കുറ്റബോധം 11
Kuttabodham Part 11 bY Ajeesh | PREVIOUS PARTS
രേഷ്മ കഥകടച്ച് മുറിക്കുള്ളിൽ ഇരുന്നു… പുറമെ ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും വാവിട്ട വാക്കുകൾ വായുവിൽ പാറി നടക്കുന്നുണ്ട്… അവക്ക് നേരെ കണ്ണടക്കാൻ അവൾ ശ്രമിച്ചു…
രാഹുലിനെ ഒന്ന് വിളിക്കണം എന്നുണ്ട്… പക്ഷെ എങ്ങനെ വിളിക്കാനാ…
വീട്ടിൽ വന്ന് കയറിയപ്പോഴേ ‘അമ്മ ഫോൺ എറിഞ്ഞു പൊട്ടിച്ചു കളഞ്ഞില്ലേ… അവനെ വിളിക്കാനുള്ള എന്തെങ്കിലും ഒരു വഴിക്കായി അവൾ ചിന്തയിലാണ്ടു…
“രേഷമേ വാതിൽ തുറക്ക്… നീ വെറുതെ എന്നെ ഇനിയും ദേഷ്യം പിടിപ്പിക്കരുത് ” പുറത്ത് നിന്നും അച്ഛന്റെ ഭയപ്പെടുത്തുന്ന ശബ്ദം അവളുടെ കാതുകളിൽ വിങ്ങലേല്പിച്ചു…. പക്ഷെ അവൾ അനങ്ങാതെ തന്നെ ഇരുന്നു… അച്ഛനോ അമ്മയോ പറയുന്നത് ചെവിക്കൊള്ളാൻ ഉള്ള ക്ഷമ അവൾക്ക് അപ്പോൾ നഷ്ട്ടപ്പെട്ടു പോയിരുന്നു…
പെട്ടന്ന് ഈ ലോകം തന്നെ തനിക്ക് എതിരായിപ്പോയി എന്ന തോന്നൽ ആയിരുന്നു അവൾക്ക്… അവൾ കട്ടിലിൽ കമഴ്ന്ന് കിടന്ന് കരഞ്ഞു…
“തോറക്കടി…”
രേഷമേ നീ വെറുതെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത്…” രേണുക അലറിക്കൊണ്ടാണ് അത് പറഞ്ഞത്… അവരുടെ ഒച്ചപ്പാടും ബഹളവും കേട്ട് പുറത്ത് നിന്നിരുന്ന ശിവൻ അകത്തേക്ക് കയറി വന്ന് ഒറ്റ ചവിട്ടിന് കതക് തുറന്നു… പെടുന്നനെ ഉള്ള ആ ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടിക്കൊണ്ട് എഴുന്നേറ്റു… ശിവൻ അവളെ കട്ടിലിൽ നിന്നും വലിച്ച് പുറത്തേക്ക് ഇട്ട് മുഖത്ത് ആഞ്ഞടിച്ചു…. അവളുടെ ലോലമായ കവിളിണകൾക്ക് താങ്ങാവുന്നതിലും വലുതായിരുന്നു ആ ആഘാതം…. അവൾ മുഖം പൊത്തി നിലത്ത് ഇരുന്നു… ഭാസ്‌കരനും രേണുകയും നിശബ്ധരായിരുന്നു….
“ഇവരിവിടെ കിടന്ന് പറയാണത്തൊന്നും നിനക്ക് കേക്കാൻ വയ്യെ…”
രേഷ്മ അങ്ങേയറ്റം ഭയത്തോടെ അന്നാദ്യമായി ശിവനെ നോക്കിക്കണ്ടു…
” മരിയാതക്ക് … മരിയാത്തക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം… ” ആ വാക്കുകൾ പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു…
” ആവശ്യത്തിലധികം സ്വാതന്ത്ര്യം നിനക്ക് ഇവരൊക്കെ തന്നതിന്റെ ഫലം ആണ് ഈ കാണുന്നതൊക്കെ… ”
രേഷ്മ അടികൊണ്ട ഭാഗം പൊത്തിക്കൊണ്ട് അച്ഛനെയും അമ്മയെയും നോക്കി…
തന്നോടുള്ള അടങ്ങാത്ത ദേഷ്യം അവർക്ക് ഉണ്ടെങ്കിലും… അതിനേക്കാൾ കൂടുതൽ സങ്കടമായിരുന്നു അവൾ ആ മുഖത്ത് കണ്ടത്….
ശിവൻ രേഷ്മയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു…
” ഇതോടുകൂടി എല്ലാം അവസാനിപ്പിച്ചോണം… ” ആ വാക്കുകൾ ഒരു കല്പനക്ക് തുല്ല്യമായിരുന്നു…
രേഷ്മ ഒരക്ഷരം പോലും മിണ്ടിയില്ല…. രേണുക രേഷ്മയെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു… കണ്ണിൽ നിന്നും അപ്പോഴും ധാരയായി ഒഴുകിവന്നിരുന്ന കണ്ണീർ തുടച്ചു മാറ്റാൻ പോലും അവൾ മുതിർന്നില്ല… അമ്മയുടെ സമീപം മിണ്ടാതെ അവൾ നിന്നു…
തനിക്ക് ഒരു താങ്ങായി നിൽക്കാൻ തയ്യാറാവുന്ന ഒരു മനസ്സെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആ നിമിഷം കൊതിച്ചുപോയി…
” പോയി ആ മുഖം കഴുക്… ” രേണുക അവളോട് സൗമ്യതയോടെ പറഞ്ഞു…
കരഞ്ഞു കലങ്ങിയ കണ്ണുകൾ സ്വയം തന്നോട് ഒരു വിശ്രമം ആവശ്യപ്പെടുന്നുണ്ട് എന്ന തോന്നൽ ഉണ്ടായതുകൊണ്ടാവാം… അവൾ വാഷ് ബൈസന്റെ അടുത്ത് ചെന്ന് മുഖം കഴുകി…
” ഇനി നിന്നെ ആരെങ്കിലും വന്ന് കെട്ടും എന്ന് തോന്നുന്നുണ്ടോ??? ”
രേണുക എരിതീയിലേക് എന്ന പകർന്നു തുടങ്ങി…
എന്റെ മോളെ ഇനി ആളുകൾ എന്തൊക്ക പറയും എന്ന് ഓർക്കുമ്പോ….”
അവർ പതിയെവിതുമ്പി…
രേഷ്മക്ക് അമ്മയെ സമാധാനിപ്പിക്കാൻ ഉള്ള വാക്കുകൾ ഒന്നും വായിൽ വന്നില്ല… എന്ത് പറഞ്ഞാലും ആരും ചെവിക്കൊള്ളില്ല എന്ന ഒരു തോന്നാളായിരുന്നു രേഷ്മയുടെ മനസ്സ് നിറയെ… എങ്കിലും അവൾക്ക് രാഹുലിനെക്കുറിച്ചുള്ള ചിന്തകൾ അകറ്റി നിർത്താൻ ആയില്ല… അവനെ അവർ അവിടെ ഇട്ട് തല്ലി ചതക്കുമോ എന്ന ഭയം ആയിരുന്നു അവൾക്ക്… ആ പോലീസ് എസ് ഐ യുടെ മുഖം അവളുടെ മുന്നിലൂടെ ഒരു ഭയപ്പെടുത്തുന്ന ചിത്രം പോലെ മിന്നി മറഞ്ഞു…
അൽപ്പ നേരത്തെ മൗനത്തിന് ശേഷം കരഞ്ഞുകൊണ്ടിരിക്കുന്ന തന്റെ അമ്മയുടെ അടുത്ത് ചെന്ന് ആ കൈകൾ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു…
” അമ്മേ… എന്ത് വേണേലും ഞാൻ ചെയ്യാം… നിങ്ങൾ പറയാണതൊക്കെ ഞാൻ അനുസരിക്കാം… പക്ഷെ അവൻ… “രാഹുൽ ഇപ്പഴും സ്റ്റേഷനിലാണ്… ” ആ പൊലീസ്കാര് അവനെ എന്തെങ്കിലും ചെയ്യും…
അവനെ അവിടെ നിന്ന് എങ്ങനെങ്കിലും ഒന്ന് പുറത്തിറക്കണം… ഞാൻ കാരണം അവന്റെ ജീവിതം കൂടി ഇല്ലാണ്ടാക്കാരുത്… ”
” അവൻ അവടെ കെടക്കട്ടെടി 2 ദിവസം… ഇമ്മാതിരി പണിക്ക് ഇറങ്ങുമ്പോ ഇതൊക്കെ നേരിടാൻ ഉള്ള ചങ്കൂറ്റം കൂടി വേണം… ”
ഹാളിൽ നിന്ന് അടുക്കളയിലേക്ക് നടന്ന് വന്നുകൊണ്ട് ശിവൻ അമർഷത്തോടെ പറഞ്ഞു…
” അനുഭവിക്കട്ടെ… ചെക്കനെ കാണാതാവുമ്പോ വീട്ടുകാര് തന്നെ വന്ന് ഇറക്കിക്കോളും… ”
രേഷ്മ ശിവന്റെ കാലിൽ പിടിച്ചു കരഞ്ഞു…
ഞാൻ വേറെ ഒന്നും നിങ്ങളോട് ഇനി ആവശ്യപ്പെടില്ല… അവനെ ഉപദ്രവിക്കരുത്… പ്ലീസ്…. രേഷ്മ ശിവന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു…
അവൻ അവിടെനിന്നും യാദോരു കുഴപ്പവും ഇല്ലാതെ വീട്ടിലേക്ക് പോയി എന്ന് അറിയാമായിരുന്നിട്ടും ആ സമയത്ത് അത് അവളോട് പറയാൻ ശിവൻ ശ്രമിച്ചില്ല… ഒരുപക്ഷേ അത് അറിഞ്ഞാൽ അവൾ വീണ്ടും തങ്ങളുടെ വരുതിയിൽ നിന്ന് അകന്നു പോകുമോ എന്ന ഭയം അയാളെ അലട്ടിയിരുന്നു…
“ഭാസ്‌കരേട്ടാ ഇവളെ പിടിച്ചോണ്ട് പോയേ… ” ശിവൻ തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…
ജീവിതത്തിൽ ഒരിക്കലും തന്റെ രേഷ്മയെ വിഷമിപ്പിക്കരുത് എന്ന് ആഗ്രഹിച്ചിരുന്ന ശിവന് അവളുടെ ആ വാക്കുകൾ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…. എങ്കിലും തന്റെ വിഷമമൊന്നും ഒരു തരിപോലും പുറത്ത് കാട്ടാതിരിക്കാൻ ശിവൻ കിണഞ്ഞു ശ്രമിച്ചു….
ഭാസ്കരൻ അവളെ എഴുന്നേൽപ്പിച്ചു അവളുടെ മുറിയിലേക്ക് കൊണ്ടുപോയി …
” അച്ഛാ… എന്നോട് ഒന്ന് മിണ്ട് അച്ഛാ…
എന്നെ അത്രക്ക് വേണ്ടാതായോ നിങ്ങൾക്ക് ???.”
ഭാസ്‌കരൻ തന്റെ മകളെ തളർന്ന മട്ടിൽ നോക്കി… അയാളുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീർ പുറത്തേക്ക് വീണു… പക്ഷെ അവളോട് ഒരു വാക്ക് പോലും മിണ്ടാൻ അയാൾ ശ്രമിച്ചില്ല… രേഷ്മ തന്റെ അച്ഛന്റെ കയ്യിൽ പിടിച്ചു…
” അച്ഛാ… ” എന്നോട് ക്ഷമിക്ക്… ഇപ്പൊ എന്റെ ഈ ഒരു ആവശ്യം നിങ്ങൾ സാധിച്ചു തന്നാ മതി… ” രേഷ്മയുടെ കൈ തട്ടിയകറ്റി ഭാസ്കരൻ നടന്നകന്നു… താൻ പറയുന്ന ഒന്നിനും ഇനി ഈ വീട്ടിൽ ഒരു വിലയും ഉണ്ടാകില്ല എന്ന് അവൾക്ക് തോന്നി…
ആരോട് പറഞ്ഞാലും എതിർപ്പ് മാത്രമാണ് ഫലം… പക്ഷെ അവൾക്ക് വീണ്ടും വീണ്ടും അവൻ എന്തോ അപകടത്തിലാണ് എന്ന തോന്നൽ ഉള്ളിൽ ഉടലെടുത്തുകൊണ്ടിരുന്നു… ഇനിയും ഇത് പറഞ്ഞാൽ അവർ തന്നെ ഒട്ടും പരിഗണിക്കില്ല എന്ന് തോന്നിയപ്പോൾ അവൾ ആ ശ്രമം ഉപേക്ഷിച്ചു…
അവൾ അവിടെ നിന്നും പിന്നീട് എഴുന്നേറ്റില്ല… ഒരേ കിടപ്പ് തന്നെയായിരുന്നു… ഉടുത്തിരുന്ന സാരി മാറിയിടാനോ , ഭക്ഷണം കഴിക്കാനോ അവൾ എഴുന്നേറ്റില്ല…
അവൾക്ക് വേണ്ട ഭക്ഷണം അവളുടെ മുറിയിൽ എത്തിച്ചു കൊടുത്തത് പൂർവ്വസ്ഥിതിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു… നേരം ഇരുട്ടാൻ തുടങ്ങി…
സമയം തൃസന്ധ്യ കഴിഞ്ഞിരുന്നു… അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ മാത്രം ഭൂമിയിൽ അവശേഷിച്ചു…
“ഇന്നിനി നീ വീട്ടിലേക്ക് പോവണ്ട ശിവാ…” ഭാസ്കരൻ പറഞ്ഞു…
ഹമ്മം.. ഞാനും അത് ആലോചിച്ചു… പോയാലും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല… മനസ്സ് മുഴുവൻ ഇവിടായിരിക്കും… ” ശിവൻ ഉമ്മറത്തെ പടിയിൽ ഇരുന്നുകൊണ്ട് നിലത്തേക്ക് ചാഞ്ഞു കിടന്നു…
പെട്ടന്ന് മൊബൈൽ റിങ് ചെയ്ത ശബ്ദം കേട്ട് ശിവൻ എഴുന്നേറ്റു… കൊണ്സ്ട്രബിൾ രാമൻ ആണ്…
” ഹാലോ… എന്താ രാമേട്ടാ…”
” ശിവാ ആ ചെക്കൻ ആത്മഹത്യ ചെയ്തു… “
ശിവൻ ഒരു നിമിഷം നടുങ്ങിപ്പോയി… രാഹുലിന്റെ മുഖത്ത് ആഞ്ഞടിച്ച നിമിഷം ശിവന്റെ മനസ്സിൽ തെളിഞ്ഞു വന്നു….. തിരിച്ചൊന്നും പറയാനാവാത്ത വിധം വിറങ്ങലിച്ചു പോയിരുന്നു അയാൾ… ഭാസ്‌ക്കരൻ ശിവന്റെ മുഖഭാവങ്ങൾ കണ്ട് പരിഭ്രാന്തി പൂണ്ടു…
” എന്താ ശിവാ എന്താ പ്രശ്നം… ” ശിവൻ അപ്പോഴും ചെവിയിൽ നിന്നും ഫോൺ എടുക്കാതെ സ്തംഭിച്ചു നിന്നു…
” തൽക്കാലം ആ കൊച്ചിനെ അറിയിച്ചു സംഭവം വഷളാക്കണ്ട….” നാളെ നേരം വെളുത്തിട്ട് അവളെ ഒന്നും പറയാതെ ഇങ്ങോട്ട് കൊണ്ടുവന്ന് ഒന്ന് കാണിച്ചാൽ മതി… ”
ശിവൻ ഭാസ്കരനെ നിസ്സഹായതയോടെ നോക്കി…
” രാമേട്ടാ അവന്റെ വീട്ടുകാർ ഒക്കെ… ??”
” ഒറ്റ മോനാ… പോരാത്തെന് അധികം ബന്ധുക്കൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ ഫാമിലി ആണ്… ”
ഇപ്പൊ ഇങ്ങോട്ട് ആ കൊച്ചിനെ കൊണ്ടു വരണ്ട… പിന്നെ അത് ഇതിനേക്കാൾ മോശമായിട്ടായിരിക്കും അവസാനിക്കാ…” രാമേട്ടൻ പറഞ്ഞു നിർത്തി…
ശിവൻ ഫോൺ കട്ട് ചെയ്തു…
ഇടഞ്ഞു ഓടി വരുന്ന മഥയാനയെ കണ്ടാലും പതറാതെ നിൽക്കുന്ന ശിവൻന്റെ മുഖത്ത് വല്ലാത്ത ഭയം തളം കെട്ടി നിന്നു….
” ശിവാ നീ കാര്യം പറയാടാ… ”
ഭാസ്കരന്റെ ക്ഷമ നശിച്ചിരുന്നു…
” ആ ചെക്കൻ മരിച്ചു… ”
ഭാസ്‌കരൻ ഭയന്ന് പുറകിലേക്ക് നീങ്ങി…
“ആത്മഹത്യ ചെയ്തതാ…. ”
ഭാസ്കരൻ അകത്തേക്ക് നോക്കി… ആരും കേട്ടിട്ടില്ല… ആ മനുഷ്യന് താങ്ങാവുന്നതിലും വലുതായിരുന്നു അപ്പോൾ അയാൾ കേട്ടത്…
” ശിവാ എന്റെ മോള്…
അവളോട് പറയണ്ടേ….??? ”
ഭാസ്‌ക്കരന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു…
” ഇപ്പൊ പറയണ്ട… നാളെ ഞാൻ തന്നെ അവളെ കൊണ്ട് പോവാം… ”
ശിവൻ പറഞ്ഞൊപ്പിച്ചു…
” ഈ പാപം മുഴുവൻ ഞാൻ എവിടെ കൊണ്ട് കളയും എന്റെ ഈശ്വരാ…”
ശിവൻ വികാരധീനനായി വെറുതേ പറഞ്ഞു…
ഇരുന്നിട്ട് ഇരിപ്പൊറക്കുന്നില്ല… ശിവൻ പുറത്തേക്ക് ഇറങ്ങി നടന്നു…
ഗേറ്റ് വരെ എത്തിയപ്പോഴേക്കും അയാൾക്ക് തീരുമാനം മാറ്റാൻ തോന്നി…
” അവളോട് പറയണം…. ഇല്ലങ്കിൽ ഞാൻ എന്റെ മോളോട് ചെയ്യുന്ന ഏറ്റവും വലിയ പാപം ആയിരിക്കും അത്… ” ശിവന്റെ മനസ്സ് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു…
അയാൾ തിരികെ വന്നു… നേരെ അകത്തേക്ക് കയറി…
” ശിവാ… ഇപ്പൊ അവളോട് പറയണോ??? “
അപകടം മുൻകൂട്ടി കണ്ടിട്ടെന്ന പോലെ ഭാസ്‌കരൻ വിലക്കുമായി വന്നു… എന്നാൽ ശിവന് മുൻപിൽ മറ്റൊരു സാധ്യത തെളിഞ്ഞു വന്നില്ല… എന്തുവന്നാലും അവളോട് പറയുക തന്നെ… ശിവൻ രേഷ്മ കിടക്കുന്ന മുറിയിലേക്ക് കടന്നു….
ഭാസ്‌കരൻ മുൻവാതിൽ അടച്ചു കുറ്റി ഇട്ട് വച്ചു…
ഒരുപക്ഷേ തന്റെ മകൾ ഇറങ്ങി ഓടിയേക്കുമോ എന്നയാൾ ഭയപ്പെട്ടിരുന്നു….
ശിവൻ മുറിക്കകത്തേക്ക് കടന്നു…
രേഷ്മ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നുണ്ട്… അവൾ ഇപ്പോഴും കരയുകയായിരിക്കണം അയാൾ അനുമാനിച്ചു…
ശിവൻ അവളുടെ തലമുടിയുടെ മൃദുവായി തലോടികൊണ്ട് അവളുടെ സമീപത്തായി ഇരുന്നു…
ആ കരസ്പർശം ഗ്രസിച്ചിട്ടിയെന്നോണം അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി… പക്ഷെ ശിവനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഭയം ആയിരുന്നു നിഴലിച്ചത്… അവൾ ശിവനിൽ നിന്നും അരല്പം അകന്നിരുന്നു… ശിവേട്ടൻ ഇനിയും തന്നെ അടികുമോ എന്ന ഭയം അവളിൽ ഉണ്ടായിരുന്നു…
അവളിലെ ആ നടുക്കം ശിവനിൽ വല്ലാത്ത വേദന ഉണ്ടാക്കി…
ഇന്നലെ വരെ എന്ത് ആവശ്യം വന്നാലും സ്വന്തം അച്ഛനെ അറിയിക്കുന്നതിന് മുൻപേ എന്നെ വിളിച്ചിരുന്നവൾ ആയിരുന്നു അവൾ. എന്തും അവൾക്ക് എന്നോട് തുറന്ന് പറയാമായിരുന്നു… പക്ഷെ ഇപ്പോൾ ആ കണ്ണുകളിൽ തന്നെ കാണുമ്പോൾ ഭയം ആണ് കാണുന്നത്… ശിവൻ നിരാശയോടെ തലതാഴ്ത്തി… ഞാൻ ഇപ്പോൾ അവന്റെ മരണത്തെക്കുറിച്ച് പറഞ്ഞാൽ രേഷ്മ പൂർണ്ണമായും തകർന്ന് പോകും എന്ന് ശിവന് തോന്നി… പെട്ടന്ന് രേഷ്മയുടെ മുഖത്തിന്റെ ഒരു വശം വല്ലാതെ വീർത്തിരിക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു… ശിവൻ അവളെ കൈനീട്ടി അടിച്ച നിമിഷത്തെ ഓർത്ത് സ്വയം ശപിച്ചു… തന്നെ കണ്ട ഭയത്തോടെ വിറങ്ങലിച്ചു ഇരിക്കുന്ന രേഷ്മയുടെ കവിളിൽ അയാൾ പതിയെ തലോടി…
” വേദനിച്ചോ നിനക്ക്….. ”
അവളുടെ കണ്ണിൽ ഒരു തിളക്കം വന്നത് പോലെ ശിവന് തോന്നി… പക്ഷെ അത് പെട്ടന്ന് തന്നെ കേട്ടു പോയിരുന്നു…
” അതൊന്നും സാരല്ല്യ ശിവട്ടാ… ”
എന്നെ ഇനീം തല്ലിയാലും ഞാൻ സഹിക്കും…
ഞാനാണ് ഇതിന് എല്ലാം കാരണം…
അവൾ ശിവന്റെ കയ്യിൽ പിടിച്ചു വിതുമ്പി…
രാഹുലിനെ വിളിച്ചിട്ട് എടുക്കുന്നില്ല… ശിവേട്ടൻ അവൻ സ്റ്റേഷനീന്ന് വീട്ടിൽ ഒന്ന് എത്തിക്കൊ… ???
ശിവന്റെ കൈകൾ വിറക്കാൻ തുടങ്ങി…. അയാൾക്ക് വല്ലാത്ത ഭയം അനുഭവപ്പെട്ടു… രക്തദാഹിയായ ഒരു ചെന്നായയുടെ മുന്നിൽ പെട്ടുപോയ ചെമ്പരിയാടിനെ പോലെ അയാൾ രേഷ്മയെ നോക്കി….
തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയ ശിവൻ പെട്ടന്ന് മുറിയിൽ നിന്ന് പുറത്തിറങ്ങി…
ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്ന ഭാസ്കരനെ വകവെക്കാതെ അയാൾ പുറത്തേക്ക് നടക്കാൻ തുടങ്ങി…
” ശിവാ നീ എങ്ങോട്ടാ…??”
ഭാസ്‌കരൻ വാതിൽക്കൽ എത്തിയപ്പോഴേക്കും ശിവനെ തടഞ്ഞു….
” എന്നെക്കൊണ്ട് പറ്റുന്നില്ലടാ… “
അവളുടെ മുൻപിൽ ഞാൻ വെറും തൃണം ആയിപ്പോയി…
ശിവൻ വിറക്കുന്ന വാക്കുകളോടെ പറഞ്ഞു…
” നീ മാത്രമല്ല… ഇതിൽ നമ്മളെല്ലാവരും തെറ്റുകാരാണ്… ”
എന്തുതന്നെയായാലും ഒരു ദിവസം നമുക്ക് അവളുടെ മുൻപിൽ അത് സമ്മതിച്ചു കൊടുക്കേണ്ടി വരും… ”
ശിവൻ നിസ്സഹായതയോടെ നിന്നു…
” പരിശുദ്ധി എന്ന വാക്കിന് നമ്മളൊക്കെ കല്പിച്ചു കൊടുത്ത അർത്ഥം എത്രത്തോളം അർത്ഥശൂന്യമാണ്… ”
അവളെ ചോദ്യം ചെയ്യാൻ പോയിട്ട് മുൻപിൽ നിൽക്കാൻ പോലും ഉള്ള അർഹത നമുക്കൊന്നും ഇല്ല…
ശിവൻ തന്റെ മനസ്സിലെ ചിന്തകൾ ഓരോർന്നൊരൊന്നായി പുറത്തേക്ക് തള്ളി…
” തോൽപ്പിച്ചു കളഞ്ഞു അവൾ നമ്മളെ …. ”
തോൽപ്പിച്ചു കളഞ്ഞു…. ”
ശിവൻ സോഫയിൽ തല ചായ്ച്ച് കിടന്നു…
ഭാസ്‌ക്കരൻ മുറിയിലേക്ക് പോയി…
രേണുക കട്ടിലിൽ വിതുമ്പിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു…
” നാളെ എന്റെ മോളോട് എന്ത് പറയും… ”
രേണുക ഭാസ്കരന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ട് പറഞ്ഞു…
” എന്തിനാ ദൈവം എന്റെ മോളെ ഇങ്ങനെ ദ്രോഹിച്ചത്… ”
ഭാസ്കരൻ തന്റെ സങ്കടം പുറത്തു കാണിച്ചില്ല…
” അതെല്ലാം നമുക്ക് നാളെ നോക്കാം…” ഇപ്പൊ നീ കിടക്ക്…
നേരം ഇരുട്ടായി…
ഭാസ്കരൻ തന്റെ ഭാര്യയെ കട്ടിലിൽ കിടത്തി…
അയാൾ അവർക്ക് സമീപം കിടന്നു…
ഒരു നിമിഷം അയാൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു…
” നാളെ എല്ലാം അറിയുമ്പോൾ… അവൾക്ക് അത് താങ്ങാനുള്ള കരുത്ത് കൊടുക്കണേ ഈശ്വരാ…
അവളെ ജീവിതത്തിൽ തളർത്തി കളയരുത്… ”
അയാളുടെ അടഞ്ഞകണ്ണുകളിൽ നിന്നും അനുസരണയില്ലാതെ കണ്ണീർ പുറത്ത് ചാടി…
ഉദയസൂര്യൻ ചക്രവാളം നീക്കി പുറത്തുവന്നു…
ജനൽപ്പാളികൾക്കിടയിലൂടെ സൂര്യപ്രകാശം കണ്ണിൽ വന്ന് പതിച്ചപ്പോൾ ശിവൻ അലസതയോടെ കണ്ണുകൾ തുറന്നു… തന്റെ ദേഹത്ത് ആരോ വിരിച്ചു വച്ച പുതപ്പ് മാറ്റി അയാൾ ആ സോഫയിൽ എഴുന്നേറ്റ് ഇരുന്നു…
അലങ്കോലമായി കിടന്നിരുന്ന താടി അയാൾ പതിയെ മാടിയൊതുക്കി… ” എന്റെ മോള് എഴുന്നേറ്റോ ആവോ???”
അയാൾ എഴുന്നേറ്റ് രേഷ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു… രേണുക അവൾക്കുള്ള ചായയുമായി മുറിയിലേക്ക് വരുന്നുണ്ടായിരുന്നു… ശിവൻ രേണുകയെ അടുത്തേക്ക് വിളിച്ചു…
” എന്താ ശിവട്ടാ… ” രേണുകയുടെ മുഖത്ത് നിർവികാരം തളം കെട്ടി കിടന്നിരുന്നു…
” അവൾ എണീറ്റോ ”
” അറിയില്ല… പോയി നോക്കട്ടെ… ”
ശിവൻ ഒരു ദീര്ഘശ്വാസം വലിച്ചുവിട്ടു…
” അവളെ ഒന്ന് കാണിക്കണ്ടേ… ?”
അത് പറയുമ്പോൾ അയാളുടെ മുഖത്ത് നിസ്സഹായത തെളിഞ്ഞുകാണാമായിരുന്നു…
രേണുക തല താഴ്ത്തി…
” ഹമ്മം… ”
എന്റെ മോള് ഇന്ന് ശിവേട്ടന്റെ കൂടെ വരും… അതിന് വേണ്ടി അവളോട് എന്ത് പറയും എന്നൊന്നും എനിക്കറിയില്ല….. പക്ഷെ അവൾ വരും….
രേണുക കലങ്ങിയ കണ്ണുകൾ പതിയെ തുടച്ചു…
” ഹമ്മം… എന്തായാലും സത്യം അവളോട് പറയണ്ട…
അവൾ എന്റെ കൂടെ സന്തോഷത്തോടെ വന്നാൽ മതി…”
” ഇനി ആ മുഖത്ത് ഒരു സന്തോഷം കാണാനാകുമോ എന്ന് എനിക്കറിയില്ല… ”
ശിവൻ തിരിഞ്ഞു നടന്നു…
ഒരു നിമിഷം ചിന്തിച്ച ശേഷം രേണുക രേഷ്മയുടെ മുറിയിലേക്ക് കടന്നു…
അവൾ ഉറക്കമാണ്…
രേണുക അവളുടെ കവിളിൽ തലോടി…
കുഞ്ഞായിരുന്നപ്പോൾ കാണിച്ച കുറുമ്പിന് അടി വാങ്ങിയ ശേഷം ഒരുപാട് കരഞ്ഞ് കണ്ണീർ വറ്റി കരഞ്ഞുറങ്ങുന്ന തന്റെ മകളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയ പോലെ രേണുകക്ക് തോന്നി…
അത് അവരെ മാനസികമായി വല്ലാതെ വേട്ടയാടി… പക്ഷെ ഇത് അതിനുള്ള സമയം അല്ല…
രേണുക മകളെ കുലുക്കി വിളിച്ചു…
” മോളെ… എണീക്ക്… ”
രേഷ്മക്ക് കുലുക്കം ഒന്നും ഉണ്ടായിരുന്നില്ല…
രേണുക കയ്യിലിരുന്ന ചായക്കപ്പ് അടുത്തുള്ള ടേബിളിൽ വച്ച് വീണ്ടും കുലുക്കി വിളിച്ചു…
” മതി ഉറങ്ങിയത്… സമയം എന്തായി എന്നറിയോ??? ”
രേഷ്മ പതിയെ കണ്ണുതുറന്ന് കിടക്കയിൽ തന്നെ എഴുന്നേറ്റ് ഇരുന്നു….
” വേഗം പോയി കുളിച്ച് ഈ സാരി മാറിയിട്ട് വാ… ”
രേഷ്മ ആവലാതിയോടെ അമ്മയെ നോക്കി…
” എങ്ങോട്ടാ…” ???.
രേണുക കിടക്കയിൽ നിന്നും എണീറ്റ് പുറത്തേക്ക് പോകാൻ തുടങ്ങി…
” അറിയില്ല ശിവേട്ടൻ നിന്നെ എങ്ങോട്ടോ കൊണ്ടു പോണം എന്ന് പറയുന്നുണ്ടായിരുന്നു… ” പോകുന്ന പോക്കിൽ രേണുക പറഞ്ഞു…
രേഷ്മ ദ്രുതഗതിയിൽ കട്ടിലിൽ നിന്ന് പുറത്തെക്ക് ചാടിയിറങ്ങി…
” സത്യം… രേഷ്മയുടെ കണ്ണിൽ സന്തോഷം ആനന്ദനൃത്തമാടി…
ഈ ഒരു സിറ്റുവഷനിൽ രാഹുലിന്റെ അടുത്തേക്ക് തന്നെയായിരിക്കും കൊണ്ടുപോവുക എന്ന് അവൾക്ക് ഉറപ്പായിരുന്നു..
അവൾ പുറകിലൂടെ അമ്മയെ കെട്ടിപ്പിടിച്ചു…
” താങ്കയു അമ്മാ….!!!!
എല്ലാർക്കും എന്നോട് ദേഷ്യമാണെന്നറിയാം… പക്ഷേ… നിങ്ങൾക്ക് ഒരുക്കലും നിരാശപ്പെടേണ്ടി വരില്ല… ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ആളാണ് രാഹുൽ… ”
രേണുക വിങ്ങിപ്പൊട്ടി…
“‘അമ്മ എന്തിനാ കരയുന്നെ… ”
എന്നെ അവന്റെ അടുത്തേക്ക് തന്നെയല്ലേ കൊണ്ട് പോവുന്നത് ??? ” അവൾ പെട്ടെന്ന് ഒരു വ്യാകുലതയോടെ ചോദിച്ചു…
രേണുക പെട്ടന്ന് കണ്ണുകൾ തുടച്ച് അവൾക്ക് അഭിമുഖമായി നിന്നു….
” അതെ… പോയി കണ്ടിട്ട്… പറയാനുള്ളതൊക്കെ പറഞ്ഞിട്ട് വാ…”
ചെല്ല്…
രേഷ്മ അത് കേട്ടതും തന്റെ മുറിയിലേക്ക് കുതിച്ചു…
ശിവൻ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു… ഒപ്പം ഭാസ്കരനും…
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും രേഷ്മ കുളിച്ചൊരുങ്ങി ഓടിയെത്തി…
ജീവിതത്തിൽ ഇത്രയും വേഗത്തിൽ അവൾ ഒരിടത്തേക്കും പോകാൻ ഒരുങ്ങിയിട്ടിലായിരുന്നു… ഉമ്മറത്ത് ഇരിക്കുകയായിരുന്ന ശിവന്റെ പുറകിലൂടെ അവൾ പുറത്ത് ചാഞ്ഞു കിടന്നു…
ശിവന്റെ താടിയിൽ പിടിച്ചു വലിച്ചു…
” എന്നാ നമുക്ക് പോവാ… ”
ഇനീം വൈകണ്ട… അവൾ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു…
” നിന്നോട് അവന്റെ താടി പിടിച്ച് വലിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ… ”
ഭാസ്‌കരൻ രേഷ്മയോട് ദേഷ്യപ്പെട്ടു…
” ഹേയ്… കുഴപ്പമില്ല… ” അവൾക്ക് ഇഷ്ട്ടമുള്ളത് ചെയ്യട്ടേ…”
ശിവൻ അതും പറഞ്ഞ് ഭാസ്കരനെ നോക്കി…
” ങേ… ശിവേട്ടന് ഇതെന്തുപറ്റി… ”
വല്ലാത്ത ഒരു മാറ്റം… ”
എന്നെ സന്തോഷിപ്പിക്കാനാണോ ഈ അടവൊക്കേ… ??? അതോ എന്നെ തല്ലിയത് ഓർത്തിട്ടാണോ… ???
ശിവൻ തളർന്ന മട്ടിൽ രേഷ്മയെ നോക്കി… ശിവന്റെ ഭാവവ്യത്യാസങ്ങൾ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ശിവൻ തന്റെ മകളോട് ഇപ്പോൾ തന്നെ എല്ലാം തുറന്ന് പറയുമോ എന്ന് ഭാസ്കരൻ സംശയിച്ചു….
പോകെ പോകെ ഏറ്റവും ദുർബലൻ ആയി മാറുകയായിരുന്നു ശിവൻ…
” അവൻ ചുമ്മാ പറയുന്നതാ… നിങ്ങൾ ചെല്ല്… ” ഭാസ്കരൻ ഇടയിൽ കയറി പറഞ്ഞു… രേഷ്മ വേഗം മുറ്റത്തേക്ക് ഇറങ്ങി നിന്നു…
ശിവൻ തന്റെ മുണ്ട് മടക്കി കുത്തി അവളെയും കൊണ്ട് നടന്നു…
അവളോടൊപ്പം നടക്കുന്ന നിമിഷങ്ങളിൽ ഒന്നും ഒരു വാക്കുപോലും അയാൾ മിണ്ടിയില്ല…
പൂർണ്ണ മൗനമായിരുന്നു ശിവന്…
രേഷ്മ എന്തിക്കെയോ അടുത്ത് നിന്ന് പറയുന്നുണ്ട്… പക്ഷെ അതൊന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല… കുറ്റിയങ്കാവ് വെടിക്കെട്ട് കേട്ട് കഴിഞ്ഞ ഒരു ശരാശരി കാണിയെ പോലെ ശിവൻ നിലകൊണ്ടു… ഒരു മൂളൽ മാത്രമായിരുന്നു അയാൾ ആകെ കേൾക്കുന്നത്
ബസ്സിൽ കയറി ഇരുന്നപ്പോൾ രേഷ്മ ശിവനെ തട്ടി വിളിച്ചു…
” ശിവട്ടാ… ശിവട്ടാ….. എന്താ പറ്റിയത്…
എന്നോട് ദേഷ്യം ആണോ ഇപ്പോഴും??? ”
ശിവൻ അവളെ നോക്കാനാവാതെ മുഖം തിരിച്ചു
” അല്ല മോളെ…”
ഇടറുന്ന വാക്കുകളോടെ അയാൾ അറിയാതെ പറഞ്ഞു…
” ഞാൻ അവനെക്കുറിച്ചു ശിവേട്ടനോട് പറയണം എന്ന് വിചാരിച്ചതാ… പക്ഷെ… പറ്റിയില്ല… സോറി….
അതും പറഞ്ഞ് അവൾ ശിവന്റെ കൈകൾ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ച് ആ ദൃഢമായ തോളിൽ ചാഞ്ഞുകിടന്നു… ആ ചൂടുപ്പറ്റി കിടക്കുമ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നിയിരുന്നു … അൽപ സമയത്തിന് ശേഷം വണ്ടി ശക്തൻ സ്റ്റാന്റിൽ നിർത്തി…
രാഹുലിനെ ഇറക്കാൻ സ്റ്റേഷനിലേക്ക് പോവുകയാണെന്നുള്ള ധാരണയിലായിരുന്നു അവൾ ഇരുന്നിരുന്നത്…
എന്നാൽ ശക്തൻ ബസ്‌സ്റ്റാൻഡിൽ നിന്നും രാഹുലിന്റെ വീടിന്റെ ഭാഗത്തേക്കുള്ള ബസ്സിൽ മാറി കയറിയപ്പോൾ അവൾ ആശ്ചര്യത്തോടെ ശിവേട്ടനെ നോക്കി
” അപ്പൊ അവൻ വീട്ടിൽ എത്തി അല്ലെ…
എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ശിവട്ടാ… ”
രേഷ്മ വേവലാതി പൂണ്ടു…
ശിവൻ കൂടുതലും തന്നോട് മൗനം പാലിക്കുന്നത് രേഷ്മക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കി… പിന്നെ അവൾ കൂടുതൽ സംസാരിക്കാൻ നിന്നില്ല… ശിവൻ പൂങ്കുന്നം റൂട്ട് ബസ്സ് നോക്കി അതിൽ കയറി കൂടെ രേഷ്മയും…
ബസ് ചീറിപ്പാഞ്ഞു… രാഹുലിന്റെ വീട് എത്താറാവും തോറും ശിവനിൽ ചില അസ്വസ്ഥതകൾ എല്ലാം പ്രകടമായി…
അത് അവളിൽ ഒരു ഭയം ജനിപ്പിച്ചു…
” എന്താ ശിവട്ടാ???”
എന്നോട് പറ….
അവൾ തന്റെ സ്വരൂപം പതിയെ വെടിയുന്നത് ശിവൻ മനസ്സിലാക്കി…
” ഒന്നും ഇല്ല…
മോൾക്ക് കുറച്ചുകൂടി കഴിയുമ്പോ എല്ലാം മനസ്സിലാവും…. ”
ശിവൻ സീറ്റിന്റെ മുൻപിലുള്ള കമ്പിയിൽ തല ചായ്ച്ചു കിടന്നു…
രേഷ്മക്ക് തന്റെ നിയന്ത്രണം വിട്ടു പോകുന്നത് പതിയെ മനസ്സിലായി തുടങ്ങി…
നൂലുപൊട്ടിയ പട്ടം പോലെ അവളുടെ മനസ്സിലെ ചിന്തകൾ അങ്ങിങ്ങായി ഓടി നടന്നു…
പെട്ടന്ന് ബസ്സ് നിർത്തി …
സ്ഥലം എത്തിയിരുന്നു… രേഷ്മയും ശിവനും പുറത്തേക്ക് ഇറങ്ങി…
അവളുടെ മുൻപിലൂടെ ബസ് കടന്നുപോയതും റോഡിന്റെ മറുവശത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഒരു ഫ്ലക്സ് വച്ചിരിക്കുന്നത് അവളുടെ കണ്ണിലുടക്കി…
അവൾ കോപത്തോടെ ഘോരരൂപിയായി ശിവനെ നോക്കി…
ശിവൻ ഒന്നും പറയാനുള്ള ത്രാണിയില്ലായിരുന്നു…
ശിവൻ അവളെ പിടിച്ചിരുന്ന കൈ ശക്തിയോടെ വലിച്ചെടുത്ത് അവൾ രാഹുലിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു…
” മോളെ…” ശിവൻ പുറകിൽ നിന്നു വിളിച്ചു നോക്കി…
അതവൾ കേൾക്കില്ല എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു… എങ്കിലും ഒരു വ്യഥാ ശ്രമം നടത്താൻ ആ നിമിഷം അയാൾ നിര്ബന്ധിതനായിരുന്നു…
അയാൾ രേഷ്മയുടെ പുറകെ നടന്നു…
അവൾ അതിനോടകം രാഹുലിന്റെ വീട്ടിൽ എത്തിയിരുന്നു…
കലങ്ങിയ കണ്ണുകളോടെ ഒരു ജനക്കൂട്ടത്തിന്റെ ഇടയിലൂടെ അവൾ ആ വീടിന്റെ അകത്തളത്തിലേക്ക് നടന്നു നീങ്ങി…
അവളുടെ ആ ലക്ക് കേട്ട വരവ് കണ്ടപ്പോൾ ചുറ്റുമുള്ളവർ അവൾക്ക് വഴിയൊരുക്കി കൊടുത്തു…
” കൂടെ പഠിച്ച കുട്ടി ആയിരിക്കും ”
ആ അതെ…
നാട്ടുകാരുടെ കുശലങ്ങൾക്കിടയിലൂടെ അവൾ നടന്നു…
പെട്ടന്ന് രേഷ്മ ഒന്ന് നിന്നു…. പരിചയം ഉള്ള ഒരു മുഖം തന്റെ ഇടംകണ്ണിൽ പതിഞ്ഞത് അവൾ മനസ്സിലാക്കി…
അവളുടെ വീഡിയോ എടുത്ത അയല്പക്കത്തുള്ള ചേട്ടൻ….
രേഷ്മയെ കണ്ടതും അയാൾ നിന്നു പരുങ്ങി… കാലന് മുന്നിൽ നിൽക്കുമ്പോൾ പോലും അയാൾ ഇത്രക്കും വിറക്കാൻ വഴിയില്ല… ഒരു നിമിഷംപോലും അവിടെ നിൽക്കാൻ ഉള്ള ശക്തി അയാൾക്കില്ലായിരുന്നു…
അത്രക്ക് ഭയനകമായിരുന്നു ആ രംഗം….
തന്റെ മകന്റെ വിയോഗത്തിൽ മനം നൊന്ത് പ്രപഞ്ചം മൊത്തം നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ആദിശക്തിയുടെ കടുംകാളി രൂപം പോലെ അവൾ നിലകൊണ്ടു…
പക്ഷെ അയാളിൽ നിന്ന് അവളുടെ ചിന്ത വേഗം തന്നെ മാറി… രേഷ്മ പെട്ടന്ന് അവൾ അകത്തേക്ക് കയറിപ്പോയി…
അയാൾ ഒന്ന് ശ്വാസം വിട്ടു…
എന്താടോ ആ കുട്ടി തന്നെ ഇങ്ങനെ നോക്കി പോയത്…?? കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു…
അയാൾ നിന്ന് പരുങ്ങി…
” ഏയ് ഒന്നും ഇല്ല… ”
അയാൾ ഒഴിഞ്ഞു മാറി…
പക്ഷെ എന്തോ ഉണ്ട് എന്നകാര്യം ചോദിച്ചയാൾക്ക് വ്യക്തമായിരുന്നു…
പക്ഷെ വീണ്ടും ചോദിച്ച് ഒരു സീൻ ഇവിടെ ഉണ്ടാക്കണ്ട എന്ന ചിന്ത അയാളെ അതില്നിന്ന് പിന്തിരിപ്പിച്ചു….
രേഷ്മ ചെരുപ്പ് ഊരി വച്ച് ഉമ്മറത്തേക്ക് കയറി…
അപ്പോഴാണ് ഇടത്തെ വശത്തുള്ള കാർ പോർച്ചിൽ ഒരു ബൈക്കിൽ കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന മനുഷ്യനെ അവൾ കണ്ടത്…
രാഹുലിന്റെ അച്ഛൻ…
ആ മനുഷ്യന്റെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ഇതുപോലെ കരയുന്നത് അവൾ ആദ്യമായിട്ടായിരുന്നു കാണുന്നത്… അയാളെ ആ ബൈക്കിൽ നിന്നും പിടി വിടീക്കാൻ കുറെ പേർ ശ്രമിക്കുന്നുണ്ട്… പക്ഷെ അയാൾ അവരെയൊക്കെ ശക്തിയായി വിലക്കി…
” മാറടാ…. ” അയാൾ അലറിവിളിച്ചു…
രേഷ്മ അകത്തേക്ക് നടന്നു…
അകത്ത് ഹാളിൽ രാഹുലിനെ തെക്ക് ദിക്കിലേക്ക് തല വച്ച് കിടത്തിയിട്ടുണ്ടായിരുന്നു…
അതിനോട് ചേർന്ന് 5 തിരിയിട്ട് തെളിയിച്ച ഒരു നിലവിളക്ക് വച്ചിരുന്നു… ഒപ്പം ഒരു നാക്കിലച്ചീന്തിൽ അൽപ്പം പച്ചരിയും ഒരു തുളസിക്കതിരും ഇരിക്കുന്നു…
നീണ്ടുനിവർന്നു കിടക്കുന്ന അവന് തണുക്കാതിരിക്കാണെന്നോണം ഒരു വെളുത്ത തുണി കൊണ്ട് അവനെ പൊതിഞ്ഞു വച്ചിരുന്നു…
താടിയെല്ല് കൂട്ടി കെട്ടിയതിനാൽ അവന്റെ മുഖത്തിന്റെ ആകൃതിയിൽ ചെറിയ മാറ്റം ഉണ്ടായിരുന്നു…
ആ കണ്ണുകൾ ആരോ അടച്ചിരുന്നു… അവന്റെ എപ്പോഴും പ്രകാശിക്കുന്ന ആ കണ്ണുകൾ ഇനി ആർക്കുവേണ്ടിയും പ്രകാശം പരത്തില്ല എന്ന സത്യം അവളെ വീണ്ടും ദുഃഖിതയാക്കി…
തന്റെ കാലുകൾ തളരുന്ന പോലെ രേഷ്മക്ക് തോന്നി
അതൊരു തോന്നാലായിരുന്നില്ല…
അവൾ പെടുന്നനെ നിലത്തിരുന്നു…
രാഹുലിന്റെ ‘അമ്മ ഉറക്കെ നിലവിളിക്കുന്ന ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി…
തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് രേഷ്മ അറിഞ്ഞു… കണ്ണുകളിൽ നിന്നും കണ്ണീർ നിർത്താതെ വരുന്നുണ്ട്… എങ്കിലും അവൾ ഒരു രീതിയിലും ശബ്ദമുണ്ടാക്കിയില്ല…
മൂകയായി ആ അകത്തളത്തിൽ ഇരുന്നു… അവനെത്തന്നെ നോക്കിയിരുന്നു… കണ്ണുകളെടുക്കാതെ… ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകൾ പലരും അവളെക്കണ്ട് പലതും പറയാൻ തുടങ്ങി..
” ഏതാ ഈ കുട്ടി… ? ”
” ഞാൻ ആദ്യമായിട്ട് കാണുവാ..”
” കൂടെ പഠിച്ചവർ ആരെങ്കിലും ആയിരിക്കും ”
” അങ്ങാനാണെങ്കിൽ വേറെയും കുട്ടികളെ കാണണ്ടെടി ”
അവർ അങ്ങനെ പലതും ചെറിയതും വലിയതും ആയ ശബ്ദത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു…
രേഷ്മ അതൊന്നും ചെവിക്കൊണ്ടില്ല…
അവൾക്ക് തന്റെ ജീവൻ നഷ്ട്ടപ്പെട്ട പ്രതീതി ആയിരുന്നു… ഏറെ നേരം അവൾ രാഹുലിനെ നോക്കി ഇരുന്നു… ആ ഇരുപ്പിൽ എന്തോ അസൗകര്യം തോന്നിയ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു…
” എന്താ കുട്ടി ഈ കാണിക്കണേ…
ബോഡിയിൽ അങ്ങനെ തൊടാൻ പാടില്ല… ” ഹാളിൽ കൂടി നിന്ന ഒരു സ്ത്രീ അല്പം ഉറക്കെ പറഞ്ഞു… പക്ഷെ രേഷ്മക്ക് അത് കാര്യമാക്കിയില്ല…
അവൾ നിലത്തിരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് കണ്ണടച്ച് കിടന്നു…
കൂടി നിന്നവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്ന ശബ്ദം ഹാളിൽ മുഴങ്ങി നിന്നു…
അൽപ നേരം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് അവളെ എഴുന്നേല്പിക്കാൻ ശ്രമിച്ചു…
” മോളേ ഇങ്ങനെ കിടക്കരുത്…” എണീക്ക്…
രേഷ്മ വലിയൊരു അലർച്ചയോടെ ശക്തിയായി കുതറിമാറി… ചുറ്റുമുള്ളവർ അവളെക്കണ്ട് ആകെ ഭയന്ന് പോയി…
പെട്ടെന്ന് രാഹുലിന്റെ അമ്മ അവരെ വിലക്കി…
രേഷ്മയെ പിടിച്ചു എഴുന്നേൽപ്പൊക്കാൻ ശ്രമിച്ച സ്ത്രീ രാഹുലിന്റെ അമ്മയോട് സ്വകാര്യമായി പറയുന്ന പോലെ അല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു…
” ഏതാ ഈ കൊച്ച്…??? ചേച്ചി അതിനെ ഒന്ന് എണീപ്പിച്ചു വിട്ടെ… ”
രേഷ്മ കിടന്ന കിടപ്പിൽ തന്നെ രാഹുലിന്റെ അമ്മയെ നോക്കി…
കരഞ്ഞു തളർന്ന് അവശയായി ഇരിക്കുകയാണ് അവർ… തന്നെ ഇവിടെ നിന്നും പുറത്തേക്ക് ഇറക്കി വിടുമെന്ന് തോന്നിയതിനാൽ അവൾ രാഹുലിനെ കൂടുതൽ മുറുകെ ചേർത്തു പിടിച്ചു…
” ചേച്ചീ…” അവർ വീണ്ടും നിർബന്ധിക്കാൻ തുടങ്ങി…
” എന്റെ മോനോട് ആ കുട്ടിക്ക് അത്രക്കും സ്നേഹം ഉള്ളോണ്ടല്ലേ ബീനേ…..
ഇനി എന്റെ മോൻ തിരിച്ചു വരില്ലല്ലോ… ഒന്ന് ചേർത്ത് പിടിക്കാൻ പോലും പറ്റില്ലല്ലോ…
രാഹുലിന്റെ അമ്മ നെഞ്ചുതല്ലി കരഞ്ഞു…
ഇതികർത്തവ്യമൂഡയായ പോലെ ബീന പിൻവാങ്ങി…
പിന്നെ ആരും അവളെ എതിർത്തില്ല… അവർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം ഇനി ആർക്കും ബോധിപ്പിക്കേണ്ടതുമില്ല… രേഷ്മ വിതുമ്പിക്കൊണ്ട് കിടന്നു…
ഏകദേശം ഒരു 4 മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ പതിയെ എഴുന്നേറ്റു…
നേരെ രാഹുലിന്റെ അമ്മയുടെ അടുത്തേക്ക് നടന്നു… അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു…
” മോള് ഇത് വച്ചോ … ”
ഒടിഞ്ഞു പോയ ഒരു പുല്ലാങ്കുഴൽ നീട്ടിക്കൊണ്ട് അവർ പറഞ്ഞു…
രേഷ്മ അതിലേക്ക് ആദരവോടെ നോക്കി…
അതിനറ്റത്ത് അപ്പോഴും ആ ചുവന്ന ചരട് ഉണ്ടായിരുന്നു…
അവൾ ഇറങ്ങി നടന്നു…
പുറത്തേക്ക് കടന്നപ്പോൾ അവളുടെ കണ്ണിൽ അടങ്ങാത്ത കോപം മാത്രമായിരുന്നു…
ഇനി ഈ ലോകത്തിലെ സകല ശക്തികളും ഒന്നിച്ചു ശ്രമിച്ചാലും അവളെ കീഴ്പ്പെടുത്താൻ കഴിഞ്ഞേക്കില്ല…. പുറത്തിറങ്ങിയതും ശിവൻ അവളുടെ അടുത്തേക്ക് വന്നു…
” വാ മോളെ പോവാം… ”
രേഷ്മ തന്റെ ഘോര രൗദ്ര ഭാവത്തോടെ ശിവനെ നോക്കി…
അവളുടെ നോട്ടത്തിലുള്ള ആജ്ഞ വ്യക്തമായി ശിവന് മനസ്സിലായി…
അയാൾ നിശ്ചലനായി നിന്നു…
രേഷ്മ പുറത്തേക്ക് നടന്നു…
ആരെയും അവൾ ശ്രദ്ധിച്ചില്ല. വല്ലാത്ത ഒരു വേഗത അവളുടെ നടത്തത്തിന് ഉണ്ടായിരുന്നു…
വീടിന്റെ പുറത്ത് എത്തിയതും ശിവൻ രേഷ്മയുടെ പുറകെ ഓടിയെത്തി…
“ഇവിടെ നിന്നാൽ ബസ് കിട്ടില്ല മോളെ… നമുക്ക് അങ്ങോട്ട് മാറി നിൽക്കാം”
ശിവൻ രേഷ്മയുടെ കൈ പിടിച്ചു തിരിഞ്ഞു നടന്നു…
” മാറാടോ… ” രേഷ്മ കുതറിമാറി…
ശിവൻ ഭയപ്പാടോടെ അവളെ നോക്കി…
ശിവട്ടാ എന്ന് മാത്രമേ ആ നാവിൽ നിന്ന് ഇതുവരെ അയാൾ കെട്ടിരുന്നുള്ളൂ…
ശിവന്റെ ആപാദചൂഡം തളർന്നു പോയിരുന്നു… അയാൾ വിറങ്ങലിച്ചു നിന്നു… അകലെ നിന്നും ഒരു ബസ്സ് വരുന്നുണ്ടായിരുന്നു.. രേഷ്മ റോഡിന്റെ നടുക്കിലേക്ക് അത്യാവശ്യം കയറി നിന്ന് കൈ കാണിച്ചു…
ബസ്സ് നിർത്തി… അവൾ അതിൽ കയറി ഇരുന്നു…
ശിവന് അപ്പോഴും പ്രതികരണ ശേഷി തിരിച്ചു കിട്ടിയിരുന്നില്ല… ബസ്സ് പതിയെ നീങ്ങി… അവർ ഇരുവരുടെയും ഇടയിൽ ഒരു തിരശീല വീണു കഴിഞ്ഞിരുന്നു… ഒരു പക്ഷെ ഇനി ഒരിക്കലും ഉയർത്താൻ സാധിക്കാത്ത അത്രയും ഭാരമുള്ള തിരശ്ശീല…
രേഷ്മ വീട്ടിൽ കയറിച്ചെന്നു…
ഭാസ്‌കരൻ വീടിന്റെ ഉമ്മറത്ത് തന്നെ മകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു… കൂടെ ശിവനെ കാണാതായപ്പോൾ അയാളുടെ ഉള്ളിൽ ഒരു പരിഭ്രാന്തി പടർന്നു…
അവളോടെ എന്ത് പറഞ്ഞ് അടുക്കണം എന്ന് അയാൾക്കും അറിയില്ലായിരുന്നു…
നടന്ന് ഉമ്മറപ്പടിയുടെ അടുത്ത് അവൾ എത്തിയപ്പോൾ അയാൾ പറഞ്ഞു
” പോട്ടെ മോളെ… ജീവിതം അങ്ങനെയൊക്കെ ആണ്… ”
ഭാസ്‌കരൻ മകളുടെ നെഞ്ചോട് ചേർത്ത് പിടിച്ച് വിതുമ്പി…
അവൾ പ്രതികരിച്ചില്ല… അച്ഛനോട് എങ്ങനെ പ്രതികരിക്കണമെന്നും അവൾക്ക് അറിയില്ലായിരുന്നു ….
ആ മനസ്സ് ആകെ വ്യാകുലമായിരുന്നു….
ഒരു വാക്ക് പോലും മിണ്ടാതെ അവൾ മുറിക്കകത്തേക്ക് കടന്നു…
തൻറെ മകളുടെ കാലൊച്ച കേട്ടപ്പോൾ രേണുക ഓടിവന്നു…
കെട്ടു പൊട്ടിയ പട്ടം പോലെ അവളുടെ ഹൃദയം പാറി നടക്കുകയാണെന്ന് അവർക്ക് മനസ്സിലായിരുന്നു…
ഒരു പക്ഷെ മറ്റൊരു കടുംകൈക്ക് തന്റെ മകൾ മുതിരുമോ എന്ന ഒരു ഭയവും രേണുകയിൽ ഉണ്ടായിരുന്നു… രേഷ്മ അകത്ത് കയറി കതകടക്കാൻ തുടങ്ങുന്നു എന്ന് കണ്ടപ്പോൾ അവരുടെ ആദി കൂടി… രേണുക ഓടിയടുത്തു…
വാതിൽ വല്ലാത്ത ശക്തിയോടെ അമർത്തിത്തുറന്നു… അമ്മയുടെ വ്യാകുലമായ ഭാവങ്ങൾ മുഖത്ത് മിന്നിമറയുന്നത് കണ്ടപ്പോൾ രേഷ്മയുടെ മുഖത്ത് ഒരു പുച്ഛം തെളിഞ്ഞു വന്നു…
” അമ്മ പേടിക്കണ്ട… ഞാൻ ചാവാനൊന്നും പോണില്ല… ”
ഇതിനൊക്കെ നിങ്ങൾ എല്ലാവരും അനുഭവിക്കണം… അത് എന്റെ ഒരു വാശി ആണ്… ”
അവളുടെ കണ്ണുകളിൽ തിളക്കുന്ന തീ അതു ഊട്ടിയുറപ്പിക്കുന്നുണ്ടായിരുന്നു..
” ഞങ്ങൾ എന്ത് ചെയ്തിട്ടാ മോളെ… ”
രേണുക കരഞ്ഞുകൊണ്ട് ചോദിച്ചു…
” നിന്റെ നല്ലതിന് വേണ്ടിയിട്ടല്ലേ ഞങ്ങൾ എല്ലാം ചെയ്യുന്നത്…. ”
രേഷ്മയുടെ മുഖം കലുഷിതമായി…
” ഹമ്മം… നല്ലത്…
എന്റെ ജീവൻ കളഞ്ഞിട്ട് നല്ലതിന് വേണ്ടി ആണെന്ന് പറയരുത് അമ്മേ… ”
” നിങ്ങൾ ആരെങ്കിലും അവനെ ഒന്ന് പോയി കണ്ട് സമാധാനിപ്പിച്ചിരുന്നെങ്കിൽ….
ഒരു കോൾ എങ്കിലും വിളിച്ചിരുന്നെങ്കിൽ അവൻ ഈ ഭൂമിയിൽ ഇപ്പോഴും ഉണ്ടായിരുന്നേനെ… ” രേഷ്മ വാ വിട്ടു കരഞ്ഞു… ഭാസ്‌കരൻ മുറിയുടെ വാതുക്കൽ എല്ലാം കേട്ട് നിന്നു…
അവളോട് എതിർത്ത് എന്തെങ്കിലും പറയാനോ, ഒന്ന് സമാധാനിക്കടി മോളെ എന്ന് പറയാനോ അയാൾക്ക് കഴിഞ്ഞില്ല… അവളുടെ മുഴുവൻ ശാപവാക്കുകളും ഏറ്റുവാങ്ങാൻ അയാൾ മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു… ഒരു പക്ഷെ അത് തൻറെ മകളുടെ മനസ്സിന്റെ സമനില തെറ്റാതിരിക്കാൻ ഉപകാരപ്പെടും …
” ചാവില്ല ഞാൻ അമ്മേ… ”
രേഷ്മ കണ്ണീർ തുടച്ച് ഘോരഭാവത്തിൽ പറഞ്ഞു…
ചാവില്ല… ചാവില്ല….
രേഷ്മ തന്റെ കട്ടിലിൽ കയറി കിടന്നു…
തന്റെ കണ്മുന്നിൽ നിന്ന് ഭൂമിയെ ചവിട്ടി മേദിച്ച് ഇറങ്ങിപ്പോയ രേഷ്മയെ ഓർത്ത് ശിവൻ തന്റെ വീടിന്റെ ഉമ്മറത്തെ ചവിട്ടുപടിയിൽ
ഇരുന്നു….
” ഇല്ല… അവൾ തിരിച്ചുവരും… ഞാൻ വിളിച്ചാൽ വരാതിരിക്കാൻ അവൾക്ക് പറ്റുമോ… ”
ശിവൻ വൃഥാ ചിന്തിച്ചു…
അയാളുടെ മനസ്സിലേക്ക് അവളുടെ കളങ്ങിമറിഞ്ഞ കണ്ണുകൾ തെളിഞ്ഞു വന്നു…
എന്നും നിഷ്കളങ്കമായി മാത്രം കണ്ടിരുന്ന ആ മുഖം ക്രോധരൂപം പൂണ്ട രംഗം അയാളുടെ മനസ്സിനെ വീണ്ടും വീണ്ടും വേട്ടയാടി…
പക്ഷെ അപ്പോഴും അയാളുടെ മനസ്സിൽ അവൾ ആ പഴയ കുട്ടിക്കളികൾ നിറഞ്ഞ രേഷ്മയായി തിരിച്ചുവരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു…
എന്നാലും എന്തിനായിരിക്കും അവൻ ഇതുപോലെ ഒരു തീരുമാനം എടുത്തത്…? ശിവൻ ചിന്തയിലാണ്ടു…
അവളെ സംരക്ഷിക്കാൻ പറ്റാറ്റാത്തത്തിലുള്ള വിഷമം ആണോ അതോ അപമാനിക്കപ്പെട്ടു എന്ന ഉൾമനസ്സിലെ തോന്നാലാണോ..???
എന്തുതന്നെ ആയാലും ഓരോ വ്യക്തിയുടെയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ താൻ വിചാരിക്കുന്നത് പോലെ തന്നെ ആകണം എന്ന വാശി ശിവൻ ഉപേക്ഷിച്ചു….
കളങ്കമറ്റ ആണ്കുട്ടികളും ഈ ലോകത്ത് ഉണ്ട്…
ശിവൻ ഒരു നെടുവീർപ്പിട്ടു…
സാധാരണ വിശ്രമിക്കാൻ കിടക്കുന്ന അതേ മട്ടിൽ ചവിട്ടുപടിയിൽ ഇരുന്ന് പുറകിലേക്ക് ചാഞ്ഞു…
വെളിച്ചം പതിയെ ഭൂമിയോട് വിട പറഞ്ഞു….
അപ്പോഴും അയാളുടെ ഇടത് കണ്ണിലൂടെ കണ്ണീർ പുറത്തേക്ക് വരുന്നുണ്ടായിരുന്നു…
ദിവസങ്ങൾ കടന്നു പോയി… രേഷ്മയെ പോയി കാണാനോ അവളെ അഭിമുഖീകരിക്കാനോ ഉള്ള ശക്തി ഇല്ലാതെ ശിവൻ വീർപ്പുമുട്ടി… കവലയിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല… ആളുകൾ പലതും പറയുന്നുണ്ട്… ആർക്കും വ്യക്‌തമായി ഒന്നും അറിയില്ല എങ്കിലും തന്റെ മകൾക്ക് ഒരു പയ്യാനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് നാട്ടിലെ പുൽകോടിക്ക് പോലും അറിയാം… ചിലർ അവൾ ആ പയ്യനെ ഉപേക്ഷിച്ചു പോയിക്കാണും എന്ന രീതിയിൽ ന്യായികരിച്ചപ്പോൾ ചിലർ ആ പയ്യന് മടുത്തപ്പോ ഇട്ടിട്ട് പോയതാവും എന്ന രീതിയിലും പറഞ്ഞു പരത്താൻ തുടങ്ങി…
കവലയിലെ കമന്റടികൾ എല്ലാം വള്ളിപുള്ളി തെറ്റാതെ ശിവൻ അറിയുന്നുണ്ടായിരുന്നു… പക്ഷെ അവരോട് എതിർക്കാനോ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനോ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ശിവൻ… അയാൾ വല്ലാതെ മാറാൻ തുടങ്ങിയിരുന്നു…
ശരിക്കും ഉറങ്ങാൻ പറ്റാത്തതിന്റെ ക്ഷീണം ആ കണ്ണുകളിൽ കാണാം… തടിയുള്ള ശരീരത്തിന് കാര്യമായ മാറ്റം ഒന്നും ഇല്ലെങ്കിലും പഴയ ഒരു ഓജസ്സ് ഇല്ലാത്ത ശിവൻ ആയിരുന്നു ഇപ്പോൾ അയാൾ…
ഭാസ്കരൻ പലപ്പോഴായി വിളിക്കുന്നുണ്ട്…
” മോള് ഒന്നും മിണ്ടുന്നില്ലടാ ശിവാ…
ഞാനും രേണുവും അവളോട് പറയാവുന്നതൊക്കെ പറഞ്ഞു…
ഒരു ജീവനില്ലാത്ത ശരീരം പോലെ ആയി എന്റെ മോള്…. ”
” നിനക്ക് ഒന്ന് വന്ന് സംസാരിച്ചൂടെ… ” നീയും അവളെ മോളെ എന്നല്ലേ വിളിക്കുന്നെ… ???”
” ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ ഒക്കെ ഇപ്പൊ തോന്നിപ്പോവുന്നു ശിവാ… ഞങ്ങൾ ഇവിടെ ആരോടും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും പറ്റാതെ വീർപ്പുമുറ്റുകയാടാ… ഒന്നിവിടെ വരെ വാ… ”
ഓരോ തവണ ഭാസ്‌ക്കരൻ വിളിക്കുമ്പോഴും പല പല കാര്യം പറഞ്ഞ് ശിവനെ വീട്ടിലേക്ക് ക്ഷണിച്ചു… രേഷ്മയെ ഒന്ന് കാണാൻ പറഞ്ഞുനോക്കി… പക്ഷെ ശിവൻ ഒരു മറുപടി പോലും പറയാൻ നിൽക്കാറില്ല…
എന്ത് പറയണം എന്ന് അയാൾക്ക് അറിയുകയും ഇല്ലായിരുന്നു…
ഒരു കൂട് ബീടിയും അല്പം ഭക്ഷണവും മാത്രം മതിയായിരുന്നു ശിവന് ജീവിക്കാൻ…
സ്ഥിരമായി വിളിക്കുന്ന കൂട്ടത്തിൽ അന്നും
ഭാസ്കരൻ ശിവനെ വിളിച്ചു…
” ശിവാ ഇന്ന് അവൾ എന്നോട് ഒന്ന് മിണ്ടിയെടാ…
അയാൾ ഒന്ന് മൂളി …
” റൂമിൽ ഒരു ആണിയടിക്കാൻ വീട്ടിലെ ചെറിയ കോണിയിൽ കയറിയതാ… കാല് ഒന്ന് സ്ലിപ്പ് ആയി വീണു… ”
” എന്നിട്ട് ??? ”
” എന്നിട്ടെന്താ ഞാൻ വീണ ശബ്‌ദവും എൻറെ ഭയവും കണ്ടിട്ടാവണം… അച്ഛാ എന്തേലും പറ്റിയോ എന്നും ചോദിച്ച് അവൾ ഓടി വന്നു…
” എന്റെ മനസ്സാട്ടാ അപ്പൊ നിറഞ്ഞത്… ”
അവൾക്ക് സ്നേഹിക്കാൻ മാത്രം അല്ലെടാ അറിയൂ… നമ്മുടെ മോളല്ലേ അവള്… ”
അവൾക്ക് ആരോടും വെറുപ്പൊന്നും ഇല്ലടാ… അവളുടെ ആ വിഷമം തീരുമ്പോ എല്ലാം ശരിയാവും…
” ശിവൻ ഫോൺ വച്ചു… ”
അവൾക്ക് തന്നോട് പഴയ പോലെ ദേഷ്യം കാണുമോ??? ചിലപ്പോൾ ഭാസ്‌ക്കരൻ പറഞ്ഞ പോലെ അവൾക്ക് ആരേയും വെറുക്കാൻ ഒന്നും കഴിയില്ല… താനാണ് രാഹുലിന്റെ മരണത്തിന്റെ ഉത്തരവാദി എന്ന ഒരു ചിന്ത ശിവനിൽ ഉണ്ടായിരുന്നു… ഇപ്പോൾ അത് വിട്ടുമാറാൻ തുടങ്ങിയിരിക്കുകയാണ്…
അയാൾ അത് അനുഭവിച്ചറിഞ്ഞു…
അന്ന് വൈകുന്നേരം അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല….
ശിവൻ ഭാസ്കരനെ തിരിച്ചു വിളിച്ചു…
” എനിക്ക് അവളെ ഒന്ന് കാണണം എന്നുണ്ട് ഭാസ്കരാ ”
” പക്ഷേ അവൾ എന്നെ കാണുമ്പോ എങ്ങനെ പ്രതികരിക്കും എന്ന പേടി എനിക്ക് ഇപ്പോഴും ഉണ്ട് ”
” ഒന്നും ഉണ്ടാവില്ല എന്റെ ശിവാ… നീ ഒന്ന് പുറത്തേക്ക് ഇറങ്ങു….
ദേ ഇന്ന് അവളെ രേണുക എന്തൊക്കെയോ പറഞ്ഞ് അമ്പലത്തിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട്…
അവൾ എതിർത്ത് ഒന്നും പറഞ്ഞില്ല… എല്ലാം ശരിയാവുടാ.. എനിക്ക് ഉറപ്പാ… ”
ശിവന്റെ മുഖത്ത് പ്രതീക്ഷയുടെ ഭാവങ്ങൾ തെളിഞ്ഞു…
” ശരി ഞാൻ നാളെ അവളെ കാണാം… ”
ശിവൻ ഫോൺ വച്ചു…
ഒരുപാട് നാളുകൾക്ക് ശേഷം ആ മനസ്സ് ഒന്ന് പുഞ്ചിരിക്കുകയായിരുന്നു…
അടുത്ത ദിവസം ആയിക്കിട്ടാൻ അയാൾ കൊതിച്ചു…
നാളെ എന്റെ മോളെ കാണുമ്പോ എന്ത് പറയണം, എങ്ങനെ സംസാരിച്ചു തുടങ്ങണം… അയാൾ മനസ്സിൽ ഒരു രൂപരേഘ ഉണ്ടാക്കാൻ തുടങ്ങി… അവളുടെ ഓർമയിൽ മുഴുകിയിരിക്കവേ എപ്പഴോ അയാൾ ഉറക്കത്തികേക്ക് വീണു… കാലത്ത് എഴുന്നേൽക്കുമ്പോൾ വല്ലാത്ത ഒരു വെപ്രാളം ആയിരുന്നു ശിവന്… കുളിച്ചൊരുങ്ങി അയാൾ കവലയിലേക്ക് ഇറങ്ങി… സാധാരണ എന്നും ഇറങ്ങാറുള്ള സമായത്തേക്കാൾ വളരെ നേരത്തെ ആയിരുന്നു അന്ന് ആയാൾ… അതിൽ ഒട്ടും അതിശയിക്കാനും ഇല്ലായിരുന്നു…
ഏകദേശം ഒരു മുക്കാൽ മണിക്കൂർ നടത്തത്തിന് ശേഷം അയാൾ കവലയിൽ എത്തി… ചായക്കടക്കാരൻ ഫിലിപ്പോസ് ഒരു പുതിയ നാട്ടുകാരനെ കണ്ട പോലെ തന്നെ നോക്കുന്നത് ശിവൻ കണ്ടു… മിക്കവാറും എല്ലാവരുടെയും മുഖഭാവം അങ്ങനെ തന്നെയാണ്… താൻ ഈ നാട് വിട്ട് പോയി എന്ന് കരുതികാണണം അവർ… അയാൾ ചിന്തിച്ചു…
ശിവൻ ചായക്കടയിൽ ചെന്ന് ഒരു ചായ പറഞ്ഞു…
” ഇങ്ങളെ കൊറേ ആയല്ലോ കണ്ടിട്ട്… ” ശിവനെ കണ്ട മാത്രയിൽ ഒരു ചെറുപ്പക്കാരൻ പയ്യൻ ചോദിച്ചു…
” ഇവിടേക്ക് ഒന്നും ഇറങ്ങാണ്ട് ഇരുന്നിട്ട് എന്താ കാര്യം ശിവട്ടാ… ”
ഫിലിപ്പോസിന്റെ നാവ് രേഷ്മയെ പലതവണ ചിത്രവധം ചെയ്തിട്ടുള്ള കാര്യം ശിവന് അറിയാമായിരുന്നു…
അയാൾക്ക് പുറമെ മറ്റു പലരും അത് കേട്ട് രസിക്കാൻ മാത്രം ഇവിടെ വരുന്നുണ്ട് എന്ന കാര്യവും ശിവൻ മനസ്സിലാക്കിയിരുന്നു….
പക്ഷെ ആ സമയത്ത് അവരോട് ഒരു കാർക്കശ്യത്തിന് നിൽക്കാൻ ശിവൻ ആഗ്രഹിച്ചിരുന്നില്ല… അയാൾ പുഞ്ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി…
” കുറച്ച് നാൾ മാറി നിൽക്കാൻ തോന്നി… അത്രേ ഉള്ളു…” ശിവൻ ചായ എടുത്ത് പതിവ് പോലെ തൊട്ടടുത്തുള്ള ഉണ്ണിയേട്ടന്റെ കടയിൽ പോയി….
” ഉണ്ണിയേട്ടാ… എന്തൊക്കെ ഇണ്ട് വിശേഷം… ”
ശിവനെ കണ്ട മാത്രയിൽ ആ വൃദ്ധന്റെ കണ്ണുകൾ പ്രതീക്ഷയോടെ തുറന്നു…
അയാൾ വല്ലാതെ അവശൻ ആയിരിക്കുന്നു… ശരീരം വല്ലാതെ ശോഷിച്ചു തുടങ്ങി… ആരോഗ്യം നന്നേ ഇല്ലാതായ പോലെ തോന്നും കാഴ്ച്ചയിൽ…
ശിവൻ ഉണ്ണിയേട്ടന്റെ അടുത്തേക്ക് അടുത്തു…
” ഇതെന്ത് കോലാണ് … നിങ്ങള് വീട്ടിൽ ഒന്നും കഴിക്കണില്ലേ…”
ശിവൻ അയാളെ പുണർന്നുകൊണ്ട് ചോദിച്ചു…
” പോടാ അത് ഞാൻ നിന്നോടാ ചോദിക്കണ്ടേ… ആകെ കോലം കേട്ടല്ലോ നീ… ”
ശിവൻ പുറത്തെക്ക് നോക്കി
” ഏയ് ഇല്ലാന്നേ… ഇതൊക്കെ വീട്ടിൽ ചുമ്മാ ചടഞ്ഞു കൂടി ഇരുന്നതിന്റെ ആണ്… ”
ശിവൻ തന്റെ ചായ മോന്തിക്കൊണ്ട് അവിടെയുള്ള ഒരു ചെറിയ സ്റ്റൂളിൽ ഇരുന്നു….
അൽപ്പനേരം അവർ ഇരുവരും ഒന്നും മിണ്ടിയില്ല…
രേഷ്മയെ കുറിച്ച് ചോദിക്കാൻ രണ്ട് പേർക്കും പരസ്പരം ബുദ്ധിമുട്ട് തോന്നി…
അത് അവർ ഇരുവരെയും വേദനിപ്പിക്കുന്ന ഒന്നാണ് എന്ന് അവർക്കും നന്നായി അറിയാമായിരുന്നു…
അവസാനം ഉണ്ണിയേട്ടൻ തന്നെ പറഞ്ഞു…
” പോട്ടെ ശിവാ… രേഷ്മക്കുട്ടി എല്ലാം മറന്ന് നമ്മളൊക്കെ വിചാരിച്ചതിലും നല്ല ഒരു നിലേല് എത്തും… ”
ശിവൻ ഒന്നും മിണ്ടിയില്ല…
” നീയും അവളും ഇങ്ങോട്ട് തിരിഞ്ഞു നോക്കാണ്ടായപ്പോ ഞാൻ പകുതി ചത്തു… ”
” അവളെ കാണാറുണ്ടോ ഉണ്ണിയേട്ടാ നിങ്ങള്….”
ശിവൻ ഒരു സമാധാനത്തിനെന്നോണം ചോദിച്ചു…
” ഇല്ല … ഞാൻ ഇവിടെ വരുമ്പോ ഇപ്പൊ ആരും ശരിക്ക് ശ്രദ്ധിക്കാറ് പോലും ഇല്ല… വെറുതെ ഇവിടെ വരെ വരും… തിരിച്ചു പോവും
പിന്നെ കട തുറന്നാൽ ഓരോന്ന് ആലോചിച്ച് ഒരേ ഇരിപ്പാ ഇവിടെ… ”
ശിവൻ ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ്സ് ഉണ്ണിയേട്ടന്റെ കടയിൽ തന്നെ വച്ചു…
അപ്പോഴാണ് ശിവൻ അത് ശ്രദ്ധിച്ചത്… അകലെ നിന്നും ഒരു പെണ്കുട്ടി നടന്നു വരുന്നുണ്ട്…
മുടി അഴിച്ചിട്ടിരിക്കുന്നു…
മുഖത്ത് ആയിരം സൂര്യന്റെ കിരണങ്ങൾ പതിച്ച പോലെ കാന്തി, ഒരു വെളുത്ത കേരളാ സാരി ഉടുത്ത്
സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായി അവൾ നടന്നു വരുന്നുണ്ടായിരുന്നു…
രേഷ്മ…
ശിവൻ അവളെ നോക്കി നിന്നുപോയി…
” എന്റെ കുട്ടി… ”
ഉണ്ണിയേട്ടാ… കുറച്ച് കപ്പലണ്ടി മിട്ടായി പൊതിഞ്ഞ് താ… ”
ആ സമയം ഉണ്ണിയേട്ടന്റെ മുഖത്തും വല്ലാത്ത ഒരു പ്രസരിപ്പ് ശിവൻ കണ്ടു…. അയാൾ ദ്രുതഗതിയിൽ കപ്പലണ്ടി മിട്ടായി പൊതിഞെടുത്തു…
” ഉണ്ണിയേട്ടാ പൈസ ഞാൻ തരാട്ടാ… ”
ശിവൻ വീണ്ടും ചമ്മിയ മട്ടിൽ പറഞ്ഞു…
” പോടാ… അവന്റെ ഒരു പൈസ… ” അയാൾ അടിക്കാൻ ഓങ്ങി…” ശിവൻ റോഡ് മറിഞ്ഞു കടന്ന് രേഷ്മയുടെ മുന്നിലേക്ക് നടന്നടുത്തു….
ശിവനെ കണ്ടപ്പോൾ രേഷ്മയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു …
പക്ഷെ അവൾ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്തില്ല… അവൾ അടുത്തെത്തിയതും ശിവൻ ആ പൊതി അവൾക്ക് നൽകി…
അവളോട് എങ്ങനെ എന്ത് പറയണം എന്നൊക്കെ ഇന്നലെ ഇരുന്ന് ആലോചിച്ചു കൂട്ടിയതോന്നും അയാളുടെ മനസ്സിലേക്ക് വന്നില്ല… പഴയ നിഷ്കളങ്കത ആ മുഖത്ത് നിന്നും പോയിരിക്കുന്നു…
ഇന്ന് അത് ഒരു പക്വത കൈവരിച്ച സ്ത്രീയുടെ മുഖമാണ്… ശിവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു…
” മോളെ … ഞാൻ ”
ശിവൻ എന്തോ പറയാൻ വന്നതും രേഷ്മ ഇടയിൽ കയറി അത് വിലക്കിക്കൊണ്ട് തുടർന്നു…
” ഞാൻ ഒന്ന് കാണാൻ ഇരിക്കായിരുന്നു… ”
വീട്ടിലേക്ക് വരണം എന്ന് വിചാരിച്ചതാ… ഇതിപ്പോ ഇങ്ങോട്ട് വന്നത് നന്നായി… ”
ശിവൻ അവളെ വാത്സല്യത്തോടെ നോക്കി അവളുടെ കവിളിൽ തലോടാൻ ശ്രമിച്ചു…. പക്ഷെ അവൾ അത് ശക്തമായി തട്ടിമാറ്റി…
അതിന് ശേഷം അതി ക്രൂരമായ ഒരു നോട്ടവും… ശിവൻ അമ്പരന്ന് നിന്നു…
” നിങ്ങളെ സ്നേഹിച്ചിരുന്ന ആ പഴയ രേഷ്മ ഇന്നില്ല… അവൾ മരിച്ചു…
” ഇനി എന്നെ കാണാൻ വരരുത്… അതീ കവലയിലായാലും, വീട്ടിലായാലും ” ശിവൻ തല കുമ്പിട്ട് നിന്നു…
ഇത് താൻ അർഹിക്കുന്നതാണ് എന്ന് അയാൾ ഉറപ്പിച്ചിരുന്നു… “നമുക്കിടയിൽ ഇപ്പൊ ഒരു ജീവിൻ നിന്ന് കളിക്കുന്നുണ്ട്… അതിന് എനിക്ക് ഒരു ഉത്തരം കിട്ടാതെ
നിങ്ങളെ എനിക്ക് ഇനി കാണണ്ട…
” പോ… ”
വെറുപ്പാണ് എനിക്ക് …. ” അവൾ ഘോരമായി പറഞ്ഞു…”
ശിവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…
എങ്കിലും അയാൾ തല ഉയർത്തുവാനോ അവളെ എതിർത്ത് എന്തെങ്കിലും പറയുവാനോ നിന്നില്ല…
” ഇനിയിപ്പോ ഞാൻ ചത്താലും നിങ്ങള് വരണമെന്നില്ല… ”
എന്നെ കൊന്നത് നിങ്ങളൊക്കെ തന്നെ അല്ലെ… ഇനിയിപ്പോ ശവം കാണാൻ വന്നിട്ട് എന്തിനാ… ” ദേ ഈ കാണുന്ന ശരീരത്തിന് ജീവനുണ്ട് എന്നെ ഉള്ളു… ചത്തതിന് തുല്യമാണ്…”
ശിവൻ എന്തെങ്കിലും തിരിച്ചു പറഞ്ഞിരുന്നെങ്കിൽ ഇതിലും മോശമായി അവൾ സംസാരിക്കുമായിരുന്നു എന്ന് അവളുടെ മുഖം വ്യക്തമാക്കി…
ശിവൻ തണുത്തു മരവിച്ച പോലെ നിന്നു… അയാളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് അവൾ നടക്കാൻ ഒരുങ്ങി…
പക്ഷെ പെട്ടന്ന് തന്നെ എന്തോ ഓർമ വന്ന മട്ടിൽ അവൾ നിന്നു…
” ഇനി ഈ സാധനം എനിക്ക് എന്തിനാ… ”
അവൾ ആ കപ്പലണ്ടി മിട്ടായിയുടെ പൊതി വലിച്ചെറിഞ്ഞു…. ശിവൻ മുഖമുയർത്തി അവളെ നോക്കി…
അയാളുടെ കണ്ണീരിൽ കുതിർന്ന മുഖം ഒരു നിമിഷം നോക്കിനിന്നു…
അത് നോക്കി നിൽക്കാൻ ആവാത്തതുകൊണ്ടാവണം രേഷ്മ വേഗം നടന്നു നീങ്ങി…
ശിവൻ തിരിഞ്ഞു നിന്നു…
കവലയിൽ ആ സമയത്ത് ഉണ്ടായിരുന്നവർ മുഴുവൻ അയാളെ തന്നെ നോക്കി നിൽക്കുകയാണ്… ഫിലിപ്പോസിന്റെ മുഖത്ത് ഒരു കള്ളച്ചിരി കളിയാടുന്നുണ്ട്… പക്ഷെ അതൊന്നും അയാളെ വിഷമിപ്പിച്ചില്ല…
ആ സമയത്തും അയാൾ അവൾ വലിച്ചെറിഞ്ഞ ആ പൊതിയിൽ നോക്കി നിൽക്കുകയായിരുന്നു… പുറത്തേക്ക് തെറിച്ചു പോയ കപ്പലണ്ടി മിട്ടായിയിലൂടെ ഉറുമ്പ് അരിക്കുന്നുണ്ടായിരുന്നു…
അത് തന്റെ ഹൃദയമായിരുന്നു എന്ന് ഉറുമ്പിന് അറിയില്ലല്ലോ…
( തുടരും )
Responses (0 )