മന്ദാകിനി
Mandakini | Author : Mahi
“കൈ വിട് മിഥുൻ…. ”
തന്റെ ഇടതു കൈത്തണ്ടയിൽ മുറുകുന്ന മിഥുന്റെ കൈയിലേക്ക് നോക്കി അനാമിക ചീറി….ക്യാമ്പസിലെ ഏകദേശം വിദ്യാർത്ഥികളും അവർക്കുചുറ്റും കൂടിയിരുന്നു….. സ്ഥലം mla യുടെ മകനുനേരെ ഒരക്ഷരംപോലും മിണ്ടാൻ ഓരോരുത്തരും ഭയന്നു..
“എന്താ അനു ഇത്….. ഞാനൊന്ന് തോട്ടെന്നുവച്ച് നീ ഉരുകി പോകുമോ…”
അടുത്ത നിമിഷം അനാമികയുടെ വലത് കരം മിഥുന്റെ കരണത്ത് പതിഞ്ഞു….അവന്റെ മുഖം ഒരു വശത്തേക് വേച്ചുപോയി…. കണ്ണുകൾ ചുവന്നു
“ഡീീീ….”
അവൻ അലറിവിളിച്ചുകൊണ്ട് അവൾക്കുനേരെ ഉയർന്നതും ഇരുവർക്കും ഇടയിലേക്ക് സെറ തടസമായി നിന്നു….
സെറ അബ്രാം….. മിഥുൻ പല്ലിറുമി
“മിഥുൻ…. മതി….. അവൾക്ക് നിന്നെ ഇഷ്ടമല്ല…. പിന്നെന്തിനാ ഇങ്ങനെ ഇവളെ ശല്യം ചെയ്യുന്നേ?….”
“അത് ചോദിക്കാൻ നീ ആരാടി….. ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതാ….”
അവൻ പുച്ഛത്തോടെ പറഞ്ഞു
“ഉറപ്പിച്ചതല്ലേ…. കഴിഞ്ഞിട്ടില്ലല്ലോ…..”
സെറ അനാമികയുടെ കൈയിൽ പിടിച്ച് മിഥുനെ മറികടന്നു ക്ലാസ്സിലേക്ക് നടന്നു…. അവൻ അവളെ പകയോടെ നോക്കി നിന്നു….
.
.
.
.
.
ക്ലാസ്സിലേക്ക് വന്ന അനാമിക ഡെസ്കിൽ തലവച്ച് കിടന്നു…. സെറ അവളെ മൈൻഡ് ചെയ്യാതെ ബാഗിലെന്നൊരു ചെറിയ കണ്ണാടിയും ഐലീനറും കൈയിലെടുത്തു…
“തിരക്കിട്ട് ഇറങ്ങിയപ്പോ കണ്ണെഴുതാൻ പറ്റീല….”
തന്നെ കൂസാതെ ഇരുന്ന് കണ്ണെഴുതുന്ന സെറയെ അവൾ കൂർപ്പിച്ച് നോക്കി
“അവനിന്ന് എന്റെ കൈയിൽ പിടിച്ചു….”
അനാമിക ദേഷ്യത്തോടെ പറഞ്ഞു
“നീ അവന്റെ കരണം അടിച്ച് പുകച്ചില്ലേ…. പിന്നെന്താ….”
“നീയെന്താ സെറാ ഇങ്ങനെ….. അവനെ നിനക്ക് അറിയില്ലേ, ഇനി എന്തൊക്കെ പ്രശ്നം ഉണ്ടാകുമെന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ….”
“എന്ത് പ്രശ്നം….. അവൻ ചോദിച്ചപോലെ തൊട്ടാൽ ഉരുകുമോ നീ…. ഇനിയും ഇതുപോലെ വന്നാൽ അടിച്ച് കരണം പൊളിക്കണം….”
“നീ പറയുന്നപോലെ അല്ല…. നീയും സൂക്ഷിച്ചോ, നിന്നോടും കാണും അവന് പക”
സെറ അവളെയൊന്നു നോക്കി…. പകയോ… എന്നോടോ
“ഇന്ന് നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ പച്ചക്ക് കത്തിച്ചേനെ അവനെ ഞാൻ…..”
അനാമിക സെറയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു….. എന്തോ ഒരു ധൈര്യം ആ കണ്ണുകൾക്ക് പുറകിൽ ഉണ്ടായിരുന്നു….. ആരെയും ശ്രദ്ധിക്കാത്ത സ്വഭാവക്കാരി…
കോളേജിലേക്ക് വന്നതിനുശേഷം ആദ്യമായി കിട്ടിയ സൗഹൃദം….
.
.
.
.
മൂന്നുനിലകളായി ഉയർന്നുനിൽക്കുന്ന വൃന്ദാവനത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ അനാമികയുടെ ശരീരം വിറച്ചു…..കോളേജിൽ നടന്നതൊക്കെ അച്ഛൻ അറിഞ്ഞിട്ടുണ്ടാവും
ഒരുമാസത്തോളം ആകുന്നു സ്ഥലം mla ആയ മുകുന്ദന്റെ മകൻ മിഥുനുമായുള്ള വിവാഹം ഉറപ്പിച്ചിട്ട്….തറവാടികൾ…. സമ്പത്തിലും പെരുമയിലും മുന്നിൽ നിൽക്കുന്ന കുടുംബം….തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ല ഇതുവരെ…. കാരണവന്മാര് പറയുന്നത് പെൺകുട്ട്യോൾ അനുസരിച്ചാൽ മതിയെന്നാണ് അച്ഛനും വല്യച്ഛനും മുത്തശ്ശനും ഒക്കെ പറയുന്നത്….. അനാമികക്ക് പുച്ഛം തോന്നി
മുറിയിലേക്ക് വന്ന് ബാഗ് അഴിച്ച് കട്ടിലിലേക്ക് ഇടുമ്പോഴേക്കും താഴെ നിന്ന് വിളി വന്നു… അമ്മ ലളിതയുടെ ആയിരുന്നു ശബ്ദം…
താഴേക്കുള്ള പടികൾ ഇറങ്ങുമ്പോഴേ ഹാളിൽ അച്ഛൻ ശ്രീധരനും ഏട്ടൻ അനൂപും നിൽക്കുന്നത് കണ്ടു….അച്ഛന്റെ ഏട്ടന്റെയും മുഖത്ത് ഒരുതരം ദേഷ്യം ആയിരുന്നു….അടുക്കളയിലേക്ക് നടക്കുന്ന അമ്മയുടെ മുഖത്ത് നിസഹായതയും
“ഇന്ന് കോളേജിൽ വച്ച് എന്താ ഉണ്ടായത്….?”
മുഖവരയൊന്നുമില്ലാതെ ശ്രീധരൻ ചോദിച്ചു…. പ്രതീക്ഷിച്ചത് ആയിരുന്നു അയാളുടെ ചോദ്യം…. അനാമിക അച്ഛന്റെ മുഖത്തേക്ക് നോക്കി….
“മിഥുൻ എന്റെ കൈയിൽ പിടിച്ചു… ഞാൻ അവനെ അടിച്ചു….”
പറഞ്ഞു കഴിഞ്ഞതും ശ്രീധരന്റെ കരം അനാമികയുടെ കവിളിൽ പതിഞ്ഞിരുന്നു… അടിയുടെ അഖാതത്തിൽ അവൾ നിലത്തേക്ക് ഇരുന്നുപോയി
“പ്ഫ കഴുവേറി…..വയസിനു മൂത്തവരെ പേര് പറഞ്ഞ് വിളിക്കുന്നോ….”
അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു….. ഒരുതവണകൂടെ ശ്രീധരന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു….ശ്രീധരൻ പിടിച്ചിരുന്നതിനാൽ ഇത്തവണ അവൾ വീണില്ല പക്ഷെ ചുണ്ടിന്റെ ഒരുവശം പൊട്ടി രക്തം പൊടിഞ്ഞു
“മുകുന്ദൻ എന്നെ വിളിച്ചിരുന്നു …. കേട്ടപ്പോ തൊലി ഉരിഞ്ഞുപോയി…. അവന്റൊപ്പം പോയെന്നുകരുതി നിന്റെ എന്തെങ്കിലും തൊഴിഞ്ഞുപോകുവോടി…. ഇനി…. ഇനി ഒരിക്കൽക്കൂടെ ഇതുപോലെ ഒന്ന് ആവർത്തിക്കരുത്….”
താക്കീതോടെ പറഞ്ഞുകൊണ്ട് ശ്രീധരൻ പുറത്തേക്ക് പാഞ്ഞു…. പുകയുന്ന മുഖത്ത് കൈവച്ചുകൊണ്ട് അവൾ വേദനയോടെ അനൂപിനെ നോക്കി… അവൻ മുഖം തിരിച്ചുകളഞ്ഞു
അച്ഛൻ അടിച്ചതിനേക്കാൾ വേദന അവന്റെ പെരുമാറ്റത്തിൽ നിന്നും അനാമിക അനുഭവിച്ചു…. ഏട്ടൻ എന്നുമുതലാ ഇങ്ങനെ ആയത്?…. കൃത്യമായി പറഞ്ഞാൽ അച്ഛനൊപ്പം ബിസിനസിലേക്ക് ഇറങ്ങിയതിന് ശേഷം…. പണത്തിന്റെ ഹുങ്ക് മനുഷ്യരെ പാടെ മാറ്റുമെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഏട്ടൻ
മുറി അടച്ചുപൂട്ടി അവൾ കട്ടിലിൽ നിവർന്നുകിടന്നു… മുഖത്തെ വേദനയിലും ചുണ്ടിലെ നീറ്റലിലും അനാമിക മയങ്ങിപ്പോയി…. ബാഗിൽ കിടന്ന മൊബൈലിൽ സെറയുടെ മിഥുന്റെയും കാളുകൾ മാറി മാറി വരുന്നത് അവൾ അറിഞ്ഞില്ല
.
.
.
.
രാത്രി മയങ്ങി മറ്റൊരു പുലരി ഉണർന്നു…. പകൽക്കാല മേഘങ്ങൾ പുൽകിയെത്തിയ സൂര്യന്റെ നേർത്ത കിരണങ്ങൾ കണ്ണുകളിലേക്ക് പതിച്ചതും അനു ഞെട്ടി ഉണർന്നു….. മുഖത്തിന്റെ ഒരുവശത്ത് അപ്പോഴും വേദന ബാക്കിയായി
കുളിച്ചിറങ്ങി കോളേജ് യൂണിഫോം ധരിച്ചു…. മുടി അഴിച്ച് മുഖത്തിന്റെ ഒരുവശം മറയുന്ന വിധത്തിൽ ഇട്ടു….മറ്റ് ഒരുക്കങ്ങൾ ഒന്നുമില്ലാതെ അവൾ ബാഗുമെടുത്ത് താഴേക്ക് ഇറങ്ങി
ക്യാമ്പസിന്റെ മുന്നിൽ തന്നെയും കാത്ത് നിൽക്കുന്ന സെറയെ കാണുന്നതുവരെ അനാമികയുടെ കണ്ണുകളിൽ കാർമേഘം മൂടിനിന്നു…. അനുവിന് അവളെ കാണണമായിരുന്നു….. തന്റെ ധൈര്യം….ഓടി തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടികരയുന്നവളെ സെറ പകപ്പോടെ ചേർത്തുപിടിച്ചു
“എന്തുപറ്റി അനു…. എന്തിനാ കരയുന്നെ…..”
“എനിക്ക്…. എനിക്ക് അവനെ കല്യാണം കഴിക്കണ്ടടി…”
കുഞ്ഞുകുട്ടികളെപ്പോലെ അനു അവളുടെ നെഞ്ചിൽ കിടന്ന് തേങ്ങി…. സെറ ചുറ്റും കണ്ണോടിച്ചു…. പലരും അവരെ സംശയത്തിന്റെ നിഴലിൽ നോക്കുന്നുണ്ടായിരുന്നു…. ഒരുവിധം സെറ അവളെ സമാധാനിപ്പിച്ചു വാഷ്റൂമിലേക്ക് കൊണ്ടുപോയി….
തുടരും
Responses (0 )