-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രണയഭദ്രം [ഭദ്ര]

പ്രണയഭദ്രം Pranayabhadram | Author : Bhadra പ്രണയഭദ്രം….. പ്രണയമെന്നത് ഒരു വികാരത്തിനും അനുഭൂതിക്കും ഉപരിയായി ജീവിതം തന്നെയായി മാറുന്നൊരവസ്ഥയുണ്ട്. പ്രണയത്തെ ഏറ്റവും ഹൃദയശുദ്ധിയോടെ ഉപാസിക്കുന്നവർക്കായി മാത്രം പ്രകൃതി അനുവദിച്ചു തരുന്ന അതിവിശിഷ്ടമായ ഒരു തലമാണത്. എന്റെ പ്രണയത്തെ എന്നിലേക്ക് നയിച്ചതിൽ ഈ വേദിയോടും, അണിയറ ശില്പികളോടും, അക്ഷരം അനുഗ്രഹിച്ച എഴുത്തുകാരോടും, വായനക്കാരോടും ഞങ്ങളുടെ അകമഴിഞ്ഞ സ്നേഹം അറിയിച്ചുകൊള്ളട്ടെ. പ്രണയം എന്നെ സ്വന്തമാക്കിയെന്നറിഞ്ഞ ദിവസം മുതൽ ഏറെ പേർ ചോദിച്ചതാണ് ആ കഥയൊന്നു വാക്കുകളിലേക്ക് പകർത്തണമെന്നു. നല്ല […]

0
1

പ്രണയഭദ്രം
Pranayabhadram | Author : Bhadra

പ്രണയഭദ്രം…..

പ്രണയമെന്നത് ഒരു വികാരത്തിനും അനുഭൂതിക്കും ഉപരിയായി ജീവിതം തന്നെയായി മാറുന്നൊരവസ്ഥയുണ്ട്. പ്രണയത്തെ ഏറ്റവും ഹൃദയശുദ്ധിയോടെ ഉപാസിക്കുന്നവർക്കായി മാത്രം പ്രകൃതി അനുവദിച്ചു തരുന്ന അതിവിശിഷ്ടമായ ഒരു തലമാണത്. എന്റെ പ്രണയത്തെ എന്നിലേക്ക് നയിച്ചതിൽ ഈ വേദിയോടും, അണിയറ ശില്പികളോടും, അക്ഷരം അനുഗ്രഹിച്ച എഴുത്തുകാരോടും, വായനക്കാരോടും ഞങ്ങളുടെ അകമഴിഞ്ഞ സ്നേഹം അറിയിച്ചുകൊള്ളട്ടെ. പ്രണയം എന്നെ സ്വന്തമാക്കിയെന്നറിഞ്ഞ ദിവസം മുതൽ ഏറെ പേർ ചോദിച്ചതാണ് ആ കഥയൊന്നു വാക്കുകളിലേക്ക് പകർത്തണമെന്നു. നല്ല പാതി ഒരുപാടു നാളുകളായി എന്നെ നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു, എന്റെ വാക്കുകളിലൂടെ തന്നെ ഞങ്ങളുടെ കഥ ലോകമറിയണം എന്ന എന്റെ പ്രണയത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി മാത്രമാണ് ഈ സാഹസം.

ഓർമകളുടെ വെളിച്ചം വീഴുന്ന മനസ്സിന്റെ അങ്ങോളം ഇങ്ങോളം ഞാൻ ആവർത്തിച്ചു നടന്നുകൊണ്ടേയിരുന്നു. അപൂർണമായ എന്തോ ഒന്ന് എന്റെ ഉള്ളിൽ ഇരുന്നു സ്വയം വേദനിച്ചു പിടഞ്ഞുകൊണ്ടേയിരുന്നു. അതിൽനിന്നും നിർത്താതെ ഇറ്റു വീഴുന്ന ചോരത്തുള്ളികൾ എന്റെ മനസ്സിനുള്ളിൽ തളം കെട്ടി കിടപ്പുണ്ടായിരുന്നു. എന്തിനെയാണ് തേടുന്നതെന്നു പോലും അറിയാതെ, നിശബ്ദമായ ഒരവരണത്തിനുള്ളിൽ വീണ്ടും എത്രയോ കാലം. എനിക്കു വേണ്ടി പിടയുന്നൊരു പ്രാണൻ ഈ ലോകത്തിന്റെ ഏതോ കോണിൽ എനിക്കായി കാത്തിരിപ്പുണ്ടെന്നുള്ള തിരിച്ചറിവ് തികച്ചും സ്വാഭാവികമായി എന്നിലേക്കെത്തി. കാത്തിരിപ്പിനു ഒരു ലക്ഷ്യമുണ്ടായി….

വാക്കുകളിലൂടെ ആത്മാവും, ശബ്ദത്തിലൂടെ മനസ്സും തുറന്നിട്ട് അവൻ എത്ര അധികാരത്തോടെയാണെന്നോ എന്റെ ജീവിതത്തിലേക്ക് നടന്നു കയറിയത്.

ഹോസ്പിറ്റൽ മുറിയിലെ മടുപ്പിക്കുന്ന മരുന്നിന്റെ മണവും, പകലും രാത്രിയും തിരിച്ചറിയാനാവാതെ പോയ ദിനങ്ങളും എന്നെ തടവറയിലാക്കിയ കാലമാണ് എന്റെ വായനയുടെ സുവർണ കാലം. ഏറെ പ്രിയപ്പെട്ട ഒരു നേഴ്സ് കുസൃതിയോടെയാണ്, ” വായിക്കുന്നെങ്കിൽ ഇതൊക്കെ വായിക്കേടോ, അസുഖമൊക്കെ പമ്പ കടക്കും” എന്നു പറഞ്ഞു ചിരിച്ചുകൊണ്ട് എന്റെ ഫോണിൽ ഈ സൈറ്റ് ആദ്യമായി കാണിച്ചു തന്നത്. ഇങ്ങനെയും ഒകെ കഥകൾ എഴുതുമോ എന്നുള്ള അതിശയം ആയിരുന്നു ആദ്യം. പക്ഷെ ചില കഥകൾ വായിച്ചപ്പോഴാണ് കഥയിൽ എരിവും പുളിയും ചേർക്കുന്നുണ്ടെങ്കിലും അസാമാന്യ പ്രതിഭകളാണ് എഴുത്തുകാരിൽ പലരും എന്നു തിരിച്ചറിഞ്ഞത്.

തികച്ചും അനിവാര്യമായ വിധി എന്നോണം ഞാൻ വായിക്കാൻ തുടങ്ങി ഏകദേശം ഒരു മാസത്തിനുള്ളിൽ “കുരുതിമലക്കാവ് ” പ്രസിദ്ധീകരിച്ചു തുടങ്ങി. ഓരോ ഭാഗവും എനിക്കു തന്ന വായനാനുഭവങ്ങൾ അവിശ്വസനീയമായിരുന്നു. Dejavu എന്നൊരു വാക്ക് അതിന്റെ എല്ലാ അർഥത്തിലും ഒട്ടും അതിശയോക്തി കലർത്താതെ എന്റെ ജീവിതത്തിലേക്ക് നേരിട്ട് ഇറങ്ങി വന്നതു പോലെ. രാത്രിയിലെ സ്വപ്നങ്ങളിൽ പോലും അവൻ എഴുതാൻ പോവുന്ന സംഭവങ്ങൾ ഞാൻ നേരിട്ട് കാണാൻ തുടങ്ങി പലപ്പോഴും. ഒരിക്കലും കണ്ടിട്ടില്ലാത്ത എഴുത്തുകാരൻ എനിക്കൊരു വലിയ ചോദ്യചിഹ്നമായി. വല്ലാത്ത ധർമസങ്കടത്തിലായി ഞാൻ. അവൻ എഴുതുന്ന ഓരോ അധ്യായവും അവനിലേക്ക് എന്നെ വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു. കാണാമറയാതിരുന്നു ഏതോ ഒരു ജലവിദ്യക്കാരൻ എന്റെ മനസ്സിനെ ഒരു കളിപ്പാട്ടമാക്കുന്നതു പോലെ. ദേഷ്യവും സങ്കടവും ആകാംക്ഷയുമൊക്കെ മാറി മാറി തോന്നുന്നുണ്ടായിരുന്നു. ആരോട് പറയണം, എങ്ങനെ ഇതിൽനിന്നും ഒന്നു പുറത്തുകടക്കും എന്നൊക്കെ ചിന്തിച്ചു, ഒടുവിൽ മുള്ളിനെ മുള്ളുകൊണ്ടു എടുക്കും പോലെ കഥയുടെ സൃഷ്ടാവിനോട് തന്നെ ഈ നിഗൂഡതകൾക്കുള്ള മറുപടി തേടാമെന്ന് തീരുമാനിച്ചു. പക്ഷേ ഇത്തരം കഥകൾ ഒരു പെൺകുട്ടി വായിച്ചിട്ട് അതിന്റെ എഴുത്തുകാരനോട് സംവദിക്കുകയെന്നാൽ എനിക്ക് സങ്കൽപ്പിക്കാൻ ആവുന്നതിനേക്കാളേറെ ആയിരുന്നു. പക്ഷേ ചില അനിവാര്യതകൾ നമുക്ക് പകർന്നു തരുന്ന അസാമാന്യധൈര്യമുണ്ട്. ഒരുപാട് നാളത്തെ കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും ഒക്കെ എത്തിനിന്നത് അവനോട് സംവദിച്ചേ മതിയാവൂ എന്ന തികഞ്ഞ അനിവാര്യതയിലേക്കാണ്. കമന്റ്‌ ബോക്സിൽ mail id ചോദിച്ചപ്പോഴും വേണോ വേണ്ടയോ എന്ന വടംവലികൾക്കിടയിൽ ആയിരുന്നു മനസ്സ്. അധികം താമസിക്കാതെ എനിക്കുള്ള മറുപടിയായി ആ mail id എത്തി.
ഏകദേശം 10 ദിവസത്തിൽ കൂടുതൽ വേണ്ടി വന്നു അവനോടായി സംവദിക്കാനുള്ള ഏതാനും വരികൾ എഴുതാനുള്ള ധൈര്യം സംഭരിക്കാൻ. ഇത്രമേൽ ധൈര്യം ചോർന്നു പോവുന്നൊരവസ്ഥ അതിനു മുൻപ് ഞാൻ അറിഞ്ഞിട്ടേയില്ല. അതൊരു പരീക്ഷണ ഘട്ടം തന്നെയായിരുന്നു. എന്റെ ഉദ്ദേശശുദ്ധിയെ, എനിക്കു തോന്നിയ അടുപ്പത്തെ ഒക്കെ ഏറ്റവും തരംതാഴ്ന്ന രീതിയിൽ പോലും ചിന്തിക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ മുന്നിൽ കാണുന്നുണ്ടായിരുന്നു.

തികച്ചും ഔപചാരികമായ എഴുത്തുകളിൽ തുടങ്ങി, ഇഷ്ട വിഷയങ്ങളായ വായനയും, എഴുത്തും, സംഗീതവും, സിനിമയും, മനുഷ്യ മനഃശാസ്ത്രവും, റിഗ്രെഷൻ തെറാപ്പിയും, മിസ്റ്റിസിസവും, കടന്നു അതീന്ദ്രിയ ജ്ഞാനം പോലും വിഷയമാവുന്ന നീണ്ട മെയിലുകൾ, സംഭാഷണങ്ങൾ ഒക്കെ ഏതു വിഷയത്തെയും പ്രതി അവനുള്ള വായനയും, അറിവും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ അവനെന്ന വ്യക്തിത്വത്തിന്റെ വ്യാപ്തി എനിക്ക് കാട്ടിത്തന്നു. ആ സൗഹൃദം തികച്ചും സ്വാഭാവികമായി ഒഴുകികൊണ്ടേയിരുന്നു. കുറച്ചേറെ നാൾ കഴിഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരു നിമിഷം അവൻ പറഞ്ഞു “നിന്നെ നഷ്ടപ്പെടാൻ എനിക്കാവില്ല. ആർക്കും വിട്ടു കൊടുക്കാതെ ഞാൻ നിന്നെ സ്വന്തമാക്കി കഴിഞ്ഞെന്നു” എന്നോടൊരു അനുവാദം പോലും ചോദിക്കാതെ തികഞ്ഞ അധികാരത്തോടെ അവനതു പറയുമ്പോൾ എന്റെ ശബ്ദത്തിനും അപ്പുറം ഞാനെന്ന പെണ്ണിനെ അവൻ ഒന്നു നേരിട്ടു കണ്ടിട്ടു പോലും ഇല്ല. ഞാൻ അവനെയും. അതൊരു അനിവാര്യതയായി ഞങ്ങൾക്ക് തോന്നിയില്ല എന്നതാണ് സത്യം. പിന്നെ അവനെ കാണാനായുള്ള നീണ്ട കാത്തിരിപ്പായിരുന്നു.
അവനൊരു ചെറിയ പോറൽ പറ്റുമ്പോൾ പോലും തേടി എത്തുന്ന എന്റെ ഫോൺ കോൾ, “എന്താ പറ്റിയേ” എന്ന വേവലാതി പൂണ്ട ചോദ്യങ്ങളൊക്കെ ആദ്യമാദ്യം അവനിൽ ഒരുപാട് കൗതുകം നിറച്ചു. പതിയെ പതിയെ അവനും മനസിലാക്കി തുടങ്ങുകയായിരുന്നു സൗഹൃദത്തിനും പ്രണയത്തിനും അപ്പുറം അവന്റെ ആത്മാവിനോളം ചേർന്നു കെട്ടുപിണഞ്ഞു കിടക്കുന്ന എന്തോ ഒന്നു ആദൃശ്യമായി നമുക്കിടയിലുണ്ടെന്ന്‌. ആദ്യം പലതും യാദൃശ്ചികതയുടെ പേരും പറഞ്ഞു ചിരിച്ചു തള്ളി കളഞ്ഞിട്ടുണ്ട്. പക്ഷേ അവനു തന്നെ നിഷേധിക്കാനാവാത്ത വിധം പലതും സംഭവിച്ചതോടെ, ഞങ്ങൾ തീർത്തും മനസ്സിലാക്കുകയായിരുന്നു എനിക്ക് അവനെയോ, അവന് എന്നെയോ സ്നേഹിക്കാതെ അപരിചിതരായി ജീവിച്ചു മരിക്കാൻ ആവുമായിരുന്നില്ല എന്ന സത്യം. ഒരു വ്യാഴവട്ടകാലത്തിനിടവേളകളിൽ ഒരേ ദിവസം ഒരേ സമയത്ത് ഒരു നിമിഷത്തിന്റെ ഇടവേള പോലും തെറ്റാതെ ഒരേ സമയത്തു ജനിച്ചവരാണ് നമ്മൾ രണ്ടുപേരും എന്ന തിരിച്ചറിവ് രണ്ടുപേരെയും വല്ലാതെ വിസ്മയിപ്പിച്ചു. അദൃശ്യമായ എന്തോ ഒന്നു നമുക്കിടയിൽ ഉണ്ടായിരുന്നു. കുരുതിമലക്കാവ് അതിനൊരു നിമിത്തം മാത്രമായിരുന്നു. ഈ ലോകത്തിന്റെ രണ്ടു ധ്രുവങ്ങളിൽ രണ്ടു ലോകങ്ങളിൽ ആയിരുന്ന ഒന്നാവേണ്ടിയിരുന്ന രണ്ടാത്മാക്കളെ പരസ്പരം തിരിച്ചറിയാനുള്ള നിമിത്തം.

ആദ്യമായി കാണുമ്പോൾ എങ്ങനെ പരസ്പരം തിരിച്ചറിയുമെന്ന് ഒരിക്കൽ പോലും ഒരു സംശയം നമുക്കിടയിൽ ഉണ്ടായിട്ടേയില്ല. അല്ലെങ്കിൽ തന്നെ എന്റെ ആത്മാവിനെ ആവാഹിച്ചെടുത്തവന് എന്നെ തിരിച്ചറിയാൻ എന്തിനാണൊരു അടയാളം. അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ നാലു മണിയോടെ എനിക്കൊരു കോൾ വന്നു. “നേരം പുലർന്ന ശേഷം എയർപോർട്ടിലേക്കു വാ.” നിമിഷങ്ങൾ കൊണ്ടാണ് ഉറക്കച്ചടവ്‌ മാറിയത്. പിടഞ്ഞെഴുന്നേറ്റു വീണ്ടും ചോദിച്ചു “എന്താ പറഞ്ഞേ…? ” മറുപടി ആയി അവന്റെ ചിരി ആയിരുന്നു, ” എന്നെ കാണാൻ കാത്തിരുന്ന ആൾക്ക് വേണ്ടി പുലരും വരെ ഞാൻ കാത്തിരിക്കാം” വീണ്ടും അവന്റെ കുസൃതി ചിരിയും….

എയർപോർട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ചാറ്റൽ മഴ കൂടെയുണ്ടായിട്ടും, എസി യുടെ തണുപ്പ് എന്നെ പൊതിഞ്ഞിട്ടും വിയർപ്പുതുള്ളികൾ എന്റെ കഴുത്തിലൂടെ ചാലിട്ട് ഒഴുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. സന്തോഷവും, പരിഭ്രമവും, ഇടകലർന്നു വിറകൊള്ളുന്ന എന്റെ ശരീരത്തെ മനസ്സ് എത്ര തവണ ശാസിച്ചെന്നോ ! പാർക്കിംഗ് ഏരിയയിൽ നിന്നും പരിഭ്രമം പുറത്തു കാണിക്കാതെ നേർത്ത ചാറ്റൽ മഴയുടെ കയ്യും പിടിച്ചു arrival board നു നേരെ സാവധാനം നടന്നു ഞാൻ. പെട്ടന്നാണ് പുറകിൽ നിന്നൊരു വിളി. ” എന്റെ മൂക്കുത്തിപ്പെണ്ണേ……………. ” ഒരു നിമിഷം എന്റെ ശ്വാസം പോലും നിലച്ചു പോയതു പോലെ. അന്നുവരെ ഫോണിലൂടെ മാത്രം ഞാൻ കേട്ട എന്റെ പ്രാണനെ പോലും തൊട്ടുണർത്തിയ ആ ശബ്ദം എനിക്ക് തൊട്ടു പുറകിൽ. ഓടിവന്നിട്ടെന്നവണ്ണം കിതക്കുന്നുണ്ടായിരുന്നു അവൻ. നേര്യതിന്റെ തുമ്പും ഫോണും കാർ കീ യും ഒരു ബലത്തിനെന്നോണം ഇറുകെ പിടിച്ചു ഞാൻ. തിരിഞ്ഞു നോക്കണമെന്നുണ്ട് എനിക്ക് പക്ഷേ എന്റെ ശരീരം നിശ്ചലമായിപോയ പോലെ. അനങ്ങാൻ പോലും ആവുന്നില്ല. ഒരു നിമിഷം എന്റെ കണ്ണുകൾ ഇറുക്കി അടച്ചു. അവനെ കാണും മുൻപേ ഇന്നുവരെ കണ്ട എല്ലാ കാഴ്ചകളുടെയും അശുദ്ധി കണ്ണുനീരിൽ നിറഞ്ഞു കവിളുകളെ നനച്ചുകൊണ്ടു ഒഴുകിപ്പോയത് ഞാനറിഞ്ഞു. കരയുകയായിരുന്നോ???
ഒരു പെരുമഴ ഇരച്ചാർത്തു വരുന്നത് എന്റെ ഉള്ളിൽ നിന്നാണോ അതോ ആകാശത്തു നിന്നോ എന്നുപോലും തിരിച്ചറിയാനായില്ല. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലായില്ല. സ്നേഹത്തിന്റെ ഇളം ചൂട് എന്റെ കൈത്തണ്ടയിൽ. ശരീരം മുഴുവൻ മിന്നൽ പിണറുകൾ പായുന്ന പോലെ. ആ സ്പർശം പകരുന്ന ഒരുതരം ഊർജ്ജം താങ്ങാനാവാതെ പിടഞ്ഞുപോയി. എന്റെ കയ്യും പിടിച്ചു തണൽ മരത്തിന്റെ ചുവട്ടിലേക്ക് അതിവേഗം നടക്കുന്ന അവനെയാണ് ആദ്യം ഞാൻ കാണുന്നത്. ഉറച്ച കാൽവെപ്പുകളുമായി അധികാരത്തോടെ എന്റെ കയ്യും പിടിച്ചു നടക്കുന്ന എന്റെ അച്ചു. ആ മരത്തിന്റെ ചുവട്ടിൽ എത്തിയതും എനിക്കു നേരെ തിരിഞ്ഞു, ആ കണ്ണുകളാണ് ഞാൻ ആദ്യം കണ്ടത്. കൺപീലികളാൽ സമൃദ്ധമായ കാന്തം പോലുള്ള കണ്ണുകൾ. സ്നേഹം തിങ്ങി വിങ്ങി ആ കണ്ണു നിറയുന്നുണ്ടായിരുന്നു. അവന്റെ ചാര നിറമുള്ള കൃഷ്ണമണിക്കുള്ളിൽ ഒരു സ്വപ്നം പോലെ ഞാൻ എന്നെ കണ്ടു. ഒരു പുരുഷന് ഇത്രമേൽ വശ്യസൗന്ദര്യം ഉണ്ടാകുമോ എന്നൊരു നിമിഷം ചിന്തിച്ചു പോയി. ആ രണ്ടു കൈകൾ കൊണ്ടും അവൻ എന്റെ മുഖം വാരിയെടുത്തു. നെറുകയിൽ വീണു ചിതറുന്ന മഴത്തുള്ളിയെ അവന്റെ ചുണ്ടുകൾ കൊണ്ടു ഒപ്പിയെടുത്തുകൊണ്ടു പതിഞ്ഞ സ്വരത്തിൽ വിളിച്ചു “ഭദ്രാ…. “.

തേങ്ങി കരഞ്ഞു കൊണ്ടു ആ നെഞ്ചിലേക്ക് വീഴാനേ എനിക്കായുള്ളൂ. ചേർത്തു പിടിച്ചു കൊണ്ടു എന്റെ തലമുടിയിൽ സാവധാനം തഴുകിക്കൊണ്ടിരുന്നു അവൻ. അത്രത്തോളം സമാധാനത്തോടെ സന്തോഷത്തോടെ സുരക്ഷിതത്വത്തോടെയുള്ള ഒരു നിമിഷം അതിനും മുന്നേ ഉണ്ടായിട്ടേയില്ല.

“ആളുകൾ നമ്മളെ നോക്കി ചിരിക്കുന്നുണ്ട് പെണ്ണേ” അവൻ മന്ത്രിച്ചു. ഒരുമാത്ര കൊണ്ടു പിടഞ്ഞു മാറി ഞാൻ ചുറ്റും നോക്കി. പലരും നമ്മളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പരിസരം മറന്നു പോയതോർത്തു ഞാൻ സ്വയം പിറുപിറുത്തപ്പോൾ അവൻ പിന്നെയും എന്നെ നോക്കി ചിരിക്കുകയായിരുന്നു……. ആ ചിരി നേരിടാനാവാതെ, ഞാനും…..

(തുടരും)

a
WRITTEN BY

admin

Responses (0 )