ദേവനന്ദ 5
Devanandha Part 5 | Author : Villi | Previous Part
എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ പുതുമോടികളെ വീട്ടിൽ തങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല..
പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.
എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ അനുവദിച്ചില്ല… .
യാത്ര ക്ഷീണം നന്നേ അലട്ടിയിരുന്ന എനിക്ക് അതൊരു ആശ്വാസമാണെന്നു കരുതി തന്നെ ആകണം മറ്റു വഴികളില്ലാതെ സമ്മതിച്ചു .
………………….#########……………………..
അപ്പോളേക്കും ചായ എത്തിയിരുന്നു..
” ഇത് എന്റെ ഭാര്യ ആണ്. കാവേരി… “
. ചായ ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ ചായ തന്ന സ്ത്രീയെ ചൂണ്ടി രാമൻ ചേട്ടൻ പറഞ്ഞു.
പേര് കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..
” സൂക്ഷിച്ചു നോക്കണ്ട ഇവൾ പക്കാ പോണ്ടിച്ചേരികാരി തന്നെയാ “
എന്റെ മനസ് വായിച്ചതു പോലെ അയാൾ പറഞ്ഞു
” പക്ഷെ എനിക്ക് മലയാളം അറിയാം. “
രാമൻചേട്ടൻ പറഞ്ഞതിന് പിറകെ ആ സ്ത്രീ അത് കൂടി കൂട്ടിച്ചേർത്തു.. ഞങ്ങൾ പരസ്പരം ചെറു പുഞ്ചിരി കൈമാറി…
” നിങ്ങൾ ചായ കുടിക്ക് “
രാമൻ ചേട്ടൻ ആവശ്യപ്പെട്ടു. കയ്യിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും ആയി ആ വീടിന്റെ ഭംഗി ആസ്വദിക്കയായിരുന്നു ദേവു അപ്പോൾ.
ഞാനും ദേവുവും അകന്നൊരിടങ്ങളിൽ ഇരിപ്പുറപ്പിച്ചത് അയാൾ ശ്രെധിച്ചതായി എനിക്ക് തോന്നി.
” നാട്ടിൽ നിന്ന് ഇവിടെ വന്നപ്പോ കിട്ടിയ ആകെയുള്ള കൂട്ടാ അവൾ. പിന്നെ ആ കൂട്ട് ജീവിതകാലം മുഴുവൻ തുടർന്നാലോ എന്നവള് ചോദിച്ചപ്പോ വേറെ ഒന്നും ചിന്തിച്ചില്ല അങ്ങ് കെട്ടി. അവളുടെ അപ്പൻ തന്നതാണ് ആ ട്രാൻസ്‌പോർട് കമ്പനിയും ഈ കാണുന്ന വീടും ഒക്കെ. “
.
ചായ കുടിക്കുന്നതിനിടയിൽ രാമൻ ചേട്ടൻ പറഞ്ഞു പൂർത്തിയാക്കി… അപ്പോളാണ് ആദ്യം കണ്ട കുട്ടി കടന്ന് വന്നത്.
” ഇത് മോളാ പ്രിയ.. ഡിഗ്രീ ഫസ്റ്റ് ഇയർ ആ…. “
ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു
” എന്താ മോളെ വീടിഷ്ടപ്പെട്ടോ? “
ഇരുന്നിട്ടും ഇരിപ്പുറക്കാത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന ദേവു രാമൻ ചേട്ടന്റെ ചോദ്യത്തിന് ഉവ്വെന്നു തലയനക്കി.
” നല്ല യാത്ര ക്ഷീണം ഉണ്ടാകും അല്ലെ. .. നിങ്ങൾക്കുള്ള റൂം ഇപ്പോ റെഡി ആക്കാം കേട്ടോ. “
കാവേരി ചേച്ചി പറഞ്ഞു.
” ചേച്ചി നന്നായി മലയാളം പറയുന്നുണ്ടല്ലോ. “
അവരുടെ കയ്യിൽ ചായഗ്ലാസ് തിരികെ ഏൽപ്പിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. അഭിമാനത്തോടെ ഒരു ചെറുചിരി മാത്രമാണതിനവർ അതിന് മറുപടി തന്നത്..
അകത്തേക്ക് തിരികെ പോകുമ്പോൾ അവർ ദേവുവിനെയും കൂട്ടി . ആദ്യം ഒന്ന് മടിച്ചെങ്കിലും അവളവരുടെ കൂടെ അകത്തേക്ക് കയറി പോയി. പിന്നെ ഞാനും രാമൻ ചേട്ടനും തമ്മിലുള്ള കത്തി വച്ചുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ദേവുവും ചേച്ചിയും പുറത്തേക്കു വന്നത്.
” ഇന്നും തീരലിയാ ഉങ്ക പേച്ചു ( തമിഴ് ) “
ഇറങ്ങി വന്നതേ ചേച്ചി രാമൻ ചേട്ടനോട് ചോദിച്ചു.
” യരായവത് കിട്ടിയാൽ സംസാരിച്ചു കൊന്നു കളയും “
” നീ പോടീ… “
ചേച്ചിയുടെ തമാശക്ക് അദ്ദേഹം അത്രമാത്രമേ പറഞ്ഞോളു.
” മോൻ പോയി കുളിച്ചു ഫ്രഷ് ആയിട്ട് വാ. എന്നിട്ടു നമുക്ക് കഴിക്കാം. “
രാമൻ ചേട്ടനതും പറഞ്ഞു അകത്തേക്കു തന്റെ സ്വന്തം മുറിയിലേക്ക് കയറി പോയി. പിന്നാലെ കാവേരി ചേച്ചിയും.
“‘റൂം അതാണ് “
എങ്ങോട്ടു പോകണമെന്നറിയാതെ നിന്ന എന്നോട് ദേവു പറഞ്ഞു. റൂമിൽ പോയപ്പോൾ അവൾ കുളിച്ചു ഫ്രഷ് ആയിട്ടുണ്ടെന്നു തോന്നി. .. ഞാൻ നേരെ റൂമിലേക്ക് കയറി. റൂമിനുള്ളിൽ തന്നെ ബാത്രൂം ഉണ്ടായിരുന്നു .. കുളിക്കാൻ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ദേവു കയറി വന്നത്.
ഞാൻ കയ്യിൽ കരുതി ഇരുന്ന ബാഗ് ദേവു നേരത്തെ റൂമിനകത്തേക്കു കൊണ്ട് വന്നിരുന്നു. അത് തിരയുന്നതിനിടയിലാണ് അവൾ കയറി വന്നത്.
അവൾ അടുത്തുള്ള അലമാരയിൽ നിന്നും എന്തൊക്കെയോ പരതിയ ശേഷം ബാഗിൽ നിന്നും ഒരു എനിക്ക് ഉടുത്തുമാറാൻ ആവശ്യത്തിനുള്ള ഡ്രസ്സ് എടുത്തു തന്നു. അച്ഛനെ കാണാത്തതിന്റെ വിഷമം അവളുടെ മുഖത്തു നല്ലത് പോലെ തെളിഞ്ഞു കാണാമായിരുന്നു. ഒന്നും മിണ്ടാതെ ഞാൻ കുളിക്കാൻ കയറി. എന്ത് പറഞ്ഞാണവളെ ആശ്വസിപ്പിക്കുക എന്നെനിക്കു അറിയില്ലായിരുന്നു.. എനിക്ക് എന്തോ അവളോട് വല്ലാത്തൊരു സഹതാപം തോന്നി തുടങ്ങി ഇരിക്കുന്നു. ഇത്ര ചെറുപ്പത്തിലേ എന്തെല്ലാം ആണ് ആ പാവം അനുഭവിക്കുന്നത് എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി. എന്ത് ചെയ്തിട്ടാണെങ്കിലും അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കണം എന്ന് മനസിനുള്ളിൽ നിന്നും ആരോ പറയുന്ന പോലെ. അവൾക് വേറെ ആരാ ഉള്ളത് എന്നൊരു ചോദ്യവും എവിടെ നിന്നോ കതിലലയടിക്കുന്നത് പോലെ ….. അതിലും ഉപരി അവളുടെ ഈ സങ്കട ഭാവം ഇല്ലാതാക്കുക എന്നതാണ് ഏറ്റവും ആദ്യം ഞാൻ ചെയ്യേണ്ടത്.. അതിന് എന്താണൊരു വഴി?
ഷവറിൽ നിന്നും ഇറ്റു വീഴുന്ന തണുത്ത വെള്ളത്തിന് പോലും എന്റെ ചിന്തയുടെ ചൂടിനെ കുറക്കാൻ കഴിഞ്ഞില്ല.
കുളി കഴിഞ്ഞിറങ്ങുമ്പോൾ ഭക്ഷണം കഴിക്കാനായി കാവേരി അക്ക വന്നു വിളിച്ചു. ദേവു അടുക്കളയിൽ കാവേരി അക്കയെയും പ്രിയയെയും സഹായിച്ചും എന്തൊക്കെയോ മിണ്ടിയും പറഞ്ഞും ഇരിക്കുന്നത് കണ്ടു.
മോൾ പറയുന്ന തമിഴ് തമാശകൾ ഒക്കെ കാവേരി അക്ക ദേവുവിന് പറഞ്ഞു മനസിലാക്കി കൊടുത്തു കൊണ്ടിരിക്കുന്നുണ്ട് . പ്രിയക്ക് മലയാളം നന്നായി അറിയില്ല എന്ന് തോന്നുന്നു. എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നതിനിടയിൽ ആണ് അവരെ തന്നെ നോക്കി നിക്കുന്ന എന്നെ ദേവു കണ്ടത് . പെട്ടന്നവളുടെ മുഖത്തു ഒരു ചമ്മൽ ഉണ്ടായതായി എനിക്ക് തോന്നി. എങ്കിലും അവൾ എന്റെ മുഖത്ത് നിന്ന് കണ്ണെടുത്തതുമില്ല. അപ്പോളാണ് രാമൻ ചേട്ടൻ എന്റെ അടുത്തേക്ക് വന്നത്.
” വിശക്കുന്നില്ലെടോ തനിക്കു ? “
എന്റെ അടുത്തേക്ക് നീങ്ങി നിന്ന് എന്റെ തോളിൽ തട്ടിയുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞാൻ ഉവ്വെന്നു മറുപടി കൊടുത്തു.
ഒരുപാട് വിഭവങ്ങൾ ഇല്ലെങ്കിലും ഭക്ഷണം എല്ലാം അടിപൊളി ആയിരുന്നു. എല്ലാവരും ഒരുമിച്ചു കഴിച്ചെഴുന്നേറ്റ ശേഷം പുറത്തേക്കു ഇറങ്ങി നടന്നാലോ എന്ന രാമൻ ചേട്ടന്റെ ചോദ്യത്തിന് നല്ല ക്ഷീണം ഉണ്ടായിരുന്നു എങ്കിലും ഇല്ല എന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല. ഇരുവശവും വീടുകളാൽ നിറഞ്ഞ ആ തെരുവിലെ വഴിവിളക്കിന്റെ വെളിച്ചത്തിൽ ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ നടന്നു. കുറച്ചു നേരത്തേക്ക് ആരും തമ്മിൽ ഒന്നും മിണ്ടിയില്ല.
” ദേവു മോളെക്കുറിച്ചെല്ലാം അറിയമോ തനിക്കു?ദേവു മോൾ പറഞ്ഞിട്ടുണ്ടോ എന്തെങ്കിലും ? “
മുഖവര ഒന്നും കൂടാതെ രാമേട്ടൻ ചോദിച്ചു തുടങ്ങി.
” കുറിച്ചൊക്കെ അവൾ പറഞ്ഞിട്ടുണ്ട്. “
” അവളുടെ വീട്ടിലെ കാര്യങ്ങളും ? “
” ഉണ്ട്. വീട്ടിലെ കാര്യവും … അവളുടെ അച്ഛനെ കുറിച്ചും എല്ലാം. “
“, അമ്മയെ കുറിച്ചോ ? “
അദ്ദേഹത്തിൽ നിന്നാ ചോദ്യം വന്നതേ എനിക്ക് മനസിലായായി അയാളെന്താണ് ഉദ്ദേശിക്കുന്നതെന്ന്.
” ഉണ്ട്. അവളുടെ അമ്മ ഒരു….. “
വേശ്യ എന്ന വാക്ക് ഉപയോഗിക്കാൻ അദ്ദേഹത്തിന്റെ പ്രായം അപ്പോളെന്നെ അനുവദിച്ചില്ല.
” അമ്മ അല്ല. “
അയാളെന്നെ തിരുത്തി
” അവളുടെ അമ്മ മരിക്കുമ്പോ ദേവു മോൾക്ക് രണ്ടോ മൂന്നോ വയസേ ഒള്ളു. ആ സമയത്താണ് കടം കേറി നിക്കക്കള്ളിയില്ലാതെ എനിക്ക് നാട് വിടേണ്ടി വന്നത്. “
.
” പിന്നെ എപ്പോളോ അജയൻ ജാനകിയെ വിവാഹം ചെയ്തു. അജയൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്. തനിക്കും മോൾക്കും ഒരു കൂട്ടിന് എന്ന് കരുതി വീട്ടിലേക്കു കയറ്റിയ ജാനകിക്കു കൂട്ടിന് അവര് മതിയാവാതെ വന്നു.. എല്ലാ അപമാനങ്ങളും സഹിച്ചു എന്തിനാണ് അജയൻ വീണ്ടും അവളോടൊപ്പം ആ വീട്ടിൽ താമസിച്ചതെന്നു എനിക്കിനിയും അറിയില്ല. ചോതിക്കുമ്പോളെല്ലാം എല്ലാം മോൾക്ക് വേണ്ടി എന്ന് പറയും. വീട്ടിൽ എത്തുന്ന കഴുകാൻ കണ്ണുകളിൽ നിന്നും അവൻ ദേവുവിനെ ഒളിപ്പിച്ചു വച്ചു… “
എന്തൊക്കെയോ പറയുന്ന രാമേട്ടനെ ഞാൻ വെറും കേൾവിക്കാരന്റെ ലാഘവത്തോടെ നോക്കി കണ്ടു.
” എന്നും അവനു ദേവു മോളെ ഉണ്ടായിരുന്നുള്ളു. മോളായിരുന്നു അവന്റെ ലോകം. “
” അവൾക്കും അങ്ങനെ തന്നെ ആണ്. “
എന്റെ അറിവിലെ ദേവുവിനും അവളുടെ അച്ഛൻ തന്നെ ആണ് ലോകം..
” ഇപ്പോളോ? “
അയാളുടെ ചോദ്യത്തിനർദ്ധം മനസിലാവാതെ ഞാൻ അയാളെ നോക്കി.
” നിങ്ങൾ ചെയ്തത് തെറ്റാണെന്നു ഞാൻ ഒരിക്കലും പറയില്ല. ദേവു മോളുടെ സാഹചര്യങ്ങൾ വച്ചു.. അജയൻ കൂടി ഇല്ലാത്ത സ്ഥിതിക് ദേവു മോൾക്ക് ഒരിക്കലും അവിടേം സുരക്ഷിതമല്ലെന്ന് എനിക്ക് അറിയാം.. മോൻ ചെയ്തത് നല്ല കാര്യം ആണ് . അവളുടെ സാഹചര്യങ്ങളെല്ലാം അറിഞ്ഞും അവളെ സ്വീകരിക്കാൻ കിട്ടിയ മനസ് അത് വലുതാണ് . അതെന്റെ അജയന് മനസിലാകും. അവളും അച്ഛനും മാത്രം ഉള്ള ലോകത്തേക് അവൾ തിരഞ്ഞെടുത്ത പുതിയ ആളിൽ മോൾക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന്.ആണ് എന്റെ വിശ്വാസവും .. “
കാര്യങ്ങൾ ഒന്നും അറിയാതെയാണ് രാമേട്ടന്റെ സംസാരം. എങ്കിലും അയാളെ തിരുത്താൻ ഞാൻ നിന്നില്ല. അന്നത്തെ സംഭവങ്ങൾ ആദ്യം മുതൽക്കേ വിവരിക്കാൻ നിന്നാൽ ചിലപ്പോൾ എല്ലാവരെയും പോലെ ആയാളും എന്നെ അവിശ്വസിക്കും അല്ലെങ്കിൽ രാമേട്ടൻ ദേവുവിനെ ഒരു ചീത്ത പെണ്ണായി കാണും . എന്തിനു അങ്ങനെ ഇന്നിന് ഇടവരുത്തണം. ഞങ്ങൾക്കു സത്യം ബോധ്യപ്പെടുത്തേണ്ടത് രണ്ടുപേർക്കു മുന്നിൽ മാത്രം ആണ്. അവളുടെ അച്ഛന്റെ മുന്നിലും എന്റെ അമ്മയുടെ മുന്നിലും.. .
” താനെന്താ ഈ ആലോചിക്കുന്നത് ? “
” വെറുതെ.. “
” ഈ ജാനകി. അവരെങ്ങനെ ആണ്……. അവരുടെ കൂടെ .. എങ്ങനെ ? “
ഞാൻ അറിയാനൊരു ആകാംക്ഷയിൽ ചോദിച്ചു.
” വേശ്യയായ ഒരു സ്ത്രീയിൽ അച്ഛനാരെന്നറിയാതെ ജനിച്ച ഒരു അബദ്ധം . അത് മാത്രമായിരുന്നു അന്നത്തെ ജാനകിയുടെ വിലാസം. എത്ര കഴുകി കളഞ്ഞാലും പോവാത്ത കറ. പക്ഷെ ആ കറ ദേവുവിൽ പുരളാതിരിക്കാൻ അജയൻ നന്നേ പാടുപെട്ടു. “
അയാൾ കൂട്ടിച്ചേർത്തു.
” നല്ലൊരു ജീവിതം നയിക്കാനവൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ജാനകിക്ക് വിവാഹാലോചനകൾ ഒന്നും വന്നില്ല. . എല്ലാം അറിഞ്ഞു അജയനവളെ വീട്ടിലേക്കു കൂട്ടികൊണ്ട് പൊന്നു … അവളാഗ്രഹിച്ച ജീവിതത്തിലേക്ക്. പക്ഷെ എപ്പോളോ അവളും അവളുടെ അമ്മയുടെ വഴിയിലേക്ക് തിരിഞ്ഞു നടന്നു….. “
രാമേട്ടൻ പറഞ്ഞു നിർത്തി….. ” എല്ലാം കേട്ടറിവുകൾ മാത്രമാണ് .” രാമേട്ടൻ കൂട്ടിച്ചേർത്തു.
“എല്ലാറ്റിനും കാരണം അവനാ .. ആ….. “
രാമേട്ടൻ പറയാൻ വന്ന പേര് പുറത്തേക്കു വന്നില്ല… ഉള്ളിൽ തന്നെ ഒതുക്കി. അയാൾക് ആ പേര് പറയാൻ പോലും അറപ്പുള്ള പോലെ. എങ്കിലും രാമേട്ടൻ പറയാൻ വന്ന പേര് എനിക്ക് നന്നായി പരിചയമുള്ളതാണെന്നു രാമേട്ടനറിയില്ല…..
“, അല്ല മോനോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവരുടെ വിധി. മോനെപ്പോലെ ഉള്ളവരൊക്കെ വരാൻ മടിക്കുന്ന അഴുക്കു പിടിച്ച ലോകത്തു ജീവിക്കുന്നവരാ അവര്. ദേവു മോളും അതിലൊരാളാ.. കളങ്കമില്ലാത്ത ചേറിലെ താമര.. ചിലപ്പോ സാഹചര്യങ്ങൾ അവളെയും ആ ചേറിലേക്കു തള്ളി വിട്ടേക്കാമായിരുന്നു. അവളും ചിലപ്പോൾ.. “
…
രാമേട്ടനത് മുഴുവിപ്പിക്കാൻ ഉള്ള ശ്രെമം നടത്തിയില്ല.
മോന്റെ നല്ല മനസ്സ്..അതാണവൾ ഇപ്പോളും ഇങ്ങനെ ഇവിടെ വരെ എന്താണെങ്കിലും കാരണമായത് .. അത് അജയൻ കാണാതിരിക്കില്ല… “
രാമേട്ടൻ പറഞ്ഞതിലഭിമാനം തോന്നി എങ്കിലും ഞാൻ പുറത്തു കാട്ടാൻ പോയില്ല
” രാമേട്ടൻ ഒരു സാഹിത്യകാണണോ ? “
അയ്യാളുടെ സംസാര രീതിയിലെ പ്രത്യേകത ആണ് എന്നെ അങ്ങനെ ഒന്ന് ചോദിക്കാൻ പ്രയരിപ്പിച്ചത്. എന്റെ ചോദ്യം കേട്ട് രാമേട്ടൻ പൊട്ടി ചിരിച്ചു. കൂടെ ഞാനും ആ ചിരിയിൽ പങ്കാളി ആയി.
” ജീവിതത്തിൽ നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ തെറ്റായി പോയി എന്ന് തോന്നിയേക്കാം …. “
രാമേട്ടൻ തുടർന്നു.
” പക്ഷെ. ദേവുമോൾ ചെയ്‌തത് ശെരി ആണെന്ന് എനിക്ക് തോന്നുന്നു. മോനവളെ ഒരിക്കലും കൈ വിടരുത്.. “
ദേവുവിനെ അവളുടെ അച്ഛന്റെ കൈയിൽ ഏല്പിച്ചു
മടങ്ങാൻ വന്ന എന്നോട് അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ വിഷമം തോന്നാതിരുന്നില്ല.
ഒരു സുഹൃത്തിൻറെ മകൾ എന്ന നിലയിൽ കൂടിയും ഇത് വരെ ഒന്ന് കണ്ടിട്ട് കൂടി ഉണ്ടായിരുന്നില്ല എങ്കിലും അയാൾ ദേവുവിന് കൊടുക്കുന്ന കരുതലിൽ എനിക്കയാളോട് ബഹുമാനം തോന്നി.
” മോനിപ്പോൾ പഠിക്കുക ആണല്ലേ ? “
എന്തൊക്കെയോ ആലോചിച്ചു നടക്കുക ആയിരുന്നു ഞാൻ…
” അആഹ്… അതെ… “
” അത് കഴിഞ്ഞേന്ത പ്ലാൻ? ജോലി നോക്കണ്ടേ. ഇങ്ങനെ നടന്നാൽ മതിയോ “
“, ഇല്ല അങ്കിൾ… എന്തെങ്കിലും നോക്കണം. പഠിത്തം കഴിയട്ടെ എന്ന് കരുതി നിക്ക.. “
“, മ്മ് .. എന്തെങ്കിലും ആവശ്യം ഉണ്ടേൽ എന്നോട് ചോദിക്കാൻ മറക്കരുത് കേട്ടോ ..? “”
അയ്യാളുടെ നല്ല മനസിന് ഞാൻ ഉള്ളിൽ നന്ദി പറഞ്ഞു..
…. ###…..##…##…##…## …….##…##….##……
തിരികെ വീട്ടിൽ വന്നു കേറുമ്പോൾ കാവേരി ചേച്ചിയും പ്രിയയും ദേവുവും എന്തൊക്കെയോ സംസാരിക്കുകയായിരുന്നു… കളിയും ചിരിയും പുറത്തു വന്നപ്പോഴേ കേൾക്കാൻ കഴിഞ്ഞു… ഞങ്ങൾ കേറി ചെന്നതേ അവർ നിശബ്ദരായി..
” എന്താ മോളെ മോൾക്കിഷ്ടയോ എല്ലാരേം? “
രാമൻ ചേട്ടൻ ദേവുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ തോളിൽ തട്ടികൊണ്ട് ചോദിച്ചു. ഉവ്വെന്നവൾ തലയനക്കി ഉത്തരവും കൊടുത്തു..
” എങ്കെ പോയി? “
കാവേരി ചേച്ചിയുടെ വക ചോദ്യം ഉയർന്നു.
” ചുമ്മാ ഞങ്ങൾ ഒന്നു നടക്കാൻ ഇറങ്ങിയതാ…. “
രാമൻ ചേട്ടൻ ഉത്തരവും കൊടുത്തു. ദേവുവും പ്രിയയും അകത്തേക്ക് കയറി പോയി. ഞാനും രാമേട്ടനും കാവേരിയക്കയും വെറുതെ സംസാരിച്ചു കൊണ്ടിരുന്നു സമയം പോയതേ അറിഞ്ഞില്ല. നാട്ടിലെ വിശേഷങ്ങളും ഇവിടെത്തെ വിശേഷങ്ങളും കാലാവസ്ഥാ, വ്യവസായം, രാഷ്ട്രീയം അങ്ങനെ എന്തൊക്കെയോ ഞങ്ങളുടെ സംസാര വിഷയമായി കടന്നു വന്നു.
അപ്പോളാണ് എന്റെ ഫോൺ ബെല്ലടിക്കുന്നത്. എടുത്തു നോക്കുമ്പോൾ ഏടത്തി ആണ് . സംസാരത്തിനിടയിൽ ഫോൺ വന്നത് ഇത്തിരി നീരസത്തോടെ ആണെങ്കിലും അവരുടെ അടുത്ത് നിന്ന് നീങ്ങി നിന്ന് ഞാൻ കാൾ അറ്റന്റ് ചെയ്തു.
” ഹലോ ഏടത്തി…. “
” നിങ്ങൾ ഇപ്പൊ എവിടെയാ? “
” ഞങ്ങൾ പോണ്ടിച്ചേരിയിൽ ആണ്. “
” അവളെവിടെ? “
” അപ്പുറത്തുണ്ട് “
” ഫോൺ കൊടുക്ക് “
ഏടത്തി ഒരു അധികാര ഭാവത്തിൽ പറഞ്ഞു.
” എന്തിന്? “
” നീ അവളെ കൊണ്ട് കളഞ്ഞോ എന്നറിയണ്ടേ.. “
” പിന്നെ കൊണ്ട് കളയാൻ അവളു പൂച്ചകുഞ്ഞാണോ? “
” ഡാ ചെക്കാ …. കളിക്കല്ലേ… ഇത്ര ദിവസം കീരിയും പാമ്പും ആയി നടന്നിട്ടു ഒറ്റ ദിവസം അവനു സ്നേഹം കൂടി ഹണിമൂൺ പോണമെന്നു പറയുമ്പോളേ ബാക്കി ഉള്ളൊരു വിശ്വസിച്ചാലും ഈ ഞാൻ വിശ്വസിക്കില്ല.. നീ അത് പറഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ പന്തികേട് മണത്തതാ… നീ കളിക്കാതെ ഫോൺ കൊടുക്കവൾക്ക് “
ഇത്ര നേരവും തമാശ ആയിട്ട് പറഞ്ഞിരുന്ന ഏടത്തി അങ്ങനെ ഒന്ന് പറഞ്ഞപ്പോൾ എന്തോ ശരിക്കും വിഷമം തോന്നി എനിക്ക്. എന്തോ ഏടത്തിക്കു പോലും എന്നെ വിശ്വാസമില്ല എന്ന തോന്നൽ… ഒന്നും മിണ്ടാതെ ഞാൻ അവൾ ഉണ്ടായിരുന്ന റൂമിന്റെ കതകു തുറന്നു അകത്തേക്ക് കയറി ചെന്നു. പ്രിയയും ആയി സംസാരിച്ചു കൊണ്ടിരുന്ന ദേവു എന്നെ കണ്ടതും എഴുന്നേറ്റു നിന്നു .
ഏടത്തി ആണ് ഫോണിൽ എന്ന് പറഞ്ഞു ഫോൺ ഞാനവൾക്ക് കൊടുത്തു. എന്താണവൾ സംസാരിച്ചതെന്നെനിക് അറിയില്ല. അടുത്ത് നിന്നിരുന്നു എങ്കിലും മൂളലും ചിരിയും മാത്രം ആയിരുന്നു ദേവുവിന്റെ മറുപടികൾ. എല്ലാം കഴിഞ്ഞു ഫോൺ അവൾ എന്റെ കയ്യിൽ തിരിച്ചേൽപ്പിച്ചു.
” ഇപ്പൊ വിശ്വാസം ആയല്ലോ അല്ലെ? “
ഫോൺ കയ്യിൽ കിട്ടിയതേ ഞാൻ ഏടത്തിയോട് ചോദിച്ചു.
” നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ലെടാ ചെക്കാ.. “
മറുതലക്കൽ നിന്ന് ചിരിച്ചു കൊണ്ട് ഏടത്തി പറഞ്ഞു.
” ഉവ്വാ … അത്രക് വിശ്വാസം ഇല്ലെങ്കിലേ ഏടത്തി ഇനി അവളെ നേരിട്ടങ്ങു വിളിച്ചാൽ മതി കേട്ടോ “
” ഇതാ ഞാൻ പറഞ്ഞത് നീ ആള് ശെരി അല്ലെന്നു…. ഈ ഫോൺ ഇല്ലാത്ത പെണ്ണിനെ ഞാൻ എന്തെടുത്തു വിളിക്കാനാ? “
അപ്പോളാണ് ദേവുവിന് സ്വന്തമായി ഒരു ഫോൺ പോലും ഇല്ലാന്ന് ഞാൻ അറിയുന്നത് പോലും.
” ആഹ് ഞാൻ ചുമ്മാ വിളിച്ചതാടാ.. നീ കാര്യം ആക്കണ്ട കേട്ടോ.. “
ഞാൻ തിരിച്ചൊന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ ഏടത്തി പറഞ്ഞു. ആദ്യം അങ്ങനെയൊക്കെ പറഞ്ഞതിൽ ഒരു മാപ്പു ചോദിക്കാതെ ചോദിക്കുകയാണ് ഏടത്തി എന്ന് തോന്നി.
” നിങ്ങൾ എവിടെയാ ഹോട്ടലിൽ അവിടെ റൂം എടുത്തോ? “
ഏടത്തിയുടെ അടുത്ത ചോദ്യം.
” ഇല്ല ഹരിയുടെ ഒരു കസിന്റെ വീട്ടിലാണ്… നാളെ ഞങ്ങൾ ഇവിടുന്നു ആണ് പോവുക. ഇവിടെ അടുത്ത് കുറച്ചു സ്ഥലങ്ങളിൽ “
വെറുതെ ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞു.
ഏടത്തിയുടെ കാൾ കട്ട് ചെയ്ത ഞാൻ മുറിയിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞതും ദേവു എന്നെ പിന്നിൽ നിന്നു വിളിച്ചു …
” രാമേട്ടനെന്താ പറഞ്ഞെ.? അച്ഛനെ കുറിച്ച് വല്ലതും.? “
ഞാൻ ഊഹിച്ചു അവൾക് ചോദിക്കാനുള്ളത് അത് തന്നെ ആയിരിക്കും എന്ന്.
” അച്ഛൻ പോകാൻ സാധ്യത ഉള്ള രണ്ടു ഇടങ്ങളിൽ കൂടി അന്ന്വേക്ഷിക്കണം. അത് അന്ന്വേഷിച്ചു നാളെ പറയാം എന്ന് രാമേട്ടൻ പറഞ്ഞിട്ടുണ്ട്. “
” മ് … നന്ദുവേട്ടന് ഇവിടെ വന്നത് ഇഷ്ടായില്ലന്നുണ്ടോ .? “
” അതെന്താപ്പോ..? ഒരു കുഴപ്പവും ഇല്ല. ഇവരെല്ലാം സൂപ്പർ അല്ലെ. “
ഞങ്ങൾ എന്താണ് സംസാരിക്കുന്നത് എന്ന് പോലും മനസിലാവാതെ ഞങ്ങളെ തന്നെ നോക്കി മാറി മാറി നോക്കി കൊണ്ടിരിക്കയായിരുന്ന പ്രിയയെ അപ്പോളാണ് ഞാൻ ശ്രെധിച്ചത്.
” നിങ്ങൾ അപ്പോളേക്കും കൂട്ടായോ? “
” മ്മ് … പാവം കുട്ട്യാ… അച്ഛൻ മലയാളി ആണെന്നെ ഒള്ളു ഒരിറ്റ് മലയാളം അറിയില്ല ആ കുട്ടിക്ക്… അവളുടെ മലയാളം കേട്ട നമുക് ചിരി വരും.. “
” അതിന് തനിക് തമിഴ് അറിയുവോ ? “
” ഇല്ലന്നെ. ആ കുട്ടി പറയണത് എനിക്ക് പകുതി തിരിയാനില്ല. എന്നാലും ചിലതൊക്കെ മനസിലാകും. “
കൂട്ടിനു ഒരാളെ കിട്ടിയപ്പോൾ ദേവുവിന്റെ പാതി വിഷമം കുറഞ്ഞതായി തോന്നി.
” മ്മ് .. എല്ലാര്ക്കും തന്നെ വലിയ കാര്യം ആണല്ലോ .. “
” ആഹ്… അതാ എനിക്കും മനസിലാകാതെ…. ഞാനിതുവരെ കണ്ടു ഓർമ്മപോലും ഇല്ലാത്ത ഒരാളും അയാളുടെ കുടുംബവും എന്നെ സ്വന്തം കുട്ടിയെ പോലെ നോക്കുന്നെ. “
കുറച്ചു നേരം കൊണ്ട് തന്നെ ദേവുവിനു ഇവിടം വല്ലാതെ ഇഷ്ടമായി എന്നെനിക് മനസിലായി
” അല്ല.. ഇനി അച്ഛൻ വരുന്ന വരെ തനിക് ഇതൊക്കെ കണ്ടു ഇവിടെ നിക്കനുള്ള വല്ല പ്ലാനും ഉണ്ടോ ആവോ? നാട്ടിലേക്കു വരുന്നില്ലേ.? “
ഞാൻ വെറുതെ ഒരു തമാശക്കെന്നോണം ചോദിച്ചു .
” ഞാൻ ഇവിടെ നിക്കുന്നതാണോ നന്ദുവേട്ടന് ഇഷ്ടം. അവിടെ എനിക്ക് ആരാ ഉള്ളെ? “
പെട്ടന്നാണ് ദേവുവിന്റെ ചോദ്യം ഉയർന്നത്.
” തനിക്കേന്താടോ.. ഞാൻ അങ്ങനെ ഉദ്ദേശിച്ചൊന്നും പറഞ്ഞതല്ല .. ഇവിടെ അതിന് തനിക്ക് ആരാ ഉള്ളത് .. ഇതിനോടിപ്പോ ഒന്നും പറയാൻ വയ്യാതായല്ലോ ദൈവമേ…… “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
” എന്നക്കാ എന്നച്ചു? ( തമിഴ് ) “
ദേവുവിന്റെ കണ്ണ് നിറയുന്ന കണ്ടു എന്തോ പന്തികേട് തോന്നിട്ടാകണം പ്രിയ ഇടപ്പെട്ടു.
” ഒന്നും ഇല്ല. ഉങ്ക അക്ക അപ്പിടി താൻ. എന്ത് പറഞ്ഞാലും ഒരേ കരച്ചിൽ.. “
എനിക്കറിയാവുന്ന തമിഴിൽ ഞാൻ ആ കുട്ടിയോട് പറഞ്ഞു . അവൾക് അത് മനസ്സിലാവുകയും ചെയ്തു.
” നീയേ നോക്ക്. കരഞ്ഞു കരഞ്ഞു അവളോട ഗ്ലാമർ എല്ലാം പൊച്ചു. അല്ലെ? “
ഞാൻ ഒരു തമാശക്ക് ഓരോന്ന് തട്ടിവിട്ടു
” അക്ക അഴകാ താൻ ഇറുക്കാ.. “
അപ്പോൾ ദേവുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആരും കാണാതെ ഇരിക്കാൻ അവൾ പാടുപെട്ടു.
” എപ്പോതും കരഞ്ഞോണ്ട് ഇരുന്ന എപ്പടി അഴകാ ഇരിക്കും? ഇതെല്ലം ഒരു അഴകാ.. “
” എന്നെ കരായിക്കുക എന്നതാ പ്രിയ നന്ദുവേട്ടന് ഏറ്റവും വലിയ ഹോബ്ബി … “
കണ്ണുനീർ തുടച്ചു ദേവു പറഞ്ഞു . ദേവുവിന്റെ മലയാളം അവൾക് നന്നായി മനസിലായി എന്ന് അറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി .
” നന്ദുവേട്ടൻ തമിഴ് പറഞ്ഞു കഷ്ടപെടണ്ടാ. അവൾക് മലയാളം പറഞ്ഞാൽ മനസിലാകും. “
ഒരു പരിഹാസ ചിരിയോടെ അവൾ പറഞ്ഞു.
” അപ്പിടി ഒന്നും എനിക്ക് തോന്നുന്നില്ല. പാത്താ പാവമാ താനിരിക്കു “
പ്രിയ എന്നെ സപ്പോർട്ട് ചെയ്തു
” എല്ലാം ചുമ്മാ ആക്ടിങ് ആ “
” രണ്ടും കൂടി എനിക്കിട്ടു വച്ചോ.. . ഞാൻ ഒന്നും പറഞ്ഞില്ല … എന്റെ പൊന്നോ.. .ഞാൻ പോയികൊള്ളാം “
രണ്ടുപേരും വാ പൊത്തി ചിരിക്കാൻ തുടങ്ങി. ദേവുവിന്റെ സങ്കടം മാറി എന്ന് കണ്ടപ്പോൾ തന്നെ എനിക്ക് ആശ്വാസമായി.
രാത്രി കിടക്കാൻ നേരം നിലത്തു കിടക്കാൻ പായ തപ്പുന്ന ദേവുവിനെ നിർബന്ധിച്ചു ഞാനന്ന് കട്ടിലിൽ കിടത്തി . കാരണം അവളാണല്ലോ ആ വീട്ടിലെ അഥിതി. ആ വലിയ മുറിയുടെ മൂലയിൽ ഉണ്ടായിരുന്ന സോഫായിൽ ഞാനും ചുരുണ്ടു കൂടി…
” നന്ദുവേട്ടൻ നന്നയോ? “
അവളുടെ ചോദ്യം കേട്ടു ഞാനവളെ തലയുയർത്തി നോക്കി
“അതോ…… എന്നോടിപ്പോ എന്താ നന്ദുവേട്ടന്..ആരും ഇല്ലാത്തവൾ എന്ന സഹതാപം ആണോ “
എനിക്കവൾ ചോദിച്ചത് മനസിലായില്ല….
” എന്തോ നന്ദുവേട്ടനെന്നോട് പെരുമാറുന്നത് കാണുമ്പോൾ എനിക്കങ്ങനെ തോന്നും. നേരത്തെ നന്ദുവേട്ടൻ ദേഷ്യപ്പെടുമ്പോൾ അതിലൊരു സത്യം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ സത്യം ഏതാ കള്ളം ഏതാണ് തിരിച്ചറിയാൻ പറ്റുന്നില്ല… “
അവൾ ചോദിച്ചു വരുന്നതിന്റെ ഗൗരവം എനിക്ക് മനസിലായി. ഞാൻ സോഫയിൽ അവൾക്കു നേരെ തിരിഞ്ഞിരുന്നു.
” അച്ഛൻ കൂടെ ഉണ്ടായിരുന്നപ്പോൾ എന്നും അച്ഛൻ ഉണ്ടാകും കൂടെ എന്ന് കരുതി. പക്ഷെ ഇപ്പൊ. എവിടെ ആണെന്ന് പോലും അറിയില്ല. പോയപ്പോ ഒരു വാക്ക് പോലും പറഞ്ഞില്ല. എല്ലാവരും എന്നോട് കാണിക്കുന്ന സ്നേഹം വെറും കള്ളം ആണെന്ന് തോന്നി പോകുവാ .. “
അവളെന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.
” തനിക്കിപ്പോ എത്ര വയസായി.. “
എന്റെ ചോദ്യം കേട്ടു അവളെന്നെ ഒന്ന് നോക്കിയതേ ഒള്ളൂ. അവൾക് ഒന്നും മനസിലായിട്ടില്ല..
“പറ എത്ര ആയി. “
” ഇരുപത്തിയൊന്ന് “
” ഈ ഇരുപത്തൊന്നു വയസിൽ ഉള്ള പെൺകുട്ടികൾ ചിന്തിക്കുന്നതിൽ അതികം ആയിട്ട് താനിപ്പോ ചിന്ദിക്കുന്നുണ്ട്.. അതിന്റെയാ ഈ ആവശ്യം ഇല്ലാത്ത തോന്നലൊക്കെ.. “
ഒരുപദേശം എന്നോണം ഞാൻ അവളോട് പറഞ്ഞു.
” ഈ ഇരുപത്തൊന്നു വയസിൽ അനുഭവിക്കാവുന്നതൊക്കെ ഞാൻ അനുഭവിച്ചു ..”
അവളാരോടെന്നില്ലാതെ പറഞ്ഞു. പക്ഷേ എനിക്കതിനു മറുപടി കൊടുക്കാൻ ഇല്ലായിരുന്നു.
” ഇനിയും എന്തൊക്കെയോ സങ്കടങ്ങൾ എനിക്ക് ബാക്കി ഉണ്ടെന്നൊരു തോന്നൽ. “
” അതൊക്കെ തന്റെ തോന്നലുകൾ അല്ലെ. അങ്ങനെ ഒന്നും ഉണ്ടാവില്ല. അച്ഛനെ കണ്ടു പിടിച്ചു കഴിഞ്ഞാൽ പിന്നെ തനിക് വീണ്ടും പഴയതു പോലെ സന്തോഷമായിട്ടു ഇരിക്കലോ. “
“‘എനിക്ക് ആ പ്രതീക്ഷ ഇല്ല നന്ദുവേട്ട. അച്ഛനിനി വരില്ലെന്ന് എന്റെ മനസ് പറയുന്നു. “
” താനങ്ങനെ ഒന്നും ചിന്ദിക്കണ്ടാ.. അച്ഛനെന്തെങ്കിലും പ്രശ്നം മൂലം എവിടെയെങ്കിലും പെട്ടുകിടക്കയായിരിക്കും. ഉടനെ വരും എന്ന എന്റെ വിശ്വാസം. “
ഞാനവൾക്കു ഉറപ്പില്ലാത്ത ഒരു പ്രതീക്ഷ നൽകി.
” നന്ദുവേട്ടന് ‘അമ്മ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ആരോടാ? “
ആ ചോദ്യത്തിന് ഉത്തരം എനിക്ക് ആലോചിക്കണം ആയിരുന്നു.
” എല്ലാരും നമുക് ഒരു പോലെ അല്ലെ ? “
” എനിക്ക് എല്ലാം എന്റെ അച്ഛൻ ആയിരുന്നു അച്ഛൻ കഴിഞ്ഞാൽ നിക്ക് വേറെ ആരും ഇല്ലാ….. “
ദേവുവിന്റെ ശബ്ദം ഇടറുന്ന പോലെ…
” . അച്ഛനിവിടെ വന്നിട്ടില്ല എന്നല്ലേ ഒള്ളൂ. അച്ഛൻ പോകാനിടയുള്ള രണ്ടിടത്തു അന്വേക്ഷിച്ചിട്ട് പറയാമെന്നു പറഞ്ഞിട്ടുണ്ട് രാമേട്ടൻ. അത് വരെ എന്റെ പൊന്നു ദേവു ഒന്ന് കരയാതെ ഇരിക്കാമോ “
പെട്ടന്നവൾ നിശബ്ദയായി…
” ആദ്യം ആയിട്ട നന്ദുവേട്ടൻ എന്നെ പേരുവിളിക്കുന്നത്.. “
അവളതു പറഞ്ഞപ്പോൾ ആണ് എനിക്കും അത് ഓർമവന്നത്. ഒരു ഒഴുക്കിൽ അങ്ങ് വിളിച്ചു പോയതാണെങ്കിലും പേര് വിളിച്ചപ്പോൾ ദേവുവിന്റെ കണ്ണിലുണ്ടായ തിളക്കം ഒന്ന് കാണേണ്ടതായിരുന്നു… പക്ഷേ അതിനെന്താണിത്ര സന്തോഷക്കനുള്ളത്?
എന്ത് പറയാൻ തുടങ്ങിയാലും നന്ദുവേട്ടൻ എന്ന് വിളിച്ചു തുടങ്ങുന്ന ദേവുവിനെ ഞാനാദ്യമായാണ് പേര് വിളിക്കുന്നതെന്ന് ഓർത്തപ്പോ എനിക്ക് എന്നോട് തന്നെ പുച്ച്ചം തോന്നി ..
” തനിക്കു സ്വന്തമായിട്ടൊരു ഫോൺ ഇല്ലേ? “
ഞാൻ വിഷയം മാറ്റാനെന്ന വണ്ണം ചോദിച്ചു.
” ഇല്ലാ. എനിക്ക് അങ്ങനെ വിളിക്കാനും പറയാനും ഒന്നും ആരുമില്ല. പിന്നെ എനിക്ക് അതിന്റെ ആവശ്യവും തോന്നിട്ടില്ല. അച്ഛന്റെ കയ്യിലുണ്ട് ഒരെണ്ണം. അതിലേക്കാ കൂട്ടുകാരൊക്കെ എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കാറ്. “
” ഇക്കാലത്തും ഫോൺ ഒന്നും ഇല്ലാത്ത ഒരു പെൺകുട്ടിയെ കാണുന്നത് തന്നെ കുറവാണു.. “
അവളതൊരു മൂളലിൽ ഒതുക്കി.
” നല്ല ക്ഷീണം ഇല്ലേ നന്ദുവേട്ടന്. ഉറങ്ങിക്കോ എന്നാൽ. “
പറഞ്ഞു തീരേണ്ട താമസം ഒരു ശുഭരാത്രിയും പറഞ്ഞു ഞാൻ സോഫയിലേക്ക് ചരിഞ്ഞു. എങ്കിലും എന്നിൽ ഒരു സംശയം..
” ദേവു …. “‘
ഉറങ്ങി തുടങ്ങിയ ദേവുവിൽ നിന്ന് ഒരുമൂളലായിരുന്നു മറുപടി.
” താൻ അത് വെറുതെ പറഞ്ഞതല്ലേ ? “
“‘എന്ത്? .. “
” അച്ഛനല്ലാതെ തനിക്ക് വേറെ ആരും ഇല്ലെന്നു. തനിക്കാരോടോ പ്രേമം ഇല്ലേ ? “
കേട്ട പാതി കേൾക്കാത്ത പാതി അവൾ കട്ടിലിൽ ചാടി എഴുന്നേറ്റിരുന്നെനെ തുറിച്ചു നോക്കി
” അല്ല അന്ന് തന്റെ ഡയറി വായിച്ചപ്പോൾ തോന്നിയതാ… “
” നന്ദുവേട്ടൻ എന്തിനാ എന്റെ ഡയറി ഒക്കെ നോക്കണേ.. “
അവൾ ദേഷ്യത്തിൽ ചോദിച്ചു.
“‘അതെന്നെടുത്തു നോക്കിയപ്പൊ കണ്ടതാ. കുറെ കവിതകൾ.. “
“‘അതൊക്കെ ഞാൻ വെറുതെ എഴുതീതാ.. അല്ലാതെ വേറൊന്നുല്ല… “
“വേറെ ഒന്നല്ല? ” ഞാൻ ഒന്നു കൂടി ചോദിച്ചു.
“‘ഇല്ലെന്നു പറഞ്ഞില്ലേ. നന്ദുവേട്ടൻ കിടന്നുറങ്ങിക്കെ. “
” അതിന് നീ എന്തിനാ ദേഷ്യപ്പെടുന്നെ.. ഒന്നുമില്ലെ ങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ.. . “
കയ്യിൽ കരുതിയ പുതപ്പു തല വഴി മൂടി വീണ്ടും ഞാൻ ഉറങ്ങാൻ കിടന്നു.
” നന്ദുവേട്ടന് ആരോടേലും ഇഷ്ടോണ്ടോ? “
ഞാൻ പുതപ്പു മുഖത്തു നിന്നു മാറ്റി അവളെ ഒന്നുകൂടി നോക്കി. എന്നെ തന്നെ നോക്കി എന്റെ മറുപടിക്കായി കാത്തിരിക്കയായിരുന്നു അവൾ.
” പറയാൻ പാകത്തിന് ഒന്നും ഇല്ലാരുന്നെടോ… “
” അപ്പൊ ഉണ്ടായിരുന്നോ ? “
” മ്മ്.. ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോ. ഡബിൾ സൈഡ് ഒന്നും അല്ല സിംഗിൾ… “
” എന്നിട്ടു…. “
ദേവു ആകാംഷയോടെ ചോദിച്ചു.
” എന്നിട്ടെന്താ.. അവൾ ഇപ്പൊ കെട്ടി പെണ്ണിന് ഒരു കുട്ടിയും ആയി… “
” അതെന്താ നന്ദുവേട്ടൻ പോയി പറഞ്ഞില്ലേ അവളോട്. “
” ഇല്ലെടോ…. പേടി ആയിരുന്നു. അവളിനി സമ്മതിച്ചില്ലെങ്കിലോ എന്നോർത്തു. നമുക്കു ശരി ആകുമോ എന്നോർത്തു. പറയാൻ പറ്റിയില്ല.. “
” അയ്യോ കഷ്ടം ആയി പോയി… “
” അന്ന് എനിക്ക് ഒരു കാര്യം മനസിലായി. നമുക് ആരോടേലും ഇഷ്ടം തോന്നിയാൽ അപ്പൊ തന്നെ അങ്ങ് പറഞ്ഞേക്കണം.. പിന്നെ അത് പോയി എന്നും പറഞ്ഞു കരഞ്ഞിട്ടൊരു കാര്യോം ഇല്ല… “
പെട്ടന്നെവളുടെ ഭാവം മാറി. ചിരിച്ചു കൊണ്ടിരുന്ന അവളെന്തോ ചിന്തിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു.
ഞാൻ ഇനി വല്ലതും പറഞ്ഞിട്ടാണോ അവളങ്ങനെ പെരുമാറിയതെന്നറിയാതെ ഓരോന്ന് ചിന്തിച്ചു ഞാനും ഉറങ്ങി…
രാവിലെ എഴുന്നേറ്റ ഉടൻ പോയത് രാമേട്ടന്റെ അടുത്തേക്കാണ്…
ദേവൂന്റെ അച്ഛനെ കുറിച്ച് വല്ല അറിവും കിട്ടിയോ എന്നറിയാൻ. പക്ഷെ നിരാശ ആയിരുന്നു ഫലം . അദ്ദേഹം അവിടെ എങ്ങും എത്തിയിട്ടില്ല.. എങ്കിലും ദേവുവിനെ ഇതറിയിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാനും ഒന്നും പറയാനും നിന്നില്ല. അവളൊട്ട് ചോദിച്ചതും ഇല്ല.
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്ന് രമേട്ടൻ പറഞ്ഞത് ഞാൻ ഓർത്തെടുത്തു. കൂടെ അയാൾ പറഞ്ഞ ആ സംശയവും.
“” അന്ന്വേഷിച്ച എവിടെയും അജയൻ എത്തിയിട്ടില്ല എങ്കിൽ ഇനി അവനു വല്ല അപകടവും???? “””
എന്നെയും ആ പേടി അലട്ടാതിരുന്നില്ല.. അങ്ങനെ വല്ലതും സംഭവിച്ചാൽ ഈ പെണ്ണിന്റെ അവസ്ഥ എന്താകും എന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ.
രാവിലെ മുതലേ ദേവു എന്തോ ആലോചനയിൽ ആണ്. എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടുന്നത് പോലെ തോന്നി. അച്ഛനെ ഇവിടെയും കാണാത്തതിലുള്ള വിഷമം ആകാമെന്ന് കരുതി.
” സുന്ദരി ആയിരുന്നോ ആ ചേച്ചി ? “
” ഏത് ചേച്ചി ? “
” നന്ദുവേട്ടന് ഇഷ്ടം ഉണ്ടായിരുന്നില്ലേ ഒരു ചേച്ചി.. അത് .. “
” അവളോ? തനിനിയും അത് വിട്ടില്ലേ ? കാണാൻ തരക്കേടില്ലായിരുന്നു. ? “
” അത്രേ ഒള്ളോ ? “
” അങ്ങനെ ചോദിച്ചാൽ.. അത്രക്ക് ഒക്കെയേ ഉണ്ടായിരുന്നുള്ളു….വേറെ ഒന്നുമില്ല…… “
” ആ ചേച്ചി പോയതിൽ വിഷമം ഒന്നുല്ലേ നന്ദുവേട്ടന് “
” എന്തിന്.? എന്റെ ഇഷ്ടം അവള് പോലും അറിഞ്ഞിട്ടില്ല. വെറുതെ മനസ്സിൽ വച്ചിരുന്നിട്ട് അത് ഓർത്തു സങ്കടപ്പെട്ടിരുന്നിട്ട് എന്ത് കാര്യം.? “
വീണ്ടും രംഗം നിശ്ശബ്ദതയിലേക്ക് വഴി മാറി. ഞാൻ നോക്കുമ്പോളൊക്കെ എന്തോ വലിയ ആലോചനയിൽ ആണവൾ എന്ന് തോന്നി. ..
” നന്ദുവേട്ട എനിക്ക് വിശക്കുന്നു …. “
പൊള്ളാച്ചി കഴിഞ്ഞതേ അവൾ പറഞ്ഞു. രാവിലെ തന്നെ രാമേട്ടന്റെ അടുത്തുനിന്നറങ്ങിയത് കൊണ്ട് ഒന്നും കഴിക്കാൻ നിന്നിരുന്നില്ല…
വഴിയോരത്തു കണ്ട ഒരു കുഞ്ഞി ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി.
” ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാം . ഇവിടുത്തെ ഭക്ഷണം ചിലപ്പോൾ വയറിനു പിടിച്ചെന്ന് വരില്ല… “
കടയിൽ കയറാൻ നേരം ഞാൻ പറഞ്ഞു. … എങ്കിലും അവൾക്കു നല്ല വിശപ്പുണ്ടായിരുന്നു എന്ന് അവളുടെ കഴിക്കുന്ന രീതിയിൽ നിന്ന് എനിക്ക് മനസിലായി.. …
കഴിക്കുന്നതിനിടയിൽ അവളെ തന്നെ നോക്കി ഇരിക്കയായിരുന്ന എന്നെ കണ്ടവൾ എന്താണെന്നു പുരികം പൊക്കി ആംഗ്യത്തിലൂടെ ചോദിച്ചു.
” നേരത്തെ ഒക്കെ പേടി കാരണം മുഖത്തു പോലും നോക്കാൻ മടി കാണിച്ച ആളാണല്ലോ . ഇപ്പൊ എന്റെ മുന്നിലിയുന്നു മസാലദോശ കഴിക്കുന്നത് എന്നോർത്ത് നോക്കിയാത….. “
ഞാൻ കളിയാക്കുന്ന രീതിയിൽ പറഞ്ഞു. അവളിൽ ചെറിയൊരു നാണം ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു.
” എന്നെ കണ്ടാൽ കടിച്ചു കീറാൻ വന്നിരുന്ന ആളാ എനിക്കിപ്പോ ഈ മസാലദോശ വാങ്ങിത്തരണേ… അപ്പോൾ അതോ…. “
വായിൽ കിടന്ന ബാക്കി ദോശ കൂടി ചവച്ചിറക്കി കൊണ്ട് അവൾ പറഞ്ഞു..
” അത് വെറും പ്രഹസനം അല്ലെ… ഞാൻ ഒരു നല്ലവനാണെന്നു തന്നെ കാണിക്കാൻ വേണ്ടി മാത്രം… “…
” ഓഹോ… “
വില കുറഞ്ഞ തമാശ ആയിരുന്നു എങ്കിലും
ഞങ്ങൾ മുഖത്തോടു മുഖം നോക്കി ഒന്ന് ചിരിച്ചു…
” നല്ലവനാണെന്നു കാണിക്കാൻ നന്ദുവേട്ടൻ അഭിനയിക്കുവൊന്നും വേണ്ടാ. എനിക്കറിയാം നന്ദുവേട്ടാ….. “
അവൾ പറഞ്ഞ വാക്കുകൾ എന്നിൽ അഭിമാനം ഉളവാക്കി. വീട്ടിൽ വന്നു കയറ്റിയ അന്ന് മുതൽ എന്നാൽ അപമാനിക്കുകയും ദ്രോഹിക്കയും ചെയ്തിട്ടും അവൾ പറയുന്നു ഞാൻ നല്ലവനെന്നു.. എന്തൊരു വിരോധാഭാസം… എന്തുകൊണ്ടാകാം അവളെങ്ങനെ പറഞ്ഞത് എന്നായി പിന്നെ എന്റെ ചിന്ത.. എങ്കിലും അതിനുത്തരം എനിക്കറിയില്ലായിരുന്നു. .
അതികം സമയമെടുക്കാതെ കഴിച്ചു തീർത്തു ഞങ്ങൾ യാത്ര തുടർന്ന്. ഇന്നലെ വരെ ഞാൻ കണ്ട ദേവു അല്ലായിരുന്നു ഇന്ന്. എപ്പോളും എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന ഞാൻ ചോദിക്കുന്നതിന് മാത്രം ഉത്തരം തരുന്ന ഒരു ദേവു ആയിരുന്നു ഇന്ന്.. ഈ പെണ്ണിന് ഓരോ ദിവസം ഓരോ സ്വഭാവമാണോ എന്ന് ചിന്ദിക്കാതിരുനില്ല ഞാൻ.
” ആ ചേച്ചി പോയിട്ടു ഇപ്പൊ എത്ര വർഷമായി നന്ദുവേട്ട ? “
ദേവുവിന്റെ അടുത്ത ചോദ്യം.
” തനിക്കെന്താ പറ്റ്യേ.. ഞാൻ അതന്നേ മറന്നു . പിന്നെ തനിക്കെന്താടോ? “
” വെറുതെ. . പറ “
” ഒരു രണ്ടു വർഷം ആയി കാണും. എന്തെ ? “
” ഈ രണ്ടു വർഷത്തിനിടക്ക് വേറെ ആരോടും ഇഷ്ടം കൂടാതെ ഇരുന്നതെന്താ… ? “
” പിന്നെ അവള് പോയതിന്റെ വിഷമം മാറാൻ തന്നെ വേണ്ടി വന്നു ഒന്നൊന്നര വർഷം. അപ്പോളാ അതിന്റെ ഇടക്ക് വേറൊരുത്തി…. “
ഞാൻ പറയുന്നതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരിക്കയാണ് ദേവു. ഞാൻ എന്തോ ലോക കാര്യം പറയുന്നു എന്ന പോലെ..
” നമുക്കു ഈ ഒത്തിരി ഇഷ്ടം തോന്നുന്ന ആളെ ഉണ്ടല്ലോ…. അയാള് പോയി കഴിഞ്ഞാലും നമുക്ക് അങ്ങനെ ഒന്നും അയാളെ മറക്കാൻ പറ്റില്ലെടോ.. അത്ര നാള് അടുത്തുണ്ടായിരുന്നിട്ടും നമ്മുടെ ഇഷ്ടം തുറന്നു പറയാതെ ആ ആളങ്ങു പോകുമ്പോ ഉള്ള സങ്കടം ഉണ്ടല്ലോ… ഭയങ്കരം ആണത്…. “
ആ കുട്ടി പോയതിൽ അന്ന് അത്ര സങ്കടം തോന്നിയിരുന്നില്ല എങ്കിലും കേട്ടിരിക്കാൻ ദേവു ഉള്ളപ്പോ അല്പം സാഹിത്യം ഒകെ കൂട്ടി അങ്ങ് പറഞ്ഞൊപ്പിച്ചു . അവളുടെ മുഖത്തു പല ഭാവങ്ങളും മിന്നി മറയുന്നുണ്ടായിരുന്നു..
” പിന്നെ ഉണ്ടല്ലോ…. “
ഞാൻ വീണ്ടും പറഞ്ഞത് മുഴുവിപ്പിക്കാനായി വാ തുറന്നതും അവളെന്നെ തടഞ്ഞു..
” മതി.. എനിക്ക് നല്ല തലവേദന… “
ദേവുവൊരല്പം നീരസം കലർന്ന സ്വരത്തിൽ പറഞ്ഞു തിരിഞ്ഞിരുന്നു..
” ആഹ് .. ഹോസ്പിറ്റലിൽ വല്ലതും പോകണോ ? “
” വേണ്ട.. “
” എന്നാ കുറച്ചു കൂടി ക്ഷമിക്കു. വേഗം വീടെത്തും.. “
മറുപടി നൽകാതെ ദേവു ദേവു ഡോർ ഗ്ലാസിൽ തലവച്ചു കണ്ണടച്ചിരുന്നു.
“:അച്ഛനെ കുറിച്ച് വല്ലതും രാമേട്ടൻ പറഞ്ഞോ നന്ദുവേട്ടാ ? “
ഇടക്കെപ്പോളോ ഓർത്തെടുത്ത പോലെ ദേവു ചോദിച്ചു.
” ഇല്ലെടോ.. ഇതുവരെയും ഒന്നുമറിയില്ല. രാമേട്ടൻ പറഞ്ഞ ആരുടേയും അടുത്തെത്തിട്ടില്ല. “
” പക്ഷെ താൻ വിഷമിക്കണ്ട. നമുക്കു കണ്ടുപിടിക്കന്നെ …. “
കേട്ടു പഴകിയതോ അല്ലെങ്കിൽ ഉത്തരം അതായിരിക്കും എന്നറിയാവുന്നത് കൊണ്ടോ ആകണം അവളിൽ വലിയ ഭാവ മാറ്റങ്ങൾ ഒന്നും കണ്ടില്ല . എങ്കിലുമവൾ വീണ്ടും തന്റെ ചിന്താ ലോകത്തേക്ക് തിരിഞ്ഞിരുന്നു. എന്തൊക്കെയാണവളുടെ മനസ്സിലെന്നു മനസിലാകുന്നില്ല. എന്തൊക്കെയോ തീരുമാനങ്ങളെടുക്കുന്ന പോലെ..
” താനെന്താ ആലോചിച്ചിരുന്നത്? “
സംസാരത്തിനു നിക്കാതെ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
“നമ്മൾ എത്താറയോ നന്ദുവേട്ട? “
” ആഹ് ഇവിടുന്നു കുറച്ചു ദൂരമേ ഒള്ളൂ. ഇപ്പൊ എത്തും.. “
“:നമുക് നേരെ ബസ് സ്റ്റാന്റിലേക്കു പോകാം.. “
” അവിടെ ആരെ കാണാനാ? ഹോസ്പിറ്റലിൽ പോകാൻ വല്ലതും ആണോ “
ഡ്രൈവിങിനിടയിലും ശ്രദ്ധ തെറ്റാതെ ഞാൻ അവളെ ഒന്ന് പകച്ചു നോക്കി.
” ഞാൻ ഇനി നന്ദുവേട്ടന്റെ കൂടെ വീട്ടിലേക്കു വരുന്നില്ല. എന്നെ ബസ്റ്റാന്റിൽ ഇറക്കിയാൽ മതി. .ഞാൻ എന്റെ വീട്ടിലേക്കു പോയിക്കൊള്ളാം. .. “
ദേവു അത് പറഞ്ഞു തീർന്നതും. വണ്ടി സഡ്ഡൻ ബ്രേക്ക് ഇട്ടു നിന്നതും ഒരുമിച്ചായിരുന്നു..
” താനെന്താ ഇപ്പോ പറഞ്ഞെ ? “
അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ ഞാൻ ഒന്നു കൂടി ചോദിച്ചു.
” ഞാൻ എന്റെ വീട്ടിലെക് പൊയ്ക്കോളാം നന്ദുവേട്ട.. “
” ദേ പെണ്ണെ നീ ചുമ്മാ കളിക്കല്ലേ.. “
” ഇല്ല നന്ദുവേട്ട ഞാൻ കാര്യമായി പറഞ്ഞതാ.. എനിക്ക് പോണം… “
തീരുമാനിച്ചുറപ്പിച്ച മറുപടി ആയിരുന്നു അത്.
” അതിന് ഇപ്പൊ എന്താ ഉണ്ടായത്. അവിടേക്കു പോകാൻ മാത്രം എന്ത് പ്രശ്നമാ തനിക്കു ഉള്ളത് ? “
” എനിക്ക് നന്ദുവേട്ടന്റെ വീട്ടിൽ ഇനിയും പറ്റില്ല. എനിക്ക് വയ്യാ…അവിടം.. . “
” ദേവു നീ കാര്യം എന്താണെന്നു പറ. വീട്ടിലെന്താ പ്രശ്‌നം നിനക്കു.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ തന്നോട് ? “
“ഇല്ല. അവിടെ…എല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ട്.. ഒരു മോളെ പോലെ ഒരു പെങ്ങളെ പോലെ…. “
അവളുടെ തൊണ്ട ഇടറുന്ന പോലെ തോന്നി
” പിന്നെ തനിക്കെന്താ പ്രശ്‌നം ? “
” പ്രശ്നങ്ങൾ അല്ല….. എനിക്കിനിയും അഭിനയിക്കാൻ വയ്യാ നന്ദുവേട്ട. ..നന്ദുവേട്ടൻ എന്റെ അവസ്ഥ മനസ്സിലാക്കു. എനിക്കവിടെ പറ്റില്ല ഇനിയും. .. ..”
” എഡോ.. താൻ പറയുന്നതെന്താണെന്നു എനിക്ക് മനസിലാവുന്നില്ല. എന്താണെങ്കിലും നമുക് വീട്ടിൽ പോയി സമാധാനം ആയിട്ട് സംസാരിക്കാം.. എന്ത് പ്രശ്നം ആണെങ്കിലും പരിഹരിക്കാം “
“, നന്ദുവേട്ട പ്ലീസ് … വേണ്ടാ ….. “
ഞാൻ കാർ മുന്നോട്ടെടുക്കാൻ തുനിഞ്ഞതും അവളെന്നെ തടഞ്ഞു. ഞാൻ കാർ വീണ്ടും നിർത്തി.
” നീ വെറുതെ എന്നെ പൊട്ടൻ കലിപ്പിക്കാതെ കാര്യം എന്താന്ന് പറ. “
എനിക്ക് എന്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു
” എടൊ തന്നോടാ ചോദിച്ചത്… വീട്ടിലേക്കു വരാൻ കഴിയാത്ത വിതം ഇത്ര നാളില്ലാത്ത എന്ത് പ്രശ്നമാ തനിക്കവിടെ ഉള്ളെതെന്നു ? “
എന്റെ ശബ്ദം കാറിനുള്ളിൽ മുഴങ്ങി കേട്ടു. എന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടു അവൾ ഒന്നു ഞെട്ടി.. കണ്ണിലൂടെ കണ്ണു നീർ പൊട്ടി ഒഴുകാൻതുടങ്ങി.. അത് കണ്ടപ്പോൾ എനിക്ക് വല്ലാതെയായി..
“‘എടൊ.. തനിക്കറിയാമല്ലോ. താനില്ലാതെ എനിക്ക് വീട്ടിലേക്കു ചെല്ലാൻ പറ്റില്ലെന്ന്.. തനിക്കാ നരകത്തിലേക്ക് പോയിട്ടു എന്ത് കിട്ടാനാ? അച്ഛൻ വരുന്ന വരെ തനിക്കു ആ വീട് സേഫ് അല്ല. “
അതിനവൾക്കു ഉത്തരമില്ലായിരുന്നു..
“നന്ദുവേട്ടനെന്തു പറഞ്ഞാലും ഞാൻ പോകും. “
ദേവു ഉറപ്പിച്ചു പറഞ്ഞു. കാര്യം എന്തെന്ന് മനസിലാവാതെ ഞാൻ അവളെ ദയനീയമായി നോക്കി ഇരുന്നു.
” ദേവു.. “
അവളെന്നെ തലയുയർത്തി നോക്കി.
” ഞാൻ പറയുന്ന കേൾക്കു. എന്റെ വീട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം.. “
” എനിക്കവിടെ ഒരു പ്രശനവും ഇല്ല നന്ദുവേട്ട.. “
” പിന്നെന്താ ഡോ.. ഇനി ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ ? “
” തെറ്റ് ചെയ്തത് ഞാനാ…. ഈ ഞാൻ… “
അവളുടെ കരച്ചിലിനാഴം കൂടി. ഒന്നും മനസിലാവാത്തവനെ പോലെ ഞാൻ ……
” എനിക്ക് വയ്യ.. ഇനിയും നന്ദുവേട്ടന്റെ കൂടെ ഇങ്ങനെ…… . എന്റെ പ്രശനം നിങ്ങള നന്ദുവേട്ടാ…… “
” ഞാനോ.. “
ഒരുനിമിഷമെങ്കിലും ഞാൻ പകച്ചു നിന്നു പോയി. അത്ര മാത്രം മനസ്സിൽ തട്ടി പറയാൻ മാത്രം എന്തപരാധം ആണവളോട് ഞാൻ ചെയ്തത്.
” തെറ്റ് എന്റെയാ… ഈ എന്റെ…. “
” അന്ന് ഞാൻ നന്ദുവേട്ടന്റെ കണ്ടത് തെറ്റ് . അന്ന് നന്ദുവേട്ടന്റെ റൂമിൽ കയറി വന്നത് തെറ്റ്. . .. കല്യാണമെന്നു എല്ലാവരും പറഞ്ഞപ്പോൾ എതിർക്കാതിരുന്നതും തെറ്റ്. നന്ദുവേട്ടന്റെ ഭാര്യയാവാൻ കഴുത്തു നീട്ടിയത് തെറ്റ്…… നന്ദുവേട്ടന്റെ വീട്ടിലേക്കു വന്നത് തെറ്റ്. നന്ദുവേട്ടനെ കുറിച്ച് അറിഞ്ഞത് തെറ്റു. മിണ്ടിയത് മിണ്ടിയത് തെറ്റ്….. നന്ദുവേട്ടന്റെ ജീവിതത്തിൽ സ്ഥാനമില്ലെന്നറിഞ്ഞിട്ടും സ്നേഹിച്ചു പോയത് തെറ്റ്.. എല്ലാ തെറ്റും എന്റെയാ ഈ എന്റെ……. “
കാറിനുള്ളിലിരുന്നു ദേവു അലറി… അവൾ പറഞ്ഞ വാക്കുകൾ കാറിനുള്ളിലെ ഇടുങ്ങിയ ഇടങ്ങളിൽ തട്ടി പ്രതിധ്വനി ആയി എന്റെ കാതുകളിൽ മുഴങ്ങി കേട്ടു..
” ദേവു.. താൻ… “
അവൾ പറഞ്ഞത് വിശ്വാസം വരാതെ ഞാൻ ചോദിച്ചു ..
” സ്നേഹിച്ചു പോയി നന്ദുവേട്ടാ ഞാൻ നിങ്ങളെ.. .ഒരുപാട്…. ഇന്നല്ല …….. കോളേജിൽ വച്ച് കണ്ട അന്ന് തൊട്ടു.. മനസ്സിൽ ആരോടും പറയാതെ സൂക്ഷിച്ചു പോയി…. എനിക്ക് പറ്റുന്നില്ല ഇനിയും നന്ദുവേട്ടന്റെ മുന്നിൽ അഭിനയിക്കാൻ. . “
ദേവുവിന്റെ വാക്കുകൾ എന്റെ ഹൃദയത്തെ തകർക്കാൻ പോന്നതായിരുന്നു…
” എന്നെ അങ്ങനെ നോക്കല്ലേ നന്ദുവേട്ട… എനിക്ക് പറ്റുന്നില്ല. ..”
എന്റെ നോട്ടം നേരിടാനാവാതെ ദേവു മുഖം പൊത്തി ഇരുന്നു .. അവളുടെ ഓരോ വാക്കു കഴിയുന്തോറും അവളുടെ കരച്ചിലിനാഴവും കൂടി കൊണ്ടിരുന്നു…
” കിട്ടില്ലെന്നറിഞ്ഞിട്ടും.. സ്വന്തമാക്കാൻ കഴിയില്ലെന്ന് നന്നായി അറിയാമായിരുന്നിട്ടും കൊതിച്ച ജീവിതം ദൈവം കയ്യിൽ കൊണ്ടുവന്നു തന്നിട്ടും ഞാൻ ഇത്ര നാളും പിടിച്ചു നിന്നു . പക്ഷെ ഇടക്കെപ്പോളൊക്കേയൊ മനസു പതറി പോകുവാ .. ഇയ്യാളെന്റെ ആണെന്ന് മനസില് തോന്നി പോകുവാ…ഒന്നുമില്ലെങ്കിലും ഞാനും ഒരു പെണ്ണല്ലേ.. എനിക്കും ഇല്ലേ ആഗ്രഹങ്ങൾ.. .. “
ഒരിക്കലും ദേവുവിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന് അവൾ പറഞ്ഞു കേട്ടതിന്റെ നടുക്കം വിട്ടുമാറാതെ ഞാൻ അങ്ങിനെ ഇരുന്നു പോയി . ദേവുവിന്റെ വാക്കുകൾക്കെന്റെ കയ്യിൽ മറുപടികളില്ലായിരുന്നു. സങ്കടമോ ദേഷ്യമോ സന്തോഷമോ എന്തെന്നറിയാത്ത ഒരു വികാരം മനസിലൂടെ കൊള്ളിയാൻ മിന്നുന്ന പോലെ പാഞ്ഞു കൊണ്ടിരുന്നു. എന്റെ ഒരു മറുപടിക്കായി കാത്തിരിക്കയാണ് ദേവു എന്ന് തോന്നി . എങ്കിലും എന്ത് പറയണമെന്നറിയില്ല …
” എനിക്കറിയാം നന്ദുവേട്ടന് എന്നെ ഒരിക്കലും സ്വീകരിക്കില്ലെന്ന്. എങ്കിലും ആഗ്രഹിച്ചു പോകും. ആ മുഖം കാണുമ്പോ കൊതിച്ചു പോകും. എന്നും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന്…. പറ്റുന്നില്ല നന്ദുവേട്ട…. ഇനിയും എല്ലാം ഉള്ളിൽ വച്ചഭിനയിക്കാൻ…… എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട് നന്ദുവേട്ടാ ഞാൻ ഇനി നന്ദുവേട്ടന്റെ ജീവിതത്തിലേക്ക് വരില്ലാ. ശല്ല്യം ആവില്ല… അച്ഛൻ വന്നാലും വന്നില്ലെങ്കിലും ഞാൻ ഇനി ആ വീട്ടിലേക്കില്ല… “
എന്റെ ഭാഗം മൗനമാണെന്നു കണ്ടു ദേവു അതു കൂടി കൂട്ടിച്ചേർത്തു .
” ആഗ്രഹിച്ചതിന്റെ തെറ്റാ എന്റെ… …… “
ദേവു കരയുന്നതിനിടയിലും എന്തോക്കെയോ പുലമ്പിക്കൊണ്ടിരുന്നു . അവളുടെ വാക്കുകൾ പലതും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.
കാറിനുള്ളിൽ പരസ്പരം ഞങ്ങൾ ഒന്നും മിണ്ടാതെ ഏറെ നേരം ഇരുന്നു. ദേവുവിനോട് എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ എനിക്ക് അറിയില്ല . മുന്നിലേക്ക് തല കുമ്പിട്ടു കൈ കൊണ്ട് മുഖം പൊത്തി ഇരുന്നു അപ്പോളും കരച്ചിലടക്കാതെ ഇരിക്കുകയാണ് ദേവു .. ദേവുവിന്റെ ഏങ്ങലടി മാത്രം മുഴങ്ങി കേട്ട കുറെ നിമിഷങ്ങൾ കടന്നു പോയി. പരസപരം ഒന്ന് നോക്കുക പോലും ചെയ്യാതെ ഞങ്ങൾ രണ്ടു പേരും അങ്ങിനെ ഒരുപാട് നേരം ഇരുന്നു ..
” പോകാം .. “
ഏറെ സമയമെടുത്തു എനിക്ക് അതവളോട് ചോദിക്കാൻ ഉള്ള ധൈര്യം സംഭരിക്കാനായി.. എന്റെ ചോദ്യം കേട്ട അവൾ തല ഉയർത്തി എന്റെ തീരുമാനം എന്തെന്നറിയാനായി കാത്തിരുന്നു.
” വീട്ടിലേക്ക് ആണ് . തന്റെ അച്ഛൻ വരുന്ന വരെ താനെങ്ങും പോകുന്നില്ല. “
ഞാനെന്റെ തീരുമാനമറിയിച്ചു കാർ മുന്നിലേക്ക് എടുത്തു . മറുത്തൊന്നും പറയാതെ ദേവു എന്നെ തന്നെ നോക്കി ഇരുന്നു..
തുടരും
Responses (0 )