കുറ്റബോധം 12
Kuttabodham Part 12 bY Ajeesh | PREVIOUS PARTS
” എടാ സജീഷേ ഇങ്ങാനാണെങ്കിൽ ശരിയാവില്ല ട്ടാ.. ”
നിന്റെ കൂടെ പെണ്ണ് കണ്ട് നടക്കലല്ല എന്റെ പണി… ”
സോഫി ചൊടിച്ചു… അവൻ എന്തോ പറയാൻ വന്നിരുന്നു… പക്ഷെ
സജീഷിന്റെ മറുപടിക്കായി കത്ത് നിൽക്കാതെ അവൾ ഫോണ് വച്ചു…
സോഫിയുടെ മുഖത്തെ ദേഷ്യം കണ്ട് തറയിൽ കളിച്ചുകൊണ്ടിരുന്ന ടോണി
വായ പൊളിച്ച് അമ്മയെ നോക്കി…
അവന്റെ നോട്ടം കണ്ടപ്പോൾ സോഫിക്ക് ചിരി പൊട്ടി… അവൾ തന്റെ മകനെ വാരിപ്പുണർന്നു…
” നിന്റെ ആ സജീഷ് മാമനെ ഇങ്ങനെ വിട്ടാൽ പറ്റില്ല…
നമുക്ക് എന്തെങ്കിലും ഒരു പണി കൊടുക്കേണ്ട ടാ ടോണിക്കുട്ടാ.??? ”
” വേണ്ട മാമൻ എനിക്ക് ബിസ്കറ്റ് വാങ്ങി തരുന്നതാ…. ”
ടോണി നിഷ്കളങ്കമായി പറഞ്ഞു…
“ആ ഇപ്പൊ നിങ്ങൾ ഒരു ടീം ആയല്ലേ… ” അമ്മ പുറത്ത്…
സോഫി അവനെ രൂക്ഷമായി നോക്കി…
” അതിന് അമ്മ എനിക്ക് എന്തെങ്കിലും വാങ്ങിച്ച് തരുന്നുണ്ടോ??? എപ്പഴും എന്നെ വഴക്ക് പറയാറല്ലേ ഉള്ളു… പിന്നെങ്ങാനാ… ”
സോഫിക്ക് ഒരേ സമയം ദേഷ്യവും ചിരിയും വന്നു…
അവൾ അവനെ വാരിയെല്ലിന്റെ സമീപത്ത് വിരലമർത്തി അവനെ ഇക്കിളിയിടാൻ തുടങ്ങി…
” എടാ… കള്ളാ… നിന്നെ ഞാൻ… ”
ടോണി കിടന്ന് പുളഞ്ഞു… ആർത്തുള്ള ചിരിയുടെ ഇടയിൽ വേണ്ട എന്ന് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന് അതിന് കഴിഞ്ഞിരുന്നില്ല…
” ആണോടാ… ഞാൻ നിനക്ക് ഒന്നും തരുന്നില്ലേ?? ” സോഫി അവനെ വീണ്ടും വീണ്ടും ഇക്കിളിയിട്ടു…
ഇടക്ക് അവൻ ഒന്ന് ചുമച്ചപ്പോൾ അവൾ വേഗം ആ പ്രയോഗം നിർത്തി…
ടോണി വേഗം അമ്മയുടെ മടിയിൽ നിന്ന് എഴുന്നേറ്റ് ഓടി…
” ടാ… നോക്കി … വീഴണ്ട… ”
അവൾ വിളിച്ചു പറഞ്ഞു…
സജീഷിനെ അവൾ ഇടക്കൊക്കെ കാണാൻ പോകാറുള്ളതാണ്… അവന്റെ അമ്മക്ക് തീരെ വയ്യാതായി തുടങ്ങിയിരുന്നു… സോഫി അത് അവനെ ഇടക്കിടെ ഓർമ്മിപ്പിക്കാറും ഉണ്ട്… നീ ഒന്ന് കെട്ടടാ ചെക്കാ എന്ന് അവനോട് പറയാത്ത ദിവസങ്ങൾ ഇപ്പോൾ ഇല്ല …
സോഫി വാചാലയായി…
സജീഷിന് വേണ്ടി റോഷൻ കൊണ്ടുവന്ന രണ്ട് ആലോചനകളും അവന് പെണ്ണിനെ ഇഷ്ടമായില്ല എന്ന പേരിൽ വേണ്ടന്ന് വച്ചു… പുള്ളിക്കാരന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു പയ്യന്റെ പെങ്ങളുടെ ആലോചനയും ആ കൂട്ടത്തിൽ അവൻ നിരസിച്ചിരുന്നു…
ആ ദിവസങ്ങളിൽ ഇച്ഛായന്റെ ഫോണ് വരുമ്പോൾ നേരെ ഒന്ന് സംസാരിക്കാൻ പോലും സോഫി വിഷമിച്ചിരുന്നു…
” ഹാ അത് പോട്ടെ മോളെ… നീ ഇങ്ങനെ തുടങ്ങിയാലോ” കെട്ടുന്നത് അവൻ അല്ലെ… അവന് ഇഷ്ടപ്പെടാണ്ടായോ??? ”
അന്ന് റോഷൻ അങ്ങനെ പറഞ്ഞപ്പോൾ സോഫി വല്ലാതെ ദേഷ്യപ്പെട്ടു…
” ഇത് അവന്റെ അഹമ്മതി ആണ്…
ഇഷ്ടപ്പെടാതിരിക്കാൻ ആ പെണ്ണിനെന്താ കൊങ്കണ്ണുണ്ടോ???”
നല്ല കുട്ടി ആയിട്ടുന്നു… അത്യാവശ്യം തരക്കേടില്ലാത്ത വീടും വീട്ടുകാരും…
” അവന് പ്രേമം തോന്നിയില്ല പോലും… ” 33 വയസ്സായി കൊന്തൻ കെട്ടാണ്ട് നിക്കാ…”
കൊല്ലണ്ടെ അവനെ…”
താൻ അന്ന് ആകെ വൈലന്റ് ആയിരുന്നു എന്ന കാര്യം അവൾ ഓർത്തെടുത്തു…
ഇനി അവന് വേണ്ടി ആരെയും പെണ്ണ് കാണാൻ പോവില്ല എന്ന് അന്നേ തീരുമാനിച്ചതാ… പക്ഷെ ആ കോരങ്ങന്റെ അവസ്ഥ കാണുമ്പോൾ അവൾ വീണ്ടും കൂടെ ചെല്ലും… അങ്ങനെയാണ് ഇന്നലെയും അവന്റെ കൂടെ പോയത്… ഇത്തവണ അവനെ ആ പെണ്ണിനായിരുന്നു ഇഷ്ടപ്പെടാതിരുന്നത്… എന്നാൽ അവന് അത് മനസ്സിലായപ്പോൾ ഇറങ്ങി ഒരു നടത്തം ആയിരുന്നു പുറത്തേക്ക്… പിന്നീട് ആ വീട്ടുകാരെ മുഴുവൻ ഒറ്റക്ക് ഫേസ് ചെയ്യേണ്ടി വന്നത് സോഫിയെ വല്ലാതെ അക്രമാസക്തയാക്കി…
പുറത്തിറങ്ങിയ അവൾ അവനെ ഓടിച്ചിട്ട് അടിച്ചു…
” ഇനി എന്റെ പട്ടി വരും നിനക്ക് പെണ്ണ് കാണാൻ… ” മാസ്സ് എന്ന് സ്വയം കരുതുന്ന ഒരു ഡയലോഗും കാച്ചിയിട്ടാണ് അന്ന് അവൾ തിരികെ വീട്ടിൽ വന്നത്…
ഇനി അവന്റെ കൂടെ ഒരു സ്ഥലത്തേക്കും പെണ്ണുകാണാൻ പോവില്ല എന്ന് അവൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു …
പെട്ടന്ന് സോഫിയുടെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി…
സജീഷ് ആണ്… അവൾക്ക് വീണ്ടും ദേഷ്യം വന്നു. മറ്റൊന്നും ചിന്തിക്കാതെ ആ കോൾ അവൾ കട്ട് ചെയ്തു…
അങ്ങനെ ഇപ്പൊ എന്നെ സോപ്പിട്ട് അവൻ കാര്യം സാധിക്കണ്ട സോഫി മനസ്സിൽ ഉറപ്പിച്ചു…
അവൻ വീണ്ടും വീണ്ടും വിളിക്കാൻ തുടങ്ങി…
രണ്ട് മൂന്ന് തവണ കട്ട് ചെയ്തിട്ടും വീണ്ടും വിളിക്കുന്നത് കണ്ടപ്പോൾ അവൾ കോപത്തോടെ ഫോൺ എടുത്തു…
” എന്താടാ… ” കട്ട് ചെയ്താൽ അറിഞ്ഞൂടെ ബിസി ആണെന്ന്… ”
അവളുടെ മനസ്സിൽ ഉരുണ്ടു കൂടിയ സകല കോപവും ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു…
” ഓഹ്… സോറി.. ” അവൻ വേഗം ഫോൺ വച്ചു…
സോഫി ഫോൺ ചെവിയിൽ നിന്ന് എടുത്ത് ചിന്തിച്ചു…
പറയാനുള്ളത് എന്താണെന്ന് കേൾക്കാമായിരുന്നു…
അവളുടെ മുഖത്ത് ഒരു മ്ലാനത അനുഭവപ്പെട്ടു…
എന്താ ഭഗവാനെ എനിക്ക് അവനോട് ഇപ്പഴും ഒരു അടുപ്പം തോന്നുന്നത്…. അവൾ ആലോചിക്കാൻ തുടങ്ങി… അവനോടുള്ള അടങ്ങാത്ത പ്രണയം ഒന്നും അല്ല ഇത്.. ആ കാര്യത്തിൽ അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു…
എങ്കിലും അവന് ഒരു ആവശ്യം വന്നാൽ അത് വേണ്ട എന്ന് പറയാൻ തന്റെ മനസ്സ് അനുവദിക്കുന്നില്ല…
അവൾ ആവലാതി പൂണ്ടു…
ഇച്ഛായനോട് ഇതൊക്കെ എങ്ങനാ ഞാൻ പറയാ… എനിക്ക് ആ മനുഷ്യനോട് ഒരു തരത്തിലുള്ള ഇഷ്ട്ടക്കുറവും തോന്നിയിട്ടില്ല…
ഇഷ്ട്ടക്കൂടുതലേ ഉണ്ടായിട്ടുള്ളൂ…
എങ്കിലും തന്റെ മനസ്സ് സജീഷിനെ കുറിച്ചോർത്ത് വ്യാകുലപ്പെടുന്നത് എന്തിനാണ്… അതും അവൻ എന്നെ ഇതുപോലെ കഷ്ടപ്പെടുത്തിയിട്ടും…
സോഫിയുടെ സമാധാനം നേരിയ തോതിൽ നഷ്ടപ്പെടാൻ തുടങ്ങി… പക്ഷെ അതൊന്നും അവളെ സജീഷിനെകുറിച്ചുള്ള വേവലാതികളിൽ നിന്ന് പിന്തിരിപ്പിച്ചില്ല… സോഫി ഫോൺ എടുത്ത് ആവനെ വിളിച്ചു…
” പറ… എന്താ നിനക്ക് വേണ്ടേ…? ”
” ഇല്ല കോഴപ്പമില്ല… നീ തിരക്കൊക്കെ കഴിഞ്ഞിട്ട് പതുക്കെ വിളിച്ചാ മതി… അത്ര അത്യാവശ്യം ഒന്നും ഇല്ല… ” മറുതലക്കൽ നിന്നും അങ്ങേയറ്റം സൗമ്യതയോടെ സജീഷിനെ മറുപടി വന്നു…
അത് പക്ഷെ അവളെ കൂടുതൽ
അപകടകാരി ആക്കുകയാണ് ഉണ്ടായത്…
” ടാ ചെക്കാ… നീ എന്റെ വായിന്ന് വല്ലതും കേക്കൂട്ടൊ ”
അവന്റെ വിനയം കണ്ടാ തോന്നും ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണെന്ന്… ”
കാര്യം പറയാടാ…
സോഫി അമർഷത്തോടെ പറഞ്ഞു…
സജീഷിന് ചിരി പൊട്ടി…
” നീ ഇങ്ങനെ ചൂടായാൽ പിന്നെ ഞാൻ എങ്ങനാ പറയാ… ഒരു സമാധാനപരമായ അന്തരീക്ഷം വേണ്ടേ എന്തിനും… ”
അവന്റെ ഭാഗത്തും ന്യായം ഉണ്ട് എന്ന് തോന്നിയത് കൊണ്ടാവണം അവൾ സ്വയം ഒന്ന് പ്രഷർ കുറക്കാൻ ശ്രമിച്ചു…
” ശരി നീ പറ… ” അവൾ മൃദുവായി പറഞ്ഞു…
” ഞാൻ ഈ പെണ്ണ്കാണാല് നിർത്താണ് മോളെ… ”
എന്തോ ഒരു ചെറിയ വിഷമം അവന്റെ ഉള്ളിൽ നീറുന്നുണ്ട് എന്ന് അവന്റെ ആ വാക്കുകളിൽ നിന്ന് സോഫിക്ക് വ്യക്തമായിരുന്നു…
” ടാ എന്താ ഉണ്ടായത്… സത്യം പറ… ” ഇന്ന് ആ പെണ്ണ് നിന്നെ വല്ലതും പറഞ്ഞോ??? ”
സോഫി അവളുടെ മനസ്സിൽ തോന്നിയ ഒരു സാധ്യത ചോദിച്ചു…
” അവൾ എന്ത് പറയാനാ സോഫി…
അത് നല്ല ഒരു കുട്ടി ആണ്… എനിക്ക് ഒരു ഇഷ്ട്ടക്കുറവും ഉണ്ടായിട്ടും ഇല്ല… ”
” പിന്നെ …”
” പിന്നെ എന്താ നീ അവിടെന്ന് ഇറങ്ങി പോന്നത്… ???”
സോഫി ഇടക്ക് കയറി ചോദിച്ചു…
” അവളോട് ഒറ്റക്ക് സംസാരിക്കാൻ പോയപ്പോ …
ആ കൊച്ച് പറയുവാ ചേട്ടാ എനിക്ക് ഓൾറെഡി ഒരാളെ ഇഷ്ട്ടമാണ്… ചേട്ടൻ വീട്ടുകാരോട് എന്നെ ഇഷ്ടമായില്ല എന്ന് പറയണം എന്ന്…”
” നിന്നെ കുറെ ഈ പെണ്ണുകാണാലും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതല്ലേ ഞാൻ ….”
എനിക്കങ് പെരുത്ത് കേറി…
” നിങ്ങൾക്ക് അങ്ങനെ വല്ല അടുപ്പവും ഉണ്ടെങ്കിൽ അത് നേരത്തെ തന്നെ അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞൂടെ…
വെറുതെ ബാക്കി ഉള്ളൊരുടെ സമയം കളയാനായിട്ട്… ഇങ്ങനെ ആണെങ്കിൽ ഇവിടേക്ക് വരാൻ വേണ്ടി ജോലിയും കളഞ്ഞ് വണ്ടില് പെട്രോളും അടിച്ച് വരണ്ട കാര്യം ഉണ്ടോ???… ഇതിനൊക്കെ ചെലവുണ്ട് കൊച്ചേ… “
എന്നൊക്കെ പറഞ്ഞു
ഞാൻ അപ്പൊ എനിക്ക് തോന്നിയ ഒരു ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞതാ…
“ഹമ്മം… ” സോഫി മൂളി…
അപ്പൊഴത്തെ ദേഷ്യത്തിന് ആ പെണ്ണ് അകത്ത് പോയി ഒരു 1000 രൂപ എന്റെ കയ്യിൽ വച്ചു തന്നു…
ചേട്ടന് ഇത്രയും പൈസ പോലും ചിലവായിട്ടുണ്ടാവില്ല….
ബാക്കി ചേട്ടൻ കയ്യില് വച്ചോ…
പിന്നെ ചേട്ടൻ കരുതുന്ന പോലെ അങ്ങനെ എളുപ്പം ഒന്നും ഇത് വീട്ടിൽ പറയാൻ പറ്റില്ല…
അതിന് ഞങ്ങൾക്ക് കൊറേ കാര്യങ്ങളും സാഹചര്യങ്ങളും ഒക്കെ നോക്കണം… അതൊന്നും പറഞ്ഞാ ചേട്ടന് മനസ്സിലാവില്ല…
” പിന്നെ എന്നെ കാണാൻ വരുന്നവൻ ഇത്തിരി കൊള്ളാവുന്നവൻ ആണെന്ന് തോന്നിയാൽ ഞാൻ ചിലപ്പോ സമ്മതിച്ചേനെ… ഇതിപ്പോ എനിക്ക് തീരെ താൽപ്പര്യം ഇല്ല… ” എന്റെ ഭാവി ഹസ്ബൻഡിന് അത്യാവശ്യം വിദ്യാഭ്യാസവും വിവരവും നല്ലൊരു ജോലിയും ഒക്കെ വേണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട് ഇതൊന്നും ചേട്ടന് ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല… ”
എനിക്ക് പറയാണുള്ളതൊക്കെ ഞാൻ പറഞ്ഞു… ഇനി വേറെ എന്തെങ്കിലും ചേട്ടന് പറയാനുണ്ടോ ???
.
.
.
അവൾ ഒരു നീണ്ട ഡൈലോഗ് അടിച്ച് നിർത്തിയപ്പോ തന്നെ ഞാൻ ആകെ ചമ്മി ഇല്ലാണ്ടായി…
പിന്നെ ഒരു മാസ്സ് കാണിക്കാൻ ആണ് അവിടന്ന് ഇറങ്ങി പോന്നത്…
കുറച്ച് ദേഷ്യപ്പെട്ടാലും നീ എന്നെ മനസ്സിലാക്കും എന്ന് എനിക്കറിയായിരുന്നു… ”
സോഫി അവനോട് പറയാൻ ഒരു മറുപടിക്കായി പരതി…
നിനക്ക് ഒരു കാര്യം അറിയോ സോഫി…
” സത്യത്തിൽ ആ പെണ്ണ് പറഞ്ഞ പോലെ തന്നെ ആണ് എന്നോട് ഞാൻ കണ്ട എല്ലാ കുട്ടികളും പറഞ്ഞത്… ചിലർ ജാതകം ചേരില്ല എന്ന് വിളിച്ചു പറയും, ചിലർക്ക് വേറെ ലൈൻ ഉണ്ടാവും…, ഈ കുട്ടി ഇന്ന് കാര്യങ്ങൾ ഇതുപോലെ തുറന്ന് പറഞ്ഞത് കൊണ്ട് എനിക്ക് സംഭവം ഒക്കെ ഒന്ന് പിടികിട്ടി…”
അന്ന് നിന്റെ റോഷൻ ഇച്ഛായൻ കൊണ്ടുവന്ന ആലോചന എനിക്ക് നല്ല താല്പര്യമുണ്ടായിരുന്നു…
ആ കുട്ടി എന്റെ മുഖത്ത് നോക്കി പറഞ്ഞു ഇത്രേം പ്രായം ഉള്ള ഒരാളെ ഒക്കെ കെട്ടുക എന്ന് പറഞ്ഞാൽ എനിക്ക് ആലോചിക്കാൻ കൂടി പറ്റില്ല എന്ന്…
അവളുടെ സങ്കല്പത്തിലുള്ള ആൾ ഇങ്ങനെ ഒന്നും അല്ല എന്ന്…
ഇത് വീട്ടുകാർ എന്തായാലും ഉറപ്പിക്കും അതുകൊണ്ട് ചേട്ടൻ തന്നെ എന്തെങ്കിലും ഒഴിവകഴിവ് പറയണം ഞാൻ കാല് പിടിക്കാം …
ഇങ്ങനൊക്കെ പറഞ്ഞാ ഞാൻ എന്താ ചെയ്യാ…
സജീഷിനെ ശബ്ദം ഇടറി…
അവസാനം സഹികെട്ട് ഞാൻ ഉണ്ടാക്കിയതാണ് എനിക്ക് ആ പെണ്ണിനോട് പ്രേമം തോന്നിയില്ല എന്ന കഥ…
തന്റെ നെഞ്ചിൽ ഒരു വലിയ ഭാരം കയറ്റി വച്ച പോലെ സോഫിക്ക് തോന്നി… അവൾ വേഗം ശ്വാസം വലിച്ചുവിട്ടുകൊണ്ടിരുന്നു…
” ഇനിയിപ്പോ ഞാൻ ഒരു തീരുമാനം എടുത്തു… ഈ പെണ്ണ്കാണാൽ അങ്ങ് നിർത്താ… ”
എന്നെപ്പോലെ ഒരു ഫെയർനെസ് ഒന്നും ഇല്ലാത്ത വല്യേ നിലയിൽ ഒന്നും എത്തിപ്പെടാൻ പറ്റാത്ത ഒരാൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും…
സോഫിക്ക് ശബ്ദം പൂർണമായും നഷ്ടപ്പെട്ടിരുന്നു…
അവൾ മൂകയായി തുടർന്നു…
” ജീവിതം വിജയിച്ചവർക്ക് ഉള്ളതാണ് മോളെ… ”
എല്ലാവരും നിന്നെപ്പോലെ ആവില്ലല്ലോ… സത്യത്തിൽ നീ വന്നതിൽപ്പിന്നെ ആണ് ഞാൻ ഒന്ന് സന്തോഷിച്ചിട്ടുള്ളത്… എന്റെ എല്ലാ കുറവുകളും നിനക്ക് അറിയാം… എന്നെ പറഞ്ഞു തിരുത്താനും അറിയാം…
മരണം വരെ ഒരു നല്ല സുഹൃത്തായിട്ട് നീ എന്റെ കൂടെ വേണം എന്നേ എനിക്ക് ഇപ്പൊ ഉള്ളു…
സോഫി ഫോൺ വച്ചു…
അവളുടെ നെഞ്ചിടിപ്പ് വര്ധിക്കുന്നുണ്ടായിരുന്നു…
അവനോട് ദേഷ്യപ്പെട്ട ഓരോ നിമിഷവും ഓർത്ത് അവളുടെ ഉള്ള് നീറി…
” അവനെ ഞാൻ മനസ്സിലാക്കിയില്ലല്ലോ ഭഗവാനെ… ”
ഇതിപ്പോ ആവശ്യമില്ലാത്ത കുറ്റം മുഴുവൻ പറഞ്ഞ് അവനെ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ട് ഞാൻ… സോഫി സ്വയം ശപിച്ചു…
അവൾക്ക് തിരികെ അവനെ ഒന്ന് വിളിച്ച്
” നിനക്ക് പറ്റിയ നല്ല ഒരു പെണ്ണ് വരുമെടാ”
എന്ന് പറയാൻ പോലും കഴിഞ്ഞില്ല…
അവൾ അന്ന് കിടക്കുന്നത് വരെ അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു…
അവസാനം സോഫി സജീഷിനെ തിരികെ വിളിച്ചു…
” അടുത്ത മാസം ഇച്ഛായൻ വരും… ഞങ്ങൾ രണ്ടുപേരും അല്ല ടോണിയും ഉണ്ടാവും നിന്റെ വീട്ടിലേക്ക് വരുന്നുണ്ട്… ”
സജീഷ് സന്തോഷത്തിലാണ് സംസാരിച്ചത്…
” ഓഹ് അതിനെന്താ… ഇവിടെ ഫുൾ സെറ്റ് ആയിരിക്കും… ”
കല്യാണത്തെ പറ്റിയോ പെണ്ണുകണലിനെ പറ്റിയോ ഒന്നും പറയാതിരിക്കാൻ അവൾ ശ്രമിച്ചു…
അവൻ അതൊന്നും ഇനി ഓർത്ത് വിഷമിക്കുന്നതിൽ സോഫിക്കും വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല…
” പിന്നെന്താ… ” സോഫി ഒന്നും പറയാനില്ലാത്തവരെ പോലെ ചോദിച്ചു…
” ടോണി ഉറങ്ങിയോ??? ”
” ഇല്ല… ” ബാലരമ വായിക്കാ… കൊറേ വായിച്ചിട്ടും ഇത് അവന് മടുക്കുന്നില്ല…വായിച്ചത് തന്നെ വീണ്ടും വീണ്ടും വായിച്ച് ചിരിക്കുന്നുണ്ട്…
” ഹ ഹ ഹ ” സജീഷ് ഉറക്കെ ചിരിച്ചു…
” നല്ലതാടി… ഇന്നത്തെ പിള്ളേരൊന്നും ഇത് തിരിഞ്ഞുപോലും നോക്കാത്തതാ… എന്തായാലും നന്നായി… ”
” ഹമ്മം… ”
എന്നാ ശരി… എന്നാ വരുന്നെന്ന് ഞാൻ നിന്നെ അറിയിക്കാം… ”
” ബൈ… ” സോഫി ഫോൺ വച്ചു…
* * * * * * * * * * * * * * * *
ശിവൻ തന്റെ സ്വയംഭൂ വെടിയുകയായിരുന്നു… അയാൾ മറ്റൊരാൾ ആകാൻ ശ്രമിച്ചു…
രേഷ്മയുടെ പരസ്യമായ അവഗണക്ക് ശേഷം അയാൾ കവലയിലേക്ക് ഇറങ്ങാതായി…
ആരോടും അധികം സംസാരിക്കാതായി…
കഴിഞ്ഞ ഒന്നര വര്ഷത്തിനിടക്ക് അയാൾ കൂടുതലും സമയം യാത്രകളിൽ ആയിരുന്നു… എങ്കിലും അയാളുടെ ഘോരമായ ആ രൂപവും ഭാവവും നാട്ടിലുള്ള സമയത്ത് എല്ലാവരിലും ഭയം ഉണ്ടാക്കുന്നതായിരുന്നു…
രേഷ്മ വിഷമം കൊണ്ട് പറഞ്ഞതാവും എന്നോക്ക പറഞ്ഞ് ശിവനെ സമാധാനിപ്പിക്കാനും തിരിച്ചു വിളിക്കാനും ഭാസ്കരൻ ആവുന്നത്ര ശ്രമിച്ചു നീക്കിയിരുന്നു…
എന്നാൽ ഒരു വാക്കുപോലും ശിവന്റെ നാവിൽ നിന്ന് വീണില്ല… മൗന വ്രതം സ്വീകരിച്ചവരെ പോലെ അയാൾ ഒഴിഞ്ഞു മാറി ഒറ്റപ്പെട്ട് നടക്കാൻ തുടങ്ങി…
മകളുടെ പൊതുവെ ഉള്ള അവഗണനയും ഏറ്റവും ഉറ്റ ചങ്ങാതിയുടെ ഈ പെരുമാറ്റവും അയാളെ വല്ലാതെ തളർത്തി…
ഭാസ്കരൻ അധികം ഭക്ഷണം ഒന്നും കഴിക്കാതായി…
വിശപ്പില്ല… എങ്ങിനെ വിശക്കാനാണ്… എപ്പഴും ഒരേ കിടപ്പ് ആണ്… രേണുക മകളെയും, ഭർത്താവിനെയും മാറി മാറി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… പക്ഷെ അവരുടെ വേദന ആ വാക്കുകളെ ഞെരിച്ചു കളഞ്ഞു…
പതിയെ പതിയെ ഭാസ്കരന് ഓരോരോ അസുഖങ്ങൾ വന്ന് തുടങ്ങി… അയാൾ നന്നേ ക്ഷീണിച്ചു… അത് രേണുകയിൽ ഉണ്ടാക്കിയ വെപ്രാളം ചെറുത്തൊന്നും അല്ല…
ആദിപൂണ്ട് തന്നെ നോക്കുന്ന ഭാര്യയോട്
” സാരമില്ലടി എല്ലാം ശരിയാവും ” എന്ന ഒരൊറ്റ മറുപടി പല ശൈലിയിലും പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി…
സത്യത്തിൽ രേണുക ധർമ്മ സങ്കടത്തിലാവുകയായിരുന്നു… എന്ത് ചെയ്യണമെന്നറിയാതെ…
ഇടക്ക് ഒരു സമാധാനം കിട്ടാൻ അവൾ തന്റെ വീട്ടിലേക്ക് വിളിക്കും അങ്ങളമാരോട് ഒക്കെ സംസാരിക്കും… ഇവിടെ എല്ലാർക്കും സുഖമാണെന്ന് കള്ളം പറയും… ആരുമില്ലാത്ത നേരം നോക്കി തന്നെ ഇരുന്ന് കരയും…
അർത്ഥമില്ലാത്ത ജീവിതമാണ് താൻ കൊണ്ട് പോകുന്നത് എന്ന തോന്നൽ അവളിലും ഉണ്ടാകാൻ തുടങ്ങി…
രേഷ്മയുടെ വിവാഹം നടത്താൻ ഉള്ള ശ്രമം ഇടക്ക് ഭാസ്കരനും രേണുകയും നടത്തിയിരുന്നു…
പക്ഷെ അന്ന് അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു ഭാസ്കരനെ അതിൽനിന്ന് പിന്തിരിപ്പിച്ചത്…
” അച്ഛാ മനസ്സകൊണ്ട് ഞാൻ ഒരാളുടെ ഭാര്യയാണ് ഇപ്പോഴും… രേഷ്മ വളരെ തന്മയത്വത്തോടെ പറഞ്ഞു
” അവൻ ഇന്ന് ഈ ഭൂമിയിൽ ഇല്ലെങ്കിലും അവനാണ് എന്റെ എല്ലാം… ”
എന്നെ നിർബന്ധിച്ചു ഒരു വിവാഹം കഴിപ്പിച്ചാൽ അത് ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടി കളയുന്നതിന് തുല്യമായിരിക്കും… ”
അന്ന് അവൾ അങ്ങനെ പറഞ്ഞതിൽ പിന്നെ ആലോചനകൾ ഒന്നും തന്നെ രേഷമയെ തേടി വന്നിട്ടില്ല…
പിന്നെ നാട്ടിലെ തന്നെ ചിലർ അവളെ കണ്ട് മോഹിച്ചു നടന്നവർ ഞാൻ അവളെ വിവാഹം കഴിക്കാം എന്ന ഒരു ഓഫറുമായി വീട്ടിലേക്ക് ഇടക്ക് വരാറുണ്ട്…
അവരോടൊക്കെ ഈ ദീപാവലിക്ക് ഈ ഓഫർ എടുക്കുന്നില്ല… അടുത്ത തവണ വാ നോക്കാം എന്ന് അയാൾ പറഞ്ഞു … അത് അവരുമായി പല സ്വരചേർച്ചകൾക്കും വഴി വച്ചു…
” ഡോ കേളവാ അവൾ ഇവിടെ കെട്ടാതെ നിൽക്കും അന്ന് താൻ ഞങ്ങളുടെ ഒക്കെ പിന്നാലെ വരും ??? ” അവർ ആക്രോശിച്ചു…
അതൊന്നും ഭാസ്കരന് ഒരു വിഷയമേ ആയിരുന്നില്ല…
എല്ലാം കഴിയുമ്പോ അയാൾ രേണുകയോട് പറയും…
” എന്റെ മോൾക്ക് ഒരു വിഷമം ഉണ്ട്… നമ്മളൊക്കെ കാരണം ഉണ്ടായ ഒരു വലിയ വിഷമം… അത് മാറുമ്പോ അവൾ വന്ന് നമ്മടെ അടുത്തേക്ക് വരും… നമ്മുടെ ഇഷ്ടങ്ങൾ ഒക്കെ തീർത്ത് തരും… എനിക്കുറപ്പാ… ” രേണുക തന്റെ ഭർത്താവിനെ നോക്കി…
” നിങ്ങൾ ആകെ ക്ഷീണിച്ചു… ” ശരീരം നോക്കണം… എനിക്ക് ആകെ ഈ ഒരാളെ ഉള്ളു… ”
ഭാസ്‌കരൻ പുഞ്ചിരി തൂകി….
രേണുക തന്റെ മകളുടെ മുറിയിലേക്ക് പോയി…
അവൾ ഉറങ്ങുകയാണ്… വാതിലിൽ ചാരി നിന്ന് അവർ തന്റെ മകളെ നോക്കി നിന്നു…
നട്ടുച്ച നേരത്ത് പുതച്ച് മൂടി കിടക്കുകയാണ് അവൾ … വന്ന് വന്ന് പെണ്ണിന് നേരത്തും കാലത്തും എണീക്കണം എന്ന് പോലും ഇല്ലാതായി… രേണുക അവളുടെ മൃദുലമായ മുഖത്തേക്ക് നോക്കി…
മുഖം മാത്രം പുറത്ത് കാണാത്തക്ക രീതിയിൽ ആണ് അവൾ പുതച്ച് കിടക്കുന്നത്…
ആ ദൃശ്യം അവളെ ഒരു പിഞ്ചു പൈതലിനെ പോലെ തോന്നിച്ചു… കൊച്ചു കുട്ടി ആയിരുന്ന സമയത്ത് തന്റെ കൂടെ കിടന്ന് ഉറങ്ങാൻ വേണ്ടി രാത്രി മുഴുവൻ അടുക്കളയിൽ തന്റെ പണിയൊക്കെ കഴിയുന്ന വരെ നൈറ്റിയും പിടിച്ച് കൂടെ നടന്നിരുന്ന തന്റെ ആ കുഞ്ഞു രേഷ്മക്കുട്ടിയെ അവർക്ക് ഓർമ്മ വന്നു… രേണുക അവളുടെ ഇഷ്ട്ടപ്പെട്ട പല തരം സാധനങ്ങൾ അടുക്കി വച്ചിരിക്കുന്നതെല്ലാം തൊട്ട് തലോടി നടന്നു… അവസാനം അവർ തന്റെ മകളുടെ അടുത്ത് പോയി ഇരുന്നു…
അവൾ ഇപ്പോഴും ആ ഒടിഞ്ഞു നുറുക്കിയ ഓടക്കുഴൽ പിടിച്ചു കൊണ്ടാണ് ഉറങ്ങുന്നത്… രേണുക അവളെ ഉണർത്താതെ അത് മാറ്റി വക്കാൻ ശ്രമിച്ചു… പക്ഷെ അവൾ പരങ്ങിയപ്പോൾ ആ ശ്രമം രേണുക ഉപേക്ഷിച്ചു…
പെട്ടന്ന് ഉണ്ടായ ഒരു ശബ്ദം കേട്ട് എഴുന്നേൽക്കാൻ തുടങ്ങിയ രേണുക അവിടെ തന്നെ ഇരുന്നു… ഒരു മെസ്സേജ് വന്നതാണ്… തലയണയോട് ചേർന്ന് കിടന്നിരുന്ന ഫോൺ അവർ കയ്യിൽ എടുത്തു…
കസ്റ്റമർ കെയർ മെസ്സേജ് ആണ്… രേണുക ഫോൺ ലോക്ക് ചെയ്ത് വച്ചു…
പെട്ടന്ന് ലോക്ക് സ്ക്രീനിൽ രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു…
നീണ്ടുചുരുണ്ട മുടിയുള്ള ഒരു കള്ള ചിരി ഉള്ള പയ്യൻ… ആരെയും ആകർഷിക്കുന്ന കണ്ണുകൾ…
പെട്ടന്ന് സ്ക്രീൻ ഓഫ് ആയപ്പോൾ അവരിൽ അസ്വസ്ഥത ഉണ്ടായി… രേണുക വീണ്ടും സ്ക്രീൻ ലോക് ചെയ്ത് അവനെ നോക്കി …. ആ മുഖത്ത് നിന്നും കണ്ണുകളെടുക്കുക എന്നത് ശ്രമകരമായ ഒരു പ്രക്രിയ തന്നെയാണെന്ന് അവർക്ക് ബോധ്യമായി…
രേണുക തന്റെ മകളുടെ നെറുകയിൽ ചുംബിച്ചു… മുടിയിൽ തലോടി…
അൽപ്പനേരം അവളെ നോക്കി ഇരുന്നപ്പോൾ തന്നെ വീണ്ടും രാഹുലിന്റെ ഫോട്ടോ നോക്കാൻ അവർക്ക് തോന്നിക്കൊണ്ടിരുന്നു…
ഇതെന്താണ് ഈ ചെറുക്കന് ഇത്രക്ക് ആകർഷണം… അവർ സ്ക്രീൻ ലോക്ക് തുറന്ന് അവന്റെ കൂടുതൽ ചിത്രങ്ങൾക്കായി തിരഞ്ഞു…
അവന്റെ പല രൂപത്തിലുള്ള ചിത്രങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു അവളുടെ ഗാലറി…
കുറച്ച് ചിത്രങ്ങൾ കണ്ട് ബാക്ക് അടിച്ചപ്പോൾ അറിയാതെ കൈ കൊണ്ട് കോണ്ടക്ടസ് തുറന്നു… ആദ്യ നമ്പർ തന്നെ ആൻസി…
ഒരു കാലത്ത് തന്റെ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആണ് അവൾ എന്ന് രേണുകക്ക് അറിയാം.
പെട്ടന്ന് തന്നെ രേണുക ആ ഫോണുമായി പുറത്തെക്ക് ഇറങ്ങി… ആന്സിക്ക് ഫോൺ ചെയ്തു…
” മോളെ ആൻസി… ”
രേണുക അന്സിയുമായി സംസാരിച്ചു…
ഏകദേശം ഒരു മണിക്കൂറോളം സംസാരിച്ചു… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു ഞാൻ അങ്ങോട്ട് വരാം അമ്മച്ചി…
നമുക്ക് എല്ലാം ശരിയാക്കാന്നെ… താൻ ചുമന്നുകൊണ്ട് നടന്നിരുന്ന വലിയൊരു ഭാരം ഇറക്കിവച്ചപോലെ രേണുകക്ക് തോന്നി…
നമ്മുടെ വിഷമങ്ങൾ കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നവർ ആണ് ശരിക്കും ആ ദുഃഖം അകറ്റുന്നത്… അല്ലാതെ അതിലെ കുറ്റങ്ങൾ കണ്ടുപിടിക്കാനും കുറ്റപ്പെടുത്താനും നിൽക്കുന്നവരിൽ നിന്നല്ല… അത് അവർക്കൊരു തിരിചരിവായിരുന്നു…
തന്റെ വിരലിലെണ്ണാവുന്ന എല്ലാ ബന്ധുക്കളെയും വിളിച്ചപ്പോഴും കേട്ട സംസാരം അല്ലായിരുന്നു അവളുടേത്… രേണുകക്ക് സന്തോഷമായി… അവർ ഫോൺ വച്ചു… വീണ്ടും രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു…
പക്ഷെ ഇത്തവണ മുൻപ് തോന്നിയ ആ ആകർഷണം നഷ്ടമായിരുന്നു…
രേണുക ഫോണ് കിടക്കയിൽ തന്നെ വച്ച് തിരിച്ചു നടന്നു…
രേഷ്മ ഉണർന്നപ്പോൾ ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിക്കും എന്ന് രേണുക കരുതിയിരുന്നു… പക്ഷെ അടുത്തടുത്ത ദിവസങ്ങളിൽ ഒന്നും അതിനെക്കുറിച്ച് രേഷ്മ ഒന്നും ചോദിച്ചിരുന്നില്ല…
പതിയെ രേണുകയും അതിനെപ്പറ്റി മറന്നു… ഏകദേശം ഒരാഴ്ചക്ക് ശേഷം ഭാസ്കരന്റെ വീടിന്റെ കോളിംഗ് ബെൽ ഉച്ചത്തിൽ മുഴങ്ങി…
അത് അവളായിരുന്നു… ആൻസി…
രേണുക അന്സിയെ അകത്തേക്ക് ക്ഷണിച്ചു…
” അവൾ ഇവിടെ അമ്മച്ചി..??”
ആൻസി ആരാഞ്ഞു…
” മുറിയിലുണ്ട്… അവൾ അവിടന്ന് പുറത്തേക്ക് ഒന്നും ഇറങ്ങാറില്ല മോളെ…. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ അമ്പലത്തിൽ പോകുന്നുണ്ട്…
” തിരിച്ചു വരുമ്പോ ഒരു പ്രസരിപ്പൊക്കെ കാണാം എന്റെ കുട്ടിടെ മുഖത്ത്… ”
പക്ഷെ ഇവിടെ വന്ന് ഞങ്ങളെ ഒക്കെ ഒന്ന് കണ്ടാൽ വീണ്ടും അവൾ പഴയ പോലെ ആവും…”
രേണുക വിതുമ്പി…
“ഹേയ് കരയല്ലേ അമ്മച്ചി…
ഇവിടെ അപ്പച്ചൻ ???? ”
” അവൾ തിരക്കി…
ജോലിക്ക് പോയി… ഇനി വൈകുന്നേരമേ വരൂ… ”
“ഹമ്മം… ”
” ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം… ”
അമ്മച്ചി ഇപ്പൊ അങ്ങോട്ട് വരണ്ട… ഞങ്ങൾക്ക് ഒരു ഫ്രീഡം കിട്ടുമല്ലോ…. ” ആൻസി ചെറുതായി യാചിക്കുന്ന സ്വരത്തിൽ പറഞ്ഞു…
” ഹമ്മം… പോയിട്ട് വാ… ” അവർ അനുവാദം കൊടുത്തു…
ആൻസി മുറിയുടെ അകത്തേക്ക് നടന്നു നീങ്ങി…
സോഫയുടെ മുകളിൽ വിരിച്ചിട്ടിരുന്ന തുണി അലങ്കോലമായി കാണപ്പെട്ടു… രേണുക അത് ശരിക്ക് വിരിച്ച് അവിടെ ഇരുന്നു…
ഒന്നര കൊല്ലത്തിന് മുകളിലായി നടക്കാത്തത് ഇനി ഈ കൊച്ച് സംഭവിപ്പിച്ചു കാണിച്ചു തരുമോ…
എന്തോ ഒരു മൂകത രേണുകക്ക് അനുഭവപ്പെട്ടു… അവരുടെ മനസ്സിൽ രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു… ആ ചെക്കന്റെ ആത്മാവിന് പോലും ഒരു സമാധാനം എന്റെ മോള് കൊടുത്തിട്ടില്ല എന്ന് രേണുകക്ക് തോന്നി…
ചെ ഞാൻ എന്താ ഇങ്ങനൊക്കെ ചിന്തിക്കുന്നെ… പ്രേതവും ആത്മാവും ഒക്കെ…
” അല്ലെങ്കിലും കലുഷിതമായ മനസ്സിലല്ലേ ദൈവത്തിനും പ്രേതത്തിനും ഒക്കെ സ്ഥാനമുള്ളു… അല്ലാത്ത സമയം മുഴുവൻ നമ്മൾ സന്തോഷത്തിൽ മുഴുകി ഇരിക്കുകയല്ലേ…” ആ സമയത്ത് ഇവരെ ആരെക്കുറിച്ചും നമ്മൾ ആലോചിക്കാറില്ലല്ലോ… രേണുക ചിന്തിച്ച് കാട് കയറി….
പക്ഷെ അപ്പോഴും അവരുടെ മനസ്സ് പറഞ്ഞുകൊണ്ടേ ഇരുന്നു… എല്ലാം ശരിയാവും…
ആൻസി രേഷ്മയുടെ മുറിക്കുള്ളിലേക്ക് കയറി… അവൾ കട്ടിലിന്റെ തലയിൽ ചാരി കിടക്കുകയാണ്…
ആൻസി അവളുടെ തൊട്ടടുത്ത് തന്നെ ഒരു തലയണ കട്ടിലിന്റെ തലഭാഗത്ത് വച്ച് അതിൽ ചാരി ഇരുന്നു…
രേഷ്മയെ അവൾ വിളിച്ച് എഴുന്നേല്പിച്ചില്ല… അവൾ ഇപ്പോഴും നല്ല ഉറക്കമാണ്… ഏകദേശം ഒരു പത്ത് മിനിറ്റ് നേരം കഴിഞ്ഞുപോയി… ആൻസി പതിയെ രേഷ്മയുടെ മുടിയിഴകൾ പിടിച്ച് വലിക്കാൻ തുടങ്ങി…. തന്റെ ഉറക്കത്തിന് എന്തോ തടസം നേരിട്ട പോലെ കണ്ണുകൾ തുറക്കാതെ അവൾ മുടി മാടിയൊതുക്കി വച്ചു….
മുന്പത്തെക്കാളും കൂടുതൽ സുഖമായി അവൾ കിടക്കാൻ ശ്രമിച്ചു… വീണ്ടും അതേ സ്ഥലത്ത് രേഷ്മക്ക് അസ്വസ്ഥത നേരിട്ടപ്പോൾ അവൾ കണ്ണുതുറന്നു…
” ആൻസി… ”
അവൾ ആശ്ചര്യത്തോടെ ഞെട്ടി എണീറ്റു…
“നീ വന്നിട്ട് എന്താ വിളിക്കാഞ്ഞത്…. ” അന്സി ഹൃദ്യമായി പുഞ്ചിരിച്ചു…
” ഒന്നും ഇല്ല… നീ ഉറങ്ങുന്ന കണ്ടപ്പോ ഉണർത്താൻ തോന്നിയില്ല… ”
രേഷ്മ കട്ടിലിൽ നിന്ന് എഴുന്നേറ്റു… ” ഞാൻ പോയി നിനക്ക് എന്തേലും കഴിക്കാൻ എടുക്കാം… ”
ആൻസി അവളെ തടയാൻ ശ്രമിച്ചു…
” വേണ്ടടി… ഞാൻ കഴിച്ചതാ… ”
” നീ അവിടെ ഇരിക്ക്… എത്ര നാള് കൂടീട്ടാ നിന്നെ ഒന്ന് കാണണെ… ”
രേഷ്മ അടുക്കളയിലേക്ക് ഓടി…
” അമ്മേ… ” രേഷ്മ സാധാരണയിൽ കവിഞ്ഞ ശബ്ദത്തിൽ വിളിച്ചു…
” ആൻസി വന്നിട്ടുണ്ട് അമ്മേ… അമ്മ ആ ടാങ്ക് കലക്ക്… ഞാൻ ഈ ചിപ്സും ബിസ്കറ്റും ഒക്കെ എടുക്കാം… ”
രേണുക തന്റെ മകളെ നിറകണ്ണുകളോടെ നോക്കി…
അത് അവളിൽ ഒരു അസ്വസ്ഥത ഉണ്ടാക്കിയിരിക്കണം… അവൾ തിരിഞ്ഞു നിന്നു …
കാലം ഇത്ര കഴിഞ്ഞിട്ടും അച്ഛനെയും അമ്മയെയും കാണുമ്പോൾ അവൾക്ക് എല്ലാ ഓർമ്മകളും തേട്ടി വരും…
രേഷ്മ നിശ്ശബ്ദയായി പാക്കറ്റ് പൊട്ടിച്ച് ചിപ്സും, മറ്റും ഒരു പ്ലേറ്റിൽ പകർത്തി അതുമായി നടന്നു…
ആൻസി കട്ടിലിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു…
പ്ലേറ്റ് കട്ടിലിൽ വച്ച ശേഷം ആൻസിയുടെ അടുത്ത് അവളോട് ചേർന്ന് തന്നെ രേഷ്മ ഇരിപ്പുറപ്പിച്ചു…
” പിന്നെ പറ… എന്തൊക്കെ ഉണ്ട് വിശേഷം ”
രേഷ്മ ഉത്സാഹത്തോടെ ചോദിച്ചു…
” ഓഹ്… എന്ത് വിശേഷം…
അത് വിട്… പറയാനാണെങ്കിൽ കൊറേ ഉണ്ട്… ”
ഇന്നൊന്നും തീരില്ല മോളെ… ”
നീ പറ… നിനക്ക് സുഖം ആണോ???”
രേഷ്മ തളർന്ന മട്ടിൽ ചിരിച്ചു…
അപ്പോഴേക്കും രേണുക കുടിക്കാൻ ഉള്ള വെള്ളവുമായി വന്നു…
രേഷ്മ തന്നെ അത് രണ്ടും വാങ്ങി. ഒരു ഗ്ലാസ് ആന്സിക്ക് നീട്ടിയ ശേഷം ഒരു തലയണ എടുത്ത് തന്റെ മടിയി വച്ച് ആന്സിക്ക് അഭിമുഖം ആയി അവൾ ഇരുന്നു…
രേണുക തിരികെ പോകുമ്പോൾ വാതിൽ അടച്ചിടാൻ മറന്നില്ല…
ആൻസി ഒന്നും മിണ്ടിയില്ല… അവൾ വെറുതെ തന്റെ കൂട്ടുകാരിയെ നോക്കിക്കൊണ്ടിരുന്നു…
കോളേജിൽ പഠിക്കുമ്പോ എങ്ങനെ നടന്ന പെണ്ണാ… ഒരു മിനിറ്റ് സമാധാനം തരാതെ എപ്പോഴും എന്തെലും ഒക്കെ ചെയ്തോണ്ടിരുന്ന ആളാണ്…
പണ്ടത്തെക്കാൾ കുറച്ചുകൂടി ഷേപ് ഒക്കെ വച്ചിട്ടുണ്ട്… പക്ഷെ അവളുടെ മുഖം വലിച്ചോട്ടിച്ച ഒരു പുഞ്ചിരിയുടെ ബലത്തിലാണെന്ന് ഇങ്ങനെ നിൽക്കുന്നതെന്ന് വ്യക്തമായിരുന്നു…
രേഷ്മയുടെ ഭാഗത്ത് നിന്നും തുടർന്ന് ഒരു ചോദ്യവും ഉണ്ടായില്ല…
അവൾക്ക് അതിന് കഴിയും എന്ന് ആൻസി ഒട്ടും കരുത്തിയിട്ടും ഇല്ലായിരുന്നു…
” അമ്മ വിളിച്ചിരുന്നു… ”
അല്പനേരം കഴിഞ്ഞപ്പോൾ ആൻസി ഒരു ഇറുക്ക് ടാങ്ക് കുടിച്ചതിന് ശേഷം
പതിയെ പറഞ്ഞു…
” ഹമ്മം തോന്നി… ”
രേഷ്മ മടിയിൽ ഇരിക്കുന്ന തലയണയിൽ മുട്ട് കുത്തി നിർവികാരത്തോടെ അന്സിയെ നോക്കി…
” ഇതിത്തിരി ഓവർ അല്ലെ… ???”
എല്ലാർക്കും എന്തെങ്കിലും ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്… അതിന്റെ പേരിൽ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാ എന്നൊക്കെ പറഞ്ഞാൽ ഭയങ്കര ബോറാ രേഷ്മേ…”
” പറ്റുന്നില്ല ടി… ”
രേഷ്മ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു…
” ഞാൻ കൊറേ നോക്കി… അച്ഛനും അമ്മയും ആകെ വിഷമത്തിലാ… അവരെ ഒന്ന് കൂൾ ആക്കാണെങ്കിലും ഇടക്കോക്കെ ഞാൻ ചിരിച്ചു നടക്കാൻ ഒക്കെ നോക്കാറുണ്ട്… പക്ഷെ
അതിനൊന്നും വലിയ ആയുസ്സില്ല…
” അന്ന് ഞാൻ എല്ലാവരുടേം കാല് പിടിച്ച് പറഞ്ഞതാ അവനെ ഒന്ന് … രേഷ്മ പൊട്ടികരഞ്ഞു… അവൾ ആ കിടക്കയിൽ കമിഴ്ന്ന് കിടന്ന് തന്റെ ശബ്ദം പുറത്ത് വരാതെ ഉറക്കെ കരഞ്ഞു… പക്ഷെ തോരാത്ത സങ്കടത്തിന്റെ അല പോലെ അവളുടെ വേദനിക്കുന്ന ശബ്ദം ആ മുറിക്കുള്ളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു…
ആൻസി അവളുടെ കയ്യിൽ നിന്ന് ഗ്ലാസ്സ് വാങ്ങി ടേബിളിൽ വച്ചു… എന്നിട്ട് രേഷ്മയെ പിടിച്ച് എണീപ്പിച്ചു…
” കരയല്ലേ… ചെ… എടി നീ ഇപ്പൊ വല്യേ പെണ്ണായി… ” അവൾ രേഷ്മയുടെ കണ്ണുകൾ തുടച്ചു കൊടുത്തു…
” നീ ഇങ്ങോട്ട് ഇരുന്നെ…” രേഷ്മയുടെ ഇടുപ്പിലൂടെ കൈകൾ ഇട്ട് ആൻസി പറഞ്ഞു…
നിന്റെ കൂടെ കുറച്ച് നേരം ഇരിക്കാൻ കൊതിച്ച് വന്നപ്പോ നീ ഇങ്ങനെ ബോറാക്കല്ലേ പെണ്ണേ… ”
രേഷ്മക്ക് ചിരി വന്നു…
” പോടി…”
നീ പറ… എന്തൊക്കെ ഉണ്ട് വിശേഷം…
” വിശേഷം വല്ലതും ആയോ??? ”
രേഷ്മ ചിരി കലർന്ന ശൈലിയിൽ ചോദിച്ചു…
” എന്റെ പൊന്നു മോളെ ഇനി അതിന്റെ കുറവേ ഉള്ളു… ”
ഇപ്പൊ തന്നെ നിക്കക്കളി ഇല്ല… ”
അന്സിയുടെ ഹൃദയമിടിപ്പ് കൂടുന്നത് രേഷ്മ മനസ്സിലാക്കി…
” അങ്ങനെ ഒഴിഞ്ഞു മാറാം എന്ന് വിചാരിക്കേണ്ട… നമ്മുടെ കൂട്ടത്തിൽ ഇഷ്ട്ടപ്പെട്ട ചെക്കനെ കെട്ടിയ ഒരേ ഒരാള് നീയാ… അതും എന്റെ ബെസ്റ്റ് ഫ്രണ്ട് സിയദിനെ… “
” നീ ഒളിക്കാൻ ഒന്നും നോക്കണ്ട…. ” ആൻസി രേഷ്മയുടെ മടിയിൽ കിടന്നു…
” രേഷമേ… ഇത് അങ്ങനെ ഒന്നും അല്ല…. നീ വിചാരിക്കുന്ന പോലെ എളുപ്പം ഒന്നും അല്ല ഇത്…
ഒരു ദിവസം അവൻ എന്തോരം കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് മാത്രമെ അറിയൂ… ”
ആൻസി അല്പം രോഷത്തോടെ പറഞ്ഞു…
” അവൻ ഒരു മുസ്ലിം ആണ്… ഞാൻ അവന്റെ കൂടെ വന്നെപ്പിന്നെ അവനെ അവന്റെ വീട്ടിൽ കേറ്റിട്ടില്ല…
ഞാൻ പിന്നെ ഉപേക്ഷിച്ചു വന്നതാണല്ലോ… ”
അവന് ഒരു പണി കിട്ടുന്ന വരെ ഞങ്ങൾ പെട്ട പാട് എന്താണെന്ന് നിനക്കറിയില്ല… വാടകക്ക് ഒരു വീട്, വീട്ടിലേക്ക് വേണ്ട സാധനങ്ങൾ, അതൊക്കെ പോട്ടെ മൂന്ന് മാസം കഴിഞ്ഞിട്ടാ അവന് ഒരു ജോലി കിട്ടിയത്… അത് വരെ മിക്ക ദിവസവും ഞങ്ങൾ പട്ടിണി ആയിരുന്നു… കൂട്ടുകാരോട് ചോദിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ… രേഷ്മ വിറങ്ങലിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ട് നിന്നു….
” നിനക്കറിയോ രേഷമേ… സിയാദിന് ജോലി കിട്ടിയ ദിവസം അവൻ സന്തോഷത്തോടെ വീട്ടിക്ക് വന്നപ്പോ ഞാൻ ഏതാണ്ട് വല്ലാത്ത ഒരു അവസ്ഥലയിരുന്നു… വയറ്റിലേക്ക് കുറിച്ച് നാളായിട്ട്ഒന്നും പോവാറില്ലേ…
അന്ന് അവൻ ആരുടെയൊക്കെയോ കാല് പിടിച്ച് എന്തൊക്കെയോ കൊണ്ടു വന്ന് തന്നു… ഞാൻ അതൊക്കെ വലിച്ചു വരി തിന്നു… ” പക്ഷെ എന്നിട്ടും 2 ദിവസം അഡ്മിറ്റ് ആയിട്ടാ… ”
” നിനക്ക് ഞങ്ങളോട് ഒക്കെ ഒന്ന് പറയായിരുന്നില്ലേ…. ”
രേഷ്മ ചോദിച്ചു….
” ഉവ്വ… കടം അല്ലാണ്ട് തന്നെ കുറെ ഉണ്ട്… ” ഇനിയിപ്പോ കൂട്ടുകാരെ കൂടി വെറുപ്പിക്കണ്ട എന്ന് അവനാ പറഞ്ഞത്…
” അതെന്താടി… ഞങ്ങളെ ഒക്കെ അങ്ങനെ ആണോ നീ വിചാരിച്ചു വച്ചേക്കുന്നെ…??? ”
ആൻസി ഉറക്കെ ചിരിച്ചു…
” മോളെ രേഷമേ… നീ ജീവിതം ഒന്നും കണ്ടിട്ടില്ല… ഇപ്പഴൊക്കെ പൈസക്കാടി ഡിമാൻഡ് കൂടുതൽ…
അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും…”
പക്ഷെ ഞാൻ ഹാപ്പി ആണ് മോളെ… എന്നെ ഇട്ടേച്ചും ചെന്നാ അവനെ ഇപ്പഴും അവന്റെ വീട്ടിലേക്ക് തിരിച്ചു കേറ്റും… അത് അവനും അറിയാം… പക്ഷെ അവൻ അത് ചെയ്യില്ല… എന്റെ വിശ്വാസം ആണ് അത്… രേഷ്മക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… അവൾ തന്റെ തലയണയിൽ പിടിച്ചു വലിച്ച് അന്സിയെ നോക്കി ഇരുന്നു….
ആൻസി കട്ടിലിന്റെ തലയിലേക്ക് ചാഞ്ഞിരുന്നു… പതിയെ മുകളിലേക്ക് നോക്കി… ” നിനക്കറിയോ
എന്നും അവൻ എന്റെ അടുത്ത് വന്ന് ഇരിക്കും ചിലപ്പോ എൻറെ മടിയിൽ കിടക്കും… ”
നിനക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കും… ” ഞാൻ എന്തെങ്കിലും വേണം എന്ന് പറഞ്ഞാലും അത് അവനെക്കൊണ്ട് വാങ്ങി തരാൻ ഒന്നും പറ്റി എന്ന് വരില്ല… അത് അവനും അറിയാം എങ്കിലും അവൻ എന്നോട് ചോദിക്കും… ”
ആൻസി വിതുമ്പി… അവൾക്ക് ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ രേഷ്മ അവളെ വാരിപ്പുണർന്നു… ആ നിമിഷം അവൾ വല്ലാത്ത ഒരു ആത്മസംതൃപ്തി അനുഭവിക്കുകയായിരുന്നു… ആൻസി ഒരിക്കലും ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭാവിക്കരുത് എന്ന് അവൾ ആതമാർത്ഥമായി ആഗ്രഹിച്ചു….
ആൻസി അപ്പോഴും അവളുടെ തോളിൽ കിടന്ന് കരയുകയായിരുന്നു…
” ഞാൻ… ഞാൻ ഒന്നും ചോദിക്കാറില്ലടി….. അത്രേം അത്യാവശ്യം വന്നാൽ… അങ്ങനെ വന്നാൽ മാത്രം എന്തേലും ചോദിക്കും… അത് അവൻ എങ്ങനെലും ഒരാഴ്ചക്ക് ഉള്ളിൽ എനിക്ക് കൊണ്ടുവന്ന് തരും…
ആൻസി രേഷ്മക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് കലങ്ങിയ കണ്ണുകളോടെ ചിരിച്ചു…
ഒരു കാര്യം എനിക്ക് ഉറപ്പാ മോളേ….
” അവൻ എന്നെ ഇട്ടേച്ചും പോവില്ലടി എന്നോട് ഒടുക്കത്തെ പ്രേമവാ ആ ചെക്കന്…. ”
രേഷ്മ ഉള്ളുകൊണ്ട് ഒന്ന് സന്തോഷിച്ചു…
” അതേ അവൻ എന്റെ കൂട്ടുകാരനാ… അപ്പൊ ആ ഗുണം ഇല്ലാതിരിക്കോ…” സിയദിന്റെ കൂട്ടുകാരി ആണ് ഞാൻ എന്ന് പറയുന്നതിൽ അവൾക്ക് ഒരു നിമിഷം അഭിമാനം തോന്നി…
” പോടി.. ” ആൻസി തന്റെ കണ്ണുകൾ രണ്ടും തുടച്ചു… വീണ്ടും മൗനം ആയിരുന്നു അവർക്കിടയിൽ… പക്ഷെ ഇത്തവണ തന്റെ വിഷമങ്ങൾ എല്ലാം അവൾ ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് രേഷ്മ അതിയായി ആഗ്രഹിച്ചു പോയിരുന്നു… അത് അന്വർത്ഥമാക്കും വിധം ഉടനെ തന്നെ ആൻസി ചോദിച്ചു…
” നിനക്ക് തോന്നുന്നുണ്ടോ രേഷമേ നീ ഈ ചെയ്യുന്നത് മുഴുവൻ നല്ലതിനാണെന്ന്….”
രേഷ്മ ഒന്ന് പാതറിപ്പോയിരുന്നു… “അതിപ്പോ..”
അവൾ ഉത്തരത്തിനായി പരതി….
” നീ അര്ഹിക്കുന്നതിൽ കൂടുതൽ ഇപ്പോഴും നിന്റെ വീട്ടുകാർ നിന്നെ സ്നേഹിക്കുന്നുണ്ട്… നീ അവരുടെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്ക്… വേറെ എന്താ അവർ ചെയ്യാ…???” ആൻസി ചോദ്യങ്ങളുടെ കെട്ടഴിച്ചു…
തന്റെ കളിക്കൂട്ടുകാരിയെ എവിടെ പറഞ്ഞു നിർത്തണം എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു…
” അതൊന്നും ചിന്തിക്കാതെ അല്ല ആൻസി… ഞാൻ എന്ത് ചെയ്തിട്ടും എനിക്ക് അവനെ മറക്കാൻ പറ്റണില്ല… ”
ചിലപ്പോ അവന്റെ ആ കെട്ടിപ്പൊതിഞ്ഞു വച്ച ശരീരം എന്റെ മുൻപിൽ തെളിഞ്ഞു വരും…
അപ്പൊ…. അപ്പോ എനിക്ക് ദേഷ്യവാണ്… എല്ലാവരോടും… ഇവരെല്ലാം കൂടി ആ പാവത്തിനെ… ” രേഷ്മയുടെ കണ്ണുകളിൽ കോപം ജ്വലിച്ചു…
അവളുടെ ഉള്ളിലെ വിഷമങ്ങൾ ഒരു ജ്വാലായായി കത്തിയാളി…… ആൻസി അവളെ തടഞ്ഞില്ല…
രേഷ്മ അവളുടെ മടിയിൽ കിടന്നു…
അവൻ മരിച്ചുകഴിഞ് 2 കൊല്ലം ആകാറായി… ഇപ്പോഴും അവൾക്ക് യാതൊരു മുക്തിയും അവനിൽ നിന്നും ലഭിച്ചില്ല എന്ന് ആന്സിക്ക് വ്യക്തമായിരുന്നു…
എന്ത് പറയണം എന്നും അവൾക്ക് നിശ്ചയം ഇല്ലായിരുന്നു… പക്ഷെ ഇന്ന് അവളെ മാറ്റിയെടുക്കും എന്ന വാശിയിൽ തന്നെ ആൻസി ഉറച്ചു നിന്നു…
അവൾ രേഷ്മയുടെ മുടിയിൽ പതിയെ തലോടിക്കൊണ്ടിരുന്നു…
കുറെ നേരംഇരിപ്പ് തുടർന്നു…
” രേഷമേ….. അവൻ ഇനി വരില്ലടി… നിനക്ക് അത് നന്നായി അറിയാം… ഇല്ലേ??? ആൻസി ചോദിച്ചു…
രേഷ്മ തന്റെ കണ്ണ് തുടച്ചുകൊണ്ട് എഴുന്നേറ്റ് ഇരുന്നു…
“അറിയാം..” മറ്റാരേക്കാളും നന്നായി അറിയാം… പക്ഷെ എന്റെ ഈ ജീവിതം ഇനി അവന് ഉള്ളതാ…” അവൾ ഗർവോടെ പറഞ്ഞു…
ആന്സിക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്…
നീ വെറും ഒരു പാവം ആണ് പെണ്ണേ… നിന്റെ അച്ഛനും അമ്മേം നിന്നെക്കാളും പാവം ആണ്… അതിന്റെ എല്ലാ കൊണവും നിനക്ക് കിട്ടീട്ടുണ്ട്…
രേഷ്മക്ക് അതത്ര രസിച്ചില്ല…
” ഇതൊരു ആത്മാർത്ഥതയുടെ പ്രശ്നം ആണ്… ”
രേഷ്മ ഗൗരവത്തോടെ പറഞ്ഞു…
” പിന്നെ…. ഞങ്ങൾക്കൊന്നും ആത്മാർത്ഥത ഇല്ലല്ലോ… ”
ആ മറുപടിയിൽ അവൾ തൃപ്തയല്ലായിരുന്നു…
തന്നെ ആൻസി മനസ്സിലാക്കുന്നില്ല എന്ന് അവൾക്ക് തോന്നി…
” നിനക്ക് അത് മനാസിലാവില്ല… ”
രേഷ്മ ചെറിയ ശബ്ദത്തിൽ പറഞ്ഞു…
” അതെന്താ ഞാൻ മനുഷ്യൻ അല്ലെ… ” ടീ പെണ്ണേ… നീ ചുമ്മാ കിടന്ന് സ്വയം നശിക്കാൻ നിക്കാണ്…
നിനക്ക് ഒരു കാര്യം അറിയോ ഇപ്പഴും ഞാൻ എന്റെ അച്ഛനേംഅമ്മയെം ഒക്കെ ഓർത്ത് വിഷമിക്കാറുണ്ട്… ഞാൻ വീട്ടീന്ന് ഇറങ്ങിപ്പോയതിന്റെ പേരിൽ ഒരുപാട് അനുഭവിക്കുന്നുണ്ട് അവർ… ” മക്കളെ നോക്കി വളർത്താത്തതിന്റെ കുഴപ്പം ആണ്,….
പിഴച്ചു പോയി എന്ന് കരുതിയാൽ മതി,…
ഈ ജൻമം ഒക്കെ എങ്ങനെ ചേച്ചിയുടെ വയറ്റിൽ പിറന്നു….
എന്നൊക്കെ ഉള്ള വെറൈറ്റി കമന്റ്സ് കൊണ്ട് മൂടുവാണ് നാട്ടുകാര്… പിന്നെ ബന്ധുക്കളുടെ വക വേറെ ഉണ്ട് ട്ടാ…
” ഇതൊക്കെ കണ്ടിട്ടല്ലേ ഞങ്ങടെ മക്കളും വളരണെ… അതുകൊണ്ട് ഇനി ബന്ധം പറഞ്ഞു ആരും വരണ്ട എന്ന്… ” അവൾ അന്സിയെ അങ്കലാപ്പോടെ നോക്കി…
രേഷമേ നമ്മൾ ഈ പറയുന്ന പുരോഗമന ചിന്താഗതി ഒന്നും നമ്മുടെ ചുറ്റും ഉള്ളവർക്ക് ഇല്ലാത്തിടത്തോളം സമാധാനമായി നമുക്ക് ഉറങ്ങാൻ പോലും പറ്റില്ല…
“സത്യം പറഞ്ഞാൽ നീ ഭാഗ്യവതി ആണ്…” നിന്നെ ഇതുപോലെ മനസ്സിലാക്കുന്ന ഒരു ഫാമിലി നിനക്ക് കിട്ടി… അത് നിനക്ക് മനസ്സിലാവില്ല… കാരണം നീ ഇപ്പോഴും നിന്റെ അച്ഛന്റേം അമ്മേടേം ഒരു സേഫ് സോണിൽ ആണ് …
അവർക്ക് എന്തെങ്കിലും പറ്റിയാൽ അന്ന് നീ ആലോചിക്കും… എന്തിനായിരുന്നു ഈ വാശി എന്നൊക്കെ… അന്ന് നന്നായി പഠിക്കും മോള്…
ആൻസി ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നപ്പോൾ രേഷ്മ ശിലപോലെ കേട്ടിരുന്നു… അവളുടെ ഹൃദയം അപ്പോഴും വിങ്ങുന്നുണ്ടായിരുന്നു…
” ടീ അവൻ മരിച്ചു പോയി… ഇനി വരില്ല… മരിച്ചു പോയ ഒരാളോട് നിനക്കുള്ള സ്നേഹം കാണിക്കാനാ നീ നിന്നെ സ്നേഹിക്കുന്നവരെ കൂടി ഇങ്ങനെ വിഷമിപ്പിക്കുന്നത്… ”
ആൻസി രേഷ്മയുടെ തോളിൽ പിടിച്ചു കിലുക്കിക്കൊണ്ടു പറഞ്ഞു…
” ഞാൻ പോവാ… ഇനി എല്ലാം നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്… ”
ആൻസി എഴുന്നേറ്റ് നടന്നു…
” ടീ പോവല്ലേ… ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്…” അവൾ കെഞ്ചുന്ന സ്വരത്തോടെ പറഞ്ഞു…
” സാരമില്ല… ഒന്ന് ഇരുത്തി ചിന്തിക്ക്… ”
ഞാൻ ഇപ്പൊ പോയില്ലേലെ എന്റെ കേട്ട്യോൻ പട്ടിണി ആവും…
വല്ലപ്പോഴും ഇതുപോലെ വരാം… ”
” അതേ ആത്മാർത്ഥത ഒക്കെ നല്ലതാ പക്ഷെ അത് ഒരു ഉപകാരം പോലും ഉണ്ടാക്കുന്നില്ലല്ലോ നിനക്ക് പിന്നെ ആ പേരിൽ നീ നശിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ കൂടെ നിന്റെ അച്ഛനും അമ്മയും ഉണ്ടാവും…
അവരെ ഇപ്പൊ അറുത്തറുത്ത് കൊല്ലുവാണ് നീ….
രേഷ്മ പോകാനൊരുങ്ങിയ അന്സിയുടെ കയ്യിൽ മുറുകെ പിടിച്ചു…
“ആൻസി…. എനിക്ക് പറ്റില്ലടി അവനെ…. അവനെ മറക്കാൻ….”
ആന്സിക്ക് ദേഷ്യം വന്നു…
ഇരുപത്തിനാല് മണിക്കൂറും അവന്റെ ഈ ഒടിഞ്ഞ ഫ്ലൂട്ടും കെട്ടിപ്പിടിച്ച് ഇരുന്ന്, അവന്റെ ഫോട്ടോസും നോക്കി അത് തന്നെ ചിന്തിച്ച് ഇരുന്നാൽ അവനെ മറക്കില്ല… “
” ഇങ്ങനെ പോയാ അവന്റെ കൂടെ നിന്റെ അച്ഛനേം അമ്മെനേം കൂടി ഇങ്ങനെ നോക്കി ഇരുന്ന് കരയാം… ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ജീവിക്കടി… ”
ആൻസി നിരാശയോടെ തിരിഞ്ഞു നടന്നു… വലിയ മാറ്റം ഒന്നും തനിക്ക് രേഷ്മയിൽ ഉണ്ടാക്കാൻ കഴിയാത്തതിൽ അന്സിക്ക് നല്ല വിഷമം ഉണ്ടായിരുന്നു… എങ്കിലും അത് കാര്യമാക്കാതെ അവൾ നടന്നു…
വാതിൽ തുറന്ന് നടക്കാൻ തടങ്ങിയ അവൾ രേഷമയെ ഉറക്കെ വിളിച്ചു…
“അതേ ഇനി നീ എന്റെ പ്രശ്നങ്ങൾ ഓർത്ത് ടെൻഷൻ അടിക്കേണ്ട… അതൊക്കെ എനിക്ക് ഡീൽ ചെയ്യാവുന്നതെ ഉള്ളു… നീ നിന്നെ തന്നെ ആദ്യം ഒന്ന് വരുതിക്ക് കൊണ്ടുവരാൻ നോക്ക്… ”
അൻസി മുറിക്ക് പുറത്ത് കടന്നു…
ഉമ്മറപ്പാടിയിൽ തെളിഞ്ഞ ആകാശം നോക്കി ഇരിക്കുന്ന രേഷ്മയുടെ അമ്മയെ കണ്ടപ്പോൾ ആൻസി അവിടേക്ക് നടന്നു…
‘അമ്മ എന്നോട് ക്ഷമിക്കണം…
എന്നെക്കൊണ്ട് പറ്റുന്ന പോലെ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്…
പക്ഷെ എനിക്ക് അറിയില്ല അവൾക്ക് അത് എത്രത്തോളം ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ട് എന്ന്…
രേണുക അവളെ ആദരവോടെ നോക്കി…
” സാരമില്ല മോളേ… മോള് ഇവിടെ വരെ വന്നല്ലോ… കൂടെ നിക്കാൻ ഒരു മനസ്സ് കാണിച്ചല്ലോ അത് മതി… ”
ആൻസി അവരെ മുറുകെ പുണർന്നു… ആ സ്ത്രീ പകർന്നു തന്ന ചൂടിലും മാതൃത്വം നിറഞ്ഞു നിന്നിരുന്നു എന്ന് ആൻസിക്ക് തോന്നി…
അവൾക്ക് തന്റെ സ്വന്തം അമ്മയെ തന്നെ വാരിപ്പുണർന്ന പോലെ തോന്നിപ്പോയി…
പിന്നീട് അവൾക് അവിടെ നിൽക്കാനായില്ല…
തന്റെ കണ്ണീർ അവരെ കാണിക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല എന്ന് വേണം കരുതാൻ…
ആൻസി വേഗം തിരിഞ്ഞു നടന്നു…
അവൾ നടന്നു നീങ്ങുന്ന വഴി നിക്കി രേണുക നിന്നു…
പെട്ടെന്ന് രേഷ്മ അകത്ത് നിന്നും ഓടി വന്ന് വാതിൽക്കൽ നിന്നു…
” അവളുടെ കണ്ണുകൾ അന്സിയെ അന്വേഷിച്ചു നടന്നു…
രേണുക തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ പ്രതീക്ഷയോടെ തന്റെ മകൾ നിൽക്കുന്നത് കണ്ടു…
അവളുടെ ആ നോട്ടത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും പറയാൻ ബാക്കി വച്ചതിന്റെ വെമ്പൽ ഉണ്ടായിരുന്നു… അതിനുള്ള അവസരം ഇനിയും ഉണ്ടാകില്ലെന്നുള്ള നിരാശയുണ്ടായിരുന്നു… രേണുകക്ക് ഒരു ചെറിയ പ്രതീക്ഷ തോന്നിത്തുടങ്ങിയിരുന്നു…
അവർ തന്റെ മകളുടെ തോളിൽ പിടിച്ചുകൊണ്ട് തല താഴ്ത്തി പതിയെ പറഞ്ഞു…
” സാരമില്ല മോളെ… നിനക്ക് ഒരു വിഷമം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ ഇനിയും വരും… ”
രേഷ്മ നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി… അവളുടെ മുഖം ചുവന്ന് തുടുത്ത് വന്നു…
എന്റെ കൂടെ നിന്ന എനിക്ക് വേണ്ടി എല്ലാം ചെയ്ത് തന്ന എന്റെ അമ്മക്കും അച്ഛനും ഞാൻ ഒന്നും ചെയ്തില്ലല്ലോ എന്ന തോന്നൽ അവളിൽ ആദ്യമായി ഉണ്ടായി…
മനസ്സിൽ ഒരു നേരിയ കുറ്റബോധം അവളെ വേട്ടയാടാൻ തുടങ്ങി…
എരിയുന്ന മനസ്സിലേക്ക് മറ്റൊരു തീപ്പൊരി പോലെ…
പക്ഷെ ആ നിമിഷം തന്റെ അമ്മയെ അഭിമുഖീകരിക്കാൻ അവൾക്ക് വലിയ ജാള്യത തോന്നി… പെട്ടന്ന് ഒരു രക്ഷപ്പെടലിനെന്ന പോലെ അവൾ മുറിക്കുള്ളിൽ കയറി കഥകടച്ച് ഇരുന്നു…
ആൻസി കട്ടിലിൽ ചാരി വച്ചിരുന്ന തലയണ എടുത്ത് നെഞ്ചോട് ചേർത്ത് അവൾ ചിന്തയിൽ മുഴുകി…
മരത്തണലിൽ ഇരുന്ന് പുല്ലാങ്കുഴൽ വായിക്കുന്ന രാഹുലിന്റെ മുഖം അവളുടെ അടഞ്ഞ കണ്ണിനുള്ളിൽ തെളിഞ്ഞു വന്നു… അവന്റെ ആ കള്ളച്ചിരി, ഓടക്കുഴൽ വായിച്ചുകഴിയുമ്പോൾ മതിമറന്നുള്ള ആ ഇരുത്തം, ആരും കൊതിക്കുന്ന അവന്റെ കണ്ണുകൾ, ഇടക്കിടക്ക് പറയാറുള്ള കള്ളങ്ങൾ, അവന്റെ ചുംബനത്തിന്റെ ചൂട്…
അങ്ങനെ എല്ലാം അവൾക്ക് ഇന്നാലെയെന്നപോലെ മനസ്സിൽ തെളിഞ്ഞു വന്നു…
പക്ഷെ ഇത്തവണ ആ ഓർമ്മകൾ അവൾക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കി… അവൾ സ്വയം മറക്കാൻ ശ്രമിച്ചു… കട്ടിലിനോട് ചേർത്ത് ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ അവന്റെ ഓടക്കുഴൽ ഇരിക്കുന്നത് അവൾ കണ്ടു… അവൾ പെടുന്നനെ മുഖം തിരിച്ചു… അതിലേക്ക് നോക്കുമ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു… പക്ഷെ എന്തോ വീണ്ടും വീണ്ടും അത് എടുക്കാൻ ആണ് അവളുടെ മനസ്സ് ആവശ്യപ്പെട്ടത്…
അവൾ ആ ഓടക്കുഴൽ എടുത്തു… നെഞ്ചോട് ചേർത്ത് പിടിച്ചു… അവളുടെ ഇറുക്കിയടച്ച കണ്ണുകളിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു… പെടുന്നനെ അവൾ കണ്ണുകൾ തുറന്നു… അപ്പോൾ ആ കണ്ണുകളിൽ ഒരു നിശ്ചയധാർഷ്ട്യം ഉണ്ടായിരുന്നു…
അവൾ ആ ഓടക്കുഴൽ ടേബിളിൽ വലിപ്പിൽ വച്ച് അത് വലിച്ചടച്ചു…
അവളിൽ നിന്ന് ഒരു ദീർഘനിശ്വാസം പുറത്ത് വന്നിരുന്നു… രേഷ്മ പുറത്തേക്കിറങ്ങി… അവൾക്ക് അപ്പോൾ തന്നെ തന്റെ അമ്മയെ കാണാണമായിരുന്നു… അവൾ അടുക്കളയിലേക്ക് ഓടിച്ചെന്നു… പക്ഷെ ‘അമ്മ അവിടെ ഇല്ലായിരുന്നു… അവൾ വീടിലെ എല്ലാ മുറികളിലും ഓടിയിറങ്ങി നോക്കി… ‘അമ്മ അവിടെയൊന്നും ഇല്ല… അവസാനം അവൾ വീടിന്റെ പുറത്തേക്ക് ഇറങ്ങി… വീടിന്റെ ഒതുങ്ങിയ ചെറു മുറ്റത്തിന്റെ ഒരറ്റത്ത് നട്ടുവളർത്തിയിട്ടുള്ള പൂന്തോട്ടങ്ങളിൽ എന്തൊക്കെയോ പണികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു രേണുക… അവിടെ ഉണ്ടായിരുന്ന റോസാച്ചെടികൾ ഒന്നും ഇതുവരെ ഒരു തവണ പോലും മോട്ടിട്ടില്ല… അമ്മയും ആ റോസാച്ചെടികളും തമ്മിൽ എന്തോ വൈരാഗ്യം ഉണ്ട് എന്ന് പറഞ്ഞ് പലപ്പോഴും അമ്മയെ കളിയാക്കാറുള്ളത് അവൾ ഓർത്തു…
പക്ഷെ ‘അമ്മ ഇപ്പോഴും അതിന്റെ പരിപാലനത്തിൽ ആണ്… ഒരു പ്രതീക്ഷയോടെ… രേഷ്മയുടെ കണ്ണുകൾ നിറഞ്ഞു… ആ ചെടി അവൾ തന്നെയാണെന്ന് എന്നവൾക്ക് തോന്നി… അടക്കിവക്കാൻ പറ്റാത്ത വികാര തള്ളിച്ചയോടെ അവൾ തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയടുത്തു…
” അമ്മേ…. ” തന്റെ അമ്മയെ വിളിച്ചതും ഓട്ടത്തിൽ കാല് മടങ്ങി അവൾ വീണതും ഒരുമിച്ചായിരുന്നു… രേണുക തന്റെ കയ്യിൽ ഉണ്ടായിരുന്ന ചെറിയ കുരൽ നിലത്ത് ഇട്ട് ആദിയോടെ ഓടിയടുത്തു… രേഷ്മ നിലത്ത് ഇരുന്ന് തന്റെ കൈമുട്ടിലെ പൊടിയുന്ന ചോരത്തുള്ളികളിൽ നിന്ന് മണ്ണ് തുടച്ചു മാറ്റി…
രേണുക അവളെ വാരിപ്പുണർന്നു… നോക്കി നടക്കാൻ പറഞ്ഞാ കേൾക്കരുത്… എന്നിട്ട് ഇപ്പൊ വീണ് കയ്യും കാലും പൊട്ടിച്ചപ്പോ സമാധാനം ആയില്ലേ നിനക്ക്… രേണുക അവളുടെ കൈകളിൽ മുറിഞ്ഞ ഭാഗത്ത് പതിയെ ഊതി… രേഷ്മ അമ്മയെ ആദരവോടെ നോക്കി…
” അമ്മേ… എനിക്ക് കല്യാണത്തിന് സമ്മതമാണ്… ‘അമ്മ അത് ഉറപ്പിച്ചോ… ആരാണെങ്കിലും കുഴപ്പമില്ല… ”
രേണുകയുടെ കണ്ണുകൾ നിറഞ്ഞു…അവർ തന്റെ മകളെ മുറുകെ പുണർന്നു…
അടക്കാനാവാത്ത വികാരത്തിന്റെ തള്ളിച്ചയിൽ പല ശബ്ദങ്ങളും അവരിൽ നിന്നും പുറത്ത് വന്നു… അങ്ങനെ ആർക്കെങ്കിലും ഒന്നും നിന്നെ കെട്ടിച്ചു കൊടുക്കാൻ പോണില്ല… നീ ഞങ്ങടെ മോളല്ലേ… നിന്നെ കെട്ടാൻ വരുന്നവനും വേണം ഒരു യോഗ്യത… ”
രേഷ്മക്ക് ഒന്നും പറയാൻ കിട്ടാതായി…
അവൾക്ക് ആകെ സാധിക്കുന്നത് കരയുക മാത്രം ആയിരുന്നു… അത് അവൾ തുടർന്നുകൊണ്ടിരുന്നു…
Responses (0 )