♥️അവിരാമം♥️
Aviramam | Author : Karnnan
💕 നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ. ഇത് അവരുടെ പ്രണയമാണ്💕
………..തലയിലൂടെ ശരീരം മൊത്തം നനച്ചു താഴെക്കിറങ്ങിയ തണുത്തുറഞ്ഞ വെള്ളത്തിനുപോലും അവന്റെ ഉള്ളിൽ ആളി കത്തുന്ന ചൂടിനെ കുറയ്ക്കാൻ കഴിഞ്ഞില്ല.നേരിപ്പൊടിനുള്ളിലെ കനല് പോലെ അത് അനുനിമിഷം പുകഞ്ഞെരിഞ്ഞു.
ശരീരത്തിന്റെ പല ഭാഗത്തും മുഖത്തും ഒക്കെയുണ്ടായ മുറിവിലും ചതവിലും ഒക്കെ വെള്ളം വീണിട്ടും അവനു നീറ്റലോ വേദനയോ തോന്നിയില്ല. മനസിന്റെ വേദനക്ക് മുന്നിൽ അതെല്ലാം നിഷ്പ്രഭം ആയിരുന്നു.
കണ്ണുകൾ അടച്ചു പിടിച്ചു അല്പം സമാധാനത്തിനായി അവൻ ഷവറിന് കീഴെ തന്നെ നിന്നു..
…. ഇല്ല കഴിയുന്നില്ല…
കൂട്ടം കൂടി നിൽക്കുന്ന ആളുകളുടെ മുഖത്ത് താൻ ഇന്ന് കണ്ട പരിഹാസ ചിരി. പരസ്പരം ഉണ്ടായ അടക്കം പറച്ചിൽ. ചിലരുടെ മുഖത്തു കണ്ട ദേഷ്യം. സമ പ്രായക്കാരായ പെൺകുട്ടികളുടെ മുഖത്തു കണ്ട വെറുപ്പ്.
കൂട്ടുകാരുടെ നിസ്സഹായ അവസ്ഥ.
അതിനേക്കാൾ ഏറെ തന്റെ എല്ലാമെല്ലാമായ അമ്മയുടെ മുഖത്തു കണ്ട തന്നെ കൊല്ലാനുള്ള ദേഷ്യം. സ്വന്തം മകന്റെ അവസ്ഥ കണ്മുന്നിൽ കണ്ട പെറ്റ വയറിന്റെ നൊമ്പരം. മറ്റുള്ളവരുടെ കുത്തു വാക്കിനും ആക്ഷേപത്തിനും മുന്നിൽ അപമാനിതയായി കരഞ്ഞു കൊണ്ടു തലകുനിച്ചു നിന്നു അവരുടെ ആജ്ഞകൾ അത് പോലെ അനുസരിക്കേണ്ടി വന്ന ഒരമ്മയുടെ ഗതികേട്.
തീക്കനൽ എരിയുന്ന നിറഞ്ഞൊഴുകുന്ന കണ്ണുമായി ഇന്ന് അമ്മ പറഞ്ഞ വാക്കുകൾ.
കൈ ചുരുട്ടി വാൾ ടൈലിൽ ശക്തിയിൽ ഇടിച്ചു അവൻ മനസ്സിൽ ഉടലെടുത്ത ദേഷ്യവും സങ്കടവും അടക്കാൻ ശ്രെമിച്ചു.
ബാത്ത് റൂമിന്റെ ചുവരുകൾക്കുള്ളിൽ അവന്റെ അലർച്ച ഞെരിഞ്ഞടങ്ങി.
കൈ വിരലിൽ ചതവ് ഉണ്ടായതു അല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. മനസിനെ നിയന്ദ്രിക്കാൻ കഴിയുന്നില്ല….
അമ്മ പറഞ്ഞ വാക്ക്
…. നിന്നെ പോലെ അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ഒരു മഹാപാപിയെ ആണല്ലോ ഞാൻ പെറ്റു വളർത്തിയത്……
കൂരമ്പ് പോലെ അത് മനസ്സിൽ തറഞ്ഞു കയറിയിരിക്കുന്നു. വീണ്ടും വീണ്ടും അതെ അലർച്ച തന്റെ ചെവിയിൽ അലയടിക്കുന്നു.
കണ്ണിനു മുന്നിൽ ഇപ്പോളും ആ രംഗം മായാതെ നിക്കുന്നു.
അലറി കരഞ്ഞു കൊണ്ടു ആൾക്കൂട്ടത്തിന് മുന്നിലിട്ട് തന്റെ ഇരു കരണവും മാറി മാറി തല്ലുന്ന അമ്മ.
ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഇത്രയും കാലം തന്നെ വേദനിപ്പിച്ചിട്ടില്ല.
ആ അമ്മയാണ് ഇന്ന് തന്നോട് പറഞ്ഞത് നിന്റെ കൂടെ ഒരു വീട്ടിൽ തനിച്ചു കഴിയാൻ എനിക്ക് ഭയം ആണെന്ന്…..
തലവഴി താഴേക്കു പതിച്ച വെള്ളത്തോടൊപ്പം അവന്റെ ചുടു കണ്ണീരും ഇടകലർന്നോഴുകി.
ബാത്ത് റൂമിൽ നിന്നും നനഞ്ഞ ഡ്രസ്സ് ഇട്ടു കൊണ്ടു തന്നെ അവൻ റൂമിലേക്ക് വന്നു.
കട്ടിലിൽ തനിക്കു പുറം തിരിഞ്ഞു കിടന്നു ഉറങ്ങുന്നു അവൾ. തന്റെ ജീവിതം ഇരുട്ടിലാക്കിയവൾ. ഇന്നലെ രാത്രി മുതൽ ഇന്ന് ഈ നിമിഷം വരെ തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമായിരുന്ന ഒരേ ഒരാൾ. പക്ഷെ അവളുടെ മൗനം….അതെന്തിനായിരുന്നു… ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നത് എന്തിനു വേണ്ടി… എന്നെ അറിയില്ല.. എന്നെ കണ്ടിട്ടില്ല.. ഞാനുമായി ഒരു ബന്ധവുമില്ല എന്ന് അവൾക്കെങ്കിലും പറയാമായിരുന്നു…
ശവം…..
പിറു പിറുത്തുകൊണ്ട് അവൻ ബാൽകണിയിലെ ചൂരൽ കസ്സേരയിൽ ചെന്നിരുന്നു.
തല വെട്ടി പൊളിയുന്ന വേദന…
താൻ ഇനി മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും അമ്മയുടെ മുഖത്തു തനിക്കു ഇനി നോക്കാൻ കഴിയുമോ.. അമ്മ പഴയ പോലെ ഇനി തന്നെ സ്നേഹിക്കുമോ…
ചിന്തകൾ കാട് കയറിയപ്പോൾ അവനു ഭ്രാന്തു പിടിക്കും പോലെ തോന്നി.
കസ്സേരയുടെ മുന്നിലിരുന്ന ടേബിളിൽ നിന്നും അവൻ ഫോൺ എടുത്തു സമയം നോക്കി 12.35…
കോൺടാക്ട് സേർച്ച് ചെയ്തു
ഇച്ചേയി….
അവൻ കാൾ ചെയ്തു
ആദ്യത്തേത് റിങ് ഔട്ട് ആയി
വാശിയുടെയും ദേഷ്യത്തോടെയും അവൻ വീണ്ടും വിളിച്ചു…
ഇത്തവണ അങ്ങേ തലയ്ക്കൽ കാൾ കണക്ട് ആയി..
പരസ്പരം രണ്ടു വശവും നിശബ്ദം..
2 മിനിറ്റോളം കഴിഞ്ഞതും ദേഷ്യം അടക്കി നിശബ്ദദയ്ക്ക് വിരാമമിട്ടുകൊണ്ടു അവൻ പതിയെ വിളിച്ചു.
ഇച്ചേയി……
മമ്.എന്ത് വേണം…..
അത്.. ഞാൻ.. എനിക്ക് ഇച്ചേയിയോട് ഒന്ന് സംസാരിക്കണം…
എനിക്ക് ഒന്നും കേൾക്കണ്ട എങ്കിലോ…
ഇച്ചേയി പ്ലീസ്…. എനിക്ക് പറയാനുള്ളത് ഒന്ന്…
എന്താ നിനക്ക് പറയാനുള്ളത്.. നിനക്ക് ഒരു തെറ്റ് പറ്റി പോയെന്നോ… അതോ നീ അറിഞ്ഞു കൊണ്ടു ഒരു പെണ്ണിനെ ചതിക്കാൻ നോക്കിയെന്നോ….
ഇച്ചേയി പ്ലീസ്….
വേണ്ട…. അല്ല ഇനി ഇപ്പൊ എന്താ നിനക്ക് ഇത്ര പറയാൻ ഉള്ളത്. അല്ലെങ്കിലും അതൊക്കെ പറയാനും മാത്രം ഞാൻ നിന്റെ ആരാ….
ഇച്ചേയി……
വേണ്ട ഹിരാ….നീ കൂടുതൽ ന്യായീകരിക്കാൻ നിക്കണ്ട… അപ്പച്ചൻ വിളിച്ചു നിന്റെ കല്യാണം ഇന്ന് കഴിഞ്ഞു എന്ന് പറഞ്ഞപ്പോ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. എന്നോട് ഒരു വാക്ക് പോലും നീ പറഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ കരഞ്ഞു പോയി. പക്ഷെ അതുണ്ടായ സാഹചര്യം അറിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോയി. നിന്നെ പോലെ ഒരുത്തനെയാണല്ലോ ഞാൻ എന്റെ മോനെ പോലെ സ്നേഹിച്ചത് എന്നോർത്തപ്പോ തൊലി ഉരിഞ്ഞു പോയി…..
എല്ലാവരും എന്നെ കുറ്റപ്പെടുത്തിക്കോ ആരും എന്നെ മനസിലാക്കുന്നില്ല. അമ്മയ്ക്ക് എന്നെ വേണ്ട ആൻസി അമ്മച്ചിക്ക് എന്നെ വേണ്ട.പക്ഷെ കുഞ്ഞു നാള് മുതൽ എന്നെ കൊണ്ടു നടന്ന എന്നെ മറ്റാരേക്കാളും മനസിലാക്കിയിട്ടുള്ള ഇച്ചേയി കൂടെ എന്നെ കുറ്റപ്പെടുത്തിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല ആരുടേം മുന്നിൽ…..
ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു ഹിരൺ ഫോൺ എറിഞ്ഞു പൊട്ടിച്ചു.
കസേരയിലേക്ക് ചാരി നെറ്റിക്കു കൈ വട്ടം പിടിച്ചു അവൻ എങ്ങലടിച്ചു കരഞ്ഞു.
ഹിരണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴികി.
മുന്നിൽ ഒരു കാൽപെരുമാറ്റം കേട്ടു കണ്ണ് തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. ടേബിളിൽ അമ്മയുടെ ഫോൺ. സ്‌ക്രീനിൽ ഇച്ചേയിയുടെ ചിരിക്കുന്ന മുഖം. ബിൻസി മോൾ കാളിങ്… എന്ന് എഴുതിയിരിക്കുന്നു.
മനസില്ല മനസോടെ അവൻ കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു
മോനൂട്ടാ….
മമ്….
നിന്റെ ഫോൺ എന്തിയെ…..
അത്…..
പൊട്ടിച്ചു അല്ലെ…..
മമ്….
എന്തിനാ നിനക്ക് ഇത്ര ദേഷ്യം….
എനിക്ക് ആരോടും ദേഷ്യം ഇല്ല. എല്ലാവർക്കും എന്നോടല്ലേ ദേഷ്യം…..
ഓരോന്നു ചെയ്യുമ്പോ ഓർക്കണം. നിന്നെ സ്നേഹിക്കുന്നവർക്ക് നോവും എന്ന്. അപ്പൊ അവരു ദേഷ്യം കാണിക്കും ചീത്ത പറയും ചിലപ്പോ തല്ലും. അത് നിന്നെ അത്രയും സ്നേഹിച്ചത് കൊണ്ടല്ലേ…….
ഇച്ചെയ്ക്ക് അറിയോ… ഇന്ന് പപ്പ എന്റെ ഫോണിൽ വിളിച്ചു പറഞ്ഞത് ആ വീട്ടിൽ കയറരുത് എന്നാണ്. ഞാൻ ചെന്ന എന്റെ നിഴൽ പതിച്ചാൽ റിൻസി ചീത്ത ആയിപ്പോകും എന്നൊക്കെ…….
പറഞ്ഞത് അത്രയും അവൻ കരഞ്ഞു കൊണ്ടായിരുന്നു
നിങ്ങളെ രണ്ടു പേരെയും ഞാൻ എന്റെ സ്വന്തം ആയിട്ടല്ലേ കണ്ടിട്ടുള്ളത്. എന്നിട്ടും പപ്പ എനിക്ക് പറയാനുള്ളത് പോലും കേൾക്കാതെ എന്നെ കുറ്റപ്പെടുത്തിയില്ലേ. റിൻസി മാത്രമല്ല അമ്മച്ചി കൂടി ആ വീട്ടില് ഉള്ളതാണെന്ന് കൂടി പറഞ്ഞപ്പോ…
പിന്നെ ഒന്നും പറയാൻ അവനു കഴിഞ്ഞില്ല…
എങ്ങലടിച്ചു അവൻ നിർത്താതെ കരഞ്ഞു..
മോനൂട്ട നീ ഇങ്ങനെ കരയല്ലേ.. ഇച്ചേയ് ഇപ്പൊ എന്താ ചെയ്യണ്ടത്…..
എനിക്ക് ഇപ്പൊ ഇച്ചേയിയെ കാണണം ഞാൻ.. ഞാൻ അങ്ങോട്ട് വരുവാ…….
വേണ്ട. വേണ്ട.. ഈ അവസ്ഥയിൽ നീ ഇങ്ങോട്ട് വരണ്ട. ഞാൻ അങ്ങോട്ട് വരാം…..
ഒരു അര മണിക്കൂർ കഴിഞ്ഞതും ബിൻസിയുടെ കാർ ഇടറോഡിലൂടെ വരുന്നത് കണ്ട ഹിരൺ സ്റ്റെയർ ചാടി ഇറങ്ങി ഓടി. ഹാളിൽ എത്തിയ അവൻ പെട്ടെന്ന് ഒന്ന് നിന്നു. താൻ അടുത്തെത്തിയത് അറിഞ്ഞിട്ടും അമ്മ കണ്ട ഭാവം പോലും കാണിക്കാതിരുന്നത് അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു.അമ്മയിരുന്ന സോഫ്ഫയിലേക്ക് ഫോൺ ഇട്ടു കൊടുത്തു അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി. ബിൻസി അപ്പോളേക്കും എത്തിയിരുന്നു. കാറിൽ ഇരുന്നു തന്നെ അവൾ ഹാളിലിരിക്കുന്ന അമ്മയുടെ ഭാവം അറിഞ്ഞത് കൊണ്ടാവാം ഹിരണിനോട് കാറിലിരിക്കാൻ പറഞ്ഞു അവൾ അകത്തേക്ക് കയറി.
സോഫ്ഫയിൽ സരസ്വതി അമ്മയുടെ അടുത്ത് ഇരുന്നു കൊണ്ടു അമ്മയുടെ തോളിൽ ബിൻസി കൈ വച്ചു.
അമ്മേ…..
കലങ്ങി മറിഞ്ഞ കണ്ണ് തുറന്നു അലറി കരഞ്ഞു കൊണ്ടു അവർ ബിൻസിയെ കെട്ടിപിടിച്ചു നിലവിളിച്ചു.
കാറിനുള്ളിലിരുന്ന ഹിരൺ കണ്ടു മനസിലെ സങ്കടങ്ങളും വേദനകളും എല്ലാം ബിൻസിയുടെ മുന്നിൽ ഇറക്കി വച്ചു പൊട്ടി കരയുന്ന അമ്മയെ.
അച്ഛന്റെ മരണ സമയത്തു മാത്രവേ അമ്മ ഇങ്ങനെ കരഞ്ഞു താൻ കണ്ടിട്ടുള്ളു. ഇപ്പൊ താൻ കാരണവും ആ മനസ് മുറിഞ്ഞു.
കണ്ണിന് മുന്നിൽ നിന്നും കാഴ്ച മറയ്ക്കനായി അവൻ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാഞ്ഞു.
കാറിനുള്ളിലെ എ സി യിലും അവന്റെ ശരീരം വിയർത്തൊഴുകി.
എന്റെ കുഞ്ഞിനെ ഞാൻ ഇന്ന് ഒരുപാട് തല്ലി മോളെ…..
അമ്മേ അത് വിട് കഴിഞ്ഞത് കഴിഞ്ഞു…..
അവൻ.. അങ്ങനൊക്കെ ചെയ്തു എന്ന് എല്ലാവരും കൂടി പറഞ്ഞപ്പോ……
സാരവില്ല… അമ്മയല്ലേ തല്ലിയത്. തെറ്റ് ചെയ്തിട്ടല്ലേ. അവനു മനസിലാവും……
എല്ലാവരും പറയുന്നത് ഞാൻ വിശ്വസിച്ചു. പക്ഷെ അവനു പറയാനുള്ളത് മാത്രം കേട്ടില്ല..ഞാൻ ഇന്ന് അവനെ കണ്ട സാഹചര്യവും അവിടെ നിന്നും അറിഞ്ഞ കാര്യങ്ങളും ഒക്കെ വച്ചു അവനു പറയാനുള്ളത് ഒന്നും കേൾക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു…..
എനിക്ക് മനസിലാവും അമ്മേ… ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ സംഭവിക്കാനുള്ളത് സംഭവിച്ചു…..
മോള് ഒന്ന് അവനോടു സംസാരിക്കുവോ .ആരോടും ഒന്നും പറയാനാവാതെ ആരും ഒന്നും കേൾക്കാനില്ലാതെ വിങ്ങി പൊട്ടുവാ എന്റെ കുഞ്ഞ്……
അമ്മ വിഷമിക്കണ്ട.. ഞാൻ വന്നില്ലേ ഞാൻ സംസാരിച്ചോളാം… എന്നോട് എന്തായാലും അവൻ സത്യം മാത്രേ പറയൂ……
മമ്….
ആ കുട്ടി ഉറങ്ങിയോ എവിടാ അത്….
അവന്റെ മുറിയിൽ ഉണ്ട്.. ഉറങ്ങി കാണില്ല.. അതിനു ഇന്ന് ഉറങ്ങാൻ കഴിയുവോ മോളെ… എന്റെ മോൻ അങ്ങനത്തെ ചതി അല്ലെ അതിനോട് ചെയ്തത്….
അമ്മ വീണ്ടും കരയാൻ തുടങ്ങി…
ഇതിനിടയിൽ അടുക്കള വാതിൽ വഴി ആൻസി അവിടേക്കു വന്നു.
നീ എന്ന പെണ്ണെ ഈ നേരം കെട്ട നേരത്തു.. എങ്ങനാ വന്നേ……
- ഇച്ചായന്റെ കാർ ഉണ്ടായിരുന്നു. അത് എടുത്തോണ്ട് പോന്നു….പപ്പ എന്തിയെ ഉറങ്ങിയോ….
ഉറങ്ങിയില്ല… ഉറങ്ങാൻ പറ്റുന്നില്ലന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട്. ദേഷ്യം വന്നപ്പോ മോനൂട്ടനോട് എന്തോ പറഞ്ഞു പോയെന്നും പറഞ്ഞു സങ്കടത്തിൽ ആണ്……
എന്തോ ഒന്നുവല്ല… പറഞ്ഞത് കുറച്ചു കടന്നു പോയി അതാ ഉറക്കം വരാത്തത്……
ബിൻസി പറഞ്ഞു നിർത്തി.
നിങ്ങള് ആ കുട്ടിയുടെ അടുത്തേക്ക് ചെല്ല് ഞാൻ അവന്റെ കൂടെ കാണും…….
അതും പറഞ്ഞു ബിൻസി പുറത്തേക്കു ഇറങ്ങി. അമ്മമാർ മുകളിലേക്കും.
മുകളിലെത്തിയ സരസ്വതി കട്ടിലിന്റെ സൈഡിൽ ഇരുന്നു. ബെഡിൽ കിടന്നു കരഞ്ഞു കൊണ്ടിരുന്ന നിരഞ്ജന ചാടി എഴുനേറ്റു ചുറ്റും നോക്കി.
അമ്മയാ മോളെ… പേടിക്കണ്ട…..
കരഞ്ഞു വാടി തളർന്ന മുഖവുമായി നിരഞ്ജന സരസ്വതി അമ്മയുടെയും ആൻസി അമ്മച്ചിയുടെയും
മുഖത്തേയ്ക്ക് മാറി മാറി നോക്കി വിതുമ്പി.
പൊറുക്കാൻ പറ്റാത്ത തെറ്റാ എന്റെ മോൻ മോളോട് ചെയ്തതെന്ന് അമ്മയ്ക്കറിയാം. അവനു വേണ്ടി അമ്മ മോളോട് മാപ്പ് ചോദിക്കുവാ….
നിരഞ്ജനയുടെ കാലുകളിൽ പിടിച്ചു കരഞ്ഞ സരസ്വതി അമ്മയെ വാരി പുണർന്നുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. അവൾക്കും അതായിരുന്നു ആവശ്യം ചേർത്ത് പിടിച്ചു കരയാൻ ഒരാളെ..
കാറുമെടുത്തു ബിൻസി പുറത്തേക്കു ഇറങ്ങി. കുറച്ചു ദൂരം ഓടിച്ചു അവൾ ഒഴിഞ്ഞ ഗ്രൗണ്ടിലേക്ക് കയറ്റി നിർത്തി.
ഡോർ തുറന്നു പുറത്തിറങ്ങി അവൾ ഹിരൺ വരാൻ കാത്തുനിന്നു.
ഇച്ചിയമ്മേ…….
പുറം തിരിഞ്ഞു നിന്ന ബിൻസിയെ വട്ടം പിടിച്ചു കൊണ്ടു അവൻ വാവിട്ടു നിലവിളിച്ചു.
ജീവിതത്തിൽ രണ്ടു തവണ മാത്രം ആണ് അവൻ അമ്മ എന്ന് ചേർത്ത് തന്നെ വിളിച്ചിട്ടുള്ളത്. അവന്റെ അച്ഛൻ മരിച്ച സമയത്തു. പിന്നെ കെട്ടു കഴിഞ്ഞു പള്ളിയിൽ നിന്നും സിബിച്ചായന്റെ കയ്യും പിടിച്ചു ഇറങ്ങിയപ്പോൾ. അന്ന് പള്ളിയിൽ കൂടിയ എല്ലാവരെയും കരയിപ്പിച്ചത് മോനുട്ടന്റെ ഇതേ പിടുത്തവും കരച്ചിലും ഇച്ചിയമ്മേ എന്നുള്ള വിളിയും.മനസ് നീറുന്നുണ്ടാവും
ബിൻസി തിരിഞ്ഞു അവനെ ചേർത്ത് പിടിച്ചു.
ഏറെ നേരം കരഞ്ഞ ഹിരൺ കരച്ചിൽ ഒരു വിധം അടക്കി അവളിൽ നിന്നും വിട്ടു മാറി.
കാറിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്തു ബിൻസി അവനു കൊടുത്തു.
വെള്ളം എടുത്തു മുഖം കഴുകി ബാക്കി വെള്ളം അവൻ തലയിലൂടെ ഒഴിച്ച് തല നനച്ചു.
ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ ബെഞ്ചിൽ ബിൻസി ഇരുന്നു. അവൾക്കടുത്തായി ഹിരണും. പതിവിന് വിപരീതമായി അവൻ അകലം പാലിച്ചിരുന്നത് ബിൻസിയും ശ്രദ്ധിച്ചു.
ബിൻസിയുടെ നോട്ടത്തിന്റെ അർത്ഥം അറിഞ്ഞു കൊണ്ടു ഹിരൺ പറഞ്ഞു.
ഇന്ന് അമ്മ എന്നോട് പറഞ്ഞു എന്റെ കൂടെ ഒരു വീട്ടിൽ കഴിയാൻ ഭയം ആണെന്ന്.പപ്പ പറഞ്ഞത് റിൻസിക്കൂ ചീത്ത പേര് ആവും എന്നും അമ്മച്ചിയും ആ വീട്ടിൽ ഉള്ളതാണെന്നുവാണ്. ഇനി ഇച്ചേയി കൂടി അങ്ങനെ എന്തേലും പറഞ്ഞാൽ….
ബിൻസി മറുപടി ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.
ഒരു കള്ളം നൂറു പേര് നൂറു വട്ടം പറഞ്ഞാൽ സത്യം ആകും എന്ന് പറയുന്നത് എത്ര ശെരിയ അല്ലെ. അത് കൊണ്ടല്ലേ ഈ പ്രശ്നം ഒക്കെ ഉണ്ടായപ്പോ എനിക്ക് പറയാനുള്ളത് എന്താണെന്നു പോലും കേൾക്കാൻ ആരും തയ്യാറാകാതിരുന്നത്….
ഇച്ചേയി പോലും പറഞ്ഞില്ലേ ഞാൻ നിന്റെ ആരാ എന്ന്…..
മൗനം വെടിഞ്ഞു ബിൻസി സംസാരിച്ചു. അല്ല അവൾ അലറി.
ശെരിയ… ഞാൻ പറഞ്ഞു നിന്റെ ആരാ ഞാൻ എന്ന് ചോദിച്ചു.. നീ നിന്റെ മാനസിക അവസ്ഥയെ കുറിച്ച് പറഞ്ഞല്ലോ. നിന്നെ പറ്റി ഇങ്ങനൊക്കെ കേട്ടപ്പോ ഞാൻ എന്ത് മാത്രം വിഷമിച്ചു എന്ന് നിനക്ക് അറിയാവോ. നിന്നെ നിന്റെ അമ്മ പ്രസവിച്ചു എന്ന് മാത്രേ ഉള്ളു. നിന്നെ കൊണ്ടു നടന്നതും വളർത്തിയത് ഒക്കെ ഞാനാ.അപ്പൊ ആരെങ്കിലും നിന്നെ കുറിച്ച് മോശം പറഞ്ഞാൽ എനിക്ക് അത് സഹിക്കാൻ കഴിയില്ല.അപ്പൊ പിന്നെ ഇന്ന് കേട്ടത് പോലൊക്കെ നിന്നെ കുറിച്ച് കേട്ടാലുള്ള എന്റെ മനസ് എന്താന്ന് നിനക്ക് ഞാൻ പറഞ്ഞു തരണോ. അത് നിന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. മറ്റാരേക്കാളും എനിക്ക് നിന്നോട് ഇഷ്ടം കൂടുതൽ ഉള്ളത് കൊണ്ടാണ്. എന്റെ മോള് എന്നെ അമ്മേ എന്ന് വിളിക്കുന്നതിന് മുന്നെ അങ്ങനെ വിളിച്ചത് നീയാ. എന്നിട്ട് അവൻ ഇപ്പൊ എന്നോട് അകലം പാലിക്കുന്നു…..
അതും പറഞ്ഞു ബിൻസി ദേഷ്യത്തിൽ മുഖം തിരിച്ചു.
അവളിൽ നിന്നും അകലം പാലിച്ചതിനാലാണ് ഈ പിണക്കം. അതറിഞ്ഞ ഹിരൺ അവളിലേക്ക് ചേർന്നിരുന്ന് വട്ടം കെട്ടിപിടിച്ചു അവളിലേക്ക് ചാഞ്ഞു.
അവന്റെ തലയിൽ തഴുകി കൊണ്ടു അവളും ഇരുന്നു.
ഇച്ചേയ്….
മമ്…
ഇച്ചെയ്ക്ക് തോന്നുന്നുണ്ടോ മോനൂട്ടൻ അങ്ങനൊക്കെ ചെയ്യും എന്ന്… തെറ്റും ശെരിയും ഒക്കെ പറഞ്ഞു തന്നു എന്നെ വളർത്തിയത് ഇച്ചേയി അല്ലെ…..
പിന്നെ എങ്ങനാ മോനൂട്ട നീ ഇതില് പോയി പെട്ടത്….
എനിക്ക് ഇപ്പോളും അത് അറിയില്ല….
വീട്ടിൽ കയറി പെണ്ണുങ്ങളെ പിടിക്കുന്നോടാ എന്ന് ചോദിച്ചായിരുന്നു അടി തുടങ്ങിയത്…..
പിന്നെ പറഞ്ഞത് പെണ്ണ് വിളിച്ചു കയറ്റിയതാണ് എന്ന്. പ്രേമം ആണത്രേ. പിന്നെ ഓരോ ആൾക്കാരും ഓരോ കഥ പറഞ്ഞായിരുന്നു അടി.4 വർഷം ആയി പ്രേമത്തിൽ ആണ്.2 തവണ പെണ്ണ് ഗർഭിണി ആയതാണ്. പയ്യന് പ്രായം കുറവായ കൊണ്ടു അവള് വേറെ കല്യാണത്തിന് സമ്മതിച്ചതാണ്. കഴപ്പ് മൂത്ത് കല്യാണ തലേന്ന് രാത്രി വിളിച്ചു കയറ്റിയതാണ്. കഥകൾക്ക് ഒരു പഞ്ഞവും ഉണ്ടായില്ല. അടിക്കും…..
പിന്നെ അമ്മയും അമ്മച്ചിയുവോക്കെ വന്നപ്പോ പുതിയ കഥ. ഞാൻ പിന്നാലെ നടന്നു ശല്യപെടുത്തിയതാണ്.രാത്രി അവളുടെ ശരീരം തേടി ചെന്നതാണ്. അവള് ഒറ്റയ്ക്ക് കിട്ടിയപ്പോ കയറി പിടിച്ചു. ഹോ സിനിമ കഥ എഴുതുന്നവര് നാണിച്ചു പോകും അമ്മാതിരി ട്വിസ്റ്റ് ആയിരുന്നു….
പക്ഷെ അവൾ ഇതിനു മുന്നെ ഗർഭിണി ആയെന്നും അതിനു കാരണക്കാരൻ ഞാൻ ആണെന്നും ഒക്കെ ഓരോരുത്തര് പറഞ്ഞപ്പോ അത് സത്യം ആയിരുന്നോ എന്ന് അവളോട് ചോദിച്ചതിനു അതെ എന്നായിരുന്നു മറുപടി…..
എന്റെ മോനൂട്ട നീ ഇങ്ങനെ അറ്റവും മൂലയും പറഞ്ഞാൽ എനിക്ക് ഒന്നും മനസിലാവില്ല. എന്താണെങ്കിലും അത് നീ തെളിച്ചു പറ
ഫ്ലാഷ് ബാക്കിലേക്ക് …
തുടരും
കർണ്ണൻ
Responses (0 )