മഴപെയ്തനേരം 2
Mazhapeithaneram Part 2 | Author : Sreekuttan
[ Previous Part ] [ www.kkstories.com]
“പ്രണയത്താൽ നമുക്കൊരു പ്രപഞ്ചം തീർക്കാം,
അതിൽ നമുക്കൊരു ഭൂമി തീർക്കാം,
നമ്മുടെ സ്വപ്‌നങ്ങൾ കൊണ്ട് ആകാശം തീർക്കാം
നിൻ മിഴിതിളക്കം കൊണ്ട് താരകളെ തീർക്കാം
നിൻ പുഞ്ചിരികൊണ്ട് നിലാവ് തീർക്കാം
മെയ്യിലെ ചൂട് കൊണ്ട് ഋതുക്കളെ തീർക്കാം
ഓരോ ഋതുക്കളും നമുക്കായി തീർക്കാം
അതിൽ നമുക്ക് ജീവിതം തീർക്കാം”
നിള ഒരു പുഞ്ചിരിയോടെ അവളുടെ ഡയറിയിൽ എഴുതിയ വരികൾ ഒന്നുകൂടി നോക്കി ഡയറി അടച്ചു, അവൾ മുന്നിലിരുന്ന ബോക്സ് തുറന്ന് ഏകമുഖ രുദ്രാക്ഷം കെട്ടിയ സ്വർണമാല പുറത്തെടുത്തു അതിൽ അപ്പു എന്ന് സ്വർണത്തിൽ കൊത്തിയിട്ടുണ്ടായിരുന്നു, അവൾ ആ രുദ്രാക്ഷത്തിലേക്ക് ചുണ്ട് ചേർത്തു,
“നാളെ നിന്റെ പിറന്നാളിന്, എന്റെ കണ്ണന്റെ മുന്നിൽ വച്ച് എന്റെ മനസ്സ് ഞാൻ തുറക്കും… എനിക്കറിയാം നിനക്കെന്നെ ജീവനാണെന്ന്, എങ്കിലും നിന്റെ നാവിൽ നിന്നും കേൾക്കാൻ ഒരു കൊതി…”
അവൾ അവളുടെ മൊബൈലിൽ അപ്പുവിന്റെ ഫോട്ടോ എടുത്ത് നോക്കികൊണ്ട് പറഞ്ഞു,
പതിയെ അതിലേക്കൊരു ഉമ്മ കൊടുത്തുകൊണ്ട്, സുന്ദര സ്വപ്നം കണ്ടുകൊണ്ട് പതിയെ നിദ്രയെ പുൽകി, അടുത്ത പ്രഭാതം അവൾക്കായി കരുതി വച്ചിരിക്കുന്നത് എന്തെന്നറിയാതെ…
🪶
രാവിലെ അപ്പുവിന്റെ കാറിന്റെ ഹോൺ കേട്ട് നിള ഉമ്മറത്തേക്ക് ഓടിയിറങ്ങി വന്നു, കറുത്ത ബ്ലൗസും കറുത്ത കരയുള്ള സെറ്റ് സാരിയുടുത്ത് നല്ല ഭംഗിയായി ഒരുങ്ങി അതിസുന്ദരിയായിരുന്നു അവൾ, അവൾ മാഷിനോട് യാത്രപറഞ്ഞു കാറിനടുത്തേക്ക് വേഗത്തിൽ നടന്നു,
ഡ്രൈവിംഗ് സീറ്റിൽ അപ്പുവും, കോഡ്രൈവർ സീറ്റിൽ ചന്തുവും ഇരുന്ന് അവളെ വാ പൊളിച്ചു നോക്കുന്നുണ്ടായിരുന്നു,
“ആഹാ… നീയുമുണ്ടായിരുന്നോ…? എന്താടാ ഇങ്ങനെ തുറിച്ചു നോക്കുന്നത്…?”
നിള ചന്തുവിന്റെ തലയിൽ കൊട്ടിക്കൊണ്ട് ചോദിച്ചു
“എന്ത് ഭംഗിയാ നിളേച്ചി നിന്നേ കാണാൻ… ഇതിപ്പോ കണ്ണന് ഭാര്യമാർ പതിനാറായിരത്തിഒൻപത് ആകൂല്ലോ…”
ചന്തു ചിരിച്ചുകൊണ്ട് പറഞ്ഞു
“ദൈവദോഷം പറയാതെടാ കൊരങ്ങാ…”
നിള അവന്റെ കയ്യിലൊരു അടികൊടുത്തുകൊണ്ട് പറഞ്ഞിട്ട്, കാറിലേക്ക് കയറി,
അവൾ അപ്പുവിനെ നോക്കി, അവളെ നോക്കി ഇമയനക്കാതെ ഇരിക്കുന്നുണ്ട്, അവന്റെ നോട്ടം കണ്ട് അവളുടെ ചുണ്ടിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി മിന്നി മാഞ്ഞുപോയി,
‘ചുള്ളനായിട്ടുണ്ട് ചെക്കൻ… ന്റെ കണ്ണാ കണ്ട്രോൾ തരണേ…’
അവൾ മനസ്സിൽ പ്രാർത്ഥിച്ചു
അപ്പുവും അവളെ നോക്കി ചിരിച്ച് അടിപൊളി എന്ന് ആംഗ്യം കാണിച്ചു, അവളുടെ മുഖം തെളിഞ്ഞു, വണ്ടി മുന്നോട്ടെടുത്തു,
ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ കാർ നിർത്തി നിളയും ചന്തുവും ഇറങ്ങി, വണ്ടി പാർക്ക് ചെയ്യാൻ അപ്പു പോയി,
“നിളേച്ചി… നീ രണ്ടും കല്പ്പിച്ചു തന്നയാ അല്ലെ…?”
ഒരു കുസൃതി ചിരിയോടെ ചന്തു ചോദിച്ചു
അതിന് അവളൊന്ന് പുഞ്ചിരിച്ച് തലതാഴ്ത്തി
“ദേ… ഇന്ന് പറഞ്ഞെല്ലാം സെറ്റ് ആക്കിക്കോണം… പറഞ്ഞേക്കാം…”
അവൻ വീണ്ടും പറഞ്ഞു
“ടാ ചന്തു, എനിക്ക് വല്ലാത്തൊരു ടെൻഷൻ, നീയെന്റെ കൂടെത്തന്നെ നിൽക്കണേടാ…”
അവൾ ഒരപേക്ഷപോലെ അവനോട് പറഞ്ഞു
“ഞാനെന്തിനാ നിളേച്ചി… നീ ചെന്ന് അവനോട് കാര്യം പറ… അന്യനൊന്നുമല്ലല്ലോ, നമ്മുടെ അപ്പുവല്ലേ, മാത്രോല്ല നീയെന്ന് വച്ചാ അവന് ജീവനാ… നിനക്ക് അവനോടുള്ളപോലൊരു ഇഷ്ടം അവന് നിന്നോടുമുണ്ട്… അത് എനിക്കറിയാം…. പിന്നേ നിനക്കും ഉറപ്പുണ്ടല്ലോ നിനക്ക് അവനോടുള്ളപ്പോലൊരിഷ്ടം അവന് നിന്നോടും ഉണ്ടേന്ന്…? പിന്നെന്താ…?”
അവളപ്പോഴും ഒരു ടെൻഷനോടെ ചുറ്റും നോക്കി
“നിളേച്ചി പേടിക്കേണ്ടന്നേ… നമ്മുടെ കണ്ണന്റെ മുന്നിലല്ലേ… എല്ലാം നല്ലതുപോലെ നടക്കും… കണ്ണൻ എല്ലാം നല്ലപോലെ നടത്തിത്തരും… ധൈര്യമായിട്ട് പൊയ്ക്കോ… വേണേൽ ഒരു കുടം വെണ്ണ നേർന്നേക്ക്…”
അവൻ അവളോട് പറഞ്ഞു, അപ്പോഴേക്കും അപ്പുവും അവരുടെ അടുത്തേക്ക് വന്നിരുന്നു, അവർ അകത്തേക്ക് നടന്നു
“നിങ്ങൾ കേറിക്കോ ഞാൻ പിറകെ വന്നേക്കാം…”
ചന്തു അവരോട് പറഞ്ഞു, അത് കേട്ട് നിള അവനെ ദയനീയമായി നോക്കി, അവൻ അവളെ കണ്ണടച്ചു കാണിച്ചു
“അതെന്തിനാ… നമ്മളൊരുമിച്ചല്ലേ വന്നത്, അപ്പൊ ഒരുമിച്ചു കയറാം…”
അപ്പു അവനോട് പറഞ്ഞു, നിള അപ്പോഴും അവനെ കൂടെ വരാൻ കണ്ണുകൾക്കൊണ്ട് ദയനീയമായി അപേക്ഷിച്ചു, പിന്നീട് ഒന്നും മിണ്ടാതെ ചന്തു അവരോടൊപ്പം ക്ഷേത്രത്തിലേക്ക് കയറി,
അകത്ത് കയറി വഴിപാട് കുറിപ്പിച്ച്, കണ്ണന് മുന്നിൽ അവർ കണ്ണടച്ച് തൊഴുതു നിന്നു,
‘എന്റെ കണ്ണാ… ഒരിക്കലും എന്നെ നീ കൈവിട്ടിട്ടില്ല, നിന്റെ മുന്നിൽ എന്റെ അപ്പൂട്ടന്റെ താലിയണിഞ്ഞു അവനാൽ സീമന്തരേഖ ചുവപ്പിച്ച്, എന്റെ അപ്പൂട്ടന്റെ മാത്രമായി എനിക്ക് നിന്നെ തൊഴുത് നിൽക്കണം എന്ന് മാത്രമേ ഇപ്പൊ എനിക്കാഗ്രഹമുള്ളൂ, അത് നീ സാധിച്ചു തരണേ കണ്ണാ….’
നിള കണ്ണടച്ച് നിശബ്ദമായി പ്രാർത്ഥിച്ചു നിന്നു,
തിരുമേനി വഴിപാടിന്റെ പേര് വിളിക്കുമ്പോഴാണ് അവൾ കണ്ണ് തുറന്നത്, പൂജിച്ചു വാങ്ങിയ ഏകമുഖ രുദ്രാക്ഷ മാല കണ്ണനെ നോക്കി തൊഴുതുകൊണ്ട് നിള അപ്പുവിന്റെ കഴുത്തിൽ ഇട്ടുകൊടുത്തു, അപ്പുവെന്ന് സ്വർണത്തിൽ എഴുതിയിരിക്കുന്നത് കണ്ട് അവന്റെ കണ്ണൊന്നു തിളങ്ങി, അപ്പു അതിശയത്തോടെ ആ മാലയിൽ നോക്കി നിൽക്കുമ്പോൾ, അവന്റെ നെറ്റിയിൽ നിള വരച്ച ചന്ദനത്തിന്റെ തണുപ്പ് പടർന്നിരുന്നു
“എന്റെ അപ്പൂട്ടന് ഒരായിരം പിറന്നാൾ ആശംസകൾ…”
നിള അവനോടായി പറഞ്ഞു, അതിന് മറുപടിയായി അപ്പു ചിരിച്ചുകൊണ്ട് അവളുടെ കവിളുകളിൽ ഒന്ന് പിടിച്ച് വിട്ടു, അവൾ വല്ലാത്ത ഭാവത്തോടെ അവനെത്തന്നെ നോക്കി നിൽക്കുമ്പോൾ ചന്തു അവളുടെ കയ്യിൽ അവന്റെ കൈകൊണ്ട് പതിയെ തട്ടി, നിള ഞെട്ടി അവനെ നോക്കിയപ്പോൾ അപ്പുവിനെ കണ്ണുകൊണ്ട് കാണിച്ചു കാര്യം പറയാൻ പറഞ്ഞിട്ട് അവൻ പ്രദക്ഷിണത്തിനായി പോയി, അവർ അമ്പലത്തിൽ നിന്നും പുറത്തിറങ്ങി,
“അപ്പൂട്ടാ… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…”
നിള എങ്ങനെയോ പറഞ്ഞൊപ്പിച്ചു
“നിളേച്ചി… എനിക്കും നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…”
അപ്പുവും വല്ലാത്ത സ്വരത്തിൽ അവളോട് പറഞ്ഞു
“ന്താ…??”
നിള ചോദിച്ചു, അവളുടെ മുഖം വിടർന്നിരുന്നു, അവളെന്ത് ആഗ്രഹിച്ച് വന്നുവോ… എന്ത് കേക്കാൻ കൊതിച്ചുവോ അത് അവന്റെ വായിൽനിന്നും കേൾക്കാൻ പോകുന്നു എന്ന സന്തോഷത്തോടെ അവളുടെ ഉള്ള് തുടിച്ചു,
“പറയാം… ചന്തുവും കൂടെ വരട്ടെ… നീളേച്ചിക്കെന്താ പറയാനുള്ളത്…?”
അവൻ ചോദിച്ചു
“അത്… പിന്നെ… ചന്തുകൂടി വന്നോട്ടെ… എന്നിട്ട് പറയാം…”
അവൾ പരിഭ്രമത്തോടെ പറഞ്ഞു
പ്രദക്ഷിണം കഴിഞ്ഞ് ചന്തു അവരുടെ അടുത്തെത്തി, രണ്ടുപേരും ടെൻഷനോട് നിൽക്കുന്നത് കണ്ടിട്ട് അവന് ചിരി വന്നു
“ആ ചന്തു വന്നല്ലോ… അപ്പൊ നീളേച്ചി കാര്യം പറഞ്ഞോ…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു
“അത് വേണ്ട അപ്പൂട്ടൻ പറ…”
അവളും സന്തോഷത്തോടെ അപ്പുവിന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു,
അപ്പു ഒരു ദീർഘനിശ്വാസം എടുത്തു,
“നിങ്ങക്കറിയാലോ എന്റെ ജീവിതത്തിൽ ഞാൻ എന്ത് തീരുമാനിച്ചാലും ആദ്യം പറയുന്നത് നിങ്ങളോടാണ്, അതുപോലെ ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പറയാനാണ് ഇപ്പൊ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്, വേറൊന്നുമല്ല എനിക്കൊരു ഒരാളെ ഇഷ്ടമാണ്, അവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്നൊരു ആഗ്രഹം ഉണ്ട്,…”
അത് കേട്ടതും നിളയുടെ ഉള്ളിൽ സന്തോഷക്കടൽ ഇരമ്പിയാർത്തു… ചന്തു ഒരു പുഞ്ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി,
“അത് പറയുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഒരൂഹവുമില്ല…”
അവനൊന്ന് നിർത്തി
“എന്നാലും കള്ള കാമുകാ… നീയിത് ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ…. എനിക്ക് സന്തോഷേ ഉള്ളു, ഇതിങ്ങനെതന്നെ നടക്കുമെന്ന് എനിക്കറിയാരുന്നു, ഒരാളുടെ കണ്ണിലെ പ്രണയം ഞാൻ കണ്ടിരുന്നു, അത് ആത്മാർത്ഥമാണെന്ന് എനിക്കറിയാമായിരുന്നു, അതുകൊണ്ട് എനിക്ക് സന്തോഷേ ഉള്ളു….”
ചന്തു നിളയെ നോക്കി പറഞ്ഞു, നിളയും നാണത്തോടെ തലകുനിച്ച് നിന്നു
“ങേ… നിനക്കറിയാരുന്നോ…? അപ്പൊ നിങ്ങൾക്ക് അവളെ ഇഷ്ടമാണോ…?”
അപ്പു അതിശയത്തോടെ ചോദിച്ചു
“പിന്നില്ലാതെ… എനിക്കറിയാത്ത എന്ത് കാര്യാ നിനക്ക് ഉള്ളത്… ഞാനത് എന്നേ കണ്ടുപിടിച്ചതാ, പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നത് ആരും അറിയില്ലെന്ന് കരുതിയോ…?”
ചന്തു അവനെ കളിയാക്കി ചുമലിൽ പിടിച്ചുകൊണ്ടു പറഞ്ഞു,
“അപ്പൊ ആളാരാണെന്ന് അറിയണ്ടേ… ആള് ഇവിടെത്തന്നെയുണ്ട്,”
അപ്പു പറഞ്ഞു
“അത് ഞങ്ങൾക്കറിയാലോ… അല്ലേ…?”
ചന്തു നിളയെ ചേർത്ത് നിർത്തിക്കൊണ്ട് നിളയോട് ചോദിച്ചു, നിളയപ്പോഴും നാണിച്ചു നിലത്തു നോക്കി നിൽപ്പായിരുന്നു,
“നന്ദന…”
അപ്പു ഉറക്കെ വിളിച്ചു, അത് കേട്ട് അമ്പരപ്പോടെ ചന്തുവും നിളയും ചുറ്റും നോക്കി,
അത്രേം നേരം കുറച്ച് മാറി അവരെ നോക്കി നിന്നിരുന്ന നന്ദന പതിയെ അവർക്കരികിലേക്ക് വന്നു, നിളയും ചന്തുവും സംശയത്തോടെ അപ്പുവിന്റെ മുഖത്തേക്ക് നോക്കി,
“ഇവളെന്താ ഇങ്ങോട്ട് വരുന്നേ…?”
ചന്തു പതിയെ നിളയോട് ചോദിച്ചു
അറിയില്ലെന്ന ഭാവത്തിൽ അവൾ ചുമലനക്കി,
അപ്പോഴേക്കും നന്ദന അവർക്കരികിൽ എത്തിയിരുന്നു
“ഇത്, നന്ദന… ഞാൻ നിങ്ങളെ പ്രത്യേകിച്ച് പരിചയപ്പെടുത്തണ്ടല്ലോ… ഞങ്ങൾ കുറച്ച് നാളായി ഇഷ്ടത്തിലാണ്, എല്ലാം ഒന്ന് സെറ്റ് ആയിട്ട് നിങ്ങളോട് പറയാമെന്നു കരുതിയിരിക്കുകയായിരുന്നു, ഇപ്പൊ എനിക്ക് തിരികെപോകാനുള്ള സമയമടുത്തു വരുന്നു, അതിനു മുന്നേ എല്ലാം ഒന്ന് ശരിയാക്കിവച്ചിട്ട് പോണം, അതാ… നിങ്ങള് തന്നെ ശോഭക്കുട്ടിയോട് പറഞ്ഞ് എല്ലാം ശരിയാക്കണം…”
അപ്പു ചിരിയോടെ പറഞ്ഞ് നിർത്തി
നിളയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി, ഹൃദയത്തിൽ ആയിരം കാരമുള്ളുകൾ തറച്ചു കേറുന്നപോലെ അവൾ പിടഞ്ഞു, തളർന്ന് വീഴാതിരിക്കാൻ അവൾ ചന്തുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു, ചന്തു അവളെ ചേർത്തു നിർത്തി
“അപ്പു നീയെന്ത് ഭ്രാന്താ ഈ പറയുന്നത്…? ഇത് നടക്കില്ല, നടക്കാൻ ഞാൻ സമ്മതിക്കില്ല… മര്യാദക്ക് ഇത് വിട്ടോ… അതാ നല്ലത്…”
ചന്തു അപ്പുവിനോട് പറഞ്ഞു
അപ്പു ചന്തുവിന്റെ ഭാവം കണ്ട് അമ്പരന്നു
“എന്താടി നിൻറുദ്ദേശം…? മറ്റുള്ളവന്മാരെപോലെ ഇവന്റെയും ജീവിതം തകർക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ കഴുത്തു കണ്ടിച്ച് പുഴയിൽ എറിയും പറഞ്ഞേക്കാം… എനിക്കൊരു മടിയുമില്ല…”
ചന്തു നന്ദനയോട് ചീറി
“എന്താ അനന്തു ഇത്, കണ്ണിക്കണ്ടവന്മാരെക്കൊണ്ട് എന്നെ ചീത്തകേൾപ്പിക്കാനാണോ രാവിലെ എന്നോട് ഇവിടേക്ക് വരാം പറഞ്ഞത്…”
നന്ദന കണ്ണ് നിറച്ചുകൊണ്ട് അപ്പുവിനോട് പറഞ്ഞു
“മതിയാക്കടി നിന്റഭിനയം… ഇനി നീ മിണ്ടിയാ പല്ല് മുപ്പത്രണ്ടും താഴ കെടക്കും…”
ചന്തു അതുപറഞ്ഞു മുന്നോട്ട് വന്നു, നിളയപ്പോഴും എല്ലാം കണ്ടും കേട്ടും സ്തംഭിച്ചു നിൽക്കുകയായിരുന്നു, ഉള്ളിൽ നിന്നും പൊട്ടിവന്ന കരച്ചിൽ പുറത്തുവരാതെ അടക്കി നിർത്തി അവൾ,
“അനന്തു ഇതാണോ നിനക്കെന്നോടുള്ള സ്നേഹം, അപ്പൊ ഇവനെന്നെ തല്ലിയാലും അനന്തു കണ്ട് നിൽക്കുകയേ ഉള്ളോ,..? അങ്ങനെയെങ്കിൽ നമുക്ക് എല്ലാം ഇവിടെ വച്ചു നിർത്താം… അനന്തൂന് കൂട്ടുകാരാണ് എല്ലാമെന്ന് ഞാനറിഞ്ഞില്ല…”
നന്ദന കരഞ്ഞുകൊണ്ട് പറഞ്ഞു
“എല്ലാം നിർത്തുന്നതാണ് നിനക്ക് നല്ലത്, മേലാൽ ഇവന്റെ ഏഴയലത് കണ്ടുപോകരുത് നിന്നെ…”
ചന്തു പിന്നേം നന്ദനയോട് ദേഷ്യപ്പെട്ടു
“ചന്തു മതിയാക്ക്…”
അപ്പു ഗൗരവത്തോടെ പറഞ്ഞു
“ഇല്ല, ഞാൻ സമ്മതിക്കില്ല, നിന്റെ ജീവിതം ഈ നിൽക്കുന്ന തേവിടിശ്ശിക്ക് തട്ടിക്കളിക്കാൻ ഞാൻ സമ്മതിക്കില്ല…”
ചന്തു വീറോടെ പറഞ്ഞതും അപ്പുവിന്റെ വലതുകൈ അവന്റെ ഇടത് കവിളിൽ പതിഞ്ഞിരുന്നു,
“അപ്പൂട്ടാ…”
നിള ദേഷ്യത്തിൽ ഉറക്കെ വിളിച്ചു, ക്ഷേത്രത്തിലുള്ളവർ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഒരു നിമിഷം എല്ലാവരും ഞെട്ടിപ്പോയിരുന്നു, നന്ദനയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി വിരിഞ്ഞു
“നിർത്തെടാ… നീ പറഞ്ഞു തന്നിട്ട് വേണ്ട ഇവളെ എനിക്ക് മനസ്സിലാക്കാൻ… നീയെന്തൊക്കെ പറഞ്ഞാലും ഇവളെ ഞാൻ സ്വന്തമാക്കും… നീ എന്റെ വെറും കൂട്ടുകാരനാ, അല്ലാതെ എന്റെ ജീവിതത്തിൽ കേറി കളിക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…”
അപ്പു ചന്തുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു
“വിഡ്രാ… നീയെന്താ പറഞ്ഞേ ഞാൻ നിനക്ക് വെറും കൂട്ടുകാരൻ മാത്രമാണെന്നോ… എന്നാ നീയും അറിഞ്ഞോ… ഇവളെ നീ കെട്ടില്ല… കെട്ടാൻ ഞാൻ സമ്മതിക്കില്ല… നിനക്ക് ഞാൻ വെറും കൂട്ടുകാരനാണല്ലേ…?, പക്ഷേ നീയെനിക്കങ്ങനല്ല… ഓർമവച്ച കാലം മുതൽ നിന്റെ കൂടെ നടക്കുന്നതാ… എന്റെ മനസ്സിൽ നീയെനിക്ക് ഞാൻ തന്നെയാ, നിനക്ക് നൊന്താൽ എനിക്കും നോവും… നീ നിന്റെ മനസാക്ഷിയെ വഞ്ചിക്കുകയാണിപ്പോ… നിനക്ക് നെഞ്ചിൽ കൈവച്ചു പറയാൻ പറ്റോ നിന്റെ മനസ്സിൽ ഇവളാണെന്ന്… ഇല്ല… ഒരിക്കലും പറ്റില്ല… കാരണം നിന്റെ മനസ്സിൽ ഒരേ ഒരു പെണ്ണേ ഉള്ളു, അവൾക്കേ നിന്റെ ജീവിതത്തിൽ ഇടമുള്ളു അത് ആരാണെന്ന് എനിക്കറിയാം, നിന്റെ കണ്ണിവൾ കെട്ടിയേക്കുവാ അതുകൊണ്ട് നല്ലതും ചീത്തയും നിനക്ക് തിരിച്ചറിയാൻ പറ്റില്ല, പക്ഷേ ഇവളെ കെട്ടാൻ ഞാൻ സമ്മതിക്കില്ല ഇതെന്റൊരു വാശിയായി കൂട്ടിക്കോ…”
അപ്പുവിന്റെ കൈ പിടിച്ച് മാറ്റിയിട്ട് പറയുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങിയിരുന്നു
എല്ലാം കണ്ട് ഹൃദയം തകർന്ന് നിൽക്കുന്ന നിളയുടെ കയ്യിൽ പിടിച്ചുകൊണ്ടു ചന്തു പുറത്തേക്ക് പോയി, ഒരു പാവയെപ്പോലെ നിള ചന്തുവിന്റെ പിന്നാലെ നടന്നു, ഒരു നിമിഷത്തെ അവിവേകത്താൽ ചെയ്തുപോയത് അപ്പുവിന്റെ മനസിലും ഉണ്ടായിരുന്നു, അവനും വല്ലാത്ത ഭാവത്തോടെ അവരെ നോക്കി നിന്നു,
🪶
ക്ഷേത്രത്തിനു മുന്നിൽനിന്നും കിട്ടിയ ഓട്ടോയിൽ ഇരിക്കുമ്പോഴും നിളയുടെ മനസ്സിൽ കുറച്ച് മുൻപ് നടന്നതെല്ലാം ഒരു സ്വപ്നം പോലെ തെളിയുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ എത്ര തടഞ്ഞിട്ടും ഒഴികിയിറങ്ങി, ചന്തുവും മറ്റെന്തോ ചിന്തിച്ച് സീറ്റിൽ ചാരി കിടന്നു
വീട്ടുപടിക്കൽ എത്തിയിട്ടും ഇറങ്ങാതെ എന്തോ ആലോചിച്ച് ഇരിക്കുന്ന നിളയെ ചന്തു തട്ടി വിളിച്ചു, ഒന്ന് ഞെട്ടി നിള ചുറ്റും നോക്കി പിന്നെ പതിയെ പുറത്തിറങ്ങി, ചന്തു ഓട്ടോക്കാരന് കാശ് കൊടുത്ത് നോക്കുമ്പോൾ, ഒരു യന്ത്രത്തെപ്പോലെ വീടിനടുത്തേക്ക് നടക്കുന്ന നിളയെ ആണ് കാണുന്നത്, ചന്തുവിന് വല്ലാത്ത സങ്കടം തോന്നി,
“നീളേച്ചി…”
അവൻ വിളിക്കുന്ന കേട്ട് നിള ഒരുനിമിഷം നിന്നു, ചന്തു ഓടി അവളുടെ അടുത്തെത്തി,
“നീളേച്ചി… ഇതൊന്നും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കരുത്… എല്ലാം ശരിയാകും, ഇല്ലേ നമ്മള് ശരിയാക്കും, അപ്പുവിപ്പോ ആ രാക്ഷസ്സിയുടെ വലയത്തിലാണ്, അവൻ എല്ലാം മനസിലാക്കും അന്ന് അവൻ നമുക്കരികിലേക്ക് വരും നോക്കിക്കോ… നിന്റെ സ്നേഹം സത്യമാണെന്ന് എനിക്കും നിനക്കും ഉറപ്പുണ്ട്, അതുപോലെ അവന്റെയുള്ളിലും നീയുണ്ട് അത് നൂറ് ശതമാനം ഉറപ്പാണ്, എല്ലാം കാലം തെളിയിക്കും, അത്കൊണ്ട് അവനെ നിനക്ക് തിരിച്ചുകിട്ടും നോക്കിക്കോ…”
ചന്തു അവളോട് പറഞ്ഞു, അതിന് മറുപടിയായി അവൾ വിളറിയ ഒരു ചിരി സമ്മാനിച്ചു മുന്നോട്ട് നടന്നു
“നീളേച്ചി…”
ചന്തു ഒരു വേവലാതി വാക്കിൽ നിറച്ചു അവളെ വിളിച്ചു
“നീ പേടിക്കണ്ട ചന്തു, ഞാൻ അവിവേകമൊന്നും കാണിക്കില്ല, അങ്ങനെ ചെയ്താൽ എന്റെ മാഷിന് ആരുമില്ലാതാകും… എനിക്കറിയാം, പക്ഷേ ചങ്കിൽ ഒരു വാള് കുത്തിക്കയറിയ വേദനയുണ്ട്, അത് മാറ്റി തരാൻ കണ്ണനോട് ഞാനപേക്ഷിക്കാം… നീ പൊയ്ക്കോ…”
അവളൊന്ന് വിതുമ്പിക്കൊണ്ട് പറഞ്ഞു, എന്നിട്ടും അവളെത്തന്നെ നോക്കി നിൽക്കുന്ന ചന്തുവിനെക്കണ്ട് അവൾ അവനെ നോക്കി
“പൊയ്ക്കോടാ… നീ പേടിക്കണ്ട… പിന്നേ… ഇതൊന്നും മാഷ് അറിയണ്ട കേട്ടോ…”
അവൾ പറഞ്ഞിട്ട് വീടിനുള്ളിലേക്ക് നടന്നു
ചന്തു ഒരു ദീർഘനിശ്വാസം വിട്ട് പുറത്തേക്കും
🪶
നന്ദനയുമായി തിരികെ വരുമ്പോൾ അപ്പുവിന്റെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു, തന്നോട് ഏറ്റവും അടുപ്പമുള്ളവൻ, തന്റെ കൂട്ടുകാരൻ അല്ല… തന്റെ സഹോദരൻ തനിക്ക് വേണ്ടി ജീവൻ പോലും കളയാൻ മടിക്കാത്തവൻ… അവനെയാണ് താനിന്ന് അത്രേം ആളുകളുടെ മുന്നിൽ വച്ച് തല്ലിയത്, ഏതോ ഒരു നിമിഷത്തിൽ കാര്യങ്ങൾ കൈ വിട്ടുപോയി, നിളേച്ചിപോലും തന്നെ വെറുത്തുപോയിരിക്കാം, അവൻ ആലോചിച്ചു, ഇപ്പൊ തനിക്ക് ആരുമില്ല, താൻ തനിച്ചാണ്, ഏതോ കൊടുംകാട്ടിൽ തനിച്ചായവനെപ്പോലെ തോന്നുന്നു, അവന്റെ കണ്ണ് നിറഞ്ഞിരുന്നു നന്ദനയുടെ വീടിനു മുന്നിൽ കാറ് നിർത്തി, നന്ദന അപ്പോഴും സന്തോഷത്തോടെ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു,
“വാ അനന്തു കയറിയിട്ട് പോകാം…”
അവൾ അവനെ വിളിച്ചു
“വേണ്ട പിന്നൊരിക്കലാകട്ടെ…”
അവൻ ഗൗരവത്തിൽ പറഞ്ഞു.
“എന്റെ ബർത്തഡേ ഗിഫ്റ്റ് വേണ്ടേ…? അച്ഛനിവിടില്ല നമുക്കൊന്ന് എൻജോയ് ചെയ്യാം…”
അവൾ വല്ലാത്ത ഭാവത്തിൽ പറഞ്ഞുകൊണ്ട് അവന്റെ തുടയിൽ പതിയെ തഴുകി, പെട്ടെന്ന് അപ്പു അവളുടെ കൈ തട്ടിമാറ്റി,
“നന്ദനക്കെന്താ കാര്യം പറഞ്ഞാൽ മനസ്സിലാകില്ലേ…. പറഞ്ഞല്ലോ പിന്നീടാകട്ടെയെന്ന്…”
അവൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു
“ഓക്കേ.. ഓക്കേ.. കൂൾ..”
നന്ദന കാറിൽ നിന്നിറങ്ങി അവനടുത്തെത്തുമ്പോഴേക്കും അപ്പു കാറ് മുന്നോട്ടെടുത്തിരുന്നു,
നന്ദന ഒരു നിമിഷം അത് നോക്കി നിന്നിട്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി
🪶
നിള ഉമ്മറത്തേക്ക് കയറുമ്പോൾ മാഷ് പത്രം വായിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു,
“ആഹാ… എത്തിയോ…? അപ്പു എവിടെ…? കയറിയില്ലേ അവൻ…?”
മാഷ് അവളോട് ചോദിച്ചു
“ഇല്ല എന്തോ തിരക്കുണ്ടെന്ന്…”
അവൾ പറഞ്ഞു
“എന്താ വാവേ, നിന്റെ മുഖം വല്ലാതിരിക്കുന്നത്…?”
“ഏ.. യ്… ഒന്നു… ഒന്നൂല്ല മാഷേ, വല്ലാത്ത തലവേദന… അതാകും, ഞാനൊന്ന് കിടക്കട്ടെ….”
അവൾ ശബ്ദത്തിൽ പതർച്ച വരാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു,
മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്ത് അവൾ ഓടി ബാത്‌റൂമിൽ കയറി വാതിലടച്ച് ഇത് വരെ പിടിച്ച് നിർത്തിയതെല്ലാം അണ പൊട്ടിച്ചു പുറത്തേക്കൊഴുക്കി, അവൾ അലറികരഞ്ഞു, പിന്നീട് ഷവർ ഓണാക്കി അതേ വേഷത്തിൽ അതിന് മുന്നിലായി നിന്നു, ഷവറിൽ നിന്നുള്ള വെള്ളത്തിന്റെ കൂടെ അവളുടെ കണ്ണീരും അലിഞ്ഞില്ലാതായി, എത്രനേരം ഷവറിന്റെ ചുവട്ടിൽ നിന്നെന്നറിയില്ല അവൾ പതിയെ ഊർന്ന് ബാത്‌റൂമിന്റെ നനഞ്ഞ തറയിൽ ചുരുണ്ടുകൂടി ഇരുന്നു, അപ്പോഴും അവളുടെ ഹൃദയം അതിന്റെ താളം കണ്ടെത്തിയിരുന്നില്ല,
🪶
അന്ന് നിള സ്കൂളിലേക്ക് വിളിച്ച് ലീവ് പറഞ്ഞിരുന്നു, അന്നത്തെ ദിവസം മിക്ക സമയവും അവൾ മുറിയിൽ തന്നെ അടിച്ചിരുന്നു, ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും, വിശപ്പില്ല എന്ന് പറഞ്ഞ് ഒന്നും കഴിച്ചിരുന്നില്ല, പിറ്റേന്ന് രാവിലെ ആയപ്പോൾ നിളയ്ക്ക് നന്നായി പനിക്കുന്നുണ്ടായിരുന്നു, മാഷ് അവളെ ആശുപത്രിയിൽ പോകാൻ വിളിച്ചെങ്കിലും അവളതിന് കൂട്ടാക്കിയില്ല, രണ്ട് ദിവസം നല്ല പനിയായിരുന്നു, പിന്നീട് മാഷിന്റെയും ചന്തുവിന്റെയും നിർബന്ധത്തിന് വഴങ്ങി അവൾ ആശുപത്രിയിൽ പോയി,
മറ്റു രണ്ടുപേരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു, അപ്പുവിന് ഒന്നിനോടും ഒരു താല്പര്യവും തോന്നിയില്ല, ഓഫീസ് കാര്യങ്ങൾ മാത്രം നോക്കിയിട്ട് ബാക്കി സമയം ഓരോന്നാലോചിച്ച് കഴിച്ചുകൂട്ടി, നന്ദനയുടെ ഫോൺ കാൾ പോലും ഒന്നോ രണ്ടോ വാചകത്തിൽ അവസാനിപ്പിച്ചു, ഓഫീസിലെ കാര്യങ്ങൾ തന്റെ മാനേജരെ ഏൽപ്പിച്ചു, നല്ല ആത്മാർത്ഥതയുള്ള എന്ത് കാര്യവും വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റുന്ന ഒരു പെൺകുട്ടിയാണ് അപ്പുവിന്റെ മാനേജർ നാൻസി… പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയാണ് പക്ഷേ നല്ല പക്വതയും ആത്മാർത്ഥതയുമാണ് അവൾക്ക്, അതുകൊണ്ട് ഓഫീസ് കാര്യങ്ങളിൽ അവന് ടെൻഷൻ ഇല്ല,
ശോഭ ക്ഷേത്രത്തിൽ വച്ച് അപ്പുവും ചന്തുവും വഴക്കുണ്ടാക്കിയത് അറിഞ്ഞിരുന്നു, അതുകൊണ്ടാണ് അപ്പു ഇങ്ങനെ ചടഞ്ഞുകൂടിയിരിക്കുന്നതെന്ന് കരുതി,
ചന്തുവും ഈ രണ്ടു ദിവസം യാന്ത്രികമായി കഴിച്ചുകൂട്ടി, രാവിലെ വർക്ഷോപ്പിൽ പോകും തിരികെ വീട്ടിലേക്ക്, ഒരു ദിവസം നിളയെ കാണാൻ പോയപ്പോഴാണ് അവൾക്ക് നല്ല പനിയാണെന്ന് അറിഞ്ഞത്, അന്ന് അവളെ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോയി,
നിളയുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു, കവിത നിളയെ വിളിച്ച് കിട്ടാത്തതിനാൽ അന്ന് സ്കൂൾ കഴിഞ്ഞ് കവിത നിളയുടെ വീട്ടിലെത്തി,
“ആ ആരിത്, കവിത മോളോ…? വാ കേറിവാ…”
ഉമ്മറത്തുണ്ടായിരുന്ന മാഷ് പുഞ്ചിരിയോടെ അവളെ ഉള്ളിലേക്ക് ക്ഷണിച്ചു,
അവൾ പുഞ്ചിരിയോടെ അകത്തേക്ക് വന്നു
“നിളയെ കണ്ടില്ലല്ലോ, രണ്ട് ദിവസായി…”
അവൾ മാഷിനോട് ചോദിച്ചു
“അവൾക്ക് രണ്ട് ദിവസായി പനിയായിരുന്നു… മോള് മുറിയിലേക്ക് ചെല്ല് അവളവിടുണ്ട്…”
മാഷ് പറഞ്ഞതുകേട്ട് കവിത അകത്തേക്ക് നടന്നു
കവിത ചെല്ലുമ്പോൾ നിള കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു
കവിത വന്നത് അവൾ അറിഞ്ഞിരുന്നില്ല,
“നിളാ നദിയ്ക്കെന്താ പനി പിടിച്ചോ…?”
ചോദിച്ചുകൊണ്ട് കവിത നിളക്കരികിലേക്ക് ചെന്നു,
നിള ഞെട്ടിതിരിഞ്ഞു കവിതയെ നോക്കി, അവളുടെ കണ്ണുകൾ നിറഞ്ഞു, പെട്ടെന്ന് കവിതയെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞുപോയി,
ഒരു നിമിഷം കവിതയും അമ്പരന്നു പോയിരുന്നു
“എന്താടി…? എന്താ മോളെ…? എന്തിനാ കരയുന്നെ…?”
കവിത പരിഭ്രമത്തോടെ ചോദിച്ചു
അതിന് മറുപടി പറയാതെ നിളയുടെ ഏങ്ങൽ ഒന്ന്കൂടെ കൂടി, കവിത പിന്നൊന്നും ചോദിക്കാതെ അവളെ തന്റെ തോളിലേക്കമർത്തി പുറത്ത് പതിയെ തഴുകി, നിളയ്ക്കും തന്റെ വേദന കുറയ്ക്കുവാനും ഒരു ചുമൽ താങ്ങി പൊട്ടിക്കരയാനും കവിതയുടെ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു,
“എന്താടി…? എന്താ നിന്റെ പ്രശ്നം…? എന്തിനാ നീ കരഞ്ഞേ…? എന്നോട് പറയാവുന്നതാണേൽ പറ… നിനക്കും അതൊരാശ്വാസമായിരിക്കും…”
കവിത അവളുടെ മുഖം കയ്യിലെടുത്ത് പറഞ്ഞു
കുറച്ചുനേരം നിള മൗനമായിരുന്നെങ്കിലും വിതുമ്പലോടെ അവൾ കാര്യങ്ങളെല്ലാം കവിതയോട് പറഞ്ഞു,
നിളയ്ക്ക് അപ്പുവിനോടുള്ള പ്രണയം പഠിക്കുന്ന കാലം മുതലേ അറിയാവുന്നതുകൊണ്ടും, അതിന്റെ ആഴവും പരപ്പും എത്രത്തോളമുണ്ടെന്ന് അറിയാവുന്നതിനാലും നിള എന്ത് മാത്രം സങ്കടപ്പെടുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി, അവൾ കുറച്ചുനേരം ഒന്നും മിണ്ടാതിരുന്നു,
“നീ വിഷമിച്ചിട്ടെന്താ…? അവന് ഭാഗ്യമില്ലാതായിപ്പോയി, ഞാനിപ്പോഴും പറയുന്നു അവന് നിന്നേ കിട്ടാനുള്ള ഭാഗ്യം ഇല്ലാതെ പോയി, നിന്നെപ്പോലെ അവനെ സ്നേഹിക്കുന്ന ഒരാൾ ഈ ഭൂമിയിലെ ഇല്ല… നീ പറയാറില്ലേ നിന്റെ സ്നേഹം സത്യമാണെങ്കിൽ എന്നെങ്കിലും നീ പറയാതെ തന്നെ അവനതറിയും… നോക്കിക്കോ…”
കവിത അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
“ഇല്ല കവിതേ… എനിക്കിപ്പോ ഒരു പ്രതീക്ഷയുമില്ല, എല്ലാം എന്റെ തെറ്റാണ്, അർഹിക്കാത്തത് ആഗ്രഹിച്ചത് ഞാനാണ്, സഹോദരനെപോലെ കാണേണ്ടവനെ എന്റെ പാതിയായി കണ്ടു, ആ തെറ്റ് അവനായിട്ട് തിരുത്തി…”
നിള പൊട്ടികരഞ്ഞുപോയി, കവിത അവളെ എങ്ങിനെ അശ്വസിപ്പിക്കും എന്നറിയാതെ ഇരുന്നു, കുറച്ച് കഴിഞ്ഞ് നിളയുടെ കരച്ചിൽ അടങ്ങി,
“നീ പോയി ആ മുഖമൊക്കെ കഴുകി വൃത്തിയായി വാ, ഇപ്പൊ തന്നെ വല്ലാത്ത കോലത്തിലായി…”
കവിത അവളെ ബാത്‌റൂമിലേക്ക് പറഞ്ഞയച്ചു, അപ്പോഴാണ് മേശയുടെ പുറത്ത് നിവർത്തി വച്ചിരുന്ന നിളയുടെ ഡയറി കവിത കാണുന്നത്, അവൾ ഡയറി എടുത്ത് നോക്കി,
നിന്നോടുള്ള പ്രണയം എന്റെ ഹൃദയത്തെ ചുറ്റി വരിയുന്നുണ്ട്…
ആ വേദന സഹിക്കാതെ ഹൃദയം അലറി വിളിക്കുന്നുണ്ട്…
അത് കണ്ട കണ്ണുകൾ തോരാതെ പെയ്യുന്നുണ്ട്…
സഹിക്കാതെ വിരലുകൾ അവയെ സാന്ത്വനിപ്പിക്കുന്നുണ്ട്…
കവിത അത് കണ്ട് ഒന്ന് നെടുവീർപ്പെട്ടു, അവൾ അടുത്ത പേജ് മറിച്ചു
നിളയുടെ വേദന എത്രത്തോളമാണെന്നറിയാൻ…
നീ നിളയായി ജനിക്കണം നിള നീയായും…(കടപ്പാട്)
അപ്പോഴേക്കും നിള ഫ്രഷായി ഇറങ്ങി വന്നു, കവിത ആ പുസ്തകം അടച്ചുവച്ചു
പനിയുടെ ക്ഷീണവും കരഞ്ഞതുകൊണ്ടും അവളുടെ മുഖം വീർത്തിരുന്നു, മൂക്കിൻതുമ്പ് ചുവന്നിരുന്നു, കവിത അവളെ സങ്കടത്തോടെ നോക്കി, പിന്നെന്തെക്കെയോ അവളെ ഓക്കേ ആക്കാനായി വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു, കവിതയുടെ സാമീപ്യം അവൾക്കും ഒരാശ്വാസമായിരുന്നു,
“ഡീ.. നമ്മുടെ ലക്ഷ്മിടീച്ചർക്ക് പകരം പുതിയ ആള് വന്നു, നീയൊന്ന് കാണണം ഒരു ചുള്ളൻ സാറ്, അഭിറാം എന്നാണ് പേര്, വന്നപ്പോൾ തന്നെ എല്ലാരും അയാളുടെ ഫാനായി, ഈ ഞാൻപോലും… ഇപ്പൊ ഞാനെന്റെ ചേട്ടനെ ഡിവോഴ്സ് ചെയ്ത് അഭിസാറിനെ വളച്ചാലോ എന്നാണ് ആലോചിക്കുന്നത്…”
കവിത ചിരിയോടെ പറഞ്ഞു, നിളയും പതിയെ ചിരിച്ചു
“അല്ലെങ്കി നീ വേണേ നോക്കിക്കോ, നെനക്ക് പറ്റിയ കൂട്ടാ… സാഹിത്യം…”
അവൾ പറഞ്ഞു, നിളയവളെ കൂർപ്പിച്ച് നോക്കി, അത് കണ്ട് കവിത പൊട്ടിച്ചിരിച്ചു
കുറച്ചുകഴിഞ്ഞ് കവിത പോകാനിറങ്ങി
“ദേ… കഴിഞ്ഞതാലോചിച്ചു കരഞ്ഞിരിക്കരുത്, നമ്മളാഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടണമെന്നില്ല, ഇതെല്ലാം ദൈവ നിശ്ചയമാണ്, അപ്പു നിനക്കുള്ളതാണെങ്കി അവനെ നിനക്ക് തന്നെ കിട്ടും അല്ല മറിച്ചാണെങ്കി അതാലോചിച്ചു ഇരിക്കരുത് പറഞ്ഞേക്കാം… പിന്നേ നാളെമുതൽ അങ്ങെത്തിയേക്കണം…”
കവിത ഉപദേശം പോലെ പറഞ്ഞിട്ട് പോയി,
നിളയ്ക്ക് അല്പം ആശ്വാസം തോന്നി, അവൾ പിന്നീട് പതിയെ പഴയ താളത്തിലേക്ക് തിരികെ വന്നു… എങ്കിലും അപ്പൂനെ ഓർക്കുമ്പോൾ ഹൃദയത്തിൽ നിന്നും രക്തം പൊടിഞ്ഞു,
അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ മാഷ് അവളെത്തന്നെ ശ്രദ്ധിച്ചു, ഭക്ഷണം കഴിക്കുമ്പോൾ പോലും വായടക്കാതെ വർത്തമാനം പറയുന്നവളാണ് ഇപ്പൊ ഒന്നും മിണ്ടാതെ ഭക്ഷണം കൊത്തിപ്പെറുക്കുന്നത്, മാഷ് ചിന്തിച്ചു, ഭക്ഷണം കഴിഞ്ഞ് അടുക്കളയൊതുക്കി നിള മുറിയിലേക്ക് പോകാൻ നിന്ന നിളയെ ഉമ്മറത്തിരുന്ന മാഷ് അടുത്തേക്ക് വിളിച്ചു, അവൾ മാഷിടുത്തായി ഉമ്മറപ്പടിയിൽ ഇരുന്നു, മാഷ് അവളെ ഒന്ന് നോക്കി പിന്നേ പതിയെ സംസാരിച്ചു തുടങ്ങി,
“ന്റെ വാവേടെ മനസ്സിൽ എന്താണ് എന്ന് മാഷ് ചോദിക്കുന്നില്ല, പറയേണ്ടതായിയുന്നെങ്കി മോളെപ്പോഴേ മാഷിനോട് പറഞ്ഞേനെ, നിനക്ക് മൂന്ന് വയസ്സുള്ളപ്പോഴാ നിന്റമ്മ നമ്മളെ വിട്ടുപോയത്, എല്ലാരും പറഞ്ഞു, ഉള്ളത് ഒരു പെൺകുട്ടിയാണ് എന്നെക്കൊണ്ട് ഒറ്റയ്ക്ക് നോക്കാൻ പാടാണ്, അതുകൊണ്ട് നിനക്ക് വേണ്ടിയെങ്കിലും ഒരു കല്യാണം കഴിക്കാൻ, എന്നിട്ടും ഒരു വാശിയോടെ ഞാൻ നിന്നെ വളർത്തി, ഒരുപാട് ബുദ്ധിമുട്ടി നിന്റെ വളർച്ചയുടെ പല ഘട്ടങ്ങളിലും, അവിടെയെല്ലാം അസാധാരണമായ പക്വത നീ കാണിച്ചു, എന്റെ മോളെ ഞാൻ വളർത്തിയത് നല്ല രീതിയിൽ തന്നെയാണ് അതിലെനിക്ക് ഒരു സംശയവുമില്ല, പക്ഷേ ഈ മൂന്ന് ദിവസങ്ങൾക്കൊണ്ട് ന്റെ വാവക്കെന്തോ മാറ്റങ്ങൾ വന്നപോലെ മാഷിന് തോന്നുന്നു, അതെന്താണെന്ന് ഞാൻ ചോദിക്കുന്നില്ല, അതെന്തായാലും നല്ല രീതിയിൽ പരിഹരിച്ച് നാളെമുതൽ നീയെന്റെ പഴയ ചുണക്കുട്ടിയാവണം, അല്ല മോൾക്ക് ഒറ്റയ്ക്ക് പരിഹരിക്കാനാവാത്ത കാര്യമാണെങ്കിൽ മാഷിനോട് പറയണം, എന്ത് പ്രശ്നമായാലും ഞാനുണ്ടാകും ന്റെ വാവയുടെ കൂടെ…”
മാഷ് അവളെ നോക്കി പറഞ്ഞു
നിള ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു,
“എന്നാ മോള് പോയി ഒറങ്ങിക്കോ… നാളെ സ്കൂളിൽ പോകേണ്ടതല്ലേ….”
മാഷ് അവളോട് പറഞ്ഞു
അവൾ പതിയെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
🪶
രാവേറെ ചെന്നിട്ടും നിള ഉറക്കം വരാതെ കിടന്നു, ഓർക്കുമ്പോൾ അവൾക്ക് നെഞ്ച് പൊട്ടുമ്പോലെ തോന്നി, അപ്പുവിനോട് അവർക്കുള്ള പ്രണയം അവളുടെ നെഞ്ചിൽ അത്രയ്ക്ക് വേരോടിയിരിന്നുവെന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്,
‘ഇല്ല… മാറണം… മറക്കണം… തന്റെ പ്രണയത്തെ തന്റെ നെഞ്ചിൽത്തന്നെ കുഴികുത്തി മൂടണം, അല്ലെങ്കിൽ തന്നെ ചുറ്റി നിൽക്കുന്ന എല്ലാവർക്കും അതൊരു വേദനയായിരിക്കും, മാഷിനും ശോഭമ്മയ്ക്കും എല്ലാവർക്കും…’
ഉറച്ച തീരുമാനത്തോടെ എപ്പോഴോ നിള നിദ്ര പൂകി,
🪶
അപ്പുവും ഉറങ്ങാതെ കിടക്കുകയായിരുന്നു, ഒരു ദിവസം ആരെയും വിളിക്കാതെയും കാണാതെയും കടന്നുപോയി, പക്ഷേ തന്നെക്കൊണ്ട് കഴിയുന്നില്ല, നിളേച്ചിയും ചന്തുവും അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, എല്ലാ പിണക്കവും മാറ്റാൻ അവൻ രണ്ടുപേരെയും രാവിലെമുതൽ വിളിക്കുന്നു രണ്ടുപേരും ഫോൺ എടുത്തില്ല, നേരിട്ട് കാണാൻ മനസ്സനുവദിക്കാത്ത പോലെ, ഇനിയും അവർ ഏതെങ്കിലും പറഞ്ഞാൽ തനിക്കത് താങ്ങാൻ കഴിയില്ല എന്നപോലെ, രാത്രി ഭക്ഷണം കഴിക്കുമ്പോളാണ് അമ്മ പറഞ്ഞത് നിളേച്ചിയുടെ പനിയുടെ കാര്യം, ആ സമയം തന്റെ നെഞ്ചോന്ന് പിടച്ചു, അല്ലെങ്കിലും അവൾക്ക് എന്തെങ്കിലും അസുഖമോ മറ്റൊ വന്നാൽ തന്റെ നെഞ്ച് പിടയും, അവളെ കഴിഞ്ഞേയുള്ളൂ ലോകത്ത് തനിക്കാരും, അവൻ വെറുതെ താൻ ജീവനെപ്പോലെ കൊണ്ട് നടക്കുന്ന ബ്രൗൺ പുറംച്ചട്ടയുള്ള ഡയറിയിലേക്ക് നോക്കി, അവന്റെ നെഞ്ചിൽ മഞ്ഞു വീണ സുഖം തോന്നി… അസുഖമാണെന്നറിഞ്ഞിട്ട് അവളെ വിളിച്ചു നോക്കി, ഫോൺ സ്വിച്ഓഫ്… നാളെത്തന്നെ ചെന്ന് രണ്ടുപേരുടെയും പിണക്കം മാറ്റണം… അവൻ ചിന്തിച്ചുകൊണ്ട് ഉറങ്ങാൻ കിടന്നു…
🪶
എപ്പോഴത്തെയും പോലെ അതിരാവിലെതന്നെ നിള എഴുന്നേറ്റ് ഫ്രഷായി അടുക്കളയിൽ കയറി ചായ ഇട്ട് മാഷിന് കൊടുത്തു, ഉമ്മറത്ത് ന്യൂസ്‌പേപ്പറുമായിരുന്ന മാഷ് അവളുടെ പ്രസന്നമായ മുഖം കണ്ട് ആശ്വസിച്ചു,
പ്രാതൽ ഉണ്ടാക്കി കഴിക്കാൻ ഇരിക്കുമ്പോഴാണ്, അപ്പുവിന്റെ കാർ മുറ്റത്ത് വന്ന് നിന്നത്, കാറിൽ നിന്നിറങ്ങി അപ്പു അകത്തേക്ക് വന്നു, അവനെക്കണ്ട നിള ഒരു നിമിഷം ഉള്ളിൽ പൊട്ടിയ വേദന തിരിച്ചറിഞ്ഞു, അവൾക്ക് അവനെ നോക്കാൻ പോലും കഴിഞ്ഞില്ല, ആ മുഖത്ത് നോക്കിയാൽ താൻ പൂട്ടിവച്ചിരിക്കുന്ന വികാരങ്ങൾ ശക്തിയായി പുറംതള്ളും എന്നവൾക്ക് അറിയാമായിരുന്നു,
“അപ്പു… വാടോ… ഭക്ഷണം കഴിക്കാം…”
മാഷിന്റെ സന്തോഷത്തോടെയുള്ള ശബ്ദം കേട്ടാണ്, നിള ചിന്തയിൽ നിന്നുണർന്നത്, അപ്പു ചിരിച്ചുകൊണ്ട് നിളയെതന്നെ നോക്കി ഡെയിനിങ് ചെയർ വലിച്ച് ഇരുന്നു, നിള അവനെ നോക്കാതെ അവനും മാഷിനും ഭക്ഷണം വിളമ്പി, അവളുടെ ഓരോ ഭാവങ്ങളും സാകൂതം വിക്ഷിച്ചുകൊണ്ട് അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി, അവളുടെ അവഗണന അവനെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടായിരുന്നു, ഭക്ഷണം അവന്റെ തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു, കഴിച്ചു കഴിയും വരെ നിള അവനരികിലേക്ക് വന്നിരുന്നില്ല,
സ്കൂളിലേക്ക് പോകാൻ ഒരുങ്ങി കണ്ണാടിയിൽ നോക്കുമ്പോഴാണ് വാതിൽക്കൽ അപ്പു വന്ന് നിൽക്കുന്നത് നിള കണ്ണാടിയിൽ കാണുന്നത്, അവൾ ഒരു നിമിഷം നിശബ്ദയായി, അപ്പു അകത്തേക്ക് കയറി വന്നു
“നിളേച്ചി…”
അവൻ പതിയെ വിളിച്ചു
അവൾ അവന് നേരെ തിരിഞ്ഞു, അവന്റെ കണ്ണിലെ നീർതിളക്കം അവളുടെ നെഞ്ചിലൊരു വേദനതീർത്തു,
“എന്താടാ… എന്താ അപ്പൂട്ടാ കരയുന്നെ…?”
അവൾ വെപ്രാളത്തോടെ അവനരികിൽ വന്ന് അവനെ ചേർന്ന് നിന്ന് ചോദിച്ചു
അപ്പു ഒന്നും മിണ്ടാതെ കണ്ണ് അമർത്തി തുടച്ചു,
“എന്നെ എല്ലാരും ഒറ്റപ്പെടുത്തുകയാണല്ലേ…? നീയും ചന്തുവും കാണിക്കുന്ന അകൽച്ച എന്റെ ചങ്ക് പറിച്ചെടുക്കുന്ന വേദനയാണ്… തെറ്റ് എന്റെ ഭാഗത്താണ്… ഒരേ ആത്മാവ് പോലെ നടക്കുന്ന എന്റെ ചന്തുവിനെ ഞാൻ തല്ലാൻ പാടില്ലായിരുന്നു, എല്ലാം എന്റെ തെറ്റാണ്… ഈ കഴിഞ്ഞ രണ്ട് ദിവസം ഞാനെങ്ങനാ തള്ളിനീക്കിയതെന്ന് എനിക്കറിയില്ല… ഞാനവന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞോളാം, എന്നോട് പിണങ്ങല്ലേ നിളേച്ചി…”
അവനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് പറഞ്ഞു
അവൾക്കും വല്ലാത്ത വേദന തോന്നി, തന്റെ പ്രാണന്റെ കണ്ണിലെ വേദന അവളിലേക്കും പകർന്നു, അവളെല്ലാം ഒരു നിമിഷം വിസ്മരിച്ചു, ഇപ്പോൾ അവളുടെ മുന്നിൽ ചിണുങ്ങിക്കരയുന്ന അവളുടെ കുഞ്ഞ് കളിക്കൂട്ടുകാരൻ മാത്രമായി അവൻ, അവളുടെ മനസ്സിൽ അവനോട് പ്രണയത്തേക്കാളേറെ വാത്സല്യം നിറഞ്ഞു വന്നു, അവളുടെ കണ്ണിലും ഒരുറവ പിറവിയെടുത്തു, അവൾ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു
“അയ്യേ… എന്താടാ ഇത്…? കരയുന്നോ…? നിന്നെ ഒറ്റപ്പെടുത്താൻ എനിക്ക് കഴിയോ…? എന്റെ പ്രാണനല്ലേ നീ…? ചന്തുവിന്റെ പിണക്കമൊക്കെ മാറും… നീയവനോട് സംസാരിച്ചാൽ മാത്രം മതി… ചെല്ല് പോയി മുഖം കഴുകി വാ…”
നിള അവനെ ബാത്‌റൂമിലേക്ക് പറഞ്ഞുവിട്ടു
അവനെക്കണ്ട നിളയുടെ ഉള്ളിൽ പ്രണയത്തിന്റെ ഉറവ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു, എങ്കിലും അവളത് ഒളിപ്പിക്കാൻ വൃതാ ശ്രമിക്കുന്നുണ്ടായിരുന്നു, അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് തന്റെ വേദന പൊട്ടിക്കരഞ്ഞു തീർക്കാൻ അവൾ ഉള്ളാലെ മോഹിച്ചു,
“പാടില്ല… അപ്പൂട്ടൻ അവനിന്ന് മറ്റൊരാളുടേതാണ്… തന്നെ താൻ തന്നെ ഒളിപ്പിക്കേണ്ടിയിരിക്കുന്നു…”
അവൾ മനസ്സിൽപറഞ്ഞു, അപ്പോഴേക്കും അപ്പു ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നിരുന്നു, അവൾ അവനെ കണ്ണ് ചിമ്മാതെ നോക്കിനിന്നു,
“വാ നിളേച്ചി… ഞാൻ കൊണ്ടാക്കാം…”
അവൻ അവളുടെ അടുത്ത് വന്ന് പറഞ്ഞു, അവന്റെ വാക്കുകളാണ് അവളെ ബോധത്തിൽ നിന്നും ഉണർത്തിയത്,
“വേണ്ടടാ… എനിക്ക് കണ്ണനെ തൊഴണം… അത് കഴിഞ്ഞ് ഞാൻ പോയ്കോളാം…”
അവൾ പറഞ്ഞു
അപ്പുവിന്റെ മുഖം മങ്ങി, അത് ശ്രദ്ധിച്ച നിള പതിയെ പുഞ്ചിരിച്ചു
“അല്ലേ വാ… എന്നെയൊന്ന് അമ്പലത്തിലാക്കിത്താ…”
അവൾ പറഞ്ഞു
അത് കേട്ട് അപ്പു ഉത്സാഹത്തോടെ അവൾക്കൊപ്പം നടന്നു,
🪶
ക്ഷേത്രത്തിലേക്ക് അപ്പു വന്നില്ല, നിള കണ്ണന് മുന്നിൽ കണ്ണടച്ച് കൈകൂപ്പി നിന്നു,
“ന്റെ കണ്ണാ… അവനെ മറക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല, മറ്റൊരു തരത്തിൽ കാണാനും കഴിയുന്നില്ല, ഒരുപാട് മോഹിച്ചുപോയി കണ്ണാ ഞാനവനെ… എന്നാണോ എപ്പോഴാണോ എന്റെ മനസ്സിൽ കയറികൂടിയതെന്ന് എനിക്കറിയില്ല… അവന്റെ മുന്നിൽ പിടിച്ച് നിൽക്കാനുള്ള ശക്തി തരണേ കണ്ണാ…”
അവൾ രണ്ടുതുള്ളി കണ്ണീരിന്റെ ശക്തിയിൽ കണ്ണനോട് പറഞ്ഞു,
കണ്ണനോടുള്ള അവളുടെ പരിഭവം എന്നപോലെ ആ സമയം ക്ഷേത്രത്തിലെ ഉച്ചഭക്ഷിണിയിൽ നിന്നും മയിൽപീലിയിലെ ഗാനം ഒഴുകിവന്നു
“ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ…
പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ…”
അവൾ ഒരു നിമിഷം ആ ഗാനത്തിന്റെ വരികൾ ശ്രദ്ധിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,
പിന്നീട് പ്രസാദം വാങ്ങി തിരികെ നടന്നു
“കുട്ടി ഒന്ന് നിൽക്കൂ…”
പുറകിൽ നിന്നും ഒരു വിളി കേട്ട് നിള തിരിഞ്ഞു നിന്നു,
അവൾ നോക്കുമ്പോൾ അൻപത് വയസോളം പ്രായം വരുന്ന ഒരു സ്ത്രീ അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു
സെറ്റ് മുണ്ടാണ് വേഷം വെളുത്തിട്ട് അല്പം തടിച്ച പ്രകൃതം… നെറ്റിയിൽ ക്ഷേത്രത്തിലെ ചന്ദനക്കുറി നീളത്തിൽ വരച്ചിട്ടുണ്ട്, അവർ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു, നിളയും അവരെ നോക്കി പുഞ്ചിരിച്ചു
“എന്താ കുട്ടീടെ പേര്…?”
അവർ ചോദിച്ചു
“നിള..”
അവൾ പുഞ്ചിരിയോടെ പറഞ്ഞു
“എന്റെ പേര് മഹേശ്വരി…”
അവർ അവളെ കൗതുകത്തോടെ നോക്കികൊണ്ട് പറഞ്ഞു
“ഞാൻ ക്ഷേത്രത്തിനകത്തുവച്ച് കണ്ടാർന്നു…”
അവർ അവളുടെ നീണ്ട മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു
നിള പുഞ്ചിരിച്ചതേയുള്ളു
“ഞങ്ങൾ ഇവിടെ പുതുതായി താമസിക്കാൻ വന്നതാ… പോസ്‌റ്റോഫീസിനടുത്തുള്ള വീട്ടില്…”
അവർ അവളെക്കൂട്ടി നടന്നുകൊണ്ട് പറഞ്ഞു,
“മോള് നല്ല സുന്ദരികുട്ടിയാട്ടോ… മോളെ കണ്ടപ്പോ എന്തോ ഒരടുപ്പം തോന്നി അപ്പൊ എനിക്കൊന്ന് സംസാരിക്കണമെന്ന് തോന്നി, അതാ ഞാൻ വിളിച്ചത്…”
അവർ പറഞ്ഞുകൊണ്ട് അവളെയുംകൂട്ടി താഴേക്ക് നടന്നു, അതിനിടയിൽ അവർ എന്തെക്കെയോ പറഞ്ഞു, അതിനെല്ലാം പുഞ്ചിരിയോടെ നിള ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞു, പാർക്കിങ്ങിൽ എത്തുമ്പോ അവർ നല്ലൊരു സൗഹൃദം അവളിൽ ഉണ്ടാക്കിയെടുത്തു, താഴെ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് അവർ നടന്നു, കാറിനുള്ളിൽ നിന്നും കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു, അയാൾ അവളെ ഒരു നിമിഷം നോക്കിനിന്നു,
“ആ മോളെ… ഇതെന്റെ മൂത്ത മോനാ… അഭിക്കുട്ടൻ… അല്ല അഭിറാം…”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു, അവൾ അഭിറാമിനെ നോക്കി പുഞ്ചിരിച്ചു, അഭിറാം തിരിച്ചും…
“പോകാം അമ്മേ സമയം പോയി…”
അവൻ ധൃതികൂട്ടി,
“ഹ.. നിക്കടാ… എനിക്കീ മോളെ വല്യഷ്ടായി… മോള് സമയം കിട്ടുമ്പോ വീട്ടിലേക്ക് വരുട്ടോ…”
അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, അവൾ അതിന് പതിയെ തലയാട്ടി
അവർ രണ്ടുപേരും അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട് കാറിൽ കയറിപ്പോയി
അവൾ പതിയെ നടന്ന് അപ്പുവിന്റെ കാറിനടുത്തെത്തി, അപ്പു അവളെക്കാത്ത് കാറിൽ ഇരിക്കുന്നുണ്ടായിരുന്നു… അവൾ അകത്ത് കയറിയതും അവൻ അവൾ തനിക്ക് കുറി വരച്ചുതരുമെന്ന പ്രതീക്ഷയോടെ അവളെ നോക്കി, എന്നാൽ നിള ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണുണ്ടായത്, അവന്റെ നെഞ്ച് ഒന്ന് വിങ്ങി, പിന്നീട് അവൻ പതിയെ വണ്ടി മുന്നിലേക്കെടുത്തു,
അപ്പുവിന്റെ മുഖം മങ്ങിയത് നിള കണ്ടെങ്കിലും അവൾ കാണാത്ത ഭാവത്തിലിരുന്നു,
അപ്പു അവളെ സ്കൂളിന്റെ ഗേറ്റിൽ കൊണ്ട് വിട്ടു, നിള അവനെ നോക്കാതെ സ്കൂളിലേക്ക് കയറിപ്പോയി, ഒരു നിമിഷം അപ്പു വേദനയോടെ അവളെ നോക്കിയിട്ട് കാർ മുന്നിലേക്കെടുത്തു,
കാർ പോയതും നിള അത് പോയ വഴി ഒന്ന് തിരിഞ്ഞുനോക്കി, പിന്നീട് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് സ്കൂളിലേക്ക് നടന്നു
🪶
നിള സ്റ്റാഫ് റൂമിലേക്ക് ചെല്ലുമ്പോൾ കവിതയുണ്ടായിരുന്നു അവിടെ,
“ആ നിളക്കുട്ടി വന്നോ…? ഞാൻ വിചാരിച്ചു ഇങ്ങോട്ടിനി വരവുണ്ടാകില്ലെന്ന്…”
അവൾ കളിയായി പറഞ്ഞു
നിള ഒന്നും മിണ്ടാതെ പുഞ്ചിരിച്ചുകൊണ്ട് സീറ്റിലിരുന്നു,
കവിത അവളെത്തന്നെ നോക്കിയിരുന്നു, അവളുടെ മുഖത്തുണ്ടായിരുന്ന തിളക്കം നഷ്‍ടപെട്ടപോലെ തോന്നി കവിതയ്ക്ക്… കണ്ണുകളുടെ ജീവൻ നഷ്ടപ്പെട്ടപോലെ… അവൾക്ക് വല്ലാത്ത വിഷമം തോന്നി, അവൾ അപ്പുവിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടന്ന് കവിതയ്ക്ക് മനസ്സിലായി, അപ്പോഴേക്കും ഇംഗ്ലീഷ് ടീച്ചറായ സൗമ്യ അകത്തേക്ക് വന്ന് അവരെനോക്കി പുഞ്ചിരിച്ചു, നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ടെന്നു കണ്ടാൽ മനസ്സിലാകും
“ഇവരെന്താ ഒരുങ്ങിക്കെട്ടി വന്നേക്കുന്നത്…?”
നിള പതിയെ കവിതയോട് ചോദിച്ചു
“ആ… അതോ…? ഞാൻ പറഞ്ഞില്ലേ പുതിയ മാഷിന്റെ കാര്യം… പുള്ളിയെ ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള വേലകളാ…”
കവിത അവളോട് പറഞ്ഞു
നിള ഒരു പുസ്തകം തുറന്ന് അതിൽ നോക്കിയിരുന്നു…
ആരുടെയോ കാൽപെരുമാറ്റവും സൗമ്യടീച്ചറിന്റെ കൊഞ്ചിയുള്ള സംസാരവുമൊക്കെ കേട്ട് അവൾ മുഖമുയർത്തി, മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് നിള അത്ഭുതപ്പെട്ടു, രണ്ടുപേരും ഒരു നിമിഷം കണ്ണുകളിൽ നോക്കി നിന്നു
“അഭി.. റാം..”
നിള അത്ഭുതത്തോടെ പറഞ്ഞു
“ഹെലോ നിള…”
അയാളും അത്ഭുതത്തോടെ പറഞ്ഞു
“നിങ്ങൾ നേരത്തെ അറിയോ…?”
സൗമ്യടീച്ചറിന്റെ ചോദ്യംകേട്ട് നിള അങ്ങോട്ട് നോക്കി
“ഞങ്ങളിന്ന് രാവിലെ പരിചയപ്പെട്ടു…”
അഭിറാം ചിരിയോടെ പറഞ്ഞു
“രാവിലെയോ…?”
സൗമ്യ ടീച്ചർ മനസ്സിലാകാത്തപോലെ ചോദിച്ചു
അതിന് മറുപടിയായി അഭിമാഷ് രാവിലെത്തെ കാര്യങ്ങൾ പറഞ്ഞു
അപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു
അഭിമാഷിന്റെ സരസമായ സംസാരവും എന്തിനോടും പോസിറ്റീവ് ആയ സമീപനവുമെല്ലാം എല്ലാവർക്കും ഇഷ്ടമായിരുന്നു, സംസാരത്തിൽ തന്നെ നിളയുടെയും അഭിയുടെയും അഭിരുചികൾ ഏകദേശം ഒന്നാണ് എന്ന് നിളയ്ക്ക് തോന്നിയിരുന്നു,
കുറഞ്ഞ സമയം കൊണ്ട് തന്നെ രണ്ടുപേരും നന്നായി സംസാരിച്ചു, വളരെക്കുറച്ചു സമയംകൊണ്ട് തന്നെ നിളയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാൻ അഭിമാഷിന് കഴിഞ്ഞു, കവിത ഇതെല്ലാം ചെറിയ പുഞ്ചിരിയോടെ നോക്കിയിരുന്നു.
🪶
അപ്പു വർക്ഷോപ്പിലേക്ക് ചെല്ലുമ്പോൾ ചന്തു അവിടേക്ക് വന്നതേ ഉണ്ടായിരുന്നുള്ളു, അപ്പുവിന്റെ കാറ് കണ്ട് ചന്തു സംശയത്തോടെ ഒന്ന് നോക്കിയിട്ട്, മുഖം കടുപ്പിച്ച് തന്റെ ജോലികളിലേക്ക് തിരിഞ്ഞു, അപ്പു നടന്ന് അവനടുത്തെത്തി,
“ചന്തു…”
അവൻ വിളിച്ചു, ചന്തു പതിയെ മുഖമുയർത്തി അവനെ നോക്കി
“കാറിന് എന്തേലും പ്രശ്നമുണ്ടെങ്കിൽ പിള്ളേരോട് പറഞ്ഞാ മതി… ഞാനല്പം തിരക്കിലാ…”
അവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് പണിയിലേക്ക് തിരിഞ്ഞു,
“എനിക്ക് നിന്നോടൽപ്പം സംസാരിക്കാനുണ്ട്…”
അപ്പു അവനോട് പറഞ്ഞു
“എന്ത് കാര്യം… ഇന്നലത്തെന്റെ ബാക്കിയാണെങ്കി എനിക്ക് താല്പര്യമില്ല…”
ചന്തു പറഞ്ഞു
“ചന്തു പ്ലീസ്… ഒരഞ്ചുമിനിറ്റ്…”
ചന്തു അവനെയൊന്ന് നോക്കി അവന്റെ മുന്നിൽ നിന്നു,
അപ്പു ഒരു നിമിഷം വാക്കുകൾ കിട്ടാതെ നിന്നു, പിന്നീട് മുന്നിലെ ചായക്കട നോക്കി പറഞ്ഞുതുടങ്ങി
“ചന്തു… നിനക്കോർമ്മയുണ്ടോ മോഹനേട്ടന്റെ ചായക്കടയീന്നാ നമ്മള് പണ്ട് സ്കൂളിലേക്ക് പോകുമ്പോ പുളിമുട്ടായിയും നാരങ്ങ മുട്ടായിയുമൊക്കെ വാങ്ങുന്നത്… ഞാൻ വാങ്ങി ഒളിപ്പിച്ചു വയ്ക്കും… നിളേച്ചിക്ക് കൊടുക്കാൻ…”
അപ്പു അതോർത്തു ചിരിയോടെ പറഞ്ഞു,
“അച്ഛൻ മരിച്ചേപ്പിന്നെ കുറേക്കാലം വിശപ്പ് തീർത്ത് ഉണ്ടിട്ടില്ല ഞാൻ… ആരുമില്ലായിരുന്നു ഞങ്ങക്ക്… എന്റെ നിളേച്ചി അല്ലാതെ, അപ്പോഴും നീയോടി വീട്ടിലേക്ക് വരും… നിക്കറിന്റെ പോക്കെറ്റിൽ ഒളിപ്പിച്ച പലഹാരങ്ങളുമായിട്ട്… ഓർമ്മയുണ്ടോ നിനക്കതൊക്കെ…?”
അപ്പു എല്ലാം കേട്ട് ദൂരേക്ക് വിഷമത്തോടെ നോക്കിനിൽക്കുന്ന ചന്തുവിനോട് ചോദിച്ചു, അവൻ ഒന്നുമിണ്ടാതെ അപ്പുവിനെ നോക്കി
“അന്നും ഇന്നും ഇനി എന്നും എനിക്ക് നല്ലൊരു കൂട്ടുകാരനായി, എനിക്ക് വേണ്ടി എന്തും ചെയ്യുന്ന എന്റെ സഹോദരനായി… നീയും നിളേച്ചിം അല്ലാതെ എനിക്കാരാ ഉള്ളത്… നിങ്ങളൊക്കത്തന്നെയാ എന്റെ ലോകം… ആ നിന്നെയാ ഞാനന്ന് തല്ലിയത്… സോറിഡാ… അറിയാതെ പറ്റിപ്പോയതാ… ഞാൻപറയാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതും ചെയ്തുപോയി, നിനക്കെന്നോട് ക്ഷമിക്കാൻ പറ്റോ…?”
അവസാനം അപ്പുവിന്റെ വാക്കിടറിപ്പോയി
ചന്തുവിന് അവന്റെ നിൽപ്പും ഭാവവും കണ്ട് പാവം തോന്നി
“അതിന് പകരമായി നിനക്കെന്നെ ദേഷ്യം തീരുന്നവരെ തല്ലിക്കോ…”
അപ്പു അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു
ചന്തുവും വല്ലാത്ത ഒരവസ്ഥയിലായിരുന്നു… അവനും അപ്പുവിനെ ചേർത്തുപിടിച്ചു
“അയ്യേ… എന്താടാ ഇത്… എനിക്ക് നിന്നോട് പിണക്കോന്നുല്ല… നിനക്ക് എന്നേ തല്ലാനുള്ള അവകാശവും അധികാരവും ഉണ്ട്… പിന്നെന്താ…?”
ചന്തു പറഞ്ഞു, അത് കേട്ട് അപ്പുവിന്റെയും മനസ്സ് നിറഞ്ഞു
🪶
കോഫിഷോപ്പിൽ ഇരിക്കുകയായിരുന്നു അപ്പുവും നന്ദനയും, അപ്പു നിളയെയും ചന്തുവിനെയും പറ്റി ഉത്സാഹത്തോടെ പറയുന്നത് മനസ്സിൽ നിറഞ്ഞ അനിഷ്ടം മുഖത്ത് വരാതെ കേട്ടിരിക്കുകയായിരുന്നു നന്ദന,
“ഇന്നാ ഞാൻ മനസ്സറിഞ്ഞു ഒന്ന് ചിരിക്കുന്നത്, നല്ലപോലെ ശ്വാസം വിടുന്നത്…”
അപ്പു രാവിലത്തെ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് ദീർഘശ്വാസം വിട്ടു
“അനന്തൂന് എല്ലാരോടും വല്ലാത്ത സെന്റിമെന്റ്സ് ആണ്… അതാ കുഴപ്പം, പോണോരൊക്കെ പോട്ടെന്നു വയ്ക്കണം, അതാ വേണ്ടത്…”
നന്ദന അനിഷ്ടത്തോടെ പറഞ്ഞു, അത് കേട്ടതും അപ്പുവിന് ദേഷ്യം വന്നിരുന്നു, എങ്കിലും അതടക്കി അവൻ പറഞ്ഞു
“ആ സെന്റിമെന്റ്സ്… അതൊന്നുകൊണ്ടാ ഞാനിപ്പോ ഇവിടെ വരെ എത്തിയത്, നന്ദനയുടെ മുന്നിൽ ഇപ്പൊ ഇങ്ങനെയിരിക്കാൻ കഴിയുന്നതുപോലും… താൻ പറഞ്ഞ യോഗ്യത ഉണ്ടായതുപോലും അവരോടുള്ള ആ സെന്റിമെന്റ്സ് കൊണ്ടാ…”
അവൻ അല്പം ഗൗരവത്തിൽ തന്നെപറഞ്ഞു, അത് കേട്ട് നന്ദനയുടെ മുഖമല്പം മങ്ങി, പിന്നീട് അത് ഒളിപ്പിച്ച്, അവൾ അവനെ നോക്കി ചിരിച്ചു
“അനന്തൂ… ഞാൻ ചുമ്മ പറഞ്ഞതാ… അത് കാര്യാക്കണ്ട… പിന്നേ… നമ്മുടെ കാര്യം ഞാൻ അച്ഛനോട് പറഞ്ഞു, അച്ഛന്റെ ഭാഗത്ത് നിന്ന് എതിർപ്പൊന്നുമില്ല, എന്റെ ഇഷ്ടമാണ് അച്ഛന്റേം ഇഷ്ട്ടം, മാത്രല്ല അനന്തു തന്ന പണം കൊണ്ട് കടം തീർത്തത് അച്ഛന് അനന്തൂനോട് ഒരു ഇമ്പ്രെഷൻ തോന്നിയിട്ടുമുണ്ട്…”
അവൾ പുഞ്ചിരിയോടെ പറഞ്ഞു
“ഞാനും അമ്മയോട് ഉടനെ തന്നെ പറയുന്നുണ്ട്… എന്റെ ആഗ്രഹത്തിനോന്നും അമ്മ എതിര് നിക്കില്ല…”
അവനും പറഞ്ഞു
“കല്യാണം കഴിഞ്ഞ് എനിക്ക് അനന്തൂനോടൊപ്പം ഗൾഫിലേക്ക് വരണം, എന്നിട്ട് അവിടെ സെറ്റിൽ ചെയ്യാം നമുക്ക്…”
നന്ദന അപ്പുവിനോട് ഉത്സാഹത്തോടെ പറഞ്ഞു
“അപ്പൊ അമ്മയെ ഒറ്റയ്ക്ക് നിർത്താനോ…? അതൊന്നും ശരിയാവില്ല… താൻ അമ്മയോടൊപ്പം നാട്ടിൽ നിന്നാ മതി, ഞാനും അവിടുത്തെ ബിസിനെസ്സ് നോക്കി നടത്താൻ എന്റെ പി എ യോട് പറഞ്ഞിട്ട് നാട്ടിൽ സെറ്റിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്…”
അപ്പു പറഞ്ഞു, അത് കേട്ട് നന്ദനയുടെ മുഖം മങ്ങി
“അമ്മയ്ക്ക് ഇവിടെയൊരു വേലക്കാരിയെയോ ഹോം നഴ്സിനെയോ നിർത്താം… അതല്ലേ നല്ലത്…”
അവൾ പറഞ്ഞു, അത് കേട്ട അപ്പുവിന്റെ മുഖം കറുത്തു,
“നന്ദന… എനിക്കീ ലോകത്ത് സ്വന്തമായെന്ന് പറയാൻ വളരെ കുറച്ചുപേരെ ഉള്ളു, അവരെ ഒരിക്കലും എന്ത് കാരണത്താലും എനിക്ക് മാറ്റി നിർത്താൻ പറ്റില്ല, അവരുടെ മുഖത്തുണ്ടാകുന്ന ഏതൊരു ഭാവമാറ്റവും എന്നേ അത്രമേൽ വേദനിപ്പിക്കും, അതുകൊണ്ട് എനിക്കെന്റെ പ്രീയപ്പെട്ടവരോടൊപ്പം ജീവിക്കാനാണ് ഇഷ്ടം… അതിനി എന്ത് കാരണത്താലായാലും ശരി… ഞാൻ പറയുന്നത് നന്ദനക്ക് മനസ്സിലാകുന്നുണ്ടോ…?”
അവൻ ദേഷ്യമടക്കി പതിയെ പറഞ്ഞു, നന്ദന ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു, അവളുടെ ഉള്ളിൽ നിറയുന്ന ദേഷ്യത്തെ അടക്കിക്കൊണ്ട്,
🪶
അന്ന് രാത്രി ഭക്ഷണം കഴിക്കാനായി അപ്പു ഡൈനിംഗ് ടേബിളിൽ ചെയർ വലിച്ചിട്ടിരുന്നു,
ശോഭ അവന് ചോറ് വിളമ്പി, വെള്ളചീര തോരനും അയലക്കറിയും രസവും, അവൻ രുചിയോടെ വാരിയുണ്ടു…
“എന്തൊക്കെപ്പറഞ്ഞാലും ശോഭക്കുട്ടീടെ കൈപ്പുണ്യം… ഹോ… ഒരു രക്ഷേമില്ല…”
അവൻ ശോഭയെ ഒന്ന് പുകഴ്ത്തി,
ശോഭ പുഞ്ചിരിയോടെ അവനെ നോക്കിയിരുന്നു
“ഇതെല്ലാക്കാലോം നടക്കില്ല… എനിക്ക് വയസ്സായി വരുവാ… ഇനി നീ ഒരു കല്യാണം കഴിച്ച്… അവളോട് പറ നിനക്കിഷ്ടപ്പെട്ടതെല്ലാം വച്ചുണ്ടാക്കിത്തരാൻ…”
ശോഭ അവന്റെ പ്ളേറ്റിലേക്ക് രസം ഒഴിച്ചുകൊണ്ട് പറഞ്ഞു,
അപ്പു ഒരു നിമിഷം ആലോചിച്ചു, അവൻ ഭക്ഷണം കഴിച്ച്കഴിഞ്ഞ് തിരികെ ശോഭയുടെ അടുത്തേക്ക് അപ്പു വന്നിരുന്നു,
“അമ്മേ… ഞാനൊരു കാര്യം പറയട്ടെ…?”
അവൻ മുഖവരയിട്ടു, അതിന് ശോഭ അവന്റെ മുഖത്തേക്ക് നോക്കി
“എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്… അവളുടെ വീട്ടിലും വേറെ പ്രശ്നങ്ങളൊന്നുമില്ല… നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണെങ്കിൽ അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എനിക്ക്…”
അവൻ പറഞ്ഞു, അത് കേട്ട് ശോഭ ഒരു നിമിഷം ആലോചിച്ചു
“ഏതാ പെൺകുട്ടി…?”
ശോഭ ചോദിച്ചു
“അത്… തെക്കേമുറ്റത്തെ പ്രസാദ് ഇല്ലേ… അയാളുടെ മകളാണ്… നന്ദന…”
അവൻ പറഞ്ഞു
ശോഭ ഒരു നിമിഷം അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി, പിന്നീട് പറഞ്ഞു
“അത് നടക്കില്ല… നിനക്കുള്ള പെണ്ണിനേ ഞാൻ നോക്കി വച്ചിട്ടുണ്ട്, സമയമാകുമ്പോൾ പറയാന്ന് കരുതിയിരിക്കുകയായിരുന്നു, എന്റെ മരുമകളായിട്ട് അവള് മാത്രേ ഈ വീടിന്റെ പാടി കയറു…”
ശോഭ ഗൗരവത്തിൽ തന്നെ പറഞ്ഞു
അമ്മയുടെ ശബ്ദത്തിലെ ഗൗരവവും വാക്കുകളും കേട്ട് ഒരു നിമിഷം അപ്പുവും അന്തംവിട്ടു
“അമ്മേ.. നന്ദന നല്ല കുട്ടിയാ അമ്മേ… കാണാനും തെറ്റില്ല…”
അപ്പു പറഞ്ഞു
“എത്ര നല്ല കുട്ടിയായാലും വേണ്ട… എന്റെ സമ്മതത്തോടെ ഇത് നടക്കില്ല…”
ശോഭ കട്ടായം പറഞ്ഞുകൊണ്ട് എഴുന്നേറ്റു,
അപ്പു ഒന്ന് തറഞ്ഞു നിന്നു
“അമ്മേ ഞാൻ എന്റെ ഇഷ്ടം പറഞ്ഞു, അമ്മയ്ക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട, വിട്ടേക്ക്, പക്ഷേ വേറെ ഒരു പെൺകുട്ടിയെയും എന്റെ കൂടെ ചേർക്കാൻ ആരും നോക്കണ്ട…”
അടുക്കളയിൽ ആയിരുന്ന ശോഭയോട് അടുക്കള വാതിലിൽ വന്ന് നിന്ന് അപ്പു പറഞ്ഞിട്ട്, അവന്റെ മുറിയിലേക്ക് പോയി, ശോഭ ഒന്ന് അവൻ പോയ വഴി തിരിഞ്ഞു നോക്കിയതിനു ശേഷം തന്റെ ജോലിയിലേക്ക് തിരിഞ്ഞു,
🪶
പിന്നീടുള്ള ദിവസങ്ങളിൽ അപ്പു മുഖം വീർപ്പിച്ച് തന്നെ നടന്നു, ശോഭ ചോദിക്കുന്നതിന് ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറഞ്ഞു, അവന്റെ പെരുമാറ്റം ശോഭയുടെ ഉള്ളിൽ വിഷമം ഉണ്ടാക്കി, പിന്നീട് നിള വീട്ടിലേക്ക് വന്നപ്പോൾ അവളോട് കാര്യങ്ങൾ പറഞ്ഞു, ആ സംസാരം നിളയിൽ വേദനയുണ്ടാക്കിയെങ്കിലും, അവൾ അത് പുറത്തുകാണിക്കാതെ നിന്നു
“അപ്പൂന് അതാണിഷ്ടമെങ്കിൽ അതങ്ങ് സമ്മതിക്ക് ശോഭാമ്മേ… എന്തിനാ അവനെ വിഷമിപ്പിക്കുന്നെ…?”
അവൾ മനസ്സിലെ വേദന പുറത്തുകാണിക്കാതെ ശോഭയോട് പറഞ്ഞു
“അപ്പൊ മോള് പറയുന്നത് അവന്റെ ഇഷ്ടം നടത്തിക്കൊടുക്കാനാണോ…?”
ശോഭ കണ്ണ് കൂർപ്പിച്ച് അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു
ശോഭയുടെ നോട്ടം താങ്ങാനാവാതെ അവൾ തല കുനിച്ചുകൊണ്ട് തലയാട്ടി,
“എന്റെ മുഖത്ത് നോക്കിപ്പറ മോളെ… നിനക്ക് സമ്മതമാണോ അവന്റെ ഇഷ്ടം നടത്തിക്കൊടുക്കാൻ…”
ശോഭയുടെ വാക്കുകളിലെ ഗൗരവം ഒരു നിമിഷം നിളയെ അമ്പരിപ്പിച്ചെങ്കിലും, അവൾ പതിയെ അതേ എന്ന് തലയാട്ടി
“അപ്പൊ… എന്റെ മോൾടെ സന്തോഷം… അത് ഞാനോർക്കണ്ടേ…”
അവളുടെ തലയിൽ തഴുകിക്കൊണ്ട് അത് പറയുമ്പോൾ ശോഭയ്ക്ക് ശബ്ദം ഇടറിയിരുന്നു അവരുടെ കണ്ണുകൾ നിറഞ്ഞു, നിള അമ്പരപ്പോടെ ശോഭയെ നോക്കി,
“അമ്മയ്ക്കറിയാം എന്റെ മോള്, എന്ത് മാത്രം അവനെ ഇഷ്ടപെടുന്നുണ്ടെന്ന്… അതിലുപരി ഈ അമ്മ കൊതിച്ചുപോയി എന്റെ മോളെ അവന്റെ പാതിയായി…”
ശോഭ പൊട്ടിക്കരച്ചിലോടെ അവളെ നെഞ്ചോട് ചേർത്തു
നിളയും കരയുന്നുണ്ടായിരുന്നു, തന്റെ വേദനകളെല്ലാം ഇറക്കി വയ്ക്കാൻ അവളൊരു ചുമൽ കൊതിച്ചിരുന്നു, അവളുടെ സങ്കടം കണ്ണീരായി ശോഭയുടെ ചുമലിൽ പതിച്ചു,
“അവൻ മനസ്സിലാക്കുന്നില്ല മോളെ, അവനെന്താ നഷ്ടപ്പെടുത്തുന്നതെന്ന്…”
ശോഭ വിതുമ്പലോടെ പറഞ്ഞു
“സാരല്ല ശോഭാമ്മേ… എനിക്ക് അവനെക്കിട്ടാൻ വിധിയില്ല… ഞാനിപ്പോ അതിനോട് പൊരുത്തപ്പെടുന്നുണ്ട്…”
ശോഭയുടെ കവിളുകളിൽ കൈകൾ ചേർത്ത് നിള പറഞ്ഞു
“ഞാനൊരുപാട് കൊതിച്ചതാമോളേ… അവന് നിന്നെ ഇഷ്ടമാകുമെന്ന്… അവനത് എന്നോട് പറയുമെന്ന്… പക്ഷേ… ഞാനവനോട് പറയട്ടെ…? എന്റെ മോളെ എനിക്ക് തരാൻ…?”
ശോഭ അവളോട് ചോദിച്ചു
“വേണ്ട ശോഭാമ്മേ… ഇഷ്ടം പിടിച്ച് വാങ്ങാൻ പറ്റില്ലല്ലോ… മാത്രമല്ല ഈ ഒരു കാരണത്താൽ അവനെന്നോട് പിണങ്ങി മാറിയാൽ… അതെനിക്ക് സഹിക്കാൻ പറ്റില്ല… അതോണ്ട് ശോഭാമ്മ എനിക്ക് വാക്ക് താ… അവനോട് ഇതൊന്നും പറയില്ലെന്ന്…”
നിള വിതുമ്പലോടെ അവരുടെ നേരെ കൈ നീട്ടി
“ന്റെ മോളെ…”
അവളുടെ കൈലേക്ക് കൈ ചേർത്ത് ശോഭ പൊട്ടിക്കരഞ്ഞു..
🪶
പിന്നീടെല്ലാം വളരെപ്പെട്ടന്നായിരുന്നു, ശോഭയും അപ്പുവും കൂടി നന്ദനയുടെ വീട്ടിലേക്ക് ചെന്ന് പ്രസാദിനോട് കാര്യം പറഞ്ഞു, അവർക്ക് മറ്റ് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലായിരുന്നു, ശോഭയ്ക്ക് നന്ദനയെ അത്രയ്ക്കങ്ങു ബോധിച്ചില്ല, അവളുടെ പെരുമാറ്റത്തിൽ വല്ലായ്മ തോന്നി, നിളയെ വച്ച് നോക്കുന്നതുകൊണ്ടാണെന്ന് കരുതി അവർ സമാധാനിച്ചു
നിളയെയും ചന്തുവിനെയും വിളിച്ചെങ്കിലും അവർ മറ്റെന്തോ അത്യാവശ്യം പറഞ്ഞു അതിൽനിന്നൊഴിഞ്ഞു
ശോഭ ബന്ധുക്കളെ കാര്യം അറിയിച്ചു, ചെറിയ ഇഷ്ടക്കേടുകളും മുറുമുറുപ്പുകളും ഉണ്ടായെങ്കിലും അപ്പു എല്ലാപേരെയും പറഞ്ഞു സമ്മതിപ്പിച്ചു
നല്ലൊരു മുഹൂർത്തം നോക്കി നിശ്ചയം നടത്താമെന്ന് എല്ലാപേരും കൂടി തീരുമാനിച്ചു, അടുത്ത വരവിൽ കല്യാണവും നടത്താൻ ധാരണയായി…
ശോഭ എല്ലാക്കാര്യങ്ങളും അപ്പുവിനെയും മറ്റുള്ളവരെയും ഏൽപ്പിച്ച് എല്ലാത്തിൽ നിന്നും മാറി നിന്നു, നിള അപ്പുവിനെ നേരിൽ കാണുന്ന സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കി, ചന്തു ഈ കാര്യത്തിൽ ഇടപെടാതെ മാറി നിന്നത് അപ്പുവിന് വിഷമം തോന്നിയെങ്കിലും, ഒരു വാക്കുതർക്കത്തിന് മുതിരാതെ നിന്നു,
ദിവസങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു, വിവാഹ നിശ്ചയത്തിന് തലേദിവസം ബന്ധുക്കളെല്ലാം വീട്ടില് എത്തിച്ചേർന്നിരുന്നു,
മുതിർന്നവർ ഊണ് കഴിഞ്ഞ് മുറ്റത്ത് സഭ കൂടി
“ഞാൻ പറഞ്ഞതാ എന്റെ ഭാര്യയുടെ ബന്ധത്തിലെ കുട്ടിയെ പറ്റി, നല്ല കുട്ടിയായിരുന്നു, നല്ല പഠിത്തവും നല്ല കുടുംബചുറ്റുപാടും, അപ്പൂന് നല്ല ചേർച്ചയും… അപ്പൊ ആരും കേട്ടില്ല…”
ബാലൻ എല്ലാവരോടുമായി പറഞ്ഞു
“അല്ലെങ്കിത്തന്നെ ആ പ്രസാദിന്റേൽ എന്ത് തേങ്ങയാ ഉള്ളത്, ആൾക്കാരെപറ്റിച്ചു ഉണ്ടാക്കിയതെല്ലാം പോയെന്നാ കേട്ടത്…”
രവി പറഞ്ഞു
“ആ പെണ്ണും കൊറേ പേരുദോഷം കേൾപ്പിച്ചതാന്നാ കേക്കുന്നേ… ശോഭേട്ടത്തിക്കും ആ പെണ്ണിനേ വലിയ പിടിത്തം പോര…”
ലത അവരെ പിന്താങ്ങി
“എന്തായാലും നമുക്ക് പറ്റിയ ബന്ധമല്ല…”
ഗിരിജ അവർക്കൊപ്പം കൂടി
“നമുക്കെന്ത് ചെയ്യാൻ പറ്റും… അവന് അസ്ഥീ പിടിച്ച് പോയില്ലേ…”
രവി പറഞ്ഞു
അപ്പോഴേക്കും അപ്പുവിന്റെ കാർ ഗേറ്റ് കടന്ന് വന്നു
അതിൽനിന്നും അപ്പുവും ചന്തുവും പുറത്തേക്കിറങ്ങി
“ആ വന്നല്ലോ… ആ കൂട്ടുകാരൻ ചെറുക്കാനാ നമ്മുടെ അപ്പൂനെ കൊണ്ട് കുഴിയിൽ ചാടിക്കുന്നത്…”
ഗിരിജ പുച്ഛത്തോടെ ചന്തുവിനെ നോക്കിപ്പറഞ്ഞു
“ഒന്ന് വെറുതെയിരിക്ക്… ശോഭേട്ടത്തി കേട്ടാ പിന്നേ പറയണ്ടല്ലോ…”
രവി അവരോട് പറഞ്ഞു
“അത് ശരിയാ ഇപ്പൊ ഇവർക്ക് നമ്മള് ബന്ധുക്കളെക്കാളും കാര്യം പുറത്തുള്ളോർക്കാ…”
ലത പറഞ്ഞു
“വേറൊരുത്തിയുണ്ടല്ലോ ഒരു സുന്ദരിക്കോത… അവളെ ശോഭേച്ചി പുന്നാരിക്കുന്ന കണ്ടാ… ഞങ്ങടെ മക്കളെയൊന്നും കണ്ണീപ്പിടിക്കില്ല…”
ഗിരിജ പറഞ്ഞു
അപ്പോഴേക്കും അപ്പു അവർക്കരികിലേക്ക് വന്നു
“എവിടെപോയതാ മോനേ…”
ബാലൻ ചോദിച്ചു
“വെറുതെ പുറത്തേക്ക്…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു,
“നീ ഊണ് കഴിച്ചോ അപ്പു…?”
വാക്കുകളിൽ തേൻ പുരട്ടിക്കൊണ്ട് ലത ചോദിച്ചു
“ഉവ്വ്…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പോഴേക്കും അപ്പുവിന്റെ ഫോൺ ബെല്ലടിച്ചു, അവൻ കാൾ എടുത്ത് ചെവിയിലേക്ക് വച്ചു
അവൻ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്നത് മറ്റുള്ളവർ കൗതുകത്തോടെ നോക്കി ഇരുന്നു,
പെട്ടെന്ന് സംസാരത്തിനിടയിൽ അപ്പുവിന്റെ മുഖം ഗൗരവമാകുന്നതും, ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നതും കേട്ട് എല്ലാവരും അവനെ ഉറ്റുനോക്കി,
ആ കാൾ കട്ട് ചെയ്ത് പിന്നീട് വേറെ ഒരുപാട് കാളുകൾ അവൻ ചെയ്തു, അവന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ നിറഞ്ഞു നിന്നു, അവൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു
ഇതെല്ലാം നോക്കി നിന്ന ചന്തു അവനരികിലേക്ക് നടന്ന് അവന്റെ തോളിൽ കൈ വച്ച്, എന്താ എന്നർത്ഥത്തിൽ അവനെ നോക്കി
“ചന്തു… എനിക്കുടനെ തിരികെപോണം… പറ്റുമെങ്കിൽ ഇന്ന് തന്നെ…”
അപ്പു ടെൻഷനോടെ മുഖത്തെ വിയർപ്പ് അമർത്തി തുടച്ചുകൊണ്ട് അവനോട് പറഞ്ഞുകൊണ്ട് അവനെയും കൂട്ടി കാറിനരികിലേക്ക് നടന്നു,
ചന്തു ഞെട്ടിത്തരിച്ച് അവനെ നോക്കി
“തിരികെപോകാനോ…? എന്താടാ കാര്യം…? നീയെന്തിനാ ഇങ്ങനെ വിയർക്കുന്നെ…?”
ചന്തു ആവലാതിയോടെ അവനോട് ചോദിച്ചു
“എല്ലാം പറയാം നീ വണ്ടിയെടുക്ക്…”
അപ്പു കാറിന്റെ കീ ചന്തുവിന് കൊടുത്തുകൊണ്ട് കാറിലേക്ക് കയറി…
കാർ ടൗണിനടുത്തായുള്ള ഒരു ഇരുനില വീടിന് മുന്നിൽ വന്ന് നിന്നു
അകത്ത് നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു, അയാളുടെ മുഖത്തും ടെൻഷൻ നിറഞ്ഞിരുന്നു,
“ദീപക്… എന്തായി…?”
അപ്പു വെപ്രാളത്തോടെ ആ ചെറുപ്പക്കാരനോട് ചോദിച്ചു
“പ്രശ്നമാണ് സർ… ഉടനെ എന്തെങ്കിലും ചെയ്യണം… അവിടെ എല്ലാ ഓഫീസുകളും സീൽ ചെയ്തു… അറബാബ് ഫാമിലിയോടെ മിസ്സിംഗ് ആണ്…”
ആ ചെറുപ്പക്കാരനും വെപ്രാളപ്പെടുന്നുണ്ടായിരുന്നു,
“എന്താ അടുത്ത നടപടി…?”
അപ്പു ചോദിച്ചു
“നമുക്ക് എത്രേം പെട്ടെന്ന് തിരികെപോണം… ഇന്ന് രാത്രീലത്തേക്ക് ടിക്കറ്റ്സ് അവൈലബിൾ ആണ്…”
ദീപക് പറഞ്ഞു
“എന്നാ ദീപക് വേണ്ട കാര്യങ്ങൾ ചെയ്യ്…”
ദീപക് തലകുലുക്കി
അവിടെ നിന്നുമിറങ്ങുമ്പോൾ ഒന്നും മനസിലാകാതെ നിന്ന ചന്തു അപ്പുവിനെ പിടിച്ച് നിർത്തി
“എന്താ കാര്യം… അത് പറഞ്ഞിട്ട് പോയാ മതി നീ…”
അവൻ അപ്പുവിനോട് കലിപ്പിൽ പറഞ്ഞു
അപ്പു ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി പിന്നീട് പറഞ്ഞു
“അവിടെ കമ്പനിയിൽ ചില പ്രശ്നങ്ങൾ, പ്രശ്നങ്ങൾ എന്ന് പറഞ്ഞാൽ കമ്പനിയുടെ അസ്ഥിവാരം തോണ്ടുന്ന തരത്തിൽ… എന്റെ അറബാബിന്റെ ഭാര്യാസഹോദരൻ കമ്പനിയെ പറ്റിച്ചു മുങ്ങി, കമ്പനിയുടെ ക്ലൈന്റ്സിന്റെ ഡീറ്റെയിൽസ് മറ്റു കമ്പനികൾക്ക് മറിച്ചുകൊടുത്തു… ഇപ്പൊ അത് വലിയ കേസ് ആയി… കമ്പനിയെ ഗവണ്മെന്റ് സീൽ ചെയ്തു… ബോർഡ് മെമ്പർ ആയതുകൊണ്ട് എനിക്കെതിരെയും കേസ് ഉണ്ട്… അതുകൊണ്ട് എനിക്ക് ഉടനെ തിരികെപോണം… പ്രശ്നങ്ങളെല്ലാം തീർക്കണം…”
അപ്പു ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി
“എടാ… വേറെ കുഴപ്പൊന്നുമില്ലല്ലോ…?”
ചന്തു അവനോട് വേവലാതിയോടെ ചോദിച്ചു
“ഇല്ലടാ… കൊഴപ്പൊന്നുമില്ല…”
അപ്പു ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു,
“ടാ എന്നാലും…”
ചന്തു പിന്നെയും ചോദിച്ചു
അപ്പു അവനെനോക്കി ഒന്ന് ചിരിച്ചു
“പോണം ചന്തു… എന്നേ ഇന്നത്തെ ഞാനാക്കിയ വലിയ മനുഷ്യനാണ് എവിടെയാണെന്ന് പോലുമറിയാതെ… അദ്ദേഹത്തെയും കുടുംബത്തെയും കണ്ടെത്തണം, സുരക്ഷിതമാക്കണം, എന്നിട്ട് ഞാൻ വരും…”
അപ്പു ചന്തുവിനോട് കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു, ചന്തു അവന്റെ കൈകളിൽ പിടിച്ച് അവനെ നോക്കി
അപ്പു പുഞ്ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മി കാണിച്ചു
🪶
അപ്പു വീട്ടിലേക്ക് വന്ന് എല്ലാവരോടും താൻ ഇന്ന് തിരികെപോകുന്ന കാര്യം അവതരിപ്പിച്ചു, അത്യാവശ്യമായി കമ്പനിയിൽ ചെന്ന് തീർക്കേണ്ട കാര്യമുണ്ടെന്ന് മാത്രം പറഞ്ഞു, യഥാർത്ഥ കാര്യം ആരും അറിയണ്ടെന്നും എല്ലാവരെയും ടെൻഷൻ അടിപ്പിക്കണ്ടെന്നും അപ്പു ചന്തുവിനോട് പറഞ്ഞിരുന്നു, എല്ലാവർക്കും ഒരു ഞെട്ടലായിരുന്നു, ബന്ധുക്കളെല്ലാം ചേർന്ന് നന്ദനയുടെ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞ് നിശ്ചയം മാറ്റി വയ്പ്പിച്ചു,
തിരികെപോകുമ്പോൾ കൊണ്ടുപോകേണ്ടതെല്ലാം പാക്ക് ചെയ്യാൻ ചന്തുവും അവനൊപ്പം കൂടി, ശോഭയും നിളയും അവരുടെ അടുത്തേക്ക് വന്നു, രണ്ടുപേരുടെയും മുഖം മ്ലാനമായിരുന്നു,
അപ്പു അവരെക്കണ്ട് പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്ന് ശോഭയെ ചേർത്തുപിടിച്ചു
“എന്താ ശോഭക്കുട്ടിയുടെ മുഖത്തൊരു വാട്ടം… മ്…”
അവൻ അവരോട് ചോദിച്ചു
അതിന് മറുപടി പറയാതെ ശോഭ കണ്ണീർ പൊഴിച്ചു
“കരയല്ലേ… ഞാൻ പോയിട്ട് ഓടി ഇങ്ങ് വരൂലോ…”
അവൻ ശോഭയെ ചേർത്തുപിടിച്ച് പുറത്തേക്ക് നടന്നു
നിള നിറഞ്ഞകണ്ണുകളോടെ അവരെ നോക്കി നിന്നു, പിന്നീട് ചന്തുവിന് നേരെ നോക്കി
“ചന്തു… സത്യം പറ… അവിടെയെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ…?”
അവൾ ചോദിച്ചു
“എന്ത് പ്രശ്നം…? കാര്യങ്ങളെല്ലാം അവൻ പറഞ്ഞില്ലേ…?”
അവൻ അവളുടെ മുഖത്ത് നോക്കാതെ പാക്കിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു
“ചന്തു… എന്റെ മുഖത്തേക്ക് നോക്കിപ്പറ…”
അവളുടെ വാക്കുകൾ ഗൗരവത്തിലായി
ചന്തു ഒന്നും മിണ്ടാതെ നിന്നു, അത് കണ്ട് അവൾക്ക് എന്തോ പന്തികേട് തോന്നി
“എന്താടാ കാര്യം…? എന്താ നീയൊന്നും മിണ്ടാത്തത്…? എന്തായാലും പറ ചന്തു…”
അവൾ വെപ്രാളത്തോടെ അവന്റെ മുന്നിൽച്ചെന്ന് ചോദിച്ചു
“നിളേച്ചി… അത്…”
അവൻ ഒന്നും പറയാതെ നിന്നു
“എന്താടാ…? മനുഷ്യനെ പേടിപ്പിക്കാതെ കാര്യം പറയടാ…”
നിള അവനോട് അലറി
“എനിക്ക് കൂടുതലൊന്നും അറിയില്ല… അവന്റെ കമ്പനിയിലെന്തോ സാമ്പത്തിക പ്രശ്നമാണെന്നോ… ഓഫീസല്ലാം സീൽ ചെയ്‌തെന്നോ… അവന്റെ മുതലാളി ഒളിവിലാണെന്നോ ഒക്കെ പറയുന്നകേട്ടു… എന്തായാലും വലിയ പ്രശ്നമാണ്… അവന്റെ പേരിലും കേസും നൂലമാലകളുമൊക്കെ ഉണ്ടെന്ന് തോന്നുന്നു, അത്രേ എനിക്കറിയൂ…”
അവൻ അവളോട് പറഞ്ഞു, അത് കേട്ട് നിള നെഞ്ചിൽ കൈവച്ചു നിന്നു
“എടാ… എനിക്കെന്തോ പേടിയാകുന്നു… അവനോട് പോകണ്ടാന്നു പറഞ്ഞാലോ… ഒന്നാമത് ആ രാജ്യത്തെ നിയമങ്ങളെല്ലാം കർശനമാണ്… ന്റെ അപ്പൂട്ടന് എന്തേലും പറ്റോ…?”
നിള വേവലാതിയോടെ പറഞ്ഞു
“ഞാനവനോട് കരഞ്ഞു പറഞ്ഞതാ നിളേച്ചി… പക്ഷേ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല…”
ചന്തു അത് പറഞ്ഞ് നോക്കിയത് തങ്ങളെ കേട്ട് നിൽക്കുന്ന അപ്പുവിന്റെ മുഖത്തേക്കാണ്,
അപ്പു മുന്നോട്ട് വന്നു
“അപ്പൂട്ടാ വേണ്ടടാ… നീ പോണ്ട… ഞാൻ നിന്നെ വിടില്ല… എനിക്ക് പേടിയാ…”
നിള സമനില തെറ്റിയപോലെ അപ്പുവിനെ പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു
അപ്പു ചിരിച്ചുകൊണ്ട് അവളെ ചേർത്തു പിടിച്ചു
“അയ്യേ… ന്റെ ചേച്ചിപ്പെണ്ണെന്തിനാ കരയുന്നെ… അവിടെ ഇവൻ പറയുന്ന പ്രശ്നങ്ങളൊന്നുമില്ല… ഞാൻ ദേ പോയി ദാന്ന് ഇങ്ങ് വരില്ലേ…?”
അവൻ അവളോട് പറഞ്ഞു
“ഇല്ല… വേണ്ട… നീ പോണ്ട… ഞാൻ വിടില്ല നിന്നെ…”
നിള കൊച്ചുകുട്ടികളെ പോലെ കരഞ്ഞുകൊണ്ട് അവനെ ഒന്നുകൂടി ചുറ്റിപ്പിടിച്ചു
അപ്പു അവളെ നോക്കി പുഞ്ചിരിച്ചു, എങ്കിലും അവന്റെ കണ്ണുകളിൽ നിന്നും ഓരോ തുള്ളി ഒഴുകിയിറങ്ങിയിരുന്നു,
“എനിക്കെന്താ പേടി…? എനിക്ക് വേണ്ടി പ്രാർത്ഥിക്കാനും വഴിപാടുകൾ നേരാനും എന്റെ ചേച്ചിപ്പെണ്ണില്ലേ…? ന്നെ കാത്തിരിക്കാൻ ന്റെ ശോഭക്കുട്ടിയില്ലേ…? എനിക്ക് വേണ്ടി ചങ്ക് പറിച്ച് തരാൻ ദാ ഇവനില്ലേ…? പിന്നെന്താ…
ഞാനിപ്പോ പോയില്ലെങ്കിൽ… ഇത്രേം കാലം ഞാനുണ്ടാക്കിയതെല്ലാം വെള്ളത്തിൽ പോകില്ലേ…?”
അവൻ ഇടറുന്ന സ്വരത്തിൽ പറഞ്ഞു
“വേണ്ട… എല്ലാം പൊയ്ക്കോട്ടേ… ന്നാലും ഞാൻ ന്റെ അപ്പൂട്ടനെ വിടില്ല…”
അവൾ വീണ്ടും വാശിപിടിച്ചു
നിറഞ്ഞകണ്ണുകളോടെ അവരെ നോക്കി ചന്തു നിന്നു, നിളയും അപ്പുവും മനസ്സുകൊണ്ട് വല്ലാതെ പ്രണയിക്കുന്നുണ്ടെന്ന് അവന് തോന്നി, അവൻ പതിയെ പുറത്തേക്ക് നടന്നു
“ദേ… ചേച്ചിപ്പെണ്ണേ… നോക്ക്… എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാ പോര… എന്നേ ഞാനാക്കിയ ന്റെ അറബാബ്… എവിടെയാണെന്ന് പോലുമറിയില്ല… അദ്ദേഹത്തെ കണ്ടെത്തണം… എന്നെപ്പോലെ ആ കമ്പനിയിൽ ജോലിചെയ്യുന്നവരെയെല്ലാം സുരക്ഷിതരാക്കണം… എല്ലാം ശരിയാക്കണം… എന്നിട്ട് ഞാൻ വരും… സത്യം… ന്റെ നിളക്കുട്ടിയാണെ സത്യം… നമ്മുടെ കണ്ണനാണെ സത്യം…”
അവൻ അവളോട് പറഞ്ഞു, അവൾ അവനെ മുഖമുയർയത്തി നോക്കി,
“എനിക്ക് പേടിയാടാ… എന്റെ തലയിൽ കൈവച്ച് സത്യം ചെയ്യ്… അവിടെ യാതൊരു പ്രശ്നവുമില്ലെന്ന്… നീ ഒരു കൊഴപ്പോം ഇല്ലാതെ തിരിച്ചും വരൂന്ന്…”
അവൾ ഒരു കൊച്ച് കുട്ടിയെപ്പോലെ അവനോട് പറഞ്ഞു, അവളുടെ ഭാവം അവന് അവളോട് വല്ലാത്ത സ്നേഹം നിറച്ചു
“ഏയ്… അതിന്റെ ആവശ്യമൊന്നുമില്ല… ഞാൻ വരും ഒരു കൊഴപ്പോമില്ലാതെ… പോരേ…”
അവൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു
“നിനക്കെപ്പോഴാ ഫ്ലൈറ്റ്…?”
അവൾ ചോദിച്ചു
“രാത്രീല്… ഞാനൊരു ആറ് മണിക്ക് ഇവിടുന്ന് ഇറങ്ങും…”
അവൻ അവന്റെ മുഖം അമർത്തി തുടച്ചുകൊണ്ട് പറഞ്ഞു, അവൾ ഒന്ന് മൂളിക്കൊണ്ട് അവനെവിട്ട് വാതിലിനരികിലേക്ക് നടന്നു പിന്നീട് തിരിഞ്ഞു നിന്നു
“ടാ… കൊഴപ്പൊന്നുമില്ലല്ലോ…?”
അവൾ വീണ്ടും ചോദിച്ചു
അവൻ ചിരിച്ചുകൊണ്ട് ഇല്ലന്ന് തലയാട്ടി, അവൾ പുറത്തേക്ക് നടന്നു,
അപ്പോഴേക്കും അവന്റെ ഫോൺ ബെല്ലടിച്ചു നന്ദനയായിരുന്നു,
“ഹലോ…”
അവൻ ചിരിച്ചുകൊണ്ട് ഫോൺ എടുത്തു
“അനന്തു… എന്താ അവിടെ പ്രശ്നം…?”
“ഏയ്… കമ്പനിയിൽ ചെറിയ പ്രശ്നം… അതൊന്ന് സോൾവ് ചെയ്യണം… പിന്നേ ഞാൻ ഓടിയെത്തും…”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
“കമ്പനിയിലെന്തോ പ്രശ്നം നടക്കുന്നു, കമ്പനി പൂട്ടിപ്പോകുമെന്ന് ആരോ അച്ഛനോട് പറഞ്ഞുകൊടുത്തു… അതാ ഞാൻ വിളിച്ചത്… അനന്തൂന്റെ പണമെല്ലാം നഷ്ടപ്പെടുമെന്ന് പറയുന്നു, അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ, പണമെല്ലാം അച്ഛനെ ഏൽപ്പിക്ക്, അച്ഛൻ നോക്കിക്കോളാം എന്ന് പറഞ്ഞു അച്ഛൻ,”
അവൾ പറഞ്ഞു
അത് കേട്ട് അപ്പുവിന് എന്തോപോലെ തോന്നി
“അതെന്താ… എന്റെ പണം പോയാൽ വീണ്ടും സമ്പാദിച്ചുകൂടെ… അല്ലങ്കിലും ഇതെല്ലാം പോയാലും കൂലിപ്പണി ചെയ്തായാലും നിന്നെ ഞാൻ പട്ടിണിക്കിടാതെ നോക്കിക്കോളാം… അത് പോരേ…?”
അവൻ അവളോട് ചോദിച്ചു
“അച്ഛനത് പറഞ്ഞത് നമുക്കും നമ്മുടെ ഭാവിക്കും വേണ്ടിയല്ലേ…? അനന്തൂന്റേൽ പണമൊന്നുമില്ലെങ്കിൽ… അച്ഛൻ പിന്നേ നമ്മുടെ കാര്യം സമ്മതിക്കില്ല…”
അവൾ പറഞ്ഞു
“ഓ… അങ്ങനെ സംഭവിച്ചാൽ ഞാൻ വിളിക്കും നിന്നെ, നീയെന്റൊപ്പം ഇറങ്ങി വന്നേക്കണം…”
അവൻ ഗൗരവത്തിൽ പറഞ്ഞു
കുറച്ച് നിമിഷം നന്ദന നിശബ്ദത പാലിച്ചു
“അനന്തു എപ്പഴാ പോണേ…?”
അവൾ വിഷയം മാറ്റി
“സന്ധ്യയ്ക്ക് ഇവിടുന്നിറങ്ങും ഞാൻ”
അവൻ പറഞ്ഞു
“ഇറങ്ങുമ്പോൾ വിളിക്കണേ… പിന്നേ കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നും നഷ്ടപ്പെടാതെ നോക്കണേ…?”
അവൾ ഓർമിപ്പിച്ചു, അത് കേട്ട് അപ്പുവിന് അരിശമാണ് വന്നത്, അവനൊന്നും മിണ്ടാതെ കാൾ കട്ട് ചെയ്തു,
🪶
പോകാനിറങ്ങുമ്പോൾ അപ്പു ശോഭയെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു, ശോഭ ഒരു കൊച്ച് കുട്ടിയെപ്പോലെ അവനെ ചേർന്ന് നടന്നു
അവൻ ശോഭയ്ക്ക് പുഞ്ചിരിയോടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു, ശോഭ തിരിച്ചും
അവൻ എല്ലാവരെയും നോക്കി യാത്രപറഞ്ഞു, പക്ഷേ അവൻ കാണാൻ കൊതിച്ച ഒരു മുഖം അവിടെയില്ലാത്തതിനാൽ അവന് വല്ലാത്ത വിഷമം തോന്നി, അപ്പു നിറക്കണ്ണുകളോടെ കാറിലേക്ക് കയറി, എയർപോർട്ടിൽ ആക്കാൻ ചന്തു മാത്രം മതിയെന്ന് പറഞ്ഞതുകൊണ്ട് മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല,
കാറിന്റെ വേഗത കുറയുന്നത് കണ്ടാണ് അപ്പു മൊബൈലിൽ നിന്നും കണ്ണുകൾ എടുത്ത് മുന്നിലേക്ക് നോക്കിയത്, തങ്ങളെ കാത്തെന്നപോലെ അമ്പലത്തിനടുത്തായുള്ള റോഡിൽ നിള നിൽക്കുന്നു, അപ്പുവിന്റെ കണ്ണുകൾ വികസിച്ചു, അവന്റെ ചൊടികളിൽ ഭംഗിയുള്ള ഒരു പുഞ്ചിരി വിരിഞ്ഞു.
🪶
കണ്ണന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന നിളയെ അപ്പു നോക്കി നിന്നു, അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു അതിൽ ഒരു വേദനയുടെ ലാഞ്ജന കണ്ണൻ മാത്രം കണ്ടു,
എന്നോ എപ്പോഴോ മനസ്സിൽ കൂട് കൂട്ടിയവളാണ്, സഹോദരിയായി.. കൂട്ടുകാരിയായി.. അമ്മയായി.. ഓരോ വേഷപകർച്ച നടത്തിയവളാണ്… അറിയില്ല എന്നോ എപ്പോഴോ ആ ഭാവങ്ങൾക്കെല്ലാം അപ്പുറം, അവളോടുള്ള തന്റെ ഭാവം പ്രണയമായി മാറിയിരുന്നു, അവൾക്കും അങ്ങനെയൊരു വികാരം തന്നിലുണ്ടെന്ന് തോന്നിയിരുന്നു…
എപ്പോഴായിരുന്നു തനിക്ക് അങ്ങനെ തോന്നിത്തുടങ്ങിയത്…? അറിയില്ല…
അന്നൊരിക്കൽ ഇടവപ്പാതിയിൽ നനഞ്ഞ് അവളോടോട്ടി ഒരു കുടക്കീഴിൽ വന്നപ്പോഴോ…? അറിയില്ല…
അന്ന് അവളുടെ ശരീരത്തിലെ ചൂടും, എന്നും എന്നെ കൊതിപ്പിക്കുന്ന അവളുടെ ഗന്ധവുമാണോ…? അറിയില്ല…
അന്നൊരിക്കൽ അമ്പലക്കുളത്തിൽ നിന്നും താമരമൊട്ട് പൊട്ടിച്ച് തിരിച്ചുകയറുമ്പോൾ പടിക്കെട്ടിലിരുത്തി അവളുടെ ദവാണിത്തുമ്പുകൊണ്ട് തലതോർത്തി തരുമ്പോൾ, അന്ന് ആദ്യമായി താൻ കണ്ട അവളുടെ മനോഹരമായ പൊക്കിൾചുഴി ആണോ…? അറിയില്ല…
അന്ന് ആ പാൽനിറമുള്ള വയറിൽ കവിൾ ചേർത്ത് ഇരിക്കുമ്പോൾ അവളുടെ രോമങ്ങൾ വിറച്ചുകൊണ്ട് എഴുന്നേറ്റത് കണ്ടിട്ടാണോ…? അറിയില്ല… അവളുടെ ശരീരത്തിന്റെ മൃദുലത എപ്പോഴെക്കെയോ തന്നിൽ പുളകം കൊള്ളിച്ചത് കൊണ്ടാണോ… അറിയില്ല…
ഒരമ്മയേപ്പോലെ അവളുടെ ജീവനെപ്പോലെ തന്നെ ചേർത്ത് നിർത്തുമ്പോഴാണോ…? അറിയില്ല…
ഒന്നറിയാം ഇവളെന്റെ പ്രാണനാണ്..
അവളെനിക്കേകുന്ന ഓരോ പുഞ്ചിരിയിലും ഞാൻ ലോകം തീർത്തിരുന്നു, അവളുടെ സാമീപ്യം അത്രകണ്ട് കൊതിച്ചിരുന്നു, പക്ഷേ… പാടില്ല…
എന്നോ ഒരിക്കൽ അമ്മ പറയുന്നത് കേട്ടു, മാഷും നിളേച്ചിയും ദൈവത്തിന് തുല്യരാണെന്ന്… അവരെ വിഷമിപ്പിക്കുന്ന ഓരോ പ്രവർത്തിയും ഈശ്വരനുമുന്നിൽ തെറ്റാണെന്ന്… ഒരിക്കൽ മാഷ് തന്നോട് പറഞ്ഞു, നിളേച്ചിയുടെ മുഖത്ത് സന്തോഷം നിറയുന്നതിൽ ഒരു കാര്യം, ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അവളുടെ കുഞ്ഞനുജനായി താനുള്ളത് കൊണ്ടാണെന്ന്, അപ്പൊ നിളേച്ചിയും തന്നെ ഒരു സഹോദരനായാണോ കാണുന്നത്…? താൻ അവളെ തെറ്റിദ്ധരിക്കുകയായിരുന്നോ…?
ഒരുപാട് ചിന്തിച്ചു… പിന്നീട് ഒരു തീരുമാനമെടുത്തു… പാടില്ല, എന്റെ ജീവിതത്തിൽ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്നവരെ ചതിക്കാൻ പാടില്ല… നെഞ്ച് പറിച്ചെടുക്കുന്ന വേദനയോടെ തന്റെ പ്രണയത്തിനു മുകളിൽ ഒരു കമ്പളം പുതച്ചു… ഇപ്പോഴും ആണ് കമ്പളത്തിനുള്ളിൽനിന്നും പുറത്തേക്ക് ചാടുവാൻ ആണ് പ്രണയം വെമ്പൽ കൊള്ളുന്നത് താനറിയുന്നുണ്ട്, പക്ഷേ ഇന്നോളം കഴിഞ്ഞിട്ടില്ല അവളെ മറ്റൊരു ഭാവത്തിൽ കാണാൻ… തന്റെ പ്രണയം അത് അവൾ തന്നെയാണ് തന്റെ നിളേച്ചി…
ആ ഭാവത്തിൽ നിന്നും പുറത്തേക്ക് വരാൻ കണ്ടുപിടിച്ച മാർഗമായിരുന്നു നന്ദന… അടുത്തേക്ക് ചെന്നപ്പോളെല്ലാം പണത്തിന്റെ പേര് പറഞ്ഞ് ആട്ടിപ്പായിച്ചു… പിന്നീട് അതൊരു വാശിയായി… പണമുണ്ടാക്കി, അന്ന് ആട്ടിപ്പായിച്ച അവളെ തന്റെ പാതിയാക്കാനുള്ള അവസ്ഥയിലെത്തി… എങ്കിലും നിളേച്ചി ഇപ്പോഴും നെഞ്ചിൽ തന്റെ പ്രണയമായി നിറഞ്ഞു കത്തുന്നു,
നന്ദനയോടുള്ളത് പ്രണയമാണോ…? അറിയില്ല… ഒരു പുരുഷന് സ്ത്രീയോടുള്ള ആകർഷണം മാത്രം… എങ്കിലും സാരമില്ല… നിളേച്ചിയെ കിട്ടാൻ മാത്രം ഭാഗ്യം താൻ ചെയ്തിട്ടില്ല… നിളേച്ചിയെപ്പോലെ ഒരു പെണ്ണിന് താനൊരിക്കലും ചേരില്ല… മറ്റൊരുപെണ്ണുമായി ശരീരം പങ്കുവച്ചെവനാണ് താൻ… ഇനി ഒരിക്കലും അവളെ പ്രണയിച്ചുപോലും കളങ്കപ്പെടുത്താൻ തനിക്കാവില്ല… മറക്കണം എല്ലാം… പക്ഷേ തനിക്കത്തിന് കഴിയോ…? അറിയില്ല… കണ്ണാ… എല്ലാത്തിനും ശക്തി തരണേ…
അവൻ കണ്ണനെനോക്കി മിഴികൂമ്പി പ്രാർത്ഥിച്ചു
വാകച്ചാർത്തിൽ മുങ്ങിനിന്ന കണ്ണൻ അവനെ നോക്കി കള്ളച്ചിരി ചിരിച്ചു…
“കണ്ണാ… ഇവനെന്റെ ജീവനാണ്… ഒരിക്കലും ഒന്നാവില്ല എന്ന് ഉറപ്പായി… എന്നാലും തന്റെ ജീവിതത്തിൽ ഒരു പുരുഷനെയുള്ളു… എന്റെ അപ്പൂട്ടൻ… മറ്റൊരാളെ അവന് പകരമായി കാണാൻ എനിക്കാവില്ല… ന്റെ അപ്പൂട്ടന് നല്ലത് മാത്രം വരുത്തണേ… അവന്റെ വിഷങ്ങളെല്ലാം മാറ്റി തിരികെ തരണേ… ഒരാപത്തും വരാതെ കാത്തോളണേ…”
നിള കണ്ണനോട് പ്രാർത്ഥിക്കുമ്പോൾ രണ്ടു തുള്ളി മിഴിനീർ അവളുടെ കവിൾത്തടങ്ങളെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങിയിരുന്നു.
ക്ഷേത്രത്തിൽനിന്നിറങ്ങി കാറിനടുത്തെത്തുമ്പോഴും നിള അപ്പുവിന്റെ കയ്യിൽ വിരൽ കോർത്ത് പിടിച്ചിരുന്നു, കാറിലേക്ക് കയറാൻ നേരംപോലും അവൾ ആ കൈവിടാൻ കൂട്ടാക്കിയില്ല… അത് കണ്ട് അപ്പു നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു, പിന്നീട് അവൻ അവളെ തന്റെ മാറോട്ചേർത്തു, ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവൾ അവനിൽ ചേർന്ന് നിന്നു, തന്റെ ഷർട്ടിലെ നനവ് അറിഞ്ഞ അപ്പു അവളുടെ നെറുകയിൽ ചുണ്ടമർത്തി, അവളെ തന്റെ ശരീരത്തിൽ നിന്നും വേർപെടുത്തി,
“അപ്പൂട്ടാ… എന്ത് പ്രശ്നമുണ്ടെങ്കിലും എന്നേ ഓർമിക്കണം, നിന്നെ കാത്തിരിക്കുന്നവരെ ഓർമിക്കണം… പെട്ടെന്ന് എല്ലാം തീർത്തു ഓടിവരണം… ഞാൻ നിന്നെ കാത്ത് ഇവിടെയുണ്ടാകും… ഞാൻ നീ വരുന്നവരെ കണ്ണനോട് മുടങ്ങാതെ പ്രാർത്ഥിച്ചോളാം…”
നിള അവനോട് പറഞ്ഞു
അപ്പു ഒന്നും മിണ്ടാതെ പുഞ്ചിരിയോടെ തലയാട്ടി, പിന്നീട് കാറിലേക്ക് കയറി, ചന്തു കാർ മുന്നോട്ടെടുത്തു,
തന്നിൽനിന്നും അകന്നുപോകുന്ന തന്റെ പ്രാണനെ നിള നിറക്കണ്ണുകളോടെ നോക്കിനിന്നു, കാർ കണ്ണിൽനിന്നും മറഞ്ഞപ്പോൾ അവൾ മുഖം പൊത്തികരഞ്ഞു, അവളുടെ മിഴികൾ ആർത്തലച്ച് പെയ്തു.
🪶
എയർപോർട്ടിലെത്തി, ദീപക് അവരെക്കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു, ദീപകിനെ അപ്പു കൈ കാണിച്ചു അകത്തേക്ക് കയറാന്നേരം അപ്പു ചന്തുവിനെ ഇറുകെ കെട്ടിപ്പിടിച്ചു,
“ഡാ… ചെന്നുടനെ വിളിക്കണം… അതുപോലെ മുടങ്ങാതെ എന്നെയും വിളിക്കണം… എന്ത് പ്രശ്നമുണ്ടേലും പറയണം… കേട്ടോ…”
ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ വാക്കുകൾ ഇടറിയിരുന്നു
“വിളിക്കാടാ… അമ്മയേം നിളേച്ചീനേം മാഷിനെമൊക്കെ നോക്കിക്കോളണം… ഞാൻ ചെന്നിട്ട് വിളിക്കാം…”
അപ്പു പറഞ്ഞിട്ട് ഉള്ളിലേക്ക് കയറിപ്പോയി,
ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും അപ്പുവിന്റെ മനസ്സ് വല്ലാതെ വേവലാതിപ്പെടുന്നുണ്ടായിരുന്നു, കേട്ടടുത്തോളം ചെറിയ പ്രശ്നങ്ങളല്ല അവിടെ ഉണ്ടായിട്ടുള്ളത്, കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്, എല്ലാം സെറ്റിൽ ചെയ്യാൻ പറ്റുവോ എന്നറിയില്ല, പറ്റിയില്ലെങ്കിൽ വര്‍ഷങ്ങളോളം ജയിലിൽ കിടക്കേണ്ടിവരും, തന്റെ ഉറ്റവരെ കാണാതെ എത്രനാൾ… അവന്റെ മനസ്സ് ആശങ്കപ്പെട്ടിരുന്നു, വരാൻ പോകുന്ന വിധിയറിയാതെ അപ്പു സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു,
🪶
ദിവസങ്ങൾ കടന്നുപോയി, അപ്പു അവിടെയത്തിയിട്ട് എല്ലാവരെയും വിളിച്ചിരുന്നു, ഇനി കുറച്ചുദിവസം നല്ല ബിസി ആയിരിക്കുന്നത്കൊണ്ട് ആരെയും വിളിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്ന് അവൻ പറഞ്ഞിരുന്നു, അതിന് ശേഷം അവന്റെ ഒരു വിവരവും ലഭിച്ചില്ല, അവനെ തിരികെ വിളിക്കുമ്പോൾ സ്വിച്ച്ഓഫ് ആയിരുന്നു, ദിവസങ്ങൾ മാസങ്ങളായി… അപ്പുവിന്റെ ഒരു വിവരങ്ങളും ഉണ്ടായില്ല, തിരികെ ബന്ധപ്പെടാൻ പോലും പറ്റിയില്ല, ശോഭയുടെയും നിളയുടെയും മിഴികൾ തോർന്നില്ല, ചന്തു എപ്പോഴും വിഷാദ ഭാവം എടുത്തണിഞ്ഞു നടന്നു, അപ്പുവിന്റെ അടുത്തുള്ള പലരെയും അവർ ബന്ധപ്പെട്ടു പക്ഷേ അപ്പുവിന്റെ യാധൊരു വിവരവും കിട്ടിയില്ല, അപ്പുവിന്റെ അഭാവത്തിൽ ശോഭ വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങാതായി, നിള എന്നും അവിടെയെത്തി ശോഭയുടെ കാര്യങ്ങൾ മുറക്ക് നടത്തിയിരുന്നു, ശോഭയുടെ മുന്നിൽ ഒരിക്കൽപോലും അവൾ അപ്പുവിനെ ഓർത്ത് കരഞ്ഞില്ല, അപ്പു തിരികെ വരുമെന്ന് ശോഭയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു, അപ്പു തനിക്ക് തന്ന വാക്കാണത് അവനത് ഒരിക്കലും തെറ്റിക്കില്ല എന്ന് പറഞ്ഞശ്വസിപ്പിക്കും, നിള ശോഭക്ക് വലിയ ആശ്വാസമായിരുന്നു, നിള മുടങ്ങാതെ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കാൻ കണ്ണന് മുന്നിലും വഴിപാടുകൾ നേർന്നുകൊണ്ടിരുന്നു… നിള അപ്പോഴും ആരും കാണാതെ കണ്ണീർ വാർത്തിരുന്നു തന്റെ അപ്പൂട്ടനെയോർത്ത്…
നിളയ്ക്ക് ആശ്വാസം കവിതയും അഭി മാഷുമായിരുന്നു, ചുരുങ്ങിയ കാലയളവിൽ തന്നെ അഭിയുമായി നിള നല്ലൊരു സുഹൃത്ബന്ധം ഉണ്ടാക്കിയിരുന്നു, രണ്ടുപേരുടെയും അഭിരുചികൾ ഒന്നായിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം, എങ്കിലും ഇടക്ക് അപ്പുവിനെ ഓർക്കുമ്പോൾ അവളുടെ കണ്ണുകൾ സജലമാകുമായിരുന്നു,
സ്കൂളിൽ കലോത്സവത്തിന്റെ തിരക്കുകൾ കൂടി വന്നു, നിളയും അഭിയുമായിരുന്നു എല്ലാത്തിന്റെയും ചുമതല, എല്ലാ ടെൻഷനുകളും അല്പനേരത്തേക്ക് മാറ്റിവച്ച് അവർ ഓടി നടന്നു,
“ടീച്ചറെ…”
സ്കൂൾ വിട്ട് കവിതയോടൊപ്പം പുറത്തേക്കിറങ്ങുമ്പോഴായിരുന്നു അഭി നിളയെ പിന്നിൽനിന്നും വിളിച്ചത്,
നിള പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കി,
അഭി അവരുടെ അടുത്തേക്ക് വന്നു
“ടീച്ചർ ബിസ്സിയാണോ ഇന്ന്…?”
അഭി നിളയോട് ചോദിച്ചു
“എന്താ മാഷേ…?”
“വീട്ടിലൊരാൾ തന്നെ തിരക്കിയിരുന്നു… താൻ വീട്ടിലേക്ക് ചെല്ലാന്ന് പറഞ്ഞിട്ട് ചെന്നില്ലെന്ന്… തന്നെ കയ്യോടെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞിരിക്കുകയാ…”
അഭി ചിരിയോടെ പറഞ്ഞു
“അമ്മയാണോ…?”
കവിത ചോദിച്ചു
“മ്… അന്ന് ക്ഷേത്രത്തിൽ വച്ചു കണ്ടശേഷം ഇടക്ക് തിരക്കും നിള മോൾടെ കാര്യം…”
അഭി ചിരിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട കവിത നിളയെ നോക്കി അർത്ഥം വച്ചു ചിരിച്ചു
അത് കണ്ട നിള കണ്ണ് കൂർപ്പിച്ച് അവളെ നോക്കിക്കൊണ്ട് അഭിയുടെ നേർക്ക് മുഖമുയർത്തി
“ഇനിയൊരിക്കലാകട്ടെ മാഷേ… ഇന്നൽപ്പം തിരക്കുണ്ട്…”
നിള പറഞ്ഞു
“എന്ത് തിരക്ക്… ചുമ്മാ ഷോ ഇറക്കാതെ ചെല്ല് പെണ്ണേ…”
കവിത പറഞ്ഞു
നിള അവളെ കൂർപ്പിച്ച് നോക്കി, കവിത അത് മൈൻഡ് ആക്കാതെ അഭിയെ നോക്കി
“ഒന്നൂല്ല മാഷേ… ഇവള് വരും… ദേ കയ്യോടെ കൂട്ടിക്കോ…”
നിളയുടെ തോളിൽ പതിയെ തള്ളിക്കൊണ്ട് കവിത പറഞ്ഞു
നിള പിന്നെയും എതിർത്തെങ്കിലും കവിത അവളെ കൂട്ടി അഭിയുടെ കാറിനടുത്തേക്ക് നടത്തി, അഭി ഒരു ചിരിയോടെ ഡ്രൈവിങ് സീറ്റിലേക്കിരുന്നു,
“ചേർത്ത് പിടിച്ചോ പെണ്ണേ… ചിലപ്പോ ഭാവി അമ്മായിയമ്മയായേക്കും…”
കവിത കളി പോലെ അവളുടെ ചെവിയിൽ പറഞ്ഞു,
“ദേ കവിതേ… വെറുതെ എന്റെ വായീന്ന് കേൾക്കണ്ടങ്കി മിണ്ടാതിരുന്നോ…”
നിള ദേഷ്യപ്പെട്ടു,
“എന്താടി ഞാൻ പറഞ്ഞതിൽ തെറ്റ്… നിങ്ങൾ നല്ല ചേർച്ചയാ… നീ നിന്റെ അപ്പൂട്ടനേം സ്വപ്നം കണ്ടോണ്ടിരിക്കാതെ… അഭി മാഷിനെ പിടിച്ചോ… നിന്റപ്പൂട്ടന്റത്രേം ഇല്ലേലും ആള് ചുള്ളനാ…”
കവിത പിന്നേം പറഞ്ഞു
നിള അവളെ ദേഷ്യത്തോടെ നോക്കി, കവിത അത് കണ്ട് ചിരിയടക്കി നിളയെ കോഡ്രൈവർ സീറ്റിലേക്ക് ഇരുത്തി,
“ഡീ… എന്നാ നീ കൂടെ വാടി…”
നിള കവിതയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു
“കൊഞ്ചല്ലേ പെണ്ണേ… നീ ധൈര്യമായിട്ട് പൊയ്ക്കോ, നമ്മുടെ അഭി മാഷല്ലേ… എന്നേ കൂട്ടാൻ എന്റെ കണവൻ വരും ഇപ്പൊ…”
കവിത ചിരിച്ചുകൊണ്ട് പറഞ്ഞു
അപ്പോഴേക്കും അഭി കാർ സ്റ്റാർട്ട് ചെയ്തിരുന്നു,
കവിതയെ നോക്കി പുഞ്ചിരിച്ചു തലയാട്ടിക്കൊണ്ട് കാർ മുന്നിലേക്കെടുത്തു
🪶
“ഇറങ്ങടോ…”
വീടിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങിയിട്ടും കാറിൽ നിന്നിറങ്ങാതെ എന്തോ ആലോചിച്ചുകൊണ്ടിരുന്ന ഇരിക്കുന്ന നിളയെ നോക്കി ചെറിയ പുഞ്ചിരിയോടെ അഭി പറഞ്ഞു
നിള പതിയെ കാറിൽ നിന്നിറങ്ങി,
“വാടോ ടീച്ചറെ…”
അഭി അവളെ പുഞ്ചിരിയോടെ വിളിച്ചു,
നിള പതിയെ വീടിനടുത്തേക്ക് നടന്നു
അഭി കാളിങ് ബെല്ലടിച്ചു അല്പം കാത്ത് നിന്നു
വാതിൽ തുറന്ന് ഒരു യുവാവ് പുറത്തേക്ക് വന്നു
അയാളെക്കേണ്ട അഭിയുടെ മുഖം ആശ്ചര്യത്താൽ തിളങ്ങി
“ശ്രീമോനെ…!!!”
അഭി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് വിളിച്ചു
“ഏട്ടാ…”
അവനോട് ചേർന്നുകൊണ്ട് അവൻ വിളിച്ചു
“നീയെപ്പോ എത്തീടാ….?”
“കുറച്ച് നേരായി അഭിയേട്ടാ…”
അപ്പോഴാണ് അയാൾ അഭിയുടെ പുറകിൽ നിൽക്കുന്ന നിളയെ കണ്ടത്, അവളെക്കണ്ട അയാളുടെ കണ്ണ് ഒന്ന് തിളങ്ങി
“ആരാ ഏട്ടാ ഇത്…?”
അയാൾ അഭിയോട് ചോദിച്ചു
“ഓ.. മറന്നു… ഇത് നിളടീച്ചർ… എന്റെ സ്കൂളിലെ ടീച്ചറാ… നമ്മുടെ അമ്മേടെ ഫ്രണ്ട്…”
ഒരു ചെറിയ ചിരിയോടെ അഭി പറഞ്ഞു
“ടോ ടീച്ചറെ… ഇത് എന്റെ അനുജൻ… ശ്രീറാം… ഞങ്ങളുടെ ശ്രീമോൻ…”
അഭി നിളയോട് പറഞ്ഞു
നിള ചിരിച്ചുകൊണ്ട് ശ്രീറാമിനെ നോക്കി
ശ്രീറാം വല്ലാത്ത ഭാവത്തോടെ അവളുടെ ഉടലളവുകൾ അളക്കുന്ന തിരക്കിലായിരുന്നു, അത് ശ്രദ്ധിച്ച നിളക്ക് വല്ലായ്മ തോന്നി, അവൾ പതിയെ അഭിയുടെ മറവിലേക്ക് നീങ്ങി നിന്നു, നിളയ്ക്ക് ശ്രീറാമിന്റെ നോട്ടം ആരോചകമായി തോന്നി,
അപ്പോഴേക്കും മഹേശ്വരി പുറത്തേക്ക് വന്നു
“അല്ല ഇതാരാ… മോളോ…? വാ.. വാ… അകത്തേക്ക് വാ…”
അവർ സന്തോഷത്തോടെ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി
നിള ഒന്ന് പുഞ്ചിരിച്ചു,
“ഞാനെന്നും ഇവനോട് തിരക്കും മോൾടെ കാര്യം…”
നിളയെക്കൂട്ടി അകത്തേക്ക് നടക്കുന്നതിനിടയിൽ മഹേശ്വരി പറഞ്ഞു
നിള ഒരു പുഞ്ചിരിയോടെ അവരെ അനുഗമിച്ചു,
ശ്രീറാം അവളുടെ പിന്നഴക് നോക്കി കീഴ്ച്ചുണ്ട് കടിച്ചു,
“വൗ… എന്തൊരു ഷേപ്പ്… വീണപോലുണ്ട് പിന്നഴക്…”
അവൻ ആത്മഗതം പറഞ്ഞുകൊണ്ട് അവളെ കണ്ണുകളാൽ ഉഴിഞ്ഞു,
നിള മഹേശ്വരിക്കൊപ്പം അടുക്കളയിലായിരുന്നു, മഹേശ്വരി ഓരോന്ന് പറഞ്ഞുകൊണ്ട് ചായ തിളപ്പിക്കുന്നുണ്ടായിരുന്നു, നിള വാതിക്കലേക്ക് നോക്കുമ്പോൾ അവളെ നോക്കിയുഴിഞ്ഞുകൊണ്ട് വാതിലിന്റെ കട്ടളപ്പടിയിൽ കൈകൾ വച്ചുകൊണ്ട് ശ്രീറാം നിൽക്കുന്നു, നിളയ്ക്ക് അവന്റെ നോട്ടം ആരോചകമായി തോന്നി അവന്റെ നോട്ടം തന്റെ സാരിക്കിടയിലൂടെ ചെറുതായി കാണുന്ന വയറിലേക്കാണെന്ന് കണ്ട നിള അവനെ ദേഷ്യത്തോടെ നോക്കികൊണ്ട് സാരി കൊണ്ട് വയറു മറച്ചു,
ശ്രീറാം അത് കണ്ട് വല്ലാത്ത ഭാവത്തോടെ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി,
ചായ കുടിച്ച് മഹേശ്വരി അടുക്കളയിലേക്ക് പോയപ്പോൾ നിള വീടിനകമൊക്കെ ചുറ്റി നടന്നു,
ഒരു മുറിക്ക് മുന്നിൽ എത്തി അകത്തേക്ക് നോക്കി, അഭിയുടെ ഷർട്ട് ഹാങ്കറിൽ കിടക്കുന്നത് കണ്ട് അത് അഭിയുടെ മുറിയാണെന്ന് അവൾക്ക് മനസ്സിലായി, തിരികെപോകാൻ തിരിഞ്ഞപ്പോളാണ് ആണ് മുറിയുടെ ഷെൽഫിൽ കുറച്ചു പുസ്തകങ്ങൾ കണ്ടത്, അവൾ മുറിക്കകത്തേക്ക് കയറി ഷെൽഫിലെ പുസ്തകങ്ങളിൽ വിരലോടിച്ചു, അപ്പോഴാണ് മധ്യ ഭാഗത്തായി ഇരിക്കുന്ന മൂന്ന് പുസ്തകങ്ങൾ ശ്രദ്ധിച്ചത്, ശിവ ട്രയോളജി ‘ദി ഇമ്മോർട്ടൽസ് ഓഫ് മലൂഹ’ ‘ദി സീക്രെട് ഓഫ് നാഗാസ്’ ‘ദി ഓത് ഓഫ് വായുപുത്ര’, അവൾ ആണ് പുസ്തകങ്ങൾ കയ്യിലെടുത്തു, അതിലൂടെ വിരലോടിച്ചു
അപ്പോഴാണ് മേശമേലിരിക്കുന്ന ഫ്രെയിം ചെയ്ത ഒരു ഫോട്ടോ അവൾ കാണുന്നത്, അഭിയും കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും, വിവാഹ വേഷത്തിലാണ്, ആ പെൺകുട്ടിയുടെ പിന്നിൽ നിന്ന് അവളുടെ ചുമലിൽ കൈതാങ്ങി നിൽക്കുന്ന അഭി, രണ്ടുപേരുടെയും മുഖത്ത് സന്തോഷമുള്ള ഒരു ചിരിയുണ്ട്, നിള ആണ് ഫോട്ടോയിലേക്ക് ഉറ്റുനോക്കി നിന്നു,
“നാൻസി… ഒരിക്കൽ എന്റെ എല്ലാമായിരുന്നു… വെറും രണ്ടു മാസം മാത്രം നീണ്ടുനിന്ന എന്റെ ദാമ്പത്യം…”
പിന്നിൽ നിന്നും അഭി നിളയെയും അവളുടെ കൈയിലിരിക്കുന്ന ഫോട്ടോയും നോക്കി പറഞ്ഞു,
നിള പെട്ടെന്ന് തിരിഞ്ഞ് അഭിയെ നോക്കി
“അപ്പൊ ഈ കുട്ടി…?”
അവൾ ചോദിച്ചു
“അറിയില്ലടോ… എന്നേക്കാൾ നല്ലൊരാളെ കണ്ടപ്പോൾ അവൾ പോയി… തനിക്കറിയോ മൂന്നുവർഷം ചങ്ക് നിറച്ചു പ്രണയിച്ചതാ ഞങ്ങൾ, പിന്നീട് വീട്ടുകാരെ എതിർത്ത് ഒന്നായപ്പോൾ അത്രയ്ക്ക് സന്തോഷിച്ചതാ, പക്ഷേ അവൾക്ക് എന്റെ കുടുംബത്തെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയില്ല, ഒരു ദിവസം എന്നോട് പോലും പറയാതെ അവൾ അവളുടെ കൂട്ടുകാരനോടൊപ്പം പോയി… പറഞ്ഞാൽ വലിയ കഥയാണ്… പിന്നൊരിക്കൽ പറയാം…”
പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ തന്റെ കൈത്തണ്ട കൊണ്ട് കണ്ണുകൾ തൂത്തു
നിളയ്ക്ക് അവനോട് വല്ലാത്ത സഹതാപം തോന്നി, ഒരുതരത്തിൽ പറഞ്ഞാൽ ഞാനും ഇതുപോലെ പ്രണയത്താൽ പിടഞ്ഞവളാണ്, അതിന്റെ നീറ്റൽ തനിക്ക് മനസ്സിലാകും,
“ശിവ ട്രയോളജി എനിക്ക് തരോ… ഞാൻ വായിച്ചിട്ട് തിരികെതാരാ…”
നിള വിഷയം മറ്റാനെന്നാവണം പറഞ്ഞു,
“തനിത് വായിച്ചിട്ടില്ലേ…?”
തേല്ലോരത്ഭുതത്തോടെ അഭി ചോദിച്ചു
“മ്.. വായിച്ചിട്ടുണ്ട് pdf ആയി… പക്ഷേ എത്ര ടെക്നോളജി വളർന്നാലും പുസ്തകം വായിക്കുന്ന ഫീൽ കിട്ടില്ല…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു,
“മ്.. താനെടുത്തോ… വല്ലാത്തൊരു ഫീൽ അണിതിന്, ഒരു കൂട്ടം ജനത, തങ്ങളുടെ ശാപം തീർക്കാൻ വരുന്ന അവരുടെ അവതാര പുരുഷനെ കാത്തിരിക്കുന്നു.. അതിനിടയിൽ നടക്കുന്ന കുറെ സംഭവങ്ങൾ… വല്ലാത്തൊരു ഭാഷയാണിതിന്…”
അഭി പറയുമ്പോൾ നിള കണ്ണ് പറിക്കാതെ ചെറുപുഞ്ചിയോടെ അവന്റെ മുഖത്ത് കൗതുകത്തോടെ നോക്കി നിന്നു,
“നാൻസിയും ഇതുപോലെയായിരുന്നു, ഒരുപാട് വായിക്കും, ഞാൻ കുത്തിക്കുറിക്കുന്ന കഥകളും കവിതകളുമെല്ലാം ആദ്യമേ അവൾക്ക് വായിക്കണമെന്ന വാശിയാണ്, അവൾക്ക് വേണ്ടി അവളുടെ സന്തോഷത്തിനുവേണ്ടിയാണ് ഞാൻ എഴുതിയിരുന്നത്…”
ഏതോ ഓർമയിൽ അവന്റെ കണ്ണുകൾ പിടച്ചു, അത് കണ്ട നിളയ്ക്ക് വല്ലാത്ത സ്നേഹം തോന്നി അവനോട്
കുറച്ചുനേരം അവരോടൊപ്പം ചിലവഴിച്ച് നിള പോയത് ശോഭയുടെ അടുത്തേക്കാണ്
അവൾ ചെല്ലുമ്പോൾ ശോഭ കിടക്കുകയായിരുന്നു,
ഉച്ചക്കത്തെ ഭക്ഷണം മൂടിവച്ചപോലെ ഡെയിനിങ് ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു
“എന്താ ശോഭക്കുട്ടി ഒന്നും കഴിക്കാഞ്ഞേ…?”
“കഴിക്കണം… എന്തോ വിശപ്പ് തോന്നിയില്ല…”
ശോഭ അവശതയോടെ കട്ടിലിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു,
“അമ്മയിങ്ങനെ ഒന്നും കഴിക്കാതെയിരുന്നാൽ അപ്പൂട്ടൻ വരുമ്പോൾ എന്നെയാ ചീത്ത പറയുന്നത്… അവൻ അവന്റെ ശോഭക്കുട്ടിയെ എന്നെയെല്പിച്ചാ പോയിരിക്കുന്നത്…”
ഒരു ചിരിയോടെ നിള പറഞ്ഞുകൊണ്ട് ശോഭയുടെ അടുത്തേക്കിരുന്നു,
“ന്റെ പൊന്നുമോൻ… അവനിപ്പോ എവിടയാ… എങ്ങിനെയാ… ഒന്നും അറിയാൻ കഴിയുന്നില്ലല്ലോ ന്റെ കൃഷ്ണാ…”
ഒരു വിതുമ്പലോടെ ശോഭ നിളയുടെ ചുമലിലേക്ക് ചാഞ്ഞു
നിളയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി, അവളുടെ ചുണ്ടുകളും ഒന്ന് വിതുമ്പി, പെട്ടെന്ന് അവൾ ആണ് ഭാവം മാറ്റി കണ്ണുകൾ തുടച്ചു
“അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ ഒന്നും ആലോചിക്കരുതെന്ന്… അവൻ എന്നോട് വാക്ക് പറഞ്ഞതാ, തിരികെ വരുമെന്ന്… അവൻ ആ വാക്ക് പാലിക്കും, ഒരു ദിവസം അവൻ നമ്മുടെ മുന്നിലെത്തും… നോക്കിക്കോ…”
നിള ശബ്ദം പതറാതിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു
ശോഭ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു
“ന്റെ കണ്ണടയും മുന്നേ ന്റെ മോനേ കണ്ണ് നിറയേ കാണാൻ പറ്റോ മോളെ എനിക്ക്…?”
“ദേ… നിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ… ഓരോന്നാലോചിച്ചിരിക്കാതെ വന്നേ എന്റൊപ്പം…”
നിള ശോഭയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഡെയിനിങ് ടേബിളിൽ കൊണ്ടിരുത്തി ഭക്ഷണം വിളമ്പിക്കൊടുത്തു, ശോഭ കഴിച്ചു തുടങ്ങിയതും നിള സരിതുമ്പ് അരയിൽ തിരുകി മുറ്റവും ഉമ്മറവും അടിച്ചുവാരി വരുമ്പോഴേക്കും ശോഭ കഴിച്ചു കഴിഞ്ഞിരുന്നു, നിള ശോഭയോട് പറഞ്ഞ് വീട്ടിലേക്ക് പോയി,
അവൾ ചെല്ലുമ്പോൾ ചന്തു മാഷുമായി ഗൗരവത്തിൽ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു, അവൾ അവരെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി, വേഷം മാറി അവർക്കുള്ള ചായയുമായി ഉമ്മറത്തേക്ക് വന്നോപ്പോളാണ് അവരുടെ സംസാരം ശ്രദ്ധിക്കുന്നത്, അപ്പുവിനെപ്പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്, അവൾ വാതിലിനരികിൽ നിന്നുകൊണ്ട് ശ്രദ്ധിച്ചു,
“നമ്മുടെ ടാക്സി ഓടിക്കുന്ന ഗോപലേട്ടന്റെ മോൻ വിനീഷ് ഗൾഫിന്ന് വന്നിട്ടുണ്ട് അവനാ കാര്യങ്ങളൊക്കെ പറഞ്ഞത്, സംഭവം അല്പം കൊഴഞ്ഞ കേസാ…. അവിടെന്തോ സാമ്പത്തിക തിരിമറി നടത്തിന്നാ കേസ്, അപ്പൂന്റെ സമ്പാദ്യമെല്ലാം ഫ്രീസ് ചെയ്തുന്നാ പറയുന്നത്, ഇനീം കോടികൾ വേണം ജയിലീന്നിറങ്ങാൻ, ഇവിടെ അവന്റെ പേരിലുള്ളതെല്ലാം പോകും, നമ്മളെകൊണ്ട് കൂട്ടിയാൽ കൂടില്ല മാഷേ, ഇനി സർക്കാർ വഴിയോ, പ്രവാസി മലയാളി സംഘടന വഴിയോ മാത്രമേ കാര്യങ്ങൾ നടക്കൂ, ഞാൻ നമ്മടെ പുളിമൂട്ടിലെ രാജീവിനെ വിളിച്ചു, അവനിപ്പോ എമ്മല്ലെടെ പിഎ അല്ലേ, ഞാൻ നാളെ തിരുവനന്തപുരത്തേക്ക് പോകാൻ പോകുവാ,…”
ചന്തു വെപ്രാളത്തോടെ പറഞ്ഞ് നിർത്തി,
എല്ലാം കേട്ട് മാഷ് തലയിൽ കൈതാങ്ങി ഇരിക്കുന്നുണ്ടായിരുന്നു,
ഇതെല്ലാം കേട്ട നിള ഒരുനിമിഷം വിറങ്ങലിച്ചു നിന്നു.
(വീണ്ടും വരാം…)
തിരക്കാണ്… അതിനിടയിൽ തട്ടിക്കൂട്ടിയതാണ്, എത്രത്തോളം നന്നായെന്ന് അറിയില്ല, സപ്പോർട്ട് ചെയ്യണേ,
തുളസിദളം ഉടനെ പോസ്റ്റാം, ക്ലൈമാക്സ് ആണ് പറഞ്ഞിരുന്നത്, മൊത്തത്തിൽ ഒരു മടി, അതുകൊണ്ട് കുറച്ചുകൂടി പാർട്ടുകളായി പോസ്റ്റാം
നല്ല സ്നേഹം…❤️😍
Responses (0 )