ഡിറ്റക്ടീവ് അരുൺ 8
Detective Part 8 | Author : Yaser | Previous Part
കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. കഥ ഒരു പാട് ലേറ്റ് ആയി എന്നറിയാം. ഇതിന്റെ മുൻ ഭാഗത്തേക്കാൾ കൂടുതൽ ഈ ഭാഗം മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല.
നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്.
എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ അഭിപ്രായം പറയാൻ പ്രതീക്ഷയോടെ അടുത്തഭാഗം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണത്താൽ ഇന്ന് നേരത്തെ കിടന്നുറങ്ങാമെന്ന ചിന്തയോടെയാണ് അരുൺ വീട്ടിലെത്തിയത്. നന്ദന്റെ അന്വേഷണത്തിന്റെ പുരോഗതിയും അവന് ആശ്വാസം തോന്നുന്നതായിരുന്നു. അത് കൊണ്ട് തന്നെ അവൻ ഒമ്പത് മണിയോടെ ഉറങ്ങാൻ തുടങ്ങി.
ഉറക്കം മുറുകി വന്ന സമയത്താണ് അരുണിന്റെ ഫോൺ ബെല്ലടിച്ചത്. അവൻ വേഗം ഫോണെടുത്ത് നമ്പർ നോക്കി. നന്ദനാകുമോ എന്നായിരുന്നു അവൻ സംശയിച്ചത്. പക്ഷേ സിസ്പ്ലേയിൽ തെളിഞ്ഞ് കണ്ടത് Vipin clt calling എന്നാണ്.
അരുണിന് ആളെ മനസ്സിലായി. അച്ഛന്റെ മരണ ശേഷം മൂത്ത സഹോദരന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് തന്നെ സംരക്ഷിച്ച ജേഷ്ഠ തുല്യൻ. എന്തായിരിക്കും ഈ നേരത്ത് അവന് പറയാനുള്ളതെന്ന ചിന്തയോടെയാണ് അരുൺ ആ കോൾ അറ്റന്റ് ചെയ്തത്.
“ഹലോ വിപിൻ.”
“ഹലോ അരുൺ. ഞാനൊരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്. നീ എത്രയും പെട്ടന്ന് ഇവിടെ വരെ വരണം.” ക്ഷീണിച്ച സ്വരത്തോടെ വിപിൻ പറഞ്ഞു.
“നീയെന്താടാ വിപിനേ ഈ പറയുന്നത്.? ഈ രാത്രി ഞാനെങ്ങനെ അവിടെ വരെ വരാനാ.?” നിസ്സഹായതയോടെ ആയിരുന്നു അരുണിന്റെ ചോദ്യം.
“അരുൺ എന്നെ ആരോ തട്ടിക്കൊണ്ട് വന്നിരിക്കുകയാണ്. പണമോ മറ്റ് വില പിടിപ്പുള്ളതോ അല്ല അവർക്ക് വേണ്ടത്. നീ വന്നെങ്കിൽ മാത്രമേ എന്നെ വിടൂ എന്നാണവർ പറയുന്നത്.” നേർത്ത തേങ്ങലോടെയാണ് വിപിൻ പറയുന്നതെന്ന് അരുൺ തിരിച്ചറിഞ്ഞു.
“നീ വിഷമിക്കേണ്ട വിപിൻ. ഞാനുടൻ തന്നെ ഇവിടെ നിന്ന് പുറപ്പെടാം. എത്രയും പെട്ടന്ന് തന്നെ അവിടെ എത്താൻ ശ്രമിക്കുകയും ചെയ്യാം.” അരുൺ കൂടുതലൊന്നും ആലോചിക്കാതെ മറുപടി നൽകി.
“അതാണ് നിനക്കും ഇവനും നല്ലത്. എനിക്ക് കളയാനൊട്ടും സമയമില്ല.” വിപിനിന്റെ ശബ്ദം പ്രതിക്ഷിച്ച അരുണിന്റെ കാതിൽ മറ്റൊരാളുടെ പരുപരുത്ത ശബ്ദമാണ് മുഴങ്ങിയത്. അയാൾ ഫോൺ വിപിനിന്റെ കയ്യിൽ നിന്ന് വാങ്ങിയതാകാമെന്നവൻ ഊഹിച്ചു.
“ശരി ഞാനിപ്പോൾ തന്നെ പുറപ്പെടാം.” അരുൺ പരുഷമായ ശബ്ദത്തോടെ മറുപടി നൽകിയ ശേഷം ആ കോൾ കട്ട് ചെയ്തു.
അതിനു ശേഷമവൻ തണുത്ത വെള്ളത്തിൽ മുഖം കഴുകി. കണ്ണിൽ നിന്ന് ഉറക്കം പെട്ടന്ന് വിട്ട് പോകാനായിരുന്നു അത്. കയ്യും കാലുമെല്ലാം തണുത്ത വെള്ളത്തിൽ നന്നായി കഴുകിയ ശേഷം അവൻ വേഗം ഡ്രസ് മാറി ബൊലേറോയുടെ താക്കോലുമായി ഇറങ്ങി.
വിപിനിന് ഒന്നും സംഭവിക്കരുതേയെന്നുള്ള പ്രാർത്ഥനയായിരുന്നു ആ സമയമത്രയും അവന്റെ മനസ്സിൽ.
ബൊലേറോയിൽ കയറിയ അരുൺ സമയം കളയാതെ വണ്ടി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എത്രയും പെട്ടന്ന് ഹൈവേയിലെത്തണമെന്ന ചിന്തയോടെ അവൻ ആക്സിലേറ്ററിൽ കാലമർന്നു. ഒരു മുരൾച്ചയോടെ ബൊലേറോ കൂടുതൽ സ്പീഡിൽ മുമ്പോട്ട് കുതിച്ചു.
ഹൈവേയിൽ എത്തിയപ്പോഴാണ്, എവിടെ വെച്ചാണ് കാണേണ്ടത് എന്നവരോട് ചോദിച്ചിട്ടില്ലല്ലോ എന്ന കാര്യം അരുണിന് ഓർമ്മ വന്നത്. ഒന്ന് വിപിനിന്റെ നമ്പറിലേക്ക് വിളിച്ച് നോക്കാമെന്ന ചിന്തയോടെയാണ് അരുൺ പോക്കറ്റിൽ ഫോണിനായി തപ്പിയത്.
പോക്കറ്റിൽ തപ്പിയ അരുൺ വിയർത്ത് പോയി. ഫോൺ കാണാനുണ്ടായിരുന്നില്ല. ഫോണെടുക്കാൻ മറന്നതാണെന്ന് അരുണിന് മനസ്സിലായി. ഇങ്ങനൊരു സമയത്ത് ഫോൺ മറന്നതിന് തന്നെ തന്നെ പ്രാകിക്കൊണ്ട് അരുൺ വീട്ടിലേക്ക് വണ്ടി തിരിച്ചു.
നന്ദൻ മേനോന്റെ ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക്കും അഴിച്ചെടുത്ത് മടങ്ങുന്നതിനിടയിലാണ് രാകേഷിന്റെ ഫോൺ ശബ്ദിച്ചത്. നമ്പർ നോക്കിയപ്പോൾ സൂര്യനാണ് വിളിക്കുന്നത്. അവൻ വേഗം തന്നെ ആ കോൾ അറ്റന്റ് ചെയ്തു. “ഹലോ.”
“എന്തായി രാകേഷ് കാര്യങ്ങൾ അവൻ ചത്തോ.”
“ചത്തതല്ല. കൊന്നു.” ചിരിയോടെ രാകേഷ് പറഞ്ഞു. “എന്താ ഏട്ടാ പിന്നെയും വിളിച്ചത്.” രാകേഷ് വീണ്ടും ചോദിച്ചു.
“ഒരു പ്രധാന കാര്യമുണ്ട് അത് പറയാൻ വിളിച്ചതാണ് രാവിലെ എന്തെങ്കിലും പണിയുണ്ടോ.?”
“എന്റെ അറിവിൽ ഇല്ല ഇനിയുണ്ടെങ്കിലും ഒഴിവാക്കാവുന്നതേയുള്ളു. ഏട്ടൻ കാര്യം പറ.” രാകേഷ് അക്ഷമനായി.
“നാളെ പത്ത് മണിക്ക് നീ കോഴിക്കോട് എത്തണം. അവിടെ നിനക്കൊരു ജോലിയുണ്ട് അതിന് ഇവിടുന്ന് അഞ്ച് മണിക്കെങ്കിലും പുറപ്പെടേണ്ടി വരും.”
“അതിനെന്താ ഏട്ടാ ഞാൻ രാവിലെ തന്നെ പുറപ്പെടാം.”
“എങ്കിൽ പണി എന്താണെന്ന് ഞാൻ പോകുന്ന വഴി അറിയിക്കാം. അല്ലെങ്കിൽ അതിനു മുമ്പ് നേരിൽ കാണാം.”
“ശരി ഏട്ടാ.” രാകേഷിന്റെ മറുപടിക്ക് ശേഷം ഫോൺ കട്ടായ ശബ്ദമാണ് അയാളുടെ കാതിലേക്കെത്തിയത്.
രാവിലത്തെ പണി എന്തിനെ കുറിച്ചാണെന്ന് അയാൾക്കൊരു ഊഹവും ഉണ്ടായിരുന്നില്ല. അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എത്രയും പെട്ടന്ന് വീടു പിടിച്ച് ഉറങ്ങണം അതായിരുന്നു അയാളുടെ ചിന്ത.
ഏകദേശം മിനുട്ടുകളോളമെടുത്തു അരുൺ വീട്ടിലേക്ക് തിരിച്ചെത്താൻ. വാതിൽ തുറന്ന് അകത്ത് കയറിയ അരുൺ ബെഡ് റൂമിലെ കിടക്കയിൽ തന്നെ അവന്റെ ഫോൺ കണ്ടെത്തി.
വിപിനിന്റെ നമ്പറിൽ നിന്ന് കോൾ വന്നിരുന്നോ എന്നറിയാനായി അവൻ ഫോണിന്റെ ലോക്ക് തുറന്നു. മിസ്ഡ് കോളൊന്നും കണ്ടില്ലെങ്കിലും നന്ദന്റെ മെസേജ് വന്ന് കിടക്കുന്നത് അരുൺ കണ്ടു. അവൻ വേഗമത് ഓപ്പൺ ചെയ്ത് നോക്കി.
I have enemies around me. If anything nappens to me, find out my voice recorder and laptop. മെസേജിന്റെ അർത്ഥം ഗ്രഹിച്ച അരുൺ വിയർക്കാൻ തുടങ്ങി. നന്ദേട്ടൻ അപകടത്തിലാണെന്ന് അവന് മനസ്സിലായി.
അവൻ വേഗം മെസേജിന്റെ സമയം നോക്കി. 9.50pm ഇപ്പോൾ 11:08 pm എത്രയും പെട്ടന്ന് തന്നെ നന്ദന്റെ ലോഡ്ജ് വരെ പോയി നോക്കാനുള്ള തീരുമാനം ആസമയത്താണവൻ എടുത്തത്.
അരുൺ വേഗം മൊബൈൽ പോക്കറ്റിലിട്ട് വാതിൽ പൂട്ടി വീടിന് പുറത്തിറങ്ങി. എത്രയും പെട്ടന്ന് നന്ദൻ മേനോന്റെ ലോഡ്ജ് മുറിയിലെത്താൻ തുടിക്കുന്ന ഹൃദയത്തോടെ അവൻ ബൊലേറോ സ്റ്റാർട്ട് ചെയ്തു. അപ്പോഴേക്കും വിപിനിന്റെ കാര്യം അവൻ പാടെ മറന്നിരുന്നു.
അവൻ 11.30 pm ആയപ്പോഴേക്കും നന്ദൻ താമസിച്ചിരുന്ന ലോഡ്ജിനു മുന്നിലെത്തി. ബൊലേറോയിൽ നിന്നിറങ്ങിയ അരുൺ നന്ദന്റെ റൂമിന് നേരെ കുതിച്ചു. നന്ദന്റെ റൂമിന്റെ വാതിൽ ചാരിക്കിടക്കുകയായിരുന്നു. പരിസരം മുഴുവനും ശാന്തമായ ഉറക്കത്തിലാണ്.
വാതിലിന്റെ ഹാന്റിലിൽ അരുണിന്റെ കൈ അമർന്നു. വാതിൽ ഉള്ളിലേക്ക് തുറന്നപ്പോൾ അവന്റെ ഉള്ളിലൊരു ആന്തലുണ്ടായി. അകത്താകമാനം ഇരുട്ടാണ്. ഇരുട്ടുമായി അവന്റെ മിഴികൾ പെരുത്തപ്പെട്ട് തുടങ്ങി. എങ്കിലും ഒന്നും വ്യക്തമായി കാണാനാവുമായിരുന്നില്ല.
അവൻ മൊബൈലിന്റെ ഡിസ്പ്ലേ ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ട് റൂമിനകത്തേക്ക് നോക്കി. അവ്യക്തമായ ആ പ്രകാശത്തിൽ ഇരുണ്ട ഒരു രൂപം തൂങ്ങിക്കിടക്കുന്നതവൻ കണ്ടു. അത് നന്ദനാണെന്ന തോന്നലിൽ ശരീരം മരവിച്ചത് പോലെ അവൻ ചുമരിലേക്ക് ചാരി .
ഏതാണ്ട് അഞ്ച് മിനുട്ടുകളോളം കഴിഞ്ഞപ്പോൾ അരുൺ ആ അവസ്ഥയിൽ നിന്നും മോചിതനായി. നന്ദന്റെ മെസേജ് ഓർമ്മ വന്ന അവൻ ഫോണെടുത്ത് വീണ്ടും ആ മെസേജ് വായിച്ചു.
അതിനിടയിലാണ് അരുണിന്റെ ഫോൺ ശബ്ദിച്ചത്. നമ്പർ നോക്കിയപ്പോൾ വിപിനിന്റേതാണ്. അപ്പോഴാണ് നന്ദേട്ടനെ പോലെ വിപിനും അപകടത്തിലായിരുന്നല്ലോ എന്ന കാര്യം അവന് ഓർമ്മ വന്നത്. അവൻ വേഗം ആ കോൾ അറ്റന്റ് ചെയ്ത് സംസാരിക്കാൻ തുടങ്ങി. “ഹലോ വിപിൻ.”
“വിപിൻ അല്ല. നീ എവിടെ എത്തി.” അപ്പുറത്ത് വിപിനിന്റെ ശബ്ദത്തിന് പകരം നേരത്തെ കേട്ട പരുക്കനായ ആ ശബ്ദമായിരുന്നു.
“ഇപ്പോൾ പുറപ്പെടുന്ന തേയുള്ളു.നേരത്തെ പുറപ്പെട്ടെങ്കിലും ഫോണെടുക്കാൻ മറന്നത് കൊണ്ട് തിരിച്ചു വരേണ്ടി വന്നു.” അരുൺ താൻ നന്ദന്റെ ലോഡ്ജിലാണെന്ന കാര്യം മറച്ച് വെച്ച് കൊണ്ട് പറഞ്ഞു.
“അരുൺ നീ സമയം വെറുതെ കളയുന്നു. നിനക്കിനി നാല് മണിക്കൂർ സമയം മാത്രം അത് കഴിഞ്ഞാൽ നീ വരണമെന്നില്ല. വിപിൻ പിന്നെ ഈ ഭൂമുഖത്ത് ബാക്കി കാണില്ല. താക്കീതിന്റെ രൂപത്തിലുള്ള ആ സ്വരത്തിനു ശേഷം ഫോൺ ഡിസ്കണക്ടായ ശബ്ദവും അരുണിന്റെ കാതിലേക്കെത്തി.
അവനൊരു നിമിഷം അസ്ത്ര പ്രജ്ഞനായി നിന്നു പോയി. എന്തു ചെയ്യണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൊബൈലിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞു നിന്ന നന്ദന്റെ മെസേജിലേക്ക് അരുണിന്റെ ശ്രദ്ധ വീണ്ടുമെത്തിയത്.
I have enemies around me. lfanything happens to me, find out my voice recorder and laptop. നന്ദന്റെ വോയ്സ് റെക്കോർഡറും ലാപ്ടോപ്പുമെവിടെ.? അരുണിന്റെ മിഴികൾ മുറിയിലാകമാനം ഒന്ന് കറങ്ങി.
കുറച്ചപ്പുറത്ത് മേശയുടെ സൈഡിലായി വെച്ചിരുന്ന ലാപ് ടോപ്പിന്റെ ബാഗവൻ കണ്ടു.അത് തുറന്ന് അതിൽ ലാപ്ടോപ് ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ ബാഗവൻ കയ്യിലെടുത്തു. ഒറ്റ നോട്ടത്തിൽ വോയ്സ് റെക്കോർഡർ അവന് കണ്ടെത്താൻ കഴിഞ്ഞില്ല. തിരയാൻ കൂടുതൽ സമയവുമുണ്ടായിരുന്നില്ല.
പോലിസ് എത്തിയാൽ തന്റെ അന്വേഷണം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ അരുൺ ഷെൽഫിൽ നിന്നും താക്കോലെടുത്ത് പുറത്തേക്കിറങ്ങി. വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം താക്കോൽ നന്ദൻ ചെയ്യുന്നത് പോലെ കാർപെറ്റിന്റെ അടിയിൽ വെച്ചു.
ലാപ് ടോപ്പിന്റെ ബാഗ് ബൊലേറോയുടെ പിൻ സീറ്റിലേക്ക് വെച്ച ശേഷം അരുൺ ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. ഇരുന്നൂറ് കിലോമീറ്ററിൽ കൂടുതൽ ഓടിയെത്താൻ തന്റെ മുന്നിലുള്ളതിനി നാല് മണിക്കൂറിൽ കുറവ് മാത്രം. അവൻ മനസ്സിലോർത്തു. ആ ചിന്ത അവന്റെ വണ്ടിയുടെ വേഗം വീണ്ടും വർദ്ധിപ്പിച്ചു. പക്ഷേ വളവും തീരവും നിറഞ്ഞ റോഡ് അതികം സ്പീഡിൽ പോവാൻ പര്യാപ്തമായിരുന്നില്ല.
ഹൈവേയിലെത്തിയതോടെ വണ്ടിയുടെ വേഗത അവൻ വീണ്ടും വർധിപ്പിച്ചു. ഇടക്കിടെ വരുന്ന ചില വണ്ടികൾ ഒഴിച്ചാൽ റോഡ് വിജനമായിരുന്നു. അത് അവന് കൂടുതൽ സ്പീഡിൽ വണ്ടിയോടിക്കാൻ അനുകൂല സാഹചര്യമൊരുക്കി. തണുത്ത കാറ്റടിക്കുമ്പോൾ കണ്ണുകളിൽ അനുഭവപ്പെട്ട എരിച്ചിലൊന്നും വണ്ടിയുടെ വേഗതക്കുളള പ്രതികൂല ഘടകങ്ങളായില്ല.
ഏകദേശം രണ്ടര മണിക്കൂർ കൊണ്ട് തന്നെ അവൻ കോഴിക്കോട് എത്തി. ഇനി എങ്ങോട്ടെന്നറിയാനായി അവൻ വിപിനിന്റെ നമ്പർ ഡയൽ ചെയ്തു. അതിനിടയിൽ അവന് ആ നമ്പറിൽ നിന്ന് കോളുകളൊന്നും വന്നിരുന്നില്ല.
“ഹലോ.. ഞാൻ അരുണാണ്.” അപ്പുറത്ത് ഫോണെടുത്തയുടൻ അവൻ പറഞ്ഞു.
“എവിടെ എത്തി.” മുമ്പ് കേട്ട അതേ പരുക്കൻ സ്വരം.
“കോഴിക്കോട്.”
“വടകര എത്തിയിട്ട് വീണ്ടും വിളിക്കുക.” അപ്പുറത്ത് ഫോൺ കട്ട് ചെയ്ത സ്വരവും അരുണിന്റെ കാതുകളിൽ എത്തി.
അവൻ ഫോൺ ചെയ്യാനായി നിർത്തിയ ബൊലേറേ വീണ്ടും സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.
മുക്കാൽ മണിക്കൂർ സമയമെടുത്തു. അവൻ വടകരയിലെത്താൻ. ഒഴിഞ്ഞ ഒരിടത്ത് നിർത്തിയ ശേഷം അരുൺ വീണ്ടും വിപിനിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ കാതോട് ചേർത്തു.
“വടകരയിൽ എത്തി അല്ലേ.” ഫോൺ എടുത്ത ശബ്ദത്തിനൊപ്പം ആ പരുക്കനായ ശബ്ദവും അരുണിന്റെ കാതുകളിൽ എത്തി.
“അതേ.”
“കണ്ണൂർ റോഡിലൂടെ നാല് കിലോമീറ്റർ മുമ്പോട്ട് വരുക. വലത് സൈഡിലായി പൂട്ടിക്കിടക്കുന്ന ഒരു കയർ ഫാക്ടറി കാണാം. മതിൽ കെട്ടെടുത്ത് ചാടിയാൽ റാന്തലിന്റെ വെളിച്ചവും കാണാം.” അപ്പുറത്ത് കോൾ വീണ്ടും ഡിസ്കണക്ടായി.
അരുൺ ഫോൺ പോക്കറ്റിലിട്ട ശേഷം ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എന്താണവിടെ തന്നെ കാത്തിരിക്കുന്നതെന്ന ആലോചനയോടെയാണ് അരുൺ വണ്ടിയോടിച്ചത്.
പത്ത് മിനുട്ട് സമയമെടുത്തു അവൻ ആ പഴയ ഫാക്ടറിക്ക് സമീപമെത്താൻ. ഫാക്ടറി നോക്കി നോക്കി വന്നതാണ് നേരം വൈകാനുണ്ടായ കാരണം.
അവൻ ബൊലേറോ മതിലിനരികിലേക്ക് നിർത്തിയ ശേഷം വണ്ടി ഓഫ് ചെയ്ത് അതിൽ നിന്നും ചാടിയിറങ്ങി. റിവോൾവർ പോക്കറ്റിലുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ മതിൽ ചാടി അപ്പുറത്ത് കടന്നു.
പുറത്ത് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു ഒമ്നി സ്റ്റാർട്ടായ ശബ്ദം അരുൺ കേട്ടു. അതിനു പുറകെ ആ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഇരുളിനെ കീറി മുറിച്ചു കൊണ്ട് മുമ്പോട്ട് കുതിച്ചു. അരുൺ അത് കാര്യമാക്കാതെ ദൂരെ കാണുന്ന റാന്തൽ വെളിച്ചത്തിനു നേരെ മുന്നോട്ട് കുതിച്ചു. അവന് വെളിച്ചമേകാനെന്ന പോലെ ആകാശത്ത് ചന്ദ്രനുമുണ്ടായിരുന്നു.
ഏതാനും മിനുട്ടുകൾക്കകം അരുൺ ആ റാന്തൽ വെളിച്ചത്തിനരികിലെത്തി. കൈ കാലുകൾ ബന്ധിപ്പിക്കപ്പെട്ട്, വയറിൽ കുത്തിയിറങ്ങിയ കത്തിയുമായി പിടയുന്ന വിപിനിനെയാണ് അവൻ കണ്ടത്. ആ പരിസരത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ഇവിടെയുണ്ടായിരുന്നവരാകാം ഒമ്നിയിൽ രക്ഷപ്പെട്ടതെന്ന് അരുണിന് തോന്നി.
പിന്നെ അരുണിന്റെ ശ്രദ്ധ തിരിഞ്ഞത് വിപിനിന്റെ വയറിൽ കുത്തിയിറങ്ങി നിൽക്കുന്ന കത്തിയിലേക്കാണ്. കത്തി അവിടെ തന്നെ നിർത്തിയത് കൊണ്ടാവാം കൂടുതൽ രക്തം നഷ്ട്രപ്പെടാത്തതെന്ന് അവന് മനസ്സിലായി.
“ടാ അവരെവിടെ.” വേദന കൊണ്ട് പുളയുന്ന വിപിനിന്റെ അടുത്തേക്ക് മുട്ടുകുത്തിയിരുന്ന്, കൈ കാലുകളിലെ കെട്ടുകൾ അഴിച്ച ശേഷം അവനെ ഇരുകൈകളിലായി കോരിയെടുത്ത് കൊണ്ട് അരുൺ ചോദിച്ചു.
“പോയി.” വേദനയോടെ ആയിരുന്നു വിപിനിന്റെ മറുപടി.
അരുൺ അവനെ ഇരുകൈകളിലായി എടുത്ത് ആയാസപ്പെട്ട് എഴുന്നേറ്റ് കൊണ്ട് ബൊലേറോയുടെ നേരെ നടക്കാൻ തുടങ്ങി. മതിലിനടുത്തെത്തിയപ്പോൾ വിപിനിനെ അരുൺ മതിലിനു മുകളിൽ ഇരുത്തിയ ശേഷം മതിൽ ചാടിക്കടന്നു.
ശേഷം വീണ്ടും അവനെ കൈകളാൽ കോരിയെടുത്ത് ബൊലേറോയുടെ കോ- ഡ്രൈവിങ്ങ് സിറ്റിലിരുത്തി. ശേഷം അവൻ ചെരിഞ്ഞു വീഴാതിരിക്കാനായി അവൻ സീറ്റ് ബെൽറ്റും ഇട്ടു കൊടുത്തു.
“ഈ സമയത്ത് ക്യാഷ്വാലിറ്റിയുള്ള ഹോസ്പിറ്റലേതാടാ അടുത്തുള്ളത്.” അരുൺ ഡ്രൈവിങ്ങ് സീറ്റിലേക്കിരുന്നു കൊണ്ട് വിപിനോട് ചോദിച്ചു.
“ശ്രീ ചിത്രാ മെഡിക്കൽ കോളേജ് കോഴിക്കോട്.” വേദനയോടെ തന്നെയായിരുന്നു അവന്റെ മറുപടി.
അരുൺ വേഗം ബൊലേറോ സ്റ്റാർട്ട് ചെയ്ത് തിരിച്ച് വന്ന വഴിയെ തന്നെ വിട്ടു. ഡ്രൈവിങ്ങിന്റെ ഇടയിലത്രയും അരുണിന്റെ ശ്രദ്ധ വിപിനിലായിരുന്നു.
മുക്കാൽ മണിക്കൂറിന് ശേഷമാണ് അവർ ഹോസ്പിറ്റലിൽ എത്തിയത്. അപ്പോഴേക്കും വിപിനിന്റെ ബോധം മറഞ്ഞിരുന്നു. ബൊലേറോ ക്യാഷ്വാലിറ്റിക്ക് മുന്നിൽ നിന്നപ്പോൾ തന്നെ സഹായ സന്നദ്ധരായ ആളുകൾ സ്ട്രെച്ചറുമായി ഓടിയെത്തി. അവരുടെ സഹായത്തോടെ വിപിനിനെ സ്ട്രെച്ചറിലേക്ക് കടത്തിയ ശേഷം അരുൺ ബൊലേറോ പാർക്ക് ചെയ്യാനായി പോയി.
സഹായ സന്നദ്ധരായ ആ വളണ്ടിയർമാർ സ്ട്രെച്ചറുമായി ക്യാഷ്വാലിറ്റിയിലേക്കും.
വണ്ടി പാർക്ക് ചെയ്ത് അരുൺ എത്തിയപ്പോഴേക്കും ഡോക്ടർമാർ പരിശോദന തുടങ്ങിയിരുന്നു. കത്തി ഊരാതിരുന്നത് കൊണ്ട് വളരെ കുറച്ച് രക്തം മാത്രമേ നഷ്ടപ്പെട്ടിട്ടുണ്ടാവൂ എന്ന് ഡോക്ടർമാരിൽ നിന്നും അറിയാൻ കഴിഞ്ഞു.
വിപിനിന്റെ ഓപ്പറേഷന് വേണ്ടിയുള്ള സമ്മതപത്രം അരുൺ തന്നെയാണ് ഒപ്പിട്ട് നൽകിയത്. അയാളെ പെട്ടന്ന് തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി.
വിപിനിന്റെ ശരീത്തിൽ നിന്ന് ലഭിച്ച സാധനങ്ങൾ നഴ്സുമാർ അരുണിന് കൈമാറി. അപ്പോഴാണ് അരുൺ അതിൽ വിപിനിന്റെ മൊബൈൽ ഫോൺ കണ്ടത്.
അവൻ വേഗം ഫോൺ കയ്യിലെടുത്ത് വിപിനിന്റെ വീട്ടുകാരെ വിളിച്ച് വിപിൻ ആശുപത്രിയിലാണെന്ന വിവരം അറിയിച്ചു. അവർ വിപിൻ എവിടെയാണെന്ന് അറിയാത്ത ആധിയിലായിരുന്നു. വിവരങ്ങൾ അറിഞ്ഞപ്പോൾ അവർ ഉടനെ എത്താമെന്ന് അരുണിനെ അറിയിച്ചു.
തുടിക്കുന്ന ഹൃദയവുമായി, രക്തക്കറയുള്ള വസ്ത്രങ്ങളോടെ അരുൺ ഓപ്പറേഷൻ തീയറ്ററിനു മുന്നിൽ വിപിനിന്റെ ബന്ധുക്കളെ കാത്ത് നിന്നു. മനസ്സിലപ്പോഴും വിപിനിന് ഒന്നും സംഭവിക്കരുതേ എന്നുള്ള പ്രാർത്ഥനയായിരുന്നു.
വിപിനിന്റേത് മൈനർ ഓപറേഷൻ ആയതിനാലും അവന്റെ ബ്ലഡ് ഗ്രൂപ്പ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ ഉണ്ടായിരുന്നതിനാലും ഒരു മണിക്കൂർ കൊണ്ട് തന്നെ അവന്റെ ഓപ്പറേഷൻ കഴിഞ്ഞു. അരുൺ തന്നെയാണ് കൗണ്ടറിൽ ചെക്ക് കൊടുത്ത് പണമടച്ചത്.
ആറു മണി ആയപ്പോഴേക്കും വിപിനിന്റെ അച്ഛനും അമ്മയും കുറച്ച് ബന്ധുക്കളും എത്തി. അപ്പോഴേക്കും അവനെ ഓപ്പറേഷൻ കഴിഞ്ഞ് ഐ സി യു വിലേക്ക് മാറ്റിയിരുന്നു. അത് വരെ അവന്റെ കൂടെ അരുൺ മാത്രമായിരുന്നു.
അനസ്ത്യേഷ്യയുടെ മയക്കം വിടാൻ രണ്ട് മണിക്കൂറെങ്കിലും കഴിയും എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അരുൺ പുറത്തിറങ്ങി ഒരു ചായ കുടിക്കാനായി പോയി. പുറത്ത് ഏതെങ്കിലും ടെക്സ്റ്റൈൽസ് തുറന്നിട്ടുണ്ടോ എന്നറിയുകയായിരുന്നു ആ ചായ കുടിയുടെ പ്രധാന ഉദ്ദേശം.
നാലര ആയപ്പോൾ തന്നെ രാകേഷിന്റെ വീടിനു മുന്നിൽ സൂര്യന്റെ ബൈക്ക് എത്തി. അതിൽ നിന്നിറങ്ങി അവൻ സിറ്റൗട്ടിൽ കയറി പതിയെ വാതിലിൽ തട്ടാൻ തുടങ്ങി.
മൂന്ന് തവണ തട്ടിയപ്പോൾ തന്നെ അകത്ത് ലൈറ്റ് തെളിഞ്ഞു. പിന്നെ അവൻ തട്ടിയില്ല രാകേഷ് തന്നെയായിരുന്നു വാതിൽ തുറന്നത്.
“മറന്നിട്ടില്ലല്ലോ അല്ലേ.?” സൂര്യൻ നേരെ കാര്യത്തിലേക്ക് കടന്നു.
“ഇല്ല. അത് കൊണ്ടല്ലേ ഇത്ര നേരത്തെ ഉണർന്നത്.?” രാകേഷ് സൂര്യന്റെ ചോദ്യത്തിന് മറുചോദ്യമെറിഞ്ഞു.
“ഉം… കോഴിക്കോട് നിനക്കുള്ള പണി എന്താണെന്ന് മനസ്സിലായോ.?”
“ഇല്ല. ഏട്ടൻ പറയാതെ എനിക്കെങ്ങനെ മനസ്സിലാവാനാണ്.?”
“നാളെ പത്ത് മണി കഴിയുമ്പോൾ അരുൺ കോഴിക്കോട് ഉണ്ടാവും. അവന് നീ ഈ ലെറ്റർ കൈമാറണം. ഒരു കാരണവശാലും നിന്റെ മുഖം അവൻ കാണുകയുമരുത്.” പോക്കറ്റിൽ നിന്നും ഒരു ലെറ്ററെടുത്ത് രാകേഷിന് നൽകിക്കൊണ്ട് സൂര്യൻ പറഞ്ഞു.
“അതിന് അരുൺ ഇവിടെയല്ലേ ഉള്ളത് അവിടേക്കെത്തിച്ചാൽ പോരെ.”
“അവനെപ്പോഴേ കോഴിക്കോട് എത്തി. അവന്റെ കൂട്ടുകാരന് നേരത്തെ ബോധം വീണിരുന്നെങ്കിൽ നന്ദൻ മരിക്കുന്നതിന് മുമ്പേ അവനവിടെ എത്തുമായിരുന്നു.” കൊലച്ചിരിയോടെ സൂര്യൻ പറഞ്ഞു.
“ഏട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒന്ന് തെളിയിച്ചു പറ.”
“നീ ഇത്രയൊക്കെ അറിഞ്ഞാൽ മതി. വേഗം പോവാൻ നോക്ക്.” സൂര്യൻ സ്വരം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.
“ശരി ഞാൻ കണിച്ച് ഡ്രസ് മാറിയാൽ ഇറങ്ങാം. നേരം കളയുന്നില്ല.” സൂര്യൻ ഗൗരവത്തിൽ പറഞ്ഞതിന്റെ നീരസത്തോടെ രാകേഷ് പറഞ്ഞു.
“ശരി.” സൂര്യൻ വീണ്ടും ബൈക്കിൽ കയറി ഓടിച്ചു പോയി. അവൻ പോയ ശേഷം രാകേഷ് കുളിക്കാനായി കുളിമുറി ലക്ഷ്യമാക്കി നടന്നു.
ടെക്സ്റ്റൈൽസുകളൊന്നും തുറന്നിട്ടില്ലെന്ന് മനസ്സിലായപ്പോൾ അരുൺ ചായ കുടിച്ച ശേഷം ഹോസ്പിറ്റലിലേക്ക് തന്നെ മടങ്ങി. അവിടെ ഐ സി യു വിന് മുൻപിലുണ്ടായിരുന്ന വിപിനിന്റെ ബന്ധുക്കളോട് തനിക്കറിയുന്ന കാര്യങ്ങളെല്ലാം അരുൺ തുറന്ന് പറഞ്ഞു.
തലേന്നത്തെ സംഭവത്തിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയേണ്ടത് കൊണ്ട് വിപിനിന് ബോധം വരുന്നത് വരെ കാത്തിരിക്കാൻ അരുൺ തീരുമാനിച്ചു.
തുടർന്ന് എട്ടു മണി വരെ അരുൺ ഐ സി യു വിന് മുന്നിൽ ചിലവഴിച്ചെങ്കിലും വിപിനിന് ബോധം വന്നില്ല. അത് കൊണ്ട് തന്നെ അരുൺ ഹോസ്പിറ്റലിന് പുറത്തിറങ്ങി രണ്ട് ബക്കറ്റുകളിൽ വെള്ളം സംഘടിപ്പിച്ച് ബൊലോറോയിലെ കോ- ഡ്രൈവിങ്ങ് സീറ്റിലെ രക്തമെല്ലാം കഴുകി കളഞ്ഞു.
അതിനു ശേഷം അവൻ പോയി നേരത്തെ തുറന്ന ഒരു ടെക്സ്റ്റൈൽസിൽ നിന്നും ഒരു പാന്റും ഷർട്ടും വാങ്ങി ധരിച്ചു. പ്രഭാത ഭക്ഷണവും കഴിച്ചതിന് ശേഷമാണ് അരുൺ ഹോസ്പിറ്റലിലേക്ക് മടങ്ങിയത്.
അരുൺ ആശുപത്രിയിൽ എത്തുമ്പോൾ ഐ സി യു വിനുള്ളിൽ പോലീസ് വിപിനിന്റെ മൊഴിയെടുക്കുന്ന ജോലി തകൃതിയായി തുടരുകയായിരുന്നു. അത് തീരാനായി അരുൺ കാത്തിരിക്കാൻ തുടങ്ങി.
“അത് ശരി. അപ്പോൾ നിങ്ങളുടെ സുഹൃത്ത് അരുണിനെ ഇവിടെ വരുത്താനായാണ് താങ്കളെ തട്ടിക്കൊണ്ട് പോയത് എന്നാണോ നിങ്ങൾ പറയുന്നത്. ” ചോദ്യം എസ് ഐ രവീന്ദ്രന്റെ വകയായിരുന്നു.
തൊട്ടടുത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് കൊണ്ട് റൈറ്റർ കാര്യങ്ങൾ എഴുതിയെടുക്കുന്നുമുണ്ട്. അയാളുടെ സമീപം മറ്റൊരു കോൺസ്റ്റബിളുമുണ്ട്.
“ഞാൻ പറയുന്നതല്ല സാർ എനിക്കവരുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായതാണ്.
“എന്നിട്ട് അരുൺ എവിടെ.? എന്താണ് അയാളുടെ ജോലി.”
“അരുൺ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ് സാർ. അവൻ ഇത്രയും സമയം ഇവിടെ തന്നെ ഉണ്ടായിരുന്നു. ചായ കുടിക്കാനോ മറ്റോ പുറത്ത് പോയതാവും.”ഐ സി യു വിന്റെ വാതിൽ കൽ എത്തിയിരുന്ന അരുണിനെ അവൻ കണ്ടിരുന്നില്ല.
മയക്കം വിട്ടുണർന്ന വിപിൻ ആദ്യം തിരക്കിയത് അരുണിനെ ആയിരുന്നു. വിപിനിന്റെ അച്ഛനാണ് അരുൺ പുറത്ത് പോയതാണെന്ന വിവരം അവനെ അറിയിച്ചത്.
“അപ്പോൾ ശരി കൂടുതലായി എന്തെങ്കിലും ഓർമ്മ വരുന്നുണ്ടെങ്കിൽ അറിയിക്കണം. പിന്നെ അരുൺ വന്നാൽ അവനോട് സ്റ്റേഷൻ വരെ ഒന്ന് വരാൻ പറയണം.” എസ് ഐ രവീന്ദ്രൻ വിപിനിന്റെ കട്ടിലിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“ശരി സാർ ഞാൻ പറയാം.” എസ് ഐക്ക് മറുപടി നൽകിയ ശേഷം വിപിൻ ഐ സി യു വിന്റെ വാതിൽകലേക്കാണ് നോക്കിയത്. വാതിൽ പാതി തുറന്ന് അകത്തേക്ക് നോക്കുന്ന അരുണിനെ അവൻ കണ്ടു.
“സാർ അതാണ് അരുൺ.” ഐ സി യു വിന്റെ വാതിലിനു സമീപം നിൽ കുന്ന അരുണിന് നേർക്ക് ചൂണ്ടിക്കൊണ്ട് വിപിൻ പറഞ്ഞു. അത് കേട്ട എസ് ഐ രവീന്ദ്രനും വാതിലിനു നേരെ നോക്കി. അയാളും അരുണിനെ കണ്ടു.
ഇതിനോടകം മൊഴിയെടുക്കൽ പൂർത്തിയായിരുന്ന എസ് ഐ രവീന്ദ്രൻ പുറത്തേക്ക് നടന്നു. അരുണിന്റെ മുമ്പിലാണ് അയാളുടെ നടത്തം അവസാനിച്ചത്.
“മിസ്റ്റർ അരുൺ താങ്കൾ പോലീസ് സ്റ്റേഷൻ വരെ ഒന്ന് വരേണ്ടി വരും. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്.” സ്വരത്തിന് അൽപം ഗൗരവം കൊടുത്ത് കൊണ്ടയാൾ അരുണിനോട് പറഞ്ഞു.
“ഞാൻ അര മണിക്കൂറിനകം വരാം സാർ.”
“ഇപ്പോൾ തന്നെ വരികയാണെങ്കിൽ ഞങ്ങൾക്ക് ആ ജോലി ഇപ്പോൾ തന്നെ തീർക്കാമായിരുന്നു.”
“സോറി സാർ. എനിക്ക് വിപിനിൽ നിന്നും ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. അത് കഴിഞ്ഞാൽ എരണാകുളത്തേക്ക് മടങ്ങണം. അത് വഴി ഞാൻ സ്റ്റേഷനിൽ കയറാം.”
“ഒകെ അതികം വൈകരുത്.” എസ് ഐ രവിന്ദ്രൻ ആശുപത്രിയുടെ പുറത്തേക്ക് നടന്നു. റൈറ്ററും കോൺസ്റ്റബിളും. അയാളെ അനുഗമിച്ചു.
അരുൺ കഴിഞ്ഞ ദിവസം രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ചോദിച്ചറിയാനായി ഐ സി യു വിനുള്ളിലേക്ക് കടന്നു. വിപിൻ ശാന്തനാണെന്ന് ഉറപ്പിച്ച ശേഷം അരുൺ അവന്റെ അരികിൽ കട്ടിലിലായി ഇരുന്നു.
തൊട്ടടുത്ത് ഒരാൾ ഇരുന്നതറിഞ്ഞപ്പോൾ വിപിൻ മിഴികൾ തുറന്നു. അരുണിനെ തിരിച്ചറിഞ്ഞപ്പോൾ അവന്റെ ചുണ്ടിലൊരു ചിരിയുണർന്നു.
“വിപിൻ, എനിക്ക് നിന്നിൽ നിന്നും ചില കാര്യങ്ങൾ അറിയാനുണ്ട്.” അവന്റെ മിഴികളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.
“അവരെ എനിക്കറിയില്ല അരുൺ.”
“എനിക്ക് അതിനെക്കുറിച്ചല്ല വിപിൻ അറിയേണ്ടത്. നിന്നെ എങ്ങനെയാണവർ തട്ടിക്കൊണ്ട് പോയത്.”
“അച്ഛന് സുഖമില്ലെന്നും എത്രയും പെട്ടന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും പറഞ്ഞാണവർ അഞ്ച് മണിയോടെ എന്റെ ഓഫീസിനു മുന്നിലെത്തിയത്. അത് വിശ്വസിച്ച ഞാൻ അവർ ചൂണ്ടിക്കാണിച്ച ഒമ്നിയിൽ കയറി. പിന്നിൽ നിന്നും ഒരാൾ തൂവല കൊണ്ടെന്റെ മുഖം പൊത്തിപ്പിടിച്ചു. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ നീ കണ്ട ആ സ്ഥലത്തായിരുന്നു ഞാൻ. എനിക്ക് ബോധം വന്നയുടനെ അവർ ചെയ്തത് നിന്നെ വിളിക്കുകയാണ്.”
“അപ്പോൾ അവർ എന്റെ ലാസ്റ്റ് കോളിനു ശേഷം എന്താ ചെയ്തത്. എന്തിനാണവർ നിന്നെ കുത്തിയത്.”
“അറിയില്ലെടാ. നിന്റെ കോൾ കട്ടായ ശേഷം നീ അടുത്തെവിടെയോ എത്തിയിട്ടുണ്ടെന്നും പെട്ടന്ന് മടങ്ങണമെന്നും കൂട്ടാളികളോട് പറയുന്നത് കേട്ടു. പിന്നെ നിന്നെ ഇവിടെ പിടിച്ചിടണമെങ്കിൽ എനിക്കെന്തെങ്കിലും പറ്റണമെന്നും പറഞ്ഞു. അതിനായിരിക്കാം അവരെന്നെ കുത്തിയത്.” വിപിൻ തന്റെ ഊഹം പറഞ്ഞു.
“എന്നെ ഇവിടെ പിടിച്ചിടണമെന്നോ.? അത് കൊണ്ട് അവർക്കെന്താ കാര്യം.”
“അതിന് വ്യക്തമായ ഉത്തരം എനിക്കറിയില്ല. പക്ഷേ നിന്നെ എരണാകുളത്ത് നിന്ന് ഇന്നലെ രാത്രി മാറ്റുക എന്നായിരുന്നു അവരുടെ ഉദ്ദേശം. അതിലവർ വിജയിക്കുകയും ചെയ്തു.”
“എന്നെ ഇവിടെ നിർത്തിയിട്ട് അവർക്കെന്ത് കാര്യമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തായാലും ഞാൻ മടങ്ങുകയാണ്. എന്റെ സഹപ്രവർത്തകൻ അവിടെ മരിച്ച് കിടക്കുകയാണ്. എത്രയും പെട്ടന്ന് എനിക്കവിടെ എത്തിയേ പറ്റൂ.”
“സഹപ്രവർത്തകൻ മരിക്കുകയോ എന്താടാ നീ ഈ പറയുന്നത്. ” ഞെട്ടലോടെ വിപിൻ ചോദിച്ചു.
അരുൺ നന്ദന്റെ മെസേജ് കണ്ടതും ലോഡ്ജിൽ പോയി നോക്കിയതും അവിടെ കണ്ട കാഴ്ച്ചകളും ചുരുക്കി അവനോട് വിവരിച്ചു.
“എങ്കിൽ നീ മടങ്ങിക്കോളൂ. ഇവിടുത്തെ കാര്യങ്ങൾ നോക്കാനൊക്കെ ഇനി അച്ഛനുണ്ടല്ലോ. പിന്നെ പോകുന്ന വഴി സ്റ്റേഷനിൽ കയറാൻ മറക്കണ്ട.” നന്ദന്റെ മരണവാർത്ത അറിഞ്ഞതിന് ശേഷമുള്ള വിപിനിന്റെ മറുപടി അതായിരുന്നു.
“ഇല്ലെടാ. ഞാൻ പോയിട്ട് പിന്നെ വരാം.” അരുൺ വിപിനോട് യാത്ര പറഞ്ഞ ശേഷം ഐ സി യു വിന് പുറത്തിറങ്ങി.
ഐ സി യു വിന് പുറത്ത് നിന്ന വിപിനിന്റെ അച്ഛനോടും അരുൺ കാര്യങ്ങൾ ചുരുക്കി പറഞ്ഞ ശേഷം യാത്ര പറഞ്ഞിറങ്ങി. അവൻ നേരെ പോയത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കാണ്. അവൻ വേഗം തന്നെ എസ് ഐ രവീന്ദ്രന്റെ മുന്നിലെത്തി.
“സാർ എന്താണ് ത്തിൽ നിന്നും അറിയാനുള്ളത്.” പരിചയപ്പെടുത്തലിന് ശേഷം അരുൺ ചോദിച്ചു.
“മിസ്റ്റർ അരുൺ, വിപിനിനെ കുത്തിയവരെ കുറിച്ച് നിങ്ങൾക്ക് അറിയുണ്ടോ.?”
“പേരും മറ്റും അറിയില്ല. എങ്കിലും ഞാനിപ്പോൾ അന്വേഷിക്കുന്ന കേസിലെ പ്രതികൾ ആയിരിക്കുമെന്ന് ഞാൻ ഊഹിക്കുന്നു.”
“അത് ശരി. നിങ്ങളുടെ അന്വേഷണത്തിന് മുടക്കം വരുത്താനാണ് അവരങ്ങനെ ചെയ്തതെന്ന് താങ്കൾ ഊഹിക്കുന്നു അല്ലേ.”
“ഊഹമല്ല സാർ അവരിൽ നിന്നും കുത്ത് കൊണ്ട വിപിൻ തന്നെ പറഞ്ഞതാണ് ഈ കാര്യം. അവനവരിൽ നിന്നും കേട്ടതാണ് ഈ കാര്യങ്ങൾ.
“ഓകെ. നിങ്ങളുടെ പേരും അഡ്രസും ഫോൺ നമ്പറും ഐഡി കാർഡിന്റെ കോപ്പിയും റൈറ്ററെ ഏൽപ്പിച്ച ശേഷം നിങ്ങൾക്ക് പോവാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം. പെട്ടന്ന് എത്തിയാൽ മതി.”
“വളരെ നന്ദിയുണ്ട് സാർ.” അരുൺ എസ് ഐ രവീന്ദ്രന് നന്ദി പറഞ്ഞ ശേഷം അവിടെ നിന്നും ഇറങ്ങി റൈറ്ററുടെ മുമ്പിലെത്തി.
എസ് ഐ ആവശ്യപ്പെട്ട സാധനങ്ങൾ റൈറ്റർക്ക് കൈമാറി. അയാൾക്ക് കൂടി ഒരിക്കൽ കൂടി നന്ദി പറഞ്ഞ ശേഷം അരുൺ സ്റ്റേഷനിൽ നിന്നിറങ്ങി. അപ്പോഴേക്കും പത്ത് മണി ആയിരുന്നു.
അരുൺ തന്റെ ബൊലോ റോയിൽ കയറി. പിൻ സീറ്റിൽ നന്ദന്റെ ബാഗ് ഇണ്ടെന്നപ് ഉറപ്പു വരുത്തിയ ശേഷം ബൊലേറോ സ്റ്റാർട്ട് ചെയ്തു. ഇനി എത്രയും പെട്ടന്ന് നന്ദന്റെ ലോഡ്ജിനു മുന്നിലെത്തണം. സമയം വൈകുന്നത് കൂടുതൽ അപകടം വിളിച്ച് വരുത്തും. അരുൺ മനസ്സിലോർത്തു.
അരുണിന്റെ കാൽ പാദം ആക്സിലേറ്ററിൽ അമർന്നു. ബൊലേറോ എടുത്തടിച്ചത് പോലെ മുമ്പോട്ട് കുതിച്ചു.
കാറ്റ് മുഖത്തടിച്ചപ്പോഴാണ് തലേ ദിവസത്തെ ഉറക്കത്തിന്റെ പോരായ്മ അരുൺ മനസ്സിലാക്കിയത്. സൈഡ് ഗ്ലാസുകൾ പൊക്കി നോക്കിയപ്പോൾ കണ്ണുകൾ ചൂട് കൊണ്ട് പുകയുന്ന ഒരവസ്ഥ ചെറിയ നീറ്റലുമുണ്ട്.
കണ്ണുകളിൽ എന്തോ തടയുന്നത് പോലെ അവൻ വീണ്ടും സൈഡ് ഗ്ലാസുകൾ താഴ്തി തന്നെ വെച്ചു. തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ ഉറക്കം വല്ലാതെ ശല്യം ചെയ്യുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.
കാപ്പാട് കഴിഞ്ഞപ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്. നമ്പർ നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറാണ്. എങ്കിലും അവൻ ബൊലേറോ റോഡിന്റെ സൈഡിലേക്കൊതുക്കി നിർത്തി ആ കോൾ അറ്റന്റ് ചെയ്തു. “ഹലോ.”
“ഹായ് അരുൺ. ചെമ്മണ്ണൂർ ഫാഷൻ ജ്വല്ലറിക്ക് മുന്നിൽ നിൽക്കുക. നിനക്കൊരു സമ്മാനം അവിടെ കാത്തിരിക്കുന്നു.” അഹങ്കാരം നിറഞ്ഞതായിരുന്നു ആ സ്വരം.
“നിങ്ങളെന്തിനാണ് എനിക്ക് വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നത്. അവരെ ഒഴിവാക്കി നീ എന്റെ അടുത്തേക്ക് വാ. നമുക്ക് നേർക്ക് നേർ മുട്ടി നോക്കാം. മറഞ്ഞിരുന്ന് കളിക്കുന്നത് ഒറ്റതന്തക്ക് പിറന്നതിന്റെ ലക്ഷണമല്ല.” അരുൺ ഫോൺ വിളിക്കുന്നയാളെ ചൊടിപ്പിക്കാനായി പറഞ്ഞു.
“ഹ ഹ ഹ. നീ നൈസായി എന്റെ തന്തക്ക് പറഞ്ഞു അല്ലേ.? ഞാനത് വിട്ട് കളയുന്നു. കാരണം ഇത് നീ എന്നെ മനഃപൂർവ്വം പ്രകോപിപ്പിക്കാനായി പറയുന്നതാണ്. പിന്നെ വിപിനിന്റെ കാര്യമോർത്താണ് നീ നേർക്ക് നേർ മുട്ടാൻ വിളിച്ചതെങ്കിൽ നിനക്കുള്ള സർപ്രൈസ് എരണാകുളത്ത് റെഡിയാണ്. അതിന് മുമ്പായി കോഴിക്കോട് നിന്നും നിന്റെ സമ്മാനം കൈപറ്റുക.” അപ്പുറത്ത് ഫോൺ ഡിസ്കണക്ട് ആയി.
അരുൺ കോപത്തോടെ മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങ് വീലിൽ ആഞ്ഞിടിച്ചു. അവന്റെ മുഖം കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. എരണാകുളത്തെ സർപ്രൈസ് നന്ദന്റെ മരണമായിരിക്കുമെന്ന് അവന് മനസ്സിലായി.
താനവിടെ നേരത്തെ എത്താതിരിക്കാനാവാം തന്നെ പ്ലാൻ ചെയ്ത് ഇവിടെ എത്തിച്ചത് പ്ലാനിൽ സംഭവിച്ച പിഴവ് കാരണമാണ് തനിക്ക് മുൻകൂട്ടി നന്ദന്റെ മരണം അറിയാൻ കഴിഞ്ഞത്.
അരുൺ വീണ്ടും ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. കോഴിക്കോട് ടൗൺ ലക്ഷ്യമാക്കി ബൊലേറോ മുമ്പോട്ട് കുതിച്ചു. ഇപ്പോൾ വന്ന ഫോൺ കോളോടെ അരുണിന്റെ കണ്ണുകളിൽ എത്തിയ ഉറക്കം അവനെ വിട്ടകന്നിരുന്നു.
ഏതാനും മിനിറ്റുകൾക്കകം അരുൺ ബൊലേറോയുമായി ചെമ്മണ്ണൂർ ഫാഷൻ ജ്വല്ലറിക്ക് മുമ്പിലെത്തി. അല്പസമയം അവിടെ നിർത്തിയെങ്കിലും തന്നെ തിരഞ്ഞു വന്ന ആരെയും അവന് കണ്ടെത്താനായില്ല.
അരുൺ തനിക്ക് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു നോക്കി. ആ നമ്പർ അപ്പോഴേക്കും സ്വിച്ച് ഓഫ് ആയിരുന്നു. അരുണിനു താൻ തലയ്ക്ക് മുകളിൽ എടുത്താൽ പൊങ്ങാത്ത ഭാരം ചുമന്നു നിൽക്കുന്നവന്റെ അവസ്ഥയിലാണ് എന്ന ഒരു തോന്നൽ ഉണ്ടായി.
അവൻ കോപത്തോടെ ബൊലേറോ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. പെട്ടെന്നാണ് പതിനാറ് വയസ്സ് പ്രായം തോന്നുന്ന ഒരു കുട്ടി ബൊലേറോ യുടെ മുന്നിലേക്ക് തെറിച്ചു വീഴുന്നത് അരുൺ കണ്ടത്. അവന്റെ കാൽ ബ്രേക്കിൽ ആഞ്ഞമർന്നു.
നിലത്തു കിടക്കുന്ന ആ കുട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബൊലേറോ സഡൻ ബ്രേക്ക് ഇട്ടു. വണ്ടി ഓഫ് ചെയ്ത ശേഷം അരുൺ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. വീണു കിടക്കുന്ന കുട്ടിയെ എഴുന്നേൽപ്പിച്ചപ്പോഴാണ് അവന്റെ കൈകാലുകൾ കൂട്ടിക്കെട്ടി ഇരിക്കുകയാണെന്ന് മനസ്സിലായത്.
“വല്ലതും പറ്റിയോടാ.” അനുകമ്പയോടെ അരുൺ ആ പയ്യനോട് ചോദിച്ചു.
“ഇല്ല സർ ഒരു നിമിഷം ഞാൻ ആകെ ഒന്ന് ഭയന്നു പോയി.”
“ആരാണ് നിന്റെ കൈകാലുകൾ കൂട്ടിക്കെട്ടി റോഡിലേക്ക് തള്ളിയിട്ടത്.” അവന്റെ കയ്യിലെ കെട്ടുകൾ അഴിച്ചു കൊണ്ട് അരുൺ അവനോട് ചോദിച്ചു.
“അറിയില്ല സാർ. അവരെ പിന്നിലായിരുന്നു നിന്നത്. അവർ എന്റെ പോക്കറ്റിൽ എന്തോ ഒന്ന് തിരുകി വെക്കുകയും ചെയ്തിരുന്നു. അരുൺ അവന്റെ കാലുകളിലെ കെട്ട് അഴിക്കുന്ന സമയം, അവൻ തന്റെ പോക്കറ്റിൽ നിന്നും ഒരു ലെറ്റർ എടുത്തു കൊണ്ട് അരുണിനോട് പറഞ്ഞു.
അവന്റെ കാലുകൾ സ്വതന്ത്രമാക്കിയ ശേഷം അവൻ നീട്ടിയ ലെറ്റർ കണ്ടപ്പോൾ അരുണിന് കാര്യം മനസ്സിലായി. ലെറ്റർ തന്റെ കയ്യിൽ എത്തിക്കാൻ ശത്രുക്കൾ ഉപയോഗിച്ച് വഴിയാണ് ഈ പയ്യൻ. അവൻ വേഗം കൈനീട്ടി ആ പേപ്പർ വാങ്ങി.
അപ്പോഴേക്കും പിന്നിലുള്ള വാഹനങ്ങൾ ഹോൺ അടിക്കാൻ തുടങ്ങിയിരുന്നു. തന്റെ വാഹനത്തിന് പിന്നിൽ റോഡ് ബ്ലോക്ക് ആണെന്ന് അരുൺ തിരിച്ചറിഞ്ഞു. അരുൺ ആ പയ്യനെയും കൂട്ടി പെട്ടെന്നു തന്നെ ബൊലേറോയിൽ കയറി അത് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തു.
കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ ബൊലേറോ പാർക്ക് ചെയ്യാൻ പറ്റുന്ന ഒരിടം കണ്ടപ്പോൾ അരുൺ ആകെ ഗ്യാപ്പിലേക്ക് തന്റെ വാഹനം കയറ്റി നിർത്തി. ശേഷം അവൻ ആ ലെറ്റർ തുറന്ന് വായിക്കാൻ തുടങ്ങി.
ഇത് നിന്റെ അവസാനത്തെ അവസരമാണ് അരുൺ. ഈ കേസിൽ നിന്ന് പിന്മാറാൻ നിനക്കിനി ഇത് പോലൊരു അവസാനമുണ്ടാവുകയുമില്ല. നിനക്കുള്ള യഥാർത്ഥ സമ്മാനം എരണാകുളത്ത് കാത്തിരിക്കുന്നു. ഇനിയുള്ള തീരുമാനങ്ങൾ വിവേകപൂർവ്വമുള്ളതാവട്ടെ.
ആ കുറിപ്പ് വായിച്ചു കഴിഞ്ഞ അരുണിന് എന്തെന്നില്ലാത്ത കോപമാണ് തോന്നിയത്. അപ്പോഴാണ് അരുണിന് തൊട്ടടുത്തിരിക്കുന്ന പയ്യനെ ഓർമ്മ വന്നത്.
“നിന്റെ വിടെ വിടെയാണ്.” അരുൺ ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്ത് കൊണ്ട് ചോദിച്ചു.
“മലപ്പുറത്താണ് സാർ.”
“എങ്കിൽ ഞാൻ നിന്നെ രാമനാട്ടുകരയിൽ ഇറക്കാം. അവിടുന്ന് ബസ്സിന് പോകുമല്ലോ അല്ലേ.?” അരുൺ ആ പയ്യന്റെ വീട് പോകുന്ന വഴിക്ക് തന്നെയാണല്ലോ എന്നതിന്റെ ആശ്വാസത്തിലാണ് ചേദിച്ചത്.
“വേണ്ട സാർ ഞാനൊരു ജോലിക്ക് വേണ്ടി ഇറങ്ങിയതായിരുന്നു. എനിക്ക് പ്രായമായില്ലെന്ന് പറഞ്ഞ് അവരെന്നെ കോഴിക്കോട് ഇറക്കി വിട്ടു.” സങ്കടത്തോടെ ആയിരുന്നു അവന്റെ മറുപടി.
“പ്രായമായില്ലെന്നോ.? നീ എന്ത് ജോലിക്കാണ് പോയത്.? നിനക്കെത്ര വയസ്സായി.? നീ എന്ത് ചെയ്യുന്നത്.? എന്താ നിന്റെ പേര്.?” അരുൺ തുടരെ തുടരെ ചോദ്യങ്ങൾ ചോദിച്ചു.
“ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചാൽ ഞാനെങ്ങനെ പറയാനാ. എന്തായാലും ഞാൻ ആദ്യം എന്നെ യൊന്ന് പരിചയപ്പെടുത്താം. എന്റെ പേര് അസദ് അലി. എല്ലാവരും അലി എന്ന് വിളിക്കും. ഇപ്പോൾ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു. രണ്ട് മാസത്തെ അവധിയുണ്ട്. അപ്പോഴേക്കും പണിയെടുത്ത് പഠിക്കാനുള്ള പണമുണ്ടാക്കാനായി ബോംബെയിയിലേക്ക് ബ്രിഡ്ജിന്റെ പണിക്ക് പോകാനായി ഇറങ്ങിയതായിരുന്നു.” അവന്റെ മറുപടിയിൽ സങ്കടമുണ്ടായിരുന്നു.
“അപ്പോൾ നിനക്ക് കഷ്ടിച്ച് പതിനാറ് വയസ്സ് അല്ലേ.”
“അല്ല. പതിനേഴ് കഴിഞ്ഞു. വാടക വീടുകൾ മാറി മാറി താമസിക്കുന്നതിനിടയിലെപ്പോഴോ രണ്ട് വർഷം നഷ്ടപ്പെട്ടു.”
“സാരമില്ലെന്നേ എല്ലാം ശരിയാവും.” അരുൺ ഡ്രൈവിങ്ങിന് ശ്രദ്ധ കൊടുത്ത് കൊണ്ട് പറഞ്ഞു.
“ഞാൻ ചോദിക്കുന്നത് കൊണ്ട് സാറൊന്നും കരുതരുത്. എനിക്കൊരു ജോലി തരാൻ സാറിന് കഴിയുമോ.?” അലി പ്രതീക്ഷയോടെ അരുണിനെ നോക്കിക്കൊണ്ട് ചോദിച്ചു.
“അതിന് നിനക്കെന്തൊക്കെ ജോലി അറിയാം.?”
“അങ്ങനെ പ്രത്യേഗിച്ചൊരു ജോലിയും ഞാൻ പഠിച്ചിട്ടില്ല. പക്ഷേ എന്നെക്കൊണ്ടാവുന്ന എന്ത് ജോലി ചെയ്യാനും ഞാൻ തയ്യാറാണ്.”
അരുൺ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യം പോലും വേണ്ടിയിരുന്നില്ല എന്നവന് തോന്നി. അവൻ ഡ്രൈവിങ്ങിന് കൂടുതൽ ശ്രദ്ധ കൊടുത്തു.
“സാറ് വിചാരിച്ചാൽ സാറിന്റെ നാട്ടിൽ എനിക്കെന്തെങ്കിലും ജോലി സംഘടിപ്പിച്ചു തരാൻ സാറിന് കഴിയില്ലേ.” അലി പ്രതീക്ഷയോടെ തന്നെ അരുണിനെ നോക്കി. അവന്റെ മുഖത്ത് യാചനാ ഭാവം നിഴലിച്ചിരുന്നു.
“നമുക്ക് നോക്കാം.” അവനെ സമാധാനിപ്പിക്കാനെന്നോണം അവൻ പറഞ്ഞു. അങ്ങനെ പറയാനാണ് അവന്റെ മനസ്സിലപ്പോൾ തോന്നിയത്. ഉറക്കം വീണ്ടും കൺ പോളകളെ തടവാൻ തുടങ്ങിയതും കണ്ണുകളിൽ വെള്ളം നിറയുന്നതും അവനറിഞ്ഞു.
“നിനക്ക് ഡ്രൈവിങ്ങ് അറിയുമോ.?” അരുൺ വണ്ടിയുടെ വേഗത കുറച്ച് കൊണ്ട് അലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“ബൈക്ക് ഒക്കെ ചെറുതായിട്ട് ഓടിച്ചു നോക്കിയിട്ടുണ്ട്. സാറിന് ഉറക്കം വരുന്നുണ്ടല്ലേ.? ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലെന്ന് തോന്നുന്നു.”
“അതെങ്ങനെ നിനക്ക് മനസ്സിലായി.” താൽപര്യത്തോടെ ആയിരുന്നു അരുണിന്റെ ചോദ്യം.
“നിങ്ങളുടെ കൺതടങ്ങളിലെ ഇരുളിമയാണ് ഇന്നലെ രാത്രി ഉറങ്ങിയില്ലെന്ന് തോന്നാൻ കാരണം. പിന്നെ ഉറക്കം വന്നിട്ട് ഉറങ്ങാതിരിക്കുമ്പോൾ കൺപോളകൾ തടിച്ച് വീർക്കുകയും കണ്ണ് കലങ്ങുകയും ചെയ്യും. ഇത് രണ്ടും കണ്ടത് കൊണ്ട് ചോദിച്ചതാണ്.” അലി മറുപടി നൽകി.
“അത് ശരി. താൻ കൊള്ളാലോ.? എങ്കിൽ എന്നെ കുറിച്ച് പറ. ഞാനത് ശരിയാണോന്ന് നോക്കട്ടെ.”
“സാറിനെ കുറിച്ച് ഞാനെന്ത് പറയാനാണ്.?” കുസൃതി ചിരിയോടെ അലി അരുണിനെ നോക്കി ചോദിച്ചു.
“ഞാനാരാണ്.?, എന്റെ സ്ഥലം എവിടെയാണ്.?, ഞാനെന്ത് ചെയ്യുന്നു.?
“സാറൊരു ഓഫീസിൽ ജോലി ചെയ്യുന്ന ആളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ശാരീരിക അധ്വാനമില്ലാത്ത ജോലി ചെയ്യുന്നു. എന്താ ശരിയാണോ.?”
“ശരിയാണ്. പക്ഷേ അത് നിനക്കെങ്ങനെ മനസ്സിലായി.” അരുൺ ആകാംഷയോടെ ചോദിച്ചു.
“ഉത്തരം വളരെ എളുപ്പമാണ്. സാറ് വണ്ടി നിർത്തി എന്നെ എഴുന്നേൽപ്പിച്ചപ്പോൾ മനസ്സിലായതാണ് സാറിന്റെ കയ്യുകളുടെ മൃദുത്വം. ശാരീരിക അധ്വാനമുള്ള ഒരാളുടെ കൈ ഇത്രക്ക് സോഫ്റ്റ് ആവില്ല.”
“very good. ഇനി ബാക്കി ചോദ്യങ്ങൾക്കുള്ള മറുപടി താ.”
“പറയാം അതിനു മുമ്പ് ഒരു ചോദ്യം ഈ കാറ് സാറ് പുതിയത് വാങ്ങിയതാണോ.? അതോ പഴയത് വാങ്ങിയതാണോ.?”
“ഞാൻ മൂന്ന് വർഷം മുമ്പാണ് ഇത് വാങ്ങിയത് പുതിയത് തന്നെ വാങ്ങിയതാണ്.”
“എങ്കിൽ സാറിന്റെ വീട് എരണാകുളത്ത് തീരപ്രദേശത്തിനടുത്താണ് സാറിന്റെ താമസം. സാറിന്റെ വാഹനത്തിന്റെ നമ്പറും വണ്ടിയുടെ മാറ്റിലുള്ള മണൽ തരികളുമാണ് ഇങ്ങനെ ഒരു അനുമാനത്തിലെത്താൻ കാരണം.”
“നീ പറഞ്ഞതയും ശരിയാണ് ഇനി ഞാൻ ആരാണ് എന്നതിനെ കുറിച്ച് പറയൂ.”
“സാറ് ആരാണെന്നതിനെ കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാൻ കഴിയില്ല. ഏകദേശം ഇരുപത്തിയേഴോളം വയസ് പ്രായ മുള്ള നിങ്ങൾക്ക് അഞ്ചരയടി ഉയരമാണുള്ളത്. വീട്ടിൽ സാറ് തനിച്ചാണ് താമസം.” അലി പറഞ്ഞ് നിർത്തി.
“ബാക്കി.?” അലി പറഞ്ഞ് നിർത്തി നാല് മിനുട്ടിന് ശേഷമായിരുന്നു അരുണിന്റെ ചോദ്യം.
“ഇത്രയേ എനിക്ക് മനസ്സിലായിട്ടുള്ളു സാർ. കൂടുതൽ ഊഹങ്ങൾ പറയാൻ ഞാനാളല്ല.”
“Ali you are brilliant. നീ പറഞ്ഞതത്രയും ശരിയാണ്.” ആരാധനാ ഭാവത്തോടെ അലിയെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.
“thank you sir.”
“anyway I am Arun. ഞാൻ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്.”
“സി ഐ ഡി.?” കൗതുകത്തോടെ അലി അരുണിനെ നോക്കിക്കൊണ്ട് ചോദിച്ചു.
“അതേ.” ഡ്രൈവിങ്ങിന് ശ്രദ്ധ കൊടുത്ത് കൊണ്ട് വണ്ടിയുടെ വേഗം വർദ്ധിപ്പിക്കുന്നതിനിടയിൻ അരുൺ മറുപടി നൽകി.
“ഇന്നലെ രാത്രി വളരെ പ്രധാനപ്പെട്ട കാര്യത്തിനാണല്ലേ സാറ് കോഴിക്കോട് എത്തിയത്. അത്രത്തോളം പ്രധാന്യമർഹിക്കുന്ന ഒരു കാര്യം ഇന്നവിടെയും ഉണ്ടെന്ന് തോന്നുന്നു.”
“കോഴിക്കോട് അല്ല വടകര. അരുൺ തിരുത്തി.”
“രണ്ടും കോഴിക്കോട് തന്നെയാണ് സാർ. പിന്നെ ഞാനുദ്ദേശിച്ചത് നമ്മൾ കണ്ട് മുട്ടിയത് കോഴിക്കോട് നിന്നാണല്ലോ.?”
“അതേ.” അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എനിക്കും വലുതാകുമ്പോൾ കു സി ഐ ഡി ആവണമെന്നാണ് ആഗ്രഹം.” ഒരു നെടുവീർപ്പോടെ പറഞ്ഞു.
“നിനക്കൊരു സി ഐ ഡി ആവാനെന്താ ഇത്ര ആഗ്രഹം.” ചെറിയൊരു കൗതുകത്തോടെ അരുൺ ചോദിച്ചു.
“അങ്ങനെ പ്രത്യേഗിച്ച് കാരണമൊന്നുമില്ല. സാർ ആർതർ കോനൻ ഡോയലിന്റെ ഷെർലോക്ക് ഹോംസ്, പിന്നെ കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് പുഷ്പനാഥ് ഇവരെല്ലാം എനിക്ക് വളരെയതികം ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. ആ കഥകൾ വായിച്ച് അവരെ പോലെ ആവാനുള്ള ആഗ്രഹമാവാം.”
“ഓകെ. ഇനി നമുക്ക് കഥയെല്ലാം അവിടെ ചെന്നതിനു ശേഷമാവാം. തൽകാലം നമുക്കെന്തെങ്കിലും കഴിച്ചിട്ട് പോവാം. സമയം പന്ത്രണ്ട് മണി ആയിരിക്കുന്നു.” വാച്ചിലേക്ക് നോക്കിക്കൊണ്ടാണ് അരുൺ അത് പറഞ്ഞത്. അപ്പോഴേക്കും അവർ ഗുരുവായൂർ എത്തിയിരുന്നു.
വണ്ടി പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിന് മുമ്പിലാണ് അരുൺ വണ്ടി നിർത്തിയത്. അരുൺ ഭക്ഷണം കഴിക്കാൻ അലിയ ക്ഷണിച്ചപ്പോൾ അവൻ സ്നേഹപൂർവ്വം അത് നിരസിച്ചെങ്കിലും അരുൺ അത് വകവെച്ചില്ല. അരുൺ നിർബന്ധിച്ച് അവനെ വണ്ടിയിൽ നിന്നുമിറക്കി.
ഭക്ഷണം കഴിച്ച ശേഷം അവർ വീണ്ടും യാത്ര തിരിച്ചു. മൂന്നര മണി ആയപ്പോഴാണ് അവരിരുവരും എരണാകുളത്തെത്തിയത്. അവിടെ നിന്നും അവരാദ്യം പോയത് നന്ദൻ മേനോന്റെ ലോഡ്ജിലേക്കായിരുന്നു പോയത്.
“അലി, ഒരു മരണം നടന്ന സ്ഥലത്തേക്കാണ് നമ്മൾ പോകുന്നത്. ഗ്ലൗസിട്ട കൈ കൊണ്ടല്ലാതെ അവിടെയുള്ള ഒരു വസ്ഥുവിലും സ്പർശ്ശിക്കരുത്. സ്ഥലം നല്ലവണ്ണം നിരീക്ഷിക്കുക. അനാവശ്യമായ ഒരു പ്രവർത്തനങ്ങളും നിന്റെ ഭാഗത്ത് നിന്നുണ്ടാവാൻ പാടില്ല.” നന്ദൻ മേനോന്റെ മുമ്പിലെത്തിയപ്പോൾ ഉപദേശ രൂപേണ അരുൺ അലിയോട് പറഞ്ഞു.
ശേഷം കാറിന്റെ ഡാഷ് ബോർഡിൽ നിന്നും ഒരു ജോഡി ഗ്ലൗസുകളെടുത്ത് അവൻ അലിക്ക് നൽകി.
“ഇല്ല സാർ.” അലി ഗ്ലൗസ് വാങ്ങിക്കൊണ്ടു് മറുപടി നൽകി.
അരുൺ ലോഡ്ജിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തി. പരിസരമെല്ലാം നിരിക്ഷിച്ച ശേഷം അരുണും അലിയും അതിൽ നിന്നിറങ്ങി. കാർപ്പെറ്റിനടിയിൽ നിന്ന് താക്കോലെടുത്ത് അവൻ വേഗം വാതിൽ തുറന്നു. പിന്നാലെ നിഴൽ പോലെ അലിയും ഉണ്ടായിരുന്നു.
“സാർ, അകത്ത് കയറരുത്. ഇതൊരു ആത്മഹത്യയല്ല കൊലപാതകമാണ്.” കയറിൽ തൂങ്ങിക്കിടക്കുന്ന നന്ദന്റെ ശരീരത്തിലേക്കും മറിഞ്ഞു വീണു കിടക്കുന്ന സ്റ്റൂളിലേക്കും നിലത്തേക്കും നോക്കിക്കൊണ്ട് അലി അരുണിനോടായി പറഞ്ഞു.
“നിനക്കെന്താ അങ്ങനെ തോന്നാൻ കാരണം.” അരുൺ അലിയുടെ നേരെ തിരിഞ്ഞ് സംശയത്തോടെ ചോദിച്ചു.
“സാർ, നിലത്ത് കാണുന്ന ഈ ചെരിപ്പുകളുടെ അടയാളങ്ങൾ നോക്കൂ. ഒന്നും വ്യക്തമല്ല. ഒന്നിനു മേലേ മറ്റൊന്ന് പതിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ ഒരു പാട് ആളുകൾ ഇവിടെ കയറിയിരുന്നു എന്ന് മനസ്സിലാക്കാം. ഒരാൾ മാത്രം താമസിക്കുന്നയിടത്ത് ഇങ്ങനെ ഒരു പാട് കാലടയാളങ്ങൾ കാണുമ്പോൾ ഒരു സംശയം. ഇവിടെ ഒരു പാട് പേരുണ്ടായിരുന്നു എന്ന്. “
“ഇതൊരു കൊലപാതകമാണെന്ന് എനിക്കും അറിയാം അലി. പക്ഷേ നമുക്ക് ഇതിനകത്ത് കയറാതിരിക്കാൻ പറ്റില്ല. നന്ദൻ മരണപ്പെടുന്നതിന് തൊട്ട് മുമ്പ് എനിക്കൊരു മെസേജ് അയച്ചിരുന്നു. ഇതൊന്ന് വായിച്ചു നോക്ക്. നിനക്കപ്പോൾ കാര്യങ്ങൾ മനസ്സിലാവും.” അരുൺ തന്റെ ഫോണിൽ നന്ദന്റെ മെസേജ് ഓപ്പൺ ആക്കിക്കൊണ്ട് അലിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
അലി അരുണിന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ആ മെസേജ് വായിച്ചു.അവന്റെ നെറ്റിയിൽ ചുളിവുകൾ വീണു. “അപ്പോൾ ലാപ്ടോപ്പും വോയ്സ് റെക്കോർഡറും കണ്ടെത്തണം അല്ലേ.” ഫോൺ അരുണിന് തിരികെ നൽകിക്കൊണ്ടു് അലി ചോദിച്ചു.
” അതേ. ഈ മെസേജ് ഞാൻ രാത്രി തന്നെ കണ്ടിരുന്നു. അപ്പോൾ എനിക്ക് ലാപ്ടോപ്പ് മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു. വോയ്സ് റെക്കോർഡർ കിട്ടിയില്ല. പോലിസ് എനിക്ക് മുമ്പേ ഇവിടെത്തിയാൽ ഒരു പക്ഷേ അത് നമ്മുടെ കയ്യിൽ കിട്ടിയെന്ന് വരില്ല. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഞാൻ വാതിൽ പൂട്ടിപ്പോയത്.” അരുൺ വിശദീകരിച്ചു.
“അപ്പോൾ നമുക്കെത്രയും പെട്ടന്ന് ആ വോയ്സ് റെക്കോർഡർ തിരഞ്ഞെടുക്കണം അല്ലേ സാർ.”
“അതേ. അതിന് ശേഷം മാത്രമേ നമുക്കീ വിവരം പുറത്തറിയിക്കാൻ കഴിയൂ.” മറുപടി നൽകുന്നതിനൊപ്പം തന്നെ അരുൺ തിരച്ചിലാരംഭിച്ചു കഴിഞ്ഞിരുന്നു.
അരുണിന് ആദ്യം നന്ദന്റെ മൊബൈൽ ഫോണാണ് കിട്ടിയത്. അതവൻ ഓപ്പൺ ചെയ്ത് പരിശോദിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ അതിലുണ്ടായിരുന്നില്ല. അതിൽ നിന്ന് അരുണിനയച്ച മെസേജും അതിലുണ്ടായിരുന്നില്ല. അവൻ വീണ്ടും തിരച്ചിലാരംഭിച്ചു.
കുറച്ച് സമയത്തെ തിരച്ചിലിനകം തന്നെ അവരിരുവർക്കും അത് കണ്ടെത്താൻ കഴിഞ്ഞു. അലമാരയിലെ വസ്ത്രത്തിനടിയിൽ നിന്നാണ് അരുണിന് അത് കിട്ടിയത്.
“അലി, സാധനം കിട്ടി. മാറ്റിയ സാധനങ്ങൾ യഥാസ്ഥാനത്ത് വെച്ചാൽ നമുക്ക് മടങ്ങാം.” അരുൺ വോയ്സ് റെക്കോർഡർ അലിക്ക് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു.
തിരച്ചിലിനായി മാറ്റിയ സാധനങ്ങൾ അവരിരുവരും കൂടി പെട്ടന്ന് തന്നെ തിരച്ചിലിനായി നിരത്തിയ സാധനങ്ങൾ യഥാസ്ഥാനത്ത് തിരികെ വെച്ചു.
അനന്തരം അരുൺ പുറത്തിറങ്ങി പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തി. “അലി. നീ വന്ന് വണ്ടിയിൽ കയറ്. എത്രയും പെട്ടന്ന് തന്നെ നമുക്ക് ഇവിടെ നിന്ന് മടങ്ങണം.”
“എന്തിനാണ് സാർ പെട്ടന്ന് മടങ്ങുന്നത്.? നമുക്ക് തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചാൽ പോരെ.”
“പറ്റില്ല. കാരണം നിന്നെ ഇപ്പോൾ മറ്റുള്ളവർ കാണാൻ പാടില്ല. അത് നിനക്കപകടം ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നു.” അരുൺ ബൊലേറോയുടെ നേർക്ക് നടന്ന് കൊണ്ട് പറഞ്ഞു.
“എന്താ സാർ അങ്ങനെ പറഞ്ഞത്.” അരുണിന് പിന്നാലെ ഇറങ്ങിക്കൊണ്ട് അലി ചോദിച്ചു.
എന്റെ കൂടെ കൂടിയവരെയെല്ലാം ഇത് വരെ നഷ്ടമായിട്ടേയുള്ളു. ഇപ്പോൾ എന്റെ കൂടെ നിന്നെ എന്റെ ശത്രുക്കൾ കണ്ടാൽ നാളെ നിന്റെയും അവസ്ഥ അതു തന്നെ ആയിരിക്കും. അത് കൊണ്ട് അത് വേണ്ട.”
“അപ്പോൾ സാറ് എന്നെ സാറിന്റെ കൂടെ കൂട്ടി അല്ലേ.”
“കൂടെ കൂട്ടിയാലും ഇല്ലെങ്കിലും അത് കാണുന്നവർക്ക് അങ്ങനെയേ തോന്നൂ. ഒരു റിസ്ക്കെടുക്കാൻ വയ്യ.” അരുൺ ബൊലേറോയിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
“എങ്കിൽ എല്ലാം സാറിന്റെ ഇഷ്ടം പോലെ.” അലി അരുണിനോടൊപ്പം വണ്ടിയിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. അരുൺ ബൊലേറോ സ്റ്റാർട്ട് ചെയ്തു. ആ വാഹനം റിവേഴ്സെടുത്ത് ഗേറ്റ് വഴി ഇറങ്ങി മുന്നോട്ട് നിങ്ങാൻ തുടങ്ങി.
“എങ്ങനെയാണ് സാർ നന്ദൻ മേനോന്റെ ബോഡി പുറം ലോകത്തിന് മുമ്പിലെത്തിക്കുന്നത്.” ആകാംഷ അടക്കാനാവാതെ അലി ചോദിച്ചു.
“ഞാൻ അതിനടുത്തുള്ള ആരെയെങ്കിലും വിളിച്ച് പറയാം. നന്ദൻ അവിടെയുണ്ടോ എന്ന് ഒന്ന് പോയി നോക്കാൻ. അങ്ങനെ അവർ പോയി നോക്കുമ്പോൾ ആ ബോഡി കാണാതിരിക്കില്ല.”
“എന്താെരു മണ്ടത്തരമാണ് സാറ് പറയുന്നത്. സാറ് അങ്ങനെ പറഞ്ഞു എന്നിരിക്കട്ടെ. ആദ്യം ബോഡി കണ്ടയാളെ ചോദ്യം ചെയ്യുമ്പോൾ എന്തിനാണ് നിങ്ങളവിടെ പോയതെന്ന് ചോദിക്കില്ലേ.? അങ്ങനെ ചോദിച്ചാൽ അയാൾ തീർച്ചയായും സാറിന്റെ പേര് പറയും. അതോടെ എന്ത് കൊണ്ട് നിങ്ങൾ പോവാതെ മറ്റൊരാളെ പോയി നോക്കാനേൽപ്പിച്ചു എന്നായിരിക്കും പോലിസിന്റെ സംശയം. വെറുതേ ഒരു വയ്യാവേലി തലയിലേക്കെടുത്ത് വെക്കണോ.?”
“അങ്ങനെയൊക്ക സംഭവിക്കുമോ.?” അരുൺ ഞെട്ടലോടെ അലിയോട് ചോദിച്ചു.
“എന്ന് ചോദിച്ചാൽ ഉറപ്പില്ല. എങ്കിലും അങ്ങനെയെല്ലാം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അത്തരമൊരു വഴി സ്വീകരിക്കാതിരിക്കുകയാവും ഏറ്റവും ഉചിതം.”
“പിന്നെ ഞാനെന്ത് ചെയ്യണ മെന്നാണ് നീ പറയുന്നത്.” അരുണ് ധർമ്മ സങ്കടത്തിലായി.
“എന്റെ അഭിപ്രായത്തിൽ സാറ് തന്നെ പോകുന്നതാണ് ഉചിതം. അതാവുമ്പോൾ നന്ദനെ വിളിച്ചിട്ട് കിട്ടാതായപ്പോൾ പോയി നോക്കിയതാണെന്ന് പറയുകയും ചെയ്യാം.” അലി തന്റെ മനസ്സിൽ തോന്നിയ ആശയം അരുണിന് മുന്നിൽ അവതരിപ്പിച്ചു.
“നീ പറഞ്ഞതാണ് ശരി. നിന്നെ സെയ്ഫായ ഒരു സ്ഥലത്ത് ഇറക്കിയ ശേഷം ഞാൻ തന്നെ പോയി നോക്കാം.” അരുൺ വണ്ടിയുടെ വേഗം വർദ്ധിപ്പിച്ച് കൊണ്ട് അലിയോട് പറഞ്ഞു. അവനെ തൽകാലം തന്റെ വീട്ടിൽ നിർത്താമെന്നാണ് അവൻ കരുതിയത്.
“സാർ നന്ദൻ മേനോന്റെ ലോഡ്ജിൽ നിന്ന് കിട്ടിയ ലാപ്ടോപ്പ് ഓൺ ചെയ്തിരുന്നോ.?” സംശയത്തോടെ ആയിരുന്നു അലിയുടെ ചോദ്യം.
“ഇല്ല.”
“അതെനിക്കും തോന്നിയിരുന്നു. നന്ദന്റെ ബോഡി ഇവിടെ കണ്ടതിന് ശേഷം പോകുമ്പോൾ തീർച്ചയായും അതിലും വലുതെന്തോ ആയിരുന്നു നിങ്ങളെ അവിടെ കാത്തിരുന്നതെന്ന്. നമുക്ക് നന്ദന്റെ ലാപ് ടോപ്പൊന്ന് ഓപ്പൺ ചെയ്ത് നോക്കിയാലോ”
“അത് വേണോ സമാധാനത്തിലിരിക്കുമ്പോൾ പോരെ അതൊക്കെ.?”
“നല്ലത് എത്രയും പെട്ടന്ന് ചെയ്യുന്നതാണ്. പിന്നെ എല്ലാം സാറിന്റെ ഇഷ്ടം പോലെ.”
“എങ്കിൽ നീ പിൻ സീറ്റിൽ നിന്നും ലാപ് ടോപ്പെടുത്ത് ഒന്ന് ഓൺ ചെയ്യ്.” അരുൺ അലിക്ക് അനുമതി കൊടുത്തു.
അലി പിൻസീറ്റിലേക്ക് എത്തിവലിഞ്ഞ് ലാപ് ടോപ്പിന്റെ ബാഗ് മിടയിലേക്ക് വെച്ചു. ദ്രുതഗതിയിൽ അതിന്റെ സിബ്ബ് അഴിച്ച് ലാപ്ടോപ്പ് പുറത്തെടുത്തു. പവർ ബട്ടണിൽ അവന്റെ വിരലമർന്നു.
അഞ്ച് മിനുട്ട് നേരം കാത്തു നിന്നിട്ടും സ്ക്രീനിൽ ഒരു നീല വെളിച്ചമല്ലാതെ ഒന്നും കണ്ടില്ല.
“സാർ എന്തോ പ്രശ്നമുണ്ട്. ലാപ്ടോപ്പ് ഓൺ ആവുന്നില്ല.” അലി പരിഭ്രാന്തിയോടെ പറഞ്ഞു.
“അത് നിനക്ക് ഓൺ ചെയ്യാൻ അറിയാത്തത് കൊണ്ടാണ്. ഇങ്ങ് താ. ഞാൻ ഓൺ ചെയ്യാം.” വണ്ടി റോഡ് സൈഡിലേക്ക് പാർക്ക് ചെയ്ത് ലാപ് ടോപ്പിനു നേരെ കൈ നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.
അലി ലാപ്ടോപ്പ് അരുണിന് കെെ മാറി. അഞ്ച് മിനുട്ട് അരുണും പരിശ്രമിച്ചെങ്കിലും അത് ഓൺ ആയില്ല. “കേട് വന്നതാണെന്ന് തോന്നുന്നു.” അരുൺ ഒരു വളിച്ച ചിരിയോടെ പറഞ്ഞു.
“എനിക്ക് ചില സംശയങ്ങൾ ഉണ്ട് സാർ. നമുക്ക് എത്രയും പെട്ടന്ന് ഒരു കബ്യൂട്ടർ നന്നാക്കുന്ന ആളെ കാണണം. എന്നെ അവിടെ ഇറക്കിയ ശേഷം സാറ് നന്ദന്റെ ലോഡ്ജിലേക്ക് തന്നെ പൊയ്ക്കോളൂ.”
“നീയെന്താണീ പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.”
“സാർ സാറിന്റെ ശത്രുക്കൾ ലാപ് ടോപ്പിന്റെ കാര്യം അറിഞ്ഞിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. അതൊന്ന് ഉറപ്പിക്കണമെങ്കിൽ ഒരു കബ്യൂട്ടർ മെക്കാനിക്കിനെ ആവശ്യമാണ്.”
“ശരി എങ്കിൽ ഞാൻ നിന്നെ MAX COMPUTOR sales and servies എന്ന കമ്പ്യൂട്ടർ ഷോപ്പിന് മുന്നിൽ ഇറക്കാം. നീ കാര്യങ്ങൾ തിരക്കിയറിഞ്ഞതിന് ശേഷം വിളിക്ക്.”
“വിളിക്കാം സാർ പക്ഷേ എന്റെ കയ്യിൽ സാറിന്റെ നമ്പറൊന്നും ഇല്ല അതൊന്ന് എഴുതി തരുകയാണെങ്കിൽ നന്നായിരുന്നു.”
“അപ്പോൾ നിന്റെ കയ്യിൽ ഫോണൊന്നുമില്ലേ.?”
“ഇല്ല സാർ.”
അരുൺ അതിന് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ച് സമയം കൊണ്ട് തന്നെ അവർ അരുൺ പറഞ്ഞ കമ്പ്യൂട്ടർ ഷോപ്പിനു മുന്നിലെത്തി. അരുൺ പോക്കറ്റിൽ നിന്നും ഒരു വിസിറ്റിങ്ങ് കാർഡും കുറച്ച് രൂപയുമെടുത്ത് അലിക്ക് നൽകി.
അലി അത് വാങ്ങി പോക്കറ്റിലിട്ട ശേഷം ഷോപ്പിനകത്തേക്ക് കയറിപ്പോയി.
അരുൺ നന്ദൻ മേനോന്റെ ലോഡ്‌ജിലെത്തുമ്പോൾ അവിടെ ചെറിയൊരാൾക്കൂട്ടം രൂപപ്പെട്ടിരുന്നു. നന്ദന്റെ മരണം പൊതു ജനത്തിന് മുന്നിലെത്തിക്കാൻ തന്റെ ആവശ്യം വരാത്തതിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു.
“എന്താ ചേട്ടാ സംഭവം. കുറേയതികം ആളുകൾ കൂടിയിട്ടുണ്ടല്ലോ.?” അരുൺ ഒന്നുമറിഞ്ഞിട്ടില്ലാത്തവനെ പോലെ അവിടെ കൂടി നിന്ന ആളുകളിൽ ഒരാളോട് ചോദിച്ചു.
“ഒരാള് കെട്ടിത്തൂങ്ങി ചത്തിരിക്കുന്നു. അവനൊക്കെ എന്തിന്റെ കേടാണാവോ.” അൽപം അരിശത്തോടെയാണയാൾ മറുപടി പറഞ്ഞത്.
“ആരാ ചേട്ടാ സംഗതി ആദ്യം കണ്ടത്.” അരുൺ വീണ്ടും ചോദിച്ചു.
“ഇവിടെ തുടക്കാൻ വരുന്ന സ്ത്രീയാണ്ടെന്ന് തോന്നുന്നു.”
“പോലീസിലാെന്നും അറിയിച്ചില്ലേ.?”
“ചെന്ന് ചോദിച്ച് നോക്ക്. കുറേ നേരമായൊരുത്തൻ ശല്യം ചെയ്യുന്നു.” കോപത്തോടെ അയിരുന്നു അയാളുടെ മറുപടി.
“സാേറി ചേട്ടാ അറിയാനുളള ആകാംഷ കൊണ്ട് ചോദിച്ചതാണ്. മാത്രവുമല്ല മരണപ്പെട്ടയാൾ എന്റെ സഹപ്രവർത്തകർ കൂടി ആയിരുന്നു.”
“അയ്യോ സോറിട്ടോ. ഞാൻ കരുതി വഴിയെ പോകുന്നവർ കാര്യമറിയാൻ നിർത്തി ചോദിക്കാറുണ്ട്. ഇതും അത് പോലെയുള്ളവരാണെന്ന് ഞാൻ കരുതിപ്പോയി സാർ. പോലീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഉടനെ എത്താമെന്നാണ് പറഞ്ഞത്.” അയാൾ പുഞ്ചിരിയോടെ മറുപടി നൽകി.
അരുണിന്റെ മനസ്സിനൊരു സുഖം തോന്നി. അവൻ ആശ്വാസത്തോടെ ലോഡ്ജിന്റെ മറ്റൊരു കോണിലേക്ക് മാറി നിന്ന് രംഗം നിരീക്ഷിക്കാൻ തുടങ്ങി.
ആളുകൾ പിന്നെയും വന്ന് കൊണ്ടിരുന്നു. അവർ തമ്മിൽ തമ്മിൽ നന്ദന്റെ മരണത്തെ കുറിച്ച് പല കഥകളും മെനഞ്ഞു. അതിശയോക്തി നിറയുന്ന പല കഥകളും അതിലുണ്ടായിരുന്നു.
“ഇങ്ങ് കൊണ്ടു വാ. ഒന്ന് ചെക്ക് ചെയ്ത് നോക്കാം.” കമ്പ്യൂട്ടർ നന്നാക്കുന്ന ആൾ അലിയോട് പറഞ്ഞു.
അലി അതുമായി ആദ്യം അയാളെ സമീപിച്ചപ്പോൾ അയാൾ മറ്റൊന്ന് നന്നാക്കുന്ന തിരക്കിലായിരുന്നു. അത് കൊണ്ട് കുറച്ച് നേരം കാത്തിരിക്കാനാണ് അപ്പോളയാൾ ആവശ്യപ്പെട്ടത്. അത് നന്നാക്കി കഴിഞ്ഞ ശേഷം അയാൾ അവനെ വിളിച്ചു.
അലി ലാപ്ടോപ്പുമായി അയാളുടെ അടുത്തേക്കെത്തി. അയാളും അതൊന്ന് ഓപൺ ആക്കാനുള്ള ശ്രമം നടത്തി. ശേഷം അയാളുടെ കമ്പ്യൂട്ടറുമായി കണക്ട് ചെയ്ത് സോഫ്റ്റ് വെയർ മിസ്സിങ്ങ് ആണോ എന്ന് നോക്കി.
അതുമല്ല എന്ന് കണ്ടതോടെയാണ് അയാൾ അത് അഴിച്ച് നോക്കാൻ തുടങ്ങിയത്. അത് തുറന്ന് നോക്കിയപ്പോൾ അതിനകത്ത് ഹാർഡ് ഡിസ്ക് ഇല്ലെന്ന സത്യം അയാൾ മനസ്സിലാക്കി.
“ഇത് ആരുടെ ലാപ്ടോപ്പ് ആണെന്നാണ് പറഞ്ഞത്.” അയാൾ സംശയത്തോടെ അലിയെ നോക്കിക്കൊണ്ട് ചോദിച്ചു.
അത് എന്റെ ഒരു സുഹൃത്തിന്റെ ഏട്ടന്റേതാണ്. ഓൺ ആക്കുന്നില്ല. നന്നാക്കി കൊണ്ട് വന്നാൽ ഗൈം കളിക്കാം എന്നവൻ പറഞ്ഞു. അത് കൊണ്ട് നന്നാക്കാൻ കൊണ്ട് വന്നതാണ്.” അലി പറഞ്ഞു. അവൻ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ അതിനുള്ള മറുപടിയും മനസ്സിൽ കരുതിയിരുന്നു.
“ഓ അത് ശരി. ഇതിന്റെ ഹാർഡ് ഡിസ്ക് മിസ്സിങ്ങ് ആണ് അത് കൊണ്ടാണ് ഇത് വർക്ക് ചെയ്യാത്തത്.”
“മിസ്സിങ്ങ് എന്ന് വെച്ചാൽ എന്തെങ്കിലും ചെറിയ കമ്പ്ലൈന്റ് ആണോ. അതോ അതിനകത്ത് ഹാർഡ് ഡിസ്ക് ഇല്ലെന്നോ.?” അലി സംശയത്തിൽ അയാളെ നോക്കി.
“ഇതിനകത്തില്ല. അപ്പോഴെങ്ങനാ. പുതിയ ഹാർഡ് ഡിസ്ക് ഇടുക്കല്ലേ.?”
“അതിനെത്ര രൂപ വരും.”
“512 GB ആണെങ്കിൽ ഒരു 5000 പ്ലസ് സർവ്വീസ് ചാർജ് 1TB ആണെങ്കിൽ 7000 പ്ലസ് സർവ്വീസ് ചാർജ്.”
“ഞാനവനെ ഒന്ന് വിളിച്ച് നോക്കട്ടെ എന്നിട്ട് പറയാം. ഇവിടെ അടുത്തെവിടെയാ കോയിൻ ബോക്സ് ഉള്ളത്.”
“പുറത്തൊരു രണ്ടു കടകൾകപ്പുറമുണ്ട്.”
“ശരി. ഞാനൊന്ന് പോയി നോക്കട്ടെ.” അലി പുറത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
കുറച്ച് സമയം കൂടി അരുൺ ആലോഡ്ജിന്റെ മുറ്റത്ത് ചിലവഴിച്ചു. അപ്പോഴാണ് ഒരു പോലീസ് ജീപ്പ് എത്തിയത്. അതിൽ നിന്നും എസ് ഐ യോടൊപ്പം കുറച്ച് പോലീസുകാരും കൂടി ഇറങ്ങി. അവരിൽ കുറച്ച് പേർ ലോഡ്ജിനുള്ളിൽ കയറിയിരുന്ന ആളുകളെയും തടിച്ചുകൂടിയ ആളുകളെയും നീക്കി എസ് ഐ സ്വാമിനാഥന് ഉള്ളിലേക്ക് കയറാനുള്ള വഴിയൊരുക്കി.
എസ് ഐ യോടൊപ്പം മൂന്ന് പേർ കൂടി അകത്ത് കയറി. സ്വാമിനാഥൻ തൂങ്ങിക്കിടക്കുന്ന നന്ദന്റെ ശരീരത്തിന് ചുറ്റും നടന്നു. അസ്വാഭാവികമായി അയാൾക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
“കെട്ടഴിച്ച് താഴെയിറക്ക്.” എസ് ഐ സ്വാമിനാഥൻ കൂടെയുണ്ടായിരുന്ന പോലീസുകാർക്ക് നിർദ്ദേശം നൽകി.
പോലിസുകാരിൽ രണ്ട് പേർ മേശ പുറത്ത് കയറി നിന്ന് കഴുത്തിലെ കെട്ട് അഴിക്കാനായി നിലത്ത് കിടന്നിരുന്ന സ്റ്റൂൾ മേശപ്പുറത്തേക്കെടുത്ത് വെച്ചു. അതിൽ ഒരാൾ കയറി നിന്ന്നന്ദന്റെ കഴുത്തിലെ കുരുക്ക് വേർപ്പെടുത്തി. നന്ദന്റെ മരവിച്ച ശരീരം അവർ അയാസപ്പെട്ട് നിലത്തിറക്കി.
അപ്പോഴാണ് എസ് ഐ സ്വാമിനാഥന്റെ കണ്ണിൽ മരത്തിന്റെ സ്റ്റൂളിൽ പതിഞ്ഞ ചെരുപ്പിന്റെ അടയാളം കണ്ടത്.
“രമേട്ടാ സംതിങ്ങ് സ്പെഷൽ. ഐ തിങ്ക് ദിസ് ഈസ് എ മർഡർ. അസ്വഭാവികമായി കാണുന്ന എന്തും നോട്ട് ചെയ്യണം. അതൊരു തീപ്പെട്ടിക്കൊള്ളിയാണെങ്കിൽ പോലും.” സ്വാമിനാഥൻ കൂട്ടത്തിലെ തല മുതിർന്ന കോൺസ്റ്റബിളിനോട് പറഞ്ഞു.
“ശരി സാർ.” അയാൾ മറുപടി നൽകി.
ആ മുറി മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും അവർക്ക് കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അയാൾ നിരാശയോടെ പുറത്തിറങ്ങി.
“സാറെ ഇത് ആത്മഹത്യ തന്നെയാണ്.” നന്ദന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയ ലെറ്ററുമായി പുറത്തേക്ക് വന്ന രാമേട്ടൻ പറഞ്ഞു.
“രാമേട്ടാ ആ മേശപ്പുറത്തിരിക്കുന്ന സ്റ്റൂളിന്റെ കാലിലേക്കൊന്ന് നോക്ക് ആരോ ചവിട്ടിയത് പോലെയുള്ള ഒരു ഫൂട്ട് പ്രിന്റ് കാണാം.”
അതൊരു പക്ഷേ മരണപ്പെട്ടയാളുടെ ഫൂട്ട് പ്രിന്റ് തന്നെയാണെങ്കിലോ.?”
“സ്റ്റൂളിന്റെ മുകൾഭാഗത്ത് ചവിട്ടാൻ മാത്രമേ മരണപ്പെട്ട ആൾക്ക് കഴിയൂ.?”
“അതിനി മറ്റൊരവസരത്തിൽ ചെരുപ്പ് അറിയാതെ സ്റ്റൂളിന്റെ കാലിൽ തട്ടിയതാണെങ്കിലോ.”
“രാമേട്ടാ തട്ടുന്നതിന്റെ ഫോഴ്സും ചവിട്ടുന്നതിന്റെ ഫോഴ്സും വ്യത്യാസമുണ്ടാവും രാമേട്ടൻ ആദ്യം അതൊന്ന് നോക്ക്.”
“ശരി സാർ.” അയാൾ അകത്തേക്ക് തന്നെ മടങ്ങി.
എസ് ഐ സ്വാമിനാഥന്റെ മിഴികൾ പുറത്താകമാനം കറങ്ങി നടന്നു. അയാൾ ആരെയോ തിരയുകയായിരുന്നു.
“ആരാടോ ഈ ബോഡി ആദ്യം കണ്ടത്.?” പുറത്ത് കൂടി നിന്നവരോടയി അയാൾ ചോദിച്ചു. അയാളുടെ നോട്ടം കൂടി നിന്ന ഓരോരുത്തരുടെയും നേർക്ക് നീണ്ടു.
“തുടക്കാനും അലക്കാനും വരുന്ന ആ സ്ത്രീയാണ് സാർ.” കൂട്ടത്തിൽ നിന്നൊരാൾ വരാന്തയുടെ ഒരറ്റത്തിരിക്കുന്ന സ്ത്രീയുടെ നേർക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
പറഞ്ഞയാളെ ഒന്ന് ശ്രദ്ധിച്ച ശേഷം സ്വാമിനാഥന്റെയും നോട്ടം വരാത്തയിലേക്ക് നീണ്ടു. മധ്യവയസ്കയായ ആ സ്ത്രീയുടെ കണ്ണുകളിൽ ഭയം ഓളം വെട്ടുന്നത് അയാൾ കണ്ടു. അയാൾ അവരുടെ നേരെ നടന്നു.
“നിങ്ങളാണോ ഈ ബോഡി ആദ്യം കണ്ടത്.?” ആ സ്ത്രീയുടെ പേടി കണ്ട് ശബ്ദം പരമാവധി മയപ്പെടുത്തിക്കൊണ്ട് സ്വാമിനാഥൻ ചേദിച്ചു.
“അതേ സാറെ.” വിനയപൂർവ്വം അവൾ മറുപടി നൽകി.
“എന്താണ് നിങ്ങളുടെ പേര്.?”
“സാവിത്രി.”
“നിങ്ങളെന്തിനാണ് ആ സമയത്ത് ഇവിടെ വന്നത്.?”
“നിലം അടിച്ചുവാരി തുടക്കാനും ഈ മുറിയിലെ സാറിന്റെ വസ്ത്രങ്ങൾ അലക്കാനുമാണ് സാറേ.”
“ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ എന്തെങ്കിലും അറിയുമോ.? ഇയാളുടെ ബന്ധുക്കളെ വിവരമറിയിക്കണമല്ലോ.?”
നന്ദൻ മേനോൻ എന്നാണ് സാറേ പേര്. ഇവിടെ വന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു. ബന്ധുക്കളെ കുറിച്ച് പറഞ്ഞിട്ടുമില്ല. ഞാനൊട്ട് ചോദിക്കാൻ പോയതുമില്ല.”
“നിങ്ങളിവിടെ എത്തിയ സമയം ഓർക്കുന്നുണ്ടോ.?”
“ഏകദേശം മൂന്നേ മുക്കാലായിക്കാണും സാറേ.”
“അങ്ങനെ ആ സമയം ഓർക്കാൻ കാരണം.?” സംശയത്തോടെ സ്വാമിനാഥൻ സാവിത്രിയെ നോക്കി. അവരുടെ കയ്യിൽ വച്ച് ഇല്ല എന്ന കാര്യം അയാൾ ശ്രദ്ധിച്ചിരുന്നു.
“ഞാനിവിടെ എത്തിയപ്പോഴാണ് ബാങ്ക് കൊടുക്കുന്നത് കേട്ടത്. അതിന്റെ ഏകദേശ സമയം മുന്നേ മുക്കാൽ ആണ്.”
“അങ്ങനെയാണെങ്കിൽ അഡ്രസും ഫോൺ നമ്പറും പറഞ്ഞ് കൊടുത്തിട്ട് സാവിത്രി പൊയ്കോളൂ. കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ ഞാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം.”
സാവിത്രി അവിടെയുണ്ടായിരുന്ന കോൺസ്റ്റബിളിന്റെ അടുത്തേക്ക് ചെന്ന് തന്റെ അഡ്രസും ഫോൺ നമ്പറും നൽകി. അയാൾ അതെല്ലാം രേഖപ്പെടുത്തി.ശേഷം അവർ മടങ്ങി.
“സാർ. ഇൻക്വസ്റ്റ് കഴിഞ്ഞു. ഇനിയെന്താ ചെയ്യേണ്ടത്.?” അവിടേക്കെത്തിയ കോൺസ്റ്റബിൾ രാമൻ സ്വാമിനാഥനോട് ചോദിച്ചു.
“ആംമ്പുലൻസ് ഇപ്പോൾ വരും പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവാം.”
“ശരി സാർ.” അയാൾ അവിടെ നിന്ന് പോയി.
“മരിച്ചയാളെ അറിയുന്ന ആരെങ്കിലും ഇവിടെയുണ്ടോ.?” അവിടെ കൂടി നിന്നവരോടിയ സ്വാമിനാഥൻ ചോദിച്ചു.
അവിടെ കൂടിയ ആളുകൾ പരസ്പരം നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. അടുത്തിടെ ആ ലോഡ്ജിൽ താമസമാക്കിയ നന്ദനെ ചിലർ ആദ്യമായി കാണുന്നത് പോലും അന്നായിരുന്നു.
“എനിക്കറിയാം സാറേ.” ആളുകൾ ഒന്നും പറയാത്തത് കൊണ്ട് അരുൺ തന്നെ ആൾകൂട്ടത്തിനിടയിലൂടെ മുന്നിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.
“ഇയാളെ നിങ്ങൾക്കെങ്ങനെയാണ് പരിചയം.?”
“ഇയാൾ എന്റെ ജോലിക്കാരനാണ് സാർ.”
“എന്നിട്ടാണോ നിങ്ങൾ മാറി നിൽകുന്നത്.?” അയാളുടെ വാക്കുകളിൽ ചെറിയൊരു രോഷമുണ്ടായിരുന്നു.
“സോറി സാർ ഞാൻ മാറി നിന്നതല്ല. സാറിന്റെ ശ്രദ്ധയിൽ പെടാത്തതാണ്.” അരുണിന്റെ വിശദീകരണത്തിനൊപ്പം പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചു.
നമ്പർ നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറാണ്. “സാർ ഞാൻ ഈ കോളൊന്ന് അറ്റന്റ് ചെയ്തോട്ടെ.?” അരുൺ അനുവാദത്തിനായി എസ് ഐയെ നോക്കി
അയാൾ സമ്മതഭാവത്തിൽ തല ചലിപ്പിച്ചു.
അരുൺ വേഗം ആ കോൾ അറ്റന്റ് ചെയ്തു. “ഹലോ. ആരാണ് സംസാരിക്കുന്നത്.?”
“സാർ ഞാൻ അലിയാണ്.”
“ഓകെ അലി ഞാനങ്ങോട്ട് വിളിക്കാം.”
“സാർ ഇതൊരു കോയിൻ ബോക്സ് ആണ്.”
“നോ പ്രോബ്ലം. അവിടെ തന്നെ നിന്നോളൂ ഞാൻ വിളിക്കാം.” അരുൺ കോൾ കട്ട് ചെയ്തു.
“സംസാരിക്കാമായിരുന്നില്ലേ.?” അരുണിന്റെ സംഭാഷണം കേട്ട് നിന്ന സ്വാമിനാഥൻ ചോദിച്ചു.
“അതത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ല സാർ. ഒരു ലാപ് ടോപ്പ് നന്നാക്കാൻ കൊടുത്തിടത്തു നിന്നാണ്.”
“അത് ശരി അപ്പോൾ നമ്മളെവിടെയാ പറഞ്ഞ് നിർത്തിയത്.”
“ഞാൻ മാറി നിന്നതല്ല. സാറെന്നെ കാണാത്തതാവാം എന്നാണ് ഞാൻ പറഞ്ഞത്.”
“അത് ശരിയാവാം. ഇത്രയും ആളുകളുടെ ഇടയിൽ നിന്ന് നിങ്ങളെ കണ്ടെത്താൻ അതായത് കൊല്ലപ്പെട്ടയാളെ പരിചയമുള്ളയാളെ കണ്ടെത്താൽ ഞാൻ ദിവ്യനൊന്നുമല്ല. എനിവേ ഇയാളുടെ ബന്ധുക്കളെ വിവരമറിയിക്കണം. മൃതദേഹം മരവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അഞ്ച് മണിക്കൂറിലതികമായിരിക്കുന്നു ഇയാൾ മരണപ്പെട്ടിട്ട്. ഇനിയും വൈകണ്ട.”
“ഞാനവരെ അറിയിച്ചിട്ടുണ്ട് സാർ.”
“ഓകെ. ഗുഡ് നമ്പർ തന്നാൽ ആവശ്യത്തിനനുസരിച്ച് വിളിപ്പിക്കാം.”
“അതിനെന്താ സാർ.” അരുൺ പോക്കറ്റിൽ നിന്നും ഒരു വിസിറ്റിങ് കാർഡെടുത്ത് അയാൾക്ക് നൽകി.
“അത് ശരി ഡിറ്റക്ടീവ് ആണല്ലേ.?” വിസിറ്റിങ് കാർഡിലെ പേരും അഡ്രസും വായിച്ച ശേഷം അയാൾ അരുണിനോട് ചോദിച്ചു.
“അതേ സാർ. ഞാൻ പിന്നീട് സ്റ്റേഷനിലേക്ക് വരാം. ഇപ്പോൾ കുറച്ച് തിരക്കുണ്ട്.”
“ശരി.” സ്വാമിനാഥൻ അരുൺ കൊടുത്ത വിസിറ്റിങ് കാർഡ് പോക്കറ്റിലേക്കിട്ടു കൊണ്ട് പറഞ്ഞു.
അയാൾക്ക് മുന്നിലുടെ തന്നെ അരുൺ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന തന്റെ ബൊലേറോയുടെ നേർക്ക് നടന്നു. അതിനിടയിൽ അവൻ ഫോണെടുത്ത് അലി വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
“ഹലോ. അലി.” ഫോണെടുത്തയുടനെ അരുൺ വിളിച്ചു.
“ഇതിലേക്ക് വിളിക്കാൻ പറ്റുമെന്ന് എനിക്കറിയില്ലായിരുന്നു സാർ.” അതിശയത്തോടെയുള്ള അലിയുടെ ശബ്ദം അയാളുടെ കാതിലെത്തി.
“അലി ഞാനങ്ങോട്ട് വരുന്നുണ്ട്. ബാക്കി അവിടെ എത്തിയിട്ട് സംസാരിക്കാം.”
“ശരി സാർ.” അവൻ കോൾ കട്ട് ചെയ്ത് കമ്പ്യൂട്ടർ ഷോപ്പിലേക്ക് തന്നെ നടന്നു.
അര മണിക്കൂറിനകം തന്നെ അരുൺ അലിയുടെ അടുത്തെത്തി. കാര്യങ്ങൾ അവനെ അറിയിക്കാനായി അലി കടയുടെ പുറത്ത് തന്നെ നിൽകുകയായിരുന്നു.
“കുറേ നേരമായല്ലേ കാത്തിരിക്കാൻ തുടങ്ങിയിട്ട്.” വാൽസല്യത്തോടെ അരുൺ ചോദിച്ചു.
“അതേ.”
“നന്ദന്റെ ലാപ്ടോപ്പ് ഓൺ ആയോ.?”
“സാർ അവിടൊരു പ്രശ്നമുണ്ട് ലാപ്പ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് അതിലില്ല.”
“വാട്ട്.?” ഞെട്ടലോടെ അരുൺ ചോദിച്ചു.
“അതേ സാർ.” ശേഷം അലി താൻ മെക്കാനിക്കിന് തന്നെ പരിചയപ്പെടുത്തിയത് എങ്ങനെയാണെന്ന് കൂടി വിശദീകരിച്ചു.
“എന്തായാലും ഞാനയാളെ ഒന്ന് കാണട്ടെ.?” അരുൺ അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു. അലിയും അയാളെ അനുഗമിച്ചു.
“ഇതാണോ നീ പറഞ്ഞ സുഹൃത്ത്.” അരുണിനെയും കൊണ്ട് അലി വരുന്നത് കണ്ടപ്പോൾ മെക്കാനിക്ക് ചോദിച്ചു.”
“അല്ല സാർ ഏട്ടനാണ്.” അലി മറുപടി നൽകി.
“ഓകെ ഇത് എന്താണ് ചെയ്യേണ്ടത് പുതിയ ഹാർഡ് ഡിസ്ക് ഇടണോ.?”
“അത് ഇല്ലാത്തത് കൊണ്ടാണോ ലാപ്ടോപ്പ് ഓൺ ആവാതിരുന്നത്.”
“അതേ. ഹാർഡ് ഡിസ്കിലാണ് കമ്പ്യൂട്ടറിലെ എല്ലാ സോഫ്റ്റ് വെയറുകളും ഇൻസ്റ്റാൾ ചെയ്ത് വെക്കുന്നതും ഡാറ്റ സ്റ്റോർ ചെയ്യുന്നതും.”
“ഓകെ എങ്കിൽ 1 TB യുടെ ഹാർഡ് ഡിസ്ക് തന്നെ ഫിറ്റ് ചെയ്തോളൂ.”
“സാർ അതിന് 7000 പ്ലസ് സർവീസ് ചാർജ് വരും കെട്ടോ.”
“അത് സാരമില്ല. എന്തായാലും ലാപ് ടോപ്പിൽ കൂടുതൽ സ്റ്റോറേജ് സ്പേസ് കിടക്കട്ടെ.”
“എങ്കിൽ മറ്റന്നാൾ വൈകുന്നേരം വന്നോളൂ. അപ്പോഴേക്കും ഞാൻ സാധനം റെഡി ആക്കി വെക്കാം.”
“ശരി.” അരുണും അലിയും അയാളോട് യാത്ര പറഞ്ഞ് ഇറങ്ങി. അവർ അവിടുന്ന് നേരെ പോയത് അരുണിന്റെ വീട്ടിലേക്കായിരുന്നു.
“സാർ നമുക്കെത്രയും പെട്ടന്ന് തന്നെ ആ വോയ്സ് റെക്കോർഡറിൽ ഉള്ള വിവരങ്ങൾ അറിയണം. ഒരു പക്ഷേ അത് തന്നെയാവാം ലാപ് ടോപ്പിലും ഉണ്ടായിരുന്നത്.”
“എന്നാലും ആ ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് ആരായിരിക്കും അഴിച്ചെടുത്തത്.” അരുൺ നിരാശയോടെ ചോദിച്ചു.
“സാർ അത് സാറ് അന്വേഷിക്കുന്ന കേസിലെ പ്രതികൾ തന്നെയാവാം. അത് കൊണ്ടാണല്ലോ അവർ നന്ദൻ മേനോനെ കൊന്നത്.”
“എന്നിട്ട് അവരെന്ത് കൊണ്ട് വോയ്സ് റെക്കോർഡർ എടുത്തില്ല.”
“സാറേ അതിനവർ ലാപ്ടോപ്പും എടുത്തിട്ടില്ല. സാറാദ്യം അതൊന്ന് കമ്പ്യൂട്ടറുമായൊന്ന് കണക്ട് ചെയ്ത് നോക്ക്. ഒരു പക്ഷേ അതുമവർ നശിപ്പിക്കാനിടയുണ്ട്.”
“ഓഹ് അത് ഞാനോർത്തില്ല.”
“അല്ല സാറ് നന്ദന്റെ ഫോണെടുത്ത് പരിശോദിക്കുന്നത് കണ്ടല്ലോ.? എന്തായിരുന്നു നോക്കിയത്.”
“പ്രത്യേഗിച്ചൊന്നും കണ്ടില്ല. എങ്കിലും നന്ദൻ എനിക്കയച്ച മെസേജും അതിലുണ്ടായിരുന്നില്ല.”
“സാർ ഒരു പക്ഷേ നന്ദൻ മെസേജ് അയച്ച സമയത്ത് ശത്രുക്കൾ വീടിന് പുറത്തുണ്ടാവാം. അവർ ഫോൺ ചെയ്യുന്നതിന്റെ ശബ്ദം കേൾക്കാതിരിക്കാനാവാം മെസേജ് അയച്ചത്. അതിനർത്ഥം ആ സമയം വരെ ലാപ് ടോപ്പിൽ ഹാർഡ് ഡിസ്ക് ഉണ്ടായിരുന്നു എന്നാണ്. അതിന് ശേഷം സാറ് ലാപ് ടോപ്പ് എടുക്കുന്നതിനും മുമ്പാണ് ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് കാണാതായത്. ഒരു പക്ഷേ വോയ്സ് റെക്കോർഡിറലെ ശബ്ദം കമ്പ്യൂട്ടറിൽ പ്ലേ ചെയ്യുന്നത് അവർ കേട്ടിട്ടുണ്ടാവും. അത് കൊണ്ടവർ ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് അഴി ച്ചെടുക്കുകയും ചെയ്തു. നന്ദൻ അയച്ച മെസേജവർ കണ്ടിട്ടുണ്ടോ എന്നറിയണമെങ്കിൽ ഇനി വോയ്സ് റെക്കോർഡറിന് കേടുണ്ടോ എന്നറിയണം. കേടുണ്ടെങ്കിൽ ആ മെസേജും അവർ കണ്ടിട്ടുണ്ടാവും.” അലി പറഞ്ഞു.
അരുൺ മറുപടിയൊന്നും പറയാതെ നിശ്ചലമായി ഇരിക്കുകയായിരുന്നു.
“എന്താ സാർ ഒന്നും പറയാത്തത്.?” അലി ചോദിച്ചു.
“നീ പറഞ്ഞതിന്റെ സാധ്യതകളെ കുറിച്ച് ഞാനൊന്ന് ചിന്തിച്ച് പോയതാണ്.” അരുൺ മറുപടി നൽകി.
“സാർ ഞാൻ പറഞ്ഞത് മുഴുവൻ ശരിയാകണമെന്നില്ല. ഒരു സാധ്യത മാത്രമാണത്. മറ്റ് സാധ്യതകൾ വേറെയുമുണ്ടാവാം.”
“അതൊക്കെ എനിക്കുമറിയാം. നീ എങ്ങനെ ഇത്ര ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്നതാണെന്നെ അൽഭുതപ്പെടുത്തുന്നത്.”
“സോറി സാർ. അതെനിക്കറിയില്ല. ഏതായാലും സാറിന്റെ അഭിനന്ദനങ്ങൾക്ക് നന്ദി. സാറ് വേഗം വോയ്സ് റെക്കോർഡർ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യൂ..” അലി വീണ്ടും അരുണിനോട് അഭ്യർത്ഥിച്ചു.
“ഹ ഹ ഹ. അപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ തന്നെ ഒരു തെളിവുമില്ലാതെ അവനെ അങ്ങ് തീർത്തു. അല്ലേ? അതേതായാലും നന്നായി.” ഭഗീരഥൻ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.
തലേന്നത്തെ തീരുമാനപ്രകാരം മറീനാ ഹോട്ടലിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു രാകേഷും ഭഗീരഥനും. നന്ദൻ മേനോന്റെ മരണമറിഞ്ഞ് വലിയ സന്തോഷത്തിലായിരുന്നു അവർ. നന്ദൻ മേനോനെ എങ്ങനെയാണ് കൊലപ്പെടുത്തിയതായിരുന്നു രാകേഷ് വിവരിച്ചു കാെണ്ടിരുന്നത്.
“അതേ.” രാകേഷ് മറുപടി നൽകി.
“നിങ്ങൾ അവനെക്കൊണ്ട് ആത്മഹത്യ കുറിപ്പെഴുതിച്ച് അവനെക്കൊണ്ട് തന്നെ അവന്റെ കഴുത്തിൽ കയർ കുരുക്കി. ശേഷം സൂര്യൻ സ്റ്റൂൾ ചവിട്ടി മറിച്ചു. ബാക്കി പറഞ്ഞില്ലല്ലോ.
“ആ… ഒരു കാര്യം വിട്ട് പോയി. ഇന്നലെ നമ്മൾ ഇവിടെ നിന്ന് സംസാരിച്ചതെല്ലാം ആ ചെറ്റ റെക്കോർഡ് ചെയ്തിരുന്നു.അത് ലാപ് ടോപ്പിലൂടെ അയാൾ കേൾക്കുകയും ചെയ്തിരുന്നു. ആ ലാപ്ടോപിന്റെ ഹാർഡ് ഡിസ്കും ഞങ്ങൾ അഴിച്ചെടുത്തു.” മുന്നിലുണ്ടായിരുന്ന ബിയർ കുപ്പി വായയിലേക്ക് കമിഴ്ത്തിക്കൊണ്ട് രാകേഷ് പറഞ്ഞു.
“എന്ത്.? നമ്മുടെ ഇന്നലെത്ത സംഭാഷണം നന്ദൻ മേനോൻ റെക്കോർഡ് ചെയ്തെന്നോ.? എങ്ങനെ.?” ഞെട്ടലോടെ ആയിരുന്നു ഭഗീരഥന്റെ ചോദ്യങ്ങൾ.
“അതേ. അവന്റെ ലാപ് ടോപ്പിൽ നിന്ന് തന്നെയാണ് ഞങ്ങളത് കേൾക്കാനിടയായത്. അത് കൊണ്ട് തന്നെ അതിന്റെ ഹാർഡ് ഡിസ്ക് അഴിച്ചെടുക്കുകയും ചെയ്തു.” സന്തോഷത്തോടെ ബിയർ വീണ്ടും വായിലേക്ക് കമിഴ്ത്തി ക്കൊണ്ട് രാകേഷ് പറഞ്ഞു.
“രാകേഷ്. നന്ദൻ മേനോൻ നമ്മളിരുന്നതിന്റെ അടുത്തെവിടെയും ലാപ്ടോപ്പ് ഒളിപ്പിച്ച് വെച്ചല്ല സംഭാഷണം റെക്കോർഡ് ചെയ്തത്. അതിനവൻ മറ്റൊരു ഉപകരണമാവും ഉപയോഗിച്ചത്. അത് നിങ്ങൾക്ക് കിട്ടിയോ.?”
“ഇല്ല സാർ. അങ്ങനെയൊന്നിന്റെ സാധ്യതയെ കുറിച്ച് ഞങ്ങളപ്പോൾ ചിന്തിച്ചിട്ട് പോലുമില്ല. അതിപ്പോൾ മറ്റാരുടെയെങ്കിലും കയ്യിൽ കിട്ടിയിട്ടുണ്ടാവുമോ.?” ഞെട്ടലോടെ ആയിരുന്നു രാകേഷിന്റെ ചോദ്യം. കുടിച്ച ബിയറിന്റെ ലഹരി ആവിയാവാൻ തുടങ്ങിയത് അവനറിഞ്ഞു.
“എടാ വിവരം കെട്ടവനേ. നീ പോ.. ഇനി അതുമായി മടങ്ങി വന്നാൽ മതി. അത് പോലീസിന്റെയോ അരുണിന്റെയോ കയ്യിൽ കിട്ടിയാലുള്ള അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല.” ഭഗീരഥൻ കോപത്തോടെ അലറുകയായിരുന്നു.
കുടിച്ച മദ്യത്തിന്റെ ലഹരി ആവിയായി തീർന്നത് രാകേഷ് അറിഞ്ഞു. എവിടെ ആയിരിക്കും ആ ഉപകരണം. നന്ദന്റെ മുറിയിൽ തന്നെയുണ്ടോ അതോ പോലിസിനോ മറ്റാർക്കെങ്കിലുമോ കിട്ടിക്കാണുമോ.? അയാൾ ഇരുന്നയിരുപ്പിൽ വിയർക്കാൻ തുടങ്ങി.
ഏതാനും മിനുട്ടുകൾക്കുള്ളിൽ തന്നെ അവനതിൽ നിന്ന് മോചിതനായി. ഇനിയെന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചപ്പോൾ അവന്റെ മനസ്സിൽ തെളിഞ്ഞത് സൂര്യന്റെ മുഖമായിരുന്നു. അവൻ വേഗം ഫോണെടുത്ത് സൂര്യന്റെ നമ്പർ ഡയൽ ചെയതു.
“ഹലോ. ഏട്ടാ ചെറിയൊരു പ്രശ്നമുണ്ട്.”
“എന്താ രാകേഷ്.”
“ലാപ് ടോപ്പിലുണ്ടായിരുന്ന ആ വോയ്സ് റെക്കോർഡ് ചെയ്ത ഉപകരണമുണ്ടാവില്ലേ.? അത് നമുക്ക് കിട്ടിയിട്ടില്ലല്ലോ.?”
“അത് പോലീസിന്റെയോ അരുണിന്റെയോ കയ്യിൽ കിട്ടിയാൽ പ്രശ്നമാവും. അത് കൊണ്ട് എത്രയും പെട്ടന്ന് തന്നെ നമുക്കത് കണ്ടെത്തണം.”
“നിനക്കിപ്പോഴാണോ രാകേഷ് ഇത് ഓർമ്മ വരുന്നത്.” നീരസത്തോടെ ആയിരുന്നു സൂര്യന്റെ ചോദ്യം.
“എനിക്കോർമ്മയുണ്ടായതല്ല ഏട്ടാ. ഭഗീരഥനാണ് എന്നോടീ കാര്യം പറഞ്ഞത്. എത്രയും പെട്ടന്ന് അത് കണ്ടെത്താനാണ് അയാൾ എന്നോട് പറഞ്ഞത്. “
” ശരി ശരി. ഞാനൊന്ന് ആലോചിക്കട്ടെ അതിനു ശേഷം ഞാനങ്ങോട്ട് വിളിക്കാം.” സൂര്യൻ ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പായി രാകേഷിനോട് പറഞ്ഞു.
സൂര്യനെയും നെടുക്കാൻ പ്രാപ്തമായ ഒരു വാർത്ത ആയിരുന്നു അത്. അവനെന്ത് ചെയ്യണം എന്നതിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.ഒരു ഏകദേശ ധാരണ വന്നപ്പോൾ അവൻ ഫോണെടുത്ത് രാകേഷിന്റെ നമ്പർ തന്നെ ഡയൽ ചെയ്തു.
“ഹലോ. ഏട്ടാ.” രാകേഷ് ഫോൺ എടുത്തയുടൻ അധിയോടെ വിളിച്ചു.
“രാകേഷ് ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേക്കണം. നന്ദന്റെ താമസസ്ഥലം നമുക്കൊന്ന് അരിച്ചു പെറുക്കണം. നമ്മൾ തിരയുന്ന സാധനം അവിടെ ഇല്ലെങ്കിൽ തീർച്ചയായും അത് അരുണിന്റെയോ പോലിസിന്റെയോ കയ്യിലായിരിക്കും.”
“പോലീസിന്റെ കയ്യിലാണെങ്കിൽ നമ്മൾ കുടുങ്ങില്ലേ.?”
“പോലീസിന്റെ കയ്യിലാണെങ്കിൽ പേടിക്കേണ്ട കാര്യമില്ല കുറച്ച് പണമെറിഞ്ഞാൽ സാധനം കയ്യിലെത്തും. ഞാൻ സ്റ്റേഷനിലേക്കൊന്ന് വിളിച്ച് നോക്കട്ടെ.”
“സ്റ്റേഷനിലേക്കോ.?”
“അതേ സി ഐ ശേഖരൻ നമ്മുടെ ആളാണ്. സാധനം അവർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അയാൾ അത് നമുക്കെത്തിച്ച് തരും.”
“എങ്കിൽ ഏട്ടനൊന്ന് വിളിച്ച് നോക്കൂ. എന്നെ അത് കഴിഞ്ഞ് വിളിച്ചാൽ മതി.”
“ശരി.”സൂര്യൻ ഫോൺ കട്ട് ചെയ്തു. ശേഷം സി ഐ ശേഖരന്റെ നമ്പർ തിരഞ്ഞെടുത്ത് ഡയൽ ചെയ്തു. നമ്പർ തിരക്കിലാണെന്ന അറിയിപ്പാണ് അവൻ കേട്ടത്.
ആസമയത്ത് എസ് ഐ സ്വാമിനാഥൻ മെഡികൽ കോളേജിലായിരുന്നു. നന്ദന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാൾ.
“ഡോക്ടർ ഇതൊരു കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന എന്തെങ്കിലും സൂചന ഡോക്ടർക്ക് കിട്ടിയോ.?”
“പ്രത്യക്ഷത്തിൽ ഡെഡ് ബോഡിയിൽ കയറ് കഴുത്തിൽ മുറുകിയ പാട് മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളു. മറ്റ് മുറിവുകളോ ക്ഷതങ്ങളോ ഒന്നും തന്നെയില്ല.”
“മറ്റെന്തെങ്കിലും സൂചനയുണ്ടോ.?”
“പിന്നെ ഒരു കാര്യമുണ്ട്. ആൾ മരണപ്പെട്ടിട്ട് പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ ആയിട്ടുണ്ട്. കൃത്യമായ സമയം പോസ്റ്റ്മോർട്ടം കഴിഞ്ഞതിന് ശേഷമേ പറയാൻ കഴിയൂ.”
“മരണപ്പെട്ടിട്ട് പന്ത്രണ്ട് മണിക്കൂറോ.?” ഞെട്ടലോടെ ആയിരുന്നു അയാളുടെ ചോദ്യം.
“അതേ അതിലും കൂടുതലാവാനേ വഴിയള്ളു.”
“ഓകെ ഡോക്ടർ പോസ്റ്റ് മോർട്ടം നടക്കട്ടെ എനിക്ക് ഈ വിവരങ്ങൾ തന്നെ ധാരാളം.” അയാൾ ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു.
“പുറത്ത് ജീപ്പിൽ കത്തിരിക്കുന്ന കോൺസ്റ്റബിൾ രാമന്റെ അടുത്തേക്കാണയാൾ ചെന്നത്.
“രാമേട്ടാ വണ്ടിയെടുക്ക്. നമുക്ക് മരണപ്പെട്ടയാളുടെ ലോഡ്ജ് വരെ ഒന്ന് പോകണം.”
“എന്ത് പറ്റി സാർ.” ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിക്കൊണ്ടയാൾ ചോദിച്ചു.
“അയാൾ മരണപെട്ടിട്ട് പന്ത്രണ്ട് മണിക്കൂറിലതികമായിരിക്കുന്നു. തീർച്ചയായും രാവിലെ ആരെങ്കിലും അവിടെ ചെന്നിട്ടുണ്ടാവും. അതാരാണെന്ന് നമുക്ക് കണ്ടെത്തണം.”
“Sure sir.” അയാൾ ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്ത് കൊണ്ട് പറഞ്ഞു.
സി ഐ ശേഖരനെ കുറേ തവണ സൂര്യൻ വിളിച്ചെങ്കിലും അപ്പോഴെല്ലാം അയാൾ തിരക്കിലായിരുന്നു. അതിന്റെ ഒരു ദേഷ്യത്തിൽ ഫോൺ മാറ്റി വെച്ച് ഇരിക്കുമ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്.
സി ഐ ശേഖരനായിരുന്നു വിളിച്ചത്. അവൻ വേഗം തന്നെ ആ കോൾ അറ്റന്റ് ചെയ്തു. “ഹലോ സാർ. ഞാൻ സൂര്യനാണ്.”
“മനസ്സിലായി അത് കൊണ്ടാണല്ലോ തിരിച്ച വിളിച്ചത്. എന്താ പ്രത്യേഗിച്ച്.”
“ഒന്നുമില്ല. ചെറിയൊരു സഹായം ആവശ്യമുണ്ടായിരുന്നു. ഇന്ന് ആത്മഹത്യ ചെയ്ത നന്ദൻ മേനോന്റെ ലോഡ്ജിൽ നിന്നും അവിടേക്ക് തെളിവെടുപ്പിന് വന്ന പോലസുകാർക്ക് ഒരു വോയ്സ് റെക്കോർഡർ കിട്ടിയിട്ടുണ്ടോ എന്നറിയണം.”
“നിലവിൽ ആ കേസ് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു പക്ഷേ സ്വാമിനാഥനായിരിക്കാം അപ്പേഷിച്ചത്. അവർ ഒരു തന്നിഷ്ടകാരനാണ്. എങ്കിലും ഞാനൊന്ന് അന്വേഷിച്ച ശേഷം വിവരം തരാം.”
“ശരി. സാർ പെട്ടന്ന് തന്നെ വേണം.”
“ഒകെ.” അയാളുടെ മറുപടി കേട്ടയുടൻ സൂര്യൻ ഫോൺ കട്ട് ചെയ്തതും ഒരുമിച്ചായിരുന്നു.
പിന്നെയും കുറേ മിനുട്ടുകൾ കഴിഞ്ഞു സി ഐ ശേഖരന്റെ കോൾ സൂര്യന്റെ മൊബൈലിലെത്താൻ. നിങ്ങൾ തിരയുന്നത് പോലെ ഒരു സാധനവും പോലീസിന് കിട്ടിയിട്ടില്ലെന്നായിരുന്നു അയാളുടെ മറുപടി.
അവൻ ശേഖരനിൽ നിന്നും അറിഞ്ഞ വിവരങ്ങൾ ധരിപ്പിക്കാനായി രാകേഷിന്റെ നമ്പർ വീണ്ടും ഡയൽ ചെയ്തു.
“ഹലോ ഏട്ടാ.” രാകേഷിന്റെ ശബ്ദം സൂര്യന്റെ കാതിലേക്കെത്തി.
“രാകേഷ്… സാധനം പോലീസിന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഇനിയത് ഒന്നുകിൽ നന്ദൻ മേനോൻ താമസിച്ച ലോഡ്ജിലായിരിക്കും. അല്ലെങ്കിൽ അരുണിന്റെ കയ്യിൽ.”
“ഏട്ടാ. എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മതി.”
“നന്ദന്റെ ലോഡ്ജിൽ നിന്ന് ആ വോയ്സ് റെക്കോർഡർ വീണ്ടെടുക്കണം.”
“ശരി ഏട്ടാ. ഒരു സംശയം ലോഡ്ജ് പോലീസ് സീൽ ചെയ്തിട്ടുണ്ടാവില്ലേ.”
“പൊളിക്കേണ്ടിവരും.”
“ഒരു പക്ഷേ അതവിടെ ഇല്ലെങ്കിൽ.” സംശയത്തോടെ ആയിരുന്നു. രാകേഷിന്റെ ചോദ്യം.
“നാളത്തെ പ്രഭാതം കാണാൻ അരുണും ഉണ്ടാവാൻ പാടില്ല.” എന്തോ കരുതി ഉറപ്പിച്ചത് പോലെ സൂര്യൻ പറഞ്ഞു.
“ശരി ഏട്ടാ.”
തുടരും……..
ഇന്ന് എന്റെ മോളുടെ രണ്ടാം പിറന്നാളാണ്. അതിന്റെ ഒരു സന്തോഷം പങ്കിടുക എന്ന ഉദ്ദേശമാണ് ഇത്രയും വലിയ ഒരു ഭാഗം പോസ്റ്റ് ചെയ്യുക എന്ന ഒരു പരീക്ഷണത്തിന് ഞാൻ മുതിരാനുള്ള കാരണം.
ഇത്രയും വലിയ ഈ ഭാഗം പരാജയമായിരുന്നോ എന്ന് പറയേണ്ടത് നിങ്ങളാണ്. തീർച്ചയായും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.
Responses (0 )