ഇരുളാർന്ന മുഖത്തു കൂടുതൽ നോക്കിനിൽക്കാനോ… അധികം സംസാരിക്കാനോ ‘ശ്രീ’ തീർത്തും അശക്തയായിരുന്നു . അത് ഒരുപക്ഷെ തന്നെയുംകൂടി തകർത്തു കളഞ്ഞേക്കുമോ എന്നുള്ള സംഭ്രമത്താൽ…പെട്ടെന്ന് ഇവിടുന്ന് എങ്ങോട്ടെങ്കിലും ഓടിയൊളിച്ചാലോ എന്നുപോലും അവൾക്ക് ഒരുനിമിഷം തോന്നിപ്പോയി . അമ്മായിയുടെ ആ വലിയ ദുഃഖത്തിൻറെ കാരണം , അത് വരുത്തിവച്ച ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത….ഒക്കെ അവൾക്ക് നല്ല ബോധ്യം ഉള്ളതായിരുന്നു . എങ്കിലും , അഭിയെക്കുറിച്ചു അധികം ചോദിക്കാൻ ആവാതെ….”’അഭിയേട്ടൻ? ”’….എന്ന ചെറുചോദ്യ മുഖവുരയിൽ ‘ശ്രീ ‘എല്ലാം അവസാനിപ്പിച്ചു .

ശോകം ഘനീഭവിച്ച മുഖത്ത് വീണ്ടും അർത്ഥരഹിതമായൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അമ്മായി…..” അവൻ അവൻറെ മുറിയിൽ കാണും മോളേ ….” നിസ്സഹായത തുടരാനാവാതെ വീർപ്പുമുട്ടിച്ചപ്പോൾ….അവരോട് ” ങ്ഹേ , എണീറ്റില്ലേ തമ്പുരാൻകുട്ടി ഇതുവരെ !….ശരി ഞാനൊന്ന് പോയി നോക്കീട്ടുവരട്ടെ….”

മേലേക്ക് പടി കയറാൻ തുടങ്ങിയ ശ്രീമോൾ കയ്യിൽ മടക്കി ചുരുട്ടിപിടിച്ചിരുന്ന ഇലക്കീറു തുറന്ന് , അല്പം കളഭം എടുത്തവരുടെ നെറ്റിയിൽ ഒരു കുറി ചാർത്തികൊടുത്തു പറഞ്ഞു . ” ഇത് ഏട്ടന്റെ നാളും പേരും പറഞ്ഞു കഴിപ്പിച്ച രക്തപുഷ്പ്പാഞ്ജലി. ഏട്ടന് ഈയിടെയായി ശത്രുദോഷത്തിൻറെ അപഹാരം കലശലായുണ്ട് .അതുകൊണ്ട് ഒരു ശത്രുസംഹാരപൂജ കൂടി കഴിപ്പിച്ചു . ഈ പ്രസാദമൊക്കെ ഒന്നിട്ടുകൊടുത്തു ആളിനേയും കൊണ്ട് ഞാൻ ദേ വരാം…..അത്ര കൊള്ളില്ലല്ലോ ഈ പള്ളിയുറക്കം !. ”.

വീടിൻറെ രണ്ടാമത്തെ നിലയിൽ അഭിയുടെ റൂമിലേക്കുള്ള ഹാളിലെ പടികൾ പൊടുന്നനെ കയറുന്നതിനിടയിൽ, പിറകോട്ടു തിരിഞ്ഞുനോക്കിയ ശ്രീക്കുട്ടി കേൾക്കുന്നത്…” അതിന് മോളേ അവൻ ഇന്നത്തെദിവസം…..” അർദ്ധോക്തിയിൽ നിർത്തി, അമ്മാവി മേലേക്കവളെ ഉറ്റുനോക്കുമ്പോൾ…

.ശ്രീക്കുട്ടി….” അലീനച്ചേച്ചീടെ കല്യാണം ഇന്നാണ് !. അതല്ലേ ?. അഭീടെ അമ്മയുടെ ഇടർച്ച…തുറന്ന് ചോദിച്ചവൾ തുടർന്നു ” ഇന്ന് അമ്പലനടയിൽ വച്ചുകണ്ട സുജൻചേട്ടനും എന്നെ ഓർമ്മിപ്പിച്ചിരുന്നു….ചേച്ചീടെ മിന്നുകെട്ടാണ് ഇന്നെന്ന് . ഞാൻ പിന്നൊരു പുഷ്പ്പാഞ്ജലിയും അർച്ചനയും കഴിപ്പിച്ചു തിടുക്കത്തിൽ ഇങ്ങു പോരുവാരുന്നു . എന്നിട്ട് , ഏട്ടനെങ്ങനെ അമ്മായീ…ഭയങ്കര വിഷമത്തിൽ ആവും അല്ലേ ?”

. ” ആണോന്നോ?….രണ്ട് മൂന്ന് ദിവസമായി ഇവുടുന്നു ജലപാനം കഴിച്ചിട്ട് !. ഞങ്ങളോടൊക്കെ ഒന്ന് മിണ്ടുന്നപോയിട്ടു…മുഖത്തു നോക്കീട്ട് ദിവസം എത്രയായെന്ന് അറിയാമോ ?. ഇത്രയും കാലം കള്ളിന്റെ മണം എന്താണെന്ന് അറിയാത്തവൻ ആയിരുന്നു എന്റെകുട്ടി . മിനഞ്ഞാന്നു മുതൽ അവൻ അതും തുടങ്ങി . ഇന്നലെ പാതിരാത്രിവരെ മൂക്കറ്റം കുടിച്ചു എവിടെയോ കിടന്ന അവനെ , സുജനാ എപ്പോഴോ ഇവിടെ കൊണ്ടുവന്ന് എത്തിച്ചത് . ”

ആ പാവം അമ്മയുടെ നീണ്ട ഗദ്ഗദം അവസാനിപ്പിക്കാൻ എന്നോണം ശ്രീ തുടർന്നു…..”ഇത്രയും നാളിനകം അഭിയേട്ടൻ കള്ളു കൈകൊണ്ട് തൊടുന്നതോ…ഏതേലും കള്ള്കമ്പനിയിൽ ഉൾപ്പെടുന്നതോ എനിക്ക് ഇതുവരെ ആയിട്ടും അറിയാൻ കഴിഞ്ഞിട്ടില്ല . അത് ചിലപ്പോൾ ബിയർ വല്ലതുമാകും അമ്മായി . അതത്ര ദോഷം ഉള്ളതൊന്നുമല്ല .ഒന്ന് രണ്ട് ബിയറൊക്കെ വല്ലപ്പോഴും കുടിക്കാത്തത് ആരാ ഉള്ളതിപ്പോൾ ?. ഇന്നലെ ചിലപ്പോൾ രണ്ടെണ്ണം കൂടുതൽ കുടിച്ചുകാണും . ”

” എന്തായാലും നല്ല പൂസ് ആയിരുന്നു .അല്ലേൽ മോൾ പോയി നോക്കിക്കേ . പൂസായി കിടക്കുന്നവരെ കാണുമ്പോൾ അറിയാല്ലോ ? ”

”അത് ഇപ്പോൾ ചേട്ടന് കുറച്ചു ബിയർ പോലും താങ്ങാനുള്ള ശേഷി ഉണ്ടാവില്ല….മൊത്തത്തിൽ ദുഖിതനും ഷീണിതനും ഒക്കെയല്ലേ ആൾ . അല്ലാതെ ഒരു മുഴുക്കുടിയൻ എന്നൊന്നും കരുതല്ലേ പാവം ഏട്ടനെക്കുറിച്ചു. ഉം എന്തായാലും ഞാൻ പോയി നോക്കട്ടെ .ഈ ഉറക്കം അത്ര ശരിയല്ലല്ലോ ? . ” തിരിഞ്ഞുനോക്കി സംസാരിച്ചുനിന്ന ശ്രീമോൾ അതവസാനിപ്പിച്ചു കൈവരിയിൽ പിടിച്ചു മെല്ലെ സ്റ്റെപ്പ് കയറി മുകളിലേക്ക് നീങ്ങി .

അമ്മിണിയമ്മ അവളെ വീണ്ടും ശ്രദ്ധിച്ചു . സ്വന്തം ഉടപ്പിറന്നോൻറെ മകളാണ് . സ്വഭാവ മഹിമകൊണ്ടും സൗന്ദര്യംകൊണ്ടും കുടുംബത്തിനും മകനും ഒത്തിണങ്ങിയവൾ !. ഇനിയെങ്കിലും ഈ വീട്ടിലൊരു മരുമകളായി കടന്നുവരാനുള്ള ”യോഗം ”ഉണ്ടാകുമോ ?ഇവൾക്ക്. കാണാൻ അത്ര വെളുപ്പില്ല …കുറച്ചു മെലിഞ്ഞിട്ടുമാണ് . അതൊഴിച്ചാൽ , എന്തുകൊണ്ടും ശാലീനത നിറഞ്ഞ കൊച്ചുസുന്ദരി തന്നെ ഇവൾ . പേര് അന്വർത്ഥമാക്കുന്ന പോലെ, മുഖത്താകെ ” ശ്രീത്വം ” നിറഞ്ഞു തുളുമ്പി നിൽക്കെയാണ് . നല്ല ചുരുണ്ട കഴുത്തറ്റം കൊറുങ്ക തലമുടിയും, തുടുത്ത കവിളിണകളും ,നീണ്ട നാസികയും കരിനീലക്കണ്ണുകളും ഒക്കെച്ചേർന്ന നാടൻ പെൺകൊടി . മുല്ലമൊട്ടിനെ ഓർമ്മിപ്പിക്കുന്ന നല്ല നീണ്ട ദന്തനിരയും കൊച്ചു നുണക്കുഴിയും അവൾ ചിരിക്കുമ്പോൾ .പ്രത്യേക അഴക് എടുത്തുകാണിക്കും . ഏതൊരു സൗന്ദര്യവതിയേയും പിന്നിലാക്കുന്ന…. ശംഖു തോൽക്കുന്ന കഴുത്തിടവും നീണ്ട് ആകൃതിയൊത്ത ഉടലും ശരീരവും….അത് സമതുലീകരിച്ചു അടക്കവും ഒതുക്കവും നിറഞ്ഞ നടത്തയും അരയന്നപ്പിടയുടെ രൂപലാവണ്യത്തെ വിളിച്ചറിയിക്കുന്നു . തന്നെപോലെ മക്കൾടെ അച്ഛനും, മകൾ അഭിരാമിക്കും ഏറ്റവും പ്രിയങ്കരി തന്നെ ഇവൾ !. പുറമെ കാണിച്ചില്ലേലും അഭിമോനും വളരെ പ്രിയപ്പെട്ടവൾ തന്നെ ശ്രീമോൾ .

അഭിടെ അമ്മയുടെ ചിന്ത കാടുകയറുമ്പോൾ ശ്രീക്കുട്ടി ആദ്യം കണ്ട അഭീടെ മുറിവാതിൽ ഹാൻഡിൽ തിരിച്ചുതുറന്ന് ഉള്ളിൽ പ്രവേശിച്ചു .റൂമിനുള്ളിൽ കയറിക്കണ്ട ശ്രീക്ക് അമ്മായി പറഞ്ഞത് മുഴുവൻ പൂർണ്ണസത്യം എന്ന് ബോധ്യപ്പെടുന്നതായിരുന്നു….അകത്തു കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ !. കള്ളിൻറെയും സിഗററ്റിൻറെയും അതിരൂക്ഷമായ ദുർഗന്ധം മുറി ആകെ നിറഞ്ഞുനിൽക്കുന്നു . അതിന് ന്യായീകരണം എന്നമട്ടിൽ മുറിയിലാകെ ചിതറിക്കിടക്കുന്ന ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും, അതിൻറെ കുറ്റികളും കാലി ബിയർ ബോട്ടിലുകളും കടലാസുകളും. ശ്രീ അസഹ്യതയോടെ മുറിയിലാകെ കണ്ണോടിച്ചു മൂക്കുപൊത്തി . ഇതൊന്നും അറിയാതെ , ഒരുവശം ചരിഞ്ഞുകിടക്കുന്ന അഭിയേട്ടൻ….സുന്ദരമായ നിദ്രയിൽ ആണ് !. ശ്രീ അവൻറെ അടുത്തുചെന്ന് പതിയെ , ” അഭിയേട്ടാ…അഭിയേട്ടാ ” എന്ന് പലതവണ വിളിച്ചു . ഒടുക്കം , അവൻറെ ദേഹത്തുതട്ടി കുലുക്കി വിളിക്കേണ്ടിവന്നു അവൾക്ക് അവൻ ഒന്നുണർന്ന് അവളെ കണി കാണാൻ . മദ്യലഹരിയിൽ നിന്ന് മെല്ലെ തെളിഞ്ഞുണർന്ന് …ബോധത്തിൽ മുന്നിൽകണ്ട ശ്രീമോളെ അവൻ വല്ലാതെ പകച്ചുനോക്കി !. മുഷിഞ്ഞ വെള്ളമുണ്ടും ജുബ്ബയുമാണ് വേഷം . ഇട്ടുവന്ന ഡ്രസ്സ് മാറാതെ കിടത്ത അതേ കോലത്തിൽ. ചുവന്ന് കലങ്ങിയ കണ്ണുകൾ, എണ്ണകാണാതെ , പാറിപ്പറന്നു കിടക്കുന്ന നീണ്ട മുടിയിഴകൾ….വെട്ടിയൊതുക്കാതെ ആകൃതിതെറ്റി തെല്ലും വെടിപ്പില്ലാത്ത കട്ടിദീക്ഷ !. ആകപ്പാടെ കാഴ്ചയിൽ ഒരു ”കൊടുംഭീകര ” ലുക്ക് !

. എല്ലാംകൂടി അറിഞ്ഞും കണ്ടും…ശ്രീക്കുട്ടിക്ക് സഹിക്കാൻ ആവാത്ത ദുഃഖം അനുഭവപ്പെട്ടു . എന്തുപറഞ്ഞു ഏട്ടനെ സമാധാനിപ്പിക്കണം എന്നറിയാൻ കഴിയാതെ കുഴങ്ങി . കിടക്കയിൽ എഴുന്നേറ്റിരുന്ന് ഒരക്ഷരം ഉരിയാടാതെ , തൻറെ നേർക്ക് ദഹിപ്പിക്കുന്ന നോട്ടമെറിയുന്ന ഏട്ടന്റെ നോട്ടത്തിൻറെ രൂക്ഷത , വെറും അഭിനയം മാത്രമാണെന്ന വസ്‌തുത….നോവോടെ ആണെങ്കിലും അവൾ തിരിച്ചറിഞ്ഞു. പിന്നെ ആ കൺപീലിത്തുമ്പിൽ എവിടെയോ പ്രത്യക്ഷപ്പെട്ട രണ്ടുമൂന്ന് തുള്ളി കണ്ണീരിൽ നിന്നും അവൾ വായിച്ചറിഞ്ഞത് മുഴുവൻ …..ആ മിഴിയിണ കോണിൽ നിന്ന് ബഹിർഗമിക്കുന്നതു ദാഹിക്കുന്ന സ്നേഹത്തിൻറെ, ദീനതയുടെ നീർക്കുമിളകൾ മാത്രമാണെന്ന യാഥാർഥ്യം ആയിരുന്നു. സഹാനുഭ്രൂതിയിൽ അറിയാതെ അവളുടെ മിഴിയോരങ്ങളിൽ നിന്നൂറിവന്ന അനുകമ്പയുടെ അശ്രുകണങ്ങൾ….അഭി അറിയാതവൾ പുറംകൈയ്യാൽ മെല്ലെ തുടച്ചു മാറ്റി , ഉത്സാഹവതിയുടെ ”പുറംമേനി ”യോടെ തുടർന്നു …

.” എന്താ സാറേ….നോക്കി ഭസ്മമാക്കുമോ ഈ പാവത്തിനെ?. മണി പത്തു കഴിഞ്ഞിട്ടും ഇനിയും ഇങ്ങനെ കിടന്ന് ഉറങ്ങാനാണോ പരിപാടി ?.അമ്മായി അവിടെ കാപ്പിയൊക്കെ റെഡിയാക്കിവച്ചു കാത്തിരിക്കാൻ തുടങ്ങീട്ട് നേരം എത്രയായെന്ന് അറിയോ ?.വേഗം പല്ലൊക്കെ തേച്ചു താഴെ പോയേ …വേഗം !. ”

. വിഷാദകയങ്ങളിൽ തലകുമ്പിട്ട് …..ചിന്തയുടെ ഏതോ അഞ്ജാതതീരങ്ങളിൽ അലഞ്ഞുതിരിയലിൽ വ്യാപൃതൻ ആയിരുന്ന അഭിജിത് ശ്രീയുടെ വാക്കുകൾ ശരിക്ക് കാതോർക്കാൻ കഴിയുന്ന മാനസിക അവസ്‌ഥയിൽ ആയിരുന്നില്ല . എങ്കിലും അവളുടെ ”മുറുമുറുക്കലുകൾ” അയാളെ വല്ലാതെ അസ്വസ്‌ഥനാക്കി . ഒടുവിൽ , കിടക്ക വിട്ടെഴുന്നേറ്റ് തീർത്തും മൗനിയായി അതേ ഭാവഹാദികളോടെ തൊട്ടടുത്ത് ബാത്തുറൂമിലേക്ക് അദൃശ്യനായി . കുറെയധികം നേരത്തെ, പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിൽ….അഭി വീണ്ടും വളരെ വൈകുന്നതറിഞ്ഞു ക്ഷമയില്ലാതെ ശ്രീ പടിയിറങ്ങി താഴേക്ക് പോന്നു .

അൽപ സമയത്തെ ഇടവേളയ്ക്കു ശേഷം …ഹാളിൽ സംസാരത്തിൽ നിന്നിരുന്ന ശ്രീയും അമ്മായിയും ആരോ പടിയിറങ്ങി വരുന്ന പാദപതനശബ്‌ദം കേട്ട് തിരിഞ്ഞു നോക്കി . അതാ അഭി ….കുളിമുറിക്കുള്ളിലെ വിചാര ലോകത്തെ ഏകാന്ത തടവറയിൽ മനോവ്യാപാരങ്ങിൽ മുഴുകി….നിലകിട്ടാതെ ,കൈകാലിട്ടടിച്ചു….മുങ്ങിനിവർന്നു അവസാനം, ആ വീടും ലോകവും വിട്ടു പുറത്തേക്ക് . അങ്ങനൊരു ദൃഢനിശ്ചയത്തിൽ കുളിച്ചൊരുങ്ങി വേഷം മാറി താഴേക്കിറങ്ങി വന്നു . പുതിയൊരു മുണ്ടും ജുബ്ബയും എന്നതൊഴിച്ചാൽ മറ്റൊന്നിനും ഒരു മാറ്റവുമില്ല. അതേ അലസശോക ഭാവം !. കണ്ടമാത്രയിൽ ശ്രദ്ധതിരിച്ചു അവൻ്റെ ‘അമ്മ അവനെ നോക്കി .

” മോനേ അഭി അങ്ങോട്ടിരിക്കെടാ ….’അമ്മ മോന് കാപ്പി എടുക്കാം”. വെപ്രാളപ്പെട്ട് പറയാൻ തുടങ്ങിയ അവരുടെ വാക്കുകളെ അല്പംപോലും മുഖവിലക്കെടുക്കാതെ , ഹാളിലെത്തിയ അയാൾ ആരോടും ഒന്നും പറയാതെ , ഒരു നോട്ടം പോലും എങ്ങും എറിയാതെ….അവരെ പിന്നിട്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ പുറത്തേക്കിറങ്ങി .വീടിനുള്ളിൽ അമ്മയും മുറപ്പെണ്ണും ….പുറത്തു സിറ്റൗട്ടിൽ അച്ഛനും, കാത്തിരുന്നു മുഷിഞ്ഞു. ഒടുവിൽ ആനന്ദത്തോടെ അവനെ കണ്ടുമുട്ടുമ്പോൾ…ആരോടും ഒരു പ്രതിപത്തിയും പുലർത്താതെ ഒരുവാക്ക് ഉരുവിടാതെ , വീടുവിട്ട് പുറത്തേക്ക് പോകുന്ന ദയനീയദൃശ്യം കണ്ട് എല്ലാവരും അസ്തപ്രജ്ഞരായി നിന്നുപോയി!. പിന്നെ , ആരെയും കൂസാതെ…ഷെഡ്‌ഡിൽ നിന്നും ബൈക്ക് സ്റ്റാർട്ട് ചെയ്തയാൾ റോഡിലേക്ക് ശീഖ്ര0 ഓടിച്ചുനീങ്ങി. പിറകിൽ നിന്നും അപ്പോൾ ” മോനേ അഭീ….എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് പോ മോനേ ”എന്നൊരു അമ്മയുടെ കേഴൽ മാത്രം!!….അശരീരി ആയവിടെ പ്രതിധ്വനിച്ചു മുഴങ്ങുന്നുണ്ടായിരുന്നു .ഒപ്പം…മൂകസാക്ഷിയായി ,മൂന്ന് വൃണിത ഹൃദയങ്ങളും!…..നിർനിമേഷരായി നോക്കിനിന്ന ഇരുജോഡി കൺകളിൽ നിന്ന് തൂവിതുളുമ്പിയ കണ്ണീർരത്നങ്ങളും ! ! !.

ഇതേസമയം…….നഗരത്തിലെ പഴക്കമേറിയതും, തിരക്കാർന്നതുമായ ”കരമന”യിലെ ” ഗാലക്‌സി ബാർ ” .അവധി ദിനമായതിനാലും മറ്റും അന്നേ ദിവസം….അവിടം നല്ല തിരക്കിനാൽ മുഖരിതമായിരുന്നു . തിരുമല മാർത്തോമാ സെന്റ് ജോർജ്ജ് വലിയപള്ളിയിൽ വച്ചുനടന്ന അലീന-ഡാനിയൽ വിവാഹ കർമ്മത്തിൽ പങ്കെടുക്കാൻ എത്തിയ അലീനയുടെ കോളേജ് ഫ്രണ്ട്സിൽ പലരും സമുചിതം വിവാഹചടങ്ങിൽ പങ്കെടുത്തു….വധുവരന്മാർക്ക് ആശംസകൾ നേർന്ന് ഉച്ചക്ക് മുൻപേ പലവഴിക്ക് പിരിഞ്ഞു . വിവാഹം വളരെ മംഗളമായിട്ടു തന്നെ നടന്നു .വിവാഹത്തിനും അതുകഴിഞ്ഞു നടന്ന ഫോട്ടോസെക്ഷനിലും എല്ലാം സന്തോഷപൂർവ്വം പങ്കെടുത്തു അലീനയോട് യാത്ര പറഞ്ഞിറങ്ങിയ അവളുടെ ഡിഗ്രിമേറ്റ്സ് ആയ എഡ്വേർഡ് , ഹരിഗോന്ദൻ ,ഷമീർ എന്നിവർ ഒരുമിച്ചുകൂടി . കോളേജ് ഡെയ്‌സിനു ശേഷമുള്ള അവരുടെ ഒത്തുകൂടൽ എന്തുകൊണ്ടും തിളക്കമാർന്നതായിരുന്നു . അതിനാൽ …അതിൻറെ ” ത്രിൽ ” ഒരുമിച്ചൊന്ന് അനുഭവിച്ചറിയാൻ….ഏകാഭിപ്രായത്തോടെ അവർ ട്ടൗണിലേക്കു വിട്ടു .

ആദ്യംകണ്ട മുന്തിയ ബാറിലേക്കുതന്നെ മൂവരും കയറി . ബാറിന്റെ തിക്കിത്തിരക്കിൽ നിന്നൊഴിയാൻ എക്‌സിക്യൂട്ടീവ് റൂം തന്നെ തിരഞ്ഞെടുത്തു . അങ്ങോട്ടേക്ക് കടക്കാൻ മൂന്നുപേരും തിരിയുമ്പോൾ ആണ് അവരെ ഞെട്ടിച്ചുകൊണ്ട് തികച്ചും യാദൃശ്ചികമായി….അവരുടെ മറ്റൊരു ഡിഗ്രി സഹപാഠി അഭിജിത്ത് നെ അവർ കാണുന്നത് .അഭിയും കൂടെ സുഹൃത്ത് സുജനും .എക്‌സിക്യൂട്ടീവിൽ കയറാൻ വന്ന ഇരുകൂട്ടരും അതിൻറെ കോറിഡോറിൽ കണ്ടുമുട്ടി .ഷേക്ക് ഹാൻഡ് കൊടുത്തു ഇരുകൂട്ടരും പരസ്‌പര അഭിവാദനങ്ങൾ കൈമാറി . അഭി ഒഴിച്ച് മറ്റെല്ലാവരിലും ആ കണ്ടുമുട്ടൽ വല്ലാത്ത ആനന്ദം നൽകി .

തൽക്ഷണം പുഞ്ചിരിയോടെ എഡ്‌വേഡ് ” എടാ അളിയാ അഭീ നീ ഇവിടുണ്ടായിരുന്നോ ?.നിന്നെ അന്വേഷിച്ചു കുറച്ചു ദിവസമായി ഞങ്ങൾ എത്ര അലച്ചിലായിരുന്നു എന്നറിയോ ?.നീ അപ്പോൾ ഇവിടെ ഈ ബാറിൽ സ്‌ഥിരതാമസം ആയിരുന്നോ ?. ആ കൊള്ളാം …എന്തായാലും വാ ….” ചിരിച്ചുകൊണ്ട് അടുത്തുകണ്ട വലിയ റൂമിലേക്ക് അഭിയെ അവർ ക്ഷണിച്ചു

. ” നല്ലൊരു ചരക്കിനെ കയ്യിൽ കിട്ടിയിട്ട്….തുലച്ചു കളഞ്ഞല്ലോടാ പൊന്നുമോനെ…..ഞങ്ങൾ പള്ളീന്ന് അവളുടെ കല്യാണം കഴിഞ്ഞുള്ള വരവാ….ആ അങ്ങോട്ടിരി ….” പിറകെവന്ന മറ്റാരോ ചെയർ ചൂണ്ടി അഭിയോട് പറഞ്ഞു .

വിലപിടിപ്പാർന്ന മുറിയിലെ വലിയ റൗണ്ട് റ്റേബിളിനു ചുറ്റും…കൂടിയ കുഷ്യൻ കസേരകളിൽ എല്ലാവരും അണിനിരന്നു .അവിചാരിത കണ്ടുമുട്ടലിൻറെ അതിശയത്തിൽ….സൗഹൃദവും ആഹ്ളാദവും പുതുക്കി അവർ ശബ്ദമുയർത്തി ബഹളം തുടരുമ്പോൾ , അധികം സംസാരിക്കാതെ അത്യാവശ്യത്തിനു മാത്രം മറുപടി നൽകി …ചെറുവാക്കുകളിൽ അഭി സന്തോഷം ഒതുക്കി

.അധികം വൈകാതെ റൂമിലെത്തിയ ബയറർക്ക് അഭി ഓർഡർ കൊടുത്തു . ” എനിക്ക് മൂന്ന് കെ. എഫ് , ഫുൾ സെറ്റ് സലാഡ് ,അപ്പം ,ചില്ലീചിക്കൻ…പിന്നെ ഇവരുടെ അടുത്ത് എന്താണെന്നു വച്ചാൽ ഓർഡർ എടുത്തോ ”.

എഡ്വേർഡ് ചാടിക്കേറി….” അളിയാ അഭീ നീ ഇതെന്താ ഇപ്പോഴും ഹൈസ്‌കൂളിൽ പഠിക്കുവാണോ ….ഈ കെ .എഫ് ഒക്കെ ഓർഡർ ചെയ്യാൻ ?….ഹോട്ട് തന്നെ ആവട്ട് അളിയാ…നമ്മൾ ഇത് ആദ്യം കൂടുവല്ലേ?…അപ്പോൾ ഇന്നത്തെ ചെലവ് മുഴുവൻ എൻറെ വക !. ആർക്കെങ്കിലും എതിർ അഭിപ്രായമുണ്ടോ ?,ഇല്ലേൽ ഓരോരുത്തരും അവർ അവരുടെ ഓർഡർ പറ . ” അഭിയുടെ അഭിപ്രായം വരുന്നതിനു മുൻപേതന്നെ മറ്റുള്ളവർ അഭിക്കൂടെ ചേർത്ത് , ഹോട്ട് ഡ്രിങ്ക്സിനും ഭക്ഷണത്തിനും എല്ലാം ഇഷ്‌ടാനുസരണം കല്പന നൽകി.

അല്പ സമയത്തിനുള്ളിൽ ഐശ്വര്യമാർന്ന മേശപ്പുറം വിശിഷ്‌ട പാനീയങ്ങളാലും സ്വാദിഷ്‌ട ഭക്ഷണങ്ങളാലും നിറഞ്ഞു . പ്രീമിയം ഹോട്ട് ഡ്രിങ്ക്സിനൊപ്പം സിഗരറ്റ് , സോഡാ ,വെള്ളം , ഐസ് ,ആഹാരം…മറ്റ് അനുസരണികളും വന്നു മറിഞ്ഞു . ഭീമൻ കുപ്പികളിൽ നിന്നും വലിയ ചില്ലു ഗ്ളാസ്സുകളിലേക്ക്…സ്വർണ്ണവർണ്ണ തുള്ളികൾ പുതുമഴപോലെ പെയ്‌തിറങ്ങി . അതിനോട് മാറി മാറി ചേർന്ന സോഡയും വെള്ളവും ഐസ് ക്യൂബുകളും അതിനുള്ളിൽ തുള്ളിച്ചാടി കളിച്ചു .നിറഞ്ഞു പൊന്തിയ ചഷകങ്ങളിൽ വെൺനുരകൾ പതഞ്ഞുപൊങ്ങി . അഞ്ചു കൈകൾ അതിനെ നീട്ടിയുയർത്തി ,ഗ്ളാസ്സുകളിൽ പരസ്പരം മുട്ടിച്ചു ”ചിയേഴ്സ് ”പറഞ്ഞു ….മെല്ലെ ചുണ്ടുകളോടടുപ്പിച്ചു .

ഒരു കവിൾ അകത്താക്കി , ഗ്ളാസ്സ് താഴെവച്ചു ചിറി നീട്ടി തുടച്ചു…എഡ്വേർഡ് സംസാരത്തിന് തുടക്കമിട്ടു . ” അഭി അളിയാ ഞങ്ങളെല്ലാം പരസ്‌പരം പലവട്ടം കൂടിയിട്ടുള്ളവരാ…പക്ഷെ നീയുമായി ഇത് ആദ്യമാ .എന്നിട്ടും അളിയൻ മിണ്ടാതിരിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാവും . അതിൽ ഞാൻ അളിയനെ ഒരുതരത്തിലും കുറ്റം പറയുന്നുമില്ല . എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ…..അവൾ !…ആ ഒരുമ്പെട്ടോൾ ഇന്നവിടെ മിന്നുകെട്ടി , സുഖിച്ചു ഉല്ലസിച്ചു….ആ കിഴങ്ങേശ്വരനുമായി അങ്ങ് പൊറുക്കട്ടളിയാ . നമ്മൾ അതൊന്നും കാര്യമാക്കണ്ടാ .നീ എല്ലാം അങ്ങ് വിട്….അതെല്ലാമങ്ങു മറന്നുകള അളിയാ ….’

‘ ഹരി അവനെ പിന്താങ്ങി ” ജീവിതത്തിൽ നിനക്കിനി സുഖിക്കാനും അനുഭവിക്കാനും എന്തെല്ലാം കിടക്കുന്നു , ഇങ്ങനത്തെ ”ചതിച്ചി അലവലാതി”കളെ ഓർത്തോർത്തു ഇരിക്കാതെ , അളിയൻ ” ചിയർ -അപ്പ് ” ആയി അതങ്ങ് പിടിപ്പിക്കളിയാ ”.

ബിയർ എന്ന ലഘു മദ്യത്തിൻറെ ലഹരി മാത്രം അതുവരെ അനുഭവിച്ചു അറിഞ്ഞിരുന്ന അഭി…അത് മറവിക്ക് നല്ലൊരു ഉപാധി എന്നു കണ്ട് മാത്രം ആയിരുന്നു സേവിച്ചു പോന്നിരുന്നത് . അതൊഴിച്ചു …ഹോട്ട് ഡ്രിങ്ക്സ് കഴിക്കണം എന്ന ഒരു ചിന്ത പോലും അവനിൽ ഒരിക്കലും ഏശിയിരുന്നില്ല . എന്നാൽ ഇവിടെ !….ചിരകാല സുഹൃത്തുക്കളും ആയുള്ള ആദ്യ കൂടിച്ചേരൽ , അതിനെക്കാളിലും ഏറെ മുകളിൽ തലയുയർത്തി നിൽക്കുന്ന- ഒറ്റപ്പെടലും ചതിയും അപമാനവും കൊണ്ട്- തനിക്ക് സംഭവിച്ച ആഴമേറിയ മുറിവിൻറെ നോവുകൾ …..എല്ലാം, എല്ലാംകൂടി സ്നേഹിതന്മാരുടെ പ്രേരണയിൽ കുടുങ്ങി അവർക്കൊപ്പം അവർ പറയുന്നപോലെ കഴിക്കാൻ…കുടിക്കാൻ അവനെ നിർബന്ധിതനാക്കി .

പിന്നീട് ആ സംസാരം ഷമീർ ഏറ്റെടുത്തു . ” അതുതന്നെ….അവളവിടെ മിന്നുകെട്ടി ആദ്യരാത്രി, പൊളിച്ചു സുഖിക്കുമ്പോൾ …നമ്മളിവിടെ അടിച്ചു സുഖിച്ചു മരിക്കും അത്രതന്നെ !……അവളുമാരോട് പോകാൻ പറ .”

തൊട്ടുപിറകെ വന്നു ഹരിയുടെ രോഷം ….” ശരിയാ ഷമീർ…അല്ലെങ്കിലും ഇവളുമാർ ഒറ്റയെണ്ണത്തിനെ കുടിച്ച വെള്ളത്തിൽ നമ്പാൻ കൊള്ളില്ല. അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതാ ഈ കൂത്തിച്ചികളുടെ ഒരു സ്വഭാവം !. കൂടുതൽ പണം ഉള്ളവനെ കണ്ടാൽ അപ്പോൾ പഴയതെല്ലാം മറന്ന് , അങ്ങോട്ട് ചായും .ഇത്രനാളും വല്യ ഫ്രണ്ട് ,ലവർ എന്നൊക്കെ പറഞ്ഞു കൂടെ കൊണ്ടുനടന്നു…എല്ലാ കാര്യങ്ങളും നടത്തി എടുത്തിട്ട് ഒടുക്കം ഈ പാവത്തിൻറെ അണ്ണാക്കിൽ തന്നെ കൊടുത്തില്ലേ ?അവള് ദുഷ്‌ട ”.

അങ്ങനെ….പെഗ്ഗുകൾ ഒന്നിന് പിറകെ മറ്റൊന്നായി തൊണ്ടകളിലൂടെ തുളച്ചിറങ്ങി .ലഹരി കടുത്തത് സിരകളിലൂടെ പടർന്നൊഴുകുമ്പോൾ അസംതൃപ്ത മനസ്സുകൾ അനുതാപത്തിലൂടെ പ്രതിഷേധത്തിൻറെ കനൽകാറ്റിൽ പല കൺഠങ്ങളിലൂടെ അവിടെ വെറുപ്പിൻറെയും കോപത്തിൻറെയും അഗ്നി ആളിക്കത്തിച്ചു. അഭി മാത്രം ദുഃഖം ഉൾക്കൊണ്ട് നിസ്സഹായതകളിൽ കുടുങ്ങി ഒന്നും പറയാൻ കഴിയാതെ , എല്ലാം കണ്ടും കേട്ടും തകർന്ന ഹൃദയവുമായി ലഹരിയിൽ മുഴുകി ഇരുന്നു .

ഹരിയുടെ വാക്കുകൾക്ക് എഡ്വേർഡിൻറെ ആശ്വാസമെത്തി…..” അളിയനെ ചതിച്ച ആ ലീന പന്നച്ചി മോൾക്ക് കർത്താവ് തന്നെ നേരിട്ട് നല്ല പണി കൊടുത്തുകൊള്ളും. അവളുടെ മണവാളൻ ഉണ്ടല്ലോ ….ആ പുതുപ്പണക്കാരൻ പുണ്യാളൻ….ആള് തനി പിഴയാ . കള്ളും പെണ്ണും കഞ്ചാവും എല്ലാ കന്നംതിരുവുകളുടേയും ഉസ്താദാന്നാ കേട്ടെ.അവനു വലിയ ആയുസ്സെന്നും ദൈവം കൊടുക്കില്ല…ഒന്നുകിൽ സ്വയം മരുന്നടിച്ചു ചാകും….അല്ലേൽ വല്ല ജയിലിലും കിടന്ന് ഒടുങ്ങാനാവും ആ നാറീടെ വിധി !.” ഹരി അതിനോട് യോജിച്ചു കൂട്ടിച്ചേർത്തു . ” വല്ല സിഗരറ്റോ ലിക്ക്വറോ മറ്റോ ആണെങ്കിൽ സഹിക്കാമായിരുന്നു. ഇത് നല്ല തനി ചരസ്സ് !…കൂടെ ഗുളിക, ഇഞ്ചക്ഷൻ രൂപത്തിലുള്ള എല്ലാ സ്റ്റഫ്‌സും ഉണ്ടെന്നാ അറിവ് . അവൻറെ ഒരു ഊശാൻ താടിയും ,.മരുന്നടിച്ചു ഉണങ്ങിയ ശരീരവും , ഫ്രീക്കൻസ്റ്റയിലും ഒക്കെ കണ്ടാൽ അറിയാം…തനി പോക്ക് ആണെന്ന് . വലിയ ‘’വാൻഗോഗ്’’ ആണെന്നാ വിചഹാരം !. അവൾക്ക് കിട്ടിയത് എട്ടിൻറെ പണി തന്നെയാ….”

ഷമീറും കൂട്ടിനെത്തി…..” അവളത് ചോദിച്ചു വാങ്ങിയതല്ലേ അളിയാ . വേണം അവൾക്കത് ….ഇവന് എന്തായിരുന്നു കുഴപ്പം ?. ആ തെണ്ടിയോളം പണമില്ല എന്നൊരു ഒറ്റ കുറവല്ലേ ഉണ്ടായിരുന്നുള്ളൂ . “

ഗ്ളാസ്സുകൾ നിറയുകയും ഒഴിയുകയും ചെയ്യുന്ന അനുസ്യൂയതക്ക് ഒത്തെന്നോണം….സംസാരം ചുട്ടുപഴുത്ത കുന്തമുന ആയും ചാട്ടവാറുകളായും അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി .അതിനു കൊഴുപ്പേകി എഡ്വേർഡ് തുടർന്നു…” അതൊക്കെ പോട്ടെ , നിങ്ങൾ ഒരു ‘അമ്മ പെറ്റ ‘സഹോദരീ സഹോദരർ, ബാല്യകാല സുഹൃത്തുക്കൾ ,’’തിക്ക് ഫാമിലിഫ്രെണ്ട്സ്’’ എന്നൊക്കെ…ചർവ്വിത ചർവ്വണം പോലെ നീട്ടിയും പരത്തിയും പറഞ്ഞു …തേനും പാലും ഒലിപ്പിച്ചു നടന്നിരുന്ന ഒരാൾ ഉണ്ടായിരുന്നല്ലോ?…ഇവിടെ . ”നമ്മുടെ യാങ്കി ഇ0ഗ്ളീഷ് ലെക്ച്ചറർ ”സ്മിതാ ആന്റി കൊച്ചമ്മ !. ഇവനെ കുളിപ്പിച്ച് കിടത്തിയിട്ട്…എവിടെ പോയി അവർ ?. ഈ കൊടുംചതിയിൽ അവർക്ക് എന്തായിരുന്നു റോൾ ?. ഈ കൂട്ടുകച്ചവടത്തിൽ അവർക്ക് എന്ത് കിട്ടി വിഹിതം…?. “.

എഡ്വേർഡ് അത് പറയുമ്പോൾ , അതുവരെ പൂർണ്ണമൗനത്തിൽ എല്ലാംകേട്ട് …കൂട്ടുകാർ നിറക്കുന്ന പാനപാത്രം നുകർന്നു0 കുടിച്ചും പാനീയ സേവയിൽ മുഴുകി , ലഹരിയുടെ വിസ്മയലോകത്തു അഭിരമിക്കാൻ തുടങ്ങിയ അഭി…അപ്രതീക്ഷിതമായി എഡ്വേർഡിൻറെ സ്മിതമാമിനെ കുറ്റപ്പെടുത്തിയുള്ള ”അനാവശ്യ വാക്കുകൾ ” കേട്ട് ഞെട്ടി !. ഒരുപോലെ അസഹനീയവും അവാസ്തവവുമായ ആ പ്രസ്താവനകൾ കേട്ടിരിക്കാൻ കഴിയാതെ , ഇടക്കുകയറി ഇടപെട്ടു . കുഴഞ്ഞ നാവിലെങ്കിലും അതിശക്തമായ ഭാഷയിൽ എതിർപ്പ് പ്രകടമാക്കി അവൻ പറഞ്ഞു . ” ഫ്രണ്ട്സ് !…നോ , അങ്ങനെ പറയരുത് ഒരിക്കലും…ദയവായി . ടീച്ചർക്ക് ഈ കാര്യത്തിലെങ്ങും ഒരു ബന്ധവും പങ്കുമില്ല .നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ പ്ലീസ് അവരെ ഒട്ടും കുറ്റപ്പെടുത്തി സംസാരിക്കരുത് . അവർ പഞ്ചപാവമാണ് .ഞങ്ങളെ രണ്ടുപേരെയും അകമഴിഞ്ഞു സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രമേ അവർ ചെയ്തിട്ടുള്ളൂ . ”

അഭിയുടെ വാക്കുകൾക്ക് മറുപടി എന്നോണം ഹരി ഇടക്കുകയറി…” നിന്നെ നല്ലപോലെ അറിയുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്ന ഒരാൾ…അവരുടെ ”നീസ് ”നെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചാൽ , നിനക്കൊപ്പം നിൽക്കാതെ അവളെ പണക്കാരനായ ”ഒരു അലവലാതി വേസ്റ്റിനു” കല്യാണം കഴിപ്പിക്കാൻ കൂട്ടുനിന്ന് ഒറ്റിയ അവരല്ലേ അളിയാ ശരിക്കും വഞ്ചകി ?.അവരുടെ സ്നേഹത്തിനും വാഴ്ത്തലിനും ഒക്കെ എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നോ?. നീ അതിനു മറുപടി പറ…. “.

” എന്നിട്ട് പള്ളിയിൽ മിന്നുകെട്ടിനു കാണുമ്പോൾ എന്തായിരുന്നു ഭാവം ?. ഞാൻ എല്ലാവരെയും അങ്ങ് ഉണ്ടാക്കിയല്ലോ എന്നൊരു പുച്ഛിച്ചു തൊലിഞ്ഞ ചിരിയും !. “….ഷമീറും കലിപ്പ് പുറത്തുകാട്ടി .

സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആ കണക്കുകൂട്ടലുകളും വാക്കുകളും !. അതുകൂടി കേട്ട് , എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് അഭി പൊട്ടിത്തെറിച്ചു . ലീനയോട് ചെറുപ്രായം മുതൽ താൻ കരുതി ,രഹസ്യമായി ഒളിപ്പിച്ചുവച്ച വിശുദ്ധപ്രേമം ,ഡിഗ്രിയുടെ അവസാനനാൾ ….കോളേജ്റ്റൂർ പോകുന്നവരെ തുറന്നു പറയാൻ കഴിയാതെ അനുഭവിച്ച വീർപ്പുമുട്ടലുകൾ , സ്മിതട്ടീച്ചർ എത്തിച്ചേരാതെ റ്റൂർ ദിവസങ്ങളിൽ തമ്മിലടുക്കാൻ കഴിഞ്ഞ സ്വപ്നതുല്യ ദിവസങ്ങൾ, അവയിലെ അവസാന ദിവസങ്ങളിൽ ഇഷ്‌ടം പരസ്‌പരം തുറന്നുപറയാൻ…പ്രണയം തമ്മിൽ കൈമാറാൻ കഴിഞ്ഞ അസുലഭ സൗഭാഗ്യങ്ങൾ…അതിൽനിന്നു ലഭിച്ച സ്വർഗ്ഗീയാനന്ദങ്ങൾ !. ടീച്ചറിൻറെ നിരപരാധിത്വം തെളിയിക്കാൻ അഭിക്ക് അവൻറെ” പ്രണയത്തിൻറെ ഉത്തരക്കടലാസുകൾ മുഴുവൻ” പഴയ സതീർഥ്യരുടെ തിരുമുൻപിൽ ഒന്നൊഴിയാതെ നിരയായ്‌ സമർപ്പിക്കേണ്ടി വന്നു . പ്രണയം പൂത്തുവിടർന്ന് പരിലസിച്ച ഏതോ ഹർഷോന്മാദ നിമിഷത്തിൽ മറ്റെല്ലാം മറന്ന് , തങ്ങളൊന്നായി ശാരീരിക ബന്ധത്തിൽ കടന്ന ആ ഊട്ടിഅധ്യായം ഒന്ന് ഒഴിച്ച്…..

വളരെ രോഷത്തിൽ സംസാരിച്ചു തുടങ്ങി എങ്കിലും ഇഷ്‌ടം , സ്നേഹം , വിശ്വാസം ,വാത്സല്യം ഉല്ലാസഭരിതമായ പ്രേമം , വർണ്ണങ്ങൾ കൂടിയ പ്രണയം തുടങ്ങിയവയിലൂടെ കടന്നുപോയപ്പോൾ അവൻറെ മനസ്സ് ആർദ്രവും പുളകിതവുമായി . ഒടുവിൽ ഉപസംഹരിക്കുമ്പോൾ വേദനയിലും ശാന്തമായി …” എന്താണ് ലീന ആരോടും ഒന്നും തുറന്നു പറയാതെ വീട്ടുകാരുടെ ഭീഷണിക്കുമുന്പിൽ കീഴടങ്ങി, കഴുത്തുനീട്ടി കൊടുത്തത്ത് ? . എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ഇത് മാത്രമാണ് . ഉറപ്പുള്ളത് സ്മിതാമാം ഒന്നും അറിഞ്ഞിട്ടില്ലെന്നും , ഒരു തെറ്റിനും കൂട്ടുനിൽക്കയില്ല എന്നുള്ളതിലും ആണ് .

ടീച്ചർ വിഷയത്തിൽ തിരശീല വീണെങ്കിലും….സദസ്സ് പിന്നെയും പടിപടിയായി കൊഴുത്തു മുന്നേറി . നിറഞ്ഞൊഴിയുന്ന ചഷകങ്ങൾക്ക് വേഗതയേറി….സംസാരിക്കുന്ന വിഷയങ്ങൾക്ക് വീര്യവും. പുതിയ പുതിയ വിഭവങ്ങൾക്കൊത്തു ക്ഷോഭവും അനുതാപവും ഇടകലർന്ന് ഒരുപോലെ സൽക്കാരം തീർത്തു വന്നുപോയി . മൗനത്തിൽ നിന്നുണർന്ന അഭിയുടെ പ്രതിരോധം ചടുലവും തീവ്രവും ആയിരുന്നെങ്കിലും അടുത്ത നിമിഷം അവൻ ഐസുപോൽ തണുത്തുറഞ്ഞു പോയി .മുഖത്തെ ശാന്തത , ദയനീയ….വിഷാരാർദ്ര ഭാവം അവൻറെ സ്‌ഥായീ തളർച്ചയെ ഒന്നുകൂടി വിളിച്ചോതി . അത് കണ്ടറിഞ്ഞാവണം അനുരഞ്ജന ഭാഷയിൽ എഡ്വേർഡ് സാന്ത്വനവുമായി വീണ്ടും കടന്നുവന്നു…..” അളിയാ അഭീ കുറേശ്ശെ കഴി അളിയാ….കാതു കുത്തിയവൾ പോയാൽ….കടുക്കനിട്ടവൾ വരും !….അളിയൻ സമാധാനിക്ക് . പോയവൾ പോട്ടേ …നമുക്കെല്ലാം ശരിയാക്കാമളിയാ.” .

ആ പരിശ്രമങ്ങൾ ഒന്നും പക്ഷെ ലഹരിയുടെ കനൽകട്ടയിൽ നിന്ന് കത്തിത്തുടങ്ങിയ പ്രതികാരാഗ്നികളെ തല്ലിക്കെടുത്താൻ തക്ക ശക്തിയുള്ളത് ആയിരുന്നില്ല . സിരകളിൽ ലഹരി ഉന്മാദം നിറച്ചു ….ആമോദം അണപൊട്ടി ഒഴുകുമ്പോൾ സദസ്സിൽ പ്രതിഷേധങ്ങളും പ്രകമ്പനങ്ങളും തുടർന്നു . കാലത്തു തുടങ്ങിയ കമ്പനി സായാഹ്നത്തിലേക്ക് നീണ്ടപ്പോഴും …ആസക്തി ആരിലും അത്രവലിയ മങ്ങലൊന്നും ഏൽപ്പിച്ചിരുന്നില്ല . പിന്നെ , മെല്ലെ കടന്നുവന്ന സന്ധ്യ പടിഞ്ഞാറ് കുങ്കുമംതൊട്ടു മുറിക്കുള്ളിലേക്ക് ഇരുൾ പരത്താൻ തുടങ്ങുമ്പോൾ മദോന്മതയിൽ നിമഗ്നർ ആയിരുന്ന അഭി ഒഴിച്ചുള്ളവർ കമ്പനി തീർത്തു പിൻവാങ്ങാൻ സന്നദ്ധത അറിയിച്ചു . ഉന്മാദം വിട്ടൊഴിഞ്ഞു….പിരിയാൻ തയാറാകാതെ നിന്ന അഭിയേയും സഹായത്തിനു സുജനെയും ഒരു മുറി എടുത്തു താമസിപ്പിച്ചു . നിറവയർ ഒഴിഞ്ഞ മദ്യക്കുപ്പികളും ,ചിന്നിച്ചിതറിയ എച്ചിൽപാത്രങ്ങളും, സിഗരറ്റു കുട്ടികളും ബാക്കിയാക്കി…മൂവർസംഘം മുറിവിട്ടു യാത്രയായി .

എന്നാൽ…. അതേ ദിവസം രാവിലെ തിരുമല വല്യപള്ളിയിൽ സെൻറ്‌ജോർജ്ജ് പുണ്യാളൻറെ തിരുവസതിയിൽ , റഫറൻറ് ഫാദർ കുര്യാക്കോസിൻറെ കാർമികത്വത്തിൽ നടന്ന അലീന-ഡാനിയൽ ദമ്പതിമാരുടെ മിന്നുകെട്ടും , തുടർ കർമ്മങ്ങളും ലളിതം എങ്കിലും തികച്ചും സമുന്നിതമായി തന്നെ ആഘോഷിച്ചവസാനിച്ചു . വളരെ സാധാരണ നിലയിൽ പേരിന് , ‘മനസ്സമ്മതം ” വിളിച്ചുകൂട്ടി നടത്തിയ പെൺകൂട്ടർക്ക് കല്യാണവും പെട്ടെന്ന് തീരുമാനിച്ചു ഉറപ്പിച്ചത് ആയിരുന്നതിനാൽ ….അതിവിശാലമായി അധികം ആൾക്കാരെ വിളിക്കാനും ഒത്തുകൂട്ടാനും കഴിഞ്ഞിരുന്നില്ല . ആ പരിമിതികൾ കണ്ടറിഞ്ഞ ചെറുക്കൻ കൂട്ടർക്കും കൂടുതൽ ആളുകൾ ഉണ്ടായില്ല . അലീനയുടെ അടുത്ത ബന്ധുക്കൾ കൂടാതെ , അഭി ഒഴിച്ചുള്ള ഒട്ടുമിക്ക സഹപാഠികളും സുഹൃത്തുക്കളും കല്യാണം കൊള്ളാൻ കാലേകൂട്ടി പള്ളിമേടയിൽ എത്തിയിരുന്നു .മിന്നുകെട്ടിനും അനന്തര ചടങ്ങുകൾക്കും സാക്ഷ്യം വഹിച്ചു….ഭക്ഷണവും കഴിച്ചു ആശംസകളും നേർന്നാണ് അവരെല്ലാവരും മടങ്ങിയത് .

വരൻ…ഡാനിയൽ എന്ന ഡാനി ആ നാട്ടിൽ അറിയപ്പെടുന്ന ഒരു ചിത്രകാരൻ ആയിരുന്നതിനാൽ …അവനോടൊപ്പം എത്തിയ കൂട്ടുകാരിൽ ഏറിയകൂറും ആർട്ടിസ്റ്റ്ബുജി , ന്യുജൻ എന്നൊക്കെ വിളിക്കാവുന്ന വിഭാഗത്തിൽ പെട്ടവർ ആയിരുന്നു .”വരപ്പുകാരൻ ” എന്ന ആനുകൂല്യം നല്ലളവിൽ കിട്ടിയിരുന്നതിനാൽ…അയാളുടെ ”റ്റോട്ടൽ ലുക്ക് ” ലും പെരുമാറ്റത്തിലും കണ്ട വ്യത്യസ്തത അധികം ആരിലും വല്യചിരിയും കൗതുകവും ഒന്നും വരുത്തിയില്ല . ആ നാട്ടിൽ സമ്പത്തുകൊണ്ടും കുടുംബമഹിമ കൊണ്ടും ആരാലും ബഹുമാനിക്കപ്പെടുന്ന തറവാട്ടുകാർ ആയിരുന്നു ” പുളിക്കൽ വീട്ടുകാർ ” എന്ന് അറിയപ്പെടുന്ന അലീനയുടെ കുടുംബക്കാർ . എന്നാൽ , സമ്പത്തു (പുതുപ്പണം )കൊണ്ട് അവരിൽ നിന്ന് ഏറെ മേലെ നിൽക്കുന്ന കുടുംബം ആയിരുന്നു ഡാനിയുടേത് . ഡാനിയലും അലീനയും അഭിയും ഒരേകാലത്തു ഒരേസ്‌കൂളിൽ ഒന്നിച്ചു പഠിച്ചവർ ആയിരുന്നു. സൗന്ദര്യ -സ്വഭാവ സവിശേഷതകളാൽ സ്‌കൂളിൽ എല്ലാറ്റിലും വളരെ മികച്ചുനിന്ന അലീനയെ ഡാനിയലും വളരെ രഹസ്യമായി അന്ന് സ്നേഹിച്ചിരുന്നു . ഒരുപാട് ആരാധിക്കയും ,മോഹിക്കയും അന്നേ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്ന അയാൾ പലപ്പോഴും അത് അവളെ അറിയിക്കാൻ പിറകെ നടക്കുന്നതും പതിവായിരുന്നു. എന്നാൽ അത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ…പഠനത്തിൽ മാത്രം ഏകാഗ്രത പുലർത്തിയിരുന്ന അലീന…മറ്റെല്ലാവരെയും പോലെ അവൻറെ പ്രണയാഭ്യർഥനകളും നിഷ്ക്കരുണം തള്ളുകയായിരുന്നു . പിന്നീട് കോളേജ് തലങ്ങളിൽ അവളോടൊത്തു പഠനം പങ്കിടാനോ കൂടിക്കാഴ്ചകൾക്കോ അയാൾക്ക് തീരെ കഴിഞ്ഞിരുന്നില്ല . എന്നാൽ , ആ പ്രതികാരബുദ്ധി അവനോടൊപ്പം ആലുപോലെ വളരുകയായിരുന്നു . ഒടുവിൽ സമ്പത്തിനാൽ….ആഴത്തിൽ വേരിറങ്ങിയ തൻറെ വീട്ടുകാർ മുഖേന നേരിട്ട് കല്യാണ ആലോചനയുമായി അലീനയുടെ കുടുംബക്കാരെ സമീപിക്കുമ്പോൾ….അലീന തനിക്ക് സ്വന്തമാവും എന്ന നേരിയ പ്രതീക്ഷ പോലും അയാൾക്ക് അസ്‌ഥാനത്തായിരുന്നു . പക്ഷെ അവിടെ വിധി അയാൾക്ക് ”ബമ്പർ ആയി ” ”അഭി- അലീന പ്രണയം ” ഇതൾവിടർത്തിയ പരിഭ്രാന്തിയുടെ മറവിൽ … കുടുംബക്കാരുടെ പേരിൽ….തിരക്കിട്ട് അവനിലേക്ക് പാഞ്ഞെത്തുകയായിരുന്നു. അങ്ങനെ ഡാനിയുടെ ജീവിതാഭിലാഷവും,പ്രതികാരവാശ്ചയും….സമാനരേഖയിൽ ഭാഗ്യസമ്മാനമായി ഒരുമിച്ചുവന്നു. അലീനയെ ചുളുവിൽ സ്വന്തമാക്കി ജീവിതപന്തയത്തിൽ ഒന്നാമനായി അയാൾ വിജയം വരിച്ചു .

മിന്നുകെട്ടിനും ചടങ്ങുകൾക്കും…പിന്നീട് നടന്ന റിസപ്‌ഷനിലും ഒന്നും അലീന തെല്ലും സന്തുഷ്‌ട ആയിരുന്നില്ല . വെറുതെ പുഞ്ചിരി വരുത്താൻ ശ്രമിച്ചും….അതിഥികളോടെല്ലാം കുശലാന്വേഷണ വിശേഷങ്ങൾ ചോദിച്ചഭിനയിച്ചു ഉപചാരക്രമങ്ങളിലും കർമ്മങ്ങളിലും സഹകരണം പുലർത്തി ..നല്ലൊരു കുടുമ്പക്കാരി -നടി ആയവൾ എവിടെയും നിറഞ്ഞുനിന്നു .എല്ലാ കാര്യങ്ങളിലും സ്മിത ആന്റീടെ സമയോചിത ഇടപെടലും ഉപദേശവും സ്നേഹവും കൂട്ടായിരുന്നത് അവൾക്ക് അത്യാശ്വാസം ആയിരുന്നു .
” കരമന ഗാലക്‌സി ഹോട്ടൽ ” ലെ ഡീലക്‌സ് റൂം ഒന്നിലെ മറ്റൊരു സാധാരണ പ്രഭാതം !!. റൂം നമ്പർ 108 ൽ സുഹൃത്തുക്കളാൽ പാർപ്പിക്കപ്പെട്ടു , സുഖസുഷുപ്തിയിൽ ആണ്ടുകിടന്ന അഭിയെത്തേടി കാലത്തേതന്നെ മറ്റൊരു കോളേജ്മേറ്റ് ” സുധീർഷാ എത്തി . ആദ്യവും അസുലഭവുമായ കണ്ടുമുട്ടൽ !….കൂടെ ലഹരിയോടുള്ള അടങ്ങാത്ത ആസക്തി !.അഭിയെ ഉറക്കത്തിൽ നിന്നും ഉടൻ എണീപ്പിച്ചു …അല്പവും വിമുഖത പുലർത്താതെ , ശീഘ്ര0 പോയി പ്രഭാതകൃത്യം കഴിച്ചു വരാൻ പ്രേരണ നൽകി . പരസ്‌പര വിശേഷങ്ങൾ നിരത്തുന്നതിലും മുന്നേ , മുന്നിൽ മൂന്ന് ഗ്ളാസ്സുകൾ നിരനിരന്നു . മിച്ചമുണ്ടായിരുന്ന തലേന്നത്തെ മദ്യം കൃത്യമായി അതിൽ പകർന്നു . സിഗരറ്റുകൾ ചുണ്ടുകളിൽ കുത്തിനിർത്തി തിരി കൊടുത്തു . അകത്തേക്കൊന്ന് ആഞ്ഞുവലിച്ചു പുകയെടുത്തു പുറത്തേക്ക് വലിച്ചൂതി വിട്ട് , മൂവരും നിറഗ്ളാസ്സ് മെല്ലെ മോന്തി . സംസാരം തലേദിവസത്തെ ” അലീനാ കല്യാണ ”ത്തിലേക്ക് തന്നെ കറങ്ങി വന്നു . ”പോസ്റ്റുമോർട്ടവും ” കണക്കെടുപ്പ് ” ഉം പതിവുപോലെ വീണ്ടും ശബ്ദഘോഷ”ങ്ങളായ് അവിടെല്ലാം നിറഞ്ഞു മുഴങ്ങി .മറുപടിക്കും പ്രതിവാദങ്ങൾക്കും അഭി അശക്തനും ക്ഷീണിതനുമായിരുന്നു . മൗനമായ് അവിരാമം പെഗ്ഗ് വിഴുങ്ങുന്നതിൽ മാത്രം ശ്രദ്ധാലുവായി . ഉള്ളത് കഴിഞ്ഞപ്പോൾ സുജൻവശം പണം കൊടുത്തുവിട്ട് പുതിയ ”ഫുള്ള് ”ഉം ഭക്ഷണവും വരുത്തിച്ചു . അതും അഭി അതിവേഗം ഒഴിച്ചടിച്ചു ലഹരിയിലേക്ക് മുങ്ങി ബഹുദൂരം മുന്നിലായി . അപ്പോഴും അവനോട് മത്സരിച്ചു അരികിൽ ഓടിയെത്താൻ സുജനും ഷായും ഒരുപാട് കഷ്‌ടപ്പെട്ടു . ഉച്ചയായപ്പോൾ ….മദ്യത്തോടൊപ്പം വരുത്തിയ ഊണും കഴിച്ചു മദോന്മത്തരായി മൂന്നുപേരും മൂന്നിടത്തു ചരിഞ്ഞു .

നേരം ”മദ്ധ്യാഹ്നം ” കഴിഞ്ഞു സായാഹ്നത്തിൽ ” എത്തിയപ്പോൾ ” പൂസ് ” മാറി എണീറ്റ ‘ഷാ ‘, അത്യാവശ്യങ്ങളുടെ ന്യായം പറഞ്ഞു വേദി വിട്ടു ,ഒപ്പം സുജനും .സായന്തനം കൈവെടിഞ്ഞു സമയം നിശയിലേക്ക് ചാഞ്ഞപ്പോൾ ….’ഫിറ്റ് ‘കുറഞ്ഞു ബോധമണ്ഡലം കടന്നാക്രമണം തുടങ്ങിയ അഭി എണീറ്റു . ‘തുള്ളി അവശേഷിപ്പിക്കാതെ കുപ്പികൾ ഗർഭം ഉപേക്ഷിച്ചു മടങ്ങിയിരിക്കുന്നു . പ്രജ്‌ഞ വീണ്ടും നേരത്തേയും കാലത്തേയും ഓർമ്മകളിലൂടെ വല്ലാതെ നടത്തിച്ചു . ഒരു രാത്രിയും രണ്ട് പകലും താണ്ടി , സമയം അടുത്ത രാത്രിയിലേക്ക് തൻറെ ജൈത്രയാത്ര സുഖകരമായി തുടരുന്നു . വിൽസ് ചുണ്ടിൽ തിരുകി തീ പിടിപ്പിച്ചു അഭി , അലസമായ് പുക പുറത്തേക്ക് ഊതിവിട്ട്….ജനാലയിലൂടെ കട്ടഇരുട്ടിനെ നോക്കി ആസ്വദിച്ചു. സിഗററ്റിനൊപ്പം ചിന്തയും വല്ലാതെ പുകഞ്ഞു കത്തി !. ” അച്ഛൻ , ‘അമ്മ , ശ്രീക്കുട്ടി ”….ഓർമ്മകൾ വേട്ടയാടൽ തുടരുമ്പോൾ , ഏകാന്തതയും വിരസതയും ചങ്ങാതിമാരായി . വീർപ്പുമുട്ടൽ അന്യായമായി ഇരട്ടിപ്പിച്ചു . യാന്ത്രികമായ് മുന്നോട്ടുവച്ച പാദങ്ങൾ, മുറിപൂട്ടിഅയാളെ താഴെ ബാറിൻറെ പടിവാതിലിൽ എത്തിച്ചു .

വീർപ്പുമുട്ടലുകളെ മറവിയിലേക്ക് കുടിയേറ്റാൻ…..മങ്ങിയ വെളിച്ചം ശ്വാസം മുട്ടിക്കുന്ന ആൾക്കൂട്ടത്തിൻറെ നിഗൂഡതകളിലേക്ക് അറിയാതെ അവൻ അടിവച്ചു . പിന്നെ , കൂട്ടങ്ങളിൽ ഒരു പ്രകാശ ബിന്ദുവായി സ്വയം അതിൽ ചെന്ന്ചേർന്ന് അലിഞ്ഞു . സ്‌ഫടിക ചതുരത്തിലെ ആസക്തിയുടെ അഗ്നിനാളങ്ങൾ അനന്തമാർന്ന കവിതയുടെ അപരിമേയ ലഹരിയായ് അന്നനാളങ്ങളിലേക്ക് ആഴ്ന്നിറങ്ങി !. ഉന്മാദവുമായ് രാപ്പകലുകൾ നീണ്ട നിരന്തര ചങ്ങാത്തം അവനിലെ ഇന്ദ്രിയങ്ങളെ , ഞരമ്പുകളെ …ഒട്ടധികം മാറ്റുകയും..മറയ്ക്കുകയും കവരുകയും മുകരുകയും ഒക്കെ ചെയ്യാൻ തുടങ്ങിയിരുന്നു . എങ്കിലും , അവനിൽ എഴുന്നുനിന്ന ”പ്രജ്ഞ”യെ ഒന്ന് തലോടി നശിപ്പിക്കാൻ അതിലെ ഒരുതുള്ളി ദ്രവത്തിനു പോലും കഴിഞ്ഞില്ല .മസ്തിഷ്‌കത്തിൽ മരവിപ്പ് തൽസ്‌ഥാനം വീണ്ടെടുത്തപ്പോൾ , കയ്യിൽ അവശേഷിച്ച മദ്യം മോന്തി അഭി എണീറ്റു . വർണ്ണപാനീയങ്ങളുടെ ഭ്രമിപ്പിക്കുന്ന ….ശബ്ദഘോഷ വിസ്മയ ലോകത്തു നിന്നും ….പിൻവാങ്ങി , കുഴഞ്ഞ കാൽവയ്പുകളോടെ വേച്ചു പതിയെ പുറത്തേക്ക്.

പിന്നെ ഷെഡ്‌ഡിലെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരേ യാഥാർഥ്യങ്ങളുടെ ” തനി ” പ്രപഞ്ചത്തിലേക്ക്….മത്സരങ്ങളുടെ ” രാജപത്ഥങ്ങ”ളിലൂടെ കുതിച്ചു നീങ്ങി. എല്ലാം എവിടെങ്കിലും ചെന്ന് ഒന്നായി തട്ടിതകർന്ന് ഒടുങ്ങട്ടെ… ..എന്നമട്ടിൽ , വെട്ടിയും തിരിച്ചും …ചരിച്ചും വളച്ചും രാതിയിലെ യാത്രികർക്ക് മുഴുവൻ ഭീഷണിയായി , ഒരു പകപോക്കൽ പോലവൻ വണ്ടി പായിച്ചു . എതിരെ വരുന്ന വാഹനങ്ങൾ മുഴക്കിയ കടുത്ത ഹോൺഒച്ചയും, മിന്നിച്ച അതിശക്ത പ്രകാശവും പുല്ലുപോലെ അവഗണിച്ചവൻ ചീറി പാഞ്ഞു .ഒടുവിൽ ….എല്ലാ ചീത്ത വിളികളും ആക്രോശങ്ങളും അതിജീവിച്ചു അവൻറെ വിശ്വസ്തനായ ”ഇരുചക്ര അനുചരൻ ” അഭിയെ സുരക്ഷിതമായി …ആരാമത്തിൻറെ പടിക്കൽ കൊണ്ടെത്തിച്ചു തൻറെ നന്ദിയും കൂറും കാട്ടി .

യാന്ത്രികത !…….അഭിയെ പിന്നെയും മുന്നോട്ട് നയിച്ചു . ‘ബൈക്ക് ‘ ഒതുക്കിവച്ചു, കോളിംഗ്ബെൽ കേട്ട് തുറക്കപ്പെട്ട വാതിൽ തിരിച്ചു തുറന്ന് …ഹാളിലേക്ക് പ്രവേശിക്കുമ്പോൾ സമയം വളരെ അതിക്രമിച്ചിരുന്നു . ആയതിനാൽ …ഒരു ”നിഴൽ അനക്കം ” പോലും പ്രതീക്ഷിക്കാതിരുന്നിടത്തു ,പതിവിന് വിപരീതം തന്നെ സ്വാഗതം ചെയ്ത ഇരുജോഡി കണ്ണുകൾ അവനെ ശരിക്കു ഞെട്ടിച്ചു . അച്ഛനും അമ്മയും…തൊട്ടു മുന്നിൽ !!….കുറച്ചു അകലെ മാറി, കഷ്‌ടക്കാലത്തിനു കെട്ടിപ്പോയ പെങ്ങൾ അഭിരാമി വേറേയും !. നാല് കണ്ണുകൾക്കപ്പുറം അച്ഛൻറെ രൂഷനോട്ടം…സ്തബ്ധനാക്കുന്നു, ഒറ്റ നോക്കിൽ !. ഒക്കെയും കണ്ടില്ലെന്ന് നടിച്ചു , പയ്യെ പടിക്കെട്ടുകൾ ഏറി അവൻ മുന്നോട്ട് ആഞ്ഞതും….പെറ്റമ്മയുടെ ദയനീയത , ചിലമ്പിച്ച ശബ്ദമായി അവൻറെ ഇരുകാതുകളെ നടുക്കി !.

” അഭീ മോനേ …നീ ഇവിടുന്ന് എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് എത്ര നാളായെടാ !. ‘അമ്മ ഉണ്ടാക്കുന്നതൊക്കെ എന്നും നിനക്കായി മാറ്റിവച്ചു പിറ്റേന്ന് എടുത്തുകളയും . നിനക്കത് വേണ്ടെങ്കിൽ നീ കഴിക്കണ്ടാ . ഇന്ന് മോൻറെ ചേച്ചി മോനെ കാണാനാ വന്നത് . അവൾ നിനക്ക് ഉണ്ടാക്കിയതെങ്കിലും ഒരു പിടി കഴിച്ചിട്ടു പോയി കിടന്നുറങ്ങു മോനേ.”

ആ മാതൃഹൃദയത്തിൻറെ തേങ്ങൽ….ഒന്നാകെ അഭിയെ ഞെട്ടിത്തരിപ്പിച്ചു .എങ്കിലും ഒരു മറുപടിയും പറയാൻ കഴിയാതെ , എല്ലാം സഹിച്ചവൻ മുന്നോട്ട് നടക്കുമ്പോൾ…അമ്മയുടെ വാക്കുകൾ ഒരു അശരീരി പോലെ അവനെ പിന്തുടർന്നു .

” അഭി , നീ ഇത് എന്തുഭാവിച്ചാ ?…ആർക്ക് വേണ്ടിയാ ?…ഈ പാവം വയസ്സരെ തോൽപ്പിക്കാനാണോ ?…ഇങ്ങനൊക്കെ…പറ മോനേ ?. ” നിസ്സഹായയായ ആ ‘അമ്മ കരഞ്ഞു തുടങ്ങിയിരുന്നു .

അത് അറിഞ്ഞാവണം , പിറകെ കടന്നുവന്ന പ്രഭാകരൻ നായരുടെ വാക്കുകൾക്ക് അതിലേറെ മൂർച്ചയായിരുന്നു . ” വേണ്ട അമ്മിണി , നീ ഇത് എന്തറിഞ്ഞിട്ടാ ?….അവൻറെ മനസ്സും വയറും ഒക്കെ നിറഞ്ഞുകവിഞ്ഞു വീർത്തു മുട്ടി ഇരിക്കുവാ….കൂട്ടുകാരുടെ സ്നേഹവും…പരിപോഷണവും ഒക്കെകൊണ്ട് !. ഒരു വറ്റു, താഴോട്ട് അവനിറങ്ങുമോ ?…നമ്മളുണ്ടാക്കുന്നത് കഴിക്കാൻ . അല്ലെങ്കിലും നമ്മൾ പറയുന്നത് കേൾക്കാൻ എന്തെങ്കിലും ഒരു ബോധം !…അവന് എപ്പോഴെങ്കിലും ഉണ്ടോ ?. കൂട്ടുകാരല്ലേ അവനു സർവ്വസവും !. ”

” അങ്ങനൊന്നുമില്ല…അതൊക്കെ നിങ്ങടെ തോന്നലാ . അഭിമോൻ അവൻറെ മനസ്സിൻറെ വിഷമം കൊണ്ട് കഴിക്കാത്തതാ .എല്ലാം ശരിയാവും !. ” അമ്മിണി അയാളെ തിരുത്താൻ ശ്രമിച്ചു ..

” മനസ്സിൻറെ വിഷമം കൊണ്ട് ആണോടീ ഇങ്ങനെ വെളിവും തെളിവും ഇല്ലാതെ നടക്കുന്നത് ?. അവൻ ഇഷ്‌ടപ്പെട്ട പെണ്ണ് വേറെ ആരുടെയോ കൂടെ പോയി . അതിന് അവനെന്തിനാ ഇങ്ങനെ ലക്കുകെട്ട് നടക്കുന്നെ ?. ” നായരുടെ സംസാരത്തിനു മൂർച്ച കൂടി .

അമ്മിണി അനുനയത്തിൻറെ ഭാഷയിൽ ….”’ മോൻ കുഞ്ഞുന്നാള് മുതലേ സ്നേഹിച്ചു…മനസ്സിൽ കൊണ്ടുനടന്നതാ , അപ്പോൾ ഇങ്ങനൊക്കെ സംഭവിച്ചാൽ ആർക്കായാലും കുറച്ചു വിഷമം ഒക്കെ വരും !. അതിനു പക്ഷെ മോൻ പട്ടിണി കിടക്കുന്നത് എന്തിനാ ?…നേരത്തിനും കാലത്തിനും എന്തേലും കഴിച്ചിട്ട് നടക്കെടാ …..”

” ഉപദേശവും ആശ്വസിപ്പിക്കലും എല്ലാം നല്ലതുതന്നെ !. പക്ഷെ ഇപ്പോഴല്ല , നേരം വെളുക്കട്ടെ . അപ്പോൾ എന്തേലും ”വെളിവ് ” ഉണ്ടെങ്കിൽ പ്രസംഗിച്ചുനോക്ക് . മനസ്സുണ്ടെങ്കിൽ കേൾക്കട്ടെ !. ഇപ്പോൾ ചോറിൽ വെള്ളം ഒഴിച്ചിട്ട് പോയികിടന്നു ഉറങ്ങാൻ നോക്ക് . അസുഖം ഒക്കേ ഉള്ളയാളല്ലേ?…ഉറക്കമൊഴിഞ്ഞു വെറുതെ ആരോഗ്യം കൂടി കളയണ്ടാ. പൊന്നുമോനും പോയി കിടന്ന് ഉറങ്ങിക്കോ …ശല്യപ്പെടുത്തിയതിൽ മാപ്പാക്കുക . എന്തായാലും അപകടം ഒന്നും കൂടാതെ , സത്രത്തിൽ മടങ്ങി എത്തിച്ചേർന്നല്ലോ ….ദൈവത്തിന് സ്‌തുതി !….ഉം പൊക്കോ …”

പരിഹാസ്യത്തിൽ പൊതിഞ്ഞ അച്ഛൻറെ ” ശരമുന ”യാലുള്ള കടുത്ത വാക്കുകൾ മുഴുവൻ അഭി നമ്രശീർഷനായി നിന്ന് ശ്രവിച്ചു.കുറ്റബോധം കുന്നുകൂടിയ മനസ്സിനെ താതൻറെ കാൽക്കീഴിൽ സമർപ്പിച്ചു, ആയിരം നാവിൻറെ മറുപടി ,മൗനത്തിൻറെ വാല്മീകത്തിൽ ഒളിപ്പിച്ചു…നിസ്സഹായതയിൽ തകർന്ന ഹൃദയവുമായി… ഭവ്യനായി അവൻ പടി കയറി. പിന്നെ സമാശ്വാസത്തിൻറെ ഉയരത്തിലേക്ക്…. ചവിട്ടുപടികൾ പിന്നിട്ട് …തൻറെ സ്വകാര്യതയിലേക്ക്….സ്വന്തം മുറിയിലേക്ക് അയാൾ കൂടേറി .

പുതിയ പ്രഭാതം അതിൻറെ എല്ലാ നൈസ്സർഗീയതയോടും ശാന്തതയോടും ”ആരാമം” വീടിൻറെ തിരുമുറ്റത്ത് വെയിൽകോലം കളമെഴുതി .അതികാലത്തെ ഉറക്കമുണർന്ന വീട്ടിലെ എല്ലാവരും സ്വന്തം കർമ്മപഥങ്ങളിൽ വ്യാപൃതരായി . പക്ഷെ മുകൾനിലയിലെ പഞ്ഞിമെത്തയിൽ മതിമറന്ന് ഉറക്കത്തിൽ ആണ്ടുകിടന്ന അഭിക്കുട്ടനെ ഉണർത്താൻ പ്രകൃതി സ്വയം പരിശ്രമിച്ചു ഇറങ്ങേണ്ടി വന്നു . ആദിത്യൻ തൻറെ സ്നേഹകടാക്ഷം വെള്ളിച്ചില്ലുയർത്തി ,മുഖത്തു പതിപ്പിച്ചപ്പോൾ അറിയാതെ അവൻ കണ്ണ് ചിമ്മിത്തുറന്നു . സൂര്യപ്രകാശത്തിന് അസാധാരണ ചൂടും തിളക്കവും !. സമയം ഏറെയായി കാണണം . മേശപ്പുറത്തിരുന്ന ”ഡൈംപീസ്” കയ്യെത്തി എടുത്ത് നേരെവച്ചു നോക്കി . അഭി ഞെട്ടിപ്പോയി !. സമയം പത്തര കഴിഞ്ഞിരിക്കുന്നു . വെറുതെ ചിലവഴിച്ചു പാഴാക്കിക്കളഞ്ഞ കഴിഞ്ഞ ദിവസങ്ങളിലെ ദയനീയമുഹൂർത്തങ്ങൾ ആ എരിവേനലിലും ചുമ്മാതെ വേദന പടർത്തി…ചാട്ടവാറടി തുടർന്നു . കർണ്ണപുടങ്ങളിൽ അസ്തമിക്കാതെ നിറഞ്ഞു നിന്നതു മുഴുവൻ …കഴിഞ്ഞ രാത്രിയിലെ അച്ഛൻറെയും അമ്മയുടെയും വാക്കുകളുടെ ഇടിമുഴക്കം !. കാഴ്ചയിൽ മറയാതെ ജ്വലിച്ചത് നിറയെ ബോംബെയിൽ നിന്ന് തന്നെ കാണാനായി എത്തിയ പ്രിയ സഹോദരിയുടെ ദാരുണ വദനം !. അമിത മദ്യപാനത്തിൻറെ ആഖാതത്തിനും മനസ്സിൻറെ തകർച്ചക്കും ഒപ്പം കുറ്റബോധത്തിൻറെ ആഴമേറിയ ”നീറ്റലുകൾ”….നെഞ്ഞിൽ നെരിപ്പോടായ് കത്തിയെരിയാൻ തുടങ്ങിയപ്പോൾ കട്ടിൽവിട്ട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല ,അഭിക്ക് . വീടും കുടുബവും സ്വന്തം അസ്തിത്വത്തിൻറെ ഭാഗമായ് കരുതി അഭിമാനം പൂണ്ട് അഹങ്കരിച്ചിരുന്ന താനിപ്പോൾ എവിടെ ?…. ഇനി എങ്ങനെ മുന്നോട്ട് ?….തൻറെ ഭാവി….അടുത്ത ജീവിതം…എല്ലാം ചോദ്യചിഹ്നങ്ങലായി മുന്നിൽ തലയുയർത്തി നിന്നപ്പോൾ …മുന്നോട്ടു നീങ്ങാൻ വഴിയറിയാതെ അവൻ ഇടറി . കുമിഞ്ഞുകൂടിയ സന്ദേഹങ്ങളും കൂടിക്കുഴഞ്ഞ ചിന്താ ഭാരവും കെട്ടിപ്പിണഞ്ഞു കുരുക്കഴിക്കാൻ ആകാതെ , ആകുലതകിൽ ഉഴറുമ്പോൾ ….മുന്നിൽ ചാരിക്കിടന്ന വാതിൽ തുറന്ന് ആരോ വരുന്ന നിഴൽ കണ്ടു .

മറ്റാരും അല്ല !…പതിവുപോലെ പുലർച്ചയിൽ എപ്പോഴോ അമ്പലത്തിൽ പോയി തൊഴുത് മടങ്ങിവരുന്ന തൻറെ പ്രിയപ്പെട്ട ശ്രീമോളുടെ പൂർണ്ണേന്തുരൂപം !. അഭി അവളെ അഭിമുഖീകരിക്കാൻ ആവാതെ അകലേക്ക് എങ്ങോ കള്ള നോട്ടമെറിഞ്ഞു . തന്നോടുള്ള മനോഭാവത്തിൽ , അവളിലെ പകിട്ട് നന്നേ കുറയുന്നത് അവൻ വിലയിരുത്തി. പഴയ പുഞ്ചിരിയും ചുറുചുറുക്കും കുസൃതീഭാവവും തീരെയില്ല . വേഷഭൂഷാദിയും പ്രസാദാത്മകതയും ഒന്നും ഒട്ടുമില്ല . ആകെ ഒരു അലസ വിരസ വിഷാദാത്മക ഭാവം !. താൻ ഒരാൾ കാരണം എല്ലാവരും തന്നെപ്പോലായി , തകർച്ച നേരിട്ട് …കാലിടറുകയാണോ ?. അരുത് !…പാടില്ല !. ഇനി അങ്ങോട്ട് ഒരു മടക്കം വേണ്ടാ .ഇവിടം വിട്ട്…മറ്റ് എങ്ങോട്ടെങ്കിലും സ്‌ഥലംവിട്ട് എന്നെന്നേക്കുമായി പോകുക . ആരുടേയും ഒരു ദുഖത്തിനും സാക്ഷിയാവാൻ തനിക്കിനി വയ്യ !. തൻറെ ദുഃഖം ദർശിക്കാൻ മറ്റാർക്കും ഇനി അവസരവും നൽകില്ല . ഒന്നിനും പരിഹാരവും അവസാനവും ആകാത്ത മദ്യപാന കുറുക്കുവഴിയും ഇനി വേണ്ട !. എല്ലാം ഇവിടം കൊണ്ട് തീരട്ടെ . സകലതും ഇവിടെ നിർത്തി ..ഇട്ടെറിഞ്ഞു പോവുകതന്നെ ഇത്രേയുള്ളൂ തനിക്കിനി ഇവർക്കായി ചെയ്യാൻ കഴിയുന്ന നീതി .കൂട്ടക്കുരുക്കുകളിൽ നിന്ന് അഭിയുടെ ചിന്ത ദൃഡനിശ്ചയത്തിലേക്ക് തീരുമാനം ഉറപ്പിക്കുമ്പോൾ …അഭിയുടെ വേഷവും രൂപവും കണ്ട് , സഹികെട്ട് മൗനം ഭജിച്ചു ശ്രീ ,

” കഴിഞ്ഞൊരു ദിവസം ഞാൻ ഏട്ടനോട് എന്തോ പറയുന്ന കേട്ടിട്ട് …ഏട്ടൻ പിന്നെ ആ ദിവസം ഇങ്ങോട്ട് മടങ്ങി വന്നതു കൂടിയില്ല . ഞാനിനി ഏട്ടനോട് അതുകൊണ്ട് ഒന്നും പറയണ്ടാ എന്നു വച്ചിരുന്നതാണ് .ഏട്ടന് ഇഷ്‌ടമുള്ളതൊക്കെ ചെയ്തോളൂ .പക്ഷെ ഈ വേഷം !…ഈ താടിയും മുടിയും ഇങ്ങനെ നീട്ടിവളർത്തി , ഒരു ദേവദാസൻ ആവാനാണോ?…ഏട്ടൻറെ പരിപാടി. അമ്മായിക്കും ചേച്ചിക്കും ഏട്ടനെ ഓർത്തിനി കരയാൻ കണ്ണുനീരില്ല .അമ്മാവൻറെ കാര്യമാണേൽ അതിലും കഷ്‌ടമാ . ”…..

അവൾ പിന്നെയും എന്തെല്ലാമോ പറഞ്ഞു. അതിൽ എന്തൊക്കെയോ അവൻ കേട്ടു . എന്തിലേക്കെയോ ചിന്ത അവനെ കുരുക്കിലിട്ടു .അവളുടെ പറച്ചിലിൽ അവളും ഈ അവസ്‌ഥയെ നേരിട്ട് പോകൂന്നതിൽ അവനെ അസ്വസ്‌ഥത ഉണ്ടാക്കി . ഒപ്പം ..ഒക്കെ പറയുമ്പോഴും അവളുടെ കാതരമിഴികൾ നിറഞ്ഞു തുളുമ്പുന്നതും ..അവനെ കാണിക്കാതെ എങ്ങനെയോ സ്വയം അവളത് തുടച്ചു നീക്കുന്നതും അവൻ മനസ്സിലാക്കി . ആ കാഴ്ചയും അറിവും അവനെ സ്തബ്ധനാക്കുന്നതായിരുന്നു . അമ്മയെയും ചേച്ചിയെയും പോലെ ഇനി , ശ്രീക്കുട്ടിയുടെ മിഴികളും നിറയുക !. സഹിക്കാവുന്നതിലും അപ്പുറമാണ് തനിക്ക് അത് . മുറപ്പെണ്ണ് എന്നതിനപ്പുറം അവൾ …തനിക്ക് കുഞ്ഞനിയത്തിയും ബാല്യകാല കൂട്ടുകാരിയും എല്ലാം എല്ലാമാണ് !. എന്നും തന്നോട് ഇഷ്‌ടവും സ്നേഹവും പുലർത്തി …ആരാധനയോടെ മാത്രം കണ്ടിരുന്ന അവളോട് തിരികെ , മുറപ്പെണ്ണ് എന്ന നിലയിലുള്ള പ്രേമമോ താൽപര്യമോ ഒരിക്കലും തോന്നിയിരുന്നില്ല . എങ്കിലും , ഒരു ഇളയ സഹോദരി യുടെ സ്‌ഥാനം മനസ്സിൽ കൽപ്പിച്ചുകൊടുത്തു എന്നും താനവളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . ആ അവളുടെ കൂടി കണ്ണീർ !..കാണുക . കണ്ണീരിൽ കുതിർന്ന ശ്രീയുടെ വാക്കുകൾക്ക് പകരം നൽകാൻ ജീവൻ ഇല്ലാതെ , കിടക്ക വിട്ട് എണീറ്റ് അഭി , കുനിഞ്ഞ ശിരസ്സും ഹൃദയവുമായി …ബാത്ത്റൂമിൽ കയറി വാതിലടച്ചു . പുറത്തിറങ്ങാൻ കുറെയധികം വൈകി . വൈകിയിറങ്ങി …..സമയമെടുത്തു ഡ്രസ്സ് മാറുമ്പോഴും ഒക്കെ….. മാറാതെ , ”ശ്രീമോൾ ” അവിടെത്തന്നെ ഒറ്റ നിൽപ്പാണ് . മടുപ്പിക്കുന്ന വൈകലിൽ അവളുടെ ”പിൻവാങ്ങൽ ” പ്രതീക്ഷിച്ചിരുന്ന അഭി , അവസാനം അവളെ അവഗണിച്ചു , പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ….പതിയെ ശ്രീക്കുട്ടി ….മേശപ്പുറത്തു അടച്ചുവച്ചിരുന്ന ടിഫിൻ പാത്രം ചൂണ്ടിക്കാട്ടി….

” അഭിയേട്ടാ ഈ കാപ്പിയെങ്കിലും കുടിച്ചിട്ട് ….” ശ്രീയുടെ വാക്കുകൾ പൂർത്തിയാകുമ്പോഴേക്കും അയാൾ അത് കഴിക്കാൻ തുടങ്ങി. മിനിട്ടുകൾക്കകം കഴിച്ചുതീർത്തു കൈകഴുകി, താഴെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ….സിറ്റൗട്ടിൽ നിന്ന് പ്രഭാകരൻ നായർ അവനു നേരെ വിരൽചൂണ്ടി കല്പിച്ചു .
” എന്നത്തേയും പോലെ അസമയത്തു കുടിച്ചു കൂത്താടി വരാനാണ് പ്ളാൻ എങ്കിൽ , തിരികെ ഇങ്ങോട്ട് വരണം എന്നില്ല !. ചങ്ങാതിമാരുടെ വീടോ വല്ല ലോഡ്‌ജോ നോക്കുന്നതാവും ഭംഗി !. തോന്നുമ്പോൾ കയറി വരാനും പോകാനും ഇത് ആരുടേയും അച്ചിവീടൊന്നും അല്ല !. പറഞ്ഞില്ലെന്നു വേണ്ട !.” തിരിഞ്ഞുനോക്കാതെ അഭി ബൈക്കെടുത്തു മുന്നോട്ട് കുതിച്ചു .

അഭിയുടെ ഈ യാത്ര….തികച്ചും ഒരു രക്ഷപെടൽ മാത്രമായിരുന്നു . എല്ലാത്തിൽ നിന്നും തീർത്തും മോചനം തേടി , പ്രത്യേക ഉദ്ദേശലക്ഷ്യങ്ങൾ ഒന്നുമില്ലാതെ….വെറും ഒരു അലക്ഷ്യ യാത്ര !. നാടിനെ അറിയാൻ ….എല്ലാം മറക്കാൻ ….തന്നെത്തന്നെ മാറ്റാൻ …സർവ്വവും മാറ്റിമറിക്കാൻ…. തലസ്‌ഥാന നഗരിയിലൂടെ ഒരു പ്രദക്ഷിണയാത്ര !. അതിനാൽ ഒരു തയ്യാറെടുപ്പും കൂടാതെ , യാത്ര ആസ്വദിച്ചു…പതിയെ നഗരത്തിൻറെ രാജവീഥികളിലൂടെ വണ്ടി ഓടിച്ചവൻ തലസ്‌ഥാനം മുഴുവൻ ചുറ്റി . ചില ഇടങ്ങളിൽ എത്തിയപ്പോൾ , ബൈക്ക് മാറ്റിവച്ചു ഏകനായി അലഞ്ഞുതിരിഞ്ഞു നടന്നു . എവിടെയും ജനബാഹുല്യം മാത്രം !. തിക്കിത്തിരക്കു നിറഞ്ഞ ചന്തകളും സിനിമാശാലകളും ഒഴിവാക്കി . മനോഹരമായ ഉദ്യാനങ്ങളിലെയും …വിശാലമാർന്ന കാഴ്ച ബംഗ്ളാവുകളിലെയും പച്ച തണൽ വിരിപ്പുകളിലും , സിമൻറ് ബഞ്ചുകളിലും തളർന്നിരുന്ന് തണുത്ത കാറ്റിൻറ നനുത്ത സുഖം ആസ്വദിച്ചു . കൂടെ …നഗരവൃത്തത്തിനുള്ളിലെ കൊച്ചുകാടും , ജലാശയങ്ങളും പക്ഷിമൃഗാദികളും ഇടകലർന്ന ദൃശ്യ -ശ്രവ്യ പ്രകൃതി സൗന്ദര്യങ്ങളും ആവോളം ആസ്വദിച്ചു കൊണ്ടെറിഞ്ഞു . പിന്നെ , ചിത്രശാലകളും…ശാസ്ത്ര-ചരിത്ര കലാശാലകളും ,ഗവേഷണ കേന്ദ്രങ്ങളിലും നയനസുഖം ആസ്വദിച്ചു നേരം കളഞ്ഞു . അവിടെവിടേയും ഏകാന്തതയുടെ പവിഴത്തുരുത്തുകൾ പ്രത്യക്ഷമായപ്പോൾ…അവിടുന്ന് നീങ്ങി പുസ്തകച്ചന്തകളിൽ വെറുതെ അലഞ്ഞു . ഇടക്ക് , വായനയുടെ സ്വർഗ്ഗീയത തേടി , പൊതു വായനശാലയുടെ വലിയ ഇടങ്ങളിൽ സമയം ചിലവിട്ടു . വൈകുന്നേരം എത്തിയപ്പോൾ എവിടെയും തിക്കുംതിരക്കും ബഹളവും കൂടി. വഴിവാണിഭക്കാർ കയ്യടക്കിയ നടപ്പാതകളും വ്യാപാരമേളകൾ തിമിർത്താടുന്ന തെരുവോരങ്ങളും ഓട്ടപ്രദക്ഷിണം ചെയ്തു മടങ്ങി . തിരക്ക് , നഗരത്തെ ഒന്നായ് വിഴുങ്ങാൻ തുടങ്ങിയപ്പോൾ ….അവിടവും ഒഴിവാക്കി , പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന….നീലതിരമാലകൾ കരയെ ചുംബിച്ചു നർത്തനം തുടരുന്ന പ്രശസ്‌ത കടൽത്തീരം ” ശംഖുമുഖ”ത്തിൻറെ മടിത്തട്ടിൽ എത്തി .
സായന്തനം ചന്ദ്രികയാൽ കളമെഴുതുന്ന ലാവണ്യതീരത്തു , ഏകാകിയുടെ സ്വർഗ്ഗീയതയും കടപ്പുറത്തിൻറെ അപൂർവ്വ സൗകുമാര്യവും ഒരുമിച്ച് ആസ്വദിച്ചു ഏതോ ഒരു മൺകോണിൽ അഭയംകൊണ്ടു . എന്നാൽ…അവിടെയും അയാളെ സ്വാഗതം ചെയ്‌തു ആനയിച്ചത് മുഴുവൻ , നഗരത്തിലെ മറ്റു പല ഇടങ്ങളെയും പോലെ ഒറ്റതിരിഞ്ഞും …അല്ലാതെയും , കൈകോർത്തു പിടിച്ചും മുട്ടി ഉരുമ്മിയും കെട്ടിപ്പുണർന്നു0 ഒക്കെ പ്രണയലീലകളിൽ മുഴുകി , സർവ്വവും മറന്നു ജീവിതം ആഘോഷിക്കുന്ന…. ഇണ കുരുവികൂട്ടങ്ങൾ മാത്രം !.കേവല സമാധാനം തേടി എത്തിയ തനിക്ക്….ഒരു ഇടവും ലോകവും സമാശ്വാസ തരി പോലും പകരില്ല !…എന്ന നേരറിവ് , അവന് ഏകദേശം ഉറപ്പായി . മുന്നിൽ നുരയിട്ട് പതഞ്ഞു എമ്പാടും ചീറി , വീശിയടിക്കുന്ന കരിനീല തിരമാലകൾ . മനസ്സും അതുപോലെ കലുഷിതവും പ്രക്ഷുബ്ദവും ആയിരുന്നു . ഗതകാല സ്മരണകൾ വേദനയും പശ്ചാത്താപവും വരുത്തിവച്ചു നോവിച്ചു . വർത്തമാന കാലത്തേക്ക് , ദൃഢനിശ്ചയം ഒന്നുകൂടി പുതുക്കി അരകെട്ടുറപ്പിച്ചു അയാൾ …കുറച്ചു സമയത്തെ വിരാമം അവസാനിപ്പിച്ചു ഏകാന്തതയുടെ കൂടുപൊളിച്ചു പുറത്തുവന്നു . പിന്നെ നേരേ നഗരയക്ഷിയുടെ തണു ഉടലിലൂടെ….രാത്രിയുടെ വർണ്ണവിതാനങ്ങളിൽ അലിഞ്ഞു പതുക്കെ വീട്ടിലേക്ക് മടങ്ങി .

അടുത്ത ദിവസങ്ങൾ ….പുറംലോക കാഴ്ചകൾക്ക് അവധി നൽകി , തൻറെ കൊച്ചു മുറിക്കുള്ളിലെ വലിയ ലോകത്തു വിസ്‌തൃതചിന്തകളും വായനയും പുകവലിയും ഒക്കെയാക്കി ചുരുക്കി , സമയം ചിലവഴിച്ചു . പുറത്തിറങ്ങി ഉള്ള ….കൂട്ടുകെട്ടും , കറക്കവും കുടിയും അസമയത്തുള്ള മടങ്ങിവരവും എല്ലാം അഭി , സ്വയം നിയന്ത്രിച്ചു നിർത്തി . അഭിയില് കൈവന്ന ഈ പ്രകടമായ മാറ്റം , പ്രഭാകരൻ നായരിലും അമ്മിണിയമ്മയിലും വല്ലാത്ത ആശ്വാസവും ആനന്ദവും പ്രദാനം ചെയ്‌തു .എങ്കിലും …ആ കാര്യക്രമം ദിവസങ്ങളിൽ , മുന്നോട്ട് പോയപ്പോൾ….സമാധാനം ഒരുപോലെ ഉത്കന്ധയിലും ആശങ്കയിലും ചെന്നെത്തി !. …ഭയമുണർത്താൻ തുടങ്ങി .

അങ്ങനെയുള്ള ഏതോ ഒരു ദിവസം…..ഡൗണിൽ എന്തോ അത്യാവശ്യത്തിനു പോയി മടങ്ങുകയായിരുന്നു അഭീടെ അമ്മയും സഹോദരി അഭിരാമിയും . ഡൗൺ വിട്ട് ,ബസ്സ് മുന്നോട്ട് പോയപ്പോൾ ഉള്ളിലെ തിരക്ക് ഒന്ന് കുറഞ്ഞു . അടുത്തടുത്ത് ഇരിക്കുന്നവരെ നേരെചുവ്വേ കാണാൻ പറ്റുന്ന തരത്തിൽ ആളുകൾ ഒഴിഞ്ഞു .പെട്ടെന്ന് …വളരെ യാദൃശ്ചികമായി ആണ് ആ ”അമ്മയും പെങ്ങളും” തൊട്ടടുത്തെ സീറ്റിൽ ഇരിക്കുകയായിരുന്ന സ്മിത ടീച്ചറിനെ കാണുന്നത് . ഒരേസമയം അവരും തിരിച്ചു രണ്ടാളെയും കണ്ടു . തമ്മിൽ അറിയാവുന്നവർ ആയിരുന്നതിനാൽ , ” ഒരു നിമിഷം ” ഇരുകൂട്ടരും …ഒന്ന് ഒരുപോലെ ഞെട്ടി !. കുറേ നാളുകൾക്കുശേഷമുള്ള അസാധാരണ കൂടിക്കാഴ്ച !. പരസ്‌പരം തിരിച്ചറിഞ്ഞു , ഇരുകൂട്ടരും മന്ദഹാസം കൈമാറി ….പരിചയം പുതുക്കി .അഭിരാമി ടീച്ചറിൻറെ അതേ കോളേജിൽ ആയിരുന്നു പഠനം എന്നതിനാൽ അവരെ നന്നായ് അറിയാമായിരുന്നു . അവർ അവളെ നേരിട്ട് പഠിപ്പിച്ചിട്ടില്ലാതിരുന്നതിനാൽ….അഭിരാമിയെ ടീച്ചർക്ക് അത്രക്കങ്ങ് സുപരിചിത അല്ലായിരുന്നു . അമ്മിണിയമ്മയെ ആട്ടേ , അഭീടമ്മ എന്ന നിലയിലും , അല്ലാതെയും വളരെ പണ്ടുമുതലേ നല്ല പരിചയവും അടുപ്പവും ഉണ്ട് . കൂടാതെ ,കാണുമ്പോൾ അവരോട് കുടുംബകാര്യങ്ങൾ അന്വേഷിക്കുന്ന പതിവും ഉണ്ടായിരുന്നു . എന്നാൽ …തൻറെ മകൻറെ എല്ലാമായിരുന്ന അലീനമോളുടെ സ്വന്തം ആന്റി എന്ന ” ഐഡൻറ്റിറ്റി ” അഭീടെ അമ്മയെ അങ്ങോട്ടുകയറി എന്തെങ്കിലും സംസാരിക്കുന്നതിൽ നിന്നും വിലക്കി . അമ്മയ്ക്കും മകൾക്കും തോന്നിയ ചമ്മലും ,പതർച്ചയും ഒക്കെ ട്ടീച്ചറിലും അതേയളവിൽ പ്രതിഫലിച്ചു…അങ്ങോട്ടുള്ള സംസാരത്തിനു തടയിട്ടു . എങ്കിലും …ക്ലാസ്സിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി ആയിരുന്ന ” ജിത്തു ”നെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .ഒപ്പം തൻറെകൂടി പങ്കാളിത്തത്തിൽ, സ്വന്തം ”നീസ് ”നാൽ അവന് സംഭവിച്ച ദുര്യോഗങ്ങൾ !….തനിക്ക് ഒരിക്കലും അതിൽനിന്ന് ഒഴിഞ്ഞുമാറാനോ ഒട്ടും കൈകഴുകാനോ കഴിയില്ല . ഇപ്പോഴത്തെ അവൻറെ അവസ്‌ഥ കണ്ടെത്തി , താനാൽ എന്തെങ്കിലും ഒരു ആശ്വാസം അവന് പകർന്ന് നൽകണം എന്ന ഉറച്ച ആഗ്രഹവും മനഃപാഠവും അവരെ മുന്നോട്ട് നയിച്ചു . അത് പുഞ്ചിരിക്ക് പിന്നിലെ കുശലാന്വേഷണങ്ങളിൽ അവരെ എത്തിച്ചു . വർത്തമാനം ഔപചാരികത വിട്ട് അഭീ വിഷയത്തിൽ എത്താൻ അധികസമയം എടുത്തില്ല .

”ജിത്തു ഇപ്പോൾ എങ്ങനെയുണ്ട് ? ” ….സ്മിത ആന്റി നേരിട്ട് പ്രതിപാദ്യത്തിലെക്കെത്തി . അഭിരാമിയാണ് അതിന് ഉത്തരം ഒരു ചോദ്യ രൂപേണ പറഞ്ഞത് .
” ടീച്ചർ ഇടക്ക് എപ്പോൾ എങ്കിലും അവനെ കണ്ടിരുന്നോ ? ”

”ഇല്ല . ക്ലാസ്സ് കഴിഞ്ഞ ശേഷം എനിക്കവനെ തീരെ കാണാൻ കഴിഞ്ഞിരുന്നില്ല . പക്ഷെ അവൻറെ കാര്യങ്ങൾ എല്ലാം കുറേയേറെ ഞാൻ അറിഞ്ഞിരുന്നു . അതിലേറെ ഊഹിച്ചു മനസ്സിലാക്കാനും ആവും . അതാ ഞാൻ അങ്ങനെ ചോദിച്ചത് . ”

” അപ്പോൾ അവൻറെ പ്രണയബന്ധത്തെ കുറിച്ചും ….? ” അഭിരാമി ചോദ്യങ്ങൾ ആവർത്തിച്ചു . ” ഉം …..” വിഷമവും ചമ്മലും അവരെ മൂളലിൽ ഒതുക്കി നിർത്തിച്ചു . പിന്നെ , വേദന അമ്മിണിയമ്മ സ്വയം ഏറ്റെടുത്തു , ശോക വിവശയെപോൽ അറിയിച്ചു . ” അത് അവനെ എല്ലാത്തരത്തിലും …ആകെ തകർത്തു തരിപ്പണമാക്കി ടീച്ചർ . മോൻ ഇപ്പോൾ ഭ്രാന്തു പിടിച്ചപോലെ നടക്കുകയാ . ”

” ചിലതൊക്കെ ഞാനും അറിഞ്ഞിരുന്നു . അവൻ ഇപ്പോൾ ഭയങ്കര കുടിയും തുടങ്ങി അല്ലേ ?.” അസഹ്യതയോടെ ടീച്ചർ….

വീണ്ടും അഭിരാമി ഇടപെട്ടു . ” ആദ്യം കുറേ ദിവസങ്ങളിൽ അമിതമായ കുടി ആയിരുന്നു . ഒരു രക്ഷയും ഇല്ലാത്ത കുടി …ഇരുട്ടെവെളുക്കെ !. രാവിലെ തുടങ്ങിയാ പാതിരാത്രി ആവുമായിരുന്നു വീട്ടിൽ വരാൻ . എല്ലാവരും പറഞ്ഞു അതൊക്കയൊന്നു മാറി . ഇപ്പോൾ കുടിയും കറക്കവും ഒന്നുമില്ല , പക്ഷെ ….”

അമ്മിണിയമ്മ പൂരിപ്പിച്ചു…” മുറിയിൽ തന്നെ എപ്പോഴും . മുഴുവൻ സമയവും അടച്ചുപൂട്ടി ചിന്തിച്ചു ,ബീഡിയും വലിച്ചിരിക്കും . പുറത്തേക്കെങ്ങും ഇറക്കമോ ആരോടും മിണ്ടാട്ടമോ ഇല്ല !. ഭക്ഷണം തോന്നുമ്പൾ എന്തേലും കഴിച്ചാലായി .”

അമ്മയുടേയും മകളുടേയും സങ്കടം കുത്തിനിറച്ച വാക്കുകൾ കേട്ട് , സ്മിതക്കും ജിത്തിനെ ഓർത്തു വലിയ ഉത്കൺഠയും ഭയവും തോന്നി . വ്യസനം മുഴുവൻ ഉള്ളിൽ ഒളിപ്പിച്ചു അവർ തുടർന്നു ….” എനിക്ക് അവൻറെ മുഖത്തു നോക്കാൻ അർഹതയില്ല . പക്ഷെ അവൻറെ ഈ അവസ്‌ഥയിൽ അവനെ ഒന്ന് വന്നുകണ്ട്‌ ആശ്വസിപ്പിക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട് . എന്നെ അവൻ അവിടുന്ന് അടിച്ചിറക്കിയില്ലേൽ……ഇപ്പോൾത്തന്നെ നിങ്ങൾക്കൊപ്പം ഒന്ന് വന്നുകണ്ട്‌ സംസാരിച്ചു നോക്കാം . ”

അമ്മ വീണ്ടും ….” ഏയ് അങ്ങനൊന്നും ചിന്തിക്കണ്ടാ. ടീച്ചറെ അവനു വലിയ ഇഷ്‌ടമാ ഇപ്പോഴും . ടീച്ചറെ കുറിച്ച് വീട്ടിൽ എപ്പോഴും എത്ര വാ തോരാതാ മോൻ സംസാരിക്കുന്നെ എന്ന് ടീച്ചറിന് അറിയോ ?. ആ ടീച്ചർ അത്രിടം വരെ ഒന്നുവന്നു കണ്ട് ഉപദേശിച്ചാൽ ….തീർച്ചയായും നമ്മുടെ അഭിമോൻറെ മനസ്സ് മാറും …ഉറപ്പാ !.”

സംഭാഷണം അതുവരെ എത്തിയപ്പോഴേക്കും….അഭീടെ അമ്മയ്ക്കും പെങ്ങൾക്കും ബസ്സിറങ്ങാനുള്ള ” സ്റ്റോപ്പ് ” എത്തിയിരുന്നു . വർത്തമാനം അവസാനിപ്പിച്ചു അവർ ഇറങ്ങുമ്പോൾ ടീച്ചറും കൂടെ ഇറങ്ങി . ” സ്റ്റോപ്പ് ”ൽ നിന്നും വീട്ടിലേക്കുള്ള നടത്തയിൽ …എല്ലാവരും നിശ്ശബ്ദരായിരുന്നു . ടീച്ചർ മെല്ലെ അവരെ അനുഗമിച്ചു. പടിക്കെട്ടുകൾ താണ്ടി ” അവർ ” പ്രവേശന കവാടത്തിൽ എത്തുമ്പോൾ സിറ്റൗട്ടിൽ പ്രഭാകരൻ നായർ പത്രം വായിച്ചു ഇരിക്കയായിരുന്നു . പുതിയ അതിഥിയെ കണ്ട് പ്രസന്ന വദനനായി എഴുന്നേറ്റുനിന്ന്, പുഞ്ചിരിച്ചു കൈകൂപ്പി !. പരിചയം പുതുക്കി..പിന്നെ ആതിഥേയയെ അവർ ഉള്ളിലേക്ക് ആനയിച്ചു . ഡൈനിങ് ടേബിളിനു ചുറ്റുമുള്ള കുഷ്യൻകസാലകിൽ എല്ലാവരും വട്ടം കൂടിയിരുന്നു , മറ്റു വിശേഷങ്ങൾ പങ്കുവച്ചു . അൽപ സമയത്തെ ഇടവേളയ്ക്കു ശേഷം ….ട്രേയിൽ ചായക്കപ്പുകളും പലഹാരവുമായി ശ്രീക്കുട്ടി പ്രത്യക്ഷപ്പെട്ടു . ടീച്ചറും ശ്രീക്കുട്ടിയും കണ്ണോട് കണ്ണിടഞ്ഞു ഒരു നിമിഷം !…പിന്നെ കൗതുകപൂർവ്വം മന്ദസ്‌മിതം കൈമാറി .ശ്രീ നീട്ടിയ ചൂട് ചായ കൈനീട്ടി വാങ്ങി ….ലേശം സംശയഭാവത്തോടെ , അമ്മിണിയമ്മയോട് …….
” ചേച്ചിക്ക് ഒരു മകളല്ലെയെ ഉളളൂ . ഇത് പിന്നെ…..?”

സ്മിതടീച്ചറിൻറെ ചൂണ്ട് വിരലിനു മറുപടിയായി അവർ. …” അതെ . മകൾ അല്ലെങ്കിലും മകളെപ്പോലെ തന്നെ , ഞങ്ങൾക്ക് ഇവൾ !. ആങ്ങളയുടെ ഒരേ ഒരു മകൾ ആണ് . ശ്രീക്കുട്ടി . മകൾ അഭിരാമി ബോംബേക്ക് പോയിക്കഴിഞ്ഞാൽ ഞങ്ങൾക്ക് ആകെ ആശ്രയവും രക്ഷയും ഒക്കെ ഇവൾ മാത്രമാ .” ശ്രീക്കുട്ടിയെ ചേർത്തണച്ചു, വാത്സല്യത്തോടെ …കേശഭാരം തഴുകി തലോടി അവർ അറിയിച്ചപ്പോൾ …ശ്രീയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു .

തികഞ്ഞ ഔൽസുക്യത്തോടെ, എല്ലാവരെയും മാറി മാറി നോക്കി , ഊറിക്കുടിച്ച ചായക്കപ്പ് മേശപ്പുറത്തു വച്ച് എണീറ്റ് തിരിഞ്ഞ ടീച്ചർ…..” ജിത്തു ? ”…..

” മുകളിലെ മുറിയിലാ…ടീച്ചർ വന്നിട്ടുണ്ട് എന്നറിഞ്ഞാലും താഴേക്ക് ഇറങ്ങിവരാൻ വഴിയില്ല . മോളേ ശ്രീ ,മോൾ ചെന്ന് ടീച്ചർ വന്നിട്ടുണ്ട് …ഒന്ന് താഴേക്ക് ഇറങ്ങിവരാൻ പറഞ്ഞുനോക്കു .വരുന്നേൽ വരട്ടെ . ”

അമ്മിണിയമ്മേടെ വാക്കുകൾ ഖണ്ഡിച്ചു , ”വേണ്ട ,സാരമില്ല .ഞാൻ അങ്ങോട്ടുപോയി അവനെ കണ്ടോളാ0 . മോള് വന്ന് ആ റൂം ഒന്ന് കാണിച്ചു തന്നേ ….” ശ്രീയെ കൂട്ടി ടീച്ചർ മുകളിലേക്ക് പടി കയറാൻ ഒരുങ്ങി . ശ്രീക്കുട്ടി അവർക്കുമുന്നെ ഗോവണി ഓടിക്കയറി , ആദ്യം കണ്ട ഏട്ടൻറെ റൂം ചൂണ്ടിക്കാട്ടി ,അടഞ്ഞുകിടന്ന ഡോറിൽ തുടരെ തട്ടി വിളിക്കാൻ തുടങ്ങി ….” അഭിയേട്ടാ . . ..അഭിയേട്ടാ….വാതിൽ തുറക്കൂ ,ഏട്ടനെ കാണാൻ ടീച്ചർ വന്നിരിക്കുന്നു ” .

ടീച്ചർ ” എന്ന വാക്ക് ആദ്യം കേട്ട നിമിഷം അഭി ഞെട്ടിത്തരിച്ചു . പിന്നെ പേരറിയാത്ത എന്തൊക്കെയോ വികാരങ്ങൾ…അവനെ വിറകൊള്ളിച്ചു . തുടരാലോചനകൾക്ക് അവസരം കൊടുക്കാതെ , മുട്ട് തുടർന്നപ്പോൾ …അവൻ പിന്നെ നേരെ പോയി വാതിൽ തുറന്നു . കതക് വലിച്ചുതുറന്ന് മുന്നിലേക്കെത്തിയ അഭിയെ കണ്ട് ടീച്ചർ അക്ഷരാർഥത്തിൽ പകച്ചു നിന്നുപോയി !. ഒരു നിമിഷം , ആ കോലം കണ്ട് അവനെ തിരിച്ചറിയാൻ കഴിയാതെ അവർ .സ്‌തംഭിച്ചു പോയി. സന്യാസിയെ ഓർമ്മിപ്പിക്കുന്ന വളർന്നുനീണ്ട ദീക്ഷയും മുടിയും….മുഷിഞ്ഞ വേഷവും , രക്തമയമില്ലാത്ത മുഖത്തെ വിഷാദ ഛായകളും എല്ലാം സ്മിതാമാമിൻറെ ഹൃദയം തകർക്കുന്ന കാഴ്ചകൾ ആയിരുന്നു .

മാമിനെ ഒരു പ്രതീക്ഷയും ഇല്ലാതെ , പൊടുന്നനെ നേരിൽ കണ്ടപ്പോൾ….അഭിക്കും ഏതാണ്ട് ഇതേ അവസ്‌ഥകൾ ആയിരുന്നു . പരിഭ്രമവും …ലജ്ജയും ആകെയൊരു ചളിപ്പും കുറ്റബോധവും …എല്ലാംകൊണ്ട് അവൻ ആകെ വല്ലാതായി . എങ്കിലും തൊട്ടടുത്ത നിമിഷം ,ആകെ ആകുലചിത്തനുമായി .ഒന്നും ഒന്നുമല്ലാത്ത തന്നെ തേടി….കലാലയത്തിൻറെ ആകെ സമ്പത്തു , വിദ്യാർഥികളുടെ മുഴുവൻ ആരാധനാപാത്രം ഇവിടംവരെ വരിക . അതും തന്നെ നേരിട്ട് കാണാൻ , ആശ്വസിപ്പിക്കാൻ…ആ സ്‌നേഹാദരവുകൾ പങ്കിടാൻ ….വിശ്വസിക്കാനായില്ല !!…അഭിക്ക് സ്വയം നുള്ളി നോക്കേണ്ടി വന്നു ആ യാഥാർഥ്യം തിരിച്ചറിയാൻ . അതിശയത്തോടെ , ടീച്ചറിൻറെ സ്വന്തം ” ജിത്തൂട്ടൻ ” അവരെ ഉറ്റു നോക്കുമ്പോൾ ….അവൻറെ നിലവിലെ ദയനീയ സ്‌ഥിതി ഒന്നുകൂടി വിളിച്ചോതുന്ന ചുവന്നു കലങ്ങിയ കണ്ണുകൾ , ബീഡിക്കറ പിടിച്ചു കരുവാളിച്ച ചുണ്ടുകൾ ഒക്കെ …ആ സ്ത്രീഹൃദയത്തെ ഒന്നായി വിഷാദസാഗരത്തിൽ ആഴ്ത്തി .ദീനാനുകമ്പ !…ആ മനസ്സിനെ ഒന്നാകെ പിടിച്ചുലച്ചു . തൻറെ ഏറ്റവും പ്രിയങ്കരനായിരുന്ന ശിഷ്യന് ബോധപൂർവ്വം അല്ലെങ്കിലും…താൻകൂടി ,പാത്രഭൂതയായ് സമ്മാനിച്ച ദുരന്തങ്ങൾ !. എങ്ങനെ അനുചാരിയെ പറഞ്ഞു മനസ്സിലാക്കണം എന്നറിയാതെ ആ ” ഗുരുമുഖം ” തേങ്ങി . ഒരു നിമിഷത്തെ കാഴ്ചയുടെയും ചിന്തകളുടെയും ”പ്രതിഫലനം ” ആ നീൾമിഴിപ്പൂവുകളെ ഒന്നായി ഈറൻ അണിയിച്ചു …പതിയെ അവനിലേക്ക് നടത്തിച്ചു .

” ജിത്തു എന്താണിത് ?….” ചോദ്യത്തോടൊപ്പം …അവർ അവനെ തോളിൽ ചേർത്തണച്ചു . അവരുടെ കനിവൂറിയ ഈറൻമിഴികൾ ,അതിലെ ദയാവായ്പ്പു…ഇടറിയ ശബ്ദശകലം ,ആശ്ലേഷത്തിലെ ”മാതൃത്വം ”, തലോടലിലെ ”സഹോദരീ സാന്ത്വനം ” എല്ലാം അവൻറെ ജീവനറ്റ നഗ്നനേത്രങ്ങളെയും ”സജ്ജലങ്ങ”ളാക്കി. അതിൽനിന്നും അടർന്നുവീണ ”സ്നേഹാശ്വാസ മുത്തുമണികൾ ” അവരുടെ തോളും ആർദ്രമാക്കി .

” എന്തിനാ ഇങ്ങനൊക്കെ , നീ മുതിർന്നവൻ ആയില്ലേ ?…കൊച്ചു കുട്ടികളെപ്പോലെ…പോട്ടേ , കഴിഞ്ഞതെല്ലാം കഴിഞ്ഞു . ഇനി എല്ലാം മറന്നു , പുതിയൊരാളായി ജീവിക്കൂ ”. സ്മിതാ മാമിൻറെ സ്വാന്തനം തിരയടിക്കുന്ന പ്രതീക്ഷയുറ്റ വാക്കുകൾ, കുളിർതെന്നലായ് ”ജിത്തിൻറെ” ശ്രവണപുടങ്ങളെ തൊട്ട് തലോടുമ്പോൾ …അത്രയും ദിവസം പിടിച്ചു നിർത്തിയിരുന്ന അവൻറെ ദുഃഖം മുഴുവൻ ആത്മ നിയന്ത്രണങ്ങളെല്ലാം കൈവിട്ട് ….അണപൊട്ടിയൊഴുകി . ആചാര്യയുടെ ആലിംഗന ഹസ്തങ്ങളിൽ വീണ് അഭി അറിയാതെ പൊട്ടിക്കരഞ്ഞു . അവൻറെ തെറ്റുകുറ്റങ്ങളും പാപങ്ങളും കഴുകിക്കളഞ്ഞ വിശുദ്ധ ഗംഗയായി മാറി ഗുരുനാഥയുടെ സ്നേഹാശ്ലേഷ ചുമൽ !.

പശ്ചാത്താപ വിവശനായി…കണ്ണീരാൽ ഗുരുപൂജ ചെയ്‌തു തെറ്റുകുറ്റങ്ങളിൽ നിന്ന് മോചിതനായി പുറത്തുവന്ന ജിത്തിനെ, ചുമലിൽ നിന്ന് അടർത്തിമാറ്റി …താടിയിൽ പിടിച്ചു ആശ്വസിപ്പിച്ചു സ്മിതാമാം തുടർന്നു … ‘’ ഇനി , എല്ലാ0 കളഞ്ഞു പഴയതൊന്നും ആലോചിക്കാതെ…ഇവിടുള്ള ആരെയും വേദനിപ്പിക്കാതെ ക്ലാസ്സുകൾ കണ്ടിന്യൂ ചെയ്‌തു മുന്നോട്ടു പോകാൻ നോക്കൂ കുട്ടാ . ഒന്നുകിൽ ”പി .ജി ”ക്ക് പോകൂ .അല്ലേൽ വല്ല ടെസ്റ്റും എഴുതി എവിടെങ്കിലും എന്തേലും ജോലിക്ക് ശ്രമിച്ചു അച്ഛനും അമ്മയ്ക്കും ഒരു സഹായിയാവ് .ക്ലാസ്സിലെ ജിതിൻറെ ഏറ്റവും ബെസ്റ്റ് ടീച്ചറിൻറെ ഏറ്റവും ഫേവറേറ്റ് സ്റ്റുഡൻറ്നോടാണ് ടീച്ചർ ഈ പറയുന്നത് എന്നോർക്കുക . എൻറെ വാക്കുകൾ മോൻ തള്ളിക്കളയില്ല എന്ന് വിചാരിക്കുന്നു . ടീച്ചറിന് പറയാനേ പറ്റൂ . ജിത്തു മിടുക്കൻ ആണെന്ന് അറിയാം .അതുകൊണ്ടാണ് ഇത്രയും പറഞ്ഞത് . ”

” എങ്കിലും മോം അവള് ….അവളെ ഒരിക്കലും ഞാൻ ……” അഭിയുടെ വാക്കുകൾ ഇടറി. അത് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഇടപെട്ട് ടീച്ചർ ” വേണ്ട കുട്ടാ !…അതിൻറെ ശരി തെറ്റ് കളിലേക്കും ന്യായഅന്യായ ങ്ങളിലേക്കും ഒന്നും നാമിനി അധികം കടക്കണ്ടാ . അതൊക്കെ വെറും അടഞ്ഞ അധ്യായങ്ങളായി കണ്ട്, മുന്നോട്ടുള്ള നല്ല ജീവിതങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചു സന്തോഷവാനായി നീങ്ങുക !. ”

ഗുരുവിൻറെയും ശിഷ്യൻറെയും ഗുണപരമായ കൂടിക്കാഴ്ചക്ക് സാക്ഷ്യപത്രം ആവാൻ, ശ്രീമോളെ കൂടാതെ…അവൻറെ അച്ഛനും അമ്മയും സഹോദരിയടങ്ങുന്ന കുടുംബവും വാതിലിനു പുറത്തു അക്ഷമരായി കാത്തുനില്പിൽ ആയിരുന്നു . തിരിഞ്ഞുനോക്കി , അവരെ കൂടി മുഖവിലക്കെടുത്തു എന്നപോൽ സ്മിതമാം തുടർന്നു ….’
” പക്ഷെ , ഒന്ന് മാത്രം ഉള്ളിൽ ഇപ്പോഴും നീ ഓർത്തോ…നമ്മുടെ ലീനമോൾക്ക് ഒരിക്കലും ആരെയും ചതിക്കാൻ കഴിയില്ല . അവളെ അവളുടെ പപ്പയും മമ്മിയും അങ്കിൾമാരും കൂടി ചേർന്ന് , വിരട്ടി…ഭീഷണിപ്പെടുത്തി ,തല്ലി , ബലംപ്രയോഗിച്ചു അവളുടെ യാതൊരു സമ്മതവും കൂടാതെ , ഈ വിവാഹത്തിൽ കൊണ്ട്ചെന്നു എത്തിക്കുകയായിരുന്നു . ”

” ടീച്ചർ അത് മാത്രമാ എന്നെയും സംശയിപ്പിക്കുന്നതും വിഷമം ഉണ്ടാക്കുന്നതും !. അവൾ എന്തിന് ?…ആർക്കുവേണ്ടി…? അവരുടെ ഭീഷണികൾക്ക് കീഴടങ്ങി . ആ സമയത്തു എങ്ങനെങ്കിലും അവൾക്ക് ഇറങ്ങി വന്നുകൂടായിരുന്നോ ?…അല്ലേൽ ” ഒരു വാക്ക് ”ഒരുവാക്ക്…എന്നെ അവൾക്ക് അറിയിച്ചു കൂടായിരുന്നോ ?…പോട്ടേ ….”

” അതിന് പിന്നിലൊക്കെ ഒരുപാട്…ചതികളുടെയും കാപട്യങ്ങടെയും ഒക്കെ കഥകൾ ഉണ്ട് മോനേ …എല്ലാം ഒരിക്കൽ നീ അറിയും . ഇപ്പോൾ അതൊന്നും വിവരിക്കാനുള്ള മനസ്സാന്നിധ്യം എനിക്കില്ല എന്ന് കൂട്ടിക്കോ . നീ അതൊക്കെ അറിഞ്ഞിട്ട് ഇനി വല്യ കാര്യവുമില്ല . കഴിഞ്ഞത് കഴിഞ്ഞു , മോന് അതിലും നല്ലൊരു പെൺകുട്ടി എവിടെയോ കാത്തിരിപ്പുണ്ട് . അതാണ് ഇത് നടക്കാഞ്ഞത് എന്ന് മാത്രം ഓർത്താ മതി !. ”

സ്മിതടീച്ചറിൻറെ വളരെ നീണ്ട വാക്കുകൾക്ക് അനുബന്ധം എന്നോണം അവൻറെ ‘അമ്മ പറഞ്ഞു ” ടീച്ചറെ , അവൻറെ ഈ അവസ്‌ഥക്ക് അവനെക്കാളേറെ ദുഃഖം ഞങ്ങൾക്കുണ്ട് !. കാരണം ആ കൊച്ചിനെ ഞങ്ങൾക്ക് നേരിട്ടറിയാം .ഞങ്ങൾക്കും……തിരിച്ചു അവൾക്ക് ഞങ്ങളേയും വല്യ ഇഷ്‌ടമായിരുന്നു .അതിനാൽ എപ്പോൾ ഇവൻ അവളെ വിളിച്ചുകൊണ്ട് വന്നാലും അവൻറെ ഇഷ്‌ടത്തിന് കല്യാണം നടത്തി കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു . പക്ഷെ അതിൻറെ വീട്ടുകാർ അതിന് എതിരായിരുന്നു . അവർ അതിനെ നിർബ്ബന്ധിച്ചു വേറെ കല്യാണം നടത്തി കൊടുത്തു . അതിന് നമ്മളാരും അല്ലല്ലോ കുറ്റക്കാർ ?.എല്ലാം അവൻറെ വിധി !!.അല്ലാതെന്തു പറയാൻ ?. അതിന് ഇങ്ങനെ ‘’ ഊണും ജപവും ” ഇല്ലാതെ ജീവിതം തുലക്കണോ ?. ”

അമ്മയുടെ ദീർഘനിശ്വാസത്തിന് ടീച്ചറുടെ വിശദീകരണം …..” ഇവരുമായി ഏറ്റവും ആത്മബന്ധം ഉണ്ടായിരുന്ന ഒരാൾ എന്നനിലയിൽ …ഇവരുടെ വിവാഹം മംഗളമായി നടത്തി കൊടുക്കാൻ ബാധ്യതപ്പെട്ട ഒരാൾ ഞാനായിരുന്നു . ആ അർത്ഥത്തിൽ ഞാനിവരെ സ്വാർഥതക്കായി കയ്യൊഴിഞ്ഞു എന്ന തരത്തിൽ …എന്നെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്ന ആൾക്കാർ ഉണ്ടാവും …ഇവരുടെ സുഹൃത്തുക്കൾ ഉൾപ്പടെ . ഞാനതൊന്നും ഒട്ടും കാര്യമാക്കുന്നില്ല !. പക്ഷെ , ഇവൾ തമ്മിൽ ”അത്തരത്തിൽ ” ഒരു ബന്ധം ഉണ്ടെന്നും….കല്യാണം ചെയ്യാൻ താല്പര്യം ഉണ്ടെന്നും ഇവർ ആരെങ്കിലും എന്നോട് എപ്പോഴെക്കും അറിയിച്ചിരുന്നെങ്കിൽ , എനിക്ക് ഇവർക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു . ഇത് പക്ഷെ എല്ലാം കഴിഞ്ഞു …ഇവരുടെ ബന്ധം മോളുടെ വീട്ടിലറിഞ്ഞു , അവൾക്ക് വേറെ കല്യാണം ആലോചിക്കുമ്പോൾ ആണ് ഞാൻ എല്ലാം അറിയുന്നത് . ”

അഭിരാമി….” അത് ടീച്ചർ, ഇവന് സ്‌കൂളിൽ പഠിക്കുമ്പോൾ മുതലേ ലീനയെ വലിയ ഇഷ്‌ടം ആയിരുന്നു എന്നും….തിരിച്ചു ലീനക്ക് ഇവനെ ഇഷ്‌ടമാണെന്ന് തുറന്നു പറഞ്ഞ സമയത്തേ ഇവന് ഇവൻറെ പ്രണയം തുറന്നറിയിക്കാൻ കഴിഞ്ഞുള്ളൂ…എന്നുമാ ഇവൻ ഞങ്ങളോടൊക്കെ പറഞ്ഞത് .”

ടീച്ചർ വിശദീകരണം തുടർന്നു …..” അതെ , അതൊക്കെ അറിഞ്ഞപ്പോൾ പിന്നെ ഞാൻ എല്ലാം അറിഞ്ഞിരുന്നു . ടൂർടൈമിൽ ജിത്തു മോളോട് കാണിച്ച കരുതൽ , സ്നേഹം , വാത്സല്യം എല്ലാമെല്ലാം മനസ്സിലാക്കി , അവൾക്ക് ഇവനോട് തീർത്താൽ തീരാത്ത ഇഷ്‌ടവും സ്നേഹവും തോന്നിയതും….അത് ഇവനെ തിരിച്ചു അറിയിക്കാനാവാതെ കുഴഞ്ഞതും …എല്ലാം . പിന്നെ രണ്ടുംകൽപ്പിച്ചു മോൾ അവളുടെ പ്രണയം ഇവനെ അറിയിച്ചപ്പോൾ ,മാത്രമാണ് അവൾ അറിയുന്നത്…കുട്ടിക്കാലം മുതലേ എൻറെ മോളോട് ഇഷ്‌ടവും സ്നേഹവും ഉള്ളിൽ കൊണ്ടുനടന്ന്…. അതവളെ തുറന്നറിയിച്ചാൽ …അവൾക്ക് അനിഷ്‌ടം ആവുമോ എന്ന ഭയപ്പാടിൽ എല്ലാം ഉള്ളിൽ പേറി അവളെ കരുതി മാത്രം മോൻ ജീവിച്ച കഥകൾ നിറയെ . അതും പിന്നെ പരസ്പര പ്രേമം തുറന്നുപറഞ്ഞു അവർ പ്രണയത്തിൽ ആയതും എല്ലാം. അവരുടെ ജീവിതത്തിലെ ഒരു സെക്കൻറ് പോലും അവൾ എന്നോട് തുറന്നുപറയാതെ ഇരുന്നിട്ടില്ല

. ” അതിന് അഭീടെ അമ്മേടെ അഭിപ്രായം ഉടനെയെത്തി….” എന്തായാലും , നടന്നത് നടന്നു . ടീച്ചർ പറഞ്ഞപോലെ ഇനിയും അതൊക്കെ ഓർത്തു ജീവിതം തുലാക്കാതെ പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കാൻ പറഞ്ഞു . അതല്ല , അവന് ഒരു കല്യാണമാണ് ഇപ്പോൾ ആവശ്യമെങ്കിൽ…ഇതാ നിൽക്കുന്നു അവൻറെ മുറപ്പെണ്ണ് !. അവൾക്ക് പൂർണ്ണ സമ്മതമാണ് . അവളെ കെട്ടി സുഖമായി ജീവിച്ചോട്ടെ….ചിലവും ഞങ്ങൾ നോക്കിക്കൊള്ളാം .”
അതുവരെ നിശ്ശബ്ദനായിരുന്ന അച്ഛൻ ഇടക്കുകയറി അല്പം ദേഷ്യത്തോടെ ….” ഇനി , അതുമല്ല…പുറത്തുനിന്ന് വേറെ പെണ്ണാണ് വേണ്ടതെങ്കിൽ അതിനും ഞങ്ങൾ തയ്യാറാ. നമുക്ക് അന്വേഷിച്ചു ഏതെങ്കിലും നല്ല ആലോചന കൊണ്ടുവരാം .ജോലി കഴിഞ്ഞു മതി കല്യാണം എങ്കിൽ ഏതേലും ജോലി കണ്ടുപിടിക്കട്ടെ ആദ്യം .കല്യാണം അതുകഴിഞ്ഞു നോക്കാം . ”

തൻറെ ഊഴം എന്നതിനപ്പുറം , പോംവഴി എന്ന മട്ടിൽ അഭിരാമി ഒരു നിർദ്ദേശം മുന്നോട്ടുവച്ചു….” സംഭവിച്ചതെല്ലാം മറന്ന് , മുന്നോട്ട് പോകാൻ ഇവന് ആവശ്യം ഇപ്പോൾ ഒരു മാറ്റമാണ് . ഈ നാട്ടിൽ നിന്നുതന്നെ മാറി നിൽക്കാൻ സാധിച്ചാൽ അത് അത്രയും നല്ല കാര്യം !. ഞാനും ഇവൻറെ അളിയനും എന്തായാലും ബോംബെയിൽ ഉണ്ട് . ഇവന് അവിടെ ഒരു ജോലി തരപ്പെടുത്തുക എന്നത് , പുള്ളിയെ സംബന്ധിച്ച് അത്രവലിയ കാര്യമൊന്നുമല്ല . ഇവന് വേണേൽ ഞങ്ങൾക്കൊപ്പം തന്നെ കഴിയാം ….ജോലിക്കും പോകാം , ഒപ്പം താല്പര്യം ഉണ്ടെങ്കിൽ പഠനം തുടരുകയും ചെയ്യാം . ഇനി എല്ലാം അവൻറെ ഇഷ്‌ടം !. ഞാൻ പറയാനുള്ളത് പറഞ്ഞു ”.

സ്മിതടീച്ചറിൻറെ മുഖത്തു പ്രസന്നത തെളിഞ്ഞു .തെളിഞ്ഞ ചിരിയോടെ…” ജിത്തുകുട്ടാ…എന്താണ് തൻറെ അഭിപ്രായം ?. ഒരു മാറ്റം നിനക്ക് അനിവാര്യമാണ് . അതിന് ഇതിൽ നല്ലത് ഏതെങ്കിലും നീ തിരഞ്ഞെടുക്കുക . എൻറെ അഭിപ്രായത്തിൽ…ബോംബെയിൽ അളിയനും ചേച്ചിയും ഒക്കെ ഉള്ള സ്‌ഥിതിക്ക് ജിത്തു ഇവിടുന്ന് മാറി നിൽക്കുന്നത് തന്നെയാണ് ഉചിതം . ചേച്ചിയും അളിയനും അല്ലെ ?…എല്ലാ കാര്യത്തിനും അവർ നിനക്ക് നല്ല സഹായകർ ആവും . പിന്നെ പ്രധാന നേട്ടം, ചേച്ചി പറഞ്ഞപോലെ നിനക്ക് ആരുടേയും ശല്യമില്ലാതെ ജോലിക്ക് പോകയും ഒപ്പം പഠിക്കുകയും ചെയ്യാം . അന്യനാടായതുകൊണ്ട് ഇവുടുത്തെ ഒരു ഓർമ്മകളും നിന്നെ അലട്ടുകയും ഇല്ല .” എല്ലാവരുടെയും ശ്രദ്ധ അഭിയിലേക്കായി . അവൻ കിടക്കയിലേക്ക് തളർന്നപോലെ ഇരുന്ന് ചിന്താകുലനായി . ടീച്ചർ ഒപ്പം അവനരികെ ഇരുന്ന് …അഭിയെ തലോടി , മറ്റുള്ളവരോട് ബോംബെ കാര്യങ്ങൾ സംസാരിച്ചിരുന്നു .കുറെയേറെ നേരം കഴിഞ്ഞിട്ടും അവനിൽ നിന്നും ഒരു മറുപടിയും വന്നില്ല . അവൻ മൗനം തുടരവേ….ടീച്ചർ ഇടപെട്ട് ” ജിത്തൂട്ടാ…നീ എന്താ ഒന്നും പറയാത്തെ ?…ഓ ക്കെ , നിൻറെ മൗനം സമ്മതമായ് ഞങ്ങളെടുക്കുകയാണ് .ഇനി ഒരു എതിർ അഭിപ്രായവും പറയരുത്…എന്തെങ്കിലും ഉണ്ടേൽ ഇപ്പോൾ പറയണം .”

വീണ്ടും അല്പസമയത്തെ ഇടവേളയ്ക്കു ശേഷം സ്മിതമാം ….” അപ്പോൾ കാര്യങ്ങൾ തീരുമാനം ആയല്ലോ ?. എനിക്കിനി ധൈര്യമായി പോകാം അല്ലെ ജിത്തേ ?. ”ശുഭസ്യ ശീഘറേ”…നല്ല കാര്യങ്ങൾ വേഗത്തിൽ നടക്കട്ടെ . ഇനി നീ അമാന്തിക്കണ്ടാ….ബോംബെക്ക് പോകാനുള്ള തയ്യാറെടുപ്പുകളൊക്കെ എത്രയും പെട്ടെന്ന് ചെയ്യുക !.അതിനുമുൻപ് ഇവിടെ ഉള്ളവരെ ഇനിയും വിഷമിപ്പിക്കാതെ….ഈ ഗൃഹാശ്രമ വാസവും , സ്വാമിപ്പുകയും കാഷായ സന്യാസ വൃത്തിയും ഒക്കെ അവസാനിപ്പിച്ചു ….അല്പം വെടിപ്പും വൃത്തിയും ഒക്കെയായി നടക്കു .ഈ മനസ്സിലും ശരീരത്തിലും ഒക്കെ കുറച്ചു കാറ്റും വെളിച്ചവും കിട്ടിക്കോട്ടെ ….അങ്ങനെ മന്ധ അടച്ചു പോകേണ്ട ജന്മമല്ല , തൻ്റെത് .”

സ്മിതടീച്ചർ പിന്നെയും കുറേനേരം അവരെല്ലാവരോടും കുറെ കാര്യങ്ങൾ സംസാരിച്ചിരുന്നു . അഭിയോട് ചേർന്നിരുന്ന് വീണ്ടും കുറെ ഉപദേശവും…ഗുണദോഷ അഭിപ്രായങ്ങളും ഒക്കെ കൈമാറി. അതുകഴിഞ്ഞു അവർ എണീറ്റ് ,വളരെ സന്തോഷത്തോടെ അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങാൻ ഒരുങ്ങി . അഭി ഉൾപ്പടെ ,അവിടുള്ളവരും….ആഹ്‌ളാദപൂർവ്വം അവരെ യാത്രയാക്കാൻ ‘ആരാമത്തി’ൻറെ പുറത്തു ഗേറ്റിന് അരികെവരെ വന്നു . ” യാത്രപോകുന്ന ദിവസം മുൻകൂട്ടി അറിയിക്കണം .ഇനി പഴയതൊന്നും ചിന്തിച്ചിരിക്കാതെ ,നല്ല കുട്ടിയായി മുന്നോട്ടു പോകണം . എന്തായാലും ….എത്ര തിരക്കുണ്ടായാലും സന്തോഷത്തോടെ ജിത്തു പോകുന്നത് കാണാൻ സാക്ഷിയായി ടീച്ചർ എത്തും !. മോന് നല്ലതുവരട്ടെ ….ഞാൻ പ്രാർഥിക്കാം….ശരി വരട്ടെ . ” അഭിയെ ആശീർവദിച്ചു സ്മിത മടങ്ങുമ്പോൾ…ഒരു പെരുമഴ പെയ്ത ശേഷമുള്ള ശാന്തിയും സമാധാനവും ആ വീട്ടിൽ എല്ലാവരുടെയും മുഖത്തും മനസ്സിലും തത്തിക്കളിച്ചു . തനിക്ക് ഇത്രയെങ്കിലും ഒരു ”താങ്ങും തണലും ”ആയി മാറി , ജിത്തിനോടും ആ വീട്ടുകാരോടും എന്തെങ്കിലും നന്മ ചെയ്യാൻ കഴിഞ്ഞതിലുള്ള അടങ്ങാത്ത ചാരിതാർഥ്യവും ആനന്ദവും ടീച്ചറിൻറെ മനസ്സിനെയും കുളിരണിയിച്ചു .

അലീനയുടെ വിവാഹം അവളുടെ വീട്ടുകാർ ഉൽകണ്ഠപ്പെട്ട പോലുള്ള തടസ്സവും , പ്രശ്‌നങ്ങളും ഒന്നുമില്ലാതെ…എല്ലാ തരത്തിലും സർവ്വസുഖ മംഗളമായി തന്നെ നടന്നു . അതിൻറെ സന്തോഷം ഇരുവീട്ടുകാരും നിറമനസ്സോടെ പങ്കിടുകയും ചെയ്‌തു . എന്നാൽ , അലീന,അലീന മാത്രം !….വിവാഹാനന്തര ജീവിതത്തിൽ തെല്ലും സന്തുഷ്‌ടവതി ആയിരുന്നില്ല .അഭിയോടുള്ള മറക്കാനാവാത്ത ഇഷ്‌ടവും …അവനുമായി ചിലവഴിച്ച അസുലഭ നിമിഷങ്ങളുടെ വിലപ്പെട്ട ഓർമ്മകളും ….അനുദിനം അവളെ ദുഃഖക്കടലിൽ ആഴ്ത്തി കൊണ്ടേയിരുന്നു. എങ്കിലും , അവനോട് കാണിക്കേണ്ടിവന്ന ചതിക്കും , നീതികേടിനും അവളിൽ തോന്നിപ്പിച്ച മനഃസ്താപം!…വളരെ വലുതായിരുന്നു . നാൾക്കുനാൾ അത് അവളുടെ ജീവിതത്തെ ഒന്നായി തകിടം മറിച്ചു .ദിനചര്യകൾ ,കർമ്മജീവിതത്തെ ഒക്കെ അങ്ങോളം ഇങ്ങോളം ആശാപാപം പോലെനിരന്തരം പിന്തുടർന്ന് വേട്ടയാടിക്കൊണ്ടേയിരുന്നു .അതിൽ നിന്നൊരു മുക്തി ,വേർപെടൽ… അസാധ്യമായിരുന്നു . മനസ്സിൽ അത് ഒരിക്കലും മാപ്പു നൽകാതെ അവളെ ഭ്രാന്തു പിടിപ്പിച്ചു ….കൊലവിളിച്ചു . തൻറെ വിധിയെ ,ജന്മത്തെ പോലും അവൾക്ക് ഒരുവേള പഴിചാരി…പ്രാക്കിരക്കേണ്ടി വന്നു എല്ലാ ശാപങ്ങളിൽ നിന്നും ഒന്ന് കരകയറാൻ .

എങ്കിലും ….പതിയെ അവൾക്ക് മാറേണ്ടി വന്നു. കാലം അവളെ മാറ്റി എടുത്തു !. മനുഷ്യജന്മത്തിൻറെ മൂല്യവും…മിന്നുകെട്ടിയ ഭർത്താവിനോടുള്ള കടമ , കർത്തവ്യം എന്നിവയൊക്കെ ഈ ക്ഷണിക ജീവിതത്തിൽ , ഭൂതകാലത്തെ മനഃപൂർവ്വം മറന്ന്…എല്ലാം സഹിച്ചു മുന്നോട്ട് പോകാൻ അവളെ പ്രേരിപ്പിച്ചു . അങ്ങനെ…ക്രമേണ അലീന അവളെത്തന്നെ മറന്ന് , എല്ലാം ത്വജിച്ചു…ആർക്കോ എന്തിനോവേണ്ടി സ്വയം കത്തിയെരിഞ്ഞു പ്രകാശമരുളുന്ന മെഴുകുതിരിയാക്കി മാറ്റി അവളുടെ ശേഷിച്ച ജീവിതം !. ഭൂതകാല പൊരുളുകൾ പലതും …മറവിയുടെ മാറാപ്പിൽ കെട്ടിയൊളിപ്പിച്ചു കർമ്മനിരതയായൊരു ഭാര്യയുടെ വേഷം എടുത്തണിഞ്ഞു ഏതോ പുരാണ നായികയെ പോലെ അവൾ …പുതിയ ”ജീവകാല”ത്തേക്ക് കടന്നുവന്നു .എന്നാൽ ആ ഭാര്യയെയോ , ഭാര്യയിലെ പെണ്ണിനെയോ പെണ്ണിൻറെ മനസ്സിനെയോ?…. തെല്ലും മനസ്സിലാക്കാൻ കഴിഞ്ഞില്ല , താലികെട്ടി കീഴടക്കി കിരീടം ചൂടി….കൂടെ കൂടിയ ആ വലിയ ”കിഴങ്ങൻ”കലാകാരൻ ഭർത്താവിനു .കഴിയുന്ന പോയിട്ട്…. ശ്രമിക്കാൻ പോലും തോന്നിപ്പിച്ചില്ല ,വരകളും വർണ്ണങ്ങളുമായി ഇഴചേർന്ന്…കള്ളനാണയം കളിച്ചു പാഞ്ഞു ഓടി നടക്കുന്ന ഡാനി എന്ന ചിത്രകാരൻ ബുദ്ധിജീവിക്ക് !. താൻ നിറം കൂട്ടിക്കലർത്തി , ബ്രഷിനാൽ തൊട്ടുവരക്കുന്ന ”പാലറ്റ് കള്ളി”യിലെ വിലകൊടുത്തു വാങ്ങിയൊരു മുന്തിയ ഇനം ”ചായം ” മാത്രമായിരുന്നു അലീന അവനു !. സത്‌സ്വഭാവത്താലും ….ശാലീനതയാലും ആരും മോഹിച്ചു പോകുന്ന സൗന്ദര്യത്തിൻറെ ആൾ രൂപമായ അലീനയെ വലിയ വില കൊടുക്കാതെ , ചുളുവിൽ അടിച്ചെടുക്കാൻ കഴിഞ്ഞതിൽ ആത്മാഭിമാനവും അഹങ്കാരവും പൂണ്ടവൻ….അഭിരമിച്ചു ജീവിച്ചു . ആഗ്രഹിച്ചു കീഴടക്കി സ്വന്തമാക്കിയ അലീന എന്ന സ്വകാര്യസ്വത്തിനെ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിച്ചു ,അടിയറവ് പറയിച്ചു …മൃഗയാവിനോദത്തിൽ അയാൾ ആത്മഹർഷം കൊണ്ടു . അതിനപ്പുറം …ലീനയെ അറിയാനോ, ഹൃദയം കൊണ്ട് സ്നേഹിച്ചു അടിമപ്പെടുത്താനോ ….അവൻ മിനക്കെട്ടില്ല . ചിത്രകാരൻ എന്ന മേൽവിലാസവും , അതിന് അടിവര ഇടുന്ന അവൻറെ ” ഫ്രീക്ക് -ഔട്ട് ” ലൈഫും അയാടെ ജീവിതത്തിൻറെ തന്നെ മുഖമുദ്ര ആയതിനാൽ…ഒന്ന് ഉപദേശിച്ചു മാറ്റാനോ ?….അയാളുടെ സ്വകാര്യ ഇഷ്‌ടാനിഷ്‌ടങ്ങൾക്കും ദുർനടപ്പുകൾക്കും ” തട ”ഇടാനുമോ ?…. അയാൾടെ ”മാതാപിതാക്കൾ ”ക്കു പോലും കഴിഞ്ഞില്ല . അതിൻറെ ഒക്കെ പേരിൽ ….അളവില്ലാത്ത കണക്കിൽ പലതരം മദ്യം ,അതിൻറെ എത്രയോ ഇരട്ടി …ചരസ്സ് ,ഗഞ്ചാവ് തുടങ്ങിയ ” പുക”കൾ . പിന്നെ , ഗുളിക , കുത്തിവെയ്പ്പ് രൂപത്തിലുള്ള മറ്റു മയക്കുമരുന്ന് സ്രേണിയിൽ വരുന്ന നിരവധി ലഹരി വസ്തുക്കൾ . എല്ലാം ചിത്രകാരൻ ഡാനിയുടെ ചായങ്ങളുടെ നിത്യസന്ദർശകരായി ഇടകലർന്നു .ഒപ്പം , പല തരത്തിലും രീതിയിലും…. ഭാവത്തിലും ഉള്ള ”ആൺ -പെൺ” സൗഹൃദകൂട്ടാളികളും !. ഒറ്റക്കും തെറ്റക്കും , മാറിയും മറിഞ്ഞും തിരിഞ്ഞും ഒക്കെ ഇവകളെല്ലാം …ചിത്രരചനാസംഘം ആയും സുഹൃത്ത് കൂട്ടായ്‌മ ആയും ആ വീടിൻറെ ഉള്ളറകളിൽ ആകെ കൂത്താടി മറിഞ്ഞു . കോലംതുള്ളലുകൾ മുഴുവൻ കണ്ടും കേട്ടും …ഒന്നിലും ഒരു കരടാവാതെ , വിലങ്ങാകാൻ പരിശ്രമിക്കാതെ….അലീന ആ വലിയ വീടിൻറെ അകത്തളങ്ങളിൽ മൗനസമ്മതങ്ങളാൽ ജീവിതം തള്ളിനീക്കി . എന്നാൽ , ഇങ്ങനെ ആർക്കോവേണ്ടി വെറുതെ ജീവിതം ” തുലച്ചു തീർക്കാൻ ” കർത്താവ് അവൾക്ക് അധികകാലം കൊടുത്തില്ല . അലീനയുടെ സർവ്വദുഃഖങ്ങൾക്കും അത്താണിയായി വേദനകൾക്കെല്ലാം ”മറുമരുന്ന്” ആയി….സൗഭാഗ്യത്തിൻറെ കനകവസന്തം അങ്ങനെ …അവളിൽ വിരുന്ന് വന്നെത്തി !. ജീവിതത്തിന് ഉണർവ്വും തുണയുമായി, ഐശ്വര്യദേവത അവളുടെ ഉദരത്തിൽ അവൾക്കൊരു ”ജീവൻറെ തുടിപ്പ് ”നൽകി ആശീർവദിച്ചു . ഒരു ദിവസം വളരെ അവിചാരിതമായി ” താൻ ഗർഭിണി ആണോ ?” എന്നൊരു സംശയം ലീനയിൽ തലപൊക്കി . അവളത് ഒട്ടും മറയ്ക്കാതെ , ഡാനിയോട് കൈമാറി . അവൻ ഒട്ടും വച്ച് താമസിപ്പിച്ചില്ല . കാരണം താൻ ഒരു അച്ഛൻ ആകുന്നു എന്ന വാർത്ത അവനെ സംബന്ധിച്ച് വളരെ ഉന്മാദദായകം ആയിരുന്നു .അതിനാൽ വച്ചുനീട്ടാതെ , പെട്ടെന്ന് തന്നെ ”പരിശോധനകൾ ”എല്ലാം നടന്നു. റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് . ഡാനി സന്തോഷംകൊണ്ട് മതിമറന്നു .താൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ലോകത്തെ വിളിച്ചറിയിക്കാൻ അവൻ വീർപ്പുമുട്ടി .ഹർഷാനന്ദം പങ്കുവച്ചു ലീനയെ അവൻ അന്ന് ആദ്യമായ് മനസ്സറിഞ്ഞു സ്നേഹിച്ചു ,ആലിംഗനംചെയ്ത് ,ചുംബിച്ചു …മറ്റെന്തോക്കെയോ അവളെ വേദനിപ്പിക്കാതെ ചെയ്‌തു . അവളും അതൊക്ക അറിഞ്ഞാസ്വദിച്ചു … ആ ഹർഷോന്മാദങ്ങളിൽ അവനൊപ്പം സുഖിച്ചു പുളഞ്ഞു . പിന്നീട് അങ്ങോട്ട് തന്നിൽ അന്യമായിരുന്ന ഇഷ്‌ടവും സ്നേഹവും അവൾക്ക് ആവോളം പകർന്നു നൽകാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു . കൂട്ടത്തിൽ …അവൾക്ക് വേണ്ടുന്ന പരിചരണവും ,വൈദ്യസഹായവും,പരിരക്ഷയും ജാഗ്രതയും എല്ലാം ഒപ്പം ,ഒട്ടും കലവറ ഇല്ലാതെ കൊടുത്തു അവളെ നന്നായി സംരക്ഷിച്ചു പോകാനും ആ ഗർഭകാലത്ത് ഉടനീളം…. ഡാനി വളരെ ശുഷ്ക്കാന്തി പുലർത്തി. പിന്നീട് അങ്ങോട്ട് അലീനക്ക് ആനന്ദത്തിൻറെ ദിനരാത്രങ്ങളായിരുന്നു . ഡാനിക്ക് അജ്ഞാതമായിരുന്ന വികാരങ്ങൾ എല്ലാം ….പിറക്കാനിരിക്കുന്ന തൻറെ പൊൻകുഞ്ഞിൻറെ സൗഖ്യത്തിനായി വാത്സല്യവും സ്നേഹവും പരിലാളനകളുമായി അവൻ നിറയെ വാരിക്കോരി ചൊരിഞ്ഞു . കൂടാതെ , അവളുടെ ഇഷ്‌ടക്കേട്‌ കണ്ടറിഞ്ഞു , തൻറെ മദ്യപാന -പുകവലി സംഗമങ്ങളും സൗഹൃദ സദസ്സുകളും സ്വമേധയാ നിർത്തിവെക്കാൻ വരെ അവൻ തയ്യാറായി . അങ്ങനെ …സന്തോഷം നിറഞ്ഞു …ഉല്ലാസം വിരുന്നുവന്ന നാളുകൾ …ഇരുവരിലും ഒരുമിച്ച് ആഹ്ളാദ തിരയുയർത്തി , സ്നേഹിച്ചുമ്മവച്ചു നീണ്ടുപോയി .കാലം മെല്ലെ ഉരുണ്ടു…നിമിഷവും മണിക്കൂറും പിന്നിട്ടു ദിവസമായി . ദിവസങ്ങൾ ആഴ്ചകളായപ്പോൾ…ആഴ്ചകൾ മാസങ്ങൾക്ക് ജൻമം കൊടുത്തു. ഒടുവിൽ … .പത്തു മാസത്തെ ശുഭ പ്രതീക്ഷകൾക്കും …കാത്തിരിപ്പിനും പരിസമാപ്‌തി കുറിച്ച് …തലസ്‌ഥാന നഗരിയിലെ അതിപ്രശസ്തമായ ഒരു ആതുരാലയത്തിൽ അലീന അതിസുന്ദരിയായൊരു പെൺകുഞ്ഞിന് ജന്മം നൽകി . അവളെപോലെ വെളുത്തു തുടുത്തു സുന്ദരിയായ ആ ”ചുന്ദരിവാവ ”ക്ക് അവർ അതി സുന്ദരമായൊരു പേരിട്ടു വിളിച്ചു .എമിലി , ”എമിലിമോൾ ”…… ”എമിലി ഡാനിയൽ ഡിസൂസ്സ ”
അവളെക്കുറിച്ചും അവരുടെ കൂടുതൽ വിശേഷങ്ങൾക്കുമായി ഉടനെ ഞാൻ വരും …കാത്തിരിക്കുക ! ! !.
നിങ്ങളുടെ സ്വന്തം
സാക്ഷി……

a
WRITTEN BY

admin

Responses (0 )



















Related posts