അരവിന്ദനയനം 2
Aravindanayanam Part 2 | Author : 32B | Previous Part
പാടവരമ്പും കടന്നു ഞങ്ങൾ ഒരു വീട്ടുമുറ്റത്തേക് കയറി. അവിടെ സിറ്റ് ഔട്ടിൽ ഒരാൾ പത്രം വായിച്ചു ഇരിക്കുന്നു. ഞങ്ങളെ കണ്ട ഉടൻ പുള്ളി എഴുനേറ്റു.
“ആരാ മോളെ ഇതൊക്കെ.” ഓ ഇതാപ്പോ ഇവളുടെ അച്ഛൻ ആണ്.
അവൾ നിന്ന് പരുങ്ങുന്ന കണ്ട് അമ്മ തന്നെ മറുപടി പറഞ്ഞു
“ഞങ്ങൾ ഇവിടെ അടുത്തൊരു കല്യാണത്തിന് വന്നതാ, തിരിച്ചു വരും വഴി വണ്ടി ഒന്ന് പാളി ഞങ്ങൾ വീണു. അപ്പൊ മോളാണ് വന്നു ഞങ്ങളെ രക്ഷിച്ചത്.” അമ്മ പറഞ്ഞത് കേട്ട് അവൾ നന്ദിപൂർവം അമ്മയെ നോക്കി. അമ്മ അവളെ കണ്ണടച്ച് കാണിച്ചു.
“അവിടെ തന്നെ നിക്കാതെ ഇങ്ങോട്ട് കേറി ഇരിക്ക്. കാര്യായിട്ട് എന്തെങ്കിലും പറ്റിയോ.?”
“എയ് മോൾടെ കാലൊന്നു ഉരഞ്ഞു, എന്റെ കാലൊന്ന് ഉളുക്കി. ഇവന് കുഴപ്പൊന്നും ഇല്ല.” അമ്മ പറഞ്ഞത് കേട്ട് പുള്ളി എന്നെ നോക്കി, എന്റെ കോലം കണ്ട് അയാൾ വാ പൊളിച്ചു പോയി.
“ഇതെന്താ ഇങ്ങനെ. മൊത്തം ചെളിയായല്ലോ. ദാ അവിടെ പൈപ്പ് ഉണ്ട് അതിൽ നിന്ന് കഴുകിക്കോ.” പുള്ളി ഒരു പൈപ്പ് കാണിച്ചു തന്നിട്ട് എന്നോട് പറഞ്ഞു.
അമ്മയും ആമിയും സിറ്റ് ഔട്ടിലേക് കേറി ഇരുന്നു. ആ പെണ്ണ് അകത്തേക്കും പോയി ഞാനും ആ പെണ്ണിന്റെ അച്ഛനും പൈപ്പിന്റെ അടുത്തേക്കും.
വെള്ളം എടുത്തു എല്ലാം നല്ലോണം കഴുകി. എന്നാലും അധികം അങ്ങനെ വൃത്തി ആയില്ല. അയാളും കുറെ സഹായിച്ചു, ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല. എനിക്ക് സോപ്പ് ഒക്കെ എടുത്തു തന്നു. അതിനിടയിൽ വീടും നാടും ഒക്കെ ചോദിച്ചറിഞ്ഞു. അദ്ദേഹം ഒരു സാധു മനുഷ്യൻ ആണെന്ന് തോന്നി. പുള്ളിയോട് സംസാരിച്ചപ്പോൾ എന്റെ ആ ദേഷ്യവും അങ്ങ് കുറഞ്ഞു. കഴുകി കഴിഞ്ഞു മുറ്റത്തേക്കു പോകാൻ നേരം അദ്ദേഹം അടുത്ത് വന്നു.
“ഒന്നും തോന്നരുത്, അമ്മ ഇല്ലാത്ത കുട്ടിയാ, ഞാനും കൊറേ കൊഞ്ചിച്ചു വഷളാക്കിട്ടുണ്ട് അതിന്റെതായ പ്രശ്നങ്ങൾ മോൾക്ക് ഉണ്ട്. നിങ്ങൾ വീണത് അവൾ കാരണം ആണെന്ന് എനിക്ക് ആദ്യമേ തോന്നി അവളുടെ പരുങ്ങൽ കണ്ടപ്പഴേ. ഒന്നും മനസ്സിൽ വെക്കരുത് കേട്ടോ.
ഇങ്ങനെ കുറച്ചു തല്ലുകൊള്ളിത്തരം ഉണ്ടെന്നേ ഉള്ളു ആള് പാവം ആണ്.” അയാൾ പറഞ്ഞു നിർത്തി.
“എയ് അത് സാരമില്ലെന്നേ, അമ്മ വീണപ്പോ ഞാനും ടെൻഷൻ ആയിപോയി അതാ. കൊഴപ്പോന്നും ഇല്ല ഒന്നും പറ്റിയില്ലലോ അത് തന്നെ വലിയ കാര്യം.” ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്തോ എനിക്ക് അയാളോട് പിന്നെ ഒന്നും അങ്ങ് പറയാൻ തോന്നിയില്ല.
“എന്നാൽ വാ, ഞാൻ ചായ എടുക്കാം മോൻ മുറ്റത്തേക്കു പൊയ്ക്കോളൂ.”
“അയ്യോ ചായ ഒന്നും വേണ്ട സർ, ഞങ്ങൾ ഇപ്പൊ ഇറങ്ങും.”
“ഹാ അങ്ങനെ പറഞ്ഞാൽ എങ്ങനാ മോൻ അങ്ങോട്ട് ചെല്ല് ഞാൻ ഇപ്പൊ വരാം.” എന്നെ തള്ളി മുറ്റത്തേക്കു വിട്ടിട്ട് അദ്ദേഹം അടുക്കള വഴി അകത്തേക്ക് കയറി.
ഞാൻ മുറ്റത്തേക്കു ചെല്ലുമ്പോൾ ആമി ഒരു 5 സ്റ്റാർ ചോക്ലേറ്റ് കയ്യിൽ പിടിച്ചു കടിച്ചോണ്ട് ഇരിക്കുന്നു. അമ്മ കസേരയിൽ ഇരിക്കുന്നുണ്ട്. ആ പെണ്ണ് അമ്മയുടെ കാലിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട് കൂടെ വാ തോരാതെ വർത്തമാനം പറയുന്നുമുണ്ട്. അമ്മ അതിനൊക്കെ മറുപടി പറഞ്ഞു ചിരിക്കുന്നുണ്ട്. ഈ അമ്മയെ കൊണ്ട്…. പെൺകുട്ടികൾ അമ്മേടെ വീക്നെസ് ആണെന്ന് തോന്നുന്നു.
“ചോദിക്കാൻ മറന്നു എന്താ മോൾടെ പേര്?”
“നയന”
“പഠിക്കുവാണോ മോള്?”
“പഠിത്തം കഴിഞ്ഞു ഇപ്പൊ ഒരു കാൾ സെന്ററിൽ ജോലി നോക്കുന്നു എറണാകുളത്തു. അത് തത്കാലം ഒന്ന് പിടിച്ചു നിക്കാൻ ഉള്ള ജോലി ആണ് വേറെ നോക്കുന്നുണ്ട് ഒന്നും ആയില്ല.” അവൾ ചിരിച്ചോണ്ട് പറഞ്ഞു.
“ആഹ് എറണാകുളത്തു ആണോ ദേ ഇവനും അവിടെ ആണ്.” അമ്മ എന്നെ ചൂണ്ടി പറഞ്ഞു. അവൾ എന്നെ നോക്കിയതും ഞാൻ നോട്ടം മാറ്റി ആമിയുടെ അടുത്തേക്ക് പോയി.
“ഏട്ടാ ദേ ചേച്ചി തന്നതാ ഏട്ടന് വേണോ ചോക്ലേറ്റ്.” ഞാൻ അവളെ നോക്കി പേടിപ്പിച്ചു. അവൾ അതൊന്നും മൈൻഡ് ആക്കാതെ ഇരുന്നു കഴിക്കാൻ തുടങ്ങി.
അപ്പോഴേക്കും അവളുടെ അച്ഛന്റെ ചായയും ആയി വന്നു.
“ദാ എല്ലാവരും ചായ കുടിക്ക്.”
“അയ്യോ ഇതൊന്നും വേണ്ടാരുന്നു, എന്തിനാ ഇതൊക്കെ ഉണ്ടാക്കിയെ.”
“പിന്നെ വീട്ടിൽ വന്നവരെ വെറുതെ അങ്ങനെ പറഞ്ഞയക്കാൻ പറ്റുവോ.” അവളുടെ അച്ഛൻ പറഞ്ഞു.
“നിങ്ങൾ ചായ കുടിക്കാൻ നോക്ക് ഞാൻ ദാ വരുന്നു.” അദ്ദേഹം വീണ്ടും അകത്തേക്ക് പോയി.
“അല്ല എവിടെ മോൾടെ അമ്മ, ഇവിടെ ഇല്ലേ?”
അമ്മേടെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി. ഞാൻ ആ പെണ്ണിനെ നോക്കി അവളും ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തു.
“അമ്മ.. അമ്മ പോയിട്ട് വർഷങ്ങൾ ആയി.” അത് പറഞ്ഞിട്ട് അവൾ അമ്മയുടെ കാലിൽ ബാൻഡേജ് കെട്ടാൻ തുടങ്ങി.
അമ്മ എന്ത് പറയണം എന്നറിയാതെ ഇരുന്നു. എന്തോ ഭാഗ്യം പോലെ അപ്പൊ തന്നെ അവളുടെ അച്ഛൻ പുറത്തേക്കു വന്നു അത്കൊണ്ട് തന്നെ ആ വിഷയത്തിൽ നിന്നും എല്ലാവരും തെന്നിമാറി.
കുറച്ചു നേരം കൂടി അവിടെ നിന്നതിനു ശേഷം ഞങ്ങൾ ഇറങ്ങാൻ റെഡി ആയി. അമ്മയ്ക്ക് ഇപ്പൊ നടക്കാൻ വല്യ ബുദ്ധിമുട്ട് ഇല്ല എന്നാലും ചെറിയൊരു വേദന ഉണ്ട്. ഞാൻ അദ്ദേഹത്തോട് യാത്ര പറഞ്ഞു അവളോട് ഒന്നും പറഞ്ഞില്ല, അതിനു എന്റെ ഈഗോ എന്നെ സമ്മതിച്ചില്ല എന്ന് വേണം പറയാൻ. വണ്ടി ഇരുന്ന സ്ഥലം വരെ അമ്മയുടെ കയ്യും പിടിച്ചു അവൾ വന്നു.
ഞാൻ നേരെ കേറി വണ്ടി സ്റ്റാർട്ട് ആക്കി. ആമിയും അവളോട് യാത്ര പറഞ്ഞു എന്റെ പിന്നിൽ കയറി. അമ്മ അവളെ ചേർത്ത് നിർത്തി നെറുകയിൽ തലോടി.
“പോട്ടെ മോളെ… ഇനിയും എപ്പഴേലും കാണാം. ഞങ്ങളുടെ അങ്ങോട്ട് വല്ലതും വരുവണേൽ വീട്ടിൽ വരണം കേട്ടോ. ദാ ഇതാണ് വീട്ടിലെ ഫോൺ നമ്പർ.” അമ്മ ഒരു തുണ്ട് കടലാസ് അവൾക്കു നേരെ നീട്ടി. ഇതൊക്കെ എപ്പോ എഴുതി വെച്ചോ ആവോ.
“വാങ്ങിച്ചോ മോളെ അമ്മ തരുന്നതല്ലേ.” അമ്മ അത് അവളുടെ കയ്യിൽ കൊടുത്തിട്ട് ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു, എന്നിട്ട് വണ്ടിയിൽ കയറി. ഞാൻ പതിയെ വണ്ടി മുന്നോട്ടു എടുത്തു. അമ്മയും ആമിയും തിരിഞ്ഞു നോക്കി അവൾക്കു ടാറ്റ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. എന്നാൽ ഞാൻ മാത്രം നോക്കിയില്ല. പക്ഷെ വണ്ടിയുടെ കണ്ണാടിയിൽ ഞാൻ കണ്ടു ദാവണി ഉടുത്തു കണ്ണ് നിറഞ്ഞു നിൽക്കുന്ന ഒരു രൂപം.
എന്തോ അന്ന് ഉറങ്ങാൻ കിടന്നപ്പോഴും ആ അവസാനം കണ്ട രൂപം തന്നെ ആയിരുന്നു മനസ്സിൽ. ഞാൻ കൊറച്ചു അധികം ദേഷ്യപ്പെട്ടു എന്നൊരു തോന്നൽ.
“നീ എന്താ ഈ ലൈറ്റും തെളിച്ചിട്ട് ഇരുന്നു ആലോചിക്കുന്നേ.” അമ്മ മുറിയിലേക്കു കയറി വന്നു.
“ഓ ഒന്നുല്ല നാളെ ഇനി വീണ്ടും പണിക്കു പോണോല്ലോ എന്നാലോചിച്ചതാ. അമ്മ കിടന്നില്ലേ. കാലിനു ഇപ്പൊ വേദന ഉണ്ടോ.?” ഞാൻ അമ്മയുടെ കാൽ എടുത്തു മടിയിൽ വെച്ച് ചോദിച്ചു.
“ഹാ കാല് വലിച്ചു പറിക്കാതെടാ, എനിക്ക് കുഴപ്പൊന്നും ഇല്ല ആ കൊച്ച് നല്ലപോലെ തിരുമി തന്നു അതോണ്ട് നീരൊന്നും വീണില്ല.”
“മം…”
“നീ എന്തിനാടാ ആ കുട്ടിയോട് അത്രേം ദേഷ്യപ്പെട്ട് സംസാരിച്ചത് മോശമായി പോയി.”
“പിന്നല്ലാതെ ഞാൻ അപ്പൊ എന്ത് ചെയ്യാനാ, അപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ.”
“എന്നാ പിന്നെ പോരാൻ നേരം അതിനോട് ഒരു സോറി എങ്കിലും പറഞ്ഞൂടാരുന്നോ പാവം അത് പേടിച്ചു പോയി ഞാൻ വീണപ്പോ.”
“ആ ഇനി കാണുവാണേൽ പറയാം.”
“ഉവ്വാ ഇനി എവിടുന്നു കാണാൻ. മതി ഞാൻ പോയി കിടക്കട്ടെ. കിടന്നു ഉറങ്ങാൻ നോക്ക് ഇനി ഫോണിൽ കളിക്കാൻ നോക്കിയാൽ ഞാൻ അതെല്ലാം കൂടി എടുത്തു അടുപ്പിൽ വെക്കും പറഞ്ഞേക്കാം.” അമ്മ ലൈറ്റ് ഓഫ് ചെയ്തു മുറിയിലേക്ക് പോയി. ഞാനും പതിയെ മയക്കത്തിലേക്ക് വീണു.
ഞാനും അമ്മയും മേരി മാതാ ഹോസ്പിറ്റലിൽ എത്തുമ്പോൾ സമയം ഉച്ചക്ക് 3 മണി. ആമിക്ക് പെട്ടെന്ന് ഒരു പനി. കാണിച്ചപ്പോൾ ഡോക്ടർ 2 ദിവസത്തേക്കു അഡ്മിറ്റ് ആക്കാൻ പറഞ്ഞു. ഞങ്ങൾ റൂമിൽ എത്തുമ്പോൾ വിനയേച്ചിം ചേട്ടനും ഉണ്ട്. ചേട്ടൻ ഓട്ടോ ഡ്രൈവർ ആണ്.
ആമി ഉറക്കത്തിൽ ആണ്. ഡ്രിപ് ഇട്ടിട്ടുണ്ട് അവളുടെ കുഞ്ഞികൈയിൽ. വിശേഷം ഒക്കെ തിരക്കി അവിടെ നിന്നപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു. ഞങ്ങളെ കണ്ട് ഒന്ന് പുഞ്ചിരിച്ചു. ചിരിക്കൊന്നും ഒരു വോൾടേജ് ഇല്ല. ക്ഷീണം കാണും പാവം.
അമ്മ പോയി അവളുടെ കൂടെ ഇരുന്നു നെറുകയിൽ തലോടി. ഞാനും ചേട്ടനും അവിടെ മാറി നിന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി.
“ഏട്ടാ രാത്രിയിൽ കുടിക്കാനുള്ള കഞ്ഞി ഒക്കെ എടുക്കാൻ പോണം. ഞാൻ അത് പറയാൻ മറന്നു.” വിനയേച്ചി ചേട്ടനോടായി പറഞ്ഞു.
“നിന്നെ ഞാൻ ഫോൺ ചെയ്‌തപ്പോ നിനക്ക് എന്നാൽ പറഞ്ഞൂടാരുന്നോ, ഞാൻ എടുത്തിട്ട് വരില്ലാരുന്നോ കഞ്ഞി ഒക്കെ.” അമ്മയാണ് മറുപടി പറഞ്ഞത്.
“ഞാൻ അത് ഓർത്തില്ല ചേച്ചി, ചേച്ചി വിളിച്ചപ്പോൾ ഇവിടെ ഡോക്ടർ ഉണ്ടായിരുന്നു. അതാ ഞാൻ പെട്ടെന്ന് വെച്ചത്. പിന്നെ ഞാൻ അത് മറന്നും പോയി.”
“എന്ന ഒരു കാര്യം ചെയ്യ് നിങ്ങൾ രണ്ടും കൂടി പോയി കഞ്ഞി ഒക്കെ എടുത്തു വാ അതുവരെ ഞാനും ഇവനും ഇവിടെ നിക്കാം.” അമ്മ ചേച്ചിയോടും ചേട്ടനോടും കൂടി പറഞ്ഞു.
ആദ്യം ഒന്ന് എതിർത്തെങ്കിലും ചേട്ടൻ സമ്മതിച്ചു. അങ്ങനെ എന്നേം അമ്മയേം അവിടെ നിർത്തി അവർ വീട്ടിലേക്കു പോയി.
അമ്മ അവളുടെ അടുത്ത് തന്നെ ഇരുന്നു. എനിക്ക് അവിടെ ഇരുന്നിട്ട് ആകെ അസ്വസ്ഥത മിണ്ടാനും പറയാനും ഒന്നും ആരും ഇല്ല. ഇടയ്ക്കു ഒരു നേഴ്സ് വന്നു ഡ്രിപ് തീരുമ്പോൾ ഡ്യൂട്ടി റൂമിൽ വന്നു പറയണം എന്ന് പറഞ്ഞു പോയി. കുറച്ച് കഴിഞ്ഞ് ആമി കണ്ണ് തുറന്നു. അമ്മ അവളോട് വിശേഷങ്ങൾ ഒക്കെ തിരക്കി. ഇപ്പൊ ഞങ്ങൾ വന്നപ്പോ കണ്ടതിലും ഉഷാർ ആയിട്ടുണ്ട് ആൾ. അവൾ എഴുനേറ്റപ്പോ ഞാനും അടുത്ത് പോയിരുന്ന് ഓരോന്ന് പറഞ്ഞ് അവളെ ശുണ്ഠി കയറ്റാൻ നോക്കി. കൂടെ അവിടെ ഇരുന്ന ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് അവളും ഞാനും കൂടി തിന്നാൻ തുടങ്ങി.
“ഡ്രിപ് തീരാറായല്ലോ.. ഡാ ഞാൻ ആ നഴ്സിനോട് പറഞ്ഞിട്ട് വരാം നീ ഇവിടെ ഇരിക്ക്.” ഞാൻ പോകാം എന്ന് പറഞ്ഞിട്ട് അമ്മ കേട്ടില്ല, അമ്മ തന്നെ പോയി.
ഞങ്ങൾ വീണ്ടും അവിടെ ഇരുന്നു ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു പുതിയ ബോട്ടിൽ തുക്കിട്ട് എന്നെ ഒന്ന് നോക്കിട്ടു പോയി.
“ഓ രോഗിടെ ഓറഞ്ച് എടുത്ത് തിന്നുന്ന കണ്ട് നോക്കിയതാവും.” ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല.
“അല്ല ഈ നഴ്‌സിനെ വിളിക്കാൻ പോയ അമ്മ എവിടെ പോയി. ഇനി ചായ വല്ലതും വാങ്ങാൻ പോയോ.” ഞാൻ അത് ആമിയോട് പറഞ്ഞതും പുറത്ത് അമ്മ വേറെ ആരോടോ സംസാരിച്ചോണ്ട് വരുന്നത് കേട്ടു. ആമിയുടെ ഏതെങ്കിലും ബന്ധുക്കൾ ആവും, ഇവളെ കാണാൻ വരുന്നതാവും.
എന്നാൽ വന്ന ബന്ധുവിനെ കണ്ട് ഞാൻ വായിൽ വെച്ച ഓറഞ്ച് വിഴുങ്ങാൻ വരെ മറന്നുപോയി.
അതാ വീണ്ടും അവൾ – നയന.
“ഓ ആ കൊച്ചിന് വാങ്ങി വെച്ച ഓറഞ്ച് മുഴുവൻ തിന്നു തീർക്കും, നിന്നെ കൊണ്ട് തോറ്റല്ലോ.” അമ്മയുടെ ഈ ഡയലോഗ് ആണ് എന്നെ ഉണർത്തിയത്. ഞാൻ വേഗം അത് വിഴുങ്ങിയിട്ട് എഴുനേറ്റു ഒരു സൈഡിലോട്ട് മാറി നിന്നു.
“വാ മോളെ..” അമ്മ നയനയെ അകത്തേക്ക് ക്ഷണിച്ചു. അവൾ നടന്ന് ആമിയുടെ അടുത്ത് വന്നിരുന്നു. ഇടയ്ക്ക് എന്നെ ഒന്ന് നോക്കിയോ എന്നൊരു സംശയം. എന്റെ ഓറഞ്ച് തീറ്റ കണ്ട് നോക്കിയതാവും. എന്നാലും അമ്മയുടെ ചില സമയത്തെ ഡയലോഗ് മനുഷ്യന്റെ ഉള്ള വില കളയും.
“ചേച്ചി എന്താ ഇവിടെ? എന്നെ കാണാൻ വന്നതാ?”
“അതേല്ലോ… ആമി മോൾക്ക് പനി പിടിച്ചു കിടപ്പാണെന്ന് ഞാൻ ഒരു സ്വപ്നം കണ്ടു, ഞാൻ അപ്പൊ തന്നെ ഇങ്ങു പോന്നു.” ആമിയുടെ കവിളിൽ നുള്ളികൊണ്ട് അവൾ പറഞ്ഞു.
“വെറുതെ… നൊണ പറയുവാ, പറ ചേച്ചി എങ്ങനെ ഇവിടെ എത്തി.”
“എന്റെ ഒരു ഫ്രണ്ടിന്റെ അച്ഛൻ ഇവിടെ അഡ്മിറ്റ് ആണ്, ഞാൻ ആ അച്ഛനെ കാണാൻ വന്നതാ. അപ്പോഴാണ് പുറത്തുവെച്ചു അമ്മയെ കണ്ടത്. അമ്മയാ പറഞ്ഞേ മോള് ഇവിടെ ഉണ്ടെന്നു, അങ്ങനെ വന്നതാ. ഇപ്പൊ മനസ്സിലായോ.” അവൾ പറഞ്ഞത് കേട്ട് ആമിയും അമ്മയും പുഞ്ചിരിച്ചു ഞാൻ മാത്രം ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു.
എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി പോലെ. അവൾക്കും അത് ഉണ്ടെന്നു തോന്നുന്നു കാരണം അവൾ ഞാൻ നിക്കുന്ന ഭാഗത്തേക്കെ നോക്കുന്നില്ല എന്നാൽ ബാക്കി രണ്ടു പേരോടും ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്.
അവളുടെ ചില തമാശകൾ കേട്ട് എനിക്ക് തന്നെ ചിരി വന്നു. പക്ഷെ ഞാൻ ആരാ മോൻ ഞാൻ ചിരിക്കുവോ… ഞാൻ ചിരിച്ചാൽ തീർന്നില്ലേ… ഇട്ട വെയിറ്റ് ഒക്കെ വെറുതെ ആവും. അതോണ്ട് ഞാൻ അതൊന്നും മൈൻഡ് ചെയ്യാത്ത പോലെ അവിടെ മാറി ഇരുന്നു.
ഞാൻ അവിടെ ഉണ്ടെന്ന കാര്യം ഇവരൊക്കെ മറന്നെന്നു തോന്നുന്നു. ദൈവമേ ഒരു ഫോൺ കാൾ എങ്കിലും വന്നിരുന്നേൽ അതും ചെവിയിൽ വെച്ച് പുറത്തേക്കു പോകാമായിരുന്നു. അല്ലാത്ത സമയത്ത് ഒക്കെ ഓഫീസിൽ നിന്ന് വിളിയോട് വിളി ആണ്.
എന്നാൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, ഇവൾ വന്നു കഴിഞ്ഞ് റൂമിലെ അന്തരീക്ഷം ആകെ മാറി. നേരത്തെ ആമിയുടെ ചിരിക്ക് ഒരു ജീവൻ ഇല്ലായിരുന്നു എന്നാലിപ്പോ അവൾ നല്ലോണം ചിരിക്കുന്നുണ്ട് അത്പോലെ തന്നെ അമ്മയും ഒന്ന് എനെർജിറ്റിക് ആയി.
ഒരു ഇടിവെട്ടിയ ശബ്ദം കേട്ടാണ് എല്ലാവർക്കും പരിസരബോധം വന്നത്.
“അയ്യോ സമയം 5.30 ആയോ, അമ്മേ ഞാൻ എന്നാൽ ഇറങ്ങട്ടെ ഇനി ബസ് കിട്ടി വീട്ടിൽ എത്തുമ്പോൾ 7 മണി കഴിയും.” നയന വാച്ചിൽ നോക്കികൊണ്ട് വെപ്രാളത്തോടെ പറഞ്ഞു.
“ആഹ് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല എന്നാൽ മോള് ഇറങ്ങാൻ നോക്ക്. ഇനിയിപ്പോ ബസ് കിട്ടാൻ ടൗണിൽ പോകണ്ടേ?”
“വേണം അതാ പ്രശ്നം. ലേറ്റ് ആയി.”
“എന്നാൽ ഒരു കാര്യം ചെയ്യാം, മോളെ ഇവൻ കൊണ്ടുചെന്ന് ആക്കും. ഡാ മോളെ കൊണ്ടുപോയി വീട്ടിൽ ആക്കി വാ നീ.” അമ്മ എന്നെ നോക്കി പറഞ്ഞു.
“ങേ… ഞാ.. ഞാനോ..”
“ആ ഞാൻ തന്നെ.. എന്താ..”
“അത് വേണ്ടമ്മേ ഞാൻ പൊയ്ക്കോളാം അതൊക്കെ ബുദ്ധിമുട്ട് അല്ലേ.” എന്റെ നിൽപ്പ് കണ്ടാവും അമ്മയോട് അവൾ അങ്ങനെ പറഞ്ഞത്.
“എന്ത് ബുദ്ധിമുട്ട്, മോള് അമ്മ പറയണത് കേൾക്ക്. ഇനിയിപ്പോ ബസ് കിട്ടി മോളെപ്പോ വീട്ടിൽ എത്താനാണ്. പോരാത്തേന് നല്ല മഴക്കാറും. താമസിച്ചാൽ അച്ഛനും ടെൻഷൻ ആവില്ലേ.” അമ്മ അത് പറഞ്ഞതും അവൾ ഒന്ന് ആലോചിച്ചു.
“ഡാ ചെല്ല്, ഇനിം നിന്ന് താമസിക്കണ്ട.”
അതൊരു ഓർഡർ ആയിരുന്നു. ചില കാര്യങ്ങൾ അങ്ങനെ ആണ്, നമുക്ക് അനുസരിച്ചേ പറ്റു അതിപ്പോ നമുക്ക് ഇഷ്ടം ആണേലും അല്ലേലും.
ഞാനും അവളും തമ്മിൽ ഒന്ന് നോക്കി. ഇവിടെ വന്നിട്ട് ആദ്യായിട്ടാണ് ഞങ്ങൾ തമ്മിൽ ഒന്ന് നേരെ നോക്കിയത് തന്നെ. ഞാൻ ബൈക്കിന്റെ കീ എടുത്തു പുറത്തേക്കു നടന്നു. അവളും ആമിയോടും അമ്മയോടും യാത്ര പറഞ്ഞിട്ട് എന്റെ പിന്നാലെ ഇറങ്ങി നടന്നു.
“ദൈവമേ എന്താ ഇപ്പൊ സംസാരിക്കണ്ടേ ഇവളോട്. ഒന്നും മിണ്ടാതിരുന്നാൽ മോശം അല്ലേ. ഈ ഒരു ട്വിസ്റ്റ് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.” ഞാൻ മനസ്സിൽ വിചാരിച്ചു പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
“ഇയാളെന്താ ഇത്ര മസിൽ പിടിക്കണേ. ഒന്ന് ചിരിച്ചൂടെ. ആ അമ്മ എത്ര സന്തോഷത്തോടെ ആണ് എന്നോട് സംസാരിച്ചത്. പിന്നെ അന്ന് എനിക്ക് ഒരു അബദ്ധം പറ്റി, പിള്ളേരെല്ലാം കൂടി കളിക്കണത് കണ്ടപ്പോ ഒരു പൂതി തോന്നി ഞാനും കളിക്കാൻ കൂടിയതാ. അടിച്ചത് ഗോൾ പോസ്റ്റിലേക്ക് ആണെങ്കിലും കൊണ്ടത് ഈ മരങ്ങോടന്റെ വണ്ടിയിൽ ആയിപോയി. ഇയാൾ മാത്രം ആയിരുന്നു വണ്ടിയിൽ എങ്കിൽ ഞാൻ ഓടി തള്ളിയേനെ, പക്ഷെ അമ്മയേം ആമിയേം കണ്ടാണ് ഞാൻ ഓടി ചെന്നത്. ഒന്നും പറ്റാഞ്ഞത് ഭാഗ്യം. തെറ്റ് എന്റെ ഭാഗത്ത് ആണ് എന്നാലും ഒന്നും പറ്റില്ലല്ലോ ഇനിയും അതൊക്കെ മനസ്സിൽ ഇട്ട് ഇരിക്കണോ?” നയന ഓരോന്ന് മനസ്സിൽ ആലോചിച്ചു അരവിന്ദിനെ അനുഗമിച്ചു.
അരവിന്ദ് വണ്ടി സ്റ്റാർട്ട് ആകുമ്പോഴേക്കും നല്ല മഴക്കാർ ഇരുണ്ടുകൂടിയിരുന്നു.
“കേറിക്കോ…” അരവിന്ദ് പതിയെ അവളോടായി പറഞ്ഞു.
“ഊഫ്… അവസാനം ഇയാൾ വാ തുറന്നു. ഇത്ര പതിയെ പറയുന്നത് എന്തിനാ സംസാരിച്ചാൽ മുത്ത് പൊഴിയുവോ.” മനസ്സിൽ ഓരോന്ന് ആലോചിച്ചു നയന ബൈക്കിൽ കയറി.
വണ്ടി മുന്നോട്ടു കുതിച്ചോണ്ടേ ഇരുന്നു. ഇടയ്ക്ക് ഞാൻ കണ്ണാടിയിൽ കണ്ടു ദൂരേക്ക് നോക്കി ഇരിക്കുന്ന നയനയുടെ മുഖം.
അവളുടെ ജിമിക്കി കാറ്റിൽ ഇളകി ആടുന്നത് കാണാൻ ഒരു പ്രത്യേക ചേലായിരുന്നു. ഞാൻ അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പെട്ടെന്ന് നയനയും കണ്ണാടിയിലേക്ക് നോക്കി. അത് കണ്ട് അവൻ ഒന്ന് ഞെട്ടി, വീണ്ടും വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു.
“അയ്യേ… നാണക്കേട് ആയല്ലോ. ഞാൻ ഒരു വായിനോക്കി ആണെന്ന് വിചാരിച്ചു കാണുമോ ഇനി. ശ്ശ്യേ..”
“ഈ മരങ്ങോടനെ കാണാൻ ഒക്കെ ഒരു ചന്തം ഉണ്ട്, കയ്യിലിരിപ്പ് അത്ര വെടിപ്പല്ല എന്ന് തോന്നുന്നു. വെറുതെ ചാടി കേറി സംസാരിച്ചു വില കളയണ്ട. കൊറച്ചു വെയിറ്റ് ഇട്ട് നിക്കാം. ഇറങ്ങുമ്പോൾ ഒരു താങ്ക്സ് പറഞ്ഞിട്ട് പോകാം അത്ര തന്നെ.”
മഴയ്ക്ക് മുന്നോടിയായിട്ടുള്ള തണുത്ത കാറ്റ് വീശി അടിച്ചു. ആ കാറ്റിനു ഒരു പ്രത്യേക സുഖമാണ്, ഒരു പ്രത്യേക മണമാണ്. മഴയുടെ ആദ്യ തുള്ളി നയനയുടെ കവിളിൽ തട്ടി ചിതറി.
“അയ്യോ മഴ…” അവൾ അറിയാതെ തന്നെ പറഞ്ഞു പോയി.
അപ്പോഴേക്കും മഴയുടെ ശക്തി കൂടി കൂടി വന്നു. അരവിന്ദ് വണ്ടി ഒരു പൂട്ടിയിട്ട പെട്ടിക്കടയുടെ മുന്നിലേക്ക് നിർത്തിയതും നയന ഇറങ്ങി ഓടി മഴ കൊള്ളാതെ ഒരിടത്തു കേറി നിന്നു. വണ്ടിയിൽ നിന്ന് ചാവി ഊരി അരവിന്ദ് എത്തുമ്പോഴേക്കും അവൻ നല്ലോണം നനഞ്ഞിരുന്നു. അവൻ നോക്കുമ്പോ നയനയുടെ അടുത്ത് കഷ്‌ടിച്ചു കുറച്ചു സ്ഥലം ഉണ്ട് നനയാതെ നിൽക്കാൻ. എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിന്ന അവന്റെ അങ്കലാപ്പ് കണ്ട് നയന മനസ്സിൽ ചിരിച്ചുപോയി. അവൾ കുറച്ചു അഡ്ജസ്റ്റ് ചെയ്ത് നിന്നിട്ട് അവനെ നോക്കി. അവൻ പിന്നൊന്നും ആലോചിക്കാതെ അവളുടെ കൂടെ കേറി നിന്നു.
രണ്ടുപേരും എന്ത് പറയും എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന ചിന്തയിൽ ആയിരുന്നു. മഴ ഉടനെ എങ്ങും കുറയുന്ന ലക്ഷണം ഇല്ല.
മഴ കുറയുന്നതും കാത്ത് മേലോട്ട് നോക്കി നിൽപ്പാണ് നയന.
“മഴ ഇഷ്ടല്ലേ?” ആഹാ നല്ല ബെസ്റ്റ് ചോദ്യം. ലോകത്ത് വേറെ എന്തൊക്ക ചോദിക്കാൻ ഉണ്ട് എന്നിട്ട് ചോദിച്ച കാര്യം ഓർത്തു അവനു തന്നെ ഒരു ചളിപ്പ് തോന്നി.
“എന്താ ചോദിച്ചേ, കേട്ടില്ല.” നയന അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“അല്ല മഴ ഇഷ്ടമല്ലേ എന്ന്?” അവൻ വീണ്ടും മടിച്ചു മടിച്ചു ചോദിച്ചു.
“അതെന്താ അങ്ങനെ ചോദിച്ചേ?”
“ഒന്നുല്ല മുഖം കണ്ടപ്പോ ഇഷ്ടമല്ല എന്ന് തോന്നി അതോണ്ട് ചോയ്ച്ചതാ.”
“മഴ കാണാൻ ഒക്കെ ഇഷ്ടാണ്, പക്ഷെ ഇങ്ങനെ അസമയത്തു പെയ്തത് ആകെ ബുദ്ധിമുട്ട് ആയി. മഴ പെയ്തില്ലായിരുന്നേൽ നമ്മൾ ഇപ്പൊ വീട്ടിൽ എത്തിട്ടുണ്ടാവും.”
“അല്ല വേറൊന്നും അല്ല, ഞാൻ വായിച്ച കഥകളിൽ ഒക്കെ നായികയ്ക്ക് മഴ ഭയങ്കര ഇഷ്ടം ആണ്, മഴ നനയാനും.”
“അരവിന്ദേട്ടൻ വായിക്കാത്ത കഥയിലെ നായികയാണ് ഞാൻ. അങ്ങനെ കൂട്ടിക്കോളൂ.” നയന ചിരിച്ചുകൊണ്ട് പറഞ്ഞു.
“ശ്ശെ ചോദിക്കണ്ടായിരുന്നു…ഞാൻ വെറും പൈങ്കിളി ആണെന്ന് കരുതി കാണും. വെറുതെ ഇവളുടെ വായിൽ ഇരിക്കുന്നത് കേട്ടു.” അവൻ മനസ്സിൽ ഓർത്തു.
“ഏട്ടൻ എന്താ ചെയ്യുന്നേ?”
“ഞാനോ.. ഞാൻ സെയിൽസ് ഓഫീസർ ആണ്. ഇയാളോ?”
“ഞാൻ ഡിഗ്രി കഴിഞ്ഞു ജോലി നോക്കികൊണ്ട് ഇരിക്കുന്നു. ഇപ്പോ തത്കാലം ഒരു കാൾ സെന്ററിൽ ജോലിക്ക് പോകുന്നുണ്ട്. കൂടെ തന്നെ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യുന്നുണ്ട്. ഒന്നും ആയില്ല.”
“ഓ.. പിന്നെ ഞാൻ ഇയാളെ ഒന്ന് കാണണം എന്നുവെച്ചിരിക്കുവാരുന്നു ഒരു സോറി പറയാൻ, അന്ന് ഞാൻ കുറച്ച് മോശമായിട്ടാ പെരുമാറിയത് തന്നോട്. സോറി…” അവൻ മടിച്ചു മടിച്ചു പറഞ്ഞു.
“എയ് അത് സാരമില്ല, അതിപ്പോ ആരാണേലും അങ്ങനെ അല്ലേ ചെയ്യൂ. അല്ലെങ്കിലും എനിക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു. അമ്മ ഇല്ലാതെ വളർന്ന കൊണ്ട് അച്ഛൻ എന്നെ ഒന്ന് വഴക്ക് പറയാറുകൂടി ഇല്ല അതാ…”
“ഓ..സോറി..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല, എനിക്ക് അമ്മ മാത്രേ ഉള്ളു, അപ്പൊ അന്ന് അമ്മ വീണപ്പോ പെട്ടന്ന് ഉള്ള ദേഷ്യത്തിന് പറഞ്ഞുപോയതാ.”
“മ്മ് എനിക്ക് അത് മനസിലാവും. അല്ലെങ്കിലും അമ്മ വളർത്തിയ മക്കൾക്ക് മറ്റു പെൺകുട്ടികളോട് എങ്ങനെ പെരുമാറണം എന്നൊക്കെ അറിയാൻ പറ്റും.” നയന അവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.
“എയ് എനിക്ക് അങ്ങനെ അധികം കമ്പനി ഇല്ല പെണ്ണുങ്ങളുമായി. ആകെ ഉള്ള കമ്പനി ആമിയാണ്.”
മഴ അപ്പോഴേക്കും പെയ്ത് ഒഴിയാറായിരുന്നു. അല്പനേരം രണ്ടുപേർക്കിടയിലും മൗനം തളം കെട്ടി നിന്നു. അവർക്കിടയിൽ ഇപ്പോൾ ആകെ ഉള്ള ശബ്ദം മഴത്തുള്ളികൾ വീണു ചിതറുന്നതാണ്.
“അല്ല..ഇയാൾ അച്ഛനെ വിളിച്ച് പറഞ്ഞിരുന്നോ ലേറ്റ് ആവും എന്ന്?” മൗനം ഭേദിച്ചു വീണ്ടും അവൻ സംസാരിച്ചു തുടങ്ങി.
“അയ്യോ.. അത് ഞാൻ മറന്നു. വിളിക്കണം എന്നു വിചാരിച്ചതാ അപ്പോഴാ മഴ പെയ്തത്.” അവൾ അത് പറഞ്ഞുകൊണ്ട് ബാഗിൽ നിന്നും ഫോൺ എടുത്തു.
“ശ്ശോ ഇത് ഓഫ് ആയി…അച്ഛൻ ഇപ്പൊ എന്നെ കാണാണ്ട് ഗേറ്റിന്റെ വെളിയിൽ വന്നു നിൽക്കുന്നുണ്ടാവും.” നയന തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു.
“ദാ ഇതിൽ നിന്നു വിളിച്ചോ, വെറുതെ അച്ഛനെ ടെൻഷൻ അടിപ്പിക്കണ്ട.” അരവിന്ദ് അവന്റെ ഫോൺ അവൾക് നേരെ നീട്ടികൊണ്ട് പറഞ്ഞു.
അവൾ ഫോൺ വാങ്ങി വേഗം അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. അവൻ അവൾ സംസാരിക്കുന്നതും നോക്കി അങ്ങനെ നിന്നു.
അന്ന് കണ്ടപ്പോ ഇവൾക്ക് ഇത്രേം സൗന്ദര്യം തോന്നിയില്ല എന്നാൽ ഇന്ന്…എന്തോ നോക്കി നിൽക്കാൻ തോന്നുന്നു.
ഫോണിൽ സംസാരിച്ചുകൊണ്ട് നയന അവനെ നോക്കിയപ്പോൾ കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന അരവിന്ദിനെ ആണ്. അവൾ കണ്ണുകൊണ്ടു എന്താ എന്നു ആംഗ്യം കാണിച്ചു… അപ്പോഴാണ് അവനും പരിസര ബോധം വന്നത്. അവൻ ഉടൻ തന്നെ തോൾ രണ്ടും പൊക്കി ഒന്നുല്ല എന്നു പറഞ്ഞു.
“ശ്ശെ മോശായിപ്പോയി… അവൾ എന്ത് വിചാരിച്ചു കാണും.” അവൻ മനസ്സിൽ ഓർത്തു.
അൽപനേരം സംസാരിച്ചു കഴിഞ്ഞ് അവൾ ഫോൺ വെച്ചു.
“താങ്ക്സ്…” അവൾ ചിരിച്ചോണ്ട് ഫോൺ അവന് തിരികെ നൽകി.
“എന്ത് പറഞ്ഞു അച്ഛൻ?”
“അച്ഛൻ ടെൻഷൻ അടിച്ചു ഇരിക്കുവാരുന്നു, വിളിച്ചത് നന്നായി. നമുക്ക് എന്നാ പോയാലോ.. മഴ കുറഞ്ഞില്ലേ.?”
“എന്നാ വാ പോയേക്കാം.”
അവർ അവിടെ നിന്നിറങ്ങി.
മഴ പെയ്ത കൊണ്ട് നല്ല തണുപ്പ് ഉണ്ടായിരുന്നു. അത്കൊണ്ട് പതുക്കെ ആണ് അവൻ വണ്ടി ഓടിച്ചത്. കാറ്റടിക്കാതെ ഇരിക്കാൻ അവൾ അവന്റെ പുറകിൽ മറഞ്ഞിരുന്നു.
“നല്ല തണുപ്പുണ്ടല്ലേ..” അവളുടെ ഇരിപ്പ് കണ്ട് അവൻ ചോദിച്ചു.
“എയ് ചെറുതായിട്ട്..”
അത് കേട്ടതും അവൻ വണ്ടിയുടെ സ്പീഡ് ഒന്നുകൂടി കുറച്ചു.
വീണ്ടും അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. സംസാരിച്ചു വീട് എത്തിയത് അറിഞ്ഞില്ല, ദൂരം തീരെ കുറഞ്ഞു പോയ പോലെ അവൾക്ക് തോന്നി. നയന ബൈക്കിൽ നിന്നും ഇറങ്ങി. എന്ത് പറയണം എന്നറിയാതെ രണ്ടുപേരും ഒരു നിമിഷം തമ്മിൽ നോക്കി നിന്നു.
“താങ്ക്സ്…” അവൾ തന്നെ തുടക്കമിട്ടു.
“നന്ദി മാത്രേ ഉള്ളോ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ?”
“അയ്യോ സോറി, വാ ഒരു കാപ്പി ഒക്കെ കുടിച്ചിട്ട് പോവാം.”
“വേണ്ട വേണ്ട ഞാൻ വെറുതെ ചോദിച്ചതാ. ഞാൻ ഇറങ്ങുവാ.” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“സത്യായിട്ടും ഞാൻ ഓർത്തില്ല അതാ, ഇനി കേറീട്ടു പോയ മതി അല്ലേ എനിക്ക് ഒരു കുറ്റബോധം തോന്നും.” അവൾ വീണ്ടും നിർബന്ധിച്ചു. എന്നാൽ അരവിന്ദ് ബൈക്കിൽ തന്നെ ഇരുന്നതേ ഉള്ളു.
“ആഹ് മോളെത്തിയോ.. നല്ല മഴ ആയിരുന്നല്ലേ.” അച്ഛന്റെ ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞു നോക്കി. ആ മുഖത്ത് ആശ്വാസത്തിന്റെ ഒരു ഭാവം അവൻ കണ്ടു. മക്കൾ ഒന്ന് വരാൻ താമസിച്ചാൽ മാതാപിതാക്കൾക്ക് അവർ വരുന്നത് വരെ ടെൻഷൻ ആയിരിക്കും. ഈ ഒരു കാര്യത്തിനാണ് അമ്മയുമായി സ്ഥിരം ഞാൻ വഴക്ക് പിടിക്കാറുള്ളത് എന്നവൻ ഓർത്തു. ഞാൻ പോയി മടങ്ങി വരുന്നത് വരെ അമ്മ ഉറങ്ങാണ്ടിരിക്കും എത്ര പറഞ്ഞാലും കേൾക്കില്ല. എന്തിനാ ഇങ്ങനെ നോക്കി ഇരിക്കുന്നത്? കിടന്നുറങ്ങിക്കൂടെ എന്ന് ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അമ്മ എന്നോട് ഒരു ഡയലോഗ് മാത്രേ പറഞ്ഞിട്ടുള്ളു.
“നിനക്ക് ഞാൻ ഇത് എത്ര പറഞ്ഞാലും മനസിലാവില്ല, നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രേ അതൊക്കെ മനസ്സിലാവു. ചില കാര്യങ്ങൾ അങ്ങനാണ് നമ്മൾക്ക് എത്ര പറഞ്ഞുതന്നാലും മനസ്സിലാവില്ല. അനുഭവിച്ചാൽ മാത്രേ മനസ്സിലാകു.”
ഞാൻ അത് എന്നത്തേയും പോലെ പുച്ഛിച്ചു തള്ളും. എന്നാൽ അമ്മ പറയുന്ന ആ ഡയലോഗിന്റെ അർത്ഥം അതെ ഗൗരവത്തോടെ മനസിലായില്ല എങ്കിലും ഇപ്പൊ നയനയുടെ അച്ഛന്റെ മുഖഭാവം കാണുമ്പോൾ ഒരു കാര്യം മനസിലായി, ഇത് എല്ലാ വീട്ടിലും നടക്കുന്ന ഒരു കാര്യം ആണ്.
അച്ഛന്റെ കൈ തോളത്തു തൊട്ടപ്പോൾ ആണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.
“താൻ ഇത് എന്ത് ആലോചിച്ചു നിക്കുവാ? വാ ഇറങ്ങു ഇവിടെ വരെ വന്നിട്ട് വീട്ടിൽ കേറാതെ പോകുന്നത് മോശമല്ലേ? മോളെ പോയൊരു ചായ ഇട്ടോണ്ട് വാ.” അദ്ദേഹത്തിന്റെ സ്നേഹപൂർവമുള്ള നിർബന്ധം എനിക്ക് നിരസിക്കാൻ തോന്നിയില്ല. ഞാൻ നയനയെ ഒന്ന് നോക്കി, ഇങ്ങനെ വേണം ഒരാളെ ക്ഷണിക്കാൻ എന്ന അർത്ഥത്തിൽ. വീണ്ടും അവൾ അച്ഛൻ കാണാതെ സോറി എന്ന് ചുണ്ടനക്കി. അത് കണ്ടതും ഞാൻ ഒന്നു ചിരിച്ചിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി.
നയന അപ്പോഴേക്കും അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി. ഞാനും അച്ഛനും ഓരോന്ന് പറഞ്ഞു അവളുടെ പിന്നാലെ വീട്ടിലേക്ക് നടന്നു. “അല്ല മോന്റെ പേരെന്തായിരുന്നു? ഞാൻ അത് മറന്നു.” “അരവിന്ദ്..” അദ്ദേഹം എന്റെ ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ നല്ലൊരു ശ്രോതാവായി ഇരുന്നു. സാദാരണ ഒരാളെ കത്തിവെച്ചു കൊല്ലുന്ന പോലത്തെ സംസാരം ആയിരുന്നില്ല അദ്ദേഹത്തിന്റെ, എനിക്ക് ബോർ അടിക്കുന്നു എന്ന് തോന്നിയാൽ അപ്പൊ തന്നെ വിഷയം മാറ്റും. അദ്ദേഹം ഒരു റിട്ടയേർഡ് സ്കൂൾ മാഷാണ്, ഇപ്പൊ ടൗണിൽ ഒരു ചെറിയ ബിസിനസ് നടത്തുന്നു. എല്ലാ കാര്യത്തിലും നയനയുടെ അച്ഛനുള്ള കാഴ്ചപ്പാട് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ നയന 3 കപ്പിൽ ചായയുമായി എത്തി. എല്ലാരും ചായ എടുത്തു. സത്യത്തിൽ ആ ചൂട് ചായ കയ്യിൽ പിടിച്ചപ്പോ തന്നെ തണുപ്പിന് ഒരു ആശ്വാസം വന്ന പോലെ തോന്നി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞാനും അവരോടു വല്ലാതെ അടുത്ത പോലെ തോന്നി. എനിക്ക് എല്ലാം ഒരു പുതുമയുള്ള അനുഭവം ആയിരുന്നു. കാരണം അച്ഛന്റെ തണൽ ഞാൻ അധികം അനുഭവിച്ചിട്ടില്ല എന്നത് തന്നെ, പിന്നെ എനിക്ക് പെൺസുഹൃത്തുക്കൾ വളരെ കുറവായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ആണ് നയനയെ ഇപ്പൊൾ ഞാൻ കണ്ടുമുട്ടിയത്. സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല.
“ഞാൻ എന്ന ഇറങ്ങട്ടെ, ഞാൻ ചെന്നിട്ടു വേണം അമ്മയെ വീട്ടിലോട്ട് കൊണ്ടുപോകാൻ.”
“ആഹ് എന്ന പിന്നെ അങ്ങനെയാവട്ടെ, മോന് ബുദ്ധിമുട്ടായല്ലേ ഈ മഴയത്ത് ഇവളെ ഇവിടം വരെ കൊണ്ടുവന്നത്.” അദ്ദേഹം നയനയെ ചേർത്ത് പിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“ഹേയ് അങ്ങനൊന്നും വിചാരിക്കണ്ട ഇതിലിപ്പോ എന്ത് ബുദ്ധിമുട്ട് ആണ്.”
“ഇനി ഇതിലെ വരുമ്പോൾ ഇങ്ങു വരണം കേട്ടോ, വിളിക്കാൻ ഒന്നും നിക്കണ്ട.”
“ഓ അതിനെന്താ, ഇനിയൊരിക്കൽ ആവട്ടെ.” അച്ഛനൊരു ഷേക്ക് ഹാൻഡ് കൊടുത്ത് ഞാൻ നയനയെ നോക്കി കണ്ണ് കൊണ്ട് വിട പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട് ആക്കാൻ നേരം നയന അടുത്തേക്ക് വന്നു, അച്ഛൻ സിറ്റ് ഔട്ടിൽ തന്നെ നിന്നതേ ഉള്ളു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ കിക്കർ അടിച്ചു. തണുപ്പ് അടിച്ചിട്ടാവണം അവന് സ്റ്റാർട്ട് ആവാൻ ഒരു മടി പോലെ. മൂന്നാമത്തെ അടിയിൽ സ്റ്റാർട്ട് ആയി. ഞാൻ ഒരിക്കൽ കൂടി അവളോട് വിട പറഞ്ഞു. അവൾ മൗനമായി നിന്നതേ ഉള്ളു. വണ്ടി മുന്നോട്ട് എടുത്തു. ഇടറോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കേറുന്നതിനു തൊട്ടു മുൻപ് ഒന്ന് തിരിഞ്ഞു നോക്കി. അവൾ ഗേറ്റിന് അടുത്ത് തന്നെ ഉണ്ട്. അത് കണ്ടതും ഉള്ളിൽ എന്തോ സന്തോഷം തോന്നി.
ചെറിയ ഇരുട്ട് വീണ് തുടങ്ങി, തണുത്ത കാറ്റ് മുഖത്ത് അടിച്ചുകൊണ്ടേ ഇരുന്നു, മഴ പെയ്ത് കഴിഞ്ഞ് മണ്ണിൽ നിന്ന് വരുന്ന ആ മണവും ഒക്കെക്കൂടി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി. തണുത്തു വിറച്ചാണ് ഞാൻ മുറിയിലേക്കു കയറിയത്. അമ്മ എന്നെ കാണാഞ്ഞത് കൊണ്ട് പുറത്തേക്കു ഇറങ്ങാൻ തുടങ്ങുവാരുന്നു. ആമി കട്ടിലിന്റെ കാലിൽ ചാരി ഇരുന്നു കഞ്ഞി കുടിക്കുന്നുണ്ട്. വിനയേച്ചി അവളുടെ കൂടെ തന്നെ കട്ടിലിൽ ഇരിക്കുന്നു. ചേട്ടൻ ആരെയോ ഫോൺ ചെയ്ത് സംസാരിക്കുന്നുണ്ട്.
“ഇതെന്താടാ ഇത്ര വൈകിയേ, വണ്ടി ഓടിക്കുവാരിക്കും എന്നു കരുതിയാ ഞാൻ പിന്നെ ഫോൺ വിളിക്കാഞ്ഞേ. ആ കൊച്ചിനെ കൊണ്ടുചെന്ന് ആക്കിയോ വീട്ടിൽ?” അമ്മ ഒറ്റ ശ്വാസത്തിൽ ഇത്രേം ചോദിച്ചിട്ട് എന്റെ മറുപടിക്ക് ആയി എന്നെ നോക്കി.
“പോണ വഴി മഴ പെയ്തു അതാ ലേറ്റ് ആയത്. ആ പെണ്ണിനെ ഞാൻ വീട്ടിൽ ആക്കി. പോരെ..” ഞാൻ ഒട്ടും താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.
“മ്മ്…” അമ്മ ഒന്ന് നീട്ടി മൂളി.
“എന്ന പിന്നെ ഞങ്ങൾ ഇറങ്ങട്ടെ വിനയേ? ഇനിം നിന്നാൽ അടുത്ത മഴ പെയ്യും പിന്നെ പോക്ക് നടക്കില്ല.” അമ്മ വിനയേച്ചിയോട് പറഞ്ഞു.
“ഇവിടെ നിന്നോ വല്യമ്മേ എന്തിനാ വീട്ടിൽ പോണേ? അരവിന്ദേട്ടൻ പൊക്കോട്ടെ വല്യമ്മ ഇവിടെ നിക്ക്.” ആമി അമ്മയെ അരയിൽ ചുറ്റി പിടിച്ച് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“വല്യമ്മ നാളെ രാവിലെ ഇങ്ങു വരാം മോളെ, മോൾക്ക് നാളെ രാവിലെ എന്താ കഴിക്കാൻ വേണ്ടത്? മോള് പറയണ സാധനം വല്യമ്മ ഉണ്ടാക്കി കൊണ്ടരാം.” ആമിയെ ചേർത്ത് പിടിച്ച് ഉമ്മ കൊടുത്തോണ്ട് അമ്മ ചോദിച്ചു.
ഇവരുടെ ഈ സ്നേഹം കാണുമ്പോ എനിക്ക് ശെരിക്കും കുശുമ്പ് ആണ്. എന്നോട് അമ്മ ഇങ്ങനൊന്നും പറയാറില്ല. എന്നാലും ആമി എനിക്ക് എന്റെ കുഞ്ഞി പെങ്ങൾ തന്നെ ആണ്. ഒരമ്മേടെ വയറ്റിൽ നിന്ന് വന്നതല്ലെങ്കിലും അവളെ എനിക്ക് അത്രക്ക് ഇഷ്ടാണ്. പക്ഷെ ഞാൻ അത് പുറത്ത് കാണിക്കാറില്ല, അവളും കാണിക്കാറില്ല. പുറമെ ഞങ്ങൾ കീരിയും പാമ്പും ആണ് തമ്മിൽ കണ്ടാൽ അടിയാണ്.
ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ 8 മണി കഴിഞ്ഞു. വരണ വഴി ഒരു തട്ടുകടയിൽ നിന്ന് നല്ല ദോശേം ഓംലെറ്റും കഴിച്ചു. അതോണ്ട് വന്ന ഉടനെ റൂമിൽ പോയി കിടന്നു. അമ്മ ജനലും വാതിലും ഒക്കെ അടക്കാൻ പോയി. മഴ വീണ്ടും പെയ്യാൻ തുടങ്ങി. യാദിർശ്ചികം ആണോ എന്തോ ഞാൻ അപ്പൊ ഓർത്തത് നയനയെ ആണ്.
“മാതാവേ…. വീണ്ടും പ്രേമം ആണോ.” ഞാൻ അറിയാതെ തന്നെ ഒന്ന് പുഞ്ചിരിച്ചു.
“നിനക്ക് വല്ല വട്ടും ഒണ്ടോ ചെർക്കാ? വെറുതെ മേലോട്ട് നോക്കി ഇരുന്നു ചിരിക്കാൻ.” ഞാൻ ഒന്ന് ഞെട്ടി, നോക്കുമ്പോ അമ്മ വാതിലിൽ ചാരി എളിക്ക് കയ്യും കുത്തി നിക്കുന്നു. “ദൈവമേ എന്റെ പ്രേമം നീ മുളയില്ലേ നുള്ളുവാണോ?” ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് അമ്മയെ നോക്കി ഒന്ന് പല്ലിളിച്ചു കാണിച്ചു.
“വേണ്ട വേണ്ട നീ ഇളിച്ചൊന്നും കാണിക്കണ്ട, എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്. ഞാൻ അത്ര മണ്ടി ഒന്നുമല്ല എന്നെന്റെ പൊന്നുമോൻ ഓർത്താൽ മതി.” “ങേ… എന്ത് മനസ്സിലായെന്ന പറയണേ. ഞാൻ വെറുതെ ഓരോ കോമഡി ആലോചിച്ചു ചിരിച്ചതാ. എന്റെ ദൈവമേ എനിക്ക് ഒന്ന് ചിരിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലേ ഈ വീട്ടിൽ?” ഞാൻ കട്ടിലിൽ നിന്ന് എഴുനേറ്റ് കൈ രണ്ടും മലർത്തി ചോദിച്ചു.
“ഉവ്വ ഉവ്വ…നാളെ നീ ഓഫീസിൽ പോണ വഴി എന്നെ ആ ആശുപത്രിയിൽ ഒന്നിറക്കണം. കൊച്ചിന് രാവിലെ കഴിക്കാൻ ഇഡലി കൊണ്ടുപോണം.” “അയ്യേ നാളെ ഇഡ്ഡലി ആണാ..? എനിക്ക് വേണ്ട. എനിക്ക് പുട്ട് മതി.” “നിനക്ക് വേണ്ടേ നീ തിന്നണ്ട..അയ്യട.. പുട്ട് വേണേൽ പോയി ഏതെങ്കിലും ഹോട്ടലിൽ നിന്ന് കഴിക്കാൻ നോക്ക്. പുട്ട് ഒന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ പറ്റില്ല. ആമിമോൾക് ഇഡ്ഡലി വേണം എന്ന പറഞ്ഞത്.” അമ്മ ഒരു ദാക്ഷിണ്യവും ഇല്ലാണ്ട് പറഞ്ഞുകളഞ്ഞു.
“കറന്റ് പോകുവാരിക്കും, നിനക്ക് രാത്രി വെള്ളം വല്ലതും വേണേൽ ഇവിടെ എടുത്തു വെച്ചേക്ക്, ഇനി രാത്രിയിൽ തപ്പി തടഞ്ഞു വല്ലടുത്തും തട്ടി വീഴണ്ട.” അമ്മ അത് പറഞ്ഞു തീർന്നതും കറന്റ് പോയി.
“ആഹ് ബെസ്റ്റ്… അമ്മക്ക് കരിനാക്ക് ഉണ്ടോ. പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല അതിന് മുന്നേ തന്നെ മൊത്തം അടിച്ചുപോയി.” ഞാൻ മൊബൈൽ എടുത്തു ഫ്ലാഷ് ഓൺ ആക്കി. “ആഹ് ഇനി റൂമിലോട്ട് നടന്നോ.. ഇന്നത്തെ കച്ചേരി ഒക്കെ കഴിഞ്ഞില്ലേ. ഇനി പോയി കിടക്കാൻ നോക്ക്. വാ ഇങ്ങോട്ട് ഞാൻ വെട്ടം അടിച്ചു തരാം.” ഞാൻ ഫ്ലാഷ് അടിച്ചു മുന്നേ നടന്നു അമ്മ എന്റെ പിന്നാലെയും.
“ഡാ നയന മോൾടെ അച്ഛനെ കണ്ടോ നീ?” റൂമിൽ നിന്ന് തിരിച്ചു പോരാൻ ഇറങ്ങിയ എന്നോട് അമ്മ ചോദിച്ചു. “ആ കണ്ടു..എന്തെ?” “എന്ത് പറഞ്ഞു എന്നിട്ട്?” “എന്ത് പറയാൻ.. മകളെ കൊണ്ടുവന്നു ആക്കിയതിനു നന്ദി പറഞ്ഞു. വേറെന്ത് പറയാൻ” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ അങ്ങ് പറഞ്ഞു. അല്ലേ പിന്നെ ഓരോന്ന് കുത്തി കുത്തി ചോദിക്കും. അമ്മ ഒന്ന് മൂളുക മാത്രേ ചെയ്‌തുള്ളൂ. “ദൈവമേ ഡൌട്ട് അടിച്ച് കാണുവോ…? എയ്…ഇത് സാദാരണ പോലെ ചോദിച്ചത് ആവും.” ഞാൻ അങ്ങനെ ഒക്കെ മനസ്സിൽ പറഞ്ഞു എന്നെ തന്നെ സമാധാനിപ്പിച്ചു. നേരെ പോയി പുതച്ചു മൂടി കിടന്നു. തണുപ്പ് പുതപ്പിനുള്ളിലേക്ക് അരിച്ചിറങ്ങുന്നു. തലയണ ഒന്നുകൂടി ചേർത്ത് പിടിച്ച് കണ്ണ് പൂട്ടി കിടന്നു. അമ്മയുടെ കൈ പുറത്ത് വീണപ്പോ ആണ് ബോധം വന്നത്. “ഡാ..വേഗം എഴുനേറ്റു റെഡി ആയിക്കെ, ഹോസ്പിറ്റലിൽ പോകേണ്ടതാ ഇപ്പൊ തന്നെ 7 മണി കഴിഞ്ഞു.” ഞാൻ പതുക്കെ പുതപ്പ് മാറ്റി ഫോണിൽ നോക്കി 6.30 കഴിഞ്ഞതേ ഉള്ളു. ഇത് അമ്മേടെ സ്ഥിരം പരിപാടി ആണ്, 6 മണിക്ക് വിളിക്കാൻ പറഞ്ഞാൽ 5 മണിക്ക് തന്നെ വിളിച്ചിട്ട് 6 മണി കഴിഞ്ഞെന്ന് പറയും. ഞാൻ ഒന്നുകൂടി പുതച്ചു കിടന്നു ഉറങ്ങാൻ നോക്കി. എവിടെ… ഉറക്കത്തിന്റെ ആ ഫ്ലോ അങ്ങ് പോയി. പിന്നെ അധികം കിടന്നില്ല. നേരെ എഴുനേറ്റു പല്ല് തേച്ചു കുളിച്ചു റെഡി ആയി വന്നപ്പോ അമ്മ നല്ല ചൂട് ഇഡലിയും സാമ്പാറും എടുത്ത് വെച്ചിട്ടുണ്ട്. പിന്നൊന്നും നോക്കിയില്ല ഇരുന്നു തട്ടാൻ തുടങ്ങി. സത്യം പറയാല്ലോ ഇന്ന് സാദാരണ ഉണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉണ്ട്. ആഹ് ആമിക്ക് വേണ്ടി ഉണ്ടാക്കിയ കൊണ്ടാവും. അവളുടെ ഒരു യോഗം അല്ലാണ്ടെന്താ.
“നീ ആ ഇഡലിം കിള്ളി കിള്ളി ഇരിക്കാണ്ട് വേഗം കഴിച്ചിട്ട് എഴുന്നേറ്റു വന്നേ താമസിച്ചാൽ മോൾക്ക് നല്ല വിശപ്പ് ആവും. ഇത് കഴിപ്പിച്ചിട്ട് വേണം മരുന്നൊക്കെ കൊടുക്കാൻ. വേഗം എഴുനേറ്റു വാ പോകാം.” അമ്മ അതും പറഞ്ഞു അടുക്കള വാതിൽ പൂട്ടാൻ പോയി.
കഴിച്ച് കൈ കഴുകി വന്നപ്പോഴേക്കും അമ്മ റെഡി ആയി പുറത്ത് ഇറങ്ങി നിൽക്കുന്നുണ്ടാരുന്നു. ഒരു അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. “എന്നാൽ നീ പോയിട്ട് വാ, വൈകുന്നേരം ഈ വഴി വന്നാൽ മതി ഞാൻ ഇവിടെ ഉണ്ടാവും. ഇനി അഥവാ ഞാൻ വീട്ടിലോട്ട് പോയാൽ ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം.”
“ആഹ് ശെരി.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്. പറ്റുവാണെങ്കിൽ ഞാൻ ഉച്ച കഴിഞ്ഞു ഇറങ്ങാൻ നോക്കാം.”
അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്ക് വണ്ടി വിട്ടു. ഒറ്റയ്ക്ക് വണ്ടി ഓടിച്ചപ്പോൾ വീണ്ടും ആ മുഖം മനസ്സിലേക്ക് വന്നു… നയന… എങ്ങനേലും അവളെ ഒന്നുകൂടി കാണണം. കുറച്ച് നേരം സംസാരിക്കണം. ഓരോന്ന് ആലോചിച്ചു ഓഫീസ് എത്തിയത് അറിഞ്ഞില്ല. അല്ലേലും നല്ല സമയങ്ങൾ പെട്ടെന്ന് കടന്നുപോകുവല്ലോ.
ഓഫീസിൽ പിടിപ്പത് പണി ആയിരുന്നു. ഒരു ചായ കുടിക്കാൻ ഉള്ള ഗ്യാപ് പോലും കിട്ടിയില്ല. ലഞ്ച് കഴിഞ്ഞു ക്യാന്റീനിലെ മരച്ചുവട്ടിൽ ഫോണും തോണ്ടി റസ്റ്റ് എടുക്കുമ്പോൾ ആണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്.
“ഹായ്…എന്നെ മനസ്സിലായോ?” നമ്പർ മാത്രേ ഉള്ളു.
ഞാൻ വിശദമായി ഒന്ന് നോക്കി ഡിപി ഒന്നും ഇല്ല. ഇതാരപ്പാ…
“ഇല്ല ആരാ? ” “നയന…”
അത് വായിച്ചതും എന്റെ റിലേ പോയി. ഞാൻ അറിയാണ്ട് തന്നെ ഞാൻ ചിരിച്ചുപോയി. ഹൃദയം ഒക്കെ പട പടാ ഇടിക്കാൻ തുടങ്ങി ആകെക്കൂടി ഒരു വൈക്ലഭ്യം. ഞാൻ ആ നിമിഷം തന്നെ നമ്പർ സേവ് ചെയ്തു. അപ്പൊ ദേ എഴുതി കാണിച്ചു “നയന കാളിങ്”
ഉഫ്… എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു.
“ഹലോ…” “ഹലോ!! ഇത് ഞാനാ നയന, മനസ്സിലായോ?” “പിന്നെ മനസ്സിലാവാതെ…എന്റെ നമ്പർ എവിടുന്നു കിട്ടി?” “ഓർമയില്ലേ?? അന്ന് അരവിന്ദേട്ടന്റെ ഫോണിൽ നിന്നല്ലേ ഞാൻ അച്ഛനെ വിളിച്ചത്. ഞാൻ അപ്പൊ നമ്പർ സേവ് ചെയ്താരുന്നു.” “അത് ഇന്നലെ അല്ലേ… എന്നിട്ടിപ്പോ ആണോ വിളിക്കാൻ തോന്നിയത്..?” എന്തോ എനിക്ക് പെട്ടെന്ന് അങ്ങനെ ആണ് ചോദിക്കാൻ തോന്നിയത്. “എയ്… അങ്ങനൊന്നുല്ല. ഞാനിപ്പോ ആമിടെ കൂടെ ഹോസ്പിറ്റലിൽ ഉണ്ട്. ഇവിടെ ഒരു മരുന്ന് കിട്ടാനില്ല, അപ്പൊ അമ്മയാണ് പറഞ്ഞത് അരവിന്ദേട്ടനെ വിളിച്ചു പറഞ്ഞാൽ വൈകിട്ട് വരുമ്പോൾ വാങ്ങിട്ടു വരും എന്ന്. അതാ വിളിച്ചത്.”
ഈശോ…. അവൾ ഹോസ്പിറ്റലിൽ ഉണ്ടോ… ദൈവമേ എങ്ങനെങ്കിലും ഒന്ന് പുറത്ത് ചാടണോല്ലോ. എന്തും പറഞ്ഞാണ് ഇപ്പൊ ഓഫീസിൽ നിന്ന് ഇറങ്ങുന്നത്. എന്റെ മനസ്സിൽ അപ്പൊ അതായിരുന്നു ചിന്ത മുഴുവൻ.
“ഹലോ…കേൾക്കുന്നില്ലേ??” അവൾടെ സൗണ്ട് എന്നെ ചിന്തയിൽ നിന്ന് ഉണർത്തി. “ഹാ കേക്കുന്നുണ്ട്. ആ മരുന്നിന്റെ പേരൊന്നു വാട്സാപ്പ് ചെയ്തേക്ക്. ഞാൻ വേഗം വരാൻ നോക്കാം. ഇയാൾ ഇപ്പൊ തിരിച്ചു പോകുവോ?”
“ഇപ്പൊ ഇല്ല കുറച്ച് കഴിഞ്ഞ് ഇറങ്ങും. എന്തെ?” “ഇല്ല, വെറുതെ ചോദിച്ചതാ.” “എന്നാ ശെരി ഞാൻ പേര് മെസ്സേജ് ചെയ്യാം വാങ്ങാൻ മറക്കണ്ട. ഓക്കേ?” “ഓക്കേ ശെരി….” രണ്ട് നിമിഷം കഴിഞ്ഞതും ഫോൺ കട്ട് ആയി. ഞാൻ ആകെ തരിച്ചു നിന്നുപോയി.
ദൈവമേ ഇവിടുന്ന് എങ്ങനേലും പുറത്ത് ചാടണം. എന്ത് കള്ളം പറഞ്ഞാൽ ആണ് ഒന്ന് പോകാൻ പറ്റുന്നത്. നയന പോകുന്നതിനു മുന്നേ ഹോസ്പിറ്റലിൽ എത്തണം. ഞാൻ ഒരു ഐഡിയക്ക് വേണ്ടി തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി. അവസാനം പെങ്ങൾക്ക് വയ്യാതെ ഹോസ്പിറ്റലിൽ ആണെന്ന് തന്നെ പറഞ്ഞു. ആദ്യം കുറെ എതിർത്തെങ്കിലും അടുത്ത ശെനിയും ഞായറും ഒക്കെ വന്ന് പണി എടുത്തോളാം എന്ന ഒറ്റ വാക്കിന്റെ പുറത്ത് മാനേജർ ഹാഫ് ഡേ ലീവ് തന്നു. ഹാഫ് ഡേ എന്ന് പറയാൻ പറ്റില്ല. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മണി 3 ആയി. വേഗം ഒരു മെഡിക്കൽ ഷോപ്പിൽ കയറി നയന അയച്ച മെസ്സേജ് കാണിച്ചു.
മരുന്നും വാങ്ങി നേരെ ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു. 4 മണി കഴിഞ്ഞു ഹോസ്പിറ്റലിൽ എത്തിയപ്പോൾ. ബൈക്ക് പാർക്ക് ചെയ്ത് ഒറ്റ ഓട്ടം ആയിരുന്നു റൂമിലേക്ക്. റൂമിന്റെ ഡോറിനു മുന്നിൽ എത്തിട്ടാണ് പിന്നെ നിന്നത്. ഓടി വന്ന കിതയ്പ് മാറ്റാൻ ആയി ഒരു 10 സെക്കന്റ് അവിടെ തന്നെ നിന്നു. അല്ലെങ്കിൽ ഉള്ളിൽ കേറുമ്പോൾ തന്നെ എല്ലാർക്കും ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നും. കുറച്ച് നേരം വെയിറ്റ് ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ ഒരു മൂളിപ്പാട്ടും പാടി ഞാൻ അകത്തേക്ക് കയറി.
“ആഹ് നീ എത്തിയോ. ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു.” ഞാൻ മരുന്ന് അമ്മേടെ കയ്യിലേക്ക് കൊടുത്തോണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു. ഇല്ല അവളെ കാണാനില്ല. എന്നാൽ ബാത്‌റൂമിൽ ആരോ ഉണ്ട്. ദൈവമേ അത് അവൾ ആയിരിക്കണേ… “ഡോ താൻ എന്താ ഈ തിരിഞ്ഞു കളിക്കണേ?” ആമിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. എന്നാൽ ആ ഞെട്ടൽ മുഖത്ത് വരും മുന്നേ ഞാൻ ഒഴിഞ്ഞു മാറി. “അല്ല വിനയേച്ചി വീട്ടിലേക്ക് പോയോ എന്ന് നോക്കിയതാ” “ഞാൻ ഇവിടെ ഉണ്ട്. എന്താടാ?” ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നുകൊണ്ട് വിനയേച്ചി പറഞ്ഞു.
ശ്ശെ…അപ്പൊ അവൾ എവിടെ പോയി…
“ഒന്നുല്ല ചേച്ചി കാണാഞ്ഞിട്ട് തിരക്കിയതാ.” ഞാൻ വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു.
എന്തെന്നറിയില്ല എല്ലാരുടേം മുഖത്ത് ഒരു ആക്കിയുള്ള ചിരി ഉള്ള പോലെ… എയ് ഇനി എനിക്ക് തോന്നുന്നതാവും.
“നീ വല്ലതും കഴിച്ചോ?” “ആഹ് ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ അതാ ലേറ്റ് ആയിപോയത്.” ഞാൻ തെല്ലൊരു നിരാശയോടെ പറഞ്ഞു.
“ലേറ്റൊ? അതിന് ഇപ്പൊ 4 മണി കഴിഞ്ഞതല്ലേ ഉള്ളു സാദാരണ ഏട്ടൻ വരുമ്പോൾ 5 കഴിയില്ലേ.” ഒരു പിരികം പൊക്കി എന്നെ നോക്കികൊണ്ട് ആമി ചോദിച്ചു.
“അല്ല…അങ്ങനല്ല…ഞാൻ ആ കുട്ടി എന്നെ വിളിച്ച് കഴിഞ്ഞ് കൊറച്ചുകൂടെ കഴിഞ്ഞാണ് ഇറങ്ങിയേ എന്ന് പറഞ്ഞതാ…അല്ല അത് പറഞ്ഞപ്പോഴാ ഓർത്തെ ആ പെണ്ണ് പോയോ?” ഞാൻ അത് അവിടെ കിടന്ന ഒരു വാരിക എടുത്ത് കയ്യിൽ പിടിച്ചിട്ട് അത് വായിക്കുന്ന പോലെ ഇരുന്നാണ് ചോദിച്ചത്. സത്യത്തിൽ ഞാൻ അത് വായിച്ചൊന്നും ഇല്ല എന്റെ മുഖം അവർ കാണാതെ ഇരിക്കാൻ ഉള്ളൊരു ഉപാധി ആയെ ഞാൻ അതിനെ അപ്പൊ കണ്ടോള്ളൂ.
ചോദ്യം ചോദിച്ചു 3 സെക്കന്റ് കഴിഞ്ഞും എനിക്ക് ഉത്തരം കിട്ടിയില്ല. ഞാൻ പതുക്കെ ആ വാരിക ഒന്ന് മാറ്റി. നോക്കുമ്പോ 6 കണ്ണുകൾ എന്നെ തന്നെ നോക്കി നിക്കുന്നു. എന്നാൽ ആരും ഒന്നും പറയുന്നുമില്ല. ഈശ്വരാ പെട്ടു…
“ചേച്ചി പോയി.. ഞാൻ പറഞ്ഞതാ ഏട്ടൻ വന്നിട്ട് കൊണ്ടുപോയി ആക്കും എന്ന്. പക്ഷെ വല്യമ്മ കേട്ടില്ല. വെറുതെ കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും ലേറ്റ് ആക്കണ്ട പറഞ്ഞു. അവസാനം ചേച്ചി മനസില്ലാ മനസ്സോടെ ആണ് പോയത്.” ആമി അത് പറഞ്ഞു നിർത്തുമ്പോഴും അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.
ആകെ ഒരു നഷ്ടബോധം ആയിരുന്നു പിന്നെ. ഹാ സാരമില്ല നമ്പർ കിട്ടിയല്ലോ ഇനി എങ്ങനേലും പതുക്കെ മെസ്സേജ് ഒക്കെ അയക്കാം. ഞാൻ എന്നെ തന്നെ പറഞ്ഞ് ആശ്വസിപ്പിച്ചു. വാട്സാപ്പ് എടുത്തു നോക്കി. ലാസ്റ്റ് സീൻ 3 മണി. ഡിപി മാറ്റിയിട്ടുണ്ട്. ഞാൻ അത് എടുത്തു നോക്കി. അത് കണ്ടപ്പോൾ വീണ്ടും നഷ്ടബോധം. ആമിയും നയനയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ആണ് ഇട്ടേക്കുന്നത്. ആരെയെന്നില്ലാതെ ഞാൻ എന്നേ തന്നെ ശപിച്ചു.
“ഏട്ടൻ എന്താ ഈ പിറുപിറുക്കുന്നെ കൊറേ നേരായാലോ ഒരു വിമ്മിഷ്ടം.” ആമി ഒരു ഓറഞ്ച് തൊലി പൊളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. “ഓ ഒന്നുല്ല ഓഫീസിലെ ഓരോ ടെൻഷൻ.” ഞാൻ ഒരു ഓറഞ്ച് അല്ലി വാങ്ങി വായിലേക്ക് ഇട്ടു. അമ്മേം വിനയേച്ചിം കട്ടിലിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുന്നു. എനിക്ക് ആകെ ബോർ അടിക്കാൻ തുടങ്ങി. ആമി ആണേൽ എന്റെ തോളത്തു ചാരി ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. അവളുടെ പനി ഇപ്പൊ നല്ലോണം കുറഞ്ഞിട്ടുണ്ട്. നാളെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്‌തേക്കും.
“ഏട്ടാ ആ ഫോൺ താ ഞാൻ ഗെയിം കളിക്കട്ടെ. ” ആമി ഫോണിൽ പിടിച്ചു വലിച്ചോണ്ട് ചോദിച്ചു. “പോയി അവിടെങ്ങാനും കിടക്കാൻ നോക്ക് പെണ്ണെ പനി മാറി ഒന്ന് തല പൊക്കിയപ്പോഴേക്കും ഇനി ഫോണിൽ കളിക്കാഞ്ഞിട്ടാ…” വിനയേച്ചി അവളെ വഴക്കിടാൻ തുടങ്ങി. എന്നാൽ അവൾ അതൊന്നും മൈൻഡ് ചെയ്തതെ ഇല്ല. ഫോൺ വാങ്ങി അൺലോക്ക് ചെയ്ത് അവൾ ഒന്ന് എന്റെ മുഖത്തേക്ക് നോക്കി. “ഉം ഇനിയെന്താ?” “ഒന്നുല്ല…” അവൾ ഒരു ആക്കിയ ചിരി ചിരിച്ച് എഴുനേറ്റു അമ്മയുടെ അടുത്തേക്ക് പോയി. അവർ മൂന്ന് പേരും കൂടി എന്തോ ഇരുന്നു കുശുകുശുക്കുന്ന കണ്ടു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഒരു തലയണ എടുത്ത് കട്ടിലിലേക്ക് ചരിഞ്ഞു കണ്ണടച്ചു… പെട്ടെന്നാണ് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയത്. “ദൈവമേ… ഞാൻ ഫോണിൽ അവസാനം നോക്കിയത് നയനയുടെ ഡിപി അല്ലേ.. ആമി വരുന്നത് കണ്ട് ഞാൻ അത് അങ്ങനെ തന്നെ ലോക് ചെയ്തത് ആരുന്നു. അപ്പൊ അവൾ അൺലോക്ക് ചെയ്യുമ്പോ ആദ്യം കാണുന്നത് ആ ഡിപി ആവുമല്ലോ…” ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു.
“ഇപ്പൊ അവള്ടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിക്കുന്നത് അബദ്ധം ആണ് അത് എല്ലാർക്കും സംശയം ഉണ്ടാക്കും. അവൾ കണ്ടു എന്നത് ഉറപ്പാണ്, അവൾ അത് ഈ നേരം കൊണ്ട് അമ്മയേം വിനയേച്ചിയേം അറിയിച്ചിരിക്കും. വെറുതെ അല്ല 3 പേരും കൂടി ഇരുന്നു രഹസ്യം പറഞ്ഞത്.” ഇപ്പോഴാണ് അവളുടെ ആ നോട്ടത്തിന്റെ രഹസ്യം പിടികിട്ടിയത്. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല നമ്മളായിട്ട് ഒന്നും അങ്ങോട്ട് പറഞ്ഞ് നാണം കെടണ്ട. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ. ഞാൻ അനങ്ങാതെ തന്നെ കിടന്നു. അധികം വൈകാതെ തന്നെ ഉറങ്ങി.
അമ്മ വന്ന് വിളിക്കുമ്പോഴാണ് കണ്ണ് തുറന്നത്. “ഇതെന്തു ഉറക്കമാണ്, പോകണ്ടേ ഇവിടെ കിടന്നാൽ മതിയ?” “ആഹ് പോകാം, സമയം എത്രയായി?” “മണി 7 കഴിഞ്ഞ് നീ എഴുനേറ്റ് മുഖം കഴുകി വാ. നാളെ എന്തായാലും ഡിസ്ചാർജ് ചെയ്യും. ആ പിന്നെ വിനയേ നാളെ രാവിലത്തേക്കുള്ള ഭക്ഷണം ഞാൻ ഇവന്റെ കയ്യിൽ കൊടുത്ത് വിടാം. ഡോക്ടർ വന്ന് ഡിസ്ചാർജ് ആകുമ്പോ എന്തായാലും ഉച്ചയാകും.” അമ്മ എന്നോടും വിനയേച്ചിയോടും ആയി പറഞ്ഞു.
“അപ്പൊ വല്യമ്മ നാളെ വരില്ലേ? “ഇല്ല മോളെ വല്യമ്മ വീട്ടിൽ പോയി മോൾടെ മുറിയൊക്കെ അടിച്ച് വാരി വൃത്തിയാക്കി ഇടാം. ഇനി പൊടിയടിച്ചു വീണ്ടും പനി വരുത്തണ്ട.”
അപ്പോഴേക്കും ഞാൻ മുഖം കഴുകി എത്തിയിരുന്നു. “ഇറങ്ങാം? എടി എന്റെ ഫോൺ എവിടെ?” “ദേ മേശപ്പുറത്തു ഇരിക്കുന്നു.” അധികം വൈകാതെ തന്നെ ഞാൻ ഫോണും എടുത്ത് അമ്മയേം കൂട്ടി ഇറങ്ങി. പോണ വഴി ഒരു തട്ടുകടയിൽ കേറി ഫുഡ് കഴിച്ചു. “ആ ഡാ ഞാൻ പറയാൻ മറന്നു, അടുത്ത ആഴ്ച ഒരു പെണ്ണുകാണാൻ പോണം ആ ബ്രോക്കർ വിളിച്ചിരുന്നു ഞാൻ പിന്നെ മറന്നുപോയി.” കഴിക്കുന്നെനിടയിൽ അമ്മ പറഞ്ഞു. “ഓ എന്റമ്മേ എനിക്ക് ഇപ്പ കല്യാണം ഒന്നും വേണ്ട. കൊറച്ചു നാൾ കൂടെ ഇങ്ങനെ നടക്കട്ടെ. ” “പിന്നേ… നിനക്ക് വെച്ച് വിളമ്പി എനിക്ക് മടുത്തു. എനിക്ക് ഒരു മോളെ ദൈവം തന്നില്ല. അത്കൊണ്ട് നീ അധികം വർത്താനം ഒന്നും പറയണ്ട ഞാൻ പറയണത് അങ്ങ് കേട്ടാൽ മതി. നാളെ തന്നെ നടത്താൻ അല്ലല്ലോ പെണ്ണ് കണ്ടു വെക്കാം. അല്ലേലും എത്ര പെണ്ണ് കണ്ടാലാണ് ഒരെണ്ണം ഉറപ്പിക്കാൻ പറ്റണത്. നിനക്ക് ഇനി വല്ല പ്രേമം വല്ലതും ഉണ്ടെങ്കിൽ അത് പറ ഞാൻ ഇങ്ങനെ പെണ്ണ് അന്വേഷിച്ചു നടക്കണ്ടല്ലോ” “ഓ നമ്മളെ ഒക്കെ ആര് പ്രേമിക്കാൻ.” ഞാൻ ഒരു നിസ്സംഗ ഭാവത്തിൽ പറഞ്ഞു. “ആ അത് നേരാണ്, പ്രേമിക്കാൻ ആദ്യം വേണ്ടത് അത് നമ്മൾ സ്നേഹിക്കുന്നവരോട് ചങ്കുറ്റത്തോടെ തുറന്നു പറയാൻ ഉള്ള മനസ്സാണ്. അത് നിനക്ക് ഉണ്ടെന്ന് എനിക്ക് തോന്നണില്ല.” അതും പറഞ്ഞു അമ്മ കൈ കഴുകാൻ എഴുനേറ്റു പോയി.
അമ്മയുടെ ആ പറച്ചിൽ കേട്ട് ഞാൻ ഒന്ന് ഞെട്ടി. അമ്മ ഇനി വല്ലതും അറിഞ്ഞിട്ട് പറഞ്ഞതാണോ? എങ്ങനെ അറിയാനാ, അറിയണം എങ്കിൽ ഞാൻ പറഞ്ഞാൽ അല്ലേ അറിയൂ… ഓരോന്ന് ആലോചിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു.
“നീ ഇത് എന്താ ഇവിടെ ഇരുന്നു സ്വപ്നം കാണുവാണോ. എഴുന്നേറ്റു വാ പോകണ്ടേ.” ഞാനും വേഗം കൈ കഴുകി വന്നു.
വീട്ടിൽ ചെന്നപാടെ ഞാൻ റൂമിൽ കേറി ഡോർ ലോക് ചെയ്തു. ഫോൺ എടുത്ത് നോക്കി. നയന 3 മെസ്സേജ്….
തുടരും..
അഭിപ്രായയങ്ങൾ നല്ലതാണേലും ചീത്ത ആണേലും പറയാണം വായിച്ചിട്ട്. ✌️
ബാക്കി 2 ദിവസത്തിന് ഉള്ളിൽ പോസ്റ്റാം ❤️
Responses (0 )