ഓർമ്മകൾക്കപ്പുറം 5
Ormakalkkappuram Part 5 | Author : 32B | Previous Part
സപ്പോർട്ടിന് നന്ദി മക്കളേ ❤️ ഇത്തവണ പേജ് കുറച്ചൂടി കൂട്ടിട്ടുണ്ട്. അടുത്ത പാർട്ട് എഴുതി തുടങ്ങി, നല്ലൊരു ക്ലൈമാക്സിനു വേണ്ടിയുള്ള ആലോചനയിൽ ആണ്. പറ്റുവാണേൽ 2 പാർട്ട് കൂടെ കൊണ്ട് തീർക്കാൻ ശ്രമിക്കാം.###
ഓർമ്മകൾക്കപ്പുറം 5
കണ്ടത് ആരെയാണെന്ന് കൂടി അറിയില്ല പക്ഷേ വിവേകത്തിനു അപ്പുറം മനസ്സ് ചില സമയം ചില തീരുമാനങ്ങൾ എടുക്കും അത് തന്നെയാണ് ഇവിടെയും നടന്നത്.
ഒറ്റക്കുതിപ്പിന് അവൻ ആ കംപാർട്മെന്റിന്റെ പടിയിലേക്ക് ചാടി കയറി ഡോറിൽ അള്ളി പിടിച്ചു നിന്നു. അവൻ അത് തള്ളി നോക്കി എന്നാൽ അത് അകത്തുനിന്നും ലോക്ക് ചെയ്തിരുന്നു. അപ്പോഴേക്കും ട്രെയിൻ അവനെയും വലിച്ചുകൊണ്ട് പ്ലാറ്റ്‌ഫോം വിട്ടിരുന്നു.
“ഹേയ്…. ഹേയ്…. ഓപ്പൺ ദി ഡോർ…” അവൻ ആ നിഴലിൽ നോക്കി അലറിക്കൊണ്ട് ശക്തിയായി ഡോറിൽ മുട്ടി.
തുറന്നിട്ട ജനലിൽ കൂടെ ആ കൈകൾ അവന് നേരെ നീണ്ടു. എന്നാൽ ഡോറിൽ നിന്നുകൊണ്ട് അവന് ആ കയ്യിൽ പിടിക്കാൻ പറ്റിയില്ല. അവൻ വീണ്ടും അകത്തേക്ക് നോക്കി അലറിക്കൊണ്ടിരുന്നു.
ഒരു നിമിഷം അവനെ സ്തബ്ധനാക്കിക്കൊണ്ട് ആ നിഴലിനെ അകത്തുനിന്നും ആരോ ജനൽ കമ്പിയിൽ ചേർത്ത് അടിച്ചിട്ട് വലിച്ച് അകത്തേക്ക് ഇട്ടു. ആ ഷട്ടർ അവന് മുന്നിൽ കൊട്ടി അടക്കപ്പെട്ടു. അതിൽ നിന്നും ഒരു കാര്യം അവന് മനസിലായി ഈ കംപാർട്മെന്റിനുള്ളിൽ നടക്കുന്നത് നിഗൂഢമായ എന്തോ ഒന്നാണ് എന്ന്. എക്സ് ഭ്രാന്തെടുത്തപോലെ ഡോറിൽ ആഞ്ഞു അടിച്ചുകൊണ്ടേ ഇരുന്നു.
അല്പനേരം കഴിഞ്ഞ് അവൻ കുഴഞ്ഞു. ട്രെയിൻ അപ്പോഴേക്കും അതിന്റെ പൂർണ്ണ വേഗത്തിൽ എത്തിയിരുന്നു. പെട്ടന്ന് അവന് ആരോ ഉള്ളിൽ നിന്നും ഡോർ തുറക്കുന്ന പോലെ തോന്നി. അവൻ വേഗം തന്നെ ഡോറിന്റെ സൈഡിലെ കമ്പിയിൽ തൂങ്ങി ഒരു വശത്തേക്ക് ചരിഞ്ഞു എന്തിനും തയ്യാറായി നിന്നു.
ഡോർ തുറന്നു പുറത്തേക്കു ആദ്യം നീണ്ട് വന്നത് ഒരു വലിയ കത്തി ആണ്. ഡോറിനു മുന്നിൽ നിന്നും മാറിയത് നന്നായി എന്നവന് തോന്നി. അവൻ അനങ്ങാതെ ശ്വാസം പിടിച്ചു നിന്നു. കത്തിയുടെ പിന്നാലെ പുറത്തേക്കു ഒരു തല നീണ്ട് വന്നതും എക്സ് കമ്പിയിൽ മുറുകെ പിടിച്ചു ഒരു കാൽ പൊക്കി അവന്റെ മൂക്ക് പൊളിയുന്ന തരത്തിൽ ഒന്ന് കൊടുത്തു. അവൻ തെറിച്ചു അകത്തേക്ക് വീണു. കത്തി പുറത്ത് ട്രാക്കിലേക്കും. ഒറ്റ കുതിപ്പിന് അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി.
ഉള്ളിൽ കടന്ന ഉടൻ താഴെ വീണ് എഴുന്നേക്കാൻ ശ്രമിക്കുന്നവന്റെ നെഞ്ചിൽ എക്സ് ആഞ്ഞു ചവിട്ടി. ആ ഒരു ചവിട്ടിൽ അയാൾ അവിടെ വീണുപോയി. അപ്പോഴേക്കും ഉള്ളിൽ നിന്നും ആരൊക്കെയോ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്നത് അവൻ കണ്ടു.
“എന്റെ പ്രതീക്ഷ തെറ്റിയില്ല. ഈ കംപാർട്മെന്റിൽ എന്തോ ഒരു നിഗൂഢത നിറഞ്ഞു നിൽക്കുന്നുണ്ട്. എന്താണെങ്കിലും അത് കണ്ട് പിടിച്ചേ മതിയാവു.” നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആണ് തന്റെ ജീവൻ നിലനിൽക്കുന്നത് എന്നുകണ്ട എക്സ് പൊടുന്നനെ ജാഗരൂകൻ ആയി.
അപ്പോഴേക്കും ഒരുവൻ അവന്റെ തൊട്ടടുത്ത് എത്തിയിരുന്നു. എക്സിന്റെ കഴുത്തിനു നേരെ നീണ്ട അവന്റെ കൈ തട്ടി അകറ്റിയിട്ട് വശംതിരിഞ്ഞു അയാളുടെ വയറിൽ മുട്ടുകാൽ കൊണ്ട് ഒരു തൊഴി തൊഴിച്ചു. അതിൽ അയാൾ കുനിഞ്ഞു നിന്നു പോയി.
അപ്പോഴും വെളിയിൽ നിന്നും വരുന്ന നേരിയ വെളിച്ചം മാത്രമാണ് ആ ബോഗിക്കുള്ളിൽ ഉണ്ടായിരുന്നത്. എക്സ് വേഗം തന്നെ അവനെ പുറകിലേക്ക് വലിച്ചിട്ട് ജനലിന്റെ അടുത്തുള്ള സ്വിച്ചിൽ കൈ അമർത്തി.
ഒരു നിരയിൽ വെളിച്ചം വീണതും ആദ്യം കണ്ടത് തന്റെ നെഞ്ചിനു നേരെ നീണ്ടുവരുന്ന ഒരു വലിയ കത്തി ആണ്. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ പിന്നിലേക്ക് ഒന്ന് ചാടി ഒഴിഞ്ഞു മാറി. ആ കത്തി പിടിച്ചവന്റെ കഴുത്തിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു. ആ ഒരിടിയിൽ ശ്വാസം കിട്ടാതെ അവൻ നിന്നുപോയി. അവനിൽ നിന്ന് കത്തി തട്ടിയെടുത്ത എക്സ് പുറകിലേക്ക് തെറിച്ചു വീണ രണ്ടാമന്റെ ഷൂസിൽ കലി കയറി ആഞ്ഞു കുത്തി.
അവന്റെ വായിൽ നിന്നും വന്ന അലർച്ച ആ കംപാർട്മെന്റിനുള്ളിൽ പ്രതിധ്വനിച്ചു. പാഞ്ഞടുത്ത നാലാമൻ എക്സിന്റെ മുതുകിൽ ആഞ്ഞു ചവിട്ടി. അവൻ തെറിച്ചു ഒന്നാമന്റെ മുന്നിൽ ചെന്ന് വീണു. മുഖം പൊത്തി ഒരിടി ഒന്നാമന്റെ വക എക്സിന് കിട്ടി. രണ്ടാമത്തെ അടിക്ക് അവൻ തയ്യാറാകുന്ന സമയം എക്സ് അവന്റെ കാല് രണ്ടിലും പിടിച്ചു മുന്നിലേക്ക് വലിച്ചു.
അടിതെറ്റി അവൻ മറിഞ്ഞു വീണു. എന്നാൽ നാലാമനും സമനില വീണ്ടെടുത്ത മൂന്നാമനും ചേർന്ന് വീണ്ടും എക്സിന്റെ മുതുകിൽ തന്നെ തൊഴിച്ചു. അന്നേരം കൊണ്ട് ആ ബോഗിയുടെ മറുതലക്കൽ നിന്നും അഞ്ചാമത് ഒരാൾ കൂടി ഊരി പിടിച്ച കത്തിയുമായി അവരുടെ അടുത്തേക്ക് വന്നുകൊണ്ടിരിന്നു.
ജീവൻ വീണ്ടും കൈ വിട്ട് പോകാൻ പോകുന്നു എന്നൊരു തോന്നൽ ഒരു മിന്നൽ പോലെ അവന്റെ ഉള്ളിൽ വീശിയടിച്ചു. മുന്നിൽ നിൽക്കുന്നവർ ആരാണെന്നു അറിയില്ല. എന്നാൽ അവരുടെ രണ്ട് പേരുടെയും ചുണ്ടിൽ ചിരി വിടരുന്നത് എക്സ് കണ്ടു.കമ്പിസ്റ്റോറീസ്.കോം അവരുടെ പിന്നിൽ അഞ്ചാമനും വന്നു നിന്നു.
“ആരാടാ നായെ നീ? പൊലീസോ? നിന്റെ വേഷോം ഭാവോം ഒക്കെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. എന്തിനാ നീ ഇതിൽ വലിഞ്ഞു കയറിയത്?” അഞ്ചാമൻ അവനു നേരെ ചീറിക്കൊണ്ട് ചോദിച്ചു.
“നാവിറങ്ങി പോയോട കള്ള കഴുവേർടെ മോനേ??” മൂന്നാമന്റെ മുഷ്ടി അവന്റെ മുഖം പൊളിക്കാൻ ആയി പാഞ്ഞു വന്നതും അവൻ ഒരു ആർത്തനാദത്തോടെ എക്സിന്റെ മുകളിൽ കൂടി തെറിച്ചു വീണതും ഒന്നിച്ചായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാൻ തിരിഞ്ഞ അഞ്ചാമന്റെ അലർച്ച കേട്ട് എക്സും നാലാമനും ഒരുപോലെ നടുങ്ങി. ബോഗിയുടെ രണ്ട് വശത്തും ഉള്ള ബെർത്തിന്റെ കമ്പിയിൽ തൂങ്ങി അഞ്ചാമന്റെ നെഞ്ചിലും കഴുത്തിലും ഒരേപോലെ മാറി മാറി ചവിട്ടുന്ന ഒരു പെൺകുട്ടിയെ കണ്ട് എക്സ് ഞെട്ടി.
ഞൊടിയിടയിൽ സമനില വീണ്ടെടുത്ത എക്സ് അവൾക്ക് നേരെ തിരിഞ്ഞ നാലാമനെ പിന്നിൽ നിന്നും പിടിച്ച് ട്രെയിനിന്റെ ജനലിൽ തല ചേർത്ത് ഇടിച്ചു.
ഇടതടവില്ലാതെ ഉള്ള അവളുടെ പ്രഹരങ്ങൾ കൊണ്ട അഞ്ചാമൻ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിപ്പിച്ചു നിലത്തേക്ക് വീണു. തികഞ്ഞ ഒരു അഭ്യാസിയുടെ മെയ്‌വഴക്കം ആയിരുന്നു അവളിൽ.
അപ്പോഴേക്കും പിടഞ്ഞെഴുനേറ്റ ഒന്നാമന്റെ തുടയിൽ രണ്ടാമന്റെ കാലിൽ നിന്നും ഊരിയെടുത്ത കത്തി അവൾ കയറ്റിയിരുന്നു. പച്ച മാംസത്തിൽ ഇരുമ്പ് ഉരഞ്ഞു കയറിയ സുഖം അയാൾ നല്ലോണം തന്നെ അനുഭവിച്ചു. നിമിഷ നേരം കൊണ്ട് അവർ രണ്ടുപേരും ചേർന്ന് അവന്മാരെ എല്ലാം കീഴ്പെടുത്തി. അവളുടെ മനസ്സാന്നിധ്യവും ആയോധന മികവും അവനെ ശെരിക്കും അത്ഭുതപെടുത്തി.
ഒരു നിമിഷം അവർ രണ്ടും മുഖത്തോട് മുഖം നോക്കി നിന്നു. അവൻ നോക്കി നിൽക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. എന്ത് കൊണ്ടോ എന്തോ അവന്റെ കണ്ണും അറിയാതെ നിറഞ്ഞുപോയി.
അവൾ ഓടി വന്ന് എക്സിനെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി നെഞ്ചിൽ തല ചായ്ച്ചു വിങ്ങിപ്പൊട്ടി. അവൻ കണ്ടു… അവളുടെ കയ്യിലെ പച്ച കുത്തിയ പറവക്കൂട്ടത്തെ.
“ഏട്ടാ….” അവളുടെ ആ വിളി കേട്ട് അവൻ ചലനമറ്റു നിന്നുപോയി. കയ്യും കാലും ഒക്കെ തളരുന്ന പോലെ.
“ഏട്ടനെ അന്ന് അവർ കൊന്നു എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്. എന്റെ ബോധം മറയുന്നതിനു മുൻപ് ഞാൻ കണ്ടത് അവർ ഏട്ടനെ തൂക്കി കാട്ടിലേക്ക് എറിയുന്നത് ആണ്.” അവൾ കരഞ്ഞുകൊണ്ട് അത്രയും പറഞ്ഞു ഒപ്പിച്ചു.
“ഏട്ടൻ…. അതെ ഞാൻ ഇത്രനാൾ തേടി നടന്നത് വെറും ഒരു പെണ്ണിനെ ആയിരുന്നില്ല, എന്റെ സ്വന്തം അനിയത്തിയെ തന്നെ ആയിരുന്നു. ഒറ്റ രാത്രികൊണ്ട് അനാഥൻ ആണെന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഒരു കുഞ്ഞിപ്പെങ്ങളെ കിട്ടിയിരിക്കുന്നു.” എക്സിന്റെ കൈകൾ യാന്ത്രികമായി അവളെ വലയം ചെയ്തു.
“മോളെ…” എക്സിന്റെ ശബ്ദം ചിലമ്പിച്ചു പോയി. അവന്റെ വിളി കേട്ടതും അവളുടെ കരച്ചിലിന് ശക്തി കൂടി. ട്രെയിൻ അപ്പോഴും ഓടിക്കൊണ്ടേ ഇരുന്നു.
“എനിക്ക്… എനിക്ക് നിന്നോട് ഒരുപാട് കഥകൾ പറയാനുണ്ട്, എല്ലാം മനസ്സിലാക്കി എടുക്കാനും അതൊക്കെ ഉൾക്കൊള്ളാനും നിനക്ക് കുറച്ച് സമയം വേണ്ടി വരും. പക്ഷേ അതിനൊക്കെ മുൻപ് എനിക്ക് ഇവിടെ എന്താണ് നടക്കുന്നത് എന്ന് നീ പറഞ്ഞു തരണം.” രണ്ട് പേരുടെയും കരച്ചിൽ തെല്ലൊന്ന് അടങ്ങിയപ്പോൾ അവൻ ചോദിച്ചു.
“കഥകൾ എനിക്കും ഒരുപാട് പറയാനുണ്ട്, അതിന് മുൻപ് ഏട്ടൻ ഇത് കാണ്.” അവൾ അവനിൽ നിന്നും വിട്ടകന്നിട്ട് വേഗത്തിൽ നടന്ന് ഓരോ വരിയിലെയും ലൈറ്റിന്റെ സ്വിച്ച് ഇട്ടു. കംപാർട്മെന്റിൽ മുഴുവൻ വെളിച്ചം വീണു. എന്നാൽ ആ കാഴ്ചകൾ കണ്ട് അവൻ തരിച്ചു നിന്നുപോയി.
കുറെ പെൺകുട്ടികളുടെ കൈ പുറകിലേക്ക് വലിച്ചു കെട്ടി വായിൽ തുണി തിരുകി ഓരോ സീറ്റിലും കിടത്തിയിരിക്കുന്നു. ആർക്കും അനക്കമില്ല. ബോധം കെടുത്തി ഇട്ടേക്കുന്നത് ആയിരിക്കണം അവൻ ഊഹിച്ചു.
“എ.. എന്താ ഇത്…? ആരാ ഇവരൊക്കെ?” എക്സിന് ആകാംഷ അടക്കാനായില്ല.
“എല്ലാം ഞാൻ പറയാം. അതിന് മുൻപ് നമുക്ക് ഈ ട്രെയിനിൽ നിന്ന് ഇറങ്ങണം. ഇവന്മാരെ എല്ലാം ആദ്യം നമുക്ക് ഇത്പോലെ അനക്കം ഇല്ലാതെ ആക്കണം. എന്നാലേ നമുക്ക് രക്ഷപെടാൻ പറ്റു. അടുത്ത സ്റ്റേഷൻ പൂനെ ആണ്. അവിടെ നിന്നും ഇവരുടെ ആളുകൾ ഇനിയും കേറും അതിന് മുൻപ് നമുക്ക് ഇതിൽ നിന്ന് ഇറങ്ങണം, സമയം ഒട്ടും കളയാൻ ഇല്ല ഏട്ടൻ വാ.” അവൾ കാര്യങ്ങളുടെ ഒരു ഏകദേശ രൂപം നൽകി.
“പക്ഷേ ഇവന്മാരെ എങ്ങനെ ബോധം കെടുത്തും?”
“ബോധം കെടുത്താൻ ഉള്ള മരുന്നൊക്കെ അവന്മാരുടെ കയ്യിൽ തന്നെ ഉണ്ട്. അതുവെച്ചാണ് ഇത്രനാൾ ഞങ്ങളെ എല്ലാവരെയും മയക്കി ഇട്ടിരുന്നത്. ഇന്ന് അതിന്റെ സുഖം അവർക്ക് ഞാൻ അറിയിച്ചു കൊടുക്കും.” അവൾ ഒരു സീറ്റിന് താഴെ വെച്ചിരുന്ന ഒരു പെട്ടി കാലുകൊണ്ട് തോണ്ടി വെളിയിലേക്ക് ഇട്ടു. അത് തുറന്നതും അതിൽ കുറച്ച് സിറിഞ്ചും കുറച്ച് ചെറിയ കുപ്പികളിൽ ആയി എന്തോ ഒരു മരുന്നും അവൻ കണ്ടു.
അവൾ ഒട്ടും സമയം കളയാതെ തന്നെ ഒരു സിറിഞ്ചിൽ മരുന്ന് നിറച്ചു, രണ്ട് മരുന്നുകുപ്പി കയ്യിലും എടുത്ത് അവനരുകിലേക്ക് ചെന്നു. “വാ.. പിടിക്ക് അവന്മാരെ, ഞാൻ കുത്താം.”
പിന്നൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല, അടികൊണ്ട് തളർന്നു കിടന്ന 5 പേർക്കും അവൾ ആ മരുന്ന് ഇൻജെക്ട് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അവരെല്ലാം മയങ്ങി വീണു. എല്ലാവരെയും അവർ രണ്ടുപേരും ചേർന്ന് ബാത്‌റൂമിൽ കൊണ്ടിട്ടു ലോക്ക് ചെയ്തു. അവൾ അവരുടെ മൊബൈൽ ഫോൺ എല്ലാം എടുത്ത് സ്വിച്ച് ഓഫ് ആക്കി പുറത്തേക്ക് എറിഞ്ഞു.
“പൂനെ എത്താൻ ഇനി അധികം സമയം ഇല്ല ഇവരെയെല്ലാം ഞാൻ ഇപ്പൊ ഉണർത്താം എന്നിട്ട് നമുക്ക് ചെയിൻ വലിക്കാം വണ്ടിയുടെ.” അവൾ എക്സിനെ നോക്കി പറഞ്ഞു. അവൻ തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ മറ്റൊരു സിറിഞ്ചുമായി ചെന്ന് ആ പെട്ടിയിൽ നിന്ന് ഒരു മരുന്നെടുത്തു സിറിഞ്ചിൽ നിറച്ചു ഓരോ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്ന് അവരുടെ കൈയിൽ കുത്താൻ തുടങ്ങി. അവൻ ആ സമയം ആ കുട്ടികളുടെ കയ്യിലെ കെട്ടഴിക്കാൻ തുടങ്ങി.
“ഇത്ര ബോൾഡായ ഒരുവൾ ആണ് എന്റെ പെങ്ങൾ, എന്നാൽ ഇവളുടെ പേര് പോലും ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ… ഇപ്പൊ സാഹചര്യം ശെരിയല്ല, ഇവിടുന്ന് രക്ഷപ്പെട്ടാൽ ഉടൻ തന്നെ ഇവളോട് കാര്യങ്ങൾ ഒക്കെ വിശദമായി പറയണം.” അവൻ മനസ്സിൽ ആലോചിച്ചു.
അല്പസമയം കൊണ്ട് അവൾ എല്ലാവർക്കും മരുന്ന് ഇൻജെക്ട് ചെയ്തു. ഓരോരുത്തരും പതുക്കെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്. “ഏട്ടാ.. ഈ മരുന്നിന്റെ ഹാങ്ങ് ഓവർ മാറി വരാൻ ഒരു 10 മിനിറ്റ് എടുക്കും എന്നാൽ നമുക്ക് കളയാൻ സമയമില്ല എല്ലാവരുടെയും മുഖത്ത് കുറച്ച് വെള്ളം തളിക്കാം അപ്പൊ വേഗം തന്നെ ഉണരും.” അവൾ പറഞ്ഞതും എക്സ് വേഗം ബാഗിൽ കരുതിയിരുന്ന ഒരു കുപ്പി എടുത്ത് പൈപ്പിൽ നിന്ന് വെള്ളം നിറച്ചു ഓരോരുത്തരുടെയും മുഖത്തേക്ക് ശക്തിയായി തളിച്ചു.
വെള്ളം വീണതും എല്ലാവരും വേഗം ഉണരാൻ തുടങ്ങി. ഉണർന്നവർ എല്ലാം പേടിച്ചു തമ്മിൽ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. അവരെയെല്ലാം ആശ്വസിപ്പിക്കാൻ അവൾ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളു.
എല്ലാവരുടെയും മുഖത്തെ ഭാവം കണ്ട് എക്സിന് ഒരു കാര്യം മനസിലായി. ഇതുവരെ കണ്ടതും കേട്ടതും ഒന്നും ഒന്നുമല്ല. തന്റെ പെങ്ങൾ ഉൾപ്പടെ ഈ പെൺകുട്ടികൾ എല്ലാം തന്നെ എന്തോ ഒരു കൊടിയ ആപത്തിൽ നിന്നാണ് ഇപ്പൊ രക്ഷപെട്ടു വരുന്നത്.
രക്ഷപെട്ടോ..? ഇല്ല അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല കാരണം ഇനിയാണ് പ്രശ്നങ്ങൾ ഒക്കെയും തുടങ്ങുന്നത് എന്ന് മനസ്സ് പറയുന്നു.
“ജാനകീ… ദേ ഇത് കണ്ടോ…” രാധികയുടെ വിളിയാണ് എക്സിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
“ജാനകി… എന്റെ അനിയത്തിയുടെ പേര്…” അവനു മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതേപോലെ തന്നെ അമർഷവും. സ്വന്തം കൂടപ്പിപ്പിന്റെ കൂടെ ഉള്ള ഒരു നേരിയ ഓർമ പോലും തന്റെ മനസ്സിൽ തെളിയുന്നില്ലല്ലോ എന്നോർത്ത്.
രാധികയുടെ വിളി കേട്ട് വന്ന ജാനകി കണ്ടത് ഒരു സീറ്റിന് അടിയിൽ കൈ കാലുകൾ കെട്ടി വായിൽ തുണി തിരുകി മയക്കി കിടത്തിയ ഒരാളെ ആണ്.
“ഇയാൾ ആ ജേർണലിസ്റ്റ് അല്ലേ… അതെ എനിക്ക് ഓർമ്മയുണ്ട് ഇയാളെ.” ജാനകി പെട്ടന്ന് തന്നെ അയാളെ ഓർത്തെടുത്തു.
“രാധികേ നീ ആ മരുന്ന് ഇങ്ങ് എടുത്തേ. ഏട്ടാ…” അവൾ എക്സിന് നേരെ തിരിഞ്ഞു അവനെ വിളിച്ചു.
“ഏട്ടാ, ഇയാൾ ഒരു ജേർണലിസ്റ്റ് ആണ് ഇയാൾക്ക് നമ്മളെ സഹായിക്കാൻ കഴിയും നമുക്ക് അറിയാത്ത പലതും ഇയാൾക്ക് അറിയാം. ഇയാളെ കൂടെ ഇവിടുന്ന് രക്ഷിക്കണം.”
“ശെരി.. അധികം സമയം ഇല്ല മിക്കവാറും 15 മിനിറ്റിനുള്ളിൽ പൂനെ എത്തും ഇപ്പൊ തന്നെ നമ്മൾ വൈകി ജാനകി. ഞാൻ ചെയിൻ വലിക്കാൻ പോകുവാ.” ജാനകി എന്ന് അവന്റെ വായിൽ നിന്ന് കേട്ടതും അവൾ എന്തോ അത്ഭുതം പോലെ അവനെ ഒന്ന് നോക്കി. “എന്തെ? എന്ത്പറ്റി..?” അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു. “ഒന്നുല്ല ആദ്യായിട്ട ഏട്ടൻ എന്നെ ജാനകി എന്ന് വിളിക്കണത്. അത് കേട്ട് നോക്കിയതാ.” അവളുടെ ആ മറുപടി അവന്റെ നെഞ്ചിൽ തുളഞ്ഞു കയറിയ പോലെ തോന്നി. എന്നാൽ അപ്പോഴേക്കും രാധിക അയാളെ ഉണർത്താൻ ഉള്ള മരുന്നുമായി എത്തിയിരുന്നു.
എക്സ് ചെയിൻ വലിക്കാൻ ആയി മുന്നോട്ട് നടന്നതും ട്രെയിൻ പെട്ടന്ന് ഒന്ന് സ്ലോ ആയി. അവൻ വേഗം ഡോറിൽ കൂടി പുറത്തേക്കു നോക്കി. അങ്ങിങ്ങായി ലൈറ്റിന്റെ എണ്ണം കൂടി കൂടി വരുന്നു. വണ്ടി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അല്പം അകലെയായി ഏതോ ഒരു സ്റ്റേഷന്റെ ലൈറ്റ് കാണാം. ലക്ഷണം കണ്ടിട്ട് വണ്ടി അവിടെ നിർത്താൻ ചാൻസ് ഉണ്ട്. എക്സ് പെട്ടന്ന് തന്നെ അകത്തേക്ക് ഓടി.
“എല്ലാവരും റെഡി ആയിക്കോ… നമ്മൾ ഇവിടെ ഇറങ്ങുന്നു. പൂനെക്ക് മുന്നേ ഉള്ള ഏതോ ചെറിയ സ്റ്റേഷൻ ആണ്. നിങ്ങൾ എല്ലാവരും ഈ ബോഗിയുടെ 4 ഡോറിൽ കൂടി ഇറങ്ങണം ഒരു ഡോറിൽ കൂടി ഇറങ്ങിയാൽ ഒരു പക്ഷേ ആർകെങ്കിലും സംശയം തോന്നാം. അഥവാ ട്രെയിൻ ഇവിടെ നിർത്തിയില്ല എങ്കിൽ ഞാൻ ചെയിൻ വലിക്കും അപ്പോഴേക്കും എല്ലാവരും ചാടി ഇറങ്ങണം. ചെയിൻ വലിച്ചാൽ അലാറം അടിക്കും എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ടേക്ക് ആവും അത്കൊണ്ട് എത്രയും പെട്ടന്ന് നമുക്ക് ഇവിടെ നിന്ന് ഇറങ്ങി രക്ഷപ്പെടണം.” എക്സ് പറഞ്ഞത് കേട്ട് എല്ലാവരും തയ്യാറായി 4 ഡോറിനു അടുത്തും സ്ഥാനം പിടിച്ചു.
അപ്പോഴേക്കും ആ ജേർണലിസ്റ്റ് മയക്കം വിട്ട് എഴുനേറ്റ് തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ചു ഇരുന്നു.
“പേടിക്കണ്ട… നമ്മൾ അവരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ പോകുവാണ്. ഞാൻ ജാനകി, ഇത് എന്റെ ഏട്ടൻ ആണ് ശ്രീഹരി.” ജാനകിയുടെ വിവരണം അയാളെ തെല്ലൊന്നു ആശ്വസിപ്പിച്ചു. എന്നാൽ എക്സിന് അത് കേട്ട് കളഞ്ഞുപോയ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയുടെ ഫീൽ ആണ് തോന്നിയത്. “ഒടുവിൽ എനിക്ക് എന്റെ പേര് കിട്ടിയിരിക്കുന്നു…. ശ്രീഹരി…” അത്രയും ടെൻഷനു ഇടയിലും അവനു മനസ്സിൽ എന്തോ ഒരു ആശ്വാസം തോന്നി.
“എന്റെ പേര് കിഷോർ…” അയാൾ പറഞ്ഞു. “ശെരി എല്ലാം വിശദമായി പറയാം ആദ്യം നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം” അതും പറഞ്ഞു ജാനകി അവിടെ നിന്ന് എഴുനേറ്റു എക്സിന് അരികിലേക്ക് പോയി.
അധികം വൈകാതെ തന്നെ ട്രെയിൻ പതിയെ പ്ലാറ്റ്ഫോമിലേക്ക് കയറി തുടങ്ങി, അതിന്റെ വേഗം ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു. ഇനിയിപ്പോ ട്രെയിൻ നിർത്തിയില്ലെങ്കിലും ചാടി ഇറങ്ങാൻ പറ്റുന്ന ഒരു നിലയിൽ ആയി. എക്സ് അത് എല്ലാവരോടും വിളിച്ചു പറഞ്ഞു. എല്ലാവരും ഒരേപോലെ തന്നെ തയ്യാറായി.
അവരുടെ ബോഗി പ്ലാറ്റ്‌ഫോമിൽ കയറി തുടങ്ങിയതും ഓരോരുത്തർ ആയി പുറത്തേക്ക് ചാടി ഇറങ്ങി ഇരുട്ടിൽ മറഞ്ഞു നിന്നു. ഒരു 30 സെക്കന്റ് കൊണ്ട് തന്നെ എല്ലാവരും പുറത്തെത്തി. ഏറ്റവും ഒടുവിൽ ആണ് എക്സും ജാനകിയും പുറത്തേക്കു ചാടിയത്.
എന്നാൽ ട്രെയിൻ ആ സ്റ്റേഷനിൽ നിർത്തിയില്ല അത് പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടേ ഇരുന്നു. ചാടിയിറങ്ങാൻ തോന്നിയത് നന്നായി എന്ന് എല്ലാവർക്കും തോന്നി.
കൂട്ടം കൂടി എന്ത് ചെയ്യണം എന്നറിയാതെ ഇരുട്ടിൽ തന്നെ നിൽക്കുന്ന പെൺകുട്ടികളുടെ ഇടയിലേക്ക് എക്സും ജാനകിയും ചെന്നു. കൂടെ കിഷോറും.
“ഈ ഒരു അവസ്ഥയിൽ നമുക്ക് എല്ലാവർക്കും സ്റ്റേഷൻ മെയിൻ ഗേറ്റ് വഴി പോകാൻ പറ്റില്ല. ആരെങ്കിലും കണ്ടാൽ സംശയം തോന്നും. അത്കൊണ്ട് നമുക്ക് ട്രെയിൻ വന്ന വഴി പാളത്തിൽ കൂടി കുറച്ച് പുറകിലേക്ക് നടക്കാം എന്നിട്ട് ഏതെങ്കിലും മാർഗം വഴി ഇവിടുന്ന് കടക്കാം.” ആർക്കും എതിർ അഭിപ്രായം ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരെല്ലാം തന്നെ മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു.
എല്ലാവരും സമയം ഒട്ടും കളയാതെ തന്നെ ഇരുട്ടിൽ പാളത്തിലേക്ക് നടന്നു തുടങ്ങി. കിഷോറും രാധികയും മുന്നേയും എക്സും ജാനകിയും പിന്നിലും അവരുടെ നടുവിലായി ബാക്കി ഉള്ളവരും നടന്നു.
പൂനെ ഔട്ടറിൽ ഉള്ള ഖഡ്കി എന്ന സ്റ്റേഷൻ ആയിരുന്നു അത്. ഏകദേശം ഒരു കിലോമീറ്റർന് മുകളിൽ അവർ നടന്നു. കുറച്ചകലെ ആയി അവർ ഒരു ചെറിയ വീട് കണ്ടു. “എല്ലാവരും ഒന്ന് നിന്നേ…ഞാൻ ആ വീട്ടിൽ പോയി എന്റെ ഒരു ഫ്രണ്ടിനെ കോൺടാക്ട് ചെയ്യാൻ നോക്കാം അയാൾക്ക് ലോറി ഉണ്ട് അത്‌കൊണ്ട് അയാൾ വന്നാൽ നമുക്ക് എല്ലാവർക്കും അതിൽ കയറി ഇവിടുന്ന് കടക്കാം.” എക്സ് പറഞ്ഞത് കേട്ട് എല്ലാവർക്കും ഒരു പുതു പ്രതീക്ഷ കൈ വന്നു.
അവൻ വേഗം തന്നെ ആ വീട് ലക്ഷ്യമാക്കി നടന്നു. അവൻ തിരിച്ചു വരുന്നതും കാത്തു ബാക്കിയുള്ളവർ ഒരു കാടിന്റെ മറവിലേക്ക് മാറി നിന്നു.
10 മിനിറ്റ് കൊണ്ട് എക്സ് തിരിച്ചു വന്നു. ആ ഇരുട്ടിലും അവരുടെ എല്ലാം മുഖത്ത് പ്രതീക്ഷയും ആകാംഷയും വിരിയുന്നത് അവൻ കണ്ടു. “ഒന്നും പേടിക്കാനില്ല, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അവർ ഒരു മണിക്കൂർ കൊണ്ട് ഇവിടെ എത്തും. അവർ ലോണാവാലയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അവർ വണ്ടി തിരിച്ചു കഴിഞ്ഞു അവിടെ നിന്ന്. ഇവിടെ നിന്ന് കുറച്ച് കൂടി മുന്നിലേക്ക് നടന്നാൽ നമുക്ക് ഹൈവേ കാണാൻ പറ്റും നമുക്ക് അവിടെ പോയി വെയിറ്റ് ചെയ്യാം. അവർ അവിടെ വരും പേടിക്കണ്ട.” എക്സ് അത് പറഞ്ഞു നിർത്തിയതും എല്ലാവരും സന്തോഷം കൊണ്ട് തമ്മിൽ കെട്ടിപിടിച്ചു കരഞ്ഞു.
ഒട്ടും താമസിക്കാതെ തന്നെ അവർ ഇരുളിന്റെ മറപറ്റി നടന്നു. അല്പം നടന്നപ്പോൾ ഹൈവേയിൽ നിന്നുള്ള വണ്ടികളുടെ ഇരമ്പൽ കേൾക്കാനിടയായി. എല്ലാവരും ശബ്ദം ഉണ്ടാകാതെ തന്നെ ഹൈവേയുടെ സൈഡിലായി കാടുപിടിച്ചു കിടന്ന ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നു. എല്ലാവരുടെയും നെഞ്ചിടിപ്പ് അവരുടെ കാത് വരെ എത്തിയിരുന്നു.
“അധികം വൈകാതെ തന്നെ അവർക്ക് നമ്മൾ രക്ഷപെട്ട കാര്യം മനസ്സിലാകും നമ്മളെ തേടി വല വിരിക്കും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ പോലീസ്‌കാരും അവരെ സഹായിക്കും നമ്മളെ കണ്ടുപിടിക്കാൻ അതിനു മുൻപ് നമുക്ക് ഏതെങ്കിലും സുരക്ഷിത സ്ഥലം കണ്ടെത്തണം.” കിഷോർ എക്സിനെയും ജാനകിയേയും മാറ്റി നിർത്തി പറഞ്ഞു.
“ഈ അവർ അവർ എന്ന് ഞാൻ കേൾക്കാൻ തുടങ്ങിട്ട് കുറെ നേരായി… ആരാണീ അവർ അതൊന്നു പറഞ്ഞു താ.” എക്സ് ശബ്ദം കുറച്ച് എന്നാൽ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.
“അസ്‌ലാൻ…” “അസ്‌ലാനോ? ആരാ അയാൾ? എന്തിനാ അയാൾ നിങ്ങളെ ഒക്കെ കടത്തിക്കൊണ്ട് പോയത്? ജാനകി പറഞ്ഞത് കേട്ട് എക്സ് ചോദിച്ചു. “അയാൾ ഒരു ഗുണ്ടാ തലവൻ ആണ്, ഇമ്മോറൽ ട്രാഫികിന് ആയിട്ടാണ് അയാൾ ഞങ്ങളെ എല്ലാം തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവരെ ഒക്കെ അയാൾ വലിയ വലിയ ആളുകൾക്കു വിൽക്കും അല്ലെങ്കിൽ ഏതെങ്കിലും വേശ്യാലത്തിനു വിൽക്കും. ഇത്പോലെ ഉള്ള പെൺകുട്ടികളെ ലക്ഷങ്ങൾ കൊടുത്തു വാങ്ങാൻ ആളുകൾ ഉണ്ട് നമ്മുടെ രാജ്യത്ത്.” അത് പറഞ്ഞു കഴിഞ്ഞതും അവൾ കരഞ്ഞു പോയിരുന്നു.
ഒരുപക്ഷേ ഇന്ന് ഞാൻ ഇവളെ കണ്ടുമുട്ടിയില്ലായിരുന്നു എങ്കിൽ ഇവളെയും അവർ ഏതെങ്കിലും വേശ്യാലത്തിനു വിറ്റ് കാശാക്കുമായിരുന്നു. അത് ഓർത്തതും അവന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. അവൻ ജാനകിയെ ചേർത്ത് പിടിച്ചു.
“ഇനി ഒരുത്തനും ഇവളുടെ മേൽ കൈ വെക്കാൻ ഞാൻ അനുവദിക്കില്ല…” അവൻ ജാനകിയെ തന്റെ കൈകൊണ്ട് വലയം ചെയ്തു മനസ്സിൽ പറഞ്ഞു. അവൾക്കും അത് എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വ ബോധം നൽകി.
“ജാനകി… നിങ്ങൾ എല്ലാം വിചാരിക്കും പോലെ ഇത് വെറും ഇമ്മോറൽ ട്രാഫിക് അല്ല. നിങ്ങൾക്ക് ആർക്കും ഒരു പോറൽ പോലും വരാൻ അവൻ സമ്മതിക്കില്ല. കാരണം നിങ്ങൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ അവനു അവനുദ്ദേശിക്കുന്ന കാര്യം നടക്കു.” കിഷോർ പറഞ്ഞത് ആർക്കും പക്ഷേ പൂർണമായി മനസിലായില്ല.
“മനസിലായില്ല കിഷോർ എന്താ ഉദ്ദേശിച്ചത്. ശെരിക്കും അപ്പോ അയാൾ എന്തിനാ ഇവരെയൊക്കെ കടത്തിക്കൊണ്ട് പോയത്.” ശ്രീഹരി അക്ഷമനായി ചോദിച്ചു.
“ഓർഗൻ ട്രാഫിക്കിങ്…അതിന് വേണ്ടി ആണ് ഇവൻ എല്ലാവരെയും കടത്തി കൊണ്ട് പോയത്.” കിഷോർ പറഞ്ഞത് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി.
“അതെ.. ഇന്ന് ഈ ലോകം നേരിടുന്ന ഏറ്റവും വലിയ ഓർഗനൈസ്ഡ് ക്രൈം ആണ് ഓർഗൻ ട്രാഫിക്കിങ് അഥവാ അവയവ കടത്തു. ലോകത്ത് നടക്കുന്ന എല്ലാ അവയവ മാറ്റ ശാസ്ത്രക്രിയകളുടെയും 10% അവയവം ഇത്പോലെ ഇല്ലീഗൽ അവയവ കടത്തു വഴി ആണ്. അതിൽ ഏറ്റവും പ്രധാന അവയവം ആണ് കിഡ്നി. കണക്കുകൾ നോക്കുവാണെങ്കിൽ ഒരു വർഷം ഇത്പോലെ കൈമാറ്റം ചെയ്യപ്പെടുന്ന കിഡ്നിയുടെ എണ്ണം 10000 നും മുകളിൽ ആണ് അതായത് ഒരു മണിക്കൂറിൽ ഒന്നിൽ കൂടുതൽ.”
“പക്ഷേ..പക്ഷേ ഇതെങ്ങനെ സാധ്യമാവും, ഒരാളുടെ സമ്മതം ഇല്ലാതെ എങ്ങനെ അയാളുടെ അവയവം എടുക്കാൻ പറ്റും.” രാധികയുടെ സ്വരത്തിൽ ഭീതി നിറഞ്ഞിരുന്നു.
“അതിനുള്ള ഉത്തരം ആണ് നമ്മൾ ഇന്നിവിടെ ഈ ഇരുട്ടിന്റെ മറപറ്റി നിൽക്കുന്നത്. നമ്മളുടെ സമ്മതം ഇല്ലാതെ ആണ് അവർ നമ്മളുടെ അവയവങ്ങൾ കൈക്കലാക്കുന്നത്. അത്കൊണ്ടാണ് ഇത് ഒരു ക്രൈം ആയതും. സാധാരണ രീതിയിൽ പല വികസിത രാജ്യങ്ങളിൽ നിന്നും ഉള്ള ആളുകൾ ഏജന്റ്മാർ വഴി ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള ദരിദ്രരായ ആൾക്കാരെ കണ്ടെത്തി പണം കൊടുക്കാം എന്ന് പറഞ്ഞു സ്വാധീനിച്ചു അവരെ കൊണ്ട് സമ്മതിപ്പിക്കും. എന്നിട്ട് വെറും 70000 രൂപക്ക് ഒക്കെ അവരുടെ കിഡ്നി തട്ടിയെടുക്കും. അതിൽ തന്നെ മുഴുവൻ ക്യാഷ് ആ പാവങ്ങൾക്ക് കൊടുക്കില്ല. അതിൽ പകുതി ഏജന്റ് മുക്കും.
അതും പോരാഞ്ഞിട്ട് അവരുടെ ആ കിഡ്നി കസ്റ്റമർക് ലക്ഷങ്ങൾ വാങ്ങി വിൽക്കും. പണത്തിന് ആർത്തി മൂത്ത നായ്ക്കൾ. ത്ഫൂ…” കിഷോർ അവന്റെ അമർഷം പുറത്തേക്ക് തുപ്പി.
“പക്ഷേ ഞങ്ങളോട് അങ്ങനെ ആരും വന്നു അവയവം ദാനം ചെയ്യുന്നോ എന്ന് ചോദിച്ചില്ലലോ. ഞങ്ങളെ എല്ലാം ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടു വന്നതാണ്.” ജാനകി പറഞ്ഞു.
“ശെരിയാണ്… ഞാൻ ഇപ്പൊ പറഞ്ഞത് ലോക്കൽ ഏജന്റ്മാരെ പറ്റിയാണ്, പക്ഷേ അസ്‌ലാനേ പോലെയുള്ള കൊടും ക്രിമിനൽസ് അതല്ല ചെയ്യുന്നത്. ഇത്പോലെ ആരെയെങ്കിലും ഒക്കെ തട്ടിക്കൊണ്ടു പോയി അവരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ അവയവങ്ങൾ എല്ലാം തട്ടിയെടുക്കും. അതായത് നിങ്ങളെ അവൻ കൊല്ലും. കിഡ്നി, ഹൃദയം, കണ്ണ്, മജ്ജ എന്ന് വേണ്ട ഒരു ശരീരത്തിൽ നിന്ന് എന്തെല്ലാം എടുക്കാൻ പറ്റുന്നുവോ അതെല്ലാം അവർ എടുത്തിരിക്കും. നിങ്ങളുടെ ഒരാളുടെ ശരീരം കൊണ്ട് അവനു കോടികൾ സമ്പാദിക്കാം.” കിഷോറിന്റെ കലിപൂണ്ട വാക്കുകൾ കേട്ട് ആ കൂട്ടം മുഴുവൻ നടുങ്ങി.
“വിശ്വസിക്കാനാവുന്നില്ല… പണത്തിന് വേണ്ടി ഇത്പോലെ ഒക്കെ ചെയ്യുക എന്ന് പറഞ്ഞാൽ…” ശ്രീഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി.
“വിശ്വസിക്കണം… വിശ്വസിച്ചേ പറ്റു… കാരണം നമ്മൾ എല്ലാം ഇപ്പൊ അതിലെ ഇരകൾ ആണ്. ഹരിക്ക് അറിയുമോ ഇത് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു നെറ്റ്‌വർക്ക് ആണ്. ഒരു വർഷം ഇതിൽ നിന്നും വരുന്ന പൈസ എന്നത് ഏകദേശം 1.7 ബില്യൺ ഡോളർ ആണ്. ഇതിൽനിന്നു തന്നെ മനസിലാക്കാം ലോകത്ത് ഇത് എത്രയും വ്യാപിച്ചു കിടക്കുന്നു എന്നത്. പല രാജ്യങ്ങളിലും ഇപ്പോൾ ട്രാൻസ്‌പ്ലാന്റ് ടൂറിസം എന്ന പേരിൽ തന്നെ ആളുകളെ ഒരു രാജ്യത്ത് നിന്ന് മറ്റു രാജ്യത്തേക്ക് അവയവം സ്വീകരിക്കാനായി കടത്തി കൊടുക്കുന്ന വൻ ലോബികൾ ഉണ്ട്. മറ്റു ചില രാജ്യങ്ങളിൽ ഹ്യൂമൻ ഫാർമിംഗ് തന്നെ ഉണ്ട്. അതായത് മനുഷ്യരെ ഇതിനായി വേണ്ടി മാത്രം വളർത്തുന്ന ജയിൽ പോലത്തെ സ്ഥലം. ഒരു അറവ്മാടിനെ പോലെ അവിടുള്ളവർ ജീവിതം തള്ളി നീക്കുന്നു. ഇന്ത്യയിൽ തന്നെ നമ്മൾ കേട്ടിട്ടുള്ള പല മാൻ മിസ്സിംഗ് കേസുകൾക്ക് പിന്നിലും ഇതുപോലൊരു വൻ ശൃംഖല ഉണ്ടാവും. പല വൻകിട മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾക്കും ഇതിൽ പങ്കുണ്ട്. അവരെയൊക്കെ സപ്പോർട്ട് ചെയ്യുന്ന കൊമ്പത്തെ അധികാരികളും ഉണ്ട്. എല്ലാവർക്കും വേണ്ടത് ഒന്ന് മാത്രം…. പണം…
ചില രാജ്യങ്ങൾക്ക് അവയവ ദാനത്തിനു ഒരു റൂൾ ഉണ്ട്, അതായത് അവയവം സ്വന്തം രാജ്യത്ത് ഉള്ളവർക്ക് മാത്രമേ ദാനം ചെയ്യാൻ പാടുള്ളു. പക്ഷേ ഇതെല്ലാം കാറ്റിൽ പറത്തി ആണ് ഇതുപോലുള്ള നാറികൾ ഇതെല്ലാം ചെയ്യുന്നത്.”
“പക്ഷേ ഇവരെ എല്ലാം തട്ടിക്കൊണ്ടു വന്നിട്ട് 3 മാസത്തിൽ കൂടുതൽ ആയി, എന്നിട്ടും ഇവരെ എന്ത്കൊണ്ട് അവർ ഇത്പോലെ ഒന്നും ചെയ്തില്ല?” ശ്രീഹരി അവന്റെ സംശയം ചോദിച്ചു. “ഹരി ഇത് നമ്മൾ വസ്തു കൈമാറുന്ന പോലെ അല്ല, അവയവം ആണ് അത്കൊണ്ട് തന്നെ ഈ പെൺകുട്ടികളുടെ ബ്ലഡ് സാംപിൾസ് അവയവം സ്വീകരിക്കുന്ന ആളുടേതുമായി മാച്ച് ആവണം എന്നാൽ മാത്രമേ ഇത് നടക്കു. ഒരു പക്ഷേ അവർ അതിന് വേണ്ടി വെയിറ്റ് ചെയ്തത് ആവാം.”
“ശെരിയാണ് ഞങ്ങളുടെ ബ്ലഡ് ഒക്കെ അവർ ശേഖരിച്ചിരുന്നു.” രാധിക പറഞ്ഞു.
എല്ലാവരും എന്തോ ദുസ്വപ്നം കാണുന്നവരെ പോലെ നിന്നുപോയി. “അടുത്തത് നമ്മൾ ചെയ്യണ്ടത് ഈ പിള്ളേരെ എല്ലാം അവരുടെ വീട്ടുകാരെ ഏൽപ്പിക്കണം. പക്ഷേ ഇത്രയും പേരെ ഒന്നിച്ചു കാണാതായിട്ട് എന്ത്കൊണ്ട് ഇത് ഒരു വലിയ വാർത്ത ആയില്ല?” ശ്രീഹരി ചോദിച്ചു
“ഹരി ഒരു കാര്യം ശ്രദ്ധിച്ചോ, ഇവർ തമ്മിൽ ഒരു പരിചയം ഇല്ല, എല്ലാം പല പല നാട്ടിൽ ഉള്ളവർ ആണ് ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരള ഒക്കെ ഈ കൂട്ടത്തിൽ കാണും. ഓരോ സംസ്ഥാനത്തും ഒന്നോ രണ്ടോ പേരെ കാണാതായാൽ അത് അവിടെ ഒരു ചെറിയ വാർത്ത ആയി ഒതുങ്ങും. മറിച്ചു ഇവരെല്ലാം ഒരേ സംസ്ഥാനത്തു നിന്നായിരുന്നു എങ്കിൽ അത് വലിയൊരു വാർത്ത ആയേനെ.”കിഷോർ പറഞ്ഞത് ശെരിയാണെന്ന് ശ്രീഹരിക്കും തോന്നി.
“അവൻ എന്തായാലും നമ്മളെ ഓരോരുത്തരെയും തേടി വരും അതിന് മുൻപ് അവനെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. പക്ഷേ അതത്ര എളുപ്പം അല്ലന്നാണ് ഈ കേട്ടതിൽ നിന്നൊക്കെ മനസിലാവുന്നത്.” അത്രനേരം എല്ലാം കേട്ട് നിന്ന ജാനകി പറഞ്ഞു.
“ഇവനെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നാൽ ഏത് വിധേനയും അവനൊക്കെ ഊരി പോരും. നമുക്ക് വേറെ വഴി നോക്കാം.” ശ്രീഹരി പറഞ്ഞു.
“എന്ത് വഴി..?” എല്ലാവരും ഒരേപോലെ ചോദിച്ചു. അപ്പോഴേക്കും അവർ നിന്ന കാടിന് അടുത്തായി ഒരു നാഷണൽ പെർമിറ്റ് ലോറി വന്നു നിന്നു. അതിന്റെ ഹോൺ 3 വട്ടം ശബ്ദിച്ചു…ശേഷം ഹെഡ്‍ലൈറ്റ് ഒന്ന് മിന്നി അണഞ്ഞു.
“മഹീന്ദർ സിംഗ്…” ശ്രീഹരിയുടെ വായിൽ നിന്നും ആ പേര് കേട്ടതും എല്ലാവരും പ്രതീക്ഷ കൈവന്ന പോലെ തമ്മിൽ തമ്മിൽ നോക്കി. ജാനകി അവന്റെ കൈ ഇറുകെ പിടിച്ചു നിന്നു.
ഏവരും നോക്കി നിൽക്കെ അതികായനായ ഒരു നിഴൽ അവരുടെ നേരെ നടന്നു അടുത്തു. ആളെ തിരിച്ചറിഞ്ഞതും ശ്രീഹരി ഇരുട്ടിൽ നിന്നും മുന്നോട്ട് ചെന്ന് അയാളെ ആലിംഗനം ചെയ്തു.
“എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്, നീ ഫോണിൽ കൂടി എന്തൊക്കെയാ പറഞ്ഞത് ശെരിക്കും എനിക്കൊന്നും മനസിലായില്ല.” മഹീന്ദർ അവനെ നോക്കികൊണ്ട് ചോദിച്ചു.
“ഭായ് ഞാൻ എല്ലാം പോണ വഴി വിശദമായി പറഞ്ഞു തരാം ഇപ്പൊ നമുക്ക് എത്രയും വേഗം ഇവരെയെല്ലാം ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.” ഹരി ആ പെൺകുട്ടികളെ നോക്കികൊണ്ട് .
അവരുടെ മുഖം കണ്ട് മഹീന്ദറും വല്ലാണ്ടായി. “ശെരി വാ, എല്ലാവരെയും വണ്ടിടെ ബാക്കിൽ കേറ്റാം. അതിൽ കുറച്ച് പെട്ടി ഒക്കെ ഇരിപ്പുണ്ട് എന്നാലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ഇവൻ ഏതാ?” കിഷോറിനെ നോക്കി മഹീന്ദർ ചോദിച്ചു.
“ഇത് കിഷോർ, ജേർണലിസ്റ്റ് ആണ്. അവനും അവരുടെ പിടിയിൽ ആയിരുന്നു. പിന്നെ ഭായ് ഇത് ജാനകി… എന്റെ അനിയത്തി ആണ്.” ഹരി അവളെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.
“ങേ… അനിയത്തിയോ… ഈ കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് നിന്റെ ജീവിതം ഇങ്ങനൊക്കെ മാറിയോ.” മഹീന്ദർ ജാനകിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു. എന്നാൽ അവൾക്ക് അവർ പറഞ്ഞത് ഒന്നും മനസിലായില്ല. “എല്ലാം ഞാൻ പറയാം ഭായ്… ആദ്യം ഇവിടെ നിന്നും നമുക്ക് എത്രയും വേഗം കടക്കണം.” ഹരി തിരക്ക് കൂട്ടി. ശ്രീഹരിയും ചോട്ടുവും മാത്രം ഫ്രണ്ടിൽ കയറി. ബാക്കി എല്ലാവരെയും ബാക്കിൽ കയറ്റി ഡോർ ലോക്ക് ചെയ്തു. ഒട്ടും വൈകാതെ തന്നെ അവരെയെല്ലാം വഹിച്ചുകൊണ്ട് ആ ട്രക്ക് കുതിച്ചു. പോകുന്ന വഴിയിൽ ശ്രീഹരി താൻ മിഴിയെ വിട്ട് വരാൻ ഉള്ള കാരണം മുതൽ അല്പം മുൻപ് സംഭവിച്ചത് വരെ അവരെ രണ്ട് പേരെയും പറഞ്ഞു കേൾപ്പിച്ചു. ഒരു ഞെട്ടലോടെ ആണ് അവർ രണ്ടാളും അത് കേട്ട് ഇരുന്നത്.
“കേട്ടിട്ട് മൊത്തത്തിൽ ഒരു സിനിമ കഥ പോലെ ഒണ്ട്, ഇത്പോലെ ഉള്ള സംഭവം ഒക്കെ ഞാൻ അതിലെ കണ്ടിട്ടുള്ളു.” ചോട്ടു അത്ഭുതപ്പെട്ടു. “ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്. നീ ആരാണ്, നിനക്ക് ഇവിടെ മഹാരാഷ്ട്രയിൽ എന്താണ് പരിപാടി, ജാനകിയെ തട്ടിക്കൊണ്ടു പോയത് എങ്ങനെ.. അങ്ങനെ വ്യക്തമാകാത്ത കൊറേ കാര്യങ്ങൾ കൂടെ ഉണ്ട്.” മഹീന്ദർ വളയം തിരിച്ചുകൊണ്ട് ഹരിയോട് പറഞ്ഞു. “ശെരിയാണ് ഭായ്, പക്ഷേ എനിക്ക് ഓർമ്മ പോയി എന്നുള്ള കാര്യം ഒന്നും ജാനകിക്ക് അറിയില്ല അവളോട് പറയാൻ ഉള്ള സാവകാശം കിട്ടിയില്ല അതാണ് സത്യം. ഭായ് ചോദിച്ച ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം അവളുടെ കയ്യിലെ ഉള്ളൂ. ആദ്യം നമുക്ക് ഇവരെ എല്ലാവരെയും സേഫ് ആയി ഒരിടത്തു എത്തിക്കണം. അത് കഴിഞ്ഞ് ബാക്കി നോക്കാം.” “നീ ഒന്നുകൊണ്ടും പേടിക്കണ്ട, അവർ ആരാണെങ്കിലും ഇനി ഇവരെ അവർ തൊടില്ല. അങ്ങനെ തൊടണമെങ്കിൽ അത് ഞാൻ ചത്തിട്ടേ ഉണ്ടാവു.” മഹീന്ദർ പല്ലിറുമ്മി.
അവരുടെ സാമിപ്യം ഹരിക്ക് നല്ലൊരു ആശ്വാസം ആയിരുന്നു. “അല്ല ഭായ് നമ്മൾ എങ്ങോട്ടാ ഇവരെ കൊണ്ടുപോകുന്നത്?” ഹരിയുടെ ചോദ്യം കേട്ട് മഹീന്ദർ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നിർവികാരനായി ഒന്ന് നോക്കി… എന്നിട്ട് പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു “ത്രയംബകേശ്വർ…”
“ത്രയംബകേശ്വർ… നാസിക്കിന് അടുത്ത് അല്ലേ?” ഹരി ചോദിച്ചു. “മ്മ്… അടുത്തല്ല ഒരു 45 കിലോമീറ്റർ ഉണ്ടാവും നാസിക്കിൽ നിന്ന്. നിനക്ക് എങ്ങനെ അറിയാം ആ സ്ഥലം?” “അതാണ് എനിക്കും അറിയാത്തത്…. മിഴിയും എന്നോട് ഇതേ ചോദ്യം ഒരിക്കൽ ചോദിച്ചിരുന്നു. പക്ഷേ അന്നും ഇന്നും എനിക്ക് അതിനൊന്നും ഉത്തരം കണ്ടെത്താൻ പറ്റിയില്ല.” “അല്ല… അത് പറഞ്ഞപ്പഴാ.., മിഴിക്ക് എന്താ പറ്റിയെ? നിങ്ങൾ തമ്മിൽ എന്താരുന്നു പ്രശ്നം?” മഹീന്ദർ ചോദിച്ചു.
“അറിയില്ല ഭായ്, കൊറേ നാളായില്ലേ ഞാൻ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നു, ചെലപ്പോ അതിന്റെ ആവാം, ആദ്യമേ ഒരു വാടക മുറി എടുത്ത് മാറി താമസിക്കണ്ടത് ആരുന്നു ഇതിപ്പോ ഇറക്കി വിട്ടപോലെ ആയി. എന്നാലും എനിക്ക് അതിൽ സന്തോഷം ആണ്, അങ്ങനൊന്നും നടന്നില്ലാരുന്നു എങ്കിൽ എനിക്ക് എന്റെ ജാനകിയെ ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടമായേനെ.” ഹരിയുടെ കണ്ണ് അറിയാതെ നിറഞ്ഞുപോയി. “അബെ സാലെ… മതി പറഞ്ഞത്. ഇപ്പൊ എല്ലാം നന്നായി തന്നെ അവസാനിച്ചല്ലോ പിന്നെന്താ പ്രശ്നം.” മഹീന്ദർ ഹരിയുടെ തലയിൽ ഒന്ന് തട്ടിക്കൊണ്ടു സ്നേഹത്തോടെ ശകാരിച്ചു. *******************
ഈ സമയം ജയന്തി ജനത പൂനെ റെയിൽവേ സ്റ്റേഷൻ എത്തിയിരുന്നു. അവിടെ കാത്തിരുന്ന അസ്ലൻന്റെ ആളുകൾ പെൺകുട്ടികളെ കംപാർട്മെന്റിൽ കാണാതെ പരിഭ്രാന്തരായി. ഒടുവിൽ അവർ ബാത്‌റൂമിൽ അബോധാവസ്ഥയിൽ കിടന്ന അവരുടെ കൂട്ടാളികളെ കണ്ടെത്തി. കഥകൾ മുഴുവൻ അവരിൽ നിന്നും അറിഞ്ഞു. എന്നാൽ ട്രെയിൻ അപ്പോഴേക്കും അവരെയും കൊണ്ട് സ്റ്റേഷൻ വിട്ടിരുന്നു.
“അസ്ലൻ ഭായ്…. പൂനെയിൽ നിന്ന് സൽമാന്റെ കാൾ ഉണ്ട്.” ഒരുവൻ വിക്കി വിക്കി പറഞ്ഞുകൊണ്ട് ഫോൺ അസ്ലന് കൈമാറി. മറുതലക്കൽ നിന്നും സംസാരം നടക്കുംതോറും അസ്ലൻന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നത് കണ്ട് കൂടെ ഉള്ളവർ ഭയന്നു. അയാളുടെ ചോര കണ്ണുകളിൽ വീണ്ടും രക്തയോട്ടം കൂടിയത് പോലെ.
അടുത്ത നിമിഷം ആ ഫോൺ നിലത്ത് ചിന്നി ചിതറി… അയാളുടെ ആ ഭാവമാറ്റം എല്ലാവരിലും ഭയം ഉളവാക്കി. അയാൾ കലിയടങ്ങാതെ ആക്രോശിച്ചുകൊണ്ട് അടുത്ത് നിന്നവന്റെ മുഖം പൊത്തി അടിച്ച് അവനെ ചുരുട്ടി എടുത്ത് ബാക്കി ഉള്ളവരുടെ ഇടയിലേക്ക് എറിഞ്ഞു.
“നിന്നെയൊക്കെ എന്തിനാടാ നായിന്റമക്കളെ ചെല്ലും ചെലവും തന്ന് ഞാൻ തീറ്റി പോറ്റുന്നത്, ഒരു കാര്യം ഏൽപ്പിച്ചാൽ അത് ചെയ്യാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ പിന്നെ ഒരുത്തനും ഈ പണിക്ക് നിക്കരുത്. ഒന്നും രണ്ടുമല്ല 74 കോടി രൂപയുടെ കൺസൈന്മെന്റ് ആണ് ഇത്. ആരെ കൊന്നിട്ടാണെങ്കിലും നാളെ വൈകുന്നേരത്തിനു ഉള്ളിൽ ആ 20 പെണ്ണുങ്ങളും കൂടെ ആ ജേർണലിസ്റ്റ് തെണ്ടിയും പിന്നെ അവന്മാർ പറഞ്ഞ ഇവരെയെല്ലാം അവരുടെ കണ്ണിന്റെ കീഴെ നിന്ന് എടുത്തോണ്ട് പോയവനെയും എനിക്ക് കിട്ടിയിരിക്കണം. ഇല്ലെങ്കിൽ ഈ മുറിയിൽ നിക്കുന്ന ഒരുത്തന്റെ കുടുംബത്തിലും ജീവന്റെ ഒരു കണിക പോലും ശേഷിക്കാത്ത വിധത്തിൽ കരിച്ചു കളയും ഞാൻ.” അസ്ലൻന്റെ ശബ്ദം അവിടെ കൂടി നിന്ന അവന്റെ കൂട്ടാളികളുടെ കാതിൽ ഒരു ഇടിമുഴക്കം പോലെ പതിഞ്ഞു.
ഒട്ടും സമയം കളയാതെ തന്നെ അവർ വണ്ടി എടുത്ത് ഇറങ്ങി. അവർ രക്ഷപെട്ടു എന്ന് പറയപ്പെടുന്ന സ്ഥലം തേടി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഹോട്ടൽസ് എല്ലായിടത്തും അസ്ലൻന്റെ ശിങ്കിടികൾ പാഞ്ഞെത്തി അന്വേഷണം തുടങ്ങി. പ്രധാന പെട്ട ടോൾ ഗേറ്റുകളിൽ പോലും പോലീസ് സഹായത്തോടെ തന്നെ അവർ വലവീശി തുടങ്ങി. എന്നാൽ എല്ലാവരുടെയും കണ്ണിൽ പൊടിയിട്ടുകൊണ്ട് ആ ട്രക്കിന്റെ വീലുകൾ ഉരുണ്ടുകൊണ്ടേ ഇരുന്നു. ********************* “ഭായ് ഇവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണം. ഇവരൊക്കെ മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് തന്നെ നാളുകൾ ആയി.” “അതിനെന്താ നമുക്ക് ഏതെങ്കിലും ഹോട്ടലിൽ നിർത്തി എല്ലാവർക്കും പാർസൽ വാങ്ങാം.” “അത് വേണ്ട ഭായ്… എല്ലാവർക്കും ഒന്നിച്ചു ഒരിടത്തു നിന്ന് വാങ്ങണ്ട. ആ അസ്ലന്റെ ആളുകൾ ഇപ്പൊ തിരച്ചിൽ തുടങ്ങിക്കാണും അവർ ഏതെങ്കിലും ഹോട്ടലിൽ ഒക്കെ വന്ന് അന്വേഷണം നടത്താതെ ഇരിക്കില്ല, നമ്മൾ 20 പേർക്കൊക്കെ പാർസൽ വാങ്ങിയാൽ അവർ ആ തുമ്പ് പിടിച്ചു വന്ന് കൂടായ്ക ഇല്ല. പല ഹോട്ടലിൽ കയറി പാർസൽ വാങ്ങാം ഒരു 5 എണ്ണം വീതം അപ്പൊ സംശയം തോന്നില്ല.” ഹരിയുടെ ബുദ്ധി പ്രവർത്തിച്ചത് കണ്ട് ചോട്ടു വാ പൊളിച്ചു.
“ഞാൻ അത്രക്ക് അങ്ങ് ചിന്തിച്ചില്ല. നീ കൊള്ളാല്ലോ.” മഹീന്ദർ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. “ഇനി അവന്റെ നിഴൽ പോലും ഇവരുടെ ദേഹത്ത് വീഴാൻ ഞാൻ സമ്മതിക്കില്ല ഭായ്.” ഹരി പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
അധികം വൈകാതെ തന്നെ വഴിയിൽ കണ്ട ഒരു ഹോട്ടലിന്റെ അടുത്ത് മഹീന്ദർ വണ്ടി നിർത്തി. “ചോട്ടു.. നീ പോയി ഒരു 5 പേർക്കുള്ള ഫുഡ് ഇവിടുന്ന് വാങ്ങി വാ, ബാക്കി നമുക്ക് വേറെ ഏതെങ്കിലും ഹോട്ടലിൽ നിന്ന് വാങ്ങാം. നീ ആകുമ്പോ ആർക്കും സംശയം തോന്നില്ല” ഹരി പറഞ്ഞു. “അതിനെന്താ ഞാൻ വാങ്ങി വരാം.” അവൻ അതും പറഞ്ഞ് ഹരി കൊടുത്ത പൈസയുമായി ഭക്ഷണം വാങ്ങാൻ ഇറങ്ങി.
“ഡാ.. പിന്നെ ഒരു കാര്യം, ആ ഹോട്ടലിൽ സി.സി.ടി.വി ഉണ്ടോന്ന് ഒന്ന് ശ്രദ്ധിച്ചേക്കണം. അഥവാ ഉണ്ടെങ്കിൽ നിന്റെ മുഖം അതിൽ പെടാതെ നോക്കണം. ദേ ഈ തൊപ്പി വെച്ചോ നീ.” ഹരി ബാഗിൽ നിന്നും ഒരു തൊപ്പി എടുത്ത് അവനു നൽകിയതും ചോട്ടു അതും തലയിൽ വെച്ച് നടന്നകന്നു. ഹരി അപ്പോഴും ജാഗരൂകൻ ആയിരുന്നു, അവൻ ചുറ്റുപാടും വീക്ഷിച്ചുകൊണ്ടേ ഇരുന്നു. ഒരു ആക്രമണം ഏത് നിമിഷം വേണേലും ഉണ്ടാവും. ഇതേ സമയം ജാനകി കൂടെ ഉള്ളവർക്ക് ധൈര്യം പകർന്നുകൊണ്ടിരുന്നു. അവളുടെ മനസ്സാന്നിദ്ധ്യം കിഷോറിനെ അമ്പരപ്പിച്ചു. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആ കണ്ടെയ്നറിനുള്ളിൽ എല്ലാവരും ശ്വാസമടക്കി പിടിച്ചാണ് ഇരുന്നത്.
അല്പം കഴിഞ്ഞതും ചോട്ടു ഫുഡ് വാങ്ങി തിരിച്ചെത്തി. “ഹരി ഭായ്, ഭായ് പറഞ്ഞത് പോലെ അവിടെ ക്യാമറ ഉണ്ടായിരുന്നു. മൂന്ന് എണ്ണം. ഒന്ന് വെളിയിലും രണ്ടെണ്ണം ഉള്ളിലും.” “കൊള്ളാല്ലോ നീ, എണ്ണം വരെ കൃത്യമായി എടുത്തല്ലോ. ആർക്കും സംശയം ഒന്നും തോന്നില്ലല്ലോ അല്ലേ?” “എന്തിന്?? ഞാൻ ഭക്ഷണം വാങ്ങാൻ പോയതല്ലേ എന്നെ എന്തിനാ സംശയിക്കണേ? നമ്മൾ നമ്മളെ തന്നെ അധികം ശ്രദ്ധിച്ചാൽ ആണ് മറ്റുള്ളവരും നമ്മളെ ശ്രദ്ധിക്കുന്നത്. നമ്മൾ സ്വാഭാവികം ആയി നടന്നാൽ ആർക്കും ഒന്നും തോന്നില്ല.” ചോട്ടു പറഞ്ഞത് കേട്ട് അവർ രണ്ടും ചിരിച്ചു. എന്നാൽ അവൻ പറഞ്ഞത് സത്യമാണെന്ന് അവർക്കും തോന്നി. “അല്ല ഇത് അവർക്ക് കൊടുക്കണ്ടേ?” “ഇപ്പൊ കൊടുക്കണ്ട അടുത്ത ഹോട്ടലിൽ നിന്ന് കൂടി വാങ്ങിട്ടു കൊടുക്കാം, ഭായ് വണ്ടി വിട്.” അരമണിക്കൂർ കൊണ്ട് അവർ മുഴുവൻ പേർക്കുള്ള ഭക്ഷണം ഒപ്പിച്ചു. “ഭായ് വണ്ടി ഏതെങ്കിലും ആളൊഴിഞ്ഞ ഭാഗത്ത് ഒന്ന് നിർത്തണം, ഞാൻ ഈ ഫുഡ് കൊണ്ട് കൊടുക്കാം അവർക്ക്. ഞാൻ ബാക്കിൽ കേറിയതും വണ്ടി വിട്ടോ അധികം നേരം ഒന്നും വഴിയിൽ നിർത്തണ്ട നമുക്ക് എത്രയും വേഗം ത്രയംബകേശ്വർ എത്തണം.” *****************************
“നീ എന്തൊക്കെയാ മിഴി ഈ പറയണേ? എന്നിട്ട് അവൻ എവിടെ?” പൂജയുടെ ചോദ്യം നേരിടാൻ ആവാതെ മിഴി മുഖം കുനിച്ചു നിന്നു.
“എടി എന്താ ഉണ്ടായേ അതൊന്നു തെളിച്ചു പറ നീ ആദ്യം” അവൾ വീണ്ടും ഒച്ചയിട്ടു.
“ഇന്നലെ അമ്മ വിളിച്ചിരുന്നു, വീട് ജപ്തി ചെയ്യാൻ ആളുകൾ എത്തി. അമ്മയുടെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റുന്നുണ്ടായില്ലഡി, നാട്ടിലെ അനാഥ മന്ദിരത്തിൽ ഞാൻ വിളിച്ചു അച്ഛനോട് സഹായം ചോദിച്ചു അപ്പൊ തന്നെ, അവർ വന്ന് അമ്മയെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ എത്തിയിട്ടും അമ്മ ഒന്നും കഴിക്കാൻ കൂട്ടാക്കാതെ ഇരുന്നു കരച്ചിൽ ആയിരുന്നു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞു.”
“ഇത്രേം ഒക്കെ ആയിട്ടും ഒരു മകൾ എന്ന നിലയിൽ എനിക്ക് എനിക്ക് എന്റെ അമ്മയോട് ഉള്ള കടമകൾ പോലും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത് ആകെ തകർന്ന ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ ഇന്നലെ. അപ്പോഴാണ് അവൻ ഡ്യൂട്ടി കഴിഞ്ഞ് വന്നത്, എന്തോ അപ്പോഴത്തെ ഒരു അവസ്ഥയിൽ ഞാൻ അവനോട് ദേഷ്യപ്പെട്ടു സംസാരിച്ചു, പക്ഷേ അവൻ ഇറങ്ങി പോകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.”
“രാവിലെ നോക്കുമ്പോൾ അവന്റെ സാധനങ്ങൾ ഒന്നും തന്നെ കാണാനില്ല, പോയി കാണും എങ്ങോട്ടേലും പാവം, എനിക്ക് ഇത് എല്ലാം കൂടെ വട്ട് പിടിക്കുന്നുണ്ട് പൂജ..”
പൂജ അവളെ ചേർത്ത് പിടിച്ചു, മിഴി അവളെ ഇറുക്കി പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി. കരയട്ടെ.. അങ്ങനെ എങ്കിലും കുറച്ച് ആശ്വാസം കിട്ടുവല്ലോ എന്ന് പൂജയും ഓർത്തു.
അവൾ കരഞ്ഞു തീരും വരെ പൂജ അവളെ ഒരു കുഞ്ഞിനെ എന്നപോലെ ചേർത്ത് അണച്ചു പിടിച്ചിരുന്നു.
“മിഴി… അവൻ എവിടേം പോയിട്ടുണ്ടാവില്ല, പെട്ടെന്ന് ഉള്ള ഷോക്കിൽ പോയത് ആവും നമുക്ക് മഹീന്ദർ ഭായ്യെ വിളിച്ച് നോക്കാം. പിന്നെ അമ്മ ഇപ്പൊ തൽക്കാലം അവിടെ നിക്കട്ടെ അത് തന്നെ ആണ് സേഫ്. ആ വീട് നമുക്ക് തിരിച്ചു പിടിക്കാൻ നോക്കാം എങ്ങനേലും. ബാങ്കിനോട് റിക്വസ്റ്റ് ചെയ്ത് നോക്കാം ഇൻ കേസ് അവർ ആ പ്രോപ്പർട്ടി ലേലത്തിൽ വെക്കുവാണേൽ തന്നെ കുറച്ച് ഒന്ന് ഡീലേ ആക്കാൻ.”
“ഞാൻ ഉണ്ട് നിന്റെ കൂടെ എന്തിനും. ഇന്ന് ഇനി നീ ഡ്യൂട്ടിക്ക് കേറണ്ട ഞാനും ലീവ് എടുക്കാം. മനസ്സ് ഒന്ന് ശാന്തമാകട്ടെ എന്നിട്ട് മതി ബാക്കി ഒക്കെ. നീ പോയി കുളിച്ചു വാ, അപ്പോഴേക്കും ഞാൻ ഒരു കോഫി ഇടാം ഒന്ന് ഉഷാർ ആവട്ടെ വാ എഴുനേക്ക്.” പൂജ അവളെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് വിട്ടിട്ട് ഫോണും എടുത്ത് അടുക്കളയിലേക്ക് നടന്നു.
അവൾ മാഹീന്ദറിന്റെയും ചോട്ടുവിന്റെയും ഫോണിലേക്ക് മാറി മാറി വിളിച്ചു, രണ്ടും സ്വിച്ചഡ് ഓഫ് ആയിരുന്നു. പൂജ ഒന്ന് ചിന്തിച്ചിട്ട് അടുക്കളയിലേക്ക് പോയി കോഫി ഇടാൻ തുടങ്ങി. ************************ ഇതേ സമയം പൂനെ – മുംബൈ ഹൈവേയിൽ പിമ്പോലി എന്നൊരിടത്ത്… തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികളുടെ ശബ്ദം അസ്ലന്റെ ചിന്തകളെ ഇടക്കിടക്ക് മുറിച്ചുകൊണ്ടിരുന്നു.
“ട്രെയിൻ പൂനെയിൽ എത്തുമ്പോൾ അവർ അതിൽ ഇല്ല, നമ്മടെ ആൾകാർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൻ കേറിയത് ലോണാവാലയിൽ നിന്നാണ്.
ലോണാവാലാക്കും പൂനെക്കും നടുവിൽ ആകെ മൂന്നു ചെറിയ സ്റ്റേഷൻ ആണ് ഉള്ളത്. മലവ്‌ലി, കാംഷെത് പിന്നെ കാൻഹി. ഇതിൽ മലവ്‌ലി നമുക്ക് ഒഴിവാക്കാം കാരണം ലോണാവാല ടു മലവ്‌ലി ഏകദേശം 20 മിനിറ്റ് ദൂരമേ ഉള്ളു.
നമ്മുടെ പിള്ളേരെ എല്ലാം ഇടിച്ചിട്ട് ബോധം ഇല്ലാതെ കിടക്കുന്ന അവരെ ഉണർത്തിയിട്ട് അവനു 20 മിനിറ്റ് കൊണ്ട് രക്ഷപെടാൻ കഴിയില്ല.”
“കാംഷെത് ആണെങ്കിലും അത്പോലെ തന്നെ, എന്നാലും അത് മുഴുവനായി അങ്ങ് ഒഴിവാക്കേണ്ട. പിന്നെ ഉള്ളത് കാൻഹി. എന്റെ ഊഹം ശെരി ആണെങ്കിൽ ആ നായിന്റമക്കൾ ഇറങ്ങിയത് ഈ രണ്ട് സ്റ്റേഷന് അടുത്ത് ആവാൻ ആണ് സാധ്യത. എക്സ്പ്രസ്സ് ട്രെയിനിനു അവിടെ സ്റ്റോപ്പ് ഇല്ലാത്തതിനാൽ എവിടേലും സ്ലോ ചെയ്തപ്പോ ആവണം രക്ഷപെട്ടത്.” അസ്‌ലാൻ പക എരിയുന്ന കണ്ണോടെ പറഞ്ഞു നിർത്തി.
“പക്ഷേ ഭായ്, എങ്ങനെ? നമ്മൾ ഈ റൂട്ടിൽ ഉള്ള റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡ് ഒക്കെ അരിച്ചു പെറുക്കിയില്ലേ, പോരാത്തേന് സിസിടിവിയും ചെക്ക് ചെയ്തു അതിൽ ഒന്നും ഇവരുടെ പൊടി പോലും കാണാനില്ലല്ലോ.” കൂട്ടത്തിൽ ഒരുവൻ ചോദിച്ച കേട്ട് അസ്ലന്റെ കണ്ണൊന്നു കുറുകി.
“ഇതിനിടയിൽ ആരോ കളിക്കുന്നുണ്ട്, ആരോ അവരെ ഒക്കെ സഹായിക്കാൻ ഉണ്ട്. എന്തായാലും ഒന്ന് ഉറപ്പാണ് അവർ എല്ലാം ഒന്നിച്ചു തന്നെ ആണ് ഇപ്പോഴും ഉള്ളത്. അത് അല്ലാരുന്നെങ്കിൽ ഇവരിൽ ആരെങ്കിലും ഒരാൾ നമ്മുടെ കണ്ണിൽ വന്ന് പെട്ടേനെ. എന്നാൽ നമ്മൾ വൈകും തോറും ഇവർ ഇവരുടെ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ട്, അങ്ങനെ ഉണ്ടാവും മുന്നേ എല്ലാത്തിനേം പൊക്കണം.”
“എന്നാലും ബസും ട്രെയിനും അല്ലാതെ ഇത്രേം പേരെ ട്രാൻസ്‌പോർട്ട് ചെയ്യാൻ അവനു എങ്ങനെ പറ്റി എന്നതാണ് എന്നെ കുഴക്കുന്ന ചോദ്യം.” അസ്‌ലാൻ കണ്ണടച്ച് ആലോചിച്ചു…. സംഭവിക്കാൻ സാധ്യത ഉള്ള എല്ലാ കാര്യങ്ങളും അയാൾ കൂട്ടിയും കിഴിച്ചും ഒരു സിനിമ പോലെ അയാളുടെ മനസ്സിൽ കണ്ടു.
ഇതേ സമയം നിർത്തിയിട്ട അവരുടെ വണ്ടിയെ മറികടന്ന് ഒരു ലോറി അതിവേഗത്തിൽ മുരണ്ട്കൊണ്ട് പോയി….
അസ്ലൻ അവന്റെ ചോര കണ്ണുകൾ വലിച്ചു തുറന്നു… “യെസ്… ട്രക്ക്.. കണ്ടെയ്നർ ട്രക്കുകൾ…” അസ്ലൻ വണ്ടിയുടെ ബോണറ്റിൽ നിന്നു ചാടി ഇറങ്ങിക്കൊണ്ട് പറഞ്ഞു.
“ട്രെയിനിൽ നിന്ന് ചാടിയ അവർക്ക് അത്രേം പേർക്ക് ഒന്നിച്ചു സുരക്ഷിതമായി പോകാൻ പറ്റുന്നത് ട്രക്കുകളിൽ ആണ്, അതും കണ്ടെയ്നർ ട്രക്കുകൾ.” അസ്ലൻ അത് പറഞ്ഞതും കൂടി നിന്ന എല്ലാവരുടെയും മുഖം വിടർന്നു.
“പോലീസ് കണ്ട്രോൾ റൂമിൽ നമുക്ക് വേണ്ടപ്പെട്ട ആരാണ് ഉള്ളത്?” അയാൾ തന്റെ കൂട്ടാളികളോട് ചോദിച്ചു.
“ഭായ് ട്രാഫിക് എസ് ഐ നരസിംഹ… അയാൾക്ക് അവിടെ ഹോൾഡ് ഉണ്ടാവും.”
“വിളിക്ക് അവനെ… ഇന്നലെ ജയന്തി ജനത കാൻഹി സ്റ്റേഷൻ കടന്നുപോയ സമയം മുതൽ ഏകദേശം ഒരു 5-6 മണിക്കൂർ നേരത്തേക്ക് മുംബൈ ഭാഗത്തേക്ക് പോയ കണ്ടെയ്നർ ട്രക്കുകളുടെ ഡീറ്റെയിൽസ് എടുപ്പിക്കണം അവനെക്കൊണ്ട്.”
“ഭായ്… ഒരുപക്ഷേ അവർ പൂനെ ഭാഗത്തേക്ക് ആണ് പോയതെങ്കിലോ?” ഒരുവന്റെ സംശയം കേട്ട് അസ്ലൻ ഒന്ന് ചിന്തിച്ചു..
“ഇല്ല… അങ്ങനെ വരാൻ വഴി ഇല്ല, കാരണം പൂനെ സിറ്റിയിൽ കടക്കണമെങ്കിൽ അതിന് മുന്നേ ട്രക്ക് പോലീസ് എയ്ഡ് പോസ്റ്റ് ക്രോസ്സ് ചെയ്യണം. അങ്ങനെ ചെയ്തിരുന്നേൽ അവർ ഇതിനകം പോലീസിന്റെ കണ്ണിൽ പെട്ടേനെ, വാർത്ത ആയേനെ, അതുവഴി നമ്മളും അറിഞ്ഞേനെ. എന്നാൽ ഇതുവരെ അങ്ങനെ ഒരു ന്യൂസ് വന്നിട്ടില്ല അത്കൊണ്ട് തന്നെ ഇവർ മുംബൈ റൂട്ടിൽ ആവും പോയത്. എന്നാൽ മുംബൈലേക്ക് പോവാൻ ചാൻസ് കുറവ് ആണ്.”
“ഒന്നുകിൽ മുംബൈക്ക് കുറെ മുന്നേ ഏതേലും ഒരു സ്ഥലത്ത് അല്ലെങ്കിൽ മുംബൈ എത്തുന്നതിനു മുന്നേ ഉള്ള നാസിക്ക് റൂട്ട്. ഈ രണ്ട് ഏരിയയിൽ ആണ് അവർ ഉണ്ടാവാൻ സാധ്യത. എന്നാൽ സമയം വൈകും തോറും നമ്മൾക്ക് തിരയേണ്ട ഇടത്തിന്റെ വ്യാപ്തി കൂടി വരും. അത്കൊണ്ട് എനിക്ക് എത്രെയും വേഗം ആ ഡീറ്റെയിൽസ് കിട്ടണം.” അസ്ലന്റെ സ്വരം കടുത്തു.
“ഭായ് ഇത്രേം ഡീറ്റെയിൽസ് ഒറ്റ ഡേ കൊണ്ട് കിട്ടാൻ സാധ്യത ഇല്ലല്ലോ. ഇനി കിട്ടിയാൽ തന്നെ എന്താണ് നമ്മുടെ അടുത്ത നീക്കം?. ഇത്രേം ട്രക്കുകളുടെ ഇടയിൽ നിന്ന് നമുക്ക് വേണ്ട ആ ഒരു ട്രക്ക് എങ്ങനെ കണ്ട് പിടിക്കും?” എല്ലാവർക്കും ചോദിക്കാൻ ഓരോ സംശയങ്ങൾ ഉണ്ടായിരുന്നു.
“പ്ഫാ… ഇന്ന് നേരം ഇരുട്ടുന്നേനു മുന്നേ എനിക്ക് ഈ ഡീറ്റെയിൽസ് വേണം. ആ നരസിംഹത്തോട് പറ അവന്റെ പിള്ളേരും കെട്ട്യോളും ഒക്കെ എന്റെ കയ്യിൽ ഞെരിയുന്നത് കാണണ്ട എങ്കിൽ ഇന്ന് തന്നെ അത് എടുത്തു തരാൻ. ബാക്കി ഒക്കെ അവൻ ചെയ്തോളും…. അവന്റെ ഭയം അവനെക്കൊണ്ട് എല്ലാം ചെയ്യിക്കും… ഇല്ലേൽ ഇനി എന്താ നടക്കാൻ പോണെന്നു അവനു അറിയാം.” അസ്ലൻ അലറി… ***************** തുടരും….
Responses (0 )