ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി
Aadhiyettante Swantham Sreekkutty | Author : Mr. Devil
രണ്ടു പയ്യന്മാർ ചേർന്ന് ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നു. അവളുടെ ചുരിദാറിന്റെ ഷാൾ അതിലൊരുത്തന്റെ കയ്യിലിരിക്കുന്നു. ആ പാവം പെണ്ണ് കൈകൾ കൊണ്ട് മാറുമറച്ചു മതിലിൽ ചാരിനിന്നു കരയുകയാണ്. തല കുനിച്ചു നിന്നാണ് കരച്ചിൽ അതുകൊണ്ട് അവളുടെ മുഖം കാണാൻ പറ്റുന്നില്ല.
ആ പെണ്ണിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്കെന്റെ മീനുവിനെ ഓർമവന്നു. ഈ മീനു ആരാണെന്ന് ആയിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത് അല്ലേ.. അതൊരു വേദന നിറഞ്ഞ കഥയാണ് മാഷേ… അതൊക്കെ പിന്നെ സൗകര്യം പോലെ പറയാം… ഇപ്പോൾ ഈ പ്രശ്നം പരിഹരിക്കട്ടെ…
ഞാനവരുടെ അടുത്തേക്ക് ഓടി അതിലൊരുത്തനെ പിടിച്ചുതള്ളി. അതുകണ്ടു മറ്റവൻ വെറുതെ നിക്കില്ലല്ലോ. അവന്റെ എന്റെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചു. ദോഷം പറയരുതല്ലോ.. നല്ല സ്വയമ്പൻ അടി… അതുകൂടി ആയപ്പോൾ എന്റെ കണ്ട്രോൾ മുഴുവൻ പോയി… പിന്നെ ഇടിയുടെ പെരുന്നാളായിരുന്നു. അവനെ ഇടിച്ചൊരു പരുവമാക്കി. അവന്റെ മൂക്കിൽനിന്നും പൈപ്പ് തുറന്നുവിട്ടപോലെ രക്തം… അവൻ കുഴഞ്ഞുവീണു. ഇതെല്ലാം കണ്ടു കിളിപോയി നിക്കുകയാണ് മറ്റേ പയ്യൻ.
ഞാനവന്റെ അടുത്തുചെന്ന് കൈനീട്ടി, കാര്യം മനസ്സിലായ അവന്റെ ഉടനെ ആ പെണ്ണിന്റെ ഷാൾ എന്റെ കൈയിൽ തന്നു. അവളുടെ അടുത്തേക്ക് ചെന്ന് അവൾക്ക് ഞാൻ ഷാൾ കൊടുത്തു. കക്ഷി ഇപ്പോഴും തല കുനിച്ചാണ് നിൽപ്പ്… പെട്ടന്നാണ് എന്റെ ശരീരത്തിൽ എന്തോ അസഹ്യമായ വേദന അനുഭവപ്പെട്ടത്…
നോക്കിയപ്പോ ആ ചെറുക്കൻ എന്റെ പള്ളയിൽ കത്തി കുത്തിയിറക്കി തിരിക്കുന്നു. മരണത്തെ ഞാൻ മുഖാമുഖം കാണുന്നുണ്ട്. സഹിക്കാൻ പറ്റാത്ത വേദന കാരണം ഞാൻ അലറി വിളിച്ചു പോയി.
“ആാാ…….. അയ്യോ……”
പെട്ടന്ന് കയ്യിലൊരു നുള്ള് കിട്ടിയാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്. ഉണർന്നു കഴിഞ്ഞപ്പോളാണ് ഇതൊക്കെ സ്വപ്നം ആണെന്ന് മനസ്സിലായത്. പേടിച്ചു കിളി പോകുന്ന സ്വപ്നം കണ്ടുണർന്നിട്ട് അത് വെറും സ്വപ്നമാണെന്ന് മനസ്സിലാക്കുമ്പോൾ ഉള്ള സുഖമുണ്ടല്ലോ…. അത് ഞാൻ അനുഭവിച്ചറിഞ്ഞു. എന്തൊരു ആശ്വാസം….
“ എന്താ ആദികുട്ടാ…… എന്തിനാ നീ അലറിവിളിച്ചേ “
എന്റെ അമ്മയായിരുന്നു ആ ശബ്ദത്തിന്റെ ഉടമ.
അതൊരു സ്വപ്നമായിരുന്നല്ലോ എന്ന ആശ്വാസത്തോടെ ഞാൻ മറുപടി നൽകി.“ എന്തൊരു നിലവിളി ആയിരുന്നു ആദി… ഇതൊരു എയർപോർട്ട് അല്ലേ “
അപ്പോളാണ് ഞാൻ എയർപോർട്ടിൽ ആണെന്ന കാര്യം ഓർക്കുന്നത്.
ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാവരും എന്നെ നോക്കി അന്തംവിട്ടിരിക്കുന്നു. ഞാനങ്ങു ചമ്മി നാശമായി. എന്റെ അച്ഛനും എന്നെത്തന്നെ നോക്കി ഇരിക്കുന്നു. ഞാൻ പിന്നെ ആരെയും ശ്രദ്ധിക്കാൻ പോയില്ല… സ്വപ്നത്തിൽപോലും മീനുവിന്റെ കാര്യമാണല്ലോ എന്റെ മനസ്സിൽ എന്നാലോചിച്ചപ്പോൾ നെഞ്ചിനകം ഒന്ന് പിടച്ചു…
എന്നെപറ്റി ഞാൻ പറഞ്ഞില്ലല്ലോ…..
എന്റെ പേര് ആദിത്യൻ. ആദി എന്ന് വിളിക്കും. എം.ബി.എ പഠനം കഴിഞ്ഞു നിൽക്കുന്ന ഒരു 24 വയസ്സുകാരൻ. മോശമല്ലാത്ത സാമ്പത്തികസ്ഥിതി ഉള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. ഒരു അനിയത്തി ഉണ്ട്. BSc നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിയാണ്. അച്ഛനും അമ്മയും ഗവണ്മെന്റ് ഉദ്യോഗസ്ഥർ. ഒരുവിധം വെളുപ്പാണ് ഞാൻ , ആറടിയോളം പൊക്കമുണ്ട്. പിന്നെ ജിമ്മിൽ പോകുന്നതുകൊണ്ട് ശരീരമൊക്കെ നല്ല ഫിറ്റാണ്. പിന്നെ എനിക്കു പച്ച കളർ പൂച്ചകണ്ണ് ആണ്. ഈ പൂച്ചകണ്ണ് ഉള്ളത്കൊണ്ട് മാത്രം എനിക്ക് കോളേജിൽ പഠിക്കുമ്പോൾ ഒന്ന് രണ്ട് പെൺകുട്ടികളുടെ ലവ് പ്രൊപോസൽസ് വന്നിട്ടുണ്ട്. പക്ഷെ എനിക്ക് അവരോടു തിരിച്ചു ഒരു ഇഷ്ടവും തോന്നിയില്ല.
“ഒരു യമണ്ടൻ പ്രേമകഥയിൽ” നമ്മുടെ കുഞ്ഞിക്ക പറയുന്നപോലെ ഹൃദയത്തിൽ ആ ഒരു സ്പാർക് വന്നില്ല.
ഇന്ന് എൻറെ ജീവിതത്തിലെ ഒരു സ്വപ്നം യാഥാർഥ്യമാകാൻ പോകുകയാണ്. എന്റെ ക്യാനഡയിൽ പോകണമെന്ന സ്വപ്നം. അവിടെ ഒരു കമ്പനിയിൽ ജോലികിട്ടി. അതിനാണ് ഞാനിപ്പോ എയർപോർട്ടിൽ ഇരിക്കുന്നത്. അങ്ങനെ എനിക്ക് പോകേണ്ട സമയമായി. അനിയത്തി ക്ലാസ്സ് ഉള്ളതുകൊണ്ട് എന്നെ യാത്രയാക്കാൻ വന്നില്ല. അങ്ങനെ അച്ഛനോടും അമ്മയോടും യാത്രപറഞ്ഞു എയർപോർട്ടിലെ ചെക്കിങ്ങും ബാക്കി പരിപാടികൾ എല്ലാം കഴിഞ്ഞു ഫ്ലൈറ്റിൽ കയറി.
ഒരു സുന്ദരിയായ എയർഹോസ്റെസ്സ് എനിക്ക് എന്റെ സീറ്റ് കാണിച്ചുതന്നു. ആദ്യമായി ഫ്ലൈറ്റിൽ കയറുന്നൊരു ആവേശം ഉണ്ടായിരിന്നു. ആ ആവേശത്തിന് അതികം ആയുസ്സുണ്ടായിരുന്നില്ല. കാരണം എനിക്ക് കിട്ടിയത് വിൻഡോ സീറ്റല്ല, അത്രതന്നെ. അങ്ങനെ കുറച്ച്നേരം കടന്നുപോയി. ദൈവമേ ഏത് തെണ്ടിക്കാണാവോ ഈ വിൻഡോ സീറ്റിൽ ഇരിക്കാൻ ഭാഗ്യമെന്ന് ചിന്തിച്ചു അയാളെ മനസ്സിൽ പ്രാകികൊണ്ട് ഇരിക്കുമ്പോളാണ് ആരോ എന്റെയടുത്തോട്ട് വരുന്നതായി തോന്നിയത്. തലയുയർത്തി നോക്കിയപ്പോ നേരത്തെ കണ്ട ആ സുന്ദരിയായ എയർഹോസ്റ്റസ്. അവളുടെ പിന്നിൽ നിന്ന് ആരോ എന്റെ മുന്നിലേക്ക് വന്നു. ആ നിമിഷം എന്റെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി.
ഒരു നാടൻ സുന്ദരി. അവളെ വർണ്ണിക്കാൻ വാക്കുകൾ കൊണ്ടാകില്ല. വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത ഒരു ശില്പം പോലെ… എന്റെ ഹൃദയത്തിൽ നേരത്തെ പറഞ്ഞ സ്പാർക്കിന്റെ അയ്യരുകളിയായിരുന്നു.
എനിക്ക് കിട്ടാത്തതിനാൽ ഞാൻ വിഷമിച്ചിരുന്ന വിൻഡോ സീറ്റിൽ ഇരിക്കുന്നത് ഈ സുന്ദരിയായിരുന്നു. എനിക്കിപ്പോൾ ശുക്രദശ ആണെന്ന് തോന്നുന്നു. എന്റെ സ്വപ്നനഗരമായ കാനഡയിൽ ജോലിചെയ്യാൻ അവസരം കിട്ടി, ഇപ്പോളിതാ എനിക്കായ് ദൈവം കരുതിവച്ച സുന്ദരിക്കുട്ടി എന്റെ മുന്നിൽ വന്നൊന്നൊരു തോന്നൽ.
അവളെക്കുറിച്ചു പറയുകയാണെങ്കിൽ സാമുദ്രിക ശാസ്ത്രം ഒത്തിണങ്ങിയ ഒരു പെൺകിടാവ്. ഒരു മയിൽപീലി പച്ച ചുരിദാറാണ് വേഷം, ലെഗ്ഗിൻസ് അല്ല… പഞ്ചാബി പെൺകുട്ടികളെ പോലെ പാട്ടിയാല പാന്റ് ആണ്. ഷാൾ ഒക്കെ ഇട്ട് ഒരു പഴഞ്ചൻ കുട്ടി. ഞാൻ ആഗ്രഹിച്ചതും ഇതുപോലെയൊരു പഴഞ്ചൻ കുട്ടിയെയാണ്. മുഖത്ത് ഒരു കണ്ണാടി വച്ചിട്ടുണ്ട്. നെറ്റിയിൽ ചന്ദനവും കുങ്കുമവും ഭസ്മവും എല്ലാമുണ്ട്. ആ തണുപ്പിലും അവളുടെ നെറ്റിയിൽ ചെറുതായി വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. അത് ആ നെറ്റിയിലെ ചന്ദനത്തിലൂടെ ഒലിച്ചിറങ്ങുന്നു.
അപ്പോൾ അവൾ ചെറുതായി ഒന്ന് ചിരിച്ചിട്ട് എന്റെ കയ്യിൽ നിന്നും ആ ടിക്കറ്റ് വാങ്ങി.
അങ്ങനെ ആ ഫ്ലൈറ്റ് ഞങ്ങളെയുംകൊണ്ട് ആകാശത്തിലേക്ക് പറന്നുപൊങ്ങി.
അവളുടെ പേടമാൻ കണ്ണുകളിലെ പേടി കണ്ടാലറിയാം ആദ്യമായാണ് ഫ്ലൈറ്റിൽ കയറുന്നതെന്ന്. ഞാനും ആദ്യമായാണ് കയറുന്നത്… പക്ഷെ എനിക്ക് അത്ര പേടിയൊന്നും തോന്നിയില്ല.
ആ കണ്ണുകളിലെ പേടി മായ്ക്കാൻ ഞാൻ സംസാരിച്ചു തുടങ്ങി.“എന്താ പേര് “…
പെട്ടന്നവൾ എന്റെ വശത്തേക്ക് തിരിഞ്ഞുനോക്കി…
പിന്നെയൊരു നനഞ്ഞ പുഞ്ചിരിയോടെ അവൾ മറുപടി നൽകി
“ ശ്രീദേവി “
“നല്ല ഐശ്വര്യമുള്ള പേര്….. ശെരിക്കും ഇവളൊരു ശ്രീദേവി തന്നെ “ എന്ന് ഞാൻ മനസ്സിലോർത്തു.
ഞാൻ വീണ്ടും സംഭാഷണം തുടന്നു…..
“കാനഡയിൽ എന്താ പരിപാടി….. ചുമ്മാ കറങ്ങാൻ പോകുവാണോ”
“ അല്ല…. ജോലിക്ക് പോകുവാ” അവൾ മറുപടി തന്നു..
“ഏട്ടനല്ലേ… എയർപോർട്ടിൽ ഇരുന്നു നിലവിളിച്ചേ… “
അടിപൊളി.. ഞാനങ്ങു ചമ്മി നാറി ഇല്ലാണ്ടായിപോയി.
പക്ഷെ അത് പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു
“ഇയാളത് കണ്ടാരുന്നല്ലേ”
“ അതേല്ലോ….. ഞാൻ ഏട്ടന്റെ അടുത്തുണ്ടാരുന്നു”
എയർപോർട്ടിൽ ഇവൾ എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നിട്ട് ഞാൻ കണ്ടില്ലല്ലോ ഈശ്വരാ…. എന്ന് ഞാൻ ചിന്തിച്ചുപോയി.
ചിലപ്പോൾ ആകാശത്തുവച്ച് സംസാരിച്ചു തുടങ്ങാനായിരിക്കും വിധി.
“അതേ ഞാനൊരു സ്വപ്നം കണ്ടതാ”….എന്നുപറഞ്ഞു ആ സ്വപ്നം അവൾക്ക് പറഞ്ഞുകൊടുത്തു.
പറഞ്ഞുതീർന്നതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. മുത്തുമണി പൊഴിയുന്നപോലെ ആയിരുന്നു അവളുടെ ചിരി. കുറച്ച്നേരം ആ ചിരി തുടർന്നു.
പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു. ഇവളൊരു വായാടി ആണല്ലോ എന്ന് ഞാൻ ചിന്തിച്ചുപോയി. എനിക്ക് സംസാരിക്കാൻ ഒരു അവസരം അവൾ തരുന്നേയില്ല. അവളുടെ ‘ഏട്ടാ’ എന്ന ഈണത്തിലുള്ള വിളികേൾക്കുമ്പോൾ ഒരു പ്രതേക അനുഭൂതി തോന്നി.
അവളുടെ വയസ്സ് ചോദിച്ചപ്പോൾ 22 വയസ്സായി എന്നുപറഞ്ഞു. എന്നെക്കാളും രണ്ടുവയസ്സിനു ഇളയതാണ്. അപ്പൊ പിന്നെ ഏട്ടാ എന്ന് വിളിക്കുന്നതുകൊണ്ട് തെറ്റില്ലല്ലോ അല്ലേ….
അങ്ങനെ വീട്ടുകാരെക്കുറിച്ചായി ചർച്ച…. ഞാനെന്റെ ഫാമിലിയെകുറിച്ച് പറഞ്ഞു.അവളുടെ കാര്യങ്ങൾ അവളും.
അവൾക്കൊരു അമ്മയും, അനിയനുമാണുള്ളത്. അനിയൻ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയാണ്.
ഇത്രെയും മാത്രമാണ് അവളെന്നോട് അവളുടെ ഫാമിലിയെപറ്റി പറഞ്ഞത്. ഇത്രെയും നേരം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നവൾ ഫാമിലിയെപ്പറ്റി പറഞ്ഞപ്പോൾ പെട്ടന്ന് സൈലന്റ് ആയി. കൂടാതെ ആ സമയം അവളുടെ മുഖത്ത് വിഷമമാണോ അതോ ടെൻഷൻ ആണോ എന്ന് നിർവചിക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ നിഴലിച്ചിരുന്നു. അതെന്നിൽ സംശയങ്ങൾ ഉളവാക്കി. ഇവൾ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ പുള്ളിക്കാരിയുടെ വായാടി മോഡ് ഓണായി. പിന്നെ നിർത്താതെ സംസാരം. മണിക്കൂറുകൾ കടന്നുപോയത് അറിഞ്ഞേയില്ല….
ഞങ്ങളുടെ ഫ്ലൈറ്റ് ലാൻഡ്‌ചെയ്തു. എയർപോർട്ടിലെ പ്രോസസ്സ് എല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. യാത്ര പറഞ്ഞു പിരിയുമ്പോൾ അവളുടെ മുഖത്തു വിഷമത്തിന്റെ കാർമേഘങ്ങൾ ഇരുണ്ടുകൂടിയിരുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ല…. അങ്ങനെ ഞങ്ങൾ രണ്ടുവഴിക്ക് പിരിഞ്ഞു.
കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഞാൻ കാലങ്ങളായി സ്വപ്നം കാണുന്ന ക്യാനഡ എന്ന മനോഹരമായ നഗരത്തിലെത്തി.
എന്റെയൊരു സുഹൃത്തിന് ഇവിടെ വീടുണ്ട്. പക്ഷെ അവനിപ്പോൾ കുടുംബത്തോടൊപ്പം ലണ്ടനിലാണ്. വീട് ഒഴിഞ്ഞുകിടക്കുകയാണെന്ന് സാരം. അവനെന്നോട് അവിടെ താമസിച്ചോളാൻ പറഞ്ഞതുകൊണ്ട് താമസസൗകര്യം ചുളുവിന് സെറ്റായി.
ഞാനൊരു ടാക്സി പിടിച്ചു, അഡ്രസ്സ് ടാക്സി ഡ്രൈവറെ കാണിച്ചു അവിടേക്ക് യാത്ര തിരിച്ചു. ഒരു മണിക്കൂർ യാത്രയുണ്ടായിരുന്നു അവിടേക്ക്. അവസാനം എത്തേണ്ടടുത്തു എത്തി. ആദ്യംതന്നെ ഒന്ന് കുളിച്ചു ഫ്രഷായി.
നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി.
ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി……
“”ശ്രീദേവി “”
തുടരും.
( നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു. തുടരണോ വേണ്ടയോ എന്നും പറയുക )
Responses (0 )