കുറ്റബോധം 15
Kuttabodham Part 15 | Author : Ajeesh | PREVIOUS PARTS
രേഷ്മ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…
ഒപ്പം അവനും…
കരഞ്ഞു കലങ്ങിയ കണ്ണുകൾ പറ്റാവുന്ന പോലെ എല്ലാം മോഡി പിടിപ്പിക്കാൻ കാറിൽ ഇരുന്ന് തന്നെ അവൾ ശ്രമിച്ചിരുന്നു…
ഇപ്പോൾ സങ്കടവും വിഷമവും എല്ലാം മനസ്സിൽ മാത്രമാണ്… മുഖത്ത് ഒരു ചിരി വച്ചു പിടിപ്പിക്കാനും അവൾ മറന്നില്ല…
ഉള്ള് പൊള്ളുന്നത് അവർ അറിയണ്ടല്ലോ…
ആളുകളെ കാണിക്കാൻ വേണ്ടി മാത്രം ഒരു പ്രഹസനം…
ബന്ധുക്കളുടെയും അയൽക്കാരുടെയും ഒരു വലിയ നിര തന്നെ വീടിന്റെ മുൻപിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
വലിയ തിരക്ക്.
ഇരുപക്ഷെ ഇവിടം ഒരു ഗ്രാമപ്രദേശം ആയതുകൊണ്ടാവാം അവൾ ചിന്തിച്ചു…
ആ ജനസഞ്ചയത്തിന്റെ നടുവിലൂടെ സജീഷിന്റെ കയ്യിൽ കൈ കോർത്ത് പിടിച്ച് അവൾ വീടിന്റെ ഉമ്മറത്തേക്ക് നടന്നു…
ഒരു ഭവനത്തിലേക്ക് സർവ്വഐശ്വര്യവും പകർന്നു നൽകാൻ വരുന്ന ദേവിയെ പോലെ, അവളെ കാണാൻ ആ മനോഹര നിമിഷത്തിന് സാക്ഷിയാവാൻ ആളുകൾ തിങ്ങിക്കൂടി…
തീരെ വയ്യാതായെങ്കിലും അഞ്ചു തിരിയിട്ട ഒരു നിലവിളക്കുമായി സജീഷിന്റെ അമ്മ വീടിന്റെ മുൻപിൽ തന്നെ നിൽപ്പുണ്ടായിരുന്നു… തന്റെ മരുമകളെ വീട്ടിലേക്ക് ആനയിക്കാൻ…
അടുത്ത് കൂടി നിൽക്കുന്ന സ്ത്രീ ജനങ്ങൾ രേഷ്മയെ നോക്കി ചിരിക്കുകയും കളി പറയുകയും ചെയ്യുന്നുണ്ട്…
അതോന്നും തെല്ലും വകവക്കാതെ അവൾ അമ്മയുടെ കയ്യിൽ നിന്ന് നിലവിളക്ക് വാങ്ങി…
കത്തുന്ന നിലവിളക്കിന്റെ പ്രകാശത്തിൽ അവളുടെ വർണ്ണ ദീപ്തമായ മുഖം കൂടുതൽ തിളങ്ങി നിന്നു…
” ഒന്ന് പ്രാർത്ഥിച്ചോളൂ മോളെ ”
അമ്മയുടെ വാക്കുകൾ…
അവൾ ഒന്ന് കണ്ണടച്ചു തൊഴുതു…
പിന്നീട് ആ വീടിന്റെ പടികൾ ഓരോന്നായി കയറി
അങ്ങനെ സജീഷിന്റെ ജീവിതത്തിലേക്ക് അവന്റെ സഖിയായി വലതുകാൽ വച്ച് അവൾ കടന്നു വന്നു…
മുൻപിൽ നടക്കുന്ന തന്റെ പ്രിയ പത്നിയുടെ പുറകെ
അമ്മയെയും ചേർത്ത് പിടിച്ച് അവനും വീടിന്റെ അകത്തേക്ക് നടന്നു…
ഒരു ശുഭാന്ത്യം…
വിവാഹത്തിന്റെ ആദ്യ വട്ട ചടങ്ങുകൾ തീർന്നപ്പോൾ തന്നെ ഒരു വിധം ആളുകൾ അവിടെ നിന്ന് ഒഴിഞ്ഞു പോയി…
പിന്നീട് മദ്യക്കുപ്പികളിൽ മതി മറക്കാനും മദലാസകളെ മനം മടുക്കുവോളം കാണാനും വെമ്പുന്ന ചിലർ മാത്രമായി അവിടെ…
സൂര്യൻ 90 ഡിഗ്രിയിൽ നിന്ന് പടിഞ്ഞാറോട്ട് തെല്ല് മാറിയപ്പോഴേക്കും ചെറുക്കന്റെ വീട്ടിലെ പരിപാടിക്കായി വീണ്ടും ആളുകൾ എത്തി തുടങ്ങി… പുതിയ ഒരു ഡ്രെസ്സ് അണിഞ്ഞുകൊണ്ട് നവദമ്പതികൾ പന്തലിലേക്ക് വീണ്ടും കടന്നു വന്നു…
കൂടി നിന്നവർ കയ്യടികളോടെ അവരെ സ്വീകരിച്ചു….
ബന്ധുക്കൾ അധികം ഇല്ലെങ്കിലും നാട്ടിലെ ഒട്ടുമിക്ക ആളുകളും സജീഷിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു…
സഹനത്തിന്റെ മണിക്കൂറുകൾ…
ഇത്തവണ പുതിയ ഒരു ടാസ്‌ക് കൂടി അവറിരുവർക്കും കാരണവൻമാർ കൊടുത്തിട്ടുണ്ട്…
സ്റ്റേജിലേക്ക് ഫോട്ടോ എടുക്കാൻ വരുന്നവർക്ക് ഓരോ മിട്ടായി കൊടുക്കുക.
രേഷ്മ തന്റെ കുടുംബത്തിൽ നിന്നും അയാൾ വക്കത്ത് നിന്നും ഉള്ള എല്ലാവരെയും ഫോട്ടോ എടുക്കാൻ കയറുന്ന സമയത്ത് സജീഷിന് പരിചയപ്പെടുത്തി കൊടുത്തു…
അവൻ തിരിച്ചും…
എല്ലാ പരിപാടികളും കഴിഞ്ഞപ്പോൾ രേഷ്മ ആകെ തളർത്തിരുന്നു…
ഒന്ന് കിടക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു… പക്ഷെ അവളെ തഴുകനും, മുഖം പിടിച്ച് മൃദുലത പരിശോധിക്കാനും, മുടിയുടെയും മുലയുടെയും അളവെടുക്കാനും, സമ്മാനപൊതികൾ കൈമാറാനും ഒക്കെ ആയി ഒരു കൂട്ടം ആളുകൾ എപ്പോഴും ചുറ്റും ഉണ്ടായിരുന്നു…
രോക്ഷവും സഹനവും അവളുടെ മനസ്സിനെ മാറി മാറി വേട്ടയാടി…
” ഇതേപ്പഴാ ഭഗവാനെ ഒന്ന് കഴിയാ… ”
ഒന്ന് കണ്ണടക്കാൻ ഉള്ള കൊതി അവൾ തന്റെ ആരാധനാ മൂർത്തികളെ അറിയിച്ചു…
സമയം രാത്രി 8 മണിയോടടുക്കുന്നു…
പാർട്ടി കഴിഞ്ഞപ്പോഴും സോഫിയുടെ കൈക്ക് ഒഴിവില്ലാത്ത വിധം പണികൾ കിട്ടിക്കൊണ്ടിരുന്നു…
വയ്യാത്ത അമ്മയെ അധികം ബുദ്ധിമുട്ടിക്കാതെ സോഫി എല്ലാം അറിഞ്ഞു ചെയ്യുന്നുണ്ട്…
കുടിക്കാൻ വെള്ളം വേണ്ടവർക്ക് വെള്ളവും, ചായ വേണ്ടവർക്ക് ചായയും ഭക്ഷണം വേണ്ടവർക്ക് ഭക്ഷണവും എല്ലാം സമയത്ത് എത്തിക്കാൻ ഉള്ള ഓട്ടത്തിൽ ആണ് അവൾ…
സോഫി ഓടി നടക്കുന്നത് രേഷ്മ അവളെ ഇരുത്തിയിരിക്കുന്ന മുറിയിൽ ഇരുന്ന് കണ്ടു…
ഏതോ ഒരു ചേച്ചി കൂടി അവരുടെ കൂടെ എല്ലാ പണികൾക്കും സഹായിക്കുന്നുണ്ട്…
“ഇവിടെ വന്ന് എന്റെ മെക്കട്ടു കേറാൻ നിൽക്കുന്ന ഈ പെണ്ണുങ്ങൾക്ക് ചേച്ചിയെ ഒന്ന് സഹായിച്ചൂടെ ”
രേഷ്മ മനസ്സിൽ ഓർത്തു…
ഈ വീട്ടിൽ അവൾക്ക് ആകെ അറിയുന്ന ചുരുക്കം മുഖങ്ങളിൽ ഒന്ന് സോഫി ആയിരുന്നു…
ഓടിനടക്കുന്ന സോഫിയെ പെട്ടെന്ന് റോഷൻ വന്ന് വിളിച്ചു…
” പോവണ്ടേ …. ”
സോഫിയുടെ മുഖത്ത് അപ്പോഴും അപേക്ഷയുടെ ചെറുലാഞ്ചന നിറഞ്ഞു നിന്നിരുന്നു…
” ഇച്ഛായൻ ഉമ്മറത്ത് ചെന്ന് ഇരിക്ക്… ”
എനിക്ക് ഒരു കാര്യം കൂടി ചെയ്യാനുണ്ട്… ”
പക്ഷെ അയാളുടെ മുഖത്ത് അത്ര പ്രസന്നത ഉണ്ടായിരുന്നില്ല…
സുഹൃത്തിന്റെ കല്യാണം ആണെങ്കിലും തന്റെ ഭാര്യ ഒരുപാട് കഷ്ടപ്പെടുന്നത് അയാൾക്ക് വിഷമമുണ്ടാക്കി…
സോഫി കുലുങ്ങി ചിരിച്ചു….
” പണിയൊക്കെ കഴിഞ്ഞു ഇഛായാ… ഇനി ആരും വരാനൊന്നും ഇല്ല എന്നാണ് തോന്നുന്നത്… ”
ഇരുട്ടായില്ലേ…!
” എനിക്ക് സജീഷിനോട് ഒന്ന് സംസാരിക്കണം… ”
” ഇനി ഇതുപോലെ ഒന്ന് കണലൊന്നും ഉണ്ടാവില്ലല്ലോ… ”
റോഷന് അവളുടെ ആഗ്രഹം ഒരിക്കലും നിരസിക്കാൻ ആവുമായിരുന്നില്ല…
അവളുടെ സന്തോഷത്തിന്റെ പൂർണ്ണത അവൻ ആഗ്രഹിച്ചിരുന്നു…
” പോയിട്ട് വാ… ”
റോഷൻ ഒരു കള്ളാച്ചിരിയോടെ പറഞ്ഞു…
സോഫി വേഗം ഉമ്മറത്തേക്ക് പോയി… സജീഷിന്റെ പൊടി പോലും ഇല്ല…
ചില ആളുകൾ ഉമ്മറത്ത് കസേര ഇട്ട് ഇരിക്കുന്നുണ്ട്…
” എന്നാലും അവൻ ഇതിവിടെ… ”
സോഫി വീടിന്റെ വടക്ക് വശത്തേക്ക് നടന്നു… അവിടെ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ട് അവൻ നിൽക്കുന്നുണ്ടായിരുന്നു…
സോഫിയെ കണ്ടതും അവൻ പൈസ കയ്യിൽ കൊടുത്ത് അവരെ യാത്രയാക്കി…
പോകുന്ന സമയത്ത് സോഫിയെ ഒന്ന് ചൂഴ്ന്നു നോക്കാൻ കിട്ടിയ അവസരം മുതലെടുക്കാനും അവർ മറന്നില്ല…
സോഫി തന്റെ കൈകൾ പിന്നിൽ കെട്ടി അവന്റെ അടുത്തേക്ക് നടന്നു…
നേർത്ത കാറ്റ് വീശുന്നുണ്ട്…
വീടിനോട് ചേർന്ന് ധാരാളം മരങ്ങൾ ഉള്ളത്കൊണ്ട് കാറ്റിന് നല്ല തണുപ്പും ഉണ്ടായിരുന്നു..
മുടി കെട്ടി വച്ചിരുന്നു എങ്കിലും മുൻപിലേക്ക് വീണ് കിടന്നിരുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ ആടിക്കളിച്ചു…
നിലാവെളിച്ചം അവളുടെ മുഖത്തിന് കൂടുതൽ കാന്തിയേകി…
” എന്താണ് മാഷെ… ഇന്നത്തെ ദിവസം നിന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ലല്ലോ…. ”
സജീഷ് ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി…
ധാരാളം നക്ഷത്രങ്ങൾ അവനെ തന്നെ നോക്കി പുഞ്ചിരിച്ചു…
” സോഫി ഇന്ന് എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട് … ”
അവൻ വീണ്ടും ആകാശത്തേക്ക് നോക്കി…
” അച്ഛൻ… ”
അച്ഛൻ എന്റെ കൂടെ ഉണ്ട് എന്ന് ഒരു തോന്നൽ… ”
എന്നോട് ഓരോ കാര്യങ്ങൾ ചെയ്യാൻ ആജ്ഞാപിക്കുന്ന പോലെ ഒക്കെ തോന്നുന്നു… ”
അവന്റെ മുഖത്ത് ഒരു ആദി ഉണ്ടായിരുന്നു …
താൻ പറയുന്നത് അവൾ വിശ്വസിക്കാതിരിക്കുമോ എന്ന സംശയം ഉള്ളത് പോലെ…
” ഇന്ന് നിന്റെ കല്യാണം ആയിരുന്നു… ”
മക്കളുടെ കല്യാണത്തിന് അച്ഛന്റെ സാന്നിധ്യം ഉണ്ടാവില്ലേ… ”
അവൾ പുഞ്ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…
” നീ വാ ഇവിടെ ഇരിക്ക്… ”
സോഫി അവന്റെ കൈ പിടിച്ച് വടക്കേപ്പുറത്തെ ചായ്പ്പിലെ പടിയിൽ ഇരുന്നു…
” ഇന്നിനി എന്താ മോന്റെ പരിപാടി… ”
സജീഷിന്റെ മുഖത്ത് ഒരു നാണം നിഴലിച്ചിരുന്നു… അത് മറക്കാൻ അവൻ പാട് പെടുന്നത് കണ്ട് സോഫിക്ക് ചിരിയടക്കാൻ ആയില്ല…
” നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നെ???… ”
” ഒന്നുല്യ ഇനി ആ പാചകത്തിന്റെ ആളുകൾ വരും…
അവർക്ക് പൈസ കൊടുക്കണം.. ”
പിന്നെ അമ്മാവൻമ്മാരെ ഒക്കെ ഒന്ന് യാത്ര പറഞ്ഞ് വീട്ടിലേക്ക് എഴുന്നള്ളിക്കണമെങ്കിൽ പണി കുറച്ചൊന്നും അല്ല… ”
സോഫി മുടി മുൻപിലേക്ക് ഇട്ട് ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് അവനെ നോക്കി ഇരുന്നു…
പണ്ട് പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ യൂണിഫോമിൽ തന്നെ നോക്കി
” നീ എന്താ ഇങ്ങനെ നോക്കി ചിരിക്കുന്നെ… ”
മനസ്സിലെ വേവലാതിയും, വ്യഗ്രതയും എല്ലാം മറച്ചു വച്ച് അവൻ ചോദിച്ചു…
” അത് കഴിഞ്ഞിട്ട് എന്താ പരിപാടി… ”
ഇത്തവണയും അവൾ അതേ ചോദ്യം ഉന്നയിച്ചപ്പോൾ അതിലെ ധ്വനി അവന് മനസ്സിലായിരുന്നു…
” അതിപ്പോ നിനക്ക് അറിഞ്ഞൂടെ സോഫി… ”
അടക്കാനാവാത്ത ഒരു വികാര വിക്ഷോപം അവനിൽ ആ നിമിഷം ഉണ്ടായിരുന്നു…
ചിലപ്പോൾ ഒരു പിരുഷൻ ഇത്രയും നാണിക്കുന്ന ചുരുക്കം ചില നിമിഷങ്ങളിൽ ഒന്നാവാം അത്…
സോഫി ചിന്തിച്ചു…
” ഹമ്മമ്മം… എനിക്ക് തോന്നി…
അങ്ങനെ എന്തേലും ഉണ്ടായാൽ കൊല്ലും നിന്നെ ഞാൻ…. ”
സജീഷ് ഞെട്ടിത്തരിച്ചു…
” നീ എന്താ ഈ പറയണേ… ”
സോഫി അവനെ നോക്കി പൊട്ടി ചിരിച്ചു…
” ഇപ്പൊഴത്തെ നിന്റെ മുഖം ഒരു ഫോട്ടോ എടുത്തിരുന്നേൽ നല്ല രസം ആയേനെ… ”
കുരിശ് കണ്ട സാത്താന്റെ പോലെ… ”
സജീഷിന് ദേഷ്യം വന്നു…
” ഒന്ന് പോടി… ചുമ്മാ മനുഷ്യന്റെ മൂഡ് കളയാൻ… ”
അവൻ സോഫിയുടെ തോളിൽ പിടിച്ച് ഉന്തി…
” ഹാ… തള്ളിയിടല്ലേ ടാ… .”
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാ… ”
പക്ഷേ നീ വിചാരിച്ച ഒരു ടോണിൽ അല്ല എന്ന് മാത്രം… ”
സജീഷ് അവളെ നോക്കാതെ മുഖം വീർപ്പിച്ചു ഇരുന്നു…
” സജീഷേട്ടാ… നമ്മുടെ ഫുഡിന്റെ പൈസടെ കാര്യം… ”
ഒരു പയ്യൻ അവന്റെ അടുത്തേക്ക് വന്ന് ചോദിച്ചു…
സജീഷ് പെട്ടന്ന് തന്നെ അവന് പൈസ കൊടുത്ത് സെറ്റ് ചെയ്തു…
” മോനെ ഫുഡ് ഒക്കെ നന്നായിരുന്നു ട്ടാ… ”
” ഹോ… സന്തോഷം ചേട്ടാ… ”
” നിങ്ങള് നിങ്ങടെ സാധനങ്ങൾ എല്ലാം ഇന്ന് എടുക്കണുണ്ടോ ???
സജീഷ് അവരുടെ സാധന സാമഗ്രികൾ ചൂണ്ടിക്കാട്ടി ചോദിച്ചു…
” …. മ്മമ്മം…. വേണ്ട ചേട്ടാ… ഇന്നിത്രേം വൈകിയില്ലേ… നാളെ ഞാൻ ഒരു വണ്ടിയും ആയി വരാം… ”
അപ്പൊ ശരി… കാണാം…
സജീഷ് അവന് തന്റെ കൈ കൊടുത്തു…
ഹാപ്പി മാരീഡ് ലൈഫ് ചേട്ടാ… ”
സജീഷ് ചിരിച്ചുകൊണ്ട് അവനെ യാത്രയാക്കി…
” താങ്ക്സ് … ”
അവൻ തിരികെ സോഫിയുടെ അടുത്തേക്ക് വന്നു…
” ഹമ്മം…. പറ എന്താ നീ ഉദ്ദേശിക്കുന്നത്… ”
സജീഷ് അവൾ പറഞ്ഞു നിർത്തിയിടത്തു നിന്ന് വീണ്ടും തുടർന്നു…
” അതിപ്പോ ഞാൻ പറഞ്ഞാൽ നീ എങ്ങനെ എടുക്കും എന്നൊന്നും എനിക്കറിയില്ല… ”
സജീഷിന് ദേഷ്യം വന്നു…
” നീ കാര്യം പറ… നമ്മൾ തമ്മിൽ എന്തിനാടി ഈ മുഖവുര ഒക്കെ “
” ടാ… ഇന്ന് നീ രേഷ്മയുടെ അടുത്ത് പോയി ആവശ്യമില്ലാത്ത പരാക്രമം ഒന്നും കാണിക്കരുത്… ”
സജീഷ് വീണ്ടും അവളെ സൂക്ഷിച്ചു നോക്കി…
” ഞാൻ പറയട്ടെ… മുഴുവൻ കേട്ടിട്ട് നീ തീരുമാനിച്ചോ… ”
സജീഷ് ഒന്നും മുണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു…
” എടാ ഞാൻ ഒരു പെണ്ണാണ് എനിക്ക് അറിയാം ഒരു പെണ്ണിന്റെ മനസ്സ്… ”
” ഈ ആദിരാത്രി നടക്കുന്നത് മുഴുവൻ ഒരു തരത്തിൽ പീഡനം ആണ്… ”
സജീഷ് വീണ്ടും അവളെ നോക്കി…
” തമാശ അല്ല… ”
” എടാ എല്ലാ പെണ്കുട്ടികളും നിധിപോലെ കൊണ്ടു നടക്കുന്ന ഒന്നാണ് അവളുടെ ശരീരം… ”
അത് ഒരു താലി കെട്ടിയ അധികാരത്തിൽ പോയി മേയാൻ നോക്കിയാൽ അത് ഒരു അധികാരം ഉപയോഗിക്കുന്ന പോലെ ആയിപ്പോവും… ”
സജീഷ് നിശബ്ദനായിരുന്നു…
എങ്കിലും അവളുടെ വാക്കുകൾ അവൻ ശ്രദ്ധാപൂർവ്വം കാതോർത്തു…
” അവൾക്ക് നീ സമയം കൊടുക്കണം… നിന്നെ അറിയാൻ, മനസ്സിലാക്കാൻ…
അറ്റ്ലീസ്റ്… അവൾക്ക് നിന്നോട് ഒരു പ്രേമം തോന്നാൻ ഉള്ള സമയം നീ കൊടുക്കണം…”
അവൾ നിനക്ക് അറിഞ്ഞു സന്തോഷത്തോടെ തരുമ്പോൾ അല്ലെടാ അതിൽ ഒരു രസം ഉള്ളൂ…??? ”
” നീ ഒന്ന് ഓർത്ത് നോക്ക്… ”
സജീഷ് അതിശയത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു…
” ഇതിപ്പോ ഞാൻ ആകെ ചക്കരഭരണീല് കൈ കുടുങ്ങിയ പോലെ ആയല്ലോ… ”
” സോഫി കുലുങ്ങി ചിരിച്ചു…
നിനക്ക് കുറച്ച് ക്ഷമിച്ചാൽ എന്താ…
എന്തായാലും നിനക്ക് തന്നെ ഉള്ള ചക്കരഭരണി അല്ലെ… ”
അവൻ സോഫിയെ നോക്കി നിരാശയോടെ ഒന്ന് മൂളി…
” ഹമ്മമ്മം… ശരി ”
സോഫി പതിയെ എഴുന്നേറ്റു…
” എന്നാ ഞാൻ പോട്ടെ ടാ… ”
സാരിയുടെ തല മുൻപിലൂടെ ചുറ്റി ഇടുപ്പിൽ വച്ചുകൊണ്ട് അവൾ പറഞ്ഞു…
” ഞാൻ നിന്നോട് താങ്ക്സ് ഒക്കെ പറഞ്ഞാ ബോറാവോ ടി ??? ”
അത് കേട്ടതും അവൾ അവന്റെ വയറിൽ ഇടിച്ചു…
” ഭയങ്കര ബോറാവും… ”
അവൾ തന്റെ കൈകൾ നീട്ടി അവനെ പുണരാൻ മാടി വിളിച്ചു…
അവൻ അവളെ അവസാനമായി പുണർന്നു…
പരസ്പരം മിണ്ടാതെ ഗാഢമായ ഒരു മൗനത്തിലൂടെ എന്തെല്ലാമോ സംസാരിച്ചുകൊണ്ട് അവർ നിന്നു… പതിയെ ആടിയുലയുന്ന മരങ്ങളുടെയും ചെറു കാറ്റ് അവരുടെ പ്രണയത്തിന്റെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയായി
” വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ് ”
സോഫി അവന്റെ കാതിൽ പതിയെ പറഞ്ഞു…
അവൻ അവളെ വിട്ട് മാറി…
” ഹമ്മമ്മം ”
അവൾ തിരിഞ്ഞു നടന്നു… പിന്നീട് ഒരു തിരിഞ്ഞുനോട്ടം പോലും ഉണ്ടായില്ല… വേഗം അകത്തേക്ക് കയറിപ്പോയി…
സജീഷ് വീണ്ടും ആകാശ സാഗരത്തിലെ താരകമീനുകളെ നോക്കി ഉദാസീനനായി നിന്നു.
നിശ്ചലനായി… അവൻ അവരോട് പലതും സംസാരിക്കുന്നുണ്ടായിരുന്നു
സോഫി അകത്തേക്ക് കയറി ആദ്യമേ രേഷ്മ ഇരുന്നിരുന്ന മുറിയുടെ അടുത്തേക്ക് നടന്നു…
ഇപ്പോൾ രണ്ടോ മൂന്നോ പേരെ അവളുടെ അടുത്ത് ഉള്ളു… അവർ പലതും പറയുന്നുണ്ട് അവളോട്…
” രേഷ്മയുടെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങിയ വിയർപ്പ് അവളുടെ മാറിന്റെ വിടവിലൂടെ ഊഴ്ന്ന് ഇറങ്ങി “
ഇങ്ങനെ ഇരുന്നാൽ മതിയോ ഭക്ഷണം ഒക്കെ കഴിക്കേണ്ടെ… ”
സോഫി അവരുടെ ഇടയിലേക്ക് കയറിക്കൊണ്ട് ചോദിച്ചു…
രേഷ്മ വലിയ പ്രതീക്ഷയോടെ സോഫിയെ നോക്കി…
ആ നിമിഷത്തിൽ വിശപ്പിനെക്കാൾ വലുതായി അവൾക്ക് ഒന്നും ഇല്ലായിരുന്നു…
എങ്കിലും ചാടി എണീറ്റ് ഓടാതിരിക്കാനും ആക്രാന്തം കാണിക്കുന്ന പോലെ ഉള്ള ചേഷ്ടകൾ മുഖത്ത് വരാതിരിക്കാനും അവൾ പ്രത്യേകം ശ്രദ്ധിച്ചു…
സോഫി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു…
” കുറച്ച് നേരം കൂടി ഞങ്ങൾ മണവാട്ടികുട്ടിയെയെ ഒന്ന് കണ്ടോട്ടെ… ”
രേഷ്മയെ എണീപ്പിച്ചു കൊണ്ടുപോകുന്നതിൽ ഉള്ള നീരസം പ്രകടമാക്കും വിധം വളരെ ചെറിയ ദേഷ്യത്തോടെയും അൽപ്പം പുച്ഛത്തോടെയും ഒരു സ്ത്രീ അഭിപ്രായം പറഞ്ഞു…
” അയ്യോ ചേച്ചി… ഞാൻ ഒരു കാര്യം പറയാൻ മറന്നു… ”
ചേച്ചിയുടെ കേട്ട്യോൻ ഉമ്മറത്ത് കുടിച്ചു ലക്ക് കേട്ട് ഇപ്പൊ വീഴും എന്ന മട്ടിൽ ഇരിപ്പുണ്ട്… ”
ചേച്ചിയോട് ഒന്നങ്ങോട്ട് ചെല്ലാൻ സജീഷ് എന്നോട് പറയാൻ പറഞ്ഞിരുന്നു…”
” വാള് എങ്ങാനും വച്ചാൽ….
ഇതൊരു കല്യാണ വാടാണ് ….
ചേച്ചി തന്നെ കോരേണ്ടി വരും… ”
ആ സ്ത്രീയുടെ മുഖം വിളറി വെളുത്തു… അടുത്തിരിക്കുന്നവർ അടക്കി ചിരിച്ചുകൊണ്ട് അവരേ കളിയാക്കാൻ തുടങ്ങി…
” ഓഹ് മണി 9 ആവാറായീല്ലേ… ”
വർത്താനം പറഞ്ഞു നേരം പോയത് അറിഞ്ഞില്ല…
വേഗം കുടുംബത്ത് കേറാൻ നോക്കട്ടെ… ”
ആ സ്ത്രീ സോഫിയെ രൂക്ഷമായി നോക്കി…
എന്നിട്ട് കൂടെ ഇരുന്നിരുന്ന മറ്റു പെണ്ണുകളോടായി പറഞ്ഞു…
” ഇനിയും നിന്നാ ഇരുട്ടാവേ… അതാട്ടോ… ”
” അതെയാതെ… ”
സോഫി രേഷ്മയെയും കൊണ്ട് തിരിഞ്ഞു നടക്കുന്നതിന് ഇടക്ക് അവർ കേൾക്കാൻ പാകത്തിന് പറഞ്ഞു…
പറഞ്ഞത് സോഫി ആണെങ്കിലും അതിലെ സംതൃപ്തി മുഴുവനും രേഷ്മക്ക് ആയിരുന്നു…
അതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ ഉള്ള സാവകാശം കിട്ടാത്തതിൽ ഉള്ള പ്രയാസം മാത്രമായിരുന്നു അവൾക്ക്…
രേഷ്മയെ വീട്ടിലെ അകത്തളത്തിൽ കൊണ്ട് ഇരുത്തി സോഫി ചോറും കറികളും വിളമ്പി…
പാർട്ടി കഴിഞ്ഞത്തിന്റെ ബാക്കിപത്രം പോലെ ചിക്കനും ബീഫും എല്ലാം അവളെ നോക്കി പുഞ്ചിരിച്ചു…
രേഷ്മ സോഫിയെ ഒരു മാലാഖയെ കണ്ട പോലെ നോക്കി…
ഒരു ചിറകിന്റെ കുറവേ ഉള്ളു…
” തട്ടിക്കോ ”
ചുറ്റും ഒന്ന് കണ്ണോടിച്ച് അവളെ നോക്കി ഒരു കണ്ണ് കണ്ണടച്ച് ഒരു പ്രത്യേക സ്റ്റൈലിൽ സോഫി പറഞ്ഞു…
” രേഷ്മ നല്ല പോലെ ഭക്ഷണം കഴിച്ചു… ”
രുചി ആസ്വദിക്കാൻ ഉള്ള സാവകാശം എല്ലാം അവൾക്ക് നഷ്ടപ്പെട്ടിരുന്നു…
പലപ്പോഴും ചവച്ച് ഇറക്കാൻ പോലും അവൾ മെനക്കെട്ടില്ല…
” പതുക്കെ കഴിച്ചാ മതി.. ”
അല്ലേൽ വീണ്ടും അടുത്ത ചടങ്ങുകൾ തുടങ്ങും… ”
സോഫി മുന്നറിയിപ്പ് കൊടുത്തു…
രേഷ്മയുടെ മുഖത്ത് വീണ്ടും നിസ്സഹായത തെളിഞ്ഞു…
” ഇതിന് ഒരു അന്ത്യം ഇല്ലേ ഭഗവാനെ… ”
അവളുടെ ബലൂൺ പൊട്ടിയ പോലുള്ള മുഖം കണ്ടപ്പോ അവൾക്ക് ചിരി വന്നു…
” ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ മോളെ… ”
രേഷ്മ അവളുടെ കയ്യിൽ കളിയായി അടിച്ചു…
സോഫി തന്റെ സ്വപ്ന ദേവനെ സ്വന്തമാക്കിയ പെണ്ണിനെ കുശുമ്പോടെ നോക്കി…
ഒരു വ്യാഴവട്ടക്കാലത്തിന് മുൻപ്
തന്റെ ഉറക്കം പോലും അപഹരിച്ചവനെ നേടിയവൾ , ഒരു നോട്ടത്തിനും പുഞ്ചിരിക്കും വേണ്ടി അലഞ്ഞു നാടന്ന എന്റെ ഗന്ധർവ്വനെ കൈക്കലാക്കിയവൾ…
അവളോട് തോന്നുന്ന കുശുമ്പിന് അവസാനം ഉണ്ടാവില്ല…
” ഭാഗ്യം ചെയ്ത കുട്ടിയാ നീ… ”
സോഫി അവളെ നോക്കി പറഞ്ഞു…
രേഷ്മ ഭക്ഷണം കഴിക്കുന്നത് നിർത്തി…
സോഫിയെ ഒരു നേർത്ത ചിരിയോടെ നോക്കി…
” ഭാഗ്യം…
എനിക്കോ? ”
സോഫി സൂക്ഷ്മമായി അവളെ ശ്രദ്ധിച്ചു…
” എന്റെ നഷ്ട്ടം…
എന്നെ അറിയുന്നവർക്ക് നന്നായി അറിയാം എന്റെ ഭാഗ്യക്കേടിന്റെ ആഴം… ”
എന്നെപ്പോലെ ഭാഗ്യം കേട്ട ആരും ഈ പ്രപഞ്ചത്തിൽ ഉണ്ടാവില്ല ചേച്ചി… ”
അവളുടെ വാക്കുകളുടെ ആഴം സോഫി മനസ്സിലാക്കി…
സോഫി ഊണ് മേശയിലേക്ക് നോക്കി തല താഴ്ത്തി ഇരുന്നു…
” ചേച്ചിക്ക് ഇഷ്ട്ടായിരുന്നു ല്ലേ… ”
രേഷ്മ ചുറ്റും ആരെങ്കിലും തന്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഒന്ന് പാളി നോക്കിയ ശേഷം ചോദിച്ചു…
” ഹമ്മം… ”
” അത് സാരമില്ല… ”
സോഫി അവളെ നോക്കി ചിരിച്ചു…
ഒരു തളർന്ന പുഞ്ചിരി…
അതിൽ എല്ലാം ഉണ്ടായിരുന്നു..
” ഇനി മുതൽ സോഫി ഇല്ല… ”
അവന്റെ എല്ലാം നീ ആണ്… ”
പെട്ടന്ന് സോഫി രേഷ്മയുടെ കൈകൾ മുറുകെ പിടിച്ചു…
ഒരു ധൈര്യത്തിന് എന്ന പോലെ…
” അവൻ നിന്നെ പൊന്നുപോലെ നോക്കും…
അത് എന്റെ വാക്കാണ്… ”
” വിശ്വാസമാണ്… ”
” നീ അവനെ വേദനിപ്പിക്കരുത്… ”
രേഷ്മയുടെ കൈകൾ കൂടുതൽ അമർന്നു…
” ഒരിക്കലും… ”
അവൾക്ക് സോഫിയോട് ബഹുമാനം തോന്നി…
” ഇല്ല ചേച്ചി… ”
എന്റെ ഭർത്താവ് ആണ്… ”
ഞാൻ അങ്ങനെ ഒരിക്കലും ചെയ്യില്ല… ”
സോഫി തന്റെ കൈകൾ പിൻവലിച്ചു…
ആ നിമിഷം പൂർണ്ണ സംതൃപ്തി നിറഞ്ഞു നിന്നിരുന്നു സോഫിയുടെ മുഖത്ത്…
കലങ്ങിയ കണ്ണുകളിൽ നിന്ന് കണ്ണീർ വീഴാതെ തുടച്ചുകൊണ്ട് അവൾ അവിടെ നിന്ന് എഴുന്നേറ്റു…
അപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു..
ആരെയോ ബോധിപ്പിക്കാനെന്ന പോലെ.
” സ്നേഹിച്ചവനെ സ്വന്തമാക്കിയ പെണ്ണിനോട് ഇത് പറയണം എന്ന്
” നീ ഭാഗ്യം ചെയ്തവൾ തന്നെ ആണ് മോളെ… ”
അത് നിനക്ക് മനസ്സിലായിട്ടില്ല എന്നെ ഉള്ളൂ… ”
രേഷ്മക്ക് വാക്കുകൾ കിട്ടിയില്ല…
സോഫി പുറത്തേക്ക് നടന്നു…
പിന്നെ അവളെ അവിടെ ആരും കണ്ടില്ല…
ഒരു യാത്ര പറച്ചിൽ ഇല്ലാതെ അവൾ നടന്നു നീങ്ങി…
കൂടുതൽ നേരം അവിടെ നിന്നാൽ പലർക്കും പറഞ്ഞു ചിരിക്കാൻ ഒരു കാരണം മാത്രമാവും ഞാൻ എന്നൊരു ഭയം അവളിൽ ഉണ്ടായിരുന്നു…
” രേഷ്മക്ക് താൻ ഒറ്റപ്പെട്ട പോലെ ഒരു തോന്നൽ മനസ്സിൽ പൊട്ടിമുളച്ചു…
പെട്ടന്ന് ആകെയുള്ള ഒരു തുണ കൂടി നഷ്ട്ടപ്പെട്ട പോലെ…
സജീഷേട്ടനോടും അമ്മയോടും ഒക്കെ തുറന്ന് എന്തെങ്കിലും സംസാരിക്കാൻ അവൾക്ക് ചെറിയ പേടി ഉണ്ടായിരുന്നു…
എന്തൊക്ക പറഞ്ഞാൽ അവർക്ക് ഇഷ്ടപ്പെടുമെന്നോ എന്തൊക്കെ താൻ അവർക്ക് വേണ്ടി ചെയ്യണം എന്നോ യാതൊരു ധാരണയും അവൾക്ക് ഇല്ലായിരുന്നു…
പൂർണ്ണമായ അന്ധത അവളെ വേട്ടയാടി…
ഭക്ഷണം കഴിഞ്ഞ ഉടനെ ഏതാനും ചേച്ചിമാർ അവളെ മണിയറയിലേക്ക് നയിച്ചു…
ആ മുറിയിലേക്ക് കാലെടുത്ത് വാക്കുമ്പോൾ തന്റെ ഉള്ളിൽ നാണമായിരുന്നു ഉണ്ടാവേണ്ടത്… പക്ഷെ ഇതിപ്പോൾ എന്താണ് സംഭവിക്കുന്നത്… അവൾക്ക് മനസ്സിലായില്ല…
ഒരു തരം മൂകത അവളെ പൊതിഞ്ഞു…
ആർക്കൊക്കെയോ വേണ്ടി ചലിക്കുന്ന ഒരു പാവ പോലെ അവൾ ആ മുറിയിലെ കട്ടിലിൽ ഇരുന്നു…
മണിയറയിൽ കൊണ്ടുവിട്ട ചേച്ചിമാർ വിവിധ തരത്തിലുള്ള രസവൈഭവങ്ങൾ അവൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു…
ആ നിമിഷം ഒരു കഥകളി വിദ്ധ്വാൻ പോലും അവർക്ക് മുന്നിൽ അടിയറവ് പറയുമായിരുന്നു…
” മനുഷ്യൻ ഇവിടെ വെപ്രാളവും പേടിയും ആദിയും ഒക്കെ അടക്കിപ്പിടിച്ച്, മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്ത് ഇരിക്കാണ്… ”
അപ്പോഴാ സമാധാനിപ്പിക്കാൻ ഒരു വാക്ക് പോലും പറയാതെ ഭരതമുനിയുമായി കോമ്പറ്റിഷൻ നടത്താൻ നിക്കുന്നത്…
അവൾക്ക് ഉള്ളിൽ ദേഷ്യം ഉറഞ്ഞു തുള്ളി…
പല്ലും നഖവും അവളുടെ ദേഷ്യത്തിന്റെ ചൂടറിഞ്ഞു…
അല്പനേരം കഴിഞ്ഞപ്പോൾ ഷോ കഴിഞ്ഞു…
കളിപറയാലും വീമ്പ് പറയാലും അവസാനിച്ചു…
നടികർ തിലകങ്ങൾ വിട വാങ്ങി…
സമാധാനം…
രേഷ്മ കട്ടിലിന്റെ തലയിൽ ചാരിയിരുന്നു…
ഒപ്പം ഒരു തലയണ അവൾ തന്നോട് ചേർത്ത് പിടിച്ചിരുന്നു…
മുറിയിലെ സി ഫ് ൽ വെളിച്ചത്തിൽ ഭാഗിയായി അലങ്കരിച്ച കട്ടിലും മറ്റും അവൾ നോക്കിക്കണ്ടു…
കിടക്കയും കട്ടിലും പുതിയതാണ്…
പുതിയ ബെഡിൽ ആദ്യമായി ഇരിക്കുമ്പോൾ ഉണ്ടാക്കുന്ന മർദ്ധവം അവൾ ശ്രദ്ധിച്ചു…
അവൾക്ക് ചുറ്റും മുല്ലപ്പൂക്കൾ വിതറിയിട്ടിരുന്നു…
എന്നാൽ സിനിമയിൽ എല്ലാം കാണുന്ന പോലെ മുകളിൽ നിന്നും മാല ഞാത്തി ഇട്ട പോലെ ഉള്ള പൂക്കളുടെ അലങ്കാര രീതിയൊന്നും ഉണ്ടായിരുന്നില്ല…
പഴങ്ങൾ നിറച്ച പാത്രങ്ങൾ ഉണ്ടായിരുന്നില്ല…
പുറത്തേക്ക് തുറക്കുന്ന ഒരു ജനൽ ആ മുറിയിലുണ്ട്…
അവൾ അവിടേക്ക് നടന്നു…
പുറത്തേക്ക് നോക്കി ആകാശത്ത് ഇന്ന് ധാരാളം നക്ഷത്രങ്ങൾ ഉണ്ട്… നല്ല തെളിച്ചമുള്ള രാത്രി…
ചിലപ്പോൾ മറു വശത്തായിരിക്കും അവൾ തിരിഞ്ഞു.
പെട്ടന്ന് വാതിൽ തുറന്ന് സജീഷ് മുറിയിലേക്ക് വന്നു…
പെട്ടന്ന് ഒരു ഭയം ആയിരുന്നു അവളിൽ ഉണ്ടായത്…
രേഷ്മ പുറകിലെ ജനൽ തിണ്ണയിലേക്ക് ചാരി നിന്നു…
സജീഷിന്റെ മുഖത്ത് പൂർണ്ണ സന്തുഷ്ടി നിറഞ്ഞു നിന്നിരുന്നു…
വാതിൽ കുറ്റിയിട്ട ശേഷം അവൻ അവൾക്ക് അരികിലേക്ക് വന്നു…
രേഷ്മയുടെ മുഖം കണ്ടപ്പോൾ സജീഷിന് വല്ലാത്ത കൗതുകം തോന്നി…
അന്ന് പെണ്ണ് കാണാൻ പോയപ്പോൾ കണ്ട ഊർജസ്വലത ഒന്നും ഇല്ല…
ഒരു പാവം പെണ്ണ്…
” നീ എന്താ ഇങ്ങനെ പേടിച്ച് നിക്കണേ… ”
അവൾക്ക് മറുപടി അറിയില്ലായിരുന്നു…
അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി…
സജീഷ് ജനൽ പാളികൾ കുറ്റിയിട്ടു…
പെട്ടന്ന് അവളുടെ ആദി വർദ്ധിച്ചു…
ഒരു നാല് ചുവരുകൾക്ക് ഉള്ളിൽ താൻ പെട്ടു പോയി എന്നൊരു തോന്നൽ…
എനിക്കിതെന്ത് പറ്റി…
എല്ലാം ഞാൻ തന്നെ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയതാണല്ലോ…
പിന്നെ ഇപ്പോൾ എന്താ…
ഇദ്ദേഹം എന്റെ ഭർത്താവാണ്..
ആ മനുഷ്യന്റെ ഒരു ഇഷ്ടത്തിനും മോഹത്തിനും ഞാൻ എതിര് നിൽക്കാൻ പാടില്ല…
അവൾ ഇടംകൈ മുഷ്ടി ചുരിട്ടിപ്പിടിച്ച് ഒരിക്കൽ കൂടി മനസ്സിനെ നിയന്ത്രിച്ചു…
സജീഷ് അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം കട്ടിലിൽ പോയി ഇരുന്നു…
പലതും പറയാൻ അവൻ കരുതി വച്ചിരുന്നു…
പക്ഷെ ഒന്നും മെനക്ക് നാവിൽ വരുന്നില്ല…
സോഫി വന്ന് പറഞ്ഞ ഓരോ വാക്കുകളും അതിന്റെ ധ്വനിയും മാത്രമാണ് മനസ്സിൽ മുഴങ്ങുന്നത്…
” നീ ഇങ്ങ് വാ… ”
സജീഷ് അവളെ നോക്കി വിളിച്ചു…
രേഷ്മ അവന്റെ അടുത്തായി വന്നിരുന്നു…
” സജീഷ് അവളുടെ ചുരുട്ടിപിടിച്ച ഇടം കൈ വിടുവിപ്പിച്ചുകൊണ്ട് അതിൽ തന്റെ വിരലുകൾ കോർത്തു പിടിച്ചു… ”
രേഷ്മയുടെ ശ്വാസഗതി വലിയ തോതിൽ വർധിച്ചു…
” മോളെ…
ഞാൻ ഇപ്പൊ നിന്നെ ഒന്നും ചെയ്യുന്നില്ല… ”
” നീ പേടിക്കണ്ട… ”
രേഷ്മക്ക് പെട്ടന്ന് സഹതാപം തോന്നി…
എന്റെ ആദി കണ്ടിട്ടാണോ ഭഗവാനെ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം എന്ന് അവൾ ചിന്തിച്ചു…
” ഒന്നാമത് എനിക്ക് തീരെ വയ്യ…
ദേ ഇവിടെ കിടന്നതും ഞാൻ ഉറങ്ങിപോവും അത്രക്ക് വയ്യാതായിട്ടുണ്ട്… ”
” പിന്നെ നമ്മൾ തമ്മിൽ ഒരു താലിയുടെ ബന്ധം അല്ലെ ഇപ്പോൾ ഉള്ളു… ”
” അത് പോര… നിനക്കും എനിക്കും ഇനിയും കുറേ കാര്യങ്ങൾ പരസ്പരം തുറന്ന് പറയാൻ ഉണ്ട്… ”
” രേഷ്മയുടെ ഉള്ളൊന്നു കാളി… ”
ദൈവമേ രാഹുലിനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞു കാണുമോ…? ”
ആ ഭയം അവളെ വേട്ടയാടാൻ തുടങ്ങി..
” അങ്ങനെ ഒന്നും… ”
അവൾ പറയാൻ തുടങ്ങിയതും സജീഷ് അവളുടെ മുഖത്തേക്ക് നോക്കി …
അവൾ പെട്ടന്ന് പിൻവാങ്ങി
ആ മുഖത്ത് നോക്കി കള്ളം പറഞ്ഞു തുടങ്ങാൻ ഇഷ്ടമില്ലാത്തതിനാൽ അവൾ അവിടെ വച്ച് നിർത്തി…
” പതുക്കെ മതി…
” എന്തായാലും പൂർണ്ണ ഇഷ്ടത്തോടെ സമ്മതത്തോടെ നീ എന്റെ മുൻപിൽ വരാതെ ഞാൻ നിന്നെ ഒന്ന് തൊട്ട് പോലും വേദനിപ്പിക്കില്ല… ”
” ഇതെന്റെ വാക്കാണ്… ”
രേഷ്മയുടെ ഉള്ളിൽ കുറ്റബോധം ഉറവപൊട്ടി… ”
” നീ കിടന്നോ… ”
സജീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു..
രേഷ്മക്ക് മറുത്തൊന്നും പറയാൻ ഉള്ള കരുത്തില്ലായിരുന്നു…
അവൾ കിടന്നു…
ഒന്നും മിണ്ടാതെ…
അന്ന് രാഹുൽ മരിച്ചപ്പോൾ തന്നെ എന്റെ ഈ ജീവിതവും അവസാനിപ്പിച്ചാൽ മതിയായിരുന്നു…
ഇതിപ്പോൾ ഞാൻ കാരണം ഒരാൾ കൂടി ….
ഈ പാപഭാരം എനിക്ക് ഇങ്ങനെ ചുമന്ന് നടക്കാൻ വയ്യ…
” അന്ന് എന്താണ് ഞാൻ അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം അവൾ ചിന്തിച്ചു… ”
അതെ …
അന്ന് എനിക്ക് ഇതൊന്നും ഒരു തെറ്റെ ആയിരുന്നില്ല…
എന്റെ പൂർണമായ സമ്മതത്തോടെ ഞാൻ ഇഷ്ട്ടപ്പെട്ട, എന്റെ സ്വന്തം രാഹുലിന് ആണ് ഞാനെന്റെ സർവ്വവും സമർപ്പിച്ചത്…
പിന്നെ ഇപ്പോൾ എന്താണ് എനിക്ക് പറ്റിയത്…
” അന്ന് അതൊരു തെറ്റ് അല്ലങ്കിൽ ഇന്നും ഒരു തെറ്റല്ല… ”
പക്ഷെ തനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്ന പരമാർത്ഥം അവൾ മനസ്സിലാക്കിയിരുന്നു…
എങ്കിലും ആരെയോ ബോധിപ്പിക്കാൻ അവൾ കണ്ണുകൾ അടച്ചു കിടന്ന് എപ്പഴോ ഉറങ്ങി…
അന്ന് ഉറക്കം വരാതിരുന്നത് സജീഷിന് ആയിരുന്നു…
ഒരു ദിവസത്തിന്റെ മുഴുവൻ ക്ഷീണവും അവന്റെ കരുത്തുറ്റ ശരീരത്തെ തളർത്തിയപ്പോഴും ഉറങ്ങാൻ പറ്റാതെ അവൻ വീർപ്പുമുട്ടി…
ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിന്റെ അടുത്ത് കിടക്കേണ്ടി വരുന്ന ഏതൊരുവാനും ഈ ആദി ഉണ്ടാവുമായിരിക്കണം…
സജീഷ് തന്റെ ഭാര്യയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു…
അവൾ ഉറങ്ങിയിരിക്കുന്നു…
അത് പൂർണ്ണമായി ബോധ്യപ്പെട്ടപ്പോൾ അവൻ പതിയെ എഴുന്നേറ്റ് ചുവന്ന നിറത്തിൽ ഉള്ള സീറോ ബൾബ് കത്തിച്ചു…
പെട്ടെന്ന് മുറിയിൽ ഒരു അരണ്ട വെളിച്ചം പരന്നു…
അവൾ ഉണരുന്നുണ്ടോ എന്ന് അവൻ ഒരിക്കൽ കൂടി സാകൂതം വീക്ഷിച്ചു…
ഇല്ല നല്ല ഉറക്കം ആണ്…
ഉറങ്ങട്ടെ …
നല്ല ക്ഷീണം ഉണ്ടാവും…
ജീവിതത്തിൽ അധികം കഷ്ടപ്പാട് അനുഭവിക്കാതെ വളർന്ന കുട്ടി അല്ലേ, അത് സ്വാഭാവികമാണ്…
സജീഷ് അവളുടെ മനോഹര മുഖം നോക്കിക്കൊണ്ട് അവളോട് ചേർന്ന് കിടന്നു…
ആ മുഖം നോക്കി നിൽക്കുന്ന ഓരോ മാത്രയും അത്രയും പരമാനന്ദം അവന് കിട്ടുന്നുണ്ടായിരുന്നു…
സജീഷിന്റെ ഹൃദയം പ്രകാശവേഗത്തിൽ മിടിക്കാൻ തുടങ്ങി…
ഉള്ളിലെ കാമത്തിന്റെ ഗുഹാമുഖം പതിയെ തുറക്കുന്നത് അവൻ അറിഞ്ഞു…
” ഒന്ന് കെട്ടിപ്പിടിച്ചാലോ… ”
ഉറക്കത്തിൽ അറിയാതെ കൈ വീണതാണ് എന്ന് വരുത്തിതീർക്കാം…
ചിന്തകൾ അവസാനിക്കും മുൻപേ കൈകൾ പ്രവർത്തിക്കുന്നു…
” എനിക്ക് കാമാസക്തി കൂടുതൽ ആണോ… ”
അവനിൽ ഒരു സംശയം ജനിച്ചു…
അപ്പോഴേക്കും കൈകൾ അവളുടെ ഇടുപ്പിന് മുകളിൽ എത്തിയിരുന്നു…
വല്ലാത്ത മിനുസം…
അവൻ കണ്ണുകൾ ഇറുക്കിയടച്ചു…
പെട്ടന്ന് കൈകൾ പിൻവലിച്ച് കിടക്കയിൽ നിന്ന് എഴുന്നേറ്റ് നിന്നു…
” വല്യേ ഡയലോഗ് ഒക്കെ അടിച്ചപ്പഴേ ഞാൻ വിചാരിച്ചതാ എല്ലാം കയ്യീന്ന് പോവും എന്ന്… ”
കട്ടിലിൽ കിടക്കുന്ന തന്റെ ഭാര്യയെ അവൻ വീണ്ടും നോക്കി…
വീണ്ടും വീണ്ടും മനസ്സ് കൈവിട്ട് പോവുന്നു…
ഇവിടെ കിടന്നാൽ ശരിയാവില്ല…
സജീഷ് അവളുടെ കാലുകൾക്ക് സമീപത്ത് പോയി ഇരുന്നു…
അവളെ നോക്കാതെ ഇരിക്കാൻ അപ്പോൾ മനസ്സിൽ തോന്നിയ ഒരു അടവ്…
അവളുടെ അച്ഛൻ വാങ്ങിക്കൊടുത്ത സ്വർണ്ണ കൊലുസ് കാലിൽ കിടന്ന് മിന്നുന്നുണ്ട്… അവൻ കൊലുസിന്റെ മുകളിലൂടെ കൈ ഓടിച്ചു…
ഇവൾക്ക് എന്തിനാണ് ആഭരണങ്ങൾ …
അത് അവളുടെ ഭംഗി കുറക്കുകയാണ് ചെയ്യുന്നത് എന്ന് അവന് തോന്നി…
മണ്ണിൽ കാല് കുത്താത്ത ഒരു കൊച്ചു കുഞ്ഞിന്റെ പാദം പോലെ ചുവന്ന് തുടുത്ത് ഇരിക്കുന്ന അവളുടെ പാദങ്ങളിൽ അവന്റെ കണ്ണുകൾ തറച്ചു നിന്നു…
ഇത്രയും നിറമോ ???
ചിലപ്പോൾ അത് റൂമിലെ ചുവന്ന വെളിച്ചത്തിൽ തോന്നുന്നതാവും…
അതേ അതു തന്നെ…
എന്നാലും അവൻ അങ്ങനെ വിശ്വസിക്കാൻ ആണ് കൊതിച്ചത്…
” നിന്നെ ഞാൻ സ്നേഹിക്കും പെണ്ണേ…
ഈ ലോകത്തുള്ള മറ്റാരേക്കാളും മറ്റെന്തിനേക്കാളും… ”
സജീഷ് പതിയെ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തു…
പിന്നെ അവളുടെ അടുത്തായി വെറുതെ കണ്ണടച്ച് കിടന്നു…
ഓർമ്മകളിൽ തേരോടിക്കൊണ്ട് എപ്പഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു…
പിറ്റേന്ന് രാവിലെ തന്റെ
ദേഹത്ത് തട്ടിയുള്ള വിളി കേട്ടപ്പോഴാണ് അവൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്…
കണ്ണുകൾ തുടച്ച് ഉറക്കം നഷ്ട്ടപ്പെട്ട ആലസ്യത്തിൽ പതുക്കെ എഴുന്നേൽക്കുമ്പോൾ..
മുൻപിൽ രേഷ്മ കുളിയൊക്കെ കഴിഞ്ഞു നിൽക്കുവാണ്…
ഒരു സ്റ്റീൽ ഗ്ളാസ്സിൽ ചായ ഉണ്ടാക്കി കൊണ്ടുവന്നത് അവളുടെ കയ്യിൽ ഉണ്ട്…
നെറുകയിൽ സിന്ദൂരം തൊട്ടിരിക്കുന്നു…
മുടിയിൽ വെളുത്ത തോർത്ത് കൊണ്ട് ചുറ്റി കെട്ടിയിട്ടുണ്ട്…
അപ്പോഴും അനുസരണയില്ലാതെ ഒരു മുടിയിഴ അവളുടെ മുഖത്തേക്ക് വീണ് കിടന്നിരുന്നു…
അതിൽ നിന്ന് ഒരിറ്റ് വെള്ളത്തുള്ളി വീഴാൻ വെമ്പി നിൽക്കുന്നു..
ഒരു പച്ച സാരിയാണ് വേഷം…
ഇന്നലെ ഞാൻ കൈ വച്ച അവളുടെ തുടുത്ത വയറിൽ വെള്ളത്തുള്ളികൾ ചേമ്പിലയിൽ
എന്ന പോലെ പറ്റി പിടിച്ചിരുന്നു…
ആസ്വാദനം അവസാനിക്കാത്ത പോലെ അവൻ തന്റെ ഭാര്യയെ ഒരു നിമിഷം നോക്കി നിന്നു…
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൻ
ഗ്ലാസ്സ് വാങ്ങി…
വളരെ യാന്ത്രികമായി….
അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ആ ചുണ്ടിൽ ഒന്ന് ചുംബിക്കാൻ ഒക്കെ മനസ്സ് കൊതിച്ചെങ്കിലും അതെല്ലാം അവൻ വേണ്ടാന്ന് വച്ചു…
‘അമ്മ…”
അവൻ അന്വേഷിച്ചു..
” അടുക്കളയിൽ ആണ്… ”
ഞാൻ അങ്ങോട്ട് ചെല്ലട്ടെ ഏട്ടാ ‘അമ്മ ഒറ്റക്ക… ”
അവൾ നഖം കൂട്ടി ഉരച്ചു കൊണ്ട് സമ്മതത്തിനായി കാത്ത് നിന്നു…
പറഞ്ഞു വിടാൻ ആഗ്രഹം ഉണ്ടായിട്ടല്ല എങ്കിലും അതേ അപ്പോൾ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ…
അവൻ ചായയും എടുത്ത് ഉമ്മറത്ത് പോയി ഇരുന്നു…
ചായ ചൂടാറും മുൻപേ പോയി പല്ല് തേക്കാൻ അവൻ മറന്നില്ല…
പല്ലുതേക്കാതെ ചായ കുടിക്കുന്ന ശീലം പണ്ടേ ഇല്ല…
പ്രകൃതിയുടെ ഭംഗിയൊക്കെ കൂടി തുടങ്ങിയോ അവൾ വന്നപ്പോൾ…
അതോ എനിക്ക് തോന്നുന്നതാണോ…
ജീവിതത്തിന് ഇപ്പോൾ സൗന്ദര്യം കൂടിയ പോലെ അവന് അനുഭവപ്പെട്ടു…
നേർത്ത ഒരു തണുത്ത കാറ്റ് അവനെ തഴുകി പോയി…
കയ്യിലെ റോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു…
പെട്ടന്ന് പുറകിൽ നിന്ന് ഒരു വിളി…
” ടാ ഇങ്ങനെ ഇരുന്നാൽ എങ്ങനാ…
എല്ലാ ബന്ധുക്കളുടെയും വീട്ടിലേക്ക് മോളേം കൊണ്ട് പോണ്ടെ…”
അമ്മയുടെ ശബ്ദം മുഴങ്ങി…
” പറഞ്ഞപോലെ ഇനി അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ… ”
പേരിന് മാത്രം ഉള്ള ബന്ധങ്ങൾ ആണ്…
എങ്കിലും അവളെ എല്ലാവരും കാണട്ടെ…
എന്നെ അവഗണിച്ചവർ എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും കാണണമല്ലോ…
അപ്പോൾ കിട്ടുന്ന ഒരു സുഖം!!! അത് അനുഭവിക്കാൻ അവന്റെ മനസ്സ് വെമ്പി…
പോരാത്തതിന് അവളോട് സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും ആയിരിക്കും…
ആരുടെയും ശല്യം ഇല്ലാതെ
ആദ്യം രേഷ്മയുടെ വീട്ടിലേക്ക് തന്നെ ആണ് പോയത്….
വലിയ സന്തോഷം ആയിരുന്നു അച്ഛന്…
മകളെ കണ്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു…
സ്ത്രീകൾ കരയുന്നത് അവൻ കണ്ടിട്ടുണ്ട്…
എന്നാൽ പുരുഷൻമാർ !!!!
അവർ കരയുന്ന സന്ദർഭങ്ങൾ വളരെ കുറവാണ്…
ആ മനുഷ്യന്റെ ഓരോ തുള്ളി കണ്ണീരും അവളോടുള്ള സ്നേഹത്തിന്റെ നിലക്കാത്ത പ്രവാഹം ആയിരുന്നു….
അവളും കരഞ്ഞു…
സജീഷ് അവരുടെ ഇടയിൽ അൽപ നേരം ഒറ്റപ്പെട്ടു പോയി…
എങ്കിലും ആ നിമിഷം അവൻ ആസ്വദിച്ചു…
അവരുടെ വീടിന്റെ സർവ്വ ഐശ്വര്യവും അവളായിരുന്നു…
അവളെ കാണുമ്പോൾ ഇത്തരം ഒരു വികാര പ്രകടനം സ്വാഭാവികം അണ്…
അതിൽ അവന് തെല്ലും അതിശയം ഒന്നും തോന്നിയില്ല…
അന്നത്തെ ദിവസം അവിടെ തങ്ങി…
പിന്നെ വീണ്ടും യാത്ര…
അടുത്ത ബന്ധുവീട്ടിലേക്ക്…
അവിടെ നിന്നും അടുത്ത വീട്ടിലേക്ക്…
രേഷ്മ അവനോട് ചേർന്നിരുന്ന് ഓരോ വീടുകളും കയറി ഇറങ്ങി…
ബന്ധുക്കളിൽ ഓരോരുത്തർക്കും പല പല ചോദ്യങ്ങൾ ആണ്…
ചിലരുടെ കോനഷ്‌ട്ട് വർത്തമാനങ്ങളും തന്റെ ഭർത്താവിന്റെ കുറ്റങ്ങൾ ആരും കേൾക്കാത്ത വിധം പറഞ്ഞ് തരലും ഒക്കെ ആയി അവർ രംഗം തകർക്കുകയാണ്…
എന്നാൽ അംഗീകാരിക്കേണ്ടത് അംഗീകരിച്ചും അവഗണിക്കേണ്ടത് അവഗണിച്ചും അവൾ ആ കടമ്പ ഭംഗിയായി നേരിട്ടു…
ആരുടെ മുൻപിലും തന്നെ ഒരു നിമിഷം പോലും തലകുനിക്കാൻ അനുവദിക്കാത്ത വിധം വളരെ തന്മയത്വത്തോടെ ആണ് സജീഷേട്ടന്റെ സംസാരം…
അത് രേഷ്മയെ വല്ലാതെ ആകർഷിച്ചു…
എല്ലാത്തിലും ഉപരി തന്നോടുള്ള സമീപനവും…
” നിന്റെ ഈ സ്വഭാവത്തിന്റെ കുഴപ്പം കല്യാണം ഒക്കെ കഴിയുമ്പോഴാ മനസ്സിലാവാ… ”
എന്നാൽ ഇവിടെ നേരെ വിപരീതമാണ് നടക്കുന്നത്…
പലപ്പോഴും എന്റെ അഭിപ്രായം അറിയാൻ ഏട്ടൻ കത്ത് നിൽക്കുന്നു…
അത് എനിക്ക് തരുന്ന സ്ഥാനം ആണ് എന്ന് അവൾ ഉറച്ചു വിശ്വസിച്ചു…
തന്നോട് സംസാരിക്കുന്ന ഓരോ വാക്കിലും ആ മനുഷ്യൻ തന്റെ സ്നേഹം വ്യക്തമായിരുന്നു…
തിരിച്ചും അതുപോലെ പെരുമാറാൻ പറ്റാത്ത വിഷമം ആയിരുന്നു അവളുടെ മനസ്സ് നിറയെ…
ഓരോ ബന്ധു വീടുകളും കയറി ഇറങ്ങി കഴിഞ്ഞപ്പോൾ തന്നെ ഒരാഴ്ച ആയി..
നീണ്ട യാത്രകൾകൊണ്ട്
അവർ പരസ്പരം നല്ലപോലെ സംസാരിക്കാൻ തുടങ്ങിയിരുന്നു…
വലിയ വലിയ കാര്യങ്ങൾ ഒന്നും പറയാറില്ലെങ്കിലും തന്റെ ഭർത്താവിനോട് സംസാരിക്കേണ്ട രീതി അവൾ മനസ്സിലാക്കി…
അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഏതാണ്ട് അവൾ മനസ്സിലാക്കി…
അത് അവർക്കിടയിൽ ഒരു അടുപ്പം സൃഷ്ടിച്ചു എന്ന് പറയാതെ വയ്യ…
” യാത്രകൾ എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയതും രണ്ട് പേരും കട്ടിലിൽ ഒറ്റ വീഴ്ച ആയിരുന്നു… ” പിന്നീട് ഒരു നീണ്ട നിദ്ര… ”
യാത്രകൾ സജീഷിനെ അധികം തളർത്താറില്ല…
വെയിലും മഴയും കൊണ്ട് ശീലമുള്ളതിനാൽ അവന്റെ ഉറക്കത്തിന്റെ ആഴം കുറവായിരുന്നു
പണി ഉള്ള ദിവസങ്ങളിൽ വീട്ടിൽ വന്ന് കിടക്കുന്ന പോലെയെ അവന് തോന്നിയുളളൂ…
അഥവാ ഒന്ന് കണ്ണടച്ചു പോയാലും ഒരു മണിക്കൂറിനകം അവൻ ഉണരാറും ഉണ്ട്…
അൽപ നേരം കഴിഞ്ഞപ്പോൾ
സജീഷ് പതിയെ കണ്ണു തുറന്നു…
രേഷ്മ തന്റെ നെഞ്ചിലൂടെ കൈ ഇട്ട് കിടക്കുന്നു…
അവളുടെ ദേഹം മൊത്തം അവന്റെ ചൂട് പറ്റി കിടക്കുകയാണ്…
ഒരു കൊച്ചു കുഞ്ഞിനെ പോലെ… വല്ലാത്ത ഓമനത്തം ആ മുഖത്ത് നിറഞ്ഞു നിന്നു…
ഒന്ന് അമർത്തി നിശ്വാസിക്കാൻ പോലും അവന് പേടി തോന്നി… അത് പോലും അവളെ ഉണർത്തരുത് എന്ന് അവൻ ആഗ്രഹിച്ചു…
അവളുടെ സ്പർശത്തിന്റെ മാധുര്യം അവനെ പരകോടി നക്ഷത്രസാനുവിലേക്കും കൊണ്ടുപോയിരുന്നു…
സജീഷ് ഒന്ന് തിരിഞ്ഞു കിടക്കാൻ മോഹിച്ചു…
അവളെ നോക്കി കിടക്കാൻ ഉള്ള ഒരു അവസരവും അവൻ നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല….
” എണീക്കല്ലേ ഭഗവാനെ… ”
പതുക്കെ അവളെ ഉണർത്താതെ ഒന്ന് തിരിഞ്ഞു കിടന്നതും ‘അമ്മ മുറിയിലെക്ക് കയറി വന്നു…
” മോളെ ഒന്ന് വാ… ”
പെട്ടന്ന് തന്നെ അവൾ ഞെട്ടി ഉണർന്നു…
സജീഷ് അമ്മയെ തുറിച്ചു നോക്കി…
അല്ലെങ്കിലും ചില കാര്യങ്ങളിൽ അമ്മമാർക്ക് വല്ലാത്ത ടൈമിംഗ് ആണ്…
കൃത്യ സമയത്ത് കയറി വരും…
രേഷ്മ തന്റെ സാരി നേരെയിട്ട് അമ്മയുടെ അടുത്തേക്ക് ചെന്നു…
ചെറിയ ഒരു ചമ്മൽ മുഖത്ത് ഉണ്ടായിരുന്നത് തന്റെ ഭർത്താവ് കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു…
ഒരു പരിധിയിൽ കൂടുതൽ ഭാരം ഒന്നും ഇപ്പോൾ പൊന്തിക്കാൻ അമ്മക്ക് പറ്റാതായി തുടങ്ങി എന്ന് രേഷ്മ മനസ്സിലാക്കിയിരുന്നു…
അടുക്കളയിൽ ചെന്ന് അവൾ കലം ഇറക്കി വച്ചു…
സന്ധ്യക്ക് ഒരു കുളി അമ്മക്ക് ഉള്ളതാണ്…
കുളിമുറിയിലേക്ക് വെള്ളം കൊണ്ടുപോയി ചൂട് പാകമാക്കി വെച്ചു കൊടുത്ത് അവൾ അമ്മയെ വിളിച്ചു പറഞ്ഞു…ഇനി എന്തായലും കിടക്കുന്നില്ല… വന്ന ഉറക്കം പോയി…
അവൾ വീടിന്റെ പുറകിലെ പറമ്പിലേക്ക് നടന്നു…
തന്റെ വീടും ചുറ്റുപാടും വച്ചു നോക്കുമ്പോൾ ഇവിടെ കുറെ കൂടി ശാന്തമാണ് എന്ന് അവൾക്ക് തോന്നി…
ചുറ്റും തിങ്ങി നിൽക്കുന്ന വീടുകൾ ഇല്ല. നല്ല പച്ചപ്പും ധാരാളം മരങ്ങളും,
പോരാത്തതിന് ഈ വഴിയിൽ ആകെ ഉള്ളത് 3 വീട് ആണ്… ബാക്കി സ്ഥലം എല്ലാം കാട് പിടിച്ചു കിടക്കുവാണ്…
സൂര്യന്റെ അസ്തമന രശ്മിയുടെ നേരിയ ചൂടും പറ്റി അവൾ ആ തൊടിയിലൂടെ നടന്നു…
ഇവിടേക്ക് ഒന്നും ഒറ്റക്ക് വരണ്ട എന്ന് സജീഷേട്ടൻ വിലാക്കിയിട്ടുള്ളതാണ്,
അവൾ ഓർത്തു..
പാമ്പ് കുറെ ഉള്ളതാണ് പ്രധാന കാരണം…
എങ്കിലും വീട്ടിൽ തന്നെ കുത്തിയിരിക്കാൻ ഉള്ള മടി അവളെ മുൻപോട്ട് നയിച്ചു…
കൂടാതെ ഒന്ന് ഒറ്റക്കിരിക്കാൻ അവൾ വല്ലാതെ കൊതിച്ചിരുന്നു… വലിയ ഒരു മുളം കൂട്ടത്തിന്റെ അടുത്ത് നിൽക്കുന്ന മാവിൽ നിന്നും വീണ മാമ്പഴങ്ങൾ അവിടവിടെ ആയി കിടക്കുന്നുണ്ട്…
കുറെ ഒക്കെ കിളികൾ കൊത്തി ഇട്ടിട്ടുള്ളതാണ്..
എങ്കിലും വലിയ കേടില്ലാത്ത എല്ലാം അവൾ എടുത്തു…
പഴുത്തതും പച്ചയും ഒന്നും വിട്ടില്ല…
എല്ലാം പറുക്കി തണൽ ഉള്ള ഒരു സ്ഥലത്ത് കൂട്ടി വച്ചു…
അപ്പോഴും ഒരു തണുത്ത കാറ്റ് അവളെ തഴുകിക്കൊണ്ടിരുന്നു…
അവിടെ നിന്ന് പോകാൻ മനസ്സ് സമ്മതിക്കാത്ത പോലെ…
അവൾ ആ പറമ്പിലെ വീണുകിടക്കുന്ന മരത്തടിയിൽ ഇരുന്നു…
മുളംകൂട്ടങ്ങളിൽ നിന്നും അവ കൂട്ടി ഉരയുന്ന ശബ്ദം ഇടക്കിടെ വന്നുകൊണ്ടിരുന്നു… ഉരസൽ മൂലം മുളം കാടിന് തീ പിടിക്കാൻ സാധ്യത കൂടുതൽ ആണ് എന്ന് ചെറുപ്പത്തിൽ ഷീബ ടീച്ചർ പറഞ്ഞു തന്നത് അവൾ ഓർത്തു…
കാറ്റ് ഇടക്ക് ശക്തിയായി വീശുന്നുണ്ട്…
പെട്ടെന്ന് ഒരു ഓടക്കുഴൽ നാദം അവളുടെ കാതിൽ മുഴങ്ങി…
രേഷ്മ ഞെട്ടിത്തരിച്ചു…
ചുറ്റും അവൾ നോക്കി…
രാഹുൽ ഇപ്പോഴും തന്റെ കൂടെ ഉണ്ട് എന്ന് അവൾക്ക് തോന്നി.
വീണ്ടും ആ ശബ്ദം… അവൾ ശബ്ദം കേട്ട് ദിക്കിലേക്ക് നോക്കി…
ഒരു വലിയ മുളയുടെ നടുവിൽ എങ്ങനെയോ വീണ തുള അവളുടെ ശ്രദ്ധയിൽ പെട്ടു… രേഷ്മ കണ്ണടച്ച് ഇരുന്നു…
അവൻ തന്റെ മടിയിൽ കിടന്ന് ഓടക്കുഴൽ വായിക്കുന്നതായി മനസ്സിൽ സങ്കൽപ്പിച്ചു…
” ഹാ… വല്ലാത്ത അനുഭൂതി… ”
അതേ അവൻ ഇപ്പോഴും തന്റെ കൂടെ തന്നെ ഉണ്ട് ”
എന്താണ് എനിക്ക് ഇപ്പോഴും ഇങ്ങനെ തോന്നുന്നത്…
ഇനിയും ഞാൻ അവനെ ഓർത്ത് ദുഃഖിക്കരുത്…
അത് ഞാൻ എന്റെ ഭർത്താവിനോട് ചെയ്യുന്ന വലിയ പാതകം ആയിരിക്കും…
” ഇനിയിപ്പോ ഞാൻ മാത്രം ആയിരിക്കുമോ ഇങ്ങനെ ചിന്തിക്കുന്നത്… ?..
ചിലപ്പോൾ എല്ലാ പെണ്കുട്ടികളും തന്റെ ആദ്യ പ്രണയത്തെ മനസ്സിൽ ഇങ്ങനെ ഒളിച്ചു താലോലിക്കുന്നുണ്ടാവണം… ”
ജീവിതത്തിലെ ഏറ്റവും വലിയ വികാരമായ പ്രണയത്തെ ആദ്യമായി സമ്മാനിച്ച ഒരാളെ എങ്ങനെ മറക്കാനാണ്…
രേഷ്മ നീണ്ട ചിന്തയിൽ ആണ്ടു…
സജീഷ് പറമ്പിന്റെ മൂലയിൽ നിന്ന് നടന്ന് വരുന്നത് അവൾ അകലെ നിന്ന് കണ്ടു…
എന്തോ അപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് പോവാൻ അവൾക്ക് തോന്നിയില്ല…
അവൻ രേഷ്മയുടെ അടുത്ത് വന്നിരുന്നു…
” എന്തുപറ്റി ഇങ്ങനെ ഒറ്റക്ക് വന്നിരിക്കാൻ…?? ”
രേഷ്മ തല താഴ്ത്തി ഇരുന്നു…
” ഹേയ് ചുമ്മാ… ഇവിടെ ഇങ്ങനെ ഇരിക്കാൻ നല്ല സുഖം ഉണ്ട്… ”
നല്ല കാറ്റും തണലും… ”
” അതൊക്കെ ശരിയാ… പക്ഷെ ഈ വെയിൽ ഇറങ്ങുന്ന സമായത്താ ഇഴജന്തുക്കൽ കൂടുതൽ ഉണ്ടാവാണെ… ”
” എനിക്ക് ആകെ നീ മാത്രേ ഉള്ളു… ”
സജീഷിന്റെ മുഖത്ത് ഒരു ചിരി വിരിയുന്നത് അവൾ കണ്ടു…
അവൾ സജീഷിന്റെ കൈകൾക്കുള്ളിൽ കൈ കോർത്ത് ആ തോളിൽ ചാഞ്ഞു കിടന്നു…
” ഏട്ടൻ എന്റെ അടുത്തില്ലേ ഇല്ലേ…
എനിക്ക് പേടി ഒന്നും ഇല്ല… ”
അവൾ മൃദുവായി പറഞ്ഞു…
സജീഷിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി…
” അത് ഒന്ന് സുഖിച്ചയിരുന്നു ട്ടാ… ”
അവൾക്ക് ചിരി വന്നു… ഒപ്പം മനസ്സിൽ വേദനയും ഞാൻ ആ മനുഷ്യനെ പറ്റിക്കുകയാണ് എന്ന ഒരേ വിചാരം…
അധികം നേരം കള്ളം ഒളിപ്പിക്കാൻ ഒട്ടും സാമർത്ഥ്യം ഇല്ലാത്തവളാണ് താൻ എന്ന് രേഷ്മക്ക് നന്നായി അറിയാം
അതുകൊണ്ട് അവൾ പതിയെ വിഷയം മാറ്റി…
” ഞാൻ കുറെ മാങ്ങ പെറുക്കി വച്ചിട്ടുണ്ട്…
വാ ജ്യൂസ് അടിച്ചു തരാം… ”
” എന്നാ വാ… ” സജീഷ് അവളോടൊപ്പം ചേർന്ന് മാങ്ങ മുഴുവൻ പെറുക്കി എടുത്ത് വീട്ടിലേക്ക് നടന്നു…
അപ്പോഴും അവളുടെ മനസ്സിൽ രാഹുലിന്റെ വിചാരം തളം കെട്ടി കിടന്നിരുന്നു…
” ഒരു വറ്റാത്ത കുളം പോലെ… ”
വൈകുന്നേരം ആവുമ്പോൾ പുറത്തേക്ക് പോവുന്ന ഒരു ശീലം സജീഷിന് ഉണ്ട്… ആ നേരം നോക്കി രേഷ്മ ആൻസിയെ വിളിച്ചു…
” ഒരു ആശ്വാസത്തിന് അവൾ മാത്രമേ തനിക്ക് ഇപ്പോൾ ഉള്ളൂ എന്ന് അവൾക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്…
ഒരു കാലത്ത് തന്റെ എല്ലാ പ്രശ്‌നങ്ങൾക്കും എല്ലാ വിഷമങ്ങൾക്കും പരിഹാരം കണ്ടിരുന്ന ശിവേട്ടൻ ഇപ്പോൾ എവിടേക്കോ നാട് വിട്ട് പോയതും അവളെ വല്ലാതെ തളർത്തിയിരുന്നു… ഫോൺ ശബ്ദം മുഴങ്ങാൻ തുടങ്ങി…
മൂന്നോ നാലോ റിങ് കഴിഞ്ഞിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ ആൻസി തിരക്കിൽ ആവും എന്ന് കരുതി അവൾ ഫോൺ വച്ചു…
” എങ്കിൽ പിന്നെ ആവാം… ”
അവൾ ഫോൺ മേശയിൽ വച്ച് പോകാൻ തുടങ്ങിയപ്പോഴേക്കും ആൻസി തിരിച്ചു വിളിച്ചു…
രേഷ്മ വേഗം തന്നെ ഫോൺ എടുത്തു…
” തിരക്കിലായിരുന്നോ ???”
ഫോൺ എടുത്തതും രേഷ്മ ചോദിച്ചു…
” ഹേയ് ഞാൻ ഫോണിന്റെ അടുത്തേക്ക് എത്തണ്ടേ… അപ്പോഴേക്കും കട്ട് ആയി ”
” സുഖല്ലേ നിനക്ക് ??? ”
രേഷ്മ ഒന്ന് നെടുവീർപ്പിട്ടു…
കെട്ട്യോന്റെ ചീത്ത കേട്ടാ ??? ”
” ഹേയ് അതൊന്നും അല്ലടി… ”
ഞാൻ ഇവിടെ ഹാപ്പി ആണ്… ”
” ഒരുപക്ഷേ ആഗ്രഹിച്ചതിനെക്കാൾ എന്നെ ഇവിടെ എല്ലാവരും കെയർ ചെയ്യുന്നുണ്ട്… ”
രേഷ്മ യുടെ മറുപടിയിൽ ആ തൃപ്തി നിറഞ്ഞു നിന്നിരുന്നു…
” പിന്നെ എന്തുപറ്റി… ”
എന്തോ പ്രശ്നം നിന്നെ അലട്ടുന്നുണ്ട്…
അത് എനിക്ക് ഉറപ്പാ… ”
രേഷ്മ നിന്ന് പരുങ്ങി…
” എന്തടി എന്നോട് പറയാൻ നിനക്ക് ഇനി മുഖവുര ഒക്കെ വേണോ??? ”
ആൻസി ഖേദം പ്രകടിപ്പിച്ചു…
” അതുകൊണ്ടല്ല ആൻസി… ”
അതിപ്പോ ….
എനിക്ക് അറിയില്ല…
ഞാൻ ഇപ്പോഴും രാഹുലിനെ വല്ലാതെ ഓർക്കുന്നു… ”
എങ്ങോട്ട് നോക്കിയാലും അവൻ എന്റെ മുൻപിൽ വരുന്ന പോലെ..
ആൻസിയുടെ ചിരിക്കുന്ന ശബ്ദം ഫോണിലൂടെ മുഴങ്ങിക്കെട്ടു…
” കൊള്ളാം… അതൊക്കെ ശരിയവുന്നെ… ”
ഇതൊക്കെ എല്ലാവർക്കും ഉണ്ടാവുന്ന കാര്യങ്ങൾ അല്ലെ … ”
” നീ ഓരോന്ന് ആലോചിച്ചു കൂട്ടാതിരുന്നാ മതി… ”
പക്ഷെ ആ വാക്കുകളിൽ രേഷ്മക്ക് തൃപ്തയാവാൻ കഴിയുമായിരുന്നില്ല…
” അതൊക്കെ എനിക്ക് മനസ്സിലാവും… ”
പക്ഷെ വല്ലാത്ത കുറ്റബോധം തോന്നുന്നു ആൻസി എനിക്ക് …. ”
ആൻസിയുടെ ചിരി പെട്ടന്ന് നിന്നു…
” ഞാൻ എന്നെക്കുറിച്ചുള്ള ഒരു കാര്യവും പറഞ്ഞിട്ടില്ല സജീഷേട്ടനോട്… ”
” ഞാനും അവനും തമ്മിൽ ഉണ്ടായതൊക്കെ എങ്ങനെലും അറിഞ്ഞാൽ …”
എനിക്ക് ആകെ പേടി ആവും ചിലപ്പോ… ”
ഭയം നിറഞ്ഞ വാക്കുകളാൽ അവൾ പറഞ്ഞു…
” എടി… അപ്പൊ!!!!
ഞാൻ വല്ല തെറിയും പറഞ്ഞു പോവും രേഷ്‌മെ…. ”
രേഷ്മ നിശബ്ദയായി നിന്നു…
” നീ പിന്നെ എന്ത് പിണ്ണാക്കാ കല്യാണത്തിന് മുൻപ് ആ മനുഷ്യനോട് സംസാരിച്ചത്… ”
” ആൻസി ഞാൻ അതിനൊന്നും പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല അന്ന്… ”
നിനക്ക് അറിയാവുന്നതല്ലേ… ”
രേഷ്മ തന്റെ നിസ്സഹായത്വം തുറന്നു കാട്ടി…
” എന്നാ നന്നായി… ”
ഇപ്പൊ സമാധാനം ആയല്ലോ… ”
” അതല്ല ആൻസി… ”
ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞതാ… ”
” ഇതൊക്കെ പരായണ്ടേ എന്നൊക്കെ ഞാൻ അമ്മയോട് സൂചിപ്പിച്ചതാ… ”
അന്ന് ‘അമ്മ എന്നോട് ചൂടായി… വേണ്ട എന്ന് മുഖത്ത് നോക്കി പറഞ്ഞില്ല എന്നെ ഉള്ളൂ…
അവർക്കൊക്കെ വേണ്ടി അല്ലെ ഞാൻ ഈ കോലം കെട്ടിയത്… ”
ആൻസി ഒരു നിമിഷം മിണ്ടാതെ നിന്നു…
” രേഷ്‌മെ…
ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത് … “” എടി പുല്ലേ …
അത് നിന്റെ ‘അമ്മ ആണ്…
നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റി എങ്കിൽ അത് നിന്റെ അമ്മ ക്ഷമിക്കും…
അത് പോലെ ആണോ മറ്റൊരാൾ….”
ആന്സിയുടെ ശബ്ദം കടുത്തു വന്നു…
ഓരോ വാക്കുകളിലും അവളുടെ ദേഷ്യം പ്രകടമായിരുന്നു…
രേഷ്മയുടെ കണ്ണ് നിറഞ്ഞൊഴുകി…
” ആൻസി… ഞാൻ ഇപ്പൊ എന്താ ചെയ്യാ… ”
എനിക്ക് ….
എനിക്ക് ഏട്ടനെ ഒന്ന് നേരെ നോക്കാൻ പോലും പറ്റുന്നില്ല ടി ”
” എങ്കിൽ നന്നായിപ്പോയി… ഇനി ഒരു വഴിയേ ഉള്ളു രേഷ്‌മെ… ആ മനുഷ്യൻ ഇത് അറിയാതെ നോക്കാ… !!! ”
ജീവിതാവസാനം വരെ നീ ഈ ഭാരം ചുമന്ന് നടക്കാ… !!! ”
ആൻസി തെളിച്ചു പറഞ്ഞു…
” എന്തായാലും നിന്നെ പടിയടച്ച് പിണ്ഡം വാക്കുന്ന ഒരു ദിവസം നിന്റെ മനസ്സിൽ എപ്പോഴും ഉണ്ടാവണത് നല്ലതായിരിക്കും… ”
രേഷ്മയുടെ വിങ്ങൽ മുറിയിൽ മുഴങ്ങി നിന്നു…
” ആ പാവം മനുഷ്യനെ നീ വഞ്ചിക്കുകയാണ് ഇപ്പൊ ചെയ്തിരിക്കുന്നത്… ” അത് നീ മറക്കണ്ട…
” പിന്നെ ഒരു കാര്യം കൂടി ഉണ്ട് രേഷ്‌മെ…
എല്ലാം പറഞ്ഞു മനസ്സിലാക്കി തരാൻ ഒന്നും ആർക്കും പറ്റില്ല…
ഇനിമുതൽ നീ തന്നെ നിന്റെ കാര്യങ്ങൾക്ക് തീരുമാനം എടുത്താൽ മതി… ”
ബീപ്പ് ബീപ്പ് ….
രേഷ്മയുടെ കാതിൽ ഒരു ശബ്ദം മുഴങ്ങി…
ആൻസി ഫോൺ കട്ട് ചെയ്തിരിക്കുന്നു…
നിറഞ്ഞ കണ്ണുകളോടെ അവൾ പുറത്തുള്ള ബാത്റൂമിലേക്ക് നടന്നു…
( തുടരും )
Responses (0 )