എൻ്റെ മൺവീണയിൽ 21
Ente Manveenayil 21 | Author : Dasan | Previous Part
എല്ലാവരുടേയും അഭിപ്രായം മാനിച്ച് കഥയുടെ പേര് പുനർനാമകരണം ചെയ്യുന്നു.എല്ലാവരും ക്ഷമിക്കുക. എൻ്റെ കഥയുടെ വായനക്കാരാണ് എൻ്റെ ശക്തി, അത് എന്ന് നഷ്ടപ്പെടുന്നുവൊ അന്ന് ഈ കഥ അവസാനിക്കും.ഈ കഴിഞ്ഞ പാർട്ടിന് പിന്തുണ കുറവായിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ കഥ ഉപേക്ഷിക്കും…..
കഥ വലിച്ചു നീട്ടുന്നു എന്ന അഭിപ്രായമുള്ളവരോട് പ്രത്യേകം ക്ഷമ ചോദിക്കുന്നു. കഥ തുടരട്ടെ.??? എല്ലാവരുടേയും ആശിർവാദത്തോടെ
സ്വന്തം ദാസൻ.
ഈ വീട്ടിലെ അവസാനത്തെ രാത്രി. നാളെ കാലത്തെ ചേട്ടൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് എല്ലാവരെയും കണ്ടു. ഇവിടെനിന്ന് കിട്ടുന്ന ട്രെയിനിൽ കയറി പോകണം. എന്ന ഉറച്ച തീരുമാനത്തിൽ ഉറങ്ങി.
രാവിലെ കോളിംഗ് ബെൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്, എഴുന്നേറ്റ് വന്ന വഴി കണ്ണാടിയിലേക്ക് നോക്കിയ ഞാൻ, ഇത് ഞാൻ തന്നെയാണോ എന്ന് പെട്ടെന്ന് സംശയിച്ചു. ചെന്ന് വാതിൽ തുറന്നപ്പോൾ സീതയാണ്. കയ്യിൽ ഒരു പൊതി കെട്ടുണ്ട്, ആള് എന്നെ കണ്ടപ്പോൾ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി. എന്നെ കടന്ന് അകത്തേക്ക് കയറി, ആ പൊതി മേശമേൽ വെച്ചു. അപ്പോഴാണ് അവിടെ ഒരു പേപ്പർ ഇരിക്കുന്നത് കണ്ടത്. അത് എടുത്തു നോക്കിയപ്പോൾ എൻറെ രാജികത്ത് ആണെന്ന് മനസ്സിലായി. സീത അതെടുത്ത് കീറിക്കളഞ്ഞു, കസേരയിലിരുന്നു.
സീത: അണ്ണൻ ഇവിടെ വന്നിരുന്നേ.
ഞാൻ സീതയുടെ മുഖത്ത് നോക്കാതെ കസേരയിൽ പോയിരുന്നു.
സീത: ഈ മുഖത്തേക്കൊന്നു നോക്കിയേ, എൻറെ മുഖത്തുനോക്കി എന്ന് കരുതി എന്നെ കല്യാണം കഴിക്കണ്ട.
ഞാൻ സീതയുടെ മുഖത്തേക്ക് നോക്കി.
സീത: ഇതെന്തു കോലം ആണ് അണ്ണാ, ഒരു ഭ്രാന്തനെപ്പോലെ. എന്താണ് നിരാശകാമുകൻ നടിക്കുകയാണൊ?
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
സീത: ഞാനും അച്ഛനും കൂടി ബാങ്കിൽ ലോക്കറിൻറെ പൈസ അടക്കാൻ ചെന്നപ്പോഴാണ്, അച്ഛൻറെ അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത കുറെ പൈസ കിടക്കുന്നു ഉണ്ടെന്ന് മനസ്സിലായത്. ഡീറ്റെയിൽസ് എടുത്തപ്പോൾ അണ്ണൻറെ ബാങ്കിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന പൈസ ആണെന്ന് മനസ്സിലായി. എന്തിനാണ് ഈ പൈസ അച്ഛൻറെ അക്കൗണ്ടിലേക്ക് മാറ്റിയത്? ഞങ്ങൾക്ക് അണ്ണൻ പൈസ ഒന്നും തരാൻ ഇല്ല. ഇനി ഹോസ്പിറ്റലിൽ ചിലവാക്കിയ പൈസ ആണെങ്കിൽ ഇത്രയും വരില്ല. അതുമല്ല ഞങ്ങൾ അണ്ണനെ നോക്കിയതിൻറെ പേരിൽ ആണ് ഈ പൈസ ഇട്ടതെങ്കിൽ, പൈസയ്ക്ക് വേണ്ടി അല്ല ഞങ്ങൾ അണ്ണനെ നോക്കിയത്. ഉണ്ടായിരുന്ന വണ്ടി രണ്ടും വിറ്റ് ആ പൈസ കൂടി അച്ഛൻറെ അക്കൗണ്ടിലേക്ക് മാറ്റി. ഞങ്ങൾക്ക് ഈ പൈസ വേണ്ട അണ്ണ ആർക്കെങ്കിലും കൊണ്ടുപോയി കൊടുത്തോ. പിന്നെ ഈ ജോലി രാജിവെച്ച് ഒളിച്ചോടാൻ വേണ്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. അണ്ണന് ഈ കിട്ടിയത് പത്മനാഭൻറെ ചക്രമാണ്, അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല. കിട്ടിയ ഭാഗ്യം കളഞ്ഞിട്ട് പോകുന്നത് മണ്ടത്തരമാണ് അണ്ണാ. അണ്ണന് ഇഷ്ടമുള്ളത് പോലെ ജീവിക്കാം ഞാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. എൻറെ പേര് പറഞ്ഞു അണ്ണൻ വീട്ടിൽ വരാതിരിക്കണ്ട. ഞാൻ അണ്ണൻറെ കണ്ണിൻ വെട്ടത്ത് ഉറപ്പായും വരില്ല. ഇനിയും അണ്ണൻ എൻറെ പേര് പറഞ്ഞു ജോലി രാജിവെച്ച് പോകാനാണ് പുറപ്പാടെങ്കിൽ, അണ്ണൻ ഇവിടെ നിന്നും ട്രെയിൻ കയറുന്നതിനുമുമ്പ് ഈ വീട്ടിൽ തിരിച്ചു വരേണ്ടി വരും. അണ്ണന് എന്നെ അറിയാമല്ലോ വാശിക്ക് ഞാൻ ഒട്ടും മോശമല്ല. ഇനിയെല്ലാം അണ്ണൻറെ താൽപര്യം പോലെ നടക്കട്ടെ. ഈ പൊതി പൈസയാണ് പോകുമ്പോൾ ഇതു കൂടി കൊണ്ടു പൊയ്ക്കോ. സ്നേഹത്തിന് പൈസ കൊണ്ട് അളക്കുന്ന വ്യക്തിയെ ഞാൻ ആദ്യമായി കാണുകയാണ്. ശരി, എന്നാൽ ഞാൻ അണ്ണൻറെ സമയം നഷ്ടപ്പെടുത്തുന്നില്ല.
ഇത് പറഞ്ഞ് സീത പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇറങ്ങിപ്പോയത്. കുറച്ചുനേരം അതേ ഇരിപ്പ് ഇരുന്നു, പിന്നെ എഴുന്നേറ്റ് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് നടന്നു. അവിടെ ചെന്ന് കയറുമ്പോൾ ചേട്ടൻ ജോലിക്ക് പോയിട്ടില്ല എല്ലാവരുടെയും മുഖത്ത് വല്ലാത്ത മ്ലാനത. സീതയെ അവിടെയെങ്ങും കണ്ടില്ല, ഞാൻ അകത്തേക്ക് കയറിയിട്ടും ആർക്കും ഒരു ഭാവ വ്യത്യാസവും ഇല്ല.
ചേട്ടൻ: ഓ അജയനൊ ഇരിക്കു.
ഞാൻ സെറ്റിയിൽ ഇരുന്നു. ചേച്ചി പോയി ഒരു ഗ്ലാസ് ചായ എടുത്തു കൊണ്ട് വന്നു തന്നു.
ചേച്ചി: ഈ ചായക്ക് പൈസ ഒന്നും വേണ്ട.
ചേച്ചിയുടെ കുത്തിയുള്ള വാക്ക് കേട്ടപ്പോൾ വേദന തോന്നി.
ചേച്ചി: അല്ല മോനെ, ഞങ്ങൾക്ക് എന്തിനാണ് അത്രയധികം പൈസ. ഞങ്ങൾ ഇതുവരെ തന്ന ഭക്ഷണത്തിൻറെ പൈസ കൂടി കൂട്ടി ആണോ ഇട്ടത്.
ചേട്ടൻ: ഒന്നു നിർത്തിയേ, പോട്ടെ അജയ അവൾ എന്തെങ്കിലും മണ്ടത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിച്ചേക്ക്. പോയി അജയനെ എന്തെങ്കിലും കഴിക്കാൻ എടുത്തു കൊടുക്കു. അജയൻ ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ?
ഞാൻ: ഉവ്വ് ചേട്ടാ.
ചേട്ടൻ: ഭക്ഷണം ഇവിടെ നിന്ന് കൊണ്ടുപോകുന്നു അതോ പുറത്തു നിന്നൊ?
ഞാൻ: ഞാൻ ഇത്രയും നാളും ഇവിടെ നിന്നു തന്നെയല്ലേ കൊണ്ടുപോയി കൊണ്ടിരുന്നത്?
ചേട്ടൻ: അതിൽ വലിയ കാര്യമൊന്നുമില്ല. ഇത്രയും ദിവസം അജയൻ ഇവിടെനിന്നും അല്ലല്ലോ ഭക്ഷണം കൊണ്ടുപോയത്. എവിടെനിന്നോ കഴിച്ചു എവിടെയോ കിടന്നുറങ്ങി ശരിയല്ലേ.
ഞാൻ: ശരിയാണ്.
ചേട്ടൻ: ഞങ്ങൾ മോനോട് എന്ത് അപരാധം ചെയ്തിട്ടാണ് ഇങ്ങനെ പെരുമാറിയത്?
ഞാൻ: ചേട്ടാ, എൻറെ അവിവേകം കൊണ്ട് സംഭവിച്ചതാണ് ഇതൊക്കെ.
ചേട്ടൻ: എൻറെ മോൾ ഇത്രയും ദിവസം മര്യാദക്ക് ഭക്ഷണം കഴിക്കുകയൊ ഉറങ്ങുകയൊ ചെയ്തിട്ടില്ല. എത്ര ദിവസം ഞങ്ങൾ രണ്ടുപേരും മോനെ ഓഫീസിൽ വന്നു അന്വേഷിച്ച് എന്നറിയാമോ. ഞങ്ങൾ ഒരു തെറ്റ് മോനോട് ചെയ്തിട്ടുള്ളൂ, അത് തെറ്റായിട്ട് ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ല. ആരും പോരുമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ മറ്റുള്ളവർ ചെയ്തതുപോലെ വന്നു കണ്ടു തിരിച്ചു പോകണമായിരുന്നു. ഞങ്ങൾക്ക് അതിനു കഴിയുമായിരുന്നില്ല, അത് ഞങ്ങളുടെ മര്യാദ.
അപ്പോഴേക്കും സീത മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.
സീത: മതി അച്ഛ. മറ്റുള്ളവരുടെ മുന്നിൽ നമ്മൾ സ്വയം ചെറുതാവുന്നത് പോലെയാണ് ഈ പറയുന്നതൊക്കെ.
ഇതു പറഞ്ഞു വീണ്ടും സീത മുറിയിലേക്ക് കയറിപ്പോയി. ചേട്ടൻ സംസാരം അവിടെ വച്ച് നിർത്തി. ചേച്ചി അപ്പോഴേക്കും കഴിക്കാനുള്ള പലഹാരവുമായി വന്നു. ഞാൻ ചായയും കുടിച്ചു ഇറങ്ങുന്നതിനു മുമ്പ് ഉച്ചയ്ക്കത്തെ ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന ചേച്ചി തന്നു.
ചേച്ചി: നാളെ ഉണ്ടാവുമോ?
ഞാൻ: തീർച്ചയായും.
ചേച്ചി:അങ്ങനെയെങ്കിൽ ആ ചോറ് കൊണ്ടു പോകുന്ന പാത്രം വൈകിട്ട് വരുമ്പോൾ കൊണ്ടു വന്നാൽ കഴുകി വെക്കാമായിരുന്നു. കുറേ ദിവസം ആയില്ലേ?
ഞാൻ ഓഫീസിലേക്ക് ഇറങ്ങിയപ്പോൾ തിരിഞ്ഞുനോക്കി, സാധാരണ ഞാൻ പോകുമ്പോൾ സിറ്റൗട്ടിൽ സീത വന്ന് നിൽക്കുമായിരുന്നു. പക്ഷേ അവിടെ കണ്ടില്ല. ഞാൻ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും, ഉള്ളിൻ്റെയുള്ളിൽ സീതയെ പുറത്തേക്ക് കാണാത്തതിൽ വിഷമം തോന്നി. ഓഫീസിൽ ചെല്ലുമ്പോൾ, ഓഫീസറെ കണ്ടിട്ട് ഒപ്പിട്ടാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്ന്. ഞാൻ ഓഫീസറെ കാണാൻ കയറി. അദ്ദേഹം എന്നോട് കുറെ കയർത്തു. ഒരുപാട് ജോലികൾ മേശപ്പുറത്ത് കുന്നുകൂടി കിടപ്പുണ്ട്. അത് എത്രയും പെട്ടെന്ന് ക്ലിയർ ആക്കണമെന്ന് ശാസന തന്നു. ഇനിയും ഇതുപോലെ ആവർത്തിച്ചാൽ മുകളിലേക്ക് റിപ്പോർട്ട് കൊടുക്കും എന്നും പറഞ്ഞു. ഞാൻ കസേരയിൽ ഇരുന്നു പണി തുടങ്ങി. ഒന്ന് നടു നിവർത്താൻ പോലും സമയം കിട്ടിയില്ല. ഉച്ചയ്ക്ക് രണ്ടു മണി അടുക്കാറായപ്പോഴാണ് ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കാൻ പറ്റിയത്. അതുകഴിഞ്ഞ് വീണ്ടും തുടർന്നു. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആറുമണി കഴിഞ്ഞു, റൂമിലെത്തി ഡ്രസ്സ് ഒക്കെ മാറി ഫ്രഷായി ചേട്ടൻറെ വീട്ടിലേക്ക് പാത്രവും തപ്പിയെടുത്ത് ചെല്ലുമ്പോൾ, ചേട്ടന് അകത്ത് സെറ്റിയിൽ ടിവിയും കാത്തിരിപ്പുണ്ട്. ചേച്ചി അടുക്കളയിലും. ഞാൻ ചേട്ടൻറെ അടുത്ത് പോയിരുന്നു ടിവി കാണാൻ ഇരുന്നു. എൻറെ കണ്ണുകൾ സീതയെ പരതി. അവിടെയെങ്ങും കണ്ടില്ല എന്ന് മാത്രമല്ല ഒരു മുറിയിലും ലൈറ്റും കണ്ടില്ല. ആള് ഇവിടെയില്ലേ? ആരോട് ചോദിക്കാൻ. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഒരു കട്ടൻ ചായയും ആയി വന്നു. എൻറെ കൈയിലുണ്ടായിരുന്ന പാത്രം ചേച്ചിയെ ഏൽപ്പിച്ചു. എൻറെ ദുഷ്ട ബുദ്ധി കാരണം ഇവർക്കും ബുദ്ധിമുട്ടായി. എൻറെ മോശം സമയത്ത് എന്നെ നോക്കാൻ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുപോലും ശ്രദ്ധിക്കാതെ എൻറെ മനസ്സുഖത്തിനുവേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി. അത് ഈ വീട്ടുകാരെ ആണ് കൂടുതൽ വേദനിപ്പിച്ചത്.
ഞാൻ: ചേട്ടാ, എന്നെ വെറുക്കരുത്. ഞാനെൻറെ ബുദ്ധിമോശം കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം.
ചേട്ടൻ: ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് അജയ. ഞങ്ങൾ ഹാപ്പി അല്ലേ. ഞങ്ങൾ പറഞ്ഞെന്നു കരുതി അജയനെ തുടർനടപടികളിൽ മാറ്റമൊന്നും വരുത്തേണ്ട. പോകാൻ ഉള്ളത് എവിടെയാണെന്ന് വെച്ചാൽ പോവുക. അതിന് ഒരു മുടക്കവും വരുത്തണ്ട.
ഇവർ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇരുന്ന് കേൾക്കേണ്ട സ്ഥിതിയാണ്. ഭക്ഷണം കഴിക്കാൻ ആയി ഇരുന്നപ്പോഴും സീതയെ കാണാഞ്ഞതിനാൽ എൻറെ മനസ്സ് എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ അതിന് സമ്മതിച്ചില്ല, കണ്ണുകൾ ഉഴറി നടന്നു. റൂമിലേക്ക് പോകുമ്പോഴും എൻറെ കണ്ണുകൾ അന്വേഷണത്തിലായിരുന്നു. പിറ്റേദിവസവും ചേട്ടൻറെ വീട്ടിൽ ചെന്നു എങ്കിലും സീതയെ അവിടെയെങ്ങും കണ്ടില്ല. അന്ന് ഓഫീസിൽ പോകുന്ന വഴി സീത കൊണ്ടുവെച്ച പൊതി എടുത്ത് ഓഫീസിലെ ജോലികൾക്കിടയിൽ ബാങ്കിൽ പോയി അത് അക്കൗണ്ടിൽ നിക്ഷേപിച്ചു. ജോലി കഴിഞ്ഞു പോകുന്ന വഴി ബാർബർഷോപ്പിൽ കയറി മുടിയും താടിയും കളഞ്ഞു. ഇപ്പോൾ തലക്ക് ഒരു വെളിവുണ്ട്. വൈകിട്ട് ചേട്ടൻറെ വീട്ടിൽ ചെന്നിട്ടും തഥൈവ. ഇങ്ങനെ 4-5 ദിവസം കടന്നു പോയി, ആളിനെ കാണാൻ പോയിട്ട് ഒരു ശബ്ദം പോലും പുറത്തേക്ക് കേട്ടില്ല. എൻറെ മനസ്സിന് എന്തുപറ്റി, ഇത്രയും ദിവസം ഇല്ലാത്ത ഒരു വ്യഗ്രത. സീതയെ എന്നിൽ നിന്നും അകറ്റാൻ വേണ്ടിയാണ് ഇത്രയൊക്കെ ചെയ്തത്. ഇപ്പോഴോ ആളെ കാണാഞ്ഞിട്ട് മനസ്സ് ചഞ്ചല പെടുന്നു. ഓരോ ദിവസവും കടന്നു പോകുന്തോറും സീതയുമായി ഞാൻ അടുക്കുകയാണൊ? കാണാത്തതിൽ പരവേശവും വിശപ്പില്ലായ്മയും ഉറക്കം നഷ്ടപ്പെടലും. എല്ലാം കൊണ്ടും നഷ്ടബോധം തോന്നി. സീത കോളേജ് വിട്ടു വരുന്ന സമയം നോക്കി ഒരു ദിവസം ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്ന് സീത വരുന്നതും നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സീതയുടെ കോളേജിൻറെ ഭാഗത്തു നിന്നും വരുന്ന വണ്ടി വന്നു നിന്നു. അതിൽനിന്നും യാത്രക്കാർ ഇറങ്ങി കൂട്ടത്തിൽ സീതയും. എന്നെ കണ്ടതും സീത പെട്ടെന്ന് ഒഴിഞ്ഞുമാറി. മുഖത്ത് ക്ഷീണവും വിഷമവുമുണ്ട്, ആളാകെ വല്ലാതെ ആയിരിക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും ഓട്ടോ വിളിച്ച് അതിൽ കയറി ഇരുന്നു, പുറകെ ഞാനും കയറി. അപ്പോൾ ഓട്ടോയിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞപ്പോൾ ഞാൻ അതിന് അനുവദിച്ചില്ല. ഓട്ടോക്കാരനോട് സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ വണ്ടി നീങ്ങി. സ്ഥലം കേട്ടപ്പോൾ എൻറെ മുഖത്തേക്ക് നോക്കിയെങ്കിലും വീണ്ടും മുഖം കൈകളിൽ താങ്ങി കുനിഞ്ഞിരുന്നു. നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, സീത ഓട്ടോയിൽ കയറിയത് മൂലം ആണ് ഞാനും കയറിയത്. മ്യൂസിയത്തിന് അടുത്തു കൊണ്ടുപോയി ഓട്ടോറിക്ഷ നിർത്തി. വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങിയെങ്കിലും സീത അതിന് തയ്യാറായില്ല. ഞാനിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ സീതാ വണ്ടി കാരനോട് എന്തോ പറഞ്ഞു വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി. വണ്ടി പോകുന്നത് നോക്കി ഞാൻ കുറച്ചു നേരം അങ്ങനെ നിന്നു. പിന്നീട് മ്യൂസിയം ഗ്രൗണ്ടിലേക്ക് നടന്നു, അവിടെ ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു. സീത അങ്ങനെ പ്രവർത്തിച്ചതിൽ എനിക്ക് ഒന്നും തോന്നിയില്ല, കാരണം ഇതിൽ കൂടുതൽ അവഹേളനം ഞാൻ ചെയ്തിട്ടുണ്ട്. ഏതായാലും ഇവിടെ വന്ന സ്ഥിതിക്ക് കുറച്ചു നേരം ഇരുന്നിട്ട് പോകാം എന്ന് കരുതി. ഞാൻ ബെഞ്ചിനു പുറകിലേക്ക് തലചായ്ച്ച് കണ്ണുകളടച്ചു അങ്ങനെ ഇരുന്നു. ഒരു 10 മിനിറ്റ് ഇരുന്നു കാണും, കണ്ണുകൾ അങ്ങനെ മയക്കത്തിലേക്ക് പോകുന്ന സമയം തോളിൽ ഒരു കരസ്പർശം. കണ്ണുതുറന്നു നോക്കുമ്പോൾ സീത മുൻപിൽ നിൽക്കുന്നു. എൻറെ അരികിൽ വന്നു ഇരുന്നു. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ കുറച്ചുനേരം അങ്ങനെ ഇരുന്നു. ഞാൻ തന്നെ നിശബ്ദതയെ ഭഞ്ജിച്ചു.
ഞാൻ: എന്തേ പോയില്ലായിരുന്നൊ?
സീത: ചില ആൾക്കാർ ചെയ്യുന്നതുപോലെ ഇട്ട് എറിഞ്ഞിട്ടു പോകാൻ എനിക്ക് പറ്റില്ലല്ലോ, മറ്റുള്ളവരുടെ വിഷമവും സങ്കടവും കാണാനോ കേൾക്കാനോ നിൽക്കാതെ ഒളിച്ചോടുന്നവർക്ക് എന്തും ആകാമല്ലോ.
ഞാൻ: എന്നെ കുത്തിനോവിക്കാൻ എല്ലാവർക്കും ഇപ്പോൾ നല്ല ഒരു അവസരമാണ്. അമ്മയായാലും അച്ഛൻ ആയാലും മകൾ ആയാലും എല്ലാവരും ആനന്ദം കണ്ടെത്തുന്നത് എന്നിലാണ്. ഞാൻ അത് കേൾക്കാൻ ബാധ്യസ്ഥനുമാണ്.
സീത: ഒന്നു രണ്ടു വാക്കുകൾ കൊണ്ട് അണ്ണന് വേദനിച്ചു എങ്കിൽ എത്രയോ ദിവസങ്ങൾ എന്നെ അവഗണിച്ച്, എന്നെ കാണാതിരിക്കാൻ വേണ്ടി വീട്ടിൽ പോലും വരാതെ ഒഴിഞ്ഞു മാറി നടന്നു. അതും കൂടാതെ എന്നെ ഒരിക്കലും കാണാതിരിക്കാൻ വേണ്ടി ജോലിയും രാജിവച്ചു പോകാൻ ഇരുന്ന ആളാണ്. അത് എനിക്കു മനസ്സിലായി അണ്ണാ. പിന്നെ ഞങ്ങളുടെ സ്നേഹത്തിനും പരിചരണത്തിനും വില നിശ്ചയിച്ചു ഉണ്ടായിരുന്ന രണ്ടു വണ്ടികൾ വിറ്റു എല്ലാം ചേർത്ത് അച്ഛൻറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇതൊന്നും ഞങ്ങളെ വേദനിപ്പിക്കില്ല അല്ലേ? അണ്ണൻറെ നല്ല സമയത്തും ചീത്ത സമയത്തും ഒരുപോലെ കൂടെ നിന്നിട്ടുള്ളവരാണ് ഞങ്ങൾ. അന്നൊന്നും ഞങ്ങൾ അണ്ണൻറെ പൈസ കണ്ടല്ല നിന്നത്.
ഞാൻ: എല്ലാം എൻറെ തെറ്റാണ് ഞാൻ അതിന് നിങ്ങളോട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
സീത: പറയാനാണെങ്കിൽ ഒരുപാടുണ്ട്, അതൊക്കെ പോട്ടെ എന്തിനാണ് ഇവിടെ വിളിച്ചു കൊണ്ടു വന്നത്?
ഞാൻ: ഒരു വിഷമഘട്ടത്തിൽ ആണ് ഇപ്പോഴും, എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല.
സീത: അതിന് ഞാനെന്തു വേണം. അണ്ണൻറെ മനസ്സുഖത്തിനുവേണ്ടി മുൻപിൽ പോലും വരുന്നില്ല ഒരു ശബ്ദം പോലും ഞാൻ കേൾപ്പിക്കുന്നില്ല. ഇത്രയൊക്കെ അല്ലേ എനിക്ക് ചെയ്യാൻ കഴിയു….
ഞാൻ: സീത പറഞ്ഞതൊക്കെ ശരിയാണ്, സീതയിൽ നിന്നും അകന്നുമാറാൻ വേണ്ടി മാത്രം തന്നെയാണ് ഇതൊക്കെ ചെയ്തത്. പക്ഷേ അകന്നു മാറിയപ്പോഴാണ് സീത എൻറെ മനസ്സിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായത്. അതും കൂടി നഷ്ടപ്പെടുത്തി പോകാൻ വേണ്ടിയാണ് ഞാൻ എൻറെ ജോലിയും രാജിവെച്ച് നാടുവിടാൻ തീരുമാനിച്ചത്. എന്തോ ഒരു നിമിത്തം പോലെ അതും നടന്നില്ല. ഇത്ര അടുത്തുണ്ടായിട്ടും കാണാതിരുന്ന ഈ നാലഞ്ചു ദിവസങ്ങൾ എൻറെ മനസ്സ് വല്ലാതെ വ്യാകുലപ്പെട്ടു. എനിക്ക് ഇത് തുടർന്നുകൊണ്ടുപോകാൻ പറ്റില്ല, രണ്ടുദിവസമായി എൻറെ ഉറക്കം തീരെ നഷ്ടപ്പെട്ടു. ഇനി എനിക്ക് കാണാതിരിക്കാൻ പറ്റില്ല, എൻറെ ചപലമായ വികാരം എന്നോ എന്തുവേണമെങ്കിലും വ്യാഖ്യാനിക്കാം. ഇതാണ് സത്യം.
സീത എൻറെ മുഖത്തേക്ക് നോക്കിയിരുന്നു, പെട്ടെന്ന് പൊട്ടികരയുകയാണോ ചിരിക്കുകയാണോ എന്ന് പറയാൻ പറ്റാത്ത സീനാണ് ഞാൻ കണ്ടത്. എൻറെ രണ്ട് കൈകളും സീത രണ്ട് കൈകളുമായി കൂട്ടിപ്പിടിച്ചു അതിൽ ചുംബിച്ചു. ഞാൻ വല്ലാത്തൊരു അവസ്ഥയിലായി.
ഞാൻ: മറ്റുള്ളവർ ശ്രദ്ധിക്കുന്നു, സീതേ.
സീത ചുരിദാറിൻറെ ഷാൾ കൊണ്ട് കണ്ണുകൾ തുടച്ചു. നേരം സന്ധ്യയോട് അടുക്കുന്നു, ഞാൻ ആ കൈകളിൽ പിടിച്ച് എഴുന്നേറ്റു ഗ്രൗണ്ടിനു പുറത്തെത്തി. ഒരു ഓട്ടോ കൈകാണിച്ച് ഞങ്ങൾ അതിൽ കയറി, ഇപ്പോൾ ആ മുഖത്ത് വിഷമമില്ല ഒരു പുഞ്ചിരി. വീടിനടുത്ത് പോയി ഇറങ്ങുമ്പോൾ സീതയുടെ വീടിൻറെ സിറ്റൗട്ടിൽ സീതയുടെ അച്ഛനുമമ്മയും നിൽപ്പുണ്ടായിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങി ഞാൻ റൂമിലേക്കും സീത വീട്ടിലേക്ക് നടന്നു. പോകുന്ന വഴി എൻറെ കയ്യിൽ ഒരു നുള്ളു തന്നിട്ടാണ് സീത വീട്ടിലേക്ക് നടന്നത്. വൈകിട്ട് ചെല്ലുമ്പോൾ അവിടെ സന്തോഷത്തോടെ അമ്മയെ സഹായിക്കാൻ നടക്കുന്ന സീത കണ്ടത്. എനിക്കുള്ള ചായയും വൈകുന്നേരം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എല്ലാം സെർവ്വ് ചെയ്തത് സീതയാണ്. പിന്നീടുള്ള ദിവസങ്ങളിൽ ഇത് തുടർന്നുകൊണ്ടേയിരുന്നു. ഇടക്കൊക്കെ വൈകിട്ട് കോളേജിൽ നിന്നും വരുന്ന വഴി ഓഫീസിൽ കയറി, ഞങ്ങളൊരുമിച്ചാണ് വീട്ടിലേക്ക് വരുന്നത്. അങ്ങനെ നടന്നു വരുന്ന ഒരു ദിവസം
സീത: അണ്ണാ, എനിക്കൊരു കാര്യം പറയാനുണ്ട്.
ഞാൻ: ആദ്യം തന്നെ ഞാൻ പറയാം, എന്നെ അണ്ണാ എന്ന് വിളിക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്. അണ്ണാ എന്ന് വിളിക്കുമ്പോൾ സഹോദരി സഹോദരനെ വിളിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് അണ്ണാ എന്നുള്ള വിളി ചേട്ടാ എന്നാ ആക്കിക്കോ.
സീത: ശരി, അണ്ണാ അല്ല ചേട്ടാ.
ഞാൻ: ഇനി സീതയ്ക്കു പറയാനുള്ളത് പറയൂ.
സീത: അന്ന് ഞങ്ങൾ തൃശ്ശൂർക്ക് വന്നത് നമ്മുടെ കാര്യം പറയാൻ ആണല്ലോ. അത് എന്തുകൊണ്ടോ പറയാൻ പറ്റിയില്ല. ഇപ്പോൾ അച്ഛൻ പറയുന്നുണ്ടോ അണ്ണൻറെ അല്ല ചേട്ടൻറെ വീട്ടിൽ പോയി ഇക്കാര്യം പറയാമെന്ന്. അണ്ണ അല്ല ചേട്ടൻ്റെ വീട്ടുകാരുമായി ചേട്ടൻ നല്ല ടേംസിൽ അല്ലല്ലോ. അതുകൊണ്ട് ഞാൻ അവരോട് പോകണ്ട എന്നു പറഞ്ഞു. പകരം നമുക്ക് രണ്ടുപേർക്കും കൂടി ഒന്ന് വീടുവരെ പോയാലോ, അമ്മയെയും അച്ഛനേയും സഹോദരനെയും സഹോദരിയെയും കണ്ടു, വഴക്കൊക്കെ മാറ്റിയിട്ട് അവരെ പറഞ്ഞു വിടാം. എന്താണ് ചേട്ടൻറെ അഭിപ്രായം.
ഞാൻ: എനിക്ക് ഇതിനോട് ഒരു അഭിപ്രായവും ഇല്ല, മരിക്കാൻ കിടന്നിട്ട് പോലും തിരിഞ്ഞു നോക്കാത്തവരുമായി ഒരു ബന്ധം സ്ഥാപിക്കാനും എനിക്ക് താല്പര്യമില്ല.
സീത: അങ്ങനെയൊരു കണ്ടീഷനിൽ അവർ എത്തണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണം കാണും. നമുക്കൊന്ന് പോയി നോക്കാം ചേട്ടാ. എന്നെയും കൊണ്ടുപോകുന്നതിൽ ചേട്ടന് വിരോധം വല്ലതുമുണ്ടോ.
ഞാൻ: അതെന്താ അങ്ങനെ ചോദിച്ചത്? ഇനിയിപ്പോൾ എവിടെയെങ്കിലും കൊണ്ടുപോകണമെങ്കിൽ ഞാൻ അല്ലേ ഉള്ളൂ.
സീത: ഇന്ന് ബുധൻ, ഈ വെള്ളിയാഴ്ച അല്ല അടുത്ത വെള്ളിയാഴ്ച ക്രിസ്മസ് അല്ലേ. ആ ദിവസങ്ങളിൽ അഞ്ചു ദിവസം എൻറെ കോളേജിന് മുടക്കം ആണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് നമുക്ക് ഇവിടെ നിന്നും പുറപ്പെട്ടാൽ വൈകുന്നേരം ഏഴരയോടെ വീടെത്താൻ പറ്റില്ലേ.
ഞാൻ: എങ്ങനെ പോകും? ട്രെയിനിൽ ആണോ. ഞാൻ ഒരു വണ്ടി നോക്കി വച്ചിട്ടുണ്ട് അതൊന്നു പോയി നോക്കിയാൽ നല്ലതാണെങ്കിൽ ഈയാഴ്ച തന്നെ എടുക്കാമായിരുന്നു.
സീത: വണ്ടി ഉണ്ടായത് വിറ്റതല്ലേ, ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടിയാൽ പല ദേഷ്യം കൊണ്ട് കരകയറാൻ പറ്റില്ലെന്ന് ഇപ്പോൾ പഠിച്ചില്ലേ. ട്രെയിൻ ആണെങ്കിൽ അങ്ങനെ എനിക്ക് ഒരു കുഴപ്പവുമില്ല.
ഞാൻ: ട്രെയിനിൻ്റെ കാര്യമാണ് വിശ്വസിക്കാൻ പറ്റില്ല ലേറ്റ് ആയാൽ നമ്മൾ നടക്കേണ്ടി വരും. അഞ്ച് എട്ട് കിലോമീറ്റർ ഉണ്ട്. നോക്കട്ടെ വണ്ടി ആ വർക്ഷോപ്പ്കാരനേയും കൊണ്ട് പോയി നോക്കാം.
സീത: അപ്പോൾ നമുക്ക് പോകാം അല്ലേ, വീട്ടിൽ രാത്രി വരുമ്പോൾ അവതരിപ്പിക്കാം. എൻറെ ഫോൺ ചത്ത് ഇരിക്കുകയാണ്. ചേട്ടൻ്റെയും ഫോൺ പഴയതല്ലേ, നമുക്ക് പുതിയത് ഓരോന്ന് നോക്കിയാലോ?
ഞാൻ: എൻറെ ഫോൺ ചാർജ് ചെയ്യാത്ത വെച്ച് ബാറ്ററി പോയതാണ്, അത് മാറ്റി ഇടാം.
സീത: പിശുക്കൻ ആകല്ലേ. ഫോണിൻറെ പൈസ ഞാൻ കൊടുത്തോളാം. രണ്ടുപേർക്കും പുതിയ ഫോൺ.
ഞാൻ: ശരി….
ഞങ്ങൾ വീടെത്തി. രാത്രിയിൽ സീത നാട്ടിൽ പോകുന്ന കാര്യം അവതരിപ്പിച്ചു. ഇനിയിപ്പോൾ ചേട്ടനെ, ചേട്ടൻ എന്ന് എങ്ങനെ വിളിക്കും. അടുത്തദിവസം സീതയെ കാണുമ്പോൾ ഈ വിവരം അവതരിപ്പിക്കണം. പോകുന്ന കാര്യം പറഞ്ഞപ്പോൾ അവർക്കെതിരെ പറഞ്ഞില്ലെങ്കിലും മറ്റുള്ളവരും എൻറെ ബന്ധുക്കളും എന്തുപറയും എന്നുള്ള സംശയം ഉന്നയിച്ചു.
സീത: അങ്ങനെയെങ്കിൽ ചേട്ടൻ പറഞ്ഞതുപോലെ, അവരെ അറിയിക്കേണ്ട എന്ന് വെക്കാം.
ചേട്ടൻ: ഏത് ചേട്ടൻ?
ചെയ്ത് അല്പം നാണത്തോടെ എൻറെ നേരെ വിരൽ ചൂണ്ടി. ഉടനെ ചേട്ടനും ചേച്ചിയും പൊട്ടിച്ചിരിച്ചു. അത് കേട്ടതോടെ സീതാ മുറിയിലേക്ക് പൊയ്ക്കളഞ്ഞു.
ഞാൻ: ഞാൻ പറഞ്ഞിട്ടാണ് വിളി മാറ്റിയത്. അണ്ണൻ എന്ന് വിളിക്കുമ്പോൾ എന്തോ ഒരു അരോചകം.
ചേട്ടൻ: അതൊന്നും കുഴപ്പമില്ല അജയ. ഞങ്ങൾ തമാശക്ക് ചിരിച്ചതാണ്. മോൻ എന്താണ് പറഞ്ഞത്?
ഞാൻ: പറഞ്ഞത്, ചാകാൻ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കാത്ത അവരെ ഒന്നും അറിയിക്കേണ്ട എന്നാണ് എൻറെ താല്പര്യം.
ചേട്ടൻ: ഞങ്ങൾക്ക് ഒരേയൊരു മകളെയുള്ളൂ, അത് നല്ല രീതിയിൽ നടത്തണമെന്ന് ഞങ്ങൾക്കുണ്ട്. മോൻറെ വീട്ടുകാരുമായി സഹകരിച്ച് നടത്തുന്നതിനോടാണ് ഞങ്ങൾക്ക് ഇഷ്ടം. അതുകൊണ്ട് മോൻ ഇതിനെതിരെ പറയരുത്.
ഞാൻ: ഞാൻ എതിര് പറയുന്നില്ല, പക്ഷേ ഇതിന് ആര് മുൻകൈ എടുക്കും. ഇവിടെനിന്ന് ആരെങ്കിലും ചെന്ന് അവർ എന്തെങ്കിലും മോശമായി നിങ്ങളോട് പറഞ്ഞാൽ അത് എന്നും നിങ്ങളുടെ മനസ്സിൽ ഒരു വ്രണമായി കിടക്കും.
ചേട്ടൻ: എന്നാൽ പിന്നെ നിങ്ങൾ തന്നെ പോകുന്നതാണ് നല്ലത്.
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി. പിറ്റേ ദിവസം ഓഫീസിൽ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ വർക്ക്ഷോപ്പുകാരനെയും വിളിച്ച് കാർ നോക്കാൻ പോയി. ടാറ്റ സഫാരി 2003 model, വർക്ക്ഷോപ്പ് കാരൻ ഒക്കെ പറഞ്ഞു. സിംഗിൾ ഓണർ ആണ് നല്ലവണ്ണം നോക്കുന്നതും ആണ്. അതിന് ഫൈനാൻസ് ഉണ്ട്, എൻറെ പേരിലേക്ക് ആക്കി തരാമെന്ന് പറഞ്ഞു. ലൈറ്റ് ഗ്രേ കളർ. അഡ്വാൻസ് കൊടുത്ത് വണ്ടി കൊണ്ട് പോന്നു. അടുത്ത ദിവസം പേപ്പറുകൾ റെഡിയാക്കാം എന്നും അപ്പോൾ ബാക്കിയുള്ള പൈസ കൊടുക്കാം എന്ന് പറഞ്ഞു. വണ്ടിയുമായി വീട്ടിലെത്തിയപ്പോൾ അവർ മൂന്നുപേരും കൂടി വണ്ടിയുടെ അടുത്തെത്തി.
സീത: ഇനി ഇത് എന്നാണാവോ വിൽക്കുന്നത്?
ഞാൻ അതിനു മറുപടി പറയാതെ റൂമിന് അകത്തേക്ക് കയറിപ്പോയി, പുറകെ സീത കയറിവന്നു.
സീത: ഞാൻ പറഞ്ഞത് മാഷിനെ വിഷമം ഉണ്ടാക്കിയൊ? മാഷ് ചെയ്തതാണ് ഞാൻ പറഞ്ഞത്.
ഞാൻ ഒരു ലുങ്കി ഉടുത്ത് ഡ്രസ്സു മാറി ബാത്റൂമിൽ കയറി. സീത ചുണ്ടും കൂർപ്പിച്ച് ഒരു കോക്കിരി കാണിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവിടെ ആരെയും കണ്ടില്ല. ഷർട്ടും എടുത്തിട്ട് സീതയുടെ വീട്ടിലേക്ക് നടന്നു. ഞാൻ ഗൗനിക്കാത്തതിൻ്റെ പ്രതിഫലനം അവിടെ ചെന്നപ്പോൾ കണ്ടു. ആള് ഞങ്ങൾ ഇരുന്ന ഭാഗത്തേക്ക് വന്നില്ല, എന്നുമാത്രമല്ല ഭക്ഷണം കഴിക്കുമ്പോഴും കണ്ടില്ല. കാണാതെ വരുമ്പോൾ ഞാൻ റൂമിലേക്ക് ചെല്ലും എന്നാണ് കക്ഷി വിചാരിച്ചത്. ഞാൻ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങി റൂമിലേക്ക് പോകുന്ന വഴി ഓടി വന്ന് എൻറെ കയ്യിൽ കയറി പിടിച്ചു.
സീത: ദുഷ്ടാ…… എന്നെ കാണാതാകുമ്പോൾ എന്നെ വന്നു സമാധാനിപ്പിക്കും എന്നാണ് ഞാൻ കരുതിയത്. അതുണ്ടായില്ല എന്ന് മാത്രമല്ല എന്നെ കാണാതെ തിരിച്ചുപോവുകയും ചെയ്യുന്നു.
ഞങ്ങൾ നിന്ന് ഭാഗം ഇരുട്ടായിരുന്നു. എൻറെ കൈ വിട്ടു തിരിച്ചുപോകാൻ തുനിഞ്ഞ സീതയെ ഞാൻ കയ്യിൽ കയറി പിടിച്ചു, എന്നിലേക്ക് അടുപ്പിച്ചു. ചെറിയൊരു നാണത്തോടെ എൻറെ കൈയുടെ പിടുത്തം വിടുവിച്ച് തിരിച്ച് ഓടി. ഞാൻ തിരിച്ചു നടക്കുമ്പോൾ ആള് സിറ്റൗട്ടിൽ നിൽപ്പുണ്ട്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി, പോകേണ്ട ദിവസം അടുത്തു.
Responses (0 )