മണ്ണാങ്കട്ടയും കരിയിലയും 1
മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി
Mannakkattayum Kariyilayum Part 1
Maliyekkal Tharavattile Monchathy | JM&AR
ഇന്നൊരു ശനിയാഴ്ചയാണ്. സമ്മർ സെമസ്റ്റർ വൈൻഡ് അപ് ചെയ്ത് കഴിഞ്ഞിട്ട് നാല് ദിവസമായി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പതിവായി ഉണരുന്നത് കൊണ്ട് രണ്ടേ നാൽപ്പതായപ്പോൾ തന്നെ ഞാനുണർന്നു. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. തറവാട്ടിൽ ആയിരുന്നപ്പോഴുള്ള ശീലമാണ്. അച്ഛച്ഛനും അച്ഛമ്മയും നേരത്തേ ഉറങ്ങുന്നവരായിരുന്നു.
ബത്തേരിയിലെ വിരസമായ രാത്രികളും സംഭവബഹുലമായ പകലുകളും അവർക്കതിനൊരു കാരണമായി തീർന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. ആ നാടും നാട്ടുകാരും അങ്ങനെയാണ്. സൂര്യനസ്തമിച്ചാൽ ഉടനെ ഉറങ്ങുകയും പുലർച്ചക്ക് മുന്നേ ഉണരുകയും ചെയ്യുന്ന നാട്ടിൽ നിന്നും കുറ്റിക്കാട്ടൂരിലെത്തിയിട്ടും ചിട്ടകളിൽ വലിയ മാറ്റങ്ങളൊന്നും ഇപ്പോഴും വന്നിട്ടില്ല. എന്തൊക്കെയായാലും കോഴിക്കോട് ന്യൂയോർക്ക് അല്ലല്ലോ.
ഞാൻ അടുക്കളയിലെത്തി. അഞ്ചാറ് മുട്ടയും കുറച്ച് ഏത്തപ്പഴവും പുഴുങ്ങാൻ വെച്ചു.
പടികൾ കയറി ഞാൻ മുകളിലെത്തി. രേണു ഉണർന്നിരിക്കുന്നു. കുറേ ഫയലുകളും എന്തൊക്കെയോ ഫോമുകളുമായി മേൽക്കൂരയിലെ കൊളുത്തിൽ പിടിപ്പിച്ച ചൂരൽ കസേരയിലിരുന്ന് ഗഹനമായ എന്തോ ചിന്തയിലാണ് എൻ്റെ രേണു.
“ആവശ്യല്ലാത്ത കാര്യങ്ങളാലോചിക്കാണോ”?
രേണു തലയുയർത്തി. എൻ്റെ ചോദ്യത്തിനുത്തരമായി തല കുലുക്കി.
“പിന്നെന്താ ? ആവശ്യള്ള കാര്യങ്ങളാ”?
രേണു വീണ്ടും തല കുലുക്കി. മുടി വിടർത്തിയിട്ട് നൈറ്റ് ഡ്രസ്സിൽ ചൂരൽ കസേരയിലിലേക്ക് ഒരു കാൽ കയറ്റി മടക്കി വെച്ച് തലയും താങ്ങിപ്പിടിച്ച് ഇരിക്കുന്ന രേണുവിനെ ഒരു നിമിഷത്തേക്ക് ഞാൻ നോക്കി നിന്നു പോയി. ഉണർന്നെഴുന്നേറ്റ കോലത്തിലായിട്ട് പോലും രേണു അതിസുന്ദരിയാണ് എന്നെനിക്ക് തോന്നി.
“യു ആർ ആൻ എഥീറിയൽ ബ്യൂട്ടി”
ഞാൻ മനസ്സിൽ പറഞ്ഞു. പറഞ്ഞത് പക്ഷേ കുറച്ച് ഉറക്കെ ആയിപ്പോയി.
“എന്താ കണ്ണാ”?
“നത്തിങ്. നത്തിങ്. രേണു ഇങ്ങനെ ഇരിക്കുന്നത് കണ്ടപ്പോ ഞാനേ വെറുതേ ഫോർ ഫാദേർസിനെ ഓർത്തതാ”
രേണു മുടി വാരിക്കെട്ടി പുഞ്ചിരിയോടെ എൻ്റെ നേർക്ക് നോക്കി. ഞാൻ അടുത്ത് ചെന്ന് താടിക്ക് പിടിച്ച് കൊഞ്ചിച്ച് കയ്യിലിരുന്ന കടലാസ് കെട്ട് വാങ്ങി അടുത്തുള്ള സ്റ്റാൻഡിങ് ഡെസ്കിലേക്കിട്ടു.
“രേണു ഒരു സുന്ദരിയാന്ന്…. യൂ നോ.. കല്യാണം കഴിക്കാൻ രേണുവിനെ പോലത്തെ ഒരു സുന്ദരികുട്ടിയെ കിട്ടിയാലുണ്ടല്ലോ… ഓ മാൻ… ഞാൻ പോയി തൂങ്ങി ചാകും”
“വീണ്ടും”?
ചെറു ചിരിയോടെയായിരുന്നു രേണുവിൻ്റെ ചോദ്യം. ഞാൻ പണ്ട് കൊല്ലിയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോയത് ഓർത്തായിരിക്കും.
“ഇറ്റ്സ് ജസ്റ്റ് ആൻ എക്സ്പ്രഷൻ”
“യെട്ട് ഐ ഫെൽറ്റ് ദ നീഡ് റ്റു ചെക്ക്. നിനക്കൊരു സുന്ദരിപ്പെണ്ണുണ്ടല്ലോ. അവൾക്ക് എന്നേക്കാളും ഭംഗിയില്ലേ? പ്രായോം കുറവാ”
“അതാരാ ഞാനറിയാത്ത ഒരു സുന്ദരി”?
“നീഹാരിക മാത്തൻ. ഹോ… എന്തൊരഭിനയം. അവനറിയേയില്ല അതാരാന്ന്”
ആ പേരും പറഞ്ഞ് കുറേയായി രേണു എന്നെ കളിയാക്കുന്നു. ഇപ്രാവശ്യം എന്തായാലും അങ്ങനെയങ്ങ് വിട്ട് കൊടുക്കാൻ എനിക്ക് തോന്നിയില്ല.
“രേണുവിനെ പിടിച്ച് കെട്ടിച്ച് വിട്ടിട്ടു വേണം എനിക്കും നീഹക്കും കൂടെ ആഘോഷിക്കാൻ. വീ വിൽ സെലിബ്രേറ്റ് അവർ… അവർ … നത്തിങ്.. സോ… പറ രേണൂ. രേണുവിൻ്റെ സങ്കൽപ്പത്തിലെ ചെക്കനെങ്ങനെയാ”?
“അങ്ങനെ നീ ഇപ്പോ എന്നെ കണ്ടവൻ്റെ കൂടെ പറഞ്ഞ് വിട്ട് മാത്തൻ്റെ കൂടെ ഉണ്ടാക്കണ്ട”
“അപ്പോ പറഞ്ഞ് വിടാതെ ഉണ്ടാക്കാം എന്ന്…”
“പോടാ വൃത്തികെട്ടവനേ”
രേണു ചിരി നിർത്താൻ പാടുപെട്ടു.
“രേണു ചിരിച്ചു. അപ്പോ ആവാന്ന് അല്ലേ” ?
ഞാൻ രേണുവിൻ്റെ അടുത്തേക്കിരുന്നു. നിരർത്ഥകമായ ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടാവാൻ ഒരു ലക്ഷ്യം വേണമെന്ന് എനിക്ക് തോന്നി. മരിക്കാത്തത് കൊണ്ട് ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതിൽ അത്രക്ക് സുഖം തോന്നുന്നില്ല. മരിക്കാൻ കാരണങ്ങളില്ല എന്നത് ജീവിക്കാനുള്ള ഒരു ഒഴിവുകഴിവല്ല. ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ഒന്നുണ്ടെങ്കിൽ ജീവിതം കൂടുതൽ ആസ്വാദ്യകരമായിരിക്കും എന്നതാണ് പരമാർത്ഥം. ചിന്തകളിലാണ്ട് പോയ എന്നെ സാകൂതം നോക്കിയിരിക്കുകയാണ് രേണു.
“അതൊക്കെ എന്തേലും ഒക്കെയാവട്ടെ. എന്തേ രേണൂ നേരത്തെ വിഷമിച്ചിരുന്നേ? എനിതിങ് ബോതറിങ് യു”?
കളി തമാശയൊക്കെ മാറ്റിവെച്ച് ഞാൻ ഗൗരവത്തിലായി.
“ഇൻകം ടാക്സ് ഫയൽ ചെയ്യാനായില്ലേ? അതിൻ്റെ ഓരോ കാര്യങ്ങള്…”
“ആലോചിച്ച് വയനാടൻ കാട് കേറീട്ടുണ്ടാവും. ബത്തേരിയിലെ ഫാമിൻ്റെ കാര്യാവും. ആ വഴിയേ കുറച്ചു ദൂരം കൂടി പോയാ അച്ഛച്ഛൻ്റെ നെഞ്ചത്തോട്ടെത്തും”
അടുപ്പത്തിരുന്നത് തിളച്ചു മറിയുന്നുണ്ടായിരുന്നു. അതെടുത്ത് ഒരു പാത്രത്തിലാക്കി കൊണ്ട് വന്ന് ടീ പോയിയിൽ വെച്ചു. അപ്പുറത്ത് നിന്ന് ഒരു കസേര വലിച്ചിട്ടിരുന്നു.
“ഞാൻ കാര്യായിട്ട് ഒരു കാര്യം പറയട്ടെ രേണൂ? രേണുവിന് കല്യാണം കഴിച്ചാലെന്താ? ഇങ്ങനെ ഇരുന്നിട്ടാ ആവശ്യല്ലാത്ത ചിന്തകളൊക്കെ”
“എനിക്ക് പ്രായം ഇല്ലേ? പിന്നെ പറ്റിയ ആള് വേണ്ടേ? ഇനീപ്പോ… ”
“മുപ്പത്തി ഒന്ന് വയസ്സല്ലേ? അതൊക്കെയാ ഇത്ര വലിയ പ്രായം? നോക്ക് രേണൂ… ഞാൻ പണ്ട് ഒന്നിലായന്നേ നാലാം ക്ലാസ്സിലെ കുറേ ഉണ്ണാക്കന്മാര് ഗ്രൗണ്ടില് ഫുട്ബോള് കളിക്കുന്നതും സ്കൂളിൻ്റെ പിന്നിലെ പുഴയില് ചൂണ്ട ഇടുന്നതും ഒക്കെ കണ്ട് അവര് വല്യ ആൾക്കാരാന്ന് വിചാരിച്ചിരുന്നു. നാലില് എത്തിയപ്പോ ഒരു കോപ്പും അല്ലാന്ന് മനസ്സിലായി. അത് പോലെ തന്നേന്നു എട്ടിലെത്തിയപ്പഴും. പ്ലസ്ടുക്കാര് വല്യ പുളളികളായി നടന്നേന്നത് കണ്ട് നോക്കി നിന്നത് ഒക്കെ ഓർക്കുമ്പോ ഇപ്പോ എന്തോ പോലെ ഒക്കെ തോന്നും. അതാ പറഞ്ഞത്. പുറത്ത് നിന്ന് നോക്കുന്നോർക്ക് പലതും തോന്നും. അവർക്കും അതേ പ്രായാവുമ്പോ മനസ്സിലാവും ഒരു തേങ്ങാ കൊലയും ഇല്ലാന്ന്”
“അത് നിനക്ക് നിൻ്റെ അമ്മയുടെ പഞ്ചാബി പാരമ്പര്യം കിട്ടിയതാ. നല്ല ഉയരോം വണ്ണോം ഒക്കെ ആവുമ്പോ പ്രായം ഇല്ലേലും വല്യ ആളാന്ന് കാണുന്നോർക്ക് തോന്നും. നിൻ്റെ മുഖം കണ്ടാൽ നല്ല ചെറുപ്പവും. ഇവിടെ വരുന്ന നിൻ്റെ അമ്മയുടെ ഏട്ടനെ കണ്ടില്ലേ. അമ്പത് കഴിഞ്ഞിട്ടും മുപ്പത്താറ് നാൽപ്പത് വയസ്സായീന്നേ തോന്നൂ.”
“കാര്യം പറയുമ്പോ എന്തിനാ പഞ്ചാബിലോട്ട് പോവുന്നത്? രേണുവിനും ഹയ്റ്റും വെയ്റ്റും ഒക്കെ ഉണ്ടല്ലോ. പിന്നെന്താ”?
“എന്നാലും അത് ശരിയാവില്ല കണ്ണാ …”
രേണു മുട്ട എടുത്ത് ചുവരിൽ ഇട്ട് തട്ടി ചതച്ച പോലെയാക്കി തോട് ഊരിയെടുത്തു. ഞാനത് നോക്കി ഇരിക്കുകയായിരുന്നു. രേണു ഒരു കൈയിൽ മീൻ പിടിച്ച് മറ്റേ കൈ കൊണ്ട് ഇറച്ചി നുള്ളിയെടുത്ത് കഴിക്കുന്നതാണ് പെട്ടെന്ന് എനിക്ക് ഓർമ്മ വർന്നത്. കൊച്ചു കുട്ടികളേപ്പോലെ രേണു രണ്ട് കൈ കൊണ്ടും ഭക്ഷണം കഴിക്കുന്നതാലോചിച്ച് ചെറുചിരിയോടെ ഞാൻ ആ മുട്ട വാങ്ങി രണ്ടായി പകുത്ത് രേണുവിൻ്റെ വായിലേക്ക് വെച്ചു കൊടുത്തു.
“രേണൂ…. ആർ യു എ ലെസ്ബിയൻ ? ഒന്നും ഉണ്ടായിട്ടല്ല. എന്നാലും… നീഹയുടെ കാര്യം പറഞ്ഞുള്ള ആ ചാട്ടം ഒക്കെ കണ്ടപ്പോ എനിക്കങ്ങനെ തോന്നി. ഇനീപ്പോ ആണെങ്കിലെന്താ? വർഗ്ഗീസ് ചേട്ടൻ്റെ മോള് എലിസബത്ത് ലെസ് അല്ലേ? എന്നിട്ടിപ്പോ ഒന്നൂല്ലല്ലോ”
“ഞാൻ അതൊന്നും അല്ല” രേണുവിൻ്റെ മുഖത്ത് ചെറിയൊരു നാണം. ചുണ്ടുകൾ വിറക്കുന്നു. കവിളിൽ നുണക്കുഴികൾ തെളിഞ്ഞു വന്നു. “പിന്നണ്ടല്ലോ കണ്ണാ… അവളെന്നെ ഒന്ന് പ്രപ്പോസ് ചെയ്തതാ…. പണ്ട്… ഞാനിങ്ങനെ കെട്ടാതെ നടന്നത് കണ്ടിട്ടാ. കോമൺ മിസണ്ടർസ്റ്റാൻഡിങ്. എന്നോട് ഓസ്ട്രേലിയയിലോട്ട് ചെല്ലാൻ പറഞ്ഞതാ. അവിടേം ഉണ്ടല്ലോ റിസേർച്ച് ഓപ്പർച്യൂണിറ്റീസൊക്കെ”
“എന്നാ പൊയ്ക്കൂടായിരുന്നോ”?
“ഞാൻ നീ പറഞ്ഞതല്ലല്ലോ ”
“എന്നാ പറ രേണൂ.. ഇനീപ്പോ കൃത്യം ക്വാളിറ്റീസ് പറയാൻ ബുദ്ധിമുട്ടാണേൽ ആർക്കി ടൈപ്പ്സ് പറഞ്ഞാൽ മതി. അല്ലെങ്കിൽ രേണുവിൻ്റെ ഡ്രീം ആള് എങ്ങനെത്തെ ക്യാരക്ടറാന്ന് പറഞ്ഞാലും മതി. ഫിക്ഷനോ അല്ലെങ്കിൽ വേറെ എന്തേലും ഒക്കെ…”
“ആർക്കി ടൈപ്പ്സ് അറിയില്ല. ക്യാരക്ടർ പറയാൻ ….” രേണു കാൽമുട്ടിൽ തലയും വെച്ച് ഇരുന്ന് കുറച്ച് സമയം ചിന്തിച്ചു. “ഡാർസി. അതുപോലത്തെ ഒരാളാണേൽ നന്നാവില്ലേ” ?
“ആ അൺറൊമാൻ്റിക് മൂരാച്ചിയോ”?
“അങ്ങനെ ആണെന്നേ ഉള്ളൂ. പക്ഷേ ഒരു ഐഡിയൽ ഹസ്ബൻ്റിൻ്റെ ക്വാളിറ്റീസൊക്കെ ഡാർസിക്കുണ്ട് ”
ഞാൻ നിശബ്ദനായി രേണു പറയുന്നത് കേൾക്കുകയായിരുന്നു. മിസ്റ്റർ ഡാർസിയാണത്രേ രേണു ആഗ്രഹിക്കുന്ന പുരുഷൻ. ഞാൻ രേണുവിൻ്റെ സ്വഭാവസവിശേഷതകളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.
“അല്ലെങ്കിൽ ബെത് ലഹേം ഡെന്നീസ് ”
രേണു ഒരു പഴം എടുത്തു. മിസ്റ്റർ ഡാർസിയും ഡെന്നീസും. ദാറ്റ്സ് ആൻ ഇൻട്രസ്റ്റിങ് കോമ്പിനേഷൻ. വാട്ട് ക്വാളിറ്റീസ് ഡു ദിസ് ബത് ലഹേം ഡെന്നീസ് എംബോഡീസ്? എൻ്റെ മനസ്സ് വളരെ വേഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ഡാർസിയെ എനിക്കറിയാം. രണ്ടു പേരും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല. അങ്ങനെയുള്ള രണ്ട് പേരെ ഇഷ്ടപ്പെടണമെങ്കിൽ രേണുവിൻ്റെ പേർസണാലിറ്റി എങ്ങനെയാവും? രേണുവിൻ്റെ താൽപര്യങ്ങൾ എനിക്കറിയാം. രേണുവിൻ്റെ ഇഷ്ടങ്ങളും. പല വഴിക്ക് എൻ്റെ ചിന്തകൾ പോയെങ്കിലും അവസാനം എല്ലാം രേണുവിൽ ചെന്നു ചേർന്നു. ദാറ്റ് പേർസണാലിറ്റി ആൻഡ് ഇറ്റ്സ് ആട്രിബ്യൂട്ട്സ്. എല്ലാം എൻ്റെ ബുദ്ധിയിൽ തെളിഞ്ഞു.
“കണ്ണാ… എന്താ ഈ ചിന്തിച്ചു കൂട്ടുന്നത്? കുറേ ദിവസായിട്ട് നിനക്ക് എന്നോട് എന്തോ ചോദിക്കാനുണ്ടൂന്ന് എനിക്കറിയാം. ചുറ്റും ഉള്ളതൊക്കെ കണ്ട്രോള് ചെയ്ത് നീ മനസ്സിൽ വിചാരിച്ചിടത്ത് കാര്യങ്ങളെത്തിക്കുന്ന നിൻ്റെ സ്വഭാവം എനിക്കറിയാലോ. അതും മനസ്സിലിട്ടല്ലേ ഇതൊക്കെ ചോദിച്ചത്. ഇനി പറ… എന്താ നിൻ്റെ മനസ്സില്”?
“ഒരു കെമിസ്ട്രി പ്രൊഫസർ”
“ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാന്നായിരിക്കും? ആനന്ദ് രവീന്ദ്രൻ… നല്ലൊരാളാണ്. ഇവൻ്റൊക്കെ കോർഡിനേറ്റ് ചെയ്യാൻ ഒരു പ്രത്യേക കഴിവാ. ആള് നല്ല തമാശക്കാരനാണ്. പിന്നെന്താ ? എല്ലാവർക്കും പെട്ടെന്ന് അടുപ്പം തോന്നുന്ന പേർസണാലിറ്റിയാണ്. നിൻ്റെ ആ കൂട്ടുകാരനില്ലേ? ഷംസാദ്.. അവനേപ്പോലെ. ഒരിത്തിരി ഓവർ ഫ്രണ്ട്‌ലിയാന്നുള്ളത് സത്യം തന്നെയാ. അത് വിചാരിച്ച് പ്രേമമാണ് എന്നാണോ? സോളിഡ് സ്റ്റേറ്റ് കെമിസ്ട്രിക്കാരെ കൂടെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും ഇലക്ട്രോണിക്സിലെ അവരും കൂടെ കൂടി ഒരുമിച്ച് ഓഗസ്റ്റിലെ ആ പരിപാടി നടത്താൻ ഉള്ള പ്ലാനിലാ. അതല്ലാതെ വേറെ ഒന്നും ഇല്ല”
“രേണു ഇങ്ങനെ ഒറ്റക്ക്… ഫസ്റ്റ് മാര്യേജ് ഏതായാലും അങ്ങനെയായി. ഇനി പറഞ്ഞിട്ട് കാര്യല്ലല്ലോ. ഒന്നൊന്നര ആഴ്ചയായി ഞാൻ രേണുവിനേം പ്രൊഫസറേം ശ്രദ്ധിക്കാൻ തുടങ്ങീട്ട്. അപ്പോ മിനിഞ്ഞാന്നും പ്രൊഫസറെ കൂടെ കണ്ടപ്പോ…. ”
“ഞങ്ങള് രണ്ടും ഫ്യൂച്ചറും പ്ലാൻ ചെയ്ത് ബാസ്കറ്റ് ബോൾ കോർട്ടിൻ്റെ സൈഡിലെ ബെഞ്ചിലിരുന്ന് മേഘങ്ങളെ നോക്കിയിരിക്കാവും എന്നങ്ങട്ട് വിചാരിച്ചിട്ടുണ്ടാവും”
“പിന്നെ? രേണു ഒരു കോലു മിഠായീം വായിലിട്ട് ആ രവീന്ദ്രൻ്റെ കൂടെ ഇരിക്കുന്നത് കണ്ടാൽ അതെന്താന്നറിയാനുള്ള ബോധം ഒക്കെ എനിക്കുണ്ട് ”
“അച്ചോടാ… നോക്കട്ടെ ഞാനാ കാരണവരെ… അല്ലേലും നിനക്കുള്ളതാ വെറുതേ ഇരിക്കുമ്പോ കാരണവര് കളിക്കുന്നത്. രമ ചേച്ചി ആ സ്റ്റാള് നടത്തുന്നതേ പൈസ ഉണ്ടാക്കാനാ. കാമുകീ കാമുകന്മാര് ഒരുപാട് വിലസി നടക്കുന്നതല്ലേ. അപ്പോ ചിലവാവുന്ന സാധനാവും അവിടെ ഉണ്ടാവാ. ആനന്ദ് എന്തോ വാങ്ങിയപ്പോ ചില്ലറയില്ലാഞ്ഞിട്ട് ബാക്കിക്ക് പകരം കൊടുത്തതാ ആ കോലു മിഠായി. എന്നെ കണ്ടപ്പോ അതെനിക്ക് തന്നു. അതിനാ ഇവിടെ ഒരാള്”
“അതല്ല രേണൂ… ഞാൻ ഈ വർഷം സെക്കൻ്റ് ഇയറാകും. ദിവസങ്ങള് പെട്ടെന്നാ പോവുന്നത്. ഇതിപ്പോ കഴിയും. പിന്നെ ഏതേലും ഒരു ഐ ഐ എമ്മീന്ന് എം ബി എ യും എടുത്ത് എങ്ങോട്ടേലും പോയാ രേണു ഒറ്റക്കാവില്ലേ. അതാ പറഞ്ഞത്. വെറുതെ സമയം കളയുന്നതിലും നല്ലതല്ലേ കല്യാണോം കഴിച്ച് സ്വസ്ഥമായി ജീവിക്കുന്നത് ? പ്രൊഫസറായിട്ട് പെണ്ണാലോചിച്ച് വര്വൊന്നും ഇല്ല. ഞാൻ വല്യച്ചനോട് പറഞ്ഞാലോ? വല്യച്ചൻ സംസാരിച്ചോളും. പെണ്ണാലോചനയുമായി അവര് തന്നെ വരണ്ടേ? അല്ലെങ്കിൽ ഞാനും നീഹയും ആ പ്രൊഫസറോട് പോയി ചോദിക്കാം. നീഹക്ക് അതിനൊക്കെ ഒരു പ്രത്യേക കഴിവാ”
“എന്നെ കെട്ടിച്ച് വിട്ടേ അടങ്ങൂന്നാണോ?അത്രക്ക് ആഗ്രഹാണേല് നീ പ്രൊഫസറെയല്ല ഹേമലതയെയാ കാണേണ്ടത്”
“അതാരാ? അമ്മയാണോ”?
“അല്ല. കണ്ണ് ഡോക്ടറാ… പുതിയ പാലത്താ.. ”
“എനിക്ക് കണ്ണിന് കുഴപ്പം ഒന്നും ഇല്ലല്ലോ”
“കണ്ണ് കാണിക്കാനല്ല. ആനന്ദ് രവീന്ദ്രൻ്റെ ഭാര്യയാ അത്. ഭർത്താവിന് വേറൊരുത്തീടെ ആലോചനേം ആയിട്ട് ചെല്ലുന്നത് ഭാര്യ അറിയണ്ടേ” ?
“ശ്ശേ വല്ലാത്ത കഷ്ടായി… ഞാൻ വിചാരിച്ചു…”
“എന്തിനാ ഈ ആവശ്യല്ലാത്തതൊക്കെ ആലോചിച്ച് കൂട്ടാൻ പോയേ? അതോണ്ടല്ലേ”
“എന്നാലും”
“നീ പൊയ്ക്കോ കണ്ണാ. അതിനെന്താ? അല്ലെങ്കിലും നീ എന്നെങ്കിലും ആരെയെങ്കിലും കല്യാണം കഴിക്കും. ഇപ്പോഴത്തെ ഒരു ഫാഷൻ കെട്ടി കഴിഞ്ഞാ എബ്രോഡിലേക്ക് കെട്ടുകെട്ടുന്നതാണല്ലോ. എന്നാണാവോ അവിടുന്ന് എല്ലാത്തിനേം ഇങ്ങോട്ട് തിരിച്ച് പാക്കു ചെയ്യുന്നത്. ഞാനെന്തായാലും തറവാടൊക്കെ വിട്ട് ഒരിടത്തും പോവില്ല. ആറളത്ത് എല്ലാരും ഉണ്ട്. ഇവിടെ ആണേല് അയന ഇല്ലേ? ദിവസവും ഫോണ് വിളിച്ച് ഓരോന്ന് പറയാൻ എലിസബത്തില്ലേ? പിന്നെ ബത്തേരിയിലാണേല് ജ്യോതിചേച്ചീം ഉണ്ട്. ഞാൻ എൻ്റെ തെർമോഡൈനാമിക്സിലെ ആ കംപ്ലീറ്റ് ചെയ്യാത്ത തീസീസ് കംപ്ലീറ്റ് ചെയ്യും. ഫിലോസഫിയിൽ ഒരു പി ജി എടുക്കും. പറ്റിയാല് ഭാരതീയ തത്വശാസ്ത്രത്തിലെങ്ങാനും ഒരു പി എച്ച് ഡി യും ചെയ്യും. കല്യാണം കഴിച്ചാലേ ജീവിക്കാൻ പറ്റൂ എന്നൊന്നും ഇല്ലല്ലോ”
രേണുവിനെപ്പോലെ ഭൂതകാല സ്മൃതികളുടെ കെട്ടുപാടുകളിൽ ചുറ്റിവരിഞ്ഞ് ഓർമ്മകളുടെ തടവറയിൽ കാലം കഴിച്ചുകൂട്ടുന്നതിനോട് എനിക്ക് വലിയ താത്പര്യമില്ലായിരുന്നു.
“ഡിസയർ റ്റു ലിവ്… അങ്ങനെ എന്തേലും വേണ്ടേ? … ജീവിച്ചിരിക്കാൻ ആഗ്രഹമില്ല. എന്നാ പോയി ചാകാന്ന് വിചാരിച്ചാ അതിന് കാരണങ്ങളുമില്ല. സൂയിസൈഡ് ചെയ്യാൻ പോലും റീസൺ വേണം. അതൊരു വൃത്തികെട്ട അവസ്ഥയാ രേണൂ. രേണു ഇങ്ങനെ മരിച്ചു പോയവരുടെ ഓർമ്മകളില് ജീവിച്ചിട്ടാ. മുന്നോട്ട് വേണം ചിന്തിക്കാൻ… ലീനിയർ പ്രോഗ്രഷൻ ഓഫ് ടൈം…. കാലം മുന്നോട്ടല്ലേ പോവുന്നത്. അച്ഛച്ഛൻ മരിച്ചാലും നമ്മള് ജീവനോടെ ഇല്ലേ? മരിക്കുന്നത് വരെ നമ്മക്ക് ജീവിക്കണ്ടേ? അങ്ങനെയല്ല… എല്ലാവരും മരിക്കുന്നത് വരെ ജീവനോടെ ഉണ്ടാകും. അതെനിക്കറിയാം. അതല്ല ഞാനുദ്ദേശിച്ചത്. മരിക്കുന്നത് വരെ ജീവിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. അവിടെയാണ് പോയിൻ്റ് വേണ്ടത്. അല്ലാതെ മരിച്ചവരെ കുറിച്ചോർത്ത് ചാകുന്നത് വരെ ചത്ത് ജീവിച്ചിട്ട് കാര്യം ഒന്നും ഇല്ല”
“നീ അങ്ങനെ ആണോ കണ്ണാ? നിനക്ക് അത്രക്ക് ഇഷ്ടമുള്ള ഒരാള് മരിച്ചാൽ നീ എന്ത് ചെയ്യും”?
“ഞാൻ മരിക്കും”
“വൈ”?
“പോയി ആത്മഹത്യ ചെയ്യൊന്നും ഇല്ല. പക്ഷേ ആ ഒരു ഡെത്ത്… അത് മനസ്സില് ഉണ്ടാകും. ഇവെഞ്ച്വൽ ഫിസിക്കൽ ഡിറ്റീരിയോറേഷൻ. മനസ്സ് വീണാൽ പിന്നെ ശരീരവും വീഴില്ലേ? അപ്പോ ഞാൻ മരിക്കും. ഉടനെ അല്ല. പക്ഷേ പതുക്കെ. ഐ വിൽ ബി സ്ലോവ് ലി ഡൈയിങ്”
രേണു എന്നെ നോക്കി പുഞ്ചിരി തൂകി.
“കണ്ണാ…നേരത്തേ പറഞ്ഞില്ലേ നിൻ്റെ ഡ്രീം ബ്രൈഡ് എന്നേപ്പോലത്തെ ഒരു സുന്ദരിപ്പെണ്ണാന്ന്? വാട്ട് എബൗട്ട് യുവർ ഡ്രീം വൈഫ് ? പിന്നേ…എനിക്ക് ബെത് ലഹേം ഡെന്നീസിനെ വേണ്ട. നിന്നെപ്പോലത്തെ ഒരു ഭർത്താവാ എൻ്റെ സങ്കൽപ്പത്തില്. യു ആർ ഹോണസ്റ്റ് ആൻഡ് സ്ട്രെയിറ്റ് റ്റു ദ പോയിൻ്റ്. ഐ ഹാവ് ആൾവേയ്സ് ലൗവ്ഡ് ദാറ്റ്. ബിസൈഡ്സ് ഒരാൾക്കുണ്ടാവേണ്ട ഏറ്റവും ബെസ്റ്റ് ക്വാളിറ്റി എന്താന്ന് അറിയോ? ഓപ്പൺ മൈൻഡഡ്നെസ്. വിച്ച് യു ഹാവ്. കണ്ണാ… സാധാരണ രീതിയിലേ ആൾക്കാര് കഷ്ടപ്പെട്ട് അക്വയർ ചെയ്തേടുക്കേണ്ട കുറേ ക്വാളിറ്റീസ് നിനക്ക് ജന്മനാൽ തന്നെ ഉണ്ട്. അതാ. നീ നിന്നേപ്പോലത്തെ ഒരാളെ കണ്ടു പിടിക്ക്. അപ്പോ ഞാൻ കല്യാണം കഴിക്കാം”
സംസാരിച്ചു കഴിഞ്ഞതിൻ്റെ ഒപ്പം പാത്രത്തിലുള്ളതും തീർന്നു. രേണു ഒഴിഞ്ഞ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി. ഞാൻ ജിമ്മിലേക്ക് പോവാനിറങ്ങി.
ഇത് എൻ്റെയും രേണുവിൻ്റെയും കഥയാണ്. ഞാൻ രേണുവിൻ്റെ ഭർത്താവായതും ശേഷം ഞങ്ങളുടെ ജീവിതത്തിൽ നടന്നതും വിവരിക്കുന്ന ഒരു കുഞ്ഞു കഥ.
രാവിലെ തന്നെ മനസ്സിന് ഒരു ഇടർച്ച. എന്തോ ഒരു ശൂന്യത പോലെ. രേണുവിനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്നു. ഈ ഒരു ശൂന്യത. ഹൗ ആം ഐ ഗോയിങ് റ്റു ഫിൽ ദിസ് വോയ്ഡ്? പന്തീരങ്കാവിലേക്ക് പോവാൻ തോന്നിയില്ല. പെരുമണ്ണയിലേക്ക് തിരിഞ്ഞു. ചാലിയാറിൻ്റെ തീരത്ത് എവിടെയെങ്കിലും സ്വസ്ഥനായി ഏകനായി ഇരിക്കാൻ ഞാനാഗ്രഹിച്ചു. ഞാൻ ചിന്തകളിലായിരുന്നു.
ബൈക്ക് ഓടികൊണ്ടേയിരുന്നു. ഒരു ബോലേറോ പിക് അപ്പ് ട്രക്ക് പെട്ടെന്ന് മുന്നിലൂടെ നല്ല വേഗതയിൽ കുറുകെ കടന്ന് പോയി. ചിക്കൻ സ്റ്റാളുകളിലേക്കുള്ള ബ്രോയിലർ കോഴികളെ ഡെലിവെറി ചെയ്യുന്ന വണ്ടിയാണ്. ലൈറ്റ് പോലും ഇടാതെയാണ് അവരുടെ യാത്ര. ഞാൻ വെപ്രാളത്തോടെ ബൈക്ക് വെട്ടിച്ച് ഒരു വിധത്തിൽ പിടിച്ച് നിർത്തി. ബ്രെമ്പോ ആയിട്ട് കൂടിയും ആങ്കർ ഡ്രോപ്പ് ചെയ്തപ്പോൾ എൻ്റെ വയറൊന്ന് കാളി. ഇപ്പോ അച്ഛച്ഛൻ്റെയും അച്ഛമ്മയുടേയും അടുത്തെത്തിയേനെ. ഞാൻ നന്നായി പേടിച്ചിരുന്നു. പെരുവഴി മദ്ധ്യേ നടന്നു പോവുന്ന ഭീമാകാരനായ പോത്തിൻ്റെ പുറത്തിരിക്കുന്ന കാലനെ ഞാൻ കണ്ടു. അതോ തോന്നലാണോ? തോന്നലായിരിക്കും. കാലൻ അങ്ങനെ വെറുതേ വരുന്ന ഒരാളല്ല. സംയമനിയിലെ തിരക്കുകൾക്കിടയിൽ ഇത് പോലെയുള്ള നിസ്സാര കാര്യങ്ങൾക്കൊന്നും സമയമുണ്ടാവില്ല. മരണത്തെ മുഖാമുഖം കണ്ട ആ ഒരു നിമിഷം…. ഞാനാകെ ഉലഞ്ഞു പോയി. ഒരു മുഖം മാത്രം കണ്മുന്നിൽ തെളിഞ്ഞു വന്നു. രേണു പുഞ്ചിരിയോടെ നിൽക്കുന്നു. ഓ മൈ ഗോഡ്… ഐ കാൻ്റ് അഫോർഡ് റ്റു ഡൈ നൗ.. ഐ മസ്റ്റ് നോട്ട്. ഇങ്ങനെ ഒന്നും അല്ലായിരുന്നെങ്കിൽ… ഐ വുഡ്ൻ്റ് ഹാവ് എനി പ്രോബ്ലംസ് വിത്ത് ദാറ്റ്. ബട്ട് നൗ.. ഇപ്പോ എനിക്ക് ചാകാൻ പറ്റില്ല. ജീവിച്ചിരിക്കേണ്ട അത്യാവശ്യം ഉണ്ട്.
ഞാൻ വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി. അഞ്ച് മണി ആകുന്നു. അടുത്തുള്ള പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു. ഞാൻ ഊർക്കടവ് പാലം കടന്ന് എടവണ്ണപ്പാറയിലെ നാലും കൂടിയ ജംങ്ഷനിൽ എത്തിയിരിക്കുന്നു. ഇത്രയും ദൂരം പിന്നിട്ടത് അറിഞ്ഞത് കൂടിയില്ല. വെറുതെ യാന്ത്രികമായി ബൈക്കോടിക്കുകയായിരുന്നു. എടവണ്ണപ്പാറ ടൗണിൽ അവിടെയും ഇവിടെയുമായി ചില ആളുകൾ മാത്രം. നേരം പുലർന്ന് വരുന്നതേയുള്ളൂ. മദ്റസയിലേക്ക് കുട്ടികൾ പോവുന്നു. ശനിയാഴ്ചകളിൽ സാധാരണ അത്രയും നേരത്തേ തുടങ്ങാറില്ല. എന്തെങ്കിലും ആവട്ടെ. ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല. കട വരാന്തയിൽ ഇറക്കിയ പത്രക്കെട്ട് തൊപ്പി വെച്ച ഒരാൾ എടുത്ത് ബൈക്കിൽ കയറ്റി കെട്ടിവെച്ച് കിഴിശ്ശേരി ഭാഗത്തേക്ക് ധൃതിയിൽ ഓടിച്ച് പോയി. ഞാൻ മുന്നോട്ട് തന്നെ സഞ്ചരിച്ചു. വളരെയധികം ശ്രദ്ധയോടെ പതുക്കെയാണ് ഞാൻ ബൈക്കോടിച്ചത്. കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി വെട്ടുപാറക്കടുത്ത് ചാലിയാറിനോട് ചേർന്ന ഒരു ഭാഗത്ത് ഞാൻ ബൈക്കൊതുക്കി.
മരത്തിൻ്റെ ചുവട്ടിലെ ഗ്രാനൈറ്റ് ബെഞ്ചിൽ ഞാനിരുന്നു. പുഴയിലേക്ക് തള്ളി നിൽക്കുന്ന ഒഴിഞ്ഞ ഒരു ഫുട്ബോൾ മൈതാനത്തെ ചുറ്റി ചാലിയാർ “റ” പോലെ വളഞ്ഞ് വന്ന് തിരിഞ്ഞൊഴുകുന്ന മനോഹര കാഴ്ച. ജിമ്മിൽ കൂടെ വർക്ക് ഔട്ട് ചെയ്യുന്ന ഷിഹാബിക്കയുടെ വെരിക്കോസ് വെയിൻ വന്ന കാഫ് റൈസ് ചെയ്യുമ്പോൾ ഞരമ്പുകൾ എഴുന്നു വരുന്ന കണങ്കാലുകൾ ഞാൻ പെട്ടെന്ന് ഓർത്തു പോയി.
സൂര്യൻ ഉദിച്ചിരുന്നെങ്കിൽ തെളിച്ചത്തോടെ കാണാമായിരുന്നു സമതലത്തിലൂടെയുള്ള നദിയുടെ സഞ്ചാരം. അതി വിസ്തൃതയായി, ശാന്തമായി ഓളങ്ങളോ അലയൊലികളോ ഒന്നും ഇല്ലാതെ എല്ലാം ആഴങ്ങളിൽ ഒളിപ്പിച്ച് നിശബ്ദയായി ഒഴുകുന്ന ചാലിയാറിൻ്റെ ഭംഗി കുറ്റിക്കാട്ടൂരിലേക്ക് എത്തിയ അന്ന് മുതലേ എൻ്റെയൊരു ദൗർബല്യമായിരുന്നു. പെരുത്ത ദു:ഖം മനസ്സിനെ ശല്യപ്പെടുത്തുന്നതായി തോന്നുമ്പോഴൊക്കെ ഞാനിങ്ങനെ പുഴയുടെ തീരത്ത് വന്നിരിക്കും. മിക്കപ്പോഴും ജംഷിയും ഷംസാദും ഒപ്പമുണ്ടാവും. അല്ലെങ്കിൽ താമരശ്ശേരി ചുരത്തിൽ…. ബേപ്പൂരിൽ… കാപ്പാട് ബീച്ചിൽ… കോളായിയിൽ കുന്നിൻ്റെ മുകളിൽ… എന്തായാലും എവിടെ എങ്കിലും ഒക്കെ പോയിരിക്കും.
പാറയിടുക്കുകളിലൂടെ കലപില കൂട്ടി തുള്ളിച്ചാടി കുതിച്ചു പായുന്ന ബാലികയായ കല്ലോലിനിയല്ല നിലമ്പൂരിനിപ്പുറം ഇരുത്തം വന്ന ഒരു യുവതിയുടെ രൂപ സൗകുമാര്യത്തോടെ പ്രവഹിച്ചു തുടങ്ങുന്ന ഈ നദി. ഞാനിത് കാണുമ്പോഴെല്ലാം രേണുവിനെ ഓർക്കും. രേണുവിനെപ്പോലെ തന്നെയുണ്ട് ചാലിയാറും. ചാലിയാർ അതി സുന്ദരിയാണ്. രേണുവും സുന്ദരി തന്നെയാണ്. പർവ്വത പുത്രിയോ അതോ പർവ്വതത്തിൻ്റെ ഭാര്യയാണോ നദി? സഹ്യൻ്റെ ഈ പുത്രിയെ കുറിച്ചൊരു കവിത എഴുതാൻ തോന്നുന്നുണ്ട്. മറ്റു പലതിനെ കുറിച്ചും ചിന്തിച്ച് സങ്കടപ്പെട്ടിരിക്കുന്നതിനേക്കാൾ കവിത എഴുതാൻ പാകത്തിന് മനസ്സ് മാറിയത് നല്ലതായി എനിക്ക് തോന്നി.
രണ്ടായിരത്തി രണ്ടിലെ ഒരു ചിങ്ങമാസ രാത്രിയിൽ – പുലർച്ചെ ആണെന്ന് തോന്നുന്നു – എന്തായാലും സൂര്യോദയത്തിന് മുൻപാണ് – ജനിച്ച അന്ന് മുതലേ ഞാനനുഭവിക്കുന്നതാണ് ഇത്. ഓർഫൻസ്…. അനാഥരായി പോയവർ ഒരുപാടുണ്ട് ഭൂമിയിൽ. അവരുടെയൊക്കെ ആ ഒരു മാനസികാവസ്ഥ… അതല്ലെങ്കിൽ അവരുടെ ജീവിതത്തെ പറ്റിയുള്ള ഒരു കാഴ്ചപ്പാട്… ആ ഒരു സൈക്കോ സോഷ്യൽ സെറ്റ് അപ്പ്… അതൊക്കെ എങ്ങനെ ആയിരിക്കും? ഞാനതിനേ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ട്. എനിക്ക് ആളുകൾക്കൊന്നും ഒരു കുറവുമില്ല. ആറളത്ത് തറവാട്ടിൽ പലരുമുണ്ട്. അമ്മയുടെ വീട്ടുകാരുമായും നല്ല അടുപ്പമുണ്ട്. കൂട്ടുകാരായിട്ട് രണ്ട് മൂന്നെണ്ണം ഉണ്ട്. അവരുടെ ഫാമിലിയുമായും തെറ്റില്ലാത്ത അടുപ്പമുണ്ട്. ഇത്രയൊക്കെ ആളുകളുണ്ടായിട്ടും ഒറ്റക്കാണ് എന്ന ഒരു തോന്നൽ. ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. അതായത് ആരും ഇല്ലാതെ അനാഥരായി പോവുന്നവരും ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിട്ടും തനിച്ചായി പോകുന്നവരും തമ്മിലുള്ള ആ ഒരു വ്യത്യാസം. അതായിരുന്നു എൻ്റെ മനസ്സിൽ.
എത്ര വലിയ സന്തോഷത്തിലാണെങ്കിലും എന്താണെന്നറിയാത്ത ഒരു ദുഃഖം എല്ലായ്പ്പോഴും മനസ്സിനെ അലട്ടികൊണ്ടേയിരിക്കും. വിഷാദമാണെൻ്റെ സ്ഥായീഭാവം. ആദ്യ ശ്വാസം പൂനെ കോർപ്പറേഷൻ പരിധിയിലാണ് എടുത്തതെങ്കിലും ബത്തേരിയിലെ ശുദ്ധവായു ശ്വസിച്ചാണ് ഞാൻ വളർന്നത്. ബട്ട് സ്റ്റിൽ … ദിസ് മെലങ്കോളിയ…. ആൻഡ് ദ ലോംഗിങ്നെസ് ഫോർ സംതിങ്ങ് അൺനോൺ… എന്താണ് ഞാനിത്രക്ക് തീവ്രമായി ആഗ്രഹിക്കുന്നതെന്ന് എന്ന് മാത്രം എനിക്കറിയില്ല. പക്ഷേ എന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ട് എന്ന് മാത്രം അറിയാം. അച്ഛച്ഛനാണെൻ്റെ ജാതകം എഴുതിയത്. ശനിയും കേതുവുമാണ് ലഗ്നത്തിൽ. എൻ്റെ ഈ ഗതി കെട്ട അവസ്ഥ മനസ്സിലാക്കുവാൻ അത് തന്നെ ധാരാളം. എന്തോ… പെട്ടെന്ന് അച്ഛനും അമ്മയും മനസ്സിൽ തെളിഞ്ഞു. അതങ്ങനെ സംഭവിക്കാറില്ല. ഇനി അവർക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ ആവോ…
അച്ഛനെയും അമ്മയെയും കുറിച്ചങ്ങനെ കാര്യമായിട്ടൊന്നും എൻ്റെ ഓർമയിലില്ല. അച്ഛൻ ഒരു ഐ ഫ് എസ് കാരനായിരുന്നു. ട്രെയിനിങ്ങിനിടക്കോ എങ്ങനെയോ ഒരു പഞ്ചാബിക്കാരി ഐ എ എസു കാരിയുമായി പ്രണയത്തിലായി. ഏതാനും വർഷങ്ങൾ പ്രണയിച്ചിട്ടാണവർ വിവാഹം കഴിച്ചത്. ഞാൻ ജനിച്ചപ്പോൾ അച്ഛന് മുപ്പത്തഞ്ച് കഴിഞ്ഞിരുന്നു. അമ്മ മഹാരാഷ്ട്ര കേഡറായിരുന്നു. ഞാൻ ജനിച്ചത് പൂനെയിലെ ഏതോ ഹോസ്പിറ്റലിലായിരുന്നു എന്നാണ് അച്ഛച്ഛൻ പറഞ്ഞത്. അമ്മക്കും അച്ഛനും തിരക്കായത് കൊണ്ട് ഞാൻ ഓർമ്മ വെക്കുന്ന കാലത്തിന് മുൻപ് തന്നെ അച്ഛച്ഛൻ്റെയും അച്ഛമ്മയുടെയും കൂടെ ബത്തേരിയിലെ തറവാട്ടിലായിരുന്നു. രേണു അന്ന് ഏഴിലോ എട്ടിലോ എങ്ങാനും ആയിരിക്കും. ഇടക്ക് എപ്പോഴെങ്കിലും അച്ഛനും അമ്മയും ഒന്നോ രണ്ടോ ആഴ്ച ലീവിന് വന്ന് നിന്നിട്ട് പോവുന്നത് വരെ എൻ്റെ കൂടെയുണ്ടാവും എന്നതിൽ കവിഞ്ഞ അടുപ്പമൊന്നും എനിക്കവരുമായിട്ടുണ്ടായിരുന്നില്ല. രേണുവായിരുന്നു എന്നെ എടുത്ത് നടന്നതും കുളിപ്പിച്ചതും ഒക്കെ. അച്ഛമ്മക്ക് ശരീരം കൊണ്ട് അധികം വയ്യായിരുന്നു. കുറച്ച് പ്രായമാവുന്നത് വരെ ഞാൻ രേണുവാണ് എൻ്റെ അമ്മ എന്നായിരുന്നു വിചാരിച്ചിരുന്നത്. അന്നൊക്കെ എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. മുറ്റത്തെ കയർ കട്ടിലിൽ എന്നെയും മടിയിലിരുത്തി അച്ഛച്ഛൻ കവിതകൾ ചൊല്ലി തരുന്നത് ഓർമ്മ വരുന്നു. ഹൃദയം പലതായി നുറുങ്ങി പോവുന്ന അതേ വ്യഥയോടെ ഞാൻ തല കുടഞ്ഞു. മറക്കാൻ കഴിയുന്നില്ല. ഓർമ്മിക്കുന്നത് എനിക്ക് ഇഷ്ടവുമല്ല. എന്നാലും മനസ്സിൻ്റെ ഏതോ ഒരു കോണിൽ… അല്ലെങ്കിൽ എന്തിനാ കോണിലേക്കുണ്ടാക്കുന്നത്? നടുത്തളത്തിൽ തന്നെ മായാതെ കിടന്ന് അതെല്ലാം എന്നെ കുത്തിനോവിക്കുകയാണ്. കാലം എത്രയായാലും ഉണങ്ങാതെ ചെറുതായി ചോര പൊടിഞ്ഞു കൊണ്ടിരിക്കുന്ന ഹൃദയത്തിലെ ആ മുറിവ് കരിയാൻ എന്താണൊരു മാർഗ്ഗം? …മറ്റൊരു രംഗം ഓർമ്മയിൽ തെളിയുന്നു.
നീളമുള്ള ഒരു കൈതോലപ്പായയിൽ വെള്ള തുണി പുതച്ച് അച്ഛൻ കിടക്കുന്നു. കാലിൻ്റെ ഭാഗത്ത് ഒരു വാഴ ഇലക്കീറ് കൂടിയുണ്ട്. അച്ഛമ്മക്ക് ഓണത്തിന് വാങ്ങിയ പുതിയ മല്ലുമുണ്ടായിരുന്നു അത്. അതാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. ഞാനും അച്ഛച്ഛനും പൂരാട ദിവസം വൈകുന്നേരം പോയി വാങ്ങിയതായിരുന്നു അത്. തൊട്ടടുത്ത് അതുപോലെയൊരു പുതപ്പിനുള്ളിൽ അമ്മയുമുണ്ട്. തലഭാഗത്ത് നിലവിളക്ക് കത്തുന്നു. കത്തിച്ച ചന്ദന തിരികൾ ചെറിയ ഒരു ചെപ്പു പാത്രത്തിൽ കുത്തി നിർത്തിയിരിക്കുന്നു. വീടും പറമ്പും നിറയെ ആളുകൾ. ഖദർ ധാരികളായ ചിലർ ചെറിയ കൂട്ടമായും ഒറ്റ തിരിഞ്ഞും നിൽക്കുന്നു. അകത്തും എനിക്കറിയാത്ത കുറേയേറെ ആളുകൾ. രാഷ്ട്രീയക്കാരും മറ്റു പലരും ആയിരുന്നു അത് എന്ന് എനിക്ക് ഇപ്പോൾ അറിയാം.
തറവാട്ടിലുള്ളവരെല്ലാം ഉണ്ടായിരുന്നു. അച്ഛമ്മ അകത്ത് കട്ടിലിൽ കിടക്കുന്നു. രേണു അടുത്തിരിക്കുന്നു. കണ്ട് പരിചയമില്ലാത്ത കുറച്ച് സ്ത്രീകളും ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ബന്ധുക്കളായിരുന്നു അത്. അച്ഛച്ഛൻ പൂമുഖത്തെ ചാരുകസേരയിൽ മച്ചിലേക്കും നോക്കി നീണ്ടു നിവർന്നു കിടക്കുന്നു. അടുത്ത് തന്നെ മൂത്ത് നരച്ച അച്ഛച്ഛനേക്കാൾ പ്രായമുള്ള ഒരു പടുവൃദ്ധനും ഒരു ചെറുപ്പക്കാരനും ഇരിക്കുന്നു. അമ്മയുടെ അച്ഛനും ഏട്ടനും ആണെന്ന് പിന്നീട് മനസ്സിലായി. വർഗീസ് ചേട്ടനും ചെറിയച്ഛച്ചനും ഓടി നടന്ന് ഒരു മരണവീട്ടിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ എല്ലാം അതിൻ്റെ രീതിക്ക് ചെയ്തു തീർത്തു.
ഞാൻ രണ്ടാം ക്ലാസിലായപ്പോഴാണ് അച്ഛനും അമ്മയും മരിക്കുന്നത്. അച്ഛൻ അൾജീരിയയിലെ ഇന്ത്യൻ എംബസിയിലായിരുന്നു കരിയർ ആരംഭിച്ചത്. പിന്നെ ഹോങ് കോങ്ങിൽ. കൊറിയയിൽ.വിയന്നയിൽ. അങ്ങനെ പല രാജ്യങ്ങളിലെയും ഇന്ത്യയുടെ പ്രതിനിധി ആയിരുന്നു. അന്ന് അച്ഛൻ നേപ്പാളിലെ ഇന്ത്യൻ ഹൈക്കമ്മീഷനറായിരുന്നു. അമ്മ ഇടക്കൊക്കെ ലീവെടുത്ത് അച്ഛൻ്റെ അടുത്ത് ചെല്ലും. അച്ഛൻ എവിടെയാണെങ്കിലും അമ്മ അങ്ങനെ ചെല്ലാറുണ്ടായിരുന്നു. പിന്നീട് രണ്ടാളും ഒരുമിച്ച് ബത്തേരിയിലോട്ട് പോരും. അതൊക്കെയായിരുന്നു അവരുടെ രീതി. അങ്ങനെ ഒരു യാത്രയിൽ ടേക്ക് ഓഫ് ചെയ്ത ഉടനെ കാഠ്മണ്ഡുവിൽ വെച്ച് വിമാനം തകർന്ന് വീണ് അവരും ഒപ്പം വിമാനത്തിലുള്ളവരും മരണപ്പെടുകയായിരുന്നു. കാഠ്മണ്ഡു ടു ഡെൽഹി ടിക്കറ്റെടുത്തവരുടെ ഡെസ്റ്റിനേഷനിൽ ചെറിയൊരു മാറ്റം. ഒരു പക്ഷേ ചിലപ്പോൾ അതായിരിക്കും കറക്ട് ഡെസ്റ്റിനേഷൻ.
അന്നും എനിക്ക് അതിൽ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. രേണുവായിരുന്നു തകർന്ന് പോയത്. ഞാൻ പോലുമറിയാതെ വീണ്ടും എൻ്റെ മനസ്സ് രേണുവിലെത്തി നിന്നു. സ്മൃതിപഥങ്ങളിൽ പോലും രേണു മാത്രം.
അച്ഛനും രേണുവും തമ്മിൽ നല്ല പ്രായ വ്യത്യാസമുണ്ട്. ഒരു കുഞ്ഞനുജത്തിയോടുള്ള വാത്സല്യം അച്ഛന് എപ്പോഴും രേണുവിനോട് ഉണ്ടായിരുന്നിരിക്കണം. അച്ഛനും അമ്മയുമായി രേണുവിനായിരുന്നു കൂടുതൽ അടുപ്പമുണ്ടായിരുന്നത്. അച്ഛൻ്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാൾ രേണുവായിരുന്നു.
അച്ഛനില്ലാതായപ്പോൾ തനിച്ചായിപ്പോയ രേണു പുസ്തകങ്ങളും പഠിത്തവുമൊക്കെയായി ഉൾവലിഞ്ഞു സ്വന്തം ലോകത്ത് ജീവിക്കാൻ തുടങ്ങി. അതൊക്കെ എനിക്ക് ഓർമ്മയുണ്ട്. അന്നൊക്കെ ഞാൻ രേണുവിൻ്റെ കൂടെ തന്നെയായിരുന്നു. അതിനിടക്കാണ് രേണു പ്ലസ് ടു ജയിച്ചത്. അതോട് കൂടി അക്കാദമിക്സിലേക്കായി രേണുവിൻ്റെ പൂർണ ശ്രദ്ധ. പിന്നീടുള്ള വർഷങ്ങളിൽ രേണു കൂടുതൽ കാലവും ഹോസ്റ്റലിലായിരുന്നു. വീട്ടിലേക്കുള്ള വരവ് നന്നേ കുറഞ്ഞു. ഒപ്പം ഞാനും വളർന്നു.
എന്നാണ് എന്നൊന്നും എനിക്ക് കൃത്യമായി ഓർമ്മയില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോളാണ്. ഒരു ദിവസം ഉച്ചക്ക് പശുവിനെ മാറ്റി കെട്ടാൻ പോയ അച്ഛമ്മ പശു കയറും വലിച്ചോടിയപ്പോൾ പാടവരമ്പത്ത് തെന്നി വീണ് തുടയെല്ല് പൊട്ടി. അതേ കിടപ്പിൽ രണ്ട് മൂന്ന് മാസം നരകിച്ച് കിടന്ന് പാവം ദൈവസന്നിധി പൂകി. സാധാരണ പുറം പണിക്കുള്ളവരോ സുലോചന ചേച്ചിയോ ആണ് പശുക്കളുടെ കാര്യം നോക്കുന്നത്. സമയമായാൽ എന്തെങ്കിലും കാരണം വേണമല്ലോ. അതു കൊണ്ടാവും അച്ഛമ്മക്ക് തന്നെ പശുവിനെ വെയിലത്ത് നിന്നും മാറ്റി കെട്ടാൻ തോന്നിയത്. അല്ലെങ്കിലും വിധിയെ തടുക്കാൻ കഴിയില്ലല്ലോ.
ഏട്ടനില്ലാതെ ഒറ്റയായിപ്പോയ രേണു സ്നേഹം തേടി നടന്ന് കൊൽക്കത്തയിൽ വെച്ച് ഒപ്പം പഠിച്ച ആരെയോ പ്രേമിച്ച് കല്യാണം കഴിച്ചു. അത് അധികം വൈകാതെ ഡിവോഴ്സിലും കലാശിച്ചു. രേണുവിൻ്റെ കല്യാണത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല. ഞാനൊരിക്കലും ഒന്നും ചോദിച്ചിട്ടില്ല. രേണുവാണെങ്കിൽ എന്നോടൊന്നും പറഞ്ഞിട്ടുമില്ല. അല്ലെങ്കിലും എനിക്ക് ഒന്നിനേകുറിച്ചും കൂടുതലൊന്നും അറിയില്ല. ആരും എന്നോടൊന്നും പറയാറില്ല. ഞാൻ ആരോടും ഒന്നും ചോദിക്കാറുമില്ല. എൻ ഐ ടി യിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി കിട്ടിയതിനു ശേഷമാണ് രേണു അലച്ചിലൊക്കെ മതിയാക്കി തറവാട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയത്. അച്ഛച്ഛന് അന്നേ എഴുപത്തഞ്ച് കഴിഞ്ഞിരുന്നു. അച്ഛമ്മയുടെ മൂന്നാമത്തെ ആണ്ടിന് മുൻപേ അച്ഛച്ഛനും അച്ഛമ്മ പോയ വഴിയേ പോയി.
അച്ഛച്ഛനും കൂടി പോയതോടെ അവിടെ നിൽക്കാൻ കഴിയില്ല എന്നായി. അത്രക്കുണ്ടായിരുന്നു ഓർമ്മകളുടെ ഭാരം.
രണ്ട് വർഷം മുൻപാണ് ഞങ്ങൾ കുറ്റിക്കാട്ടൂരിലെത്തിയത്. പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം റിപ്പീറ്റും ചെയ്ത് ജെ ഇ ഇ എഴുതി കിട്ടിയപ്പോൾ
ബോംബെ ഐ ഐ ടി യിൽ ചേരാനായിരുന്നു ആഗ്രഹം. രേണു ഒറ്റക്ക് ഇവിടെ ഇങ്ങനെ. ഐ ഐ ടി യിൽ പോകാൻ മനസ്സു വന്നില്ല. കോഴിക്കോട് എൻ ഐ റ്റി യിൽ സി എസ് ഇ ബ്രാഞ്ചിൽ അഡ്മിഷൻ എടുക്കുമ്പോൾ രേണുവിൻ്റെ അടുത്ത് തന്നെയാകുമല്ലോ എന്നുള്ള സമാധാനമായിരുന്നു. ഈ വർഷത്തോടെ ഫസ്റ്റ് ഇയർ കഴിഞ്ഞു. അങ്ങനെയൊക്കെയാണ് ഇപ്പോഴുള്ള ഞങ്ങളുടെ ജീവിതം പൊയ്കൊണ്ടിരിക്കുന്നത്.
അച്ഛച്ഛൻ്റെ സ്വരം ചെവിയിൽ മുഴങ്ങുന്നു. പഴയ കവിത തന്നെ…
“….മാതൃതാതർ പിമ്പെങ്ങോ മറഞ്ഞു പോയ്
മാർഗ്ഗ മധ്യത്തിലേകനായ് തീർന്നു ഞാൻ…”
പക്ഷേ കവി അവിടം കൊണ്ടും നിർത്തുന്നില്ല. ആരുമില്ലാതെ തനിച്ചായപ്പോൾ കല്ലു തട്ടി തുടങ്ങിയെൻ കാൽകളിൽ എന്നാണ് കവി പാടുന്നത്. രേണു കൂടെ ഉള്ളത് കൊണ്ട് വലിയ കല്ലിലൊന്നും തട്ടി കാൽ മുറിയാതെ ഞാനിങ്ങനെ ജീവിച്ചു പോകുന്നു. ഇരുട്ട് നീങ്ങി തുടങ്ങിയിരിക്കുന്നു. വീണ്ടും കവിതയെഴുതാൻ തോന്നുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ അതേ മാനസികാവസ്ഥയിലായിരുന്നെങ്കിൽ വിഷാദം മുറ്റി നിൽക്കുന്ന അതി തീവ്രമായ വല്ലതും എഴുതാമായിരുന്നു. അതി കഠിനമായ മാനസികവ്യഥ അനുഭവിക്കുമ്പോഴാണ് അങ്ങനെ ഓരോന്ന് എഴുതാൻ തോന്നുന്നത്. എന്നാൽ ഇപ്പോൾ… ഇത്രയും ഓർത്തെടുത്ത് കഴിഞ്ഞപ്പോൾ… മനസ്സ് ശാന്തമായ പോലെ. മുന്നിൽ പരന്നൊഴുകുന്ന ചാലിയാറിലേക്ക് നോക്കിയിരിക്കുമ്പോൾ…. ഇറ്റ് ഫീൽസ് സെറീൻ….
രണ്ട് സന്ധ്യകളിൽ പ്രഭാതത്തിലെ ഈ സന്ധ്യ സൂര്യനുള്ളതാണ്. പുഴയിൽ നിന്നുള്ള കുളിർക്കാറ്റ് എൻ്റെ മനസ്സ് വായിച്ചെന്ന പോലെ അരികിലൂടെ എന്നെ തഴുകി കടന്നു പോയി. പൂർവ്വ ചക്രവാളത്തിൽ ഉദിച്ചുയർന്ന ബാലാർക്കൻ്റെ രശ്മികൾ ചാലിയാറിൻ്റെ വിശാലമായ ജല പരപ്പിൽ കാറ്റു വീശിയപ്പോഴുണ്ടായ ഓളങ്ങളിൽ തത്തി കളിച്ച് എൻ്റെ കണ്ണിലെത്തി. ഞാൻ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു. “നിഖിലേ… ഇവിടിരിക്കാണോ? ഞാനെവിടെയൊക്കെ നോക്കീന്നറിയോ? വാടാ… വീട്ടില് കേറീട്ട് പോവാം” ഞാൻ ചുറ്റും നോക്കി. കാറ്റടിച്ചപ്പോൾ തോന്നിയതാണ്. കാർത്തിക… എൻ്റെ ഒരു പഴയ കളി കൂട്ടുകാരിയാണ് എന്ന് പറഞ്ഞാൽ അത് പോരാതെ വരും. എട്ടാം ക്ലാസിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. പ്ലസ് ടു വരെ ഒരുമിച്ചായിരുന്നു. കട്ടിയിൽ വാലിട്ടു കണ്ണെഴുതിയ കറുത്ത കണ്ണുകളും നീണ്ട കോലൻ മുടിയും ഉള്ള ഒരു അഹങ്കാരി. പഠിപ്പിസ്റ്റായതു കൊണ്ടുള്ള അഹന്ത. സുന്ദരിയാണെന്നുള്ള ജാഡ വേറെ. പോരാത്തതിന് അച്ഛൻ അതേ സ്കൂളിലെ ഹെഡ്മാസ്റ്ററും. കോപ്പിലെ അവസ്ഥ തന്നെ. ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ അവളെ കാണാൻ തോന്നുന്നു. ബി എസ് സി മാത് സ് കാരിയാണ് ഇപ്പോൾ. തേർഡ് യെർ ആയിട്ടുണ്ടാകും. സ്വഭാവത്തിന് വലിയ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാലും എൻ്റെ സ്വന്തം അഹങ്കാരിയാണ്.
നേരം പുലർന്നതോടെ മുന്നിലുള്ള ഗ്രൗണ്ടിൽ ആളനക്കമായി. രാവിലെ നടക്കാനിറങ്ങിയവരും ഫുട്ബോളുമായി കുറച്ച് കുട്ടികളും എത്തി. കുറച്ച് കൂടി കഴിഞ്ഞാൽ ഉടമസ്ഥർ അഴിച്ച് മേയാൻ വിടുന്ന പോത്തുകളും ഉണ്ടാവും. മധ്യവേനലവധിക്കാലത്ത് വീട്ടുകാർക്ക് ശല്യമാകുന്ന പോത്തുകളും വളർത്തി വലുതാക്കി നല്ല വിലക്ക് വിൽക്കുമ്പോൾ വീട്ടുകാർക്ക് ലാഭമുണ്ടാക്കി കൊടുക്കുന്ന പോത്തുകളും പകൽ സമയത്ത് ഒരുപോലെ മേയുന്ന സ്ഥലമാണിത്. വൈകുന്നേരങ്ങളിൽ ഇവിടെ നല്ല ആൾ തിരക്കുണ്ടാവും. താഴെ മുറിഞ്ഞമാട് കടവിൽ ബോട്ട് സവാരിയൊക്കെയുണ്ട്. പുഴ തീരത്ത് കാറ്റും കൊണ്ട് സായാഹ്നം ചിലവഴിക്കാൻ വരുന്നവരും ഉണ്ടാകും.
ഞാൻ താഴെ കടവിലേക്ക് നടന്നു. മുഖം ഒന്ന് കഴുകി. വെള്ളത്തിന് നല്ല തണുപ്പുണ്ട്. വെള്ളത്തിലിറങ്ങിയപ്പോൾ ഫോൺ ഞാൻ ഒരു പാറപ്പുറത്ത് വെച്ചിരുന്നു. പാറപ്പുറത്തിരുന്ന ഫോൺ ശബ്ദിച്ചു. വാട്ട്സ്ആപ് നോട്ടിഫിക്കേഷനാണ്. രേണുവിൻ്റെ മെസ്സേജ്.’ആലോചിച്ചിരുന്നത് മതി. ചായ ചൂടാറും ‘ കോഫീ മഗ്ഗിൻ്റെ ഒരു ചിത്രം. ഒരു പ്ലേറ്റും കത്തിയും ഫോർക്കും അടുത്തത്. രേണുവിന് സിക്സ്ത് സെൻസ് എങ്ങാണ്ട് ഉണ്ട് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ചെയ്യുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ എല്ലാം, എൻ്റെ മനസ്സിലുള്ളത് പോലും രേണുവിന് ഞാൻ പറയാതെ തന്നെ അറിയാം.
രാവിലെ തന്നെ പറ്റിയ മണ്ടത്തരം നോക്കണേ. ഞാനെന്തൊരു പോങ്ങനാണ്. രേണുവിന് എന്നും കൂട്ടായി ഞാനുണ്ടെങ്കിലും ജീവിതത്തിൽ പാവം ഒറ്റക്കാണ്. രേണുവിന് എൻ്റെ അമ്മയാവാം. കുഞ്ഞമ്മായി ആവാം. പക്ഷേ ഭാര്യ ആവാൻ പറ്റില്ലല്ലോ. ചൂടുവെള്ളത്തിൽ വീണ പൂച്ചയായതുകൊണ്ട് മറ്റൊരു കല്യാണത്തിന് കൂടുതൽ നിർബന്ധിക്കാനും വയ്യായിരുന്നു. കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റിലെ പ്രൊഫസർ ആനന്ദ് രവീന്ദ്രൻ്റെ കൂടെ രണ്ട് മൂന്നാഴ്ച അടുപ്പിച്ച് കണ്ടപ്പോൾ അതും ഒരു സഹപ്രവർത്തകനോടുള്ള പരിചയത്തേക്കാൾ കൂടുതലായ അടുപ്പം കാണിച്ചപ്പോൾ ഞാൻ കരുതി രേണു അവസാനം ഒരാളെ കണ്ടെത്തിയതാണെന്ന്. അത് പക്ഷേ അങ്ങനെയും ആയി. അൽപസമയം കൂടി സൂര്യ രശ്മികൾ ജല തരംഗങ്ങളിൽ തീർക്കുന്ന നിഴൽ ചിത്രങ്ങളും നോക്കി ഞാൻ ആ കടവിൽ നിന്നു.
ഞാൻ വീട്ടിലെത്തി. ബൈക്ക് കൊണ്ടുപോയി പ്ലാവിൻ്റെ ചുവട്ടിൽ കുത്തി കെണിച്ച് വെച്ചു. രേണു മുറ്റത്തുള്ള കോവൽ പടർപ്പിൽ നിന്ന് കോവക്ക പറിച്ച് കയ്യിലുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്കിടുകയായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നു. അറ്റത്ത് നിന്ന് പൂവ് കൊഴിഞ്ഞ് വീഴാത്ത മുടിയലുകൾ ഇറുത്ത് വായിലിട്ട് ചവച്ചു. മൂക്കാത്ത ഇളം കോവക്കക്ക് മറ്റൊരു രുചിയാണ്. മുളയുടെ ഇളം തൂമ്പ് ചവക്കാനും അതേ സുഖമാണ്. വേറൊന്ന് ചേനപ്പൂവ് കൊണ്ടുള്ള തീയലാണ്. അതല്ലെങ്കിൽ ചേമ്പിൻ തണ്ട് വെളിച്ചെണ്ണയിൽ തൂവിച്ച് ഉണ്ടാക്കുന്നത്. അച്ഛമ്മ കൂർക്കൽ മെഴുക്ക് പുരട്ടിയുണ്ടാക്കാറുണ്ട്. ഞാൻ കൂർക്കൽ ചാക്കിലാക്കി നിലത്തിട്ട് തല്ലി തോലുകളഞ്ഞ് കൊടുക്കും. കൂർക്കൽ മെഴുക്ക് പുരട്ടിയും നല്ല നെയ്യുള്ള ഉണ്ടമത്തി വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്നതും കഴിക്കാൻ തോന്നുന്നു. അച്ഛമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിൻ്റെ രുചിയാണ് നാവിലുള്ളത്. അതിനൊക്കെ വായിലിട്ട് ചവക്കുമ്പോൾ ഒരു പ്രത്യേക സ്വാദാണ്. ബത്തേരിയിലായിരുന്ന സമയത്ത് ഞങ്ങൾ മുളയരി കൊണ്ട് പലതും ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. കോവക്ക നാവിൽ തട്ടിയപ്പോൾ മറ്റു പല രുചികളും ഓർമ്മയിൽ നിന്നും നാവിലെത്തിയിരിക്കുന്നു. പക്ഷേ ഉണ്ടാക്കി തരാൻ അച്ഛമ്മയില്ല.
“ഹൗ ഡു യു നോ “?
“പഴയ ആ മണ്ണാങ്കട്ടേടേം കരിയിലേടേം കഥ. എന്നോട് അങ്ങനെ പറഞ്ഞ് പോയെങ്കിലും നീ പുഴ തീരത്ത് എവിടേലും ഇരിക്കാവൂന്നെനിക്കറിയാം. വാ. ചായ കുടിക്കാം”
രേണു വന്നിരുന്നു. ഞാനും അടുത്ത് തന്നെ സ്ഥാനം പിടിച്ചു. എണ്ണിച്ചുട്ട അപ്പം പോലെ എന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് പോലെ കൃത്യം എട്ട് ചപ്പാത്തിയും ഒരു കുഞ്ഞു ചെരുവം നിറയേ മട്ടൺ കറിയും മേശപ്പുറത്തുണ്ട്. നല്ല രീതിക്ക് വറുത്ത് വെച്ച ആടിൻ്റെ കരൾ ചപ്പാത്തി ഒരു കഷണം പിച്ചിയെടുത്ത് അതിന് നടുവിൽ വെച്ച് മടക്കി ഞാൻ വായിലേക്ക് വെച്ചു. രേണു ഉണ്ടാക്കിയ മട്ടൻ കറിയുടെ രുചി എൻ്റെ രസമുകുളങ്ങളെ തഴുകി ഉണർത്തി. പഴയതിൻ്റെ സ്ഥാനത്ത് പുതിയ രുചികൾ. പുതിയ ഓർമ്മകൾ. പഴയതെല്ലാം പതിയെ വിസ്മൃതിയിലാണ്ട് പോയാൽ മതിയായിരുന്നു.രാവിലെ ആറര ഏഴ് മണിക്ക് മുൻപ് തന്നെ ബ്രേക്ഫാസ്റ്റ് കഴിക്കുന്നത് കൊണ്ട് ഞങ്ങളുടെ പകലുകൾക്ക് നല്ല ദൈർഘ്യമുണ്ട്. എനിക്ക് ആണെങ്കിൽ ഒരിടത്തും പോകാനില്ല. ഒന്നും ചെയ്യാനുമില്ല. ഐ പ്ലേ ദ ഗെയിം ഫോർ ഗെയിംസ് ഓൺ സേക് എന്ന് പണ്ടാരോ പറഞ്ഞത് പോലെയാണ് ചുറ്റുമുള്ളവരൊക്കെ ജീവിക്കുന്നത്. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എന്തെങ്കിലും ചെയ്യാമെന്നല്ലാതെ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്നത് എൻ്റെയൊരു രീതിയല്ല. പകലുറങ്ങി ശീലവുമില്ല. സൂര്യനുദിച്ചു കഴിഞ്ഞാൽ അസ്തമിക്കുന്നത് വരെ എന്തെങ്കിലും ഒക്കെ ചെയ്ത് എങ്ങനെയൊക്കെയെങ്കിലും രാത്രിയാക്കുന്ന ആ ഒരു ബുദ്ധിമുട്ട് വെക്കേഷൻ തുടങ്ങിയതോടെയാണ് എനിക്ക് ശരിക്ക് മനസ്സിലായത്. ബത്തേരിയിലായിരുന്നപ്പോൾ നൂറ് കൂട്ടം കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് കൊണ്ട് ദിവസം തീരുന്നത് അറിയുകയേ ഇല്ലായിരുന്നു.
ഇവിടെ ഇപ്പോൾ വീഡിയോ ഗെയിംസ് കളിക്കാം. എഴുതാം. വരക്കാം. വായിക്കാം. ട്രക്കോ ബൈക്കോ എടുത്ത് വെറുതെ ചുറ്റി കറങ്ങാം. ഫ്രണ്ട്സിൻ്റെ കൂടെ കോഴിക്കോട് മുഴുവൻ തെണ്ടി തിരിയാം. ഒന്നും ചെയ്യാനില്ലെങ്കിൽ രേണുവിനെ ശല്യം ചെയ്യാം. അങ്ങനെ അങ്ങനെ. മറ്റൊന്നും സംഭവിക്കുന്നേയില്ല. നേരം വെളുക്കുന്നു. സന്ധ്യയാവുന്നു. അതങ്ങനെ ആവർത്തിക്കുന്നു. അതിനുള്ളിലുള്ളതെല്ലാം പതിവ് കലാ പരിപാടികൾ തന്നെ.
“കണ്ണാ… ഏത് ലോകത്താ? പിന്നേയും കാര്യമായ കണക്ക് കൂട്ടലുകളിലാണല്ലോ”
രേണു എഴുന്നേറ്റ് വന്ന് എൻ്റെ തോളിൽ പിടിച്ച് കുലുക്കി. കഴിച്ച് കഴിഞ്ഞ പ്ലേറ്റ് ഉണങ്ങി പിടിച്ചിരിക്കുന്നു.
“കണക്ക് കൂട്ടലൊന്നും അല്ല രേണൂ. മ്യുണ്ടെയ്ൻ ട്രിവിയാലിറ്റീസ് ഓഫ് എവരി ഡേ ലൈഫ്… ഞാനതോർത്തതാ”
“പാത്രത്തിലൊരിത്തിരി വെള്ളം ഒഴിച്ച് വെച്ചിട്ട് ആയിക്കൂടെ? പാത്രം ഉണങ്ങിയാൽ കുടലൊണങ്ങൂന്നാ”
“കുടലൊണങ്ങാതിരിക്കാനല്ലേ രേണു കൂടെയുള്ളത്”
ഒരു നേർത്ത പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു.
പ്രാതൽ കഴിഞ്ഞ് മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഇൻകം ടാക്സ് കണക്ക് കൂട്ടാൻ ഞാൻ രേണുവിൻ്റെ ഒപ്പം കൂടി.
നേരം ഉച്ച തിരിഞ്ഞു. ഞാൻ ബാൽക്കണിയിലെ ചൂരൽ കസേരയിൽ കുനിഞ്ഞിരുന്ന് ഐ പാഡ് മടിയിൽ വെച്ച് ചിത്രം വരക്കുകയായിരുന്നു. ഐ പാഡിലേക്ക് വെള്ള തുള്ളികൾ ഇറ്റുവീണപ്പോൾ ഞാൻ തലയുയർത്തി നോക്കി. രേണു എൻ്റെ പിന്നിൽ വന്ന് നിൽക്കുന്നു. കുളി കഴിഞ്ഞതേ ഉള്ളൂ. ഈറൻ മുടി വിടർത്തിയിട്ടിരിക്കുന്നു. അതിൻ്റെ തുമ്പിൽ നിന്നും വെള്ള തുള്ളികൾ ഇറ്റു വീഴുന്നു. രേണു മുടി എടുത്ത് ഇടത് തോളിലൂടെ മുന്നിലേക്കിട്ട് അടുത്തുള്ള ചാരുകസേരയിലേക്കിരുന്നു.
“ഒച്ചയും അനക്കോം ഒന്നും ഇല്ലാഞ്ഞപ്പഴേ ഞാൻ വിചാരിച്ചതാ നീ നിൻ്റെ നീഹയെയും മനസ്സിലിട്ട് ഇരിക്കാവൂന്ന് ”
“ഇത് നീഹയല്ല. ജെന്നിഫർ കോണെല്ലിയാ”
“നീഹയുടെ ചിത്രോം വരച്ച് ഞാൻ ചോദിച്ചപ്പോ എനിക്കറിയാത്ത ആരെയോ പേരും പറഞ്ഞ് അതാണെന്ന് പറഞ്ഞാലിപ്പോ വിശ്വസിക്കാൻ സൗകര്യമില്ല. കണ്ണുപൊട്ടന്മാർക്ക് കൂടെ അറിയാം അത് നീഹയാന്ന്.”
“സത്യായിട്ടും രേണൂ ഇത് നീഹയല്ല. വെറുതെ ഇരിക്കല്ലേ. ഒരു കഥ എഴുതാന്ന് വിചാരിച്ചു. അതിനൊരു കവർ പിക്ചർ വരച്ചതാ”
“എന്താ കഥയുടെ പേര്” ?
“കാട്ടുചെമ്പരത്തി”
“കാട്ടു ചെമ്പരത്തിയോ? അതെന്ത് കഥയാ”?
“അതോ… രാവിലെ ഞാനിങ്ങട്ട് പോരുന്ന വഴിക്ക് ആക്കോട് പഴയ പള്ളീടെ അടുത്ത് സൂര്യകാന്തി പാടം കണ്ടു. ചാലിയാറിൻ്റെ തീരത്ത് തന്നെ. സാധാരണ അവിടെ വാഴത്തോട്ടോ അല്ലെങ്കില് നെല്ലോ ഒക്കെയാവും. വേനലായതോണ്ടോ എന്തോ… അല്ലേല് ചിലപ്പോ പരീക്ഷണാവും… ഇപ്രാവശ്യം പൂക്കൃഷിയാ. അപ്പോ തോന്നിയതാ. പല തരം പൂക്കൾ. പൂക്കൾക്കൊക്കെ അതിൻ്റെ പോളിനേറ്റിങ് ഏജൻ്റ്സും. അത് പോലെയാവും മേഡ് ഫോർ ഈച്ച് അദറും. സത്യത്തില് മെയ്ഡ് ഫോർ ഈച്ചദർ പൊക്കിപ്പിടിച്ച് കൊണ്ടുവന്നത് സിഗരറ്റ് കമ്പനിക്കാരല്ലേ? കാമുകിയും കാമുകനും സിഗരറ്റും തമ്മിലെന്താണാവോ ബന്ധം. പൂക്കളെ കാര്യം. അതല്ലേ പറഞ്ഞേന്നത്. ഹെവി മെയിൻ്റനൻസ് വേണ്ട പ്രത്യേക കെയറിങ്ങ് വേണ്ട ചില ചെടികളും പൂക്കളും ഇല്ലേ ? അതിനെയൊക്കെ കഷ്ടപ്പെട്ട് പരിപാലിച്ചെടുക്കണം. എന്തൊക്കെ ബുദ്ധിമുട്ടുകളാ. ആ സമയം ചെമ്പരത്തി നോക്ക് രേണൂ. എന്തൊക്കെ വറൈറ്റികളാ. ഈ പറഞ്ഞ ബുദ്ധിമുട്ടൊന്നും ഇല്ല. എവിടെ വേണേലും ഉണ്ടാവും. കാണാൻ ഭംഗിയുണ്ട്. പൂവിന് പൂന്തേനുണ്ട്. വേറേം പല ഉപയോഗങ്ങളൂണ്ട്. അപ്പോ ഞാൻ പറയാ റോസാ പൂവൊന്നും വേണ്ട എനിക്കെൻ്റെ കാട്ടുചെമ്പരത്തി മതീന്ന്”
“നീഹയാണോ നിൻ്റെ കാട്ടുചെമ്പരത്തി”?
“നീഹ മുല്ല പൂവല്ലേ”
“എന്നാ പിന്നെ കാർത്തികയാവും.
ഞാനെന്ത് പൂവാ കണ്ണാ “?
“ആവുമായിരിക്കും. രേണു ഒരു താമരയാണ്. ആക്ച്വലി ഞാനൊരാളെ കാത്തിരിക്കുകയാണെന്ന് രേണുവിനറിയാലോ. കാർത്തികയാണെങ്കിലും നീഹയാണെങ്കിലും എനിക്കതിൽ പ്രശ്നൊന്നും ഇല്ല. ഞാൻ ആ ഒരാളെ തന്നെയേ പ്രേമിക്കൂ. കല്യാണം കഴിക്കുന്നതും ആ ഒരുത്തിയെ തന്നെയാവും. അതാരാന്ന് എനിക്കറിയേം ഇല്ല. നീഹ എൻ്റെ കൂട്ടുകാരിയല്ലേ? കുറച്ച് കൂടുതൽ അടുപ്പമുണ്ട്. പ്രേമമൊന്നും അല്ല. എന്ന് വിചാരിച്ച് ആയിക്കൂടാന്നില്ലാട്ടോ”
“ഞാനും നിന്നെ പ്രേമിച്ചാലോ കണ്ണാ”?
“അതിനെന്താ? പ്രേമത്തിന് ഒരുപാട് അർത്ഥമില്ലേ? അമ്മക്ക് മക്കളോട് പ്രേമമില്ലേ? ഈശ്വരനോട് പ്രേമമല്ലേ? സോ വൈ നോട്ട്? രേണുവിനും പ്രേമിക്കാലോ ”
കഥ എഴുതാനുള്ള ആ ഒരു മൂഡു പോയി. ഞാൻ ടാബ് ലെറ്റ് എടുത്ത് രാവിലെ കണ്ട സൂര്യകാന്തിപ്പാടവും പാടത്തിന് നടുവിൽ നിൽക്കുന്ന രേണുവിനേയും വരക്കാൻ തുടങ്ങി. രേണു എൻ്റെ അടുത്തേക്ക് കസേര നിരക്കി നീക്കിയിട്ട് തോളിലേക്ക് തല ചായ്ച്ച് വെച്ച് ഞാൻ വരക്കുന്നതും നോക്കിയിരുന്നു.
“വെക്കേഷനായില്ലേ. സാധനങ്ങളൊക്കെ തീർന്നു. ഇനിയിപ്പോ നല്ല ചിലവാകും ”
“നമ്മള് രണ്ടാള് തന്നെയല്ലേ ഉള്ളൂ. പിന്നെന്തിനാ”?
അടുക്കളയിലെ തിണ്ടിലിരുന്ന് കട്ടൻ ചായ മൊത്തി കുടിക്കുകയായിരുന്നു ഞാൻ. രേണു തല അൽപ്പം താഴ്ത്തി പുരികമുയർത്തി എന്നെ നോക്കി. ഒഫ് കോഴ്സ്. ക്ലാസ്സില്ലാതെ വീട്ടിൽ വെറുതെ ഇരിക്കുകയാണെങ്കിൽ ഞാൻ ചിലതൊക്കെ ഉണ്ടാക്കി നോക്കാറുണ്ട്. ഉച്ചക്ക് ചോറൊക്കെ ഉണ്ട് വിശ്രമിക്കുന്ന സമയത്താണ് എനിക്ക് അത്തരമൊരു ത്വര കൂടുതലായുണ്ടാകുന്നത്. രേണു എന്തെങ്കിലും വായിക്കുകയോ ക്ലാസിലേക്ക് നോട്സ് പ്രിപ്പെയെർ ചെയ്യുകയോ ഒക്കെയായിരിക്കും. “രേണൂ … നമുക്ക് എന്തേലും ഉണ്ടാക്കിയാലോ “? പിന്നെ അടുക്കളയിലും സ്റ്റോർ റൂമിലും ഒരു പരതലാണ്. കയ്യിൽ കിട്ടിയതെടുത്ത് എന്തെങ്കിലും ഒക്കെ ഉണ്ടാക്കും. ആയി വരുമ്പോഴേക്ക് അത് മറ്റെന്തെങ്കിലും ഒക്കെ ആവും. അച്ഛമ്മയാണ് പാചക കലയിൽ എൻ്റെ ഗുരു. ഞാനെന്തുണ്ടാക്കിയാലും നല്ല രുചിയാണ് എന്നാണ് രേണുവിൻ്റെ പക്ഷം. മടിയായത് കൊണ്ട് എന്നെ കൊണ്ട് ഉണ്ടാക്കിക്കാനുള്ള അടവാണോ അതെന്നൊരു സംശയം എനിക്കെന്നുമുണ്ടായിരുന്നു. ഈ അടുത്ത കാലത്താണ് അത് മാറിയത്. രേണു വാതിൽ പൂട്ടിയിറങ്ങി പോർച്ചിലെ കാറിനടുത്തേക്ക് നടക്കുന്നത് കണ്ട് ഞാൻ ഹോണടിച്ചു. മുറ്റത്തെ കോവൽ പടർപ്പിനിപ്പുറം ഹൈലക്സിനുള്ളിൽ ഞാൻ ഇരിക്കുന്നത് കണ്ട് രേണു ഗേറ്റ് അടച്ച് വന്ന് വണ്ടിയിൽ കയറി.
“വൈകുന്നേരത്തെ ട്രാഫിക്കിൽ ഇതും കൊണ്ടെന്നെ പോണോ കണ്ണാ”?
“സാധനങ്ങള് കൊറേ വാങ്ങാള്ളതല്ലേ? ഇതാവുമ്പോ ഒക്കെ ആ ബെഡ്ഡിലേക്കങ്ങട്ട് തട്ടാലോ”
രേണു പറഞ്ഞതുപോലെ തന്നെ. ശനിയാഴ്ചയായത് കൊണ്ട് നല്ല ട്രാഫിക്കുണ്ട്. ഒരു കാര്യമില്ലെങ്കിലും അങ്ങാടി തെണ്ടാൻ ഇറങ്ങുന്നവരും കാര്യമുള്ളത് കൊണ്ട് നഗരത്തിലെത്തുന്നവരും എല്ലാം വൈകുന്നേരം തന്നെയാണ് പുറത്തോട്ടിറങ്ങുന്നത്. വണ്ടിക്ക് നല്ല വലുപ്പമുള്ളത് കൊണ്ട് ആ തിരക്കിൽ വലിയ കഷ്ടപ്പാടായിരുന്നു. ഏതോ ഒരു നാറി വൺവേ തെറ്റിച്ച് വണ്ടി കയറ്റി ഉണ്ടാക്കിയ ബ്ലോക്കും. അടുത്ത് എത്തിപ്പോൾ മനസ്സിലായി ഏതോ ഒരു നാറിയല്ല അത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സൈലോ ആണെന്ന്. പ്രസിഡൻ്റ് ഇല്ല. ഡ്രൈവർ മാത്രം.
മാർജിൻ ഫ്രീ മാർക്കറ്റിൽ എനിക്ക് രേണുവിൻ്റെ പുറകേ ട്രോളി ഉന്തി കൊണ്ട് നടക്കുകയായിരുന്നു ജോലി. വാങ്ങാനുള്ളതെല്ലാം രേണു വാങ്ങി. ഹോൾസെയിലായി അരി കച്ചവടം നടത്തുന്ന കുഞ്ഞാപ്പാ ട്രേഡേഴ്സിൽ നിന്ന് അൻപത് കിലോയുടെ ഒരു ചാക്ക് മട്ട അരിയെടുത്തു. പെട്ടെന്ന് കേടുവരുന്നതൊഴിച്ച് വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒന്നോ രണ്ടോ മാസത്തേക്കുള്ളത് ഒന്നിച്ച് വാങ്ങുകയാണ് ഞങ്ങളുടെ പതിവ്. ദിവസവും ക്ലാസുണ്ടാവുമ്പോൾ സാധനങ്ങൾ വാങ്ങാനൊന്നും സമയം ഉണ്ടാവില്ല. അരി ചാക്ക് ഞാൻ താങ്ങിപ്പിടിച്ച് വണ്ടിയിൽ കൊണ്ടിട്ടു. ജിമ്മിൽ നൂറ് കിലോക്ക് മുകളിൽ ഡെഡ് ലിഫ്റ്റ് ചെയ്യുന്നുണ്ടെങ്കിലും അരി ചാക്ക് ഒരു ടാസ്കായിരുന്നു. അൻപത് കിലോയുടെ ചാക്ക് കയറിയപ്പോൾ സസ്പെൻഷൻ ലോഡായി. വണ്ടി ഓടിക്കാൻ ആയാസം കുറഞ്ഞു.
“ഇനിയെന്താ കണ്ണാ “?
“സുലൈമാനിയും കല്ലുമ്മക്കായേം ഉണ്ടെങ്കില് ബീച്ചിൽ പോയിരുന്ന് കഴിക്കായിരുന്നു”
“കല്ലുമ്മക്കായയുടെ സീസണാണോ ഇത്” ?
“കല്ലുമ്മക്കായക്ക് സീസണുണ്ടോ” ?
“ആ…ആർക്കറിയാം. എന്നാ മാർക്കറ്റില് പോയി നോക്കാം. കല്ലുമ്മക്കായ ഇല്ലേലും പ്ലേറ്റിൻ്റെ വലുപ്പള്ള വലിയ ഞണ്ടുണ്ടാവും. പിന്നെ ബുക്ക്സ്റ്റാളിലും കയറണം. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികൾ വാങ്ങാനാ”
കോഴിക്കോട് നഗരത്തിനുണ്ടാകുന്ന മാറ്റങ്ങളൊന്നും ബാധിക്കാത്ത മട്ടിൽ ചുറ്റും പുതിയ പുതിയ കെട്ടിടങ്ങൾ ഉയരുമ്പോഴും കൺമുന്നിൽ മറഞ്ഞു പോയ കാലഘട്ടങ്ങളുടെ സാക്ഷിയായി മണ്ണിലേക്ക് വടുക്കളൂന്നി തലമുറകളനേകം കടന്നു പോയിട്ടും നിത്യനായി നിൽക്കുന്ന പിതാമഹനേപ്പോലെ ആകാശത്തോളം പരന്നു നിൽക്കുന്ന ഒരു പേരാലിൻ്റെ സമീപത്തായുള്ള പഴയ ഒരു ലോഡ്ജ് പോലെയുള്ള ഇരുനില കെട്ടിടത്തിനു മുന്നിൽ ഞാൻ വണ്ടിയൊതുക്കി. കെട്ടിടത്തിൻ്റെ ചുവരുകളെയും പേരാലിൻ്റെ വേരുകൾ ആലിംഗനം ചെയ്ത് തുടങ്ങിയിരിക്കുന്നു. ഒരു ഗ്രന്ഥശാലക്ക് പറ്റിയ അന്തരീക്ഷം. കട്ടി കണ്ണട വെച്ച ഒരു വയസ്സനാണ് അതിൻ്റെ ഉടമസ്ഥൻ. രേണുവിന് പരിചയമുള്ള ആരോ ആണ്. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ ചില കൃതികൾ കയറിച്ചെല്ലുന്നിടത്തെ മരം കൊണ്ടുള്ള റാക്കിൽ അടുക്കി വെച്ചിട്ടുണ്ട്. വിലാസിനിയുടെ അവകാശികൾ എല്ലാ വാല്യവും ഉണ്ട്. മുൻപ് വന്നപ്പോൾ ആദ്യത്തെ മൂന്ന് ഭാഗം ഉണ്ടായിരുന്നില്ല. ആരാണാവോ ഇതൊക്കെ ഒരു ഭാഗം മാത്രം വാങ്ങി കൊണ്ടുപോവുന്നത്. അവകാശികൾ വായിച്ചു തീർക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ട് ചെറുത് വല്ലതും ഉണ്ടോ എന്ന് ഞാൻ നോക്കി നടന്നു. പുസ്തകങ്ങളുടെ ലോകം. അകത്ത് അലമാരകളിലും റാക്കുകളിലുമായി വിശ്വസാഹിത്യകാരന്മാർ നിരന്നിരിക്കുന്നു. കടയുടെ അകത്ത് തങ്ങിനിൽക്കുന്ന വായുവിൽ അലിഞ്ഞു ചേർന്ന പുസ്തകങ്ങളുടെയും പഴയ കടലാസ്സു കെട്ടുകളുടെയും ഗൃഹാതുരത്വം ഉണർത്തുന്ന ഗന്ധം മറ്റേതോ കാലത്തിൽ എത്തിപ്പെട്ടത് പോലെ തോന്നിപ്പിച്ചു. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികൾ നോക്കാൻ പോയ രേണു ധർമ്മരാജയും നിത്യ ചൈതന്യയതിയുടെ ഒരു പുസ്തകവുമായി ബില്ലിങ് കൗണ്ടറിലേക്ക് പോയി.
ഫിഷ് മാർക്കറ്റിൽ കൂന്തളുണ്ടായിരുന്നു. തേങ്ങാ കൊത്തൊക്കെയിട്ട് ഉണ്ടാക്കിയ കൂന്തൾ റോസ്റ്റും ഒപ്പം ദോശയും കൂടെ ഉണ്ടെങ്കിൽ ഒരു രസമാണ്. രേണുവിന് കൂന്തൾ ഉണ്ടാക്കാൻ അറിയില്ല. മഷി പടരാതെ അത് നന്നാക്കാൻ എനിക്കുമറിയില്ല. ചൂരയും അയ്ക്കോറയും നന്നായി ചിലവാകുന്നുണ്ട്. കുറേയേറെ ആളുകൾ വാങ്ങുന്നുണ്ടായിരുന്നു. മാർക്കറ്റിൽ നല്ല തിരക്കാണ്. കച്ചവടക്കാർ ഉച്ചത്തിൽ മീനിൻ്റെ പേരുകൾ വിളിച്ചു പറഞ്ഞ് ആളുകളെ ആകർഷിക്കാൻ പണിപ്പെടുന്ന ബഹളമാണ് ചുറ്റും. രേണു വണ്ടിയിൽ തന്നെ ഇരുന്നു. ഞാൻ മാർക്കറ്റിലെ തിരക്കിലൂടെ ഞണ്ട് അന്വേഷിച്ച് നടന്നു. മാർക്കറ്റിലെ വരണ്ട കാറ്റിന് മറ്റൊരു ഗന്ധമാണ്. അസഹ്യത ഒന്നും ഇല്ല. കടൽ അടുത്തായത് കൊണ്ട് ഐസിട്ട് പഴകിയ മീനല്ല. ഫ്രഷ് മീനിന് മറ്റൊരു രുചിയാണ്. അത് കോഴിക്കോടെത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ബത്തേരിയിലെ അങ്ങാടികളിൽ ചുരം കയറി എത്തുന്ന മീനിന് ദിവസങ്ങളുടെ പഴക്കമുണ്ടാവും. അത് ശീലമായ നാവിന് പുതിയ രുചി പെട്ടെന്നു തന്നെ ഇഷ്ടമായി.
“അവിടെ എന്താ കാക്കാ ” ഒരു കഷണ്ടിത്തലയൻ മധ്യവയസ്കൻ മീൻ നോക്കുകയാണ്. ചൂര ചൂണ്ടി കാണിക്കുന്നു. ഒരാൾ അതെടുത്ത് ധൃതിയിൽ സ്റ്റീൽ പാത്രത്തിലിട്ട് തൂക്കി വെട്ടാൻ മാറ്റി വെക്കുന്നു. അടുത്ത ആളിലേക്ക് നീങ്ങുന്നു. മൂന്ന് പേർ തല പോലും ഉയർത്തി നോക്കാതെ മുന്നിലേക്കെത്തുന്ന മീൻ എടു പിടീന്ന് വെട്ടി വൃത്തിയാക്കി കവറിലാക്കി കൊടുക്കുകയാണ്. മറ്റൊരാൾ പൈസ വാങ്ങുന്നു. മാർക്കറ്റിൻ്റേതായ വേഗതയിൽ ആ ബഹളത്തിനിടക്കും എല്ലാം ഒരു താളത്തിൽ നടക്കുന്നു. ഞണ്ട് നോക്കി ഞാൻ പലടത്തും കയറി ഇറങ്ങി. എല്ലായിടത്തും പ്രധാനി അയ്ക്കൂറയാണ്. ചാകരയുടെ കാര്യം പറഞ്ഞ പോലെ അയ്ക്കൂറ കുറേ കിട്ടിയിട്ടുണ്ടാകും. അതാവും. നോക്കി നടന്ന് ഞണ്ട് കിട്ടി. കടൽ ഞണ്ടാണ്. നല്ല വലിപ്പമുണ്ട്. ഒരു ചരുവത്തിൽ വെള്ളം നിറച്ച് ഞണ്ടുമായി ഞാൻ വർക്കേരിയയിലെ അര തിണ്ടിലേക്കിരുന്നു. രേണുവിന് ഞണ്ട് വൃത്തിയാക്കാൻ അറിയില്ല. നന്നാക്കി കഴിഞ്ഞ് ഞാൻ വിശദമായൊന്ന് കുളിച്ചു.
സന്ധ്യാ വന്ദനം കഴിഞ്ഞ് ഞാൻ ഊൺ മേശയിൽ എത്തി. രേണു ഞണ്ട് കൊണ്ടെന്തോ ഉണ്ടാക്കിയിട്ടുണ്ട്. ഖരഗ്പൂർ ഐ ഐ ടി യിലാണ് രേണു പഠിച്ചതും പി എച്ച് ഡി എടുത്തതും ഒക്കെ. ബംഗാളുകാരെ സംബന്ധിച്ചിടത്തോളം മീൻ ഒരു പ്രധാനപ്പെട്ട വിഭവമാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അതിപ്പോൾ എന്ത് മീനായാലും. കുറേയേറെ വർഷങ്ങൾ കൊൽക്കത്തക്കാരിയായി ജീവിച്ചതുകൊണ്ട് കടൽവിഭവങ്ങളുമായി രേണുവിന് നല്ല പരിചയമുണ്ട്. ബംഗാളി രീതിയിൽ രേണു ഉണ്ടാക്കിയ ആവി പറക്കുന്ന ഞണ്ട് കറിയാണ് മുന്നിലെ പാത്രത്തിലുള്ളത്. മട്ട അരി ചോറും കോവക്ക മെഴുക്ക് പുരട്ടിയും ഞണ്ട് കറിയും കൊണ്ടാട്ടവും. ആഹാ …ഞാൻ സമയമെടുത്ത് ആസ്വദിച്ച് കഴിച്ചു.
ഏഴരയായപ്പോഴേ രേണു കിടക്കാൻ പോയി. ഞാനും പിന്നെ അധിക സമയം ഇരുന്നില്ല. എട്ട് മണിക്കകം തന്നെ ഉറങ്ങി.
ദിവസങ്ങൾ വീഡിയോ ഗെയിം കളിച്ചും വായിച്ചും വൈകുന്നേരങ്ങളിൽ കൂട്ടുകാരുടെ കൂടെ കറങ്ങിയും ഞാൻ ചിലവഴിച്ചു. ഇടക്കൊരു ദിവസം രേണുവിനെയും കൂട്ടി കക്കയത്ത് പോയി. വിഷുവടുപ്പിച്ച് മൂന്ന് ദിവസം ഞങ്ങൾ ഗുരുവായൂരായിരുന്നു. വിഷുവിന് കുളിച്ച് നിർമ്മാല്യം തൊഴുകണം എന്ന് രേണുവിനൊരാഗ്രഹം. പിന്നെ നീഹയും വിളിച്ചിരുന്നു. അവൾ ബാംഗ്ലൂര് ചേച്ചിയുടെ കൂടെയാണ്. റെബേക്കയെയും ഫിലിപ്പിനെയും മുടിപ്പിച്ചിട്ടേ ഇനി ഇങ്ങോട്ടുള്ളൂ എന്ന് തോന്നുന്നു.
കഴിഞ്ഞ ഓണത്തിന് ഒതുക്കത്തിൽ ഒരു ഗ്രാഫിക്സ് കാർഡ് കിട്ടിയപ്പോൾ ഞാൻ ഒരു ഗെയിമിങ് പി സി യുണ്ടാക്കി. സി എസ് ഇ ക്കാരനാവുമ്പോൾ കമ്പ്യൂട്ടർ അത്യാവശ്യം വേണ്ട ഒന്ന് തന്നെയാണ്. പക്ഷേ ഗെയിമിങ് പി സി അതിൽപ്പെടുന്നതല്ല. ലാൻ പാർട്ടികളിൽ ആഘോഷിച്ചും ലൈവ് സ്ട്രീമിങ് നടത്തിയും പല രാജ്യങ്ങളിലും ഉള്ളവരുടെ കൂടെ ഓൺലൈൻ മൾട്ടി പ്ലെയർ കളിച്ചും സമയം കൊല്ലുന്നതാണ് എൻ്റെ മറ്റൊരു ഹോബി. അത്യാവശ്യം ഓൺലൈൻ ഫ്രണ്ട്സും ഉണ്ട്. വെബ് കോമിക്സ് വരക്കാറുണ്ട്. ഡിജിറ്റൽ പെയിൻ്റിങ്ങുമുണ്ട്. ആർട്സ് ഓറിയൻ്റഡ് പ്ലാറ്റ്ഫോമുകളിൽ പത്ത് പതിനഞ്ച് ലക്ഷം ഫോളോവേർസുണ്ട്. വൺ പോയൻ്റ് ഫൈവ് മില്യൺ. ഈയടുത്ത് എൻ്റെ ഒരു ഇംഗ്ലീഷ് നോവൽ പബ്ലിഷും ചെയ്തു. ഒരു അന്തർമുഖനായത് കൊണ്ട് സോഷ്യലായിട്ടുള്ള സോഷ്യൽ മീഡിയകളിലൊന്നും ഞാൻ ഇതുവരെ എത്തി നോക്കിയിട്ടില്ല. നീഹയുടെ ഭാഷയിൽ പറഞ്ഞാൽ ഞാനൊരു എക്സ്ട്രോവേർട്ടഡായ ഇൻട്രോവേർട്ട് ആണ്.
നീഹ നേരെ തിരിച്ചാണ്. ഇൻട്രോവേർട്ടഡ് എക്സ്ട്രോവേർട്ട്. അവൾക്കും ജംഷീറിനും കൂടി ഒരു യു ട്യൂബ് ചാനലുണ്ട്. അതിൽ കപ്പിൾസ് കണ്ടൻ്റ് ചെയ്ത് ഫോർ മില്യണ് മേലെ സബ്സ്ക്രൈബേർസിനെ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് പേരും ഇൻസ്റ്റ ഗ്രാമത്തിൽ നിറഞ്ഞ് നിൽക്കുന്ന മോഡൽസാണ് എന്നൊക്കെ പറയുന്നു. ഒക്കെ കൊറോണ സമയത്തായിരുന്നു. അത് കൂടാതെ നീഹ ആർച്ചറി മത്സരങ്ങൾക്കൊക്കെ പോകാറുണ്ട്. ഇടക്കിടക്ക് ഞാനും ചില സ്കിറ്റുകളിൽ അവരുടെ ചാനലിൽ മുഖം കാണിക്കാറുണ്ട്.
ഷംസാദ് ഫിനാൻസിൻ്റെ ലോകത്താണ്. ഷെയർ മാർക്കറ്റിനോടാണ് അവന് താൽപര്യം. ഫിനാൻസ് ഇഷ്ടപ്പെടുന്നവൻ എന്തിനാണാവോ ബി ടെക് എടുത്തത്. അതും മെക്കാനിക്കൽ ബ്രാഞ്ച്. കണ്ടൻ്റ് എഴുതുന്നതും ക്യാമറാ വർക്ക് ചെയ്യുന്നതും അവനാണെങ്കിലും ക്യാമറക്ക് മുൻപിൽ മുഖം കാണിക്കാൻ വലിയ മടിയാണ്.
ജംഷീർ അലി… എൻ്റെയൊരു പ്രിയപ്പെട്ട കൂട്ടുകാരൻ. അണ്ടർ ട്വൻ്റി തയ്ക്വോണ്ട ചാമ്പ്യൻ. ഇപ്പോൾ ഇരുപത്തി ഒന്ന് ആയി. അവൻ്റെ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ ഞാൻ അക്കാദമിയിൽ പോവുകയുണ്ടായി. അന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസം ഞാനും മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. തയ്ക്വോണ്ടയെക്കാൾ കരാട്ടേയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അതിനു താഴത്തെ നിലയിൽ ഒരു ജിം ഓപ്പൺ ചെയ്തപ്പോൾ അവിടെ അഡ്മിഷനെടുക്കുകയും ചെയ്തു. അത് ഒരു ശീലമായി മാറാൻ അധികം താമസമൊന്നുമുണ്ടായില്ല.
ഇന്ന് മേടം പതിനൊന്നാണ്. രാവിലെ ചായക്ക് ഇഡ്ഡലിയും സാമ്പാറുമാണ്. കായം ചേർത്ത് വറുത്തരച്ചുണ്ടാക്കിയ സാമ്പാറിൻ്റെ ഗന്ധം എൻ്റെ നാസാരന്ധ്രങ്ങളിലേക്ക് പടർന്നു കയറി. പ്രഭാതത്തിലെ ഉപാസനയും പൂജയും കഴിഞ്ഞ് ഞാൻ അടുക്കളയിലെത്തി. ഇഡ്ഡലി തട്ടിൽ വെളിച്ചണ്ണയിൽ മുക്കിയ ശീല കൊണ്ട് ഒപ്പി മാവ് കോരിയൊഴിച്ച് അടച്ച് പോലും വെക്കാതെ രേണു അടുത്ത് വന്ന് എന്നെ വാസനിച്ചു നോക്കി.
“നല്ല വാസനയാണല്ലോ കണ്ണാ. സുഖമുള്ള ഒരു പ്രത്യേക മണം. അച്ഛൻ രാവിലെ പൂജ കഴിഞ്ഞ് ചായ കുടിക്കാൻ വന്നിരിക്കുമ്പോളത്തെ അതേ മണം”
അച്ഛച്ഛൻ്റെ ഗന്ധമാണ് എനിക്കെന്നാണ് രേണു പറയുന്നത്. അച്ഛച്ഛൻ ചെയ്യുന്ന അതേ പൂജയാണ് രാവിലെ ഞാൻ ചെയ്തത്. ഇന്നൊരു പ്രധാനപ്പെട്ട ദിവസമാണ്. അതാണ് വിധി വിധാനങ്ങളോട് കൂടി യന്ത്രം വരച്ച് നെയ്യും തെച്ചിപ്പൂവും കറുകയും എള്ളും ആയിരത്തി ഒന്ന് ഉരു മന്ത്രം ചൊല്ലി ഹോമിച്ചത്. സാധാരണ ദിനങ്ങളിൽ മന്ത്രോച്ചാരണത്തോടെയുള്ള ഉപാസനയാണ് പതിവ്. രാവിലെ നിലവിളക്ക് കൊളുത്തി ധ്യാന ശ്ലോകങ്ങൾ ചൊല്ലും. വൈകുന്നേരം സന്ധ്യാവന്ദനത്തിനൊപ്പം അത്യാവശ്യം ചില മൂർത്തികളെ ഒരു സാധകൻ എന്ന നിലക്ക് മൂലമന്ത്രം ചൊല്ലി മാനസപൂജ ചെയ്ത് ഉദ്വംസിക്കും. അത്ര മാത്രം.
കർപ്പൂരവും ചന്ദനവും പൂജക്കുപയോഗിക്കുന്ന മറ്റു ചില കൂട്ടുകളുടെ സുഗന്ധവും ആയി എല്ലാം കൂടി കലർന്ന നൈർമ്മല്യമുള്ള പരിമളമാണ് അച്ഛച്ഛൻ്റെ ഗന്ധമായി രേണുവിന് തോന്നിയത്. ചിലപ്പോൾ അച്ഛച്ഛൻ അടുത്തുണ്ടാവും. മരിച്ചവരെ കുറിച്ചോർക്കുമ്പോഴോ മരിച്ചവർ അടുത്ത് വരുമ്പോഴോ ഒക്കെ ഇതുപോലത്തെ സുഗന്ധമുണ്ടാവും. അല്ലെങ്കിൽ ദൈവസാന്നിധ്യമുണ്ടാവുമ്പോൾ. എൻ്റെ മണമാണോ അതോ മറ്റു വല്ലതും ആണോ എന്ന് ഉറപ്പിച്ച് പറയാൻ പറയാൻ പറ്റില്ല. അത്രക്ക് കനത്തിലാണ് പൂജ ചെയ്തത്. എന്തായാലും സുഗന്ധം നല്ലതാണ്. ദുർമൂർത്തികളുടെയോ ദുരാത്മാക്കളുടെയോ സാന്നിധ്യം വിളിച്ചറിയിക്കുന്ന രൂക്ഷഗന്ധമൊന്നും അല്ല.
ഞാൻ കിണ്ടിയിൽ ഉണ്ടായിരുന്ന തീർത്ഥം രേണുവിൻ്റെ തലയിൽ ഇറ്റിച്ചു. കുറച്ച് കുടിക്കാനും കൊടുത്തു. കർപ്പൂര തുളസി ചവക്കാൻ കൊടുത്തു.
“ഇത് ബാക്കിണ്ടേന്നോ കണ്ണാ”?
“ഇതിനിപ്പോ എന്താ ബുദ്ധിമുട്ട്? വെള്ളം എടുക്കുന്നു. മന്ത്രം ചൊല്ലുന്നു. തീർത്ഥമാവുന്നു. ആ ഒരു ചുവ എങ്ങനണ്ട്”?
“കർപ്പൂര തുളസിയുടെ ചുവയുണ്ട്…. കണ്ണാ നിൻ്റെ വായക്ക് അരളിപ്പൂവിൻ്റെ മണം… ഇതിനാണേല് ആ ഉണക്കപ്പുല്ലുണ്ടല്ലോ അതിൻ്റെയൊക്കെ ഒരു മണവും ചുവയും ഒക്കെ ഉണ്ട് ”
ചില മന്ത്രങ്ങൾ ഉരുക്കഴിക്കുമ്പോൾ വായിൽ വല്ലാതെ ഉമിനീര് നിറയും. അപ്പോൾ.. അതല്ലെങ്കിൽ ഉണ്ട് കൈകഴുകാതെ ഇരുന്ന് ജപിക്കേണ്ട അവസരങ്ങളിൽ… അങ്ങനെയൊക്കെയുള്ള സന്ദർഭങ്ങളിൽ കർപ്പൂര തുളസി വായിലിട്ട് ചവക്കാൻ എടുക്കാറുണ്ട്. ഞാൻ ചന്ദനം ഓട്ടു കഷ്ണത്തിൽ അരച്ച് രേണുവിൻ്റെ നെറ്റിയിൽ തൊട്ടു.
“ഇപ്പോ എങ്ങനെയുണ്ട്? അച്ഛച്ഛൻ്റെ മണമായില്ലേ രേണുവിനും “?
ഇഡ്ഡലിയെടുത്ത് ഞാൻ അടുക്കളയുടെ സ്ലാബിൽ കയറി ഇരുന്നു. പണ്ട് തറവാട്ടിലായിരുന്നപ്പോൾ അച്ഛമ്മയുടെ അടുത്തിരുന്ന് ഇത് പോലെ കഴിക്കാറുണ്ടായിരുന്നു. അച്ഛമ്മയുടെ പഴം പുരാണവും കേട്ട് ചായ കുടിക്കുന്നു എന്ന് പറയുമ്പോൾ കുടുംബത്തെ പറ്റിയും കാരണവന്മാരെ കുറിച്ചുമുള്ള കഥകളാണ് കൂടുതലും. അച്ഛമ്മ അന്ന് പറഞ്ഞ കഥകളെടുത്ത് പൊളിച്ചെഴുതി കൂട്ടിച്ചേർത്താണ് ഞാൻ പുതിയ നോവലെഴുതിയത്. പറങ്കി മാവിൻ്റെ തടി കൊണ്ടുണ്ടാക്കിയ ഒരു പഴയ ബെഞ്ചിൻ്റെ അറ്റത്ത് രേണുവും വന്ന് ഇരുന്നു. കുക്കറിൻ്റെ അടപ്പ് തുറന്ന് ഒരു തവി കറി ഞാൻ രേണുവിൻ്റെ പാത്രത്തിലേക്ക് ഒഴിച്ചു. ഉഴുന്ന് കൂടിയത് കൊണ്ട് ഇഡ്ഡലിക്ക് നല്ല മയം. ഇഡ്ഡലിയുടെ ഉള്ള് വേകാത്തത് പോലെയാണ് എനിക്ക് തോന്നിയത്. കൂടെ പഴമയുടെ രുചിയുള്ള സാമ്പാറും.
ദാദ്ര നാഗർ ഹവേലി ഒക്കെ ഓർമ്മ വരുന്നു. ബോംബെ താനെ റൂട്ടിലോടിയ ആ പഴയ മോഡൽ തീവണ്ടി കന്യാകുമാരിയിൽ നിന്ന് എങ്ങോട്ടോ പോകുന്നു. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള റെയിൽ പാളം. ദീപാവലിയാണ്. പടക്കങ്ങളല്ല. പകരം ആകാശത്ത് വർണ മഴ പെയ്യിച്ച് കത്തിയമരുന്ന പൂക്കുറ്റികൾ. അനാദിയായ കാലത്തെപ്പോലും പ്രകമ്പനം കൊള്ളിക്കുന്ന കരി മരുന്ന് പ്രയോഗം കുംഭ കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾക്കപ്പുറം ചുരുണ്ട് കൂടുന്ന ആകാശത്തിൽ നിറങ്ങൾ വാരി വിതറുന്നതിനിടയിൽ കൂടി പതുക്കെ നീങ്ങുന്ന ഡീസൽ ലോക്കോമോട്ടീവ്. കൽപ്പാത്തിയാണെന്ന് തോന്നുന്നു. സാമ്പാർ നാവിൽ തട്ടിയപ്പോൾ മനസ്സിൽ തെളിഞ്ഞതാണ് ആ രംഗം. കാരണം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഈ പറഞ്ഞ നാഗർ ഹവേലി ഞാൻ അതിനു മുൻപ് ജീവിതത്തിൽ കണ്ടിട്ടു കൂടി ഉണ്ടായിരുന്നില്ല.
ഒരു തരം ഒരു ഇമേജറി. കഴിച്ചു കഴിഞ്ഞ ഉടനെ ഞാൻ അത് വരച്ചെടുത്തു. ആ റെയിൽ പാളത്തിനടുത്ത് പാടത്തിന് നടുവിൽ ചെറിയൊരു വീട്. പൂച്ചെടികൾ അതിരിട്ട മുറ്റം. മുറ്റത്ത് രണ്ട് പെൺ കുട്ടികൾ പൂത്തിരി കത്തിക്കുന്നു. ദീപാവലി തന്നെ. തെളിഞ്ഞ രാത്രിയാണ് സമയം. തമിഴ്നാട്ടിലെ ഏതോ ഉൾഗ്രാമമാണെന്ന് തോന്നുന്നു. ഉത്സവങ്ങളുടെ കാലം… ആഘോഷങ്ങളുടെയും. സന്തോഷത്തോടെ ഗൃഹനാഥൻ ഉമ്മറത്തെ തിണ്ടിലിരിക്കുന്നു. ഗൃഹനായിക അടുത്ത് ഒരു തൂണിനെ ചാരി നിൽക്കുന്നു. അത് ഞാനും രേണുവുമാണ്. ഞാൻ ഞെട്ടലോടെ ആ പെയിൻ്റിങ് ഒരു സീക്രട്ട് ഫോൾഡറിൽ സേവ് ചെയ്തു.
പണ്ട് വീണപ്പോൾ തല ഇടിച്ചതിന് ശേഷം എനിക്ക് ലൂസിഡ് ഡ്രീമിങ്ങിൻ്റെ അല്ലെങ്കിൽ ഗോജിക് ആൻഡ് പോംപിക് ഹാലൂസിനേഷൻസിൻ്റെ ഒക്കെ ശല്യമുണ്ടാവാറുണ്ട്. ഇതു പോലെയുള്ള വിവിഡ് ഇമേജറീസ് അതിൻ്റെ ഭാഗമാണ്. ഉണർന്ന് കഴിഞ്ഞിട്ടും ഓർമ്മയുണ്ടെങ്കിൽ ഞാൻ അത് വരച്ച് സേവ് ചെയ്യും. അങ്ങനെ ഉള്ള കുറേ ചിത്രങ്ങളുള്ള ഫോൾഡർ ആണത്. വിവിഡ് ഡ്രീമിങ് എനിക്ക് പുതുമയുള്ള കാര്യമൊന്നുമല്ല.
സ്കൈറിം എൽഡേർസ് സ്ക്രോൾ കളിക്കാം എന്ന് തോന്നിയപ്പോൾ ഞാൻ പി സി ഓൺ ചെയ്തു. വല്ലാത്ത ഗൃഹാതുരത്വം തോന്നുന്നു. കുറച്ച് നേരം ജി റ്റി എ വൈസ് സിറ്റി കളിച്ചു. മയാമി ബീച്ചിൽ ടോമി വെർസെട്ടി മതി വരുവോളം അലഞ്ഞു തിരിഞ്ഞു. ഏഴര ആയപ്പോൾ രേണു എൻ ഐ റ്റി യിലേക്ക് പോയി.
സാധാരണ കോളേജുകൾ പോലെയല്ല എൻ ഐ ടി. സമ്മർ ഇൻ്റേൺഷിപ്പും മറ്റു പലവിധ സമ്മർ പരിപാടികളുമായി പലരും അവിടെയുണ്ടാകും. ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിന് അങ്ങനെ നീണ്ട അവധിയൊന്നും ഉണ്ടാകാറില്ല. സമയം നീങ്ങുന്നില്ല. ഒൻപത് മണി കഴിഞ്ഞ് ഞാൻ വീട് പൂട്ടി ഇറങ്ങി. ഫുൾ ടാങ്ക് പെട്രോളിൽ ബൈക്ക് വെറുതേ ഓടി കൊണ്ടിരുന്നു.
ഫോൺ റിങ് ചെയ്യുന്നു. ഞാൻ ഒരു പെട്ടിക്കടയുടെ ഓരത്ത് ബൈക്ക് നിർത്തി. ജുമൈലത്തിൻ്റെ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞു. ലക്ഷ്യമില്ലാതെ കണ്ണൂർ റോഡിൽ ഉരുണ്ടുകൊണ്ടിരുന്ന ചക്രങ്ങൾ തിരൂരങ്ങാടിയിലേക്ക് പ്രയാണമാരംഭിച്ചു.
ജിത്തുവും അരവിന്ദും എൻ്റെ കൂടെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരുന്നു. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസെന്ന പേരിൽ പലതും ചെയ്ത് ജിത്തു ആയിരത്തി ഇരുനൂറിൽ ആയിരത്തി ഇരുന്നൂറും ഒപ്പിച്ചപ്പോൾ ഞാനും അരവിന്ദും ഫുൾ എ പ്ലസുകളുമായി സംതൃപ്തിയടയുകയായിരുന്നു. തൊണ്ണൂറ്റേഴു ശതമാനം തെറ്റില്ലാത്ത ഒരു പേർസൻ്റേജ് തന്നെയാണ്. പ്ലസ് ടു കഴിഞ്ഞ് കാർത്തിക അവളുടെ അച്ഛനേപ്പോലെ ടീച്ചിങ് ഫീൽഡിലേക്ക് തിരിയാൻ ആഗ്രഹിച്ച് ഡിഗ്രിക്ക് ചേർന്നു.
രേണു നടന്ന വഴിയിലൂടെ സഞ്ചരിക്കാം എന്ന് കരുതി ഐസർ ലക്ഷ്യമാക്കിയ സമയത്താണ് ആറളത്തെ ഇല്ലത്തുള്ള എൻ്റെ ചേച്ചിമാർ എന്നെ നീറ്റെഴുതാൻ ബ്രെയിൻ വാഷ് ചെയ്തത്. ഐ ഐ എസ് സി യിലോ ഐസറിലോ പോകാൻ ഉദ്ദേശിച്ചിരുന്നത് കൊണ്ട് പ്ലസ് ടു കഴിഞ്ഞ ഉടനെ എൻട്രൻസ് എഴുതാൻ ഞാൻ മിനക്കെട്ടിരുന്നില്ല. അന്ന് ഞങ്ങൾ കുറ്റിക്കാട്ടൂരിലേക്ക് മാറിയ സമയമായിരുന്നു. ജിത്തുവും അരവിന്ദും റിപ്പീറ്റ് ചെയ്യാൻ കോട്ടയത്തേക്ക് വണ്ടി കയറിയപ്പോൾ ഞാനും അവരുടെ കൂടെ കയറി. അവർ രണ്ടും നീറ്റിൻ്റെ ആൾക്കാരായത് കൊണ്ട് ജെ ടു ബാച്ചിലായിരുന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും മനസ്സിലുണ്ടായിരുന്നില്ല. എല്ലാം എഴുതി നോക്കാം എന്നും അഥവാ കിട്ടിയില്ലെങ്കിൽ കാർത്തികയേപ്പോലെ ഒരു ബി എസ് സി ഫിസിക്സ് ഡിഗ്രി എടുക്കാം എന്നും ഞാൻ കരുതി.
ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഞാൻ പഠനം തുടങ്ങിയ കാലം. അന്ന് ഒരു ദിവസം ഉച്ചക്ക് ശേഷം മുഴുവൻ മാത് സായിരുന്നു. റിട്ടയർമെൻ്റിനു ശേഷം എൻട്രൻസ് ടീച്ചിങ്ങിലേക്ക് മാറിയ പ്രൊഫസർ ശേഷാദ്രി പ്രോബ്ലംസ് മാത്രമുള്ള തടിച്ച ഒരു പുസ്തകവുമായാണ് അന്ന് ക്ലാസിലെത്തിയത്.
ഇൻ്റഗ്രേഷനായിരുന്നു. പ്രോബ്ലം ബോർഡിൽ എഴുതും. അറിയുന്നവർ എഴുന്നേറ്റ് വന്ന് സോൾവ് ചെയ്യും. അതായിരുന്നു അന്ന്. ആദ്യത്തെ ഒരു ടഫ് ക്വസ്റ്റ്യൻ ആൽവിൻ മാന്യമായ രീതിയിൽ സോൾവ് ചെയ്തു. അടുത്തത് ചെയ്യാൻ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരുവൾ എഴുന്നേറ്റു. നീഹാരികയായിരുന്നു അത്. അതിൻ്റെ അടുത്തതും അവൾ തന്നെ സോൾവ് ചെയ്തു. അതു കഴിഞ്ഞുള്ള ചോദ്യം ചെയ്തപ്പോൾ പാർഷ്യൽ ഇൻ്റഗ്രേഷൻ ചെയ്യാൻ അവൾ ബുദ്ധിമുട്ടുന്നത് കണ്ട് ഞാൻ എഴുന്നേറ്റ് ചെന്ന് അത് ചെയ്തു. അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിൻ്റെ ആരംഭം. അന്നത്തെ ആ അപരാഹ്നത്തിൽ ബ്ലാക്ക് ബോർഡിൽ ശേഷാദ്രി എഴുതിയതിലെ സിംഹഭാഗം ചോദ്യങ്ങളും ഞാനും നീഹയും മത്സരിച്ച് സോൾവ് ചെയ്തു. ഞങ്ങൾ തമ്മിൽ എന്തെങ്കിലും ശത്രുതയുണ്ടോ എന്ന് ക്ലാസിലെ സഹപാഠികൾക്കും സംശയം.
അതിനടുത്ത ഒരു ദിവസം ലൈബ്രറിയിലെ ഒരൊഴിഞ്ഞ കോണിലിരുന്ന് ഞാൻ സ്റ്റഡി മെറ്റീരിയലുകൾ മറിച്ചു നോക്കുകയായിരുന്നു. നീഹാരിക എൻ്റെ മുൻപിൽ വന്നിരുന്നു. ‘ഐയാം നീഹാരിക മാത്തൻ’ അവൾ പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി. എനിക്കറിയാം. ഞാൻ പ്രതിവചിച്ചു. പൊതുവേ ഞാനങ്ങനെ ആരേയും ശ്രദ്ധിക്കാറില്ലായിരുന്നു. എന്ന് കരുതി ക്ലാസിലുള്ളവരുടെ പേര് പോലും അറിയാത്ത ഒരു പോഴനൊന്നുമല്ല. നീഹാരിക അങ്ങനെയാണോ കരുതിയത് എന്നൊന്നും എനിക്കറിയില്ല. ഞാനും കൈ കൊടുത്ത് ഔപചാരികമായി തന്നെ പരിചയപ്പെട്ടു. “ഐയാം നിഖിൽ ജയദേവ് “. നീഹക്ക് ഇൻ്റഗ്രേഷൻ പഠിപ്പിച്ച് കൊടുക്കാം എന്ന് ഞാൻ സമ്മതിച്ചു. കറൻ്റിൻ്റെ കളികളും മൊമെൻ്റ് ഓഫ് ഇനേർഷ്യയും നീഹ എന്നെയും പഠിപ്പിച്ചു. ജംഷീർ അലിയെ പരിചയപ്പെട്ടത് ഇതിലും രസകരമായ സംഭവമായിരുന്നു.
ഒരു ഉച്ച സമയത്തെ ഇൻ്റർവെല്ലിന് നാലാം നിലയിലെ ലൈബ്രറിക്ക് മുന്നിലുള്ള കോറിഡോറിൽ നിന്ന് ഞാൻ സീരീസ് ടെസ്റ്റ് പേപ്പറുകളുടെ ചോദ്യങ്ങൾ നോക്കുകയായിരുന്നു. ആ സമയത്ത് കോറിഡോറിൽ അങ്ങനെ ആരും ഉണ്ടായിരുന്നില്ല. നീഹ ഒ എം ആർ ഷീറ്റ് കറുപ്പിച്ച് നോക്കാൻ ഒരു പെൻസിൽ എൻ്റെ നേരെ നീട്ടി. ഞാൻ പെൻസിൽ കയ്യിൽ പിടിച്ച് എഴുതാൻ സൗകര്യത്തിന് പിന്നിലെ റെയിലിങ്ങിൽ ചാരി നിൽക്കാൻ ആഞ്ഞതും അതെല്ലാം കൂടി ചുവരിൽ നിന്നും പൊട്ടിയടർന്നതും ഒരുമിച്ചായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നെൻ്റെ ബോധമണ്ഡലത്തിൽ എത്തിയപ്പോഴേക്കും ഞാൻ താഴേക്ക് വീണു കഴിഞ്ഞിരുന്നു.
പിന്നീട് ഹോസ്പിറ്റലിൽ വെച്ചാണ് ഞാൻ കണ്ണു തുറക്കുന്നത്. രേണു അടുത്തുണ്ടായിരുന്നു. നീഹയും പപ്പയും ഐ സി യു വിലെ ചില്ലു മറക്കപ്പുറം ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനകം വാർഡിലേക്ക് മാറി. അവിടെ ആപ്പിളും കടിച്ച് രേണുവിനോട് ഓരോന്നും പറഞ്ഞ് വിശ്രമിക്കുമ്പോൾ മുടി നീട്ടി വളർത്തിയ ഒരു ചുള്ളൻ എന്നെ കാണാൻ വന്നു. കയ്യിൽ ഒരു ഒ എം ആർ ഷീറ്റും ക്വസ്റ്റ്യൻ പേപ്പറും. ഞാനത് വാങ്ങി കറുപ്പിച്ച് അവൻ്റെ കയ്യിൽ തന്നെ തിരികെ കൊടുത്തു. അവനത് ഒന്ന് വായിച്ച് നോക്കി ചുരുട്ടി വേസ്റ്റ് ബിന്നിലേക്കിട്ടു. ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി. ‘തലക്കെന്തെങ്കിലും പറ്റിയോ എന്നറിയാനാ’ എന്ന നിസ്സാരമായ അവൻ്റെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അതായിരുന്നു ജംഷീറുമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ.
ജംഷീർ ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞ് പാത്രം കഴുകാൻ പോകുമ്പോഴാണ് ഞാൻ വീഴുന്നത് കണ്ടത്. അവൻ്റെ ഷാർപ്പ് റിഫ്ളെക്സ്. ആ ഒരു നിമിഷത്തിൻ്റെ പരാർദ്ധത്തിനുള്ളിൽ അവൻ എൻ്റെ കാലിൽ പിടിച്ച് വലിച്ചു. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ താഴെ ഹാർഡ് കോൺക്രീറ്റിൽ വീണ് ഞാൻ മരിച്ചിട്ടുണ്ടാകും. പെൻഡുലം പോലെ എൻ്റെ ശരീരം ആടിയപ്പോൾ തല പുറത്തേക്ക് തള്ളി നിന്ന ബീമിൽ ചെന്നിടിച്ചു. ഫ്രൻ്റൽ ലോബിൽ ക്രോണിക് ഹെമറേജ്. കൂടെ നീഹയുണ്ടായിരുന്നു. അവൾ പപ്പയെ വിളിച്ചു. സർജറിക്ക് കൺസൻ്റ് ഫോം ഒപ്പിട്ടു കൊടുത്തത് നീഹയുടെ പപ്പയാണെന്ന് പിന്നീടറിഞ്ഞു. രാവിലെ ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഐ സി യു വി ലേക്ക് മാറ്റിയപ്പോഴേക്ക് രേണുവും വല്യച്ചനും എത്തി. അന്ന് രാത്രി മുഴുവനും ജംഷീറും നീഹയും ആശുപത്രിയിൽ ഉണ്ടായിരുന്നു.
അച്ഛച്ഛൻ മരിച്ച് അഞ്ച് മാസം ആയതേ ഉണ്ടായിരുന്നുള്ളൂ. ആ ഒരു ഒറ്റപ്പെടലിലുണ്ടായ ആത്മഹത്യാ ശ്രമമാണെന്നായിരുന്നു തൽപര കക്ഷികളുടെ വ്യാഖ്യാനം. ജംഷീറും നീഹയും കൂടുതൽ പറയാനൊന്നും പോയില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പ്രശ്നമാണെന്ന് പുറത്തറിയുന്നത് അവർക്കും ബുദ്ധിമുട്ടായിരുന്നു. നീഹയുടെ പപ്പ ഇടപെട്ട് ആത്മഹത്യാ ശ്രമം വലിയ പ്രശ്നമൊന്നുമാകാതെ ഒതുക്കി തീർത്തു. അന്ന് രണ്ട് കാര്യങ്ങൾ സംഭവിച്ചു. ഞങ്ങളുടെ സൗഹൃദവും പിന്നെ നീഹക്കും ജംഷീറിനും മാത്രം അറിയാവുന്ന കാലാന്തരത്തിൽ ഞാനും അറിയേണ്ടിവന്ന ഒരു രഹസ്യവും. ജിത്തുവും അരവിന്ദും സ്റ്റിച്ച് വെട്ടിയ ദിവസം എന്നെ കാണാൻ വന്നു. ഹോസ്റ്റലിൽ നിന്ന് ചാടി രാത്രി പാനിന്ത്യൻ സിനിമക്ക് പോയപ്പോൾ ബൈക്ക് മറിഞ്ഞ് വീണ് ആക്സിഡൻ്റായി കിടക്കുകയായിരുന്നു രണ്ടും. എന്നെയും വിളിച്ചതായിരുന്നു. തൊട്ടടുത്ത ദിവസം കെമിസ്ട്രി ടെസ്റ്റുണ്ടായിരുന്നത് കൊണ്ട് ഞാൻ പോയില്ല.
അത് പോലെ തന്നെയായിരുന്നു വർഗീസ് ചേട്ടൻ്റെ തെറ്റിദ്ധാരണയും. എക്സാമൊക്കെ കഴിഞ്ഞ സമയം. പൂജക്ക് രമേശേട്ടൻ കുറച്ച് തെങ്ങിൻ കള്ള് എത്തിച്ച് തന്നതിൻ്റെ ബാക്കി ആരുമറിയാതെ കൊല്ലിക്കടുത്തുള്ള ഷെഡ്ഡിൽ ഇരുന്ന് കുടിക്കാം എന്ന് കരുതി കൊല്ലിക്കടുത്ത് പാത്തും പതുങ്ങിയും നിൽക്കുന്നത് വർഗീസ് ചേട്ടൻ കണ്ടു. കോട്ടയത്ത് സംഭവിച്ചത് വർഗീസ് ചേട്ടന് അറിയാമായിരുന്നു. അതു കൊണ്ട് ഞാൻ ചാടി ചാവാൻ പോവുകയാണെന്ന് പാവം വിചാരിച്ചു. ഞാൻ ജംഷീറിനെ വിളിച്ച് വരുത്തി. കള്ളും കുപ്പിയും കാണിച്ചു കൊടുത്തു. ആത്മഹത്യാ ശ്രമത്തിൻ്റെ സത്യാവസ്ഥ ഒരു വിധത്തിൽ വർഗീസ് ചേട്ടനേയും രേണുവിനേയും ബോധ്യപ്പെടുത്തി. നീഹയേയും വിളിച്ച് ചോദിച്ചിട്ടാണ് രേണു വിശ്വസിച്ചത്. എന്നാലും ഇപ്പോഴും പഴയ ആത്മഹത്യ കുത്തിപ്പൊക്കി എന്നെ വെറുതേ തോണ്ടുന്നത് രേണുവിൻ്റെ ഒരു വിനോദമാണ്. പിന്നെ ഒരു ഗുണമുണ്ടായത് പനങ്കള്ളോ തെങ്ങിൻ കള്ളോ ആയി കുടിക്കാൻ രേണുവും ഒപ്പം ഉണ്ടാകും എന്നതാണ്.
തലപ്പാറയിൽ നിന്ന് ഞാൻ ചെമ്മാട്ടേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. മമ്പുറത്തേക്കുള്ള റോഡ് ദേശീയ പാതയുടെ പണി നടക്കുന്നത് കൊണ്ട് അടച്ചിരിക്കുന്നു. വീണ്ടും പിന്നിലേക്ക് പോയി മറ്റൊരു വഴിയിലൂടെ ചുറ്റി വളഞ്ഞ് പോകണം. തിരിച്ച് പോകാൻ തോന്നിയില്ല. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള ചെറു പാതകളും ഇടവഴികളും പിന്നിട്ട് ഇരുവശത്തും പന്നൽ ചെടികൾ വളർന്ന ചെങ്കല്ല് വെട്ടിയിറക്കിയ നീണ്ട മൺപാതയിലേക്ക് ഞാൻ ബൈക്ക് ഇറക്കി. ഒരു എളുപ്പ വഴിയാണ് അത്. ദൂരെ മാളിയേക്കൽ തറവാടിൻ്റെ ഗേറ്റ് ഞാൻ കണ്ടു. ഗേറ്റ് തുറന്നിട്ടിരിക്കുന്നു. മുറ്റത്തെ സൈപ്രസ് മരത്തിൻ്റെ ചുവട്ടിൽ ബൈക്ക് നിർത്തിയിട്ട് നിലത്ത് വിരിച്ച ചരലിലൂടെ ഞാൻ നടന്നു. ഷൂവഴിച്ചു വെച്ച് ഞാൻ പൂമുഖത്തേക്ക് കയറി.
പച്ച കമ്പളത്തിൽ തിളങ്ങുന്ന സ്വർണ്ണ നൂലിനാൽ അറബിയിൽ പ്രധാനപ്പെട്ട എന്തോ ഒന്ന് തുന്നിച്ചേർത്ത പഞ്ചഭുജാകൃതിയിലുള്ള ഈയം കൊണ്ടുള്ള വലിയ ലോഹച്ചട്ടത്തിനു താഴെ രണ്ട് പാളികളുള്ള മഹാഗണിയിൽ തീർത്ത പഴയ കാല മുസ്ലീം ഗൃഹങ്ങളുടേതായ സവിശേഷമായ കൊത്തു പണികളുള്ള കനമേറിയ വലിയ വാതിൽ തുറന്നു കിടക്കുന്നു. ഉപ്പ എങ്ങോട്ടോ പോവാൻ തുടങ്ങുകയാണെന്ന് തോന്നുന്നു. കറുത്ത ബെൻസ് മുറ്റത്തുണ്ട്. ഡ്രൈവർ ബഷീറിക്ക പൂമുഖത്തെ മരപ്പടിയിൽ ഇരിക്കുന്നു. ഞാൻ മനോഹരമായി ചിരിച്ചു കാണിച്ചു. ഇടക്കിടക്ക് വരുന്നത് കൊണ്ട് ജോലിക്കാരെയൊക്കെ എനിക്ക് അറിയാം. അവർക്ക് എന്നെയും അറിയാം.
ജുമൈലത്ത് പുറത്തേക്ക് വന്നു. ബാംഗ്ലൂരിൽ ഗൈനക്കോളജിസ്റ്റാണ്. ജംഷീറിൻ്റെയും മൻസൂറിൻ്റെയും മൂത്ത ജ്യേഷ്ഠത്തി. മൂന്ന് ദിവസം മുൻപാണ് എത്തിയത്.
“ഇത്ര പെട്ടെന്ന് എത്തിയോ? അവടെ നോക്കി നിക്കാതെ അകത്തിക്ക് വാ”
ജുമൈലത്ത് എൻ്റെ കയ്യിൽ പിടിച്ച് അകത്തേക്ക് നയിച്ചു. നീല ഞരമ്പുകൾ തെളിഞ്ഞു കാണുന്ന വെളുത്ത കൈകൾ അൽപം അധികാരത്തോടെ എൻ്റെ കൈത്തണ്ടയിൽ മുറുകി. ജുമൈലത്തിൻ്റെ കൈപ്പത്തി കാണാൻ നല്ല ഭംഗിയാണ്. ഞാൻ ഒരു നിമിഷത്തേക്ക് ആ കൈകൾ ശ്രദ്ധിച്ചു. നീണ്ട മോതിര വിരൽ ശൂന്യമായി കിടക്കുന്നു.
“മോതിരം എവിടെ” ?
ജുമൈലത്ത് കൈത്തലം നീട്ടിപ്പിടിച്ചൊന്നു നോക്കി കൈ താഴേക്കിട്ടു.
“സിസേറിയനല്ലേ. ഇപ്പോ ആണെങ്കില് ഗ്ലൗസ് ഊരാനും ഇടാന്വേ നേരള്ളൂ. അത് കയ്യില്ണ്ടാവുമ്പോ എടങ്ങേറാ. ഞാനത് ഊരി വെച്ചു”
“പേരുള്ളതായിരുന്നില്ലേ” ?
“ഇത് നോക്ക് ”
കഴുത്തിലെ നെക് ലേസിൻ്റെ ലോക്കറ്റ് ജുമൈലത്ത് പൊക്കി പിടിച്ച് എന്നെ കാണിച്ചു. ഞാൻ മാല കൈയിൽ എടുത്ത് പിടിച്ച് ലോക്കറ്റ് നോക്കി. ഇംതിയാസിൻ്റെ മുഖം എൻഗ്രേവ് ചെയ്ത സ്വർണ്ണലോക്കറ്റ്. ഞാൻ എത്തിയതറിഞ്ഞ് ജംഷീർ പടികൾ ഇറങ്ങി വന്ന് അടുത്തുള്ള സോഫയിൽ ഇരുന്നു. ഞാൻ ജുമൈലത്തിൻ്റെ കൈകൾ എൻ്റെ കൈകളിൽ ചേർത്ത് പിടിച്ചു.
“ജംഷീ… നിൻ്റെ കയ്യൊന്ന് നീട്ടെടാ”
ജംഷീർ കൈപ്പത്തി തുടകൾക്ക് മേലേ നിവർത്തി വെച്ചു. ഞാൻ എൻ്റെ കൈപ്പത്തി ജുമൈലത്തിനെ കാണിച്ചു.
“ഇത് കണ്ടോ… ഞങ്ങളെ വിരലിന് വളവും തിരിവും ഒക്കെണ്ട്. തൊടുമ്പോ എല്ലുന്തി നിൽക്കുന്ന പോലെയാ. കാണാൻ അത്രക്ക് സുഖല്ലാത്ത ബെൻ്റ് ആൻഡ് നോട്ടി ഫിംഗേർസ്. ഉള്ളിലാകെ തഴമ്പും. ആൻഡ് യുവർ ഹാൻഡ്സ്. ഇറ്റ്സ് സോ പെർഫെക്റ്റ്. ഈ ലോങ്ങ് കോണിക് ഫിംഗേർസ്. ഇളം ചുവപ്പ് നിറമുള്ള നഖങ്ങൾ. സ്വർണ മോതിരം ഉണ്ടാവുന്നതാ അതിന് ഭംഗി”
“അത്രക്ക് ഇഷ്ടായോ”?
“ലോങ്ങ് പോയിൻ്റഡ് ഫിംഗേർസ് എനിക്ക് ഭയങ്കര ഇഷ്ടാ. പ്രത്യേകിച്ചും ചൂണ്ട് വിരല്. ഇറ്റ് സേയ്സ് സോ മച്ച് എബൗട്ട് ദ പേർസൺ. പിന്നെ ആണെങ്കില്… ഞങ്ങളൊക്കെ റൊമാൻ്റിക്സുകളാ… എനിതിങ് ബ്യൂട്ടിഫുൾ ഈസ് അഡ്മൈയറബ്ൾ എന്നല്ലേ. അല്ലെങ്കിൽ വേണ്ട. എവരിതിങ് ഈസ് ബ്യൂട്ടിഫുൾ”
“ഞാനിപ്പോ വരാം”
ജുമൈലത് പടികൾ കയറി പോയി. ഞാൻ ജംഷീറിൻ്റെ അടുത്തായി ഇരുന്നു. ജംഷീർ തയ്ക്വോണ്ട മത്സരത്തിന് ഇന്തോനേഷ്യയിൽ പോവാനിരിക്കുകയാണ്.
“എന്തായി കാര്യങ്ങള്”?
“മടുത്തു കണ്ണാ. ഇത് വല്യ പാടാ. സാധാരണ പോലെ പോരാ. കോമ്പറ്റീഷനായി പ്രാക്ടീസ് ചെയ്യണം. വേറേം കൊറേ മാമൂലാള്ണ്ട്. പന്തീരങ്കാവിക്ക് ദിവസവും ഒരു മണിക്കൂറ് അങ്ങട്ടും ഒരു മണിക്കൂറ് ഇങ്ങട്ടും. ഇപ്പോ അന്നേത്ത പോലെ ഒരു ഇതില്ല. കോമ്പറ്റീഷനോടുള്ള ക്രേസ് പോയി. ഇപ്രാവശ്യം കൂടെ പോയിട്ട് നിർത്തിയാലോന്ന് കരുതീട്ടാ”
“ആസ് യു ലൈക്. നിനക്കിപ്പോ അത് ഒരു ഹാബിറ്റായി. പണ്ട് ഇഷ്ടള്ളതോണ്ടേന്നു പോയേന്നത്. അല്ലേ? അണ്ടർ ഫോർട്ടീനില് തുടങ്ങിയതല്ലേ? കൊല്ലോം കൊല്ലോം പോയി ഇപ്പോ ഓട്ടോമാറ്റിക്കായി ആ സമയായാ പോവാൻ തോന്നും. ഇൻട്രസ്റ്റ് ഇല്ലാഞ്ഞിട്ടും അങ്ങട്ട് പോയാല് അവിടെ മത്സരം തുടങ്ങുമ്പോ ഒക്കെ റെഡിയാവൂന്ന് വിചാരിച്ചിട്ടല്ലേ” ?
“അതെന്നെ. ഞാൻ പ്രാക്റ്റീസ് ചെയ്യുമ്പോ ഇപ്പോ പഴയ ആ ഒരു മൂഡില്ല. ന്നാലും പിന്നേം ഫോഴ്സ് ചെയ്ത് ചെയ്യും. അന്നൊക്കെ എത്ര നേരം വേണേലും ചെയ്യായിരുന്നു. ഇപ്പോ മടിയല്ല. ഒരു.. ഒരു… എന്താപ്പോ പറയാ…അങ്ങനെ അങ്ങട്ട് തോന്നണില്ല. അപ്പോ ഞാൻ കരുതി അവടെ ചെന്നാ ഒക്കെ മാറൂന്ന്”
“കുറേ വർഷം പോയതോണ്ട് ആ അറ്റാച്ച്മെൻ്റ് പോയിട്ടുണ്ടാകും. ആ ഒരു പുതുമയൊന്നും ഇപ്പോ ഇല്ലല്ലോ. ചെയ്യാൻ തോന്നാത്തത് വെറുതേ ഫോഴ്സ് ചെയ്യണ്ട. ഇഷ്ടമുള്ളത് ആണെങ്കില് ഒന്നും ഇല്ലാതെ തന്നെ എത്ര നേരം വേണേലും ചെയ്യാലോ. അതാ പറഞ്ഞത്. കാലം മാറുമ്പോ പഴയതിൻ്റെ സ്ഥാനത്ത് പുതിയത് വരും. നീ നിനക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്താൽ മതി.. അൺലെസ്”
“അൺലെസ്” ?
ജംഷി എന്നെ ഉറ്റു നോക്കി.
“അൺലെസ്… ഇൻടാഞ്ചിബിൾ ഷാക്ക്ൾസ്… ഇൻവിസിബ്ൾ ബോണ്ടേജ്…കയറില്ലാതെ കെട്ടുന്ന ഒരവസ്ഥയുണ്ട്. അത്. റെസ്പോൺസിബിലിറ്റീസ് തല മണ്ടേല് ആവുമ്പോ…അപ്പോ പറ്റാത്തതും ചെയ്യേണ്ടി വരും. ഇപ്പോ നിനക്ക് അങ്ങനെത്തെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. സോ”
“മ്യൂസിക്കിനോടാ ഇപ്പോ. വയലിൻ പഠിച്ചാലോന്ന്”
ഞാൻ അവനെ ചൂഴ്ന്ന് നോക്കി.
“എന്താടാ” ?
“നിൻ്റെ ഈ മാറ്റം. ഇതെനിക്ക് നല്ല പരിചയമുണ്ട്. ഞാനൊരുപാട് കണ്ടിട്ടുണ്ട്. നിനക്കേ ആരോടോ പ്രേമമാണ്. അല്ലെങ്കില് തലേടെ പിരി പോയിട്ടുണ്ടാവും”
ജംഷി അതിന് മറുപടി പറയാൻ തുടങ്ങിയതാണ്. ജുമൈലത്ത് വരുന്നത് കണ്ട് അവൻ പറയാൻ വന്നത് വിഴുങ്ങി. ജുമൈലത്ത് ഒരു വാച്ചുമായി തിരികെ വന്നു. എൻ്റെ കയ്യിലെ വാച്ച് അഴിച്ച് മാറ്റി പുതിയ വാച്ച് കയ്യിൽ കെട്ടി തന്നു. കരിനീല ഡയലുള്ള സിൽവർ മെറ്റൽ വാച്ച്. നല്ല വിലയുള്ളതാണ് എന്ന് തോന്നി.
“ഞാനിൻ്റെ കെട്ട്യോന് കൊടുക്കാൻ വാങ്ങീതാ. ഓൻക്ക്ഞ്ഞിത് വേണ്ട”
ജുമൈലത് എൻ്റെ ഫുൾ സ്ലീവ് ഷർട്ടിൻ്റെ കൈകൾ കൈ മുട്ട് വരെ തെറുത്ത് കയറ്റി.
“ഞങ്ങക്കൊന്നും ഒന്നൂല്ല. ഓന് കുപ്പൻ്റെ വാച്ചും. കണ്ണാ… കുപ്പന് നിക്കാഹ് കഴിഞ്ഞിട്ട് കൊടുക്കാൻ വെച്ചതാ അത്. കുപ്പൻ വാച്ച് കെട്ടല്ണ്ടേന്നില്ല”
“വെറുതെയാ കണ്ണാ. ഓര്ക്ക് രണ്ടാക്കും കൊറേ കൊണ്ടന്ന് കൊടുത്തിണ്ട്”
ജുമൈലത്ത് അടുത്തേക്കിരുന്ന് വാച്ച് കെട്ടിയ കൈ മടിയിൽ എടുത്ത് വെച്ച് കൈ ചേർത്ത് പിടിച്ചു.
“ജംഷീ…ഇന്നലേം നീഹ വിളിച്ചേന്നു. ഇടക്കിടക്ക് വീഡിയോ കോൾ ചെയ്യും. പാവം ബാംഗ്ലൂര് പോയി പെട്ടൂന്നാ തോന്നണത്. റെബേക്കേം ഫിലിപ്പും ജോലിക്ക് പോയാ അവള് ഒറ്റക്കാ”
ജംഷി എഴുന്നേറ്റ് മുറിയിലേക്ക് പോയി.
“ആരാ കണ്ണാ ബാംഗ്ലൂരില്”?
“എൻ്റെ ഒരു കൂട്ടുകാരിയുണ്ട് നീഹാരിക. ഇടുക്കിക്കാരിയാ. അവളെ ചേച്ചിയും ചേച്ചിയുടെ ഭർത്താവും ബാംഗ്ലൂരാ. ബാംഗ്ലൂരാന്നേ അറിയൂ. അവരെപ്പറ്റി കൂടുതലൊന്നും അറിയില്ല. അവളവിടെ വെക്കേഷന് പോയിപ്പെട്ട കാര്യം പറഞ്ഞതാ ”
“കൂട്ടുകാരിയോ “?
“ദേർ ആർ ഗേൾഫ്രണ്ട്സ് ആൻഡ് ഗേൾ ഫ്രണ്ട്സ്. അതില് രണ്ടാമത് പറഞ്ഞതാ. ജംഷീറിൻ്റേം കൂട്ടുകാരിയാ”
“നീഹാരിക മാത്തൻ. അല്ലേ? എൻട്രൻസ് കോച്ചിങ്ങിന് ഒപ്പണ്ടേന്നത്? ജംഷി ഉമ്മച്ചീനോട് പറയണത് കേട്ടീണ്ട് ”
ജംഷി ലാപ്ടോപ്പുമായി എൻ്റെ വലത് വശത്ത് വന്നിരുന്നു.
“ഇതില് കൊറേ പുതിയ വീഡിയോ ഐഡിയാസ്ണ്ട്. ഇന്നലെ ഓള് മെയിലയച്ചതാ. പറ്റിയത് നോക്കി ഷൂട്ട് ചെയ്യണം. ഓളും കൂടെണ്ടേല്… ഇതിപ്പോ ഞാൻ ഒറ്റക്കല്ലേ. ഷംസാദ് താത്താൻ്റെ നിക്കാഹിൻ്റെ തെരക്കിലാ”
“അതിത്ര പെട്ടെന്നായോ? പറയുമ്പോലെ മാനുക്കാനെ കണ്ടില്ലല്ലോ. മാനുക്ക ഷോപ്പില് പോയതാവൂല്ലേ”
“കണ്ണാ…ഇയ്യിവിടെ ഒന്നും അല്ലേ? അൻ്റെ ബോധം ഒക്കെ പോയോ? ഓരെ പ്രേമത്തിന് കൂടെണ്ടേന്ന ആളല്ലേ? വരണ ഇരുപതിനല്ലേ നിക്കാഹ്”?
“മൻസൂറ്.. ഷോപ്പില് … നല്ല കാര്യായി. രണ്ടും കൂടെ എവടേലും കറങ്ങി നടക്ക്ണ്ടാവും”
ജുമൈലത്തിൻ്റെ സ്വരത്തിൽ നേരിയ ദു:ഖം നിഴലിച്ചു. അത് തിരിച്ചറിഞ്ഞ ഞാൻ കൈ മുറുകെ ചേർത്ത് പിടിച്ചു.
ഞാൻ ലാപ്ടോപ്പ് വാങ്ങി അതെല്ലാം ഒന്ന് ഓടിച്ചു നോക്കി. ജുമൈലത്തും നോക്കുന്നുണ്ടായിരുന്നു. ചിലതൊക്കെ ജുമൈലത്തിൻ്റെ അഭിപ്രായത്തിൽ ‘ഓവർ ദ ടോപ്പ് ‘, ‘എക്സ്ട്രീമ് ലി ചീസി’ ഒക്കെയായിരുന്നു. എനിക്കും അങ്ങനെ തന്നെ തോന്നി.
ഞങ്ങൾ കൂലംകഷമായ ചർച്ച തുടങ്ങി. ഞാനും ജംഷീറും പുതിയ സ്കിറ്റുകൾ പ്ലാൻ ചെയ്യുകയായിരുന്നു. ജുമൈലത്ത് എല്ലാം വെറുതേ കേട്ടിരുന്നു. ആ മനസ്സിൽ ഇംതിയാസിൻ്റെ കൂടെയുള്ള ജീവിതമായിരിക്കും.നടക്കാനിടയില്ലാത്ത സ്വന്തം നിക്കാഹായിരിക്കും.
ഞങ്ങളങ്ങനെ ഇരിക്കുമ്പോൾ ഉപ്പ ഹാളിലേക്ക് വന്നു. ഡൈ ചെയ്ത് കറുപ്പിച്ച മുടി. ബ്രൗൺ ടിൻ്റഡ് കണ്ണട. പുഞ്ചിരിക്കുന്ന സൗമ്യമായ മുഖം. വേഷം വെളുത്ത മുണ്ടും ഷർട്ടും. അലക്കി തേച്ച ഖദറാണ്. ഫോറിൻ അത്തറിൻ്റെ സുഗന്ധം ചുറ്റും വ്യാപിച്ചു. ഞാൻ എത്തിയപ്പോൾ ഉപ്പ പ്രാതൽ കഴിക്കുകയായിരുന്നു. ഉപ്പ റിട്ടയർമെൻ്റിന് ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങിയത് കൊണ്ട് ഭക്ഷണത്തിന് കൃത്യ സമയമൊന്നുമില്ല. പ്രഭാത ഭക്ഷണം പതിനൊന്ന് മണിക്കാണ് കഴിക്കുന്നത്. ഉപ്പ വരുന്നത് കണ്ട് ഞാൻ ലാപ്ടോപ് മാറ്റി വെച്ചു. പഴയ ആളല്ലേ. ഞങ്ങളിങ്ങനെ വീഡിയോ ഒക്കെ എടുത്ത് നടക്കുന്നത് ഇഷ്ടമുണ്ടാവില്ല എന്നെനിക്ക് തോന്നി.
“ഈച്ച് ജെനറേഷൻ ഹാവ് ദേർ ഓൺ റെലിക്സ്. ഡോൻ്റ് ലെറ്റ് സംവൺ സ്റ്റോപ്പ് യു ഫ്രം എൻജോയിങ് ദ റെലിക്സ് ഓഫ് യുവർ ജെനറേഷൻ”
എന്നെ നോക്കി മന്ദഹാസത്തോടെയാണ് ഉപ്പ അത് പറഞ്ഞത്. ഞാൻ അത്ഭുതപ്പെട്ട് പോയി. ഉപ്പ എൻ്റെ അടുത്ത് സോഫയുടെ ആം റെസ്റ്റിലിരുന്ന വാച്ചിൻ്റെ പെട്ടി കണ്ടു. കൈത്തണ്ടയിൽ അതിനുള്ളിലെ വാച്ചും.
“ഓന് കൊടുത്തൂലേ അത്”?
ഉപ്പ മകളെ നോക്കി ചെറു ചിരിയോടെ അതും ചോദിച്ച് പുറത്തേക്ക് നടന്നു. ഞാൻ ഉപ്പയുടെ ഒപ്പം ഉമ്മയും കൂടെ പൂമുഖത്തേക്ക് പോയത് നോക്കുകയായിരുന്നു. എന്തൊക്കെ ആയാലും സ്നേഹസമ്പന്നയായ ഭാര്യ തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു.
” വാപ്പച്ചിക്ക് എന്തോ മീറ്റിങ്ങുണ്ട്. പറ്റിയാല് ഇപ്രാവശ്യം ഇവിടെ എവടേലും എലക്ഷന് നിക്കാന്നാ പറയണത് ”
ജുമൈലത് ഞാൻ നോക്കുന്നത് കണ്ട് കാര്യം വിശദീകരിച്ചു. വി ഏയ്റ്റ് എഞ്ചിൻ്റെ പതിഞ്ഞ മുരൾച്ച പുറത്ത് നിന്ന് കേൾക്കാറായി. പതിനെട്ട് ഇഞ്ച് ലോ പ്രൊഫൈൽ ടയറുകൾ മുറ്റത്തെ ചരലിനെ ഞെരിച്ചമർത്തി വളരെ പതുക്കെ ഉരുളുന്നു. ഉപ്പ പോയിരിക്കുന്നു. തിരികെ എത്താൻ രാത്രി ഏറെ വൈകുമായിരിക്കും. സ്വന്തമായി അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ട് മറ്റുള്ള അച്ഛന്മാരോടും അമ്മമാരോടും ഒരു പ്രത്യേക സ്നേഹം എനിക്ക് എല്ലായ്പ്പോഴും തോന്നാറുണ്ട്. ജംഷീറിൻ്റെ ഉപ്പക്കും ഉമ്മക്കും അതറിയാം.
“വെറുതേ അല്ല മക്കളൊക്കെ ഇതു പോലെ ആയത്. അങ്ങനത്തെ ഒരു വാപ്പയുണ്ടെങ്കിൽ ഞാനൊക്കെ തകർത്ത് വാരിയേനേ. അതെങ്ങനേ എറിയാനറിയുന്നോൻ്റെ കയ്യില് വടി കൊടുക്കില്ലല്ലോ”
ജംഷി എന്നെ സൂക്ഷിച്ച് നോക്കി.
“അനക്ക് എറിയാനറിയാന്നും കയ്യില് വല്യ ഒരു വടിയുണ്ടൂന്നും ഇക്കറിയാം. എന്നിട്ടാ”
ജുമൈലത് അത് കേട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഉമ്മ അത് കണ്ടാണ് അകത്തേക്ക് കയറി വന്നത്.
“ഇങ്ങനെ ലക്കില്ലാതെ ചിരിച്ചാ പെണ്ണേ വയറ് കൊളുത്തും ”
ജുമൈലത്ത് കുലുങ്ങി കുലുങ്ങി ചിരിക്കുകയാണ്. അത് കണ്ട് ഉമ്മയും ചിരിച്ചു.
“ഇവടെ ശ്വാസം കിട്ടാതെ ചിരിക്കാന് ഇപ്പോ എന്തേണ്ടായേ”?
“അതൊന്നൂല്ല ഉമ്മാ. ജംഷി ഒരു തമാശ പറഞ്ഞതാ. അത്രക്ക് ചിരിക്കാനൊന്നൂല്ല. ആറ്ൻ്റ് വി ഓൾ എ ലിറ്റിൽ കോർണി സംടൈംസ്”?
ഉമ്മ ഞങ്ങളുടെ അടുത്തുള്ള ദിവാൻ കോട്ടിൽ വന്ന് ഇരുന്നു. ചില വീഡിയോസിൽ ഉമ്മ മുഖം കാണിച്ചിട്ടുണ്ട്. ഉമ്മയും നീഹയും ജംഷീറും ഉള്ള ചില വീഡിയോസിന് അൻപത് മില്യണ് മുകളിൽ വ്യൂസ് ഉണ്ട്.
“ഉമ്മയേം കൂടെ വെച്ച് എന്തേലും നോക്കിയാലോ? സ്ഥിരം ഉമ്മ മകൻ ക്ലീഷേ ഒന്നും വേണ്ട. ലെറ്റ്സ് ഡു സംതിങ് ഡിഫറൻ്റ്”
ഉമ്മ പഴയ ഒരു ബ്യൂട്ടിയാണ്. ദീനിയായ ഒരു പുലാമന്തോളുകാരി. ഇരുപത്തി ഒന്നിൻ്റെ നിറവിൽ പാറിപ്പറന്ന് നടക്കുന്ന സമയത്താണ് മാളിയേക്കൽ ഹസൻകുട്ടി ഹാജിയുടെ മകൻ ഷാനവാസിൻ്റെ ഇണയായി മാളിയേക്കൽ തറവാട്ടിലെത്തിയത്. ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരിക്കുകയായിരുന്നു.
പുറത്ത് ഒരു കാറ് വന്ന ശബ്ദം എൻ്റെ കാതുകളിലെത്തി. സോഫ ജനാലയുടെ അരികിലായിരുന്നു. നിലത്ത് നിന്നും ലിൻഡൽ വരെ എത്തുന്ന തുറന്നിട്ട അഞ്ച് കള്ളികളുള്ള വലിയ ജാലകങ്ങളിലൂടെ വയലുകൾക്കപ്പുറമുള്ള റോഡ് വരെ തടസ്സമില്ലാതെ കാണാൻ കഴിയുമായിരുന്നു. മാനുക്കയുടെ ചുവന്ന പോളോ ജനാലയുടെ അടുത്ത് വന്ന് നിന്നു. വണ്ടിയുടെ ഉള്ളിൽ നിന്നും എന്നെ കണ്ടതോടെ മാനുക്ക ഒന്ന് റെയ്സ് ചെയ്ത് ഓഫാക്കി ഇറങ്ങി. ഷഹാന ഒപ്പമുണ്ട്.
“എങ്ങനെണ്ട് കണ്ണാ “?
” സ്വീറ്റ് ”
ട്യൂൺ ചെയ്ത എഞ്ചിനാണ്. ഞാൻ മുൻപ് കണ്ടപ്പോൾ മോഡിഫൈ ചെയ്യാൻ കയറ്റിയതായിരുന്നു.
“ജനാലക്കല് നിന്ന് കിന്നാരം പറയാതെ അകത്തിക്ക് വാടാ”
ഞങ്ങളുടെ അടുത്ത് ഇരിക്കുന്ന ഉമ്മയെ കണ്ട് ഷഹാനക്ക് പുറത്തിറങ്ങാൻ മടി. മാനുക്കയുടെ പിന്നിലായി പരുങ്ങലോടെ ഷഹാന അകത്തേക്ക് കയറി വന്നു. മാനുക്ക ഒടുക്കത്തെ ലുക്കിലാണ്. നിക്കാഹ് അടുപ്പിച്ച് നന്നായി മിനുങ്ങിയിട്ടുണ്ട്. ജിമ്മിൽ മല മറിച്ച് ബോഡിയൊക്കെ റെഡിയാക്കിയിട്ടുണ്ട്. നീറ്റായി ട്രിം ചെയ്ത താടിയും ഫേഡഡ് ഹെയർകട്ടും ഒരു മോഡലിൻ്റെ മുഖത്തെ അനുസ്മരിപ്പിച്ചു. ഓഫ് വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും. സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ഷഹാനയും ഒട്ടും പിന്നിലല്ല. ലെയറായിട്ടുള്ള വൈറ്റ് ഗൗണാണ് വേഷം. തോളിലേക്ക് വീണു കിടക്കുന്ന തട്ടം ഉമ്മയെ കണ്ടപ്പോൾ ഷഹാന വലിച്ച് തലയിലേക്കിട്ടു. വെള്ളച്ചാട്ടം പോലെയുള്ള സമൃദ്ധമായ ചെറിയ ചെമ്പൻ നിറമുള്ള മുടി തട്ടത്തിനുള്ളിൽ മറഞ്ഞു. മാനുക്ക മോങ്ക്സ്ട്രാപ്പ് അഴിച്ച് വാതിലിനടുത്തുള്ള ചെരിപ്പുകൾ വെക്കാനുള്ള ചെറിയ ഷെൽഫിലേക്ക് വെച്ചു.
“ഇയ്യെന്തിനേ കണ്ണാ അത് പൊറത്തൂരിവെച്ചത്? ഇതില് വെച്ചാ പോരേന്നോ”?
“ഓ… അത് സാരല്ല…മാനുക്ക സിക്സ് പാക്ക് ഒക്കെയായി സൂപ്പറായല്ലോ”
“ആ പള്ള ഓള് കണ്ടാലോന്ന് പേടിച്ചിട്ടാ കണ്ണാ”
“പിന്നേ ഓള് കാണാത്തതാണല്ലോ അത്. ഇഞ്ഞിപ്പോ പള്ളണ്ടേ തന്നെ അന്നെ കളഞ്ഞിട്ടൊന്നും പോവൂല മാന്വോ. അട്ട ഒട്ടും പോലെയാ ഓള് ഒട്ടീത്”
മാനുക്കക്ക് ഒന്നും പറയാൻ അവസരമുണ്ടായില്ല. കയറി വന്ന പാടെ ഉമ്മയും ജുമൈലത്തും കൂടി ഒന്നിച്ച് ആക്രമിച്ചതോടെ മാനുക്ക ദൈന്യ ഭാവത്തിൽ എന്നെ നോക്കി. സിക്സ് പാക്കിൻ്റെ കാര്യം എഴുന്നള്ളിക്കണ്ടായിരുന്നു എന്നെനിക്ക് തോന്നി. ഒപ്പമുണ്ടായിരുന്ന ഷഹാനക്കും അത് ക്ഷീണമായി.
മാനുക്ക എൻ്റെ അടുത്ത് ജുമൈലത്തിൻ്റെ ഇപ്പുറത്ത് വന്നിരുന്നു. ഷഹാന മടിച്ച് മടിച്ച് ജുമൈലത്തിൻ്റെ അടുത്ത് ചെന്നിരുന്നു.
“ഓൾക്ക് ഉമ്മാനെ കണ്ടിട്ടാ”
“ഇവിടെ വന്നാ എന്നും കാണണ്ടതല്ലേ” ?
“അതെന്നെ. ഉമ്മ ഒരു പാവല്ലേ? പേടിക്കാനൊന്നൂല്ല”
ഷഹാന എന്നെ നോക്കി കണ്ണുരുട്ടി. മാനുക്ക എൻ്റെ കയ്യിലെ വാച്ച് കണ്ടു. ജുമൈലത്ത് അവരുടെ നടുവിൽ നിന്ന് എഴുന്നേറ്റ് എൻ്റെ വലത് വശത്ത് വന്നിരുന്നു. ജംഷി നീങ്ങിയിരുന്നു.
“ഓൻ്റെ ഒപ്പം ഇരുന്നാ മതി. ഉമ്മാനെ കണ്ടിട്ട് ഇൻ്റടുത്ത് പറ്റി കൂടണ്ട”
ഷഹാന മാനുക്കയുടെ ചെവിയിലേന്തോ പറഞ്ഞു.
“എന്താടാ” ?
“ഒന്നൂല്ല ഉമ്മാ. താത്താനെ കൊറേ നാത്തൂന്മാരും ഭീകരി ഒരു കുഞ്ഞുമ്മേം ഉള്ളോടത്തിക്ക് കെട്ടി കൊണ്ടോട്ടേന്ന് ”
ഷഹാന ജംഷീറിൻ്റെ ഉമ്മയെ കുഞ്ഞുമ്മ എന്നാണ് വിളിക്കുന്നത്. ജുമൈലത് കാല് വാരിയതിലുള്ള ദേഷ്യവും സങ്കടവും അവൾക്കുണ്ടായിരുന്നു.
“ഓള് കെട്ടണില്ലാന്നല്ലേ പറയണത്… ഞാൻ കുടിക്കാനെന്തേലുണ്ടാക്കട്ടെ”
ഉമ്മ എഴുന്നേറ്റു. ഷഹാനയും എഴുന്നേറ്റു.
“ഇയ്യ് ഓൻ്റടുത്ത് ഇരുന്നതല്ലേ? ഞാൻ കൊണ്ടന്നോണ്ട്”
ഉമ്മ അടുക്കളയിലേക്ക് പോയി. ഷഹാന എൻ്റെ തുടയിൽ അടിച്ച് മാനുക്കയുടെ അടുത്ത് തന്നെ ഇരുന്നു.
“അതെന്തിനാ? ഉമ്മ പോയതോടെ പഴയ ആളായല്ലോ”
“താത്ത അനക്ക് തന്നൂലേ അത്? നന്നായി. ഇയ്യ് ആ വാച്ചിന് പറ്റിയ ആളാ. അത് കുപ്പൻ്റെ ഓർമ്മക്കാന്നും പറഞ്ഞ് അലമാരേല് വെക്കുന്നേലും നല്ലതാ”
ജുമൈലത്ത് എൻ്റെ കൈ വീണ്ടും എടുത്ത് പിടിച്ചു. ഷഹാന എൻ്റെ കയ്യിലുള്ള വാച്ച് വിശദമായി നോക്കി. മാനുക്കയുടെ കയ്യിലുള്ള വാച്ചും നോക്കി.
“അത് നോക്കീട്ട് കാര്യല്ല. ഓൻ്റെ കയ്യിലുള്ളത് ഐറ്റം വേറെയാ”
മാനുക്ക കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നു.
“കണ്ണാ…ഇയ്യല്ലേ അത് മാറ്റണന്ന് പറഞ്ഞേന്നത്. പുതിയ ഒന്ന് വന്ന്ണ്ട്. വി ഫോർ മൾട്ടിസ്ട്രാഡ. അധികം ഓടാത്തതാ. സാധനം നല്ലതായോണ്ട് ഞാൻ മാറ്റി വെച്ചതാ”
“ജാപ്പനീസ് ഒന്നൂല്ലേ? ഒന്നൂണ്ടായിട്ടല്ല. അതില് ലോങ്ങ് പോവാനൊരു ധൈര്യല്ല. ഞാനും ജംഷീം വാൽപ്പാറേല് ആനേൻ്റെ മുന്നില് പെട്ടത് ഓർക്കുമ്പോ…. ഗിയർ പെഡല് പൊട്ടിയ വണ്ടി ഫസ്റ്റിലും സെക്കൻ്റിലും ഇട്ട് എത്ര ദൂരാ കൊണ്ട് വന്നത്. അത് ഹോണ്ട ആയോണ്ടല്ലേ? ഇപ്പോ ഉള്ള സ്ക്രാംബ്ലർ നല്ലതല്ലാന്നല്ല. അതിൻ്റെ ബ്രേക്ക്… ആഫ്റ്റർ മാർക്കറ്റ് പാഡാണേലും ടോപ് നോച്ചാ”
“ജാപ്പനീസ് ഒക്കെ കൊറേ ഓടിയതാ ഇങ്ങട്ടെത്തണത്. പഴക്കല്ലെങ്കിലും അതിൻ്റെ പരിപ്പെളക്കീട്ടാ നമ്മളെ കയ്യില് കിട്ടണത്. പൊറത്ത്ള്ളോർക്ക് കൊടുക്കുന്ന പോലെ അല്ലല്ലോ ഇയ്യ്. ആ ഡുക്കാട്ടി നല്ലതാ. ഹൈദരാബാദ്ന്ന് കിട്ടിയതാ. ഇപ്പോഴും ഫ്രഷാ. ആറായിരം കിലോമീറ്ററേ ഉള്ളൂ. ഓണറ് അമേരിക്കേ പോയി. അങ്ങനെ എബിൻ്റെ കയ്യില് പെട്ടതാ”
“എനിക്ക് പില്യൺ കംഫോർട്ടുള്ള വണ്ടിയാ വേണ്ടത്. അതിനാ സ്ക്രാംബ്ലറ് മാറ്റാന്ന് പറഞ്ഞത്. രേണുവിനേം കൊണ്ട് ലോങ്ങ് പോവാനാ”
“പറയണ്ടേ കണ്ണാ. ക്രൂയിസറല്ലേ അതിന് നല്ലത്? ക്രൂയിസറായിട്ട് ഇപ്പോ ആറി തന്നേള്ളൂ. മീറ്റിയോർ നല്ലതാ. തണ്ടർബേഡും. അതല്ലാതെ വൾക്കനൂണ്ട്. അല്ലേ ഇക്കാക്കാ? പിന്നെ പറ്റിയ ഒന്ന്ണ്ട്. ഗോൾഡ് വിങ്”
“അതിന് വേറെ പ്രശ്നണ്ട് ജംഷീ”
“മറ്റേ കടലാസല്ലേ? ഗാന്ധിജീൻ്റെ ചിരിക്കണ മൊഖള്ളത്”?
“അതാണല്ലോ ഏറ്റവും വലിയ പ്രശ്നം”
“ക്രൂയിസറ്… നല്ല കനണ്ടാവും. വളക്കാനും പാടാ. അത് അമേരിക്കനാണ് സാധനം. അവടത്തെ വീതിയുള്ള റോഡിന് പറ്റിയതാ. കുണ്ടും കുഴിയും വളവൊന്നും ഇല്ലാത്ത സ്ട്രെയിറ്റ് റോഡാ അവടത്തെ. ഇന്ത്യേല് നല്ല ക്രൂയിസറില്ല. കാല് നൂർത്തി വെച്ചാലും നടുവിന് നല്ല വേദനണ്ടാവും. ഷോർട്ട് സസ്പെൻഷൻ ട്രാവലാ. ഇവിടെ കുണ്ടും കുഴിയുള്ളോടൊത്തൊന്നും അത് ശരിയാവൂലാ”
“നടുവേദനക്ക് പറ്റിയ വണ്ടി ഏതാ”?
“സുസുക്കി ആക്സസ് വൺ ട്വൻ്റി ഫൈവ്. അല്ലെങ്കി ഏതേലും കാറ്. ഇയ്യ് പറഞ്ഞ ആവശ്യത്തിന് നല്ലത് ഓഫ്റോഡ് മോഡൽസാ. അല്ലെങ്കിൽ അഡ്വഞ്ചർ ടൂറർ. ട്രാൻസാൽപ്പ്.. ഹിമാലയൻ.. ബിഎംഡബ്ല്യൂൻ്റെ മൂന്നൂറ്റിപ്പത്ത്.. എൻ എക്സ് ഫൈവ് ഹൺഡ്രഡ്. കവസാക്കീൻ്റേം സുസുക്കീൻ്റേം ഏതൊക്കെയോ മോഡല്ണ്ട് ഷോപ്പില്. പിന്നെ ആ മൾട്ടിസ്ട്രാഡ…. ബി എം ഡബ്ല്യൂൻ്റെ രണ്ട് മൂന്ന് മോഡൽസൂണ്ട്”
“അഡ്വഞ്ചർ ടൂററിനാണോ പില്യൺ കംഫർട്ടുള്ളത്”?
“ഇയ്യ് നല്ല സസ്പെൻഷൻ സെറ്റപ്പ്ള്ള വണ്ടി എടുത്ത് ആഫ്റ്റർ മാർക്കറ്റ് സീറ്റ് കേറ്റടാ”
ജംഷീറിൻ്റെ ക്ഷമ നശിച്ചു. ജുമൈലത്തും ഷഹാനയും അടുത്തുള്ളത് അപ്പോഴാണ് ഞാൻ ഓർത്തത്. വണ്ടിയേ കുറിച്ചുള്ള സംസാരം ഞങ്ങൾ അവസാനിപ്പിച്ചു.
നേരം ഉച്ചയായത് കൊണ്ട് ഉമ്മ കുടിക്കാനൊന്നും എടുത്തില്ല. ചോറ് കഴിക്കാൻ എല്ലാവരേയും വിളിച്ചു.
“ഇയ്യ് വാ..സ്പെഷലെന്തേലുണ്ടാവും”
മാനുക്ക ഷഹാനയെയും വിളിച്ച് മുന്നിൽ നടന്നു.
“ഒന്നൂല്ല. സാദാ ചോറും മീൻ കൂട്ടാനും മോര് കറീണ്ട്. മരുമോളേം കൊണ്ട് വരുമ്പോ ഉമ്മീനോട് നേരത്തെ പറയണേന്നു”
ജുമൈലത്ത് പറഞ്ഞത് കേട്ട് മാനുക്ക തിരിഞ്ഞ് എന്നെ നോക്കി.
“ഓനെ നോക്കണ്ട. ഓനെപ്പഴും വരണതല്ലേ. ല്ലേ … കണ്ണാ”
“വെറുതെയാ. ഓനിവടെണ്ടേല് ഉമ്മച്ചി എന്തേലുണ്ടാക്കീട്ട്ണ്ടാവും”
മാനുക്ക ഷഹാനയുടെ ചെവിയിൽ ജുമൈലത്ത് കേൾക്കാതെ അടക്കം പറഞ്ഞു. ഷഹാന എന്നെ നോക്കി ചിരിച്ചു.
“നിക്കാഹ് കഴിഞ്ഞിട്ട് ഞാനൂണ്ടാക്കിതരണ്ട് അനക്ക് ഒരു സാധനം”
“എന്താ അവടെ ഒരു രഹസ്യം പറച്ചില്”?
“ഒന്നൂല്ല”
ഞാൻ ജുമൈലത്തിൻ്റെ അടുത്തേക്ക് പിൻ വാങ്ങി. അവർ രണ്ട് പേരും ആദ്യമിരുന്നു. ഷഹാന ജംഷിയുടെ അടുത്താണ് ഇരുന്നത്. ജുമൈലത്ത് ചെന്ന് ജംഷിയുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു. അവൻ എഴുന്നേറ്റ് എൻ്റെ അടുത്ത് വന്നിരുന്നു.
“പൊറത്ത് ഓൻ്റെ ഒപ്പം നടക്കുമ്പോ ഒന്നൂല്ലാത്ത നാണാ കൂടെ ഇരുന്ന് ഇത്തിരി ചോറ് തിന്നാന്. എന്തൊക്കെ കാട്ടിക്കൂട്ടലാന്ന് നോക്ക് ഉമ്മ്യേ … ഇതൊക്കെ എന്നൂണ്ടായാ മതി”
“എന്താത്? അവർക്കൊരു എടങ്ങേറുണ്ടാവൂന്നേ… ഷാനാത്തക്ക് ആദ്യായിട്ട് ആയതോണ്ട് അല്ലേ. പരിചയായി ശീലായാ അതൊക്കെ ശരിയായിക്കോളും. അവരെ കളിയാക്കിയത് മതി. ഇങ്ങട്ട് വാ. ഇവിടെ ഇരിക്ക് ”
ഞാൻ ജുമൈലത്തിനെ ജംഷിയുടെ അടുത്ത് ഇരുത്തി. ഉമ്മയോടൊപ്പം നബീസുമ്മയുണ്ടായിരുന്നു കൈ സഹായത്തിന്. എല്ലാം മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ച് അവർ അടുക്കളയിലേക്ക് പോയി. ജംഷീറിൻ്റെ അടുത്ത് ഉമ്മയും ഇരുന്നു.
“അങ്ങനെ പറഞ്ഞ് കൊടുക്ക് കണ്ണാ. ആഹാ… തേങ്ങാ പാലൊഴിച്ച മീൻ കൂട്ടാന്. അതാ ഞാൻ പറഞ്ഞെ. ഞങ്ങളാണേ ഇപ്പോ പച്ച തേങ്ങ അരച്ച ഒരു ചാറുണ്ടാവും”
മാനുക്ക മീൻ കറി ഷഹാനയുടെ പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു.
തല താഴ്ത്തി ഇരുന്ന് ചോറുണ്ണുകയായിരുന്ന ഷഹാന മുഖമുയർത്തി എന്നെ നോക്കി.
“വെറുതെ പറയുന്നതാ”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അത് കേട്ട് ജുമൈലത്ത് കൈ കൊണ്ടെന്തോ കാണിക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ ചോറും മീൻ കറിയുമായി കനത്ത യുദ്ധം നടത്തുകയായിരുന്നു മാനുക്ക. ഞാൻ നോക്കിയപ്പോൾ ഉമ്മയുണ്ട് എന്നെയും ഷഹാനയേയും അറിയാത്ത ഭാവത്തിൽ ഇടംകണ്ണിട്ട് നോക്കുന്നു.
ജംഷീറിൻ്റെ കൂടെയാണ് ഞാൻ ഷംസാദിനെ ആദ്യമായി കാണുന്നത്. രണ്ട് പേരും ഒരേ ബ്രാഞ്ചിൽ. ഷംസാദാണെങ്കിൽ മലപ്പുറത്ത് കാരനും. വളരെ പെട്ടെന്ന് അവനുമായുള്ള ആ ഒരു സൗഹൃദം രൂപപ്പെട്ടു. ഏകദേശം ഞങ്ങളുടെ അതേ സ്വഭാവ രീതികളായത് കൊണ്ട് കൂട്ടാവാൻ വലിയ പ്രയാസമുണ്ടായില്ല. ഷംസാദിൻ്റെ നേരെ മൂത്ത ജ്യേഷ്ഠത്തിയാണ് ഷഹാന. ഒരാള് കൂടിയുണ്ട്. ഷിബില. ഷിബില ദുബായിയിൽ സെറ്റിൽഡാണ്. ഞങ്ങൾ ഫസ്റ്റ് യെർ ആയിരുന്നപ്പോൾ ഷഹാന എൻ ഐ ടി യിൽ തന്നെ എം ടെക് ലാസ്റ്റ് യെർ ആയിരുന്നു.
പുതുവർഷം കൂട്ടുകാരോടൊപ്പം ആഘോഷിക്കാൻ കോട്ടക്കുന്നിലേക്ക് പോയ മാനുക്കയുടെ ജീപ്പ് കൂട്ടിലങ്ങാടിയിൽ വെച്ച് ഒരു കെ എസ് ആർ ടി സി ബസ്സിൻ്റെ അടിയിലായി. പുതുവർഷം പിറക്കുമ്പോൾ മാനുക്ക ബോധമില്ലാതെ ഓപ്പറേഷൻ തീയറ്ററിലായിരുന്നു. ഓഫ് റോഡ് ഇവൻ്റിന് ഉപയോഗിക്കുന്ന സ്റ്റീൽ റോൾ കേജുള്ള വണ്ടിയായത് കൊണ്ട് കൂടുതലൊന്നും പറ്റിയില്ല.
അന്ന് മാനുക്ക ആക്സിഡൻ്റ് കഴിഞ്ഞ് വിശ്രമിക്കുന്ന സമയമായിരുന്നു. വീട്ടിലിരുന്ന് മടുക്കുമ്പോൾ ജംഷിയുടെ കൂടെ ഇടക്ക് എൻ ഐ റ്റി യിൽ വരുമായിരുന്നു. ഒരിക്കൽ യാദൃച്ഛികമായി മാനുക്ക ഷഹാനയെ കാണാൻ ഇടയായി. അതിന് ശേഷം ഓരോ കാരണങ്ങളുണ്ടാക്കി ഷഹാനയെ കാണാൻ വേണ്ടി മാത്രം എൻ ഐ റ്റി യിൽ വരാൻ തുടങ്ങി. ഒരാൾ എൻ്റെ കൂട്ടുകാരൻ്റെ ജ്യേഷ്ഠൻ. അത് വഴിക്ക് എനിക്കറിയാവുന്ന പരിചയമുള്ള ഒരാൾ. മറ്റൊരാൾ എൻ്റെ കൂട്ടുകാരൻ്റെ ജ്യേഷ്ഠത്തി. ആ വഴിക്ക് ഷഹാനയുമായും എനിക്ക് പരിചയമുണ്ടായിരുന്നു. അവരുടെ പ്രണയത്തിന് ഇടയിൽ നിന്ന് കളമൊരുക്കിയത് ഞാനായിരുന്നു.
ഷഹാന മാനുക്കയെപ്പറ്റിയുള്ള വ്യാകുലതകളും ആകുലതകളും പങ്കുവെച്ചത് എന്നോടായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ് മാനുക്ക സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു എന്നത് ഷഹാനക്ക് പ്രശ്നമായിരുന്നില്ല. ആ ബിസിനസായിരുന്നു പ്രശ്നം. മലപ്പുറത്ത് കൂട്ടുകാരുമായി ചേർന്ന് വാഹനം മോഡിഫൈ ചെയ്യുന്ന ഒരു ബോഡി ഷോപ്പ് നടത്തുകയായിരുന്നു അന്ന് മാനുക്ക. അതിൽ ഒരു കൂട്ടുകാരൻ ഇംതിയാസ് ഗൾഫിൽ വെച്ച് ഒരു ആക്സിഡൻ്റിൽ മരിച്ചു.
റിയൽ എസ്റ്റേറ്റ്, വണ്ടി കച്ചവടം തുടങ്ങി പല ബിസിനസ്സും മാനുക്കക്കുണ്ട്. ഉത്തരേന്ത്യയിൽ നിന്നോ – പ്രധാനമായും ഡൽഹിയും മുബൈയും ആണ് – മറ്റ് സ്ഥലങ്ങളിൽ നിന്നോ വണ്ടി സെക്കൻ്റിന് വാങ്ങി വിൽക്കുന്ന പരിപാടിയാണ്. കൂടാതെ ഗൾഫിൽ നിന്ന് ഇംപോർട്ട് ചെയ്യുന്ന പരിപാടി ഒക്കെയുണ്ട്. ഹൈ എൻഡ് അല്ലെങ്കിൽ ലക്ഷ്വറി കാറുകൾ, ബൈക്കുകൾ ഒക്കെയാണ് ഡീല് ചെയ്യുന്നത്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഓൻട്രപ്രന്യൂർസാണ് മാനുക്കയുടെ പ്രധാന ക്ലയൻ്റ്സ്. അവരാണ് പൊതുവെ ലക്ഷ്വറി കാറുകൾ വാങ്ങുന്നത്. അതല്ലെങ്കിൽ കാറുകൾ ഇടക്കിടക്ക് മാറ്റുന്നവർ. പിന്നെ യു ട്യൂബേർസ്. അവർ അവരുടെ കാറ് ബോഡി കിറ്റ് കയറ്റി ഡീറ്റെയില് ചെയ്യാനൊക്കെ കൊണ്ട് വരും. മോഹത്തിൻ്റെ പുറത്ത് വാങ്ങാൻ വരുന്ന അല്ലാത്ത ആളുകളും ഉണ്ട്. പിന്നെ സിനിമാക്കാരുമുണ്ട് എന്ന് കേൾക്കുന്നു. അത് ഞാൻ വിശ്വസിച്ചിട്ടില്ല. ഏതോ ഒരു നടി ഒരു ബിം എം ഡബ്ല്യൂ അവരുടെ അടുത്ത് നിന്ന് വാങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്.
ഞാൻ മാനുക്കയെപ്പറ്റി വിശദമായി ഷഹാനയെ ധരിപ്പിച്ചതിന് ശേഷം എൻ്റെ ഒറ്റ ഒരാളുടെ ഉറപ്പിൻ്റെ പുറത്താണ് ഷഹാന മാനുക്കയുടെ പ്രപ്പോസൽ അംഗീകരിച്ചത്. അങ്ങനെയുള്ള ബന്ധമാണ് എനിക്ക് ഷഹാനയുമായി ഉള്ളത്. വീട്ടുകാർക്ക് എതിർപ്പൊന്നുമില്ലായിരുന്നു. ഷഹാനയുടെ ഉപ്പ ഗൾഫിലും മലപ്പുറം ജില്ലയുടെ മലയോര പട്ടണങ്ങളിലും റീട്ടെയിൽ ഷോപ്പുകളും ഹൈപ്പർ മാർക്കറ്റുകളും ആയി ഇരുപത്തിരണ്ട് സ്ഥാപനങ്ങളുള്ള ഒരു ബിസിനസ്കാരനാണ്. തറവാട്ട് മഹിമക്ക് കുറവൊന്നും ഇല്ല. കുടുംബങ്ങൾ തമ്മിൽ മറ്റ് ചേർച്ചകുറവുകൾ ഒന്നുമുണ്ടായിരുന്നില്ല. എം ടെക് കഴിഞ്ഞതോടെ നിക്കാഹും ഉറപ്പിച്ചു. രണ്ട് കുടുംബക്കാരുടെയും ഇടയിൽ ഏതായാലും എനിക്ക് നല്ല പേരാണ്.
ഉച്ചയൂണ് കഴിഞ്ഞ് ഞാൻ ഉമ്മയുടെ അടുത്ത് ഇരുന്ന് പഴയ ആൽബം മറിച്ചു നോക്കുകയായിരുന്നു.
മാനുക്കയും ജുമൈലത്തും കുട്ടികളായിരുന്നപ്പോഴുള്ള ഫോട്ടോസ് ചെറുതായി പൂപ്പല് പിടിച്ച് തുടങ്ങിയിട്ടുണ്ട്. ജംഷീറിൻ്റെ ഫോട്ടോസ് അധികം ഇല്ല. അപ്പോഴത്തേക്ക് ടെക്നോളജി മാറിയിരുന്നു. പിന്നീടങ്ങോട്ട് ഉപ്പയുടേയും ഉമ്മയുടേയും നിക്കാഹിനും തക്കാരത്തിനും ഒക്കെയായി എടുത്ത ഫോട്ടോകൾ മാത്രമാണ്. ഉപ്പ ഒരു കൊച്ച് സുന്ദരൻ തന്നെ. ഞാൻ നോക്കുമ്പോൾ ഉമ്മ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.
“എന്തേ? ഉമ്മ ഉമ്മേടെ പഴയ ആളെ ഓർത്തോ”?
“നിക്കാഹ് കഴിഞ്ഞേപ്പിന്നെ ഓരെ ഉപ്പ തന്നേള്ളൂ ഇൻ്റെ ഖൽബില്. ന്നാലും…”
“എന്നാലും പെർമിഷനൊന്നും ചോദിക്കാതെ ചില സമയത്ത് അതിൻ്റെ ഉള്ളിലേക്ക് കയറി വരൂന്ന്. അല്ലേ”?
ഉമ്മ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു.
“ഇയ്യാരാ കണ്ണാ? അനക്കൊക്കെ അറിയാം”
ആ സ്വരം പതിവിലും ആർദ്രമായിരുന്നു. ഉമ്മയുടെ ആ ചോദ്യം എനിക്ക് മനസ്സിലായില്ല.
“ഉമ്മച്ചി ചോദിച്ചേന് മറുപടി പറയെടാ”
മാനുക്കയും ഷഹാനയും പടികൾ കയറി വന്നു.
“ഉമ്മി ചോദിച്ച കപ്പാസിറ്റിയിലാണെങ്കിൽ… നിങ്ങൾക്കൊക്കെ അറിയുന്ന ഒരാൾ. അല്ലെങ്കിൽ ആൻ ഇൻസിഗ്നിഫിക്കൻ്റ് സ്പെക്ക് ഇൻ ദിസ് വാസ്റ്റ് യൂനിവേർസ്”
“അത്രക്കൊന്നും പോണ്ട കണ്ണാ. ഇയ്യ് യൂനിവേർസിക്ക്ണ്ടാക്കണ്ട. ഞാൻ പറഞ്ഞില്ലേ ഓൻ ഉമ്മച്ചീൻ്റെ അടുത്ത്ണ്ടാവൂന്ന് ”
“എന്താ”?
“ഷഹാന. ചോറ് തിന്ന് കഴിഞ്ഞ് അന്നെ കാണാഞ്ഞപ്പോ ഓള് ഇയ്യെവടെ പോയതാന്ന് ചോദിക്കേന്നു”
“മറ്റോരൊക്കെ ഇല്ലേ അവിടെ”?
“താത്ത നബീസുമ്മാൻ്റെ ഒപ്പം എന്തോണ്ടാക്കാൻ കൂടീക്ക്ണ്. നാല് മണി ചായക്ക് താത്താൻ്റെ എന്തേലുണ്ടാവും. അതും ഇയ്യ് വന്നോണ്ട്. ജംഷി കെടക്കാൻ പോയി”
ഷഹാനയും മാനുക്കയും ഞങ്ങളിരുന്ന മരപ്പടിയുടെ മറുവശത്ത് വന്നിരുന്നു.
” ഷാനാത്താനേം കൊണ്ട് അവിടെ എങ്ങാനും ഇരുന്നാ പോരേന്നിലേ”?
“എന്തിനാ? താത്താക്ക് ഞങ്ങളെ കുത്താനോ”?
“അതൊരു പാവല്ലേടാ ? ഇങ്ങളെ രണ്ടാളേം വെറുതേ ഇട്ട് ചാടിക്കണതാ”
“കുപ്പൻ്റെ കാര്യല്ലേ. വെറുതേ എന്തിനാ? അതെല്ലാര്ക്കും അറിയണതല്ലേ”
ഞങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ജംഷി അങ്ങോട്ട് വന്നു.
“ബോഡി അനങ്ങിയപ്പോ വെയിലാറണത് വരെ കെടക്കാന്ന് കരുതീതാ. ഒറങ്ങി ശീലല്ലാത്തോണ്ട് എന്തോ പോലെ. അപ്പോ ഇങ്ങട്ട് പോന്നു”
“അത് നന്നായി. അല്ലേലും ഉച്ചക്കൊറങ്ങുന്നത് നല്ലതല്ല”
ജുമൈലത്തും അങ്ങോട്ടെത്തി.
“ഇങ്ങളൊക്കെ ഇവിടെ ഇരിക്കാല്ലേ? വെറുതെ അല്ല താഴത്താരേം കാണാഞ്ഞേ”
“എന്തോ പലഹാരണ്ടാക്കാന്ന് പറഞ്ഞു മാനുക്ക. ഉണ്ടാക്കി കഴിഞ്ഞോ”?
“കഴിഞ്ഞു. ബാക്കി നബീസുമ്മ ആക്കിക്കോളും. അത് സർപ്രൈസാ. ഇയ്യ് കഴിക്കുമ്പോ കണ്ടാ മതി കണ്ണാ”
“അതും ഓൻക്ക്ളള സർപ്രൈസ്. നിക്കാഹ് കഴിഞ്ഞാ ഓളും ഓനന്നെ ആവും സർപ്രൈസ് കൊടുക്കണത്. ഞങ്ങള് രണ്ടാളും കൂടെണ്ട്”
“ഇങ്ങള് രണ്ടും എപ്പഴും ഇവടളളതല്ലേ? അതാ സർപ്രൈസില്ലാത്തെ. ഓനെപ്പഴേലും അല്ലേ വരണത്. അപ്പളാ സർപ്രൈസ് കൊടക്കണത്”
ജുമൈലത്ത് ബാൽക്കണിയുടെ അരികിലുള്ള ആട്ട് കട്ടിലിൽ കയറി ഇരുന്നു. ജംഷീർ കാല് നീട്ടി ആട്ട് കട്ടിലിൽ മുന്നോട്ട് തള്ളി അതിൻ്റെ അരികിൽ കയറി ഇരുന്ന് ജുമൈലത്തിനെ നോക്കി. ജുമൈലത്ത് കണ്ണ് കൊണ്ട് അനുവാദം കൊടുത്തപ്പോൾ ആ മടിയിൽ തല വെച്ച് നീണ്ട് നിവർന്ന് കിടന്നു.
“പ്രാക്ടീസ് ചെയ്ത് കൊഴങ്ങീട്ടാവും. ന്നാലും എത്ര പെട്ടെന്നാല്ലേ നിക്കാഹായത്. വെറും അഞ്ചാറ് മാസം കൊണ്ടൊരുത്തി നിക്കാഹിന് സമ്മതിച്ചു”
“കണ്ണൻ പറഞ്ഞോണ്ടാ. ഇക്കത്ര ഒറപ്പൊന്നൂല്ലേന്നു”
“ഇയ്യെന്താ കണ്ണാ ഓളോട് പറഞ്ഞെ”?
“മാനുക്കാനെ കെട്ടിയാല് പ്രത്യേകിച്ച് പ്രശ്നൊന്നും ഇല്ലാന്ന്”
“അത്രേള്ളോ “?
“അല്ലെങ്കിലും ഞാൻ തന്നെയാ ഷാനാത്തേനോട് എല്ലാം പറഞ്ഞിട്ടുള്ളത്”
“അപ്പോ മൻസൂറ് എന്തൊലത്തേന്നു”?
“മാനുക്ക വരും. ഷാനാത്തേനെ കാണും. ഷാനാത്ത വരുന്നത് കണ്ടാൽ ബൈക്കില് തിരിഞ്ഞിരിക്കും. കടുത്ത പ്രേമം. പക്ഷേ ജീവൻ പോയാലും പറയില്ല”
“ഇഷ്ടാണെങ്കിലും പറയണ്ടേ കണ്ണാ. ഞാൻ പോകുന്നോടൊത്തൊക്കെണ്ട്. പക്ഷേ ആള് ഇന്നോടെന്തേലും പറയണ്ടേ. അറ്റ്ലീസ്റ്റ് ഒന്ന് നോക്കേങ്കിലും ചെയ്യണ്ടേ”?
“അത് തന്നെ. സത്യം പറഞ്ഞാ ഷാനാത്തേൻ്റെ കണ്ണില് പ്രണയം നിറഞ്ഞ് തുളുമ്പേന്നു. മാനുക്ക പ്രപ്പോസ് ചെയ്ത്ണ്ടെങ്കിൽ അപ്പോ തന്നെ യെസ് പറഞ്ഞേനെ. പക്ഷേ പ്രപ്പോസ് ചെയ്യണ്ടേ. അങ്ങനെ തിരിഞ്ഞിരിക്കുന്നത് കണ്ട് മടുത്ത് ഞാൻ പോയി ഷാനാത്തേനോട് എല്ലാം അങ്ങട്ട് പറഞ്ഞു. അല്ല പിന്നെ”
“അതാണ്ടായേല്ലേ? സ്ഥല കച്ചോടം ചെയ്യുന്നോന് ഒരു പെണ്ണിനോട് തൊള്ള തൊറന്ന് ഒന്നും പറയാൻ വയ്യ. ബിസിനസ്സിൻ്റെ എടേല് വേറെ എത്ര പെണ്ണുങ്ങളോട് സംസാരിക്കുന്നതാ”
“വേറെ പെണ്ണുങ്ങളേപ്പോലെ അല്ലല്ലോ ഓള്. മറ്റോരോടൊന്നും പ്രേമോല്ല ഒരു തേങ്ങേല്ല. അപ്പോ പറയാള്ളത് പറഞ്ഞ് ഇക്കിൻ്റെ പാട്ടിന് പോവാ. അതോണ്ടാ. താത്താൻ്റെ പ്രേമം ഞാൻ കാര്യാക്കണില്ല. ഇയ്യാരേലും പ്രേമിക്കുമ്പോ മനസ്സിലാവും കണ്ണാ”
“എനിക്കങ്ങനെത്തെ ബുദ്ധിമുട്ടൊന്നും ഇല്ല. ഫ്രഷേർസ് പാർട്ടിക്ക് ഒരു സീനിയർ ചേച്ചിയെ പ്രപ്പോസ് ചെയ്യാൻ പറഞ്ഞിട്ട് അത് ഞാൻ ചെയ്തതാ. ഞാൻ നേരെ പോയി വരാന്തേടെ അറ്റത്തുള്ള ചെടീന്ന് കുറച്ച് പൂവ് പറിച്ചു. എന്നിട്ട് ചെന്ന് സ്റ്റൈലായി പ്രപ്പോസ് ചെയ്തു. ഡയലോഗേന്നു അതിലെ ഹൈലൈറ്റ്. ആ ചേച്ചി ഇപ്പോ എൻ്റെ ഒരു ഫ്രണ്ടാ. അത് പോലെ വേണം. ഒരാളോട് തോന്നുന്ന പ്രണയം തുറന്ന് പറയണ്ടേ? പറയാതെ എങ്ങനേ അറിയുന്നത്”?
“അന്നേപ്പോലെ അല്ലല്ലോ എല്ലാരും”
“അത് ശരിയാ. ഓനേപ്പോലെ ആരൂല്ല”
“അത് കഴിഞ്ഞിട്ട് ഞങ്ങള് സ്മൂത്തായി പോണില്ലേ” ?
“അതുണ്ട്. അതുണ്ടാവൊല്ലോ. ഫസ്റ്റ് അപ്രോച്ചിന് മാത്രേ ആണുങ്ങൾക്ക് പ്രശ്നള്ളൂ. പിന്നെ ഒക്കെ പെണ്ണുങ്ങക്കാവും ബുദ്ധിമുട്ട്. അതല്ലാതെ നിക്കാഹിന് പെട്ടെന്ന് സമ്മതിക്കാൻ വേറെന്താ കണ്ണാ ഇയ്യോളോട് പറഞ്ഞത്”?
“അതോ … വണ്ടി മോഡിഫൈ ചെയ്യുന്നതും വണ്ടി കച്ചവടവും ഒക്കെ ഷാനാത്തക്ക് എന്തോ ഒരു സുഖല്ലാത്ത പോലെ ആയിരുന്നു. ഹൈപ്പർ മാർക്കറ്റും ഷോപ്പുകളും പോലെ ആ ഒരു ഇതുണ്ടല്ലോ അതില്ല. അപ്പോ ഞാൻ മാനുക്ക ശരിക്കും ചെയ്യുന്നത് .. മറ്റേ യൂസ്ഡ് കാറ് സെയിൽസാണ് പണി എന്ന് വിശദീകരിച്ചു. അതങ്ങനെ ഡീറ്റെയിലായി പറഞ്ഞപ്പോ ഷാനാത്തക്ക് മനസ്സിലായി. പിന്നെപ്പോ അതേ പരിപാടി തന്നെ റീട്ടെയിൽ ബിസിനസ് പോലെ ചെയിനായി നടത്താം. ബെൻസൊക്കെ റെൻ്റിന് കൊടുക്കുന്നില്ലേ? വണ്ടി കച്ചവടം എന്ന് പറയുമ്പോ ഉള്ള ആ ഒരു പ്രീഒക്യുപ്പേഷൻ. ആളുകളുടെ ഒരു ചിന്ത. അതാ പ്രശ്നം. ഇപ്പോ ആക്രി കച്ചവടം നടത്തുന്നവരില്ലേ? കോടികളാ മറിയുന്നത്. പക്ഷേ ആ ഒരു പബ്ലിക് പെർസെപ്ഷൻ… അത്. പിന്നെ ഞാൻ അവരെ ലൈഫ് എങ്ങനെയാവൂന്നും പറഞ്ഞു”
“ഇയ്യോരെത് നോക്കിയോ കണ്ണാ”?
“നോക്കി. ഷാനാത്തേൻ്റെ മാത്രം. അവരത് ബെസ്റ്റ് ഫോർമേഷനാ. ആകെ മൊത്തം പ്രേമം മാത്രം. വേറെ ഒന്നൂല്ല. മാനുക്കയല്ലാതെ വേറെ ആളില്ല. ഇപ്പോ സമ്മതിച്ചില്ലെങ്കിലും രണ്ടാമത് മാനുക്ക തന്നെ ആലോചിച്ച് ചെല്ലുമ്പോഴേ നിക്കാഹ് നടക്കൂ. അതല്ലാഞ്ഞാല് ഗർഭം ഒക്കെ അലസുന്ന എന്തൊക്കെയോ ഉണ്ട്. അതിലും നല്ലതല്ലേ ഫസ്റ്റ്ത്തേത്”
“ന്നാ മൻസൂറിൻ്റേം കൂടെ നോക്ക്. എന്താന്നറിയാലോ ”
“മാനുക്കാൻ്റെ നോക്കാൻ കഴിയില്ല. അടുപ്പമുള്ളവരായാൽ എനിക്ക് കഴിയില്ല. നോക്കാൻ കഴിയും. എനിക്ക് തോന്നില്ല. ഫോഴ്സ് ചെയ്താലും കഴിയില്ല. ഇപ്പോ എൻ്റെ സ്വന്തം കാര്യം തന്നെ ഞാൻ പല പ്രാവശ്യം നോക്കിയതാ. പറ്റുന്നില്ല”
“അപ്പോ അനക്കിന്നോട് ഒരടുപ്പോല്ലാന്ന്”
“അപ്പോഴത്തേക്ക് മുഖത്ത് കാർമേഘം നിറഞ്ഞല്ലോ. അതെന്തിനാ? അന്നില്ലായിരുന്നു. ഇപ്പോ ഉണ്ട്. ഇനി കഴിയില്ല”
“എടാ… അതിന് അങ്ങനെ നോക്കാന് ജാതകം ഒക്കെ വേണ്ടേ”?
“വേണ്ട. നീ ഉദ്ദേശിക്കുന്നത് ജ്യോത്സ്യൻ്റെ അടുത്ത് പോകുന്നതാ. ഞങ്ങള് ജ്യോത്സ്യന്മാരല്ല. ജ്യോത്സ്യം അറിയാം. പക്ഷേ നമ്പൂതിരിമാരാ. അമ്പലത്തിലെ ഒക്കെ പൂജാരി ഇല്ലേ. അത്. വേറേം പലരൂണ്ട്. എന്നാലും മനസ്സിലാക്കാൻ എളുപ്പത്തിന് അതാ നല്ലത്”
“പിന്നെങ്ങനേ നേരത്തേ പറഞ്ഞതൊക്കെ അറിയണത്”?
“അതോ…അച്ഛച്ഛൻ വലിയ പുളളിയേന്നു. യൂഷ്വലായിട്ടുള്ള വേദങ്ങളും വേറെ കൊറേ പരിപാടികളും സാധാരണ എല്ലാ നമ്പൂതിരിമാർക്കും അറിയും. അച്ഛച്ഛൻ അതല്ലാത്ത ഗൂഢവിദ്യകളൊക്കെ അറിയുന്ന ആളാ. അതൊക്കെ എന്നെ പഠിപ്പിച്ചിട്ടാ പോയത്. അങ്ങനെ അറിയാം. ഞാൻ പ്രൊഫഷണലായിട്ട് പോവുന്നില്ലാന്നേ ഉള്ളൂ”
“കണ്ണാ ഇയ്യ് തറവാടിനേപ്പറ്റീം അച്ഛച്ഛനെപ്പറ്റീം ഒക്കെ പറയുമ്പോ ഞാൻ കരുത്യേത് അൻ്റേത് ഏതോ മന്ത്രവാദി കുടുംബാന്നാ. പിന്നെ അൻ്റെ കാര്യൊന്നും ഇയ്യ് അങ്ങനെ ആരോടും പറയലൂലല്ലോ. ഇയ്യ് മിസ്സിനെ രേണൂന്നല്ലേ വിളിക്കല്? നമ്പൂതിരിമാര് വെജിറ്റേറിയൻസല്ലേ”?
“രണ്ട് കൊല്ലായി നമ്മള് പരിചയപ്പെട്ടിട്ട്. നീ ചോദിക്കാത്തത് കൊണ്ടാ. ചോദിച്ചാൽ ഞാൻ പറയും. ഫിസിക്സ് ഡിപ്പാർട്ട്മെൻ്റില് കയറി ചെല്ലുന്നോടത്ത് ഡിപ്പാർട്ട്മെൻ്റിലെ എല്ലാവരുടേം പേരെഴുതിയ ബോർഡിൽ ഡോക്ടർ രേണുക ജാതവേദൻ അസിസ്റ്റൻ്റ് പ്രൊഫസർ എന്നൊരു പേര് ഉണ്ടായിട്ട് നീ ഇതുവരെ അത് കണ്ടില്ലേ? ഇല്ലം ആണെങ്കിൽ ആറളത്താണ്. ബത്തേരിയിലത് വേറെ ഒരു വീടാ. നിൻ്റെ ഉപ്പക്കറിയാം അതൊക്കെ. ഉമ്മക്കും അറിയാം. ഞാൻ സീ ഫുഡും മട്ടനും കഴിക്കും”
“അത് ഞാൻ കണ്ടീണ്ട്. ആരാ നമ്പൂതിരിയാന്ന് വിചാരിക്കണത്. ജാതവേദൻ ഭർത്താവാന്ന് കരുതി. അച്ഛച്ഛനാന്ന് ആർക്കാ അറിയണത്. അൻ്റെ ഫാമിലിയില് മൊത്തം ട്രാജഡിയല്ലേ. അതോണ്ട് ചോദിക്കാഞ്ഞതാ. ഉമ്മച്ചീം വാപ്പേം ഇയ്യല്ല വേറെ ആരായാലും ഉപ്പാൻ്റെ പേരെന്താ ഉമ്മാൻ്റെ പേരെന്താ ഏത് തറവാടാ എവിടുത്ത് കാരനാന്നൊക്കെ ചോദിക്കും”
“അതാണ് പീക്ക് കോമഡി. ഏറ്റവും അടുപ്പം നിന്നോടല്ലേ ജംഷീ? ഡീറ്റെയിൽസൊന്നും അറിയാത്തതും നിനക്ക് തന്നെയാ”
“ആരടാ അതിന് കുടുംബ ചരിത്രൊക്കെ മാന്താൻ പോണത് ”
അവർക്കൊന്നും അറിയാത്ത കാര്യങ്ങളായത് കൊണ്ട് എല്ലാവരും ഒക്കെ കേട്ടിരിക്കുകയായിരുന്നു. ഉമ്മ എൻ്റെ തൊട്ടടുത്ത് ചാരി കിടന്ന് ഉറങ്ങുന്നു.
“ഇയ്യ് അങ്ങനെ നല്ലതൊക്കെ പറഞ്ഞിട്ട് ഒന്നും നടന്നില്ലേല് കണ്ണാ ഓളൻ്റെ കഴുത്തിന് പിടിക്കും”
“കണ്ണാ മാനുക്കാൻ്റെ കാര്യാട്ടോ. ഇയ്യൻ്റെ പെരടി ഇൻഷൂർ ചെയ്തോണ്ടീ”
“അവരെന്ത് കാണിച്ചാലും ഞാൻ പറഞ്ഞത് നടക്കും. എൻ്റെ കഴുത്തിന് പിടിക്കേണ്ടി വരില്ല. ഇപ്പോ കുംഭം… മീനം.. അപ്പോ ആദ്യത്തെ ഒരു രണ്ട് കൊല്ലം… ഏകദേശം നവംബറ് വരെ ഷാനാത്തക്ക് നല്ല കഷ്ടപ്പാടാവും. പിന്നെ വലിയ കുഴപ്പണ്ടാവില്ല. മകരം കഴിഞ്ഞാ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇപ്പോ ഇങ്ങനെ ഇരിക്കുന്നതൊന്നും കാര്യാക്കണ്ട”
“ഇയ്യ് പറയുമ്പോലെ ഒക്കെ നടന്നാല് ഓര്ക്ക് കൊള്ളാം”
നാല് മണിയുടെ ബാങ്ക് വിളി തൊട്ടടുത്ത പള്ളിയിൽ നിന്നുയർന്നു. ബാങ്ക് വിളി കേട്ടപ്പോൾ ഉമ്മ ഉണർന്നു. എല്ലാവരും അത് കഴിയുന്നത് വരെ മിണ്ടാതിരുന്നു.
“നാല് മണീൻ്റെ ബാങ്കാ… ചായ കുടിക്കാനായി നേരം. ഇയ്യ് വാ കണ്ണാ. ഒര് സാധനണ്ട് ”
ജുമൈലത്ത് ജംഷീറിനെ എഴുന്നേൽപ്പിച്ച് നിലത്തേക്ക് ചാടിയിറങ്ങി. ഞങ്ങൾ താഴെ എത്തി. നബീസുമ്മ ചായയും തവിട്ട് നിറത്തിലുള്ള പലഹാരവും മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ചു. ഞാൻ ഒരെണ്ണം എടുത്ത് വായിലിട്ട് ചവച്ചു. എന്തൊരു മധുരം. മധുരം കാരണം തൊണ്ട വരളുന്നു. ഞാൻ ജഗ്ഗിലെ വെള്ളം മട മടാന്ന് കുടിച്ചു.
“ചായയല്ലേ മുന്നില് ” ?
“ഇതെന്ത് പലഹാരാ? ഭയങ്കര മധുരാണല്ലോ”
“ബാംഗ്ലൂരിൽ കിട്ടണതാ. അനക്കിഷ്ടാവൂന്ന് കരുതി”
ജുമൈലത്ത് ഉണ്ടാക്കിയത് കൊണ്ട് ഒന്ന് കൂടി ഞാൻ എടുത്തു. ഒന്നിച്ച് വായിലേക്കിട്ടില്ല. പൊട്ടിച്ച് കഴിച്ചു.
“ൻ്റെ ഇത്താത്താ… ഓൻ പറഞ്ഞ പോലെന്നെ. തേനും ശർക്കരേം ഒക്കെണ്ടല്ലോ. തൊണ്ട വരള്ണ്ട്. അതില് വെള്ളണ്ടോ കണ്ണാ “?
“വെള്ളം കഴിഞ്ഞു. നീ രണ്ട് ഗ്ലാസ് ചായ കുടിച്ചോ. അത് തിന്നതോണ്ട് ചായക്ക് മധുരണ്ടാവില്ല”
“അനക്ക് മധുരം ഇഷ്ടല്ലേ കണ്ണാ” ?
“എനിക്ക് എല്ലാം ഇഷ്ടാ. പിന്നെ പറയാനാണെങ്കില് കയ്പാ കൂടുതലിഷ്ടം. തറവാട്ടിലെ പിന്നിലെ പറമ്പില് നറയെ കയ്പൻ പടവലണ്ടാവും. അച്ഛമ്മ അത് വറുത്ത് തരും. നല്ല കയ്പാ അതിന്. അത് പോലെ ആര്യവേപ്പിൻ്റെ ഇല അരച്ച് ഉരുള ഉരുട്ടി ചമ്മന്തിയുണ്ടാക്കും. അതൊക്കെ ഞാൻ കോരി തിന്ന് നടക്കും”
ഷഹാന എന്നെ മിഴിച്ച് നോക്കി. ഉമ്മക്ക് ഒരു ഭാവമാറ്റവും ഇല്ല. ജംഷി മധുരകട്ട നുണഞ്ഞിറക്കുന്നു. അതോടൊപ്പം ഒരു കവിൾ ചായ കുടിക്കുന്നു. വീണ്ടും ചവച്ചിറക്കുന്നു. മാനുക്ക ഗുപ്തൻ്റെ കാര്യം പറഞ്ഞത് പോലെ ചൂട് ചായ ഊതി ഊതി കുടിക്കുന്നുണ്ട്.
“എന്തേ” ?
“ആദ്യായിട്ട് കാണാ കയ്പ് ഇഷ്ടള്ള ഒരാളെ”
“അതിലിപ്പോ ഇത്ര വലിയ കാര്യൊന്നൂല്ല. ഓൻ്റെ എല്ലാ കാര്യോം അങ്ങനെയാ. സാധാരണ ആൾക്കാര്ക്ക് ഇഷ്ടള്ളതൊന്നും അല്ല ഓന് ഇഷ്ടള്ളത്”
ഉമ്മ അതും പറഞ്ഞ് ചായ കുടിക്കുന്നത് തുടർന്നു. ജുമൈലത് എൻ്റെ അടുത്ത് വന്നിരുന്നു.
“ഞാൻ ഇഞ്ഞി ഉരുള ഉരുട്ടി തരണോ കണ്ണാ”?
“വേണ്ട. എനിക്ക് മധുരം പോലെ കയ്പ് ഇഷ്ടമല്ല”
ജുമൈലത് സ്നേഹത്തോടെ ഉണ്ടാക്കി തന്ന ബാംഗ്ലൂരിലെ ആ മധുര കട്ട നാലെണ്ണം കൂടി ഞാനൊരുവിധത്തിൽ കഴിച്ചു. ചായ കുടിച്ച് കഴിഞ്ഞ് ഞങ്ങൾ വീണ്ടും പലതും സംസാരിച്ചിരുന്നു. ഉമ്മ രാത്രിയിലേക്കുള്ളത് നോക്കാൻ അടുക്കളയിലേക്ക് പോയി. സമയം നാലരയായി. ഞാൻ വീട്ടിലേക്ക് പോകുവാൻ എഴുന്നേറ്റു. ഉമ്മയോട് അടുക്കളയിൽ ചെന്ന് പറഞ്ഞു. ഉമ്മ കൂടെ പൂമുഖത്തേക്ക് വന്നു.
“രേണു വന്നിട്ടുണ്ടാവും. ഞാനെന്നാ ഇറങ്ങിയാലോ? ഷാനാത്ത എപ്പഴാ പോണത്”?
“ആർക്കറിയാ? ഓൻ കൊണ്ടോയി ആക്കുമ്പോ പോവേരിക്കും”
അതും പറഞ്ഞ് ഉമ്മ പൂമുഖത്തെ മരപ്പടിയിൽ വന്നിരുന്നു. ഞാൻ ഷൂവിൻ്റെ ലേസ് കെട്ടി കഴിഞ്ഞ് കുറച്ച് നേരം ആലോചിച്ച് നിന്നു.
“എന്താടാ”?
“നിങ്ങളെ കൂട്ടത്തിലേ നിക്കാഹ് കഴിച്ച് പെണ്ണിനെ വീട്ടിലേക്ക് കൊണ്ട് വന്നൂടേ? മാര്യേജ് വരെ കാത്ത് നിക്കണ്ടല്ലോ. ഞാനതോർത്തതാ”
“ഓൻ പറഞ്ഞത് കേട്ടീല്ലേ? എന്തേലും പറയീ”
ഷഹാന മാനുക്കയെ തോണ്ടി.
“ഞങ്ങക്ക് അത്രക്ക് തെരക്കൊന്നൂല്ല കണ്ണാ”
മാനുക്കക്ക് അത് കത്തിയിട്ടില്ല എന്നും ഉടനെ ഒന്നും കത്താൻ സാധ്യത ഇല്ല എന്നും മനസ്സിലായ ഷഹാന അതും പറഞ്ഞ് എന്നെ യാത്രയാക്കി.
ഞാൻ എല്ലാവരോടും ഒന്നു കൂടി യാത്ര പറഞ്ഞിറങ്ങി. ജംഷീർ ഒരു ബാഗും പുറത്തിട്ട് വന്ന് എൻ്റെ കൂടെ ബൈക്കിൽ കയറി.
“പുറത്തൂന്ന് കുറച്ച് വീഡിയോ എടുക്കാനാ. ചാനലില് പുതിയതിട്ടിട്ട് ഒന്നര മാസായി. കാണുന്നോരെ വിചാരം നമ്മക്കെന്തോ പറ്റീന്നാ. ബിസിയായോണ്ടാന്നോർക്കറിയില്ലല്ലോ. അത് കഴിഞ്ഞിട്ട് ഇയ്യ് ഇന്നെ ആ റോട്ടിലെറക്കിയാ മതി”
ഞാൻ നെൽപ്പാടങ്ങൾക്ക് നടുവിൽ ബൈക്ക് നിർത്തി. ദേശീയപാതയുടെ പണി പുരോഗമിക്കുന്നു. വയലുകൾക്ക് നടുവിലൂടെ വയഡക്റ്റിനുള്ള തൂണുകൾ ഉണ്ടാക്കുകയാണ്. പൂർത്തിയായാൽ പാടത്തിന് മുകളിലൂടെ റോഡു വരും. താഴെ പച്ചച്ച വയലേലകൾ മനോഹരമായ കാഴ്ചയായിരിക്കും. വേനലിൽ വരണ്ടുണങ്ങി വിണ്ടു കീറിയ പാടത്തെ മൺകട്ടകൾ ചവിട്ടി നടക്കുമ്പോൾ കാലിനടിയിൽ നിന്ന് തെന്നി മാറുന്നു. ഞങ്ങൾ കണ്ടത്തിൻ്റെ ഒത്ത നടുവിലേക്ക് നടന്നു. പോക്കു വെയിലിൻ്റെ സ്വർണപ്രഭയിൽ കുളിച്ച് നിൽക്കുന്ന തെങ്ങിൻ തലപ്പുകൾ അതിരിടുന്ന ആകാശം ക്യാമറയുടെ ഫ്രെയിമിൽ തെളിഞ്ഞു. കൊട്ടനടിച്ചു കിടക്കുന്ന പാടത്ത് വെച്ച് ഞങ്ങൾ ഒരു ഡാൻസ് വീഡിയോ എടുത്തു. ഞാൻ ആ ഡാൻസ് ക്യാമറയുടെ ചെറിയ സ്ക്രീനിൽ പ്ലേ ചെയ്ത് നോക്കുകയായിരുന്നു.
“എന്താടാ ഇത്താത്തേം ആയിട്ട് ഒരു ഇത്”?
“അവിഹിതം. അല്ലാതെന്താ “?
ജംഷി പാടത്തിൻ്റെ അരികിലെ തെങ്ങിൻ തോപ്പിന് അതിരിട്ട് ഒഴുകിയിരുന്ന വേനലിൽ വറ്റിപ്പോയ ഒരു നീർച്ചാലിൻ്റെ അറ്റത്തുള്ള നിറയെ വെള്ളം കെട്ടി നിൽക്കുന്ന വലിയൊരു പതിയിൽ എന്തോ നോക്കുകയാണ്.
“അത് കെട്ട്യോനുള്ളവരുമായിട്ടല്ലേ? എടാ… ഇതിൻ്റെ ഉള്ളിലൊരു ബ്രാല്. ആ മടേലാ. പിടിച്ചാലോ? ഫ്രൈയാക്കാം”
“എന്നാ വെറും വിഹിതം ”
ഞാൻ അടുത്ത് ചെന്ന് നോക്കി.
“ബ്രാലാ അത്? ചേറാനാന്ന് തോന്നുന്നുണ്ട്. നല്ലോം വെള്ളല്ലേ? വറ്റുമ്പോ പിടിക്കാം”
“രണ്ടായാലും ഫ്രൈയാക്കാലോ. വെള്ളം വറ്റി നോക്കി വരുമ്പയ്ക്ക് കണ്ടവന്മാര് കൊണ്ട് പോവാതിരുന്നാ മതിയേന്നു”
ജംഷി വെള്ളത്തിൽ നിന്ന് വരമ്പിലേക്ക് കയറി.
“അൻ്റെ വിഹിതം ഇക്കറിയൂലേ. മീനങ്ങാടീലുള്ളതല്ലേ. ഇയ്യ് ഇത് പറ”
“നിൻ്റെ ഇത്താത്ത ഇംതിയാസ് മരിച്ച വിഷമത്തില് അല്ലേ? ഞാനൊന്ന് ആശ്വസിപ്പിച്ചതാ”
“ഇയ്യ് ഇങ്ങനെ അല്ലല്ലോ. ചോദിക്കാതെന്നെ ഒക്കെ പറയല്ണ്ടേന്നല്ലോ. ഇപ്പോ എന്തേ”?
“ഞാൻ ആരോടും പറയില്ലാന്ന് മഹർ മാല പിടിച്ച് സത്യം ചെയ്തു”
“മഹർ മാലയോ? ആരത് ? ഇത്താത്താൻ്റെ നിക്കാഹ് കഴിഞ്ഞില്ലല്ലോ”?
ഞാൻ പാട വരമ്പത്തിരുന്നു. പറയില്ല എന്നാണ് തീരുമാനമെങ്കിലും ജംഷീറിനോട് പറയാതിരിക്കാൻ എനിക്ക് കഴിയില്ല.
“നിൻ്റെ ഇത്താത്തയുടെ കഴുത്തിലുള്ള ആ നെക്ലേസ്… അത് ഇംതിയാസിൻ്റെ മഹറാണ്”
“ഇയ്യ് വാലും തുമ്പുല്ലാതെ പറഞ്ഞാല് ഇക്കെങ്ങനേ മനസ്സിലാവാ”?
“ഞാൻ പെരുന്നാളിന് വന്നതോർമ്മല്ലേ നിനക്ക്? അന്നാ ഞാനാദ്യായിട്ട് ഈ വീട്ടില് വന്നത്. അന്ന് മാനുക്കയുടെ ഒപ്പം രാത്രിയാവാൻ നേരത്ത് ഇംതിയാസും വന്നേന്നില്ലേ? അവര് പുത്തനത്താണിയിലെങ്ങാണ്ട് പോയി വണ്ടി നോക്കി വന്നതേന്നൂന്ന് തോന്നുന്നുണ്ട്. അല്ലേ? രാത്രി രേണു ഒറ്റക്കാന്നും പറഞ്ഞ് ഞാൻ നിർബന്ധം പിടിച്ച് പോയില്ലേ. അപ്പോ പതിനൊന്നര ഒക്കെ ആവാനായിട്ടുണ്ടാകും”
“ബൈക്ക് എടുക്കാൻ ചെന്നപ്പോ പോർച്ചിൻ്റെ അപ്പുറത്ത് ഉപ്പയുടെ ബെൻസിൻ്റെ മറവിൽ ഇംതിയാസും നിൻ്റെ ഇത്താത്തയും. ജുമൈലത്ത് കരയുന്നുണ്ടേന്നു. ഉറക്കെയല്ല. തേങ്ങി കരച്ചിലില്ലേ.. അത്. കുറേ കരഞ്ഞിട്ടുണ്ടൂന്ന് എനിക്ക് മനസ്സിലായി. അപ്പോണ്ട് ഇംതിയാസ് ഒരു മാലയെടുത്ത് കഴുത്തിൽ കെട്ടി കൊടുക്കുന്നു. ജുമൈലത്ത് കൈ നീട്ടിയപ്പോ ഒരു മോതിരവും വിരലിലിട്ടു. പിന്നെ അവര് കുറേ നേരം കെട്ടിപ്പിടിച്ച് നിന്നു. അപ്പോഴും ജുമൈലത്ത് കരയന്നേന്നു. തിരിഞ്ഞ് നോക്കിയപ്പോ എന്നെ കണ്ടു. ഞാനടുത്ത് ചെന്നു. ഇംതിയാസ് മരിക്കാൻ പോവാണെന്ന് എനിക്ക് മനസ്സിലായി. അച്ഛച്ഛൻ പറഞ്ഞ് തന്നത് വെച്ചിട്ടാ. അവരെ കാട്ടി കൂട്ടല് കൂടി കണ്ടപ്പോ ഒരു സംശയോം ഇല്ലായിരുന്നു”
“…കുപ്പൻ സൂയിസൈഡ് ചെയ്തോ”?
“ഇല്ല. സൂയിസൈഡ് ചെയ്യുന്ന ഒരാളല്ല ഇംതിയാസ് ”
“പിന്നെന്താ”?
“ആ മാലയുടെ കാര്യം ആരോടും പറയരുതൂന്ന് പറഞ്ഞു. മരിക്കാൻ പോവാണല്ലോന്ന് പറഞ്ഞപ്പോ ഇംതിയാസ് കുറേ നേരം എന്നെ സൂക്ഷിച്ച് നോക്കി നിന്നു. ശരിക്കും അമ്മാതിരി വർത്താനം കേട്ടാല് ആർക്കായാലും ദേഷ്യം വരണ്ടതാ. മുഖത്ത് നോക്കിയാ ഞാൻ വേറൊരുത്തനോട് അവൻ ചാകാനായീന്ന് പറഞ്ഞത്. അതും ആ സമയത്ത്. ദേഷ്യത്തിന് പകരം ആള് വല്ലാതെ ശാന്തനായി ‘ഞാൻ മയ്യത്താവും. അതറിഞ്ഞിട്ടും ഓള് നിർബന്ധിച്ചിട്ടാ’ ന്ന് പറഞ്ഞ് മിണ്ടാതെ നിന്നു. എന്നിട്ട് പെട്ടെന്ന് ഒന്നും പറയാതെ കാറ് എടുത്ത് പോയി. പിന്നെ ഞങ്ങള് രണ്ടാളും ഇംതിയാസിനെ ജീവനോടെ കണ്ടിട്ടില്ല”
“നിൻ്റെ ഇത്താത്ത അതൊന്നും ആരോടും പറയരുതൂന്ന് ആ മാലയിൽ പിടിച്ച് സത്യം ചെയ്യിച്ചു. ബാക്കി നിനക്ക് അറിയാലോ. ഉപ്പയെ ബിസിനസില് സഹായിക്കാൻ ഗൾഫില് പോയ ഇംതിയാസ് മണൽ കാറ്റില് കണ്ണ് കാണാതെ വെള്ളം കൊണ്ട് പോവുന്ന ട്രക്കിൽ ഇടിച്ച് കയറ്റിയത്. ഇംതിയാസ് മരിച്ചപ്പോ ആകെ തകർന്ന ജുമൈലത്തിന് ഡിപ്രഷനായതും ഒക്കെ. അന്ന് ഒരു ദിവസം ഞാൻ കുറച്ചേറെ സമയം ജുമൈലത്തിനോട് സംസാരിച്ചു. എനിക്ക് മൂന്നാല് മരണം കണ്ട എക്സ്പീരിയൻസുണ്ടല്ലോ. പിന്നെ ഫോൺ വിളിയായി. മണിക്കൂറുകളോളം എന്നെ വിളിച്ചു സംസാരിക്കേന്നു. ഓർമ്മല്ലേ ഹെഡ്സെറ്റ് ചെവിയിൽ കുത്തി ഞാൻ സദാ സമയോം ഫോൺ വിളിച്ച് നടന്നേന്നത്”
“ആക്സിഡൻ്റല്ലേ പിന്നെ എന്താ”?
“അത് ആക്സിഡൻ്റ് തന്നെയാ. ആ മരണമാണ് ഞാൻ ലക്ഷണം നോക്കി കണ്ടത്. അല്ലെങ്കിലും ഇംതിയാസ് മരിക്കേന്നു. അതറിയുന്നതോണ്ടാ നിൻ്റെ ഇത്താത്ത മഹറ് വേണന്ന് നിർബന്ധം പിടിച്ചത്”
“അതിൻ്റെ കാരണം എന്താന്നാ ചോദിച്ചത്”
“ജംഷീ…നിങ്ങളെ രീതി ഒന്നും എനിക്കറിയില്ല. എന്നാലും മഹറിന് വാല്യൂ ഉണ്ട് എന്നറിയാം. അത് സ്വർണ്ണം തന്നെ ആവണോ? കയ്യില് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അമ്മായിമാരോ നാത്തൂൻമാരോ ആരേലും ഒക്കെ വാങ്ങി കെട്ടി കൊടുക്കും. റൂമിൽ വെച്ച് മഹറ് കെട്ടി കൊടുക്കുന്നതും കണ്ടിട്ടുണ്ട്. കുറേയായി ഒരു നിക്കാഹ് കൂടിയിട്ട്. അപ്പോ അത് ഇംതിയാസ് കെട്ടി കൊടുത്ത മഹർ മാലയാണ്. പ്ലാറ്റിനാണ് സാധനം. ഒരു സ്വർണ്ണ മോതിരവും ഉണ്ട്. ഇംതിയാസിൻ്റെ പേരുള്ളത്. ആ മഹറിൻ്റെ മേലെയാണ് ഞാൻ സത്യം ചെയ്തത്. ആരോടും ഒന്നും പറയില്ലാന്ന്. എന്നിട്ടും ഇത്രയും ഞാൻ പറഞ്ഞു. കൂടുതല് നീ ചോദിക്കരുത്. ചോദിച്ചാൽ ഞാൻ പറയും. ഞാൻ ചാകാതിരിക്കാൻ കാരണക്കാരനല്ലേ”
ജംഷീർ മറുപടി ഒന്നും പറയാതെ ചെന്ന് ബൈക്ക് സ്റ്റാർട്ടാക്കി. ഞാൻ പിന്നിൽ കയറി. ദൂരെ പാടങ്ങൾക്ക് നടുവിൽ ഉയരുന്ന തൂണുകൾ ഞങ്ങൾക്ക് പിന്നിലായി മറഞ്ഞു. വട്ടപ്പാറ വളവ് നിവരാൻ പോകുന്നു.
“ഇയ്യ് കുപ്പനെ കണ്ടീല്ലേ”?
“ഞാനൊരു പ്രാവശ്യമേ കണ്ടുള്ളൂ. അതും അന്ന് രാത്രിയില്”
“ഏകദേശം അന്നെപ്പോലെയാണ് കാണാനും സ്വഭാവോം. ഇക്കാക്കാൻ്റെ ഫ്രണ്ടേന്നു. അൻ്റത്ര മൂർച്ചല്ല പെരുമാറ്റത്തിന്. ചെല സമയത്ത് ഇയ്യങ്ങനെയാ. ഇത്താത്താനേക്കാളും നാല് വയസ്സിന് എളേതാ. എങ്ങനേ ഓര് പ്രേമത്തിലായത് ന്നൊന്നും ഇക്കറിയൂല. നാലഞ്ച് കൊല്ലം ആയേന്നു ഓര് പ്രേമിക്കാൻ തൊടങ്ങീട്ട്. ഓ.. അല്ലേപ്പോ ഞാനെന്തിനാ പറയണത്? അന്നോടൊക്കെ ഇത്താത്ത പറഞ്ഞിണ്ടാവൊല്ലോ”
ബൈക്കിന് വേഗത കൂടി. നൂറിന് മുകളിലെത്തി. ഞാനൊന്നും പറഞ്ഞില്ല. ജംഷി ബൈക്കോടിക്കുകയാണ്. ഷോർട്ടിന് വീഡിയോ എടുക്കാൻ വന്നവനാണ്. എങ്ങോട്ടാണാവോ ഓടിക്കുന്നത്. ഇരുന്നൂറ് കിലോമീറ്ററ് ഈ അവസ്ഥയിൽ എന്തായാലും പോകും. ടാങ്കിൽ പെട്രോളുണ്ട്. വെറുതേ വണ്ടി എടുത്ത് ചായ കുടിക്കാനാന്നും പറഞ്ഞ് ധനുഷ്കോടിക്ക് എന്നെയും കൊണ്ട് പോയവനാണ്. ജംഷി സംസാരിച്ച് തുടങ്ങി.
“ഓര് രണ്ട് മക്കളാ. കുപ്പൻ്റെ താഴെ ഒരു ബ്രദറാ. മസില് തളർന്ന് അനങ്ങാൻ വയ്യാത്ത എന്തോ അസുഖം വന്ന് ചെറുപ്പത്തിലേ മരിച്ചു”
“എന്താടാ കേക്കാൻ വയ്യ”
ബൈക്കിന് സ്പീഡ് കുറഞ്ഞു. ഞങ്ങൾ തേഞ്ഞിപ്പാലത്ത് എത്തി. മുന്നിൽ ഒരു ഡൈവേർഷൻ ബോർഡുണ്ട്. വലിയൊരു മൺകൂനക്ക് മുകളിലൂടെ കയറി ഇടത് വശത്തെ റോഡിലേക്ക് ഞങ്ങൾ തിരിഞ്ഞു.
“കുപ്പൻ്റെ ഉമ്മക്കും അത് പോലെ എന്തോ ആണേന്നു. ക്യാഷൊക്കെ ഓൻ്റെ ഉപ്പക്ക് ആവശ്യത്തിലേറെണ്ട്. ചികിത്സിച്ച് മാറ്റാൻ പറ്റാത്ത എന്തോ ആണൂന്നാ ഇക്കാക്ക പറഞ്ഞത്”
“ഹൻ്റിങ്ടൺസ്. അത് ഹെറിഡിറ്ററിയാ. പറ്റെ ചെറുതാവുമ്പോഴാണെങ്കിൽ ഈവൻ ഫാസ്റ്റർ പ്രോഗ്രഷൻ”
ജംഷീർ എന്നെ തിരിഞ്ഞ് നോക്കി ദേശീയപാതക്ക് വേണ്ടി മണ്ണെടുത്ത ഭാഗത്തേക്ക് ഇറക്കി ബൈക്ക് നിർത്തി. ഞാൻ ഇറങ്ങി. അവൻ ബൈക്കിൽ തന്നെ ഇരുന്ന് എൻ്റെ മുഖത്തേക്ക് നോക്കി. ഞാൻ ആ നോട്ടം എതിരിടാനാവാതെ കുറച്ചകലേക്ക് നടന്നു. അവൻ എൻ്റെ ഒപ്പമെത്തി.
“ഇയ്യ് മിണ്ടാണ്ടിരുന്നാല് അതാ സത്യന്ന് ഞാൻ വിശ്വസിക്കും”
ഞാൻ മൗനിയായി ഒരു മര കുറ്റിയിൽ ചാരി ദൂരെ അനന്ത വിഹായസ്സിൽ ദൃഷ്ടിയുറപ്പിച്ചു നിലകൊണ്ടു. ജംഷി എൻ്റെ അടുത്ത് വന്ന് ഞാൻ നോക്കുന്ന ഇടത്തേക്ക് തന്നെ നോക്കി.
“അവടെ എന്ത് തേങ്ങയാ? കാര്യം പറയുമ്പോ കോത്താഴത്ത് നോക്കി നിക്കണതെന്തിനാ? വാപ്പച്ചിക്കറിയൂലെ അത്? ഉമ്മി എന്താ ഒന്നും ചോദിക്കാത്തെ”?
ഞാൻ അവനേ തന്നെ ഉറ്റു നോക്കി. ഒന്ന്… രണ്ട്… നിമിഷങ്ങൾ കടന്നു പോയി. ഞാൻ സംസാരിച്ച് തുടങ്ങി.
“ഞാൻ ഇഞ്ഞി ആരേം കെട്ടൂല കണ്ണാ എന്നാ പറഞ്ഞത്. ഡയറക്ട് ക്വാട്ട്. നീ പോയി ചോദിച്ചാൽ പിന്നെ നിൻ്റെ ഇത്താത്ത ഇങ്ങോട്ട് വരില്ല. ഒരു നിക്കാഹിന് നിർബന്ധിച്ചാലും അതെന്നെ ആവും. ബാംഗ്ലൂരില് സ്ഥിരമാക്കും. ചിലപ്പോ വേറെ എങ്ങോട്ടേലും പോയീന്നും വരും. വാപ്പക്കും ഉമ്മച്ചിക്കും അറിയുമായിരിക്കും. ആക്സിഡൻ്റ് ആയതോണ്ട് മറ്റേത് ആരും ശ്രദ്ധിക്കാത്തതാ”
“ജംഷീ …നിൻ്റെ വീട്ടില് വാപ്പ അറിയാതെ എന്തെങ്കിലും നടക്കൂന്ന് തോന്നുന്നുണ്ടോ? സംശയം ഉണ്ടെങ്കില് വാപ്പ അറിയാതെ എന്തെങ്കിലും ചെയ്ത് നോക്ക്. അപ്പോ മനസ്സിലാവും. അറിയാത്ത പോലെ നടക്കുമായിരിക്കും. ബട്ട് ഹി വിൽ ഡെഫിനിറ്റ്ലി നോ. അല്ലേ പിന്നെ വാപ്പയാന്ന് പറഞ്ഞിട്ട് കാര്യല്ലല്ലോ. നിൻ്റെ ഉമ്മച്ചീൻ്റെ കാര്യം. ഒക്കെ മനസ്സിലിട്ട് ആരോടും ഒന്നിനും ഇല്ലാതെ നടക്കുന്ന ആ സ്വഭാവം ഞാൻ പറഞ്ഞ് തന്നിട്ട് വേണോ അറിയാൻ? സ്വന്തം മോളെ കാര്യം അറിയാതിരിക്കോ? ഉള്ളില് സങ്കടം ഉണ്ടാവും. പറയാത്തതാ. മഹറിൻ്റെ കാര്യം ആർക്കും അറിയില്ലാന്ന് തോന്നുന്നു. അപ്പോ അവിടെ ആരും ഉണ്ടേന്നില്ല. കാർ പോർച്ചിൻ്റെ അപ്പുറത്ത് അന്ന് നല്ല തിക്കായിട്ട് ഈറ്റണ്ടായിരുന്നു. അതിൻ്റെ മറവിലേന്നു രണ്ടാളും. അതാരോടും പറഞ്ഞിട്ടുണ്ടാവില്ല. മറ്റേതൊക്കെ വാപ്പക്കും ഉമ്മക്കും അറിയുമായിരിക്കും. മോതിരം എന്തായാലും കണ്ടിട്ടുണ്ടാവും. അതില് ഇംതിയാസിൻ്റെ പേരുണ്ട്. മകളോട് ചോദിക്കണ്ടാന്ന് വെച്ചിട്ടാവും”
ജംഷി ഒന്നും പറഞ്ഞില്ല. അവൻ എന്തൊക്കെയോ ചിന്തകളിലായിരുന്നു.
“കണ്ണാ…ന്നാ ഞാൻ പടച്ചോൻ്റെ മേലെ സത്യം ചെയ്യാം”
“അത്രക്ക് വേണ്ട. ദൈവത്തെ തൊട്ട് കളിക്കണ്ട”
“ന്നാ പിന്നെ അൻ്റെ മേലെ സത്യം ചെയ്യാം…ഞാൻ ഇത്താത്താനോട് ഒന്നും ചോദിക്കൂല. ഞാനിതറിഞ്ഞൂന്ന് പോലും അറിയൂല. പോരേ”
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. ജംഷീർ അവിടത്തന്നെ നിൽക്കുകയായിരുന്നു. ആക്സിലറേറ്റർ തിരിച്ചപ്പോൾ എഞ്ചിൻ്റെ ഇരമ്പൽ ഉയർന്നു. ജംഷി പെട്ടെന്ന് വന്ന് ബൈക്കിൽ കയറി. മെയിൻ റോഡിലെത്തിയപ്പോൾ ഞാൻ വേഗത കൂട്ടി. ജംഷീർ പിന്നിലിരുന്ന് എൻ്റെ വാരിയെല്ലിന് ചുറ്റിപ്പിടിച്ച് അമർത്തി. ഞാൻ ഇരുമ്പ് പ്രതിമയെ ആലിംഗനം ചെയ്ത് തവിടു പൊടിയാക്കിയ രാജാവിനെ ഓർത്തു പോയി. പെരുമ്പാമ്പ് ചുറ്റുന്ന പോലെ ഇറുക്കിയുള്ള കെട്ടിപ്പിടുത്തം ജംഷീറിന് വല്ലാതെ സ്നേഹം തോന്നുന്ന സമയത്ത് മാത്രം ഉണ്ടാവുന്ന ഒന്നാണ്.
“ഡാ… അടങ്ങിയിരിക്കെടാ. ആൾക്കാര് കണ്ടാ മറ്റതാന്ന് വിചാരിക്കും”
“വിചാരോം കെട്ടിപ്പിടിച്ചിരിക്കുന്ന മൈരന്മാരോട് പോവാൻ പറ”
അവൻ ഒന്നു കൂടി മുറുക്കി.
ഞങ്ങൾ ചാലിയത്തെത്തി. ബേപ്പൂർ ബീച്ചാണ് മറുകരയിൽ. അവിടെ ആൾ തിരക്കൊരൽപ്പം കൂടുതലാണ്. ചാലിയാർ അറബിക്കടലിൽ ചേരുന്നു. അഴിമുഖത്ത് ചാലിയാറിനിരുവശത്തും പുലിമുട്ട് കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അതിനോട് ചേർന്ന് കടലിലേക്ക് നീളുന്ന നടപ്പാതയുണ്ട്. മത്സ്യ ബന്ധന യാനങ്ങൾ കടലിൽ നിന്ന് തിരികെ വരുന്നു. ചാര നിറമുള്ള തിരമാലകൾ പുലിമുട്ടിൽ തട്ടി ചിതറി തെറിക്കുന്നു. ദേഹത്തേക്ക് വെള്ളം എത്തുന്നുണ്ട്. ഞാൻ മുഖത്ത് തൊട്ട് നോക്കി. തിരമാലക്കൊപ്പം തെറിക്കുന്ന അഴിമുഖത്തെ ചെളി മുഖത്ത് തരി തരിയായി അവശേഷിച്ചിട്ടുണ്ട്. ഞാൻ ക്യാമറ ഫോക്കസ് ചെയ്തു. അറബി കടലിൽ സൂര്യാസ്തമയം. ഷോർട്സിനു വേണ്ടത് ഞങ്ങൾ ഷൂട്ട് ചെയ്തു. ജംഷി ക്യാമറ മടക്കി എടുത്ത് വെച്ചു. ഏഴു മണി ആവാനാകുന്നു. ഞാൻ നടപ്പാതക്ക് അരികിലുള്ള ബെഞ്ചിലിരുന്നു.
“നിക്കെടാ. ഞാനൊന്ന് പ്രാർത്ഥിക്കട്ടെ ”
“ഇവിടുന്നോ? കുളിക്കൊന്നും വേണ്ടേ” ?
“മനസ്സ് കൊണ്ട് ചെയ്യാം. കുളികളും പല തരത്തിലുണ്ട്. മനസ്സ് കൊണ്ട് മഹായാഗങ്ങൾ ചെയ്തവരുണ്ട്. അതിനാ ശരിക്കും കൂടുതൽ പവറ്. സങ്കൽപ്പം കൊണ്ട് ചെയ്യാൻ നല്ല ധ്യാനശക്തി വേണം. ഞാൻ യാത്രയിലൊക്കെ ആവുമ്പോ ഇതല്ലേ ചെയ്യുന്നത്. അല്ലാതെ സന്ധ്യക്ക് തറവാട്ടിലെ കാവില് ചെന്ന് ഉണ്ടാക്കാൻ ടെലി പോർട്ടേഷൻ ഒന്നും ഇല്ലല്ലോ”
ഞാനവിടെ പദ്മാസനം ബന്ധിച്ച് സങ്കൽപ്പം കൊണ്ട് ഭസ്മ സ്നാനം കഴിച്ച് ഭസ്മധാരണവും ചെയ്ത് കുടുംബ ദേവതക്ക് മാനസപൂജ ചെയ്ത് വന്ദിച്ച് എഴുന്നേറ്റു. ജംഷി വാനമാകെ കുങ്കുമ വർണ്ണം പടർത്തി ദൂരെ കടലിൽ മുങ്ങി താഴുന്ന അർക്കബിംബത്തിൻ്റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു. ഉത്തരായനത്തിലെ സൂര്യൻ്റെ സഞ്ചാരം. പകൽ അവസാനിക്കാത്തത് പോലെ തോന്നുന്നു. ജംഷീർ അസ്തമയ സൂര്യൻ്റെ കുറച്ച് ഫോട്ടോസ് എടുത്തു. ഇലക്ട്രിക് ലൈറ്റുകൾ തെളിഞ്ഞ് തുടങ്ങി. ഞാനും ജംഷിയും നടപ്പാതയുടെ അറ്റത്തേക്ക് നടന്നു. അവിടെ ഒരു കാമുകനും കാമുകിയും ഇരുന്ന് ചുംബിക്കുന്നു. ഞങ്ങൾ അവരെ കണ്ടിരുന്നില്ല. തിരമാല അടിച്ചു കയറുന്നത് കൊണ്ട് ചെറിയ മൂടൽമഞ്ഞ് പോലെയുണ്ട്. പോരാത്തതിന് ഇരുട്ടായത് കൊണ്ട് ദൂരേക്ക് കാണുന്നുമുണ്ടായിരുന്നില്ല. അവർക്ക് ശല്യമാവണ്ട എന്ന് കരുതി ഞങ്ങൾ തിരിഞ്ഞ് നടന്നു.
“ചെറിയ പെണ്ണാല്ലേ കണ്ണാ. ഒരുത്തനേം വിശ്വസിക്കാൻ പറ്റൂല. ക്ലിപ്പ് വരുമ്പഴേ അറിയൂ. കണ്ടിട്ട് ഒരു ലോക്കൽ സെറ്റ് അപ്പ്. കളറടിച്ച ആ ചുരുണ്ട മുടീം. ഇവനൊക്കെ എങ്ങനേടാ പെണ്ണ് സെറ്റാവുന്നത്? എന്ത് കണ്ടിട്ടാ? വല്ല പ്ലസ് ടു ടീമും ആവും”
“ഇപ്പോഴോ? ഈ ഏപ്രിൽ മാസത്തില് എന്ത് പ്ലസ് ടു ? പേർസണാലിറ്റി കണ്ടിട്ടാവും. മുടി കളറടിച്ച് നടക്കുന്നത് ഒരു പ്രായത്തില് ചെയ്യുന്നതാ. അവര് പ്രേമിക്കുന്നവരാ. മിക്കവാറും കല്യാണം കഴിക്കുമായിരിക്കും. ശ്രദ്ധിച്ച് നോക്ക്. ആ പെണ്ണിൻ്റെ ബോഡി ലാംഗ്വേജ് നോക്ക്. ഒരിത്തിരി നാണമുണ്ട്. എന്നാലും അവനെ നല്ല വിശ്വാസമുണ്ട്. പണി കഴിഞ്ഞ് ഇറങ്ങിയ ഉടനെ കാമുകിയേയും കൊണ്ടിറങ്ങിയതാവും. മുറപ്പെണ്ണെങ്ങാനുമാവും. ഏകദേശം ഒരു ചേർച്ചയൊക്കെയുണ്ട്. പാൻ്റ് കണ്ടില്ലേ? ആ പോക്കറ്റുകള് നോക്ക്. ഇലക്ട്രിക്കൽ വർക്കാ. ലോവർ മിഡിൽ ക്ലാസ് സെറ്റപ്പാ. ആ പെണ്ണും ചെലപ്പോ വല്ല കടേലും നിക്കാവും. പണി കഴിഞ്ഞ് ശരിക്ക് ക്ലീനപ്പിനു പോലും സമയം കിട്ടീട്ടില്ല. പിന്നെപ്പോ എല്ലാം ബ്രെയിനിൻ്റെ കാര്യല്ലേ. ബ്രെയിൻ ആൻഡ് ഇറ്റ്സ് കെമിക്കൽസ്. അതിൻ്റെ ഇൻ്റർപ്രട്ടേഷൻ. ഒക്കെ തലച്ചോറ് തീരുമാനിക്കും. പ്രേമിക്കുന്നവർക്കൊക്കെ പാരീസില് പോയി ഉണ്ടാക്കാൻ പറ്റ്വോ? ചില സമയത്ത് കാൻഡിൽ ലൈറ്റ് ഡിന്നറിനേക്കാളും എഫക്റ്റ്ണ്ടാവും ഇഷ്ടപ്പെട്ട ആളൊപ്പം തട്ടുകടേന്ന് ദോശേം ചമ്മന്തീം കഴിക്കുന്നതിന്. ആൻഡ് ദാറ്റ്സ് നൺ ഓഫ് അവർ ബിസിനസ്. അനാവശ്യ കാര്യങ്ങളിൽ തലയിടാഞ്ഞാൽ തന്നെ നല്ല സമാധാനണ്ടാവും ജീവിതത്തില്. നമുക്ക് പോവാം. ഇവിടെ നിക്കണ്ട”
ഞങ്ങൾ തിരികെ നടന്നു. ബീച്ചിനോട് ചേർന്നുള്ള ചെന്തെങ്ങുകൾ അതിരിട്ട വഴിയിലൂടെ കുറച്ച് ദൂരം നടന്നു. പഞ്ചാര പൂഴിമണൽ ഷൂസിൻ്റെ ഉള്ളിലൊക്കെ ആയിട്ടുണ്ട്. നടക്കുമ്പോൾ ഒരു കിരു കിരുപ്പ്. വഴി ബൈക്ക് പാർക്കിങ് ഏരിയയിൽ അവസാനിക്കുന്നു. അഞ്ചോ ആറോ ബൈക്കുകളുണ്ട്. ആ കൂട്ടത്തിൽ ഒരു പാഷൻ പ്രോ ഞാൻ കണ്ടു.
“ജംഷീ ആ പാഷൻ പ്രോ നോക്ക്. അതിൻ്റെ സൈഡിലെ പെട്ടി കണ്ടോ? അതിലെ മഞ്ഞ സ്റ്റിക്കറ് കണ്ടോ? വയർമാൻ്റെതാണത്. സോ.. അതവൻ്റെ ബൈക്കാകും”
ജംഷി ബൈക്കിൻ്റെ അടുത്ത് പോയി നോക്കി വന്നു. ഞങ്ങൾ കുറച്ച് ദൂരെ മാറി ഒരു തെങ്ങിൻ്റെ ചുവട്ടിൽ പേപ്പർ വിരിച്ച് ഇരുന്നു.
“കണ്ണാ…ഇഞ്ഞിപ്പോ അങ്ങനെ ആണേലും ഞങ്ങക്ക് കൊഴപ്പൊന്നൂല്ല”
“എന്ത് “?
“താത്താൻ്റെ അവിഹിതം”
“എനിക്ക് കുഴപ്പണ്ട്. നിൻ്റെ ഇത്താത്തക്ക് അങ്ങനെ എന്തേലും മനസ്സിലുണ്ടേൽ തന്നെ അത് ശരിയാവില്ലാന്ന് പറഞ്ഞ് ബോധ്യപ്പെടുത്തണ്ട ആളാ നീ. അല്ലേ ജംഷീ? എന്നിട്ടാ മറ്റേടത്തെ വർത്താനം പറഞ്ഞിരിക്കുന്നത് ”
“അനക്ക് അൻ്റെ ആളില്ലേ. എന്താ ഓളെ പേര്… ആ … കാർത്തിക. അപ്പോ പിന്നെ താത്താനെ ഒന്നും കണ്ണ് പിടിക്കൂല. അത് പറഞ്ഞപ്പളാ… എന്തായി ഓളെ കാര്യം”?
“കുറേയായി കണ്ടിട്ട്. ജിത്തുവിൻ്റെ വീടിൻ്റെ തൊട്ടടുത്താ അവളെ വീട്. ഞാൻ ജിത്തുവിൻ്റെ വീട്ടില് ചെല്ലുമ്പോ അവളെ അവിടേം കേറും. അന്ന് ഒപ്പം പഠിച്ച സമയത്ത് അവിടെ ചെല്ലുമ്പോ പ്രശ്നൊന്നൂല്ലായിരുന്നു. ജിത്തുവും അരവിന്ദും ഇപ്പോ ജിപ്മെറിലല്ലേ? ഇപ്പോ അവളെ കാണാനായി അങ്ങോട്ട് ചെന്നാല് വിഷയമാവും. അതല്ലാതെ വെറുതേ ചെല്ലാൻ എന്തെങ്കിലും കാരണം വേണം. ഫോൺ നമ്പറ് പോലും കയ്യിലില്ല. പള്ളി പെരുന്നാളിന് മീനങ്ങാടീന്ന് കണ്ടതാ…”
“ഞാൻ പോയി ആ ഹെഡ്മാസ്റ്ററെ കയ്യും കാലും തല്ലിയൊടിച്ചാലോ”?
“എന്തിന് “?
“കാലൊടിഞ്ഞ് കെടക്കുന്ന അയാളെ കാണാനാന്നും പറഞ്ഞ് അനക്ക് പെരേല് ചെന്നൂടേ “?
” ജംഷീ… നിൻ്റെ തലക്ക് വല്ലതും പറ്റിയോ”?
ഞാൻ നോക്കുമ്പോഴുണ്ടവൻ പൊട്ടന്മാരെ പോലെ ഇളിച്ചോണ്ടിരിക്കുന്നു.
“നിന്നെ പറഞ്ഞിട്ട് കാര്യല്ല. നിങ്ങളെ കുടുംബം മുഴുവൻ പ്രേമത്തിൻ്റെ ആൾക്കാരാ. നിൻ്റെ ഉമ്മ… മാനുക്ക … ഇത്താത്ത …. ഒക്കെ ഒരേ പോലെയാ”
“എന്താ ഉമ്മച്ചിക്ക്”?
“നിൻ്റെ ഉമ്മച്ചിക്ക് ഒരു പ്രേമം. അന്ന് അവര് വലിയ തറവാട്ട്കാരാ. പാടോം സ്ഥലോം ഒക്കെയുണ്ട്. ഉമ്മച്ചീടെ ആളെ ബാപ്പക്ക് പണീന്ന് പറയാൻ പോലും സ്ഥിരമായി ഒന്നും ഇല്ല. എല്ലാ പണിക്കും പോവുന്ന ഒരു സാധാരണക്കാരൻ. എല്ലാം പഴയ പല്ലവി തന്നെ. കുടുംബക്കാര് സമ്മതിച്ചില്ല. നിൻ്റെ വാപ്പ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ. പിന്നെ മാളിയേക്കൽ ഹസൻ കുട്ടി ഹാജ്യാരുടെ പഴയ കുടുംബവും. ആ നിക്കാഹ് നടന്നു. നിൻ്റെ ഉമ്മ മാളിയേക്കൽ തറവാട്ടിലെത്തി. ബാപ്പ മരിച്ചതോടെ ഒക്കെ അയാളെ തലേലായി. നാല് പെങ്ങന്മാരുണ്ടേന്നു താഴെ. അനിയന്മാരും ഉണ്ട്. ഒമ്പത് മക്കളെറ്റെയോ ആണ്. അതോണ്ട് പ്രേമത്തിൻ്റെ പേരും പറഞ്ഞ് കളയാൻ സമയണ്ടേന്നില്ല പാവത്തിന്”
“എന്നിട്ടോ” ?
“എന്നിട്ട് ഒന്നുമില്ല. അന്നത്തെ ആ ആള് പിന്നെ ഗൾഫിലെത്തി. ഇരുപത്തി മൂന്ന് കൊല്ലം അവിടെ കഷ്ടപ്പെട്ടു. നാലാള് അറിയുന്ന ബിസിനസ്കാരനായി. നിനക്കറിയാം ആളെ. പെരിന്തൽമണ്ണയിലെ വലിയ പുളളിയാ. വേങ്ങരേന്ന് നമ്മള് ഒരു ബെൻസില് കൊണ്ട് പോയി താങ്ങിയത് ഓർമ്മണ്ടോ? ഫാത്തിമാ ഫിദയെ കണ്ടത് ഓർമ്മല്ലേ? കേസാക്കണന്നുള്ള ഒറ്റ വാശിയില് അവളെ ഉപ്പ നമ്മളെ ഡീറ്റെയിൽസ് ചോദിച്ചപ്പോ നീ നിൻ്റെ വാപ്പയുടേം ഉമ്മയുടേം പേര് പറഞ്ഞപ്പോ കൂടുതൽ ഒന്നിനും നിക്കാതെ നമ്മളോട് പോവാൻ പറഞ്ഞില്ലേ? അതാണ് ആള്”
“അനക്കെങ്ങനേ അതൊക്കെ അറിയണത്”?
“ഒബ്സർവേഷൻ. നിൻ്റെ വാപ്പേടേം ഉമ്മച്ചീടേം പേര് കേട്ടപ്പോ അയാൾടെ മുഖം മാറി. ആദ്യം ഞാൻ വിചാരിച്ചത് നിങ്ങളെ കുടുംബത്തെ അറിയുന്നതോണ്ടാവൂന്നാ. രണ്ട് പെൺമക്കളുണ്ടേന്നു കാറില്. അതില് ഇളയ ആളെ ഒന്ന് നോക്കീട്ട് നമ്മളോട് പോവാൻ പറഞ്ഞു. അപ്പോ ഒരു സംശയം തോന്നി. ഞാൻ നിൻ്റെ ഉമ്മച്ചിയോട് ഒരുപാട് നേരം സംസാരിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? അതിൻ്റെ ഇടേക്കൂടെ ഉമ്മച്ചി പോലും അറിയാതെ പ്രോംപ്റ്റ് ചെയ്തെടുത്തു. പക്ഷേ അവസാനം ഉമ്മച്ചി പിടിച്ചൂട്ടോ. എനിക്കെന്താ അറിയേണ്ടതൂന്ന് ചോദിച്ചു. ഫിദയെപ്പറ്റിയാന്ന് പറഞ്ഞു.
നിൻ്റെ ഉമ്മച്ചി എല്ലാ കഥയും പറഞ്ഞു”
“വാപ്പക്കറിയോ”?
“അറിയുമായിരിക്കും”
ജംഷീർ എന്നെ സൂക്ഷിച്ച് നോക്കി നിശബ്ദനായി ദൂരെ കടലിനോട് ചേർന്നുള്ള ഫ്ളോട്ടിങ് പ്ലാറ്റ്ഫോമിൽ തെളിഞ്ഞ ചുവന്ന ലൈറ്റ് മിന്നി മിന്നി കത്തുന്നതും ശ്രദ്ധിച്ച് എന്തൊക്കെയോ ചിന്തകളിൽ ആഴ്ന്ന് ഇരിപ്പായി.
“കണ്ണാ…. അന്നെ ആദ്യായിട്ട് കണ്ടന്നേ തോന്നിയതാ ഇയ്യൊരു സാധാരണ ഒരുത്തനല്ലാന്ന്. വീഴണേന് മുന്നേം നീഹേൻ്റെ കൂടെ അന്നെ കണ്ടിണ്ട്. അൻ്റെ ചെറിയ കണ്ണാ. ആനേൻ്റെ പോലെ. നോട്ടത്തിന് ഒരു പ്രത്യേകതണ്ട്. മുന്നില് നിക്കണ ആളെ ഉള്ളിലേക്ക് നോക്കണ പോലെയാ തോന്നാ. ഞാനൊക്കെ ആളെയാ നോക്കാ. ഇയ്യ് അങ്ങനെ അല്ല. പിന്നീക്ക് ഫോക്കസ് ചെയ്യണ മെഴുക് തിരീൻ്റെ എക്സ്പിരിമെൻ്റില്ലേ? അത് പോലെ”
“നീ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി. അത് കൊണ്ടെന്താ”?
“അതോ… കാണുന്നോർക്ക് അന്നോട് വല്യ അടുപ്പം തോന്നും. എല്ലാം തൊറന്ന് പറയാൻ തോന്നും. ഇക്കങ്ങനെ തോന്നീണ്ട്. ഇത്താത്താക്കും അതെന്നെയാവും തോന്നീണ്ടാവാ. അതോണ്ടാ ആരും അറിയാത്ത കാര്യങ്ങള് ഇയ്യറിയണത്. ഇയ്യ് വായടച്ച് വെക്കണതോണ്ട് ആരും ഒന്നും അറിയൂല്ല. അപ്പോ അന്നോട് പറയാനും വിശ്വാസാണ്. പിന്നെ അൻ്റെ ഒപ്പാണെങ്കില് നല്ല സമാധാനാ. ഇത് വരെ അന്നെ ടെൻഷനായി കണ്ടീല്ല. വേറള്ളോര് പാനിക്കാവുമ്പഴും ഇയ്യ് കാമായി നിക്കും. അന്ന് ആനേൻ്റെ മുന്നില് പെട്ടന്ന് വേറെ ആരേലും ആണെങ്കില് ആനേൻ്റെ കൊമ്പിലുണ്ടാവും. മൊത്തത്തില് പറയുമ്പോ അനക്ക് എന്താന്നറിയാത്ത ഒരട്രാക്ഷന്ണ്ട്. അതാ ഉമ്മച്ചിക്കും വാപ്പക്കും അല്ലെങ്കി അന്നെ കാണുണോർക്കൊക്കെ അന്നോട് ഒരു ഇഷ്ടം തോന്നണത്”
“ആയിരിക്കും. ഞാൻ ചെയ്യാൻ പോവുന്നതെന്താന്ന് എനിക്കറിയാം. ഞാനല്ലേ ചെയ്യുന്നത്. അത് ഞാൻ ചെയ്യും എന്നും അറിയാം. പിന്നെന്തിനാ പാനിക്കാവുന്നത്. മറ്റേതെന്താന്നറിയോ ജംഷീ… ആൾക്കാർക്ക് കാടിനെ അറിയില്ല. ബത്തേരിയില് ബോർഡറിലെ കാടിൻ്റെ അടുത്ത് ജീവിച്ചതോണ്ട് എനിക്ക് ആനയെ ഒക്കെ പരിചയണ്ട്. അന്ന് ഇപ്പോ എന്താ? മുന്നില് ഒരു കൊമ്പനാന. പിന്നില് ഒരാന കൂട്ടം. രണ്ട് മൂന്ന് കുട്ടിയാനകളും ഉണ്ട്. നമ്മള് വീട്ടിലെത്തിയില്ലേ? അതത്രേ ഉള്ളൂ. വേറെ വല്ലവരും ആണെങ്കിൽ ഒറ്റയാൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട കഥാന്നും പറഞ്ഞ് പൊടിപ്പും തൊങ്ങലും വെച്ച് ചാകുന്നത് വരെ പറഞ്ഞ് നടക്കും. ഞാൻ നോക്കിയിട്ട് എനിക്ക് അത് ഒരു നോർമൽ ഇവൻ്റായിട്ടേ തോന്നുന്നുള്ളൂ. എട്ട് മണിയായില്ലേ? പോയാലോ? നിന്നെ അങ്ങട്ടാക്കിയിട്ട് വേണം എനിക്ക് വീട്ടിൽ പോവാൻ”
ഞാൻ എഴുന്നേറ്റു. അത് കണ്ട് ജംഷീറും എഴുന്നേറ്റു.
“അൻ്റെ കാര്യം എന്താന്നറീലാ. ഇക്കത് കംപ്ലീറ്റ്ലി ഷേക്കൺ എക്സ്പീരിയൻസാ. ചാവുന്നത് വരെ മനസ്സ്ന്ന് പോവൂല. ചെലപ്പഴൊക്കെ ആന ഓടിക്കണത് സ്വപ്നം കണ്ട് ഞെട്ടിയൊണരും…. അവടെ ആ ഭഗവതീൻ്റെ അമ്പലത്തില് ഉത്സവത്തിന് ആനേനെ കാണണതും കൂടെ ഇക്കിപ്പോ പേടിയാ… ഡാ … തിങ്കളാഴ്ച ഇന്തോനേഷ്യേക്ക് കെട്ടിയെടുക്കണം. ഇയ്യ് അക്കാദമിയിലാക്കിയാ മതി”
“ഉറങ്ങുന്നതാടാ ഏറ്റവും ബെസ്റ്റ്. പിന്നേ.. ഞാൻ കുറേ നാളായിട്ട് പറയണന്ന് വിചാരിച്ചതാ. നിൻ്റെ ആ സിഗ്നേച്ചർ മൂവുണ്ടല്ലോ… അത് എല്ലാർക്കും അറിയാം”
പറഞ്ഞ് തീരുന്നതിന് മുൻപ് ജംഷീറിൻ്റെ ഇടതുകാൽ എൻ്റെ ചെവിക്കു നേരെ വന്നു. ഞാൻ നിലത്ത് അമർന്നിരുന്ന് നല്ല വേഗതയിൽ കറങ്ങി ഒരു സ്വീപ്പിങ് സൈഡ് കിക്കെടുത്തു. ജംഷി പിന്നിലേക്ക് വീണു. നിലത്ത് പതിക്കുന്നതിന് മുൻപ് ഞാൻ മുന്നോട്ടാഞ്ഞ് അവനെ താങ്ങിപ്പിടിച്ചു.
“കണ്ടില്ലേ. അതാ പറഞ്ഞത്. എനിക്ക് നിൻ്റെത്ര പ്രാക്ടീസും കൂടെയില്ല”
“ഇഞ്ഞിപ്പോ എന്താടാ ഞാൻ ചെയ്യാ”?
“നിനക്കിപ്പോ നോക്ക് ഔട്ട് ചെയ്താ പോരേ”?
ഞാൻ അവന് മർമ്മത്തിൽ പെരുവിരലൂന്നി ബോധം കെടുത്തുന്നത് കാണിച്ചു കൊടുത്തു.
“അച്ഛച്ഛൻ പഴയ കളരി എക്സ്പേർട്ടാ. അങ്ങനെ പഠിച്ചതാ. പല സ്റ്റാൻസും എടുത്ത് കൺഫ്യൂസ് ചെയ്യണം. അതിൻ്റെ ഇടയിൽ കൂടെ നോർമൽ സ്റ്റാൻസിൽ ഫ്രണ്ട് കിക്കെടുത്താൽ മതി. പക്ഷേ പെട്ടെന്ന് വേണം. കിക്ക് തന്നെ ആവണം. എഗെയ്ൻസ്റ്റ് റൂൾസൊന്നും അല്ല. സാധാരണ കിക്കല്ലേ. പക്ഷേ ഒരിത്തിരി ഫോഴ്സ് കൂടുതൽ കൊടുക്കണം. വേറെ വല്ലതും ആയാല് അവിടെ ഉള്ളോർക്ക് അറിയാൻ പറ്റും. മറുകൈ പ്രയോഗണ്ട്. അതൊന്നും നോക്കണ്ട”
ജംഷീർ അഞ്ചാറ് പ്രാവശ്യം ചെയ്ത് നോക്കി അത് മനസ്സിലാക്കി. ഞങ്ങൾ ചാലിയത്ത് നിന്നും മടങ്ങി. ജംഷീറിനെ പന്തീരങ്കാവിൽ ഇറക്കി. രാത്രി വൈകിയിരുന്നു. മാസ്റ്റർ ഗേറ്റിനടുത്ത് തന്നെ ഉണ്ടായിരുന്നു. കൂടെ സീനിയേഴ്സായ രണ്ട് ബ്ലാക്ക് ബെൽറ്റ് സ്റ്റുഡൻ്റ്സും. അവർ കരാട്ടേ വിദഗ്ദ്ധരാണ്. സെക്കൻ്റ് ഡാൻ ബ്ലാക്ക് ബെൽറ്റാണ് ഒരാൾ. എന്നിട്ടും ശിഷ്യനാണ് പഠിക്കുകയാണെന്നും പറഞ്ഞ് മാസ്റ്ററുടെ കൂടെ കൂടിയിക്കുകയാണ്. ചാംപ്യൻഷിപ്പ് അടുത്തത് കൊണ്ട് തകൃതിയായ പരിശീലനത്തിലാണ് എല്ലാവരും. ഞാൻ കാലുകൾ ചേർത്ത് പിടിച്ച് ശരിയായ നില സ്വീകരിച്ച് ബോ ചെയ്തു. ബ്രൗൺ ബെൽറ്റിനുള്ള ടെസ്റ്റ് വ്യാഴാഴ്ച രാവിലെയാണ്. പഠിപ്പിച്ച് തന്നതിൽ നിന്ന് അഞ്ചാമത്തെ കട്ടാസ് മുഴുവനായും ചെയ്ത് കാണിച്ച് ഞാൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങി.
ഇന്ന് പ്രാതൽ കഴിഞ്ഞ് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം പതിവ് പോലെ നടക്കുന്നു. നീഹ വിളിച്ചിരുന്നു. അവളുടെ ചേച്ചി റെബേക്കയും ഉണ്ടായിരുന്നു. റെബേക്കക്ക് ഇന്ന് ലീവാണ്. രണ്ട് പേരും കൂടെ ബാംഗ്ലൂരിലെ മാളുകളിൽ തെണ്ടി തിരിയാൻ ഇറങ്ങുന്നതിന് മുൻപ് വിളിച്ചതാണ്. എപ്പോഴും എന്നെ വീഡിയോ കോൾ ചെയ്യുന്നത് കൊണ്ട് അവളുടെ ചേച്ചിക്ക് ഞാനാരാണെന്നറിയാനൊരു ആകാംക്ഷ. അനിയത്തി ബാംഗ്ലൂരിൽ എത്തിയിട്ട് പലരേയും വിളിക്കുന്ന കൂട്ടത്തിൽ എന്നെ മാത്രം ഒരുപാട് പ്രാവശ്യം വിളിക്കുന്നു എന്നതാണ് അതിൻ്റെ കാരണം. ഏതവനാണ് അത് എന്നറിയാൻ ഒരു ചേച്ചിക്ക് ആഗ്രഹമുണ്ടാവും. കുറ്റം പറയാൻ പറ്റില്ല. ഞാനാണല്ലോ അവളുടെ ബെസ്റ്റ് ഫ്രണ്ട്. അനിയത്തിയുടെ കൂട്ടുകാരനോട് ചേച്ചിക്കും പലതും ചോദിക്കാനും പറയാനുമുണ്ടായിരുന്നു.
അതെല്ലാം കഴിഞ്ഞ് ഞാൻ താളിയോലകളിലായി സൂക്ഷിച്ച പഴയ ഒരു താന്ത്രിക ഗ്രന്ഥത്തിലെ ചില പ്രയോഗങ്ങൾ നോക്കി ഹൃദിസ്ഥമാക്കുകയായിരുന്നു. ഇല്ലത്ത് പോയപ്പോൾ എടുത്ത് കൊണ്ട് വന്നതാണ്. പഴയ കോലെഴുത്തായത് കൊണ്ട് വായിച്ച് മനസ്സിലാക്കി എടുക്കാൻ പ്രയാസമാണ്. രേണു കോളേജിലേക്ക് പോയിരുന്നു. സമയം പത്തര ആവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഫോൺ ഉച്ചത്തിൽ റിങ്ങ് ചെയ്തു. ഞാൻ വന്നെടുത്തപ്പോഴേക്ക് കട്ടായി. ഫോൺ ഹാളിലെ ടീ പോയിൽ ആയിരുന്നു. ജുമൈലത്താണ്. ഞാൻ തിരിച്ചു വിളിച്ചു.
“ഇയ്യെവിടേ? വീട്ടിലാ? ഞാൻ മെഡിക്കൽ കോളേജിൻ്റെ മുന്നിലെ ബസ്റ്റ് സ്റ്റോപ്പില്ണ്ടെടാ”
ഞാൻ പെട്ടെന്ന് വേഷം മാറി വീട് പൂട്ടിയിറങ്ങി. ബൈക്കിൽ ജുമൈലത്തിനേയും കൊണ്ട് പോകാൻ ഒരു മടി. ഹൈലക്സ് പുറത്തേക്കിറക്കി. ഡാഷിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്ത് വണ്ടിയുടെ ഫ്ളോറിലേക്ക് വീണു. വാട്സ് ആപ്പിൽ ജുമൈലത്ത് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന രണ്ട് ഫോട്ടോസ്. ഞാൻ എൻ്റെയൊരു സെൽഫി എടുത്ത് സെൻ്റ് ചെയ്തു. ബ്ലൂ ടിക്കുകൾ വീണതിനൊപ്പം ഒരു കുഞ്ഞു മേസ്സേജ്. ബൈക്ക് മതി എന്ന്. ഹൈലക്സ് തിരിച്ചു ഷെഡ്ഡിൽ കയറ്റി ടാർപോളിൻ ഷീറ്റിട്ടു മൂടി.
ജുമൈലത്ത് ഇംഹാൻസിനടുത്തുള്ള ഒഴിഞ്ഞ ബസ്റ്റോപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. ആളുകൾ ഇല്ലാത്ത വിജനമായ പ്രദേശം. പണ്ടൊക്കെ പുറത്തേക്കിറങ്ങിയാൽ ആളുകളുടെ ബഹളമായിരുന്നു. ഒരു രണ്ട് കൊല്ലമായിട്ട് നാട് പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ കാടാമ്പുഴയിലൊന്ന് പോയി. തിരിച്ചു വരുന്ന വഴിക്ക് മുണ്ടുപറമ്പയിൽ വരേണ്ട ആവശ്യമുണ്ടായിരുന്നു. ഡൗൺഹിൽ ഏരിയയിൽ ഒരു പൂച്ച കുഞ്ഞ് പോലുമില്ല. സാധാരണ നല്ല ആൾ തിരക്കുള്ള മലപ്പുറം നഗരം ശൂന്യമായി കിടക്കുന്നു. ആളുകളധികമില്ല. ട്രാഫിക്കിൻ്റെ പ്രശ്നവുമില്ല. റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. ആളുകളൊക്കെ എങ്ങോട്ട് അപ്രത്യക്ഷരായി എന്നു മാത്രം മനസ്സിലാവുന്നില്ല.
തൊട്ട് മുന്നിലുള്ള റോഡിലൂടെ ഇടക്കിടക്ക് ഓരോ വാഹനങ്ങൾ പോകുന്നുണ്ട്. കുറച്ച് മാറി ആരോ കരിമ്പിൻ ജ്യൂസ് വിൽക്കുന്നുണ്ട്. അതിനടുത്ത് ഒരാൾ നീണ്ട കയറിൽ ടി ഷർട്ടുകൾ കെട്ടി തൂക്കി വിൽപന നടത്തുന്നു. ജുമൈലത്ത് എന്നെ നോക്കി മന്ദഹസിച്ചു. ഞാൻ അടുത്ത് ചെന്ന് ഇരുന്നു. ജുമൈലത്ത് എന്നെ വരിഞ്ഞു മുറുക്കി.
“എന്താ ഇത്? ആൾക്കാര് കാണും. ഇന്ന് വലിയ സന്തോഷത്തിലാണല്ലോ. രേണുവും ഇതു പോലെയാ. പ്രായണ്ടെങ്കിലും കുട്ടികളെപ്പോലെയാ ചില സമയത്തെ പെരുമാറ്റം. അത് പോലെണ്ട്. ഇന്നലെ എയർപോർട്ടില് പോണ വഴിക്ക് ജംഷീടെ സ്നേഹ പ്രകടനവൂണ്ടായിരുന്നു. കഴിഞ്ഞപ്പോ ആകെ മേലു വേദനയായി”
ജുമൈലത്ത് തലയുയർത്തി എന്നെ നോക്കി. ആ മിഴികൾ എന്നിൽ തറഞ്ഞു നിന്നു.
“അയ്യേ.. അതല്ല. ഛെ.. വൃത്തികേട്. ഞാനതല്ല ഉദ്ദേശിച്ചത് ”
ജുമൈലത്ത് പുഞ്ചിരി തൂകി.
“ഞാൻ ഏഴരേൻ്റെ ബസ്സിന് പോകും”
“ഇത്ര പെട്ടെന്നോ? എന്താ ഇവിടെ? മെഡിക്കൽ കോളേജിൻ്റെ മുന്നിലാന്നല്ലേ പറഞ്ഞത്”?
“ഒരാഴ്ച ആയില്ലേ? ഞാൻ ഇംഹാൻസീക്ക് വന്നതാ. മൻസൂറ് കൊണ്ടന്നാക്കി പോയി. തൊണ്ടയാട് സ്ഥലം നോക്കണന്ന്. കണ്ണാ എങ്ങട്ടേലും പോയാലോ”?
“എവിടേക്കാ പോകണ്ടത്”?
“അനക്കേറ്റവും ഇഷ്ടള്ളോടത്തിക്ക്”
“എനിക്കേറ്റവും ഇഷ്ടം വീടാ”
“ന്നാ അങ്ങട്ട് പോവാം”
ജുമൈലത്ത് വന്ന് ബൈക്കിൽ കയറി. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയതും എൻ്റെ വയറിലൂടെ ചുറ്റി പിടിച്ച് ദേഹത്തേക്ക് ചാരി ഇരുന്നു.
“ഇതിനാ ബൈക്കെടുക്കാൻ പറഞ്ഞത്”?
“ഇയ്യ് മൻസൂറിനോട് ബൈക്കിൻ്റെ കാര്യം പറഞ്ഞീല്ലേ? അത് കേട്ടപ്പോ അൻ്റെ കൂടെ ബൈക്കില് പോവാനൊരു പൂതി”
“ഇതതിന് പറ്റിയ വണ്ടിയല്ല. പിന്നിലെ സീറ്റ് കണ്ടില്ലേ? പെട്രോൾ ടാങ്ക്ന്ന് മറ്റേ സ്വിമ്മിങ്ങ് പൂളിലേക്ക് ചാടാൻ ബോർഡ് വെക്കില്ലേ.. അത് പോലെയാ ഇതിൻ്റെ സീറ്റ്. ഇഷ്ടപ്പെട്ട ആൾക്കാർക്ക് എന്തേലും പറ്റിയാ സങ്കടാവില്ലേ? അതാ. അല്ലേ പിന്നെ ജംഷീറോ ഷംസാദോ ആവണം. അവർക്ക് ഇരിക്കാനറിയാം. ഞാനിത് മാറ്റി വേറൊരെണ്ണം വാങ്ങണന്ന് വിചാരിച്ചിട്ടാ. അതില് മൈസൂര് ടു ബാംഗ്ലൂര് പോവാം”
“എന്ന്”?
“എന്നൂന്ന് ചോദിച്ചാല്….”
“പൈസ ഇല്ലാത്തോണ്ടാ? ഞാൻ തന്നാലോ”?
“അതിപ്പോ… വേണ്ട. എന്തായാലും പത്തിന് താഴേക്കേണ്ടാവൂ. ഞാനൊരു ഹൈലക്സ് വാങ്ങി. ഒരാഗ്രഹത്തിൻ്റെ പുറത്ത് വാങ്ങിയതാ. കഴിഞ്ഞ ജൂണില്. ഇപ്പോ ഏപ്രിലായതല്ലേ ഉള്ളൂ. അക്കൗണ്ടില് ക്യാഷുണ്ട്. അതല്ല പ്രശ്നം. ഒരു വണ്ടി ഇപ്പോ വാങ്ങിയതല്ലേ ഉള്ളൂ. രേണു കണ്ണുരുട്ടും. അതാ”
“അൻ്റെ രേണൂനോട് പറയണ്ട”
“അത് മാത്രല്ല. മാനുക്ക പറഞ്ഞ ആ മൾട്ടിസ്ട്രാഡ എൻ്റെ ഒരു പേർസണാലിറ്റിക്ക് പറ്റിയതല്ല. പിന്നെ പറയാനാണെങ്കിൽ പെട്രോളടിച്ച് മുടിയേണ്ടി വരും. അതല്ലാതെ അവിടെ ഒരു സെവൻ ഫിഫ്റ്റി ട്രാൻസാൽപ്പ്ണ്ട്. ജംഷി പറഞ്ഞതിന് ഒരു പതിനഞ്ചേലും വേണം. എനിക്കാണെങ്കിൽ അറ്റെൻഷൻ ഇഷ്ടല്ല. എപ്പോഴും ഓടിക്കുന്നതല്ലേ. അതൊക്കേന്ന് പറഞ്ഞാല് ആൾക്കാര് ശ്രദ്ധിക്കും. പിന്നെ എല്ലാ ആവശ്യങ്ങൾക്കും പറ്റില്ല. പുള്ളി പുലിയെ കണ്ടില്ലേ? അത് പോലെ ജീവിക്കാനാ എനിക്കിഷ്ടം. ലിവിങ് ഗോസ്റ്റ് ഓഫ് ദ ഫോറസ്റ്റ്. ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേന്ന് ചോദിച്ചാൽ ഇല്ല. അധികം ആരും കാണുന്നില്ലല്ലോ. അത് പോലെ ഇൻകോൺസ്പിക്യുവസ് ആയി ജീവിക്കണം. ഞാനൊരു ബ്ലാക്ക് വൾക്കൻ നോക്കിയിരുന്നു. രണ്ടായിരത്തി ഇരുപത്തിരണ്ട് മോഡൽ. ഞങ്ങളന്ന് ബൈക്ക് നോക്കിയപ്പോ അതാ രേണുവിന് ഇഷ്ടപ്പെട്ടത്. ബട്ട്… അത് വേറെ ആരോ കൊണ്ടോയി. മാനുക്ക വേറൊരു വണ്ടി നോക്കാന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയിട്ട് പോവാം”
“അതെന്നേ കണ്ണാ ഇക്കും ഇഷ്ടം. അധികം ആരും അറിയാതെ ജീവിക്കാന്”
ജുമൈലത്ത് ഉള്ളത് കൊണ്ട് മുപ്പതിൽ പിടിച്ചാണ് ഞാൻ ഓടിക്കുന്നത്. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വെച്ച് ഒരു ചേച്ചി സ്കൂട്ടി റോഡിൻ്റെ നടുവിൽ കൊണ്ടു വന്നു നിർത്തി. മാവൂർ റോഡിലേക്ക് തിരിയാനാണ്. എന്നാലും നടുവിൽ കൊണ്ട് കയറ്റിയിട്ടേ തിരിക്കാവൂ എന്ന് ആരോ പറഞ്ഞ് കൊടുത്തത് പോലെയുണ്ട്. എനിക്കതൊക്കെ ശീലമായത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞാൻ ആ ചേച്ചിക്കും ഒരു ടെമ്പോ ട്രാവലറിനും ഇടയിലൂടെ ബൈക്ക് വെട്ടിച്ചെടുത്തു. ജുമൈലത്ത് എന്നെ ഇറുകെ പിടിച്ചു. കുറച്ച് ദൂരം കൂടി പോന്ന് ഒഴിഞ്ഞ റോഡെത്തിയപ്പോൾ ഞാൻ ഹാൻഡിൽ ബാറിൽ നിന്ന് കയ്യെടുത്ത് ജുമൈലത്തിൻ്റെ കൈകൾ എടുത്ത് പിടിച്ചു.
“പേടിച്ചോ? ഇവിടെ ഇത് പുത്തരിയൊന്നുമല്ല. ഇവരെ ഒക്കെ എട്ടിന് പകരം ഒരു ലെയ്ലാൻ്റിൻ്റെ ക്യാബിനിലിരുത്തി കോഴിക്കോട് മുഴുവൻ ചുറ്റി കറങ്ങാൻ കൊണ്ട് പോണം. അപ്പോഴേ വലിയ വണ്ടിയുടെ ആ ഒരു വ്യൂ കിട്ടൂ. ആ ടെമ്പോക്കാരൻ ഇപ്പോ കോടതി കയറേണ്ടി വന്നേനെ”
“ഇയ്യല്ലേ ഓടിക്കണത്? എന്തിനാ പേടിക്കണേ? ആനേൻ്റെ മുന്നിന്ന് പോന്നത് ജംഷി പറഞ്ഞീണ്ട്”
ഞാൻ ഹാൻഡിൽ ബാറിലേക്ക് കൈമാറ്റി. മോതിരമില്ലാത്ത വിരൽ കണ്ടിട്ട് എന്തോ പോലെ തോന്നുന്നു. ഞാനാ വിരലിൽ പതിയെ തലോടി.
“അത് ടൈറ്റായപ്പോ മുറിച്ചു. അതോണ്ടാ ഈ ലോക്കറ്റുണ്ടാക്കിയേ”
“എനിക്ക് തോന്നി. ഗ്ലൗസ് പണ്ടും ഇടുന്നതല്ലേ. ഇപ്പോ പെട്ടെന്ന് ഒരു ബുദ്ധിമുട്ട് എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് മോതിരം കളഞ്ഞ് പോയിട്ടുണ്ടാകൂന്നാ. പിന്നെയാ ലോക്കറ്റ് കണ്ടത്”
ഞങ്ങൾ വീട്ടിലെത്തി. ജുമൈലത്ത് ആദ്യമായിട്ടാണ് വീട് കാണുന്നത്. പഴയ വാസ്തു ശൈലിയിലുള്ള വീടാണ്. പുറത്തെ ഭിത്തി ചെത്തി മിനുക്കിയ ചെങ്കല്ലും ഇഷ്ടികയുമായത് കൊണ്ട് വീടിന് ആകെ ഒരു ചുവപ്പ് നിറമാണ്. പൂജക്കാവശ്യമായ പൂക്കൾക്ക് വേണ്ടി തെച്ചിയും ചെമ്പരത്തിയും മതിലിനോട് ചേർന്ന് വെച്ചു പിടിപ്പിച്ചത് ഇടതൂർന്ന് വളർന്ന് പൂത്ത് നിൽക്കുന്നത് മതിലിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു. നാടൻ പൂച്ചെടികൾ മാത്രമുള്ള പൂന്തോട്ടവും അതിനോട് ചേർന്നുള്ള ഔഷധ സസ്യ തോട്ടവും ജുമൈലത്തിനെ വല്ലാതെ ആകർഷിച്ചു. ഞാനും ജുമൈലത്തും തൊടി മുഴുവൻ ചുറ്റി നടന്നു. തൊടിയിൽ മുഴുവൻ വലിയ മരങ്ങളുള്ളത് കൊണ്ട് നട്ടുച്ചക്ക് പോലും നല്ല തണുപ്പാണ്. കൂടുതലും ഫലവൃക്ഷങ്ങളാണ്. പൂത്താങ്കിരികളുടെ കലപില കൂട്ടലും അണ്ണാൻ്റെ ചിലക്കലും മറ്റു പല ശബ്ദങ്ങളും കൂടി കലർന്ന് മനസ്സിന് ആനന്ദം തോന്നുന്ന ഒരു ചുറ്റുപാടാണ്. ജുമൈലത്ത് പ്രസരിപ്പോടെ ഉത്സാഹഭരിതയായി എല്ലാം നോക്കി കണ്ട് എൻ്റെ ഒപ്പം നടക്കുകയാണ്. ഞങ്ങൾ തിരികെ മുറ്റത്തെത്തി. മുറ്റത്ത് നിൽക്കുന്ന വലിയ പ്ലാവിൻ്റെ തിങ്ങിയ ഇലച്ചാർത്തിനിടയിലെ പഴുതിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ജുമൈലത്ത് നടക്കുമ്പോഴുണ്ടാകുന്ന ചലനങ്ങൾക്കനുസരിച്ച് ഇളകുന്ന മാലയിലെ ലോക്കറ്റിലെ ഇംതിയാസിൻ്റെ കണ്ണുകളിൽ പതിച്ച് നാനാഭാഗത്തേക്കും പ്രതിഫലിച്ചു. ഇംതിയാസ് എല്ലാം കാണുന്നത് പോലെ എനിക്ക് തോന്നി. ഈ വീട്ടിൽ വരുന്നവർക്ക് ഒരു പച്ച തുരുത്തിൽ വന്നെത്തിയത് പോലെയാണ് തോന്നുക എന്നെനിക്കറിയാം. ജുമൈലത്ത് എന്നോടൊപ്പം ഒരുമിച്ച് പൂമുഖത്തേക്ക് കയറി.
“ആദ്യായിട്ട് വന്നതല്ലേ. വലത് കാല് വെച്ച് കേറിയാ മതി”
ജുമൈലത്ത് ഒരു നിമിഷം നിന്നു. അറബിയിൽ എന്തോ സൂക്തം ചൊല്ലി വലത് കാല് വെച്ച് അകത്തേക്ക് കയറി.
“ഞാൻ വിളിച്ചപ്പോ ഇയ്യെന്തെടുക്കേന്നു”?
“വായനയിലായിരുന്നു. പിന്നെ കുറച്ച് എഡിറ്റിങ് വർക്ക്സും”
“ഇയ്യൊറ്റക്കാല്ലേ? ഒറ്റക്കിരുന്ന് മടുക്കൂലേ കണ്ണാ”?
“ശരിയാ. ഒരു ബീവിയും കൂടെ കൂട്ടിനുണ്ടെങ്കില് ഒരോളണ്ടായേനേ”
“അയ്യടാ. ഓൻ്റെ ഒരു പൂതി”
“ഇവിടെ ഇരിക്ക്. ഞാനിപ്പോ വരാം”
പറമ്പിൽ നിന്നും ഞാൻ പഴുത്ത് വീണ മാങ്ങ പെറുക്കിയെടുത്തിരുന്നു. കൂട്ടത്തിൽ രണ്ട് കസ്തൂരി മാമ്പഴവും ഉണ്ടായിരുന്നു. കസ്തൂരി മാമ്പഴത്തിന് ഒരു പ്രത്യേക രുചിയാണ്. അണ്ണാറ കൊട്ടൻ പകുതി കടിച്ച് തിന്നിടുന്ന മാങ്ങയാണ് സാധാരണ മാവിൻ്റെ ചുവട്ടിൽ ഉണ്ടാകാറ്. ജുമൈലത്തിൻ്റെ ഭാഗ്യമാണെന്ന് തോന്നുന്നു. ഞാനത് മുറിച്ച് ഒരു പാത്രത്തിലെടുത്ത് ജുമൈലത്തിൻ്റെ മുന്നിലെ ടീ പോയി യിൽ കൊണ്ട് വെച്ചു.
“അത് കഴിച്ച് നോക്കേ. കസ്തൂരി മാങ്ങയാ. നല്ല രസാ കഴിക്കാൻ”
ജുമൈലത്ത് മാങ്ങ എടുത്ത് വായിലേക്ക് വെച്ചപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന താളിയോല കെട്ടുകൾ കണ്ടത്.
“ഇയ്യ് അതേന്നോ വായിച്ചേന്നത്? എന്താ അതില്ള്ളത്”?
“പറയാൻ മാത്രം ഒന്നും ഇല്ല. പഴയ കുറച്ച് താന്ത്രിക ക്രിയകളാ. അമ്പലത്തില് പ്രതിഷ്ഠിക്കുമ്പോ ചെയ്യുന്നത്. പബ്ലിക് ആയിട്ട് തന്ത്രസമുച്ചയമുണ്ട്. പക്ഷേ ഇത് അതല്ല. ആ താളിയോല കെട്ടില് കുറച്ച് കൂടിയ ക്രിയകളാ. പിന്നെ യന്ത്രങ്ങൾ…ചില കടുത്ത പ്രയോഗങ്ങൾക്കുള്ള പരിഹാര കർമ്മങ്ങൾ… അങ്ങനെ ഉള്ള ചിലതും ഉണ്ട്”
ജുമൈലത്ത് എഴുന്നേറ്റ് എൻ്റെ അടുത്ത് വന്നിരുന്നു. പാത്രത്തിൽ മാങ്ങക്കൊപ്പം ഉണ്ടായിരുന്ന കത്തിയെടുത്ത് ഒരു പൂളെടുത്ത് രണ്ടാക്കി കത്തിയിൽ കുത്തി കോർത്ത് എൻ്റെ വായിലേക്ക് വെച്ചു തന്നു. ഞാൻ സോഫയിൽ കിടന്ന ഐ പാഡ് എടുത്തു മാറ്റി വെച്ച് ജുമൈലത്തിൻ്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
“നിക്കാഹായില്ലേ? എന്തിനാ ഇപ്പോ പോകുന്നത്”?
“വന്നിട്ട് കൊറേയായില്ലേ? സിസേറിയനും കോംപ്ലിക്കേഷൻസൂണ്ടാവുമ്പോ സർജറിക്ക് ആള് വേണ്ടേ? അവടെ ഇപ്പോ പ്രഗ്നൻസി സീസണാ”
“അതിനും സീസണോ? ഹോമോ സാപ്പിയൻസ് എന്ന് പറയുമ്പോ വർഷം മുഴുവൻ ഗർഭം ധരിക്കാൻ കഴിയില്ലേ”?
“യെസ് വി കാൻ. നോട്ട് വി യു.. വി ആസ് അസ് ഫീമെയിൽസ്. ബട്ട് ദേർ ആർ സം പർട്ടിക്യുലർ മന്ത്സ് ഇൻ വിച്ച് ദ കേസസ് ആർ എ ബിറ്റ് ഹൈയർ ദാൻ ദ യൂഷ്വൽ. ദാറ്റ്സ് വൈ”
“കൊള്ളാം. അതെനിക്കറിയില്ലായിരുന്നു”
“പറയുന്നത് കേട്ടാൽ ഗർഭത്തെ പറ്റി വേറെള്ളതൊക്കെ അറിയാന്ന് തോന്നും”
“എനിക്കറിയൊന്നുമില്ല. പക്ഷേ ആവശ്യമുണ്ടേൽ ഞാൻ പഠിക്കും. ഒരു പെണ്ണിനറിയുന്നതിനേക്കാൾ കൂടുതൽ അതിനേക്കാൾ പെർഫെക്ഷനിൽ ഞാൻ പഠിച്ചെടുക്കും”
“യെസ് യൂ വിൽ. ഇയ്യത് ചെയ്യൂന്നിക്കറിയാലോ. ഇയ്യിന്നെ ഇപ്പോള്ള പോലെ ആക്കാൻ വേണ്ടി മാത്രം കൊറേ കാര്യങ്ങള് പഠിച്ചോനല്ലേ. അത് മാത്രല്ല കണ്ണാ. അവടെ ആരൂല്ല. ഉപ്പ പലേ തെരക്കാളും ആയി നടക്കീണ്ട്. ജംഷി പോയി. ഓൻ വരാൻ രണ്ടാഴ്ച്ചേലും ആവും. മൻസൂറ് ഷാനേൻ്റൊപ്പം മൊഹബ്ബത്തിൻ്റെ മുന്തിരിച്ചാറും നൊണഞ്ഞ് നടക്ക്ണത് അനക്കറിയൂലേ. അവടെ നിന്നാ പഴേതൊക്കെ ഓർമ്മ വരും”
“ചാറ് നുണയാൻ ഞാൻ കൂടെ വന്നാലോ”?
“ഇയ്യ് വര്വോ”?
“ജംഷീടെ കൂട്ടുകാരനല്ലേ ഞാൻ? അത് പറഞ്ഞപ്പഴാ…. ജംഷി ഇന്തോനേഷ്യേന്ന് എന്തൊക്കെയോ കുറച്ച് വീഡിയോസ് ഷൂട്ട് ചെയ്തത് അയച്ച് തന്നിട്ടുണ്ട്. ആ കമ്പ്യൂട്ടറിലുണ്ട്. ഞാനത് എഡിറ്റ് ചെയ്യേന്നു”
ജുമൈലത്ത് എഴുന്നേറ്റ് പോയി കമ്പ്യൂട്ടർ ഓൺ ചെയ്ത് ഞാൻ എഡിറ്റ് ചെയ്തു കൊണ്ടിരുന്ന ഇന്തോനേഷ്യയിൽ നിന്നുള്ള വീഡിയോ പ്ലേ ചെയ്ത് നോക്കി. നീഹ മാളിൽ നിന്നെടുത്ത ഒരു ഡാൻസ് വീഡിയോയും ഉണ്ട്. ഞാൻ അത് രണ്ടും കൂട്ടി ചേർക്കാൻ നോക്കുകയായിരുന്നു. ഷംസാദാണ് സാധാരണ അതൊക്കെ ചെയ്യുന്നത്. വെറുതെ എടുത്ത രംഗങ്ങൾ കൂട്ടി ചേർത്ത് ഒന്നാക്കി പ്ലോട്ടോടു കൂടിയ എന്തെങ്കിലും ആക്കാൻ അവനൊരു പ്രത്യേക മിടുക്കുണ്ട്. ജുമൈലത്ത് യു ട്യൂബ് എടുത്ത് ചാനലിലെ അപ് ലോഡ്സ് നോക്കാൻ തുടങ്ങി. ഞങ്ങൾ പാടത്ത് വെച്ചെടുത്ത ഡാൻസാണ് അവസാനമായി അപ് ലോഡ് ചെയ്തത്.
“ഓൾഡസ്റ്റ് നോക്കിയാലറിയാം…ജംഷി രണ്ടായിരത്തി പത്തൊൻപതില് മലപ്പുറത്ത് ആരോ ഇംപോർട്ട് ചെയ്ത ലംബോർഗിനി ഓടിക്കുന്നതിൻ്റെ വീഡിയോ എടുത്തിട്ടത്. അതാ ആദ്യത്തെ അപ് ലോഡ്. പിന്നെ കോട്ടക്കൽ തിരൂര് ഭാഗത്തുള്ള നിക്കാഹിൻ്റെ ഒക്കെ വീഡിയോസ്. അറബന മുട്ടൊക്കെ ഉണ്ടതില്. മൊഞ്ചന്മാരേം മൊഞ്ചത്തികളേം നാടല്ലേ? വണ്ടി പ്രാന്തന്മാരേം നാടാണ്. സിരകളിൽ കാൽപന്തിൻ്റെ ലഹരിയുമായി നടക്കുന്നവരുമുണ്ട്. പയ്യനാട് നടന്ന സെവൻസ് മാച്ചിൻ്റെ വീഡിയോയും ഉണ്ട്”
ഞാൻ പറയുന്നത് കേട്ട് ജുമൈലത്ത് പഴയ വീഡിയോകൾ നോക്കാൻ തുടങ്ങി.
“പിന്നെള്ളതൊക്കെ തയ്ക്വോണ്ട ഐറ്റംസാണ്. നീഹയെ പരിചയപ്പെട്ടിട്ടാണ് ചാനല് പച്ച പിടിച്ചത്. രണ്ടാളും കൂടെ കപ്പിൾ കണ്ടൻ്റ് ചെയ്ത് ഫോളോവേർസിനെ ഉണ്ടാക്കി. അവന് നീഹയുമായി നല്ല ചേർച്ചയുണ്ട്. ജംഷീടെ കൂടെ അഭിനയിക്കുമ്പോ ഉള്ള അവളുടെ ആ നോട്ടോം ഭാവോം ഒക്കെ കണ്ടില്ലേ? അവരുടെ ആ ഒരു കെമിസ്ട്രി നോക്കേ. നല്ല പെയറിങ്ങാണ്. ഫാൻസായിട്ടുള്ള ഗേൾസ് ജംഷി സിംഗിളാണോന്ന് ചോദിച്ച് നീഹക്ക് മെസേജൊക്കെ അയക്കും. ചേച്ചിയുടെ ലൗവറാണോ ഇൻ്റർ റിലീജിയൺ റിലേഷൻഷിപ്പിലാണോന്നൊക്കെ ചോദിച്ചവരുണ്ട്. അതിൽ ജംഷി തിരിഞ്ഞ് നിന്ന് ബാക്ക് മസില് കാണിക്കുന്ന ഒരു വീഡിയോ ഉണ്ട്. വസീഗരാ എൻ നെഞ്ചിനിലേ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുള്ളത്. ആ പാട്ടിലെ പോലെ ചെയ്തതാ. ഞങ്ങൾ ചെയ്തതില് ഏറ്റവും കൂടുതൽ വ്യൂസ് അതിനാ”
ജുമൈലത്ത് ആ വീഡിയോ തപ്പിയെടുത്ത് കണ്ടു. വീണ്ടും വീണ്ടും പ്ലേ ചെയ്ത് നോക്കി.
“എന്ത് വൃത്തികേടാ ഇത്? രണ്ടും കൂടെ കുളിക്കുന്നതൊക്കെണ്ടല്ലോ… ഓൻ്റേം ഓളേം ബാക്കിള്ള വീഡിയോസും ഇത് പോലെ ഒക്കെന്നെയാ. ഓരെന്തിനാ ഇത്രക്ക് ഇൻ്റിമസി കാട്ട്ണത്”?
“ഞാൻ നേരത്തേ പറഞ്ഞില്ലേ. ആ പാട്ടില് അതൊക്കെ ഉണ്ട്. അതോണ്ടാ നീഹ ജംഷിയുടെ നെഞ്ചത്ത് സോപ്പ് പതപ്പിക്കുന്നത്. നീഹ ആണെങ്കിൽ കുറച്ചൂടി ഇഴുകി ചേർന്ന് അഭിനയിക്കും. അതോണ്ടാ അതൊക്കെ ഹിറ്റായത്. സീനില് കാണുന്നത് പോലെയല്ലല്ലോ ഷൂട്ട് ചെയ്യുന്നത്. അവര് ചിരിക്കും. കളി തമാശയാവും. പിന്നേം ചെയ്യും. സീരിയസായിട്ട് സോപ്പ് തേക്കുന്നത് കിട്ടാനുള്ള ഒരു ബുദ്ധിമുട്ട്. അങ്ങനെ എത്ര പ്രാവശ്യം ചെയ്തിട്ടാന്നറിയോ അതെടുത്തത്. ഉമ്മ ഉണ്ടായിരുന്നു. ഷംസാദും വേറെ രണ്ട് ഫ്രണ്ട്സും ഞാനും അവിടെ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതൊക്കെ ഇൻസ്റ്റഗ്രാമിന് പറ്റിയതാ. യു ട്യൂബ് ചാനലിൽ ആവുമ്പോ കപ്പിൾ കണ്ടൻ്റ് ബോറാവാൻ തുടങ്ങും. അതു കൊണ്ട് ഞങ്ങളത് നിർത്തി”
“ഇതിൻ്റെ ചോട്ടില് ഇഷ്ടം പോലെ ഗേൾസിൻ്റെ കമൻ്റ്സ്ണ്ട്. ഇക്ക് ഇതൊക്കെ കണ്ടിട്ട് എന്തോ പോലെ തോന്ന്ണ്ട് കണ്ണാ. അൻ്റെ ഈ മുണ്ടും ഷർട്ടും ഇട്ടുള്ള ഓണ പരിപാടീൻ്റെ ചോട്ടിലും ഉണ്ട് അത് പോലെള്ള കമൻ്റ്സ്”
ജുമൈലത്ത് കമൻ്റുകൾ ഉറക്കെ വായിക്കാൻ തുടങ്ങി.
“മറ്റേ ആ ഏട്ടനെവിടെ.. കണ്ണേട്ടൻ സിംഗിളാണോ… ചേച്ചി സോ ക്യൂട്ട്… ചേട്ടൻ്റെ സ്മൈൽ പിന്നെ ഒരു ലൗ ഇമോജി. അളിയൻ ചെക്കൻ്റെ ഡ്രസ്സ് സൂപ്പർ… പെങ്ങൾ നല്ല സുന്ദരികുട്ടിയാ… സുന്ദരനും സുന്ദരിയും ഇത് കാണുമ്പോൾ എനിക്ക് ഏട്ടനില്ലാത്ത സങ്കടം തോന്നി…. ആ ചിരി ഒരു രക്ഷയുമില്ല രണ്ടും കൂടി കൊല്ലുവാ… ചേട്ടൻ്റെ ആ ചിരി ഒരു രക്ഷയുമില്ല… ചേട്ടൻ്റെ സ്മൈൽ ക്യൂട്ടാണ്… ആ നോട്ടോം ആ ചിരീം ഫാമിലി മൊത്തം ചുള്ളന്മാരാണല്ലോ…. ചെക്കൻ്റെ ചിരി സീൻ ആണല്ലോ…. ചേട്ടൻ്റെ ചിരി എനിക്കിഷ്ടായി. അറിയാതെ ഞാനും ചിരിച്ചു….. ചേട്ടായി എങ്ങനാണ് ഇങ്ങനെ ചിരിക്കണേ… ഏട്ടാ ഞാൻ പ്രേമിച്ചോട്ടെ… ആരാ കണ്ണാ ഇത്”?
“ആർക്കറിയാം. ആദ്യം അവര് രണ്ടാളും ആയിരുന്നു. അന്ന് അങ്ങനെത്തെ വീഡിയോ മാത്രേ ഉണ്ടേന്നുള്ളൂ. അവര് ഏതേലും പാട്ടിന് അഭിനയിക്കുന്നതോ പാടത്തിലൂടെ നടക്കുന്നതോ ഒക്കെ. അതാ ഓൾഡസ്റ്റ് നോക്കുമ്പോ അങ്ങനത്തത് വരുന്നത്. പിന്നെ ഞാനും ഉമ്മയും കൂടി. നീഹ സിസ്റ്ററായും ഞാൻ ബ്രദറായും ജംഷി നീഹയുടെ ലൗവറായിട്ടും ഉള്ള വീഡിയോസാ അതൊക്കെ. സ്കിറ്റ് പോലെ. കൂടുതലും ആ ഒരാംഗിളിലാ. ഞാനും ഉമ്മയും ഉണ്ടാകും. നീഹയും ജംഷിയും കാമുകനും കാമുകിയും. ഉമ്മ വന്നപ്പോ കണ്ടൻ്റിന് കുറച്ച് സ്റ്റാൻഡേഡ് ഉണ്ടായി. സബ്സ്ക്രൈബേർസും കൂടി. നീഹയുടെ കഴുത്തിലെ കുരിശുമാല കണ്ടിട്ടാ പലർക്കും സംശയം തോന്നിയത്. അവര് റിലേഷനിലാന്നാ കാണുന്നവരുടെ വിചാരം. ഞാൻ സിംഗിളും. അപ്പോ ആ ബ്രദറിനെ നോട്ടമിട്ടവളുമാരാ അതൊക്കെ കമൻ്റ് ചെയ്തത്”
“ഓര് പറയണതൊക്കെ ശരിയാ. അന്നെ കാണാൻ ഒരു പ്രത്യേക ഭംഗീണ്ട്. ഇയ്യ് ചിരിക്കുന്നതും ഒക്കെ. ഒരു ഹിന്ദി കട്ടാ. പണ്ടത്തെ ഏതോ ഒരു ഹിന്ദി നടൻ്റെ പോലെണ്ട്. മുണ്ടുടുത്ത് കാണുമ്പോ വല്യ ഒരു കുടുംബത്തിലെ ആരോ ആണ്ന്ന് തോന്നും. നല്ല സ്ക്രീൻ പ്രസൻസുണ്ട്. അന്നെ ഞാൻ ഇത് വരെ മുണ്ടുടുത്ത് കണ്ടിട്ടില്ല കണ്ണാ. മൻസൂറിൻ്റെ നിക്കാഹിന് ഇയ്യ് കസവ് മുണ്ടും ചോന്ന ഷർട്ടും ഇട്ടാ മതി. അങ്ങനെ കാണാനിക്കൊരാഗ്രഹം”
“അതാ ഇഷ്ടന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. ഒരു റെഡ് സിൽക് ഷർട്ട് വാങ്ങണം”
“മുണ്ട് വേണ്ടേ? ബ്രാൻ്റഡ് അണ്ടർവെയേർസും വാങ്ങിക്കോണ്ട്”
“അതാര് കാണാനാ”?
“എല്ലാം പുതിയതാവുമ്പോ അതായിട്ട് പഴേത് വേണ്ട. ആണുങ്ങക്ക് അണ്ടർവെയറ് വാങ്ങാൻ ഭയങ്കര മടിയാന്നിക്കറിയാം. അതോണ്ട് പറഞ്ഞതാ. ഇയ്യ് പാട്ട് പാട്വോ കണ്ണാ”?
“ഇല്ല. അതില് വീണ വായിക്കുന്ന വീഡിയോ കണ്ടൂല്ലേ. അത് ഞാനും നീഹയും കൂടെ വരിക്കാശ്ശേരി മനേന്ന് എടുത്തതാ. ക്ലാസ്സില് ഒപ്പം പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ഷൊർണൂരാ വീട്. നയന ജയപ്രകാശ്. ഒരു പ്രൊജക്റ്റിൻ്റെ ആവശ്യത്തിന് അവിടെ പോയപ്പോ എടുത്തതാ”
“ഇതിലേ പോലെ ഒക്കെ അന്നെ കാണാനാ ഇക്കാഗ്രഹം. ഗോൾഡൻ കസവ് മുണ്ടും ജുബ്ബയും. ഇയ്യൊരു പാട്ട് പാട്വോ കണ്ണാ”?
“അത് കുർത്തയാ. ജുബ്ബയല്ല. ഇത്താത്ത എപ്പഴും എന്നെ പാൻ്റും ഷർട്ടും ഇട്ട് കണ്ടിട്ടാ. കാണാത്തത് കാണുമ്പോ ഒരു വ്യത്യാസം തോന്നും. അതാ. പാടാനെനിക്കറിയില്ല. ജംഷി ആണെങ്കിൽ ഗിറ്റാറേങ്കിലും വായിച്ചേനെ. ഇപ്പോ വയലിൻ പഠിക്കണന്ന് പറയുന്നുണ്ട്. ഉപ്പ ഗസല് പാടില്ലേ”?
“അതിപ്പോ ഇയ്യ് യേശുദാസിനേപ്പോലെ പാടണ്ട. ഇക്കിയ്യ് പാടണത് വെറുതെ കേക്കാനാ”
“എന്നാല്…. സംസ്കൃതത്തിൽ ഒരു കീർത്തനമാവാം. അതാവുമ്പോ പാടാനറിഞ്ഞില്ലേലും പ്രശ്നമൊന്നുമില്ല. അഞ്ചാം ക്ലാസ് തൊട്ട് ഞാൻ സംസ്കൃതാ പഠിച്ചത്. സംസ്കൃതോത്സവത്തിന് സമസ്യാപൂരണത്തിനും അക്ഷര ശ്ലോകത്തിനും പദ്യം ചൊല്ലലിനും ഒക്കെ പോയി പരിചയണ്ട്”
ഞാൻ പാടാൻ തുടങ്ങി.
“…..കേശപാശധൃത പിഞ്ചികാ വിതതി സഞ്ചലന്മകര കുണ്ഡലം ഹാരജാലവനമാലികാ ലളിതമംഗരാഗ ഘന സൗരഭം…
………ബ്രഹ്മശംകരമുഖാനപീഃ പശുപാംഗനാസു ബഹുമാനയൻ
ഭക്തലോകഗമനീയരൂപ കമനീയഃ കൃഷ്ണ പരിപാഹി മാം”
ജുമൈലത്ത് കണ്ണുകൾ ചിമ്മി ഞാൻ ചൊല്ലുന്നതിൽ ലയിച്ച് കീർത്തനം ശ്രവിക്കുകയായിരുന്നു.
“കേക്കാൻ നല്ല രസണ്ട് കണ്ണാ. ഇയ്യ് ചൊല്ലുമ്പോ പ്രത്യേകിച്ചും. കേട്ടിരിക്കാൻ തോന്നും. ഒരു ഭംഗിയൊക്കെണ്ടതിന്”
“നാരായണീയത്തിലെ രാസക്രീഡയാ. പദ്യം ചൊല്ലലിന് ഫസ്റ്റ് കിട്ടിയത് അത് ചൊല്ലീട്ടാ. വേറൊന്നു കൂടിയുണ്ട്. അവനിതലം പുനരവതീർണസ്യാത് സംസ്കൃത ഗംഗാ ധാരാ ധീര ഭഗീരഥ വംശോസ്മാകം വയം തു കൃത നിർധാരാന്ന് പറഞ്ഞിട്ടൊന്ന്. ആറാം ക്ലാസിലായപ്പോ പാടിയതാ അത്. അതൊക്കെ ഓർത്തപ്പോ എന്തോ പോലെ. നൊസ്റ്റാൾജിയേടെ അസുഖാ”
“അനക്കങ്ങനെ ആവും. ബട്ട്… ഐ ഡോൻ്റ് നോ മച്ച് എബൗട്ട് ദാറ്റ്. പെട്ടെന്ന് ഇന്നത്തെ ദിവസത്തീക്ക് വരല്ലല്ലോ. ആ കഴിഞ്ഞു പോയ ദിവസൊക്കെ ജീവിച്ചതെന്നല്ലേ? ഇപ്പോ ഒരു നാലഞ്ച് കൊല്ലം മുന്നെള്ള അതേ സമയാണെങ്കില്ന്നാവും. വൃത്തികെട്ട കാലം. കഴിഞ്ഞത് നന്നായി. ഇപ്പഴാക്ക് സമാധാനം തോന്നണത്. പിന്നേം പിന്നേം അതെന്നെ വരണന്ന് ഇക്കൊരാഗ്രഹോല്ല. പഴേത് ഓർക്കണന്നൂല്ല”
“പെർഹാപ്പ്സ് ഓർ പെർഹാപ്പ്സ് നോട്”
ജുമൈലത്ത് പോപ്യുലർ എടുത്ത് നോക്കാൻ തുടങ്ങി. പഴയ കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്കും താത്പര്യമില്ലായിരുന്നു.
“ഇതിലൊക്കെണ്ട് അത് പോലത്തെ കമൻ്റ്സ്. ഈറ്റങ്ങക്കൊന്നും വേറൊന്നും പറയാല്ലേ”?
“അതില് കൂടുതലും ചെറിയ പെൺകുട്ടികളാ. അതൊക്കെയാ വലിയ കാര്യം എന്ന് വിചാരിക്കുന്നവരാ. പ്രേമം എന്തൊക്കെ ആയാലും പൈങ്കിളി തന്നെയാണ്. എന്നാലും…ഇവരൊക്കേ മറ്റേ സന്തോഷ് സുബ്രഹ്മണ്യത്തിലെ ജെനീലിയാ ഡിസൂസ കളിക്കുന്നതാ. ക്യൂട്ടാവാൻ പൊട്ടത്തി ആയി നടക്കുന്നവര്. എനിക്കാണെങ്കിൽ അത് കണ്ടാൽ ചൊറിഞ്ഞ് വരും”
“അനക്ക് പിന്നെ എങ്ങനെള്ളോരേ ഇഷ്ടം”?
“രേണുവിനേപ്പോലെയുള്ളവരെ. ഇൻ്റലിജൻ്റ്. സെൽഫ് അഷ്വേർഡ്. ഞാൻ തന്നെ മതി എന്ന ഒരു വിശ്വാസം ഉണ്ടല്ലോ… അതുള്ളവരെ. സെൽഫ് സഫിഷ്യൻ്റ്. ഇൻഡിപെൻഡൻ്റ്. അങ്ങനെ ഒക്കെ. പിന്നെ രേണുവിൻ്റെ പോലത്തെ ആ ഒരു ഇൻ്റിമിഡേറ്റിങ് പ്രസൻസ് കൂടി വേണം. ഒന്നും ഇല്ലെങ്കിലും ഇൻ്റലിജൻ്റ് ആൻഡ് സെൽഫ് അഷ്വേഡ് ആയാൽ മതി…. ഇങ്ങനെ പറഞ്ഞാൽ ശരിയാവില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ രേണു. അത് പോലെ ഒക്കെയുള്ള ആരും”
ജുമൈലത്ത് ഞാൻ പറയുന്നതും ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു. മുഖത്ത് നേരിയ വിഷാദം പടർന്നിരിക്കുന്നു.
“ഇന്നെ അനക്കെങ്ങനെയാ തോന്നീത്”?
” ….സീരിയസ് ആൻഡ് മച്വർ ഔട്ട്ലുക്കൊക്കെയുള്ള കുറച്ച് കൂടി അക്കാദമിക്കൽ ആയിട്ടുള്ള ഒരു മൊഞ്ചത്തി ഡോക്ടറ്. ഒരു ആൻഷ്യൻ്റ് ആൻഡ് ഓൾഡ് സോൾ വൈബൊക്കെയുണ്ട്. എനിക്കതും ഇഷ്ടാണ്. അങ്ങനെ ഉള്ളവരെ കൂട്ടും ഇഷ്ടാണ്. യു ആർ സോ പെർഫക്റ്റ് ഫോർ മി”
ജുമൈലത്ത് കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്ത് കറങ്ങുന്ന കസേരയിൽ എൻ്റെ നേരെ തിരിഞ്ഞ് കാൽ നിലത്ത് കുത്തി പെൻഡുലം പോലെ ഇടത്തോട്ടും വലത്തോട്ടും കറങ്ങി കൊണ്ടിരുന്നു. തല ഒരൽപ്പം താഴ്ത്തി ചെറു ചിരിയോടെ ജുമൈലത്ത് എൻ്റെ നേരെ നോക്കിയപ്പോൾ ഡയാനാ രാജകുമാരിയുടെ സ്പെൻസർ സ്റ്റെയറാണ് എനിക്കോർമ്മ വന്നത്.
“അൻ്റെ രേണൂനെപ്പോലെ ഞാനും അനക്ക് പറ്റിയ ഒരാളാല്ലേ”
“യെസ് ഇൻഡീഡ്. എനിക്ക് രണ്ട് തരം ആൾക്കാരെ പറ്റും. നല്ല ഇൻ്റലിജൻ്റ് ആൻഡ് സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ളോരും കുറേക്കൂടി സോഫ്റ്റ് ആൻഡ് എംപതറ്റിക് ആയിട്ടുള്ളോരും”
“അനക്കൊരു മൈൻഡ് മേറ്റും പിന്നെ ഒരു സോൾമേറ്റും വേണല്ലേ”
“അതെന്നെ. അങ്ങനെ ഒക്കെ ആയാ കൊള്ളാന്ന് ആഗ്രഹണ്ട്”
ജുമൈലത്ത് മറുപടി ഒന്നും പറഞ്ഞില്ല.
“കണ്ണാ… യു ട്യൂബിലുള്ളതല്ലാതെ ഇയ്യ് വേറെ എന്തേലും ചെയ്ത്ണ്ടോ”?
“വേറെ എന്തേലും ചെയ്തിട്ടുണ്ടോന്ന് ചോദിച്ചാൽ… ഒരു പഞ്ചാബി മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്”
“പഞ്ചാബിയോ? എങ്ങനെ”?
“അതിലിത്ര അത്ഭുതപ്പെടാനൊന്നൂല്ല. എൻ്റെ അമ്മ പഞ്ചാബിയാന്നറിയില്ലേ. അവിടെ കുറച്ച് പ്രോപ്പെർട്ടി ഒക്കെയുണ്ട്. പാട്യാലക്കടുത്താ. ഡെൽഹീലും പൂനേലും ഉള്ളത് വീടാ. പക്ഷേ ഇത് കുറച്ച് സ്ഥലണ്ട്. ഗോഡൗണൊക്കെ ആയി. രേണുവായിരുന്നു ബെനിഫിഷ്യൽ ഓണർ എന്ന നിലക്ക് അതൊക്കെ നോക്കിയേന്നത്. ബട്ട്.. ഞാൻ ചെല്ലേണ്ട ആവശ്യണ്ടായി… ഈ കഴിഞ്ഞ നവംബറില്. അമ്മയുടെ ഫാമിലീടെ അടുത്ത് അല്ലാതേം ഞാൻ ചെല്ലലുണ്ട്. അമ്മേടെ മൂത്ത ഒരേട്ടനുമായിട്ട് അത്യാവശ്യം നല്ല ബന്ധണ്ട്. മറ്റുള്ളവരുമായും അടുപ്പമൊക്കെണ്ട്. എന്നാലും…”
“….അവിടെളള കസിനൊരുത്തൻ പാട്ടൊക്കെ പാടും. ഇപ്പോ പഠിക്കാൻ കാനഡയിൽ പോയി. അപ്പോ അന്ന് അവൻ ഒരു സോളോ ആൽബം ചെയ്യുന്നുണ്ടായിരുന്നു. ഞാൻ യുട്യൂബില് വീഡിയോ ചെയ്യുന്നതൊക്കെ അറിയാം. പാട്ട് സീനിൽ അഭിനയിക്കാൻ പറഞ്ഞപ്പോ വൈ നോട്ടെന്ന് ഞാനും വിചാരിച്ചു. രേണുവും കൂടെയുണ്ട്. ഷൂട്ടിങ്ങാണ്. രേണു വന്ന് നോക്കുമ്പോ ഞാൻ മസിൽ ബോഡി കാണിച്ച് വലിയൊരു കട്ടിലിൽ ചാരി കിടക്കാണ്. ജീൻസും ബൂട്ടും മാത്രേള്ളൂ. കട്ടിലിൽ ഒപ്പം ബിക്കിനിയിട്ട നാല് പെണ്ണുങ്ങളും. രേണു ആകെ അപ്സെറ്റായി. പിന്നെ അങ്ങനെത്തെ മ്യൂസിക് വീഡിയോസിനൊന്നും പോയിട്ടില്ല. പൂണൂലുള്ളത് കൊണ്ട് സ്റ്റീൽ ബോഡി കാണിക്കാൻ മടിയാ. ജംഷീടെ ചാനലില്ലാതെ ഞാൻ വേറെ ഒരടത്തും വീഡിയോയും ചെയ്തിട്ടില്ല. ആകെള്ളത് ആ മ്യൂസിക് ആൽബാ. അത് ഭാഗ്യത്തിന് വലിയ ഹിറ്റൊന്നും ആയില്ല”
“അതാണ്ടായേല്ലേ. ഞാൻ കരുതി… ”
“വിചാരിച്ച അത്രക്കൊന്നുണ്ടായിരുന്നില്ല. ഒരു ചെറിയ ആൽബം. അതല്ലാതെ എട്ട് പാട്ടും കൂടെണ്ടേരുന്നു. ചാനലിൻ്റെ കാര്യാണെങ്കില് ഇപ്പോ ഞങ്ങള് ഫുള്ള് സ്ക്രിപ്റ്റെഴുതി ചെയ്യുന്ന വീഡിയോസിലേക്ക് മാറി. അതാവുമ്പോ എല്ലാ ആൾക്കാർക്കും കാണാം. സാധാ റൊമാൻസ് ഷോർട്സ് പോലെയല്ല. ഡയലോഗ്സില്ലാതെ അഞ്ച് ആറ് മിനിറ്റൊക്കെ നീളമുള്ള കോമഡി ഒക്കെയുള്ള വീഡിയോസ്. മൈം… സ്പൂഫ് ഒക്കെപ്പോലെ”
“ഞാനതൊന്നും നോക്കലില്ല കണ്ണാ. ജംഷി കൊറേ വീഡിയോ എടുത്തിടുണ്ടൂന്നറിയാം. മൻസൂറ് ചെലപ്പോ ചെലതൊക്കെ വാട്സാപ്പിലിടും. ഫാമിലി ഗ്രൂപ്പില് നാണം കെട്ടപ്പോ അതും നിർത്തി. പെരേലാരും ഇതൊന്നും നോക്കലില്ല. ഉപ്പ സപ്പോർട്ട് ചെയ്യൂന്നല്ലാതെ വീഡിയോയൊന്നും കാണൂലാ. പിന്നെ അനക്കറിഞ്ഞൂടെ… ഞാനാണെങ്കില് ഇതൊന്നും കാണാമ്പറ്റിയ കണ്ടീഷനിലേന്നിലല്ലോ”
“അത് ശരിയാ. ഞങ്ങളെടുക്കുന്ന വീഡിയോസ് ഞങ്ങള് പോലും കാണലില്ല. കണ്ടാൽ ഡിലീറ്റാക്കാൻ തോന്നും. ഫാമിലിയില് ആരും ഇതൊന്നും നോക്കാറില്ല. നീഹയുടെ അവിടെ ആണേലും അങ്ങനെ തന്നെയാ. കോളേജിലൊരു പൂച്ച കുഞ്ഞ് പോലും ഇൻസ്റ്റഗ്രാം സ്റ്റാർസിനെ ഗൗനിക്കുന്നില്ല. ജംഷിക്കും നീഹക്കുമൊന്നും പബ്ലിസിറ്റിയിൽ താൽപര്യോല്ല. ഞങ്ങക്കാർക്കും അതിൻ്റെ ജാഡേല്ല”
“എപ്പഴും കാണുന്ന അടുത്ത ആൾക്കാരായോണ്ടാവും. സ്ക്രീനില് രണ്ട് മിനിറ്റ് കാണുന്ന പോലെയല്ലല്ലോ. ഇരുപത്തിനാല് മണിക്കൂറും ഞങ്ങളെ കൺമുന്നിലല്ലേ. പിന്നെ പണ്ടത്തെ അപ് ലോഡ്സും അങ്ങനെത്തതാണല്ലോ. പെരേലുള്ളോർക്ക് കാണാമ്പറ്റൂലല്ലോ”
“അത് എന്താന്ന് വെച്ചാലേ… പരിചയല്ലാത്തോര് അങ്ങനെ കാണിക്കുമ്പോ പ്രശ്നണ്ടാവില്ല. ഇത് അറിയുന്ന കുട്ടികളല്ലേ എന്നുള്ള പ്രശ്നാ. പ്രത്യേകിച്ചും നീഹ സോപ്പ് തേപ്പിക്കുമ്പോ. ഈ കുട്ട്യാള് ഇതെന്താ കാട്ടി കൂട്ടണത് ന്നൊക്കെ എന്നോട് തറവാട്ടില് ചെന്നപ്പോ ചോദിച്ച്ണ്ട്. പിന്നെ ഞങ്ങളെ ശരിക്കും റിയൽ ലൈഫില് അറിയുന്നോണ്ട് അതൊക്കെ വീഡിയോക്ക് വേണ്ടി ചെയ്യുന്നതാന്ന് കരുതി സമാധാനിക്കും. അന്ന് ഫാമിലി ഗ്രൂപ്പില് നാണം കെട്ടിട്ടാ ഞങ്ങള് ഉമ്മയെ കൂട്ടി കണ്ടൻ്റ് തന്നെ മാറ്റിയത്. ഇപ്പോ എനിക്ക് തന്നെ ചിലതൊക്കെ കണ്ടാൽ അയ്യേന്ന് തോന്നും. ഞങ്ങള് ഇങ്ങനെ ഒക്കെ ചെയ്തല്ലോന്നൊക്കെ തോന്നും. അങ്ങനെ കുറേ ഡിലീറ്റാക്കിയിട്ടുണ്ട്”
“ഓൻ്റേം ഓളേം പൈങ്കിളി പ്രേമാവും. അത് കണ്ടാ ആർക്കായാലും അങ്ങനെ ഒക്കെ തോന്നും”
ഞാൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി. ജുമൈലത്ത് ഇതെന്ത് കൂത്ത് എന്ന ഭാവത്തോടെ കറങ്ങുന്ന കസേരയിൽ എൻ്റെ നേരെ തിരിഞ്ഞു.
“എന്താ കണ്ണാ”?
“ആരാ ഈ പറയുന്നത്”?
ജുമൈലത്ത് പുരികമുയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി.
“ഏയ്. ഒന്നുമില്ല. പ്രേമത്തെപ്പറ്റി പറഞ്ഞപ്പോ ഞാൻ ഇംതിയാസിൻ്റെ കാര്യം ആലോചിച്ചതാ. പത്തൊമ്പത് വയസ്സുള്ള ഒരുത്തൻ ഇരുപത്തി നാല്കാരിയെ പ്രേമിച്ച് വളച്ചൊടിച്ച് ചാക്കിലാക്കിയല്ലോന്നോർത്തതാ”
ജുമൈലത്തിൻ്റെ മുഖം അയഞ്ഞ് പ്രസന്നവതിയായി.
“അന്നെന്നെ ഓനിന്നെ കെട്ടാനേന്നു പൂതി. ഓനൊരു ഇരുപത്തി അഞ്ച് വയസ്സേലും ആവട്ടേന്ന് പറഞ്ഞ് ഞാനോനെ തടുത്ത് നിർത്ത്യേതാ. ഇയ്യെന്നെ അതൊന്നാലോചിച്ചോക്ക്. മൻസൂറിൻ്റെ കൂട്ടുകാരൻ… പ്രായം പിന്നെ നോക്കണ്ട. അനക്ക് അറിയൂലെ ? ഞാനോനോട് മലയാളത്തില് പല വട്ടം പറഞ്ഞതാ അത് ശരിയാവൂലാന്ന്. ഓനെ ഒരു ബ്രദറിനെ പോലേ കാണാൻ പറ്റൂന്ന്. അതൊന്നും കേക്കാതെ പിന്നാലെ നടന്ന് അങ്ങേയറ്റം വെറുപ്പിച്ച് ഇന്നേ കൊണ്ട് ഓനെ ഇഷ്ടാന്ന് പറയിപ്പിച്ചു. അത് കഴിഞ്ഞിട്ട് തിരിഞ്ഞ് നോക്കാതെ നടക്കിണ്ട്. മനപ്പൂർവം ഇന്നെ അവോയ്ഡ് ചെയ്യുമ്പോലെ. ഞാൻ കരുതി ഇഷ്ടം പറഞ്ഞതോടെ ഓൻ്റെ ഇൻട്രസ്റ്റ് പോയീന്ന്. പിന്നേ മനസ്സിലായത് ഓനോൻ്റെ ഉമ്മാൻ്റെ അസുഖാന്ന്. പിന്നാലെ നടന്നന്ന് ഓനതറിയൂലേന്നു”
“ആൻഡ് യുവർ ലൗ ഇൻ്റെൻസിഫൈഡ്. സോർട്ട് ഓഫ് തിങ്സ് ഡു ഹാപ്പെൻ ഇൻ ലൗവ്. ദെൻ യു ലൗവ്ഡ് ഹിം സോ അർഡൻ്റ്ലി. എന്നോട് പറഞ്ഞിട്ടുള്ളതാണല്ലോ അതൊക്കെ. അങ്ങനെ ഒക്കെ ആവുമ്പോ പ്രേമത്തിന് ആഴം കൂടും. ഐ നോ”
“അനക്കൊക്കെ അറിയാം. ഇന്നാലും ഇയ്യത് പറഞ്ഞോണ്ടല്ലേ?…ഇന്നെ ഫേസ് ചെയ്യാൻ മടിയായിട്ട് ഗൾഫില് ഉപ്പാൻ്റെ കൂടെ ബിസിനസൊലത്താൻ പോവാന്ന്. അതോണ്ടാ ഞാൻ മഹറ് വേണന്ന് നിർബന്ധിച്ചത്”
“ആക്സിഡൻ്റ് ആയില്ലേലും ഒരു മുപ്പത്താറ്… നാൽപ്പത് വയസ്സ് വരെ ഒക്കെയേ ജീവിക്കൂ”
” …ന്നാലും അത്രേം നാള് കൂടെണ്ടാവൂലേ” ?
“ഉണ്ടാവും”
“അധികം സമയല്ലാത്തോണ്ട് ഇംതിയാസിന് വാച്ച് കയ്യില് കെട്ടി എപ്പഴും സമയം നോക്കണത് ഇഷ്ടണ്ടേന്നില്ല… ആൾക്കാരൊക്കെ തെരക്ക് പിടിച്ച് നടക്കൂലേ. അങ്ങനെ. ഓനിങ്ങനെ ലാ ഇലാഹ് ഇല്ലല്ലാന്നും പറഞ്ഞ് സാ മട്ടിൽ റിലാക്സായി നടക്കാനാ ഇഷ്ടം. ഇയ്യ് ആയിരം പൂർണ ചന്ദ്രന്മാരെ കാണാനിരിക്കല്ലേ? അനക്ക് ആവശ്യത്തിന് സമയണ്ടല്ലോ”
“അതോണ്ടാണോ എനിക്ക് തന്നത്”?
“അല്ല. ആ വാച്ചാ ഞാനോന് ആദ്യായിട്ട് വാങ്ങിയത്. ഇൻ്റെ ഒരു മാസത്തെ സാലറിയാ അത്. വാച്ച് ഇഷ്ടല്ലാന്ന് പിന്നെയാ ഞാനറിഞ്ഞത്”
“ഞാനൊരുപാട് സാധനങ്ങള് ഇങ്ങനെ ഓരോരുത്തരെ ഓർമ്മക്കായി കൊണ്ടു നടക്കുന്നുണ്ട്. അതിലൊന്നാവും അതും. ആ വാച്ചും ആയിരം പൂർണ ചന്ദ്രന്മാരെ കാണും. എന്നാലും എന്തിനാ അത് എനിക്ക് കെട്ടി തന്നത്” ?
“അനക്കറിയോ കണ്ണാ… ജംഷി ഒരു ഉമ്മേനൊട്ടിയാ. എല്ലാ കാര്യോം ഉമ്മാൻ്റെടുത്ത് പോയി പറയും. കോട്ടയത്ത്ന്ന് ക്രിസ്മസ് വെക്കേഷന് വന്നപ്പോ അന്നേപ്പറ്റി ഉമ്മാനോട് അടുക്കളേല് ഇരുന്ന് പറയ്ണ്ടേന്നു. ഇയ്യ് വീണതും ഓനന്നെ പിടിച്ചതും ഒക്കെ. പെരുന്നാളിന് ആദ്യായിട്ട് കാണുന്നേനും മുന്നേ അന്നെ ജംഷി പറഞ്ഞ് ഇക്കറിയേന്നു. അന്ന് കണ്ടപ്പളോ… എന്തോ ഒരു അട്രാക്ഷൻ. കൊറേക്കാലായിട്ട് അറിയുന്ന ആരെയോ പോലെ തോന്നി. ഡിപ്രഷനായ സമയത്ത് അന്നോട് രാത്രീം പകലൂല്ലാതെ വർത്താനം പറഞ്ഞ് ….”
” പറഞ്ഞിട്ട് “?
“പറഞ്ഞിട്ടൊന്നൂല്ല…. ഇംതിയാസിനുള്ളതേന്നു അത്. അതങ്ങനെ ആര്ക്കേലും കൊടുക്കാള്ളതല്ല. ഓനേപ്പോലത്തെ ഒരാള്… ഓൻ്റെ അതേ സ്ഥാനത്തുള്ള ഒരാളെ കണ്ടപ്പോ… അത് ഇയ്യാ കണ്ണാ. സൊ ഐ ഗേവ് ദാറ്റ് റ്റു യു”
“റിയലി”?
“അന്നേപ്പോലെയാ ഓനും. കുറച്ചൂടി സോഫ്റ്റാ. ഇയ്യും കൺസിഡറേറ്റ് ആൻഡ് കെയറിങ് ഒക്കെയാണ്. ബട്ട് യു ആർ റൂത്ത്ലസ്. പ്രത്യേകിച്ചും ചെയ്യേണ്ട കാര്യങ്ങള് ചെയ്യുമ്പോ. റൂത്ത്ലസ് എക്സിക്യൂഷൻ. അതിലൊക്കെ ഇംതിയാസിന് ഒരു മയമൊക്കെണ്ട്.. ചെല സമയത്ത് ഉള്ളില് തൊളഞ്ഞ് കയറുന്ന പോലെയാ ഇയ്യ് സംസാരിക്കാ. മനസ്സില് ഒന്നും വെച്ചല്ലാന്ന് അറിയാം. സ്ട്രെയിറ്റ് ഡെലിവെറി അൻ്റെ ഒരു സ്റ്റൈലാന്ന് ഇക്കറിയാം. ന്നാലും… പിന്നെ യു ആർ സോ ജെൻ്റിൽ ആൻഡ് കാം. ഞാൻ പറയണതൊക്കെ കേട്ടിരിക്കാൻ ക്ഷമയുണ്ട്. മുന്നേ കൂട്ടി ഒന്നും മനസ്സിലിട്ട് വരൂല. എല്ലാം കണ്ടും കേട്ടും ഒക്കെ മനസ്സിലാക്കി കഴിഞ്ഞിട്ടേ ഒരഭിപ്രായം പറയൂ. ഫസ്റ്റ് ഇൻ്ററാക്ഷനില് ഇയ്യ് ബ്ലാങ്കായിട്ടാ ഇക്ക് തോന്നിയത്. എന്തേലും അഡ്വൈസ് ഒക്കെ ചോദിക്കാൻ പറ്റിയ ആളാ. ഇന്നേപ്പറ്റി ഒക്കെ അറിഞ്ഞിട്ടും ഇന്നെ ഇഷ്ടാന്ന് അറിയാം. അത് നേരത്തെ പറഞ്ഞ മൊഹബ്ബത്തല്ലാന്നും അറിയാം”
“അതെന്താന്നറിയോ… മുന്നേ കൂട്ടി ഒരഭിപ്രായണ്ടാക്കിയാൽ അത് ശരിയാവില്ല. ഇപ്പോ ഒരു പത്ത് കൊലപാതകം നടത്തിയ ആളാണേലും ഞാനൊന്നും വിചാരിക്കില്ല. നേരിട്ട് ഇൻ്ററാക്റ്റ് ചെയ്ത് അയാൾ എങ്ങനെയുള്ള ആളാണ് എന്നോടെങ്ങനെയാ പെരുമാറുന്നത് എന്നൊക്കെ അറിഞ്ഞിട്ട് ഒരഭിപ്രായം ഉണ്ടാക്കും. പിന്നെള്ള ഇൻ്ററാക്ഷന് അത് ബേസിസ് ആക്കും. അല്ലാതെ കണ്ടവര് പറഞ്ഞു നടക്കുന്നത് സ്വന്തം അഭിപ്രായാക്കേണ്ട ഗതികേടൊന്നും ഇല്ല. എന്ന് കരുതി എല്ലാം നേരിട്ടറിയണം എന്ന് വാശി പിടിക്കുന്ന കെഴങ്ങനൊന്നും അല്ല. അതിനാ കോമൺസെൻസ് എന്ന് പറയുന്ന സാധനം ഉപയോഗിക്കുന്നത്. എന്താപ്പോ ഞാൻ പറയാ?…. അതായത്… എനിക്ക് മുൻവിധികളില്ല. മറ്റേത് കംപാഷൻ അല്ലേ? അത്രക്ക് കംപാഷനോടെ പറഞ്ഞിട്ടും മനസ്സിലാവാഞ്ഞാൽ കുറച്ച് കൂടി ഡയറക്റ്റ് അപ്രോച്ച് വേണ്ടി വരും. അപ്പോ തുളഞ്ഞ് കയറുന്നത് പോലെയൊക്കെ തോന്നും. ഡയറക്ടല്ലേ. സ്മൂത്തൻഡ് ടോക്കിങ് അല്ലല്ലോ”
“അതാ കണ്ണാ ഇക്കിഷ്ടം. വളച്ച് കെട്ടി ഫോറസ്റ്റില് നെരങ്ങുന്നേലും നല്ലത് പറയാള്ളത് പറേണതാ. ഇല്ലേല് ആനേനേം ഏറ്റി നടക്കേണ്ടി വരും. പിന്നെ അനക്കാണേല് രണ്ടും കഴിയും. സ്മൂത്താവാനും റഫാവാനും”
“മറ്റേതുണ്ട്. സത്യം ബ്രൂയാത് പ്രിയം ബ്രൂയാത് ന ബ്രൂയാത് സത്യമപ്രിയം… അങ്ങനത്തെ ഒന്ന്. ഞാൻ ബ്രൂട്ടൽ ട്രൂത്ത് മാത്രം പറയുന്ന ഒരാളാന്ന് ആരേലും പറഞ്ഞാൽ യു ആർ ജസ്റ്റ് ആൻ ആസ്ഹോൾ എന്ന് ഞാൻ പറയും. സൊ അങ്ങനെ ഒക്കെ വരുമ്പോ യൂസ് യുവർ ഓൺ ഡിസ്ക്രീഷൻ ഇൻ ദ മാറ്റർ എന്നൂടി ചേർക്കണം”
“അതും അനക്കറിയാലോ”
“മൊഹബ്ബത്തിനേപ്പറ്റി നേരത്തെ എന്തോ പറഞ്ഞില്ലേ. ഞാനും അനിയൻ്റെ കൂട്ടുകാരനാ”
“കണ്ണാ…ഞാനങ്ങനെ പെട്ടെന്ന് പ്രേമത്തില് വീഴണ ഒരു ടൈപ്പല്ല. ഒരാളെ ഇഷ്ടപ്പെടാനിക്ക് കൊറേ സമയം വേണം. അന്നെ ആദ്യായിട്ട് കാണുമ്പോ ഇക്ക് ഇംതിയാസുണ്ടേന്നു. ന്നിട്ടും… അപ്പോ തന്നെ ഇക്കന്നോട് ഒരു അഫെക്ഷനുണ്ടേന്നു. പ്രേമല്ല. വേറെ എന്തോ ഒന്ന്. എന്താപ്പോ അതിന് പറയാ”?
“വാത്സല്യാണോ”?
“അതെന്നെയല്ലേ അഫെക്ഷൻ”?
“അങ്ങനെയല്ല. അതായത് അനിയൻ്റെ കൂട്ടുകാരൻ എന്ന് പറയുമ്പോ ജംഷിയോട് തോന്നുന്നത് തന്നെയല്ലേ എന്നോടും തോന്നേണ്ടത്”
“അല്ല”
ജുമൈലത്തിൻ്റെ സ്വരത്തിൻ്റെ ദൃഢത എനിക്ക് പരിചിതമായിരുന്നു. ഇഷ്ടപ്പെടാത്തത് എന്തെങ്കിലും കേൾക്കുമ്പോൾ അല്ലെങ്കിൽ പറയുന്ന കാര്യത്തെപ്പറ്റി അത്രക്ക് ഉറപ്പുള്ളപ്പോൾ മാത്രം ഞാൻ കേട്ടിട്ടുള്ള സ്വരമായിരുന്നു അത്.
“വേറെള്ളോരെ പോലെ ഇയ്യിന്നോട് എന്തേലും എന്നേലും ചോദിച്ച്ണ്ടോ കണ്ണാ? ഞാൻ അന്നോട് പറയാണേല് അറിഞ്ഞാ മതീന്നല്ലേ പറഞ്ഞേ? ഇയ്യിന്ന് വരെന്നെ ഒന്നിനും നിർബന്ധിച്ചീല്ല. എന്തേലും വേണന്നും പറഞ്ഞീല്ല. ഞാൻ പറയണതൊക്കെ കേട്ടിരുന്നിലേ? ന്നാലും ഇയ്യൊന്നും പറയൂല. ഇന്നെ വെഷമിപ്പിക്കൂലാ…. ശല്യപ്പെടുത്തൂലാ…. അൻ്റെ ആ ഒരു സ്മൈലിങ് ഫേസല്ലാതെ വേറൊന്നും ഇത് വരെ ഞാൻ കണ്ടീല്ലാ… ഡിപ്രഷനായി രാത്രി ഒറക്കല്ലാതെ ഇരിക്കുമ്പോ ഇയ്യിൻ്റെ ആരോ ആണൂന്ന് തോന്നും. അപ്പഴും ഇക്ക് ഇയ്യ് ആരാന്നറീലാ….”
“ഞാനാരാന്ന് ഒരു ദിവസം പറഞ്ഞ് തരണ്ട്…. രണ്ട് പേര് അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചിട്ട് അവസാനം അതിലൊരാള് ഇല്ലാതാവുമ്പോ…. ആ സ്നേഹം കിട്ടില്ലാന്നറിയുമ്പോ ഉള്ള ആ ഒരു വേദന… അതെന്താന്നെനിക്കറിയാം. പുറത്തൂന്ന് കാണുന്നവർക്കേ അതൊക്കെ ഓവറാണ് വെറും കാട്ടി കൂട്ടലാണ് എന്നൊക്കെ തോന്നും. അവർക്ക് ഇഷ്ടപ്പെട്ട ആരേലും ചാവുമ്പോ മനസ്സിലായിക്കോളും. ഞാനങ്ങനെയല്ല. വലിയ സിംപതി ഒന്നും ഇല്ലേലും എനിക്കതിന് മാത്രം എംപതെറ്റിക് കപ്പാസിറ്റിയുണ്ട്. കർക്കിടകത്തിലെ ചന്ദ്രൻ്റെ പവറാ. ഒരാളെ മനസ്സ് മനസ്സിലാക്കാൻ കഴിയും. അപ്പോ… ദേറീസ് നോ റീസൺ റ്റു ഡു എനി ഓഫ് ദോസ് തിങ്സ്. റ്റു ബി ഇംപേഷ്യൻ്റ് വിത്ത് യു… ഇറിറ്റേറ്റഡ് ബൈ യുവർ … ബൈ യുവർ… അത്… റ്റു ഇൻവാലിഡേറ്റ് യു.. റ്റു റിഡിക്യൂൾ യു… റ്റു ബ്ലെയിം യു… ദേഷ്യം തോന്നണ്ട കാര്യം കൂടെയില്ല. ഐ കാൻ സിംപ്ലി ഫീൽ യു. ആ മനസ്സിലെന്താന്നെനിക്കറിയാം. അതോണ്ടാ”
“ഇയ്യിൻ്റെ റൂഹിൻ്റെ പാതിയായോണ്ടാവും”
“ആ മലക്കിനോട് പോവാൻ പറ. എനിക്കേ പകുതി പോരാ. ആ പറഞ്ഞ റൂഹ് തന്നെയാണ് വേണ്ടത്. ഐ ലൗവ് റ്റു അസോസിയേറ്റ് വിത്ത് ദ സോൾ. പ്രിയപ്പെട്ട ആത്മാവല്ലേ ജന്മ ജന്മാന്തരങ്ങളിൽ കൂടെയുള്ളത്? ആ സോൾ ഒക്യുപ്പൈ ചെയ്യുന്ന ബോഡി… അത് ഞാൻ നോക്കുന്നേയില്ല. ആ ആത്മാവിനെയാണെനിക്ക് വേണ്ടത്. ആ മനസ്സാണ് എനിക്ക് വേണ്ടത്. അതിൻ്റെ ഒരു കൊറോളറി എന്താന്ന് വെച്ചാല് എനിക്കത്രയേറെ പ്രിയപ്പെട്ട ആത്മാവ് ഒക്യുപ്പൈ ചെയ്യുന്ന ദേഹമായതോണ്ട് ആ ശരീരത്തെയും ഞാനിഷ്ടപ്പെടും”
“അതോണ്ടാല്ലേ ഇയ്യ് എടക്കെടക്ക് ബാംഗ്ലൂരില് വന്നേന്നത്? ഇന്നെഷ്ടായോണ്ട്? അവടെ വരുമ്പോ വരണതാ… ഇവിടെ വരുമ്പോ വരണതാ… എന്താ ഇയ്യ് പറയാ അതിന്”?
ഞാനൊന്നും പറയാതെ പുഞ്ചിരിയോടെ ജുമൈലത്തിനെ വീക്ഷിച്ചിരുന്നു.
“…ഐ വാസ് ഇൻ ദ വിസിനിറ്റി. ല്ലേ കണ്ണാ? ചിക്കമംഗളൂരുവില് വന്നപ്പോ കേറ്യേതാ… ഹൈദരാബാദില് പോണ വഴിക്ക് വന്നതാന്നൊക്കെ പറഞ്ഞിന്നെ കാണാൻ വന്നേന്നത്… ഇക്ക് ഫോണെടുക്കാൻ പറ്റാത്ത സമയത്തൊക്കെ ഇയ്യിന്നെ വിളിക്കും. ഇയ്യിന്നെ വിളിക്കുമ്പോ ഞാന് ഹോസ്പിറ്റലിലാണേല്… അന്നോട് വർത്താനം പറയാൻ… ഇയ്യ് ഫ്ലാറ്റില് വരുമ്പോ… ഒപ്പള്ളോരോടും സീനിയർ ഡോക്ടരോടും ഒക്കെ എന്തൊക്കെ നൊണയാ ഞാൻ പറഞ്ഞ്ള്ളത് ന്നറിയോ? യു മേക്ക് മി ലൈ. യു മേക്ക് മി സ്റ്റേ. ഇപ്പോ. ഈ വീട്ടില്. അൻ്റെ കൂടെ…”
“ഞാൻ കന്യാകുമാരി റ്റു പൂനെ… അവിടെ മഹാബലേശ്വറില് ഒരു ക്ഷേത്രമുണ്ട്. അവിടെ വരെ റൈഡേർസ് ക്ലബ്ബിൻ്റെ ചാലഞ്ചിന് കണ്ടിന്യുവസായി ബൈക്കോടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു സേർട്ടിഫൈഡ് റൈഡറാ ഞാൻ. എനിക്കതിൻ്റെ ഇതൊക്കെയുണ്ട്. സെർട്ടിഫിക്കറ്റ്സ്. അപ്പോ അങ്ങനത്തെ ചാലഞ്ചൊക്കെണ്ടാവുമ്പോ വരുന്നതാ ചിക്കമംഗളൂരുവില്. ജംഷിയും ഒപ്പമുണ്ടാവലുണ്ടല്ലോ. അല്ലെങ്കിൽ മാനുക്കയോ എബിനോ. മിക്കവാറും എബിനാവും. അച്ചായനാ അതിനോടൊക്കെ താൽപര്യം. എപ്പഴും അല്ല. എന്നാലും”
“എൻ്റെ മൊഖത്ത് നോക്കി പറ കണ്ണാ”
“കാമുകൻ മരിച്ച സങ്കടത്തിൽ സ്ലീപ്പിങ് പിൽസ് ഓവർഡോസ് ചെയ്ത് സൂയിസൈഡ് ചെയ്യാൻ പോയ ഒരാളെ കാണാൻ വേണ്ടി മാത്രം വരുന്നതാ. ചിലപ്പോ വെറുതെ ഇരിക്കുമ്പോ എനിക്കങ്ങനെ തോന്നും. എന്താവും അവസ്ഥ. ഒന്ന് പോയി കണ്ടാലോന്നൊക്കെ”
“അത്രക്ക് പറയണ്ടേന്നില്ല കണ്ണാ…. ന്നാലും അൻ്റെടുത്ത് നിക്കുമ്പോ…. അന്നെ കാണുമ്പോ… ഐ ഫീൽ സോ വീക്ക്. അതോ അനക്കത്രക്ക് പവറ്ണ്ടായിട്ടാ”?
“എനിക്കറിയില്ല. ഞാനെപ്പഴും ഒരുപോലെ തന്നെയല്ലേ”?
“ആണോ? ഡോക്ടറ് എന്താന്നറിയോ പറഞ്ഞെ? ഞാനിപ്പോ പെർഫക്റ്റാന്ന്. ഇഞ്ഞി കൗൺസിലിങ്ങിൻ്റെ ആവശ്യല്ലാന്ന്. അപ്പോ ഇക്കന്നെ കാണാൻ തോന്നി. ഇയ്യ് കാരണല്ലേ ഞാപ്പോ ഇങ്ങനെ ആയത്. റ്റു സീ യു ആൻഡ് റ്റു ഹോൾഡ് യു ടൈറ്റ്ലി… ഇക്കങ്ങനെ തോന്നി”
“വെറുതെയല്ല എന്നെ കണ്ടപ്പോ ബസ് സ്റ്റോപ്പിൽ വെച്ച് കെട്ടിപ്പിടിച്ചത്. ഇപ്പോഴല്ലേ മനസ്സിലായത്”
“ആരോടേലും….”
ജുമൈലത്ത് സമീപത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കിയാണ് സംസാരിക്കുന്നത്. പറയാൻ എന്തോ തടസ്സമുള്ളത് പോലെ. എന്നെ നേരെ നോക്കാൻ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്.
“ഇയ്യല്ലേ പറഞ്ഞെ ഒരാൾക്ക് ഒരാളെ ഇഷ്ടാണെങ്കില് അത് പറയണന്ന്. ഇക്കങ്ങനെ പറ്റണില്ല കണ്ണാ”
“മെസേജ് കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്നാ ഞാനുദ്ദേശിച്ചത്. അല്ലാതെ എങ്ങനേ അറിയുന്നത്. കമ്മ്യൂണിക്കേഷൻ എന്ന് പറയുമ്പോ മെസേജ്… അതല്ലെങ്കിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വിചാരിച്ച കാര്യം…. അത് കൺവേ ചെയ്യണം. ഇൻ്റൻ്റഡ് പാർട്ടിക്ക് കൺവേ ചെയ്ത അതേ അർത്ഥത്തില് അതേ സെൻസില് മനസ്സിലാവണം. അത്രേ ഉള്ളൂ. അപ്പോ കമ്മ്യൂണിക്കേഷൻ എങ്ങനെ വേണേലും ആവാം”
ജുമൈലത്ത് കമ്പ്യൂട്ടറിൻ്റെ മുന്നിൽ നിന്നും എഴുന്നേറ്റു. അൽപസമയം ജനാലയുടെ അടുത്ത് പോയി അലസമായി പുറത്തേക്ക് നോക്കി നിന്നു. ഞാൻ ജുമൈലത്തിൻ്റെ ആ ഒരു പരവേശം ശ്രദ്ധിക്കുകയായിരുന്നു. ജുമൈലത്ത് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. പുഞ്ചിരിയോടെ പതുക്കെ അടിവെച്ച് കുഴഞ്ഞാടി എൻ്റെ അരികിലെത്തി. പൊടുന്നനെ കുനിഞ്ഞ് എൻ്റെ കവിളിൽ ഉമ്മ വെച്ചു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റു.
“ഇപ്പോ മനസ്സിലായോ”?
“ഇല്ല. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്”
ആ നനവാർന്ന പവിഴാധരങ്ങളിൽ ഒരു പാൽ പുഞ്ചിരി തെളിഞ്ഞു. മുഖം പൂനിലാവ് ഉദിച്ചത് പോലെയായി. ജുമൈലത്തിൻ്റെ സുറുമയെഴുതിയ സ്വപ്നം കാണുന്ന കരി നീല മിഴികളിൽ പ്രണയം തിര തല്ലി. ജുമൈലത്ത് കാൽ നിലത്ത് കുത്തി ഉയർന്ന് കൈകൾ എൻ്റെ കഴുത്തിന് ചുറ്റും പിടിച്ച് ചുണ്ടിൽ ചുംബിച്ചു.
“ഇഞ്ഞും അനക്ക് മനസ്സിലായില്ലേ വേണ്ടാ”
നാണമാണ് മുഖത്ത്. കവി പണ്ട് എഴുതിയത് പോലെ ലജ്ജാ വിവശയായി നമ്ര മുഖിയായി കൊണ്ടൽ വേണിയതു രണ്ട് നാലടി നടന്നു നിലകൊണ്ടുതേ എന്ന പോലെ ഹാളിലൂടെ കുറച്ച് ദൂരം നടന്ന് എൻ്റെ നേരെ തിരിഞ്ഞ് നോക്കി അലസഗാമിനിയായി ജുമൈലത്ത് പടികൾ കയറി മുകളിലേക്ക് പോയി. ഞാനവിടെ തന്നെ ഇരുന്ന് അപ്പോൾ നടന്നതിനേ കുറിച്ച് ചിന്തിച്ചു. ജുമൈലത്തിൻ്റെ പ്രണയം. അത് ശരിയാവില്ല എന്നെനിക്ക് തോന്നി. ഉറച്ച ഒരു തീരുമാനമെടുത്ത് ഞാൻ എഴുന്നേറ്റു.
ബാൽക്കണിയിലെ വലിയ ചാരുകസേരയിലിരിക്കുകയാണ് ജുമൈലത്ത്. കരി വീട്ടിയിലുണ്ടാക്കിയ അച്ഛച്ഛൻ്റെ പഴയ മര കസേരയാണ് അത്. കസേരയുടെ പിൻഭാഗത്ത് തല ചാരി വെക്കാൻ കൊത്തു പണികളുള്ള കടഞ്ഞെടുത്ത ഒരൊറ്റ പലകയുണ്ട്. ഞാൻ അടുത്ത് ചെന്ന് തലയുടെ പിന്നിൽ ഉയർന്ന് നിൽക്കുന്ന ആ പലകയുടെ തള്ളിനിൽക്കുന്ന എടുപ്പിൽ പിടിച്ച് പിന്നോട്ട് വലിച്ചു. കസേര മുന്നോട്ടും പിന്നോട്ടും ആടാൻ തുടങ്ങി. ഞാൻ മുന്നിൽ ചെന്ന് കസേരയുടെ പിടിയിൽ കൈകളൂന്നി എൻ്റെ മുഖം ജുമൈലത്തിൻ്റെ മുഖത്തിനോട് അടുപ്പിച്ച് പിടിച്ച് കണ്ണുകളിൽ കണ്ണു കൊരുത്തു.
“ഇങ്ങനെ നോക്കല്ലേ കണ്ണാ. അൻ്റെ ആ നോട്ടോം ആളെ മയക്കണ ചിരീം.. വെറുതെ അല്ല അൻ്റെ സ്മൈലിന് ഇത്ര ഫാൻസ്. ഇയ്യിങ്ങനെ നിന്നാ ഞാൻ ഹാർട്ടറ്റാക്ക് വന്ന് ചാകും”
“കമ്യൂണിക്കേഷൻ കംപ്ലീറ്റ് ആവണേൽ ഫീഡ്ബാക്ക് വേണന്നാ. നേരത്തേ കമ്യൂണിക്കേറ്റ് ചെയ്തില്ലേ? … അത് എനിക്ക് മനസ്സിലായീന്നറിയാൻ ഫീഡ്ബാക്ക് വേണ്ടേ”?
തല മറച്ച വെള്ളി നിറത്തിലുള്ള അലുക്കുകളുള്ള വയലറ്റ് ഷാൾ കഴുത്തിലേക്ക് വീണു കിടക്കുന്നു. മുഖം മനസ്സിൻ്റെ കണ്ണാടിയാണെന്ന് പറഞ്ഞത് എത്ര സത്യമാണ്. മനസ്സിൽ അലതല്ലുന്ന പ്രണയം എനിക്ക് ആ മുഖത്ത് കാണാം. ആ ഹൃദയമിടിപ്പ് എനിക്ക് പുറത്തേക്ക് കേൾക്കാം. നെഞ്ചിൻ കൂടിനുള്ളിൽ അറബനമുട്ടിൻ്റെ താളം. ഞാനെൻ്റെ തീരുമാനം മാറ്റി. ജുമൈലത്ത് ശ്വാസം എടുക്കുന്നതിൻ്റെ വേഗത കുറഞ്ഞു. ആഴത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം. മുടിയിഴകൾ ചെന്നിയിലേക്ക് വീണു കിടക്കുന്നത് മാടിയൊതുക്കി ഞാൻ നെറ്റിയിൽ ചുംബിക്കാൻ ചുണ്ടുകളടുപ്പിച്ചു. ജുമൈലത്തിൻ്റെ മിഴികൾ കൂമ്പിയടഞ്ഞു. ഞാൻ മുഖം മാറ്റി.
“എന്തിനാ കണ്ണടച്ചേ”?
“അറിയൂല കണ്ണാ”
ഞാൻ ചൂണ്ട് വിരൽ നീട്ടി കണ്ണുകളുടെ മദ്ധ്യത്തിൽ നെറ്റിയിൽ തൊട്ടു. സൂര്യ പ്രകാശത്തിൽ ഇതൾ വിരിയുകയും സൂര്യൻ അസ്തമിക്കുമ്പോൾ ഇതളുകൾ കൂമ്പിയടയുകയും ചെയ്യുന്ന പൂവ് പോലെ ആ അംബുജ നേത്രങ്ങൾ ചിമ്മിയടഞ്ഞു.
“എഗെയ്ൻ”?
“ഇയ്യ് തൊടണോണ്ടാവും”
ഞാൻ ആ നെറ്റിയിൽ ചുംബിച്ചു. ജുമൈലത്ത് പാതി തുറന്ന മിഴിയാലെ പ്രണയ പാരവശ്യത്തോടെ എന്നെ കടാക്ഷിച്ചു.
“യുവർ ഡാർക്ക് ഡ്രീമി ഐയ്സ്… ബ്യൂട്ടിഫുൾ എന്നല്ല. വേറെ ഒന്ന്. എൻ്റെ നാവിൻ്റെ തുമ്പത്തുണ്ട് പക്ഷേ കിട്ടുന്നില്ല. റീഗൽ. റീഗൽ… അതാ ഞാനുദ്ദേശിച്ചത്. യു ആർ റീഗൽ ആൻഡ് ദെൻ…. ദേർ ഈസ് എ സേർട്ടയ്ൻ എലഗൻസ് ഇൻ യുവർ ബെയറിങ്. ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നും. എൻ്റെ മുന്നില് ഇങ്ങനെ ഇരിക്കുമ്പോ… മൈ ബിലവഡ്…യു ആർ ഡിവൈൻ”
ഞാൻ ജുമൈലത്തിൻ്റെ മുഖം കയ്യിൽ എടുത്ത് പിടിച്ച് പാതിയടഞ്ഞ കൺപോളകളിൽ ചുംബിച്ചു.
“ദിസ് ഡിഫിഡൻസ്… ഇറ്റ്സ് സോ…. ഒരു മിനിറ്റ്. ഞാനിപ്പോ വരാം”
ഞാൻ രേണുവിൻ്റെ മുറിയിലെത്തി. അലമാര തുറന്ന് ഒരു സ്വർണ മോതിരമെടുത്തു.
”ആ കൈയ്യൊന്ന് നീട്ട് ”
ഞാൻ ആ സ്വർണ്ണ മോതിരം ജുമൈലത്തിൻ്റെ നീട്ടിയ ഇടത് കയ്യിലെ മോതിര വിരലിലിട്ടു.
“ഇതെവിടുന്നാ”?
“ഇവിടെ വെറുതേ കിടന്നതാ. വിരല് ഒഴിഞ്ഞ് കാണുമ്പോ എന്തോ പോലെ. പേരൊന്നും ഇല്ല”
“നല്ല രസള്ള ഡിസൈൻ. നല്ല കട്ടീണ്ട്”
ജുമൈലത്ത് മോതിരം പിടിച്ച് തിരിച്ച് നോക്കി.
“ഞാൻ വരച്ചതാ. കോളേജിലെ ലാബ്ന്ന് ത്രി ഡി പ്രിൻ്റെടുത്തു. അത് പോലെ ഒരു മോതിരം ഉണ്ടാക്കി. ആൻഡ് ദോസ് ഇൻട്രിക്കേറ്റ് പാറ്റേൺസ്… റ്റു കാർവ് ദാറ്റ് ഇറ്റ് നീഡ്സ് റ്റു ബി തിക്ക്. ഉള്ളി തോല് പോലെ ഇരുന്നാൽ ശരിയാവില്ല. ഐ മേഡ് ദാറ്റ് ഫോർ മൈ ബിലവഡ്. അങ്ങനെ ഒരാള് എന്നേലും ഉണ്ടാവുമ്പോ കൊടുക്കാന്ന് കരുതി. നൗ യു ആർ മൈ ബിലവഡ്”
“ഞാനാല്ലേ ഇപ്പോ അൻ്റെ ബിലവഡ്? ന്നാ ഇയ്യിന്നെ മിന്നൂന്ന് വിളിച്ചാ മതി. അല്ലേലും ഇക്കൻ്റെ ഇത്താത്തയാവണ്ട”
“വേറെ ആരാ അങ്ങനെ വിളിക്കുന്നത്”?
“ഉമ്മച്ചി”
പഴയ ആൻ്റിക് ക്ലോക്കിൽ രണ്ട് മണിയായതിൻ്റെ സൂചനയായി മണിയടിയൊച്ച മുഴങ്ങി. ഒപ്പം പിച്ചളയുടെ കനമേറിയ പെൻഡുലം രണ്ട് പ്രാവശ്യം ആടി.
“ചോറുണ്ണണ്ടേ? രണ്ട് മണിയായി”
ജുമൈലത്ത് എഴുന്നേറ്റു. നൃത്തം ചെയ്യുന്നവർ കൈ രണ്ടും അരയിൽ പിടിക്കുന്നത് പോലെ ഞാനെൻ്റെ ഇടത് കൈ അരയിൽ വെച്ചു. ജുമൈലത്ത് സ്വന്തം കരം എൻ്റെ കൈക്കുള്ളിലൂടെ കോർത്ത് എടുത്ത് ഞാൻ പിടിച്ചതു പോലെ ഇടുപ്പിൽ പിടിച്ചു. ഞങ്ങളങ്ങനെ തന്നെ കൈ കോർത്ത് പിടിച്ച് പടികളിറങ്ങി അടുക്കളയിലെത്തി. ജുമൈലത്ത് അടപ്പുകൾ എല്ലാം തുറന്ന് നോക്കി.
“വറുത്തരച്ച സാമ്പാറ്, വെള്ളരിക്കാ മോര് കറി, ഉള്ളി തീയല്, കയ്പക്കാ തോരൻ. ഇതെന്താ”?
“ഇഞ്ചി കറി”
“എന്തിനാ ഇതിനും മാത്രം കൂട്ടാന് കണ്ണാ? ഇയ്യൊറ്റക്കല്ലേള്ളൂ”
“എനിക്കങ്ങനെ വേണം. ചില ആൾക്കാര് ഒറ്റക്കാണെങ്കിൽ ഒന്നും ഉണ്ടാക്കാതെ എന്തെങ്കിലും ചിക്കി തിന്ന് രാത്രിയാക്കും. അതല്ലേ ഉദ്ദേശിച്ചത്? ഞാനും രേണൂം മാത്രേ ഉള്ളൂവെങ്കിലും ഞങ്ങള് ഇതൊക്കെ ഉണ്ടാക്കലുണ്ട്. അല്ലാതെ ചടഞ്ഞ് കൂടി ഇരിക്കൊന്നും ഇല്ല. ഒരുപാട് ആൾക്കാരുണ്ടെങ്കിലും ആരും ഇല്ലെങ്കിലും എൻജോയ്മെൻ്റിന് കുറവൊന്നൂല്ല. ഇതെല്ലാം ആർക്ക് വേണ്ടി എന്ന് ചോദിച്ചാൽ എനിക്ക് വേണ്ടി എന്ന് പറയാൻ പറ്റണം”
ഞാൻ പാത്രം എടുത്ത് ഡൈനിങ് ടേബിളിലേക്ക് നടന്നു. ജുമൈലത്ത് എൻ്റെ കയ്യിൽ നിന്നും തവി പിടിച്ചു വാങ്ങി.
“ഞാനില്ലേ ഇപ്പോ? ഞാൻ വെളമ്പി തരാം. ഇയ്യിരിക്ക്”
ജുമൈലത്ത് ചോറ് വിളമ്പി. കറികളും. ഞങ്ങൾ ഇരുന്ന് കഴിക്കാൻ തുടങ്ങി.
“അതേ… ആ ഇഞ്ചി കറിക്ക് നല്ല എരിവാ. കറി പോലെ കോരി ഒഴിക്കാനുള്ളതല്ല. അച്ചാറ് പോലെ കഴിക്കാനുള്ളതാ”
ജുമൈലത്ത് എരിവ് കാരണം എരിപൊരി സഞ്ചാരമെടുത്ത് എഴുന്നേറ്റു.
“നേരത്തേ പറഞ്ഞൂടേന്നോ?കൂട്ടാനാന്ന് കരുതീട്ടല്ലേ”?
ഞാൻ തണുത്ത വെള്ളം ഫ്രിഡ്ജിൽ നിന്നെടുത്ത് കുടിക്കാൻ കൊടുത്തു. കുടിച്ച് കഴിഞ്ഞപ്പോൾ ഞാൻ വെളിച്ചെണ്ണയിൽ വിരൽ മുക്കി ജുമൈലത്തിൻ്റെ ചുണ്ടുകളിൽ തേച്ചു പിടിപ്പിച്ചു. ചുണ്ടിൽ തൊടുമ്പോൾ എന്തോ പോലെ. ജുമൈലത്ത് കണ്ണടച്ച് നിൽക്കുകയാണ്.
“നീറ്റല് കുറച്ച് കഴിയുമ്പോ മാറും”
ഇഞ്ചി കറിയായ ചോറ് മാറ്റി വെച്ച് ഞാൻ വേറെ ഒരു പ്ലെയിറ്റിൽ ചോറെടുത്ത് കൊടുത്തു. കഴിച്ച് കഴിഞ്ഞ് ഞങ്ങൾ മുകളിലെ ബാൽക്കണിയിൽ പോയിരുന്നു.
“കണ്ണാ നല്ല നീറ്റല്ണ്ട്”
ഞാൻ ഫ്രിഡ്ജിൽ നിന്ന് ഒരു പാത്രത്തിൽ ഐസുമെടുത്ത് ജുമൈലത്തിൻ്റെ അരികിൽ ചെന്നു.
“എന്താ പാത്രത്തില്”?
“നീറ്റല് മാറില്ലാന്ന് എനിക്ക് നേരത്തേ അറിയായിരുന്നു. അപ്പോ ഞാൻ ഒരു പാത്രത്തില് വെള്ളമെടുത്ത് ഐസാക്കാൻ ഫ്രീസറില് വെച്ചു”
ഞാൻ ചാരുകസേരയിലേക്ക് ഇരുന്നു. ജുമൈലത്ത് അടുത്തുള്ള ചൂരൽ കസേരയിലാണ് ഇരിക്കുന്നത്. ബാൽക്കണിയിൽ ആകെ ആ രണ്ട് കസേരയാണുള്ളത്. ഞാൻ ഐസ് ചെറു കഷണങ്ങളായി പൊട്ടിച്ച് ജുമൈലത്തിൻ്റെ ചുണ്ടിൽ വെക്കാനാഞ്ഞു. കൈയ്യെത്തിക്കാൻ ബുദ്ധിമുട്ടിയത് കണ്ട് ജുമൈലത്ത് എഴുന്നേറ്റ് എൻ്റെ മടിയിലേക്കിരുന്നു. ഐസ് വെച്ച് ഇരുന്നിട്ടും ആ ഒരു പുകച്ചിലിന് കുറവൊന്നും ഉണ്ടായില്ല. ഞാൻ ജുമൈലത്തിൻ്റെ മുഖം ചെരിച്ച് പിടിച്ച് ആ തുടുത്ത ചുണ്ടുകൾ എൻ്റെ ചുണ്ടുകൾക്കിടയിൽ കോർത്ത് പിടിച്ചു. ഒരുപാട് സമയം ഞങ്ങളങ്ങനെ തന്നെ ഇരുന്നു. അവസാനം ചുണ്ടുകൾ വേർപെടുത്തിയപ്പോൾ ജുമൈലത്തിന് നിരാശ. ജുമൈലത്ത് പിന്നിലേക്ക്, എൻ്റെ ദേഹത്തേക്ക് ചാരി കിടന്നു. തരളിതയായ കോമളാംഗിയുടെ പ്രജ്ഞയിൽ കുളിരായി പടർന്നു കയറുന്ന അഗ്നി എൻ്റെ തനുവിലാകെ തീപടർത്തുന്നത് ഞാനറിഞ്ഞു. ആ മേനിയുടെ മാർദ്ദവത്വവും ഊഷ്മളതയും എൻ്റെ പഞ്ചേന്ദ്രിയങ്ങളുടെ ക്ഷമത പരീക്ഷിച്ചു.
“ഞാൻ പോയി ആ ഇഞ്ചി കറി ഇത്തിരീം കൂടെ തിന്നാലോ?
കുസൃതി ചിരിയോടെയായിരുന്നു ജുമൈലത്തിൻ്റെ ചോദ്യം.
“അതിനാണെങ്കില് ഇഞ്ചി കറി വെറുതെ തിന്ന് കേറ്റണ്ട. അല്ലാതേം ആവാലോ”
“കണ്ണാ….ഇപ്പോ അങ്ങനെ ഒക്കെ ആയേല് സങ്കടം ഒന്നൂല്ലാട്ടോ… അതോണ്ടാ അന്നെ കിട്ടീത്. ഇംതിയാസിൻ്റെ പെണ്ണാവാനല്ല പടച്ചോൻ്റെ വിധി. ഓനില്ലാതെ ജീവിക്കാനാൻ്റെ വിധി”
“നോ. അതല്ല വിധി. യുവർ ഡെസ്റ്റിനി ഈസ് റ്റു ബി വിത്ത് മി”
ഞാൻ ജുമൈലത്തിനെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു. താഴെയുള്ള എൻ്റെ മുറിയിൽ നിന്ന് ടാബ്‌ലെറ്റുമായി തിരികെ ബാൽക്കണിയിലെത്തി. ജുമൈലത്തിനെ ചാരുകസേരയിൽ ഇരുത്തി വരക്കാൻ തുടങ്ങി.
“ഇയ്യ് നല്ലോം ചിത്രം വരക്കൂലേ കണ്ണാ”?
“ഒഫ് കോഴ്സ് ഐ ഡു. എന്തേ ചോദിച്ചത്? ഞാൻ വരച്ച വേറെ ചിത്രങ്ങള് കാണണോ”?
“ഒന്നൂല്ല. വെറുതെ ചോദിച്ചതാ”
ജുമൈലത്ത് എഴുന്നേറ്റു. ഞങ്ങൾ താഴെ അടുക്കളയോട് ചേർന്നുള്ള വലിയ ഹാളിൻ്റെ മുന്നിലെത്തി. ഞാൻ വാതിൽ തുറന്നു. മുറിക്കകം അലങ്കോലമായി കിടക്കുന്നു. പെയിൻ്റിങ്സും കർട്ടനുകളും പട്ടിക കഷ്ണങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ജുമൈലത്ത് ശ്രദ്ധയോടെ നടന്ന് ഓരോന്നും എടുത്ത് നോക്കി കമ്പ്യൂട്ടറിന് മുന്നിൽ ചെന്നിരുന്നു. ഞാൻ ഡിജിറ്റൽ പെയിൻ്റിങ്സിൻ്റെ ഫോൾഡർ ഓപ്പണാക്കി. ജുമൈലത്ത് അതിലെ പെയിൻ്റിങ്സ് എല്ലാം നോക്കി. ഒരു ചിത്രത്തിൽ ജുമൈലത്തിൻ്റെ കണ്ണുടക്കി. ജുമൈലത്ത് നിസ്കരിക്കുന്ന പെയിൻ്റിങ്ങായിരുന്നു അത്. തൊട്ടടുത്ത് ഞാനിരിക്കുന്നു. എൻ്റെ ചുരുട്ടി പിടിച്ച കയ്യിൽ ഉള്ള ഗുളികകൾ എന്തിനുള്ളതാണ് എന്ന് ജുമൈലത്തിനറിയാം.
“ഇയ്യിത് വരച്ചൂലേ”?
“എൻ്റെ ഓർമ്മയിലുള്ളതെല്ലാം ഞാൻ വരക്കലുണ്ട്. സത്യം പറഞ്ഞാല് ആ ഫോൾഡറിൽ ഞാനിന്ന് വരെ കണ്ടിട്ടുള്ള എല്ലാ കാഴ്ചകളും ഉണ്ട്. ഭാവിയിൽ കാണാൻ പോകുന്നതും ഉണ്ട്”
മറ്റൊരു ചിത്രം ജുമൈലത്ത് ഏറെ നേരം നോക്കിയിരുന്നു.
“ഇതും നടക്കോ”?
“അറിയില്ല. നടക്കുമായിരിക്കും”
“ഓരോ വട്ടോം അന്നെ കാണുമ്പോണ്ടല്ലോ കണ്ണാ….”
ആ കവിളിലൂടെ കണ്ണുനീർ കുടുകുടെ ഒഴുകാൻ തുടങ്ങി. പെട്ടെന്ന് ഉണ്ടായ വികാര വിക്ഷോഭത്തിൽ ജുമൈലത്തിൻ്റെ വാക്കുകൾ മുറിഞ്ഞുപോയി.
“…ഐ വാൻ്റെഡ് റ്റു ഫീൽ യുവർ കിസ്സ്… ഓൺ മൈ ലിപ്സ്… എപ്പോന്നറിയോ… വെൻ യു കൺസോൾഡെഡ് മി. അപ്പഴാ ഇക്ക് മനസ്സിലായേ… ഹൗ മച്ച് ഐ നീഡ് യു…. ജീവനോടെ ഇല്ലേലും ഇംതിയാസ്ണ്ട് ഇൻ്റെ മനസ്സില് ….ന്നാലും …. ഇറ്റ് ഹർട്ട്സ്. അൻ്റെ ഫ്യൂച്ചറില് എന്തായാലും കണ്ണാ…. ഐ കാൻ്റ് പുട്ട് എനിവൺ എൽസ് എബോവ് യു”
ഞാൻ ജുമൈലത്തിൻ്റെ കണ്ണു തുടച്ചു.
“അതിൻ്റെ ആവശ്യണ്ടാവില്ല. കുറച്ച് പെയിൻ്റിങ്സ് കൂടിയുണ്ട്. അതും കൂടി നോക്കി നോക്ക്”
ജുമൈലത്ത് ഞാൻ വരച്ച ചിത്രങ്ങൾ എല്ലാം നോക്കി മനസ്സിൽ നുരഞ്ഞ് പതയുന്ന ആഹ്ളാദത്തോടെ കറങ്ങുന്ന കസേരയിൽ എൻ്റെ നേരെ തിരിഞ്ഞു. സജലങ്ങളായ മിഴികളിൽ ഇപ്പോൾ അടക്കാനാവാത്ത ആഹ്ളാദമാണ്.
“ഇക്കിതില് പ്രശ്നൊന്നൂല്ല കണ്ണാ. ഓരെ രണ്ടാളേം ഇക്കറിയാലോ. ഇയ്യ്ണ്ടായാ മതി”
മുറിയുടെ ഒരു മൂലയിൽ തുണിയിട്ട് മൂടിയ എൻ്റെ അതേ ഉയരമുള്ള ഒരു പെയിൻ്റിങ് കണ്ട് ജുമൈലത്ത് അതിനടുത്ത് ചെന്ന് തുണി മാറ്റി നോക്കി.
“ആരാ കണ്ണാ ഇത്”?
“മേരി ജീവൻ ജോസഫ് ”
എൻ്റെ മറുപടിയിൽ തൃപ്തയാവാതെ ജുമൈലത്ത് ചോദ്യഭാവത്തിൽ പുരികമുയർത്തി.
“ഒരു ജീവൻ ജോസഫുണ്ട്. ബിസിനസാ. മെയിനായിട്ട് കൺസ്ട്രക്ഷൻ. ഇവിടെ ഈ ബീച്ച് റോഡിലേ കടലിലേക്ക് വ്യൂവായിട്ട് ഒരു പതിനാല് നില അപ്പാർട്ട്മെൻ്റും ഓഷ്യൻ വ്യൂ വില്ലാസും ഉണ്ട്. അതവരതാ. ബത്തേരിക്കാരനാ. അയാൾക്ക് രണ്ട് പെൺമക്കളാ. ട്വിൻസ്. ഡൽഹി എയിംസില് ന്യൂറോയിൽ പി ജി ചെയ്യുന്ന ഒരാളും മദ്രാസ് ഐ ഐ ടി യിൽ പഠിക്കുന്ന ഒരാളും. എനിക്ക് ഓൾ ഇന്ത്യാ സെവൻത് റാങ്കുണ്ടായിരുന്നത് പത്രത്തിലൊക്കെ ഉണ്ടേന്നു. അപ്പോ നാട്ടിലെ ആൾക്കാർക്കൊക്കെ എന്നെ അറിയാം. അവിടെ അടുത്ത് ഒരു നിക്കാഹിൻ്റെ വൈകുന്നേരത്തെ ഫങ്ഷന് ആ ചേച്ചിയൊക്കെ വന്നേന്നു. ആ ചേച്ചി ഐ ഐ ടി ക്കാരിയാണല്ലോ. അങ്ങനെ പരിചയമായി. അയാൾടെ ഭാര്യ ബ്ലഡ് ക്യാൻസറ് വന്ന് മരിച്ചു. അയാള് പറഞ്ഞിട്ട് മരിച്ചു പോയ ഭാര്യയുടെ ഫുൾസൈസ് പെയിൻ്റിങ്ങ് ചെയ്തതാ ഇത്. ഫിനിഷ്ഡ് വർക്കാ”
“ഇതല്ലാതെ ഫുൾ ഫാമിലിയുടെ ഒരു ഐറ്റം കൂടിയുണ്ട്. മരത്തിൻ്റെ പലകയിൽ ഒരു പോർട്രയിറ്റ് പോലെ കാർവ് ചെയ്തെടുത്ത് പെയിൻ്റ് ചെയ്യുന്നത്. ഒരു ത്രീ ഡി എഫക്റ്റുണ്ടാവും. അതായത് സാധാരണ ക്യാൻവാസിന് പകരം മരപ്പലകയാണ് ക്യാൻവാസ്. എന്നിട്ടതില് തള്ളി നിൽക്കുന്നത് പോലെ തോന്നും. പ്ലാവിൻ്റെ കാതലിലാണ് വർക്കൊക്കെ. മരം ഇങ്ങോട്ട് കൊണ്ട് വരാൻ മടി. തറവാട്ടിലാ അത്. ഇവിടെ നടക്കാവില് അവര് പുതിയ വീട് ഉണ്ടാക്കിയിട്ടുണ്ട്. പുതിയ വീട്ടില് ഹൗസ് വാമിങ്ങിന് മുന്നേ വെക്കാനാ. അഞ്ചെട്ട് ലക്ഷം തടയണ്ടതാണ്. പിന്നെ മാനുക്കാൻ്റേം ഷാനാത്തേൻ്റേം ഒരു ഓയിൽ പെയിൻ്റിങ് ചെയ്ത് കൊണ്ടിരിക്കാണ്. അവരെ മാരീജിന് ഗിഫ്റ്റ് കൊടുക്കാനാ. കഴിഞ്ഞ കൊല്ലം ഞാൻ കണ്ണൂര് ഒരമ്പലത്തില് പുതിയ മണ്ഡപണ്ടാക്കിയപ്പോ വല്യച്ഛൻ പറഞ്ഞിട്ട് ചുവരിൽ മ്യൂറല് വരക്കാൻ പോയിട്ട് ഒരു മാസം അവിടെ വരയായിരുന്നു. വിൻ്റർ സെമസ്റ്റർ തുടങ്ങുന്നേന് മുന്നെ. അതൊക്കെയാണ് വരക്കുന്നതിനെ പറ്റി പറയാനുള്ളത്”
“അൻ്റെ പെയിൻ്റിങ്ങൊക്കെ എന്ത് രസാ കാണാന്. എക്സിബിഷന് പൊയ്കൂടേ”?
“ആഗ്രഹണ്ട്. ഡൽഹീല് ആർട്ട് ഗ്യാലറിയിൽ ഒരു എക്സിബിഷൻ നടത്തണം എന്നുണ്ട്”
“ഇക്കിതൊക്കെ വല്യ ഇഷ്ടാ കണ്ണാ. ഞാനും വരണ്ട് അൻ്റെ ഒപ്പം”
“അതിനെന്താ? വെറുതേ അങ്ങനെ ഓടിച്ചെല്ലാൻ പറ്റില്ലല്ലോ. കുറച്ച് കൂടി വരച്ച് പരിചയാവട്ടെ. എന്നിട്ട് പോവാം. പോവുമ്പോ പറയണ്ട്”
ജുമൈലത്ത് പുഞ്ചിരിച്ചു.
“കണ്ണാ…ഇയ്യ് കൊറേ വരച്ചോ? ഇല്ലെങ്കി നേരത്തേ ഞാനൻ്റെ മടീല് ഇരുന്നില്ലേ? അത് വരച്ചാ മതി”
“എന്നാ ബാൽക്കണിയിലേക്ക് പോവാം. നേരത്തേ ഇരുന്നത് പോലെ ഒന്നുകൂടി ഇരുന്ന് നോക്കണം”
ജുമൈലത്ത് എന്നെ നോക്കി തേൻ മഴ പൊഴിയുന്നത് പോലെ വശ്യമായി മന്ദഹസിച്ച് മുന്നിൽ നടന്നു.
“എന്താ ചിരിച്ചെ”?
“ഇയ്യിന്നെ മടീലിരുത്താനല്ലേ? അനക്ക് ഓർമ്മേന്ന് വരക്കാൻ പറ്റൂലേ”?
“പറ്റും. പിന്നെ എന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടോ”?
“ഇല്ല. അനക്കല്ല. ഇക്കാണാഗ്രഹം”
ഞാൻ ട്രൈപ്പോഡിൽ ക്യാമറ വെച്ച് ചാരുകസേരയിൽ ജുമൈലത്തിനേയും മടിയിലിരുത്തി ഒരു ഫോട്ടോയെടുത്തു. അത് കഴിഞ്ഞ് ടാബ് ലറ്റിൽ ഒരു ബ്ലാങ്ക് ക്യാൻവാസ് ഓപ്പൺ ചെയ്തു. അത് ബാൽക്കണിയോട് ചേർന്നുള്ള ഗെയിമിങ് പി സി യുടെ വലിയ സ്ക്രീനിലേക്ക് ക്ലോൺ ചെയ്ത് സ്ക്രീൻ ജുമൈലത്തിന് കാണാവുന്ന രീതിയിൽ നിരക്കി നീക്കിവെച്ച് ഓർമ്മയിൽ നിന്നും പകർത്തി വരച്ച് തുടങ്ങി. സ്റ്റാൻഡിങ് ഡെസ്കിൽ വെച്ച് ചിത്രം വരക്കുന്ന എന്നെ ഇമ ചിമ്മാതെ നോക്കിയിരിക്കുകയാണ് ജുമൈലത്ത്. ഇടക്ക് വലിയ മോണിറ്ററിൽ നോക്കുന്നുമുണ്ട്.
“കണ്ണാ…ആരേലും അറിഞ്ഞാലോ”?
“ഇനി ആരറിയാനാ”?
“വാപ്പ. ഇതെങ്ങാനും വാപ്പ അറിഞ്ഞാലെന്താ കര്താ”?
“ഒരു രണ്ട് മൂന്ന് മാസം മുന്നെ ഞാൻ ജംഷീറിനെ കാണാൻ വീട്ടില് പോയിരുന്നു. വെറുതെ പോയതാ. ചെന്നപ്പോ അവനും ഉമ്മയും കൂടെ പുലാമന്തോളില് ഉമ്മൂമ്മക്ക് വയ്യാന്നും പറഞ്ഞ് അങ്ങോട്ട് പോവാൻ തുടങ്ങായിരുന്നു. പിന്നെപ്പോ അവിടെ നിന്നിട്ട് കാര്യമൊന്നൂല്ലല്ലോ. ഞാൻ തിരിച്ച് പോരാനിറങ്ങിയപ്പോ ഉപ്പ വന്നു. അന്ന് ആഫ്റ്റർ നൂൺ മുഴുവനും ഉപ്പയോട് സംസാരിച്ചിരുന്നു. ഉപ്പ ഇംഗ്ലീഷ് പ്രൊഫസറല്ലേ? ഞാനെഴുതിയ നോവല് ഉപ്പയെ കാണിച്ചു. ഭാഷക്ക് ഇൻ്റെൻസിറ്റി കൂടുതലാന്ന് പറഞ്ഞു. ഫോണിലുണ്ടായിരുന്നു അത്. ഉപ്പക്ക് ഷേക്സ്പിയറെ ഇഷ്ടല്ല. ഗ്രീക്ക് നാടകങ്ങൾ ഇഷ്ടാണ്. കവി പി കുഞ്ഞിരാമൻ നായരെ ആരാധകനാണ്. കാൽപ്പനികനാണ് എന്നൊക്കെ മനസ്സിലായി. വേറെയും പലതും പറഞ്ഞു. പിന്നെ എൻ്റെ കാര്യങ്ങളും കുറേയേറെ ചോദിച്ചറിഞ്ഞു. അക്കൂട്ടത്തില് ഉപ്പയുടെ മോളുമായിട്ടെന്താ ബന്ധന്നും ചോദിച്ചു. പ്രേമോ അല്ലെങ്കിൽ എന്തേലും ആണോന്ന് വിചാരിച്ചിട്ടാകും. ഞാനുള്ള കാര്യം പറഞ്ഞു. എൻ്റെ അച്ഛനും അമ്മയും മരിച്ചതും നമ്മള് ഫോൺ വിളിക്കുന്നതും ഒക്കെ”
“ഒക്കെ പറഞ്ഞോ”?
“ഇല്ല. ഒരു ഫാദറിനോട് പറയാൻ പറ്റുന്ന കാര്യങ്ങള് മാത്രം”
“ന്നിട്ട് എന്താ പറഞ്ഞേ”?
“ഒന്നും പറഞ്ഞില്ല. അത്രേം സമയം സംസാരിച്ചപ്പോ എൻ്റെ സ്വഭാവം മനസ്സിലായിട്ടുണ്ടാവും. മകളോട് ഉപ്പ ഉദ്ദേശിച്ച പോലെത്തെ ബന്ധമല്ലാന്ന് അറിഞ്ഞല്ലോ”
“അതാ ഞാൻ ചോദിച്ചെ. അങ്ങനെ കരുതീട്ട് അതല്ലാന്ന് അറിഞ്ഞാലോ”?
“അറിഞ്ഞാലൊന്നുമില്ല. എല്ലാം കേട്ട് കഴിഞ്ഞ് ഉപ്പ എന്താ അന്ന് പറഞ്ഞത് എന്നറിയോ? എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ ഉപ്പയോട് പറയാൻ. വേറൊരാളായിട്ട് കാണണ്ടാന്ന് ”
“അനക്ക് വാപ്പേം ഉമ്മേം ഒക്കെ ഒരു വീക്ക്നസാല്ലേ കണ്ണാ”?
“സേർട്ടൻലി യെസ്. എനിക്ക് സ്വന്തായിട്ട് അച്ഛനും അമ്മയും ഇല്ലല്ലോ”
“ഓരില്ലെങ്കിലും വേറെ കൊറേ ആൾക്കാരില്ലേ”?
“ആരൊക്കെ ഉണ്ടായാലും അച്ഛനും അമ്മയും ഉള്ളത് പോലെയാവില്ലല്ലോ”
ജുമൈലത്ത് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു. പതിയെ എൻ്റെ നെഞ്ചിലമർന്നു. ഞാനെപ്പോഴും ആരാധനയോടെ നോക്കിയിരുന്ന കൈകൾ പ്രേമ ദാഹം കൊണ്ട് തപിക്കുന്ന ആ മേനിയിലേക്ക് ചേർത്ത് എന്നെ വലയം ചെയ്തു. പരിരംഭണത്തിൻ്റെ സുഖാനുഭൂതി. ജുമൈലത്തിന് എൻ്റെ താടിയുടെ അത്രയും ഉയരമുണ്ട്. ഞാൻ ആ നെറുകയിൽ ചുംബിച്ചു. ചുണ്ടുകൾ അടുപ്പിച്ചപ്പോൾ ചെറിയ ചൂട് തോന്നി. ഞാൻ നിവർത്തിയ കൈത്തലം ജുമൈലത്തിൻ്റെ മുഖത്തോടടുപ്പിച്ച് പിടിച്ചു.
“എന്ത് ചെയ്യാ”?
“നത്തിങ്. നല്ല ചൂട് ശരീരത്തിന്. അത് നോക്കിയതാ. ഇങ്ങനെ പിടിക്കുമ്പോ കയ്യിലറിയാം”
ജുമൈലത്ത് എൻ്റെ കൈത്തലത്തിലേക്ക് മുഖം ചേർത്തു.
“ഇപ്പഴോ”?
“വാം. നല്ല സുഖമുള്ള ഒരു തരം ഇളം ചൂട്”
ഞാൻ കിളിക്കൂട് പോലെയുള്ള ചൂരൽ കസേരയിലേക്കിരുന്നു. ജുമൈലത്ത് വീണ്ടും എൻ്റെ മടിയിൽ കയറി ചുരുണ്ട് കൂടിയിരുന്നു.
“…ന്നാലും ആരും അറിയണ്ട കണ്ണാ”
ഞാൻ ജുമൈലത്തിനെ എന്നിലേക്ക് ചേർത്ത് പിടിച്ചു. നിമിഷങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു.
“കണ്ണാ…ലോകത്തിൻ്റെ ഒരു ചിന്തേല്ലാതെ അൻ്റെ മടീല് ഇങ്ങനെ ഇരിക്കുമ്പോ… ഇൻ ദ സെക്യൂരിറ്റി ഓഫ് യുവർ ലൗവിംഗ് ആംസ്…. എന്താന്നറിയാത്ത ഒരു സമാധാനാ മനസ്സിന്. വെഷമൊന്നൂല്ല ഇപ്പോ. സന്തോഷോം അല്ല. അതൊന്നും അല്ലാത്ത എന്തോ ഒരിത്. ഇങ്ങനെ തന്നെ ഇരിക്കാൻ തോന്ന്ണ്ട്. ഹിയർ… ഹോൾഡ് മൈ ഹാൻഡ്സ് ”
ജുമൈലത്ത് കൈ നീട്ടി. ഞാൻ ജുമൈലത്തിൻ്റെ നീട്ടിയ കരതലം കവർന്ന് എൻ്റെ ദേഹത്തേക്ക് വലിച്ചിട്ട് ആ മൃദുലമായ വയറിന് ചുറ്റും കൈ കോർത്ത് പിടിച്ചു. മിഴിയിതളുകൾ ചിമ്മിയടച്ച് മൂകയായി ജുമൈലത്ത് എന്നെ ചാരി കിടന്നു. ഭിത്തിയിൽ തൂങ്ങുന്ന ആ പഴയ ഘടികാരത്തിലെ സെക്കൻ്റ് സൂചിയുടെ ധൃതി പിടിച്ചുള്ള സഞ്ചാരത്തിൻ്റെ ശബ്ദം മാത്രം അവിടെ മുഴങ്ങി കേട്ടു. ജുമൈലത്ത് വലത് കാൽ വെച്ച് വീടിനകത്തേക്ക് പ്രവേശിച്ചതോടെ ആകാശ മദ്ധ്യത്തിൽ കത്തിക്കാളിയിരുന്ന ദിവാകരൻ്റെ ഗതിക്ക് വേഗത വർദ്ധിച്ചതായി എനിക്ക് തോന്നിയിരുന്നു. ഹയങ്ങൾ കുതിച്ചു പായാൻ തുടങ്ങിയിട്ടുണ്ടാകും. ഛന്ദസ്സുകളാണവ. ഞങ്ങളിങ്ങനെ ഇരിക്കുന്നതിലുള്ള അസൂയ കൊണ്ടാകും. സമയം നാലരയാവാനായി. രേണു നാലരക്ക് എത്തും. ഞാൻ ജുമൈലത്തിനെ തട്ടി വിളിച്ചു. മനസ്സില്ലാ മനസ്സോടെ ജുമൈലത്ത് എന്നിൽ നിന്നടർന്നു മാറി. ഒരേയൊരു നിമിഷം. ആ ചുണ്ടുകൾ എൻ്റെ വലത് കവിളിലമർന്നു.
“ഇപ്പോ തന്നെ ഒരുപാടായില്ലേ? ഒരു കവിളും കൂടെയുണ്ട്. അതിനെ അവോയ്ഡ് ചെയ്യുമ്പോ വിഷമമാവില്ലേ”?
ജുമൈലത്ത് മന്ദസ്മിതം തൂകി. ഇടത് കവിളിൽ തെരുതെരെ ഒരുപാട് ഉമ്മകൾ ചൊരിഞ്ഞു. പക്ഷാപാതം കാണിച്ചു എന്ന ഒരു പരാതി വേണ്ട എന്ന് കരുതിക്കാണും. ഞങ്ങൾ താഴെ അടുക്കളയിലെത്തി.
“ഇന്നലെ വെറുതെ ഇരുന്നപ്പോ നന്നായി പഴുത്ത് കറുത്ത ഏത്തപ്പഴവും കട്ടിക്ക് പഞ്ചസാരയിട്ട് മധുരം കൂട്ടിയ പാലും കുടിക്കാനൊരാഗ്രഹം. അപ്പോ തന്നെ പഴം വാങ്ങി അരി ചാക്കിൽ പൂഴ്ത്തി. പഴം കണ്ടപ്പോ ഉണ്ണിയപ്പം കഴിക്കാൻ തോന്നി. അതിനാ ഇത്. രേണു വരാനായില്ലേ? അപ്പോ ചായേം ഉണ്ണിയപ്പോം ആവാം”
ഞാൻ ഒരു ചെറിയ ചായ പാത്രത്തിൽ പാലൊഴിച്ച് അടുപ്പത്ത് കയറ്റി. ഉണ്ണിയപ്പ ചട്ടി കഴുകിയെടുത്ത് ഉണ്ണിയപ്പത്തിനുള്ള മാവും സ്റ്റോർ റൂമിൽ നിന്ന് ഏത്തപ്പഴവും എടുത്ത് വന്നപ്പോഴേക്ക് പാൽ തിളച്ചിരുന്നു. ഊതി ഊതി ചൂടാറ്റിയ പാൽ ഒരു കപ്പിലെടുത്ത് ഞാൻ ജുമൈലത്തിന് നേരെ നീട്ടി. കപ്പ് വാങ്ങുന്നതിന് പകരം ജുമൈലത്ത് തുടുത്ത ചുണ്ടുകൾ വിടർത്തി. ഞാൻ ഗ്ലാസ് ചെരിച്ച് വായിലേക്ക് ഒഴിച്ചു കൊടുത്തു. നീട്ടിയ പഴുത്ത പഴത്തിൽ നിന്ന് ഒരു കടിയെടുത്ത് പാലും പഴവും ഒന്നിച്ച് അൽപ സമയം വായിലിട്ട് ചവച്ചരച്ച് ആ ഒരു രുചി ശരിക്ക് അറിഞ്ഞതിന് ശേഷം ഇറക്കി.
“ഒരു പ്രത്യേക ടേസ്റ്റ്. ഇയ്യിങ്ങനെ പല രുചീം ഇഷ്ടപ്പെടണ ആളാല്ലേ കണ്ണാ?ബാംഗ്ലൂരിലൊക്കെ ടേസ്റ്റ് നോക്കണ ആൾക്കാരുണ്ട്. പ്രൊഫണൽ ടേസ്റ്റ് ടെസ്റ്റേർസ്. ഓരെയാ ഇക്കോർമ്മ വന്നേ”
“ഞാൻ പ്രൊഫഷണലൊന്നുമല്ല. എന്നാലും എനിക്ക് ഒരു സാധനം കഴിക്കുമ്പോ അതിൻ്റെ രുചി ശരിക്കറിയണം എന്ന ഒരിതുണ്ട്. ഫുഡ് ആസ്വദിച്ച് കഴിക്കണം. എല്ലാ ഇൻഗ്രീഡിയൻ്റ്സിൻ്റെയും ടേസ്റ്റ് അറിയണം. എന്നിട്ട് ഒരു പർട്ടികുലർ സംഭവം അസൈൻ ചെയ്യണം. തൊണ്ടയിൽ നിന്ന് ഇറങ്ങിയാൽ രുചി അറിയില്ലല്ലോ. എങ്ങനേ എന്ന് പറഞ്ഞാൽ ഇപ്പോ ഉദാഹരണത്തിന് ഇന്നാളൊരു ചോക്കലേറ്റ് ഡ്രിങ്ക് കുടിച്ച സംഭവം. ഇറ്റ് ടേസ്റ്റഡ് ലൈക് ഏയ്റ്റീസ് ഇഫ് എയ്റ്റീസ് ഹാഡ് എ ടേസ്റ്റ്. അങ്ങനെ”
“ഡിഫറൻ്റ് ഡിഫറൻ്റ് ടേസ്റ്റ് അറിയാനാ ഇയ്യിങ്ങനെ പലതും കഴിക്കണത്”?
“അങ്ങനെ അല്ല. എല്ലാ തരം ഫുഡ് ഐറ്റംസും സാംപിൾ ചെയ്ത് നോക്കണം. അതിൽ ഇഷ്ടപ്പെടുന്നതൊക്കെ കഴിക്കണം”
“അനക്ക്ന്നിട്ട് ഏറ്റോം ഇഷ്ടായതെന്താ”?
“അച്ഛമ്മ ഉണ്ടാക്കുന്ന സദ്യ. അവിയല്. അടപ്രഥമൻ. റെഡിമേഡ് വാങ്ങാൻ കിട്ടുന്നതല്ല. അട പരത്തി തേങ്ങാ പാലൊഴിച്ച് ഉണ്ടാക്കുന്നത്. കടുകെണ്ണ ഒഴിച്ചുണ്ടാക്കിയ മട്ടൻ കറി. പാട്യാലേല് ചെല്ലുമ്പോ കഴിക്കാറുണ്ട്. രേണു ഉണ്ടാക്കുന്ന സീ ഫുഡ് ഐറ്റംസ്. വീട്ടിലുണ്ടാക്കിയ കോഴിക്കോടൻ ബിരിയാണി കഴിക്കണന്ന് ആഗ്രഹണ്ട്. പാക്കറ്റ് മസാലക്ക് പകരം ഒക്കെ പൊടിച്ച് ചേർത്ത് മസാല കൂട്ട് ഉണ്ടാക്കി വീട്ടിലുണ്ടാക്കുന്നത്. ഞാനോ രേണുവോ ആരുണ്ടാക്കിയാലും ആ ഒരു പെർഫക്ഷൻ കിട്ടില്ല. പിന്നെ മാവ് പുളിപ്പിച്ച സാധനം. ലൈക് ദോശേം ഇഡ്ഡലീം”
“പൊറത്ത്ന്ന്ളളതൊന്നൂല്ലേ? ഇംഗ്ലീഷ്?അറേബ്യൻ. അങ്ങനെ എന്തേലും”?
“അതൊക്കെ കഴിക്കാന്നേ ഉള്ളൂ. ഞാനാ പറഞ്ഞതൊക്കെ ഓർമ്മയില് തങ്ങി നിൽക്കുന്നതാ. അതായത് ഒരു സാധനം കഴിച്ചിട്ട് കുറേക്കാലം കഴിഞ്ഞാലും ആ രുചി ഓർത്തെടുക്കാൻ കഴിയണം. അങ്ങനെ ഓർമ്മയില് തങ്ങി നിൽക്കുന്ന വേറൊരു സാധനാണ് ആ മധുര കട്ട. ആക്ച്വലി ഭക്ഷണത്തിന് അതുണ്ടാക്കുന്ന ആളുടെ ദോഷം ഉണ്ടാവൂന്നാ. അത് മാറ്റാൻ മന്ത്രമൊക്കെണ്ട്. ഒരു ദോഷോം ഇല്ലാതിരിക്കണമെങ്കിൽ അമ്മ ഉണ്ടാക്കി തരണം. ഉണ്ടാക്കുന്ന ആളുടെ മനസ്സ് പോലെയുണ്ടാവും അതിൻ്റെ ടേസ്റ്റ്. സ്നേഹത്തോടെ ഉണ്ടാക്കി തരുമ്പോ അതിനൊരു ഇത് കൂടുതലുണ്ടാവും. സ്വാദ്. അത്”
ജുമൈലത്ത് എൻ്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ഉണ്ണിയപ്പ ചട്ടിയിൽ എണ്ണയൊഴിച്ചു.
“ഉണ്ണിയപ്പണ്ടാക്കാനറിയോ”?
“അറിയൊന്നൂല്ല. ഇയ്യിൻ്റൊപ്പല്ലേ കണ്ണാ? പിന്നെന്താ? ഇതെങ്ങാനും കൊളായാ ഇയ്യ്ണ്ടാക്കിക്കോണ്ട്. അനക്കല്ലേ കഴിക്കുമ്പോ ടേസ്റ്റ് വേണ്ടത്”?
“അതറിയാൻ കഴിക്കൊന്നും വേണ്ട. മുഹബ്ബത്തിൻ്റെ രുചിയാവും”
നാലേ നാൽപ്പതായപ്പോൾ രേണു എത്തി. ഞാനും ജുമൈലത്തും ഉണ്ണിയപ്പം ഉണ്ടാക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ജുമൈലത്തിനെ അടുക്കളയിൽ കണ്ടപ്പോൾ രേണുവിന് അത്ഭുതം. ഉണ്ണിയപ്പവും കടിച്ച് അടുത്ത് സ്ലാബിൽ കയറി ഇരിക്കുന്ന എന്നെ കണ്ടപ്പോൾ ആ മുഖത്തുണ്ടായ ഭാവവ്യത്യാസം എന്താണെന്ന് ഉറപ്പിച്ച് പറയാൻ വയ്യ.
“ജുമൈലത്തിനെ അറിയില്ലേ രേണൂന്? ജംഷീടെ ഇത്താത്തയാ. കോഴിക്കോട് വന്നപ്പോ വെറുതെ ഇവിടെ ഒന്ന് കയറിയതാ”
രേണു എന്നെയും ജുമൈലത്തിനെയും മാറി മാറി നോക്കി ചിരിച്ചു കാണിച്ച് മുറിയിലേക്ക് പോയി.
രേണു വേഷം മാറി തിരികെയെത്തി. ഞങ്ങൾ ഇരുന്ന് ചായ കുടിച്ചു. സമയം അഞ്ചര കഴിഞ്ഞു. രേണുവും ജുമൈലത്തും ഓരോന്ന് സംസാരിച്ചിരിക്കുകയായിരുന്നു. ഞാൻ കുളിച്ച് നിലവിളക്ക് കൊളുത്തി ആറേ കാലായപ്പോഴേക്ക് സന്ധ്യാവന്ദനാദി പരിപാടികൾ കഴിച്ചു. ജുമൈലത്ത് രേണുവിനോട് യാത്ര പറഞ്ഞിറങ്ങി. ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ഞാൻ രേണുവിൻ്റെ കാറെടുത്തു. കാറ് ഓടി കൊണ്ടിരിക്കുകയാണ്. ജുമൈലത്ത് വിൻഡോയിലേക്ക് ചാരി വഴിയോര കാഴ്ചകൾ കണ്ടിരിക്കുന്നു. ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. ഒരു ആറേഴ് കിലോമീറ്റർ പോന്നിട്ടുണ്ടാവും. ആ അസുഖകരമായ നിശബ്ദത ഭഞ്ജിക്കാൻ ജുമൈലത്ത് മ്യൂസിക് പ്ലെയർ ഓൺ ചെയ്തു.
“… എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ ….”
രേണു കേൾക്കുന്ന പാട്ടുകളാണ്. അതിനടുത്ത പാട്ട് അതിലും കേമമായിരുന്നു.
” …ഒരു നൂറാശകൾ മിഴികളിൽ മൊഴികളിൽ പൂത്തുവോ…”
കാറിലെ പാട്ട് പെട്ടിയിൽ പ്രണയഗാനങ്ങൾ മാത്രം. ആനന്ദ് രവീന്ദ്രൻ എൻ്റെ മനസ്സിലേക്ക് കടന്ന് വന്നു. കണ്ണ് ഡോക്ടർ തൊട്ടു പുറകെ തന്നെ എത്തിയപ്പോൾ ഞാൻ പ്രൊഫസ്സറെ അങ്ങ് വെട്ടി കളഞ്ഞു.
“… അകലെയെന്നാൽ അരികെ നാം
അരികിലെന്നാൽ അകലെ നാം
ഇള നിലാവിൻ കുളിരുമായ്
യാമ കിളികൾ രഹസ്യ
രാവിൽ കുറുകുന്നതെന്താണോ…”
ഞാൻ നോക്കുമ്പോൾ ജുമൈലത്ത് കൈ നിവർത്തിപ്പിടിച്ച് വിരലിലെ മോതിരം നോക്കിയിരിക്കുകയായിരുന്നു. ആ മനസ്സ് മറ്റെങ്ങോ ആണെന്ന് എനിക്ക് തോന്നി. ഞാൻ കാറ് വഴിയരികിൽ ഒതുക്കി.
“ഏതിനാ കൂടുതല് എഫേർട്ട് വേണ്ടി വന്നത്”?
“എന്താ കണ്ണാ”?
ജുമൈലത്ത് ചിന്തകളിൽ നിന്നും തിരിച്ചെത്തി. ഞാൻ ജുമൈലത്തിൻ്റെ കയ്യിലെ മോതിരം ചൂണ്ടി കാണിച്ചു.
“ആർക്കാ കൂടുതല് എഫേർട്ട് വേണ്ടി വന്നത്? ബുദ്ധിമുട്ടേണ്ടി വന്നത് അല്ലെങ്കിൽ പ്രയാസപ്പെടേണ്ടി വന്നത്”?
“ഇംതിയാസിന്. ഇൻ്റെ ഖൽബില് ഇയ്യെത്ര ഈസിയായിട്ടാ കേറിയത്. ഓനെ ഇക്ക് ആദ്യം ഇഷ്ടല്ലേന്നു. ചെറിയ ഒരു ചെക്കൻ പിന്നാലെ നടക്കുമ്പോ ദേഷ്യം വരൂലേ? ഓന് കൊറേ കഷ്ടപ്പെടേണ്ടി വന്നു. ഇപ്പോ ഇന്നെ ഇഷ്ടപ്പെടാൻ അനക്കാവും കൂടുതല് എഫേർട്ട് വേണ്ടി വരാ. ഇയ്യും ചെറിയ ചെക്കനല്ലേ? ഇംതിയാസിന് അത് വേണ്ടേന്നു. പക്ഷേ അനക്ക് ഓനേക്കാളും പവറ്ണ്ട്”
“പക്ഷേ അവസാനം ഇംതിയാസാ ജയിച്ചത്. ഇപ്പോ ആ ഒരു പേര് മാത്രല്ലേ ഉള്ളൂ മനസ്സില്? ഇനി എന്നെങ്കിലും മറക്കാൻ പറ്റ്വോ? എന്ത് പവറാ എനിക്കുള്ളത്”?
“ഓനെ തന്നെ മനസ്സിലിട്ട് പടച്ചോൻ്റെ വിധിണ്ടെങ്കില് ഏന്നേലും ഒന്നിക്കാന്നും കരുതി ഇഞ്ഞി ആരേം കെട്ടൂലാന്ന് പറഞ്ഞിരുന്നോളാ ഞാന്. ഓനെ അതിൻ്റുള്ള്ന്ന് മാറ്റിയിട്ടാ ഇയ്യ് കേറിയത്. അനക്കത്രക്ക് പവറ്ണ്ട്ന്ന്. അതിന് അനക്ക് ഓൻ്റത്ര കഷ്ടപ്പെടേണ്ടി വന്നില്ല”
“അതിന് ഞാനെന്താ ചെയ്തത്”?
“ഇയ്യൊന്നും ചെയ്തില്ല. അതാ ഏറ്റോം വല്യ കാര്യം. യു ഡോൻ്റ് ഹാവ് റ്റു ഓർ യു ഡോൻ്റ് നീഡ് റ്റു… അറ്റോൾ.. മറ്റോരൊക്കെ ഇന്നെ ഓരോന്നിന് നിർബന്ധിക്കും. വാപ്പയാണേലും ഉമ്മച്ചി ആണേലും അങ്ങനെന്നെയാ. ഓരെ സ്നേഹം ചെലപ്പഴൊക്കെ ശല്യായി തോന്നും. ഇയ്യൊന്നോർത്ത് നോക്ക്. ഓരെ അതേ സ്നേഹം കൊണ്ട് ശ്വാസം മുട്ടുന്ന ആ ഒരു സിറ്റ്വേഷൻ. സഫൊക്കേറ്റിംഗ് അണ്ടർ ദ വെയ്റ്റ് ഓഫ് ലൗവ്. ഓരൊക്കെ ഇന്നെ ഇഷ്ടപ്പെടണേന് എന്തേലൊക്കെ കാരണണ്ട്. ജംഷീറാണേലും മൻസൂറാണേലും ഒക്കെ. അനക്ക് അങ്ങനത്തെ കാരണങ്ങളൊന്നൂല്ല. ഇയ്യിന്നെ ഇഷ്ടായോണ്ട് ഇഷ്ടപ്പെടുന്നതല്ലേ? ഇംതിയാസിന് കൺസ്ട്രയിൻ്റ്സാളളത്. ചെല സമയത്ത് കൺട്രോളിങ്ങായി തോന്നീണ്ട്. ഓരെ ഫാമിലിയില് കൊറേ തങ്ങമ്മാരുണ്ട്. അതോണ്ടാവും. ഓൻ കൊറച്ച് ഓർത്തഡോക്സിയനാ. അൻ്റെ വല്യച്ചൻ ഏതോ വല്യ അമ്പലത്തിലെ തന്ത്രിയല്ലേ? അൻ്റത് പണ്ടേക്കും പണ്ടേ കേളി കേട്ട നമ്പൂതിരി കുടുംബല്ലേ? അതൊക്കെ ആയിട്ടും അനക്കങ്ങനത്തെ കൊഴപ്പൊന്നൂല്ല. ഒന്നര കൊല്ലായിട്ട് ഇക്കന്നെ അറിയാം. അൻ്റെ സ്നേഹത്തിന് കനല്ല കണ്ണാ. ഇക്ക് ശ്വാസം മുട്ടൂല”
“ഇംതിയാസുള്ള മനസ്സിൽ വേറൊരാൾക്ക് കയറിപ്പറ്റാനാവും കൂടുതൽ എഫേർട്ട് വേണ്ടി വരാന്നാ ഞാൻ കരുതിയത്”
“അല്ല കണ്ണാ. ഇയ്യായതോണ്ടാ അങ്ങനെ ആയേ. ഉമ്മച്ചി തന്നെ എത്ര വട്ടം പറഞ്ഞിണ്ട്…. കുടുംബക്കാരും അല്ലാത്തോരും ഒക്കെ പറഞ്ഞതാ. ഇംതിയാസിന് ആക്സിഡൻ്റായപ്പോ ഞാനെങ്ങനേന്നൂന്ന് അനക്കറിയൂലേ? നിസ്സാര സമയം കൊണ്ട് ഇയ്യിന്നെ ഇങ്ങനെയാക്കി. അത് അന്നെ കൊണ്ട് മാത്രേ പറ്റൂ. ഇഞ്ഞി ഒരു വട്ടം കൂടെ വയ്യ കണ്ണാ. ഞാൻ ചാവൊള്ളൂ”
“നിങ്ങക്കേ പുനർജന്മത്തിൻ്റെ കൺസപ്റ്റ് ഒന്നും ഇല്ലല്ലോ…. ഞാനാണെങ്കിൽ ഇപ്പോ എന്താ പറയാ? …അതായത് ഇംതിയാസിന് ഈ ഒരു ലൈഫ് ടൈമില് വേറെ ചില പർപ്പസുകളുണ്ടേന്നു. അത് കൊണ്ട് നേരത്തേ പോവേണ്ടി വന്നു. അപ്പോ പ്രാണ സഖിയെ വിശ്വാസമുള്ള മറ്റൊരാളെ ഏൽപ്പിച്ചു. ജസ്റ്റ് ഈയൊരു ജന്മത്തേക്ക് മാത്രള്ള അറേഞ്ച്മെൻ്റ്. അങ്ങനെ വിചാരിച്ചാ മതി”
“അൻ്റെ പ്രാണസഖി ആണേലോ ഞാന്? ഇന്നെ അൻ്റെടുത്ത് എത്തിക്കാനാ ഓനാദ്യം വന്നതേലോ”?
“അതറിയാനിപ്പോ വഴിയൊന്നും ഇല്ല”
ഞാൻ കാർ സ്റ്റാർട്ടാക്കി. കാറ് വീണ്ടും ചലിച്ചു തുടങ്ങി.
ജുമൈലത്ത് മന്ദസ്മിതത്തോടെ എൻ്റെ കണ്ണുകളിലേക്ക് ഒരു നിമിഷത്തേക്ക് ഉറ്റു നോക്കി. വിശാലമായ ആ നേത്രങ്ങൾ ഒന്നു കൂടി വിടർന്നു. പതിവില്ലാത്ത ഒരു നാണം ആ മുഖത്ത് തെളിഞ്ഞു. കവിളുകൾ രക്തം ഇരച്ചു കയറി അരുണാഭമായി. എൻ്റെ മുഖത്ത് നിന്നും മിഴികൾ മാറ്റി ലജ്ജയാൽ തലയും കുമ്പിട്ട് ഡാഷ് ബോർഡിലെ ഏതോ ഒരു സ്വിച്ച് ഓണും ഓഫുമാക്കി താഴെ കാറിൻ്റെ ഫ്ലോറിലേക്കും നോക്കി ഇരിക്കുകയാണ് ജുമൈലത്ത്.
“പിന്നേ… ജംഷീറിൻ്റെ താഴെ ഇഞ്ഞി ആരൂല്ല”
മധുരമായ സ്വരത്തിൽ കാതരയായി അതും പറഞ്ഞ് മുത്തുമാല പൊട്ടിച്ചിതറും പോലെയുള്ള കുണുങ്ങിച്ചിരിയോടെ ജുമൈലത്ത് എൻ്റെ മാറിലേക്ക് മുഖം പൂഴ്ത്തി. അതല്ലാതെ ജുമൈലത്തിന് ഒളിക്കാൻ വേറെ സ്ഥലമൊന്നും ഇല്ലായിരുന്നു. എൻ്റെ കൈ രണ്ടും സ്റ്റിയറിങ് വീലിലായിരുന്നു. ഞാൻ ഒരു കൈ കൊണ്ട് ജുമൈലത്തിൻ്റെ മുഖം നെഞ്ചിൽ നിന്ന് മാറ്റി എൻ്റെ മുഖത്തിന് നേരെ ഉയർത്തിപ്പിടിച്ചു.
“അല്ലാഹുവിൽ നിന്നുള്ള അമാനത്തല്ലേ? ഇഷ്ടം പോലെ മുസ്ലീംസ് വേറെ ഉണ്ടായിട്ടും എൻ്റടുത്ത് തന്നെ എങ്ങനെ എത്തീന്നാ… എന്നാലും ഞാൻ ജീവനുള്ള കാലത്തോളം കാത്ത് സൂക്ഷിച്ചോണ്ട്. ബട്ട്… റ്റു ലവ് യു ദെ വേയ് യു വാൻ്റ് റ്റു ബി ലൗവ്ഡ്… അങ്ങനെ ചെയ്യാൻ … അതിന് എനിക്ക് കുറച്ച് കൂടി സമയം വേണം”
“ഇയ്യെത്ര സമയം വേണേലും എടുത്തോ. ഐ വിൽ ബി യുവേർസ് ഇൻ ദ ഹാർട്ട്. റ്റിൽ ദ എൻഡ്. ഇഞ്ഞി ആരും ഉണ്ടാവൂല”
ഞാൻ സ്റ്റിയറിങ് വീലിൽ നിന്ന് കയ്യെടുത്തു. ജുമൈലത്തിൻ്റെ വലത് കൈ എൻ്റെ ഇടത് കൈയിൽ ചേർത്ത് പിടിച്ചു.
“ഇനി എന്തിനാ വേറെ ആള്? അവസാനം വരെ ഞാനുണ്ടായാ പോരേ”?
ജുമൈലത്തിൻ്റെ കൈ വിറക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അതിൽ മുറുക്കെ പിടിച്ചു.
“മതി കണ്ണാ. കൊതിച്ചത് ഇംതിയാസിൻ്റെ ഒപ്പള്ള ജീവിതാണേലും വിധിച്ചത് അൻ്റെ കൂടെള്ള അതിനേക്കാളും അതിമനോഹരായ ജീവിതാ”
രേണുവിൻ്റെ പ്ലേലിസ്റ്റിലെ പാട്ടുകൾ കഴിഞ്ഞു. ഞങ്ങൾ പുതിയ പാലത്തെ ഫ്ലൈ ഓവറിന് മുകളിലെത്തി. ജുമൈലത്ത് എന്നെ തന്നെ നോക്കി ചെരിഞ്ഞ് ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നില്ലെങ്കിലും ആ മനസ്സിലെന്താണ് എന്നെനിക്കറിയാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് മൗനം വാചാലമാകുന്നത്.
ബസ്റ്റാൻ്റിൽ എത്തിയപ്പോൾ ഏഴ് മണിയായി. ബസ്സ് ട്രാക്കിൽ കൊണ്ട് വന്ന് നിർത്തിയിട്ടുണ്ട്. ജുമൈലത്ത് അകത്തേക്ക് കയറി. ബസ്സിൽ ആളുകളില്ല. സീറ്റൊക്കെ ഒഴിഞ്ഞുകിടക്കുന്നു. ഫുൾ ബുക്ക്ഡ് അല്ല. ശനിയും ഞായറും ഒന്നും അല്ലാത്തത് കൊണ്ടായിരിക്കും. പോകുന്നത് വരെ ജുമൈലത്തിൻ്റെ അടുത്തിരിക്കാം എന്ന വിചാരത്തോടെ ഞാനും അകത്തേക്ക് കയറി. ജുമൈലത്ത് വന്ന് കന്നഡയിൽ കാര്യം പറഞ്ഞപ്പോൾ കണ്ടക്ടർ തടഞ്ഞതൊന്നുമില്ല.
“ഇയ്യിൻ്റെ കൂടെ വര്വോ കണ്ണാ”?
“വരണോ? രേണുവിനോട് ചോദിച്ചാൽ മതി. രേണു സമ്മതിച്ചാൽ ഞാൻ വരാം”
“വന്നാല് ഇയ്യ് ചോദിച്ചത് ഞാൻ തരും”
ജുമൈലത്തിൻ്റെ കണ്ണുകൾ എൻ്റെ മുഖത്താണ്. എന്തോ ഇപ്പോഴും എനിക്ക് പൂർണമായി മനസ്സ് വരുന്നില്ല. ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റു.
“ഞാൻ ജീവനോടെ ഇല്ലേ. എനിക്കെന്ത് വേണേലും കിട്ടും. ഇംതിയാസിൻ്റതല്ലേ അത്? ആരെങ്കിലും തട്ടിയെടുത്താലും തിരിച്ച് പിടിക്കാനും തടയാനും ഒന്നും ആളിവിടെ ഇല്ലല്ലോ. സ്വന്തമായിട്ടുള്ളത് ആരേലും കൊണ്ട് പോവുന്നത് കണ്ട് നിക്കാം….”
ജുമൈലത്ത് എൻ്റെ കൂടെ പുറത്തേക്കിറങ്ങി. ബസ് പുറപ്പെടാൻ പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്.
“പോകാൻ തോന്നീല്ല കണ്ണാ”
“എന്നാ പിന്നെ എന്തിനാ ഇത്ര തിരക്ക് പിടിച്ച് പോകുന്നത്”?
“അവടന്നല്ല. അൻ്റടുത്ത്ന്ന്”
“വെറുതേ ഒന്ന് നടന്നാലോ മിന്നൂസേ”?
മിന്നൂസേ എന്ന് അറിയാതെ ആണെങ്കിലും ഞാൻ വിളിച്ചു പോയി. അത് കേട്ടപ്പോഴുള്ള ജുമൈലത്തിൻ്റെ സന്തോഷം. വാരിയെടുത്ത് ഉമ്മ കൊണ്ട് മൂടാനാണ് തോന്നിയത്. ബസ് സ്റ്റാൻ്റായത് കൊണ്ട് ഞാനൊന്നും ചെയ്തില്ല. ഇംതിയാസിൻ്റേതല്ല മിന്നൂസ്. ആ ഒരു നിമിഷം മുതൽ അതെൻ്റെ മിന്നൂസാ എന്ന് ഉറക്കെ പറയാൻ തോന്നി. ഞാനും ജുമൈലത്തും ബസ്റ്റാൻ്റിൽ ചുറ്റി നടന്ന് ഒരു ചായ കുടിച്ച് ബസ്സിനടുത്ത് തിരികെയെത്തി. ബസ്സ് പുറപ്പെടാനായി. കണ്ടക്ടറും ഡ്രൈവറും കയറി.
“കണ്ണാ … ന്നാ ഇഞ്ഞി നിക്കാഹിന് കാണാല്ലേ”
“അതിന് മുന്നെ കാണില്ലേ? പിന്നേ… ഞങ്ങക്ക് മഹറില്ല. താലിയാ ഉള്ളത്. ഞാൻ നമ്പൂതിരിയല്ലേ. ചടങ്ങുകളോട് കൂടിയ വേളിയാ എനിക്ക് പറഞ്ഞിട്ടുള്ളത്. ഇനി ഒന്നും ഉണ്ടായില്ലെങ്കിലും ആ മോതിരം എൻ്റെ മഹറായി കൂട്ടിയാ മതി”
ജുമൈലത്ത് മോതിരം വെറുതെ ഒന്ന് നോക്കി എൻ്റെ കവിളിൽ ഒരുമ്മ തന്ന് ബസ്സിൽ കയറി.
കർണാടകയുടെ വെളുത്ത ഐരാവത് മൾട്ടി ആക്സിൽ വോൾവോ പതിയെ നീങ്ങാൻ തുടങ്ങി. സ്ലീപ്പ് ലൈക് എ ബേബി. അതിൻ്റെ വശങ്ങളിൽ എഴുതിയിരിക്കുന്നു. ജുമൈലത്തിനെ കോരിയെടുത്ത് ഉറക്കാൻ തോന്നുന്നു. സ്റ്റാൻഡിൽ നിന്ന് പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ വോൾവോയുടെ പിന്നിലെ ആക്സിൽ മറു വശത്തേക്ക് തിരിയുന്നത് കാണാനൊരു കൗതുകം. ഞാൻ അവിടെ തന്നെ നിന്നു. ജുമൈലത്ത് എന്നെ കൈ വീശി കാണിച്ചു. അറിയാതെ ഒരു തുള്ളി കണ്ണുനീർ താഴെ നടപ്പാതയിലേക്ക് ഇറ്റി വീണു.
നല്ല നിലാവുള്ള വസന്തകാല രാത്രിയാണ് ഇന്ന്. ഞാൻ ബാൽക്കണിയിലിരിക്കുകയായിരുന്നു. ബസ് താമരശ്ശേരി ചുരം കയറുന്ന ഫോട്ടോസ് ജുമൈലത്ത് സെൻ്റ് ചെയ്ത് തന്നത് നോക്കുകയായിരുന്നു ഞാൻ. രേണു ഭക്ഷണം കഴിക്കാൻ താഴെ നിന്ന് വിളിച്ചു. സുഖകരമായ കാലാവസ്ഥ. കടൽ അടുത്തായത് കൊണ്ട് ചൂടില്ല. തണുപ്പും ഇല്ല. എന്നും ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും ഒക്കെ സംസാരിക്കാറുണ്ട്. പക്ഷേ ഇന്ന്… ഇന്ന് രേണുവിന് പതിവില്ലാത്ത ഒരു മൗനം. ഒന്നും മിണ്ടുന്നേയില്ല. കാരണം എന്താണെന്നറിയാൻ എനിക്ക് അതീന്ദ്രിയമായ സിദ്ധികളൊന്നും പ്രയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു.
“രേണൂ…മിന്നൂസ് ഇംഹാൻസില് ഡോക്ടറെ കണ്ട് പോകുന്ന വഴിക്ക് ഇവിടെ കയറിയതാ. ഉച്ച ആയേന്നു. തിരൂരങ്ങാടീക്ക് പോയി വരാനാണേലും രാത്രിയാവും. അപ്പോ ഞാനിവിടെ ഉണ്ടോന്ന് ചോദിച്ചു. വീട് അടുത്തല്ലേ. ഇത് വരെ കണ്ടിട്ടും ഇല്ലല്ലോ”
“മിന്നൂസോ”?
“എന്നോട് അങ്ങനെ വിളിച്ചാ മതീന്ന് പറഞ്ഞു”
“സാധാരണ അവള് തൃശ്ശൂര് വഴിക്കുള്ള ബസ്സിനല്ലേ പോവല് ? പാലക്കാട് സേലം വഴി ? കോഴിക്കോട് ബസ് നേരത്തേ ബുക്ക് ചെയ്ത് പോവുന്ന ദിവസം പ്ലാൻ ചെയ്ത് രണ്ടും കൂടെ ഒരുമിച്ച്… എന്നേ കൊണ്ടൊന്നും പറയിപ്പിക്കണ്ട. ഇത് വരെ അവള് നിനക്ക് ജുമൈലത്ത് ആയിരുന്നില്ലേ? ഇപ്പോ നിൻ്റെ മിന്നൂസും”
“എൻ്റെ മിന്നൂസല്ല. ഇംതിയാസിൻ്റെ മിന്നൂസ്. ഇംതിയാസ് മരിച്ചിട്ട് ഡിപ്രഷനല്ലേന്നോ. എന്നെ പരിചയപ്പെട്ട് എൻ്റെ കൂടെ കമ്പനി കൂടി അതൊക്കെ മാറീന്ന്. ലാസ്റ്റ് കൗൺസിലിങ് സെഷനേന്നു ഇന്നത്തേത്. അതിന് പോന്നതാ ഇംഹാൻസില്. അപ്പോ പിന്നെ ഇതിലേ പോവാന്ന് വിചാരിച്ചിട്ടുണ്ടാവും. അതിനെന്താ”?
രേണു ഒന്നും പറഞ്ഞില്ല. ഞാനും കൂടി കഴിച്ച് കഴിഞ്ഞതോടെ പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് പോയി.
ഞാൻ രേണുവിൻ്റെ അരികിലെത്തി. രേണു ജുമൈലത്തിനോടുള്ള ദേഷ്യം പാത്രങ്ങളോട് തീർക്കുകയായിരുന്നു.
“രേണൂ… ആർ യു ജെലസ്”?
“എന്തിന്? നീയാ മുതുക്കിയുടെ കൂടെ നടക്കുന്നത് കണ്ടിട്ടോ”?
“ജുമൈലത്തിന് അത്രക്ക് പ്രായം ഒന്നൂല്ല. മുപ്പതേ ഉള്ളൂ”
രണ്ട് മൂന്ന് പാത്രങ്ങൾ ഉള്ളത് വേഗം കഴുകി കഴിഞ്ഞു. എല്ലാം എടുത്ത് വെച്ച് ലൈറ്റ് ഓഫാക്കി രേണു ഉടൻ തന്നെ പോയി കിടന്നു. ഞാൻ അടുത്ത് ചെന്ന് കിടക്കയുടെ ഒരറ്റത്ത് ഇരുന്നു.
“അതൊരു പാവം ഡോക്ടറാ രേണൂ. ഞാൻ പറഞ്ഞതല്ലേ…. ഇംതിയാസിൻ്റെ കാര്യം..”
“വിഷമിച്ച് നടക്കുന്നവരുടെയൊക്കെ സങ്കടം മാറ്റാൻ നീയാരാ? അതിനെന്തിനാ ആ മോതിരം” ?
“രേണു അത് കണ്ടോ”?
“എൻ്റെ കണ്ണിന് തിമിരമൊന്നും ഇല്ല. മൂന്നാല് മാസായിട്ട് അലമാരേല് ഇരിക്കുന്നതല്ലേ? അന്ന് ചോദിച്ചപ്പോ എന്താ പറഞ്ഞത്? ഒരാൾക്കുള്ള ഗിഫ്റ്റാന്ന്. ഞാൻ കാർത്തികയാവൂന്ന് കരുതി”
“അത് കാർത്തികക്കല്ല. ജുമൈലത്തിനും അല്ല. അത് ഞാൻ വെറുതേ അന്ന് ത്രീ ഡി പ്രിൻ്ററ് കണ്ടപ്പോ ഉണ്ടാക്കിയതാ”
“ആ പന്ത്രണ്ട് ഗ്രാമിൻ്റെ മോതിരം.. വേണ്ട. വീണിടത്ത് കിടന്ന് ഉരുളണ്ട. വീണ്ടും ജാതകോം പൊക്കിപ്പിടിച്ച് വരണ്ട. എനിക്ക് കേക്കണ്ട ”
“പക്ഷേ അതാണ് സത്യം”
ഞാൻ എഴുന്നേറ്റ് എൻ്റെ മുറിയിലേക്ക് നടന്നു.
“ജുമൈലത്ത്.. അവന് മോതിരം ഇടാൻ വേറെ ആരേം കിട്ടിയില്ല. മിന്നൂസല്ലേ ഇപ്പോ”
രേണു പിറുപിറുത്ത് തിരിഞ്ഞു കിടന്നു.
“എന്താ രേണൂ ചുണ്ടിൻ്റെ ചോടെ പറയുന്നത്” ?
“ഒന്നുമില്ല”
“ജുമൈലത്ത്… ജുമൈലത്ത് … ജുമൈലത്ത്. ജുമൈലത്ത് നല്ല പേരല്ലേ രേണൂ ? എനിക്കത് നല്ലോം ഇഷ്ടായി”
“പേരോ അതോ ആളിനെയോ”?
“രണ്ടും. എനിക്കെല്ലാം ഇഷ്ടമല്ലേ”
“നിൻ്റെ ഇഷ്ടം ഒക്കെ എനിക്കറിയാം. ഇത് അതല്ലാന്നും അറിയാം”
“പിന്നെന്ത് ഇഷ്ടമാ രേണൂ”?
ഞാൻ അടുത്ത് ചെന്ന് തിരിഞ്ഞു കിടക്കുന്ന രേണുവിനെ തോളിൽ പിടിച്ച് എൻ്റെ നേരേ തിരിച്ചു കിടത്തി.
“എനിക്കെങ്ങനെ അറിയാം? നിനക്കല്ലേ അറിയുന്നത്”?
ഞാൻ കുറച്ച് നേരം ആലോചിക്കുന്നതായി ഭാവിച്ചു.
“എന്നാ എനിക്ക് രേണുവിനോടുള്ള അതേ ഇഷ്ടാണ് ജുമൈലത്തിനോടും”
“ആണോ കണ്ണാ”?
“ആണ്. ഞാനേ രേണുവിന് ഒരു പാദസരം വാങ്ങിത്തരണ്ട്. ഉള്ളിൽ ഏഴ് മുത്തുകളുള്ള നടക്കുമ്പോ ജിൽ ജിൽ ഒച്ചയുണ്ടാവുന്ന ഒരു ചിലങ്ക പാദസരം. പാമ്പിൻ്റെ പോലത്തെ ഒരു സ്വർണ ചെയിനും”
“അത്രേയുള്ളോ”?
“അല്ലാതെന്താ? പത്ത് പവൻ്റെ മാലയോ? എനിക്ക് ഞാൻ ഗിഫ്റ്റായി തരുന്നത് എപ്പഴും ഇട്ട് കാണണം. പ്രൊഫസറല്ലേ? ഡെയിലി പത്ത് പവൻ്റെ മാലയിട്ടു നടക്കുന്നത്…. മറ്റേ സീരിയലിലെ പോലെയുണ്ടാവും. പാമ്പിൻ്റെ പോലെ നേർത്ത ഒരു ചെയിനൊക്കെയാണേൽ ഐ തിങ്ക് ദാറ്റ് വിൽ ബി ഫൈൻ”
“നീ പറഞ്ഞ പോലെയുള്ള പത്ത് പവൻ്റെ വേറെ ഒരാളും കാണാത്ത ഒന്നുണ്ട്”
“അത് ഞാൻ വാങ്ങിത്തന്നാൽ ശരിയാവില്ല. ഭർത്താവോ കാമുകനോ… അങ്ങനെള്ളോർക്കുള്ളതാ അത്”
ചിലമ്പൊലി പോലെയുള്ള നേർത്ത പുഞ്ചിരിയോടെ രേണു മലർന്ന് കിടന്നു. രേണുവിൻ്റെ കണ്ണുകൾ തിളങ്ങി. എൻ്റെ മിന്നൂസിൻ്റെ കണ്ണുകളിൽ ഞാൻ കണ്ട അതേ മഴവില്ല്. അതേ ആഴം. അതേ വർണ്ണങ്ങൾ. പ്രണയമാണോ? ആരോട്? ഞാൻ രേണുവിനെ ചുമരിൻ്റെ അടുത്തേക്ക് തള്ളി നീക്കി അടുത്ത് കയറി കിടന്നു.
“എന്നെ എങ്ങാനും ചവിട്ടി നിലത്തിട്ടാലുണ്ടല്ലോ…”
“അതൊന്നും പറയാൻ പറ്റില്ല. ഞാനീ കട്ടിലില് ഒറ്റക്ക് വിശാലായി കിടന്ന് ശീലിച്ചതാ”
ഞാൻ എഴുന്നേറ്റു. രേണു എന്നെ തടഞ്ഞു.
“അപ്രത്ത് കിടന്നോ. ചുവരരിക്കിലായതോണ്ട് നിലത്ത് വീഴില്ല”
ഞാൻ കട്ടിലിൽ കയറി വലിയൊരു ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ട് കൂടി. അതിപ്പോൾ എത്ര വലിയ ചൂടാണെങ്കിലും പുതപ്പ് ദേഹത്തില്ലെങ്കിൽ എന്തോ പോലെയാണ്. രേണു എ സി പതിനാറിലാക്കി. കയ്യെത്തിച്ച് ബെഡ്ഡിനടുത്തുള്ള സ്വിച്ച് ഓണാക്കി. മുറിയിലെ സീറോ ബൾബ് പ്രകാശിച്ചു. അതില്ലെങ്കിൽ എനിക്ക് സ്ലീപ് പരാലിസിസ് ഉണ്ടാകും. കുറച്ച് ദിവസമായി മറ്റെന്തോ രേണുവിൻ്റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി.
“രേണു ഉറങ്ങിയോ”?
“എന്തേ”?
“രേണുവിന് വേറെ എന്തേലും വിഷമമുണ്ടോ”?
രേണു ദീർഘശ്വാസമെടുത്ത് എൻ്റെ നേരെ തിരിഞ്ഞു കിടന്നു.
“അങ്ങനെ ചോദിച്ചാൽ…. ഇഷ്ടപ്പെട്ട ആളിനോട് ഇഷ്ടം പറയാൻ പറ്റില്ലാന്നുള്ള വിഷമം… ആ ആൾക്ക് വേറൊരാളുണ്ട് എന്നുള്ള വിഷമം… പറഞ്ഞാൽ ഇപ്പോ ഉള്ള ആ ഒരു ബന്ധം തകർന്ന് പോയാലോന്നുള്ള വിഷമം…”
“കണ്ണ് ഡോക്ടറെ ഇപ്പോ എന്ത് ചെയ്യാനാ? രേണു കുറച്ച് നേരത്തേ നോക്കണായിരുന്നു”
“എന്നിട്ടും കാര്യം ഒന്നൂല്ല കണ്ണാ… അന്നും നിനക്ക് ….”
രേണു എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടെന്ന് നിശബ്ദയായി. പിടിച്ചു നിർത്തിയതു പോലെ ആ സംഭാഷണം അവിടെ വെച്ച് നിലച്ചു. അന്ന് എനിക്കെന്താണാവോ. ഒരു പക്ഷേ അച്ഛച്ഛൻ്റെ മരണശേഷം ഞാൻ തനിച്ചായതായിരിക്കും കാരണം.
“രേണു പറയുന്നില്ലല്ലോ. അതോണ്ട് ഞാൻ ചോദിക്കുന്നില്ല. പിന്നെണ്ടല്ലോ… രേണുവിനെപ്പോലെ തന്നെയാ ജുമൈലത്തും. അതൊരു പാവാ രേണൂ”
“ആയിക്കോട്ടെ. എന്നാ ഇനി ഉറങ്ങിക്കോ കണ്ണാ. പിന്നേ…. അവള് കൂടെ ഉള്ളപ്പോ മുഖം ഒക്കെ ഇടക്ക് കഴുകിക്കോണ്ടൂ. ചുണ്ടിൻ്റെ പാട് ആൾക്കാര് കാണണ്ട. ലേഡീസ് പെർഫ്യൂമിൻ്റെ സ്മെല്ലും ശ്രദ്ധിച്ചോണ്ടൂ”
ഞാൻ രേണുവിനെ നോക്കാനാകാതെ ജാള്യതയോടെ തിരിഞ്ഞ് കിടന്നു. രേണു എൻ്റെ നെറ്റിയിൽ പതിയെ തഴുകി. ആ മാതൃ സഹജമായ വാത്സല്യത്തിൻ്റെ കുളിർമ്മയിൽ ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
Responses (0 )