ഗജകേസരിയോഗം
Gajakesariyogam | Author : Agrah Mohan
ഭാഗം ഒന്ന് – കർക്കിടക തേവർ
ഹൗസ് സർജൻസി കഴിഞ്ഞയുടൻ തൃശ്ശൂർ ജില്ലയിലുള്ള ആ ഗ്രാമത്തിലെ പ്രൈമറി ഹെൽത് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പോസ്റ്റിങ്ങ് നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭിച്ചപ്പോൾ ഷെമീനയെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളുടെ ബാപ്പയായിരുന്നു. ഞെട്ടിയത് അവളുടെ ഉമ്മയും.
ഏകമകളായ ഷെമീന ആ ദമ്പതികളുടെ ജീവന്റെ ജീവനാണ്. മൂന്നുകുട്ടികളിൽ ഇളയവൾ. ദുബൈയിൽ ഒരു വെഹിക്കിൾ സ്പെയർപാർട്സ് കടയിലെ ജീവനക്കാരനായിരുന്ന അയാൾ കടയുടെ മുതലാളി ആയത് അവൾ കോഴിക്കോട് ജനിച്ച ദിവസമാണ്.
അതിനു മൂന്നുദിവസം മുന്നേ മാത്രമാണ് സ്‌പോൺസറുടെ മക്കൾ ആ കടയിലെ സ്റ്റോക് മുഴുവൻ പരിശോധിച്ചതും ബിസിനസ്സ് പങ്കാളിയായിരുന്ന കള്ളബഡുവ മിസ്രിയെ വൻതട്ടിപ്പുനടത്തിയതിനു പോലീസിനെ ഏൽപ്പിച്ചതും.
അയാൾ സൂപ്പർവൈസ് ചെയ്ത സെക്ഷനിൽ മാത്രമായിരുന്നു എല്ലാത്തിനും കൃത്യമായ കണക്കുണ്ടായിരുന്നതും കാശു മിച്ചമുണ്ടായിരുന്നതും. പിറ്റേ ആഴ്ച കട അയാളെ ഏൽപ്പിച്ച അർബാബിന്റെ കുടുംബത്തോടുള്ള നന്ദി അയാൾ വീട്ടിയത് 22 വർഷത്തെ പ്രയത്നത്തിലൂടെ കടകളും പെട്രോൾ ബാങ്കുകളും ടയർ ഷോപ്പുകളും വെയർഹൗസുകളുമായി 14 സ്ഥാപനങ്ങൾ ആക്കി വളർത്തിക്കൊണ്ടാണ്.
ഷെമീനയുടെ മൂത്തസോദരങ്ങൾ ശഹീദും ഷെമീറും മെക്കാനിക്കൽ എഞ്ചിനീയർമാരാണ്. അവർ ഇരുവരും കച്ചവടത്തിൽ ബാപ്പക്കൊപ്പം ഇരുകൈകളായി പ്രവർത്തിക്കുന്നു. എങ്കിലും അവർ തട്ടിമുട്ടി പഠിച്ചത് ബാപ്പ ട്രസ്റ്റ് അംഗമായിരിക്കുന്ന സ്വയാശ്രയ കോളേജിലായിരുന്നു.
ഷെമീന പക്ഷെ അങ്ങനെയല്ലായിരുന്നു. ദുബൈയിൽ 12 വരെ പഠിച്ച അവൾ എല്ലാവിഷയത്തിനും എല്ലായ്പ്പോഴും ഒന്നാമതായി പാസ്സായി. പാലായിലും കാഞ്ഞിരപ്പള്ളിയിലുമൊന്നും കോച്ചിങ്ങിനു പോകാതെ അവൾ മെഡിക്കൽ എൻട്രൻസിന് നേടിയ റാങ്ക് പത്രങ്ങളിൽ ഫോട്ടോസഹിതം വാർത്ത വരത്തക്കവിധം മികച്ചതായിരുന്നു.
സർക്കാർ മെഡിക്കൽ കോളേജിൽനിന്ന് ആദ്യ 5 റാങ്കുകളിൽ ഒന്ന് നേടിയാണ് അവൾ MBBS പാസായത്. വെറുതെ പോയി എഴുതിയ PSC പരീക്ഷക്ക് അതേ ചരിത്രം ആവർത്തിച്ചപ്പോൾ കിട്ടിയതാണ് “on IGS ” എന്നച്ചടിച്ച ബ്രൗൺപേപ്പർ കവറിൽ വന്ന നിയമന ഉത്തരവ്.
വീട് കോഴിക്കോടാണെങ്കിലും ഷെമീനയുടെ കുടുംബത്തിന് കൊച്ചിയിലും തൃശ്ശൂരിലും വീടുകളും ഫ്ലാറ്റുകളും ഉണ്ട്. തൃശ്ശൂർ ടൗണിൽ ഒരു 3 ബെഡ് റൂം ഫ്ലാറ്റ് ഉണ്ടായിരുന്നത് ഒരു വർഷമായി ഒഴിഞ്ഞുകിടന്നത് അവർ പെട്ടെന്ന് ഫർണിഷ് ചെയ്തെടുത്തു.
അവിടെനിന്നു ഏകദേശം 16 കിലോമീറ്റർ ദൂരം പ്രാധമികാരോഗ്യകേന്ദ്രത്തിലേക്ക് ഉണ്ടായിരുന്നെങ്കിലും നിരവധി ബന്ധുക്കൾ ആ ഫ്ലാറ്റ് കോംപ്ലക്സിൽ താമസമുള്ളതിനാൽ വേറെ ഒന്നും നോക്കിയില്ല. ഷെമീനക്കൊപ്പം താമസിക്കുവാൻ അകന്ന ബന്ധത്തിലുള്ള സബൂറ എന്ന സ്ത്രീയെ ഏർപ്പാടാക്കി. ടൂറിസ്റ്റുബസ് ഡ്രൈവർ ആയ അവരുടെ ഭർത്താവ് മിക്കദിവസവും വീട്ടിൽ കാണില്ല.
ഷെമീനക്ക് ജോലിക്കു പോയിവരാനായി കോഴിക്കോട്ടെ വീട്ടിലെ ഏറ്റവും ചെറിയ വണ്ടിയായിരുന്ന അവളുടെ വെളുത്ത മെഴ്‌സിഡസ് ബെൻസ് A200 നെ ഡ്രൈവർ അനസ് തൃശ്ശൂരിലേക്ക് കൊണ്ടെത്തിച്ചു.
ഷെമീന ജോലിയിൽ പ്രവേശിച്ചു ഒരു മാസം വരെ ഉമ്മ അവളോടൊപ്പം ഫ്‌ളാറ്റിൽ തങ്ങി. ഷെമീനയുടെ രണ്ടു കൂട്ടുകാരികളും മെഡിക്കൽ പിജി എൻട്രൻസിന് പഠിക്കാനായി ഇടയ്ക്കൊക്കെ വന്നു താമസിച്ചു. (കേരളത്തിനുപുറത്തു ഷെമീനയെ പഠിക്കാൻ വിടില്ല എന്ന് വീട്ടുകാർ ഒരേസ്വരത്തിൽ തീർത്തുപറഞ്ഞിട്ടുള്ളതിനാൽ ഷെമീന തത്ക്കാലം പിജി എൻട്രൻസ് എഴുതേണ്ട എന്ന് തീരുമാനിച്ചിരുന്നു.)
തൊട്ടടുത്ത ഫ്ളാറ്റിലെ സന്ധ്യചേച്ചിയോട് അവൾ പെട്ടെന്നുതന്നെ അടുത്തു. അവളെക്കാൾ അഞ്ചുവയസ്സിന് മൂത്തതാണെങ്കിലും സന്ധ്യ അവളെ ഒരു കൂട്ടുകാരിയെപ്പോലെയാണ് കണ്ടിരുന്നത്.
സന്ധ്യയുടെ ഭർത്താവ് ബിബിൻ ബാംഗ്ലൂരിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ എഞ്ചിനീയർ ആണ്, ഇപ്പോൾ ആറുമാസത്തേക്ക് റഷ്യയിൽ ട്രെയിനിങ്ങിനുപോയതുകൊണ്ടാണ് സന്ധ്യ നാട്ടിലേക്കു തിരികെ വന്നത്. കുട്ടികളെ തല്ക്കാലം വേണ്ടെന്നു വെച്ചതല്ല എന്ന് സന്ധ്യ ലേശം വിഷമത്തോടെ ഷെമീനയോടു പറഞ്ഞിരുന്നു….
തികച്ചും സന്തോഷവതിയായാണ് ഷെമീനയുടെ ഉമ്മ ദുബായിലേക്ക് മടങ്ങിയത്.
വളരെ ശാന്തമായ ഒരു കിഴക്കൻ ഗ്രാമത്തിലായിരുന്നു ഷെമീനയുടെ PHC . പക്ഷെ നല്ല ടാറിട്ട റോഡുകൾ, മലയോര ഹൈവേ. അതിൽനിന്നും തിരിഞ്ഞു ഒരു രണ്ടുകിലോമീറ്റർ ചെന്നാൽ ഒരു പാടശേഖരം, അതുകഴിഞ്ഞു ഒരു കുന്നുകയറിയാൽ ഇടതുവശത്തു ഒരു രണ്ടേക്കർ വരുന്ന മൈതാനവും മറ്റുമുള്ള ഒരമ്പലം കാണാം.
അമ്പലം കഴിഞ്ഞാലുടൻ പഞ്ചായത്ത് ഓഫീസും ഇതുവരെ പൊളിയാത്ത ഒരു സഹകരണ ബാങ്കും. അത് കഴിഞ്ഞാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മുൻഗേറ്റ് കാണാം. പിന്നീടങ്ങോട്ട് ഇറക്കമാണ്. ഏഴെട്ടുപീടികകളുള്ള ടൗൺ. മൂന്നുനാലു ഓട്ടോറിക്ഷകളുള്ള ഒരു സ്റ്റാൻഡും രണ്ടു മെഡിക്കൽ ഷോപ്പുകളും PHC ക്കെതിർവശത്താണ്. KSEB ആപ്പീസും. ഇവയുടെ എല്ലാം പിന്നിൽ റബ്ബർതോട്ടങ്ങളാണ്.
PHC യുടെ പിൻവശത്തെ ഗേറ്റ് വഴി പോയാൽ ഏതാനും വീടുകളുണ്ട്. അതിലൊന്നിൽ കേന്ദ്രത്തിലെ നഴ്സുമാർ നാലുപേർ താമസമാണ്. ആ വീട് പണ്ടുതൊട്ടേ നഴ്സുമാർക്ക് മാത്രമേ വാടകക്ക് കൊടുക്കയുള്ളൂ അത്രേ. ഈ വീടുകൾക്ക് മുന്നിലെ പഞ്ചായത്തുവഴി വീണ്ടും കുന്നുകയറി ഒരു റ ആകൃതിയിൽ വളഞ്ഞു കുന്നിറങ്ങി തിരികെ ക്ഷേത്രത്തിനപ്പുറംവെച്ച് വീണ്ടും മെയിൻ റോഡിൽ കയറുന്നുണ്ട്.
റ യുടെ ഇരുവശവും തോട്ടമാണ്. തോട്ടത്തിനു വലതുവശം താഴ്വാരത്തിൽ ഒരു പുഴ ഒഴുകുന്നുണ്ട്. അതിനപ്പുറം കാടാണ്. പുഴയുടെ കളകളാരവം പലപ്പോഴും ഷെമീനക്ക് പ്രാക്റ്റീസ് റൂമിൽ ഇരിക്കുമ്പോൾ കേൾക്കാമായിരുന്നു. കിളികളുടെയും ചീവീടുകളുടെയും നിലക്കാത്ത ശബ്ദഘോഷവും.
സത്യൻ അന്തിക്കാടിന് സെറ്റിടാതെ സിനിമയെടുക്കാൻ പറ്റിയ സ്ഥലം എന്ന് ഡോക്ടർ ഷെമീന ഇൻസ്റ്റയിൽ കുറിച്ചു. ആയിരത്തിലേറെ ലൈക് കിട്ടി.
ഗ്രാമത്തിൽ ഷെമീന വളരെപ്പെട്ടെന്നുതന്നെ നല്ലൊരു പ്രതിച്ഛായ അവൾ അറിയാതെ നേടിയെടുത്തു. ബെൻസ് കാറോടിച്ചുവരുന്ന ഉമ്മച്ചിക്കുട്ടി കോടീശ്വരിമാത്രമല്ല റാങ്കുകാരിയാണെന്നും മിടുക്കിയാണെന്നും വളരെപ്പെട്ടെന്നുതന്നെ നാട്ടിലെല്ലാവരും അറിഞ്ഞു. ഓട്ടോറിക്ഷക്കാരോടുപോലും അവൾ ഗുഡ് മോർണിംഗ് പറഞ്ഞതോടെ ഒരു ജാഡയുമില്ലാത്ത ഡോക്ടർ എന്ന പേരായി.
രോഗികളുടെ സംശയങ്ങളും പരാതികളും അവൾ ശ്രദ്ധയോടെ കേട്ടു. പല കിളവികളും കുടുംബകാര്യങ്ങളും ആറ്റുകാൽ പൊങ്കാലക്ക് പോകാൻ പറ്റാത്തതിന്റെ വിഷമവും മറ്റും ഡ്യൂട്ടിടൈമിൽ വന്നു പറയുമ്പോൾപ്പോഴും അവളുടെ ക്ഷമ ഒട്ടും നശിച്ചിരുന്നില്ല. ആശുപത്രിയിലെ ഏറ്റവും ജൂനിയർ ആയ മെഡിക്കൽ സ്റ്റാഫ് ആണ് ഡോക്ടർ ഷെമീന എന്ന് രോഗികൾ പലപ്പോഴും ശ്രദ്ധിച്ചതേയില്ല.
തികഞ്ഞ മതവിശ്വാസിയായിരുന്നു ഷെമീന, എങ്കിലും അവൾ ഒരിക്കലും പർദ്ദയോ മറ്റോ ധരിച്ചിരുന്നില്ല. അവൾ നിസ്കരിക്കുന്നത് അപൂർവമായിരുന്നു പക്ഷെ ഒരുദിവസം പോലും തട്ടമിടാതെയോ ഷോൾ ഇടാതെയോ അവൾ ഫ്ലാറ്റിനു പുറത്തിറങ്ങിയിരുന്നില്ല. ഇറുകിപിടിച്ച ഒരു ഡ്രസ്സ് പോലും അവൾക്കില്ലായിരുന്നു.
അവളുടെ ജീൻസുകൾപോലും ലൂസ്-ഫിറ്റിംഗ് ആയിരുന്നു. നല്ല ഇറക്കമുള്ള ടോപ്പുകളും അപൂർവമായി മാത്രം ഫ്രോക്കുകളും. ലെഗ്ഗിൻസ് ഷെമീന ഉപയോഗിച്ചിരുന്നത് ഫ്രോക്കിനോടൊപ്പം മാത്രം.
(നായികയായ ഷെമീനയെ ഈ കഥയിൽ വിശദമായി വർണിച്ചിട്ടില്ല. അവളുടെ ശരീരത്തിന്റെ അളവുകളും പറഞ്ഞിട്ടില്ല. ഇത് മനഃപൂർവമാണ്. അവൾ വായനക്കാരുടേതാണ്, അത് അവർ തീരുമാനിക്കട്ടെ എന്നുവെച്ചാണ്. എന്നിരുന്നാലും ഈ എഴുത്തുകാരൻ അവളായി മനസ്സിൽ കണ്ടത് പ്രശസ്ത ഈജിപ്ഷ്യൻ ദർബുക ഡ്രം പെർക്യൂഷൻ ആർട്ടിസ്റ്റ് ആയ fati _kordo യെയാണ്. അനുഗ്രഹീതയയായ ആ കലാകാരിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ല എന്നുകരുതുന്നു.)
ഓഫ് ദിവസങ്ങളിൽ അവളും സന്ധ്യയും ചിലപ്പോൾ സബൂറയും ശോഭമാളിലും മറ്റും ഷോപ്പിംഗിനു പോയി. OTT യിലും തിയേറ്ററുകളിലും സിനിമകൾ കണ്ടു. സ്വിഗ്ഗിയിൽനിന്ന് ഫുഡ് ഓർഡർ ചെയ്തു. ഫ്ളാറ്റിലെ അസോസിയേഷനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. വനിതാ അസോസിയേഷനിൽ ക്ലാസ്സെടുത്തു. മാസങ്ങൾ അതിവേഗത്തിൽ പാഞ്ഞുപോയി. ഇനി കൃത്യം ഒരു മാസം മാത്രം.
ഷെമീന അന്ന് രാവിലെ പതിവുപോലെ കാറെടുത്തു ആസ്പത്രിയിലേക്ക് വിട്ടു. പാടം കഴിഞ്ഞു കുന്നുകയറി അമ്പലത്തിനുമുന്നിലെത്തിയപ്പോളാണ് അവിടെ ഒരാൾക്കൂട്ടം കണ്ടു അവൾ കാറിന്റെ വേഗത തീരെക്കുറച്ചു അമ്പലപ്പറമ്പിലേക്കു നോക്കിയത്.
ഒരു കൊമ്പനാന!
രണ്ടു പാപ്പാന്മാർ അതിന് ഓലയും പഴക്കുലയും മറ്റും തീറ്റയായി കൊടുക്കുന്നു. ക്ഷേത്രഭാരവാഹികളാവും കുറേപ്പേർ കസവുനേരിയതും മറ്റും ചൂടി ആനയുടെ അടുത്തുനിൽപ്പുണ്ട്.
ആസ്പത്രിയിലെത്തി ഷെമീന കാർ പാർക്ക് ചെയുമ്പോൾ രണ്ടുമൂന്നു കതിനകൾ ഡും ഡും എന്ന് മുഴങ്ങി. ഏതാനും നിമിഷം കഴിഞ്ഞു ചുറ്റുമുള്ള കുന്നുകളിലും മലകളിലും തട്ടി അവയുടെ പ്രതിധ്വനിയും. PHC യുടെ ജനാലകൾ നന്നായൊന്നു കുലുങ്ങി. ഡ്യൂട്ടിനേഴ്സ് ബിനി അവളെനോക്കി ചിരിച്ചു. അവർ അന്നാട്ടുകാരിയാണ്.
രോഗികൾ തീരെ കുറവ്. എല്ലാവരും ആനയെ കാണാൻ പോയോ? ഷെമീന മനസ്സിലോർത്തു.
” എന്താ സിസ്റ്ററെ ടെംപിളിൽ ആനയെ വാങ്ങിയോ ? ” ഷെമീന ചോദിച്ചു.
” വാങ്ങിയതല്ലാ, അത് ആനവാരി മനയിലെ ആനയാണ്. ക്ഷേത്രത്തിൽ സുഖചികിത്സയ്ക്കു കൊണ്ടുവന്നതാണ്. ഇന്ന് കർക്കിടകമാസം ഒന്നല്ലേ? ”
മലയാളമാസം ഒന്നാംതീയതിയാണ്. അതാണ് രോഗികൾ ഇന്ന് തീരെ കുറവ്. ഗുഡ്! ഷെമീന സ്വയം പറഞ്ഞു. “അത് നന്നായി. ആനക്ക് ഒരുമാസം കുശാലായല്ലോ.” അവൾ ചിരിച്ചു.
” ആനവാരി കുട്ടിശ്ശങ്കരൻ. അതാണ് ആനയുടെ പേര്.” അറ്റൻഡർ ഷിബു പറഞ്ഞു.
” ഇനിയിപ്പോ സംഭാവന കൊടുക്കേണ്ടി വരും. ” ബിനി എല്ലാരേയും ഓർമിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു.
” എന്തു സംഭാവന? എന്തിനാ കൊടുക്കേണ്ടത് ? ” ഷെമീനയ്ക്ക് ഒന്നും മനസിലായില്ല.
ആ ക്ഷേത്രം ആദിവാസികളുടേത് ആയിരുന്നത്രേ. ദേവീക്ഷേത്രമാണ്. പിന്നീട് അത് ആനവാരി മനക്കാരുടെ നേത്രത്വത്തിൽ കരക്കാരും മറ്റും ഏറ്റെടുത്തു. ഇതിൽ ദേവിക്ക് അപ്രീതിയുണ്ടായി.
മനക്കൽനിന്നു ഒരാനയെ കൊണ്ടുവന്നു മൂന്നുവർഷം സുഖചികിത്സ നൽകിയാൽ പ്രതിവിധി ആവും എന്നു ദേവപ്രശ്നത്തിൽ തെളിഞ്ഞു. ഇത് മൂന്നാം വർഷമാണ്. നാട്ടുകാരും കരക്കാരും ചേർന്നാണ് ആനയെ ചികില്സിക്കാനുള്ള ചെലവ് വഹിക്കുന്നത്. കർക്കിടകം ഒന്നുമുതൽ ആണ് ചികിത്സാപരിപാടി. 28 ദിവസം ആന അമ്പലത്തിൽ ഉണ്ടാവും.
വൈകിട്ട് ഷെമീന ഫ്ലാറ്റിലെത്തിയതും ബോടിം ആപ്പിൽ ബാപ്പ വിളിച്ചതും ഒപ്പമായിരുന്നു.
” മോൾക്ക് ഈ അടുത്ത പതിനഞ്ചുവരെയല്ലേ കോൺട്രാക്ട് ജോബ് ഉള്ളൂ? 17 നു ഞാൻ കൊച്ചിയിൽനിന്ന് മോൾക്കിങ്ങോട്ടു വരാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഷെമീർ മെയിൽ അയക്കും. ” ബാപ്പ മുഖവുര ഒന്നുമില്ലാതെ പറഞ്ഞു.
ഷെമീന അന്തംവിട്ടു. അതെന്താ ഇത്ര തിടുക്കത്തിൽ? ആ ചോദ്യം അവൾ ചോദിക്കാതെതന്നെ ബാപ്പ കേട്ടെന്നു തോന്നുന്നു.
” മോൾക്ക് ഒരു പ്രൊപോസൽ ഉണ്ട്. കേട്ടിടത്തോളം അത് കൊള്ളാം. ”
“ബാപ്പാ എനിക്കിപ്പോൾ നികാഹ്…” അവൾ പറഞ്ഞുതീരുംമുൻപേ ബാപ്പ ചിരിച്ചുകൊണ്ട് പൂരിപ്പിച്ചു. “…വേണ്ട എന്നല്ലേ? എന്നാൽ കേട്ടോ.”
പയ്യൻ എയിംസ് ഡൽഹിയിൽ പഠിച്ച ഡോക്ടർ. UK യിൽ പിജിയും സൂപ്പർ സ്പെഷ്യലിറ്റിയും ചെയ്തു. മൂന്നുവർഷമായി ബ്രിട്ടീഷ് സിറ്റിസൺ. അയാളുടെ കുടുംബം മൊത്തം ഖത്തറിൽ. ഷെമീനയെ യുകെയിൽ പഠിപ്പിക്കാൻ തയാർ.
ചെലവ് മാത്രം ഷെമീനയുടെ വീട്ടുകാർ വഹിക്കണമെന്നേയുള്ളൂ. ഖത്തറിൽ ഒരു റിസപ്‌ഷനിൽ പങ്കെടുക്കാൻ അയാൾ വരുന്നുണ്ട്. ആ വരവിൽ ദുബായിൽ വന്നു പെണ്ണുകണ്ടിട്ടു പോകാം ഇരുവർക്കും ഇഷ്ടപെട്ടാൽ മൂന്നുമാസത്തിനുള്ളിൽ കല്യാണം എന്നാണ്. പയ്യന്റെ ഫോട്ടോ ഷെമീർ മെയിൽ അയക്കുന്നുണ്ട്.
പെട്ടു!
ഷെമീന കുളികഴിഞ്ഞുവന്നു ലാപ്ടോപ്പിൽ മെയിൽ എല്ലാം തുറന്നുവായിച്ചു. എമിരേറ്റ്സ് ബിസിനെസ്സ് ക്‌ളാസ് ടിക്കറ്റ്. രണ്ടാമത്തെ മെയിലിൽ മൂന്ന് ഫോട്ടോകൾ. മുഹമ്മദ് സുരൂർ കറുത്ത ഫുൾ സൂട്ടിൽ പർപ്പിൾ കളർ ടൈയും കെട്ടി അവളെനോക്കി പുഞ്ചിരിച്ചു. അയാൾ തന്നെക്കാൾ വെളുത്തിട്ടാണെന്നു ഷെമീനക്ക് തോന്നി. ക്‌ളീൻ ഷേവ് ആയതുകൊണ്ടാവും വളരെ സൗമ്യമായ ഒരു മുഖഭാവം.
തന്നെപ്പോലെ ഗോതമ്പിന്റെ നിറമല്ല, ഏകദേശം വെള്ളയപ്പത്തിന്റെ നിറം. അവൾക്കു ചിരിവന്നു. രണ്ടാമത്തെ ഫോട്ടോ പുള്ളി ഒരു അഡിഡാസ് ടി ഷർട്ടും ജീൻസുമിട്ടു ഒരു ബെൻസ് ഇ-ക്ലാസ് കാറിൽ ചാരിനിൽക്കുന്നതായിരുന്നു. കൊള്ളാം, ബാപ്പയുടെ ബെൻസ് പ്രേമം മരുമകനും കിട്ടിയിട്ടുണ്ട്.
മൂന്നാം ഫോട്ടോ ഹോസ്പിറ്റലിൽ വെച്ചെടുത്തതാണെന്നു തോന്നി. ഫോർഡിന്റെ ഒരു ആംബുലൻസ്. രണ്ടു സായിപ്പന്മാർ. അതികായനായ ഒരു ആഫ്രിക്കൻ. പിന്നെ പുള്ളിയും.
അപ്പോഴേക്കും സന്ധ്യചേച്ചി വന്നു. ചേച്ചിയോടും സബൂറയോടും ഷെമീന വിവരങ്ങൾ പറഞ്ഞു. ഫോട്ടോകളും കാണിച്ചുകൊടുത്തു. സബൂറയെ ഉമ്മ നേരത്തെ തന്നെ വിളിച്ചുപറഞ്ഞിരുന്നത്രെ. സന്ധ്യയാകട്ടെ മറ്റൊരു വർത്തയുമായാണ് വന്നത്. സന്ധ്യ 20 നു ബാംഗ്ലൂരിൽ തിരിച്ചുപോകും. ബിബിൻ അന്നുച്ചക്ക് മോസ്കോവിൽനിന്നു മടങ്ങിവരും.
ഷെമീന തന്റെ ഏറ്റവുമടുത്ത രണ്ടു കൂട്ടുകാരികളെ വിളിച്ചു കാര്യം പറഞ്ഞു. സന്ധ്യയും സബൂറായും പറഞ്ഞതുകൊണ്ട് ഫോട്ടോകൾ അവൾ അവരെ കാണിച്ചില്ല.
ഷെമീന സുരൂർ. അവർ കളിയാക്കി.
ഷെമീന വീണ്ടും പലദിവസങ്ങളിലും ആനയെ വഴിയിൽവെച്ചുകണ്ടു. ഒരിക്കൽ അവൾ കാർ ഒതുക്കി നിർത്തുകയും ചെയ്തു. ബെൻസ് കാറായതുകൊണ്ടാവാം പാപ്പാന്മാർ രണ്ടുപേരും വളരെ ശ്രദ്ധിച്ചാണ് ആനയെ കൊണ്ടുപോയത്.
ആനയുടെ മുകളിൽ ഇരുന്ന പാപ്പാൻ അവളെനോക്കി ചിരിച്ചു. പടച്ചോനെ! ഇതെങ്ങാനും പെട്ടെന്നുകയറി ഇടയുമോ എന്നൊരു പേടി അവളിൽ ഉളവായെങ്കിലും ആന അവളെത്തന്നെ നോക്കുന്നത് ഷെമീന കണ്ടു. അതിന്റെ കണ്ണിൽ സ്നേഹമുണ്ടെന്നു അവൾക്കു തോന്നി.
ഒരുദിവസം ക്ഷേത്രക്കമ്മിറ്റിക്കാർ ആശുപത്രിയിലും പിരിവിനു വന്നിരുന്നു. ഷെമീനയെ പരിചയമില്ലെങ്കിലും ബിനിയും ഷിബുവും അവരെ ഷെമീനയുടെ മുന്നിലെത്തിച്ചുകൊടുത്തു. ആനക്കായി ഒരു ചാക്ക് അരി ഷെമീന സ്പോൺസർ ചെയ്തു. 2500 രൂപ രസീതെഴുതിയപ്പോൾ എഴുതുന്നയാൾ ഷെമീനയോടു നാള് ചോദിച്ചു.
താൻ ജനിച്ചത് കാർത്തിക നക്ഷത്രത്തിൽ ആണെന്ന് ഉമ്മ പറഞ്ഞു ഷെമീനക്ക് അറിയാമായിരുന്നു. പക്ഷെ അത് അവരോടുപറയണ്ട എന്നൊരു തോന്നൽ മനസ്സിൽ ശക്തിയായി വന്നതിനാൽ ഷെമീന നാളറിഞ്ഞുകൂടാ എന്നാണ് പറഞ്ഞത്.
“എന്നാൽ കാർത്തിക എന്നെഴുതാം” എന്നുപറഞ്ഞു അയാൾ രസീത് കട്ട് ചെയ്തപ്പോൾ ഷെമീന ചോദിച്ചു: ” അതെന്താ കാർത്തികയുടെ പ്രത്യേകത?”
“അത്, ദേവിയുടെ നാളാണ് കാർത്തികനക്ഷത്രം.”
***
അങ്ങനെ ഷെമീനയുടെ ജോലിയിൽ 179 ദിവസം പിന്നിട്ട, കരാറടിസ്ഥാനത്തിലുള്ള സർക്കാർ ജീവനം അവസാനിക്കുന്ന പതിനാലാംതീയതി വന്നണഞ്ഞു. ഷെമീനയുടെ ഡ്യൂട്ടി ഉച്ചക്ക് ഒരുമണിമുതൽ രാത്രി ഒമ്പതുവരെയായിരുന്നു. പതിവുപോലെ കാർ പാർക്ക് ചെയ്തിട്ട് ആസ്പത്രിയിലേക്ക് കയറുമ്പോൾ അവൾക്കു ഒരു വിഷമം തോന്നാതിരുന്നില്ല.
ഉച്ചക്ക് സ്റ്റാഫിന് കഴിക്കാൻ ഷെമീന ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഷിബുവിന്റെ ഏർപ്പാടിൽ എത്തിച്ച ബിരിയാണി ഒരു വീട്ടിൽ ഉണ്ടാക്കിയതാണെങ്കിലും നന്ന്. അമ്പലത്തിലെ ആനയുടെ സുഖ ചികിത്സാപരിപാടി ഇന്നുകൊണ്ടുതീരുമെന്നും നാളെ രാവിലെ ആനയ്ക്കും യാത്രയയപ്പാണെന്നും ബിനി പറഞ്ഞു. അതിനെ കൊണ്ടുപോകാൻ ലോറി വന്നത്രെ.
മറ്റൊരു സാധാരണ ദിവസം മാത്രം ആയിരുന്നു അന്നും. ഒമ്പതുമണിക്ക് ഷെമീന ആസ്പത്രിയിൽനിന്നിറങ്ങി. തന്നെ കരാർ ജോലിയിൽനിന്നു വിടുതൽ ചെയ്തുകൊണ്ടുള്ള ഉത്തരവ് അതിനുമുമ്പേ അവൾക്കു കിട്ടിയിരുന്നു.
ആസ്പത്രിയുടെ പിന്നിലെ വാടകവീട്ടിൽ താമസിക്കുന്ന നഴ്‌സുമാരിൽ രണ്ടുപേരും അവളോടൊപ്പം ഇറങ്ങി. വീട്ടിലെത്തിക്കാമെന്നു ഷെമീന അവരോടു പറഞ്ഞിരുന്നു. കാരണം നല്ല മഴ. കഷ്ടിച്ച് അരകിലോമീറ്റർ മാത്രമേ ആ വീട്ടിലേക്കുള്ളൂ.
വാടകവീടെത്തിയപ്പോൾ നഴ്സുമാർ രണ്ടുപേരും ഇറങ്ങി. കാർ മുന്നോട്ടെടുക്കാൻ പോയപ്പോൾ എതിരെ ഒരു ജീപ്പ് വന്നു. അത് കടന്നുപോകുംവരെ ഷെമീന കാത്തുനിന്നു. മനയിലെ ജീപ്പാണ്. ആനവാരി മനക്കൽ എന്നു മുൻപിൽ എഴുതിയിട്ടുണ്ടായിരുന്നു. ജീപ്പ് പോയിക്കഴിഞ്ഞപ്പോൾ അവൾ കാർ എടുത്തു.
റിവേഴ്‌സ് എടുത്തു തിരിക്കാൻ ഒന്നും കാണാൻ വയ്യ. തിരിച്ചെടുക്കുന്നതിനു പകരം നേരെ പോയാൽ പഞ്ചായത്ത് ഓഫീസിന്റെ പിന്നിലൂടെ അമ്പലത്തിന്റെ പിന്ഗേറ്റിന്റെ മുന്നിലൂടി അമ്പലത്തിനപ്പുറം വെച്ച് വീണ്ടും മെയിൻ റോഡിൽ കയറാം. ഇരുവശവും തോട്ടമാണെങ്കിലും കോൺക്രീറ്റ് ചെയ്ത പഞ്ചായത്ത് റോഡ് വെളുത്തനിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
ഷെമീന കാർ തിരിക്കാൻ നിൽക്കാതെ നേരെ വിട്ടു. നല്ല ശക്തമായി മഴ പെയ്യാൻ തുടങ്ങി. ഇരുവശവും കുറ്റാക്കൂരിരുട്ട്. അവൾ റോഡിൽ തന്നെ ശ്രദ്ധിച്ചു വണ്ടിയോടിച്ചു. കഷ്ടിച്ച് ഒരു കിലോമീറ്റർ, അത് കഴിഞ്ഞാൽ മെയിൻ റോഡിൽ കയറാം, അവൾ സ്വയം പറഞ്ഞു.
ഇടതുവശത്തു ക്ഷേത്രത്തിനുപിന്നിലുള്ള മതിൽക്കെട്ടിനു സമീപമെത്തിയപ്പോളാണ് ഷെമീന അത് കണ്ടത്.
നടുറോഡിൽ നിൽക്കുന്നു. ആന.
ആനവാരി കുട്ടിശ്ശങ്കരൻ!
അവൾ ബ്രേക്കിൽ ആഞ്ഞുചവിട്ടി. കാർ വലത്തോട്ട് വെട്ടിച്ചൊതുക്കി. ഡ്രൈവർ സൈഡിലെ രണ്ടു ടയറുകളും റോഡ് വിട്ടു വഴിയരികിലെ ചാലിലേക്കിറങ്ങി. അതോടെ ബെൻസ് എടുത്തടിച്ചതു പോലെ നിന്നു.
എൽഇഡി ഹെഡ്‍ലൈറ്റിന്റെ വെട്ടത്തിൽ അവൾ ആനയെ വ്യക്തമായി അടുത്തുകണ്ടു. കുട്ടിശ്ശങ്കരൻ പതുക്കെ തിരിഞ്ഞു അവളെയും കാറിനേയും ഒന്ന്നോക്കി. എന്നിട്ടവൻ ക്ഷേത്രത്തിലേക്ക് നോക്കി. ഷെമീന ആ നോട്ടം പിന്തുടർന്നു.
അമ്പലപ്പറമ്പിൽനിന്നു രണ്ടുപേർ മഴയത്തു ഓടി വരുന്നു. പാപ്പാന്മാർ!
ഷെമീന ധൈര്യം കൈവിടാതെ ഫോണെടുത്തു ആസ്പത്രിയിലേക്ക് വിളിച്ചു. “നിങ്ങൾ പരിധിക്കു പുറത്താണ്”. കുന്നുകൾക്കിടയിലുള്ള ആ വഴിയിൽ ഒരു മൊബൈൽ നെറ്റ് വർക്കിനും റേഞ്ച് ഇല്ല എന്നവൾക്ക് അറിയില്ലായിരുന്നു.
അപ്പോഴേക്കും പാപ്പാന്മാർ അടുത്തെത്തി. അതിൽ മുതിർന്നയാൾ അവളെ പരിചയഭാവത്തിൽ ലേശം ബഹുമാനത്തോടെതന്നെ നോക്കി. അന്ന് ആനപ്പുറത്തിരുന്നു ചിരിച്ചയാളാണ് അയാൾ എന്ന് ഷെമീനക്ക് മനസ്സിലായി. അവൾ ഗ്ലാസ് താഴ്ത്തി.
“അയ്യോ ഡോക്ടർ എന്താ ഈ വഴിക്ക് ഇപ്പോൾ?” അയാൾ അമ്പരപ്പോടെ ചോദിച്ചു. “കാറിനു ജാസ്തി വല്ല കേടും പറ്റിയോ ആവൊ?”
ഷെമീനക്ക് ശരിക്കും ദേഷ്യം വന്നു. “ഇതെന്താ ആന നടുറോട്ടിൽ?” അവൾ ഈർഷ്യയോടെ ചോദിച്ചു.
അപ്പോഴേക്കും മറ്റേ പാപ്പാൻ അടുത്തുവന്നു. “അത് ഞങ്ങൾ ആനയെ കുളിപ്പിക്കാൻ കൊണ്ടു പോകാൻ ഇറങ്ങിയതാണെന്നെ. രാത്രി ഇതുവഴി വണ്ടി ഒന്നും വരാറില്ല. അപ്പുറത്തു നല്ല മെയിൻ റോഡുള്ളപ്പോൾ ഓ ഇതുവഴി ആരുവരാനാ? മൊത്തം കാട്ടുപന്നിയുടെ കളിയാണെന്നേ.”
അയാൾ കോട്ടയം സ്വദേശി ആണെന്ന് ഷെമീനക്ക് തോന്നി. അമ്പരപ്പുകാരൻ അപ്പോൾ സ്വയം പരിചയപ്പെടുത്തി. “ഞങ്ങൾ പാപ്പാന്മാരാ, ഞാൻ രാജേന്ദ്രൻ ഒന്നാം പാപ്പാൻ. ഇത് പ്രവീൺ രണ്ടാം പാപ്പാൻ”.
“നിങ്ങളെ രണ്ടുപേരെയും കണ്ടിട്ടുണ്ട്.” ഷെമീന പറഞ്ഞു. അവൾ ഷോൾ പിടിച്ചു തലയിലൂടെ നേരെയിട്ടു.
“ഡോക്ടർ ഒരുചാക്ക് അരി സംഭാവന ചെയ്താരുന്നല്ലോ?”. പ്രവീണിന് ഓർമയുണ്ട്.
” അത് പൗരസമിതിക്കാർ ആസ്പത്രിയിൽ വന്നിരുന്നു.”
താൻ നഴ്സുമാരെ വീട്ടിൽ വിട്ടിട്ടു വരുന്ന വഴിയാണെന്ന് ഷെമീന അവരോടു പറഞ്ഞു. തന്റെ ജോലി ഇന്നുവരേയെ ഉണ്ടായിരുന്നുള്ളൂ എന്നവൾ പറഞ്ഞില്ല.
“ഇനിയിപ്പോൾ എന്തുചെയ്യും? ഡോക്ടർ മടങ്ങി നഴ്സുമാരുടെ വീട്ടിൽ പോകണമെങ്കിൽ വന്നവഴിയെ തിരിച്ചു നടന്നുപോകണം. കൂരിരുട്ടാണ്. പകരം ക്ഷേത്രവളപ്പിൽ കയറി ഫ്രണ്ട് ഗേറ്റ് വഴി മെയിൻ റോഡിൽ ഇറങ്ങി കുറച്ചു നടന്നാൽ ആസ്പത്രിയിൽ എത്താമല്ലോ. ” പ്രവീൺ തെല്ലൊന്നു ആലോചിച്ചു പറഞ്ഞു.
“നമുക്ക് പ്രസാദിനെയും കൂടി വിളിച്ചു വണ്ടി തള്ളിക്കയറ്റിയാലോ?” രാജേന്ദ്രൻ പ്രവീണിനോട് ചോദിച്ചു. “ബെൻസ് കാറൊക്കെ ആട്ടോമാറ്റിക് ഗിയർ ആണ് ചേട്ടായി, തള്ളാനും ഉന്താനുമൊന്നും പറ്റില്ലെന്നേ”. പ്രവീൺ അറിവുപ്രകടിപ്പിച്ചു. “ആരാ പ്രസാദ്? മൂന്നാം പാപ്പാനോ? അയാളെ എങ്ങനെ വിളിക്കും?”. ഷെമീന ചോദിച്ചു. ഇനി തന്റെ ഐഫോണിൽ മാത്രമേ റേഞ്ച് ഇല്ലാതെയുള്ളൂ?
പാപ്പാന്മാർ ഇരുവരും ചിരിച്ചു. “മൂന്നാം പാപ്പാനോ? നല്ല കാര്യായി. അവൻ ഡ്രൈവറാ, ലോറിയുടെ ഡ്രൈവർ. ദേ അമ്പലപ്പറമ്പിൽ ലോറിയിൽ കിടപ്പുണ്ട്. നല്ല ഫിറ്റാണ്. ”
ആനയെ കൊണ്ടുപോകാൻ ലോറി വന്നകാര്യം ബിനി പറഞ്ഞത് ഷെമീന ഓർത്തു.
സംസാരം നീട്ടുന്നത് ബുദ്ധിയല്ലെന്നു ഷെമീനക്ക് തോന്നി. പ്രസാദ് മാത്രമല്ല ഇവരും നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് അവൾ ഊഹിച്ചു. അവളുടെ ചിന്ത മനസ്സിലാക്കിയതുപോലെ പ്രവീൺ അവളോട് പറഞ്ഞു. “ക്ഷേത്രവളപ്പിൽകൂടി കയറി അങ്ങട് മെയിൻ റോഡിൽ ഇറങ്ങി നടന്നുപോയാൽ മതി. ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം എന്ന് പറയുന്നത് ക്ഷേത്രത്തിനകത്തായാണ് അല്ലാതെ മൈതാനത്തല്ല. “
രാജേന്ദ്രൻ അവനോടു എന്തോ പതുക്കെ പറയുന്നത് അവൾ കണ്ടു. രണ്ടുപാപ്പാന്മാരും പരസ്പരം നോക്കി, എന്നിട്ടവളെയും. രാജേന്ദ്രൻ അവളോട് ചോദിച്ചു. “ഡോക്ടർ പുറത്തല്ലല്ലോ?”. ഷെമീനക്ക് കാര്യം മനസ്സിലായില്ല. “പുറത്തോ?” രാജേന്ദ്രൻ അവളോട് പറഞ്ഞു: “അതേയ് ഈ മാസമുറ ഉള്ള സ്ത്രീകൾ അമ്പലത്തിലും വളപ്പിലുമൊന്നും കയറാറില്ല.”
ഷെമീന ശരിക്കും ഡോക്ടർ ഭാഷയിൽ തന്നെ മറുപടി പറഞ്ഞു.
“മനസ്സിലായി. പുറത്തല്ല.”
“പിന്നെ കാർ പൂട്ടിയിട്ടു വായോ. ഈ കുട പിടിച്ചോളൂ.” രാജേന്ദ്രൻ പറഞ്ഞു.
ഷെമീനക്ക് ആശ്വാസം തോന്നി. അവൾ പഴ്സും ഫോണുമെടുത്തു പുറത്തിറങ്ങി വണ്ടി ലോക് ചെയ്തു. കുട കൈയിൽ വാങ്ങി. ഫോൺ എടുത്തു ടോർച് ഓൺ ചെയ്യാൻ നോക്കിയപ്പോൾ അനക്കമില്ല. ഫോൺ ഡെഡ്!
“ഫക്.” ഷെമീന തെല്ലുറച്ചു തന്നെ പറഞ്ഞുപോയി.
അവളും പാപ്പാന്മാരും ക്ഷേത്രത്തിനുള്ളിലേക്കു നടന്നു.
“രാത്രിയാണോ ആനയെ കുളിപ്പിക്കുന്നത്?” അവൾ പ്രവീണിനോട് ചോദിച്ചു.
“മഴയത്തു കുളിപ്പിച്ചാൽ പണി കുറവാണ്. ഇഷ്ടംപോലെ വെള്ളം കാണുമല്ലോ. അതുമല്ല രാവിലെ കുളിപ്പിക്കാൻ സമയമില്ല. ഏഴുമണിക്ക് ആനയെ ഉപചാരംചൊല്ലി ഇവിടന്നു കൊണ്ടുപോകും. ” പ്രവീൺ പറഞ്ഞു.
“അങ്ങനെയാണോ? എവിടെയാ ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നത്?”
“ആനയെ കുളിപ്പിക്കുന്നത് ഈ കുന്നു കയറിയിറങ്ങി തോട്ടം തീരുമ്പോൾ പുഴ കാണാം. അതിലാണ്. എന്താ ആനയെ കുളിപ്പിക്കാൻ വരുന്നോ ഡോക്ടർ?” പ്രവീൺ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഷെമീനയ്ക്ക് ചിരിയടക്കാൻ പറ്റിയില്ല. അവൾ പൊട്ടിപ്പൊട്ടി ചിരിച്ചു. കിലുക്കാംപെട്ടിപോലുള്ള ആ ചിരി പ്രവീണും രാജേന്ദ്രനും അമ്പരപ്പോടെയും കൗതുകത്തോടെയും കേട്ടുനിന്നു.
താനെന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് എന്ന് ചിരിച്ചുകൊണ്ടിരിക്കെ ഷെമീന ആലോചിച്ചു. മാത്രമല്ല തന്റെ ശബ്ദത്തിനെന്തുപറ്റി എന്നും അവൾ ആലോചിക്കാതിരുന്നില്ല. മഴ നനയുന്നതുകൊണ്ടാവാം. അവൾ പിന്നെ ചിരി എങ്ങനെയൊക്കെയോ നിർത്തി പ്രവീണിനെ നോക്കി. പിന്നെ ഒന്നാം പാപ്പാൻ രാജേന്ദ്രനെയും.
“വരാം.” അവൾ അവരോടല്ല തിരിഞ്ഞുനോക്കി ആനയോടാണ് പറഞ്ഞത്. “കുട്ടിശ്ശങ്കരാ നിന്നെ കുളിപ്പിക്കാൻ ഞാനും വരാം.”
പാപ്പാന്മാർ അന്തംവിട്ടുനിന്നു.
(വായനക്കാർക്കിഷ്ടപ്പെട്ടെങ്കിൽ രണ്ടാംഭാഗം പ്രസിദ്ധീകരിക്കാം.)
Responses (0 )